

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


ഭരണഘടനാ ശിൽപിയും, രാഷ്ട്രതന്ത്രജ്ഞനും, ഇന്ത്യയിലെ ദലിതരടക്കമുള്ള അടിച്ചമർത്തപ്പെട്ട എല്ലാ ജനവിഭാഗങ്ങളുടെയും സമരപോരാട്ടങ്ങളുടെ സമുന്നതനായ നേതാവുമായ ബാബസാഹേബ് ഡോ. ബി.ആർ അംബേദ്കറുടെ 134-ാം ജന്മവാർഷികം ഇന്ന് ലോകമെമ്പാടും ആഘോഷിക്കപ്പെടുകയാണ്. ഇന്ത്യയുടെ ജനാധിപത്യ, മതേതര, ഫെഡറൽ സംവിധാനങ്ങളെ തകർക്കുന്ന ഒരു ഹിന്ദുത്വ ഫാസിസ്റ്റ് ഭരണകൂടത്തിന് കീഴിലാണ് നാമിന്ന് അതിജീവിക്കുന്നത് എന്നതുകൊണ്ട് തന്നെ, ഡോ. അംബേദ്കറും അദ്ദേഹത്തിന്റെ രാഷ്ട്രീയ തത്വശാസ്ത്രങ്ങളും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു കാലഘട്ടം കൂടിയാണിത്. നമുക്കുള്ളത് എത്ര മികച്ച ഭരണഘടനയായാലും അത് പ്രയോഗത്തിൽ വരുത്തുന്ന ഭരണകൂടം നല്ലതല്ല എന്നുണ്ടെങ്കിൽ ആ ഭരണഘടന മോശമാക്കപ്പെടുമെന്ന് അംബേദ്കർ തന്നെ പറഞ്ഞിട്ടുണ്ട്. വർഗീയ ഭൂരിപക്ഷത്തിന്റെ (communal majority) രാഷ്ട്രീയം തീരുമാനിക്കപ്പെടുന്നത് അതിൽ ജന്മം കൊണ്ട ആളുകളിലൂടെ മാത്രമായിരിക്കുമെന്നും, അതിലേക്കുള്ള വാതിലുകളെല്ലാം തന്നെ കൊട്ടിയടക്കപ്പെട്ടതായിരിക്കുമെന്നും വർഗീയ ഭൂരിപക്ഷത്തെ കുറിച്ചും രാഷ്ട്രീയ ഭൂരിപക്ഷത്തെ (political majority) കുറിച്ചുമുള്ള കുറിപ്പിൽ ഡോ. അംബേദ്കർ വ്യക്തമാക്കിയിട്ടുണ്ട്. ആർ.എസ്.എസ് അടക്കമുള്ള സംഘപരിവാർ ശക്തികൾ ഒരേസമയം അംബേദ്കറെ അപമാനിക്കുകയും, എന്നാൽ അംബേദ്കർ ജയന്തിയടക്കമുള്ള പ്രത്യേക ദിവസങ്ങളിൽ വോട്ട് ബാങ്ക് മാത്രം മുന്നിൽ കണ്ട് അംബേദ്കറുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തുകയും ചെയ്യുന്ന വൈരുധ്യത്തിനാണ് നമ്മൾ കാലങ്ങളായി സാക്ഷ്യം വഹിക്കുന്നത്. അതുകൊണ്ട് തന്നെ ഡോ. അംബേദ്കറെയും അദ്ദേഹത്തിന്റെ രാഷ്ട്രീയ തത്വശാസ്ത്രത്തെയും വലതുപക്ഷ ആഖ്യാനങ്ങൾക്ക് വിട്ടുകൊടുക്കാതെ വായിക്കപ്പെടേണ്ടത് ഫാസിസത്തെ എതിർക്കുന്ന, ജനാധിപത്യമൂല്യങ്ങളിൽ വിശ്വസിക്കുന്ന ഏതൊരു വ്യക്തിയുടെയും കടമയാണ്. ഡോ. അംബേദ്കറുടെ ജീവിതത്തെയും അദ്ദേഹത്തിന്റെ രാഷ്ട്രീയ ചിന്തകളേയും കുറിച്ചുള്ള നിരവധി പുസ്തകങ്ങൾ പലഭാഷകളിലായി പുറത്തുവന്നിട്ടുണ്ട്. മാത്രമല്ല അംബേദ്കർ ചിന്തധാരയെ മുൻനിർത്തി പ്രവർത്തിക്കുന്ന സമാന്തര മാധ്യമങ്ങളും ഇന്ന് പല ഭാഷകളിലും സജീവമാണ്. ഇംഗ്ലീഷിലും മലയാളത്തിലുമായി പുറത്തിറങ്ങിയിട്ടുള്ള പുസ്തകങ്ങളെയും, അത്തരത്തിലുള്ള ചില സമാന്തര മാധ്യമങ്ങളെയും പരിചയപ്പെടാം.
Ambedkar’s World: The Making of Babasaheb and the Dalit Movement – Eleanor Zelliot
പശ്ചിമ ഇന്ത്യയിലെ മഹർ മൂവ്മെന്റുകളെ കുറിച്ചും ഡോ. അംബേദ്കറെ രൂപപ്പെടുത്തിയെടുത്ത സാമൂഹിക- രാഷ്ട്രീയ ശക്തികളെയും കുറിച്ചുള്ള എലനോർ സെലിയട്ടിന്റെ ഒരു മികച്ച രചനയാണ് നവയാന പ്രസിദ്ധീകരിച്ച Ambedkar’s World: The Making of Babasaheb and the Dalit Movement എന്ന പുസ്തകം. അംബേദ്കർ നയിച്ച വിവിധ മൂവ്മെന്റുകളുമായി ബന്ധപ്പെട്ട് എൺപതിലധികം ലേഖനങ്ങൾ എഴുതുകയും മൂന്ന് പുസ്തകങ്ങൾ എഡിറ്റ് ചെയ്യുകയും അംബേദ്കറെ കുറിച്ചുള്ള ഡോക്ടറൽ തീസിസ് പൂർത്തിയാക്കുകയും ചെയ്ത ആദ്യ സ്കോളർ കൂടിയാണ് അമേരിക്കയിലെ കാൾട്ടൺ കോളേജിലെ പ്രൊഫസറായിരുന്ന എലനോർ സെലിയട്ട്.


1890കൾ തൊട്ടുള്ള മഹർ മൂവ്മെന്റ് മുതൽ 1956ലെ ബുദ്ധിസത്തിലേക്കുള്ള മഹാപരിവർത്തനം വരെയുള്ള കാലഘട്ടത്തെ ഈ പുസ്തകത്തിലൂടെ എലനോർ സെലിയട്ട് അടയാളപ്പെടുത്തുന്നു. മഹർ സൈന്യത്തിന്റെ പാരമ്പര്യം, ചൊക്കമേള എന്ന ദലിത് സന്യാസിയോടുള്ള ആരാധന, മഹദ് സത്യാഗ്രഹം, ക്ഷേത്ര പ്രവേശന പ്രസ്ഥാനങ്ങൾ, അംബേദ്കർ നേതൃത്വം നൽകിയ വിവിധ പത്ര-മാധ്യമങ്ങൾ, റൗണ്ട് ടേബിൾ കോൺഫറൻസ്, അംബേദ്കർ രൂപം നൽകിയ രാഷ്ട്രീയ പാർട്ടികൾ തുടങ്ങി അംബേദ്കറുടെ ജീവിതത്തെ മുൻനിർത്തി ആധുനിക ഇന്ത്യയിൽ രൂപപ്പെട്ട നിർണ്ണായകമായ പ്രസ്ഥാനങ്ങളിലൊന്നിന്റെ ചരിത്രം സെലിയട്ട് വിശദമായി വിലയിരുത്തുന്നു.
Ambedkar’s Political Philosophy: A Grammar of Public Life from the Social Margin – Edited by Valerian Rodriquez
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ് പ്രസിദ്ധീകരിച്ച്, പ്രശസ്ത ഇന്ത്യൻ പൊളിറ്റിക്കൽ സയന്റിസ്റ്റും ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ പ്രൊഫസറുമായ വലേറിയൻ റോഡ്രിഗസ് എഡിറ്റ് ചെയ്ത അംബേദ്കറുടെ രാഷ്ട്രീയ തത്വശാസ്ത്രത്തെ കുറിച്ചും അദ്ദേഹത്തിന്റെ പൊതുജീവിതത്തെയും കുറിച്ചുള്ള സമഗ്രമായ പുസ്തകമാണ് Ambedkar’s Political Philosophy: A Grammar of Public Life from the Social Margin. വായിക്കപ്പെടുന്ന രചനകളും പാരമ്പര്യവും, ജാതിയും അസ്പൃശ്യതയും, ദേശീയത, ജനാധിപത്യത്തെ കുറിച്ചുള്ള സങ്കൽപം, രാഷ്ട്രീയ പ്രാതിനിധ്യം തുടങ്ങി പത്തോളം അധ്യായങ്ങളിലായി അംബേദ്കറുടെ രാഷ്ട്രീയ തത്വശാസ്ത്രത്തെ വലേറിയൻ റോഡ്രിഗസ് വിലയിരുത്തുന്നു.


അംബേദ്കറുടെ ഇംഗ്ലീഷിലെയും മറാത്തിയിലുമുള്ള മൂല്യകൃതികളെയും അവയെ ചുറ്റിപ്പറ്റിയുള്ള സംവാദങ്ങളെയും വലേറിയൻ റോഡ്രിഗസ് കൈകാര്യം ചെയ്യുകയും, ദക്ഷിണേഷ്യൻ പശ്ചാത്തലത്തിൽ അംബേദ്കറുടെ ആശയങ്ങൾ സ്ഥാപിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ തത്വശാസ്ത്രത്തെയും സമകാലിക സമൂഹത്തിൽ അതിന്റെ പ്രസക്തിയെയും കുറിച്ചുള്ള സമഗ്രവും ഉൾക്കാഴ്ചയുള്ളതുമായ മികച്ച രചനയാണ് ഈ പുസ്തകം. കൂടാതെ അദ്ദേഹം തന്നെ എഡിറ്റ് ചെയ്ത് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ് പുറത്തിറക്കിയ The Essential Writings of B.R. Ambedkar എന്ന പുസ്തകവും പ്രധാനപ്പെട്ട അംബേദ്കർ രചനകളുടെ ഒരു റഫറൻസ് ഗ്രന്ഥമായി ഉപയോഗിക്കാവുന്നതാണ്.
A Part Apart: The Life and Thought of B.R Ambedkar – Ashok Gopal
ആധുനിക ഇന്ത്യയിലെ മഹത്തായ ബുദ്ധിജീവിയെ കുറിച്ചുള്ള മഹത്തരമായ പുസ്തകം എന്നാണ് കാഞ്ച ഐലയ്യ അശോക് ഗോപാൽ രചിച്ച A Part Apart: The Life and Thought of B.R Ambedkar എന്ന പുസ്തകത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. മനുഷ്യനായിരിക്കാൻ യോഗ്യനല്ല എന്ന് കരുതപ്പെടുന്ന ഒരു ജാതിയിൽ ജനിച്ച വ്യക്തി എങ്ങനെയാണ് മനുഷ്യൻ എന്നതിനെ നിർവചിച്ചിരിക്കുന്നതെന്നും, എന്തൊക്കെയായിരുന്നു അംബേദ്കർക്ക് ഗാന്ധിയും സവർക്കറുമായുള്ള തർക്കങ്ങളെന്നും,


കൊളംബിയ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി ജീവിതം എങ്ങനെയാണ് അംബേദ്കറുടെ മഹദ് സത്യാഗ്രഹത്തെയും ഭരണഘടന രൂപീകരണത്തെയും സ്വാധീനിച്ചതെന്നും ഇംഗ്ലീഷിലും മറാത്തിയിലുമുള്ള അംബേദ്കറുടെ കത്തുകളും രചനകളും വായിക്കുകയും അംബേദ്കർ എന്തൊക്കെയാണ് വായിച്ചിരുന്നതെന്നുമടക്കം ഇരുപതോളം അധ്യായങ്ങളുള്ള ഈ പുസ്തകം വിലയിരുത്തുന്നു. 2024ൽ കമലാദേവി ചദോപാധ്യായ് എൻ.ഐ.എഫ് പുരസ്കാരം നേടിയ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് നവയാനയാണ്.
Evolution of Pragmatism in India:An Intellectual Biography of B.R Ambedkar – Scott R. Stroud
അമേരിക്കൻ ഫിലോസഫറും സൈക്കോളജിസ്റ്റുമായ ജോൺ ഡ്യൂയിയുടെ പ്രായോഗികവാദത്തെ (pragmatism) എങ്ങനെയാണ് അംബേദ്കർ തന്റെ രാഷ്ട്രീയ തത്വശാസ്ത്രത്തിൽ പുനർവിചിന്തനം ചെയ്തതെന്ന് സ്കോട്ട് ആർ സ്ട്രൗട് Evolution of Pragmatism in India : An Intellectual Biography of B.R Ambedkar എന്ന കൃതിയിലൂടെ പരിശോധിക്കുന്നു.


അതേസമയം ഡ്യൂയിയുടെ മാതൃകയെ പിന്തള്ളി അംബേദ്കർ സ്വന്തമായ ഫിലോസഫി രൂപപ്പെടുത്തിയതായും സ്കോട്ട് ആർ സ്ട്രൗട് ഈ പുസ്തകത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. യൂണിവേഴ്സിറ്റി ഓഫ് ടെക്സസിൽ അസോസിയേറ്റ് പ്രൊഫസറായി പ്രവർത്തിക്കുന്ന സ്കോട്ട് ആർ സ്ട്രൌടിന്റെ ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് ഹാർപ്പർ കൊളിൻസ് ആണ്.
Becoming Babasaheb : The Life and Times of Bhimrao Ramji Ambedkar (Volume 1) – Aakash Singh Rathore
ആകാശ് സിങ്ങ് റാത്തോഡ് രചിച്ച Becoming Babasaheb : The Life and Times of Bhimrao Ramji Ambedkar എന്ന പുസ്തകം 1891 മുതൽ 1929ലെ മഹദ് സത്യാഗ്രഹം വരെയുള്ള ബാബസാഹേബ് അംബേദ്കറുടെ ധൈഷണിക ജീവിതത്തെയും അതിന്റെ അതിജീവനത്തെയും അടയാളപ്പെടുത്തുന്ന മികച്ച രചനയാണ്. അംബേദ്കറെ കുറിച്ചുള്ള നിരവധി പുസ്തകങ്ങളും ലേഖങ്ങളും മറ്റും നിലവിലുള്ളതുകൊണ്ട് തന്നെ അതിനെയെല്ലാം അധികരിച്ച് ഇനിയും പുസ്തകങ്ങൾ രൂപപ്പെടാം, അതുകൊണ്ട് തന്നെ അംബേദ്കറെ കുറിച്ചുള്ള പല മിത്തുകളും മറ്റും വീണ്ടും പ്രചരിപ്പിക്കപ്പെട്ടേക്കാം.


അതുകൊണ്ട് തന്നെ യഥാർത്ഥ ആർക്കൈവൽ രേഖകളെ അധികരിച്ച് തയ്യാറാക്കിയ രണ്ട് ഭാഗങ്ങളുള്ള ആകാശ് സിങ്ങ് റാത്തോഡിന്റെ രചന അംബേദ്കർ സാഹിത്യത്തിൽ എന്നും മികച്ചതായി തന്നെ നിലകൊള്ളും. ഈ പുസ്തകത്തെ കൂടാതെ Ambedkar’s Preamble: A Secret History of the Constitution of India (2020) എന്ന പുസ്തകവും ആകാശ് സിങ്ങ് റാത്തോഡിന്റെതായി പുറത്തിറങ്ങിയിട്ടുണ്ട്.
Babasaheb: My Life With Dr. Ambedkar – Savita Ambedkar
ബാബസാഹേബിനൊപ്പമുള്ള ജീവിതത്തെ അദ്ദേഹത്തിന്റെ ജീവിത പങ്കാളി എന്ന നിലയിൽ വ്യക്തിപരമായും അതേസമയം രാഷ്ട്രീയപരമായും വിശകലനം ചെയ്യുന്ന കൃതിയാണ് സവിത അംബേദ്കർ രചിച്ച Babasaheb: My Life With Dr. Ambedkar.


എങ്ങനെയാണ് അംബേദ്കറുമായുള്ള വിവാഹത്തിലേക്ക് എത്തിചേർന്നതെന്ന് തുടങ്ങി തന്റെ സാമൂഹിക പശ്ചാത്തലത്തെ കൂടി ഉൾപ്പെടുത്തി അംബേദ്കറുടെ ബുദ്ധിസത്തിലേക്കുള്ള പരിവർത്തനവും മരണാനന്തര ജീവിതവും സവിത അംബേദ്കർ പെൻഗ്വിൻ ബുക്ക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിലൂടെ വരച്ചുകാണിക്കുന്നു.
Ambedkar and Other Immortals: An Untouchable Research Programme – Soumyabrata Choudhury
ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി പ്രൊഫസർ സൗമ്യഭ്രത ചൌധരി രചിച്ച Ambedkar and Other Immortals: An Untouchable Research Programme എന്ന പുസ്തകത്തെ സ്ലാവോയ് സിസെക് വിശേഷിപ്പിച്ചത് ഇങ്ങനെയാണ്- ‘എനിക്കീ പുസ്തകത്തെ എത്ര പ്രശംസിച്ചാലും മതിയാവില്ല, തത്വചിന്താ സംവാദത്തിലെ നിർണ്ണായകമായ ഒരിടപെടൽ’.


അംബേദ്കർ-മാർക്സ്, അംബേദ്കർ-മാർക്സ്-ഭഗത് സിംഗ്, അംബേദ്കർ-മാർക്സ്-ഗാന്ധി-ഭഗത് സിംഗ് എന്നീ സംയോജനത്തിന് വേണ്ടി മുറവിളി കൂട്ടുന്നവരോട് അംബേദ്കറുടെ മാത്രം അസാധാരണത്വത്തെ പറ്റി ചിന്തിക്കാൻ ആവശ്യപ്പെടുന്നു. നവയാനയാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
The Foresighted Ambedkar – Anurag Bhaskar
ഇന്ത്യയെ ഒരു ദേശരാഷ്ട്രമായി രൂപകൽപന ചെയ്യുന്നതിൽ ഡോ. അംബേദ്കറുടെ പങ്കിനെ വിശദമായി വിലയിരുത്തുന്ന രചനയാണ് അനുരാഗ് ഭാസ്കർ എഴുതിയ The Foresighted Ambedkar. അംബേദ്കറുടെ ഉയർത്തെഴുന്നേൽപ്പ്, അംബേദ്കർക്ക് മുൻപുള്ള ഭരണഘടന നിർമ്മാണവുമായി ബന്ധപ്പെട്ട ചർച്ചകൾ, ജനകീയ ഭരണകൂടത്തെ കുറിച്ചും പൗരത്വത്തെ കുറിച്ചുമുള്ള സങ്കൽപ്പം, മഹദ് സത്യാഗ്രഹം, 1935ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ടിന്റെ നിയമനിർമ്മാണം, ഭരണഘടന വീക്ഷണത്തിൽ നിന്നുള്ള ജാതി നിർമ്മൂലനം,


ഭരണഘടന നിർമ്മാണ സഭയിലെ വിവിധ ഘട്ടങ്ങൾ, പത്ത് വർഷത്തേക്ക് മാത്രം സംവരണമെന്ന മിത്തും അംബേദ്കറുടെ നിലപാടും തുടങ്ങീ ഇരുപത്തിയെന്നോളം അധ്യായങ്ങളിലായി അംബേദ്കറുടെ രാഷ്ട്രീയ ജീവിതത്തെ ഉജ്ജ്വലമായി അടയാളപ്പെടുത്തുന്ന മികച്ച രചനയാണിത്. പെൻഗ്വിൻ ബുക്ക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Doctor and The Saint – Arundhati Roy
അംബേദ്കർ-ഗാന്ധി സംവാദവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പുസ്തകങ്ങളിൽ ഒന്നാണ് അരുന്ധതി റോയ് എഴുതിയ Doctor and The Saint എന്ന പഠനം. ഗാന്ധിയെ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെയും ജീവിതത്തെയും മുൻനിർത്തി വിലയിരുത്തുമ്പോൾ അംബേദ്കർ ഗാന്ധിക്കെതിരെ ഉന്നയിച്ച രാഷ്ട്രീയ വിയോജിപ്പുകൾ എത്രത്തോളം യാഥാർത്ഥ്യമായിരുന്നുവെന്ന് അരുന്ധതി റോയ് പുസ്തകത്തിലൂടെ സമർത്ഥിക്കുന്നു. നവയാന പ്രസിദ്ധീകരിച്ച അംബേദ്കറുടെ ജാതി നിർമ്മൂലനം എന്ന പുസ്തകത്തിന്റെ ആമുഖമായാണ് Doctor and The Saint പ്രസിദ്ധീകരിക്കുന്നത്.


നിങ്ങൾ മലാല യൂസഫ് സായിയെ കുറിച്ച് കേൾക്കുകയും എന്നാൽ സുരേഖ ഭോട്ട്മാംഗ് ആരാണെന്ന് അറിയുകയുമില്ലെങ്കിൽ നിങ്ങൾ അംബേദ്കറെ വായിക്കൂ എന്നാണ് അരുന്ധതി റോയ് പുസ്തകത്തിന്റെ തുടക്കത്തിൽ പറയുന്നത്. അതിൽ നിന്നും അരുന്ധതി റോയ് നേരെ പോവുന്നത് ഖൈർലാഞ്ചി കൂട്ടക്കൊലയിലേക്കും ജാതി ഇന്ത്യയുടെ യാഥാർത്ഥ്യങ്ങളിലേക്കുമാണ്. പെൻഗ്വിൻ ബുക്ക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Iconoclast: A Reflective Biography of Dr Babasaheb Ambedkar by Anand Teltumbde
പരമ്പരാഗത ധാരണകളെ വെല്ലുവിളിക്കുന്ന സൂക്ഷ്മമായ ആഖ്യാനത്തിലൂടെ അംബേദ്കറുടെ വ്യക്തിത്വത്തിന്റെ സങ്കീർണ്ണതകൾ ആനന്ദ് തെൽതുദെ രചിച്ച Iconoclast എന്ന ജീവചരിത്രം പര്യവേക്ഷണം ചെയ്യുന്നു. ജാതി- സാമൂഹിക ബന്ധങ്ങൾ, സാമ്പത്തികമായ അസമത്വം, കൊളോണിയൽ വിരുദ്ധത, കോളനിയാനന്തര കാലഘട്ടം എന്നിവയിലൂന്നി അംബേദ്കറുടെ ജീവിതത്തെ ഏഴ് ഘട്ടങ്ങളായി തരംതിരിച്ചുകൊണ്ടാണ് ആനന്ദ് തെൽതുംദെ അദ്ദേഹത്തിന്റെ ജീവചരിത്രത്തെ വരച്ചെടുക്കുന്നത്.


കൂടാതെ അംബേദ്കറുടെ മരണാനന്തര കാലഘട്ടത്തിൽ അംബേദ്കറൈറ്റ് രാഷ്ട്രീയത്തിന് വന്ന വീഴ്ചകളെയും എഴുത്തുകാരൻ വിമർശനവിധേയമാക്കുന്നുണ്ട്. അംബേദ്കറൈറ്റ് രാഷ്ട്രീയം ഉയർത്തിപിടിക്കുന്ന പല വ്യക്തികളും പുസ്തകത്തിനെതിരെ ചില വിമർശനങ്ങൾ ഉന്നയിച്ചുവെങ്കിലും ഒരു ജീവചരിത്രം എന്ന നിലയിൽ പെൻഗ്വിൻ ബുക്ക്സ് പ്രസിദ്ധീകരിച്ച Iconoclast പ്രാധാന്യമർഹിക്കുന്നു.
The Radical in Ambedkar. Edited by Anand Teltumbde and Suraj Yengde
ആഗോള തലത്തിലെ വംശീയവിരുദ്ധ മുന്നേറ്റങ്ങളും ഇന്ത്യയിലെ ജാതി വിരുദ്ധ മുന്നേറ്റങ്ങളും തമ്മിലെ ബന്ധം, മതത്തോടുള്ള അംബേദ്കറുടെ വിവിധ കാലഘട്ടങ്ങളിലെ കാഴ്ചപ്പാടുകൾ, ബുദ്ധിസത്തിലേക്കുള്ള പരിവർത്തനം തുടങ്ങിയവയെ റാഡിക്കലായ സ്വഭാവത്തിൽ നിന്നുകൊണ്ട് വിലയിരുത്തുകയാണ് ആനന്ദ് തെൽതുദെയും സൂരജ് യങ്ഡെയും ചേർന്ന് എഡിറ്റ് ചെയ്ത The Radical in Ambedkar എന്ന പുസ്തകത്തിലൂടെ.


ജീൻ ഡ്രെസ്, പാർത്ഥ ചാറ്റർജി, സുഖ്ദേവ് തോറാട്ട്, മനു ഭഗവാൻ, അനുപമ റാവു, സൂരജ് യങ്ഡെ, റൊണാൾഡ് ഇ. ഹാൾ, അഞ്ജാനി കപൂർ, ആനന്ദ് തെൽതുംദെ തുടങ്ങിയ അന്തരാഷ്ട്ര പ്രശസ്തരായ എഴുത്തുകാരും സ്കോളേഴ്സും അംബേദ്കർ ചിന്തകളെ വിലയിരുത്തുന്ന ഈ ബൃഹത് ഗ്രമ്പ്ഥം അംബേദ്കറെ വായിക്കുന്ന ഏതൊരാൾക്കും പ്രധാനപ്പെട്ട ഒരു റഫറൻസ് പുസ്തകമായി കണക്കാക്കാവുന്നതാണ്. പെൻഗ്വിൻ ബുക്ക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Bhimrao Ambedkar: The boy Who Asked Why – Sowmya Rajendran
അംബേദ്കറുടെ ജീവിതവും നേരിട്ട യാതനകളും കഥ പോലെ വിവരിക്കുന്ന ബാലസാഹിത്യ കൃതിയാണ് സൗമ്യ രാജേന്ദ്രൻ രചിച്ച Bhimrao Ambedkar: The boy Who Asked Why എന്ന പുസ്തകം. ഏറ്റവും കഠിനമായ ജീവിതയാത്രയിലും എല്ലാത്തിനെയും ചോദ്യം ചെയ്തുകൊണ്ട് എങ്ങനെയാണ് അംബേദ്കർ തന്റെ ജീവിതത്തിൽ വിജയം കൈവരിച്ചതെന്ന് ഇല്ലസ്ട്രേഷനുകളിലൂടെ പുസ്തകം പറയുന്നു.


തൂലിക ബുക്സ് ആണ് പ്രസാധകർ. മലയാളത്തിലും തമിഴിലും മറാത്തിയിലും ഹിന്ദിയിലും പുസ്തകത്തിന്റെ പരിഭാഷ ലഭ്യമാണ്.
Bhimayana : Experiences of Untouchability – Durgabai Vyam
അംബേദ്കറുടെ ആത്മകഥ കുറിപ്പുകളിൽ പറഞ്ഞിട്ടുള്ള സംഭവവികാസങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഗ്രാഫിക് നോവലാണ് Bhimayana : Experiences of Untouchability.


പർദ്ധൻ- ഗോണ്ട് ആർട്ടിസ്റ്റുകളായ ദുർഗബായ് വ്യാം, സുഭാഷ് വ്യാം എന്നിവർ ചേർന്നാണ് ചരിത്ര സംഭവങ്ങളെ പുസ്തകത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. നവയാനയാണ് പ്രസാധകർ.
അംബേദ്കർ ഒരു പ്രബുദ്ധ ഇന്ത്യയ്ക്കായി- ഗെയിൽ ഓംവെദ്
ഗെയിൽ ഓംവെദ് രചിച്ച ഡോ. അംബേദ്കറുടെ ജീവചരിത്രമായ Ambedkar: Towards an Enlightened India എന്ന പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ അജയ്. പി. മങ്ങാട്ട് ആണ്. അദർ ബുക്ക്സ് ആണ് പ്രസിദ്ധീകരണം. ഇന്ത്യയിലെ പല ദലിത് ഗ്രാമങ്ങളിലും, വിദ്യാഭ്യാസ- സർക്കാർ സ്ഥാപനങ്ങളുടെ മുന്നിലും, കവലകളിലും തുടങ്ങീ പലയിടങ്ങളിലും, കയ്യിൽ ഭരണഘടന പിടിച്ച് മുന്നോട്ട് വിരൽ ചൂണ്ടി നിൽക്കുന്ന അംബേദ്കറുടെ പ്രതിമകൾ കാണാൻ കഴിയുമെന്നും സമകാലിക ഇന്ത്യയുടെ പല രാഷ്ട്രീയ അവകാശവാദങ്ങൾക്കും ആ പ്രതിമയ്ക്ക് വലിയ പങ്കുണ്ടെന്നും പറഞ്ഞുകൊണ്ടാണ് ഗെയിൽ ഓംവെദ് പുസ്തകത്തിന്റെ ആമുഖം തുടങ്ങുന്നത്.


അംബേദ്കറുടെ ജനനം മുതൽ ബുദ്ധിസത്തിലേക്കുള്ള മഹാപരിവർത്തനം വരെയുള്ള സമഗ്രമായ ജീവചരിത്രം ഗെയിൽ ഓംവെദ് ഒൻപത് അധ്യായങ്ങളിലായി വിവരിക്കുന്നു. ഇന്ത്യൻ ആന്റി- കാസ്റ്റ് മൂവ്മെന്റുമായും ദലിത് ജനതയ്ക്ക് വേണ്ടിയും തന്റെ ജീവിതം മുഴുവൻ മാറ്റിവെച്ച ആക്റ്റിവിസ്റ്റും സോഷ്യോളജിസ്റ്റുമായ ഗെയിൽ ഓംവെദിന്റെതായി മലയാളത്തിൽ പുറത്തുവന്ന ആദ്യ പുസ്തകം കൂടിയാണിത്.
അംബേദ്കറും അയിത്തവും: ജാതി വിശകലനം, പോരാട്ടം – ക്രിസ്റ്റോഫ് ജാഫ്രെലോ
ക്രിസ്റ്റോഫ് ജാഫ്രെലോ രചിച്ച Dr. Ambedkar and Untouchability: Analyzing and Fighting Caste എന്ന പഠനത്തിന്റെ മലയാള പരിഭാഷ നിർവഹിച്ചിരിക്കുന്നത് അഫീഫ് അഹ്മദാണ്. ബുക്ക്പ്ലസ് ആണ് പ്രസാധകർ. അംബേദ്കറുടെ ബൗദ്ധിക ചിന്തയെയും രാഷ്ട്രീയ പ്രവർത്തനത്തെയും വിശകലനം ചെയ്യുന്ന മികച്ച പഠനമാണ് ഈ പുസ്തകം. പ്രശസ്ത പൊളിറ്റിക്കൽ സയന്റിസ്റ്റും ലണ്ടൻ കിംഗ്സ് കോളേജിലെ സോഷ്യോളജി വിഭാഗം പ്രൊഫസറുമായ ക്രിസ്റ്റോഫ് ജാഫ്രെലോയുടേതായി മലയാളത്തിൽ പുറത്തിറങ്ങിയ ആദ്യ പുസ്തകമാണിത്. അംബേദ്കർ മരണപ്പെട്ട ദിവസം മഹാരാഷ്ട്രയിലെ ദലിത് എഴുത്തുകാരനായ ദയാ പവാറിന്റെ വൈകാരികമായ ഒരു വിവരണത്തോടെയാണ് പുസ്തകം ആരംഭിക്കുന്നത്.


അംബേദ്കറെ ഇന്ത്യയിലെ ആദ്യ ദലിത് നേതാവ് എന്നാണ് ജാഫ്രെലോ വിശേഷിപ്പിക്കുന്നത്. മഹാരാഷ്ട്രയിലെ സാമൂഹ്യ പരിഷ്കരണവും ബ്രാഹ്മണവിരുദ്ധ സംഘാടനവും, അംബേദ്കർ ഒരു മഹർ സൈനികന്റെ പുത്രൻ, ജാതി വിശകലനം, ഗാന്ധിക്കെതിരെ രാഷ്ട്രീയത്തിൽ, ഇന്ത്യൻ ഭരണഘടന രൂപീകരണം, മതപരിവർത്തനമെന്ന പരിഹാരം തുടങ്ങി ഒൻപതോളം അധ്യായങ്ങളിലായി അംബേദ്കറുടെ രാഷ്ട്രീയ സാമൂഹിക ജീവിതത്തെ ജാഫ്രെലോ ഈ പഠനത്തിൽ വിശകലനം ചെയ്യുന്നു.
ഡോ. അംബേദ്കർ ജീവിതവും ദർശനവും – ധനഞ്ജയ് കീർ
അംബേദ്കറുടെ ഏറ്റവും കൂടുതൽ വായിക്കപ്പെട്ട ജീവചരിത്ര പുസ്തകങ്ങളിൽ ഒന്നാണ് ധനഞ്ജയ് കീർ രചിച്ച Dr. Ambedkar life and mission എന്ന പുസ്തകം. പി.കെ രാജനാണ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ക്വിവൈവ് ടെക്സ്റ്റ് ആണ് പ്രസാധകർ. അംബേദ്കറുടെ ജനനം മുതൽ മരണാനന്തര ജീവിതം വരെ വളരെ സൂക്ഷ്മമായി വിശകലനം ചെയ്ത ഈ പുസ്തകത്തിനെതിരെ നിരവധി വിമർശനങ്ങളും നിലനിൽക്കുന്നുണ്ട്.


കൃത്യമായും സവർക്കറൈറ്റ് രാഷ്ട്രീയം പിൻപറ്റുന്ന ധനഞ്ജയ് കീർ അംബേദ്കറെയും നവയാന ബുദ്ധിസത്തെയും പലപ്പോഴും ഹിന്ദുത്വയിൽ തളച്ചിടാനുള്ള ബോധപൂർവ്വമായ ശ്രമം പുസ്തകത്തിൽ കാണാൻ സാധിക്കും. പ്രത്യേകിച്ച് നവയാന ബുദ്ധിസവുമായി ബന്ധപ്പെട്ട ഭാഗങ്ങളിൽ ഹിന്ദു മതത്തിന്റെ മറ്റൊരു ശാഖയാണ് ബുദ്ധിസം എന്ന തരത്തിലുള്ള ആഖ്യാനങ്ങൾ ധനഞ്ജയ് കീർ നടത്തുന്നത് കാണാം.
അംബേദ്കറും മുസ്ലീങ്ങളും: മിത്തും യാഥാർത്ഥ്യവും – ആനന്ദ് തെൽതുംദെ
അംബേദ്കർ മുസ്ലീം വിരുദ്ധനായിരുന്നുവെന്ന് ചിത്രീകരിക്കാനുള്ള ശ്രമം വലതുപക്ഷം എല്ലാകാലത്തും നടത്തിയിട്ടുണ്ട്. അംബേദ്കർ ഹിന്ദുപക്ഷത്തായിരുന്നു, ദേശീയവാദി ആയിരുന്നു, മുസ്ലീങ്ങളെ ഭീകരവാദികളെന്നും കൊള്ളക്കാരെന്നും കണക്കാക്കി, അംബേദ്കറുടെ പാകിസ്ഥാൻ അഥവാ ഇന്ത്യയുടെ വിഭജനം എന്ന കൃതി മുസ്ലീം വിരുദ്ധമാണ്, അംബേദ്കർ സാംസ്കാരിക ദേശീയതയിൽ വിശ്വസിച്ചിരുന്നു,


മുസ്ലീങ്ങളെല്ലാം ഹിന്ദുക്കൾക്ക് എതിരാണെന്ന് അദ്ദേഹം കരുതിയിട്ടുണ്ട്, ദ്വിരാഷ്ട്ര സിദ്ധാന്തത്തിൽ വിശ്വസിച്ചിരുന്നു തുടങ്ങി സംഘപരിവാർ ശക്തികൾ കാലങ്ങളായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന പന്ത്രണ്ടോളം നുണകളെ അംബേദ്കറുടെ തന്നെ രചനകളെ മുൻനിർത്തി ഇല്ലാതെയാക്കുകയാണ് ആനന്ദ് തെൽതുംദെ ഈ പുസ്തകത്തിലൂടെ. മൈത്രി ബുക്സ് ആണ് മലയാള പരിഭാഷയുടെ പ്രസാധകർ.
അംബേദ്കർ – ദലിത് ബന്ധു
ദലിത് ബന്ധു എന്നറിയപ്പെടുന്ന എൻ.കെ ജോസ് രചിച്ച പഠനമാണ് അംബേദ്കർ എന്ന പേരിൽ തന്നെ പ്രഭാത ബുക്ക് ഹൗസ് പുറത്തിറക്കിയിരിക്കുന്നത്. ഈ പുസ്തകം അംബേദ്കറെ കുറിച്ചുള്ള സമഗ്ര പഠനമാണെന്നോ ജീവചരിത്രമാണെന്നോ എഴുത്തുകാരൻ അവകാശപ്പെടുന്നില്ല.


അദ്ദേഹത്തിന്റെ ആശയങ്ങളുമായി പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെയാണ് താൻ ഈ കൃതി രചിച്ചതെന്നും ദലിത് ബന്ധു പറയുന്നുണ്ട്.
ഡോ. ബി.ആർ അംബേദ്കർ ജീവിതവും ദർശനവും – എഡിറ്റർ: ടി.കെ.സി വടുതല
ടി.കെ.സി വടുതല എഡിറ്റ് ചെയ്ത് പ്രണത ബുക്ക്സ് പുറത്തിറക്കിയ അംബേദ്കർ പഠനങ്ങളുടെ പുസ്തകമാണ് ഡോ. ബി.ആർ അംബേദ്കർ ജീവിതവും ദർശനവും. സഹോദരൻ അയ്യപ്പൻ അടക്കമുള്ളവർ എഴുതിയ വിവിധ അംബേദ്കർ പഠനങ്ങളുടെ സമാഹാരം അംബേദ്കർ സാഹിത്യത്തിൽ മലയാളത്തിൽ നിന്നുള്ള ഒരു മികച്ച പുസ്തകമാണ്.


കൂടാതെ ടി.എച്ച്.പി ചെന്താരശ്ശേരി രചിച്ച ഭാരതരത്നം അംബേദ്കർ (മൈത്രി ബുക്ക്സ്), രാജേഷ് ചിറപ്പാട് രചിച്ച അംബേദ്കർ: ജീവിതം കൃതി ദർശനം (ചിന്ത പബ്ലിഷേഴ്സ്), പോൾ ചിറക്കരോട് രചിച്ച അംബേദ്കർ ബൗദ്ധികവിക്ഷോപാടത്തിന്റെ അഗ്നിജ്വാല (നാഷണൽ ബുക്ക് സ്റ്റാൾ), കല്ലറ സുകുമാരൻ രചിച്ച ഡോ. അംബേദ്കർ (മൈത്രി ബുക്ക്സ്), അജയ് ശേഖർ രചിച്ച ഡോ. ബിആർ അംബേദ്കർ (എസ്.പി.സി.എസ്) തുടങ്ങീ ചെറുതും വലുതുമായ നിരവധി ജീവചരിത്ര പുസ്തകങ്ങളും പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്.


ഇംഗ്ലീഷിൽ ബാലചന്ദ്ര മുങ്കേക്കർ എഡിറ്റ് ചെയ്ത The Essential Ambedkar, വസന്ത് മൂൺ എഡിറ്റ് ചെയ്ത Dr. Babasaheb Ambedkar (National Book Trust) ഗെയിൽ ഓംവെദിന്റെ Dalits and the Democratic Revolution (sage publications) സലീം യൂസുഫ് എഡിറ്റ് ചെയ്ത Ambedkar: The Attendant Detail (Navayana) തുടങ്ങി ഇനിയും മികച്ച പുസ്തകങ്ങളുണ്ട്. തമിഴ് സംവിധായകനും അംബേദ്കറൈറ്റുമായ പാ രഞ്ജിത്ത് നടത്തുന്ന നീലം ബുക്സ് ഇത്തരത്തിൽ അംബേദ്കർ സാഹിത്യവും ദലിത്- ബഹുജൻ കൃതികളും പ്രസിദ്ധീകകരിക്കുന്നവരാണ്. യോഗേഷ് മൈത്രേയ നേതൃത്വം നൽകുന്ന നാഗ്പൂരിൽ നിന്നുള്ള ആന്റി കാസ്റ്റ് പബ്ലിക്കേഷനായ പന്തേഴ്സ് പോ പബ്ലിക്കേഷൻ ദലിത്-ബഹുജൻ കൃതികൾ ഇംഗ്ലീഷിലാണ് പ്രസിദ്ധീകരിക്കുന്നത്.
മാധ്യമപ്രവർത്തനം
അംബേദ്കർ ചിന്താധാരയിൽ നിലയുറപ്പിച്ചുകൊണ്ട് പ്രവർത്തിക്കുന്ന നിരവധി വെബ് പോർട്ടലുകളും സമാന്തര മാധ്യമങ്ങളും ലോകത്തിന്റെ പലഭാഗത്തായി ഇന്ന് ധാരാളം രൂപപ്പെട്ടു വരുന്നുണ്ട്. അത്തരത്തിലൊന്നാണ് Velivada എന്ന വെബ് പോർട്ടൽ. തെലുങ്കിൽ ദലിത് ഗെറ്റോ എന്നർത്ഥം വരുന്ന വെളിവാഡ ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ ഹോസ്റ്റലിൽ പുറത്താക്കപ്പെട്ടപ്പോൾ രോഹിത് വെമുലയും സുഹൃത്തും ചേർന്ന് പൊതുനിരത്താണ് അവരുടെ അഭയകേന്ദ്രമായി തിരഞ്ഞെടുത്തത്. തുല്യനീതിക്ക് വേണ്ടി പോരാടുന്ന എല്ലാവർക്കും വേണ്ടിയാണ് തങ്ങൾ പോർട്ടൽ തുടങ്ങിയതെന്നാണ് അവർ പറയുന്നത്. ആന്റി കാസ്റ്റുമായി ബന്ധപ്പെട്ട നിരവധി ലേഖനങ്ങളും പഠനങ്ങളും വിവിധ ഭാഷകളിലുള്ള അംബേദ്കർ കൃതികളുടെ ഡിജിറ്റൽ കോപ്പികളും വെളിവാഡയിൽ ലഭ്യമാണ്.
മീന കോട്ട്വാൾ സ്ഥാപിച്ച ഓൺലൈൻ ന്യൂസ് പോർട്ടലാണ് ‘The Mooknayak’. അംബേദ്കറുടെ പത്രത്തിന്റെ പേരിൽ നിന്നും പ്രചോദനം ഉൾകൊണ്ട് ഇന്ന് ഇന്ത്യയിൽ നടക്കുന്ന ജാതീയതക്കെതിരെ സമാന്തരമായ പോരാട്ടമാണ് മീന കോട്ട്വാൾ മൂക്നായകിലൂടെ നയിക്കുന്നത്. ദലിത്-ആദിവാസി വിഷയങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം, കാലാവസ്ഥാ വ്യതിയാനം, കാർഷിക മേഖല, ക്വീർ അവകാശങ്ങൾ തുടങ്ങീ വിവിധ മേഖലകളിലുള്ള വിഷയങ്ങൾ മൂക്നായക് റിപ്പോർട്ട് ചെയ്യുന്നു.
അരുൺ ഖോട്ടെയുടെ ലക്നൗവിൽ നിന്നുള്ള ജസ്റ്റിസ് ന്യൂസ് അംബേദ്കറൈറ്റ് രാഷ്ട്രീയം ഉയർത്തിപിടിക്കുന്ന സമാന്തര മാധ്യമങ്ങളിലെ പ്രധാനപ്പെട്ട ഒരു സംരംഭമാണ്. മാനുവൽ സ്കാവഞ്ചിങ്ങ്, സംവരണം, ജാതിക്കൊലപാതകങ്ങൾ, ഫെമിനിസം, ട്രാൻസ്ജൻഡർ വിഷയങ്ങൾ, ഒബിസി വിഷയങ്ങൾ, മറ്റ് സംസ്ഥാനങ്ങളിലെ പൊതുവാർത്തകൾ തുടങ്ങീ വിവിധ വിഷയങ്ങളിൽ ജസ്റ്റിസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇംഗ്ലീഷിന് പുറമെ ഹിന്ദിയിലും വെബ്സൈറ്റ് ലഭ്യമാണ്.
ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി സംഘടനയായ ബാപ്സയുടെ വിദ്യാർത്ഥി നേതാവായിരുന്ന ഡോ. രാഹുൽ സോൺപിംപിൾ ആരംഭിച്ച വെബ് പോർട്ടലാണ് ‘The Ambedkarian Chronicle’ വിഷയാധിഷ്ഠിതമായി മികച്ച അക്കാദമിക് ലേഖനങ്ങളും സാഹിത്യവും അംബേദ്കറിയൻ ക്രോണിക്കിളിലൂടെ ലഭ്യമാണ്.
ഇത്തരത്തിൽ അംബേദ്കറൈറ്റ് പ്രത്യയശാസ്ത്രത്തിലൂന്നികൊണ്ട് പ്രവർത്തിക്കുന്ന വെബ് പോർട്ടലാണ് ‘റൗണ്ട് ടേബിൾ ഇന്ത്യ’. ചരിത്രം, അവകാശപോരാട്ടങ്ങൾ തുടങ്ങീ വിവിധ വിഷയങ്ങളിൽ മികച്ച അക്കാദമിക ലേഖനങ്ങൾ അവരുടെ വെബ്സൈറ്റിൽ ലഭ്യമാണ്. ഇംഗ്ലീഷ് കൂടാതെ മറാത്ത, കന്നട, ഹിന്ദി ഭാഷകളിലും ലേഖനങ്ങൾ ലഭ്യമാണ്.
ഡോ. അംബേദ്കറുടെ കൃതികളുടെയും ലേഖനങ്ങളുടെയും ഡിജിറ്റൽ കോപ്പികൾ ലഭിക്കുന്ന മറ്റൊരു വെബ് പോർട്ടലാണ് ‘The Ambedkarite Today’ മനുഷ്യാവകാശം, ജാതീയത, ദലിത് ഫെമിനിസം, ചരിത്രം തുടങ്ങീ വിവിധ വിഷയങ്ങളിൽ അനേകം ലേഖനങ്ങൾ പോർട്ടലിൽ ലഭ്യമാണ്. കൂടാതെ Dr. Ambedkar’s Caravan എന്ന വെബ്പോർട്ടാലും ഇതിനോടൊപ്പം തന്നെ എടുത്ത് പറയേണ്ട ഒന്നാണ്. രവിദാസിന്റെ ബേഗംപുരയും അംബേദ്കറുടെ ജാതിരഹിത ലോകവും സ്വപ്നം കാണുന്ന പഞ്ചാബിൽ നിന്നുള്ള 29 വയസ്സുകാരൻ പർദീപ് എന്ന ദലിത് യുവാവാണ് വെബ് പോർട്ടലിന് പിന്നിൽ. അംബേദ്കറുടെ രചനകളും മറ്റ് മികച്ച ലേഖനങ്ങളും പോർട്ടലിൽ ലഭ്യമാണ്.
ഗെയിൽ ഓംവെദിന്റെ ബ്ലോഗ് ആയ ‘Seeking Begumpura‘ എന്ന പോർട്ടലും ഗെയിൽ ഓംവെദിന്റെ മികച്ച ലേഖനങ്ങളുടെയും ആന്റി കാസ്റ്റ് വായനകളുടെയും ഒരു ശേഖരം തന്നെയാണ്. 2012 മുതലുള്ള ലേഖനങ്ങൾ ബ്ലോഗിൽ ലഭ്യമാണ്.
മുഖ്യധാരാ മാധ്യമങ്ങൾ എപ്പോഴും മുൻവിധിയോടെയും മറ്റും കാണുന്ന പല വാർത്തകളും റിപ്പോർട്ടുകളും ഇത്തരം സമാന്തര മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്ന രീതി തീർച്ചയായും അഭിനന്ദനാർഹമാണ്. കോർപ്പറേറ്റ് മൂല്യങ്ങളിൽ വീണുപോകാതെ ഇത്തരം സമാന്തര മാധ്യമങ്ങൾ കൊണ്ടുപോകാനുള്ള ഊർജ്ജം തന്നെയാണ് അംബേദ്കർ ചിന്തകൾ എല്ലാ കാലത്തും നിലനിന്ന് പോകാനുള്ള പല കാരണങ്ങളിലൊന്ന്.
(അംബേദ്കറുടെ ആശയങ്ങളും ചിന്തകളും പ്രതിഫലിക്കുന്ന സ്വതന്ത്രമായ നിരവധി പുസ്തകങ്ങൾ മലയാളത്തിലും ഇംഗ്ലീഷിലും ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും പുറത്തിറങ്ങിയിട്ടുണ്ട്. ഇവിടെ അംബേദ്കറുടെ രാഷ്ട്രീയ ജീവിതവും വ്യക്തിജീവിതവും ആഴത്തിൽ പഠനവിധേയമാക്കുന്ന പുസ്തകങ്ങൾ മാത്രമാണ് ലിസ്റ്റ് ചെയ്യാൻ ശ്രമിച്ചിരിക്കുന്നത്.)