അമിതാവ് ഘോഷിന്റെ അശുഭചിന്തകളും പാവങ്ങളുടെ വംശഹത്യയും

ആഗോളതലത്തിൽ അധികാരത്തിലെ ഉന്നതർ ഒരു ‘മാൽത്തൂസിയൻ തിരുത്തലിനായി’ കാത്തിരിക്കുകയാണെന്നും അവർ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ പ്രവർത്തിക്കുന്നതിന് മുമ്പ് ദശലക്ഷക്കണക്കിന് പാവപ്പെട്ടവർ മരിക്കുമെന്നും പ്രശസ്ത എഴുത്തുകാരൻ അമിതാവ് ഘോഷ് അടുത്തിടെ മുന്നറിയിപ്പ് നൽകിയത് ഏറെ ചർച്ചയായിരുന്നു. രാഷ്ട്രങ്ങളും കോർപ്പറേറ്റുകളും തങ്ങളുടെ താൽപ്പര്യങ്ങൾ നടത്തിയെടുക്കാൻ ശ്രമിക്കുന്നതും ചരിത്രപരമായ ഉത്തരവാദിത്തം ഏറ്റെടുക്കാൻ വികസിത രാഷ്ട്രങ്ങൾ തയ്യാറാകാത്തതും കാലാവസ്ഥാ പ്രതിസന്ധി പരിഹാര വേദികളെ അപ്രസ്കതമാക്കുന്നു. കൂടാതെ കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികളെ നേരിടാൻ ഐക്യരാഷ്ട്ര സംഘടന അടക്കമുള്ള  നിലവിലെ ഔപചാരിക  ആഗോള രാഷ്ട്രീയ ഘടനകൾക്ക് കഴിവില്ലെന്നും ഘോഷ് നിരീക്ഷിക്കുന്നു.  കാർബൺ പാദമുദ്ര അടക്കമുള്ള തന്ത്രങ്ങൾ മുതലാളിത്തത്തിന്റെ അതിജീവന തന്ത്രങ്ങളാണെന്നും വൻകിട കോർപ്പറേഷനുകൾ യഥാർത്ഥ പരിഹാര മാർഗങ്ങൾ ബോധപൂർവ്വം വൈകിപ്പിക്കുകയാണെന്നും ഘോഷ് മുന്നറിയിപ്പ് നൽകുന്നു. ആഗോള മുതലാളിത്തവും കൊളോണിയൽ ശക്തികളും ചേർന്ന് എങ്ങനെ കാലാവസ്ഥാ ദുരന്തങ്ങൾ സൃഷ്ടിക്കുന്നുവെന്ന് അമിതാവ് ഘോഷിന്റെ എഴുത്തുകളും പ്രതികരണങ്ങളും ആസ്‌പദമാക്കി തയ്യാറാക്കിയ ലേഖനം.

ഖുശ്വന്ത് സിംഗ് ലിറ്റ് ഫെസ്റ്റിൽ അമിതാവ് ഘോഷ് സംസാരിക്കുന്നു

ഓരോ സായാഹ്നത്തിലും ഭൂമിയിലെ വിഷം കലർന്ന പുകമഞ്ഞിലൂടെ നമ്മൾ സൂര്യൻ അസ്തമിക്കുന്നത് കാണുമ്പോൾ, ഭാവിയിൽ മറ്റൊരു ഗ്രഹത്തിലെ ചരിത്രകാരൻ നമ്മെക്കുറിച്ച് ഇങ്ങനെ പറയാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് നാം ഗൗരവമായി നമ്മളോട് തന്നെ ചോദിക്കണം: ”അവർക്ക് എല്ലാ പ്രതിഭകളും കഴിവും ഉണ്ടായിരുന്നെങ്കിലും ദീർഘവീക്ഷണവും വായുവും ഭക്ഷണവും വെള്ളവും ആശയങ്ങളും ഇല്ലാതായി”. 1971-ൽ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ യു-താന്റ് (U-Thant) 51 വർഷങ്ങൾക്കു മുൻപ് പറഞ്ഞ വാക്കുകൾ ഇപ്പോഴും പ്രസക്തമായി തുടരുന്നു. പ്രശസ്‌തനായ ഇന്ത്യൻ നോവലിസ്റ്റും ഉപന്യാസകാരനുമായ അമിതാവ് ഘോഷ് തന്റെ ‘ദി ഗ്രേറ്റ് ഡിറേഞ്ച്‌മെന്റ് – ക്ലൈമറ്റ് ചേഞ്ച് ആൻഡ് ദി അൺതിങ്കബിൾ’ (The Great Derangement: Climate Change and the Unthinkable)  എന്ന  പുസ്തകത്തിലൂടെ സമാനമായ ഒരു വികാരമാണ്  പ്രകടിപ്പിക്കുന്നത് – നമ്മൾ വിഭ്രാന്തിയിലാണോ? ഭാവി തലമുറകൾ നമ്മുടെ ഇന്നത്തെ തലമുറയെ തിരിഞ്ഞുനോക്കിക്കൊണ്ട്  ഒരു യുഗ പ്രതിസന്ധിയോട് വളരെ നിരുത്തരവാദിത്തപരമായി പെരുമാറിയതിന് അവർ തങ്ങളുടെ പിൻതലമുറക്കാരെ എങ്ങനെയായിരിക്കും വിചാരണ ചെയ്യുക? തന്റെ എഴുത്തുകളിലൂടെ കാലാവസ്ഥ പ്രതിസന്ധിയോട് നിരന്തരം ഇടപെട്ടുകൊണ്ടരിക്കുന്ന അമിതാവ് ഘോഷ്  ഇപ്പോൾ തുറന്നുപറയുന്ന പല കാര്യങ്ങളൂം മറ്റുള്ളവർ പറയാൻ മടിക്കുന്നതോ പരിഗണിക്കാത്തതോ ആയ കാര്യങ്ങൾ ആണെന്നത് ശ്രദ്ധയമാണ്. ഗ്രന്ഥകാരനും സാമൂഹിക നരവംശശാസ്ത്രജ്ഞനും 2018 ലെ ജ്ഞാനപീഠ പുരസ്‌കാര ജേതാവുമായ ഘോഷ്  തന്റെ നിലപാടുകൾ നിരന്തരം പുതുക്കിക്കൊണ്ട് അന്വേഷണങ്ങൾ ക്രിയാത്മകമായി തുടരുമ്പോൾ അദ്ദേഹത്തിന്റെ വാക്കുകൾ അത്രപെട്ടെന്ന് തള്ളിക്കളയാൻ ലോകത്തിന് കഴിയുന്നതല്ല. പ്രത്യേകിച്ച് ആഗോള കാലാവസ്ഥാ സമ്മേളനങ്ങൾ കാലം ആവശ്യപ്പെടുന്ന മാറ്റങ്ങൾക്കു കളമൊരുക്കാതിരിക്കുമ്പോൾ.

ധൂർത്ത് തുടരാൻ ജനസംഖ്യ കുറയ്ക്കുമ്പോൾ

ആഗോളതലത്തിൽ, അധികാരത്തിലെ ഉന്നതർ ഒരു ‘മാൽത്തൂസിയൻ തിരുത്തലിനായി’ (Malthusian correction) കാത്തിരിക്കുകയാണെന്നും കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ പ്രവർത്തിക്കുന്നതിന് മുമ്പ് ദശലക്ഷക്കണക്കിന് പാവപ്പെട്ടവർ മരിക്കുമെന്നും അടുത്തിടെ ഹിമാചൽ പ്രദേശിലെ കസൗലിയിൽ (Kasauli) നടന്ന ഖുശ്വന്ത് സിംഗ് ലിറ്റ് ഫെസ്റ്റിൽ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് അമിതാവ് ഘോഷ് പറഞ്ഞത് ഏറെ ചർച്ചയായിരുന്നു. പാവപ്പെട്ട മനുഷ്യരുടെ ജനസംഖ്യ കുറച്ച് തങ്ങളുടെ നിലനിൽപ്പ് ഉറപ്പുവരുത്താം എന്ന സാമ്പത്തിക ശക്തികളുടെ ഗൂഢപദ്ധതിയെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. കാലാവസ്ഥ പ്രതിസന്ധിക്ക് കാരണം ജനസംഖ്യ വർധനവാണെന്ന് ഒളിഞ്ഞും തെളിഞ്ഞും അവർ പറയുന്നുണ്ട്. പ്രഭാഷണത്തിനു ശേഷം എഴുത്തുകാരനും അവതാരകനുമായ പോൾ വാട്ടേഴ്‌സുമായി (Paul Waters)  നടത്തിയ സംഭാഷണത്തിൽ ഘോഷ്  ഈ യുഗ പ്രതിസന്ധിയെക്കുറിച്ച് ദീർഘമായി സംസാരിച്ചു. “കാലാവസ്ഥാ വ്യതിയാനം കാരണം മനുഷ്യൻ ഒരു അസ്തിത്വ പ്രതിസന്ധിയാണ് നേരിടുന്നത്. സാഹചര്യം ശരിക്കും വളരെ മോശമാണ്, നിങ്ങൾ അതിനെക്കുറിച്ച് കൂടുതൽ അറിയുന്തോറും അത് എത്ര മോശമാണെന്ന് മനസിലാക്കാൻ കഴിയും. ഇവിടെ നിന്ന് എങ്ങനെ തിരിച്ചുവരുമെന്ന് കാണാൻ പ്രയാസമാണ്.” ഘോഷ് പറഞ്ഞു. ജീവിതത്തിൽ നല്ല ഭക്ഷണവും നല്ല കാര്യങ്ങളും ഇഷ്ടപ്പെടുന്ന എല്ലാവരും കാലാവസ്ഥാ വ്യതിയാനത്തെയും ഹരിതഗൃഹ വാതക ഉദ്‌വമനത്തെയും കുറിച്ച് വേവലാതിപ്പെടണമെന്ന് ഘോഷ് ഓർമ്മിപ്പിച്ചു. കാരണം ജീവിതത്തിന്റെ രുചിയും സൗന്ദര്യവും ഘടനയും വർദ്ധിപ്പിക്കുന്നതെല്ലാം പ്രകൃതിയിൽ നിന്നാണ്. ഭൂമിയുടെ വടക്കും തെക്കും (global south and  north nations) തമ്മിലുള്ള അസമത്വത്തെക്കുറിച്ചും അദ്ദേഹം വിശദമായി പറയുകയുണ്ടായി.

ദി ഗ്രേറ്റ് ഡിറേഞ്ച്‌മെന്റ് കവർ

ഏഷ്യയിലെ വ്യാവസായികവൽക്കരണം വൈകിപ്പിച്ചുകൊണ്ട് കൊളോണിയലിസ്റ്റുകൾ മനുഷ്യരാശിക്ക് ഉപകാരം ചെയ്തു എന്ന വാദം തെറ്റാണെന്നും ഘോഷ് കരുതുന്നു. കഴിഞ്ഞ നൂറ്റാണ്ടിൽ ഇന്ത്യയും ചൈനയും വ്യാവസായികവൽക്കരിക്കപ്പെട്ടിരുന്നുവെങ്കിൽ, പ്രകൃതിയിലുണ്ടായ  ദോഷകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ലോകം വളരെ നേരത്തെ തന്നെ ബോധവാന്മാരാകുമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. വികസിത രാഷ്ട്രങ്ങളുടെ ഉപഭോഗവും കാർബൺ പാദമുദ്രയും (carbon footprint) വളരെ നിർണ്ണായകമായിരുന്നു. 1751 മുതലുള്ള എല്ലാ ഹരിതഗൃഹ വാതകങ്ങളുടെ ഉദ്‌വമനത്തിന്റെയും നാലിലൊന്ന് അവിടെയാണ് സംഭവിച്ചത്. മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ CO2 പുറന്തള്ളുന്നത് യു.എസ് ആണ്.  ഇന്നും ഒരു അമേരിക്കക്കാരന്റെ കാർബൺ പാദമുദ്ര  33 ബംഗ്ലാദേശികൾ ഒരുമിച്ച് ഉണ്ടാക്കുന്നതിനു തുല്യമായി തുടരുന്നു. കഴിഞ്ഞ ദശകത്തിൽ ചൈനയുടെ ഉല്പാദനം വൻതോതിൽ വർധിച്ചിട്ടുണ്ടെങ്കിലും, ഒരു വ്യക്തിയുടെ ഉദ്വമനം ഇപ്പോഴും ഒരു അമേരിക്കക്കാരെന്റെ  പകുതിയിൽ താഴെയാണ്. അതേസമയം സബ്-സഹാറൻ ആഫ്രിക്കയിൽ താമസിക്കുന്ന ഒരു ബില്യൺ ആളുകളിൽ  ഓരോരുത്തരും യു.എസിലെ ശരാശരി വ്യക്തിയുടെ ഇരുപതിലൊന്ന്  മാത്രമേ പുറന്തള്ളുന്നു. ഈ ധൂർത്തു തുടരാനാണ് സമ്പന്ന രാഷ്ട്രങ്ങൾ ചെയ്യേണ്ടത് ചെയ്യാതെ ദശലക്ഷക്കണക്കിന് മനുഷ്യരെ മരണത്തിലേക്ക് തള്ളിവിടുന്നത്.

വിഭവ കയ്യേറ്റവും വംശീയ ഉന്മൂലനവും

ഘടനാപരമായ അസമത്വങ്ങളെ അഭിസംബോധന ചെയ്യാതെ സാമ്പത്തിക വ്യവസ്ഥകളുടെ ഗുണങ്ങളെ ഉയർത്തിക്കാട്ടുന്ന പാശ്ചാത്യ വ്യവഹാരത്തെ ചോദ്യം ചെയ്യുന്ന ആധുനികതയുടെ നിശിതമായ വിമർശനമാണ്  അമിതാവ് ഘോഷിന്റെ ‘നട്ട്‌മെഗ്‌സ് കഴ്‌സ്’ (The Nutmeg’s Curse). ഈ ആഗോള  പ്രതിസന്ധി ഒരുതരം യുദ്ധമാണ്. പ്രകൃതി വിഭവങ്ങളുടെ ചൂഷണ പ്രക്രിയകൾ വാസ്തവത്തിൽ അവിശ്വസനീയമാംവിധം അക്രമാസക്തമാണ്. ഒരു കോർ​പ്പറേറ്റ് കമ്പനി ലക്ഷ്യമിട്ടാൽ നിയംഗിരി മേഖലയിലെ ബോക്‌സൈറ്റ് ഖനനം വഴി ഒരു മുഴുവൻ പർവതത്തെയും അവിടെയുള്ള മുഴുവൻ ആവാസവ്യവസ്ഥയെയും നശിപ്പിക്കും. അധിനിവേശത്തിന്റെ  പ്രത്യാഘാതങ്ങൾ മനസിലാക്കാൻ അമിതാവ് ഘോഷ് ഡച്ച് ഈസ്റ്റ് ഇന്ത്യയിലെ പട്ടാളക്കാർ 1621-ൽ നടത്തിയ  ബാന്ദ ദ്വീപ് ആക്രമണം ഈ പുസ്തകത്തിൽ വിശകലനം ചെയ്യുന്നു. 2,800 ബന്ദനീസ്കൾ  കൊല്ലപ്പെടുകയും 1,700 പേരെ ഡച്ചുകാർ അടിമകളാക്കുകയും ചെയ്ത കൊടിയ അനീതിയിലാണ്  ആണ് ഡച്ചു  അധിനിവേശം കലാശിച്ചത്. പിന്നെ ഏതാനും ആഴ്‌ചകൾക്കുള്ളിൽ, ഒരു മനുഷ്യ സമുദായം പൂർണ്ണമായും തുടച്ചുനീക്കപ്പെട്ടു. ബന്ദ ദ്വീപുകളിൽ (Banda Islands) നടന്ന അക്രമം പൂർണ്ണമായും അവിടുത്തെ വിഭവങ്ങളെ ലക്ഷ്യം വച്ചുള്ളതായിരുന്നു;  ഈ കൂട്ടക്കൊല  കാലാവസ്ഥാ പ്രതിസന്ധിയുടെ വിത്തുകൾ പാകിയ ചരിത്ര സംഭവം ആയിട്ടാണ് അമിതാവ് ഘോഷ് വിലയിരുത്തുന്നത്. നമ്മുടെ ലോകത്തു ഓരോ പ്രകൃതിവിഭവ മേഖലകളിലും ഇന്ന് ഇത് തന്നെയാണ് സംഭവിക്കുന്നതെന്ന് മനുഷ്യർ  സ്വയം ഓർമ്മിക്കേണ്ടതുണ്ട് എന്ന് ഘോഷ് പറയുന്നു. വിഭവങ്ങൾ എന്ത് വിലകൊടുത്തും കവർന്നെടുക്കുകയും മനുഷ്യരെ പുറന്തള്ളുകയോ കൊന്നൊടുക്കുകയോ ചെയ്യുന്ന രീതി. ഈ വികസനം ഇപ്പോൾത്തന്നെ വിവിധ ഗോത്ര വിഭാഗങ്ങളെ വംശനാശ ഭീഷണിയുടെ വക്കിൽ എത്തിച്ചതായി അമിതാവ് ഘോഷിനെപോലെ നോം ചോംസ്കിയും നിരീക്ഷിക്കുന്നുണ്ട്. ഒരു സമുദായത്തിന്റെ വംശീയ  ഉന്മൂലനം നടത്താൻ അവരെ ശാരീരികമായി ഇല്ലാതാക്കുന്നതിന് മുൻപേ ആ വിഭാഗത്തിന്റെ സംസ്ക്കാരം ഇല്ലാതാക്കുക എന്നതാണ് വികസനത്തിന്റെ പേരിൽ നടക്കുന്നത്. എന്നാൽ ലോകമെമ്പാടുമുള്ള ആദിവാസി ജനതയാണ് ലോകത്തെ വലിയ ദുരന്തങ്ങളിൽ നിന്നും കരകയറ്റാൻ കെൽപ്പുള്ള വിഭാഗമെന്നും  കൂടാതെ പ്രതിസന്ധിയിലകപ്പെട്ട മനുഷ്യരാശിക്ക് പ്രതീക്ഷയ്ക്കു വകനൽകുന്നത് അവർ മാത്രമാണെന്നും  നോം ചോംസ്കി ഓർമ്മിപ്പിക്കുന്നുണ്ട്.

നട്ട്‌മെഗ്‌സ് കഴ്‌സ് കവർ

ഇന്ധന ലോബികൾ നിയന്ത്രിക്കുന്ന കാലാവസ്ഥ

അമിതാവ് ഘോഷുമായി പോൾ വാട്ടേഴ്‌സ് നടത്തിയ സംഭാഷണത്തിൽ ചൂണ്ടിക്കാട്ടുന്ന പല കാര്യങ്ങളും വളരെ പ്രസക്തമാണ്. പ്രത്യേകിച്ച് മുപ്പതു വർഷത്തിലേറെയായി ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ നടക്കുന്ന കാലാവസ്ഥാ സമ്മേളനങ്ങളുടെ ഫലം പരിശോധിക്കുമ്പോൾ പ്രതിസന്ധിക്കു കാരണമായ സമ്പന്നവർഗം എങ്ങനെയും തങ്ങളുടെ താൽപ്പര്യങ്ങൾ എന്ത് വിലകൊടുത്തും  മുന്നോട്ടുകൊണ്ടുപോകാൻ തന്നെയാണ് ശ്രമിക്കുന്നതെന്ന് കാണാം. കാലാവസ്ഥ പ്രതിസന്ധിയെ നിരാകരിക്കുന്ന ഡൊണാൾഡ് ട്രംപിന് അതിനെക്കുറിച്ചു  അറിയില്ലെന്ന് നിങ്ങൾ കരുതുന്നുണ്ടോ? പിന്നെ എന്തിനാണ് തന്റെ എല്ലാ സ്വത്തുക്കളും ഇൻഷ്വർ ചെയ്ത് വൻ സംരക്ഷണം അദ്ദേഹം ഒരുക്കുന്നത്? ഘോഷ് ചോദിക്കുന്നു. ഈ നിരീക്ഷണത്തെ സാധൂകരിക്കുന്ന നിലയിലാണ് ലോക മുതലാളിത്തം മുന്നോട്ട് നീങ്ങുന്നതെന്ന് കാണാൻ കഴിയും. 2015-ൽ, യു.എസ് വെബ്‌സൈറ്റ് ‘ഇൻസൈഡ് ക്ലൈമറ്റ് ന്യൂസ്’ നടത്തിയ അന്വേഷണത്തിൽ, എക്‌സോൺ (Exxon) എന്ന എണ്ണക്കമ്പനിക്ക് കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് പതിറ്റാണ്ടുകളായി അറിയാമായിരുന്നുവെന്നും കാർബൺ ഉദ്വമനം കുറയ്ക്കുന്നതിനുള്ള നടപടികൾ തടയാനുള്ള ശ്രമങ്ങൾക്ക് അവർ നേതൃത്വം നൽകിയെന്നും വെളിപ്പെട്ടിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ലോകമെമ്പാടുമുള്ള അധികാര പ്രമുഖർക്ക് എല്ലാം അറിയാം.1950-കളുടെ അവസാനം മുതൽ കാർബൺ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിൽ അടിഞ്ഞുകൂടുന്നുവെന്നും ഇത് ഒരു പ്രശ്നമാകുമെന്നും ശാസ്ത്രജ്ഞർക്ക് അറിയാമായിരുന്നു. 1970-കളുടെ അവസാനത്തോടെ അതുണ്ടാക്കുന്ന ദുരന്തങ്ങളുടെ വ്യാപ്തിയെക്കുറിച്ചും  അവർക്കറിയാമായിരുന്നു. പക്ഷേ, അവരെല്ലാം ഘോഷ് സൂചിപ്പിക്കുന്ന  ഒരു ‘മാൽത്തൂസിയൻ  തിരുത്തലിനായി’ കാത്തിരിക്കുകയാണ് എന്നതാണ് വസ്തുത. വ്യക്തമായി പറഞ്ഞാൽ, ദശലക്ഷക്കണക്കിന് സാധാരണ മനുഷ്യർ മരിക്കാൻ അവർ കാത്തിരിക്കുകയാണ്. അങ്ങനെ തങ്ങൾക്കു ദുരന്തത്തിൽ  നിന്നും രക്ഷനേടാൻ കഴിയും എന്നും പ്രകൃതി വിഭവങ്ങൾ നിർബാധം ഉപഭോഗം ചെയ്യന്നത് തുടരാൻ പറ്റുമെന്നും അവർ കരുതുന്നു. അങ്ങനെ വൻ പദ്ധതികളുമായി മുതലാളിത്തം മുന്നോട്ടുപോകുന്നു. അണക്കെട്ടുകളും കനാലുകളും വൻ നാശത്തിന് കാരണമാകുമെന്ന് ഇപ്പോൾ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. പാകിസ്ഥാനിലും ഉത്തരാഖണ്ഡിലും എന്താണ് സംഭവിക്കുന്നതെന്ന് നോക്കിയാൽ മതി. ലോകത്തിലെ ഏറ്റവും ശക്തമായ ലോബികളിലൊന്നായ സിമന്റ് ലോബിയാണ് അണക്കെട്ടുകളെ പ്രോത്സാഹിപ്പിക്കുന്നതെന്നും ഘോഷ് ചൂണ്ടിക്കാട്ടുന്നു. ടെന്നസിവാലി കോർപ്പറേഷൻ (Tennessee Valley Corporation) മൂന്നാം ലോക രാജ്യങ്ങളിൽ അണക്കെട്ടു നിർമ്മാണത്തിന്  പ്രചോദനമായപ്പോൾ, അത് സ്ഥാപിച്ച  അമേരിക്കയിൽ പോലും ഇപ്പോൾ അണക്കെട്ടുകൾക്കെതിരെ ശക്തമായ പ്രക്ഷോഭം നടക്കുന്നുണ്ട്. 1988-ൽ ആദ്യമായി യു.എസ് സന്ദർശിച്ചപ്പോൾ ഒരാൾ കാറിൽ ഒറ്റയ്ക്ക് സഞ്ചരിക്കുന്നത് കണ്ട് ഇന്ത്യയിൽ ഇത് ഒരിക്കലും സംഭവിക്കില്ലെന്ന് കരുതി. കുറച്ച് ഇന്ത്യക്കാർക്ക് മാത്രമേ അന്ന് കാറുകൾ ഉണ്ടായിരുന്നുള്ളൂ, അങ്ങനെയുള്ളവർ കുടുംബത്തെയും സുഹൃത്തുക്കളെയും അയൽക്കാരെയും കാറിൽ കയറ്റുമായിരുന്നു. എന്നാൽ ഇപ്പോൾ എല്ലാ ഇന്ത്യൻ നഗരങ്ങളിലും ഒരാൾ കാറിൽ പോകുന്ന പ്രതിഭാസം ഞാൻ കാണുന്നു. ആദ്യകാല കാറുകൾ ഇലക്ട്രിക് കാറുകളായിരുന്നുവെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. എന്നാൽ അവ പെട്രോൾ ഒഴിച്ചോടുന്ന കാറുകളാക്കി  ഇന്ധന ലോബികൾ മാറ്റുകയായിരുന്നു. എങ്ങനെയാണ് ലോകം മുഴുവൻ കൊളോണിയൽ വികസന മാതൃകകളിലേക്ക് ഒതുങ്ങിയതതെന്നും ഘോഷ് വിശദീകരിക്കുന്നു.

കാർബൺ പാദമുദ്ര എന്ന തട്ടിപ്പ്

തുടർന്ന് അദ്ദേഹം പങ്കുവച്ച കാര്യങ്ങൾ ഒരുപക്ഷെ വളരെ നിർണ്ണായകമാണ്. വൻകിട കോർപ്പറേറ്റുകളുടെ, സമ്പന്ന രാഷ്ട്രങ്ങളുടെ ഒക്കെ അനിയന്ത്രിതമായ ഉപഭോഗത്തിൽ നിന്നും ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളലിൽ നിന്നും അതുണ്ടാക്കുന്ന ദുരിതങ്ങളിൽ  നിന്നും  ലോകത്തിന്റെ ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് വ്യക്തികളുടെയും, സമൂഹങ്ങളുടെയും കാർബൺ പാദമുദ്ര (Carbon footprint) കണക്കാക്കാനുള്ള പരിപാടി ബ്രിട്ടീഷ് പെട്രോളിയം പ്രോത്സാഹിപ്പിച്ചതെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. ഇപ്പോഴും പ്രമുഖരായ പല കാലാവസ്ഥ പ്രവർത്തകരും ഈ യാഥാർഥ്യങ്ങൾക്ക് അത് അർഹിക്കുന്ന പരിഗണ നൽകിയിട്ടില്ല എന്നത് ഏറെ ആശങ്കയുണ്ടാക്കുന്നതാണ്. ‘നിങ്ങൾ കാണാൻ  ആഗ്രഹിക്കുന്ന മാറ്റം സ്വയം ആകുക, നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് ഉത്തരവാദി നിങ്ങളാണ്, നിങ്ങളുടെ ജീവിതരീതി മാറ്റാൻ നിങ്ങൾക്ക് മാത്രമേ കഴിയൂ’ എന്നൊക്കെ  സാധാരണ മനുഷ്യരോട് പറഞ്ഞുകൊണ്ടിരിക്കുന്നതിക്കുറിച്ച് എനിക്ക് ആഴത്തിലുള്ള സംശയമുണ്ട്.  

ഇവിടെയാണ് ബ്രിട്ടീഷ് പെട്രോളിയം 2005 ൽ ‘കാർബൺ ഫൂട്ട്പ്രിന്റ്’ എന്ന പദത്തിന് മീഡിയ കാമ്പെയ്‌നിലൂടെ പ്രചാരം നടത്തിയ കാര്യം പ്രസകതമാവുന്നത്. “നിങ്ങൾ യാത്ര ചെയ്യുമ്പോൾ നിങ്ങളുടെ കാർബൺ കാൽപ്പാടുകൾ എങ്ങനെ ചുരുക്കാം?” എന്ന തലക്കെട്ടിൽ Mashable എന്ന പ്രശസ്ത വെബ്സൈറ്റ്  2019-ൽ ഒരു സ്റ്റോറി പ്രസിദ്ധീകരിച്ചത് ഇതിന്റെ ഭാഗമായാണ്. 2004-ൽ ആണ് ബ്രിട്ടീഷ് പെട്രോളിയം  കമ്പനി അതിന്റെ ‘കാർബൺ കാൽക്കുലേറ്റർ’ പുറത്തിറക്കുന്നത്. അതുപോയോഗിച്ച് ഒരാൾക്ക് ദൈനംദിന ജീവിതത്തിലെ കാർബൺ പാദമുദ്ര കണക്കുകൂട്ടാൻ പറ്റും. ഒന്നര പതിറ്റാണ്ടിനുശേഷം, ‘കാർബൺ പാദമുദ്ര’ എല്ലായിടത്തും പ്രചാരത്തിലായി.  “ഇത് നിങ്ങളുടെ തെറ്റാണ്, ഞങ്ങളുടേതല്ല” എന്ന് സ്ഥാപിക്കാനുള്ള ശ്രമമായിരുന്നു അതെന്ന് അമേരിക്കയിലെ പ്രശസ്ത കാലാവസ്ഥ പത്രപ്രവർത്തക ആമി വെസ്റ്റർവെൽറ്റ് (Amy Westervel)  ചൂണ്ടിക്കാണിച്ചത് ഇവിടെ പ്രസകതമാകുന്നു. ഹരിതഗൃഹ വാതക ഉദ്‌വമനത്തിന്റെ 20 മുതൽ 40 ശതമാനം വരെ വിവിധ രാഷ്ട്രങ്ങളുടെ പ്രതിരോധ സംവിധാനങ്ങളുമായി ബന്ധപ്പെട്ടിരിക്കുമ്പോൾ വ്യക്തികൾക്ക് എന്ത് ചെയ്യാൻ കഴിയും? യുദ്ധങ്ങളും യുദ്ധസന്നാഹങ്ങളും പരിസ്ഥിതിക്ക് ഉണ്ടാക്കുന്നത് വൻ വിനാശമാണ്. എണ്ണകമ്പനികൾ തങ്ങളുടെ താൽപ്പര്യം സംരക്ഷിക്കാൻ പലരീതിയിൽ പ്രതിരോധം ഉയർത്തുന്നത്  കാണാം. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാൻ എണ്ണയുടെ ഉപയോഗം കുറയ്ക്കുന്നത് ദാരിദ്ര്യനിർമാർജനം അസാധ്യമാക്കുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന എക്സോൺ ചീഫ് എക്സിക്യൂട്ടീവ് റെക്സ് ടില്ലേഴ്സൺ (Rex Tillerson) ആവർത്തിച്ച് വാദിക്കുന്നത് ഇതിന് ഉത്തമ ഉദാഹരണമാണ്.

ലോകത്തെ നശിപ്പിച്ച യൂറോപ്യൻ തത്വങ്ങൾ

പാശ്ചാത്യ നാഗരിക സംസ്ക്കാരം എങ്ങനെയാണ് കിഴക്കൻ ദേശങ്ങളെ രാഷ്ട്രീയമായി കീഴടക്കിയത് എന്നും സാംസ്ക്കാരിക വൈവിധ്യങ്ങളുടെ മൂല്യത്തെ എങ്ങനെയാണ് അവഗണിച്ചതെന്നും ഒടുക്കം ഇല്ലാതാക്കിയതെന്നും അമിതാവ് ഘോഷ് ഖുശ്വന്ത് സിംഗ് പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. പുരാതന ഗ്രീസ് മുതൽ ഇന്നുവരെയുള്ള പാശ്ചാത്യ യൂറോപ്യൻ തത്ത്വചിന്തയുടെ ഭൂരിഭാഗവും ലോകത്തിന് വലിയ വിനാശം ഉണ്ടാക്കുന്നതായിപ്പോയെന്നും, അത് ലോകത്തിന് വലിയ തിന്മയാണ് സംഭാവന ചെയ്തെതെന്നും ഒറിഗോൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പരിസ്ഥിതി നൈതികതയുടെയും തത്വശാസ്ത്രത്തിന്റെയും അധ്യാപകനും എഴുത്തുകാരനുമായ മൈക്കൽ പോൾ നെൽസൺ (Michael Paul Nelson) ഈയിടെ പറയുകയുണ്ടായി. ലാഭാധിഷ്‌ഠിതവും ഭൂമിയെ കൊള്ളയടിക്കുന്നതും ഭൗതിക വികാസത്തിൽ മാത്രം ഊന്നൽ കൊടുക്കുന്നതുമായ വിനാശകരമായ  ഒരു തത്വശാസ്ത്രം ലോകത്തിന് നൽകിയതിന് യൂറോപ്പ്യൻ തത്വചിന്തകർ ലോകത്തോട് മാപ്പു പറയണം എന്ന അദ്ദേഹത്തിന്റെ പ്രസ്താവനയെ അമിതാവ് ഘോഷിന്റെ വാക്കുകളുമായി ചേർത്ത് വയ്ക്കാവുന്നതാണ്. ഭൂമിയിലെ മരങ്ങൾ, ധാതുക്കൾ, ജീവജാലങ്ങൾ എന്നിവ കീറിമുറിച്ച് ആളുകൾ സമ്പന്നരാകുന്നതും മുഴുവൻ ആവാസവ്യവസ്ഥകളെയും നശിപ്പിക്കുകയും ലോകത്തെ ഒരു വംശനാശത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നത്‌ ഈ തത്വശാസ്ത്രത്തിന്റെ പിൻബലത്തിലാണ്. 15-ഉം 16-ഉം നൂറ്റാണ്ടുകളിലെ ഫ്രാൻസിസ് ബേക്കൺ, റെനെ ഡെസ്കാർട്ടസ് (René Descartes ) തുടങ്ങിയ തത്ത്വചിന്തകരാൽ പ്രചോദിപ്പിക്കപ്പെട്ട യൂറോപ്യൻ നവോത്ഥാനവും, പുരാതന ഗ്രീക്ക് തത്ത്വചിന്തകരായ ഡെമോക്രിറ്റസ് (Democritus ), ലൂസിപ്പസ് (Leucippus) എന്നിവരുടെ ആശയങ്ങളും തുടർന്ന് അതിനെ പിന്തുടർന്ന ജോൺ ലോക്ക്, ആദം സ്മിത്ത് തുടങ്ങിയവരുടെ അവകാശവാദങ്ങളും ഇന്നും ചോദ്യം ചെയ്യപ്പെടാതെ തുടരുന്നത് ലോകത്തെ കൂടുതൽ ഹിംസയിലേക്കു നയിക്കാൻ കാരണമാകും എന്ന് അവർ മുന്നറിയിപ്പ് നൽകുന്നു. ഒരു വിഭാഗം മനുഷ്യർ ഒഴികെ ബാക്കിയെല്ലാം ചിന്താശേഷിയില്ലാത്ത, വികാരമില്ലാത്ത യന്ത്രങ്ങളാണെന്നും അവയെല്ലാം ഒരു ന്യൂനപക്ഷം മനുഷ്യരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സൃഷ്ടിക്കപ്പെട്ടവയാണെന്നുമുള്ള  ഒരു പ്രത്യയശാസ്ത്രമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. പ്രകൃതിയെ നിയന്ത്രിക്കാനും അതിനെ മനുഷ്യ ഉപയോഗത്തിലേക്ക് മാറ്റാനുമുള്ള മനുഷ്യന്റെ കഴിവ് വർദ്ധിപ്പിക്കുക എന്ന ശാസ്ത്രത്തിന്റെ ഉദ്ദേശ്യം  ഇതോടൊപ്പം ഒത്തുചേർന്നു. ഈ ആശയങ്ങളുടെ ശക്തി വ്യാവസായിക വിപ്ലവത്തിന്റെ മെക്കാനിക്കൽ ശക്തിയുമായി ലയിച്ച് ഭൂമിക്കും അതിലെ ജനങ്ങൾക്കും ദോഷങ്ങൾ സൃഷ്ടിക്കാൻ ആരംഭിച്ചു. മുതലാളിത്തവും സോഷ്യലിസവും അടിസ്ഥാനപരമായി പ്രകൃതിയെ ചൂഷണം ചെയ്തു നടത്തുന്ന വികസന പ്രവർത്തനങ്ങൾക്ക് പരിധിയുണ്ടെന്ന യാഥാർഥ്യത്തെ പരിഗണിച്ചില്ല എന്നത് മറ്റൊരു വസ്തുത. ഇതെല്ലം കൂടി സൃഷ്ട്ടിച്ച ദുരന്തങ്ങളിൽ നിന്നും കരകയറാൻ ബാക്കിയുള്ള അവസാന അവസരമാണ് ലോക രാഷ്ട്രങ്ങൾ തങ്ങളുടെ നിക്ഷിപ്ത താല്പര്യങ്ങളുടെ പേരിൽ ഇപ്പോൾ നഷ്ടപ്പെടുത്തുന്നത്.

കാലാവസ്ഥാ വ്യതിയാനം വളരെ സങ്കീർണ്ണവും കാർബൺ അധിഷ്ഠിത വ്യാവസായിക വിപ്ലവത്തിൽ ആഴത്തിലുള്ള വേരുകളുള്ളതുമാണ്. കാലാവസ്ഥ പ്രതിസന്ധി നിലവിലെ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക വ്യവസ്ഥകളുടെ പശ്ചാത്തലത്തിൽ സംഭവിക്കുന്ന ഒന്നാണ് എന്നതാണ് ലോക രാഷ്ട്രീയ നേതൃത്വങ്ങൾ അംഗീകരിക്കാത്തത്. വ്യക്തിഗത ദേശീയ-രാഷ്ട്രങ്ങളെ അടിസ്ഥാനമാക്കിയുള്ള ആഗോള രാഷ്ട്രീയ ഘടനയ്ക്ക് കാലാവസ്ഥ വ്യതിയാനത്തെ ഫലപ്രദമായി നേരിടാൻ കഴിയില്ലെന്ന് ഘോഷ് വാദിക്കുന്നു. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് ആഗോള ജനസംഖ്യയുടെ വലിയൊരു ഭാഗത്തിന്റെ വിശ്വാസങ്ങളും പെരുമാറ്റങ്ങളും മാറ്റാൻ സഹായിക്കുന്നതിന് വിവിധ മതനേതാക്കൾക്കുള്ള സാധ്യതയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചർച്ചകളും ഇതോടൊപ്പം  ശ്രദ്ധേയമാണ്.  

‘വികസിത’ രാഷ്ട്രങ്ങളുടെ ചരിത്രപരമായ ഉത്തരവാദിത്തം

കാലാവസ്ഥ വ്യതിയാനത്തിന്റെ മറഞ്ഞിരിക്കുന്ന ചരിത്രം അമിതാവ് ഘോഷിന്റെ പുതിയ ‘ദ നട്ട്‌മെഗ്‌സ് കഴ്‌സ്’ (The Nutmeg’s Curse) എന്ന പുസ്തകത്തിൽ കൊളോണിയലിസവും മുതലാളിത്തവും എങ്ങനെ കാലാവസ്ഥ ദുരന്തങ്ങൾ ക്ഷണിച്ചു വരുത്തി എന്ന് പ്രതിപാദിക്കുണ്ട്. നൂറ്റാണ്ടുകളായി, യൂറോപ്യൻ കൊളോണിയൽ ശക്തികൾ സജീവമായി അധിനിവേശം നടത്തി, സങ്കൽപ്പിക്കാനാകാത്ത അക്രമങ്ങളിലൂടെ, മുഴുവൻ ഭൂപ്രദേശങ്ങളുടെയും ജൈവഘടനകളെത്തന്നെയും മാറ്റിമറിക്കുകയും തദ്ദേശീയരുടെ സംസ്ക്കാരത്തെയും അതിജീവന മാർഗങ്ങളെയും തകർക്കുകയും ചെയ്തത് കാലാവസ്ഥ വ്യതിയാന പ്രവർത്തനങ്ങൾക്ക് പാഠമാകേണ്ടതാണെന്ന് പറയുന്നു. ‘നിരന്തര വളർച്ച’ എന്ന പ്രകൃതി വിരുദ്ധ പ്രത്യയശാസ്ത്രത്തിന്റെ പ്രയോഗത്തിലൂടെ നാം എങ്ങനെ ഒരു ദുരന്ത ഭൂമിയിൽ എത്തി എന്നതിന്റെ ഫോറൻസിക് പരിശോധനയാണ് ‘ദ നട്ട്‌മെഗ്‌സ് കഴ്‌സ്’. 600 വർഷം മുമ്പ് വിഭവത്തിനും സാമ്രാജ്യത്വ വികസനത്തിനും വേണ്ടിയുള്ള യൂറോപ്യൻ വംശഹത്യയിൽ നിന്ന് ആരംഭിച്ച്, കാട്ടുതീ, ചുഴലിക്കാറ്റുകൾ, ഉരുകുന്ന ആർട്ടിക് ഹിമങ്ങൾ, വെള്ളപ്പൊക്കം, വരൾച്ച തുടങ്ങിയ കാലാവസ്ഥാ ദുരന്തത്തിന്റെ എല്ലാ അടയാളങ്ങളും അടങ്ങുന്ന ഭയാനകമായ വർത്തമാനകാലംവരെ നീണ്ടുനിൽക്കുന്ന ദുരിതങ്ങളുടെ കാര്യകാരണബന്ധം ഘോഷ്  വിവരിക്കുന്നത് കാണാം. കൂടാതെ വലിയ ദുരന്തം ഒഴിവാക്കണമെങ്കിൽ നാം പൊളിച്ചെഴുതേണ്ട മിഥ്യകളും അദ്ദേഹം ചർച്ച ചെയ്യുന്നുണ്ട്.  The Great Derangement: Climate Change and the Unthinkable, The Hungry Tide , The Nutmeg’s Curse  എന്നീ ഗ്രന്ഥങ്ങളിലൂടെ  ഇന്ന് കാണുന്ന കാലാവസ്ഥ വ്യതിയാനമെന്ന ആധുനിക പ്രതിസന്ധിക്ക് കാരണമായ ചരിത്ര സന്ദർഭം അദ്ദേഹം വിശകലനം ചെയ്യുന്നുണ്ട്. കാലാവസ്ഥ പ്രതിസന്ധിക്കു പരിഹാരം കാണാനുള്ള ഓരോ ശ്രമങ്ങളും നീതിപൂർവ്വം ആകാൻ ഈ ചരിത്ര സന്ദർഭങ്ങളെ കൂടി ഉൾക്കൊള്ളേണ്ടതുണ്ട്. രാഷ്ട്രങ്ങളും കോർപ്പറേറ്റുകളും തങ്ങളുടെ താൽപ്പര്യങ്ങൾ നടത്തിയെടുക്കാൻ ശ്രമിക്കുന്നതും ചരിത്രപരമായ ഉത്തരവാദിത്തം ഏറ്റെടുക്കാൻ വികസിത രാഷ്ട്രങ്ങൾ തയ്യാറാകാത്തതും കാലാവസ്ഥ പ്രതിസന്ധി പരിഹാര വേദികളെ അപ്രസ്കതമാക്കുന്നു. മനുഷ്യരെന്ന നിലയിൽ നാം നിലനിൽക്കുന്നത് ലാഭത്തിന് വേണ്ടി മാത്രമാണെന്ന ആശയം നാം ഉപേക്ഷിക്കാത്തതും ദുരന്തങ്ങളുടെ ആഴം കൂട്ടുന്നു. നമ്മൾ ജീവിതത്തിന്റെ മറ്റ് പാറ്റേണുകൾ കണ്ടെത്തേണ്ടതുണ്ട്, മനുഷ്യരെന്ന നിലയിൽ നമ്മുടെ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്നതിനുള്ള മറ്റ് വഴികൾ നമുക്ക് മുന്നിലുണ്ടെന്നും ഘോഷ് പറയുന്നു.

കൊളോണിയലിസം ഊറ്റിയെടുത്ത വിഭവങ്ങൾ

കൊളോണിയലിസത്തിലൂടെയും വ്യാവസായികവൽക്കരണത്തിലൂടെയും നിലവിലെ ആഗോളതാപന പ്രതിസന്ധി പാശ്ചാത്യരാജ്യങ്ങളാണ് കൊണ്ടുവന്നതെന്ന് ഘോഷ് വിശ്വസിക്കുന്നു. തൽഫലമായി, ഉപഭോക്തൃത്വത്തിന്റെ പുതിയ ആഗോള സംസ്കാരവും ഉത്പാദനവും വർധിച്ചു. ഇത് പാശ്ചാത്യ രാജ്യങ്ങളെ മിക്കവാറും എല്ലാ മേഖലകളിലും അന്താരാഷ്ട്ര നയത്തിൽ ആധിപത്യം സ്ഥാപിക്കാനും വികസിതേതര രാജ്യങ്ങളിലെ സംസ്കാരങ്ങളെ നിരാകരിക്കാനും സഹായിച്ചു. The Great Derangement എന്ന പുസ്തകത്തിന്റെ ‘ചരിത്രം’ എന്ന രണ്ടാം ഭാഗത്തിൽ  ഘോഷ് യൂറോപ്പിലെ വ്യാവസായികവൽക്കരണത്തിന്റെ ചരിത്രവും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് വലിയ അസമത്വം സൃഷ്ടിക്കുകയും  ഏഷ്യയിലെ പുരോഗതികൾ വൈകിപ്പിക്കുകായും ചെയ്ത പാശ്ചാത്യ സാമ്രാജ്യത്വത്തിന്റെ പങ്കും രേഖപ്പെടുത്തുന്നു. യൂറോപ്യൻ സാമ്രാജ്യത്വ രാജ്യങ്ങൾ കാർബൺ അധിഷ്ഠിത വ്യവസായവൽക്കരണത്തിന്റെ ഗംഭീരമായ ഒരു പ്രക്രിയ ഏറ്റെടുത്തപ്പോൾ, അവരുടെ കോളനികൾ പൊതുവെ അസംസ്കൃത വസ്തുക്കൾ നൽകുന്നതിൽ ഒതുങ്ങി. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാന കാരണം മുതലാളിത്തമാണെന്ന് വാദിക്കുന്ന  നവോമി ക്ലെയിൻ (Naomi Klein) എന്ന അമേരിക്കൻ ശാസ്ത്ര ചരിത്രകാരിയുമായും മറ്റുള്ളവരുമായും ഘോഷ് യോജിക്കുമ്പോൾ,  കൊളോണിയലിസത്തിന്റെയും കേന്ദ്ര പങ്ക് അവഗണിക്കാൻ പറ്റില്ലെന്ന് അദ്ദേഹം അവരെ ഓർമ്മിപ്പിക്കുന്നു.

‘സ്വാതന്ത്ര്യം’ തുറന്നുവിട്ട പാരതന്ത്ര്യം

The Great Derangement ന്റെ ‘രാഷ്ട്രീയം’ എന്ന  മൂന്നാം ഭാഗത്തിൽ കാലാവസ്ഥാ വ്യതിയാനം ആധുനിക യുഗത്തിലെ  ‘സ്വാതന്ത്ര്യം’ എന്ന ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ ആശയത്തിന് ശക്തമായ വെല്ലുവിളി ഉയർത്തുന്നു എന്ന് ഘോഷ് ചൂണ്ടിക്കാട്ടുന്നു. ‘സ്വാതന്ത്ര്യം’ എന്ന ആശയം, സമകാലിക രാഷ്ട്രീയത്തിൽ മാത്രമല്ല, മാനവികത, കല, സാഹിത്യം എന്നിവയുടെയൊക്കെ കേന്ദ്രമാണ്. ജ്ഞാനോദയം മുതൽ മനുഷ്യേതര ശക്തികൾക്കും വ്യവസ്ഥകൾക്കും ‘സ്വാതന്തന്ത്ര്യം’ എന്ന പാരികല്പനയിൽ സ്ഥാനമില്ലെന്നും പ്രകൃതിയിൽ നിന്ന് സ്വതന്ത്രമാകുന്നത് ആണ്  സ്വാതന്ത്ര്യത്തെ  നിർവചിക്കുന്ന സ്വഭാവങ്ങളിലൊന്നായി കണക്കാക്കപ്പെട്ടിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതേസമയം  മനുഷ്യേതര നിയന്ത്രണങ്ങളിൽ നിന്ന് നമ്മുടെ ജീവിതം ഒരിക്കലും മുക്തരായിരുന്നില്ലെന്നു  തിരിച്ചറിയാൻ കാലാവസ്ഥാ വ്യതിയാനം നമ്മെ പ്രേരിപ്പിക്കുന്നതായും ഘോഷ് ചൂണ്ടിക്കാട്ടുന്നു. കൂടാതെ കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികളെ ഒരുമിച്ചു നേരിടാൻ നിലവിലുള്ള ഔപചാരിക ആഗോള രാഷ്ട്രീയ ഘടനകൾക്ക് കഴിവില്ലെന്ന് ഘോഷ് നിരീക്ഷിക്കുന്നു. ഈ പരാജയം ഉടലെടുക്കുന്നത് വ്യക്തിഗത ദേശീയ-രാഷ്ട്രങ്ങളുടെ അടിസ്ഥാന ഘടനയിൽ നിന്നാണ്, കൂടാതെ  അത് അവരുടെ പ്രത്യേക താൽപ്പര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമാണ്. ഓരോ രാഷ്ടങ്ങളുടെയും ഈ താൽപ്പര്യങ്ങൾ ആഗോള സുസ്ഥിരതയുടെ ദീർഘകാല താൽപ്പര്യവുമായി പൊരുത്തപ്പെടുകയോ ചെയ്യാതിരിക്കുകയോ ചെയ്യുന്നതാവാം.  ദേശ -രാഷ്ട്രങ്ങളുടെ ശക്തി വളരെ പ്രബലമാണ്, കാലാവസ്ഥാ വ്യതിയാനത്തെ ഗൗരവമായി കൈകാര്യം ചെയ്യുന്നതിനുള്ള ഒരു ഏകോപിത ആഗോള പ്രതിബദ്ധത കൈവരിക്കുന്നതിന് ഐക്യരാഷ്ട്രസഭ പോലുള്ള അന്തർ-ദേശീയ സംഘടനകൾക്ക് പോലും അതിനെ  മറികടക്കാൻ കഴിഞ്ഞില്ല.

2015 ലെ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള പാരീസ് ഉടമ്പടി ഈ കഴിവില്ലായ്മയുടെ ഉത്തമ  ദൃഷ്ടാന്തമാണെന്ന്  ഘോഷ് പറയുന്നു. വ്യക്തിഗത രാഷ്ട്രങ്ങളുടെ  താൽപ്പര്യങ്ങൾ തൃപ്തിപ്പെടുത്തുന്നതിനായി നടത്തിയ ഒന്നിലധികം വിട്ടുവീഴ്ചകളെ പ്രതിഫലിപ്പിക്കുന്ന ഭാഷയാണ് പാരീസ് ഉടമ്പടി ഉൾക്കൊള്ളുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വികസിത രാഷ്ട്രങ്ങളുണ്ടാക്കിയ പ്രശ്നങ്ങളെ  ‘പ്രതികൂല പ്രത്യാഘാതങ്ങൾ’ എന്ന് ഉപരിപ്ലവമായി  മാത്രം പരാമർശിക്കുന്നതിനെ അദ്ദേഹം ഉദാഹരണമായി എടുത്തുകാട്ടുന്നു. കരാർ പരിഹരിക്കാൻ ശ്രമിക്കുന്ന കാലാവസ്ഥ പ്രതിസന്ധിയിലേക്ക് നയിച്ച പ്രത്യശാസ്ത്രത്തെക്കുറിച്ചോ ചരിത്രപരമായ ഘടകങ്ങളെക്കുറിച്ചോ പരാമർശിക്കുന്ന ഒരു ഉള്ളടക്കവും അതിൽ അടങ്ങിയിട്ടുണ്ടായിരുന്നില്ല. പാരീസ് ഉടമ്പടിയിൽ നമ്മുടെ നിലവിലെ മാതൃകയിൽ എന്തോ കുഴപ്പമുണ്ടെന്ന് അംഗീകരിക്കുന്നുമുണ്ടായിരുന്നില്ല.

അഭയാർത്ഥികളെ നേരിടാൻ ഒരുങ്ങുന്ന സൈന്യം

കാലാവസ്ഥാ വ്യതിയാന പ്രതികരണവുമായി ബന്ധപ്പെട്ട് ഘോഷ് ചൂണിക്കാട്ടുന്ന ഒരു പ്രധാന കാര്യം അമേരിക്കൻ മിലിട്ടറി ആഗോള തലത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചാണ്. 2013-ൽ യു.എസ് പസഫിക് കമാൻഡിന്റെ തലവൻ കാലാവസ്ഥ വ്യതിയാനം പസഫിക് മേഖലയിലെ ‘സുരക്ഷാ അന്തരീക്ഷത്തെ തകർക്കാൻ’ സാധ്യതയുള്ള ഭീഷണിയായി തിരിച്ചറിയുന്നു. ഇത് പരിഹരിക്കാൻ 2030-ഓടെ 10 ബില്യൺ ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന പുതുക്കാവുന്ന ഊർജ പദ്ധതികളിൽ യു.എസ് സൈന്യം വൻതോതിൽ നിക്ഷേപം നടത്തുകയാണ്. കാലാവസ്ഥ വ്യതിയാന പ്രതികരണത്തിന്റെ വളരെ നിഷേധാത്മകമായ നയങ്ങൾ മറ്റു പല രീതിയിൽ തുടരുന്നതിനിടെയാണ് സമാന്തരമായി ഈ ആയുധ നിക്ഷേപം നടത്തുന്നത് എന്ന് അമേരിക്കൻ പത്രപ്രവർത്തകനും എഴുത്തുകാരനുമായ ക്രിസ്റ്റ്യൻ പരേന്തിയും ( Christian Parenti) ചൂണ്ടിക്കാട്ടുന്നു. ‘സായുധ ലൈഫ് ബോട്ടിന്റെ രാഷ്ട്രീയം’ (Politics of armed life boat) എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. ഇങ്ങനെ പാവപ്പെട്ട ജനങ്ങൾക്ക് നേരെയുള്ള തുറന്ന യുദ്ധമാണ് സൈനികവൽക്കരിച്ച അതിർത്തികൾ, ആക്രമണാത്മക കുടിയേറ്റ വിരുദ്ധ പോലീസിംഗ് എന്നിവയ്ക്കുള്ള തയ്യാറെടുപ്പുകളിലൂടെ  നടക്കുന്നത്. ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യങ്ങൾ ഈ നിലപാട് സ്വീകരിക്കുന്നത്, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി അഭയാർത്ഥികളായി മാറുന്ന ഏഷ്യയിലെയും ആഫ്രിക്കയിലെയും മറ്റിടങ്ങളിലെയും ദശലക്ഷക്കണക്കിന് മനുഷ്യർക്ക്‌  ഗുരുതരമായ  രീതിയിലുള്ള  പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ  സാധ്യതയുള്ളതാണ്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ (Ursula von der Leyen) തുടങ്ങിയ പല രാഷ്ട്രീയ നേതാക്കളും, കാലാവസ്ഥ ആഘാതങ്ങളെ നേരിടാൻ തങ്ങളുടെ സൈനിക, സുരക്ഷാ ഉപകരണങ്ങൾ തയ്യാറാക്കുന്നതിനുള്ള  കാരണങ്ങളായി താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ വർദ്ധിച്ചുവരുന്ന സംഘർഷവും ഭരണകൂട അസ്ഥിരതയും ചൂണ്ടിക്കാട്ടുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇരകളെ ഇങ്ങനെ  പ്രധാന ‘ഭീഷണി’കളായി കണക്കാക്കുന്ന ഒരു ഫ്രെയിമിംഗിലൂടെ കടുത്ത മനുഷ്യാവകാശ ലംഘനത്തിനുള്ള പടയൊരുക്കമാണ് സമ്പന്ന രാഷ്ട്രങ്ങൾ നടത്തുന്നത്.

ശാസ്ത്ര സാങ്കേതിക വിഷയം മാത്രമല്ല

കാലാവസ്ഥ പ്രതിസന്ധി വെറും ശാസ്ത്രീയമോ സാങ്കേതികമോ ആയി മാത്രം നേരിടേണ്ട ഒന്നല്ല. അത് നീതിയുടെയും രാഷ്ട്രീയ ഇച്ഛാശക്തിയുടെയും പ്രശ്നമാണ്. സാംസ്ക്കാരിക വൈവിധ്യങ്ങളുടെ അതിജീവനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രശ്നമാണ്. ഇന്നത്തെ ലോകത്ത് കാതലായ ഒരു ഘടനാ മാറ്റം അത് ആവശ്യപ്പെടുന്നുണ്ട്. ഈ പ്രശനം കേവലം ഒരു ഊർജ പ്രതിസന്ധിയായി ചുരുക്കാൻ കഴിയില്ല എന്നർത്ഥം. ഖനിജ ഇന്ധനങ്ങളിൽ നിന്നും പുതുക്കാവുന്ന ഊർജ സ്രോതസ്സുകളിലേക്കുള്ള മാറ്റം കൊണ്ട് മാത്രം പരിഹരിക്കാൻ കഴിയുന്നതല്ല കാലാവസ്ഥ  പ്രതിസന്ധി. അല്ലെങ്കിലും ഇപ്പോഴുള്ള ഉപഭോഗം അതേപോലെ  നിലനിർത്താൻ അതിലൂടെ കഴിയുകയില്ലെന്നതും ഒരു യാഥാർഥ്യമാണ്. നവ കോളനിവൽക്കരണം, മുതലാളിത്ത താൽപ്പര്യം എന്നിവ വംശീയ ഉന്മൂലനത്തിലൂടെ, ജനസംഖ്യ കുറച്ച് പ്രശ്നം പരിഹരിക്കാൻ നടത്തുന്നതിനടിസ്ഥാനമായ ഹിംസാത്മക പ്രത്യയശാസ്ത്രത്തെ പ്രതിരോധിക്കേണ്ടത്  ജനകീയ പ്രസ്ഥാനങ്ങളുടെ ഉത്തരവാദിത്തം ആകുന്നു. രാഷ്ട്രീയ നേതൃത്വങ്ങൾ ഒരു വ്യവസ്ഥാ മാറ്റത്തിന് മുൻകൈ എടുക്കുമെന്ന് കരുതാൻ വയ്യ. ഈ സങ്കീർണ്ണ പ്രതിസന്ധികൾക്കിടയിലും അമിതാവ് ഘോഷ് പ്രതീക്ഷകൾ കൈവിടുന്നില്ല. അദ്ദേഹം പോൾ വാട്ടേഴ്‌സുമായി  നടത്തിയ സംഭാഷണത്തിന്റെ ഉപസംഹാരമായി, എങ്ങനെ പറയുന്നു  “നിലവിലെ പോരാട്ടത്തിൽ നിന്ന്, മുമ്പുള്ളവരെക്കാൾ വ്യക്തമായ കാഴ്ചകളോടെ  ലോകത്തെ നോക്കാൻ കഴിയുന്ന ഒരു തലമുറ ജനിക്കുമെന്ന് ഞാൻ വിശ്വസിക്കാൻ ആഗ്രഹിക്കുന്നു. തകർന്ന കാലത്തകപ്പെട്ടിരിക്കുന്ന മാനവികതയുടെ ഒറ്റപ്പെടലിനെ മറികടക്കാൻ അവർക്ക് കഴിയും. അവർ മറ്റ് ജീവികളുമായുള്ള അവരുടെ ബന്ധത്തെ വീണ്ടും കണ്ടെത്തും, പുതിയതും പ്രാചീനവുമായ  ഈ ദർശനം ഒരിക്കൽ പുതുതായി രൂപപ്പെട്ടുവരുന്ന കലയിലും സാഹിത്യത്തിലും ആവിഷ്‌കരിക്കപ്പെടും.” ഇത്തരം പ്രതീക്ഷകൾ ജനകീയ മുന്നേറ്റങ്ങൾക്ക് ഊർജ്ജം പകരുമെന്ന് പ്രത്യാശിക്കാം.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

December 11, 2022 3:26 pm