ലൈംഗിക കുറ്റകൃത്യങ്ങളിലെ നിയമ പ്രശ്നങ്ങളും നീതിയും

ഒരു പുരുഷനിൽ നിന്നും ലൈംഗിക പീഡനം നേരിടുന്ന മറ്റൊരു പുരുഷന്റെ അനുഭവത്തെ സമൂഹം എങ്ങനെയാണ് മനസ്സിലാക്കുന്നത്? കുറ്റാരോപിതനും ഇരയുമുള്ള ഒരു ലൈംഗിക കുറ്റകൃത്യത്തിൽ രണ്ടുപേരും ഒരുപോലെ കുറ്റവാളികളാക്കപ്പെടുന്നത് എന്തുകൊണ്ടാണ്? ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ സമൂഹത്തിൽനിന്നുണ്ടാകുന്ന അധിക്ഷേപ പ്രതികരണങ്ങൾ ബാക്കിയാക്കുന്നത് എന്താണ്?

മലയാള സിനിമയിലെ സ്ത്രീകൾ നേരിടുന്ന തൊഴിൽ, ലിംഗനീതി പ്രശ്‌നങ്ങളെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപോർട്ട് പുറത്തുവന്നതോടുകൂടി, സിനിമാ സംവിധായകനും കേരള ചലച്ചിത്ര അക്കാദമിയുടെ മുൻ അധ്യക്ഷനുമായ രഞ്ജിത്തിനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച യുവാവ് ഇങ്ങനെ ചില ചോദ്യങ്ങളിലേക്കാണ് ശ്രദ്ധ ക്ഷണിക്കുന്നത്.

“ഈ വിഷയം നടക്കുന്നത് 2012ൽ ആണ്. വളരെ ചെറുതാണ് ഞാൻ അന്ന്. പ്രത്യേകിച്ച് സിനിമാ ഇൻഡസ്ട്രി പ്ലാറ്റ്ഫോമിൽ അവസരം ലഭിക്കുക എന്നൊരു സ്വപ്നം വെച്ചാണ്. ഞാൻ മുമ്പേ റോഷൻ ആൻഡ്രൂസിന്റെ നോട്ട്ബുക്ക് എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അതിന് ശേഷം കൂടുതൽ അവസരങ്ങൾ ലഭിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു, അങ്ങനെ പല മേഖലകളിലും ഞാൻ ബന്ധപ്പെട്ടിട്ടുണ്ടായിരുന്നു,” സിനിമയിലേക്കുള്ള യാത്രയെക്കുറിച്ച് പരാതിക്കാരനായ യുവാവ് പറയുന്നു. “ആ സമയത്താണ് ‘ബാവൂട്ടിയുടെ നാമത്തിൽ’ എന്ന സിനിമയുടെ ഷൂട്ടിങ് കോഴിക്കോട് വെച്ച് നടക്കുന്നത്. ആ ലൊക്കേഷനിൽ ഷൂട്ടിങ് കാണാൻ വേണ്ടി ഞാൻ എന്റെ സുഹൃത്തുക്കളുടെ കൂടെ പോയതാണ്. നല്ല ആൾക്കൂട്ടം ഉണ്ടായിരുന്നു അവിടെ. മമ്മൂക്ക, കാവ്യ മാധവൻ, രഞ്ജിത്ത് എല്ലാവരും ഉണ്ടായിരുന്നു. ഒരു പ്രൊഡക്ഷൻ കൺട്രോളർ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഞാനന്ന് കുറച്ചുകൂടെ ചാമിങ് ആണ്. പ്രൊഡക്ഷൻ കൺട്രോളർ പെട്ടെന്ന് എന്റെ അടുത്തുവന്ന് ചോദിച്ചു, മമ്മൂട്ടിയെ നേരിട്ട് കാണണോ എന്ന്, കുറേ ആൾക്കാർ അവിടെയുണ്ട് പക്ഷേ എന്നാലും എന്നോട് മാത്രം ചോദിച്ചതുകൊണ്ട് ഞാൻ എന്റെ ആഗ്രഹം പറഞ്ഞു, അങ്ങനെ അവർ എന്നെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് വിളിച്ചു. താരങ്ങളെല്ലാം സിറ്റ് ഔട്ടിലായിരുന്നു, രഞ്ജിത്ത് ഹോളിൽ ആയിരുന്നു ഇരുന്നിരുന്നത്, അയാൾ റൂമിലേക്ക് പോയി, അപ്പോൾ എന്നെ കാണുകയും എന്താണ് വന്നത് എന്ന് ചോദിക്കുകയും ചെയ്തു. മമ്മൂക്കയെ കാണാനാണ്, എന്റെ അവസരങ്ങളുടെ ആഗ്രഹങ്ങളെല്ലാം ഞാൻ പറഞ്ഞു, രഞ്ജിത് പറഞ്ഞു ഞാൻ വളരെ ബിസിയാണ്, എ‌നിക്ക് ഒരു ടിഷ്യൂ പേപ്പറിൽ നമ്പർ എഴുതി തരികയായിരുന്നു. അതിലേക്ക് വിളിക്കരുത് മെസേജ് അയച്ചാൽ മതി എന്ന് പറഞ്ഞു. അതിന് ശേഷം രണ്ടുദിവസം കഴിഞ്ഞ് ഞാൻ അദ്ദേഹത്തെ കോൺടാക്റ്റ് ചെയ്തു, മെസേജ് ചെയ്തു. അപ്പോൾ ഞാൻ ബാംഗ്ലൂരിലേക്ക് പോകുകയാണ്, നിനക്ക് വരാൻ താൽപര്യമുണ്ടെങ്കിൽ പറയാൻ പറഞ്ഞു. അത്രയും വലിയൊരു ഡയറക്ടർ അല്ലേ, ഞാൻ പോകാം എന്ന് കരുതി. ബാംഗ്ലൂരിലേക്ക് പോയി. ഹോട്ടൽ താജിൽ വെച്ചാണ് മീറ്റ് ചെയ്യാൻ ഉദ്ദേശിച്ചിരുന്നത് പക്ഷേ റിസപ്ഷനിൽ വെച്ച് അന്ന് അവരെന്നെ അകത്തേക്ക് കടക്കാൻ അനുവദിച്ചില്ല. അങ്ങനെ രഞ്ജിത് എന്നോടുപറഞ്ഞു, നീ പുറകു വശത്തുകൂടെ, ഫയർ എക്സിറ്റ് ഡോർ ഉണ്ട് അതിലൂടെ നാലാമത്തെ ഫ്ലോറിലേക്ക് കോറിഡോർ വഴി കയറാം എന്ന്. അന്നത്തെ സമയത്ത് എന്നോട് അതൊക്കെ പറയുമ്പോഴും എനിക്ക് ഭയമില്ലാത്തത് അത്രയും വലിയൊരു ഡയറക്ടറാണ്, അയാൾക്ക് എന്നെ പ്രൊട്ടക്റ്റ് ചെയ്യാൻ പറ്റും എന്ന രീതിയിലാണ് ഞാനിതൊക്കെ ചെയ്തത്. അന്ന് റൂമിൽ എത്തി, വളരെ സന്തോഷത്തോടുകൂടി സ്വീകരിച്ചു, കെട്ടിപ്പിടിച്ചു. സംസാരിക്കുന്നതിനിടയിൽ അദ്ദേഹം മദ്യപിക്കുന്നുണ്ടായിരുന്നു, എന്നെയും ഇൻവെെറ്റ് ചെയ്തു. ഞാനും കുറച്ച് മദ്യം കഴിച്ചു, ആദ്യമായി ആണ് ആൽക്കഹോൾ കൺസ്യൂം ചെയ്യുന്നത് അതിന്റേതായ ബുദ്ധിമുട്ട് എനിക്കുണ്ടായിരുന്നു. പിന്നെയാണ് ഈ സെക്ഷ്വൽ അബ്യൂസ്, ശാരീരികമായി അദ്ദേഹത്തിന് എന്നെ യൂസ് ചെയ്യണം, എന്നെ കാണാൻ ആഗ്രഹമുണ്ട് എന്നു പറഞ്ഞ് വിവസ്ത്രനാക്കി, പിന്നെ അദ്ദേഹത്തിന് വേണ്ട കാര്യങ്ങളൊക്കെ ചെയ്തു, എന്നോട് പല കാര്യങ്ങളും ചെയ്യാൻ പറഞ്ഞു, അതിന്റെ ഇടയ്ക്ക് എന്റെ കുറച്ച് പിക്ചേഴ്സ് അദ്ദേഹം എടുത്തിരുന്നു. അദ്ദേഹത്തിന്റെ ഒരു ഫ്രണ്ട് അപ്പോൾ സംസാരിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്ന് പറഞ്ഞു ഫോണിൽ. ഫോട്ടോസ് അവർക്ക് അയക്കാന‍ാണ് എന്ന് പറഞ്ഞപ്പോൾ നോ പറയാനുള്ള ഒരു സ്റ്റേജിൽ അല്ലായിരുന്നു ഞാൻ മദ്യപിച്ചത് കൊണ്ട്. അങ്ങനെ അത് നടിക്ക് അയച്ചുകൊടുക്കുകയും ചെയ്തു. അന്ന് ഞാൻ ബോധമുള്ളൊരു അവസ്ഥയിൽ അല്ലായിരുന്നതുകൊണ്ട് അന്ന് അവിടെ ഉറങ്ങിപ്പോയി, രാവിലെയെഴുന്നേറ്റപ്പോൾ തിരിച്ചുപോകണം, എനിക്ക് അത്യാവശ്യമായി പോകണമെന്ന് പറഞ്ഞു. നിനക്ക് പെെസ എന്തെങ്കിലും ആവശ്യമുണ്ടോ എന്ന് ചോദിച്ചു, അതെന്നെ വല്ലാതെ ഞെട്ടിച്ചു.” പരാതിക്കാരൻ പറയുന്നു.

“സിനിമയിൽ ഒരു അവസരത്തിന് വേണ്ടി, ഒരു ഓഡിഷന് വേണ്ടിയാണ് ഞാൻ അവിടെ പോയത്. ഇതാണ് സംഭവിച്ചത്. പിന്നെ കോഴിക്കോട് എത്തിയ ശേഷം ഞാൻ വീണ്ടും മെസേജ് അയച്ചു. ഒരു റിപ്ലെെയും ഉണ്ടായിരുന്നില്ല. പിന്നെ എനിക്ക് മെസേജ് വന്നത് ഞാൻ രഞ്ജിത്തിന്റെ വെെഫ് ആണ്, ഇനി ഇതിലേക്ക് കോളോ മെസേജോ അയക്കരുത് എന്ന് പറഞ്ഞിട്ടാണ്. അതിന് ശേഷം പിന്നെ അദ്ദേഹത്തെ കാണാൻ ശ്രമിച്ചെങ്കിലും, അദ്ദേഹം വലിയൊരു സിനിമാ സംവിധായകനാണ്, എന്റെ ഈയൊരു allegation ആരും അക്സപ്റ്റ് ചെയ്യില്ല എന്നൊരു ബോധ്യം എനിക്കുണ്ടായിരുന്നു, അതുകൊണ്ടാണ് അന്ന് തുറന്നുപറയാഞ്ഞത്, ഇന്ന് അതിന്റെ ഒരു അവസരം വന്നപ്പോഴാണ് ഞാനത് തുറന്നുപറയുന്നത്”. തന്റെ തുറന്നുപറച്ചിലിന്റെ കാരണം യുവാവ് വിശദീകരിച്ചു.

ഈ പരാതി ഉന്നയിച്ചതിനെ തുടർന്ന് യുവാവ് നേരിട്ടത് കടുത്ത ഹോമോഫോബിക് അധിക്ഷേപങ്ങളാണ്. കേസിലെ കുറ്റാരോപിതനും ഇരയും ഒരേ തരം അധിക്ഷേപം നേരിട്ട വിചിത്രമായ അവസ്ഥ. അതേക്കുറിച്ച് യുവാവ് ഇങ്ങനെ പ്രതികരിച്ചു. “അത് തികച്ചും സ്വാഭാവികമാണ്. ഇത്രയും വലിയ സംവിധായകൻ എന്നോടിങ്ങനെ ചെയ്തു, അല്ലെങ്കിൽ എന്റെ സംസാര രീതിയും മറ്റും കുറച്ചൊക്കെ സ്ത്രീകളുടെ ശെെലിയിൽ ആയതുകൊണ്ടും വളരെ മോശം രീതിയിലാണ് എനിക്ക് കമന്റുകൾ കിട്ടുന്നത്. എനിക്കതിനൊന്നും മറുപടിയില്ല. ഞാൻ, എന്റെ മാനസികാവസ്ഥ അത്രയും ട്രോമ കണ്ടീഷനിലൂടെയാണ് പോയത്. അതിന്ന് തുറന്നു പറയാൻ തോന്നി, ഞാൻ തുറന്നുപറയുന്നു. ഇതിനെതിരെ ഇനി എന്തുവന്നാലും സത്യം സത്യമല്ലാതാകുന്നില്ലല്ലോ. അതുകൊണ്ട് അത് തീർച്ചയായും ജനങ്ങൾ അറിയണം, രഞ്ജിത് ഇതിനു മറുപടി പറയണം, എന്നോട് അങ്ങനെ ചെയ്തതിന്, ഒരു അവസരം എനിക്ക് തരാം എന്നു പറഞ്ഞ് എന്നെ ഉപയോഗിക്കുകയല്ലേ ചെയ്തത്? അതുകൊണ്ട് അതിനുള്ളൊരു മറുപടി അദ്ദേഹം പറയണം. എന്റെ ഭാഗത്തുനിന്ന് മിസ്റ്റേക് പറ്റി എന്ന് അദ്ദേഹം പറയണം.”യുവാവ് കേരളീയത്തോട് പ്രതികരിച്ചു.

എന്നാൽ, സംവിധായകൻ രഞ്ജിത്ത്, തനിക്കെതിരെ രജിസ്റ്റർ ചെയ്യപ്പെട്ട രണ്ട് ലൈംഗിക പീഡന പരാതികളിലും കേരള ഹൈക്കോടതിയെ സമീപിച്ച് മുൻകൂർജാമ്യം നേടി. പരാതിയിൽ നിന്ന് പിന്മാറുന്നതിനായി പരാതിക്കാരനെ ഭീഷണിപ്പെടുത്തിയതായും റിപോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പണം നൽകി പരാതി പിൻവലിപ്പിക്കാൻ ശ്രമിച്ചതായി പരാതിക്കാരൻ പറയുകയും ചെയ്തു. ലൈംഗിക പീഡനത്തെക്കുറിച്ച് തുറന്നുപറഞ്ഞതോടെ സാമൂഹികമായ ഒറ്റപ്പെടൽ അനുഭവിക്കുന്നതായി പരാതിക്കാരൻ കേരളീയത്തോട് പറഞ്ഞു. ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്നും തൊഴിൽ നഷ്ടം നേരിട്ടു. രഞ്ജിത് മാത്രമല്ല, കുറ്റാരോപിതരായ മറ്റു താരങ്ങളും മുൻകൂർ ജാമ്യാപേക്ഷകൾ ഫയൽ ചെയ്യുകയും കേരള ഹെെക്കോടതി അവ പരിഗണിക്കുകയും ചെയ്യുകയാണ്.

“രഞ്ജിത്തിന് മുൻകൂർ ജാമ്യം കിട്ടി എന്നത് എന്നെ ഞെട്ടിച്ച കാര്യമാണ്. രഞ്ജിത്തിന്റെ ആളുകൾ എന്നെ ഒത്തുതീർപ്പിനായി സമീപിച്ചിട്ടുണ്ട്, പരാതി നൽകിയതോടുകൂടി തൊഴിൽ സ്ഥലത്തും കുറ്റാരോപിതൻ ഇടപെടലുകൾ നടത്തിയത് കാരണം തൊഴിൽ നഷ്ടമായി. ലൈംഗികപീഡനത്തെക്കുറിച്ച് തുറന്നു പറഞ്ഞത് കാരണം കുടുംബത്തിൽ നിന്നും മാറ്റിനിർത്തൽ അനുഭവിക്കുന്നുണ്ട്. ഈ പരാതി ഉന്നയിച്ച ശേഷം എഎംഎംഎ, ഹേമ കമ്മിറ്റി എന്നീ സംവിധാനങ്ങളിൽനിന്നൊന്നും ആരും ഇതുവരെ സമീപിച്ചിട്ടില്ല, പരാതിപ്പെട്ടതിന് ശേഷം ഒട്ടും സുരക്ഷിതത്വം തോന്നുന്നില്ല. ഭാവിയിൽ ഇതിനു തിരിച്ചടിയുണ്ടാകും എന്ന് എനിക്കറിയാം. ഒരു ഹിസ്റ്ററി ഉണ്ടാക്കാൻ വേണ്ടിയാണ്, ഞാൻ നാളെ മരിച്ചാലും ഇനി സിനിമയിൽ വരുന്ന ബോയ്‌സിന് ഇങ്ങനെ സംഭവിക്കാതിരിക്കാൻ, ഇപ്പോൾ ഞാൻ അനുഭവിക്കുന്നത് അത്ര വലിയ ട്രോമയാണ്. നീതി കിട്ടില്ലെന്ന് ഉറപ്പായി,” പരാതിക്കാരനായ യുവാവ് നിരാശ പ്രകടമാക്കി.

സ്റ്റേറ്റ് പ്രോസിക്യൂഷൻ ഇതുവരെ കോണ്ടാക്റ്റ് ചെയ്തിട്ടില്ല. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ കോഴിക്കോട് സിഐ ഗോപകുമാർ പ്രതികരിച്ചത് ഒട്ടും താൽപര്യമില്ലാത്ത രീതിയിലായിരുന്നുവെന്നും പരാതിക്കാരൻ പറയുന്നു. പ്രശസ്തി ആഗ്രഹിച്ചുകൊണ്ടാണ് ഇത്തരം ആരോപണങ്ങൾ ഇപ്പോൾ നടത്തുന്നത് എന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നവരോട് പരാതിക്കാരൻ ചോദിക്കുന്നത്, അനുഭവിച്ച പീഡനത്തിന്റെ മുറിവ് ഇപ്പോഴും ഉള്ളിൽ കിടക്കുന്നുണ്ട്, പ്രശസ്തിക്ക് വേണ്ടി ഇത്രയും സാമൂഹ്യമൂലധനം കയ്യാളുന്ന ഒരു വ്യക്തിക്കെതിരെ, ഒരു സാധാരണ കുടുംബത്തിൽ നിന്നുള്ള ഒരു യുവാവ് ഇങ്ങനെയൊരു കുറ്റാരോപണം നടത്തേണ്ട ആവശ്യമെന്താണ് എന്നാണ്. ഭീഷണികൾ നിലനിൽക്കുമ്പോഴും പരാതിയിൽ ശക്തമായി ഉറച്ചുനിൽക്കുന്നുവെന്ന് വ്യക്തമാക്കുമ്പോഴും കോടതിയിൽ ഈ കേസിന്റെ ഭാവി എന്താകും എന്നതിനെ കുറിച്ചുളള ആശങ്കയും യുവാവ് പ്രകടമാക്കി.
ന്യൂനപക്ഷ പശ്ചാത്തലമുള്ള ഒരു വ്യക്തി, സാമൂഹ്യമായി പ്രബല പശ്ചാത്തലമുള്ളൊരു വ്യക്തിയുടെ പേരിൽ ലെെംഗിക പീഡന പരാതി ഉന്നയിക്കുമ്പോൾ സാഹചര്യങ്ങൾ കൂടുതൽ സങ്കീർണമാകുകയാണ്. പരാതി ഉന്നയിച്ച വ്യക്തി സർക്കാരിൽ നിന്നും എല്ലാത്തരത്തിലുള്ള സംരക്ഷണവും അർഹിക്കുന്നുണ്ട്.

പുരുഷന് എതിരെയുള്ള ലെെംഗിക പീഡനം നിയമത്തിൽനിന്നും അപ്രത്യക്ഷമാകുമ്പോൾ

യുവാവ് ഉന്നയിച്ച പരാതിയിൽ, കുറ്റകൃത്യം നടന്ന തീയതിയനുസരിച്ച് നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് ഐപിസി 377 അനുസരിച്ചാണ്. ഭാരതീയ ന്യായ സംഹിത നിലവിൽ വന്നിട്ടും പരാതി ഉന്നയിച്ച തീയതിയനുസരിച്ച് ഇത്തരം പരാതികളിൽ കേസ് രജിസ്റ്റർ ചെയ്യുന്നതിലുള്ള സങ്കീർണതകൾ എങ്ങനെയാണ് കെെകാര്യം ചെയ്യപ്പെടുക? ഇന്ത്യൻ ശിക്ഷാ നിയമം, ഇന്ത്യൻ തെളിവ് നിയമം, സിആർപിസി എന്നിവയെ ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം 2023 എന്നിവയിലേക്ക് മാറ്റിയ ഭേദഗതി ഇന്ത്യൻ നിയമവ്യവസ്ഥയിൽ സമാനതകളില്ലാത്തതാണ്. ഇതോടുകൂടി നിയമപ്രക്രിയയെ മൊത്തത്തിൽ ഭേദഗതി ചെയ്തു. നിയമങ്ങളെക്കുറിച്ച് ജനകീയമായ സാക്ഷരതയോ അവയിലെ പൂർണമായ സുതാര്യതയോ ഉറപ്പുനൽകുന്ന നിയമവിദ്യാഭ്യാസം നിലവിലില്ലാത്ത സമൂഹത്തിലേക്കാണ് പുതിയ നിയമങ്ങളുടെ വരവ്.

ഐപിസി 377 ന് പകരം ഭാരതീയ ന്യായ സംഹിതയിൽ വകുപ്പുകളില്ലെന്ന് കാണാം, കടപ്പാട്:Comparative table of IPC&BNS, Law book sellers and publishers

നിലവിലുണ്ടായിരുന്ന നിയമങ്ങളെയും അവയുടെ പ്രയോഗത്തെയും സുതാര്യവും കഴിയുന്നത്ര എളുപ്പത്തിൽ ഇടപെടാൻ പറ്റുന്നതാക്കി പരിഷ്‌കരിച്ചെടുക്കുന്ന പ്രക്രിയയിൽ അതിനാൽ ഏറ്റവും പ്രയാസം നേരിട്ടിരുന്ന വിവിധ ജനവിഭാഗങ്ങളുടെയും സേവന സന്നദ്ധരായ അഭിഭാഷകരുടെയും സാമൂഹ്യപ്രവർത്തകരുടെയും നിരന്തര ശ്രമങ്ങളുണ്ട്. ഇതിനെയെല്ലാം ഒറ്റയടിക്ക് അട്ടിമറിക്കുകയായിരുന്നു പുതിയ നിയമങ്ങൾ. ഇന്ത്യൻ ശിക്ഷാ നിയമത്തെ കൊളോണിയൽ ചരിത്രത്തിൽ നിന്നും മോചിപ്പിക്കുകയും ‘ശിക്ഷ’ എന്ന സങ്കൽപത്തിൽനിന്നും ‘നീതി’ എന്ന സങ്കൽപത്തിലേക്കുള്ള മാറ്റമാണ് പുതിയ നിയമങ്ങൾ എന്നുമാണ് ഈ നിയമനിർമാണത്തെക്കുറിച്ച് സർക്കാർ ഉന്നയിച്ച വാദം. എന്നാൽ, പുതിയ നിയമം അവതരിപ്പിക്കുന്നതിന് മുന്നോടിയായി അതേക്കുറിച്ച് അവബോധമുണ്ടാക്കുന്ന ഇടപെടലുകൾ ഒന്നും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുമില്ല.

ഭാരതീയ ന്യായ സംഹിതയുടെ കടന്നുവരവുണ്ടാക്കുന്ന അവ്യക്തതകൾ ചെറുതല്ല. പുതിയ പരാതികൾ എത്തുന്നതിനൊപ്പം പ്രയോഗത്തിലൂടെ മാത്രം പുതിയ നിയമങ്ങളുമായി പരിചയപ്പെട്ടുവരികയാണ് അഭിഭാഷകരും. ജൂലൈയിൽ പുതിയ നിയമം നിലവിൽവന്ന സമയത്ത് തന്നെ പുരുഷന്മാർക്കെതിരെ നടക്കുന്ന ലൈംഗിക കുറ്റകൃത്യങ്ങളെ അഭിസംബോധന ചെയ്യാൻ ഭാരതീയ ന്യായ സംഹിതയിൽ വകുപ്പ് ഇല്ല എന്നത് ക്വിയർ വ്യക്തികളുടെ സംഘടനകളും ചില അഭിഭാഷകരും ഉന്നയിച്ച പ്രശ്‌നമാണ്.

പുരുഷന്മാർക്കെതിരെയും സ്ത്രീയോ പുരുഷനോ ആയി അടയാളപ്പെടുത്താത്ത നോൺ ബൈനറി വ്യക്തികൾക്കെതിരെയും ലൈംഗികപീഡനങ്ങൾ നടക്കാം. ഹെറ്ററോസെക്ഷ്വൽ (വിപരീത ലിം​ഗവിഭാ​ഗത്തിലുള്ളവരോട് ലെെം​ഗികാകർഷണം ഉള്ളവർ) ആയ സ്ത്രീയിൽ നിന്നും ഹോമോസെക്ഷ്വൽ (സമാന ലിം​ഗവിഭാ​ഗത്തിലുള്ളവരോട് ലെെം​ഗികാകർഷണം ഉള്ളവർ) ആയ പുരുഷനെതിരെ, ഹെറ്ററോസെക്ഷ്വൽ ആയ പുരുഷനിൽനിന്നു സ്‌ത്രൈണതയുള്ള, ഹെറ്ററോസെക്ഷ്വൽ ആയ പുരുഷനെതിരെ, ഹോമോസെക്ഷ്വൽ ആയ പുരുഷനിൽനിന്നും ഹോമോസെക്ഷ്വൽ ആയ പുരുഷനെതിരെയും, ഹെറ്ററോസെക്ഷ്വൽ ആയ പുരുഷനിൽനിന്നും സ്ത്രീയോ പുരുഷനോ ആയി അടയാളപ്പെടുത്താത്ത നോൺ ബൈനറി വ്യക്തിക്കെതിരെയും ലൈംഗികമായ ആക്രമണം നടക്കാം. പക്ഷേ, ഭാരതീയ ന്യായ സംഹിതയിലുള്ള ലൈംഗിക പീഡനങ്ങൾക്കെതിരെയുള്ള വകുപ്പ് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ലൈംഗികപീഡനങ്ങൾ മാത്രം പരിഗണിക്കുന്നവയാണ്. ഈ സംഭവം നിലവിലെ ലെെംഗികപീഡന നിയമത്തിലുള്ള ‘സുരക്ഷാ വിടവി’നെയാണ് സൂചിപ്പിക്കുന്നത് എന്ന് People’s Union for Civil Liberties കർണാടകയുടെ പ്രസിഡന്റും ഐപിസി 377നെതിരായ നിയമ പോരാട്ടങ്ങളിൽ പ്രധാനപങ്കുവഹിച്ച അഭിഭാഷകനുമായ അരവിന്ദ് നരെയ്ൻ പറയുന്നു.

അരവിന്ദ് നരെയ്ൻ

“ഒരു പുരുഷൻ മറ്റൊരു പുരുഷന് മേൽ നടത്തുന്ന ലെെംഗിക പീഡനം, അല്ലെങ്കിൽ ലെെംഗിക ആക്രമണം എന്ന ചോദ്യം വരുമ്പോൾ നേരിടുന്ന ആദ്യ പ്രശ്നം, ഭാരതീയ ന്യായ സംഹിതയിൽ ഹോമോസെക്ഷ്വൽ ആയ പീഡനങ്ങളെ ഉൾക്കൊള്ളുന്ന നിയമങ്ങൾ ഇല്ല എന്നതാണ്. ഈ നിയമം ‘ജെൻഡർ സ്പെസിഫിക്’ ആണ്, ലെെംഗിക ആക്രമണത്തിന് ഇരയാകുന്ന സ്ത്രീകൾക്ക് മാത്രം ബാധകമാണ് ഈ നിയമം. സ്ത്രീ എന്ന വിഭാഗത്തിൽ ഉൾപ്പെടാത്ത പുരുഷന്മാർ, ട്രാൻസ് ജെൻഡർ വ്യക്തികൾ, നോൺ ബെെനറി വ്യക്തികൾ എന്നിവർക്ക് നേരിടുന്ന ലെെംഗിക ആക്രമണങ്ങളെക്കുറിച്ച് നിയമത്തിൽ വകുപ്പില്ല. ഐപിസിയിൽ തന്നെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്, എങ്കിലും ഉറപ്പായും ഈ കേസിൽ റദ്ദാക്കപ്പെട്ട നിയമം (ഐപിസി) ഉപയോഗിച്ചതിന്റെ നിയമസാധുത ഹെെക്കോടതിയിൽ ചോദ്യം ചെയ്യപ്പെടും. ഐപിസി പിൻവലിക്കപ്പെട്ട സാഹചര്യത്തിൽ എങ്ങനെയാണ് നിലവിലില്ലാത്ത ഒരു നിയമമുപയോഗിച്ച് കേസ് എടുക്കാൻ കഴിയുന്നത്? എന്നിരിക്കിലും ഐപിസിയിൽ ഇര ഗേ ആയോ ലെസ്ബിയൻ ആയോ ബെെസെക്ഷ്വൽ ആയോ ട്രാൻസ് ജെൻഡർ ആയോ, ക്വിയർ കമ്മ്യൂണിറ്റിയുടെ ഭാഗമായോ അടയാളപ്പെടുത്തുന്നുണ്ടോ എന്നതൊന്നും ഇങ്ങനെയുള്ള സാഹചര്യത്തിൽ ഒരു വിഷയമല്ല.ഐപിസി 377 പ്രകൃതിക്രമത്തിന് വിരുദ്ധമായ ശാരീരിക ബന്ധത്തെയാണ് കുറ്റവൽക്കരിക്കുന്നത്, ഇത് സ്ത്രീ, പുരുഷൻ, മൃഗം എന്നിവരുമായുള്ള ലെെംഗിക ബന്ധത്തിൽ സംഭവിക്കുന്നതിനെ കുറിച്ചാകാം. ഇരുവരുടെയും സമ്മതമില്ലാതെ നടക്കുന്ന ലെെംഗിക പ്രവൃത്തി നിയമത്തിന്റെ കാഴ്ചയിൽ പ്രകൃതിയുടെ ക്രമത്തിന് വിരുദ്ധമായത് എന്നാണ്. നിയമവ്യാഖ്യാനത്തിൽ ലിംഗവും യോനിയും തമ്മിലുള്ളതല്ലാത്ത എല്ലാത്തരം ലെെംഗികബന്ധവും പ്രകൃതിയുടെ ക്രമത്തിന് വിരുദ്ധമായി വിലയിരുത്തപ്പെടുന്നു. സാങ്കേതികമായി പറയുമ്പോൾ, ഐപിസി 377 വകുപ്പ് പ്രകാരം ശിക്ഷിക്കുന്നതിൽ ഒരു വ്യക്തിയുടെ ഐഡന്റിറ്റി പ്രധാനമാകുന്നില്ല,” അരവിന്ദ് നരെയ്ൻ കേരളീയത്തോട് പ്രതികരിച്ചു.

സിനിമയിൽ സുരക്ഷിത തൊഴിൽ സാഹചര്യം എങ്ങനെ ഉറപ്പാക്കാം?

“ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 377 ലെ വരികളെ പരിഭാഷപ്പെടുത്തുമ്പോൾ ‘എഗെയ്ൻസ്റ്റ് ദ ഓർഡർ ഓഫ് നേച്ചർ’ എന്നതിനെ സൂചിപ്പിക്കാൻ ‘പ്രകൃതിവിരുദ്ധ ലൈംഗികത’ എന്ന് ഉപയോഗിക്കുന്നത് എൽജിബിടി കമ്മ്യൂണിറ്റി അംഗങ്ങളിൽ പരാതിക്ക് ഇടയാക്കുന്നുണ്ട് എങ്കിലും, നിയമവൃത്തങ്ങളിൽ അങ്ങനെ തന്നെയാണ് ഉപയോഗിക്കുന്നത്” കേരള ഹൈക്കോടതിയിലെ അഭിഭാഷകൻ റെബിൻ വിൻസെന്റ് ഗ്രാലൻ പറയുന്നു. “ഈ വകുപ്പ് അനുസരിച്ച് പുരുഷനും സ്ത്രീയും ട്രാൻസ്ജെൻഡർ വ്യക്തികളും, ഇനി ഇവരിൽ ആരെങ്കിലും തമ്മിലോ പരസ്പര സമ്മതത്തോടെയുള്ള സ്വവർഗ രതി ഉൾപ്പെടെ കുറ്റമാകുന്ന അവസ്ഥയാണ് 1860 മുതൽ ഇന്ത്യയിൽ നിലനിന്നിരുന്നത്. ജൂത – ക്രൈസ്തവ പാരമ്പര്യ വിശ്വാസങ്ങളുടെ പശ്ചാത്തലത്തിൽ വിക്ടോറിയൻ കാലഘട്ടത്തിന്റെ ധാർമ്മികതയിൽ വളർന്നു വന്ന ബ്രിട്ടീഷുകാർ ഇത്തരത്തിൽ ഒരു വകുപ്പ് ചേർത്തത് സ്വാഭാവികം. സ്വാതന്ത്ര്യാനന്തരം വൈവിധ്യങ്ങളെ ഉൾക്കൊള്ളേണ്ടിയിരുന്ന ഇന്ത്യൻ പാർലമെന്റ് ഈ വിഷയത്തെ നോക്കാതിരുന്നത് തീർത്തും സങ്കടകരമാണ്. പിന്നീട് 2009ൽ ഡൽഹി ഹൈക്കോടതിയിൽ വന്ന നാസ് ഫൗണ്ടേഷൻ കേസും അതിന്റെ തുടർച്ചയായി സുപ്രീം കോടതിയിൽ വന്ന 2018ലെ സുപ്രീം കോടതി അഞ്ചംഗ ബെഞ്ചിന്റെ സുരേഷ് കുമാർ കൗശാൽ കേസിലെ വിധിന്യായവും വകുപ്പ് 377നെ ഡീക്രിമിനലൈസ് അഥവാ കുറ്റമല്ലാതാക്കുന്ന അവസ്ഥയിലേക്ക് ഇന്ത്യൻ ക്രിമിനൽ വ്യവസ്ഥയെ എത്തിക്കുകയായിരുന്നു. സുപ്രീം കോടതിയിൽ കേസ് നടത്തിയ ഹർജിക്കാരിൽ ചിലർക്കുവേണ്ടി ഹാജരായ അരുന്ധതി കട്ജു, മനേക ഗുരുസ്വാമി എന്നീ അഭിഭാഷകർ പിന്നീട് സ്വവർഗാനുരാഗികളായ കപ്പിൾ ആയി ലോകത്തിന് മുന്നിൽ സംസാരിച്ചു എന്നത് പിന്നീടുള്ള ചരിത്രം.” ഐപിസി 377നെ കുറിച്ച് നടന്ന നിയമ സംവാദങ്ങളെക്കുറിച്ച് അഡ്വക്കേറ്റ് റെബിൻ വിശദമാക്കി.

അഡ്വക്കേറ്റ് റെബിൻ വിൻസെന്റ് ഗ്രാലൻ

“അന്ന് അഭിഭാഷകർ കൊണ്ടുവന്ന വാദം ഒരു പുരുഷനും സ്ത്രീയും കോൺട്രാസെപ്റ്റീവുകൾ ഉപയോഗിച്ചുകൊണ്ടുള്ള സെക്സ് പോലും natural ആണോ unnatural ആണോ എന്ന ചോദ്യം. natural sexന്റെ നിർവ്വചനം എന്താണ്? it shall end with procreation or with a meaning of procreation, അല്ലെങ്കിൽ intention ഉണ്ടാകുക എന്നതാണ്. മലയാളത്തിലെ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായിരുന്ന രഞ്ജിത്തിനെതിരെ യുവാവ് നൽകിയ പരാതിയിലേക്ക് വരാം. പരാതിയിൽ ഉൾപ്പെടുത്താവുന്ന ഉചിതമായ വകുപ്പ് ഐപിസിയിലെ 377 ആണ്. ഉഭയകക്ഷി സമ്മതപ്രകാരമുള്ള സ്വവർഗ രതി ഉൾപ്പെടെ കുറ്റകൃത്യമായി കണ്ടിരുന്നതിൽ നിന്ന് ഇന്ത്യൻ ക്രിമിനൽ നീതിന്യായ വ്യവസ്ഥ മാറിയിരിക്കുന്നതിനാൽ ഒരു പുരുഷൻ മറ്റൊരു പുരുഷനെ സമ്മതമില്ലാതെ ലൈംഗിക അതിക്രമത്തിന് ഇരയാക്കി എന്നുവേണം കാണാൻ. വകുപ്പ് 377ന്റെ പ്രയോഗത്തിൽ കുറ്റം തെളിഞ്ഞാൽ ജീവപര്യന്തം തടവുവരെ കുറ്റാരോപിതന് നൽകാനാകും. രഞ്ജിത്തിനെതിരെ ചുമത്തിയ 377-ാം വകുപ്പ്, ഭേദഗതി ചെയ്യപ്പെട്ട ഐപിസി 377 ആണ്.
സാങ്കേതികമായി നോക്കിയാൽ ഈ വിഷയത്തിൽ വിചാരണയിലേക്ക് പോകുന്ന ഘട്ടത്തിൽ ഒരുപക്ഷേ ഇതിലെ പരാതിക്കാരൻ ശരിയായ മാർഗത്തിലൂടെയല്ല ഹോട്ടലിൽ കയറിയത് എങ്കിൽ ഈ സംഭവം നടന്നതായി തെളിയിക്കാൻ പ്രയാസപ്പെട്ടേക്കാം. തെറ്റായ എഫ്ഐആർ ആണെന്ന് പറഞ്ഞ് ഈ കേസ് റദ്ദാക്കാനും ഭാരതീയ ന്യായ സംഹിതയുടെ 528-ാം വകുപ്പനുസരിച്ച് സംവിധായാകന് ഹൈക്കോടതിയെ സമീപിക്കാൻ കഴിയും. 2012ൽ സംഭവിച്ചതുകൊണ്ട് യുവാവിന് ഇങ്ങനെ കേസ് ഫയൽ ചെയ്യാൻ പറ്റി, സ്ത്രീകൾ അല്ലാത്തവർക്ക്, പ്രത്യേകിച്ച് പുരുഷനും ട്രാൻസ് വ്യക്തികൾക്കും നേരിടേണ്ടിവരുന്ന അതിക്രമങ്ങളുടെ പരാതികളിലുള്ള നിയമവ്യവഹാരം പുതിയ സംഹിത അനുസരിച്ച് വളരെ ബുദ്ധിമുട്ടാണ്. ഐ പി സി 377 നു തുല്യമായതോ അതിന്റെ ഉചിതമായ ആശയത്തിന് കിടപിടിക്കാവുന്നതോ ആയ ഒരു വകുപ്പ് 2024 ജൂലൈ 1 മുതൽ നിലവിൽ വന്ന ഭാരതീയ ന്യായ സംഹിതയിൽ ഇല്ല എന്നത് പ്രശ്‌നത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്നു, അഡ്വക്കേറ്റ് റെബിൻ വിശദമാക്കി.

“ഗവണ്മെന്റ് ഇനി സിനിമാ വ്യവസായ മേഖലയിലെ ലൈംഗിക അതിക്രമ കേസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക കോടതിയോ മറ്റോ കൊണ്ടുവന്നാൽ ആ കോടതിയിലേക്ക് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്ക് രജിസ്റ്റർ ചെയ്ത കേസുകൾ മാത്രമല്ല എടുക്കേണ്ടത്. ഇതുവരെ രജിസ്റ്റർ ചെയ്ത ഐപിസി 377 വകുപ്പുള്ള കേസുകളും പുരുഷനോ എൽജിബിടിക്യു കമ്മ്യൂണിറ്റിയിലുള്ളവരോ ആരോ ആയിക്കോട്ടെ അതിജീവിതർ അവരുടെ കേസുകളും സൈബർ ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട വിവര സാങ്കേതിക നിയമത്തിലെ വകുപ്പ് 66-ഇ, കേരള പൊലീസ് ആക്റ്റ് 119-ബി പോലുള്ള വകുപ്പുകളിൽ വരുന്ന കേസുകൾ ജെൻഡർ എന്നതിന് അതീതമായി കൈകാര്യം ചെയ്യണം. അതിജീവിതർക്ക് മുഴുവൻ ഹേമ കമ്മീഷൻ റിപ്പോർട്ടിന്റെ ഗുണഫലം അനുഭവിക്കാൻ കഴിയുന്ന വിധത്തിലായിരിക്കണം ഇത്.

തൊഴിലിടത്തിൽ സ്ത്രീകൾക്കെതിരെ അതിക്രമങ്ങളെ തടയാൻ ഇന്റേണൽ കംപ്ലെയ്ന്റ് കമ്മിറ്റികൾ പോലെ കേരള ഗവണ്മെന്റിന് എന്തെങ്കിലുമൊരു ആക്റ്റ് വേണമെങ്കിൽ കൊണ്ടുവരാം. മാർഗരേഖകൾ കൊണ്ടുവരാം. അതിനുള്ളിൽ ജെൻഡർ വ്യത്യാസമില്ലാതെ പുരുഷൻ ആക്രമിക്കപ്പെട്ടാലും എൽജിബിടിക്യു കമ്മ്യൂണിറ്റിയിലെ എന്തുതരം ഡിസ്‌ക്ലോഷർ പറയുന്ന വ്യക്തി ആക്രമിക്കപ്പെട്ടാലും, സിസ് ജെൻഡർ എന്നൊക്കെ വച്ച് പ്രത്യേകം വിശദമാക്കുന്ന രീതിയിൽ അതിജീവിതരെയും പ്രതികളെയും കോളം തിരിച്ച് പ്രശ്‌നപരിഹാരത്തിന് സിനിമാ സെറ്റുകളുടെ ഭാഗമായ നിർമ്മാണ കമ്പനികളുടെ രജിസ്‌ട്രേഡ് ഓഫീസ് ഉള്ള സ്ഥലത്ത് തന്നെ മീഡിയേഷൻ പോലുള്ള നവ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുന്ന ഒരു സംവിധാനം ഇന്റേണൽ കംപ്ലൈന്റ് കമ്മറ്റി മാതൃകയിൽ കൊണ്ടു വരാവുന്നതാണ്. ‘സിസ് ജെൻഡർ’ വെച്ചിട്ട് ആരും കോളം തിരിക്കാറില്ല, അങ്ങനെ തിരിച്ച് ഇവരെ എല്ലാവരെയും പൂൾ ചെയ്യപ്പെടുന്ന ഒരു ഗ്രീവൻസ് സെൽ ഓരോ മൂവി ഇൻഡസ്ട്രിയിലെ ഫിലിം പ്രൊഡക്ഷൻ ചെയ്യുന്ന ഓരോ യൂണിറ്റിലും കൊണ്ടുവരണം, ആ പ്രൊഡക്ഷൻ ഹൗസ് എറണാകുളത്താണ് രജിസ്റ്റർ ചെയ്യുന്നതെങ്കിൽ, ആ ടീം എവിടെ പോയി ഷൂട്ട് ചെയ്താലും വിവിധ താമസ സ്ഥലങ്ങൾ ഉപയോഗിച്ചാലും അവിടെ വരുന്ന, ലൈംഗിക അതിക്രമങ്ങൾ എല്ലാം പരിഹരിക്കാൻ സംവിധാനത്തിന് കഴിയണം. മീഡിയേഷനിൽ പരിഹരിക്കപ്പെടാതിരിക്കുകയോ അതിജീവിതർ ക്രിമിനൽ നീതി ന്യായവ്യവസ്ഥയുടെ ഭാഗമായ കോടതി വിചാരണ ആഗ്രഹിക്കുകയോ ചെയ്യുന്ന കേസുകളിൽ അധികാര പരിധി നോക്കി പോലീസ് സ്‌റ്റേഷൻ വഴി എഫ്. ഐ. ആർ രജിസ്റ്റർ ചെയ്യുകയും ആകാം.

റിമ കല്ലിങ്കലും പാർവ്വതി തിരുവോത്തും അടങ്ങിയ വിമൻ ഇൻ സിനിമ കളക്ടീവ് ആവശ്യപ്പെട്ട ഇന്റേണൽ കംപ്ലെയ്ന്റ് കമ്മിറ്റി സിനിമകളിൽ വന്നില്ല എന്നാണ് ഞാൻ കരുതുന്നത്. ഇനി അത് എന്തായാലും വരാൻ തുടങ്ങും. അപ്പോൾ irrespective of gender എന്ന രീതിയിലേക്ക് ആ കമ്മിറ്റികളെ വിപുലീകരിക്കാൻ സ്വമേധയാ പൃഥ്വിരാജിന്റെയും ഫഹദിന്റെയും മമ്മൂട്ടിയുടെയും സിനിമാ കമ്പനികൾ തയ്യാറാകുന്നിടത്ത് ഈ യുവാവിന്റേത് പോലുള്ള വേറിട്ട പരാതികൾ …ശബ്ദങ്ങൾ പൊതു സമൂഹത്തിൽ ചിരിയോ അപഹാസ്യമോ ഉണർത്തില്ല.” അഡ്വക്കേറ്റ് റെബിൻ പറഞ്ഞു.

ഐപിസി 377, സ്ത്രീകൾ അല്ലാത്തവർ നേരിടുന്ന ലെെംഗിക കുറ്റകൃത്യങ്ങൾക്കുള്ള നിയമസാധുതയെക്കുറിച്ച് ചില സംശയങ്ങൾക്ക് അരവിന്ദ് നരെയ്ൻ മറുപടി നൽകി. “സ്വകാര്യ ഇടങ്ങളിൽ പരസ്പര സമ്മതത്തോടെയുള്ള ലെെംഗിക ബന്ധത്തെ കുറ്റത്തിന്റെ പരിധിയിൽനിന്നും ഒഴിവാക്കി, സമ്മതമില്ലാതെ നടക്കുന്ന ലെെംഗിക പ്രവൃത്തികളെ കുറ്റവൽക്കരിക്കുകയും ചെയ്തു. പാർലമെന്റ് ഈ മൊത്തം നിയമഘടനയെത്തന്നെ ഒഴിവാക്കുകയാണ് ചെയ്തിരിക്കുന്നത്, ഇത് എൽജിബിടിക്യു വ്യക്തികൾ നേരിടുന്ന ലെെംഗിക ആക്രമണങ്ങളുടെ കാര്യത്തിൽ ഒരു സുരക്ഷാവിടവ് (PROTECTION GAP) ഉണ്ടാക്കിയിരിക്കുകയാണ്. നിയമത്തിൽ ഒരു സുരക്ഷാവിടവ് രൂപപ്പെട്ടു. റേപ് ലോ, അല്ലെങ്കിൽ ലെെംഗിക ആക്രമണങ്ങൾ സ്ത്രീകളെ കേന്ദ്രീകരിച്ചുള്ളതാണ്, സ്ത്രീകൾക്കാണ് സുരക്ഷിതത്വം ഉറപ്പാക്കുന്നത്. പക്ഷേ പുരുഷന്മാരെയോ ട്രാൻസ്ജെൻഡർ വ്യക്തികളെയോ ഈ നിയമം ലെെംഗിക കുറ്റകൃത്യങ്ങളിൽ നിന്നു സംരക്ഷിക്കുന്നില്ല. കേരള സർക്കാരിന് ഭാരതീയ ന്യായ സംഹിത ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ട്. സ്ത്രീയല്ലാത്ത ഒരു വ്യക്തി നേരിടുന്ന ലെെംഗിക കുറ്റകൃത്യത്തെ അഭിസംബോധന ചെയ്യാത്ത ഭാരതീയ ന്യായ സംഹിത ഭേദഗതി ചെയ്യാൻ ഒരു ഭേദഗതി ബിൽ വഴി സർക്കാരിന് ആവശ്യപ്പെടാൻ കഴിയും. ലെെംഗിക കുറ്റകൃത്യത്തിന്റെ ഇര എന്നതിൽ ലിംഗപരത ഉണ്ടാകരുത്. റേപ് ലോ എല്ലാവരെയും സംരക്ഷിക്കുന്നതായിരിക്കണം. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376-ാം വകുപ്പ് റേപ്പിനെ നിർവചിക്കുന്നത് ഒരു പുരുഷൻ സ്ത്രീയുടെ സമ്മതമില്ലാതെ നടത്തുന്ന ലെെംഗിക ബന്ധം (SEXUAL INTERCOURSE) എന്നാണ്. അതിൽ മാറ്റം വരുത്തിക്കൊണ്ട് റേപ്പിനെ ഇങ്ങനെ നിർവ്വചിക്കാൻ കഴിയും, ഒരു പുരുഷൻ ഒരു വ്യക്തിയുടെ സമ്മതമില്ലാതെ നടത്തുന്ന ലെെംഗിക ബന്ധം എന്നാക്കുമ്പോൾ നിയമത്തിലെ സുരക്ഷാവിടവിനെ പരിഹരിക്കാൻ കഴിയും. ഭാരതീയ ന്യായ സംഹിത അവതരിപ്പിക്കുന്നതിനു മുമ്പ് കൂടുതൽ ചർച്ചകളും പൊതു സംവാദങ്ങളും നടത്തേണ്ടിയിരുന്നു. പ്രകൃതിയുടെ ക്രമത്തിനെതിരായ ലെെംഗിക പ്രവൃത്തി എന്നത് ഇപ്പോഴും പൊതുബോധത്തിൽ മുന്നിട്ടുനിൽക്കുന്നതിന് കാരണം കൊളോണിയൽ മൊറാലിറ്റി തന്നെയാണ്.” അരവിന്ദ് നരെയ്ൻ വ്യക്തമാക്കി.

ഐപിസി 377 എങ്ങനെ റിപ്പോർട്ട് ചെയ്യണം?

രഞ്ജിത്തിന് എതിരെ യുവാവ് ലെെംഗിക പീഡനപരാതി ഉന്നയിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷം നടന്ന മാധ്യമങ്ങളുടെ റിപ്പോർട്ടിങ് ശ്രദ്ധിക്കേണ്ടതാണ്. അതിൽ ഈ കുറ്റകൃത്യത്തെ പ്രകൃതിവിരുദ്ധ പീഡനം എന്നാണ് വിശേഷിപ്പിക്കുന്നത്. എന്തുകൊണ്ടാണ് പുരുഷന്മാർ ഉൾപ്പെടുമ്പോൾ, മാധ്യമപ്രവർത്തകർക്കും എഡിറ്റർമാർക്കും ഒരു ലെെംഗിക പീഡനത്തെ ലെെംഗിക പീഡനം എന്ന് തന്നെ വിളിക്കാൻ കഴിയാത്തത്. കുറ്റവൽക്കരണം’ എന്നതിനേക്കാൾ ഞാനതിനെ ‘അപരരാക്കുക’ എന്നു വിളിക്കാനാണ് താൽപര്യപ്പെടുന്നത്,” ക്വീർ ജേണലിസ്റ്റ് രാഗമാലിക കാർത്തികേയൻ പറയുന്നു.

“ ഒരു രീതിയിലുള്ള സെക്സ് മാത്രമാണ് ശരിയെന്നും അതല്ലാത്ത മറ്റെല്ലാം തെറ്റാണ് എന്നുമാണ് നിങ്ങൾ പറയുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377 unnatural sex എന്നതിനെ കുറിച്ചാണ് പറയുന്നത്. ഗേ അല്ലെങ്കിൽ ക്വിയർ വ്യക്തികളെ അത് പരാമർശിക്കുന്നില്ല. penis-in-vagina (PIV) sex അല്ലാത്ത എല്ലാത്തരം ലെെംഗികബന്ധവും പ്രകൃതിവിരുദ്ധം ആണ് എന്നാണ് ഈ വകുപ്പ് പറയുന്നത്.- ഇതിൽ ഹെട്രോസെക്ഷ്വൽ ആയ ആളുകൾ തമ്മിലുള്ള, ലിംഗവും യോനിയും തമ്മിലുള്ളതല്ലാത്ത ഏതുതരം ലെെംഗികബന്ധവും പ്രകൃതിവിരുദ്ധമായി കണക്കാക്കപ്പെടുന്നു. എന്തുതന്നെയായാലും ഇത് ഉപയോഗിക്കപ്പെട്ടത് ഗേ പുരുഷന്മാർക്കും ട്രാൻസ് സ്ത്രീകൾക്കും എതിരെയായിട്ടായിരുന്നു. സ്ത്രീകൾക്കെതിരെയുള്ള റേപ് കേസുകൾ വരുന്ന ഐപിസി 376ൽ, പ്രകൃതിവിരുദ്ധം എന്ന വാക്ക് ഉൾപ്പെടുത്തിയിട്ടില്ല. അതിൽ പറയുന്നത് റേപ് ചെയ്യുന്നത് തെറ്റാണ് എന്നാണ്. റേപ് എന്താണ് എന്നതിനെ കുറിച്ചുള്ള നമ്മുടെ മനസ്സിലാക്കൽ കാലങ്ങളായി വികസിച്ചുവന്നതുമാണ്. പക്ഷേ ഇത് സ്ത്രീകളെ മാത്രം സംബന്ധിച്ചുള്ളതാണ്, ക്വിയർ ആയ ആളുകൾ ഉൾപ്പെടെയുള്ള VULNERABLE PERSONS നെ ഇത് പുറത്തുനിർത്തുന്നുണ്ട്. ഗേ, ബെെസെക്ഷ്വൽ പുരുഷന്മാരും ലെെംഗിക പീഡനം നേരിടുന്നുണ്ട്. അവർക്കു വേണ്ടിയുള്ള നിയമങ്ങളും ഉണ്ടാകേണ്ടതുണ്ട്. നിയമം ട്രാൻസ് മെൻ, ട്രാൻസ് വിമെൻ, നിയമരേഖകളിൽ ലിംഗം എങ്ങനെ അടയാളപ്പെടുത്തിയവരായാലും ആൺ/പെൺ ദ്വന്ദത്തിൽ സ്വയം അടയാളപ്പെടുത്താത്ത നോൺ ബെെനറി വ്യക്തികൾ എന്നിവരെയും നിയമം ഉൾക്കൊള്ളണം. ഒരേ ആക്രമണം വ്യത്യസ്ത വ്യക്തികൾക്കെതിരെ നടക്കുമ്പോൾ ആക്രമണത്തിന്റെ തീവ്രതയിൽ വ്യത്യാസമുണ്ടാകുന്നില്ല. ലെെംഗിക ആക്രമണം ലെെംഗിക ആക്രമണം തന്നെയാണ്. കുറ്റകൃത്യം ഒന്നുതന്നെ ആണെങ്കിൽ കുറ്റകൃത്യത്തിനെതിരായ നടപടിയും ഒന്നുതന്നെ ആയിരിക്കണം. സത്യത്തിൽ, കുറ്റകൃത്യം നടന്നത്, കൂടുതൽ അരികുവൽക്കരിക്കപ്പെട്ട വിഭാഗത്തിൽ നിന്നുള്ള വ്യക്തിക്കെതിരെ ആണെങ്കിൽ, എസ് സി/ എസ് ടി പ്രിവെൻഷൻ ഓഫ് അട്രോസിറ്റീസ് ആക്റ്റ് പോലെയുള്ള നിയമങ്ങളുപയോഗിച്ച് കൂടുതൽ കടുത്ത ശിക്ഷാ നടപടികൾ ഉണ്ടാകേണ്ടതാണ്. സാമൂഹ്യമായ സുരക്ഷിതത്വം കുറഞ്ഞ ജീവിതം ജീവിക്കുന്നൊരു ട്രാൻസ് സ്ത്രീ ആക്രമിക്കപ്പെടാനുള്ള സാധ്യതകൾ കൂടുതലാണ്. ഭാരതീയ ന്യായ സംഹിതയിൽ എൽജിബിടിക്യുഐഎ+ വിഭാഗത്തിലുള്ള വ്യക്തികൾക്കെതിരായ കുറ്റകൃത്യങ്ങൾ പരിഗണിക്കാതെ ഭാരതീയ ന്യായ സംഹിതയുടെ നിയമനിർമാണം നടത്തിയെന്നുള്ളത് നിയമ നിർമാണം നടത്തിയവരുടെ ഭാഗത്തുനിന്നുണ്ടായ വലിയ തെറ്റ് തന്നെയാണ്.” രാഗമാലിക പറയുന്നു,

രാഗമാലിക കാർത്തികേയൻ

“അങ്ങനെയുള്ള മാധ്യമറിപ്പോർട്ടിങ് നിർഭാഗ്യകരമാണ്. പ്രകൃതിവിരുദ്ധം എന്ന് എഴുതുന്നതിന് പകരം ലെെംഗിക പീഡനം എന്ന് തന്നെ മാധ്യമപ്രവർത്തകർക്ക് എഴുതാവുന്നതാണ്. അല്ലാത്ത പക്ഷം അവർ ചെയ്യുന്നത്, പുരുഷന് എതിരായ ലെെംഗിക കുറ്റകൃത്യം സ്ത്രീക്ക് എതിരായ ലെെംഗിക കുറ്റകൃത്യത്തെക്കാൾ ഗൗരവം കുറഞ്ഞതാണ് എന്ന തോന്നൽ സൃഷ്ടിക്കുകയാണ്. വാർത്താ തലക്കെട്ടിൽ പ്രകൃതിവിരുദ്ധം എന്ന വാക്ക് ഉപയോഗിക്കുന്നത് തികച്ചും അനാവശ്യമാണ്.”- രാഗമാലിക കാർത്തികേയൻ പറഞ്ഞു. Inqlusive News Rooms- A collaborative project between The News Minute and Queer Chennai Chroniclesന്റെ സ്ഥാപകരിൽ ഒരാളും ന്യൂസ് മിനിറ്റ് സ്പെഷ്യൽ പ്രൊജക്റ്റ്സ് ആൻഡ് എക്സ്പെരിമെന്റ്സ് എഡിറ്ററുമാണ് രാഗമാലിക.

പ്രതികരണം തേടിക്കൊണ്ട് ഫോണിൽ സംസാരിച്ചപ്പോൾ ഈ റിപോർട്ട് തീർച്ചയായും വായിക്കണമെന്ന് രാഗമാലിക പറയുകയുണ്ടായി. ഇത്തരം കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനെക്കുറിച്ച് റിപ്പോർട്ടർമാർക്കും എഡിറ്റർമാരും കൈകാര്യം ചെയ്യേണ്ടുന്ന മാർഗരേഖകളാണ് റിപ്പോർട്ടിൽ. സ്ത്രീകൾ അല്ലാത്തവർക്കെതിരെയുള്ള ലെെംഗിക കുറ്റകൃത്യങ്ങൾ എങ്ങനെ റിപ്പോർട്ട് ചെയ്യണം എന്നതിനെക്കുറിച്ച് റിപ്പോർട്ട് മുന്നോട്ടുവെക്കുന്ന ചില പ്രധാന കാര്യങ്ങൾ.

വാർത്താ തലക്കെട്ട് എങ്ങനെ എഴുതണമെന്നതിനെക്കുറിച്ച്

‘ഒരു വാർത്താ തലക്കെട്ട് വളരെ പ്രധാനമാണ്. വായിക്കുന്നയാൾ ആദ്യം കാണുന്നത് വാർത്തയുടെ തലക്കെട്ടാണ്. ചിലപ്പോൾ ആളുകൾ അതുമാത്രം വായിക്കുവാനും സാധ്യതയുണ്ട്. സെൻസേഷണൽ തലക്കെട്ടും സെൻസിറ്റീവ് തലക്കെട്ടും – ഇതിൽനിന്നും തെരഞ്ഞെടുക്കേണ്ടത് സെൻസിറ്റീവ് ആയ തലക്കെട്ടാണ്.’

-ചെന്നൈയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ലൈംഗികപീഡന അതിക്രമങ്ങൾ വ്യാപകമായി നടന്നിരുന്നത് സിസ് ജെൻഡർ പുരുഷന്മാർക്ക് നേരെ കൂടിയാണ്. പക്ഷേ ഇന്ത്യൻ ശിക്ഷാ നിയമത്തിൽ‌ സിസ് ജെൻഡർ ആയ പുരുഷന്മാർക്കെതിരെ നടക്കുന്ന ലൈംഗിക പീഡനങ്ങൾക്ക് പരിഹാരമായ വകുപ്പുകളൊന്നും ഇല്ല. പെനിട്രേറ്റീവ് ആയ ലൈംഗിക പീഡനം അല്ലെങ്കിൽ ബലാത്സംഗം എന്നീ കുറ്റകൃത്യങ്ങൾ ഉണ്ടാകുമ്പോൾ ഇന്ത്യൻ ശിക്ഷാ നിയമം 377 പ്രകാരം കേസ് എടുക്കാവുന്നതാണ് (2017ൽ സമ്മതത്തോടെയുള്ള ലൈംഗിക പ്രവൃത്തികൾ കുറ്റവൽക്കരണത്തിൽനിന്നും ഒഴിവാക്കിയിരുന്നു). ലൈംഗിക അധിക്ഷേപം, പീഡനം എന്നിവയുടെ കാര്യത്തിൽ നിയമം അതിനെ ഒരു കുറ്റകൃത്യമായി കണക്കിലെടുക്കുന്നില്ല കാരണം, ഇന്ത്യയിലെ ലൈംഗിക ആക്രമണ നിയമങ്ങൾ കൂടുതലും സിസ് ജെൻഡർ സ്ത്രീകളെ സംരക്ഷിക്കുന്നവയാണ്.

ഒരു ജേണലിസ്റ്റ് എന്ന നിലയിൽ, നീതിയുടെ വ്യത്യസ്ത ചോദ്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ചിലപ്പോഴെല്ലാം വിവിധ ഗ്രൂപ്പുകളുടെ (ഈ കേസിൽ ലൈംഗിക ആക്രമണങ്ങൾ നേരിടുന്ന പുരുഷന്മാരും സിസ് ജെൻഡർ സ്ത്രീകളും) സംഘർഷസാധ്യതയുള്ള ആവശ്യങ്ങൾ വളരെ സെൻസിറ്റീവ് ആയി അഭിസംബോധന ചെയ്യേണ്ടിവരും.

ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ച് സെക്ഷൻ 376 ഒരു സിസ് ജെൻഡർ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചാലുള്ള ശിക്ഷ കുറഞ്ഞത് ഏഴു വർഷം വരെയാണ്, ഇത് ചില കേസുകളിൽ ജീവപര്യന്തം തടവ്, വധശിക്ഷ എന്നിവ വരെയും പോകാം. ട്രാൻസ്‌ജെൻഡർ പേഴ്‌സൺസ് (പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്‌സ്) ആക്റ്റ്, 2019 പ്രകാരം, ഒരു ട്രാൻസ് ജെൻഡർ വ്യക്തി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടാൽ അതിനുള്ള ശിക്ഷ ആറു മാസം മുതൽ രണ്ട് വർഷം വരെയാണ്.

നിയമത്തിന്റെ പരിധികൾ

ഇന്ത്യയിലെ റേപ് നിയമങ്ങളുടെ പ്രധാന പരിമിതി അത് സ്ത്രീ കേന്ദ്രീകൃതമായി നിർമ്മിച്ചിരിക്കുന്നു എന്നതാണ്. ഈ പരിമിതിയ്ക്കും ഉള്ളിൽ ലൈംഗിക ആക്രമണത്തെ ലൈംഗിക ബന്ധം എന്ന പദപ്രയോഗത്തിൽ ഉൾക്കൊള്ളിക്കുന്നു എന്നതും 1997ൽ സാക്ഷി എന്ന സ്ത്രീ അവകാശ സംഘടനയുടെ റിട്ട് പെറ്റിഷൻ ചോദ്യം ചെയ്യുന്നുണ്ട്. പൊതുമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന തരത്തിൽ പൊതു ഇടങ്ങളിൽ നടന്ന ലെെംഗിക പീഡനം ഇരയുടെ കൊലപാതകത്തിലേക്ക് നയിച്ചതിനെത്തുടർന്ന് നിയമം കൂടുതൽ ശക്തമാക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്. കൊൽക്കത്തയിൽ തൊഴിലിടത്തിൽ ലെെംഗികമായി പീഡിപ്പിക്കപ്പെട്ട ശേഷം വനിതാ ഡോക്ടർ കൊലചെയ്യപ്പെട്ട സംഭവത്തെത്തുടർന്ന് പശ്ചിമബംഗാൾ സർക്കാർ നടത്തിയ നിയമനിർമാണമാണ് അതിൽ ഏറ്റവും ഒടുവിലത്തേത്. ശിക്ഷാ വ്യവസ്ഥകളെ തീവ്രമാക്കുവാന്‍ ശ്രദ്ധിക്കുമ്പോഴും ഇത്തരം കുറ്റകൃത്യങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള സാമൂഹ്യവിദ്യാഭ്യാസം ഇന്ത്യയില്‍ നടക്കുന്നുണ്ടോ എന്ന ചോദ്യവും ഇതോടൊപ്പം പ്രസക്തമാകുന്നുണ്ട്.

സാക്ഷിയുടെ പൊതുതാല്‍പര്യ ഹര്‍ജിയെ തുടര്‍ന്ന് നിയമ പരിഷ്‌കരണത്തിനുള്ള ലോ കമ്മീഷനില്‍, ലൈംഗിക കുറ്റകൃത്യങ്ങളുടെ നിയമങ്ങള്‍ പരിഷ്‌കരിക്കാനുള്ള നീക്കങ്ങള്‍ ഉണ്ടായി. ലിംഗപരത ഒഴിവാക്കിക്കൊണ്ട് റേപ് എന്ന കുറ്റകൃത്യത്തെ പരിഗണിക്കുവാന്‍ സെക്ഷന്‍ 375 നെ വിശാലമാക്കണം എന്നായിരുന്നു ലോ കമ്മീഷന്റെ ശുപാര്‍ശ. 2013ല്‍ നിര്‍ഭയ കൂട്ടബലാത്സംഗ കൊലപാതകത്തെ തുടര്‍ന്ന് രൂപീകരിച്ച ജസ്റ്റിസ് വെര്‍മ കമ്മിറ്റിയും ഇരയെ ജെന്‍ഡര്‍ ന്യൂട്രല്‍ ആയി പരിഗണിക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ചു.

The Gap Between the Feminist Understanding of Sexual Violence and the Law എന്ന ലേഖനത്തില്‍ പ്രൊഫസര്‍ നിവേദിത മേനോന്‍ ഈ നിയമങ്ങളുടെ പരിധികളും പരിമിതികളും അന്വേഷിക്കുന്നുണ്ട്. വിഭിന്നമായ ജെന്‍ഡറുകളെക്കുറിച്ച് സംസാരിക്കേണ്ടതിന്റെ ആവശ്യകതയെ ഫെമിനിസ്റ്റുകളെക്കാള്‍ ക്വിയര്‍ ഫെമിനിസ്റ്റുകള്‍ കൂടുതല്‍ സൂക്ഷ്മതയില്‍ നോക്കിക്കാണുന്നു എന്നാണ് നിവേദിത എഴുതുന്നത്. ‘ഫെമിനിസ്റ്റ് രാഷ്ട്രീയത്തിന്റെ പ്രയോഗത്തില്‍ സ്ത്രീയെ വ്യവസ്ഥാപിതമായി അധികാരരഹിതയാക്കുന്ന ഒന്നായി പുരുഷാധിപത്യത്തെ കാണുന്നു, ക്വിയര്‍ ഫെമിനിസ്റ്റ് രാഷ്ട്രീയം ‘സ്ത്രീ’, ‘പുരുഷന്‍’ എന്നിവ രൂപപ്പെട്ടതെങ്ങനെ എന്നതുള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ തുറന്നുവെക്കുന്നു’. ക്വിയര്‍ ഫെമിനിസ്റ്റ് ആക്റ്റിവിസ്റ്റുകള്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി മുന്നോട്ടുവെക്കുന്നത് അതിനിരയായ വ്യക്തിയെ പരിഗണിച്ചുകൊണ്ടാണ്, അതുകൊണ്ട് പുരുഷന്മാരും ആണ്‍കുട്ടികളും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളും ഹിജ്‌റകളും നേരിടുന്ന റേപ് കുറ്റകൃത്യത്തെ കണക്കിലെടുക്കാന്‍ കഴിയും. എന്നാല്‍, 2013ലെ നിയമം റേപ് ചെയ്യുന്നയാളെ പുരുഷന്‍ ആയും റേപ് ചെയ്യപ്പെടുന്നയാളെ സ്ത്രീ ആയും തന്നെയാണ് കണക്കിലെടുക്കുന്നത്, അങ്ങനെ പുരുഷനോ ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തിയോ നേരിടുന്ന റേപിനെ തിരിച്ചറിയാന്‍ വിസമ്മതിക്കുന്നു.’ നിവേദിത ചൂണ്ടിക്കാണിക്കുന്നു.

ലൈംഗിക ആക്രമണങ്ങളെ നേരിടാനുള്ള നിയമങ്ങളില്‍ ലിംഗ നിക്ഷ്പക്ഷതയെക്കാള്‍ ആവശ്യം എല്ലാ ജെന്‍ഡറുകളിലുള്ള വ്യക്തികളെയും ഉള്‍ക്കൊള്ളുന്ന രീതിയില്‍ അവ പരിഷ്‌കരിക്കുക എന്നതാണ്. സ്ത്രീകൾക്കെതിരായ ചില ലൈംഗിക കുറ്റകൃത്യങ്ങൾ വലിയ ജനരോഷമുണ്ടാക്കുന്നുണ്ടെങ്കിലും, സ്ത്രീകൾക്കെതിരെ ദിവസംതോറും നടക്കുന്ന, ഉൾപ്പേജ് വാർത്തകളിൽ ചുരുങ്ങിപ്പോകുന്ന, ഫോളോ അപ് ചെയ്യപ്പെടാത്ത കേസുകൾ അതിലേറെയാണ്. ലൈംഗിക കുറ്റകൃത്യങ്ങൾ മാധ്യമങ്ങളിലും നിയമവ്യവസ്ഥയിലും ചർച്ചയാകുന്നത് ജനരോഷമുണ്ടാകുന്ന കേസുകളിൽ മാത്രവുമാണ്. ഗ്രാമങ്ങളിൽ നടക്കുന്ന കുറ്റകൃത്യങ്ങളെക്കാൾ ശ്രദ്ധ നഗരങ്ങളിൽ നടക്കുന്ന കുറ്റകൃത്യങ്ങൾക്ക് കിട്ടുന്നു.

ഇന്ത്യയിലേത് വളരെ വ്യത്യസ്തതലത്തിൽ ശ്രേണീകൃതമായ ഒരു സമൂഹമായതിനാൽ കുറ്റാരോപിതരുടെയും ഇരയുടെയും സാമൂഹ്യ പശ്ചാത്തലം കുറ്റകൃത്യത്തെ സാധാരണവൽക്കരിക്കുന്നതിലും അസാധാരണവൽക്കരിക്കുന്നതിലും വലിയ പങ്കുവഹിക്കുന്നുണ്ട്. ഉദാഹരണത്തിന്, ഉപരിവർഗ, അധീശ ജാതിവിഭാഗങ്ങളിലുള്ള സ്ത്രീകൾക്ക് നേരെ നടക്കുന്ന ബലാത്സംഗ കൊലപാതകങ്ങളിൽ കുറ്റാരോപിതനും സമാന പശ്ചാത്തലത്തിൽ നിന്നുമുള്ളതാണെങ്കിൽ അയാളിലേക്ക്, അയാൾ നടത്തിയ കുറ്റകൃത്യങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ പോകാതിരിക്കുന്ന സാഹചര്യം ഇന്ത്യയിലുണ്ട്, അതൊരു രാഷ്ട്രീയനേതാവ് കൂടിയാണെങ്കിൽ കുറ്റാരോപിതന് നിയമബാഹ്യമായി കിട്ടുന്ന ‘ശിക്ഷാഭീതിയില്ലായ്മ’ (IMPUNITY) അമിത അധികാര പ്രയോഗവും ആകുന്നു. ബലാത്സംഗ കൊലപാതകത്തിൽ കൊല്ലപ്പെട്ടത് ഒരു ദളിത് സ്ത്രീയും ജാതീയമായി നിരന്തരം അവരെ ആക്രമിച്ച സവർണ പുരുഷന്മാരാണ് കുറ്റകൃത്യം നടത്തിയതെങ്കിൽ കുറ്റാരോപിതരിലേക്ക് വലിയ മാധ്യമശ്രദ്ധ പോകാതിരിക്കുകയും, കുറ്റകൃത്യത്തിന്റെ സചിത്രവിവരണങ്ങളിലേക്ക് (graphic detail) മാധ്യമങ്ങൾ കൂടുതൽ ശ്രദ്ധ സൂക്ഷിക്കുകയും ചെയ്യാറുണ്ട് (2020ൽ ഉത്തർപ്രദേശിലെ ഹത്രസിൽ നടന്ന ലൈംഗിക പീഡന കൊലപാതകം ഓർക്കുക). അതിജീവിതരായ സ്ത്രീകളുടെ സ്വകാര്യതയെക്കുറിച്ച് വലിയ ചർച്ചകൾ നടക്കുന്ന രാജ്യത്ത് ഗുജറാത്ത് വംശഹത്യാകാലത്ത് ക്രൂരമായ ലെെംഗികപീഡനങ്ങൾക്കിരയായതിന് ശേഷം, പീഡകർക്കെതിരെ നിയമപോരാട്ടം നടത്തിയ അതിജീവിത ബിൽക്കീസ് ബാനു മാധ്യമങ്ങൾക്ക് മുന്നിലെത്തിയത് മുഖംമറയ്ക്കാതെയാണ് എന്നതും ഓർക്കേണ്ടതാണ്. ലൈംഗികകുറ്റകൃത്യത്തിൽ ജാതീയവും മതപരവുമായ പ്രിവിലേജും അധികാരവും എങ്ങനെ പ്രവർത്തിക്കുന്നു എന്ന് സംസാരിക്കാൻ മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും കഴിയേണ്ടതാണ്.

ഭാരതീയ ന്യായ സംഹിതയിലൂടെ ആഭ്യന്തര മന്ത്രി അമിത് ഷാ മുന്നോട്ടുവെക്കുന്ന ആശയം കൊളോണിയൽ കാലത്തെ, ശിക്ഷ എന്നതിലൂന്നിയ നിയമങ്ങളെ നീതി എന്ന ആശയത്തിലൂന്നിയ നിയമങ്ങളുമായി പുനസ്ഥാപിക്കുകയാണ് എന്നാണ്. “നിയമങ്ങൾ ഭരണഘടനയുടെ ആത്മാവിൽ ഊന്നൽ കൊടുക്കുന്നതാണ്. പുതിയ നിയമങ്ങൾ അനുസരിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങൾ, ആക്രമണം, അടിമത്തം, നിർബന്ധിത തൊഴിൽ എന്നിവയെ സർക്കാരിനെതിയായ കുറ്റകൃത്യങ്ങളെക്കാൾ കൂടുതൽ ഗൗരവമുള്ള കുറ്റകൃത്യങ്ങളായി പരിഗണിക്കും,” ഭാരതീയ ന്യായ സംഹിതകളെക്കുറിച്ച് ഫെബ്രുവരിയിൽ ദ വീക്ക് മാഗസിന് നൽകിയ എക്‌സ്‌ക്ലൂസീവ് അഭിമുഖത്തിൽ അമിത് ഷാ പറയുന്നുണ്ട്. നിയമത്തിൽ എല്ലാത്തരം കുറ്റകൃത്യങ്ങളും ഒരുപോലെയാണെന്നും എല്ലാവരുടെയും അന്തസ്സ് പ്രധാനമാണെന്നും പറയുമ്പോഴും നിയമത്തിന്റെ കാഴ്ചപ്പാടിൽ താരതമ്യങ്ങൾ ഉണ്ടാകാൻ പാടില്ലാത്തതാണ്. എന്നാൽ, സ്ത്രീ സംവരണ ബില്ലിനുമേൽ നടത്തിയ അവകാശവാദങ്ങൾ മുതൽ ഭാരതീയ ന്യായ സംഹിതയുടെ വകുപ്പുകൾ വരെ പ്രീണന നയം പ്രയോഗിക്കാവുന്നൊരു സാമൂഹ്യവിഭാഗമായി സ്ത്രീകളെ ലക്ഷ്യമിടുന്നതായി കാണാം. ലിംഗ വ്യത്യാസമില്ലാതെ റേപ്പ് നിയമങ്ങൾ പരിഷ്കരിക്കുന്നതിലൂടെ ഇത്തരം സങ്കീർണതകൾ ഒഴിവാക്കാനാകു. പക്ഷേ നിയമനിർമാണത്തിലെ പ്രാതിനിധ്യവും പങ്കാളിത്തവും, സർക്കാർ എക്സിക്യൂട്ടീവ് സംവിധാനമായ ലോ കമ്മീഷന്റെ ഇടപെടൽ എന്നിവ ഉൾപ്പെടെ നിരവധി ഘടകങ്ങൾ നിയമസംവിധാനത്തെ നിർണയിക്കുന്നുണ്ട്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

September 16, 2024 2:41 pm