അയിത്തവും സമരവും അവസാനിക്കാത്ത അംബേദ്കർ കോളനി

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ഏറെ വർഷങ്ങളായി അമ്പലത്തിന്റെ തിണ്ണയിലാണ് പാലക്കാട് ​ഗോവിന്ദാപുരം സ്വദേശി മാസാനിയുടെ രാത്രിയുറക്കം. കയറിക്കിടക്കാൻ ഒരു കൂരയില്ല എന്നതാണ് കാരണം. സ്വന്തമായി ഒരു തരി മണ്ണുമില്ല. വർഷങ്ങളോളം ഭാര്യയും മക്കളും അമ്പലത്തിലെ താമസത്തിന് മാസാനിക്ക് കൂട്ടായുണ്ടായിരുന്നു. എന്നാൽ അമ്പലത്തിണ്ണയിലെ ജീവിതം മടുത്ത് ഭാര്യ മക്കളേയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോയി. ഒരു മേൽക്കൂരയുടെ എങ്കിലും സംരക്ഷണമുണ്ടെങ്കിൽ അവർ തിരികെവരുമെന്നാണ് മാസാനിയുടെ വിശ്വാസം. മാസാനി, സൺ ഓഫ് കിട്ടൻ, ഗോവിന്ദാപുരം അംബേദ്കർ കോളനി, മുതലമട ​ഗ്രാമപഞ്ചായത്ത്- അംബേദ്കർ കോളനിയിലെ സ്ഥലവും വീടും ഇല്ലാത്തവരുടെ പട്ടികയിൽ ആദ്യ നിരയിൽത്തന്നെ ഇടം പിടിച്ച പേര്. എന്നാൽ നാളിതുവരെയായും മാസാനിയുടെ ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല. സ്ഥലവും വീടും അനുവദിക്കണമെന്നാവശ്യപ്പെട്ട് മുതലമട പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഗോവിന്ദാപുരം അംബേദ്കർ കോളനിയിലെ 40 കുടുംബങ്ങൾ നടത്തുന്ന കുടിൽകെട്ടി സമരത്തിൽ മാസാനിയുമുണ്ട്. “അമ്പലത്തിൽ താമസിക്കുന്നവന്റെ കൂടെ ആരാണ് നിൽക്കുക. ഭാര്യയും മൂന്ന് കുട്ടികളും വിട്ടിട്ട് പോയി. സ്ഥലവും വീടും ഇന്നുകിട്ടും നാളെക്കിട്ടും എന്ന് കാത്തിരിക്കാൻ തുടങ്ങിയിട്ട് കൊല്ലങ്ങളായി. മുമ്പ് സർക്കാർ തയ്യാറാക്കിയ എല്ലാ ലിസ്റ്റിലും എന്റെ പേര് ആദ്യം തന്നെയായിരുന്നു. പക്ഷേ ഇപ്പോഴും ഞാൻ അമ്പലത്തിൽ തന്നൊണ് കഴിയുന്നത്. അന്ന് അയിത്തം ഉണ്ടെന്ന് എന്റെ ഭാര്യയും ചാനലിൽ വിളിച്ചുപറഞ്ഞിരുന്നു. രണ്ട് ടാപ്പിൽ നിന്നാണ് വെള്ളമെടുക്കുന്നതെന്ന് അവർ പറഞ്ഞു. അതുകൊണ്ടാണ് ഞങ്ങൾക്കിന്നും സ്ഥലവും വീടും കിട്ടാതെ, കേറിക്കിടക്കാൻ ഇടമില്ലാതെ ജീവിക്കേണ്ടി വരുന്നത്.” ​

ഗോവിന്ദാപുരം അംബേദ്കർ കോളനിയിലെ ചക്ലിയ വിഭാ​ഗത്തിൽപ്പെട്ട 40 കുടുംബങ്ങളാണ് ഒക്ടോബർ 12 മുതൽ അനിശ്ചിതകാല സമരം നടത്തുന്നത്. വീടില്ലാത്തവരും വീട് വയ്ക്കാൻ സ്ഥലമില്ലാത്തവരുമാണ് ഈ കുടുംബങ്ങൾ. അംബേദ്കർ കോളനിയിൽ നിലനിന്നിരുന്ന അയിത്തത്തിനെതിരെ 2017ൽ നടന്ന സമരത്തെ തുടർന്ന് ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും ഉറപ്പുനൽകിയ പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്നും എല്ലാവർക്കും വീടും സ്ഥലവും ലഭ്യമാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. സമരം 75 ദിവസം പിന്നിട്ടിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും അനുകൂലമായ പ്രതികരണമുണ്ടായിട്ടില്ല. വർഷങ്ങളായി തുടരുന്ന ജാതിവിവേചനത്തിനെതിരെ 2017 ൽ നടത്തിയ സമരത്തിന് നേതൃത്വം നൽകിയതിന്റെ പ്രതികാരമായാണ് വീടും സ്ഥലവും നൽകാനുള്ള പാക്കേജ് അട്ടിമറിക്കുന്നതെന്ന് സമരപ്രവർത്തകർ പറയുന്നു.

അയിത്തം അവസാനിക്കാത്ത കോളനി

ഭൂമി, വീട്, അയിത്തം കൽപ്പിക്കാതെയുള്ള ജീവിതം ഇതായിരുന്നു ഗോവിന്ദാപുരം അംബേദ്കർ കോളനിക്കാരുടെ എക്കാലത്തേയും ആവശ്യം. എസ്.സി വിഭാഗത്തിൽ ഏറെ പിന്നോക്കം നിൽക്കുന്ന ചക്ലിയ സമുദായത്തിന് ഈ പ്രദേശത്ത് കൽപ്പിക്കപ്പെട്ടിരിക്കുന്ന അയിത്തം മുമ്പ് വാർത്തയാവുകയും നിരവധി ചർച്ചകൾക്ക് വഴിതുറക്കുകയും ചെയ്തിരുന്നു. ചായക്കടയിൽ പോലും രണ്ട് ഗ്ലാസ്സുകളിൽ ചായ നൽകപ്പെട്ട, പ്രത്യേക കുടിവെള്ള ടാപ്പുകളിൽ നിന്നും വെള്ളം എടുക്കാൻ നിർബന്ധിതരായ ചക്ലിയ സമുദായം. ഇത്തരം വിവേചനവും തൊട്ടുകൂടായ്മയും ചർച്ചയായപ്പോൾ അയിത്തം അവസാനിപ്പിക്കാനുള്ള നടപടികൾക്ക് പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും മുൻകൈയെടുത്തു. അയിത്തം ഇല്ലാതായി എന്നാണ് അധികൃതരും പ്രദേശത്തെ മുന്നോക്ക സമുദായങ്ങളും പറയുന്നത്. എന്നാൽ ഇല്ലാതായത് പ്രത്യക്ഷ അയിത്തം മാത്രമെന്ന് ഗോവിന്ദാപുരത്തെ ചക്ലിയ സമുദാക്കാർ സാക്ഷ്യപ്പെടുത്തുന്നു. “ആദിവാസി വിഭാഗത്തിലുള്ളവർ പോലും ചക്ലിയരെ വീട്ടിൽ കയറ്റില്ല. അത്രയും താഴ്ന്ന വിഭാഗമായാണ് ചക്ലിയരെ കണക്കാക്കുന്നത്.” കോളനി നിവാസി മാരിയപ്പൻ പറഞ്ഞു.

മാസാനി

അഞ്ഞൂറ് മീറ്ററിനുള്ളിൽ താമസിക്കുന്ന രണ്ട് വിഭാഗങ്ങൾക്ക് രണ്ട് നീതി എന്നതാണ് ​ഗോവിന്ദാപുരത്തെ സ്ഥിതി. ഒന്ന് ദലിതർ പോലും ഭ്രഷ്ട് കൽപ്പിക്കുന്ന ദലിത് വിഭാ​ഗമായ ചക്ലിയ സമുദായം. രണ്ടാമത്തേത് ഗ്രാമത്തിലെ പ്രബലവിഭാ​ഗമായ ​ഗൗണ്ടർമാർ. ഒരു കൂട്ടർക്ക് വെള്ളമില്ല, തൊഴിലില്ല, രണ്ട് മുറികൾ മാത്രമുള്ള വീട്ടിൽ എട്ടോ പത്തോ പേർ ഒതുങ്ങിക്കൂടേണ്ടി വരുന്ന അവസ്ഥ. മറ്റൊരു കൂട്ടർ ഏക്കറുകണക്കിന് തോട്ടം സ്വന്തമായുള്ളവർ. ആ പ്രദേശത്തിന്റെ കാര്യങ്ങൾ തീരുമാനിക്കുന്നതും അക്കൂട്ടരാണ്. ചായക്കടയിൽ രണ്ട് തരം ഗ്ലാസ്- ചില്ല് ഗ്ലാസ്സും സ്റ്റീൽ ഗ്ലാസ്സും. സ്റ്റീൽ ഗ്ലാസ് ഗൗണ്ടർ മുതലുള്ള സവർണ സമുദായാംഗങ്ങൾക്കും ചില്ല് ഗ്ലാസ് ദലിത് സമുദായങ്ങൾക്കുമായി വച്ചിരുന്നു. ഈ അയിത്തത്തെയും ജാതിവിവേചനത്തെയും ചോദ്യം ചെയ്യാൻ പോലും കഴിയാതെ അതുമായി ഇഴുകിച്ചേർന്ന് ജീവിക്കുകയായിരുന്നു ഏറെക്കാലം ചക്ലിയർ. എന്നാൽ ചില മാധ്യമങ്ങൾ ഇത് വാർത്തയാക്കുകയും പലഭാ​ഗത്ത് നിന്നും പ്രതികരണങ്ങൾ വരാൻ തുടങ്ങുകയും ചെയ്തതോടെയാണ് ചക്ലിയരും എതിർപ്പുമായി രം​ഗത്തെത്തിയത്. അയിത്തം ഉണ്ടെന്നത് തള്ളിക്കളഞ്ഞ രാഷ്ട്രീയ പാർട്ടികൾ പിന്നീട് ഇക്കാര്യം സത്യമാണെന്ന് അംഗീകരിക്കുകയും 2017ൽ പന്തിഭോജനം നടത്തി പ്രശ്നം പരിഹരിച്ചു എന്ന് അവകാശപ്പെടുകയും ചെയ്തു. ജാതിവിവേചനം അവസാനിച്ചു എന്നാണ് പഞ്ചായത്ത് അധികൃതരുടെ വാദം. എന്നാൽ അന്ന് അയിത്തത്തിനെതിരെ സമരം ചെയ്തതിന്റെ പേരിൽ ഇപ്പോഴും വിവേചനം നേരിടുകയാണെന്ന് ഗോവിന്ദാപുരം അംബേദ്കർ കോളനി നിവാസികൾ പറയുന്നു.

ശിവരാജൻ

എച്ചിലെടുക്കാനും ഗൗണ്ടർമാരുടെ തോട്ടങ്ങളിൽ തേങ്ങ പൊളിക്കാനും പോയാണ് ചക്ലിയ സമുദായാംഗങ്ങൾ ജീവിതം നിലനിർത്തുന്നത്. സമുദായാംഗമായ ശിവരാജൻ പറയുന്നു, “ചായക്കടയിൽ രണ്ട് ഗ്ലാസ്. വെള്ളം കിട്ടുന്നില്ല, വീട് കിട്ടുന്നില്ല ഇതൊക്കെയാണ് ഞങ്ങൾ ഉന്നയിച്ച വിഷയങ്ങൾ. ഇതെല്ലാം ജാതിപരമായാണ് ചെയ്യുന്നത്. വീടും വെള്ളവുമെല്ലാം നൽകിയാൽ പിന്നെ ഇവർ ഞങ്ങളുടെ കൊടിപിടിക്കില്ല, ഇവർ ഞങ്ങളുടെ അടുത്തേക്ക് വേറൊന്നിനും വരില്ല എന്ന ധാരണയിലാണ് ഇതെല്ലാം അവർ തടഞ്ഞുവയ്ക്കുന്നത്. ഇപ്പോഴത്തെ അവസ്ഥ എന്താന്നു വച്ചാൽ ഇപ്പോൾ ഞങ്ങൾക്കാർക്കും തൊഴിൽ കിട്ടുന്നില്ല. അവർ പുറത്തുനിന്ന് ആളുകളെ വച്ച് പണി ചെയ്യിപ്പിക്കുകയാണ്. തേങ്ങാ പണിയായതുകൊണ്ട് പുറമെ നിന്നുള്ള ആളുകൾ വിളിച്ചാൽ ഞങ്ങൾ അങ്ങോട്ടാണ് പോവുന്നത്. പാലക്കാട് ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ കമ്പനികളുള്ളത് ഇവിടെയാണ്. ബിയർ ഫാക്ടറിയുണ്ട്, മീനെണ്ണ കമ്പനിയുണ്ട്, ഇറച്ചി ഫാക്ടറിയുണ്ട്. എസ്.സിയായ ഒരാൾ പോലും അവിടെയില്ല. ഗൗണ്ടർ സമുദായക്കാരാണ് അവിടെയെല്ലാം മാനേജർമാർ. അവർ തീരുമാനിക്കും ആർക്ക് പണികൊടുക്കണമെന്ന്. രണ്ട് വർഷമായി ഞങ്ങൾ പുറത്തുള്ള ജോലികൾക്കാണ് പോവുന്നത്. കല്യാണങ്ങൾക്ക് പാത്രം കഴുകാനും, എച്ചിൽ ഇല എടുക്കാനും. ആദ്യം മരണ വീടുകളിൽ കൊട്ടാനും മരണത്തിന് കുഴിയെടുക്കാനും ചെരുപ്പ് തുന്നാനും പോയിരുന്നു. 2002 മുതലാണ് തേങ്ങ് ചെത്താനും തേങ്ങ പൊളിക്കാനും പോയിത്തുടങ്ങിയത്. ഇപ്പോൾ കാറ്ററിങ്ങിനും വെളമ്പാനും വേറെ ആളുകളെ കൊണ്ടുപോവും. എച്ചിയില എടുക്കാൻ ഞങ്ങളെയും കൊണ്ടുപോവും. അവർക്ക് ആയിരം രൂപയും ഞങ്ങൾക്ക് 300 രൂപയുമാണ് ശമ്പളം. ബാലൻസ് ഭക്ഷണവും കൊടുത്തുവിടും. ഞായറാഴ്ചകളിൽ ഇവിടെ ആരുമുണ്ടാവില്ല. ഞായറാഴ്ച
കല്യാണമുണ്ടാവും. തിരിച്ച് വരുമ്പോൾ ബാക്കിയുള്ള ബിരിയാണി ഒരു കവറിൽ ആക്കിക്കൊണ്ട് വരും. മുപ്പതും ഇരുപത്തിയഞ്ചും വയസ്സുള്ള പെൺകുട്ടികളും എച്ചിലയെടുക്കാൻ പോവുന്നുണ്ട്.”

അനിശ്ചിതകാല സമരത്തിലേക്ക്

മുതലമട പഞ്ചായത്ത് ഓഫീസിന് മുന്നിലെ സമരം 75 ദിവസം പിന്നിട്ടിട്ടും ഇതുവരെ പഞ്ചായത്ത് അധികൃതർ ചർച്ചയ്ക്ക് പോലും തയ്യാറായിട്ടില്ലെന്ന് സമരപ്രവർത്തകർ പറയുന്നു. എ.ഡി.എമ്മിന്റെ നേതൃത്വത്തിൽ നടന്ന ചർച്ച പരാജയപ്പെടുകയും ചെയ്തു. ഭൂമിയും വീടും നൽകാമെന്ന് ഉറപ്പ് ലഭിക്കാതെ സമരത്തിൽ നിന്ന് പിൻമാറില്ലെന്നാണ് കോളനി നിവാസികളുടെ നിലപാട്. “നാങ്കൾ പത്തവച്ച് എരിഞ്ചിടണമോ? അപ്പടി എരിഞ്ചിട്ടാൽ മട്ടംതാൻ യാരാവത് നാങ്കളെ തേടി വരുവീങ്കളോ? അപ്പോ താൻ നാങ്ങൾക്ക് ന്യായം കെടുക്കുമോ? ഇത് എന്ന നായം. ഇത്തന നാളായ് പോരോട്ടത്തിലിരിപ്പോ. ആനാ യാരുമേ കേൾക്കക്കൂടെ തയ്യാറായ് വന്തതില്ലൈ. നാങ്ക അപ്പടി കേൾക്കക്കൂട യോഗ്യതയില്ലാത്ത കൂട്ടമാ?” സമുദായാംഗമായ കാരാസൂരി ചോദിക്കുന്നു.

മുതലമട പഞ്ചായത്ത് ഓഫീസിന് മുന്നിലെ സമരം

സമരം ചെയ്യുന്ന കുടുംബങ്ങളെല്ലാം ഭൂമിക്കും വീടിനും അർഹരാണ് എന്നാണ് 2014 മുതലുള്ള സർക്കാർ റിപ്പോർട്ടുകൾ പറയുന്നത്. ജില്ലാ പട്ടികജാതി ഓഫീസർ തയ്യാറാക്കിയ റിപ്പോർട്ടിലും ജില്ലാ കളക്ടർ ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി 2018ൽ തയ്യാറാക്കിയ റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമാക്കുന്നു. എന്നാൽ 2017ൽ ലൈഫ് മിഷനിൽ ഉൾപ്പെട്ടിട്ടില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പഞ്ചായത്ത് അവകാശം നിഷേധിക്കുന്നതെന്ന് ചക്ലിയ സമുദായ അം​ഗങ്ങൾ പറയുന്നു. അയിത്തം ഉണ്ടെന്ന് പുറംലോകത്തോട് വിളിച്ചുപറഞ്ഞവരെ മനഃപൂർവ്വം വേട്ടയാടുകയാണെന്നും ഇവർ പറയുന്നു.

“2014 മുതൽ എല്ലാ റിപ്പോർ‌ട്ടിലും ഈ കുടുംബങ്ങളുടെ പേരുണ്ട്. എന്നാൽ 2017ന് ഇപ്പുറം ആർക്കും സ്ഥലം അനുവദിച്ചിട്ടില്ല. 2017ൽ അയിത്തം ഉണ്ടെന്ന് പറഞ്ഞ് സമരം നടത്തിയവരാണ് ഇതിൽ 37 കുടുംബങ്ങളും. അവരെ മാത്രം മാറ്റി നിർത്തി. ഇവിടെ റേഷൻകാർഡും ഐഡി കാർഡും ഉള്ള ഞങ്ങൾക്ക് സ്ഥലം കിട്ടുന്നില്ല. തമിഴ്‌നാട്ടിൽ റേഷൻകാർഡുള്ളവർക്ക് ഇവിടെ സ്ഥലം അനുവദിക്കുകയും ചെയ്യുന്നു. അവർക്ക് കൊടുത്ത സ്ഥലത്ത് കിട്ടിയ വാടക വീടുകളിലാണ് ഞങ്ങൾ പലരും കഴിയുന്നത്. ചോദിക്കാൻ ചെന്നാൽ ഞങ്ങളെ എന്തെങ്കിലും കേസിൽപ്പെടുത്തും. 18ഉും 20ഉും പ്രായമായവർക്ക് എട്ടും പത്തും കേസുകളാണ്. എം.എസ്.ഡബ്ല്യു, എം.കോം എല്ലാം കഴിഞ്ഞവർ ഉണ്ട്. പക്ഷേ കേസ് ഉള്ളതുകൊണ്ട് സർക്കാർ പരീക്ഷപോലും എഴുതാൻ കഴിയുന്നില്ല. ഭൂമിയും വീടും ചോദിക്കരുത്. ചോദിച്ചാൽ കുറ്റമാണ്. ഭൂമി നൽകാതെ ഞങ്ങളെ തമിഴ്‌നാട്ടിലേക്ക് ഓടിക്കാനാണ് ഇവരുടെ ശ്രമം. അയിത്തത്തിനെതിരെ സംസാരിച്ചവർ ഇവിടെ താമസിക്കണ്ട, വോട്ട് ചെയ്യണ്ട എന്നാണ് പാർട്ടിക്കാരുടെയും നിലപാട്.” സമരസമിതി നേതാവും ചക്ലിയ സമുദായാംഗവുമായ എസ് ശിവരാജ് പറയുന്നു.

ഇതിൽ പല കുടുംബങ്ങളിലേയും കുട്ടികൾക്ക് പഠനമുറി അനുവദിക്കുകയും അതിനായി മൂന്ന് ലക്ഷം അനുവദിച്ചെന്നുമാണ് പട്ടികജാതി വികസന വകുപ്പ് അധികൃതർ പറയുന്നത്. “സ്ഥലമില്ലാത്തവർ എവിടെ പഠനമുറി കെട്ടണമെന്നാ? ബന്ധുക്കളുടെ വീട്ടിൽ പോയി പഠനമുറി കെട്ടിയവരുണ്ട്. പക്ഷെ പെരുവഴിയിലും തിണ്ണയിലും അമ്പലത്തിലും കിടക്കുന്നവർ എവിടെ പഠനമുറി കെട്ടും? അംബേദ്കർ കോളനിയിൽ വികസനം വരുന്നില്ല എന്നല്ല. പക്ഷേ അയിത്തം പറഞ്ഞവരെ മാറ്റി നിർത്തിയുള്ള വികസനമാണ് വരുന്നത്. ഞങ്ങൾക്കും ഞങ്ങളുടെ അവകാശങ്ങൾ കിട്ടണം. അതിനാണ് ഈ സമരം.” ശിവരാജ് കൂട്ടിച്ചേർത്തു.

ലൈഫ് മിഷനും ഉപകാരപ്പെട്ടില്ല

2014ൽ ജില്ലാ പട്ടികജാതി വികസന വകുപ്പ് അന്വേഷണം നടത്തി തയ്യാറാക്കിയ ലിസ്റ്റിൽ സമരം ചെയ്യുന്നവരിൽ 20 കുടുംബങ്ങൾ ഭൂമിക്കും വീടിനും അർഹരാണെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് 2017ൽ അയിത്തത്തിനെതിരെ സമരം നടന്നപ്പോൾ എം.പിയും എം.എൽ.എയും ജില്ലാ കളക്ടറും ഉൾപ്പെടെയുള്ളവർ സമരക്കാരെ കാണുകയും അവർക്കായി അദാലത്ത് നടത്തുകയും ചെയ്തു. “ഇനി നിങ്ങൾ അപേക്ഷകളുമായി എവിടേയും പോവണ്ട. അംബേദ്കർ കോളനിക്കായി പ്രത്യേക പാക്കേജ് അനുവദിക്കും. സ്ഥലവും വീടും എല്ലാവർക്കും ലഭിക്കും എന്ന ഉറപ്പ് അധികാരികൾ ആ അദാലത്തിൽ നൽകി.” കോളനി സ്വദേശിയായ മാരിയപ്പൻ പറഞ്ഞു. എന്നാൽ കോളനിയിലെ 32 പേർക്ക് മാത്രമാണ് ആ പാക്കേജിൽ ഉൾപ്പെട്ട് ആനുകൂല്യം ലഭിച്ചത്. ആദ്യ ഘട്ടത്തിൽ 32 പേർക്ക് സ്ഥലവും വീടും അനുവദിച്ചു. പിന്നീട് ബാക്കിയുള്ളവർക്കും അത് ലഭ്യമാക്കുമെന്നായിരുന്നു കോളനി നിവാസികൾക്ക് അധികൃതർ നൽകിയ ഉറപ്പ്. “ആ ഉറപ്പ് ഉള്ളതിനാൽ ലൈഫ് മിഷനുള്ള അപേക്ഷ സമർപ്പിക്കേണ്ട സമയം വന്നപ്പോൾ ഞങ്ങൾ അപേക്ഷിച്ചില്ല. 30 രൂപ കൊടുത്ത് അത് അപേക്ഷിക്കാൻ കഴിയാത്തതുകൊണ്ടല്ല. ഇനി ഒരപേക്ഷയും ഞങ്ങൾ എവിടേയും കൊടുക്കണ്ടതില്ലെന്ന് അധികൃതർ തന്ന ഉറപ്പിൻമേലാണ് അത് ചെയ്യാതിരുന്നത്.” മാരിയപ്പൻ തുടർന്നു.

മുതലമട പഞ്ചായത്ത് ഓഫീസിന് മുന്നിലെ സമരം

2017ലെ ലൈഫ് മിഷൻ പദ്ധതി ഗുണഭോക്തൃ ലിസ്റ്റിൽ അപേക്ഷ സമർപ്പിക്കാതിരുന്നതിനാൽ ഇവർ ഉൾപ്പെട്ടില്ല. 2019ൽ രമ്യാ ഹരിദാസ് എം.പിയ്ക്ക് ഭൂമിയ്ക്കും വീടിനും അർഹരായ കോളനി നിവാസികൾ പരാതി സമർപ്പിച്ചു. എം.പി ജില്ലാ കളക്ടർക്ക് ഇത് സംബന്ധിച്ച പരാതി കൈമാറി നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചു. ജില്ലാ കളക്ടർ ഇക്കാര്യം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മുതലമട പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി. അർഹരായ 25 പേരുടെ ലിസ്റ്റായിരുന്നു കോളനിക്കാർ നൽകിയതെങ്കിലും അന്വേഷണം നടത്തി 32 കുടുംബങ്ങൾ ഭൂമിയ്ക്കും വീടിനും അർഹരാണെന്ന് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. എന്നാൽ ഈ റിപ്പോർട്ട് പഞ്ചായത്ത് അറിഞ്ഞിട്ടില്ലെന്നും രേഖകൾ പഞ്ചായത്തിൽ ഇല്ലെന്നുമായിരുന്നു ഭരണസമിതി യോഗത്തിൽ ഇത് സംബന്ധിച്ച ചർച്ചകൾ ഉയർന്നപ്പോൾ പഞ്ചായത്ത് പ്രസിഡന്റിന്റെ മറുപടി. ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടാത്തവർക്ക് ഭൂമിയും വീടും ലഭിക്കില്ലെന്ന് പഞ്ചായത്ത് കോളനി നിവാസികളെ അറിയിച്ചു. പിന്നീട് 2020ൽ അപേക്ഷ സമർപ്പിച്ചക്കുകയും ലൈഫ് മിഷൻ ഗുണഭോക്തൃ ലിസ്റ്റിൽ ഇവരുടെ പേര് ഉൾപ്പെടുകയും ചെയ്തു. എന്നാൽ 2017ൽ അപേക്ഷിക്കാത്തതുകൊണ്ട് വീട് കിട്ടില്ല എന്നുതന്നെയാണ് പഞ്ചായത്ത് അധികൃതർ തുടർച്ചയായി പറയുന്നത്. ജില്ലാകളക്ടർ തയ്യാറാക്കിയ ലിസ്റ്റും പഞ്ചായത്ത് തള്ളി. ലൈഫ് മിഷനിലൂടെ മുൻഗണനാടിസ്ഥാനത്തിൽ മാത്രം ഭൂമിയും വീടും അനുവദിച്ചാൽ മതി എന്നാണ് പഞ്ചായത്തിന്റെ നിലപാട്.

ഗോവിന്ദാപുരം അംബേദ്കർ കോളനി

ജാതി വിവേചനം ആരോപിച്ച് സമരം നടത്തുകയും 2017-18 വർഷം പ്രത്യേക പാക്കേജ് പ്രകാരം 32 പേർക്ക് പട്ടികജാതി വകുപ്പ് വഴി വീട് അനുവദിക്കുകയുണ്ടായി. അത്തരത്തിലൊരു പാക്കേജ് വീണ്ടും നേടിയെടുക്കുന്നതിന് വേണ്ടിയാണ് ഇപ്പോഴത്തെ സമരമെന്നും അന്ന് സമരത്തിന് നൽകിയ അതേ വ്യക്തികൾ തന്നെയാണ് ഇപ്പോഴത്തെ സമരത്തിന് നേതൃത്വം നൽകുന്നതെന്നുമാണ് പഞ്ചായത്ത് പ്രസിഡന്റ് ഭരണ സമിതി യോഗത്തിൽ വിശദീകരിച്ചത്. അംബേദ്കർ കോളനിയിലെ പട്ടികജാതി ചക്ലിയ വിഭാഗത്തിന്റെ സമ്മർദ്ദങ്ങൾക്കും ഭീഷണികൾക്കും വഴങ്ങേണ്ടതില്ലെന്നും നിലവിലെ സാഹചര്യത്തിൽ അംബേദ്കർ കോളനിക്കാർക്കോ മറ്റേതെങ്കിലും കോളനിക്കാർക്കോ മാത്രമായി ഏതെങ്കിലും പ്രത്യേക പാക്കേജ് അനുവദിക്കേണ്ടതില്ലെന്നുമുള്ള തീരുമാനങ്ങൾ പഞ്ചായത്ത് ഭരണ സമിതി ഐകകണ്‌ഠ്യേന കൈക്കൊണ്ടു.

ഇത് സംബന്ധിച്ച മുതലമട പഞ്ചായത്ത് പ്രസിഡന്റ് കെ ബേബി സുധ പറഞ്ഞതിങ്ങനെ, “ഈ സമരം ചെയ്യുന്നവരാരും 2017ൽ അപേക്ഷ സമർപ്പിച്ചിട്ടില്ല. 2017ൽ സമരം ഉണ്ടായപ്പോൾ എസ്.സി ഡിപ്പാർട്‌മെന്റിലെ പണം കൊണ്ട് 32 പേർക്ക് പ്രത്യേക പാക്കേജായി ഒന്നിച്ച് വീടുകൾ അനുവദിച്ചു. എന്നൽ ഇന്ന് നിയമം മാറി. ലൈഫ് മിഷനിൽ ഉൾപ്പെട്ട ആളുകൾക്ക് മാത്രമേ ഭൂമിയും വീടും അനുവദിക്കാനാവൂ. 2018ൽ ജില്ലാ കളക്ടർ ആവശ്യപ്പെട്ടതനുസരിച്ച് അന്വേഷണം നടത്തി വേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. 2019ൽ കോളനിയിൽ പോയി ലൈഫിൽ ഉൾപ്പെടുത്തി സ്ഥലം അനുവദിക്കാമെന്ന് പറഞ്ഞു. എന്നാൽ അവർക്ക് 2017ൽ ലഭിച്ചത് പോലെ വീണ്ടും നൽകണമെന്നാണ് ആവശ്യം. നിലവിൽ ലൈഫിൽ ഈ കുടുംബങ്ങളുടെ പേര് ഉൾപ്പെട്ടിട്ടുണ്ട്. അടുത്ത ആഴ്ച മുതൽ ഇതിന്മേൽ അന്വേഷണം തുടങ്ങും. അന്വേഷണം നടത്തി അർഹരായ പാവങ്ങൾക്ക് വീടും സ്ഥലവും നൽകും. അതിൽ പഞ്ചായത്തിന് ഒരു പ്രശ്‌നവുമില്ല. ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് വീണ്ടും അപേക്ഷിക്കാനുള്ള അവസരവുമൊരുക്കും.”

എന്നാൽ 2014 മുതലുള്ള കാത്തിരിപ്പ് ഇനിയും എത്രകാലം തുടരേണ്ടി വരുമെന്നാണ് കോളനി നിവാസികൾ ചോദിക്കുന്നത്. പുതിയ ലിസ്റ്റിൽ പേര് ഉൾപ്പെടുത്തിയെങ്കിലും നടപടിക്രമങ്ങൾ ആവാൻ ഇനിയും ഏറെക്കാലമെടുക്കും. ഇത്രയും വർഷമായി തയ്യാറാക്കിയ ഗുണഭോക്തൃ ലിസ്റ്റ് അടിസ്ഥാനമാക്കി മുൻഗണനാ ക്രമത്തിൽ വീടും സ്ഥലവും അനുവദിക്കണമെന്നതാണ് അവരുടെ ആവശ്യം. “ഈ ലിസ്റ്റ് നിലനിൽക്കുന്നതിനിടയിൽ ലൈഫിൽ അപേക്ഷിച്ചാൽ മാത്രമേ ഞങ്ങൾക്ക് ഭൂമി കിട്ടൂ എന്ന് ആരെങ്കിലും പറഞ്ഞ് തരണ്ടേ. അത് പറയാതെ ഞങ്ങൾ എങ്ങനെ അറിയാനാണ്. ഇത്രയും കാലം എല്ലാവരേയും നമ്പി ഇരുന്ന ഞങ്ങൾ ഇപ്പോൾ വെറും കയ്യോടെ ഇരിക്കുകയാണ്. പഞ്ചായത്തീരാജ് വന്നിട്ട് ഇന്നേവരെ ചക്ലിയ വിഭാഗത്തിൽ നിന്ന് ഒരു മെമ്പർ പോലും ഉണ്ടായിട്ടില്ല. ഞങ്ങളെ ആരും മത്സരിപ്പിക്കാറുമില്ല. അതുണ്ടായിരുന്നെങ്കിൽ സർക്കാർ കാര്യങ്ങളെങ്കിലും ഞങ്ങൾക്ക് അറിയാമായിരുന്നു.” ശിവരാജ് പറഞ്ഞുനിർത്തി.

Also Read

8 minutes read December 29, 2021 9:22 am