Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ലെസ്ബിയൻ പങ്കാളിയെ വീട്ടുകാർ ബലം പ്രയോഗിച്ച് കൂടെ കൊണ്ടുപോയ ശേഷം ജൂൺ 9ന് കേരള ഹെെക്കോടതിയിൽ സുമയ്യ ഷെറിൻ എന്ന ഇരുപത്തിയൊന്നുകാരി സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജി കേരള സമൂഹത്തിലെ സ്വവർഗാനുരാഗികളുടെ അവകാശ സ്വാതന്ത്ര്യങ്ങളെക്കുറിച്ചും നിയമസംവിധാനത്തിന്റെ അപര്യാപ്തതകളെക്കുറിച്ചും നിരവധി ചോദ്യങ്ങളാണ് ഉയർത്തുന്നത്. അഫീഫയെ വീട്ടുകാർ തടഞ്ഞുവച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സുമയ്യ നൽകിയ ഹേബിയസ് കോർപസ് ഹർജി ക്ലോസ് ചെയ്തത് ജസ്റ്റിസ് പി.ബി സുരേഷ് കുമാർ, ജസ്റ്റിസ് ശോഭന അന്നമ്മ ഈപ്പൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ചാണ്. വീട്ടുകാർക്കൊപ്പം പോയാൽ മതിയെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ അഫീഫയെ രക്ഷിതാക്കൾക്കൊപ്പം തന്നെ കോടതി വിടുകയായിരുന്നു. എന്നാൽ ദിവസങ്ങൾക്കുള്ളിൽ, ഒരു സ്വകാര്യ ആശുപത്രിയിൽ കൺവേർഷൻ തെറാപ്പിക്ക് കുടുംബം വിധേയമാക്കിയ കാര്യം സുമയ്യയെ ഫോൺ സന്ദേശത്തിലൂടെ അഫീഫ അറിയിക്കുകയുണ്ടായി. തുടർന്ന് വീട്ടിൽ നിന്നും അഫീഫയെ മാറ്റാൻ വേണ്ടി പോയ, സാമൂഹ്യനീതി വകുപ്പിന്റെ ഭാഗമായ വനിതാ സുരക്ഷാ ഓഫീസർമാർക്ക് ആൾക്കൂട്ട ആക്രമണം നേരിടേണ്ടിവരികയും ചെയ്തു. അവർ പകർത്തിയ വീഡിയോയിൽ അഫീഫയെ ബലപ്രയോഗത്താൽ നിർബന്ധിക്കുന്ന കുടുംബാംഗങ്ങളെയും പുരുഷന്മാരുടെ ആൾക്കൂട്ടത്തെയും കാണാമായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തെങ്കിലും കോടതി തീർപ്പാക്കിയ വിഷയത്തിൽ ഇനി അഫീഫ എവിടെയാണെന്ന് കണ്ടെത്തണമെങ്കിൽ കലക്ടറുടെ ഉത്തരവ് വേണം എന്നതായിരുന്നു പൊലീസ് ചൂണ്ടിക്കാണിച്ച സാങ്കേതിക തടസം.
കഴിഞ്ഞ ജനുവരി 27നാണ് സുമയ്യയും അഫീഫയും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി എറണാകുളത്ത് താമസം തുടങ്ങുന്നത്. അതിനിടെയാണ് അഫീഫയെ വീട്ടുകാര്‍ ബലം പ്രയോഗിച്ച് കൂട്ടിക്കൊണ്ടുപോകുന്നതും തുടര്‍ന്ന് അഫീഫയെ കാണാനില്ലെന്ന് കാണിച്ച് സുമയ്യ ഹൈക്കോടതിയെ സമീപിക്കുന്നതും.
ആളെ ഹാജരാക്കാൻ എന്തിനാണ് പത്ത് ദിവസം?
മലപ്പുറം മജിസ്ട്രേറ്റ് കോടതിയിൽ നിന്നും ഒന്നിച്ച് ജീവിക്കാനുള്ള നിയമപരിരക്ഷ നേടിയ, പ്രായപൂർത്തിയായ യുവതികൾക്ക് സമാനമായ കേസുകളിലെ മുൻകാല വിധികൾ ഹൈക്കോടതിയിൽ സഹായകമായി മാറിയില്ല. സുമയ്യയുടെ ഹർജിയിൽ അഫീഫയെ ഹാജരാക്കുന്നതിന് പത്ത് ദിവസത്തെ സമയമാണ് കോടതി അനുവദിച്ചത്. അഫീഫ അപകടത്തിലാണെന്നും എത്രയും വേഗത്തിൽ കോടതിയിൽ ഹാജരാക്കണമെന്നുമായിരുന്നു സമുയ്യ ആവശ്യപ്പെട്ടതെങ്കിലും ഹർജിയോട് പ്രതികരിക്കുവാൻ പത്ത് ദിവസം ആവശ്യപ്പെടുകയായിരുന്നു അഫീഫയുടെ കുടുംബത്തെ പ്രതിനിധീകരിച്ച മുതിർന്ന അഭിഭാഷകൻ ബാബു കറുകപ്പാടത്ത്. ബാബു കറുകപ്പാടത്ത് ഉൾപ്പെടെ പതിനൊന്ന് അഭിഭാഷകരാണ് അഫീഫയുടെ കുടുംബത്തിന് വേണ്ടി ഹെെക്കോടതിയിൽ ഹാജരായത്.
ജൂൺ 19ന് കോടതിയിൽ ഹാജരാക്കിയപ്പോൾ രക്ഷിതാക്കൾക്കൊപ്പം പോകാൻ തയ്യാറാണെന്ന് പറഞ്ഞ അഫീഫ സുമയ്യയുമായി സ്നേഹബന്ധത്തിലായിരുന്നുവെന്നും ജഡ്ജിയോട് പറഞ്ഞിരുന്നുവെന്ന് കോടതി റിപ്പോർട്ടറായ മാധ്യമ പ്രവർത്തക ഷബ്ന സിയാദ് പറഞ്ഞു. “രാവിലെ ഓപ്പൺ കോർട്ടിൽ അഫീഫ വന്നു. ഉച്ചയ്ക്ക് ചേംബറിൽ കേൾക്കണമെന്ന് ജഡ്ജി പറഞ്ഞു. ആ കുട്ടി സുമയ്യയുമായി റിലേഷൻഷിപ്പിൽ ആയിരുന്നു എന്നും പാരന്റ്സിന്റെ കൂടെ പോയാൽ മതി എന്നും പറഞ്ഞു എന്നാണ് ഓർഡറിൽ നിന്നും വ്യക്തമാകുന്നത്.” ദി ഫോർത്ത് എന്ന മാധ്യമ സ്ഥാപനത്തിലെ റിപ്പോർട്ടറായ ഷബ്ന പറഞ്ഞു. പക്ഷെ സുമയ്യയും അഫീഫയും വേർപിരിഞ്ഞു എന്ന തരത്തിലാണ് വാർത്തകൾ വന്നത്. വിവിധ മാധ്യമസ്ഥാപനങ്ങൾ അവരുടെ താൽപര്യങ്ങൾ പ്രകടമാക്കുന്ന രീതിയിലുള്ള തലക്കെട്ടുകൾ നൽകി. ‘സുമയ്യക്കൊപ്പം പോകാൻ അഫീഫ തയ്യാറായില്ല’ എന്നും ‘ബന്ധം തുടരാൻ താൽപര്യമില്ല’ എന്ന് അഫീഫ പറഞ്ഞതായും വ്യാഖ്യാനങ്ങളുണ്ടായി. എന്നാൽ എന്താണ് യഥാർത്ഥത്തിൽ ഈ പത്ത് ദിവസങ്ങളിൽ അഫീഫയ്ക്ക് സംഭവിച്ചത് എന്ന കാര്യം ഈ മാധ്യമങ്ങളൊന്നും അന്വേഷിച്ചതേയില്ല.
“എന്റെ വിശ്വാസത്തിൽ അവൾ വരുമെന്നാണ്, പക്ഷേ അവളുടെ മാനസികാവസ്ഥയും കൂടെയും പരിശോധിച്ച് വേണമല്ലോ നമ്മൾ ചെയ്യാൻ. സപ്പോർട്ട് ചെയ്യുന്നവരുമുണ്ട്, ഡീഗ്രേഡ് ചെയ്യുന്നവരും ഉണ്ട്. അതിപ്പോൾ ഈ വീഡിയോക്കകത്ത് വരുന്ന കമന്റുകൾ കണ്ടാൽ മനസ്സിലാകും. സമൂഹം മാറിയിട്ടില്ല, മാറുമായിരിക്കും കുറച്ച് കഴിയുമ്പോൾ.” ഹേബിയസ് കോർപസ് ഹർജി പരിഗണിച്ചതിനെ തുടർന്ന് ജൂൺ പത്തിന് സുമയ്യ ന്യൂസ് 18ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണിത്. വീട്ടുകാർക്കൊപ്പം പോയാൽ അഫീഫ കൺവേർഷൻ തെറാപ്പിക്ക് വിധേയമാക്കപ്പെടുമെന്ന് സുമയ്യ ആദ്യമേ ഭയന്നിരുന്നു. സുമയ്യക്കൊപ്പം പോകണം എന്ന് ഡോക്ടറോട് പറഞ്ഞപ്പോൾ അത് ‘പ്രകൃതിവിരുദ്ധ’മാണ് എന്ന് ഡോക്ടർ പറഞ്ഞതായി അഫീഫ സുമയ്യയ്ക്ക് അയച്ച ടെക്സ്റ്റ് മെസേജുകളിൽ പറയുന്നുണ്ട്.
കൺവേർഷൻ തെറാപ്പി എന്ന അനധികൃത മെഡിക്കൽ പ്രാക്ടീസ് കേരളത്തിൽ നടക്കുന്നതിന് മറ്റൊരു തെളിവായിത്തീരുകയാണ് അഫീഫ പങ്കുവയ്ക്കുന്ന ഈ അനുഭവം. 2021-22 വർഷത്തെ കാലയളവിൽ, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൈക്യാട്രി പിജി വിദ്യാർത്ഥി ഡോ. ശ്രേയ മറിയം സലീം തീസിസിന്റെ ഭാഗമായി ക്വിയർ വ്യക്തികൾക്കിടയിൽ നടത്തിയ സർവ്വേയിൽ കേരളത്തിലെ 45 ശതമാനം പേർ കൺവേർഷൻ തെറാപ്പിക്ക് വിധേയരായിട്ടുണ്ട് എന്ന് വെളിപ്പെട്ടിട്ടുണ്ട്. 130 പേരാണ് സർവേയുടെ ഭാഗമായത്. ജൂൺ 2021 മുതൽ ജൂൺ 2022 വരെയുള്ള കാലയളവിനെയാണ് ഇവർ പഠന വിധേയമാക്കിയത്. കോവിഡ് പരിമിതികൾ കാരണം സാമൂഹ്യമാധ്യമങ്ങൾ വഴി നടത്തിയ സർവ്വേയിൽ കേരളത്തിൽ ഒരു ക്വിയർ വ്യക്തിയുടെ സെക്ഷ്വൽ ഓറിയന്റേഷൻ മാറ്റിയെടുക്കാനുള്ള ശ്രമങ്ങൾ കൂടുതലായി നടക്കുന്നുണ്ട് എന്നാണ് വ്യക്തമാകുന്നത്.
2018 സെപ്തംബർ 24ന് കേരള ഹൈക്കോടതിയിൽ ജസ്റ്റിസ് സി.കെ അബ്ദുൽ റഹീം, ജസ്റ്റിസ് ആർ നാരായണ പിഷാരടി എന്നിവർ പരിഗണിച്ച ഒരു ഹേബിയസ് കോർപസ് ഹർജിയിലെ വിധി സുമയ്യ തന്റെ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. മജിസ്ട്രേറ്റ് കോടതിയിൽ നിന്നും അനുകൂല വിധിയുണ്ടായിട്ടും രക്ഷിതാക്കൾ ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയ പങ്കാളിക്ക് വേണ്ടി കൊല്ലം സ്വദേശിനിയായ ശ്രീജ നൽകിയ ഹേബിയസ് കോർപസ് കേസായിരുന്നു അത്. പേരൂർക്കട സർക്കാർ മാനസികരോഗാശുപത്രിയിൽ സ്വന്തം താൽപര്യത്തിനെതിരായി കുടുംബം അഡ്മിറ്റ് ചെയ്ത ജീവിതപങ്കാളിയെ മോചിപ്പിക്കണമെന്നാവശ്യപ്പെടുന്നതായിരുന്നു കേസ്. പരാതിക്കാരിക്ക് ആശുപത്രിയിൽ വെച്ച് ഇവരെ കാണാൻ കഴിഞ്ഞിരുന്നു. ഇവർ രക്ഷിതാക്കളുടെ തടവിലാണെന്ന് കോടതിക്ക് ബോധ്യപ്പെടുകയുണ്ടായി. നവ്തേജ് സിങ് ജോഹാർ വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ കേസ്, ജെറി വി ജെറി ഡഗ്ലസ് വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ കേസ്, ഷഫിൻ ജഹാൻ വേഴ്സസ് അശോകൻ കേസ് എന്നിവയാണ് ആ വിധിയിൽ ഉദ്ധരിച്ചത്. സ്വവർഗ കമിതാക്കൾ ആയതിനാൽ വിവാഹത്തിനുള്ള നിയമസാധ്യതയില്ലെങ്കിലും പ്രൊട്ടക്ഷൻ ഓഫ് വിമെൻ ഫ്രം ഡൊമസ്റ്റിക് വയലൻസ് ആക്റ്റിന്റെ പരിധിയിൽ ഉൾപ്പെടുന്ന ലിവ് ഇൻ റിലേഷൻഷിപ്പിൽ തുടരാം എന്നും സൂചിപ്പിച്ചുകൊണ്ടാണ് കോടതി വിധി പ്രസ്താവം നടത്തിയത്. സാമൂഹ്യ മൂല്യങ്ങൾക്കും ധാർമ്മികതയ്ക്കും ഇടമുണ്ടെങ്കിലും അവയൊന്നും ഭരണഘടന ഉറപ്പുനൽകുന്ന സ്വാതന്ത്ര്യങ്ങൾക്ക് മുകളിലല്ല എന്നും കോടതി നിരീക്ഷിച്ചു.
ഒരുമിച്ച് ജീവിക്കാൻ താൽപര്യപ്പെടുന്ന, പ്രായപൂർത്തിയായ രണ്ടു വ്യക്തികളുടെ, സ്വവർഗ, ഇന്റർകാസ്റ്റ്, ഇന്റർഫെയ്ത് വിവാഹ, സഹജീവിത ബന്ധങ്ങളുടെ കാര്യത്തിൽ കോടതികൾ എത്തിച്ചേരാറുള്ള തീർപ്പ് ഫ്രീവിൽ- അഥവാ ‘സ്വതന്ത്രമായ താൽപര്യം’ എന്നതിന്റെ അടിസ്ഥാനത്തിലാണ്. 2022ൽ ലെസ്ബിയൻ പങ്കാളികളായ ആദില നസ്രിനും നൂറയ്ക്കും ഹെെക്കോടതി ഒരുമിച്ച് ജീവിക്കാൻ അനുമതി നൽകിയതും ഇതേ വ്യവസ്ഥ പ്രകാരമായിരുന്നു.
സുമയ്യയും അഫീഫയും
ഹയർ സെക്കൻഡറി പഠന കാലത്ത് പ്രണയത്തിലായവരാണ് ഇരുവരും. വീടുവിട്ടിറങ്ങിയ ശേഷം എറണാകുളം കോലഞ്ചേരിയിൽ റെയ്ൻബോ സ്മാർട്ട്ഫോൺ കഫേയിലാണ് ഇവർ ജോലി ചെയ്തിരുന്നത്. ജനുവരി 27ന് വീടുവിട്ടിറങ്ങിയതിനെ തുടർന്ന് രക്ഷിതാക്കൾ നൽകിയ കാണാതാകൽ പരാതിയിൽ മലപ്പുറം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാവുകയും ഒരുമിച്ച് ജീവിക്കലിന് നിയമപരിരക്ഷ ഉറപ്പാക്കുകയും ചെയ്തിരുന്നു ഇവർ. എന്നാൽ വീട്ടുകാർ എറണാകുളത്ത് ഇവരുടെ തൊഴിൽസ്ഥലത്തെത്തി അഫീഫയെ ബലം പ്രയോഗിച്ച് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. വീട്ടുകാർ ലൊക്കേഷൻ പിന്തുടർന്ന് വന്നത് വേണുഗോപാൽ എന്ന സെെബർവിങ്ങിലെ മുൻ ഉദ്യോഗസ്ഥന്റെ സഹായത്തോടെയാണെന്ന് സുമയ്യ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. എന്നാൽ, തന്റെ പരാതിയിൽ നടപടിയെടുക്കുന്ന കാര്യത്തിൽ സൈബർ വിങ്ങിൽ നിന്നും പ്രതികരണമൊന്നും ഉണ്ടായില്ല എന്നും സുമയ്യ പറഞ്ഞിട്ടുണ്ട്.
അഫീഫ വീട്ടുകാർക്കൊപ്പം പോകാൻ ആണ് താൽപര്യമെന്ന് ഹൈക്കോടതിയിൽ പറഞ്ഞതോടെ സുമയ്യ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറല്ലാത്ത അവസ്ഥയിലായി. എന്നാൽ ദിവസങ്ങൾക്കകം തന്നെ അഫീഫ സുമയ്യയെ ഫോണിൽ ബന്ധപ്പെടാനുള്ള ശ്രമങ്ങൾ നടത്തി. വീട്ടുകാരുടെ ഭീഷണി കാരണം അങ്ങനെ പറയേണ്ടിവന്നതാണെന്നും എത്രയും പെട്ടെന്ന് തന്നെ വീട്ടിൽനിന്നും പുറത്തെത്തിക്കണം എന്നും അഫീഫ അറിയിച്ചു. കോടതിയിൽ വന്നപ്പോൾ സെഡേറ്റഡ് ആയിരുന്നു എന്നും അഫീഫ പറഞ്ഞ ഫോൺ സന്ദേശങ്ങൾ സുമയ്യ പുറത്തുവിടുകയുണ്ടായി. ഹേബിയസ് കോർപസ് പരാതികളിൽ കോടതിയിൽ ഹാജരാക്കപ്പെടുന്ന വ്യക്തികളുടെ ആരോഗ്യാവസ്ഥ പരിശോധിക്കാൻ ഒരു സംവിധാനമില്ലാത്തതിന്റെ പ്രശ്നവും ഈ കേസ് ഉയർത്തുന്നുണ്ട്.
അഫീഫയുടെ മെസ്സേജുകൾ
ജൂൺ 27നാണ് സുമയ്യയുടെ നിയമപോരാട്ടത്തിന് പിന്തുണ നൽകുന്ന വനജ കലക്റ്റീവ് അഫീഫ അയച്ച മെസേജുകളും വനിത പ്രൊട്ടക്ഷൻ ഓഫീസർമാർ പകർത്തിയ വീഡിയോകളും പുറത്തുവിടുന്നത്.
“അവിടെനിന്ന് പോരുമ്പോൾ അവർ എന്നെ നിന്റെയടുത്തേക്ക് വിടില്ലെന്ന് ഉറപ്പായിരുന്നു. സുമയ്യ ഇല്ലാതെ പറ്റില്ല എന്ന കാര്യം അവർക്കൊപ്പം തിരിച്ചുവന്ന് മനസ്സിലാക്കിക്കൊടുക്കാമെന്നാണ് വിചാരിച്ചത്. പക്ഷേ അങ്ങനെയൊന്നും അല്ല നടന്നത്. നിന്റെയടുത്തേക്ക് പോകണം എന്നു പറഞ്ഞു ഞാൻ നിലവിളിച്ചപ്പോൾ ആരും നോക്കിയില്ല, ആർക്കും ഒന്നും മനസ്സിലായില്ല.”
“ഇവിടുന്ന് നേരെ പോയത് യൂണിവേഴ്സിറ്റി ഭാഗത്ത് ഒരു സെെക്യാട്രിസ്റ്റിന്റെ അടുത്തേക്കാണ്. അവിടെന്ന് കോഴിക്കോട് മനോഹർ ഹോസ്പിറ്റലിലേക്കും. അവിടെ അവർ ‘Unbalanced’ എന്നാണ് എന്റെ കണ്ടീഷൻ എഴുതിയത്. ‘Stressed’ എന്നും. അവിടെനിന്ന് ഞാൻ ഓടാൻ നോക്കി, അവരെന്നെ പിടിച്ചുവച്ചു. നഴ്സിനോട് ഞാൻ കാലുപിടിച്ച് പൊലീസിനെ വിളിക്ക് എന്ന് പറഞ്ഞു.”
“ഡോ. മനോഹർ, അങ്ങനെ എന്തോ ആണ് പേര്. അവരുടെ മോളും അവിടെത്തന്നെ ആണ്. പിന്നെ ഒരു ദിവസം എന്താണ് നടന്നതെന്ന് എനിക്കുതന്നെ അറിയില്ല. ഉറങ്ങുകയായിരുന്നു, അവിടെനിന്ന് എഴുന്നേറ്റപ്പോഴും ഞാൻ ഇതുതന്നെ പറഞ്ഞോണ്ടുനിന്നത്. പക്ഷേ ഡോക്ടർ അത് പ്രകൃതി വിരോധമാണ് എന്നൊക്കെ.”
“ഹെെകോടതിയിൽനിന്നാണ് എന്ന് പറഞ്ഞ് രണ്ടാളുകൾ വന്നിരുന്നു, അവരോടും ഞാൻ നിന്റെ അടുത്തേക്ക് പോകണം എന്ന് തന്നെയാണ് പറഞ്ഞത്…”
“ഒരു വികാരവും ഇല്ലാതെയായിരുന്നു കോടതിയിലേക്ക് വന്നത്.”
കോഴിക്കോടുള്ള മനോഹർ ഹോസ്പിറ്റൽ എന്ന സ്വകാര്യ ആശുപത്രിയിൽ വെച്ച് കൺവേർഷൻ തെറാപിക്ക് വിധേയമാക്കപ്പെട്ടിട്ടുണ്ട് എന്നാണ് അഫീഫയുടെ സന്ദേശങ്ങൾ വ്യക്തമാക്കുന്നത്.
ലെെംഗിക ന്യൂനപക്ഷ വിഭാഗങ്ങൾ മാനസിക രോഗികളാണ് എന്ന് സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകുന്ന ഒരു വിഭാഗം ഡോക്ടർമാരും മാനസികാരോഗ്യ പ്രവർത്തകരും ഇന്ത്യയിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട് എന്നതിനെക്കുറിച്ച് നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. കൺവേർഷൻ തെറാപിക്ക് വിധേയയായ ശേഷമുണ്ടായ മാനസിക സംഘർഷങ്ങൾക്കൊടുവിലാണ് ബെെസെക്ഷ്വൽ ആയി തിരിച്ചറിഞ്ഞ് കം ഔട്ട് ചെയ്ത അഞ്ജന ഹരീഷ് എന്ന വിദ്യാർത്ഥിനി 2020ൽ ആത്മഹത്യ ചെയ്തത്. ഹിന്ദു ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന സംഘടനയുടെ പ്രവർത്തകർ അഞ്ജനയെ കോഴിക്കോട്ടെ കരുണാസായിയിലും കോയമ്പത്തൂരിലെ ഡോ. എൻ.എസ് മോനി എന്ന സെെക്കോളജിസ്റ്റിന്റെ ക്ലിനിക്കിലും കൊണ്ടുപോയി കൺവേർഷൻ തെറാപിക്ക് വിധേയമാക്കുകയായിരുന്നു. പിന്നീട് പാലക്കാടുള്ള ഷാലോം എന്ന ഡി അഡിക്ഷൻ പ്ലസ് മെന്റൽ ഹെൽത് സെന്ററിലേക്കും അഞ്ജനയെ ഹിന്ദു ഡെമോക്രാറ്റിക് ഫ്രണ്ട് കൊണ്ടുപോയി. ഈ തടങ്കലിനെ അതിജീവിച്ച അഞ്ജനക്ക് ജീവിതം തുടരാൻ കഴിഞ്ഞില്ല.
ഡോ.എൻഎസ് മോനി സ്വവർഗ ലെെംഗികതയെ കണക്കാക്കിയിരുന്നത് ലഹരിക്ക് അടിപ്പെട്ടവരായാണ് എന്ന് ഡോ.മോനിയുടെ കൺവേർഷൻ തെറാപിയെ അതിജീവിച്ച ഗേ യുവാവ് ഗോകുൽ പറഞ്ഞിരുന്നു. മുപ്പതിനായിരം മുതൽ നാൽപതിനായിരം വരെയാണ് 2020ൽ ഡോ.എൻഎസ് മോനി ഫീസ് വാങ്ങിയിരുന്നത്. കോയമ്പത്തൂർ കോവെെ മെഡിക്കൽ സെൻട്രൽ ഹോസ്പിറ്റലിലുള്ള ഡോ. ശ്രീനിവാസും കൺവേർഷൻ തെറാപി ചെയ്യാറുണ്ട്, ഇത് ചികിത്സിച്ച് ഭേദമാക്കാവുന്ന രോഗമാണ് എന്നാണ് രക്ഷിതാക്കളോട് പറയാറുള്ളതെന്നും ഗോകുൽ പറഞ്ഞു. കേരളത്തിൽ അമൃത ഹോസ്പിറ്റലിലെ ഡോ. എൻ ദിനേഷിനെതിരെയും ഇന്റർകാസ്റ്റ്, ഇന്റർഫെയ്ത് പ്രണയബന്ധങ്ങളുള്ള യുവതികളും ക്വിയർ വ്യക്തികളും നിർബന്ധിത ചികിത്സ നടത്തിയെന്ന പരാതികൾ ഉന്നയിച്ചിട്ടുണ്ട്. 1992ൽ മാനസിക രോഗങ്ങളുടെ പട്ടികയിൽ നിന്നും ലോക ആരോഗ്യ സംഘടന സ്വവര്‍ഗ ലെെംഗികതയെ പുറത്താക്കിയിട്ടുണ്ടെങ്കിലും ഇന്ത്യൻ ആരോഗ്യമേഖലയിൽ ഇന്നും മാനസികരോഗമായി തന്നെയാണ് സ്വവര്‍ഗ ലെെംഗികത കണക്കാക്കപ്പെടുന്നത്.
“അഫീഫ വീട്ടിൽ സുരക്ഷിതയല്ല, മാധ്യമങ്ങളെ അറിയിക്കൂ എന്ന് വിമെൻസ് പ്രൊട്ടക്ഷൻ ഓഫീസർ ആണ് ഞങ്ങളോട് പറഞ്ഞത്. രക്ഷിതാക്കൾക്കൊപ്പം സുരക്ഷിതയായിരുന്നെങ്കിൽ ഈ പ്രൊട്ടക്ഷൻ ഓഫീസർമാർ ചെന്നപ്പോൾ ഇത്രയും പ്രശ്നം രൂക്ഷമാകേണ്ട ആവശ്യമില്ലല്ലോ. സുരക്ഷിതയാണെങ്കിൽ അവൾ അങ്ങനെ തന്നെ പറയുമായിരുന്നു. ഇതിപ്പോൾ എല്ലാവർക്കും അറിയാം. പൊലീസ് ഓഫീസർമാരെയും വിമൻസ് കമ്മീഷനെയുമൊക്കെ വിളിക്കുമ്പോൾ അവർ പറയുന്നത് അവസാനം കുട്ടി കയറിപ്പോയതുപോലെ തോന്നി എന്നൊക്കെയാണ്. ഇനി അഫീഫ ഹെെക്കോടതിയിൽ നൽകിയ മൊഴിയിലും കാര്യമില്ല എന്നുള്ളത് എല്ലാവർക്കും അറിയാം, അതാണ് പ്രധാനം എന്ന് തോന്നുന്നു.” ജൂൺ 27ന് വനജ കലക്റ്റീവ് എക്സിക്യൂട്ടീവ് മെമ്പർ ആർഷ പറഞ്ഞു.
കോടതിയെ കബളിപ്പിക്കുന്ന രീതിയിലുള്ളതാണ് അഫീഫയ്ക്ക് നേരെ വീട്ടിൽ നടന്ന ആക്രമണമെന്ന് ഹെെക്കോടതി അഭിഭാഷകൻ എ രാജസിംഹൻ പറയുന്നു. “കൺവേർഷൻ തെറാപി നിയമവിരുദ്ധമാണ്. ജാമ്യമില്ലാവകുപ്പായ ഐ.പി.സി 326 (മരണം സംഭവിച്ചേക്കാവുന്ന രീതിയിൽ ഒരാളെ മുറിപ്പെടുത്തുക, മരുന്നുകൾ നൽകുക തുടങ്ങിയ കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനെതിരെ) പ്രകാരം കേസ് ചുമത്തി ആ ആശുപത്രി അടച്ചുപൂട്ടേണ്ട കേസ് ആണിത്.” രാജസിംഹൻ പറഞ്ഞു. തൃപ്പൂണിത്തറ യോഗ സെന്ററിൽ ‘ഘർവാപസി’ക്കായി തടവിലാക്കപ്പെട്ട യുവതികളുടെ കേസുകൾ അഡ്വ. രാജസിംഹൻ കെെകാര്യം ചെയ്തിട്ടുണ്ട്.
“അഫീഫയുടെ കാമുകി സുമയ്യ ഹെെകോടതിയിൽ സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജി പരിഗണിച്ച് അഫീഫയെ കോടതിയിൽ ഹാജരാക്കാൻ പത്തുദിവസത്തെ അവധി അനുവദിച്ച കോടതി തീരുമാനം എനിക്ക് അപലപനീയമായാണ് തോന്നിയത്. ക്വിയർ മനുഷ്യർക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ ഗൗരവമായി മനസ്സിലാക്കേണ്ട കൺവേർഷൻ തെറാപി പോലെയുള്ള സംഗതികളുടെ സാധ്യതയെ കോടതി പൂർണമായും അവഗണിക്കുന്നതായാണ് ആ തീരുമാനം അറിഞ്ഞപ്പോൾ തോന്നിയത്. പ്രത്യേകിച്ച് ക്വിയർ മനുഷ്യർക്കെതിരെയുള്ള വയലൻസ് സംഭവിക്കുന്നത് ബയോളജിക്കൽ ഫാമിലിയുടെ ഭാഗത്ത് നിന്നാണല്ലോ. അച്ഛന്റെയോ അമ്മയുടെയോ കൂടെ ആണ് എന്നതുകൊണ്ട് മാത്രം പെൺകുട്ടി സുരക്ഷിതയാണ് എന്ന് ചിന്തിക്കുന്ന കോടതിയുടെ ബോധം പ്രശ്നം നിറഞ്ഞതാണ് എന്നാണ് എനിക്ക് തോന്നുന്നത്. കോടതി എന്നത് നിയമസംഹിതയും അതിന്റെ സാങ്കേതികതയും മാത്രമല്ലല്ലോ. കോടതിക്ക്/ജഡ്ജിക്ക് ഒരു സാമൂഹ്യ നിരീക്ഷണം ഉണ്ടാകും. ഇത്തരം വിഷയങ്ങളിൽ ബയോളജിക്കൽ ഫാമിലിയിലെ വയലൻസിന്റെ പങ്ക് ചെറുതായി കാണുകയും കൺവേർഷൻ തെറാപി അടക്കമുള്ള അതിക്രമങ്ങൾ ഈ കാലയളവിൽ സംഭവിക്കാമെന്ന സാധ്യതകളും കോടതി പൂർണമായും അവഗണിക്കുന്നതും എനിക്ക് തോന്നുന്നത്. മറ്റൊരു പ്രധാന വിഷയം കീഴ്ക്കോടതിയിൽ പോയ പ്രായപൂർത്തിയായ അഫീഫയും സുമയ്യയും, പ്രായപൂർത്തിയായ ഒരാൾക്ക് എവിടെ ജീവിക്കണം ആരുടെ കൂടെ ജീവിക്കണം എന്നൊക്കെയുള്ള അവകാശങ്ങൾ കീഴ്ക്കോടതി അനുവദിക്കുകയും ഒന്നിച്ച് ജീവിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണല്ലോ വീണ്ടും വീട്ടുകാരുടെ ഇടപെടലുണ്ടാകുകയും അഫീഫയെ തട്ടിക്കൊണ്ടുപോകുന്ന രീതിയിലുള്ള വയലൻസ് ഉണ്ടാകുന്നതും. കീഴ്കോടതി സൂക്ഷിച്ച അടിസ്ഥാനപരമായ യുക്തിയെ ഹെെ കോടതിക്ക് എങ്ങനെയാണ് കാണാൻ പറ്റാതായിപ്പോയത് എന്നത് വിചിത്രമായി തോന്നുന്നു. ഒരാളുടെ ജെൻഡറോ സെക്ഷ്വാലിറ്റിയോ എന്താണ് എന്നതു പോലും ഇത്തരം വിഷയത്തിൽ പരിഗണന അർഹിക്കുന്നില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഭരണഘടന നൽകുന്ന അടിസ്ഥാന അവകാശങ്ങൾ, അതുമാത്രം പരിഗണിച്ചാൽ മതിയായിരുന്നു കോടതി. വേറെന്താണ് ഇതിൽ പരിഗണിക്കാനുള്ളത്? മനുഷ്യത്വവിരുദ്ധവും ഭരണഘടനാമൂല്യങ്ങൾക്ക് വിരുദ്ധവുമായ നിലപാടാണ് ഹെെക്കോടതി ഈ വിഷയത്തിൽ സ്വീകരിച്ചതെന്ന് പറയാതിരിക്കാൻ പറ്റില്ല.” ക്വിയർ വ്യക്തിയും രാഷ്ട്രീയ നിരീക്ഷകയുമായ നസീമ നസ്രീൻ പറയുന്നു.
കൺവേർഷൻ തെറാപിയുടെ ഞെട്ടിക്കുന്ന കണക്ക്
2023 ഫെബ്രുവരിയിൽ ജേണൽ ഓഫ് ഹോമോസെക്ഷ്വാലിറ്റിയിൽ പ്രസിദ്ധീകരിച്ച, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗം ഡോക്ടർമാരായ ഡോ. ശ്രേയ മറിയം സലീം, ഡോ. ലാൽചന്ദ് അനിലാൽ, ഡോ. അനിൽ പ്രഭാകരൻ എന്നിവർ ചേർന്നെഴുതിയ, Sexual Orientation Change Efforts among LGBT+ People of Kerala: Prevalence, Correlates, and Mental Health Aspects എന്ന പേപ്പർ പുറത്തുവിട്ട വിവരങ്ങൾ കേരളത്തിലെ എൽ.ജി.ബി.ടി.ക്യൂ.ഐ.എ+ സമൂഹത്തിന്റെ നിലവിലുള്ള സാമൂഹ്യ, മാനസിക ആരോഗ്യ സൂചകമാണ്.
രക്ഷിതാക്കളുടെ ഭാഗത്തുനിന്നുള്ള കണ്‍വേര്‍ഷന്‍ തെറാപി ശ്രമങ്ങള്‍ ഒരു വ്യക്തിയെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുമെന്നും ആത്മഹത്യ പ്രവണത, ആത്മാഭിമാനം മുറിപ്പെടുന്ന അവസ്ഥ, ലഹരി ഉപയോഗം, കുറഞ്ഞ ജീവിത സംതൃപ്തി എന്നിവയിലേക്ക് നയിക്കുമെന്നുമാണ് അന്താരാഷ്ട്ര പഠനങ്ങള്‍ പറയുന്നത്, കുടുംബത്തിന്റെ പരമാധികാരം നിലനിര്‍ത്തുന്നതിനായി വ്യക്തിഗതമായ പരമാധികാരം ത്യജിക്കേണ്ടിവരുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ ഇതിന് കൂടുതല്‍ പ്രസക്തിയുണ്ട് എന്നും ഈ പഠനം നിരീക്ഷിക്കുന്നു.
ഇന്ത്യയിലാകെ തന്നെ കൺവേർഷൻ തെറാപിയെക്കുറിച്ച് പഠനങ്ങൾ വളരെ കുറച്ചുമാത്രമേ നടന്നിട്ടുള്ളൂ ഡോ. ശ്രേയ പറയുന്നു. “പ്രസിദ്ധീകരിക്കപ്പെട്ട മറ്റു പഠനങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ചിലപ്പോൾ ഇന്ത്യയിലെ കൺവേർഷൻ തെറാപിയെക്കുറിച്ചുള്ള ആദ്യത്തെ പഠനം ഇതാണ് എന്ന് തോന്നുന്നു. എത്രപേർ കൺവേർഷൻ തെറാപിക്ക് വിധേയരായിട്ടുണ്ട്, അതുമായി ബന്ധപ്പെട്ട് ഇവർക്കുണ്ടായ ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ്, മാനസികാരോഗ്യ പ്രശ്നങ്ങളെന്തൊക്കെയാണ് എന്നാണ് ഞങ്ങൾ പഠിച്ചത്. ഒരു ശാസ്ത്രീയ പഠനത്തിൽ ഒന്നിന്റെ കാരണമാണ് മറ്റേത് എന്ന് തറപ്പിച്ച് പറയാന്‍ കഴിയില്ല. കുറേ മാനദണ്ഡങ്ങൾ നോക്കണം. പുറത്തുനിന്നുള്ള കൺവേർഷൻ തെറപിയെക്കുറിച്ചുള്ള ഡാറ്റ വച്ചും, നേരിട്ടുള്ള ക്വാളിറ്റേറ്റീവ് പഠനങ്ങളിൽ നിന്ന് കിട്ടിയിട്ടുള്ള ഡാറ്റ വച്ചും മനസ്സിലായിട്ടുള്ളത് പലരും കാരണങ്ങളായി പറയാറുള്ളത് ഫാമിലിയിൽനിന്നുളള സമ്മർദ്ദം, മതപരമായിട്ടുള്ള കാര്യങ്ങൾ, സ്റ്റിഗ്മ, വിവാഹബന്ധത്തിൽ തുടർന്നുപോകാനുള്ള സമ്മർദ്ദം തുടങ്ങിയവയാണ്.
കൺവേർഷൻ തെറാപിക്കെതിരെയുള്ള നിലപാട് വ്യക്തമാക്കുന്ന പ്രസ്താവനകള്‍ ഇന്ത്യൻ സെെക്യാട്രിക് സൊസെെറ്റി, അമേരിക്കൻ സെെക്യാട്രിക് അസോസിയേഷൻ എന്നിങ്ങനെയുള്ള പല പ്രൊഫഷണൽ സംഘടനകളും പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യയിലെ നിയമങ്ങൾ വെച്ചു നോക്കുമ്പോൾ മെന്റൽ ഹെൽത് കെയർ ആക്റ്റിലെ പേഷ്യന്റിന്റെ അവകാശങ്ങൾ കൺവേർഷൻ തെറാപി നടത്താൻ പറ്റില്ല എന്ന് തന്നെയാണ് പറയുന്നത്. കൺവേർഷൻ തെറാപിക്ക് നേരിട്ട് എതിരായ നിയമം കൊണ്ടുവരാൻ ‘ക്വീറള’ (കമ്മ്യൂണിറ്റി ബേസ്ഡ് ഓർ ഗനൈസേഷൻ) ഒരു കേസ് നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ എനിക്ക് മനസ്സിലാകുന്നത് കൂടുതൽ ആളുകൾക്ക് ഇപ്പോൾ കൺവേർഷൻ തെറാപിയെക്കുറിച്ച് ബോധ്യമുണ്ടാകുന്നുണ്ട്. അത് കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് എന്നുമാണ്. പക്ഷേ മീഡിയയിൽ വരുന്ന കാര്യങ്ങൾ മാത്രമേ നമുക്ക് പുറത്തുനിന്ന് കാണാൻ പറ്റുന്നുള്ളൂ. ഓരോ കേസിലും അവസാനം അത് എന്താകുന്നു എന്നത് നമ്മൾ ഫോളോഅപ് ചെയ്യേണ്ട കാര്യമാണ്” തിരുവനന്തപുരം മെഡിക്കല്‍ കൊളേജിലെ ജൂനിയര്‍ റസിഡന്റ് ആയ ഡോ. ശ്രേയ പറഞ്ഞു.
സ്വവർഗ വിവാഹങ്ങളുടെ വിഷയത്തിൽ സുപ്രീംകോടതിയിൽ നടക്കുന്ന കേസിനെത്തുടർന്ന് സ്വവർഗാനുരാഗ ബന്ധങ്ങൾക്കെതിരായ പ്രസ്താവനകൾ കേന്ദ്ര നിയമ മന്ത്രി ഉൾപ്പെടെ നടത്തുന്ന ദേശീയ രാഷ്ട്രീയ സാഹചര്യമാണ് ഇന്ന് നിലനിൽക്കുന്നത്. കമിങ് ഔട്ടുകളെ ഇത്തരം പ്രസ്താവനകൾ എങ്ങനെ ബാധിക്കുന്നുവെന്നതും മറ്റൊരു ചോദ്യമാണ്. കമിങ് ഔട്ട് വ്യക്തികളുടെ വ്യത്യസ്ത സാമൂഹ്യ, സാമ്പത്തിക പശ്ചാത്തലങ്ങളെ കൂടി ആശ്രയിച്ചിരിക്കുന്ന കാര്യവും കൂടിയാണ് ഇത്. ലെസ്ബിയന്‍, ഗേ, നോണ്‍ ബൈനറി, ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്കെതിരെയുള്ള വിദ്വേഷ പ്രചരണങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ ഇത്തരം പ്രസ്താവനകള്‍ക്ക് വലിയ പങ്കുണ്ട്.
“ഓരോ പരാമർശങ്ങൾ വരുമ്പോഴും രാഷ്ട്രീയബോധ്യമില്ലാതെ സംഘടനകൾ നടത്തുന്ന പരാമർശങ്ങളുമാകാം, ഇതെല്ലാം ഫേസ്ബുക് വഴിയൊക്കെ ആളുകൾ കണ്ടുകൊണ്ടിരിക്കുകയാണ്. ചിലയാളുകൾ പറയുന്നത്, ഒരാളെ പിടിച്ചുകൊണ്ടുപോയി ഇങ്ങനെ ആക്കിത്തീർക്കുന്നു എന്നാണ്. ഈ പറയുന്ന ആളുകൾ സ്വന്തം ആഗ്രഹപ്രകാരം അങ്ങനെയാകുമോ എന്ന് സ്വയം ചോദിച്ചാൽ മതി. ഇല്ലാത്ത കാശ് ഉണ്ടാക്കി ആരെങ്കിലും പോയി ഇരിക്കുമോ സർജറിക്ക് വേണ്ടിയൊക്കെ? പച്ച മാംസം വെട്ടിമുറിക്കാൻ വേണ്ടി ആരെങ്കിലും പോയി കിടന്നുകൊടുക്കുമോ? അത്രമാത്രം ഡിസ്കംഫേർട്ട് ഉണ്ടായിട്ടല്ലേ അവർ പോയിട്ടുള്ളൂ? ജെൻഡർ ഡിസ്ഫോറിയ അസുഖമാണെന്ന് പറയുന്നവരുണ്ട്. ഡിസ്ഫോറിയയുടെ അർത്ഥം അസ്വസ്ഥത എന്നാണ്. അതൊരു രോഗമല്ലെന്ന് പല സെെക്യാട്രിക് അസോസിയേഷനുകളും പറഞ്ഞുകഴിഞ്ഞു. ബെെനറി സങ്കൽപത്തിൽ ജീവിക്കുന്നവർക്ക് ഇത് അംഗീകരിക്കാൻ കഴിയുന്നില്ല. ഇന്ത്യയിൽ ട്രാൻസ് പ്രൊട്ടക്ഷൻ റെെറ്റ്സ് ഉണ്ട്. ഇത് ഉണ്ടായിട്ടും ചില ആളുകൾ പറയുന്നു ഇത് പ്രൊപഗാൻഡ ആണ് എന്നൊക്കെ. ഒരാളുമായി കൂട്ടുകൂടി, സംസാരിച്ചു എന്നതുകൊണ്ട് ആരും ഇങ്ങനെ ആകുന്നതല്ല. സെെക്യാട്രിക് അസോസിയേഷനുകൾ കൺവേർഷൻ തെറാപിയെ എതിർത്തിട്ടുണ്ട്. പക്ഷേ അത് ചെയ്യുന്നത് ശിക്ഷാർഹമാക്കിക്കൊണ്ട് ഒരു നിയമം ഉണ്ടായിട്ടില്ല. തീർച്ചയായും അത് ശിക്ഷാർഹമാക്കണമെന്നാണ് എന്റെ ആഗ്രഹം.” ഹൈക്കോടതി അഭിഭാഷകയായ ട്രാൻസ് വുമൺ പദ്മ ലക്ഷ്മി പറഞ്ഞു.
വലിയ തോതിലുള്ള ലെസ്ബിയൻ ആത്മഹത്യകളുടെ ചരിത്രം (ദീപ വാസുദേവന്റെ പഠനം) 1990കൾ മുതൽ 2000 വരെയുള്ള കേരളത്തിലുണ്ട്. തുടർന്നുള്ള വർഷങ്ങളിലും അത്തരം ആത്മഹത്യകൾ തുടരുന്നതായാണ് റിപ്പോർട്ടുകൾ. ആർട്ടിക്കിൾ 377 റദ്ദാക്കിയതോടെ ഇന്ത്യയിൽ സ്വവർഗാനുരാഗത്തിനുമേലുണ്ടായിരുന്ന നിയമപരമായ അപരാധിത്വം സാങ്കേതികമായി ഇല്ലാതായി. എങ്കിലും ലെസ്ബിയൻ ദൃശ്യതയോട് കേരള സമൂഹം പുലർത്തുന്ന അസഹിഷ്ണുതയും വിദ്വേഷവും ഇതുപോലുള്ള സംഭവങ്ങളുടെ വാർത്തയോടുള്ള പ്രതികരണങ്ങളിൽ തുടർച്ചയായി വെളിപ്പെടുന്നുണ്ട്. ലെസ്ബിയൻ ദൃശ്യത സാധ്യമാകുന്നത് രണ്ടുപേരിൽ ഒരാൾ വീട്ടുതടങ്കലിൽ ആകുകയും രണ്ടുപേരിൽ ഒരാൾക്ക് കോടതിയെ സമീപിക്കേണ്ടിവരികയും ചെയ്യുമ്പോൾ മാത്രമാണോ, അല്ലെങ്കിൽ അനുകൂലമായൊരു കോടതിവിധിയുടെ അടിസ്ഥാനത്തിൽ മാത്രമാണോ എന്ന ചോദ്യവും ഇത്തരം കേസുകൾ ഉന്നയിക്കുന്നുണ്ട്.