ആഴം തൊടാത്ത വെളിച്ചപ്പൊട്ടുകൾ, വെളിച്ചം വെളിപ്പെടുത്താത്ത അരികുകൾ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

സ്ത്രീകൾ സ്ത്രീകളെ എഴുതുമ്പോൾ, ദൃശ്യവൽക്കരിക്കുമ്പോൾ മാത്രം സംഭവിക്കുവാൻ സാധ്യതയുള്ള സൗന്ദര്യാനുഭവവും, രാഷ്ട്രീയ തെളിച്ചവും, കാലത്തിന്റെ കാവ്യനീതിയും എല്ലാം കൂടി കലർന്ന പ്രതീക്ഷകളുടെ സൗകര്യപ്രദമായ ഭാരവുമായാണ് ധരംശാലയിലെ അസ്ഥിതുളക്കുന്ന ശീതക്കാറ്റിൽ ദീർഘനേരം വരി നിന്ന് പായൽ കപാഡിയയുടെ കാൻ ഗ്രാൻഡ് പ്രി തിളക്കമുള്ള ‘പ്രഭയായ് നിനച്ചതെല്ലാം’ (All We Imagine as Light) കാണാനായി കയറിയത്. ധരംശാല അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഈ വർഷത്തെ ഓപ്പണിങ് ഫിലിം ആയിരുന്നു AWIAL. ജീവിതത്തിന്റെ സാധാരണത്തത്തെ, അതിശയോക്തികളില്ലാത്ത ഒഴുക്കിനെ, ഒപ്പം ചെറിയ വിശദാംശങ്ങളിൽ അനാവൃതമാകുന്ന അസംബന്ധങ്ങളെ ഒക്കെ നിമിഷാർദ്രങ്ങളിൽ സംവദിക്കുന്ന, ആയാസരഹിതമായി പ്രവേശിക്കാവുന്ന ഒരു ചലച്ചിത്ര ഭാഷയുടെ ഊഷ്മളത ഓപ്പണിങ് സീക്വൻസുകളിൽ (ആശുപത്രി സീനുകളും, അതിനു ശേഷമുള്ള മുംബൈ നഗരത്തിന്റെ ട്രാൻസിറ്റ് അടയാളപ്പെടുത്തുന്ന ഷോട്ടുകളും ഉൾച്ചേരുന്ന ആദ്യത്തെ സീക്വൻസുകൾ) തന്നെ നമുക്ക് അനുഭവിക്കുവാനാകും. അധികാര സ്ഥാപനങ്ങളെ അസ്വസ്ഥമാക്കുന്ന പ്രധിരോധ രാഷ്ട്രീയമുള്ള വിദ്യാർത്ഥി ജീവിതത്തിലൂടെ, തുടർന്നുള്ള റിയലിസ്റ്റിക് ആഖ്യാന ശൈലിയുള്ള കലാപ്രവർത്തനത്തിലൂടെ ഒക്കെ ഒഴുകി നീങ്ങി ഒരേ സമയം യഥാതഥവും, കാവ്യാത്മകവുമായ ഒരു കഥപറച്ചിൽ രീതിയിലേക്ക് പരിണമിച്ച പായലിന്റെ ചലച്ചിത്ര ഭാഷ സ്ത്രീകളുടെ അനുഭൂതി ലോകത്തെയും, പ്രതിരോധ പരിസരത്തെയും അവതരിപ്പിക്കുന്നതിന് ലാവണ്യപരമായ ഒരു പശ്ചാത്തലം ഒരുക്കിവെക്കുന്നുണ്ട് ഓപ്പണിങ് സീക്വൻസുകളിലൂടെ.

മൺസൂണിൽ നനഞ്ഞു കിടക്കുന്ന മുംബൈ നഗരത്തിന്റെ, അവിടുത്തെ മനുഷ്യരുടെ കൃത്രിമത്വമില്ലാത്ത ദൃശ്യങ്ങൾ നീലതൊട്ട് നേർപ്പിച്ചെടുത്ത ഒരു ജലഛായ ചിത്രം പോലെ മനോഹരമെങ്കിലും, ആ കാല്പനികത മുംബൈയിൽ ജീവിക്കുന്ന ഏത് മനുഷ്യരുടേതാണ് എന്നൊരു കല്ലുകടി അതിലുണ്ട്. ആരും മുറുമുറുക്കുകയോ, ശപിക്കുകയോ ചെയ്യാത്ത മുംബൈ മൺസൂൺ, ഒരു അർബൻ മഹാനഗരത്തിന്റെ ഇടുക്കുകളിലും, അരികുകളിലും ജീവിക്കുന്ന മനുഷ്യരുടെ ഹ്രസ്വനിത്യസഞ്ചാരങ്ങളുടെ ഷോട്ടുകൾ ഇത്ര നിർമമത എങ്ങനെയാണ് സംക്രമിപ്പിക്കുന്നത്. ഒരുപക്ഷേ ശീലം കൊണ്ട്, ജീവിതത്തിന്റെ മറ്റ് ക്ലേശങ്ങളെ ചുറ്റിയുള്ള ആന്തരിക സംഘർഷങ്ങൾ കൊണ്ട് അവർക്കത് അനുഭവപ്പെടാതെ പോകുന്നതും ആകാം. അല്ലെങ്കിൽ ഫിലിംമേയ്ക്കറുടെ വ്യക്തിപരമായ ജീവിത പരിസരങ്ങളിൽ നിന്നുള്ള അനുഭൂതികളുടെ ശിഷ്ടവുമാകാം. എന്തായാലും പായൽ കപാഡിയ എങ്ങനെയാണ് അടിസ്ഥാനവർഗ ജീവിത പരിസരങ്ങളെ കാണുന്നത്, മനസിലാക്കുന്നത്, ഈ കാല്പനികതയുടെ കാഴ്ച അവരെ ആഴത്തിലേക്ക് നയിക്കുവാൻ സാധ്യത ഉണ്ടോ എന്നൊക്കെയുള്ള ആശങ്കകൾ കൂടി ബാക്കിയാക്കി ഈ ഓപ്പണിങ് സീക്വൻസുകൾ.

സിനിമയിലെ ഒരു രംഗം കടപ്പാട്: X

ഒരേ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന രണ്ട് നഴ്സുമാർ. ഒരാൾ തന്റെ മുപ്പതുകളിലും (പ്രഭ, കനിയുടെ പ്രഭ ഉള്ളുലക്കുകയും, ഹൃദയം കവരുകയും ചെയ്യും), ഒരാൾ തന്റെ ഇരുപതുകളിലും (അനു, ദിവ്യപ്രഭയല്ലാതെ വേറൊരാളെ സങ്കല്പിക്കുവാൻ പോലും സാധിക്കാത്ത അത്ര തന്മയത്വം ഉണ്ട് എന്ന് പറയാതെ വയ്യ). അതേ ഹോസ്പിറ്റലിൽ ക്യാന്റീനിൽ ജോലി ചെയ്യുന്ന അറുപതോട് അടുത്ത പാർവതിയും (ഛായ കാദത്തിന്റെ അവതരണത്തിൽ തീയറ്റർ പെർഫോമൻസിന്റെ ഒരു ഛായ കേറിക്കിടക്കുന്നു എന്ന് തോന്നി), ഈ മൂന്ന് സ്ത്രീകളുടെ വൈകാരിക, ഭൗതിക പ്രശ്നങ്ങളുടെ അടരുകളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. കാമനകളും, ഇടമില്ലായ്മകളും ഇടംകവരലുകളും പ്രശ്നകേന്ദ്രത്തിലേക്ക് വരുന്ന ആഖ്യാനത്തിൽ പ്രഭയുമായും, പാർവതിയുമായും ഒരു ടാൻജെന്റ്ഷ്യൽ ആയ സ്പർശരേഖ പങ്കിടുന്നുണ്ട് അനു. പാട്രിയാർക്കൽ മൂല്യങ്ങളാൽ കൂടി നിർണയിക്കപ്പെടുന്ന സാമ്പ്രദായിക സാമൂഹ്യ സ്ഥാപനങ്ങൾ എങ്ങനെയാണ് സ്ത്രീകളുടെ ജീവിതത്തെയും, കാമനകളെയും, സ്വച്ഛതയെയും നിയന്ത്രണത്തിൽ നിർത്തുന്നത്, അതിന്റെ ആഖാതം പെരുപ്പിക്കും വിധം എങ്ങനെയാണ് ക്ലാസ് പ്രവർത്തിക്കുന്നത് എന്നതെല്ലാം ഈ വ്യവഹാരത്തിന്റെ പരിസരത്തെ സംവേദ സമ്പന്നമാക്കുന്നുണ്ട്. അപ്പോഴും ജാതി അതിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് വ്യക്തത വരുത്താതെയാണ് കഥപറച്ചിൽ. പ്രഭയുടെയും, അനുവിന്റെയും, പാർവ്വതിയുടെയും ജാതി പരിസരങ്ങളെ കുറിച്ച് നമുക്ക് കൃത്യമായ ഒരു ധാരണ ഉണ്ടാകുന്നില്ല. അത് ഉണ്ടാക്കണം എന്ന് ഫിലിംമേക്കർ ഉദ്ദേശിക്കുന്നില്ല എന്നാണ് മനസിലാവുന്നത്. അവരുടെ ജാതി ഊഹിക്കേണ്ടും വിധം എന്തിനാണ് ഈ സൂചകങ്ങളുടെ മൂടൽമഞ്ഞെന്ന് ചോദിക്കേണ്ടതുണ്ട്. ഇന്ത്യൻ സാമൂഹ്യ പരിസരത്തിൽ നിന്ന് കഥ പറയുമ്പോൾ ഇന്ത്യ ഒരു ജാതി സമൂഹം ആണ് എന്ന യാഥാർഥ്യത്തെ ഉൾക്കൊള്ളാതെ പോവുന്നതിന്റെ യുക്തിയെന്താണ്. പാട്രിയാർക്കിയും മതവുമെല്ലാം മറനീക്കി പുറത്തുവരുന്ന ഒരു ആഖ്യാനത്തിൽ എന്തിനാണ് ജാതി മാത്രം ഒരു സൂചക പശ്ചാത്തലമാക്കി ഒതുക്കുന്നത്. വർഗ യുക്തിയിൽ മാത്രം കാര്യങ്ങളെ സമീപിക്കുന്ന മുഖ്യധാരാ രാഷ്ട്രീയ വ്യവഹാരങ്ങളുടെ ചരിത്രഭാരം ഒരു സ്വത്വ രാഷ്ട്രീയ ആഖ്യാനം മുന്നോട്ടുവെക്കുന്ന ആധുനിക ഫിലിംമേക്കർ ചുമക്കേണ്ടതുണ്ടോ?

കനി കുസൃതി, ഛായ കദം. കടപ്പാട്: instagram/lecercle

ഇനി കേവല വർഗ യുക്തിയിൽ മാത്രം നിന്ന് സിനിമയെ സമീപിക്കാം എന്ന് തീരുമാനിച്ചാൽ പോലും ഇടമില്ലായ്മകൾ, ഇടം കവരലുകൾ തുടങ്ങിയ ഗുരുതര പ്രശ്നങ്ങളെ പായൽ എങ്ങനെ ഈ ചിത്രത്തിൽ കൈകാര്യം ചെയ്തു എന്നതും പ്രശ്നഭരിതമാണ്. റിയൽ എസ്റ്റേറ്റ് മുതലാളിത്ത ഭീമന്മാർ കവർന്നെടുക്കുവാൻ ശ്രമിക്കുന്ന തന്റെ ഇടത്തെ ചൊല്ലിയുള്ള പാർവതിയുടെ പ്രതിരോധം അവസാനിക്കുന്നത് രത്നഗിരിയെന്ന തന്റെ ഗ്രാമത്തിലെ വീട്ടിലേക്കുള്ള തിരിച്ചുപോക്കിൽ ആണ്. നിയമയുദ്ധം അസാധ്യമാകുന്ന ഒരിടത്ത് നിന്ന് പാർവതിയും, പ്രഭയും ചേർന്ന് റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ഭീമൻ ഹോർഡിങ്ങിന് നേരെ കല്ലെറിയുന്ന ഒരു സീൻ ഉണ്ട് ഈ ചിത്രത്തിൽ. ഈ കല്ലെറിയലും, തിരിച്ചുപോകും ഒക്കെ വൈകാരികമായി സ്പർശിക്കുമ്പോൾ തന്നെയും, പ്രതിരോധിക്കുന്നവരെ കൊന്നുതള്ളുന്ന, ദേശവിരുദ്ധരും, തീവ്രവാദികളും ആക്കി വേട്ടയാടുന്ന, തിരിച്ചുപോകുവാൻ ഇടങ്ങളില്ലാതെ അനിശ്ചിതത്വത്തിൽ ജീവിക്കുന്ന അനേകായിരം മനുഷ്യർ ഉള്ള, പതിനായിരക്കണക്കിന് ജാതിക്കോളനികളും, ചേരികളുമുള്ള ഇന്ത്യൻ യാഥാർഥ്യത്തിൽ ഇരുന്ന് ഈ സിനിമ കാണുമ്പോൾ പായലിന്റെ കാല്പനികമായ ആന്റി കാപിറ്റലിസ്റ് പ്രതിരോധം കാര്യങ്ങളെ ലളിതവൽക്കരിച്ച് കാല്പനികമാക്കുന്ന ഒരു ക്രൂരമായ തമാശയായേ കാണാൻ സാധിച്ചുള്ളൂ. ഉപരിവർഗ സ്ത്രീയനുഭവങ്ങളും, അടിസ്ഥാന വർഗ, കീഴാള സ്ത്രീ അനുഭവങ്ങളും തമ്മിലുള്ള അന്തരത്തെ മനസ്സിലാക്കുന്നതിൽ പായൽ കപാഡിയ ആയാസപ്പെടുന്നുണ്ട് എന്നുവേണം മനസിലാക്കാൻ. അത് പക്ഷേ പായൽ കപാഡിയക്ക് മാത്രം സംഭവിക്കുന്ന സവിശേഷ രാഷ്ട്രീയ അപകടമല്ല. മറിച്ച്, പാട്രിയാർക്കൽ ആയ ലോക ഘടനയുടെ സാർവർത്രിക സ്വഭാവമുള്ള സ്ത്രീയനുഭവങ്ങളിൽ എവിടെയൊക്കെയോ അരികുകളിൽ നിന്നുള്ള സ്ത്രീയനുഭവങ്ങളുമായി സ്വയം ചേർത്തുവെക്കാൻ കഴിയുമ്പോഴും, ജാതിയും, വർഗ്ഗവും, വംശവും മറ്റ് അപരത്വങ്ങളും ഉൾച്ചേരുന്ന സ്വത്വസങ്കലനങ്ങളുടെ സങ്കീർണതകളെ, സൂക്ഷ്മതകളെ മനസ്സിലാക്കുന്നതിൽ, അഭിസംബോധന ചെയ്യുന്നതിൽ, മുഖ്യധാരാ വൈറ്റ്, സവർണ സ്ത്രീപക്ഷധാരകൾക്ക് പൊതുവിൽ ആർജവവും, നൈതികതയും ഇല്ലാതെ പോകുന്നതിലെ ആവർത്തനത്തിൽ പെട്ടുപോകലാണത്.

പ്രഭയായി നിനച്ചതെല്ലാം പോസ്റ്റർ. കടപ്പാട്: instagram

ഈ ആഖ്യാനത്തിൽ ബുർഖ എന്ന മുസ്ലിം സ്ത്രീകളുടെ വസ്ത്രം ഒരു കേവല പ്രോപ്പർട്ടി യുക്തിയിൽ ഉപയോഗിച്ചതിലും ഉണ്ട് ഈ പ്രശ്നഭരിതമായ ലളിതയുക്തി. അനുവിന്റെ കാമുകനായി ഒരു മുസ്ലിം യുവാവിനെ സങ്കൽപ്പിച്ചതിലെ മുഴുവൻ രാഷ്ട്രീയ സാധ്യതയും, ഒളിപ്പിക്കുവാനോ, മറക്കുവാനോ, വേഷപ്രശ്ചന്നരാവാനോ എളുപ്പത്തിൽ ഉപയോഗിക്കുവാനാകുന്ന കേവല വസ്ത്രമായി ബുർഖയെ ചുരുക്കുന്നതിൽ നഷ്ടപ്പെട്ടുപോയി എന്ന് തോന്നി. മറയ്ക്കുക, ഒളിക്കുക, തുടങ്ങിയ ഉപയോഗ സാധ്യതകളുടെ കേവല യുക്തി കൂടി നിരത്തിയാണല്ലോ എല്ലാ കാലത്തും മുസ്ലിം സ്ത്രീകളുടെ വസ്ത്ര, വ്യക്തി സ്വാതന്ത്യത്തിന്റെ മേൽ ഇസ്ലാമോഫോബിക് പൊതുസമൂഹം കുതിരകേറിയിട്ടുള്ളത്. പ്രേമത്തിനോ, കാമനകളുടെ പൂർത്തീകരണത്തിനോ എന്ന അടിസ്ഥാന അവകാശങ്ങൾക്കായി പോരാടുവാൻ ഉപയോഗിക്കപ്പെടുന്നു എന്ന ഗുണകരമായ രാഷ്ട്രീയ കാരണമല്ലാതെ, ഒരു ‘ഹിന്ദു’ പെൺകുട്ടിയും, മുസ്ലിം യുവാവും തങ്ങളുടെ പ്രണയത്തിനും, കാമനകൾക്കും നിരന്തര പ്രതിസന്ധിയാകുന്ന ലോകക്രമത്തെ ബുർഖ കൊണ്ട് കബളിപ്പിക്കുവാൻ ശ്രമിക്കുന്നു എന്ന ‘സാധ്യതയല്ലാതെ’, അങ്ങേയറ്റം ഇസ്ലാമോഫോബിക് ആയ ഇന്ത്യൻ കോണ്ടെക്സ്റ്റിൽ, പൊതുവിടത്തിലെ ബുർഖ എങ്ങനെ വ്യവഹരിക്കപ്പെട്ടു, മുസ്ലിം സ്ത്രീകളടക്കമുള്ള പുരുഷേതര ജൻഡർ വിഭാഗത്തിൽ പെടുന്ന സകല മനുഷ്യരുടെ ജീവിതത്തിലും ഇതെങ്ങനെ പ്രവർത്തിക്കപ്പെട്ടു, എന്നതൊക്കെ വിസ്മരിച്ച്, ഹിജാബ് വിലക്കുകളും, അതിക്രമങ്ങളും നിത്യ സംഭവങ്ങളായി മാറിയ സമകാലിക രാഷ്ട്രീയ സാമൂഹ്യ സാഹചര്യത്തിൽ ജീവിച്ചിട്ട് ഈ വസ്ത്രത്തെ ഒരു പ്രോപ് ലോജിക്കിൽ മാത്രം ഉപയോഗിക്കുന്നതിലെ പ്രശ്നത്തെ പായൽ കപാഡിയയും നമ്മളും തിരിച്ചറിയേണ്ടതുണ്ട്. അതല്ല മറിച്ച് ബുർഖയെ ഒരു വിമോചക സൂചകമായി ആണ് ഉപയോഗിച്ചത് എന്ന് ഉദാരമായി വ്യാഖാനിച്ചാലും അത് മറ്റൊരു രാഷ്ട്രീയ പ്രശ്നമാണ്.

സിനിമയിലെ ഒരു രംഗം. കടപ്പാട്: X

മാജിക്കൽ റിയലിസവും, സർറിയൽ ആയ ആഖ്യാന സങ്കേതങ്ങളും, സ്വപ്നാടനങ്ങളുമെല്ലാം മനുഷ്യരുടെ ആന്തരിക വ്യവഹാരങ്ങളുടെ സങ്കീർണ്ണതകളെ, ഇഴപിരിച്ചെടുക്കൽ അസാധ്യമായ പല പാളികളെ ഒക്കെ സംവദിക്കുന്നതിൽ ഫലപ്രദമായി ഉപയോഗിക്കുവാൻ കഴിഞ്ഞിട്ടുള്ള ഒരു ചലച്ചിത്രാഖ്യാനം ആണ് AWIAL. എങ്കിലും, പ്രഭയുടെ ജീവിത സംഘർഷങ്ങൾ കുറച്ചെങ്കിലും ആദ്യ പകുതിയിലെ യഥാതഥ ലോകത്ത് പ്രഭക്ക് അഭിമുഖീകരിക്കുവാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന് ആശിച്ചുപോകും നമ്മൾ. കാരണം സ്ത്രീകളുടെ പ്രശ്ങ്ങൾ വൈകാരികം മാത്രം അല്ലല്ലോ. സ്ത്രീകൾക്കെതിരെ നിരന്തരം പ്രവർത്തിക്കുന്ന അധികാര സ്ഥാപനങ്ങളുടെ, പലതരം സ്ട്രക്ച്ചറൽ വയലൻസുകളുടെ ഒക്കെ ആകെ തുകയിൽ ഉള്ള രാഷ്ട്രീയ പ്രശ്നം കൂടിയാണല്ലോ അത്. ആ പ്രശ്നങ്ങളെ പ്രഭക്ക് യാഥാർഥ്യവും, ഭാവനയും, ഉന്മാദവും ഒക്കെ കൂടിച്ചേരുന്ന രത്നഗിരിയുടെ തീരങ്ങളിൽ മാത്രമാണ് അഭിമുഖീകരിക്കുവാൻ കഴിയുന്നത് എന്നത് ഒരേ സമയം ആർട്ടിസ്റ്റിക് ആയ ഒരു സാധ്യതയും, എന്നാൽ രാഷ്ട്രീയ ഭാവനയുടെ പരിമിധിയുമായാണ് അനുഭവപ്പെടുന്നത്. പായൽ കപാഡിയയുടെ, എഴുത്തിലും, സംവിധാനത്തിലും ഈ ആർട്ടിസ്റ്റും, ആക്ടിവിസ്റ്റും തമ്മിലുള്ള നിരന്തര സംഘർഷങ്ങൾ സൂക്ഷ്മത്തിൽ പ്രവർത്തിക്കുന്നതായി കാണാം. അനുവും കാമുകനും രത്നഗിരിയിലെ വിജനമായ പൗരാണിക ഗുഹകളിൽ വെച്ച് കണ്ടുമുട്ടുന്ന ഭാഗം തന്നെയെടുക്കാം. സ്വകാര്യമല്ലാത്ത ഒരിടത്ത്, എന്നാൽ സ്വകാര്യത ഉള്ള ഒരിടത്ത് ദീർഘ ദൂരങ്ങൾ താണ്ടി എത്തിച്ചേർന്ന്, പ്രഭയോടും പർവതിയോടുമൊക്കെ ഒളിക്കുന്നതടക്കമുള്ള ചേതങ്ങൾ എടുത്ത്, സമയവും, കാലവും വന്യമായ സൗന്ദര്യത്തിൽ ഉറങ്ങിക്കിടക്കുന്ന, ആ പുരാതന ഗുഹാമുഖത്ത് എത്തിച്ചേർന്നതിലെ ജൈവികമായ വിമതത, നമ്മൾ അഗാധമായ സ്നേഹത്തിൽ ആയിരിക്കുമ്പോൾ മാത്രം സംഭവിക്കുന്ന സാഹസികത, വിപ്ലവം എല്ലാം കവിതപോലെയുള്ള ആ ദൃശ്യങ്ങളിലൂടെയും, ശബ്ദങ്ങളിലൂടെയും സംവദിക്കപ്പെടുന്നുണ്ട്. പായൽ കപാഡിയയിലെ ആർട്ടിസ്റ്റ് തന്റെ ക്രാഫ്റ്റിന്റെ സാധ്യതകളിൽ സുന്ദരമായി വിരാചിക്കുന്ന ആ മൊമെൻറ്റിൽ അതിന്റെ സ്വാഭാവികതയെ കൊല്ലുന്നപോലെയാണ് ഒരു ശിലാഭിത്തിയിൽ ആസാദി എന്ന ചുവരെഴുത്ത് കാണിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ എല്ലാം പായൽ കപാഡിയയിലെ ആർട്ടിസ്റ്റിനെ ഒരു ആക്ടിവിസ്റ് ബോധം കീഴടക്കുന്നതായി അനുഭവപ്പെടും. രാഷ്ട്രീയ ആഖ്യാനം എന്ന ധർമം കൂടി അനുഷ്ഠിക്കുവാൻ ഉദ്ദേശിച്ച് ആശയവത്കരിക്കുകയും, നിർമ്മിക്കപ്പെടുകയും ചെയ്യുന്ന AWIAL പോലുള്ള ചിത്രങ്ങളിൽ ഈ ആർട്ടിസ്റ്റിക്, ആക്ടിവിസ്റ്റിക് ലയനത്തിലെ ജൈവികത നിലനിർത്താൻ സങ്കേതങ്ങൾ രൂപപ്പെടുത്തുന്നതിൽ സർഗാത്മകമായ, ക്രിയാത്മകമായ സംവാദങ്ങൾ നമ്മൾ ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്.

ചിത്രീകരണത്തിനിടെ പായൽ കപാഡിയ. കടപ്പാട്: instagram/aboli

സ്ത്രീകൾക്കിടയിലുള്ള സൗഹൃദം എങ്ങനെ ഒരു രാഷ്ട്രീയ പ്രതിരോധമാകുന്നു എന്ന് ഉള്ള്നിറക്കുന്ന വിധം ആവിഷ്കരിക്കുന്നുണ്ട് AWIAL. അവരവരെ കാണാനുള്ള കണ്ണാടിയായി, പൂക്കാനും, തളിർക്കാനും, കായ്ക്കാനുമുള്ള വളമായി സ്ത്രീകൾക്കിടയിലുള്ള ആർദ്രമായ വൈകാരിക ബന്ധങ്ങൾ മാറുന്നതിലെ സൗന്ദര്യവും, സാധ്യതയും മടുപ്പിക്കുന്ന വാചാടോപം ഇല്ലാതെ, മനോഹരമായ ദൃശ്യാവിഷ്കരണത്തിലൂടെ തുറന്ന് വെക്കുന്നുണ്ട് AWIAL . ചെറിയ ചെറിയ അത്തരം മോമെന്റുകൾ നൽകുന്ന ചലച്ചിത്രാനുഭൂതി വളരെ വിരളമായി മാത്രം നമുക്ക് കിട്ടുന്നതാണ്. അതുകൊണ്ടുതന്നെ സിനിമ നൽകുന്ന അനുഭൂതികളിൽ അഭിരമിച്ചും, രാഷ്ട്രീയത്തിന്റെ സൂക്ഷ്മതയിൽ കലഹിച്ചും കെടാതെ കൊണ്ടുപോകേണ്ട വെളിച്ചപ്പൊട്ടായി പ്രഭയായ് നിനച്ചതിനെയെല്ലാം നമ്മൾ മുന്നോട്ട് എടുക്കേണ്ടതുണ്ട്‌, ആഘോഷിക്കേണ്ടതുണ്ട്.

Also Read

6 minutes read December 5, 2024 1:21 pm