Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
എങ്ങനെയാണ് ഒരു ജനതയ്ക്ക് പെട്ടെന്നൊരു ദിവസം കാലാകാലങ്ങളായി തങ്ങൾ നടന്നുകൊണ്ടിരുന്ന വഴി ഇല്ലാതെയാവുന്നത്? ആരാണ് അവരുടെയെല്ലാം മനുഷ്യാവകാശങ്ങളെ തച്ചുടച്ചുകൊണ്ടിരിക്കുന്നത്? എങ്ങനെയാണ് തദ്ദേശീയ ജനത പിറന്നമണ്ണിൽ നിന്നും വ്യവസ്ഥാപിതമായി പുറന്തള്ളപ്പെട്ടുപോകുന്നത്? ഇടുക്കി മറയൂരിലെ കരിമുട്ടിക്കുടി ഊരിലെ മനുഷ്യർക്ക് പറയാനുള്ളത് മനുഷ്യാവകാശ ലംഘനത്തിനെതിരെയുള്ള പോരാട്ടത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും കഥയാണ്. ഹിൽപ്പുലയ (മലപ്പുലയ) ആദിവാസി വിഭാഗത്തിലെ കുറുമ്പ പുലയ സമുദായത്തിൽ നിന്നുള്ള പതിനെട്ട് കുടുംബങ്ങളാണ് മറയൂർ കരിമുട്ടിക്കുടി ഊരിൽ താമസിക്കുന്നത്. ഊരിലെ മനുഷ്യർ കുറച്ച് കാലങ്ങളായി സഞ്ചരിക്കാൻ വഴിയില്ലാതെ പ്രയാസപ്പെടുകയാണ്. തലമുറകളായി അവർ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സർക്കാർ ഭൂമിയിലൂടെയുള്ള വഴിയാണ് പ്രദേശവാസിയായ ജോൺസണും സഹോദരനും ചേർന്ന് തങ്ങളുടെ ഭൂമിയിലൂടെയാണ് വഴി പോവുന്നതെന്ന വാദമുന്നയിച്ച് മണ്ണിട്ട് നികത്തി ഉപയോഗപ്രദമല്ലാതെയാക്കിയിരിക്കുന്നത്. പകരമെന്നോണം അരികിലൂടെ അമ്പതിലധികം കോൺക്രീറ്റ് പടവുകളുള്ള മറ്റൊരു വഴി ഇവർ അനധികൃതമായി നിർമ്മിച്ച് നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ പടവുകളുള്ള വഴിയിലൂടെ നടന്ന് ഊരിലെത്താൻ വലിയ പ്രയാസമാണ്. മാത്രമല്ല, മഴക്കാലമായാൽ വഴുതി വീഴാനുള്ള സാധ്യതയും കൂടുതലാണ്. കുന്നിന്റെ മുകളിലുള്ള ഊരിലേക്ക് വാഹനം എത്താനും ബുദ്ധിമുട്ടാണ്. പ്രായമായവർക്കും കുഞ്ഞുങ്ങൾക്കുമെല്ലാം ദൈനംദിന ആവശ്യങ്ങൾക്കായി ചെങ്കുത്തായ പടവുകൾ കയറിയിറങ്ങുകയെന്നത് വളരെയേറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. 1999-ൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം കരുമുട്ടിക്കുടിയിലേക്ക് സർക്കാർ പണിത വഴിയാണ് ജോൺസൺ എന്ന സ്വകാര്യ വ്യക്തി മണ്ണിട്ട് തടസപ്പെടുത്തിയിരിക്കുന്നത്.
എല്ലാ വഴികളും അടയുന്നു
കരിമുട്ടികുടിയിലെ മനുഷ്യരുടെ ദുരവസ്ഥയെ കുറിച്ച് വിശദമായി സംസാരിക്കുകയാണ് കുടി നിവാസിയായ വനിത. പ്രകടമായ ഈ മനുഷ്യാവകാശലംഘനത്തിന് വില്ലേജ് ഓഫീസ് അടക്കമുള്ള സർക്കാർ സ്ഥാപനങ്ങളുടെ പങ്ക് വളരെ വലുതാണെന്നും, അതുകൊണ്ടുതന്നെയാണ് ജോൺസൺ എന്ന സ്വകാര്യ വ്യക്തിക്ക് ഇത്രയധികം നിയമലംഘനങ്ങൾ നടത്താൻ സാധിക്കുന്നതെന്നും വനിത ചൂണ്ടികാണിക്കുന്നു.
“നമുക്ക് മുന്നിലൂടെയുള്ള വഴിയാണ് നമ്മൾ പാരമ്പര്യമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. പണ്ട് മണ്ഡലം പ്രസിഡന്റ് ആയിരുന്നു ജോൺസന്റെ അച്ഛൻ ഭരണത്തിലിരുന്ന സമയം തൊട്ട് ഇവരുടെ വട്ടവയൽ കുടുംബമാണ് ഇവിടെയെല്ലാം നിയന്ത്രിക്കുന്നത്. വഴിയുടെ അടുത്ത് കിടക്കുന്നതെല്ലാം ഇവരുടെ ഭൂമിയാണ്. പണ്ടുമുതൽ അവർ പറയുന്നത് അവിടെയുള്ള സർക്കാർ ഭൂമിയും അവരുടേതാണെന്നാണ്. സർക്കാർ ഭൂമിയിൽ കല്ല് പാകി പുതുതായി പടവുകൾ ഉണ്ടാക്കിയത് മുഴുവൻ ഗവണ്മെന്റിൽ നിന്നുള്ള ധനസഹായത്തിൽ നിന്നാണ്. കുറേ വർഷങ്ങൾക്ക് ശേഷം ജോൺസണും വട്ടവയൽ തോമസും മറ്റും ചേർന്ന് അവരുടെ ഭൂമിയിലൂടെ ഞങ്ങൾക്ക് വഴി നൽകിയാൽ ഭാവിയിൽ റോഡ് വരുമെന്നും വാഹനം വരുമെന്നും അങ്ങനെ തങ്ങളുടെ പക്കൽ നിന്നും ആ ഭൂമി കൈവിട്ട് പോകുമെന്നും തോന്നിയാണ് ഇപ്പോൾ ഇങ്ങനെയൊരു പ്രവൃത്തി ചെയ്തത്.” വനിത കേരളീയത്തോട് പറഞ്ഞു.
“2010 ആയപ്പോഴേക്കും ഞങ്ങൾ പരമ്പരാഗതമായി ഉപയോഗിക്കുന്ന വഴിയിലൂടെ റോഡ് കൊണ്ടുവരാൻ പാടില്ല എന്നവർ തീരുമാനിച്ചു. സർക്കാർ ഭൂമിയിലൂടെയുള്ള ആ വഴി കുന്നിന്റെ മുകളിലൂടെ ആക്കണമെന്നത് പണ്ടുമുതൽ അവർ ഉന്നയിക്കുന്ന വാദമായിരുന്നു, ഇതറിഞ്ഞത് മുതൽ കുടിയിലുള്ളവർ പരാതി കൊടുത്തിരുന്നു. ജില്ലാ കളക്ടർക്കൊക്കെ ഒരുപാട് പരാതി അയച്ചിട്ടുണ്ട്. അതിന്റെ പേരിൽ ഒരു തവണയെന്തോ അന്വേഷിക്കാൻ വന്നിട്ടുണ്ട്. ഈ ഭൂമി പുറമ്പോക്കായിട്ടാണ് കിടക്കുന്നതെന്ന് അന്നവർ മാപ്പൊക്കെ വെച്ച് കാണിച്ചുകൊടുത്തിരുന്നു. ആ ഭൂമി ഉറപ്പായിട്ടും നിങ്ങൾക്ക് കിട്ടുമെന്നൊക്കെ അന്ന് പറഞ്ഞിരുന്നു. പക്ഷേ, വിവരമുള്ള ആരുടെ അടുത്തെങ്കിലും പോയി സംസാരിക്കട്ടെ എന്ന് പറഞ്ഞ് അയാൾ നേരെ പോയത് വട്ടവയൽ തോമസിന്റെ അടുത്തേക്കാണ്. പിന്നീടങ്ങോട്ട് വട്ടവയൽ ഫാമിലി എന്ത് പറയുന്നോ അതാണ് വില്ലേജ് ഓഫീസിൽ നിന്നുള്ളവർ കേൾക്കുന്നത്. പളനിസ്വമി എന്ന ഞങ്ങളുടെ കുടി മൂപ്പനായിരുന്നു പരാതി കൊടുത്തുകൊണ്ടിരുന്നത്. 2018-ൽ അദ്ദേഹം മരിച്ചുപോയി. പളനി മാമൻ പ്രതികരിക്കുമ്പോഴൊക്കെ ‘ഇത് നിന്റെ ഭൂമിയൊന്നുമല്ല, നീ പുറത്തുനിന്ന് വന്നവനല്ലേ, നിന്നെ കൊന്ന് കളയും’ എന്നൊക്കെ പറഞ്ഞ് ഇവരെല്ലാം ഒരുപാട് തവണ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. പളനി മാമൻ മരിച്ചുപോയതിന് ശേഷം പരാതിയൊന്നും ഇനിയാരും കൊടുക്കില്ലെന്നാണ് അവർ കരുതിയത്. അതിന് ശേഷമാണ് സ്റ്റെപ്പ് വെച്ച് പുതിയ വഴി അപ്പുറത്ത് ഉണ്ടാക്കുന്നത്. അത് 2018-19 സമയത്താണ്. സർക്കാർ ഭൂമിക്ക് നടുവിലൂടെയുള്ള വഴിയാണ് അവർ അവരുടെ ഭൂമിയുടെ സൈഡിലേക്ക് മാറ്റുന്നത്. വണ്ടി പോവാനുള്ള സൗകര്യമൊരുക്കി തരാമെന്ന് പറഞ്ഞാണ് അങ്ങനെ ചെയ്തത്.” വനിത പറയുന്നു.
സ്വകാര്യ വ്യക്തികളും സർക്കാർ സംവിധാനങ്ങളും
പുതിയവഴിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ജോൺസണാണ് കൂടെ നിന്നിരുന്നതെന്നും, അതുകൊണ്ട് തന്നെ ജോൺസൺ പറഞ്ഞത് അനുസരിച്ചാണ് കോണ്ട്രാക്ട്ർമാരെല്ലാം പ്രവർത്തിച്ചിരുന്നതെന്നും വനിത പറയുന്നു. “അങ്ങനെയാണ് അൻപത്തി നാല് സ്റ്റെപ്പ് വെച്ച് എല്ലാം റെഡിയാക്കിയത്. മുകളിലുണ്ടായിരുന്ന എട്ടടിയുള്ള വഴി കല്ല് പതിച്ച് അഞ്ചടിയാക്കി ചുരുക്കി. അതെല്ലാം ഇയാൾ തന്നെയാണ് കൂടെ നിന്ന് ചെയ്യിപ്പിക്കുന്നത്. ആ സമയങ്ങളിലെല്ലാം ഞങ്ങളൊക്കെ പഴയ വഴിയിലൂടെ തന്നെയാണ് നടന്നിരുന്നത്. പക്ഷേ 2023 ഡിസംബർ ഒക്കെ ആയപ്പോഴേക്ക് ജോൺസന്റെ അനിയനായ ഫ്രാൻസിസ് എന്നയാൾ അവിടെ റിസോർട്ട് നിർമ്മിക്കാനാണെന്ന് പറഞ്ഞ് പരമ്പരാഗതമായി ഉപയോഗിച്ചു വന്നിരുന്ന വഴിയിൽ മണ്ണ് കൊണ്ടിടുകയും മറ്റ് കൺസ്ട്രക്ഷൻ വർക്കുകൾ തുടങ്ങിവെക്കുകയും ഞങ്ങളുടെ വഴിയടക്കുകയും ചെയ്തു. അന്നുമുതൽ ഞങ്ങൾ നടന്നുകൊണ്ടിരിക്കുന്നത് ഈ സ്റ്റെപ്പിലൂടെയാണ്.”
“ഇതുമായി ബന്ധപ്പെട്ട് കളക്ടർ, എസ്.സി/എസ്.ടി സ്പെഷ്യൽ സെക്രട്ടറി, എസ്.സി/ എസ്.ടി കമ്മീഷൻ, പട്ടികവർഗ്ഗ വകുപ്പ് മന്ത്രി എന്നിവർക്കെല്ലാം പരാതി കൊടുത്തിട്ടുണ്ട്. ഞാനും ഊരിലെ ഇരുപത്തിരണ്ടോളം പേരും ചേർന്ന് ഒപ്പിട്ടാണ് പരാതി നൽകിയത്. പരാതി കളക്ടർ, സബ് കളക്ടർക്ക് കൈമാറിയിട്ടുണ്ടെന്ന് അറിയാൻ കഴിഞ്ഞിരുന്നു. പഞ്ചായത്ത് സെക്രട്ടറിയും ടി.ഒയും സ്ഥലം സന്ദർശിക്കുകയും ഇത് സംബന്ധിച്ച് വേണ്ട നടപടികൾ എടുക്കുമെന്ന് അനൗദ്യോഗികമായി എന്നെ അറിയിക്കുകയും ചെയ്തിരുന്നു. അന്വേഷിക്കാൻ വന്നപ്പോൾ അവർ കുടിയിലേക്കും വന്നു. അവിടെന്ന് അവർ ജോൺസന്റെ വീട്ടിലേക്കും പോയിരുന്നു. ‘കുടിയിലുള്ള അഹങ്കാരം പിടിച്ച പെണ്ണിന് മാത്രമേ പ്രശ്നമൊള്ളൂ, പഠിച്ചതിന്റെ അഹങ്കാരത്തിലാണ് അവളിതെല്ലാം ചെയ്യുന്നത്, എസ്.ടികൾക്ക് വേണ്ടി ഞങ്ങൾ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്’ എന്നാണ് എന്നെ കുറിച്ചും ഈ സംഭവത്തെ കുറിച്ചും ജോൺസൺ അവരോടൊക്കെ പറഞ്ഞത് എന്നാണ് അറിഞ്ഞത്. മാത്രമല്ല കുന്നിന്റെ മുകളിലുള്ള ഉപയോഗപ്രദമല്ലാത്ത മറ്റൊരു വഴി കാണിച്ചകൊടുത്തിട്ട് അതാണ് ഞങ്ങൾ കാലങ്ങളായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വഴിയെന്ന് അവരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.” ഊരിലെ മനുഷ്യരുടെ നിസ്സഹായാവസ്ഥ വനിത വിശദീകരിച്ചു.
അന്വേഷണവുമായി ബന്ധപ്പെട്ട് വന്ന പൊലീസുകാരിൽ ചിലരും പക്ഷപാതപരമായാണ് പെരുമാറിയിട്ടുള്ളത് എന്നാണ് സംഭവവുമായി ബന്ധപ്പെട്ട് വനിത പറയുന്നത്. ഇത് ജോൺസന്റെ സ്ഥലമാണെന്നും, തങ്ങൾക്ക് വേണമെങ്കിൽ പടവുകളുള്ള വഴിയിൽ കൈവരി പിടിപ്പിച്ച് തരാമെന്നും ജോൺസൺ പലതവണയായി പറഞ്ഞിരുന്നുവെന്ന് വനിത പറയുന്നു. ഗ്രാമസഭയിലടക്കം ഈ പ്രശ്നം ഉന്നയിച്ചപ്പോഴും വാർഡ് മെമ്പറും ഇതുതന്നെയായിരുന്നു സ്ഥിരം തങ്ങളോട് പറഞ്ഞിരുന്നതെന്നും വനിത കൂട്ടിചേർത്തു. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സമർപ്പിച്ച റിപ്പോർട്ടുകളെല്ലാം തന്നെ ജോൺസണ് അനുകൂലമായാണ് നൽകിയിരിക്കുന്നത്. വില്ലേജ് ഓഫീസിൽ നിന്ന് സമർപ്പിച്ച റിപ്പോർട്ടും ജോൺസണ് അനുകൂലമായി തന്നെയാണെന്നും, തങ്ങൾക്ക് അനുകൂലമായി ആരും റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്നുള്ള കാര്യവും വനിത ഓർമ്മപ്പെടുത്തുന്നു.
ഭൂമിയുടെ യഥാർത്ഥ അവകാശികളും കയ്യേറ്റക്കാരും
“ഞങ്ങളുടെ തലമുറ കഴിഞ്ഞ നൂറ് വർഷമായി ഉപയോഗിച്ചുവരുന്ന വഴിയാണ് ഇതെന്ന് ഞങ്ങൾ പറയുമ്പോൾ, ഇത് തന്റെ സ്വന്തം പട്ടയ ഭൂമിയാണ് അവിടെ മണ്ണിടാൻ താൻ ആരോടാണ് ചോദിക്കേണ്ടതെന്നാണ് ജോൺസൺ മറുവാദമുന്നയിക്കുന്നത്. മണ്ണിട്ടത് റിസോർട്ട് നിർമ്മിക്കാനാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. ഹിയറിങ്ങിന്റെ സമയത്തൊക്കെ ഞങ്ങളെല്ലാവരും കരുതിയത് ഇത് ജോൺസന്റെ പട്ടയഭൂമി തന്നെയാണ് എന്നായിരുന്നു. കാരണം കാലങ്ങളായി ഇവർ തന്നെ ഇവിടെ മരം വെച്ചുപിടിപ്പിക്കുന്നു, വലിയ മരങ്ങളൊക്കെ വെട്ടുന്നു, പക്ഷേ പിന്നീട് പഞ്ചായത്തുമായി ബന്ധപ്പെട്ട് രേഖകൾ പരിശോധിച്ചപ്പോഴാണ് 89 സെന്റ് വരുന്ന ഈ ഭൂമി സർക്കാർ ഭൂമിയാണ് എന്ന് ഞങ്ങൾക്ക് തന്നെ മനസിലായത്.” വനിത തുടർന്നു.
“ലൈഫ് മിഷൻ പദ്ധതിയിലൂടെ കുടിയിലേക്ക് പാസ്സാവുന്ന ഓരോ വീടും നിർമ്മിക്കാനായി പഞ്ചായത്ത് മുഖേന കോൺട്രാക്റ്റാണ് എടുക്കാറുള്ളത്. അതുകൊണ്ട് തന്നെ പഞ്ചായത്തും കോണ്ട്രാക്ടറും ജോൺസണും തമ്മിൽ നല്ല ബന്ധത്തിലാണ്. ജോൺസന്റെ വഴിയിലൂടെ വീട് നിർമ്മാണത്തിനാവശ്യമായ കൺസ്ട്രക്ഷൻ മെറ്റീരിയൽസ് എത്തിക്കുന്നതിനായി 30,000 രൂപയാണ് ജോൺസൺ ഓരോ വീട്ടുകാരുടെ അടുത്തുനിന്നും വാങ്ങിയിരുന്നത്. ഞങ്ങളുടെ വീട് കെട്ടിയിരുന്ന സമയത്ത് പഞ്ചായത്തിന് കൊടുക്കാതെ എന്റെ അനിയനാണ് കോൺട്രാക്ട് ഏറ്റെടുത്തത്. അതുകൊണ്ട് തന്നെ ജോൺസണ് പണം കൊടുക്കാതെയാണ് കൺസ്ട്രക്ഷൻ മെറ്റീരിയൽസ് ബുദ്ധിമുട്ടി ഞങ്ങൾ മുകളിലെത്തിച്ചത്. തലചുമടായി ചുമന്നും മറ്റൊരു മണ്ണ് വഴിയിലൂടെ ബൈക്കിൽ സാധനങ്ങൾ പകുതിവരെ എത്തിച്ചുമാണ് ഞങ്ങൾ വീടുപണി പൂർത്തിയാക്കിയത്. ഊരിൽ നിന്നും ഒരു ഗർഭിണിയായ സ്ത്രീയെ എടുത്തുകൊണ്ടുവരുന്നതിനിടെ വഴിയിൽ വെച്ച് അവർ പ്രസവിച്ച സംഭവമുണ്ടായിരുന്നു. വാഹനങ്ങളൊന്നും വരാത്തതുകൊണ്ട് തന്നെ രോഗികളെയൊക്കെ തുണിയിൽ ചുമന്നാണ് താഴേക്ക് കൊണ്ടുവരുന്നത്.”
“ഈ കാര്യങ്ങളൊക്കെ ഹിയറിങ്ങിൽ ഞങ്ങൾ പറഞ്ഞിരുന്നു. ജൂൺ- ജൂലൈ സമയമൊക്കെ ഭയങ്കര മഴയല്ലേ. ആ സമയത്തൊക്കെ വലിയ രീതിയിലുള്ള വഴുക്കൽ ഉണ്ടാവും. പടവുകളുടെ അടിയിൽ നിന്നും മുമ്പേ തന്നെ കുറച്ച് മണ്ണൊക്കെ എടുത്തുവെച്ചിരിക്കുന്നതുകൊണ്ട് തന്നെ വലിയ അപകടമായിരുന്നു. 2023 ഡിസംബർ മുതൽ 2024 ജൂലൈ വരെ ഞങ്ങൾ അതിലൂടെയാണ് നടന്നുകൊണ്ടിരുന്നത്. ഒന്നാമത് അതിന് കൈവരിയോ മറ്റോയില്ല. അരിയും സാധനങ്ങളും പോലും എടുത്തകൊണ്ടുപോവാൻ വലിയ ബുദ്ധിമുട്ടായിരുന്നു. സ്റ്റെപ്പിൽ നിന്നും കാല് തെറ്റി വീണ് ഒരാളുടെ കയ്യൊടിഞ്ഞിരുന്നു. ഏഴ് ദിവസത്തിനുള്ളിൽ മണ്ണ് മാറ്റാനായി ഉത്തരവുണ്ടായിട്ടും ജോൺസണും അയാളുടെ അനിയൻ ഫ്രാൻസിസും മണ്ണുമാറ്റാൻ തയ്യാറായിരുന്നില്ല.”
“എസ്.സി/ എസ്.ടി കമ്മീഷനിലെ അഡ്വക്കേറ്റിനോട് ഈ പ്രശ്നത്തെ പറ്റി സംസാരിച്ചിരുന്നു. അടുത്ത കമ്മീഷന്റെ ഹിയറിങ്ങിൽ എന്തായാലും ഈ കാര്യം പറയാമെന്നാണ് അവർ മറുപടി തന്നത്. ഹിയറിങ്ങിന്റെ തലേദിവസമാണ് ജോൺസണും കൂട്ടരും കുറച്ച് മണ്ണ് മാത്രം മാറ്റിയത്. ജെസിബി ഉപയോഗിച്ച് കൊണ്ടുവന്നിട്ട അത്രയും മണ്ണ് അപ്പുറത്തെ പറമ്പിൽ പണിയെടുത്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികളെ വെച്ച് മാറ്റാനായിരുന്നു ഇവർ തീരുമാനിച്ചത്. പഞ്ചായത്ത് സെക്രട്ടറിയോട് ഇക്കാര്യം നടക്കില്ല, ജെസിബി ഉപയോഗിച്ച് തന്നെ ചെയ്യണമെന്ന് പറഞ്ഞപ്പോൾ മാത്രമാണ് ജെസിബി പോലും അവർ കൊണ്ടുവന്നത്. എന്നിട്ടും വഴിയുടെ കുറച്ച് ഭാഗം മാത്രമാണ് തുറന്നത്. രണ്ടാമത് സബ് കളക്ടറെ പോയി കണ്ടതിന് ശേഷമാണ് വില്ലേജ് ഓഫീസർ ശരിയായ റിപ്പോർട്ട് കൊടുക്കുന്നത്.” വനിത പറയുന്നു. പിന്നീട് സബ് കളക്ടറെ കാണാൻ ചെന്നപ്പോൾ ഇതിന് എന്തായാലും ഒരു പ്രതിവിധിയുണ്ടാവുമെന്നാണ് ഉദ്യോഗസ്ഥർ വനിതയോട് പറഞ്ഞിരിക്കുന്നത്.
വഴിയിൽ നിന്നും മണ്ണ് മാറ്റാനുള്ള ഉത്തരവുണ്ടായിട്ടും ഇപ്പോഴും അത് ഗൗനിക്കാതെ, രാഷ്ട്രീയ സാമ്പത്തിക പിൻബലം കൊണ്ട് ഭൂമി കയ്യേറ്റത്തെ നിയമവിധേയമാക്കാൻ ശ്രമിക്കുന്ന സ്വകാര്യവ്യക്തികൾ നിഷേധിക്കുന്നത് ഒരു ജനതയുടെ മാന്യമായി ജീവിക്കാനുള്ള അവകാശത്തെയാണ്. സഞ്ചാരയോഗ്യമായ റോഡും വഴിയും സ്വന്തം ഊരിലേക്ക് വേണമെന്നുള്ള ഏറ്റവും അടിസ്ഥാനപരമായ ആവശ്യമാണ് മറയൂർ കരിമുട്ടിക്കുടിയിലെ മനുഷ്യർ മുന്നോട്ടുവയ്ക്കുന്നത്.