എല്ലാവരെയും ബന്ധുക്കളാക്കുന്ന സിനിമ

നമ്മുടെ വയനാട് വിഷമകാലത്തെ ആദ്യം പണം കൊണ്ട് പിന്തുണച്ചത് ആനന്ദ് പട് വർദ്ധനാവണം. തിരുവനന്തപുരം അന്തർദേശീയ ഡോക്യുമെന്ററി, ഹ്രസ്വ ചലച്ചിത്ര മേളയിലെ മികച്ച നീണ്ട കഥേതര സിനിമയ്ക്കും മികച്ച എഡിറ്റിങ്ങിനും കിട്ടിയ രണ്ടു ലക്ഷത്തി ഇരുപതിനായിരം രൂപ ജൂലൈ 31 ന് തന്നെ ആനന്ദ് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് നൽകി.

ഒരാൾ പത്തോ ഇരുപതോ വർഷങ്ങൾ കൊണ്ട് തന്റെ അമ്മയുടെയും അച്ഛന്റെയും പിന്നെ, അടുത്ത മുതിർന്ന ബന്ധുക്കളുടെയും വീഡിയോയെടുത്തതും അവരുടെ എഴുപതോ എൺപതോ കൊല്ലം പഴക്കമുള്ള ചിത്രങ്ങളും ചേർത്തു വച്ചാൽ എങ്ങനെ രാഷ്ട്രീയ സിനിമയാകും? അത് നീണ്ട ഡോക്യുമെന്ററിയിനത്തിൽ അന്തർദേശീയ ചലച്ചിത്ര മേളയിൽ എങ്ങനെ മൽസരത്തിനയക്കും? ആനന്ദ് പട് വർദ്ധന്റെ ‘വസുധൈവ കുടുംബകം’ (The world is family- ലോകം കുടുംബമാണ്) എന്ന ചിത്രത്തിന് അതു കഴിയുന്നതിൽ, അതു കണ്ടവർക്ക് അസാധാരണമായൊന്നുമില്ല. എന്തെന്നാൽ ഒരു കുടുംബത്തിന് രാജ്യ രാഷ്ട്രീയ ചരിത്രത്തെ തൻകഥയായി അനുഭവിക്കാൻ കഴിയുന്നുവെങ്കിൽ അതിനു പ്രയാസമില്ല. രാഷ്ട്രീയമെന്നാൽ നീതിയുടെ മണ്ഡലമാണല്ലോ. പൊതുജീവിതത്തിലെ സത്യങ്ങളോടടുക്കാൻ രാഷ്ട്രീയമല്ലേ ഒന്നാം മാധ്യമം? ഡോക്യുമെന്ററിയുടെയും വിശേഷ ധർമ്മം മറ്റെന്ത്?

ഗാന്ധിജിയുടെ ഇടതുകയ്യും വലതുകയ്യും തോളിലേന്തി നടന്നത് മനുവും ആഭയും മാത്രമല്ല. ആനന്ദ് പട് വർദ്ധന്റെ അമ്മ നിർമ്മലയും അവരിലൊരാളാണ്. പതിനേഴാം വയസ്സിൽ 1944 ൽ അവർ ഇന്ത്യയുടെ പടിഞ്ഞാറേയറ്റത്തുനിന്ന് കിഴക്കേയറ്റത്തെ ശാന്തിനികേതനിൽ മൺശില്പകല പഠിക്കാനിറങ്ങി. 1947 ലെ സ്വാതന്ത്ര്യത്തിന്റെ പുത്തൻനാളുകളിൽ വാളുവീശി നടക്കുന്ന മതവീറുകാരുടെയിടയിൽ കൊൽക്കത്ത റെയിൽവേ സ്റ്റേഷനിലും തെരുവുകളിലും പഠനം കഴിഞ്ഞ് മടങ്ങുന്ന നിർമ്മല ഒറ്റപ്പെട്ട് പോകുന്നുണ്ട്. അവരുടെയും വാസുദേവ് പട് വർദ്ധന്റെയും പ്രണയ വിവാഹം അനുഷ്ഠാനങ്ങളില്ലാതെ 1948 ജനുവരി 18 നായിരുന്നു. ബാലികാവിവാഹമായിരുന്നു അതെന്ന് ഗാന്ധിജിയെ ആരോ തെറ്റിദ്ധരിപ്പിച്ചു. അദ്ദേഹം അസ്വസ്ഥനായി. നിർമ്മലയ്ക്ക് 18 വയസ്സൊക്കെ കഴിഞ്ഞിരുന്നുവെന്നും അവരുടേത് ഒരു മനോഹരമായ പ്രേമവിവാഹമായിരുന്നുവെന്നും ഗാന്ധിജിയോട് അവർ രണ്ടുപേരും കൂടി പോയി പറയാനിരിക്കുകയായിരുന്നു. പക്ഷേ അതിനിടയിലേക്ക് അതേ ജനുവരി മുപ്പതിന്റെ മൂന്നു വെടിയുണ്ടകൾ തുളച്ചു കയറി.

ആനന്ദ് പട് വർദ്ധന്റെ അമ്മ നിർമ്മല ഗാന്ധിജിക്കൊപ്പം. കടപ്പാട് : IMDb

എനിക്കു മരിക്കാൻ ധൃതിയാകുന്നു, സന്തോഷത്തോടെ ജീവിക്കാനുള്ളവ ഈ ജീവിതത്തിൻ ഇനി വരില്ല. കാലത്തിന്റെ മണ്ണു കുഴച്ച് തനിക്കു കഴിയുംപോലെ ചിലതൊക്കെ പണിഞ്ഞു വച്ചു. അതു കഴിഞ്ഞു. നിർമ്മല പട് വർദ്ധന് കുടുംബ ജീവിതവും രാജ്യജീവിതവും തമ്മിൽ എപ്പോഴും തെറ്റിപ്പോകാറുണ്ടായിരുന്നു. തെറ്റലായി തോന്നുന്നത് നമുക്കാണ്, ആ കുടുംബത്തിലെ ആർക്കും അതൊരു തെറ്റലല്ലായിരുന്നു. എന്നെ സന്തോഷിപ്പിച്ചതെല്ലാം കഴിഞ്ഞകാലത്തു കഴിഞ്ഞെന്നു പറയുന്ന എൺപതുകാരിയായ അമ്മയോട് എന്താണേറ്റവും സന്തോഷപ്പെടുത്തിയതെന്ന് ആനന്ദ് ചോദിക്കുന്നു. അത് മൺശില്പങ്ങളുണ്ടാക്കലായിരുന്നുവത്രേ. നിർമ്മലയെ ഗൂഗിളിൽ തിരഞ്ഞാൽ ഇന്ത്യൻ കളിമൺ ശില്പികളിൽ പ്രമുഖ. ശാന്തിനികേതനിൽ നന്ദലാൽ ബോസിന്റെ വിദ്യാർത്ഥിനി. പിന്നെ ജർമനിയിലും യുകെയിലും കല പഠിച്ചവൾ.

സ്വയം ആസ്വദിച്ച് ഫലിതങ്ങൾ പറയുന്നയാളായിരുന്നു ആനന്ദിന്റെ അച്ഛൻ. അത് തമാശകളല്ലായിരുന്നു, വാസുദേവിനത് ജീവിതത്തെ നോക്കലായിരുന്നു എന്നാണ് മകന്റെ സിനിമ സാക്ഷ്യം പറയുക. എത്ര കഠിന സംഭവം പറയുമ്പോഴും നേരിയ ചിരി ആ ചുണ്ടിലോ കണ്ണിലോ കാണാതിരിക്കില്ല. ആനന്ദ് അദ്ദേഹത്തിന്റ കൂടെ കൂടുന്നതേയുള്ളു. ഡോക്യുമെന്ററിക്കാരനായ മകന്റെ കയ്യിൽ ഏതെങ്കിലും ക്യാമറ എപ്പോഴും കാണുമല്ലോ. “ഇനി കുളിമുറിയുടെ വാതിൽ കുറ്റിയിടാതെ കുളിച്ചാൽ മതി. ഉരുണ്ടുവീണാൽ ഞങ്ങൾക്ക് അങ്ങോട്ട് വരാൻ പറ്റണം, എൺപതു കഴിഞ്ഞയാളുടെ രഹസ്യഭാഗങ്ങളൊക്കെ അത്രയ്ക്ക് കാണാൻ മാത്രമൊന്നുമില്ല” എന്ന് അമ്മ കളിയാക്കി ശാസിക്കുമ്പോൾ അച്ഛൻ പറയും, “ചെറുപ്പക്കാരുടേതും അത്ര വിശേഷപ്പെട്ടതൊന്നുമല്ല”.

ആനന്ദ് പട് വർദ്ധൻ അമ്മ നിർമ്മലയ്ക്കും, അച്ഛൻ വാസുദേവ് പട് വർദ്ധനുമൊപ്പം

ഗാന്ധി ഉപ്പ് സത്യാഗ്രഹം പ്രഖ്യാപിച്ചപ്പോൾ നമുക്ക് സ്വാതന്ത്ര്യ സമരത്തിനിറങ്ങണ്ടേ എന്നു ചോദിച്ച് വാസുദേവിന്റെ രണ്ട് അമ്മാവന്മാരും ഒരേ സമയം പരസ്പരം കത്തെഴുതി. അങ്ങനെ ഇരുവരും രാഷ്ട്രീയത്തിലിറങ്ങി. നാൽപ്പതുകളിലെ നാട്ടിൻപുറത്തുകാർ സ്വയം തിരിച്ചറിയുന്നതും അവതരിപ്പിക്കുന്നതും ഞങ്ങൾ ആ ഗ്രാമക്കാരാണ്, ഈ ഗ്രാമക്കാരാണ് എന്നായിരുന്നു. നഗരത്തിൽ സവർക്കറുടെയും ഗോഡ്സെയുടെയും ആളുകൾക്ക് അതു മാറ്റി ഞാൻ ഹിന്ദുവാണ്, ഞാൻ മുസ്ലീമാണ് എന്നു കരുതുന്നവരാക്കാൻ കഴിഞ്ഞുവെന്ന് അച്ഛന്റെ സമപ്രായക്കാരനായ ബന്ധു ആനന്ദിന്റെ കാമറയോട് സങ്കടത്തോടെ ഓർക്കുന്നു.

വിഭജനത്തിന് ശേഷം പാകിസ്ഥാനിലായ സിന്ധിലെ ഹൈദരാബാദിലായിരുന്നു ആനന്ദിന്റെ അമ്മ ജനിച്ചത്. അമ്മയുടെ പിറവിദേശവും വീടുമൊക്കെ കാണാൻ ആനന്ദ് പോകുന്നുണ്ട്. ആ വീട് വാങ്ങിയ പാകിസ്ഥാനി അതൊരു ആശുപത്രിയാക്കിയത് കണ്ട്, അത് നന്നായി, ധാരളം പേർക്ക് ആ കെട്ടിടം ഇപ്പോൾ ഗുണമായല്ലോ എന്നദ്ദേഹം. സഹോദരങ്ങളും ഒരേ ജനതയുമായിരുന്നവർ ഇരു രാജ്യങ്ങളിലായതോടെ കാണാൻ പോലും കഴിയാതായി. ആനന്ദിന് കഷ്ടപ്പെട്ട് അവിടെ പോകാൻ കഴിഞ്ഞെങ്കിലും അമ്മയുടെ അതിനുള്ള ആഗ്രഹം തടയപ്പെട്ടു. വസുധൈവ കുടുംബകം എന്ന ഘോഷണം തൊട്ടയൽപക്കത്ത് കഴിയുന്നില്ല.

‘വസുധൈവ കുടുംബകം’ (ലോകം കുടുംബമാണ്) എന്ന പുരാതന സങ്കല്പം ആകാശത്തും, തൊടാനും കാണാനും കഴിയാത്ത അറകളിലടഞ്ഞ ജാതി സമൂഹങ്ങൾ മണ്ണിലും, ഒരുപോലെ എന്നും പുലരുന്ന ഇന്ത്യാചരിത്രം ധ്വനിയായും നേരിലും ചിത്രത്തിൽ വരുന്നു. തന്റെ ബ്രാഹ്മണ ജന്മം നൽകിയ പ്രത്യേകാവകാശങ്ങളെ ആനന്ദ് വേദനയോടെ നോക്കുന്നു. സ്വാതന്ത്ര്യ സമരക്കാരുടെ സ്വപ്നങ്ങളെവിടെ? അവസരങ്ങൾ കിട്ടാതെയും നിന്ദിക്കപ്പെട്ടും കഴിയുന്ന എത്രയോ കോടി ഇന്ത്യാക്കാർക്ക് വസുധൈവ കുടുംബകം എന്നാൽ എന്ത്?

ഡോക്യുമെന്ററി പോസ്റ്റർ

സ്വാതന്ത്ര്യ സമരത്തിലും ഭരണഘടനയിലും നാം സങ്കല്പിച്ച മനുഷ്യതുല്യത പട് വർദ്ധൻ കുടുംബത്തിലെ എല്ലാവരുടെയും ശ്വാസകോശത്തിലുണ്ട്. തലമുറ ഭേദങ്ങൾ അതിനെ ആഴപ്പെടുത്തുന്നതേയുള്ളൂ. അവർ തമ്മിലെന്നപോലെ നമുക്ക് മുന്നിലും അലങ്കാരങ്ങളില്ലാതെ നിൽക്കുന്നു. നമ്മൾ അവരുടേയും ലോകത്തിന്റെയും ബന്ധുവാകുന്നു. സിലബസിലും വാട്സാപ്പിലും വ്യാജചരിത്രത്തിനായുള്ള ക്രിയകൾ രാജ്യത്തിന് കുറുകെയും നെടുകെയും നടക്കുമ്പോൾ പട് വർദ്ധൻ കുടുംബഹൃദയം അത് തിരുത്തുന്നു.

കണ്ടത് ഒരു ഫീച്ചർ ഫിലിം ആയിരുന്നോ? ആനന്ദിന്റെ ഡോക്യുമെന്ററികൾ കാണുന്ന ഒരാൾ സൗന്ദര്യാനുഭവത്തിലൂടെ താൻ കടന്നു പോയതറിയുന്നുണ്ടോ? വികാരം കൊള്ളിക്കാനായി ഒരു ശ്രമവും അവയിൽ കാണാനില്ലെങ്കിലും നമ്മളിൽ ജലം നിറയുന്നു. കലയും വിവരണവും തമ്മിൽ, സ്വകാര്യവും പൊതു കാര്യവും തമ്മിൽ ലയിക്കാൻ കഴിയും. ഗൊദാർദ് പറഞ്ഞതോർമ്മിക്കുന്നു, “ഡോക്യുമെന്ററി നിർമ്മിക്കണമെങ്കിൽ നിങ്ങൾ സ്വാഭാവികമായി ഫിക്ഷനിലേക്ക് പോകും, എന്നാൽ നിങ്ങളുടെ ഫിക്ഷൻ നന്നാവണമെങ്കിൽ യാഥാർത്ഥ്യത്തിലേക്ക് തിരിച്ചു വരേണ്ടിവരും”.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

4 minutes read August 7, 2024 10:57 am