Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ജോയി നമുക്ക് ജീവൻ തന്നത് നമ്മളെ തിരുത്താൻ വേണ്ടിയാണ്, മാലിന്യ സംസ്കരണത്തിന് ജീവൻ വയ്പിക്കാനാണ്. സാധാരണയായി ചെയ്യാറുള്ളതു പോലെ നമ്മൾ ഉൾപ്പെടാത്ത ഏതെങ്കിലും വിഭാഗത്തെയോ സ്ഥാപനത്തെയോ കുറ്റപ്പെടുത്താനുള്ള അവസരമായി ആമയിഴഞ്ചാൻ തോട് സംഭവത്തെ എടുക്കാതിരിക്കാൻ നമുക്ക് കഴിയണം. ദൂഷണകേളി (blame game) യിൽ നിന്ന് നാം മുക്തമാവണം. ഒരാൾക്കും മറ്റൊരാളെയോ വിഭാഗത്തെയോ ഇക്കാര്യത്തിൽ കുറ്റപ്പെടുത്താൻ യോഗ്യതയുണ്ടാവില്ല എന്നയിടത്ത് നിന്ന് ആരംഭിക്കാനാണ് ജോയിയുടെ ജീവൻ പറയുന്നതെന്ന് തോന്നുന്നു. എല്ലാ ജീവിത മണ്ഡലങ്ങളിൽ വ്യവഹരിക്കുന്നവരും അവിടെയുണ്ടാകുന്ന മാലിന്യത്തെപ്പറ്റി ഉത്സുകരായേ പറ്റൂ. മാലിന്യമുണ്ടാക്കാത്ത ഒരു മനുഷ്യയിടവുമില്ലല്ലോ. ഓരോയിടത്തും ഓരോ പരിഹാരമാവും പ്രായോഗികം. വീട്ടിലെയും ഓഫീസിലെയും വഴിയിലെയും പുഴയിലെയും ബീച്ചിലെയും ഓഡിറ്റോറിയത്തിലെയും ലോഡ്ജിലെയും റസ്റ്ററന്റിലെയും കടയിലെയും തീവണ്ടിയിലെയും റെയിൽവേ സ്റ്റേഷനിലെയും ബസ്സിലെയും ബസ് സ്റ്റാൻറിലെയും ബോട്ടിലെയും പുരവഞ്ചിയിലെയും ആശുപത്രിയിലെയും മാർക്കറ്റിലെയും ടൂർണമെന്റിലെയും ആഘോഷത്തിലെയും വ്യവസായ സ്ഥാപനത്തിലെയും ടൂറിസ്റ്റ് കേന്ദ്രത്തിലെയും തോട്ടത്തിലെയും ക്യാമ്പിലെയും അമ്പലത്തിലെയും പള്ളിയിലെയും സ്കൂളിലെയും കോളേജിലെയും മൈതാനത്തിലെയും അപ്പാർട്ട്മെന്റിലെയും മാളിലെയും മാലിന്യങ്ങൾ കൈകാര്യം ചെയ്യുക ഓരോ തരത്തിലായിരിക്കും. അവയോരോന്നിനും പ്രത്യേകം പ്രത്യേകം പെരുമാറ്റച്ചട്ടങ്ങളുണ്ടാക്കുക (protocols) പ്രധാനമാണ്. എല്ലാ പഞ്ചായത്തിനും ബാധകമായ ചില കാര്യങ്ങൾ പ്രോട്ടോക്കോളിലുണ്ടാകും. പക്ഷേ ചില പഞ്ചായത്തിൽ പ്രത്യേക കാര്യങ്ങൾ കൂട്ടിച്ചേർക്കേണ്ടി വരും. അതുപോലെ ചില സ്കൂളുകളിലും ദേവാലയങ്ങളിലുമൊക്കെ കൂട്ടിച്ചേർക്കേണ്ടിവരും. സ്ഥിതിമാറ്റങ്ങൾ, പുതിയ അറിവ്, സാങ്കേതികവിദ്യ ഒക്കെ വരുമ്പോൾ പെരുമാറ്റച്ചട്ടങ്ങൾ പരിഷ്കരിക്കേണ്ടി വരും.
ലോകത്ത് യൂറോപ്പാകണം പൊതുവിടങ്ങളിലെ മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഏറ്റവും വിജയിച്ചിട്ടുള്ളത്. കാനഡ, യു എസ്, ഓസ്റ്റ്രേലിയ, ന്യൂസിലൻഡ്, ജപ്പാൻ തുടങ്ങിയ ദേശങ്ങളിലും വിജയിച്ച രീതികൾ കാണാം. അവിടങ്ങളിൽ എങ്ങനെ ചെയ്തെടുത്തു എന്നതിന്റെ വിശദ വഴികൾ ഇന്റർനെറ്റിൽ നിന്നെടുക്കാം. അവിടൊക്കെ പോയി വരുന്ന ധാരാളം ആളുകൾ ഇവിടെയുള്ളതു കൊണ്ട് അവരുടെ അനുഭവ, നിരീക്ഷണങ്ങളും മികച്ച പ്രോട്ടോക്കോളുകൾ രൂപീകരിക്കുന്നതിന് നമുക്കു സഹായകമാവും. ആ അറിവുകളുടെ പശ്ചാത്തലത്തിൽ നമ്മുടേതായ രീതികൾ തന്നെ വികസിപ്പിക്കേണ്ടിവരും. നമ്മൾ തുടങ്ങുന്നതേയുള്ളു. വിവിയിധനം മാലിന്യങ്ങൾ സംസ്കരിക്കുന്നതിന്/ കൈകാര്യം ചെയ്യുതിനുള്ള പ്രായോഗിക വ്യക്തത നമുക്ക് കിട്ടിയിട്ടുണ്ടെന്നു തോന്നുന്നില്ല (മറ്റുള്ളവരെ വിമർശിക്കാനും നിർദ്ദേശം നൽകാനും പഠിപ്പിക്കാനുമുള്ള പ്രാപ്തി ആയിട്ടുണ്ടെന്നേയുള്ളു). ഓരോ തരം സ്ഥലത്തെ മാലിന്യ പ്രശ്നവും പരിഹരിക്കാൻ വിജയിച്ച പല മാതൃകകൾ ലോകത്തുണ്ടാവും. അവയിൽ ചെലവ് കുറഞ്ഞതും നമുക്ക് സൗകര്യപ്രദവുമായവ സ്വീകരിച്ചു വികസിപ്പിക്കാം. അതു തന്നെ ഓരോ പഞ്ചായത്തിലും നഗരസഭയിലും ഭിന്നമാകാം. പഠനവും പ്രയോഗവും ഒരുമിച്ച് കൊണ്ടുപോകണം എന്നറിയാവുന്നത് കൊണ്ട് രണ്ടും ഒരുമിച്ച് തുടങ്ങാം. പ്ലാസ്റ്റിക് മാലിന്യങ്ങൾ എല്ലാ മാസവും വാതില്ക്കൽ വന്നു ശേഖരിക്കുന്ന ഹരിത കർമ്മ സേന കേരളത്തിന് ലഭിച്ച ഒന്നാം തരം തുടക്കമാണ്. കൈകാര്യം ചെയ്യണമെങ്കിൽ പ്ലാസ്റ്റിക്, കുപ്പി, ജൈവം, ലോഹം, ആശുപത്രി, ഇലക്റ്റ്രോണിക്, സ്റ്റേഷനറി തുടങ്ങിയ മാലിന്യങ്ങൾ വ്യത്യസ്തമായി ശേഖരിക്കണം, അവയ്ക്ക് പ്രത്യേകം പ്രത്യേകം കൂടകൾ/ പാത്രങ്ങൾ (bins) ഉണ്ടാവണം എന്ന ഒന്നാം പാഠം പോലും സമൂഹമെന്ന നിലയിൽ പക്ഷേ നമ്മൾ തുടങ്ങിയിട്ടില്ല. ഓരോന്നും സംസ്കരിക്കേണ്ടത് ഓരോ വിധമാണ്. ഇതിൽ ശ്രദ്ധയുള്ള ചിലയാളുകളെ അപൂർവ്വമായി കണ്ടിട്ടുണ്ടെങ്കിലും സദാശ്രദ്ധയുള്ള ഒരാളെ പോലും കാണാൻ കഴിഞ്ഞിട്ടില്ല. നമുക്കൊരുമിച്ചു തുടങ്ങാം. ജോയിയുടെ ചിത്രം പ്രചോദനമാവട്ടെ.
മാലിന്യ കൈകാര്യത്തിനുള്ള പെരുമാറ്റച്ചട്ടങ്ങൾ ശുചിത്വ മിഷൻ, തദ്ദേശ ഭരണ വകുപ്പ്, തദ്ദേശ ഭരണ സ്ഥാപനങ്ങൾ, മലിനീകരണ നിയന്ത്രണ ബോർഡ്, ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പൊതുജന സമ്പർക്ക വകുപ്പ് (PRD), കലക്റ്ററേറ്റുകൾ തുടങ്ങിയവയുടെ സൈറ്റുകളിൽ പ്രാധാന്യത്തോടെയും മറ്റെല്ലാ സർക്കാർ സൈറ്റുകളിലും ഉണ്ടാവണം. അതത് സ്ഥാപനത്തിന് ബാധകമായ ഗ്രീൻ പ്രോട്ടോകോൾ എല്ലാവരും കാണുന്നയിടത്ത് പ്രദർശിപ്പിച്ചിരിക്കണം. ലോകത്തെ മികച്ച മാതൃകകളുടെ വീഡിയോകൾ സർക്കാർ സൈറ്റുകളിൽ ലഭ്യമാക്കാം. സ്വകാര്യ സ്ഥാപനങ്ങൾക്കും ഇതു ചെയ്യാം. കേരളത്തിലെ മികച്ച മാലിന്യ സംസ്കരണ സംഭവങ്ങൾ സംബന്ധിച്ച ഡോക്യുമെന്ററി വീഡിയോ മത്സരങ്ങൾ സർക്കാരിനും തദ്ദേശ സ്ഥാപനങ്ങൾക്കും മറ്റ് ഏജൻസികൾക്കും സംഘടിപ്പിക്കാം. സംസ്കരിച്ചവർക്കും സംസ്കരിക്കാനുള്ളവർക്കും അതു പ്രോത്സാഹനമാകും. നല്ല മാതൃകകൾ നന്നായി നടപ്പിലാക്കിയിടങ്ങളിലേക്ക് ടൂറുകൾ നടത്താം. അക്കാദമിക് സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ശില്പശാലകൾ നടത്താം. പല അക്കാദമികളും ഗംഭീര മാതൃകകൾ കണ്ടെത്തി അന്തർദേശീയ ജേർണലുകളിലൊക്കെ പ്രസിദ്ധീകരിക്കുന്നുണ്ട്. പക്ഷേ ചുറ്റുമുളള നാട്ടിലും പട്ടണത്തിലും ആ അറിവുകൾ പ്രയോഗിക്കാൻ കഴിയാതെ പോകുന്നു. സ്കൂൾ, കോളജ് കുട്ടികൾക്ക് വിദ്യാശാലയ്ക്കകത്തും പുറത്തും പലതും ചെയ്യാം.
മനുഷ്യ ജീവി ഓരോ നിമിഷവും മാലിന്യമുണ്ടാക്കുന്നു, എവിടെ നിന്നാലും എവിടെ പോയാലും. എവിടെയായാലും അവിടത്തെ പ്രോട്ടോക്കോളുകൾ പാലിക്കണം. അത് നമ്മളെല്ലാം ഏതു നിമിഷവും മറന്നുപോകാം. അതോർക്കാനും ശീലമാക്കാനും വ്യക്തിപരമായ ശ്രമം ഉണ്ടായേ തീരൂ. പരസ്പരവും സഹായിക്കാം. സഹായിക്കുമ്പോൾ ചെറിയ ഉപദ്രവവും വേണ്ടിവരാം. എല്ലാവരുടെയും കയ്യിൽ ഫോണും കാമറയും ഉണ്ട്. ഒരാൾ മാലിന്യ പെരുമാറ്റച്ചട്ടം ലംഘിക്കുന്നത് കണ്ടാൽ വീഡിയോ എടുത്ത് അയച്ചു കൊടുക്കാം. ഏത് നമ്പറിലേക്കാണ് അയയ്ക്കേണ്ടത് എന്ന് പെരുമാറ്റച്ചട്ടങ്ങളോടൊപ്പം നൽകാവുന്നതാണ്. വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ച് അദ്ദേഹത്തെ അപമാനിക്കരുത്. ആത്മഹത്യ പോലും ഉണ്ടായേക്കാം. പക്ഷേ ബന്ധപ്പെട്ടവരെ അറിയിക്കാം. പിഴയോ മറ്റോ ഈടാക്കിയാൽ കുറഞ്ഞ പക്ഷം അദ്ദേഹവും വീഡിയോ എടുത്തയാളുമെങ്കിലും അതാവർത്തിക്കില്ല.
എയർപോർട്ടുകൾ, മാളുകൾ, ഉയർന്ന മുറി വാടകയുള്ള ഹോട്ടലുകൾ, വൻ സ്വകാര്യ ആശുപത്രികൾ, കോർപ്പറേറ്റ് ഓഫീസുകൾ തുടങ്ങിയ സമ്പന്നരുടെ സ്ഥലങ്ങളിൽ ടോയ്ലറ്റുകളും മറ്റും വൃത്തിയുള്ളതായി കാണാം. അവർ ഓരോ മണിക്കൂറിലും വൃത്തിയാക്കാനാവശ്യമുള്ളത്ര ജീവനക്കാരെ നിയമിച്ചാണ് ഇതുറപ്പാക്കുന്നത്. അവരുടെ ഉപഭോക്താക്കളിൽ നിന്ന് അതിനുള്ള ഫീസും വാങ്ങുന്നുണ്ട്. അകം വൃത്തിയാണെങ്കിലും അവർ പുറത്തേയ്ക്കൊഴുക്കുന്നത് വൃത്തിയാവണമെന്നില്ല. പക്ഷേ അവർ ഉൾഭാഗമെങ്കിലും വൃത്തിയാക്കി വയ്ക്കുന്നുണ്ടെങ്കിൽ പൊതു സ്ഥാപനങ്ങളിൽ സാധാരണ ജനങ്ങൾക്കും അതു കഴിയും. പൊതുവിടങ്ങളെ അപേക്ഷിച്ച് വീടുകളിൽ നമുക്കതിന് കഴിയുന്നുണ്ട്. ധനികരുടെ സ്ഥാപനങ്ങൾ പണക്കാരായ ഉപഭോക്താക്കളെ സ്വാഗതം ചെയ്യാൻ നിയമിക്കുന്നത്ര ജീവനക്കാരെ നിയമിക്കാൻ പൊതു സ്ഥാപനങ്ങൾക്ക് കഴിയില്ല. ഒരോഫീസിലെ ഏറ്റവും കുറഞ്ഞ ശമ്പളം പറ്റുന്നയാളാണ് എല്ലാവരും ഉണ്ടാകുന്ന മാലിന്യം മാറ്റേണ്ടത് എന്നത് മാറണം. സ്ഥാപനത്തിലെത്തുന്ന എല്ലാ ജീവനക്കാരും ഉപഭോക്താക്കളും (ജനങ്ങളും) അവരവരുടെ മാലിന്യത്തിന്റെയും അത് പെരുമാറ്റച്ചട്ട പ്രകാരം നീക്കം ചെയ്യേണ്ടതിന്റെയും ഉത്തരവാദിത്വം ഏറ്റെടുത്താൽ നമുക്ക് വലിയ ചുവട് വയ്ക്കാം. റെയിൽവേ ആണോ കോർപറേഷൻ ആണോ മാലിന്യം നീക്കേണ്ടത് എന്ന ചർച്ച മനുഷ്യനാണോ എ ഐ അല്ലേ ഇനിയെങ്കിലും നീക്കേണ്ടത് എന്നു നമുക്ക് തിരുത്താം. പക്ഷേ തോട്ടിലേക്ക് അഴുക്കിടാതിരിക്കാൻ നമുക്കേ പറ്റൂ.
ഏതെങ്കിലും ആമയിഴഞ്ചാൻ തോടിൽ വീണു മരിക്കാൻ നമുക്കാർക്കും കഴിയും. അതിന് ശുചീകരണ തൊഴിലാളിയാവണമെന്നില്ല. ജോയിയാണ് പറയുന്നതെന്ന് നമുക്കോർമ്മിക്കാം. ഒരു കയ്യിൽ ജീവനെടുത്തു വച്ചു കൊണ്ട് പാവം, അതു പറയുമ്പോൾ ഇതുവരെ കേൾക്കാതിരുന്ന നമ്മൾ കേട്ടു തുടങ്ങാൻ നല്ല സാധ്യതയാണ്.