Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
“സമ്പന്നരായ ഹിന്ദുക്കൾക്ക് അവരുടെ ഭൂമിയിൽ മാത്രമാണ് താല്പര്യം. അവരുടെ വിവാഹാഘോഷങ്ങളിൽ പാടാനും ആടാനും വേണ്ടിമാത്രം ഞങ്ങളെ ഉപയോഗിക്കുന്നു. ഞങ്ങളെ സഹായിക്കാൻ അവർ തയ്യാറാകണമെങ്കിൽ ഞങ്ങൾ പന്നി മാംസവും പശു മാംസവും കഴിക്കുന്നത് നിർത്തണമെന്ന് അവർ പറയും. ഹിന്ദുക്കളുടെ നോട്ടത്തിൽ ഞങ്ങൾ സന്താളികൾ ഒന്നുകിൽ ക്രിസ്ത്യാനികളോ അല്ലെങ്കിൽ അങ്ങേയറ്റം പോയാൽ സഫാ ഹറുകളോ ആയിരിക്കണം. ഞങ്ങളുടെ സർനാ വിശ്വാസവും സ്വത്വവും വേരുകളും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഞങ്ങൾ എവിടെയുമില്ലാതെ അസ്തിത്വം നഷ്ടപ്പെട്ട്, പിറന്ന മണ്ണിൽ അന്യരായി മാറികൊണ്ടിരിക്കുന്നു.” (ആദിവാസി നൃത്തം ചെയ്യാറില്ല)
ഝാർഖണ്ഡിലെ ആദിവാസി വിഭാഗമായ സന്താൾ ഗോത്രത്തിൽ നിന്നും വരുന്ന എഴുത്തുകാരനാണ് ഹൻസ്ദാ സൗവേന്ദ്ര ശേഖർ. സന്താൾ ജനതയുടെ ജീവിതവും ചെറുത്തുനിൽപ്പുകളും പ്രതിഷേധങ്ങളുമാണ് തന്റെ ആദ്യ കഥാസമാഹാരമായ ‘ആദിവാസി നൃത്തം ചെയ്യാറില്ല’ എന്ന പുസ്തകത്തിലൂടെ സൗവേന്ദ്ര ശേഖർ പറയുന്നത്. എന്നാൽ ഈ പുസ്തകവുമായി ബന്ധപ്പെട്ട് വ്യക്തി ജീവിതത്തിലും പ്രൊഫഷണൽ ജീവിതത്തിലും വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ട് ഡോക്ടർ കൂടിയായ ഹൻസ്ദാ സൗവേന്ദ്ര ശേഖറിന്. പുസ്തകത്തിലെ ചെറുകഥകൾ സന്താൾ സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്നതാണെന്നും സന്താൾ സംസ്കാരത്തെ മറ്റൊരു തരത്തിൽ ചിത്രീകരിക്കുന്നതാണെന്നും ആരോപിച്ച് ഝാർഖണ്ഡിലെ ബി.ജെ.പി സർക്കാർ 2017 ആഗസ്റ്റ് 11 ന് ‘ആദിവാസി നൃത്തം ചെയ്യാറില്ല’ എന്ന പുസ്തകം നിരോധിക്കുകയുണ്ടായി. കൂടാതെ മെഡിക്കൽ ഓഫീസറായ സൗവേന്ദ്ര ശേഖറിനെ സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്യുകയും ചെയ്തു. പിന്നീട് സാഹിത്യ-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ വലിയ പ്രതിഷേധങ്ങൾക്കൊടുവിൽ ആ വർഷം ഡിസംബറിലാണ് പുസ്തകത്തിന്റെ നിരോധനം ഝാർഖണ്ഡ് സർക്കാർ പിൻവലിക്കുന്നത്. തുടർന്ന് 2018ലാണ് സൗവേന്ദ്ര ശേഖറിന് തിരിച്ച് സർവീസിൽ പ്രവേശിക്കാനായത്. പുസ്തകങ്ങളുടെ നിരോധനം ചരിത്രത്തിൽ പലയാവർത്തി സംഭവിച്ചിട്ടുള്ളതാണ്. അക്ഷരങ്ങളെ എല്ലാകാലത്തും ഫാസിസ്റ്റുകൾ ഭയന്നിട്ടുണ്ട്, അതുകൊണ്ട് തന്നെ സമകാലിക ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിലേക്ക് വരുമ്പോൾ എന്തുകൊണ്ട് സന്താൾ ഗോത്രത്തിൽ നിന്നും വരുന്ന ഒരു എഴുത്തുകാരന്റെ പുസ്തകം ബി.ജെ.പി സർക്കാർ നിരോധിക്കുന്നുവെന്നത് ഒരു രാഷ്ട്രീയ ചോദ്യമായി അവശേഷിക്കുന്നുണ്ട്. തന്റെ അസ്തിത്വത്തിലൂന്നിയ രാഷ്ട്രീയം തന്നെയാണ് ഹൻസ്ദാ ഓരോ കഥയിലൂടെയും പറയാൻ ശ്രമിക്കുന്നത്. അവർ മാംസം ഭക്ഷിക്കുന്നു, പുത്രന്മാർ, നവംബറിലെ കുടിയേറ്റം, സമരസപ്പെടൽ, ശത്രുവിനൊപ്പം ഭോജനം, നീലിച്ചുപോയ കുഞ്ഞ്, തൃഷ്ണ ദിവ്യത്വം മരണം, ആദിവാസി നൃത്തം ചെയ്യാറില്ല, ബസോ- ജി, വേശ്യകൾ തുടങ്ങീ പത്ത് കഥകളാണ് 2016ൽ ഹിന്ദു ലിറ്റററി പ്രൈസിന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ആദിവാസി നൃത്തം ചെയ്യാറില്ല എന്ന കഥാസമാഹാരത്തിലുള്ളത്. ( ഡോ. മുഞ്ഞിനാട് പത്മകുമാർ വിവർത്തനം ചെയ്ത്, എസ്.പി.സി.എസ് ആണ് മലയാളത്തിൽ ഈ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്.)
മായാത്ത, ശാശ്വതമായ കറുപ്പ്
2013ൽ ഝാർഖണ്ഡിലെ ജിൻഡാൽ തെർമൽ പവർപ്ലാന്റ് ഉദ്ഘാടനത്തിനായി അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖർജി എത്തിയതുമായി ബന്ധപ്പെട്ട് പവർപ്ലാന്റിനെതിരെയും മറ്റും പ്രതിഷേധം സംഘടിപ്പിച്ച സന്താൾ മനുഷ്യരെ പോലീസ് കസ്റ്റഡിയിലെടുത്തതും മർദ്ദിച്ചതും വലിയ ചർച്ചയായിരുന്നു. അത്തരമൊരു ഭരണകൂട ഭീകരതയുടെ പശ്ചാത്തലത്തിലാണ് ഹൻസ്ദാ സൗവേന്ദ്ര ശേഖർ ‘ആദിവാസി നൃത്തം ചെയ്യാറില്ല’ എന്ന കഥയെഴുതുന്നത്. വളരെയുറക്കെ തന്നെ സന്താൾ ജനതയുടെ അസ്തിത്വ പ്രശ്നങ്ങളും, വ്യവസായവത്കരണം ആദിവാസി ജനതയ്ക്കിടയിൽ സൃഷ്ടിച്ച പ്രത്യാഘാതങ്ങളും അതിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളും കഥയിലൂടെ ഹൻസ്ദാ പറയുന്നു. മംഗൾ മുർമു എന്ന ആദിവാസി ഗായകന്റെ ആത്മഗതത്തിലൂടെയാണ് കഥ തുടങ്ങുന്നത്. ആദിവാസികൾ ഇനിയൊരിക്കലും നൃത്തം ചെയ്യില്ലെന്നും തങ്ങളെ നൃത്തം ചെയ്യിച്ചുകൊണ്ട് കോർപ്പറേറ്റ് കമ്പനികളും ഭരണകൂടവും ആദിവാസി ഭൂമിയിൽ അധിനിവേശം നടത്തുന്നുവെന്നും മംഗൾ മുർമു പറയുന്നു.
“കൽക്കരി കമ്പനികളും ക്വാറിയുടമകളും ഞങ്ങളുടെ ഭൂമിയിൽ നിന്ന് ധാരാളം പണം സമ്പാദിച്ചുകൂട്ടി. അവർ പട്ടണങ്ങളിൽ വൻ മാളികകൾ പണികഴിപ്പിക്കുകയും വില കൂടിയ വസ്ത്രങ്ങൾ ധരിക്കുകയും അവരുടെ കുട്ടികളെ മുന്തിയ സ്കൂളുകളിൽ വിട്ട് പഠിപ്പിക്കുകയും ചെയ്തു. രോഗമുണ്ടാവുമ്പോൾ നല്ല ഡോക്ടർമാരുള്ള വലിയ നഗരങ്ങളിൽ അവർ ചികിത്സിക്കുന്നു. പകരം സന്താളുകൾക്ക് ലഭിക്കുന്നതെന്താണ്? രോഗങ്ങളാൽ ഞങ്ങൾക്ക് ശരിക്ക് ശ്വാസമെടുക്കാൻ കഴിയുന്നില്ല, ഞങ്ങൾ കഫവും രക്തവും ചുമച്ചുതുപ്പുന്നു.” മംഗൾ മുർമു പറയുന്നു. ആദിവാസി ഭൂമികളിൽ വികസനമെന്ന പേരിൽ ഭരണകൂടം കോർപ്പറേറ്റുകൾക്ക് വ്യവസായത്തിനും കടന്നുകയറ്റത്തിനുമുള്ള അനുമതി നൽകുമ്പോൾ എങ്ങനെയാണ് ആദിവാസികൾ തലമുറകളായി പിറന്നമണ്ണിൽ നിന്നും ഉന്മൂലനം ചെയ്യപ്പെടുന്നുവെന്ന് ഈ വരികളിലൂടെ ഹൻസ്ദാ വ്യക്തമാക്കുന്നു. കൽക്കരി ഖനികളും തെർമൽ പവർ പ്ലാന്റുകളുമടക്കമുള്ള വലിയ വ്യവസായങ്ങൾ ഉൾക്കൊള്ളുന്ന ഝാർഖണ്ഡ് ഇന്ത്യയുടെ പ്രധാനപ്പെട്ട വ്യവസായ നഗരങ്ങളിൽ ഒന്നുകൂടിയാണ്. കൽക്കരി ഖനികൾ മൂലം പ്രകൃതിയിലും മനുഷ്യരിലുമുണ്ടാവുന്ന നിറവ്യത്യാസത്തെ ‘മായാത്ത, ശാശ്വതമായ കറുപ്പ്’ എന്ന വാക്കുകളിലൂടെയാണ് ഹൻസ്ദാ ‘ആദിവാസി നൃത്തം ചെയ്യാറില്ല’ എന്ന കഥയിൽ അടയാളപ്പെടുത്തുന്നത്.
തെർമൽ പവർ പ്ലാന്റിന്റെ ഉദ്ഘാടനത്തിനായി ഗ്രാമത്തിലേക്ക് വരുന്ന ഇന്ത്യൻ രാഷ്ട്രപതിയെ വരവേൽക്കാനായി പരമ്പരാഗതമായ ആദിവാസി നൃത്തം അവതരിപ്പിക്കാനാണ് മംഗൾ മുർമുവിനെയും സംഘത്തെയും സർക്കാർ വൃത്തങ്ങൾ ഏർപ്പാടാക്കുന്നത്. ‘ആഹാരവും പണവും അംഗീകാരവും’ ആവശ്യമുള്ളതിനാൽ തന്നെ നൃത്തം അവതരിപ്പിക്കാൻ മംഗൾ മുർമു സമ്മതം മൂളുന്നു. എന്നാൽ തങ്ങളുടെ അസ്തിത്വവും ഭാവിയും ചോദ്യം ചെയ്യുന്ന തെർമൽ പവർ പ്ലാന്റിനെതിരെ രാഷ്ട്രപതിയോട് പ്രതിഷേധം അറിയിക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് മംഗൾ മുർമു നൃത്തപരിപാടി അവതരിപ്പിക്കാമെന്ന് ഉറപ്പ് നൽകുന്നത്. ആ ഒരു പ്രതിഷേധത്തിലൂടെ തങ്ങളുടെ ചെറുത്തുനിൽപ്പും പ്രതിരോധവും ലോകം മുഴുവൻ അറിയിക്കാമെന്ന് കരുതിയ മംഗൾ മുർമു പൊലീസ് ബൂട്ടുകൾക്ക് മുൻപിൽ പരാജയപ്പെടുകയാണുണ്ടായത്.
“ഞങ്ങളുടെ ഗ്രാമത്തിലെ മരങ്ങളും ചെടികളും കറുത്ത ഇലകളെ ചുമക്കുന്നു, ഞങ്ങളുടെ ചെമ്മൺ ഭൂമി കറുത്ത ഭൂമിയായി. കല്ലുകളും പാറകളും മണ്ണും എല്ലാം കറുത്തിരുണ്ടു. ഞങ്ങളുടെ മേൽക്കൂരയുടെ തീയിൽ ചുട്ട ചുവപ്പ് നഷ്ടമായി, അവയെല്ലാം കറുത്ത് കരിവാളിച്ചു. ഞങ്ങളുടെ വീടിന്റെ ഭിത്തികളിൽ ഞങ്ങൾ ഭരിച്ചിരുന്ന പൂക്കളുടെയും മയിലുകളുടെയും വർണ്ണങ്ങൾ കറുപ്പ് കൊണ്ട് മൂടപ്പെട്ടു. സ്വതവേ കറുത്തിരുണ്ട ഞങ്ങളുടെ പൊന്നോമനകൾ കറുത്ത പൊടിയാൽ കൂടുതൽ ഇരുണ്ടു, ഈ കുട്ടികൾ കരയുമ്പോൾ കണ്ണിൽ നിന്നുമൊഴുകുന്ന കണ്ണീർചാലുകൾ വറ്റിവരണ്ട ഭൂമിയെ മുറിച്ചുകൊണ്ട് ഒഴുകുന്ന ഒരു പുഴ പോലെ തോന്നിപ്പിക്കും.” കൽക്കരി ഖനനം ഒരു ഗ്രാമത്തിന്റെ ഭൂമിശാസ്ത്രവും മനുഷ്യരുടെ സൗന്ദര്യതലങ്ങളെയും മാറ്റിമറിക്കുന്നതെങ്ങനെയാണെന്ന് മംഗൾ മുർമുവിന്റെ ഈ മോണോലോഗിലൂടെ ഹൻസ്ദാ വെളിപ്പെടുത്തുന്നു. ഇത് സന്താൾ ഗോത്രത്തിന്റെ മാത്രം പ്രശ്നമോ രാഷ്ട്രീയമോ അല്ല, ലോകത്തെ എല്ലാ ഇന്റിജനസ് മനുഷ്യരും ഭൂമാഫിയയുടെ അധിനിവേശവും ഭരണകൂട ഭീകരതകളും പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ വികസനത്തിന്റെയും വ്യവസായത്തിന്റെയും പേരിൽ അവരിൽ ചിലരെല്ലാം ഈ ഭൂമിയിൽ നിന്നുതന്നെ തുടച്ചുനീക്കപ്പെടുന്നു. നഗരങ്ങൾക്കും വ്യവസായശാലകൾക്കും വേണ്ടി മനുഷ്യർ അവരുടെ ആവാസവ്യവസ്ഥയിൽ നിന്നുതന്നെ പതിയെ ഇല്ലാതെയായികൊണ്ടിരിക്കുന്നു.
“ക്യാമറയും തൂക്കി റിപ്പോർട്ടർമാർ അവിടെയെല്ലാം കറങ്ങിനടക്കുന്നുണ്ടായിരുന്നു, വലിയ ഡിഷ് ആന്റിനകൾ പിടിപ്പിച്ച മൂന്ന് വാനുകൾ വേദിക്ക് സമീപം പാർക്ക് ചെയ്തു. അതിൽ ഒരു വാഹനത്തിന്റെ വശത്ത് പ്രശസ്തമായ ഒരു ടിവി ചാനലിന്റെ ലോഗോ ഞാൻ തിരിച്ചറിഞ്ഞു. പൊലീസുകാരാൽ തടവിലാക്കപ്പെട്ട ഗ്രാമീണരുടെ ഭൂമി ഈ റിപ്പോർട്ടർമാർ സന്ദർശിച്ചിരുന്നെങ്കിൽ എന്ന് ഞാൻ അതിശയത്തോടെ വിചാരിച്ചു.” മംഗൾ മുർമു നിരാശയോടെ കഥയിലൊരിടത്ത് ഇങ്ങനെ പങ്കുവെക്കുണ്ട്. ആദിവാസികളുടെ പ്രതിഷേധങ്ങളോടും പ്രതിരോധങ്ങളോടും മുഖ്യധാര മാധ്യമങ്ങളുടെ കാഴ്ചപ്പാടിനെയും നിലപാടിനെയും വിമർശനവിധേയമാക്കുകയാണ് ഹൻസ്ദാ ഈ വരികളിലൂടെ.
“ഞങ്ങൾ പൊരുതുമ്പോൾ രാഷ്ട്രീയ നേതാക്കൾ ഇടപ്പെട്ടു, നേതാക്കൾ വന്നു, കന്യാസ്ത്രീകൾ വന്നു, പള്ളിവികാരികൾ വന്നു ഞങ്ങൾക്ക് പിന്തുണയുമായി. പക്ഷേ ഞങ്ങൾക്ക് നഷ്ടം. നഷ്ടത്തെത്തുടർന്ന് ഓരോരുത്തരും ഒഴിഞ്ഞുപോയി. നേതാക്കൾ റാഞ്ചിയിലേക്കും ദില്ലിയിലേക്കും അവർക്ക് തോന്നിയ ഇടത്തേക്കും പോയി. കന്യാസ്ത്രീകൾ തിരിച്ചുവന്നു, മിഷണറി വേലകൾക്കായി. പക്ഷേ ഞങ്ങളുടെ ഭൂമി ഞങ്ങളിലേക്ക് തിരിച്ചുവന്നില്ല.” മംഗൾ മുർമു പറയുന്നു. ഇത്തരമൊരു ആത്മഗതത്തിലൂടെ മിഷണറിമാരുടെ പ്രവർത്തനം ഏത് തരത്തിലാണ് സന്താൾ വിഭാഗങ്ങളെ ബാധിക്കുന്നതെന്നും സൗവേന്ദ്ര ശേഖർ വെളിപ്പെടുത്തുന്നു. ആദിവാസി വിഷയങ്ങളെ സംബന്ധിച്ച് ഏറെ ചർച്ചകൾ ഉയർന്നുവന്നുകൊണ്ടിരിക്കുന്ന സമകാലിക ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ ആദിവാസി നൃത്തം ചെയ്യാറില്ല എന്ന ചെറുകഥ വലിയ പ്രാധാന്യമാണ് അർഹിക്കുന്നത്. മംഗൾ മുർമുമാർ ഇപ്പോഴും ഉണ്ടായികൊണ്ടിരിക്കുകയാണ്. എന്നാൽ അവരുടെ ശബ്ദമോ അതിജീവനമോ ലോകമറിയുന്നില്ല, അതെല്ലാം കൃത്യമായി അടിച്ചമർത്തപ്പെടുന്നു.
ജീവിതമെന്ന പ്രതിരോധം
സമാഹാരത്തിലെ ഓരോ കഥകളും സന്താൾ ഗോത്രത്തിന്റെ ജീവിതമെന്ന പ്രതിരോധത്തിലൂന്നിയുള്ളതാണ്. ഹൻസ്ദാ സൗവേന്ദ്ര ശേഖറിനെ വിവാദത്തിലും വിലക്കിലും കൊണ്ടുചെന്നെത്തിച്ച ‘നവംബറിലെ കുടിയേറ്റം’ (November Is The Month of Migration) എന്ന ചെറുകഥ ഝാർഖണ്ഡിൽ നിന്നും പശ്ചിമ ബംഗാളിലെ ബർധമാനിലേക്ക് തൊഴിലന്വേഷിച്ച് കുടിയേറ്റം ചെയ്യാൻ നിർബന്ധിരാവുന്ന തലമയ് എന്ന പെൺകുട്ടിയുടെ സന്താളി കുടുംബത്തെ പറ്റിയുള്ളതാണ്. ബർധമാനിൽ ആ കുടുംബത്തെ കാത്തിരിക്കുന്നത് സെമീന്ദർമാരുടെ വയലുകളാണ്!
ബംഗാളിലേക്കുള്ള ട്രെയ്ൻ വരാൻ സ്റ്റേഷനിൽ കാത്തുനിൽക്കുമ്പോൾ തലമയ് എന്ന സന്താൾ യുവതി റെയിൽവേസുരക്ഷാ ഉദ്യോഗസ്ഥനാൽ ലൈംഗികവൃത്തിക്ക് പ്രേരിപ്പിക്കപ്പെടുന്നതാണ് ‘നവംബറിലെ കുടിയേറ്റം’ എന്ന ചെറുകഥയുടെ പ്രമേയം. വെറും അൻപത് രൂപയും റൊട്ടികഷ്ണവും ‘പ്രതിഫലമായി’ നൽകിയാണ് റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥൻ ആ പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നത്. എന്തുകൊണ്ട് ഒരു സന്താൾ യുവതിക്ക് ഇത്തരമൊരു പ്രവർത്തിക്ക് ഇരയാവേണ്ടി വന്നുവെന്നത് സമൂഹത്തിനോട് തന്നെയുള്ള ഒരു ചോദ്യമായി അവശേഷിപ്പിക്കുകയാണ് ‘നവംബറിലെ കുടിയേറ്റം’ എന്ന കഥയിലൂടെ ഹൻസ്ദാ സൗവേന്ദ്ര ശേഖർ. നാളെ തലമയ്ക്ക് പകരം മറ്റൊരു പെൺകുട്ടിയാവാം ചിലപ്പോൾ ഇത്തരത്തിൽ അക്രമത്തിന് ഇരയാവുന്നത് എന്നുള്ള സാധ്യതയും ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ സാഹചാര്യത്തിൽ ഹൻസ്ദാ കഥയിലൂടെ പറഞ്ഞുവെക്കുന്നു. സന്താൾ സ്ത്രീകളോടുള്ള വ്യവസ്ഥാപിതമായ ഹിംസയെ പറ്റിയും അതിന്റെ കാരണങ്ങളെ പ്രതിവിധിയെ കുറിച്ചും ചർച്ച ചെയ്യുന്നതിന് പകരം ഭരണകൂടം പുസ്തകം നിരോധിക്കുകയും എഴുത്തുകാരനെ ജോലിയിൽ നിന്ന് സസ്പെന്റ് ചെയ്യുകയും ചെയ്തു എന്നതാണ് ഏറ്റവും ഖേദകരം. രണ്ട് തരം പേടികളാണ് ആ സമയത്ത് തന്നെ മൂടി നിന്നത് എന്ന് സൗവേന്ദ്ര ശേഖർ ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. ഒന്ന് തനിക്ക് ഇനിയൊരിക്കലും എഴുതാൻ കഴിയില്ലേ എന്നുള്ള ഭയം. രണ്ട്, അടുത്ത മാസം ശമ്പളം കിട്ടിയില്ലെങ്കിൽ താൻ എങ്ങനെ ജീവിക്കുമെന്ന ഭയം. ഇത്തരം ഭയപ്പെടുത്തലുകൾ തന്നെയാണ് ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഏറ്റവും ആദ്യത്തെ തന്ത്രം എന്ന് നമ്മൾ ഓർക്കേണ്ടതുണ്ട്.
‘അവർ മാംസം ഭക്ഷിക്കുന്നു’ (They Eat Meat) എന്ന ചെറുകഥയും സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ ഏറെ ചർച്ച ചെയ്യപ്പെടേണ്ട ഒന്നാണ്. ഝാർഖണ്ഡിൽ നിന്നും ഗുജറാത്തിലെ വഡോദരയിലേക്ക് ജോലിയിൽ സ്ഥലമാറ്റം ലഭിക്കുകയും അവിടേക്ക് കുടിയേറ്റം ചെയ്യാൻ നിർബന്ധിതരാവുകയും ചെയ്ത ബിരാംകുമിങ്ങിന്റെയും ഭാര്യ പൻമുനി ജിയുടെയും കുടുംബത്തിന്റെ കഥയാണ് അവർ മാംസം ഭക്ഷിക്കുന്നു. ഭുവനേശ്വറിൽ നിന്നും വഡോദരയിലേക്ക് പറിച്ചുനട്ടപ്പോൾ പൻമുനി ജിക്കും കുടുംബത്തിനും നഷ്ടമായത് അവരുടെ ഭക്ഷണ സംസ്കാരം കൂടിയാണ്. ആരൊക്കെ എന്തൊക്കെ ഭക്ഷണം കഴിക്കാൻ പാടില്ല എന്നുള്ള ഫാസിസ്റ്റ് നയം വലതുപക്ഷ ശക്തികൾ ഇന്ത്യയിൽ നടപ്പിലാക്കുമ്പോൾ ‘അവർ മാംസം ഭക്ഷിക്കുന്നു’ എന്ന കഥ ഏറെ പ്രാധാന്യമർഹിക്കുന്നു. 1999-ൽ തന്റെ ഭർത്താവിന് വഡോദരയിലേക്ക് സ്ഥലമാറ്റം കിട്ടി എന്നറിഞ്ഞപ്പോൾ തന്നെ പാചക വിദഗ്ധയായ പൻമുനി ജി അവിടെ പോയി എന്ത് ഭക്ഷണം കഴിക്കുമെന്ന ആശങ്കയാണ് ഭർത്താവിനോട് ആദ്യം പങ്കുവെച്ചത്. മാംസവും മുട്ടയും കഴിക്കുന്നവരുമായി ഇടകലർന്നd ജീവിക്കാൻ വഡോദരയിലെ ജനങ്ങൾ ഇഷ്ടപ്പെടാത്തതുകൊണ്ട് തന്നെ അന്യനാട്ടിൽ നിന്നും വരുന്നവർക്ക് അവിടെ അതിജീവിക്കാൻ പ്രയാസമാണെന്ന് പൻമുനി ജി അവിടെയുള്ള തന്റെ കസിൻ സഹോദരിയിൽ നിന്നും മനസിലാക്കുന്നു. വഡോദരയിലെത്തി ആദ്യ കൂടികാഴ്ചയിൽ തന്നെ അവരുടെ സവർണ്ണനായ വീട്ടുടമസ്ഥൻ റാവു, ബിരാംകുമിങ്ങിന്റെ ജാതിയും ഗോത്രവും ചോദിച്ചറിയുകയും വഡോദരക്കാരുടെ ശുദ്ധതാവാദത്തെ കുറിച്ച് വാനോളം പുകഴ്ത്തുകയും ചെയ്തു. മാത്രമല്ല ഝാർഖണ്ഡിൽ നിന്നാണ് വരുന്നത് എന്ന് പറയുന്നതിന് പകരമായി ഭുവനേശ്വർ എന്ന വലിയ നഗരത്തിൽ നിന്നുമാണ് വരുന്നതെന്ന് പറയാനും, തങ്ങളുടെ ആദിവാസി സ്വത്വം പുറത്തു പറയാതിരിക്കാനും പ്രത്യേകം ഓർമ്മിപ്പിക്കുന്നുമുണ്ട്. ഇവിടെയെല്ലാം ഇന്ത്യയുടെ പൊതുബോധമെന്ന ഹിന്ദുത്വം സവർണ്ണരിൽ പടർന്നിരിക്കുന്നത് ഏതൊക്കെ തരത്തിലാണെന്നും, അത്തരമൊരു പൊതുബോധ നിർമ്മിതി ബഹുജനങ്ങളിൽ എങ്ങനെയാണ് അടിച്ചേൽപ്പിക്കുന്നതെന്നും ‘അവർ മാംസം ഭക്ഷിക്കുന്നു’ എന്ന ചെറുകഥയിലൂടെ ഹൻസ്ദാ പറയുന്നു. മുട്ട വാങ്ങുന്നതും പാകം ചെയ്യുന്നതും ഏറ്റവും വലിയ നിയമലംഘനമായാണ് സവർണ്ണർ ഭുവനേശ്വറിൽ കണ്ടിരുന്നത്.
2000ത്തിന് ശേഷം നടക്കുന്ന കഥയായതുകൊണ്ട് തന്നെ ഗോധ്ര സംഭവത്തിന് പിന്നാലെ ഉണ്ടായ ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള പരാമർശങ്ങളും കഥയിലുടനീളം കാണാൻ സാധിക്കും. ഗുജറാത്ത് വംശഹത്യ സമയത്ത് തങ്ങളുടെ ഹൗസിങ്ങ് കോളനിയിലുള്ള ഒരു മുസ്ലീം കുടുംബത്തെ ജയ് ശ്രീറാം മുഴക്കികൊണ്ട് ഹിന്ദു കലാപകാരികൾ ആക്രമിക്കാൻ ഒരുമ്പെടുമ്പോൾ തടയിടുന്നത് പൻമുനി ജിയും കോളനിയിലെ മറ്റ് സ്ത്രീകളും ചേർന്നാണ്. ഗുജറാത്ത് വംശഹത്യയുടെതായി ഇന്നും ഓർമ്മിക്കപ്പെടുന്ന രണ്ട് പേരാണ് കുത്ത്ബുദ്ദീൻ അൻസാരിയും അശോക് മോച്ചിയും. മുസ്ലീം വംശഹത്യയിൽ ഇരയാക്കപ്പെട്ട് നിസ്സഹായതയോടെ കൈകൂപ്പുന്ന കുത്ത്ബുദ്ദീൻ അൻസാരിയുടെ മുഖവും വംശഹത്യയുടെ എല്ലാ ഭീകരതയും വെളിവാകുന്ന അശോക് മോച്ചിയുടെ മുഖവും ആർക്കും മറക്കാൻ കഴിയുന്നതല്ല. എങ്ങനെയാണ് അശോക് മോച്ചിമാരെയും കുത്ത്ബുദ്ദീൻ അൻസാരിമാരെയും ഹിന്ദുത്വ ഭരണകൂടം സൃഷ്ടിച്ചെടുക്കുന്നതെന്ന സൂചനയും ‘അവർ മാംസം ഭക്ഷിക്കുന്നു’ എന്ന ചെറുകഥയിൽ പ്രതിഫലിക്കുന്നുണ്ട്. വംശഹത്യയ്ക്ക് ശേഷം വഡോദരയിൽ നിന്നും സ്ഥലമാറ്റം കിട്ടി ബിരാംകുമിങ്ങും കുടുംബവും റാഞ്ചിയിൽ തിരിച്ചെത്തുന്നുണ്ട്. ഈ നഗരത്തിൽ ഒരാൾ എന്ത് ഭക്ഷിക്കുന്നുവെന്ന് മറ്റൊരാൾ ഗൗനിക്കുന്നതേയില്ല എന്ന വാചകത്തോടെയാണ് കഥയവസാനിക്കുന്നത്. ഹിന്ദുത്വയ്ക്ക് എതിരായ ഒരു രാഷ്ട്രീയ പ്രസ്താവന കൂടിയായി മാറുന്നു ഈ വാചകം.
വേശ്യകൾ (Merely a whore) എന്ന ചെറുകഥയിലേക്ക് വന്നാലും സന്താൾ സ്ത്രീകളുടെ അതിജീവനവും പ്രശ്നങ്ങളും നമ്മുക്കവിടെ കാണാം. സോന എന്ന ലൈംഗികതൊഴിലാളിക്ക് നിർമ്മൽ എന്ന തന്റെ ‘കസ്റ്റമറോട്’ തോന്നുന്ന പ്രേമമെന്ന വികാരത്തെ പറ്റിയും, എന്നാൽ എങ്ങനെയാണ് കാലങ്ങളായി പുരുഷൻ സ്ത്രീകളെ ഒരു ഉപഭോഗ വസ്തു മാത്രമായി കാണുന്നുതെന്നും ഒരു സന്താൾ സ്ത്രീയെ മുൻനിർത്തി ഹൻസ്ദാ സൗവേന്ദ്ര ശേഖർ ഈ കഥയിലൂടെ വിമർശനവിധേയമാക്കുന്നു. സന്താൾ ജനതയുടെ പൊതുജനാരോഗ്യം, ചരിത്രപരമായി അവർ നേരിട്ടുകൊണ്ടിരിക്കുന്ന പുറന്തള്ളലുകൾ, മിഷണറിമാരുടെ പ്രവർത്തനങ്ങൾ സന്താൾ ജനതയിൽ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ആഘാതം, പൊലീസിന്റെയും ഭരണകൂടത്തിന്റെയും വ്യവസ്ഥാപിതമായ ഹിംസ, ഭൂമാഫിയയുടെയും കോർപ്പറേറ്റ് വ്യവസായങ്ങളുടെയും കടന്നുകയറ്റം തുടങ്ങീ നിരവധി സമകാലിക വിഷയങ്ങളിലൂന്നിയാണ് സൗവേന്ദ്ര ശേഖർ കഥ പറഞ്ഞുപോകുന്നത്. ശക്തവും ആഴത്തിലുള്ളതുമായ പത്ത് കഥകളിലൂടെ ഇന്ത്യൻ- ഇംഗ്ലീഷ് സാഹിത്യത്തിൽ തന്റെ നിലനിൽപ്പുകൂടിയാണ് സൗവേന്ദ്ര ശേഖർ അടയാളപ്പെടുത്തുന്നത്. അതിൽ തന്നെ പ്രധാനമായും തന്റെ സന്താൾ അസ്തിത്വം എല്ലാ കഥകളിലും പ്രതിഫലിക്കുന്നതായും കാണാൻ കഴിയും. എന്നിരുന്നാലും ‘ആദിവാസി എഴുത്തുകാരൻ’ എന്ന ലേബലിനോട് താൻ ഒരിക്കലും യോജിക്കുന്നുന്നില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. പക്ഷേ സാഹിത്യമെന്ന മാധ്യമത്തെ ഒരു പൊളിറ്റിക്കൽ ടൂൾ ആയി തന്നെയാണ് സൗവേന്ദ്ര ശേഖർ ഉപയോഗപ്പെടുത്തിയിട്ടുള്ളത് എന്ന് കഥകളിൽ കാണാം.
ആദ്യ നോവലായ The Mysterious Ailment of Rupi Baskey (2014) എന്ന പുസ്തകത്തിലൂടെ കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം ഹൻസ്ദാ സൗവേന്ദ്ര ശേഖർ സ്വന്തമാക്കിയിരുന്നു. കൂടാതെ ഈ പുസ്തകം ക്രോസ്വേർഡ് ബുക്ക് അവാർഡിനും ഹിന്ദു ലിറ്റററി പ്രൈസിനും ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുകയും, ഡബ്ലിൻ ലിറ്റററി അവാർഡിനായി ലോങ്ങ് ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. Jwala Kumar and the Gift of Fire: The Dragon who came to Champakbagh എന്ന കുട്ടികൾക്കുള്ള പുസ്തകം 2018 ലാണ് പുറത്തിറങ്ങുന്നത്. My Father’s Garden (2019), I Named My Sister Silence(2023) എന്നീ സൗവേന്ദ്ര ശേഖറിന്റെ ഏറ്റവും പുതിയ നോവലുകൾ ജെ.സി.ബി അവാർഡിന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുമുണ്ട്. ഫ്ലാറ്റുകളിൽ ജീവിച്ച്, ആഡംബര വാഹനങ്ങളിൽ സഞ്ചരിക്കുന്ന സവർണ്ണർ ക്ലൈമറ്റ് ആക്റ്റിവിസ്റ്റുകളായി മുഖ്യധാര വേദികൾ കയ്യടക്കുകയും കാലാകാലങ്ങളായി പ്രകൃതിയുടെ സംരക്ഷകരും സഹചാരികളുമായി ജീവിച്ചുകൊണ്ടിരിക്കുന്ന തദ്ദേശീയ ജനതയെ മാവോയിസ്റ്റുകളായി മുദ്രകുത്തി ഭരണകൂടം വേട്ടയാടുകയും ചെയ്യുന്ന ഇന്ത്യൻ വൈരുദ്ധ്യത്തിൽ സൗവേന്ദ്ര ശേഖറിന്റെ എഴുത്തുകൾ പ്രസക്തമായ സംവാദമണ്ഡലങ്ങൾ തുറക്കുന്നുണ്ട്.