Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
സിനിമയെ കുറിച്ച് ചിന്തിക്കുമ്പോഴൊക്കെ സ്ത്രീകളും അവരുടെ പ്രശ്നങ്ങളുമാണ് തന്റെ മുൻപിൽ വരാറുള്ളതെന്നും സ്ത്രീകളെ കുറിച്ച് ചിത്രങ്ങൾ നിർമ്മിക്കുകയെന്നത് തന്റെ മുന്നിലൊരു തിരഞ്ഞെടുപ്പല്ല, മറിച്ച് അതാണ് നിർബന്ധമായും ചെയ്യേണ്ടതെന്നും പായൽ കപാഡിയ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. വിഖ്യാതമായ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച് ഗ്രാൻഡ് പ്രി പുരസ്കാരം സ്വന്തമാക്കിയ പായലിന്റെ ആദ്യ ഫീച്ചർ ഫിലിം ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ അത്തരത്തിൽ മൂന്ന് സ്ത്രീകളുടെ ജീവതവും അതിജീവനവും തന്നെയാണ് ചർച്ച ചെയ്യുന്നത്. സിനിമ എന്ന മാധ്യമത്തെ നിരന്തരം പുതുക്കിപണിയുകയും ദൃശ്യഭാഷയിലൂന്നി ആഖ്യാനത്തെ മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യുന്ന മികച്ച സിനിമ പാരമ്പര്യമുള്ള ഇന്ത്യൻ സിനിമയ്ക്ക് എല്ലാക്കാലത്തും അഭിമാനിക്കാൻ കഴിയുന്ന സൃഷ്ടി കൂടിയാണ് പായലിന്റെ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’.
സ്ത്രീത്വം എന്ന വികാരം
മുംബൈയിലേക്ക് കുടിയേറി വന്ന പ്രഭ (കനി കുസൃതി), അനു (ദിവ്യ പ്രഭ) എന്നീ നഴ്സുമാർ ഒരേ ആശുപത്രിയിൽ വ്യത്യസ്ത ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്ന മലയാളികളാണ്. മുപ്പതുകൾ പിന്നിട്ട പ്രഭയും, ഇരുപതുകളിൽ ജീവിതമാഘോഷിക്കുന്ന അനുവും രണ്ട് വ്യത്യസ്ത ധ്രുവങ്ങളിലാണ് ജീവിക്കുന്നത്. വൈരുദ്ധ്യങ്ങളിലും സ്ത്രീത്വം എന്ന വികാരം തന്നെയാണ് അവരെ ഒന്നിപ്പിക്കുന്നത്.
ഒരുമിച്ച് താമസിക്കുമ്പോഴും പ്രഭയ്ക്കും അനുവിനും വ്യത്യസ്ത വികാരങ്ങളും കാഴ്ചപ്പാടുകളുമാണ് ജീവിതത്തോടുള്ളത്. രണ്ടുപേരുടെയും പക്വതയും വൈകാരിക തലങ്ങളും രണ്ടറ്റത്താണെന്ന് കാണാൻ കഴിയും. കൃത്യമായ സാമ്പത്തിക അച്ചടക്കമില്ലാതെ, കാമുകൻ ഷിയാസിന്റെ (ഹൃദു ഹാറൂൺ) കൂടെ മുംബൈ തെരുവുകളിൽ അലഞ്ഞുതിരഞ്ഞു നടക്കുന്ന, ആസ്വദിച്ച് ഭക്ഷണം കഴിക്കുന്ന, പൊതുവിടങ്ങളിൽ പോലും മഴ നനഞ്ഞ് ചുംബിച്ചുകൊണ്ടിരിക്കുന്ന, തന്റെ ലൈംഗിക വികാരങ്ങളെ അടിച്ചമർത്താതെ അതെല്ലാം പ്രകടപ്പിക്കാൻ മടിക്കാണിക്കാത്ത അനു.
തന്റേതല്ലാത്ത കാരണത്താൽ വിവാഹത്തിന് ശേഷം ഭർത്താവുമായി അകന്നുതാമസിക്കുന്ന പ്രഭ. മുംബൈയിലെ തിരക്കുകളോടും മനുഷ്യരോടും കാലക്രമേണ പാകപ്പെട്ടുവന്നവളാണ് പ്രഭയെന്ന് കാണാൻ കഴിയും. വലിയ ദുഃഖഭാരത്തിലും വിഷാദത്തിലും ഏകാന്തതയിലും കഴിയുന്ന പ്രഭയ്ക്ക് ജർമനിയിൽ നിന്നും ഭർത്താവ് കാലങ്ങൾക്ക് ശേഷം അയച്ചുകൊടുക്കുന്ന റൈസ് കുക്കർ കിട്ടുന്നതോട് കൂടി അവളുടെ ജീവിതവും ചിന്തകളും വ്യതിചലിച്ച് തുടങ്ങുന്നു. സ്നേഹവും പ്രണയവുമില്ലാത്ത വിരസ ജീവിതത്തിന്റെ മടുപ്പിൽ, ഇടുങ്ങിയ കുളിമുറിയിലിരുന്ന് ആശുപത്രിയിലിടാനുള്ള സാരി അലക്കുന്ന രംഗവും, റൈസ് കുക്കറിനെ ചേർത്തണയ്ക്കുന്ന രംഗവും പ്രഭയുടെ എല്ലാ വൈകാരിക തലങ്ങളെയും പ്രതിനിധാനം ചെയ്യുന്നുണ്ട്. സമൂഹത്തിന്റെ എല്ലാ പൊതുബോധ നിർമ്മിതികളെയും കെട്ടുപാടുകളെയും ഭേദിക്കാൻ ഏതൊരു സ്ത്രീയെ പോലെയും പ്രഭയും ഭയക്കുന്നുണ്ട്. അതുകൊണ്ട് കൂടിയാണ് ഡോ. മനോജ് (അസീസ് നെടുമങ്ങാട്) തന്റെ ഇഷ്ടം പ്രഭയോട് പറയുമ്പോൾ അവളതിനെ മനഃപൂർവ്വം നിരാകാരിക്കുന്നതും. മുംബൈ എന്ന നഗരത്തിൽ ‘സ്വാതന്ത്ര്യത്തോടെ’ ജീവിച്ചിട്ടും സ്വന്തമായി ചോയ്സുകളില്ലാത്ത പണിയെടുക്കാൻ മാത്രം വിധിച്ച ഒരു സ്ത്രീശരീരമായി അവൾ ഒതുങ്ങിപ്പോവുന്നതും.
മൂന്നാമതമായി, പാർവതി എന്ന മുംബൈക്കാരിയായ വിവാഹമോചിതയായ സ്ത്രീയുടെ ജീവിതവും ചിത്രത്തിലൂടെ പായൽ പറയുന്നുണ്ട്. പ്രഭയും അനുവും അവരുടെ ജീവിതവും എങ്ങനെയാണ് പാർവതിയുമായി ബന്ധപ്പെട്ട് കിടക്കുന്നതെന്നും അതിന്റെ ഭാഗമായി അവർ രണ്ടുപേരുടെയും ജീവിതം എങ്ങനെയാണ് മാറിമറയുന്നതെന്നും സിനിമ സംസാരിക്കുന്നു. അത് പക്ഷേ സൂക്ഷമായ ഒരു മാറ്റമാണ്, അതേസമയം ഏറ്റവും അനിവാര്യമായത് കൂടിയാണ്. 22 വർഷത്തോളം മുംബൈയിൽ താമസിച്ചിട്ടും അത് തെളിയിക്കാൻ രേഖകളില്ലാതെ സ്വന്തം നാടായ രത്നഗിരിയിലേക്ക് സ്വപ്നങ്ങളും പ്രതീക്ഷകളും പാതിവഴിയിലുപേക്ഷിച്ച് തിരിച്ചുപോവേണ്ടി വരുന്നുണ്ട് അവൾക്ക്. ഇത്തരത്തിൽ മൂന്ന് സ്ത്രീകളുടെ സാമൂഹികവും വ്യക്തിഗതവുമായ ജീവിതത്തെയാണ് 115 മിനിറ്റിൽ പായൽ കപാഡിയ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റി’ലൂടെ ചിത്രീകരിച്ചിരിക്കുന്നത്.
ലോകത്തെ മുഴുവൻ സ്ത്രീകളെയുമാണ് ‘വീ’ (We) എന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്ന് പായൽ പറയുന്നു. സ്വന്തം ജന്മനാടും വീടുമുപേക്ഷിച്ച് ലോകത്തെ എല്ലാ സ്ത്രീകളും ജീവിതത്തിലൊരിക്കലെങ്കിലും പാലായനം ചെയ്യുന്നു. ജോലിക്ക് വേണ്ടി, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾക്ക് വേണ്ടി, വിവാഹം കഴിച്ചതിന്റെ പേരിൽ… അങ്ങനെയങ്ങനെ ഏതോ നഗരത്തിന്റെ അപരിചിതമായ ആദ്യ കാഴ്ചയെ തുടർ കാഴ്ചകളാൽ ഇല്ലാതെയാക്കി സ്വന്തം നഗരത്തിലെന്ന പോലെ അവർ ജീവിക്കുന്നു.
ഒരിക്കലും വീടായി മാറാത്ത നഗരങ്ങൾ
ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ പ്രതിഫലനമാണ് മുംബൈ നഗരം. അവിടെ എല്ലാത്തരം മനുഷ്യരും അതിജീവനത്തിനായി എത്തിപ്പെടുന്നു. ബഹുനില ഫ്ലാറ്റുകളിലും ചേരികളിലും പാസഞ്ചർ ട്രെയിനുകളിലും ബസ്സുകളിലും തെരുവുകളിലും തുടങ്ങി മുംബൈയിൽ എല്ലായിടത്തും ജീവിതം കാണാൻ കഴിയും. മനുഷ്യനെ മനുഷ്യനോട് തന്നെ മത്സരിപ്പിക്കുന്ന മുതലാളിത്ത- ജാതിഘടന ഏറ്റവും സജീവമായി നിൽക്കുന്നിടത്തേക്ക് തന്നെ നാടും വീടും ഉപേക്ഷിച്ച് മനുഷ്യർ അതിജീവനത്തിനായി പാലായനം ചെയ്തുകൊണ്ടെത്തിപ്പെടുന്നു. പലതരം ഭാഷകൾ സംസാരിക്കുന്ന മനുഷ്യർ, ഹിന്ദി പറഞ്ഞും പഠിച്ചും അവിടെ അതിജീവിക്കാൻ ശ്രമിക്കുന്നു. മുംബൈയുടെ വിശാലമായ ഒരു ലാന്റ്സ്കേപ് ആണ് പായൽ ആദ്യ പകുതിയിൽ വരച്ചിടുന്നത്. അപരിചിതമായ വ്യക്തികളുടെ മോണോലോഗുകളിലൂടെ മുംബൈ മെല്ലെ തെളിഞ്ഞുവരുന്നു. 23 വർഷം ഇവിടെ ജീവിച്ചിട്ടും ഇതെനിക്ക് വീടായി മാറിയിട്ടില്ലെന്ന് ഒരാൾ പറയുന്നു, പാസഞ്ചർ ട്രെയിനുകളിലിരുന്ന് പച്ചക്കറിയരിയുകയും ഭക്ഷണം കഴിക്കുകയും ചെയ്ത് ഒരു വലിയ നഗരത്തിന്റെ വേഗത്തോട് ഓടിയെത്താൻ ഓരോരുത്തരും ശ്രമിക്കുന്നു. ഈ അപരിചിതരിൽ ഒരാളായാണ് പ്രഭയും, അനുവും, പാർവതിയും പ്രേക്ഷകരുടെ മുന്നിലേയ്ക്ക് എത്തുന്നത്.
രണ്ട് തരം നിറങ്ങളാണ് ചിത്രത്തിൽ പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. ആദ്യ പകുതിയിൽ നീല നിറത്തിനും രണ്ടാം പകുതിയിൽ ചുവപ്പ് കലർന്ന ബ്രൗൺ നിറത്തിനുമാണ് പ്രാധാന്യം. മൺസൂൺ കാലത്തെ മുംബൈയിലെ നീലാകാശങ്ങളുടെ ഒരു പ്രതിഫലനം തന്നെയാണ് ആദ്യ പകുതി. മഴ പെയ്തുതോർന്ന രാതികളിൽ പോലും നീലയുടെ കലർപ്പ് ഇരുട്ടിലും കാണാൻ കഴിയും. പ്രഭയും അനുവും രാത്രി സംസാരിച്ചിരിക്കുമ്പോൾ നീല ടാർപോളിൻ കൊണ്ടുമറച്ച ജനലിനുള്ളിലൂടെ പുറത്തേക്ക് നീളുന്ന ഒരു ദൃശ്യമുണ്ട്, പശ്ചാത്തലത്തിൽ വലിയ ഫ്ലാറ്റുകളും അവിടുത്തെ ജീവിതവും വെളിവാകുന്നു. ഇത്തരത്തിൽ മുംബൈയിലെ നാഗരിക ജീവിതത്തിന്റെ പ്രതിഫലനം നീല കലർന്ന ഫ്രെയ്മുകളിലൂടെ പായൽ പ്രേക്ഷകർക്ക് സമ്മാനിക്കുന്നു. തിരക്കുപിടിച്ച നഗര ജീവിതത്തിൽ നിന്നും മാറി പാർവതിയുടെ സ്വന്തം നാടായ രത്നഗിരിയിലേക്ക് പ്രഭയും അനുവും അവരോടൊപ്പം പോകുന്ന യാത്രയും അവിടെയുള്ള അവരുടെ കുറച്ചു ദിവസത്തെ ജീവിതവുമാണ് ചിത്രത്തിന്റെ രണ്ടാം പകുതി. ചുവപ്പ് നിറമുള്ള പാറക്കല്ലുകളും ചെമ്മണ്ണും കലർന്ന രത്നഗിരിയുടെ ലാന്റ്സ്കേപ്പിന്റെ നിറം തന്നെയാണ് രണ്ടാം പകുതിയിലുടനീളം കാണാൻ കഴിയുന്നത്. പ്രഭയും അനുവും ഏറ്റവും സ്വസ്ഥമാവുന്നതും കെട്ടുപാടുകളില്ലാതെ ജീവിക്കാൻ ശ്രമിക്കുന്നതും പാർവതിയുടെ വീട്ടിൽ എത്തിയതിന് ശേഷമാണ്. പ്രഭ പ്രൊഫഷണലായി ചെയ്യുന്ന ഒരു കാര്യം കൊണ്ട് ആ നാട്ടിലെ ഒരു മനുഷ്യനാണ് ഉപകാരമുണ്ടാവുന്നത്. അത്തരമൊരു പ്രവൃത്തിയിലൂടെ പ്രഭയ്ക്കും തന്റെ വ്യക്തിത്വം സംബന്ധിച്ച കാര്യങ്ങളിലും തീരുമാനങ്ങളിലും കൂടുതൽ തെളിച്ചം വരുന്നു. അനുവാണെങ്കിലും തന്റെ പ്രണയത്തിലും വികാരത്തിലും ഏറ്റവും സ്വാതന്ത്ര്യയാവുന്നതും ഇവിടെ വെച്ചാണ്. ഒരു പതിനഞ്ച് വർഷം കഴിഞ്ഞാൽ എന്താവും തങ്ങളുടെയൊക്കെ ജീവിതമെന്ന് അവൾ കാമുകനോട് ചോദിക്കുന്നുണ്ട്. അത് കൂടാതെ മുംബൈ പോലൊരു നഗരത്തിൽ നിന്നും എവിടെക്കെങ്കിലും ഓടി പോവാൻ തോന്നുന്നുവെന്ന് പ്രഭയോട് അവൾ പറയുന്നുമുണ്ട്.
ഒരുപാട് കാലം ജീവിച്ചിട്ടും ഒരിക്കലും വീടായി മാറാത്ത ഒരു നഗരത്തിൽ നിന്നും വ്യത്യസ്തമായി പെട്ടെന്ന് തന്നെ ഒരു ഗ്രാമം തങ്ങൾക്ക് വീടായി മാറിയതിന്റെ തിരിച്ചറിവിലാണ് നിറയെ നക്ഷത്രങ്ങളുള്ള ആകാശത്തിലെ വെളിച്ചത്തിന് കീഴെ അവർ മൂന്ന് പേരുമിരിക്കുന്നത്. ‘പ്രഭയായി നിനച്ചതെല്ലാം’ എന്ന തലക്കെട്ട് തന്നെ പല ആന്തരിക അർത്ഥതലങ്ങളിലേക്കുമാണ് പ്രേക്ഷകരേ കൊണ്ടെത്തിക്കുന്നത്.
ഛായാഗ്രഹണം ആണെങ്കിലും ശബ്ദവിന്യാസമാണെങ്കിലും ഏറ്റവും മികച്ച രീതിയിലാണ് ചിത്രത്തിലൂടെ അനുഭവപ്പെടുന്നത്. പ്രഭയും അനുവുമായി കനിയും ദിവ്യയും അവരുടെ ഏറ്റവും മികച്ചത് തന്നെ പ്രേക്ഷകന് നൽകിയിട്ടുണ്ട്. ഛായ കദം, ഹൃദു ഹാറൂൺ, അസീസ് നെടുമങ്ങാട് എന്നിവരും കഥാപാത്രങ്ങളോട് നീതി പുലർത്തുന്ന പ്രകടനം തന്നെയായിരുന്നു കാഴ്ച വെച്ചത്.
മുംബൈ എന്ന നഗരവും കുടിയേറ്റവും
ആനന്ദിന്റെ ‘ആൾക്കൂട്ടം’ എന്ന നോവൽ അവസാനിക്കുമ്പോൾ പ്രധാന കഥാപാത്രമായ ജോസഫിന്റെ ട്രെയിൻ കടന്നുപോകുന്ന ഒരു രംഗമുണ്ട്- ഗുജറാത്തിലെ വയലുകളിൽ നിന്നോ രാജസ്ഥാനിലെ മരുഭൂമിയിൽ നിന്നോ വാരിയെടുത്ത ഒരുപറ്റം മനുഷ്യരുമായി ബോംബൈയിലേക്ക് വരുന്ന മറ്റൊരു ട്രെയിൻ. മനുഷ്യരുടെയും ശബ്ദത്തിന്റെയും നഗരമായ ബോംബെയിൽ അവരെ കാത്തരിക്കുന്നത് എന്താണെന്ന വലിയ ചോദ്യവുമായാണ് നോവൽ അവസാനിക്കുന്നത്. ആൾക്കൂട്ടം പുറത്തിറങ്ങി അൻപത് വർഷങ്ങൾക്കിപ്പുറവും മുംബൈ എന്നത് ഇപ്പോഴും ഇന്ത്യയുടെ ഒരു കുടിയേറ്റ നഗരമായി കണക്കാക്കപ്പെടുന്നു. കേരളത്തിൽ നിന്ന് തന്നെ നഴ്സിംഗ് പഠിച്ച് നിരവധി പേരാണ് മുംബൈയിലേക്ക് കുടിയേറിയിരിക്കുന്നത്. കൃത്യമായ ശമ്പളമോ അടിസ്ഥാന സൗകര്യമോ ഇല്ലാതെ മനുഷ്യാവകാശങ്ങൾ പോലും ലംഘിക്കപ്പെട്ട് നിരവധി പേരാണ് നഴ്സിംഗ് മേഖലയിൽ കഷ്ടപ്പെടുന്നത്. സ്വാതന്ത്ര്യത്തിന്റെ നഗരമായ മുംബൈയുടെ മറ്റൊരു മുഖം കൂടിയാണ് പായൽ കപാഡിയ ഈ സിനിമയിലൂടെ ചിത്രീകരിച്ചിരിക്കുന്നത്. കൂടാതെ മുംബൈയിലെ സവർണ്ണ ഭൂമാഫിയയുടെ ഇടപെടലുകളും സിനിമയിൽ പായൽ പരാമർശിക്കുന്നുണ്ട്. മുംബൈയിലെ സവർണ്ണരും ബഹുജനങ്ങളും തമ്മിലെ അന്തരം ഒരു ഫ്ലെക്സ് ബോർഡിനപ്പുറവും ഇപ്പുറവുമെന്ന പോലെ പായൽ വരച്ചിടുന്നു.
തന്റെ മുത്തശ്ശിയെ പരിചരിക്കാനെത്തിയ നഴ്സുമാരുമായുള്ള അടുപ്പത്തിൽ നിന്നുമാണ് പ്രഭയും അനുവും പിറവിയെടുത്തതെന്ന് പായൽ പറയുന്നുണ്ട്. അനുവും പ്രഭയും പാർവതിയും ഒരുപാട് സ്ത്രീകളുടെ പ്രതിനിധിയാണ്. വുമൺഹുഡ് എന്ന വലിയ വികാരമാണ് എല്ലാവരെയും ഒന്നിപ്പിക്കുന്നത്. മുംബൈ എന്നത് സ്വപ്നങ്ങളുടെ നഗരമല്ല മിഥ്യകളുടെ നഗരമാണ് എന്ന കഥാപാത്രങ്ങളുടെ തന്നെ വാക്കുകളിലൂടെയുള്ള തിരിച്ചറിവ് കൂടിയാണ് സിനിമയുടെ ആകെത്തുക.
വരും കാലങ്ങളിൽ ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടാൻ പോകുന്ന പേരായിരിക്കും പായൽ കപാഡിയ എന്ന് ഒരൊറ്റ ഫീച്ചർ ഫിലിമിലൂടെ അവർ തെളിയിച്ചിരിക്കുകയാണ്. പൂനെ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഇന്ത്യ (FTII)യിലെ പായലിന്റെ രാഷ്ട്രീയ നിലപാടുകളും ഇതോടൊപ്പം ചേർത്തുവായിക്കാം. എഫ്.ടി.ഐ.ഐ ഡയറക്ടറായി ബിജെപി അനുഭാവി ഗജേന്ദ്ര ചൗഹാനെ നിയമിക്കുന്നതിനെതിരെ 131 ദിവസമാണ് പായലിന്റെ നേതൃത്വത്തിൽ സമരം അരങ്ങേറിയത്. പ്രതികാര നടപടിയെന്നോണം പായലിന്റെ ഗ്രാന്റ് അധികൃതർ തടഞ്ഞുവെക്കുകയും പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിലെ ഹിന്ദുത്വയെ തുറന്നുകാണിച്ച പായലിന്റെ ഡോക്യുമെന്ററി ‘എ നൈറ്റ് ഓഫ് നോയിങ് നത്തിങ്ങ്’ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. കൂടാതെ കാൻ ഫിലിം ഫെസ്റ്റിവലിൽ 2021 ലെ മികച്ച ഡോക്യുമെന്ററിക്കുള്ള ഗോൾഡൻ ഐ പുരസ്കാരവും ചിത്രം നേടി. ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ പോലെയൊരു ചിത്രത്തിന് എന്തുകൊണ്ടാണ് ഇന്ത്യയ്ക്ക് പുറത്തുനിന്നുള്ള ഫ്രഞ്ച് പ്രൊഡക്ഷൻ ഹൗസിനെ സമീപിക്കേണ്ടി വന്നുവെന്നത്, സമാന്തര ഇന്ത്യൻ സിനിമകൾ എല്ലാകാലത്തും നേരിടേണ്ടി വരുന്ന ഒരു പ്രതിസന്ധിയാണ്. സിനിമ ആഘോഷിക്കപ്പെടുന്നതിനൊപ്പം തന്നെ ഇതും ചർച്ച ചെയ്യപ്പെടേണ്ടതാണ്.