Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നിരവധി എഴുത്തുകാർ കേന്ദ്ര സർക്കാറിൽ നിന്നും അക്കാദമികളിൽ നിന്നും സ്വീകരിച്ച വിവിധ പുരസ്ക്കാരങ്ങൾ പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും ഭാഗമായി തിരിച്ച് നൽകിയിട്ടുണ്ട്. 2015 ൽ എം.എം. കൽബുർഗിയുടെയും മുഹമ്മദ് അഖ്ലാഖിന്റെയും കൊലപാതകങ്ങളെ തുടർന്ന് ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിന്നുള്ള നിരവധി എഴുത്തുകാർ കേന്ദ്ര അവാർഡുകൾ തിരിച്ച് നൽകി ഭരണകൂടത്തിന്റെ ഫാഷിസ്റ്റ് നയത്തിൽ പ്രതിഷേധിച്ചു.
രാഷ്ട്രീയ കാരണങ്ങളാൽ അവാർഡുകൾ തിരിച്ചേൽപ്പിക്കുന്നത് രാജ്യത്തിന്റെയും, അക്കാദമികളുടെയും, അവാർഡുകളുടെയും അതു സ്വീകരിച്ച മറ്റുള്ളവരുടെയും അന്തസ്സിനെ ഹനിക്കുന്ന പ്രവർത്തിയാണ്, അതിനാൽ ‘തിരിച്ചേൽപ്പിക്കില്ല’ എന്ന സമ്മതപത്രത്തോടെ വേണം ഇനി അവാർഡ് നൽകേണ്ടത് എന്ന് നിർദ്ദേശിച്ചിരിക്കുന്നു വി വിജയ് സെയ് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പാർലമെന്റ് സമിതി.
2003 ൽ ആലാഹയുടെ പെൺമക്കൾക്ക് കിട്ടിയ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും 2001 ൽ ലഭിച്ച കേരള സാഹിത്യ അക്കാദമി അവാർഡും തിരിച്ച് നൽകി കേന്ദ്ര സർക്കാറിനെയും സംസ്ഥാന സർക്കാറിനെയും തന്റെ പ്രതിഷേധം അറിയിച്ച എഴുത്തുകാരി സാറാ ജോസഫ് പ്രതികരിക്കുന്നു.
2015 ൽ അവാർഡ് തിരിച്ചേൽപ്പിച്ച ഇന്ത്യൻ എഴുത്തുകാരിൽ കേരളത്തിൽ നിന്നുള്ള ഒരേയൊരാളായ സാറാ ജോസഫ്, സമ്മതപത്രം നൽകികൊണ്ട് അവാർഡ് വാങ്ങിക്കാനുള്ള നിർദ്ദേശത്തെ വിലയിരുത്തുന്നതെങ്ങനെയാണ് ?
എഴുത്തുകാരുടെ സ്വാതന്ത്ര്യത്തെയും ആത്മാവിഷ്ക്കാരത്തെയും പരിപൂർണ്ണമായും ഹനിക്കുന്നതായിട്ടാണ് ഞാൻ ഇതിനെ വിലയിരുത്തുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡല്ല, ബഷീറ് എറിഞ്ഞു കളഞ്ഞ അവാർഡ് ഏതാണെന്ന് ഒന്ന് ഓർത്ത് നോക്കൂ. എഴുത്തുകാർക്ക് മാത്രമേ അങ്ങനെ ചെയ്യാനാവൂ. എഴുത്തുകാർ സർവതന്ത്ര സ്വതന്ത്രരായി എഴുതുമ്പോൾ മാത്രമേ എഴുത്ത് സത്യസന്ധമാവുകയുള്ളു. ജനങ്ങളോട് നീതിപുലർത്തുന്നതാവുകയുള്ളൂ. ആ ഒരു നിലപാടെടുക്കാൻ എഴുത്തുകാർക്ക് അവാർഡുകൾ വിഘാതമാവുന്നു എങ്കിൽ അവാർഡ് വേണ്ട എന്നുള്ളതാണ് ഏറ്റവും മനോഹരമായ തീരുമാനം. രാജ്യത്തെ അപകടപ്പെടുത്തുന്ന ഒരു സാഹചര്യം വരുമ്പോൾ പ്രതികരിക്കാനുള്ള എഴുത്തുകാരുടെ അവകാശമാണ് ഇതുവഴി ചോദ്യം ചെയ്യുന്നത്. അവാർഡ് വച്ച് പ്രതികരിക്കണമോ എന്നുള്ളത് വേറെ കാര്യം. പക്ഷെ അവാർഡും ഒരു ആയുധമാണ്. അത് സർക്കാരും എഴുത്തുകാരും മുഖാമുഖം നിന്നുകൊണ്ടുള്ള പ്രതികരണമാണ്.
2015 ലെ ‘അവാർഡ് വാപസി’ സത്യത്തിൽ ഇന്ത്യയിൽ കോളിളക്കം ഉണ്ടാക്കിയ ഒരു സംഭവമാണ്. ആ ഒരു സംഭവം ഉണ്ടാക്കിയ വലിയൊരു ചലനമുണ്ട്. നമ്മുടെ ഭക്ഷണം എന്തായിരിക്കണം എന്നും നമ്മുടെ വസ്ത്രം എന്തായിരിക്കണം എന്നും നമ്മുടെ സംസ്കാരം എന്തായിരിക്കണം എന്നും ജനാധിപത്യ വിരുദ്ധമായ ഒരു ഇടപെടൽ വന്നപ്പോഴാണ് ഇന്ത്യയിലെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും ഒന്നടങ്കം അതിനോട് പ്രതികരിച്ചത്. അത് ‘അവാർഡ് വാപസി’ എന്ന ഒരു മൂവ്മെന്റ് ആയി വരികയും ചെയ്തു. അത്തരത്തിലുള്ള ഒരു മൂവ്മെന്റ് ഉണ്ടാക്കിയ ചലനത്തിന്റെ ഫലമായി, നമ്മൾ എന്ത് ഭക്ഷണം കഴിക്കണം എന്നുള്ള അടിച്ചമർത്തലിനെ വലിയൊരു രീതിയിൽ മുന്നോട്ടുകൊണ്ടുപോകേണ്ട എന്ന ഒരു ധാരണ അവർക്കിടയിൽ ഉണ്ടായിട്ടുണ്ട്. കാരണം ബീഫ് വേണ്ട എന്ന് പറയുമ്പോൾ ഇവിടെ ബീഫ് ഉത്സവം നടത്താൻ നമുക്ക് സാധിച്ചു.
ഭക്ഷണത്തിന്റെ പേരിൽ പിടിമുറുക്കുക, അതിന്റെ പേരിൽ ഒരാളെ തല്ലിക്കൊല്ലുന്ന സംഭവം ഒക്കെ ഒരു രാജ്യത്ത് നടക്കുന്ന സന്ദർഭത്തിൽ ആ രാജ്യത്തെ എഴുത്തുകാർക്ക് അതിനോട് പ്രതികരിക്കാൻ കഴിയണം. അതിന് തടസ്സമായി നമ്മൾ ഒരു സമ്മതപത്രം കൊടുക്കുകയാണെങ്കിൽ, അത് വച്ച് നമ്മളെ വിലപേശുകയാണെങ്കിൽ, ആ വിലപേശലിൽ വീഴണോ വേണ്ടയോ എന്നുള്ളത് എഴുത്തുകാർക്ക് തീരുമാനിക്കാവുന്നതാണ്. എല്ലാവരും അവാർഡ് തിരിച്ചുകൊടുത്തുകൊണ്ട് പ്രതികരിച്ചുകൊള്ളണം എന്നില്ല. എന്നാൽ അത് തിരിച്ചുകൊടുക്കാൻ പാടില്ല എന്ന് പറയുന്നത് നാണക്കേടാണ്. ഒരു സമ്മതപത്രം ഒപ്പിട്ടുകൊണ്ട് അവാർഡ് വാങ്ങുന്നത് അടിമത്തമാണ്. അത് എഴുത്തുകാർക്കുണ്ടായിരുന്ന സ്വാതന്ത്ര്യത്തിന്റെ മുകളിലും ജനാധിപത്യത്തിന്റെ മുകളിലുമുള്ള കൈകടത്തലാണ്.
തന്നെയുമല്ല അവാർഡുകൾ ജനങ്ങളുടെ പണം ഉപയോഗിച്ച് തരുന്ന ഒന്നാണ്. അവാർഡുകളുടെ പണം ഭരണകൂടത്തിന്റെയോ, ജനപ്രതിനിധികളുടെയോ കയ്യിൽ നിന്നും എടുത്തുതരുന്നതല്ല. ഒരു ജനപ്രതിനിധിയുടെയും വീട്ടിൽ നിന്നുള്ള പണമല്ല അവാർഡ് പണം. അവാർഡ് പണം എന്നു പറഞ്ഞാൽ ജനങ്ങളുടെ പണമാണ്. ജനങ്ങളുടെ പണം അവാർഡ് ആയി തരാനുള്ള ഒരു ഏജൻസി മാത്രമാണ് അക്കാദമികൾ. അല്ലാതെ അക്കാദമി ഭരണാധികാരികളോ കമ്മിറ്റി അംഗങ്ങളോ തത്കാലം ആ സമയത്ത് ഇരിക്കുന്ന ഗവൺമെന്റോ അല്ല ഈ അവാർഡ് തരുന്നത്. ജനങ്ങളാണ് ഈ അവാർഡ് തരുന്നത്. അത് സ്വീകരിക്കുന്ന എഴുത്തുകാരുടെ ആദ്യത്തെയും അവസാനത്തെയും ബാധ്യത ജനങ്ങളോടാണ്. അതല്ലാതെ മാറി മാറി വരുന്ന കേന്ദ്ര ഭരണകൂടത്തോടോ സംസ്ഥാന ഭരണകൂടത്തോടോ അക്കാദമി ഭരണകൂടത്തോടോ അല്ല. സിനിമക്കാർക്കായാലും നാടകക്കാർക്കായാലും എഴുത്തുകാർക്കായാലും ആർക്കായാലും ഗവർൺമെന്റ് തരുന്ന അവാർഡ് അല്ലെങ്കിൽ അർദ്ധ ഗവൺമെന്റ് സ്ഥാപനങ്ങളായ അക്കാദമികൾ തരുന്ന ഒരു ബഹുമതി എന്നു പറഞ്ഞാൽ ആ ബഹുമതി ജനങ്ങൾ നമുക്ക് തരുന്ന ബഹുമതിയാണ്. അതുകൊണ്ട് അഞ്ച് കൊല്ലം കാലാവധിയുള്ള ഒരു ഭരണകൂടം ഒരു സമ്മതപത്രത്തിലൂടെ ശാശ്വതമായ ഒരു തീരുമാനം എഴുതി വാങ്ങിക്കാൻ പാടില്ല.
അർദ്ധ സർക്കാർ സ്ഥാപനങ്ങളായ അക്കാദമികളിലെ ഇത്തരത്തിലുള്ള സർക്കാർ ഇടപെടലുകൾ അവയുടെ പ്രവർത്തി സ്വാതന്ത്ര്യത്തെ ബാധിക്കുന്നതല്ലേ ?
ഇൻസ്റ്റിറ്റ്യൂഷന്റെ സ്വാതന്ത്ര്യത്തിന് വിഘാതമാണത്. കാരണം സമ്മതപത്രം തരാൻ അർഹതപ്പെട്ട എഴുത്തുകാർ തയ്യാറല്ലെങ്കിൽ ഇവർ അർഹതയില്ലാത്ത ഒരാൾക്ക് അവാർഡ് കൊടുക്കും. അത് എഴുത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യും. എഴുത്തിന്റെ ക്വാളിറ്റിയെ ചോദ്യം ചെയ്യും. എഴുത്തിന്റെ മേലുള്ള എഴുത്തുകാരുടെ നിലപാടിനെ ചോദ്യം ചെയ്യും. ഇത് എഴുത്തുകാർ സംഘടിതമായി തീരുമാനം എടുക്കേണ്ട ഒരു കാര്യമാണ്. കാരണം സമ്മതപത്രം കൊടുക്കാൻ മിക്കവാറും എഴുത്തുകാർ തയ്യാറല്ലെങ്കിൽ അത് കിട്ടുന്നവരുടെ സാഹിത്യത്തിന്റെ ഗുണം എങ്ങനെ തീരുമാനിക്കും ? സമ്മതപത്രം വച്ച് തീരുമാനിക്കാൻ പറ്റുമോ ? സാഹിത്യത്തിന്റെ ഗുണം തീരുമാനിക്കുന്നത് ജനഹൃദയങ്ങളാണ്, വായനക്കാരാണ്. അവാർഡ് കിട്ടുമോ ഇല്ലയോ എന്നതൊക്കെ താത്കാലികമായ കാര്യം മാത്രമാണ്.
ഒരു പുസ്തകത്തിന് അവാർഡ് കൊടുക്കുക എന്ന് പറയുമ്പോൾ ആ പുസ്തകം കടന്നുപോകുന്നത് ഏതാനും മനുഷ്യരുടെ കൈയ്യിൽ കൂടിയാണ്. ലക്ഷക്കണക്കിന് വായനക്കാരുടെ കൈകളിൽ കൂടിയല്ല ആ അവാർഡിന്റെ തീരുമാനം കടന്നുപോകുന്നത്. അത് കടന്നുപോകുന്നത് ചില കമ്മറ്റികളിലുള്ള ഏതാനും പേരിലൂടെ മാത്രമാണ്. ഏറി വന്നാൽ പത്തോ ഇരുപതോ പേർ പങ്കെടുക്കുന്ന ഒരു പരിപാടിയാണ് ഈ അവാർഡ് തീരുമാനം. അല്ലാതെ മുഴുവൻ വായനക്കാരും പങ്കെടുക്കുകയോ മുഴുവൻ വായനക്കാരെ പങ്കെടുപ്പിക്കുകയോ ചെയ്യുന്ന പരിപാടിയല്ല അത്. എഴുത്തിന്റെ ക്വാളിറ്റി, അല്ലെങ്കിൽ ഒരാളുടെ എഴുത്ത് ആ ഭാഷയ്ക്ക്, ഭാഷാ സമൂഹത്തിന് അതിന്റെ സംസ്കൃതിക്ക് നൽകുന്ന സംഭാവന തീരുമാനിക്കുന്നത് അതിന്റെ വായനാ സമൂഹമാണ്. വായനാ സമൂഹത്തിന്റെ പങ്കാളിത്തം ഇല്ലാതെ ഭരണകൂടം ഇടപെടുകയും തീരുമാനിക്കുകയും ചെയ്യുന്ന ഒരു അവാർഡ് വാങ്ങിക്കാൻ ഒരു സമ്മതപത്രം ഒപ്പിട്ട് കൊടുക്കേണ്ടിവരുന്ന ഗതികേട് ഇന്ത്യയിലെ എഴുത്തുകാർക്ക് വരരുത് എന്ന പ്രാർത്ഥന മാത്രമേ എനിക്കുള്ളു.
ചരിത്രപരമായി നോക്കുകയാണെങ്കിൽ പുസ്തകങ്ങൾ കത്തിക്കുകയും, ഭരണകൂടത്തെ വിമർശിക്കുന്ന, അല്ലെങ്കിൽ ഭരണകൂട വിരുദ്ധമായിട്ടുള്ള പുസ്തകങ്ങൾ നിരോധിക്കുകയും ചെയ്തിട്ടുണ്ട് ഇത്തരം സർവ്വാധിപത്യങ്ങളെല്ലാം. അവാർഡുകളിലൂടെയുള്ള പ്രതിഷേധങ്ങൾ നിരോധിക്കുവാനുള്ള ഇപ്പോഴത്തെ ഈ നടപടിയിലൂടെ സർവ്വാധിപത്യത്തിന്റെ ചരിത്രം ആവർത്തിക്കപ്പെടാൻ പോവുകയാണോ ?
അതെ, ആ മോശം അവസ്ഥയിലേക്ക് തന്നെയാണ് ഇത് വിരൽ ചൂണ്ടുന്നത്. ഗൗരി ലങ്കേഷിനെ പോലെ എഴുത്തുകാർ കൊല്ലപ്പെട്ടുന്നു. ഇത് അരിച്ചരിച്ചു വരുന്ന ഭീതിയും അപകടവുമാണ്. അത് ഭാവിയിൽ പുസ്തകങ്ങൾ കത്തിക്കുന്നതിലേക്കും എഴുത്തു ലോകം തന്നെ ഇല്ലാതാകുന്ന അവസ്ഥയിലേക്കും പോകും.
എഴുത്തിനെയും എഴുത്തുകാരെയും എത്രമാത്രം സ്നേഹിച്ചിട്ടുണ്ടായിരുന്നു പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനെ പോലെയൊരാൾ. അദ്ദേഹം തന്നെ സ്വയം ഒരു എഴുത്തുകാരനാണ് എന്നുള്ളത് നമ്മൾ ഓർക്കണം. മഹാത്മാ ഗാന്ധിയായാലും എഴുത്തും, പുസ്തകവും ഏറ്റവും പ്രധാനമായി കണ്ടിട്ടുള്ള രാഷ്ട്രീയ നേതാവാണ്.
ലൈബ്രറികൾ നമുക്ക് ഉണ്ടാകുന്നത് സ്വാതന്ത്ര്യ സമര കാലഘട്ടത്തിലാണ്. പി.എൻ പണിക്കരെ പോലെയുള്ള ആളുകൾ പ്രവർത്തിച്ചത്, ഒരു ഗ്രാമത്തിൽ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിട്ടുള്ള വാർത്തകൾ എത്തണമെങ്കിൽ, പ്രവർത്തനങ്ങൾ നടക്കണമെങ്കിൽ അവർക്ക് ഒരു ലൈബ്രറിയാണ് ആവശ്യം, പുസ്തകങ്ങളാണ് ആവശ്യം എന്ന തിരിച്ചറിവോടെയാണ്. അതിന്റെ ഭാഗമായാണ് സ്വാതന്ത്ര്യ സമരകാലഘട്ടത്തിൽ നമ്മുടെ ഗ്രാമ ഗ്രാമാന്തരങ്ങളിൽ ലൈബ്രറികൾ ഉണ്ടാവാൻ തുടങ്ങിയത്. വായനശാലകൾ ഉണ്ടാവാൻ തുടങ്ങിയത്. പുസ്തകങ്ങൾക്ക് വേണ്ടി യാചിച്ച് നടന്ന ആളാണ് പണിക്കർ സാർ.
അദ്ദേഹം ഓരോ വീടുകളിൽ പോയി പുസ്തകങ്ങൾ കളക്ട് ചെയ്ത് കൊണ്ടുവന്നാണ് അതിനെ ഒരു വായനശാലയാക്കി മാറ്റിയത്. അതിനെ തുടർന്നും എഴുത്ത് ഇഷ്ടപ്പെടുന്ന വായനയെ ഇഷ്ടപ്പെടുന്ന ഭരണാധികാരികളുടെ ചരിത്രമാണ് നമുക്കുള്ളത്. അതിന് വിരുദ്ധമായിട്ട് എഴുത്തുകാരുടെ മേൽ നടപടികൾ വരുന്നത് എഴുത്തുകാരന്റെ സ്വാതന്ത്ര്യം ഭരണകൂടം ഭയപ്പെടുന്നതുകൊണ്ടാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അവാർഡ് തിരിച്ചുകൊടുക്കുന്നത് എഴുത്തുകാരന്റെ അഭിമാനമാവുന്നത്, അവാർഡ് തിരിച്ചുവാങ്ങിക്കേണ്ട ലജ്ജാകരമായ ഒരു നടപടി, ‘ദാദ്രി സംഭവം’ പോലെ ഒരു നടപടി ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമ്പോഴാണ്. അത് ചർച്ച ചെയ്യാതെ അവാർഡ് തിരിച്ചുകൊടുക്കുന്നത് ഭരണകൂടത്തിന് നാടക്കേടാണ് എന്ന് പറയുന്നതിൽ അർത്ഥമില്ലല്ലോ.
യഥാർത്ഥ വിഷയങ്ങളെ അഭിമുഖീകിരിക്കാതെ, അവയോടുള്ള പ്രതിഷേധങ്ങളെ വിലക്കുകയാണല്ലോ സർക്കാർ കാണുന്ന പരിഹാരം.
അതെ, അതുണ്ടാകും എന്നു തോന്നുന്നില്ല. ഇങ്ങനെ പോവുകയാണെങ്കിൽ അങ്ങനെയുണ്ടാകാൻ സാധ്യതയില്ല. ചരിത്രം തന്നെ തിരുത്തപ്പെടുന്നു. അതുപോലെ എഴുത്തുകാരോടും പുസ്തകങ്ങളോടുമുള്ള നിലപാടിതാണ്. ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും നേർക്കുള്ള നിലപാടുകൾ വെച്ചു നോക്കിയാൽ എവിടെയാണ് പിടിമുറുക്കുന്നത് എന്ന് തിരിച്ചറിയാനുള്ള ബാധ്യത ഇന്ത്യയിലെ മുഴുവൻ എഴുത്തുകാർക്കുമുണ്ട്.
ഈ ഒരു സന്ദർഭത്തിൽ ഇന്ത്യയിലെ എഴുത്തുകാർ ഏതു രീതിയിൽ പ്രതികരിക്കണം എന്നാണ് ആഗ്രഹിക്കുന്നത് ?
ഇങ്ങനെ ഒരു സമ്മതപത്രം കൊടുക്കുകയില്ല എന്ന ശക്തമായ തീരുമാനം എടുക്കാൻ ഇന്ത്യയിലെ എഴുത്തുകാരും മറ്റ് അവാർഡുകൾ വാങ്ങുന്നവരും ഒക്കെ തീരുമാനിക്കണം. ബഹുമാനിതരായി എന്നു പറയുമ്പോൾ ബഹുമാനിതരായിരിക്കണം. ബഹുമാനിതരാകുന്നവർക്ക് അവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒരു ഉപാധിവെച്ചുകൊണ്ട് ആവരുത് അവാർഡുകളും ബഹുമതികളും സമ്മാനിക്കേണ്ടത്. ബഹുമതികൾക്ക് ഉപാധികൾവെച്ചാൽ അത് സ്വീകരിക്കാതിരിക്കുക എന്ന ചരിത്രബോധം എഴുത്തുകാർക്ക് ഉണ്ടായിരിക്കണം.
താമ്രപത്രം കൊണ്ട് കുറുക്കനെ എറിഞ്ഞ ഒരു എഴുത്തുകാരണവരാണ് ഞങ്ങൾക്ക് മലയാളത്തിൽ എഴുതിക്കൊണ്ടിരിക്കുന്ന എഴുത്തുകാർക്കുള്ളത്. സ്വാതന്ത്ര്യത്തിന്റെ പരമാവധിയാണത്. അതുകൊണ്ട് അങ്ങനെ ഒരു ഉപാധിവെച്ചുകൊണ്ട് അവാർഡ് സ്വീകരിക്കേണ്ടതില്ല. ആ അവാർഡ് വേണ്ട, ആ ബഹുമതി വേണ്ട.
ഇതു പറയുമ്പോൾ, ഞാൻ ഈ അവാർഡുകൾ എല്ലാം സ്വീകരിച്ചിട്ടുള്ള ഒരാളാണ്. കേന്ദ്ര സർക്കാറിനോട് എന്നതുപോലെ തന്നെ സംസ്ഥാന സർക്കാറിനോടും ഞാൻ എന്റെ വിയോജിപ്പും പ്രതിഷേധവും അറിയിച്ചിട്ടുണ്ട്, പ്രതിഷേധത്തിന്റെ മാർഗമായി അവാർഡിനെ ഉപയോഗിച്ചിട്ടുണ്ട്.
ആലാഹയുടെ പെൺമക്കൾക്ക് കിട്ടിയ കേരള സാഹിത്യ അക്കാദമി അവാർഡ് തിരിച്ചുകൊടുത്തപ്പോൾ എന്റെ ഉള്ളിൽ ഉണ്ടായിരുന്നത് ഇതാണ്, അരികുവത്കരിക്കപ്പെട്ട ഒരു ജനതയെ കുറിച്ചുള്ള പുസത്കമാണ് ആലാഹയുടെ പെൺമക്കൾ. അരികുവത്കരിക്കപ്പെട്ടവരിലും അരികുവത്കരിക്കപ്പെട്ട ജനതയായ ആദിവാസികളെയാണ് മുത്തങ്ങയിൽ വെടിവെച്ചു കൊന്നത്. അതിനോട് പ്രതികരിക്കാൻ, വിലപ്പെട്ടതെന്ന് എന്ന് കരുതുന്ന ആ ഉപഹാരം (കേരള സാഹിത്യ അക്കാദമി അവാർഡ്) വെച്ചുകൊണ്ട് എന്റെ പ്രതിഷേധം ശക്താമായി രേഖപ്പെടുത്തുകയാണ് എന്റെ മനസ്സിലുണ്ടായിരുന്നത്. ഈ ഒരു സ്വാതന്ത്ര്യം ഹനിക്കപ്പെട്ടാൽ എഴുത്തുകാരൻ വെറും അടിമയല്ലേ ? ഈ വിലക്കിൽ നിന്നും ഇനി എന്തുതരം പുസ്തകം എഴുതണം, എന്തുതരം പുസ്തകം എഴുതാൻ പാടില്ല എന്നുള്ളതിലേക്ക് പോകാം. ഒരു സംശയവും ഇല്ലല്ലോ ?
ഈ അടുത്ത്, നീതിക്ക് ലഭിക്കാൻ വേണ്ടി സമരം ചെയ്ത ഗുസ്തി താരങ്ങൾ രാജ്യത്തിന് വേണ്ടി നേടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കും എന്ന് പ്രഖ്യാപിച്ചിരുന്നല്ലോ. അത് ഭരണകൂടത്തെ ഭയപ്പെടുത്തിയിട്ടുണ്ട് എന്നു തോന്നുന്നുണ്ടോ
ഇന്ത്യയിലുണ്ടാകുന്ന കാര്യങ്ങളെ പലതരം മനുഷ്യർ തിരിച്ചറിയുന്നതിൽ ഭയാശങ്ക അവർക്കുണ്ട്. അതില്ലാതിരിക്കില്ല.
ഇത്തരം പ്രതിരോധ ശ്രമങ്ങളെ വിലക്കുകയും നിരോധിക്കുകയും ചെയ്യുമ്പോൾ തന്നെ വലിയ രീതിയിലുള്ള വർഗീയ പ്രചാരണങ്ങളാണ് വിവിധ കലാമാധ്യമങ്ങൾ ഉപയോഗിച്ച് ഹിന്ദുത്വവാദികൾ നടത്തിക്കൊണ്ടിരിക്കുന്നത്. കശ്മീർ ഫയൽസും, കേരളാ സ്റ്റോറിയും പുറത്തിറങ്ങാനിരിക്കുന്ന അത്തരം അനേക സിനിമകളുമുണ്ട്. മൻകിബാത്ത് എന്ന റേഡിയോ പ്രോഗ്രാമിന്റെ നൂറാം എപ്പിസോഡ് ആഘോഷിക്കാൻ ഇന്ത്യയിലെ പ്രമുഖരായ കലാകാരർ ജൻശക്തി എന്ന ഒരു പ്രൊപഗണ്ട കലാപ്രദർശനത്തിന്റെ ഭാഗമായി. അതിനെ വിമർശിച്ച് എഫ്.ബിയിൽ കുറിപ്പെഴുതിയ കിരൺ നാദാർ മ്യൂസിയത്തിലെ മലയാളിയായ ഒരു ഉദ്യോഗസ്ഥനെ പുറത്താക്കി. ഹിന്ദുത്വ പ്രചാരണത്തിനും ഭരണകൂട പ്രീണനത്തിനുമുള്ള ഉപാധി മാത്രമായി മാറുകയാണോ ഇന്ത്യയിലെ കലയും സാഹിത്യവും ?
ഭരണകൂടത്തിന്റെ അധികാരം ഉപയോഗിച്ചുകൊണ്ട് അവർക്ക് ചെയ്യാവുന്നതൊക്കെ അവർ ചെയ്യുന്നുണ്ട്. എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്തരുത് എന്ന എഴുതിവെക്കാത്ത ഒരു നിയമമുണ്ടല്ലോ, അതാണ് ഇപ്പോൾ ലംഘിക്കപ്പെടുന്നത്. എഴുത്തുകാരും ആ രീതിയിൽ രാഷ്ട്രീയവത്കരിക്കപ്പെടുകയും അവരുടെ വാക്കുകൾക്ക് ജനങ്ങൾക്കിടയിൽ വിലയില്ലാതെയായി പോവുകയും ചെയ്യുന്ന സാഹചര്യങ്ങളാണ് കുറച്ചുകൂടി എന്നെ ഭയപ്പെടുത്തുന്നത്. എഴുത്തുകാർ പറയുന്ന വാക്കുകൾക്ക് ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്ന അഭിമതം എന്നു പറയാവുന്ന ഒരു അവസ്ഥ എത്രത്തോളം നിലവിലുണ്ട് എന്നത് പരിശോധിക്കപ്പെടേണ്ട ഒരു കാര്യമാണ്.
പല കാരണങ്ങളാലാണത്. അതിൽ ഏറ്റവും പ്രധാനം കക്ഷി രാഷ്ട്രീയവത്കരണം തന്നെയാണ്. ചില എഴുത്തുകാർ ചില ആളുകളുടെ ഭാഗമാണ് എന്നുള്ള തോന്നൽ ഇന്ന് പൊതുജനത്തിന് ഇടയിലുണ്ട്. അത് എഴുത്തുകാരുടെ വിശ്വാസ്യത നഷ്ടപ്പെടുത്തും. അങ്ങനെ വരുമ്പോൾ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുള്ള ഇത്തരം തീരുമാനങ്ങളെ ചെറുക്കാനും ഒരു ഐക്യം ഉണ്ടാകാനും പ്രയാസമാണ്. അത് ദുർബലമായിരിക്കും. ആ ദുർബലത ചൂഷണം ചെയ്യാൻ ഭരണകൂടത്തിന് സാധിക്കുകയും ചെയ്യും.