Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ആറളം ഫാമിൽ ആദിവാസികൾക്ക് പതിച്ചുനൽകിയ രണ്ടായിരത്തിലേറെ പട്ടയം റദ്ദാക്കാനുള്ള സർക്കാർ നടപടി പിൻവലിക്കണം, ഭൂമിക്ക് കരമടയ്ക്കാനുള്ള അവകാശം വേണം, നിർമ്മാണമാരംഭിച്ച ആന മതിൽ കുറ്റമറ്റ രീതിൽ സമയബന്ധിതമായി പൂർത്തീകരിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വിവിധ ആദിവാസി സംഘടനകൾ പ്രത്യക്ഷ സമരത്തിലേക്ക് എത്തിയിരിക്കുന്നു. ആറളം ഫാമിൽ രണ്ടായിരത്തോളം പേർക്ക് പുതുതായി പട്ടയം നൽകുമെന്ന് ഇരിട്ടിയിൽ നടന്ന നവകേരള സദസ്സിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചതിനെ തുടർന്നാണ് പ്രതിഷേധം വ്യാപകമാകുന്നത്. നിലവിൽ പട്ടയമുള്ള രണ്ടായിരത്തോളം വരുന്ന ആദിവാസികളുടെ പട്ടയം റദ്ദാക്കി അവരുടെ പ്ലോട്ടുകളിൽ കയ്യേറ്റക്കാർക്ക് പട്ടയം നൽകാനാണ് ശ്രമമെന്ന് ആദിവാസി സംഘടനകൾ ആരോപിക്കുന്നു. ഈ വിഷയങ്ങൾ ഉയർത്തി ജനുവരി 15, തിങ്കളാഴ്ച ആദിവാസി സംഘടനകളുടെ നേതൃത്വത്തിൽ കണ്ണൂർ കളക്ട്രേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
മനുഷ്യ വന്യജീവിസംഘർഷം കാരണവും, മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാലുമാണ് പുനരധിവസിക്കപ്പെട്ട ആദിവാസികളിൽ പലരും ആറളത്ത് ലഭിച്ച ഭൂമിയിൽ നിന്നും മാറിത്താമസിക്കാൻ കാരണം. ആദിവാസികൾക്ക് അർഹതപ്പെട്ട ഈ ഭൂമി മറ്റ് ഭൂരഹിതർക്ക് പതിച്ചുനൽകാനാണ് സർക്കാർ ഇപ്പോൾ നടപടികൾ തുങ്ങിയിട്ടുള്ളത്. എന്നാൽ ഇവിടെ പുനരധിവസിപ്പിക്കപ്പെട്ട ആദിവാസികൾക്ക് മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടത് ആദിവാസി പുനരധിവാസ മിഷന്റെ (TRDM) ചുമതലയായിരുന്നു. മിഷന്റെ നിഷ്ക്രിയത്വമാണ് പുനരധിവസിക്കപ്പെട്ടവർ ഭൂമി വിട്ടുപോകാനുള്ള കാരണം. പുനരധിവസിപ്പിക്കപ്പെട്ട അതീവദുർബല വിഭാഗമായ പണിയ ഗോത്രവർഗ്ഗക്കാർക്ക് അവിടെത്തന്നെ ജീവിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കാതെയാണ് പട്ടയം റദ്ദാക്കി ഭൂമി മറിച്ചുകൊടുക്കുന്നതിനുള്ള നീക്കം സർക്കാർ നടത്തുന്നതെന്ന് സംഘടനകൾ ആരോപിക്കുന്നു.
2001-ൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന കുടിൽകെട്ടി സമരമടക്കം ആദിവാസികൾ നടത്തിയ ദീർഘകാല പ്രക്ഷോഭങ്ങളുടെ ഫലമായാണ് കേരളത്തിൽ ആദിവാസി പുനരധിവാസ മിഷൻ നിലവിൽ വന്നത്. ഭൂരഹിതരായ ആദിവാസികളെ സമയബന്ധിതമായി കൃഷിഭൂമി നൽകി പുനരധിവസിപ്പിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. കണ്ണൂർ ജില്ലയിലെ ആദിവാസികളിൽ പിന്നോക്ക ജീവിതസാഹചര്യമുള്ള പണിയ വിഭാഗത്തെ പുനരധിവസിപ്പിക്കുക എന്നതായിരുന്നു ആറളത്തെ പ്രധാന ഉദ്ദേശം. പട്ടികവർഗ്ഗ പുനരധിവാസ ഫണ്ടിൽ നിന്നും 42 കോടി രൂപ നൽകി ഇതിനായി കേന്ദ്രസർക്കാരിൽ നിന്നും ആറളം ഫാം വിലയ്ക്കുവാങ്ങി. 2006 ൽ ഒരു സെന്റ് പോലും ഭൂമിയില്ലാത്ത 840 ഓളോം കുടുംബങ്ങൾക്ക് ആറളം ഫാമിൽ ഭൂമി നൽകി. 2010 ൽ വി.എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത്21 സെന്റ് ഭൂമിയുള്ള 1500 കുടുംബങ്ങൾക്ക് ഭൂമി നൽകി. പിന്നീട് വയനാട്ടിൽ നിന്നും പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗങ്ങളിൽ ഉൾപ്പെട്ട 400 ഓളം പേർക്ക് പട്ടയം നൽകി. തുടർന്നുള്ള പല ഘട്ടങ്ങളിലായി 3000 ത്തിൽ അധികം പേർക്ക് പട്ടയം നൽകിയെങ്കിലും വന്യജീവികളിൽ നിന്നും സംരക്ഷണം നൽകാനുള്ള പദ്ധതികളൊന്നും നടപ്പാക്കിയില്ല.
ആറളം ഫാം കേന്ദ്രസർക്കാരിന്റെ കയ്യിലായിരുന്നപ്പോൾ ഫാമും വന്യജീവി സങ്കേതവും വേർതിരിക്കുന്ന വൈദ്യുതി വേലി നിലവിൽ ഉണ്ടായിരുന്നു. ആദിവാസികൾ പുനരധിവസിപ്പിക്കപ്പെട്ടതോടെ ഈ വൈദ്യുതിവേലി സംരക്ഷിക്കപ്പെട്ടില്ല. ഈ കാരണത്താൽ കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ 15-ഓളം പേർ കാട്ടാനയുടെ ആക്രമണത്താൽ കൊല്ലപ്പെട്ടു. ഈ കൊലപാതകങ്ങളോട് നിഷ്ക്രിയമായ സമീപനമാണ് ഇത്രയും കാലം ഭരണാധികാരികൾ സ്വീകരിച്ചതെന്നും ആദിവാസി സംഘടനകൾ കുറ്റപ്പെടുത്തുന്നു. ഈ വർഷം ആരംഭത്തിൽ മാത്രമാണ് വന്യജീവി ആക്രമണം തടയാനുള്ള മതിൽ നിർമ്മാണത്തിന് വേണ്ടി ആദിവാസി പുനരധിവാസ മിഷൻ 58 കോടി രൂപ വകയിരുത്തിയത്. കാർഷിക പദ്ധതികൾക്കായി പുനരധിവാസ മിഷൻ കാര്യമായ തുക വകയിരുത്താറില്ല. ഭവന നിർമ്മാണ പദ്ധതികൾ തുടക്കം മുതൽ താളം തെറ്റിയ നിലയിലായിരുന്നു. കോൺട്രാക്ടർമാർക്ക് കരാർ നൽകി കമ്മീഷൻ പറ്റുന്ന പദ്ധതിയാക്കി ഭവന നിർമ്മാണത്തെ മാറ്റിയതായും പരാതിയുണ്ട്. സ്വന്തമായി ഭവന നിർമ്മാണം നടത്താനുള്ള യാതൊരുവിധ പരിശീലനവും സഹായവും ആദിവാസികൾക്ക് നൽകിയില്ല, തൊഴിൽ പദ്ധതികളും നടപ്പാക്കിയില്ല. നബാർഡിന്റെ സഹായത്തോടെ നടന്ന ചില പദ്ധതികൾ മാത്രമാണ് ഇവിടെ നടപ്പിലാക്കപ്പെട്ടത്.
ആദിവാസി പുനരധിവാസ ഭൂമിയിൽ നിന്നും 3000 ഏക്കർ ഏറ്റെടുത്ത് 13 വർഷം മുൻപ് ആറളം ഫാർമിംഗ് കോർപ്പറേഷൻ (കേരള) ലിമിറ്റഡ് എന്ന കമ്പനിക്ക് രൂപം നൽകിയിരുന്നു. പുനരധിവസിക്കപ്പെട്ട ആദിവാസികളുടെ ക്ഷേമമായിരുന്നു കമ്പനിയുടെ ലക്ഷ്യം. എന്നാൽ മാറി മാറി വന്ന മാനേജ്മെന്റും കോൺട്രാക്ടർമാരും വിഭവ കൊള്ള നടത്തുന്ന മേഖലയായി ആറളം ഫാമിംഗ് കോർപ്പറേഷൻ കമ്പനിയുടെ കീഴിലുള്ള ആദിവാസി പുനരധിവാസ ഭൂമി മാറ്റപ്പെടുകയായിരുന്നു. ഇക്കാരണങ്ങളാലാണ് കണ്ണൂർ, വയനാട് ജില്ലകളിൽ നിന്നുമുള്ള അതി പിന്നോക്കം നിൽക്കുന്ന പണിയർ, അടിയർ വിഭാഗങ്ങളിലെ പലരും സ്വന്തം ഊരുകളിലേക്ക് തിരിച്ചുപോയത്. “ആദിവാസികൾക്ക് നൽകുന്ന പട്ടയം നിയമം അനുസരിച്ച് (2003-ൽ ആദിവാസി പുനരുധിവാസത്തിന് വേണ്ടി ഭൂപതിവ് നിയമത്തിന് ഭേദഗതി വരുത്തിയിരുന്നു) ആദിവാസികൾക്ക് നൽകുന്ന ഭൂമി അന്യാധീനപ്പെടാൻ പാടില്ല. അനന്തരാവകാശികൾക്ക് കൈമാറാനേ പാടുള്ളൂ. നിയമം ഇതായിരിക്കെ പട്ടയ ഉടമകൾ മറ്റൊരിടത്താണ് താമസിക്കുന്നത് എന്നതുകൊണ്ട് മാത്രം പട്ടയം റദ്ദാക്കാൻ ആർക്കും അധികാരമില്ല. കേരളത്തിൽ കുടിയേറ്റക്കാർ ഉൾപ്പെടെയുള്ളവർക്ക് ഭൂമി നൽകാൻ ചട്ടങ്ങൾ ഉണ്ട്. ഇവർ ആരെങ്കിലും വിദേശത്ത് ജോലിക്ക് പോയാലോ മറ്റൊരിടത്ത് താമസിച്ചാലോ പട്ടയം റദ്ദാക്കാറില്ലല്ലോ. നിയമം അതായിരിക്കേ ആദിവാസികളോട് മാത്രം എന്തുകൊണ്ടാണ് വംശീയമായ വിവേചനം എന്നാണ് ആദിവാസികൾ ഉന്നയിക്കുന്ന ചോദ്യം. ആദിവാസികൾക്ക് നൽകുന്ന ഭൂമി വില്ലേജുകളിൽ പോക്ക് വരവ് ചെയ്യാനോ നികുതി സ്വീകരിക്കാനോ സർക്കാർ താത്പര്യം കാണിക്കുന്നില്ല. ആദിവാസി ഭൂമി സർക്കാർ ഉൾപ്പെടെയുള്ളവർക്ക് കയ്യേറുന്നതിനും തട്ടിയെടുക്കുന്നതിനും ആണ് ഈ വിവേചനം തുടരുന്നത്. കയ്യേറ്റക്കാരിൽ ഭൂമിക്ക് അർഹരായവർ ഉണ്ടെങ്കിൽ അവർക്കും ഭൂമി ലഭിക്കേണ്ടതാണ്. എന്നാൽ ജില്ലാ ഭരണകൂടം നേരത്തെ തയ്യാറാക്കിയ അപേക്ഷകരുടെ ലിസ്റ്റിൽ നിരവധി പേർ ഇപ്പോഴും ഉണ്ട്. അവരോടൊപ്പം ഇവരും അപേക്ഷ നൽകട്ടെ. കണ്ണൂർ ജില്ലയിലെ മുഴുവൻ ഭൂരഹിതർക്കും നൽകാനുള്ള ഭൂമി ആറളം ഫാമിംഗ് കോർപ്പറേഷൻ കൈവശം വയ്ക്കുന്നുണ്ട് (3000 ഏക്കർ). ഈ കമ്പനി ആദിവാസി ക്ഷേമത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ല. പ്രസ്തുത കമ്പനി കൈവശം വച്ചുവരുന്ന ഭൂമി ഇപ്പോൾ വിഭവ കൊള്ളയുടെ കേന്ദ്രമാണ്. ആദിവാസി ക്ഷേമമാണ് സർക്കാരിന്റെ താല്പര്യമെങ്കിൽ കമ്പനി കൈവശം വയ്ക്കുന്ന ഭൂമി ഏറ്റെടുത്ത് അർഹതാ ലിസ്റ്റിൽ നിന്ന് ഭൂരഹിതർക്ക് നൽകാവുന്നതേയുള്ളൂ.” ആദിവാസി ഗോത്ര മഹാസഭയുടെ സംസ്ഥാന കോർഡിനേറ്റർ എം ഗീതാനന്ദൻ അഭിപ്രായപ്പെട്ടു.
പല കാരണങ്ങളാൽ പട്ടയം കിട്ടിയ ഭൂമിയിൽ താമസിക്കാത്ത കുടുംബങ്ങൾക്ക് ജീവിക്കാൻ പര്യാപ്തമായ നിലയിൽ തൊഴിൽ, കൃഷി, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികൾ തയ്യാറാക്കുകയും ജീവനും സ്വത്തിനും സംരക്ഷണം നൽകുകയും ചെയ്തുകൊണ്ട് അവരെ തിരിച്ചുകൊണ്ടുവരാനുള്ള പൂർണ്ണ ഉത്തരവാദിത്വം ഒരു മിഷൻ മാതൃകയിൽ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും സമരം ആവശ്യപ്പെടുന്നു. കളക്ട്രേറ്റ് മാർച്ചും ധർണ്ണയും എം ഗീതാനന്ദൻ ഉദ്ഘാടനം ചെയ്തു. ആദിവാസി ദലിത് മുന്നേറ്റ സമിതി സംസ്ഥാന പ്രസിഡന്റ് ശ്രീരാമൻ കൊയ്യോൻ അധ്യക്ഷത വഹിച്ചു. ആദിവാസി ദളിത് മുന്നേറ്റ സമിതി, ആദിവാസി ഗോത്ര മഹാസഭ, ആദിവാസി ഗോത്ര ജനസഭ എന്നീ സംഘടനകളെ പ്രതിനിധീകരിച്ച് കെ കരുണാകരൻ, പള്ളിപ്രം പ്രസന്നൻ, കുഞ്ഞമ്പു കല്യാശ്ശേരി, ഷൈജു കൊറ്റാളി, കെ സതീശൻ, എം.കെ ദിവാകരൻ, പി.പി ലത, സി കുഞ്ഞിരാമൻ, പത്മനാഭൻ മൊറാഴ എന്നിവർ പങ്കെടുത്തു.