കാലാവസ്ഥാ ഉച്ചകോടിക്ക് വേണ്ടി ആമസോൺ കാടുകൾ നശിപ്പിക്കപ്പെടുമ്പോൾ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ബ്രസീൽ വച്ച് ഈ വർഷം നടക്കുന്ന ആ​ഗോള കാലാവസ്ഥാ ഉച്ചകോടിക്ക് (COP 30) വേദിയൊരുക്കുന്നതിനായി ആമസോൺ വനങ്ങൾ വെട്ടി മാറ്റുന്നത് വിവാദമായി മാറിയിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനും ആ​ഗോള താപനം നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനും വേണ്ടി UNFCCC (United Nations Framework Convention on Climate Change) അംഗരാജ്യങ്ങൾ വർഷം തോറും ഒത്തുകൂടുന്ന കോൺഫറൻസ് ഓഫ് ദി പാർട്ടീസ് (COP) എന്ന സമ്മേളനമാണ് വനനശീകരണം കാരണം വിരോധാഭാസമായി മാറിയിരിക്കുന്നത്. ബ്രസീലിലെ ബെലേം നഗരത്തിൽ 2025 നവംബർ 10 മുതൽ 21 വരെ നടക്കുന്ന COP 30 ക്ക് വേണ്ടിയാണ് ആമസോൺ വനഭൂമിയിലെ പതിനായിരക്കണക്കിന് ഏക്കർ സംരക്ഷിത മഴക്കാടുകൾ നശിപ്പിക്കുന്നത്. ഉച്ചകോടി നടക്കുന്ന വേദിയിലേക്കുള്ള ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായിട്ടാണ് വനം വെട്ടി വെളിപ്പിക്കുന്നത്.

ലോകത്തിലെ ഉഷ്ണമേഖലാ മഴക്കാടുകളിൽ വച്ച് ഏറ്റവും ജൈവവൈവിധ്യമേറിയതും വലുതും ആഗോള കാർബൺ ആഗിരണത്തിൽ പ്രാധാന പങ്കുവഹിക്കുന്നതുമായ വനമേഖലയാണ് ആമസോൺ മഴക്കാടുകൾ. ഈ വനമേഖലയുടെ പ്രധാന ഭാ​ഗങ്ങളിലൂടെയാണ് നാലുവരിപ്പാതയുടെ നിർമ്മാണം പുരോ​ഗമിക്കുന്നത്. എന്നാൽ കാലാവസ്ഥാ ഉച്ചകോടിയുടെ ലക്ഷ്യത്തിന് തന്നെ വിരുദ്ധമാണ് ഇത്തരം നശീകരണമെന്ന് ചൂണ്ടിക്കാട്ടി ലോകമെങ്ങും പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്.

ഉച്ചകോടി നടക്കുന്ന വേദിയിലേക്കുള്ള ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി മുറിച്ചുമാറ്റപ്പെട്ട മരങ്ങൾ. കടപ്പാട് :bbc

ഉച്ചകോടി നടക്കുന്ന വടക്കൻ ബ്രസീലിലെ ബെലെം വരെ 13 കിലോമീറ്റർ (8 മൈൽ) നീളത്തിലാണ് റോഡിന് വേണ്ടി വനം നശിപ്പിക്കപ്പെട്ടിരിക്കുന്നത്. ഭാഗികമായി നിർമ്മിക്കപ്പെട്ട പാതയുടെ ഇരുവശങ്ങളിലും നിബിഡമായ മഴക്കാടുകളാണെന്ന് ചിത്രങ്ങളിൽ കാണാം. പാതയുടെ വശങ്ങളിൽ മുറിച്ചുമാറ്റപ്പെട്ട മരങ്ങളുടെ തടികൾ അട്ടിയായി ഇട്ടിരിക്കുന്നുണ്ട്. നിർമ്മാണം ഇപ്പോഴും നിർത്തിവച്ചിട്ടില്ല.

വടക്കൻ ബ്രസിലീൽ സ്ഥിതി ചെയ്യുന്ന പാര സംസ്ഥാനത്തിലെ പ്രാദേശിക സർക്കാർ ‘അവെനിഡ ലിബർഡേഡ്’ എന്നറിയപ്പെടുന്ന ഈ ഹൈവേയുടെ ആശയം ആദ്യം മുന്നോട്ടുവച്ചത് 2012ൽ ആണ്. എന്നാൽ പാരിസ്ഥിതിക ആശങ്കകളും പരിസ്ഥിതി പ്രവർത്തകരുടെ ശക്തമായ എതിർപ്പും കാരണം പദ്ധതി നിർത്തിവെച്ചതായിരുന്നു. കാലാവസ്ഥ ഉച്ചകോടിക്ക് വേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ മറവിൽ പദ്ധതി വീണ്ടും അവതരിപ്പിക്കപ്പെടുകയായിരുന്നു.

ഇതൊരു സുസ്ഥിര ഹൈവേയാണെന്നാണ് ബ്രസീൽ ​​ഗവൺമെന്റിന്റെ ഇൻഫ്രാസ്ട്രക്ചർ സെക്രട്ടറിയായ അഡ്‌ലർ സിൽവീര അവകാശപ്പെടുന്നത്. നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞാൽ, മൃഗങ്ങൾക്കും വന്യജീവികൾക്ക് കടന്നുപോകാൻ വഴികൾ, ബൈക്ക് പാതകൾ, സോളാർ ലൈറ്റിംഗ് എന്നിവ ഇതിൽ ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചരിത്രത്തിലിടം നേടാന്‍ പോകുന്ന കാലാവസ്ഥ ഉച്ചകോടിണ് ബ്രസീലില്‍ നടക്കാനിരിക്കുന്നതെന്നും നിലവിലെ വിവാദങ്ങള്‍ ഇതിനെ ബാധിക്കില്ലെന്നുമായിരുന്നു ബ്രസീൽ പ്രസിഡന്‍റിന്‍റെയും പരിസ്ഥിതി മന്ത്രിയുടെയും പ്രതികരണം. റോഡ് വരുന്നതിലൂടെ ആമസോണ്‍ എന്താണെന്ന് പുറംലോകത്തിന് കാണാന്‍ കഴിയുമെന്നും, അവിടെ സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്താനും പ്രകൃതിയുടെ മനോഹാരിത അനുഭവിച്ചറിയാനും സാധിക്കുമെന്നും അതിനെല്ലാമുള്ള അവസരമാണ് റോഡ് സാധ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ബ്രസീലിന്‍റേത് ഇരട്ടത്താപ്പും പൊയ്മുഖവുമാണെന്നും കാലാവസ്ഥ ഉച്ചകോടി ബഹിഷ്കരിക്കുകയാണ് മറ്റ് രാജ്യങ്ങള്‍ ചെയ്യേണ്ടതെന്നും പരിസ്ഥിതി സംഘടനകള്‍ പറയുന്നു.

നശിച്ചുകൊണ്ടിരിക്കുന്ന ആമസോൺ മഴക്കാടുകൾ

തെക്കേ അമേരിക്കയിലെ ആമസോൺ മഴക്കാടുകളുടെ വലിയ ശതമാനം ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ തകരാനുള്ള സാധ്യതയുണ്ടെന്ന് എർത്ത്.ഒആർജി (earth.org) പുറത്തുവിട്ട റിപ്പോർട്ട് പറയുന്നു. 2050 ആകുമ്പോഴേക്കും ആമസോണിയൻ വനങ്ങളുടെ 10 ശതമാനം മുതൽ 47 ശതമാനം വരെ തകരാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടിന്റെ നിഗമനം.

2022 നും 2022 നും ഇടയിൽ ബ്രസീലിലെ ആമസോൺ മഴക്കാടുകളിലെ വനനഷ്ടം. കടപ്പാട് : WRI

ലോകത്തിലെ ഏറ്റവും വലിയ മഴക്കാടാണ് ആമസോൺ. ഒമ്പത് രാജ്യങ്ങളിലായി 6.9 ദശലക്ഷം ചതുരശ്ര കിലോമീറ്റർ (2.72 ദശലക്ഷം ചതുരശ്ര മൈൽ) വിസ്തൃതിയിലും തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ ഏകദേശം 40 ശതമാനം വിസ്തൃതിയിലും ഈ മഴക്കാടുകൾ വ്യാപിച്ച് കിടക്കുന്നു. ഉഷ്ണമേഖലാ വനങ്ങളുടെ പകുതിയും ഉൾക്കൊള്ളുന്ന ഈ വനം, ഏകദേശം മൂന്ന് ദശലക്ഷം ഇനം സസ്യങ്ങളുടെയും ജന്തുക്കളുടെയും 1.6 ദശലക്ഷം തദ്ദേശീയ ജനങ്ങളുടെയും ആവാസ കേന്ദ്രമാണ്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡിനെ വലിയ അളവില്‍ വലിച്ചെടുത്ത് ഭൂമിയെ തണുപ്പിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നത് ആമസോൺ മഴക്കാടുകളാണ്. കാലാവസ്ഥാ ചക്രങ്ങളുടെ ഒരു പ്രധാന റെഗുലേറ്റർ കൂടിയാണ് ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത കാർബൺ സിങ്കുകളിൽ ഒന്നായ ആമസോൺ വനം. 15 മുതൽ 20 വർഷം വരെയുള്ള ആഗോള കാർബൺ ഉദ്‌വമനത്തിന് തുല്യമായ അളവിൽ അന്തരീക്ഷത്തിൽ നിന്നും കാർബൺ ആഗിരണം ചെയ്യുകയും സംഭരിക്കുകയും ചെയ്യുന്നുണ്ട് ഈ മഴക്കാടുകൾ എന്ന് എർത്ത്.ഒആർജി റിപ്പോർട്ട് പറയുന്നു.

ആമസോൺ വനഭൂമി സംരക്ഷിക്കാനുള്ള ആഗോള ശ്രമങ്ങൾക്കിടയിലും, നിയമപരമായ വനനശീകരണം ഇപ്പോഴും വ്യാപകമാണ്. ആമസോണിന്റെ ഏകദേശം 15 ശതമാനം ഇതിനകം വെട്ടിമാറ്റിക്കഴിഞ്ഞു. 17 ശതമാനം മരംമുറിക്കൽ, തീപിടുത്തം തുടങ്ങിയ മനുഷ്യ പ്രവർത്തനങ്ങളാൽ നശിപ്പിക്കപ്പെട്ടു. കൂടാതെ 38 ശതമാനം നീണ്ടുനിൽക്കുന്ന വരൾച്ച കാരണം അപകടത്തിലാണ്. ആഗോള ഉഷ്ണമേഖലാ വനനശീകരണത്തിന്റെ മൂന്നിലൊന്ന് ബ്രസീലിലെ ആമസോൺ വനങ്ങളിലാണ് സംഭവിക്കുന്നത്, ഇത് ഓരോ വർഷവും 1.5 ദശലക്ഷം ഹെക്ടർ വരും. റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

1980-കൾ മുതൽ, ആമസോൺ മേഖല വരണ്ട സീസണിൽ ഒരു ദശകത്തിൽ ശരാശരി 0.27°C എന്ന നിരക്കിൽ ഗണ്യമായി ചൂടാകുന്നു, 2050 ആകുമ്പോഴേക്കും ഇത് 4°C-ൽ കൂടുതൽ ചൂടാകുമെന്നും പഠനം പറയുന്നു. ചൂടുള്ള താപനിലയും ശരാശരിയേക്കാൾ കുറഞ്ഞ മഴയും വനനശീകരണവും ഈ പ്രദേശത്ത് അഭൂതപൂർവമായ വരണ്ട അവസ്ഥകൾ കൊണ്ടുവരുന്നു, ഇത് വനത്തിന്റെ ആവാസവ്യവസ്ഥയ്ക്കും തദ്ദേശീയ ജനങ്ങൾക്കും ഭീഷണിയാണ് എന്നും റിപ്പോർട്ട് പറയുന്നു.

ആ​ഗോള താപനത്തെ നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ചർച്ച ചെയ്യാൻ വേണ്ടി ബ്രസീലിലെ COP 30 സമ്മേളനത്തിൽ ലോകരാഷ്ട്രങ്ങൾ ഒത്തുകൂടുമ്പോൾ ഉച്ചകോടിക്ക് വേണ്ടി മുറിച്ചുനീക്കപ്പെട്ട മഴക്കാടുകളുടെ കണക്ക് എങ്ങനെയാണ് രേഖപ്പെടുത്താൻ പോകുന്നത്.

Also Read

3 minutes read March 17, 2025 1:15 pm