അദാനിയുടെ ഭാവി കടലും തീരമനുഷ്യരും തീരുമാനിക്കും

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

അദാനിയുമായി കരാറിലെത്തുന്നതിന് മുന്നേതന്നെ വിഴിഞ്ഞത്ത് വരാൻ പോകുന്ന ട്രാൻഷിപ്പ്മെന്റ് തുറമുഖത്തിനെതിരായി നിലപാട് സ്വീകരിച്ചിട്ടുള്ള ​ഗവേഷകനും ആക്ടിവിസ്റ്റുമാണ് എ.ജെ വിജയൻ. തുറമുഖ നിർമ്മാണം കാരണം തീരശോഷണം സംഭവിക്കുമെന്നും സമു​ദ്രജൈവവൈവിധ്യത്തിന്റെ നാശം കടൽപ്പണിക്കാരെ സാരമായി ബാധിക്കുമെന്നും അദ്ദേഹം നാളുകളായി ചൂണ്ടിക്കാണിക്കുന്നുണ്ട്. 140 ദിവസമായി നടന്നുവന്ന വിഴിഞ്ഞത്തെ തീരജനതയുടെ സമരം പിൻവലിച്ച സാഹചര്യത്തിൽ സമരത്തെയും വിഴിഞ്ഞം തീരത്തിന്റെയും മനുഷ്യരു‌ടെയും ഭാവിയെയും കുറിച്ച് എ.ജെ വിജയൻ സംസാരിക്കുന്നു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനെതിരെയുള്ള സമരം പൊടുന്നനെ ഒത്തുതീർപ്പിലെത്തിയിരിക്കുകയാണ്. സമരത്തിൻ്റെ ആദ്യഘട്ടത്തിൽ വാഗ്ദാനം ചെയ്ത കാര്യങ്ങൾ മാത്രമാണ് ഇപ്പോഴും സർക്കാർ അംഗീകരിച്ചിട്ടുള്ളത്. എന്തുകൊണ്ടായിരിക്കാം ഈ ഘട്ടത്തിൽ സമരസമിതി പെട്ടെന്ന് മുല്ലൂരുള്ള പദ്ധതിയുടെ പ്രവേശന കവാടത്തിലെ സമരം പിൻവലിച്ചത്?

സമരം ഇപ്പോൾ അവസാനിച്ചതിനെ പറ്റിയുള്ള നിങ്ങളുടെ ധാരണയും, വിലയിരുത്തലും വസ്തുതാപരമല്ല. സമരം പിൻവലിച്ചു എന്നാണ് നിങ്ങൾ പറഞ്ഞത്. എന്നാൽ സമരസമിതി വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട് സമരം താത്കാലികമായി നിർത്തിവയ്ക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്ന്. താത്കാലികമായി ഒരു സമരം നിർത്തിവച്ചതിനെ ഒത്തുതീർപ്പ് എന്ന് വ്യാഖ്യാനിക്കാനും പാടില്ല. തങ്ങളുടെ പ്രധാന ആവശ്യം നേടിയിട്ടില്ലെന്നും സമരസമിതി പറയുന്നുണ്ട്. സമരത്തെ വിവിധ ശക്തികൾ അടിച്ചമർത്താൻ ശ്രമിച്ചു എന്നും അവർ പറയുന്നുണ്ട്. ഏതൊരു സമരവും വളരെ വേഗത്തിൽ എല്ലാ ആവശ്യങ്ങളും നേടിയെടുത്തേ പിൻവാങ്ങാവൂ എന്നുള്ള നിങ്ങളുടെ ധാരണയിലാണ് ഈ ചോദ്യം വരുന്നത്. ചരിത്രം പരിശോധിച്ചാൽ ഒരു സമരവും അങ്ങനെ വിജയിച്ചിട്ടില്ല. ഒരു ഘട്ടത്തിൽ തന്നെ മുന്നോട്ടുവച്ച എല്ലാ ആശയങ്ങളും നേടിയെടുത്തും, എല്ലാം പരിഹരിച്ചും മാത്രമല്ല സമരങ്ങൾ മുന്നോട്ടു പോയിട്ടുള്ളത്. ഈ സമരം 140 ദിവസം നീട്ടിക്കൊണ്ടുപോകാൻ കഴിയുമെന്ന് ഞാൻ കരുതിയിരുന്നില്ല. ഈ സമരത്തിൽ പോർട്ടിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആവശ്യം ഒരു ഘട്ടത്തിലൂടെ നേടിയെടുക്കാൻ സാധിക്കില്ല എന്ന് എനിക്കുറപ്പായിരുന്നു. വസ്തുനിഷ്ഠമായി പരിശോധിച്ചാൽ അതിനു പിന്നിൽ പല ഘടകങ്ങളുണ്ട്. അതിൽ പ്രധാനമായ ഒന്ന് ഇവിടുത്തെ മൂന്ന് രാഷ്ട്രീയ കക്ഷികളായ, എൽ.ഡി.എഫും, യു.ഡി.എഫും , ബി.ജെ.പിയും ഈ പദ്ധതി ആവശ്യമാണെന്ന് പൊതുസമൂഹത്തിന് മുന്നിൽ ഉറച്ചു പറയുകയാണ്. പൊതുസമൂഹത്തിലെ വലിയൊരു വിഭാഗവും പദ്ധതിക്കൊപ്പം തന്നെയാണ്. അങ്ങനെയൊരു സാഹചര്യത്തിൽ ഈ പദ്ധതി കേരളത്തിന് ഗുണപരമാണോ എന്ന ചോദ്യം ഈ സമരമുയർത്തി. ഈ പദ്ധതി വെറും പൊള്ളയായതും, നാടിനു ഗുണമില്ലാത്തതും, മത്സ്യത്തൊഴിലാളി സമൂഹത്തിനു ഗുണമില്ലാത്തതും, പൊതുസമൂഹത്തിനും പരിസ്ഥിതിക്കും ദോഷം വരുത്തുന്നതുമാണെന്ന ധാരണ ചെറിയ ഒരു ന്യൂനപക്ഷത്തിനെ ഉണ്ടായിരുന്നുള്ളൂ. എന്നാൽ സമരം പദ്ധതിയുടെ ദോഷവശം പൊതുസമൂഹത്തെ കൂടുതൽ ബോധ്യപ്പെടുത്തി. ഈ സമരത്തിലൂടെ നേടിയ വലിയൊരു നേട്ടം എന്ന് പറയുന്നത്, സമരത്തിന്റെ എല്ലാ ആവശ്യങ്ങളും നേടിയെടുത്തു എന്നുള്ളതല്ല, മറിച്ച് കേരളത്തിലെ പ്രബല രാഷ്ട്രീയ ശക്തികൾ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന കാര്യം ചർച്ചാവിഷയമാക്കി എന്നതാണ്. അതിൽപോലും ഇപ്പോഴും പൂർണ വിജയം നേടിയിട്ടില്ലായിരിക്കും. അദാനിയ്ക്കുവേണ്ടി ഇടതു, വലതു മുന്നണികൾ ഒരു വ്യത്യാസവുമില്ലാതെ കൂട്ടുചേരുകയാണെന്നു തെളിയിക്കാൻ ഈ സമരത്തിലൂടെ കഴിഞ്ഞു. ഇടതുമുന്നണി ഇതുവരെ ഒരു ഒളിച്ചുകളിയായിരുന്നു നടത്തിക്കൊണ്ടിരുന്നത്. പല ന്യായീകരണങ്ങൾ അവർ ചമച്ചു. വിഴിഞ്ഞം പദ്ധതിക്ക് ജന്മം കൊടുത്തത് ഞങ്ങളല്ല യു.ഡി.എഫ് ആണ്, ഞങ്ങളായിരുന്നെങ്കിൽ പോർട്ട് പൊതുമേഖലയിൽ നടത്തുമായിരുന്നു എന്ന വാദങ്ങൾ അവർ ഉന്നയിച്ചു. അതുകൊണ്ട് ഇടതുമുന്നണി അദാനിയുമായി ചങ്ങാത്തത്തിലല്ല എന്നെല്ലാം അവർ പറയാൻ ശ്രമിച്ചു. ഇതൊക്കെ പൊള്ളയായിരുന്നെന്ന് ഈ സമരം തെളിയിച്ചു. പദ്ധതിക്കുവേണ്ടി ബി.ജെ.പി യുമായി ചേർന്ന് ലോങ്ങ് മാർച്ചു വരെ അവർ നടത്തി.അതിലൂടെ ഇവരുടെ പൊയ്മുഖം പൊളിഞ്ഞു വീണു എന്നാണ് ഈ സമരത്തിലൂടെ ഞാൻ പഠിച്ചത്.

ഇത്തരം കാര്യങ്ങൾ ഈ സമരത്തിലൂടെ ചർച്ചക്ക് വന്നു എന്നുള്ളത് ശരിയാണ്. എന്നാൽ സർക്കാർ ഇപ്പോൾ ഉറപ്പു നൽകിയ കാര്യങ്ങൾ പൂർണ്ണ തൃപ്തിയിലല്ലെങ്കിലും സമരസമിതി അംഗീകരിച്ചിട്ടുണ്ട്. അങ്ങനെ വരുമ്പോൾ ഈ സമരം ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിച്ചതായി പൊതുസമൂഹത്തിനു ഒരു തെറ്റായ സന്ദേശം ലഭിക്കുകയല്ലേ?

അല്ല. ഇവിടെ 2016 മുതൽ പല വർഷങ്ങളിലായി നൂറിലധികം വീടുകൾ പൂർണ്ണമായും തീരശോഷണത്തിൽ നഷ്ടപ്പെട്ടിട്ടുണ്ട്. അവർ വാടക വീടുകളിലും, ക്യാമ്പുകളിലും കഴിയുകയായിരുന്നു. ഒരുപാട് മാധ്യമങ്ങൾ ഇതിനെപറ്റി എഴുതുകയും, റിപ്പോർട്ട് ചെയ്യുകയും ചെയ്തു. പക്ഷെ സർക്കാർ അത് കണക്കിലെടുക്കാതെ മുന്നോട്ടുപോവുകയായിരുന്നു. ഈ സമരത്തിലൂടെ പദ്ധതിയുടെ ആഘാതം നേരിട്ടനുഭവിച്ച ഒരു വിഭാഗത്തിന്, തീരശോഷണം മൂലം വീട് നഷ്ടമായവർക്ക്, ഒരു താത്കാലിക സാമ്പത്തിക ആശ്വാസം കിട്ടിയെന്നതിനെ നമ്മൾ കുറച്ചു കാണേണ്ടതില്ല. അതിന് ഈ സർക്കാർ നിർബന്ധിതരായി എന്നതിനെ തീരെ അങ്ങ് ലഘൂകരിച്ചു കാണരുത്. വാടകക്കായി 5500 രൂപ എന്നത് കുറച്ചു മുന്നേ ഉണ്ടായ ധാരണയാണ്. പിന്നെ എന്തിനാണ് സമരം നീട്ടിക്കൊണ്ടുപോയത് എന്നൊരു ചോദ്യം അവിടെയുണ്ട്. എന്നാൽ സമരം വീണ്ടും ചർച്ചയായത് ഈ 5500 രൂപ കൊണ്ട് തിരുവനന്തപുരത്ത് എവിടെ വീട് ലഭ്യമാകും എന്ന ആശങ്കയിലാണ്. അവസാനം 8000 രൂപ വരെ നൽകാൻ സർക്കാർ നിർബന്ധിതരായി. പക്ഷെ സർക്കാരിന്റെ കയ്യിൽ പണമില്ലെന്നും അദാനിയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ടിൽ നിന്നും നൽകാമെന്നുമാണ് സർക്കാർ അറിയിച്ചത്. എന്നാൽ സമരസമിതിയിലുള്ളവർ ആത്മാഭിമാനമുള്ളവരായതിനാൽ അദാനിയുടെ പണം വാങ്ങിക്കാൻ തയ്യാറായില്ല. സമരം ഉണ്ടായതുകൊണ്ട് മാത്രമാണ് ഇത് നേടിയെടുക്കാൻ കഴിഞ്ഞത്. അത് കുറച്ചു കാണാൻ സാധിക്കാത്ത ഒരു താൽക്കാലിക നേട്ടമാണ്. തീരശോഷണം വീണ്ടും പഠനവിധേയമാക്കാൻ സാധിച്ചു എന്നതും ഒരു നേട്ടമാണ്.

വിഴിഞ്ഞം സമരത്തിൽ നിന്ന്. കടപ്പാട്: openthemagazine.com

വ്യക്തിപരമായി സമരസമിതി ഉന്നയിച്ച പല ആവശ്യങ്ങളോടും എനിക്ക് വിയോജിപ്പുണ്ട്. ആ അഭിപ്രായവ്യത്യാസങ്ങൾ ഞാൻ ആദ്യമേ ഉന്നയിച്ചിട്ടുണ്ട്. ഏറ്റവും പ്രധാനമായ കാര്യം, ഈ പോർട്ട് പദ്ധതി വികസന പദ്ധതിയാണോ എന്ന കാര്യത്തിൽ സമരസമിതിക്കു തന്നെ ഒരു വ്യക്തത ഇല്ല എന്നതാണ്. ആ വ്യക്തത ഇല്ലാതെയാണ് സമരസമിതി ആവശ്യങ്ങൾ മുന്നോട്ടുവച്ചിട്ടുള്ളത്. ഇതൊരു വലിയ പാളിച്ചയാണ്. അതുകൊണ്ട് ഞാൻ സമരത്തെ തള്ളിപ്പറയുകയല്ല. പദ്ധതി വേണ്ട, ഇത് വികസനമല്ല എന്നൊരു നിലപാടെടുക്കാൻ നമുക്ക് സാധിച്ചില്ല. കന്യാകുമാരിയിലെ ഇനയത്ത് ഒരു പോർട്ട് പ്രൊജക്റ്റ് വന്നപ്പോൾ തന്നെ അവിടുത്തെ മത്സ്യത്തൊഴിലാളികളും, സഭയും പൂർണ്ണമായും ആ പദ്ധതിയെ എതിർക്കുകയും സമരം ചെയ്ത് പദ്ധതി പിൻവലിപ്പിക്കുകയും ചെയ്തു. അങ്ങനെയൊരു നിലപാട് വിഴിഞ്ഞത്ത് ആദ്യമേ എടുക്കാൻ കഴിയാതെ പോയതാണ് സഭക്ക് തുടക്കത്തിലേ ഉണ്ടായ പാളിച്ച. അങ്ങനെയൊരു നിലപാടെടുക്കാൻ കഴിയാതെ പോയതിന് കാരണം വൈദികർക്കിടയിലെ ഐക്യമില്ലായ്മ മാത്രമല്ല. മത്സ്യത്തൊഴിലാളികൾക്കിടയിലും ഇതൊരു സ്വപ്‍ന പദ്ധതിയാണെന്നും, എല്ലാവർക്കും ജോലി കിട്ടുമെന്നുള്ള പ്രചാരണത്തിന് സ്വാധീനം ലഭിച്ചിരുന്നു. വിഴിഞ്ഞം ഇടവക തന്നെ പോർട്ടിന് അനുകൂലമായിരുന്നു. വിഴിഞ്ഞം പദ്ധതിയുടെ വരുംവരായ്കൾ പഠിക്കുന്നതിൽ ഇവിടുത്തെ ആളുകൾ പരാജയപ്പെട്ടു. ഇനയത്തെ സമരവും സഭയുടെ നേതൃത്വത്തിലായിരുന്നു എന്ന് നാം ശ്രദ്ധിക്കണം. അവിടെ സഭയുടെ ഐക്യത്തിലൂടെ, ശക്തമായ സമരത്തിലൂടെ അവർ വിജയിച്ചു. ഇവ രണ്ടും താരതമ്യം ചെയ്താൽ അവിടെയും സഭയുണ്ട്, ഇവിടെയും സഭയാണ് സമരനേതൃത്വത്തിൽ. പക്ഷെ അവർക്ക് മുളയിലേ ഈ പദ്ധതിയെ നുള്ളാൻ കഴിഞ്ഞു. എന്നാൽ ഇവിടെ ഇത്രയും കടന്നുപോയതുകൊണ്ട് തന്നെ സമരം വിജയിപ്പിച്ചെടുക്കുക എളുപ്പമല്ലാതായിരിക്കുന്നു. ഇവിടെ സമരനേതൃത്വത്തിലുള്ളവർക്ക് പോർട്ട് തന്നെ ഒരു പ്രശനമാണെന്ന ധാരണയില്ല. പോർട്ട് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം എന്ന നിലപാടെയുള്ളൂ. ഇപ്പോഴും സമരസമിതിയിലുള്ള വൈദികർ പോർടിന് എതിരല്ല ഞങ്ങൾ എന്ന് പറയുന്നുണ്ട്. എന്നാൽ സമരമുഖത്തിരിക്കുന്ന സ്ത്രീകളോട് ചോദിച്ചാൽ അവർ ശക്തമായി ഈ പോർട്ട് വേണ്ട എന്ന് പറയും. പോർട്ട് വലിയ അപകടമാണെന്ന് അവർ അനുഭവത്തിൽ നിന്നും പറയും. സമരത്തിൽ പങ്കെടുക്കുന്നവരെല്ലാം അവരുടെ ബോധ്യത്തിൽ നിന്നും പറയുന്നതാണിത്.

മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഈ പോർട്ട് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കും എന്നത് വാസ്തവമാണ്. തീരശോഷണം പോലുള്ള പ്രശ്നങ്ങളിൽ വലിയ പരിഹാരമൊന്നും ചർച്ചയിലൂടെ ഉണ്ടായിട്ടില്ല. അതിനാൽ സർക്കാർ അംഗീകരിച്ച ആവശ്യങ്ങൾ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എത്രമാത്രം പര്യാപ്തമാണ്?

അംഗീകരിച്ച ഡിമാന്റുകൾ പലതും ഭാഗികമായേ അംഗീകരിച്ചിട്ടുള്ളൂ. ചില ആവശ്യങ്ങൾ രേഖാമൂലവും, മറ്റു ചിലത് നിയമസഭയിലും ഉറപ്പുനൽകിയിട്ടുണ്ട്. അതുപോലെ വീടുകൾ നഷ്ടപ്പെട്ടവർക്ക് ഒന്നര വർഷത്തിനകം വീടുകൾ നൽകുമെന്നും നിയമസഭയിൽ ഉറപ്പുനൽകിയിട്ടുണ്ട്. ഇവ പര്യാപതമാണോ, സംഭവിച്ച നഷ്ടത്തിന് ആനുപാതികമാണോ എന്നത് ഡിബേറ്റബിൾ ആണ്. ഇപ്പോഴും, സ്കൂളിലെയും ഗോഡൗണിലെയും ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഒന്നര വർഷത്തിനുള്ളിൽ ഫ്ലാറ്റ് ലഭിക്കുമെന്നതും, അതുവരെ 5500 രൂപ വാടക ലഭിക്കുമെന്നതും തീർച്ചയായും ആശ്വാസകരമാണ്. സർക്കാരിനോട് വിലപേശി തന്നെ നേടിയെടുത്ത ഒരു നേട്ടമായി തന്നെയാണ് ഞാൻ ഇതിനെ കാണുന്നത്.

പുനരധിവാസം എന്നത് മാത്രമാണ് ഇപ്പോഴും അംഗീകരിക്കപ്പെട്ട ആവശ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്ന്. എങ്കിലും തീരശോഷണം എന്ന പ്രശ്നം പരിഹരിക്കുന്നതിനെ പറ്റി സമവായ ചർച്ചയിൽ ഒരു തീരുമാനവുമില്ല. സർക്കാർ ഈ വിഷയത്തിൽ എന്തായിരിക്കും ഇനി നിലപാട് സ്വീകരിക്കുക?

ഇനിയെന്താണ് സംഭവിക്കാൻ സാധ്യത എന്ന് നാം പരിശോധിക്കേണ്ടതുണ്ട്. തുടർന്ന് നിർമ്മാണം പുനരാരംഭിക്കുമ്പോൾ ഡ്രെഡ്ജിങ്ങും, പുലിമുട്ടിന്റെ നിർമ്മാണവും തുടരും. ഇതിന്റെ ഫലമായി തീരശോഷണം രൂക്ഷമാകാൻ സാധ്യതയുണ്ട്. അത് കാലാവസ്ഥയെ ആശ്രയിച്ചായിരിക്കും സംഭവിക്കുക. ഈ വർഷം കാലവർഷം ദുർബലമായിരുന്നു. കേരളത്തിൽ ഒരിടത്തും വലിയ രീതിയിൽ കടലേറ്റം ഉണ്ടായില്ല. അതോടൊപ്പം നമ്മൾ കണക്കിലെടുക്കേണ്ട ഒന്ന് നോർത്ത്-സൗത്ത് ഡ്രിഫ്ട് ആണ്. കടൽത്തീരത്ത് കൂടിയുള്ള മണലിന്റെ ഒഴുക്കിനെയാണ് ഇങ്ങനെ പറയുന്നത്. അത് മൺസൂണുമായും, കാറ്റിന്റെ ശക്തിയുമായും, ഒഴുക്കിന്റെ ശക്തിയുമായും ബന്ധപ്പെട്ടു കിടക്കുന്നു. അങ്ങനെ ശക്തമായ ഒഴുക്ക്, കാറ്റ് എന്നിവ മൂലം ഉണ്ടാകാറുള്ള ശക്തമായ നോർത്ത്-സൗത്ത് ഡ്രിഫ്ട് ഇക്കൊല്ലം ഉണ്ടായില്ല. ഇത് കഴിഞ്ഞ അഞ്ച് വർഷത്തെ ട്രെൻഡിൽ നിന്നും വ്യത്യസ്തമാണ്. അതിനാൽ ഈ വർഷം കൂടുതൽ വീടുകൾ പോയിട്ടില്ല. വിഴിഞ്ഞത്തും, തിരുവനന്തപുരത്തും മാത്രമല്ല കേരളത്തിൽ ഒരിടത്തും ഈ വർഷം വലിയ രീതിയിൽ നോർത്ത്-സൗത്ത് ഡ്രിഫ്റ്റ് ഉണ്ടായിട്ടില്ല. അടുത്ത വർഷം എന്ത് സംഭവിക്കും എന്നെനിക്കു പ്രവചിക്കാൻ സാധിക്കില്ല. ചിലപ്പോൾ ഇതിനേക്കാൾ രൂക്ഷമായ തീരശോഷണം ഉണ്ടായേക്കാം. ചിലപ്പോൾ ഈ ട്രെൻഡ് തുടർന്നേക്കാം. അതുപോലെ തന്നെ അറേബ്യൻ സമുദ്രത്തിൽ താപനില കൂടി വരുന്നതുകൊണ്ട് ചുഴലിക്കാറ്റുകൾക്കു സാധ്യതയുണ്ട് എന്ന് കാലാവസ്ഥ ശാസ്ത്രജ്ഞർ പറയുന്നുണ്ട്. അത്തരം സാധ്യതകളുടെ ഫലമായി, തീരം കൂടുതൽ പോകുന്ന കാലാവസ്ഥാ മാറ്റങ്ങൾ ഉണ്ടാകുകയാണെങ്കിൽ തീരത്തു നടത്തുന്ന നിർമ്മാണപ്രവർത്തനങ്ങൾ അതിന്റെ ഭവിഷത്ത് വലുതാക്കും. ചിലപ്പോൾ നൂറു കണക്കിന് വീടുകൾ നഷ്ടപ്പെട്ടേക്കാം. ഇത്തരത്തിൽ സംഭവിച്ചാൽ സർക്കാരിന്റെ മേൽ ശക്തമായ സമ്മർദം ഉണ്ടാകും. രണ്ടു തരത്തിലുള്ള സമ്മർദം ഉണ്ടാകാം. ഒന്ന്, ഈ പദ്ധതി തന്നെ പുനരാലോചിക്കണം എന്ന തരത്തിലുള്ള സമ്മർദം. രണ്ടാമതായി ഈ ആളുകളെ ഗോഡൗണിലേക്കല്ല പറഞ്ഞയക്കേണ്ടത്, അടിയന്തരമായി പുനരധിവസിപ്പിക്കുകയും നഷ്ടപരിഹാരം നൽകുകയും വേണം എന്ന് പൊതുസമൂഹം പറയും. ഇത് സർക്കാർ ചെയ്തില്ലെങ്കിൽ പ്രക്ഷോഭത്തിന്‌ പോകാൻ ജനങ്ങൾ നിർബന്ധിതരാകും. രണ്ടാമതായി, 2021-ൽ കടൽ പ്രക്ഷുബ്ധമായതിന്റെ ഭാഗമായി വിഴിഞ്ഞം മത്സ്യബന്ധന ഹാർബറിൽ മത്സ്യബന്ധനയാനങ്ങൾ അപകടത്തിൽപ്പെടുകയും, മത്സ്യത്തൊഴിലാളികൾ മരണപ്പെടുകയും ചെയ്തിരുന്നു. നിരവധി വള്ളങ്ങൾ തകരുകയും ചെയ്തിരുന്നു. ഇതൊക്കെ ആവർത്തിച്ചാൽ എന്തായിരിക്കും സ്ഥിതി? ഒരിടത്ത് തീരം നഷ്ടപ്പെടുന്നു. വിഴിഞ്ഞത്ത് മത്സ്യബന്ധന ഹാർബറിൽ തൊഴിലെടുക്കാൻ പറ്റാത്ത അവസ്ഥയുണ്ടാകുന്നു. അത് വിഴിഞ്ഞത്തുള്ളവരെ മാത്രമല്ല ബാധിക്കുക. ഒത്തിരി മത്സ്യത്തൊഴിലാളികൾ ആശ്രയിക്കുന്ന ഹാർബറാണ് വിഴിഞ്ഞത്തേത്. തീരശോഷണത്തിന്റെ പ്രശ്നം ഇപ്പോൾ ചെയ്തതുപോലെ പുനരധിവാസം നൽകിയും, തീരത്തു കല്ലിട്ടും സർക്കാർ പരിഹരിക്കാൻ ശ്രമിച്ചേക്കും. പക്ഷെ അതിന് ഇനിയും കല്ലുകൾ എവിടെ നിന്ന് ലഭിക്കും എന്നത് ഒരു ചോദ്യമാണ്. നിലവിൽ അദാനിക്ക് കല്ലുകൾ നൽകാൻ തന്നെ സർക്കാരിന് കഴിയുന്നില്ല. അതുപോലെ പുനരധിവാസം സർക്കാരിനുമേൽ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കും. എന്നാൽ മത്സ്യബന്ധന തുറമുഖത്തിനുണ്ടാകുന്ന ആ ഗുരുതരമായ അവസ്ഥക്ക് സർക്കാർ എങ്ങനെ പരിഹാരം കാണും. അത് സർക്കാരിന് പരിഹരിക്കാനേ കഴിയില്ല. മത്സ്യത്തൊഴിലാളികൾ തൊഴിൽ തന്നെ ഉപേക്ഷിക്കാൻ നിർബന്ധിക്കപ്പെടുന്ന അവസ്ഥയുണ്ടാകും. അതിനെ മത്സ്യത്തൊഴിലാളികൾ എങ്ങനെ മറികടക്കും. മുൻപ് സമരം ചെയ്തപ്പോൾ സർക്കാർ അടിച്ചൊതുക്കി, നിരവധി കേസുകളെടുത്തു, എന്നാൽ ഇപ്പോൾ തൊഴിൽ മുഴുവനായി നഷ്ടപ്പെടുന്നു. ഈ അവസ്ഥയെ മത്സ്യത്തൊഴിലാളികൾ കൂട്ടായി എങ്ങനെ നേരിടുമെന്നതാണ് വലിയ വെല്ലുവിളി.

അദാനി തുറമുഖ കവാടം. കടപ്പാട്: www.reuters.com

മത്സ്യത്തൊഴിലാളികളുടെ ജീവൽപ്രശ്‌നങ്ങൾ പൊതുസമൂഹത്തിൽ ദൃശ്യമാകുന്നതിനും, ചർച്ച ചെയ്യപ്പെടുന്നതിനും ഈ സമരം കാരണമായി. നിർമ്മാണം നിർത്തിവച്ച് അദാനിയെ ചലഞ്ച് ചെയ്യാനും സമരത്തിനായി. എന്നാൽ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളെ പുനരധിവാസം പോലുള്ള മാർഗ്ഗങ്ങളിലൂടെ പരിഹരിക്കുന്നതിനാണ് ഇടത് സർക്കാരും പൊതുസമൂഹവും പ്രാമുഖ്യം നൽകിയത്. എന്നാൽ അദാനി സീ പോർട്ട് എന്ന അടിസ്ഥാന പ്രശ്നത്തെ പരി​ഗണിക്കാൻ ഇവർ സന്നദ്ധമാകുന്നതേയില്ല. അദാനി പോർട്ട് വയ്ക്കുന്ന വികസനം എന്ന മിഥ്യയെ മറികടക്കാൻ എന്തുകൊണ്ടാണ് നമുക്ക് കഴിയാതെ പോകുന്നത്?

ഇന്ത്യയിലെ വളരെ പ്രശസ്തനായ ഭൗമശാസ്ത്രജ്ഞൻ സി.പി. രാജേന്ദ്രൻ വിഴിഞ്ഞം പോർട്ട് പദ്ധതിയെക്കുറിച്ച് ഫേസ്ബുക്കിൽ എഴുതിയിരുന്നു. അദ്ദേഹം പറയുന്നത് ഈ പദ്ധതി വലിയൊരു അബദ്ധമാണെന്നാണ്. ‘Economically stupid’ എന്നാണ് അദ്ദേഹം വിഴിഞ്ഞം പദ്ധതിയെ വിശേഷിപ്പിച്ചത്. പക്ഷെ ഇവിടുത്തെ പല പണ്ഡിതരും ഇത് വലിയ വികസനമാണെന്നാണ് പറയുന്നത്. ഇത് വലിയ വികസനമാണെന്ന് പറയുന്നവർ ഈ പ്രൊജക്റ്റ് റിപ്പോർട്ട് വായിച്ചു നോക്കിയിട്ടുണ്ടോ എന്നെനിക്ക് സംശയമാണ്. വായിച്ചു മനസിലാക്കുന്ന ഒരു ശാസ്ത്രജ്ഞന് ഈ പദ്ധതി മോശമാണെന്ന് പറയാൻ ഒരു ബുദ്ധിമുട്ടുമില്ല. പദ്ധതിക്കുവേണ്ടി വാദിക്കുന്നവർക്ക്, പദ്ധതി പൂർത്തിയാക്കി ഉദ്ദേശിക്കുന്ന ലാഭം നേടിയില്ലെങ്കിലും എന്താണ് നഷ്ടപ്പെടാനുള്ളത്? അവർക്കു സ്വപ്‌നങ്ങൾ മാത്രമേ നഷ്ടപ്പെടാനുള്ളൂ. യഥാർത്ഥത്തിൽ ഈ പദ്ധതി വികസനമല്ല, ഇത് കേരള സംസ്ഥാനത്തിന് തന്നെ വലിയ നഷ്ടമുണ്ടാക്കുമെന്ന ബോധം സൃഷ്ടിക്കപ്പെടണം. എന്നാൽ ഈ അവബോധം സൃഷ്ടിക്കുന്നതിൽ വലിയ തടസ്സമായി ഞാൻ കാണുന്നത് നമ്മുടെ മാധ്യമങ്ങളെയാണ്. നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളെല്ലാം തന്നെ ഈ തെറ്റായ സ്വപ്നത്തെ പരിപോഷിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ചിലരെങ്കിലും ഈ നിലപാടിൽ പുനർവിചിന്തനം നടത്തുന്നുണ്ട്. സി.പി രാജേന്ദ്രൻ തന്നെ മലയാള മനോരമയുടെ എഡിറ്റോറിയൽ പേജിൽ ഈ പദ്ധതി നിർത്തിവച്ച് അതിൽ നിന്നും പിന്മാറണം എന്ന് എഴുതി. എന്നാൽ പിന്നീടും മനോരമ വിഴിഞ്ഞം പദ്ധതിയെ സ്വപ്ന പദ്ധതി എന്നാണ് വിശേഷിപ്പിക്കുന്നത്. അതുപോലെ തന്നെ വേൾഡ് ബാങ്കിന്റെ മുൻ സീനിയർ വൈസ് പ്രസിഡന്റും, എ.ഡി.ബി യുടെ മുൻ ഡയറക്ടർ ജനറലുമായ ഡോ. വിനോദ് തോമസ് പദ്ധതിയിൽ നിന്നും പിന്മാറണം എന്ന് പറഞ്ഞുകൊണ്ട് ‘ദി ഹിന്ദു’വിന്റെ എഡിറ്റ് പേജിൽ ലേഖനം എഴുതിയിരുന്നു. എന്തുമാത്രം നിർമ്മാണവുമായി മുന്നോട്ടുപോയി എന്നത് പരിഗണിക്കാതെ തന്നെ പദ്ധതിയിൽ നിന്നും പിന്നോട്ട് പോകണം എന്നാണ് ഡോ. വിനോദ് തോമസ് പറയുന്നത്. അപ്പോൾ വസ്തുനിഷ്ഠമായി കാര്യങ്ങൾ മനസ്സിലാക്കുന്ന ആളുകൾ പദ്ധതിയെക്കുറിച്ച് വ്യക്തമായി അഭിപ്രായം പറയുന്നുണ്ട്. എന്നാൽ അതിനെയും കവച്ചുവയ്ക്കുന്ന രീതിയിൽ ‘ദി ഹിന്ദു’ തന്നെ സംശയങ്ങൾ ഉണ്ടാക്കി. അതെ ഹിന്ദു പത്രം തന്നെ പദ്ധതിക്കനുകൂലമായി അശാസ്ത്രീയമായ ലേഖനങ്ങൾക്ക് ഇടം നൽകുന്നു. അപ്പോൾ പദ്ധതിക്ക് വേണ്ടി മാധ്യമങ്ങൾ എഴുതുന്നതിന് പിന്നിൽ അദാനിയുടെ പണവും, ശക്തിയുമെല്ലാം ഉണ്ടെന്ന് നമ്മൾ കാണണം. മാധ്യമങ്ങളെയെല്ലാം വിലക്കെടുക്കാൻ കഴിവുള്ളവരാണവർ. പ്രതിബദ്ധത ഇല്ലാത്ത മാധ്യമപ്രവർത്തകർ അദാനിയുടെ പണത്തിന് മുന്നിൽ വഴങ്ങുന്നത് പദ്ധതിക്കനുകൂലമായ പൊതുബോധം സൃഷ്ടിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. എന്നാൽ വളരെ കുറഞ്ഞ എണ്ണം മാധ്യമപ്രവർത്തകർ വസ്തുനിഷ്ഠമായി എഴുതുന്നുണ്ട്. അതുപോലെതന്നെ ഇത് നമ്മുടെ വികസന കാഴ്ചപ്പാടിന്റെയും പ്രശ്‌നമാണ്. കോർപ്പറേറ്റ് വികസനത്തോടാണ് ഇവിടുത്തെ രാഷ്ട്രീയ കക്ഷികൾ പച്ചക്ക് കൂട്ടുചേരുന്നത്. എന്റെ വിലയിരുത്തൽ ഇത് ഇടതുമുന്നണിക്കുള്ളിൽ തന്നെ വലിയ ചർച്ചയാകുമെന്നാണ്. അദാനിയെ ഈ രീതിയിൽ പിന്താങ്ങേണ്ടതുണ്ടോ എന്ന കാര്യത്തിൽ പലരും വ്യത്യസ്തമായി ചിന്തിക്കും എന്ന് പ്രതീക്ഷിക്കുന്നു.

വിഴിഞ്ഞം സമരപ്പന്തലിലും പൊലീസ് സ്‌റ്റേഷനിലും ഉണ്ടായ അനിഷ്ട സംഭവങ്ങളിൽ ഏകപക്ഷീയമായ റിപ്പോർട്ടിങ്ങാണ് മാധ്യമങ്ങൾ പങ്കുവച്ചത്. അന്നത്തെ പൊലീസ് നടപടികളെയും സംഘർഷത്തെയും എങ്ങനെ കാണുന്നു?

എനിക്കിതിൽ തെളിവൊന്നും നൽകാൻ സാധിക്കുകയില്ല. അവിടെ വർഗീയ ശക്തികളെ കൂട്ടുപിടിച്ചുകൊണ്ട് സർക്കാരും, പൊലീസും ആസൂത്രിതമായി പല കാര്യങ്ങളും ചെയ്തിട്ടുണ്ട്. ഞാൻ സംഭവസ്ഥലത്തില്ലായിരുന്നു. അതിനാൽ അവിടെയുള്ള ആളുകളിൽനിന്നും ലഭിച്ച വിവരമേ എനിക്കുള്ളൂ. ഞാൻ മനസിലാക്കുന്നത് ഇത് ആസൂത്രിതമായി നടന്ന ഒരു കുരുതിയാണെന്നാണ്. ഒരു കലാപം ഇവിടെ നടക്കുന്നു എന്ന് വരുത്തിത്തീർക്കേണ്ട ആവശ്യം സർക്കാരിനുണ്ടായിരുന്നു. അതിനുവേണ്ടി ആസൂത്രണം ചെയ്തതാണിത്. ശനിയാഴ്ചയാണ് പ്രശ്നങ്ങളുടെ തുടക്കം. ശനിയാഴ്ച കല്ലുമായെത്തിയ ലോറികൾ സമരക്കാർ തടഞ്ഞിരുന്നു. ഇതിനെ ഒരു സംഘർഷമാക്കിയത് പദ്ധതിയെ അനുകൂലിക്കുന്ന പ്രദേശവാസികളുടെ പേരിലുള്ള സമരക്കാരാണ്. ഞാൻ എന്റെ അഭിപ്രായമായി സമരക്കാരോട് പറഞ്ഞത് കോടതിവിധിയെ മാനിക്കണമെന്നാണ്. ലോറികൾ തടഞ്ഞ് അറസ്റ്റ് വരിക്കുകയും, ശേഷം ലോറികൾ കടന്നുപോകുകയും ചെയ്യും. അപ്പോൾ കോടതിവിധി മാനിക്കുകയും, പ്രധിഷേധം അറിയിക്കുകയും ചെയ്യാം. എന്നാൽ സമരസമിതി ഏതു രീതിയിലാണ് ഇടപെട്ടെതെന്ന് എനിക്കറിയില്ല. പക്ഷെ അവിടെ ഇരുന്ന ആളുകളെ കല്ലെറിഞ്ഞകൊണ്ടു മറുപക്ഷം പ്രകോപിപ്പിച്ചു. ഒരുപരിധി വരെ പോലീസ് അതിന് കൂട്ട് നിന്നു. അങ്ങനെ തലേ ദിവസം തന്നെ ആസൂത്രിതമായ ഒരു നീക്കം നടന്നു. അതിനോടൊപ്പം ഇവർ കോടതിവിധി പാലിക്കാത്തവരാണെന്നും, അക്രമം ചെയ്യുന്നവരാണെന്നുമുള്ള ഒരു പ്രതീതി മാധ്യമങ്ങൾ സൃഷ്ടിച്ചു. മത്സ്യത്തൊഴിലാളികൾ കുഴപ്പമുണ്ടാക്കുന്നവരാണെന്ന ഒരു പശ്ചാത്തലം തലേ ദിവസം തന്നെ ഉണ്ടാക്കി. ഞായറാഴ്ച നടന്ന സംഭവത്തിന് മുൻപ് തന്നെ പോലീസ് സ്റ്റേഷന് സമീപമുള്ള സി.സി.ടി.വികൾ നശിപ്പിച്ചതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതൊന്നും ചെയ്യാനുള്ള ശേഷി മത്സ്യത്തൊഴിലാളികൾക്കില്ല. അത്തരത്തിൽ മത്സ്യത്തൊഴിലാളികൾ ആസൂത്രിതമായി പോലീസ് സ്റ്റേഷൻ ആക്രമിച്ചു എന്നത് വിശ്വാസയോഗ്യമല്ല. അവിടെ നടന്ന സംഭവങ്ങൾ നിങ്ങൾ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ടല്ലോ. ഒരു മത്സ്യത്തൊഴിലാളിയെ അറസ്റ് ചെയ്യുന്നു. അതന്വേഷിക്കാൻ പോയ പള്ളി കമ്മിറ്റിക്കാരെയും അറസ്റ്റ് ചെയ്തു മാറ്റുന്നു. അത് ചോദിക്കാൻ ചെന്നവരുടെ മേലെയാണ് പൊലീസ് സ്റ്റേഷന് മുകളിൽ നിന്നും ആസൂത്രിതമായി കല്ല് പതിക്കുന്നത്. ഇതിനു മുമ്പ് തന്നെ ചുറ്റുമുള്ള സി.സി.ടി.വികൾ മാറ്റിയതിനാൽ അക്രമികൾ ആരെന്ന് തിരിയിച്ചറിയാൻ സാധിച്ചില്ല. എന്നാൽ പൊലീസ് സ്റ്റേഷൻ ആക്രമിക്കപ്പെട്ടത് മാത്രം കൃത്യമായി ചിത്രീകരിക്കപ്പെട്ടു. പൊലീസുകാർക്ക് മാത്രം പരിക്കേറ്റ ചിത്രങ്ങൾ വരുന്നതും, പരിക്കേറ്റ മൽസ്യത്തൊഴിലികളുടെ ചിത്രങ്ങൾ പുറത്തുവരാതിരുന്നതും ഇത് ആസൂത്രിതമാണെന്ന് തെളിയിക്കുന്നു. വർഗീയ ശക്തികളുമായി ചേർന്നും പൊലീസിനെ ഉപയോഗിച്ചും സമരം അടിച്ചമർത്താനാണ് ഭരണകൂടത്തിന്റെ നീക്കമെന്ന് ഇതിലൂടെ മനസിലായി. അപ്പോൾ പിന്നെ സമരത്തിലുള്ളവർക്ക് ഒരടി പിന്നോട്ട് വയ്ക്കേണ്ട അവസ്ഥയുണ്ടായി. അല്ലെങ്കിൽ വലിയ വിലകൊടുക്കേണ്ടിവരും. മൂവായിരം ആളുകളുടെ പേരിൽ കേസെടുത്തു. ആരെയും എപ്പോൾ വേണമെങ്കിലും അറസ്റ്റ് ചെയ്യാമെന്ന അവസ്ഥ വന്നു. അങ്ങനെ സമരത്തിന് വലിയ ദോഷമുണ്ടാക്കാൻ ഈ സംഭവങ്ങൾക്കു കഴിഞ്ഞു.

വിഴിഞ്ഞം പദ്ധതി തുടങ്ങുന്ന കാലഘട്ടത്തിൽ തന്നെ പദ്ധതിക്കെതിരായി സമരം നടന്നിരുന്നു. അന്ന് ഉമ്മൻ ചാണ്ടി സർക്കാരുമായി നടത്തിയ ചർച്ചയിൽ, പാക്കേജ് അംഗീകരിച്ചുകൊണ്ട് സമരം അവസാനിപ്പിച്ചത് സഭാ നേതൃത്യമാണ്. ഇന്നും 140 ദിവസത്തിൽ ഉന്നയിച്ച ആവശ്യങ്ങൾ മുഴുവനായി നേടിയെടുക്കാൻ സാധിക്കാതെ സഭാ നേതൃത്യം സമരം അവസാനിപ്പിച്ചിരിക്കുന്നു. മത്സ്യത്തൊഴിലാളികളുടെ ഒരു രക്ഷാധികാരിയായി ലത്തീൻ സഭയാണ് ഈ സാഹചര്യങ്ങളിലെല്ലാം വർത്തിച്ചിട്ടുള്ളത്. എങ്ങനെയാണ് ഈ വിഷയത്തിലെ സഭാ നേതൃത്വത്തിൻ്റെ ഇടപെടലിനെ കാണുന്നത്?

ഇത്തരത്തിൽ സഭ രക്ഷാധികാരിയാകുന്നത് ഇവിടുത്തെ രഷ്ട്രീയ സാഹചര്യം കൊണ്ടുകൂടികൊണ്ടാണ്. മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി സംസാരിക്കാൻ മാറ്റ് രാഷ്ട്രീയകക്ഷികൾ ഇല്ല എന്നത് വാസ്തവമാണ്. ഒരു സംഘടിത ശക്തിക്കേ സമരം ചെയ്യാൻ സാധിക്കുകയുള്ളൂ. അതിനൊരു തൊഴിലാളി യൂണിയനോ, തൊഴിലാളികളുടെ കൂട്ടായ സംഘടനകളോ വേണം. അത്തരത്തിലുള്ള ഫലപ്രദമായ സംവിധാനങ്ങളൊന്നും ഇവിടെയില്ല. നേരത്തെ എൺപതുകളിലൊക്കെ മത്സ്യത്തൊഴിലാളി ഫെഡറേഷൻ ഇവിടെ ശക്തമായിരുന്നു. അന്ന് സമരത്തിലുണ്ടായിരുന്ന വൈദികർക്ക് അതൊരു തൊഴിലാളി യൂണിയനായി കൊണ്ടുപോകണമെന്നും, അത്തരത്തിലുള്ള സംഘടനാസംവിധാനം വേണമെന്നുള്ള ധാരണ അവർക്കുണ്ടായിരുന്നു. അത്തരത്തിൽ ഒരു ധാരണ ഇന്നത്തെ വൈദികർക്കില്ല. ഞാൻ എൺപതുകളിലും 90 വരെയും ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിൽ ഉണ്ടായിരുന്ന ഒരാളാണ്. മൺസൂൺ ട്രോളിം​ഗ് സമരത്തിലെ അജണ്ടകൾ തീരുമാനിക്കുന്നതിലും, സമരത്തിന്റെ ആവശ്യങ്ങൾ ഉന്നയിക്കുന്നതിൽ തന്ത്രങ്ങൾ രൂപികരിക്കുന്നത്തിലെല്ലാം ഞാൻ പങ്കാളിയായിരുന്നു. 1984 ലെ സമരം പിൻവലിക്കുന്നതിൽ ഞാനാണ് കരുണാകരനുമായി ചർച്ച നടത്തിയത്. അത്തരത്തിലുള്ള ഒരു ട്രേഡ് യൂണിയൻ സംവിധാനം ഇന്നില്ല. അതിന്റെ ദുർബലമായ പേരിലുള്ള ഘടന മാത്രമേയുള്ളൂ.

വിഴിഞ്ഞം സമരത്തിൽ നിന്ന്. കടപ്പാട്: www.thehindu.com

സമരത്തിൻ്റെ ഭാവിയെ എങ്ങനെ കാണുന്നു ?

കടലും തീരവും പ്രകൃതിയും ഈ നിർമ്മിതിയോട് എങ്ങനെ പ്രതികരിക്കും, അതിന്റെ പ്രത്യാഘാതങ്ങൾ മനുഷ്യർ അനുഭവിക്കുമ്പോൾ അവർ എങ്ങനെ പ്രതികരിക്കും എന്നതിനെയൊക്കെ അനുസരിച്ചായിരിക്കും സമരത്തിന്റെ ഭാവി. ഈ സാഹചര്യത്തിൽ തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ച് സംഘടിതമായ ഒരു സമരവുമായി മുന്നോട്ടുപോകാൻ പറ്റുമോ എന്നതെല്ലാം കാലം തെളിയിക്കേണ്ടതാണ്. നിർമ്മാണം തുടരുമ്പോൾ, ഈ പദ്ധതി വലിയ ദോഷം ചെയ്യുമെന്ന ബോധം പൊതുസമൂഹത്തിൽ ഉണ്ടാകുമെന്നും രാഷ്ട്രീയകക്ഷികൾ മാറി ചിന്തിക്കുമെന്നും ഞാൻ കരുതുന്നു.

കൂടാതെ നിയമപരമായ പോരാട്ടം തുടരാം. ഇനി വരുന്ന മൺസൂൺ കാലത്തിൽ, അല്ലെങ്കിൽ വരുന്ന മെയ് മുതൽ സംഭവിക്കാൻ പോകുന്ന കാലാവസ്ഥാ ഇവന്റുകളെയും, തീരശോഷണത്തെയും ആശ്രയിച്ചായിരിക്കും അടുത്ത സമരത്തിന്റെ ഭാവി. അങ്ങനെ പ്രത്യാഘാതങ്ങൾ ഉണ്ടായാൽ ആളുകൾ വീണ്ടും പ്രതികരിക്കും. ആ പ്രതികരണത്തെ ഒരു പൊതുപ്രശ്നമാക്കി ചർച്ച ചെയ്യുകയും, സർക്കാരിന് മുന്നിൽ കൊണ്ടുവരുകയും സമ്മർദ്ദം ചെലുത്തുകയും വേണം. ഇപ്പോൾ നടത്തുന്ന പഠനങ്ങൾ ആ സമരത്തിന് ഗുണകരമാകുകയാണെങ്കിൽ നല്ലത്.

തീരശോഷണം സംഭവിച്ച ശംഖുമുഖം തീരം. കടപ്പാട്: www.adaniwatch.org

വിഴിഞ്ഞം പദ്ധതിയുടെ ആദ്യഘട്ടത്തിൽ തന്നെ വിഴിഞ്ഞം ഒരു തീരശോഷണം നടക്കുന്ന തീരമാണെന്നും പോർട്ടിന് അനുയോജ്യമല്ലെന്നും താങ്കൾ പറഞ്ഞരുന്നു. പിന്നീട് പദ്ധതിക്കെതിരെ ഹരിത ട്രിബ്യൂണലിനെ സമീപിക്കുകയും ചെയ്തിരുന്നു. അതുപോലെ ഈ പദ്ധതിയുടെ ദൂഷ്യവശങ്ങൾ നിരന്തരം പറയുകയും പദ്ധതിക്കെതിയരെ സമരമുഖത്ത് ഉറച്ചുനിൽക്കുകയും ചെയ്തയാളാണ് എ.ജെ വിജയൻ. ഈ ഒരു സാഹചര്യത്തിൽ അങ്ങയുടെ ഈ യാത്രയെ എങ്ങനെയാണ് നോക്കിക്കാണുന്നത്?

ഈ നിർമ്മിതി എന്ത് പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്ന് ഞാൻ നടത്തിയ വിശകലനങ്ങൾ ഒരു സാമൂഹ്യശാസ്ത്രജ്ഞൻ എന്ന നിലയിൽ, ഒരു അക്കാദമിക് എന്ന നിലയിൽ ശരിയായിരുന്നു എന്ന് ഇപ്പോൾ പറയാം. അതേസമയം ഞാൻ ഈ മത്സ്യത്തൊഴിലാളി സമുദായത്തിൽ ജനിച്ചുവളർന്ന ഒരു വ്യക്തിയാണ്. അതുകൊണ്ട് എന്നെ സംബന്ധിച്ച് രണ്ടു ദുഖങ്ങളാണുള്ളത്. ഒന്ന് എന്റെ സമുദായത്തിന് അനുഭവിക്കേണ്ടി വരുന്ന ഈ ദുരിതങ്ങൾ. ഞാൻ അന്ന് ഈ പ്രശ്നങ്ങൾ പറഞ്ഞെങ്കിലും അതിന് പരിഹാരമായില്ല. ആ നിലക്കുള്ള പ്രയാസമുണ്ട്. മാത്രമല്ല, ഒരു വ്യക്തിക്കുള്ള പരിമിതികളുണ്ടെങ്കിലും ഈ പ്രശ്ങ്ങൾ തിരിച്ചറിഞ്ഞ് വലിയ ഒരു കൂട്ടായ്മയോ, പ്രസ്ഥാനമോ രൂപപ്പെട്ടില്ല എന്നതിൽ എന്റെ ഭാഗത്തും വീഴ്ചയുണ്ട്. എന്നാലും പദ്ധതിക്കെതിരെ ദേശീയ ഹരിത ട്രിബ്യൂണലിൽ പോകാൻ കഴിഞ്ഞു. ട്രിബ്യൂണൽ ഇത് പഠിക്കാൻ ഒരു പഠന കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു. ഭാവിയെക്കുറിച്ച് ചിന്തക്കുമ്പോൾ ഈ പ്രശനത്തിനൊരു പരിഹാരമില്ല. കൂടുതൽ ഭവിഷ്യത്തുകളുണ്ടാകാൻ പോകുകയാണ്. അതെന്നെ വേദനിപ്പിക്കുന്നുണ്ട്.

Also Read

12 minutes read December 10, 2022 1:07 pm