

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


വംശഹത്യക്കിരയാകുന്ന പലസ്തീൻ ജനതയെ പിന്തുണച്ചും ഇസ്രായേലിനുള്ള യുഎസ് പിന്തുണയെ എതിർത്തും അമേരിക്കയിലെ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധങ്ങളെ ട്രംപ് ഭരണകൂടം ക്രൂരമായ രീതിയിലാണ് നേരിടുന്നത്. പലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്ത നിരവധി വിദേശ വിദ്യാർത്ഥികളെ യു.എസ് പുറത്താക്കുകയും തടങ്കലിൽ വയ്ക്കുകയും ചെയ്തിരിക്കുന്നു. പഠനത്തിനായി അമേരിക്കയിൽ തങ്ങുന്ന, വിസയുള്ളവർ മുതൽ ഗ്രീൻ കാർഡുള്ള സ്ഥിര താമസക്കാർ വരെ ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു.
പലസ്തീൻ അനുകൂല പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ വിസ റദ്ദാക്കപ്പെട്ട്, സ്വമേധയാ നാട്ടിലേക്ക് മടങ്ങിയ ഇന്ത്യൻ വിദ്യാർത്ഥിനി രഞ്ജനി ശ്രീനിവാസന്റെ വാർത്ത പുറത്തുവന്നപ്പോഴാണ് വിദ്യാർത്ഥി വേട്ട ഇന്ത്യയിൽ ചർച്ചയായി മാറുന്നത്. കൊളംബിയ സർവകലാശാലയ്ക്ക് കീഴിലെ സ്‌കൂൾ ഓഫ് ആർക്കിടെക്ചറിൽ ഗവേഷക വിദ്യാർഥിനിയാണ് രഞ്ജനി ശ്രീനിവാസൻ. പലസ്തീൻ അനുകൂല നിലപാടിന്റെ പേരിൽ ജോർജ് ടൗൺ സർവകലാശാലയിലെ പോസ്റ്റ് ഡോക്ടറൽ ഫെലോയായ ഇന്ത്യൻ വിദ്യാർത്ഥി ബദർ ഖാൻ സൂരിക്കും നാടുകടത്തിൽ നടപടി നേരിടേണ്ടിവന്നു. സൂരിയെ ഇന്ത്യയിലേക്ക് നാടുകടത്താനുള്ള യുഎസ് സർക്കാർ തീരുമാനം കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്. പല രാജ്യങ്ങളിൽ നിന്നുമെത്തി യുഎസ്സിലെ വിവിധ സർവ്വകലാശാലകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അറസ്റ്റും പുറത്താക്കലും അഭിമുഖീകരിക്കുകയാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഇടങ്ങളായിരുന്ന, ഉന്നത അക്കാദമിക് നിലവാരമുള്ള യുഎസ് സർവ്വകലാശാലകൾ ഏകാധിപത്യത്തിന് കീഴടങ്ങുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ സെമിറ്റിക് വിരുദ്ധമാണെന്നും യുഎസ് വിദേശനയത്തെ ദുർബലപ്പെടുത്തുമെന്നുമാണ് ട്രംപ് ഭരണകൂടം പറയുന്നത്.


വിദ്യാർത്ഥി പ്രക്ഷോഭത്തെ നേരിടുന്നതിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് കൊളംബിയ സർവകലാശാലയ്ക്കുള്ള 40 കോടി ഡോളർ സഹായം ട്രംപ് മരവിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് വ്യാപകമായത്. ‘ഹമാസ് അനുകൂലികളുടെ വിസയും ഗ്രീൻ കാർഡും റദ്ദാക്കി അവരെ തിരിച്ചയയ്ക്കു’മെന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുണ്ടാകുന്ന ഈ ആക്രമണത്തെ യു.എസ്സിലെ പൗരാവകാശ സംഘടനകൾ അപലപിക്കുകയും ട്രംപ് ഭരണകൂടത്തിന് മുന്നിൽ സർവകലാശാലകൾ കീഴടങ്ങുകയാണെന്ന് സ്റ്റുഡന്റ് വർക്കേഴ്സ് ഓഫ് കൊളംബിയ ആരോപിക്കുകയും ചെയ്തു.
2024 ഏപ്രിൽ മാസമാണ്, ഗസ്സയിൽ നടക്കുന്ന സയണിസ്റ്റ് വംശഹത്യക്കെതിരെ അമേരിക്കയിലെ കൊളംബിയ സർവകലാശാലയിലെ വിദ്യാർഥികൾ പ്രതിഷേധം ആരംഭിക്കുന്നത്. സ്റ്റുഡന്റ്സ് ഫോർ ജസ്റ്റിസ് ഇൻ പലസ്തീൻ (എസ്.ജെ.പി) എന്ന കൂട്ടായ്മയും, ജ്യൂയിഷ് വോയ്സ് ഫോർ പീസ് (ജെ.വി.പി) എന്ന സയണിസ്റ്റ് വിരുദ്ധ സംഘടനയും തുടക്കമിട്ട ഈ പ്രക്ഷോഭം അമേരിക്കയിലെ നൂറോളം കാമ്പസുകളിലും യൂറോപ്പിലെ വിവിധ സർവകലാശാലകളിലേക്കും വ്യാപിച്ചിരിന്നു.
പ്രക്ഷോഭം തുടങ്ങി ആഴ്ചകൾക്കുള്ളിൽ തന്നെ സയണിസ്റ്റ് ലോബികളിൽ നിന്നുള്ള ആക്രമണങ്ങളും സർവകലാശാലാ അധികൃതരിൽ നിന്നുള്ള സസ്‌പെൻഷൻ ഉത്തരവുകളും വിദ്യാർത്ഥികൾക്ക് നേരിടേണ്ടി വന്നു. മലയാളികളായ, സതേൺ കാലിഫോർണിയ സർവകലാശാലയിലെ മൂന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർഥിയായ ഹിഷാം അഹമ്മദ് അൻവറും കാനഡയിൽ, ബ്രിട്ടീഷ് കൊളംബിയയിലെ ഹെൽത്ത് അതോറിറ്റിയിൽ സാമൂഹിക പ്രവർത്തകയായി ജോലി ചെയ്യുന്ന ഷബാസ് ഫാത്തിമയും വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ കുറിച്ച് എഴുതിയ ലേഖനത്തിൽ (വംശഹത്യക്കെതിരെ വിദ്യാർഥികൾ തമ്പ് കെട്ടുമ്പോൾ- പ്രബോധനം വാരിക, 2024 മെയ് 17) ഇക്കാര്യം വിശദമാക്കുന്നുണ്ട്.


പൊലീസിനെ ഉപയോഗിച്ച് സമരം അടിച്ചമർത്തുകയും ആഴ്ചകൾക്കുള്ളിൽ തന്നെ 2500-ലേറെ വിദ്യാർഥികളും അധ്യാപകരും അറസ്റ്റിലാവുകയും ചെയ്തു. നിരവധി പേർക്ക് പൊലീസ് നടപടികളിൽ പരിക്കേറ്റു. ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയിൽ (യു.സി.എൽ.എ) സമാധാനപരമായി പ്രതിഷേധിച്ചിരുന്ന വിദ്യാർഥികൾക്ക് നേരെ മെയ് ഒന്നിന് ബാറ്റണുകളുമായി പൊലീസ് നടത്തിയ റെയ്ഡ് സംഘർഷത്തിലാണ് കലാശിച്ചെന്നും ലേഖനം പറയുന്നു.
സ്റ്റുഡന്റ്സ് ഫോർ ജസ്റ്റിസ് ഇൻ പലസ്തീൻ (എസ്.ജെ.പി), ജ്യൂയിഷ് വോയ്സ് ഫോർ പീസ് (ജെ.വി.പി), സ്റ്റുഡന്റ് കോലിഷൻ എഗെയ്ൻസ്റ്റ് ലേബർ എക്‌സ്‌പ്ലോയ്‌റ്റേഷൻ (സ്‌കെയിൽ), പലസ്തീൻ യൂത്ത് മൂവ്‌മെന്റ് (പി.വൈ.എം), മുസ്ലീം സ്റ്റുഡന്റ്സ് അസോസിയേഷൻസ് (എം.എസ്.ഐ) തുടങ്ങി നൂറോളം വിദ്യാർഥി സംഘടനകളുടെ സഖ്യമാണ് പ്രതിഷേധം നടത്തിയ ‘സ്റ്റുഡന്റ് ഇൻതിഫാദ’യുടെ നേതൃത്വം വഹിക്കുന്നത്. യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങളുടെ ചരിത്രമുള്ള കൊളംബിയയിലെ വിദ്യാർഥികൾ, പ്രത്യേകിച്ച് സ്റ്റുഡന്റ്‌സ് ഫോർ ജസ്റ്റിസ് ഇൻ പലസ്തീൻ ആണ് മറ്റ് സർവകലാശാലകളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുന്നതിന് മുൻ കൈയെടുത്തത്.
തുടരുന്ന വിദ്യാർത്ഥി വിരുദ്ധ നടപടികൾ
പലസ്തീൻ അനുകൂല നിലപാട് സ്വീകരിച്ചതിന്റെ പേരിലുള്ള വിദ്യാർത്ഥി വേട്ട യു.എസ് തുടരുകയാണ്. ഏറ്റവും ഒടുവിലായി, മാർച്ച് 25ന് ടഫ്സ് സർവകലാശാലയിലെ (Tufts University) ടർക്കിഷ് വിദ്യാർഥിനിയായ റുമേസ ഒസ്‌തുർക്കിനെ യു.എസ് ഇമിഗ്രേഷൻ അധികൃതർ അറസ്റ്റ് ചെയ്യുകയും വിസ റദ്ദാക്കുകയും ചെയ്തു. സുഹൃത്തുക്കളെ കാണാനും റമദാൻ നോമ്പ് തുറക്കാനും സോമർവില്ലിലെ വീട്ടിൽനിന്ന് ഇറങ്ങിയപ്പോഴാണ് റുമേസ ഒസ്‌തുർക്കിനെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി ഏജന്റുമാർ അറസ്റ്റ് ചെയ്തത്.


“ഓസ്‌തുർക്ക് വിദേശ ഭീകര സംഘടനയായ ഹമാസിനെ പിന്തുണക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതായി അന്വേഷണങ്ങളിൽ കണ്ടെത്തി”യെന്നാണ് അറസ്റ്റിൽ യു.എസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി വക്താവ് ട്രിസിയ മക്ലാഗ്ലിന്റെ പ്രതികരണം. ഇസ്രയേൽ വംശഹത്യക്ക് അനൂകുലമായുള്ള ടഫ്സ് സർവകലാശാലയുടെ പ്രതികരണത്തെ വിമർശിച്ച് റുമേസ ഒസ്‌തുർക്ക്, സ്റ്റുഡന്റ് പേപ്പറായ ‘ടഫ്സ് ഡെയ്‌ലി’യിൽ ലേഖനം എഴുതി ഒരു വർഷത്തിന് ശേഷമാണ് അറസ്റ്റ്.
അതേ ദിവസം, അലബാമ സർവകലാശാലയിലെ ഒരു ഡോക്ടറൽ വിദ്യാർത്ഥിയെയും കസ്റ്റഡിയിലെടുത്തതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. യൂണിവേഴ്സിറ്റി വിദ്യാർത്ഥിയെ തിരിച്ചറിഞ്ഞില്ലയെങ്കിലും യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിന്റെ (ICE) വെബ്‌സൈറ്റിലെ രേഖകൾ പ്രകാരം ഇറാനിയൻ പൗരനായ അലിറേസ ഡൊറൂഡിയെയാണ് കസ്റ്റഡിയിലെടുത്തിരുന്നത്. എന്തിനാണ് കസ്റ്റഡിയിലെടുത്തതെന്ന് രേഖകളിൽ കാണിച്ചിട്ടില്ല. വിദേശ പലസ്തീൻ അനുകൂല പ്രതിഷേധക്കാരെ നാടുകടത്തുമെന്ന് ട്രംപ് പ്രതിജ്ഞയെടുത്തതിന് പിന്നാലെയാണ് ഈ അറസ്റ്റ്.


കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്ന് അടുത്തിടെ ബിരുദം നേടിയ, കൊളംബിയ യൂണിവേഴ്സിറ്റി ക്യാമ്പസിൽ പലസ്തീൻ അനുകൂല പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ മഹ്മൂദ് ഖലീൽ ഈ മാസം അറസ്റ്റ് ചെയ്യപ്പെട്ടു. ഗ്രീൻ കാർഡ് ഉണ്ടായിരുന്നിട്ടും മഹ്മൂദ് ഖലീൽ നാടുകടത്തൽ കാത്ത് ലൂസിയാനയിലെ തടങ്കൽ കേന്ദ്രത്തിലാണ്. മഹ്മൂദ് ഖലീലിന്റെ നിലപാടുകൾ യുഎസ് വിദേശനയത്തെ ദോഷകരമായി ബാധിക്കുമെന്നും ഹമാസിനെ പിന്തുണയ്ക്കുന്നുവെന്നും ആരോപിച്ചാണ് അറസ്റ്റ്. എന്നാൽ ഇവ രണ്ടിനും കൃത്യമായ തെളിവുകൾ ഒന്നുമില്ല.


കൊളംബിയ സർവകലാശാലയിലെ പലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്ത ലെഖാ കോർഡിയ എന്ന വിദ്യാർത്ഥിയെ, വിദ്യാർത്ഥി വിസ കാലാവധി കഴിഞ്ഞിട്ടും താമസിച്ചു എന്ന് ആരോപിച്ച് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതായി ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് അറിയിച്ചു. വെസ്റ്റ് ബാങ്കിൽ നിന്നുള്ള പലസ്തീൻ വംശജയാണ് ലെഖാ കോർഡിയ. “ഹാജർ കുറവായതിനാൽ” 2022 ജനുവരിയിൽ കോർഡിയയുടെ വിസ അവസാനിപ്പിച്ചതായാണ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് പറയുന്നത്. 2024 ഏപ്രിലിൽ കൊളംബിയയിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് കോർഡിയയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നുവെന്നും അതിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.
അടുത്തിടെ നിരവധി വിദ്യാർത്ഥികളെ ഇത്തരത്തിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്ത കൊളംബിയ ബിരുദധാരിയും സ്ഥിര താമസക്കാരനുമായ യുൻസിയോ ചുങിനെ അറസ്റ്റ് ചെയ്ത് നാടുകടത്താനുള്ള ശ്രമം നിർത്തിവെക്കണമെന്ന് ട്രംപ് ഭരണകൂടത്തോട് ഫെഡറൽ ജഡ്ജി ഉത്തരവിട്ടു.
പുറത്താക്കപ്പെടുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ
കൊളംബിയ സർവകലാശാലയുടെ ഗ്രാജ്വേറ്റ് സ്കൂൾ ഓഫ് ആർക്കിടെക്ചർ പ്ലാനിങ് ആൻ്റ് പ്രിസർവേഷനിൽ (ജിഎസ്എപിപി) അർബൻ പ്ലാനിങ്ങിൽ ഗവേഷക വിദ്യാർഥിയായിരുന്നു ഇന്ത്യക്കാരിയായ രഞ്ജനി ശ്രീനിവാസൻ. ഹമാസിനെ പിന്തുണച്ചുവെന്ന കുറ്റത്തിൽ നടപടി നേരിട്ട രഞ്ജനി ശ്രീനിവാസൻ സ്വയം നാടുവിട്ട വിവരം യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെൻ്റാണ് അറിയിച്ചത്.
ഹമാസിനെ പിന്തുണച്ചതിലൂടെ രഞ്ജനി അക്രമത്തെയും ഭീകരവാദത്തെയും പിന്തുണയ്ക്കുന്നുവെന്നാണ് യുഎസിന്റെ ആരോപണം. സുരക്ഷാ ആശങ്കയെ തുടർന്നാണ് രഞ്ജനിയുടെ വിസ റദ്ദാക്കുന്നതെന്നാണ് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെൻ്റിൻ്റെ വിശദീകരണം. “യുഎസിൽ ജീവിക്കുന്നതും പഠിക്കുന്നതും ഒരു പ്രത്യേക അവകാശമാണ്, ഭീകരവാദത്തെ പിന്തുണയ്ക്കുന്നവർക്ക് അത് നൽകരുത്” എന്ന കുറിപ്പോടെ രഞ്ജനി യുഎസ് വിടുന്ന ദൃശ്യങ്ങൾ ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം എക്സിൽ പങ്കുവെച്ചിട്ടുണ്ട്. നാടുകടത്തപ്പെട്ട രഞ്ജനി ശ്രീനിവാസൻ കൊളംബിയ സർവകലാശാലയ്ക്കെതിരെ പ്രതികരിച്ചിരുന്നു. “കൊളംബിയ സർവകലാശാലയുടെ നടപടി എന്നെ നിരാശപ്പെടുത്തി. എൻറോൾമെന്റ് പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു” എന്നാണ് രഞ്ജനി പറഞ്ഞത്.
ജോർജ്ജ്ടൗൺ സർവകലാശാലയിലെ അൽവലീദ് സെന്റർ ഫോർ മുസ്ലീം-ക്രിസ്ത്യൻ അണ്ടർസ്റ്റാൻഡിംഗിൽ പീസ് ആൻഡ് കോൺഫ്ലിക്റ്റ് സ്റ്റഡീസ് ഗവേഷക വിദ്യാർഥിയാണ് ബദർ ഖാൻ സൂരിയാണ് നാടുകടത്തൽ നേരിടുന്ന രണ്ടാമത്തെ ഇന്ത്യാക്കാരൻ. പലസ്തീൻ അനുകൂല പ്രവർത്തനങ്ങളിൽ പങ്കുചേർന്നതിനാൽ അറസ്റ്റിലായ സൂരിയെ നാടുകടത്തുന്നത് യുഎസ് കോടതി തടഞ്ഞിരിക്കുകയാണ്. കോടതിയിൽ നിന്ന് മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ സൂരിയെ പുറത്താക്കരുതെന്നാണ് വെർജീനിയയിലെ ഈസ്റ്റേൺ ജില്ലാ കോടതി ജഡ്ജി പട്രീഷ്യ ടോളിവർ ഗൈൽസ് ഉത്തരവിട്ടത്. നാടുകടത്തൽ തടയണമെന്നാവശ്യപ്പെട്ട് അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയനാണ് (എസിഎൽയു) അടിയന്തര ഹർജി ഫയൽ ചെയ്തത്. വാഷിംഗ്ടണിനടുത്തുള്ള ബദർ ഖാൻ സൂരിയുടെ വീടിന് പുറത്ത് നിന്നാണ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. യുഎസ് ഗ്രീൻ കാർഡ് ഉടമകൂടിയാണ് സൂരി. ബദർ ഖാൻ സൂരിയുടെ ഭാര്യാപിതാവ് ഹമാസ് സർക്കാരിലെ മുൻമന്ത്രിയായിരുന്നു. ഭാര്യയുടെ പലസ്തീൻ ബന്ധമാണ് നടപടിക്ക് പിന്നിലെന്ന ആരോപണമുണ്ട്. ന്യൂഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ നിന്ന് 2020-ൽ പിഎച്ച്ഡി നേടിയശേഷമാണ് സൂരി വിദ്യാർത്ഥി വിസയിൽ യുഎസിലേക്ക് പോയത്.


അറസ്റ്റും നാടുകടത്തലും തുടരുന്ന സാഹചര്യത്തിൽ നിലവിൽ യുഎസിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കായി പ്രത്യേക നിർദ്ദേശം കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ത്യൻ വിദ്യാർത്ഥികൾ യുഎസിന്റെ നിയമങ്ങൾ അനുസരിക്കണമെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. ബദർ ഖാൻ സൂരി അറസ്റ്റിലാവുകയും രഞ്ജനി ശ്രീനിവാസൻ സ്വമേധയാ നാട്ടിലേയ്ക്ക് മടങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. ഇരുവിദ്യാർത്ഥികളും സഹായത്തിനായി യുഎസിലെ ഇന്ത്യൻ എംബസിയെ സമീപിച്ചില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. “വിദേശികൾ യു.എസ്സിലെത്തുമ്പോൾ ഇന്ത്യയിലെ നിയമങ്ങൾ അനുസരിക്കേണ്ടതുണ്ട്. അതുപോലെ ഇന്ത്യക്കാർ വിദേശത്തേയ്ക്ക് പോകുമ്പോൾ അവിടത്തെ നിയമങ്ങളും നിയന്ത്രങ്ങളും അനുസരിക്കേണ്ടതുണ്ട്. യുഎസിൽ അവർ എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാൽ സഹായത്തിനായി ഇന്ത്യൻ എംബസിയുണ്ടാവും. സൂരിയുമായി ബന്ധപ്പെട്ട് യുഎസ് സർക്കാരോ സൂരിയോ കേന്ദ്രസർക്കാരിനെയോ എംബസിയെയോ ബന്ധപ്പെട്ടിട്ടില്ല. മാധ്യമ റിപ്പോർട്ടുകൾ കണ്ടാണ് ഇരുവിദ്യാർത്ഥികളെക്കുറിച്ചും അറിഞ്ഞത്,” രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
ഇസ്രായേൽ അനുകൂല ഗ്രൂപ്പുകൾ
യുഎസ് കാമ്പസുകളിൽ പലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് വിദ്യാർത്ഥികളെ പുറത്താക്കാനും നാടുകടത്താനുമുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കത്തെ പിന്തുണച്ച് നിരവധി ഇസ്രായേൽ അനുകൂല ഗ്രൂപ്പുകൾ രംഗത്തെത്തിയതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ‘ബീറ്റാർ യുഎസ്’ ആണ് അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്. ട്രംപ് ഭരണകൂടത്തിന് പലസ്തീൻ അനുകൂല പ്രതിഷേധക്കാരുടെ പേരുകൾ പങ്കിടുന്നുണ്ടെന്നും ബീറ്റാർ യുഎസ് അവകാശപ്പെടുന്നുണ്ട്. ജൂത സൈനികവാദ ആശയം പ്രചരിപ്പിച്ച സെയ്വ് ജബോട്ടിൻസ്‌കി 1923-ൽ സ്ഥാപിച്ച സയണിസ്റ്റ് യുവജന പ്രസ്ഥാനമായ ബീറ്റാറിന്റെ ഒരു ശാഖയാണ് ബീറ്റാർ യുഎസ്. യുഎസിലുടനീളം ചാപ്റ്ററുകളും ലോകമെമ്പാടും ശാഖകളുമുണ്ടെന്നാണ് ഈ ഗ്രൂപ്പിന്റെ അവകാശവാദം.


അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമായി മാറുകയാണ് യുഎസ്സിലെ സർവ്വകലാശാല വിദ്യാർത്ഥികൾക്കെതിരായ നടപടികൾ. യു.എസ് ഭരണഘടനയുടെ സംരക്ഷണമുള്ള ഗ്രീൻ കാർഡ് ഉടമകൾ പോലും അറസ്റ്റ് ചെയ്യപ്പെടുകയും ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്യുന്നു. അമേരിക്കയിൽ ഈ നടപടികൾക്കെതിരെ പ്രതിഷേധങ്ങൾ ഉയരുന്നുണ്ടെങ്കിലും ഡൊണാൾഡ് ട്രംപ് എത്തരത്തിലാകും പ്രതിഷേധക്കാരെ നേരിടാൻ പോകുന്നതെന്ന ആശങ്കയും വ്യാപകമാണ്.