‘ഞാൻ’ ഇല്ലാതാകുന്ന കാടനുഭവം

പ്രകൃതിയും മനുഷ്യനും രണ്ടല്ലെന്ന ബോധം ഒരനുഭവമായി നിറയുന്നത് കാട് കയറുമ്പോഴാണെന്ന് തോന്നാറുണ്ട്. നമ്മുടെ ജൈവീകസത്തയെ ആഴത്തിലറിയുവാനുള്ള സാധ്യതകൾ കാട് തുറന്നുതരുന്നു.

കുറച്ച് വർഷം മുന്നേ നടത്തിയ ഉത്തരാഖണ്ഡ്, അഗസ്ത്യാർകൂടം യാത്രകളിലെടുത്ത ചിത്രങ്ങളാണ് ഇവിടെ പങ്കുവയ്ക്കുന്നത്. ഉത്തരാഖണ്ഡിൽ രാജാജി നാഷണൽ പാർക്കും, നന്ദാദേവി, വാലി ഓഫ് ഫ്ലവേഴ്സ് നാഷണൽ പാർക്കും സന്ദർശിച്ചു. ഹരിദ്വാറിൽ നിന്ന് ഋഷികേശിലേയ്ക്കുള്ള വഴിയിലാണ് രാജാജി നാഷണൽ പാർക്ക്. നിറഞ്ഞു പൂത്ത മരങ്ങളും സ്ഫടികം പോലെ തണുത്ത അരുവികളും അവിടെ ധാരളം. രാജാജിയോട് ചേർന്നൊഴുകുന്ന ഗംഗയിലേക്കാണ് ഈ അരുവികൾ ചെന്നെത്തുന്നത്. ജൈവവൈവിധ്യത്തിന്റെ കാര്യത്തിലും സമ്പന്നമാണ് രാജാജി നാഷണൽ പാർക്ക്.

രാജാജിയിൽ നിന്നും ഹിമാലയൻ മലനിരകളിലൂടെയുള്ള വളരെ ഇടുങ്ങിയ റോഡുകളിലൂടെ 283 കിലോമീറ്റർ സഞ്ചരിച്ച് വേണം നന്ദാദേവി നാഷണൽ പാർക്കിലെത്താൻ. അഗാധമായ കൊക്കകളും പതഞ്ഞൊഴുകുന്ന നദിയും കൂറ്റൻ പർവ്വതശിഖരങ്ങളും സൃഷ്ടിക്കുന്ന നിമിഷ നേരത്തെ ഭയത്തിൽ നിന്നും ഹിമാലയൻ മലനിരകളുടെ അപാര സൗന്ദര്യം നമ്മെ മുക്തരാക്കും.

നന്ദാദേവിയിലേക്കുള്ള യാത്ര ഏതാണ്ട് 267 കിലോമീറ്റർ കഴിഞ്ഞ് ജോഷിമഠ് എത്തിയപ്പോഴേക്കും കാതടപ്പിക്കുന്ന ശബ്ദത്തോടെ മലയിടിച്ചിലുണ്ടായി. ഒരു കൂറ്റൻ പർവ്വതശിഖരം ഊർന്നുവീണ് കിലോമീറ്ററുകൾ റോഡിനെ മൂടിക്കളഞ്ഞു. ഞങ്ങളുടെ വാഹനത്തിന് ഏതാണ്ട് 400 മീറ്റർ മുന്നിലാണ് മണ്ണിടിഞ്ഞത്. ഞങ്ങൾ വാഹനത്തിൽ നിന്നും ഇറങ്ങിയോടി. അങ്ങനെ ജോഷിമഠിൽ കുടുങ്ങിയ ആ ദിവസം ഗ്രാമത്തിലെ ഒരു കർഷക ഭവനം ഞങ്ങൾക്ക് അഭയമായി മാറി.

അടുത്ത ദിവസത്തെ ടെലിവിഷനിൽ വാർത്തയിൽ നിന്നും റോഡ് ഉടനെയൊന്നും ശരിയാവില്ലെന്ന് മനസ്സിലായതിനാൽ രണ്ട് നേപ്പാളി സുഹൃത്തുക്കൾക്കൊപ്പം ഞങ്ങൾ മലയിറങ്ങി. ഒരു ദിവസം മുഴുവനുമെടുത്ത് ഞങ്ങൾ മലയിടഞ്ഞതിനപ്പുറം കടന്ന് നന്ദാദേവിയും ബദ്രീനാഥും ലക്ഷ്യമാക്കിയുള്ള യാത്ര പൂർത്തീകരിച്ചു.

നന്ദാദേവി ദേശീയോദ്യാനത്തിന്റെ ഏറ്റവും താഴ്ന്ന പ്രദേശം പോലും സമുദ്രനിരപ്പിൽ നിന്നും 11,500 അടി ഉയരത്തിലാണ്. പൂക്കളാൽ സുരഭിലമാണ് ഇവിടെ ഹിമാലയം. നന്ദാദേവി ഉള്ളിലുണർത്തിയ തെളിച്ചം ഇപ്പോഴും മായാതെ നിൽക്കുന്നു.

(അധ്യാപകൻ, ചിത്രകാരൻ, കാർട്ടൂണിസ്റ്റ്, ചലച്ചിത്രകാരൻ)

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

October 6, 2021 2:48 pm