ജാതി സെൻസസ് തുറന്നുകാണിക്കുന്ന യാഥാർത്ഥ്യങ്ങൾ

ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയുടെ അടർത്തിമാറ്റാനാവാത്ത ആണിക്കല്ലാണ്‌ ജാതി രാഷ്ട്രീയ വ്യവഹാരങ്ങൾ. എങ്കിലും ബ്രിട്ടീഷ് സർക്കാർ 1931ൽ നടത്തിയ ജാതി സെൻസസിന് ശേഷം ദേശീയ തലത്തിൽ ഒരു സർക്കാരും അത് നടത്താൻ മുന്നോട്ടുവന്നില്ല. 2023 ഒക്ടോബർ 2ന് ബിഹാർ സർക്കാർ പുറത്തുവിട്ട ജാതി സെൻസസ് ഫലങ്ങളാണ് ജാതി രാഷ്ട്രീയത്തെ ഇന്ത്യയിൽ വീണ്ടും ചലനാത്മകമാക്കി മാറ്റിയത്. എഴുത്തുകാരനും മനുഷ്യാവകാശ പ്രവർത്തകനുമായ ആനന്ദ് തെൽതുംദെ ജാതി വ്യവസ്ഥയെ പരിപാലിച്ച് വളരുന്ന ഇന്ത്യയിലെ രാഷ്ട്രീയ-ഭരണ സംവിധാനങ്ങളെ വിമർശനാത്മകമായി വിലയിരുത്തുന്ന വ്യക്തിയാണ്. ജാതി സെൻസസ് ചർച്ചകളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ ജാതി വിവേചനത്തിന്റെ ചരിത്രത്തെക്കുറിച്ചും രാഷ്ട്രീയ പാർട്ടികൾ കാലാകാലങ്ങളായി പിന്നോക്ക ജാതിവിഭാഗങ്ങളെ തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നതിനെക്കുറിച്ചും അദ്ദേഹം കേരളീയവുമായി സംസാരിക്കുന്നു. സംവരണത്തിലൂടെ മാത്രം അധസ്ഥിത ജനവിഭാഗങ്ങളുടെ മോചനം സാധ്യമാവുകയില്ല എന്ന് അദ്ദേഹം വിലയിരുത്തുന്നു.

2018ൽ ഭീമ കൊറേഗാവിൽ നടന്ന സംഘർഷത്തിൽ പങ്കുണ്ടെന്നും പ്രധാനമന്ത്രിയെ വധിക്കാനുള്ള ഗൂഢാലോചനയിൽ ബന്ധമുണ്ടെന്നും ആരോപിച്ച് 2018 ഓഗസ്റ്റ് 29 ന് അദ്ദേഹത്തിന്റെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തി. 2020 ൽ UAPA കേസിൽ കുടുക്കി അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. രണ്ട് വർഷത്തിലേറെ നീണ്ട ജയിൽ വാസത്തിന് ശേഷം 2022 നവംബറിൽ സുപ്രീംകോടതി അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു.

ഒക്ടോബർ രണ്ടിന് ബിഹാർ സർക്കാർ ജാതി സെൻസസ് വിവരങ്ങൾ പുറത്തുവിടുകയുണ്ടായല്ലോ. ആ കണക്കുകൾ അനുസരിച്ച് മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒ.ബി.സി), പട്ടികജാതി (എസ്‌.സി), പട്ടികവർ​ഗ ഗോത്ര വിഭാഗങ്ങൾ (എസ്.ടി) എന്നിവർ ബീഹാറിലെ ജനസംഖ്യയുടെ 84 ശതമാനം വരും. അതേസമയം മുന്നാക്ക ജാതി അല്ലെങ്കിൽ പൊതുവിഭാഗം വെറും 15.5 ശതമാനം മാത്രമാണ്. താങ്കൾ എങ്ങനെയാണ് ഈ കണക്കുകളുടെ പ്രാധാന്യം വിശകലനം ചെയ്യുന്നത്? ഇത് ബീഹാർ സംസ്ഥാനത്തിന്റെ മാത്രം ഒറ്റപ്പെട്ട സ്ഥിതിവിശേഷം ആണെന്ന് കരുതുന്നുണ്ടോ?

ഇന്ത്യൻ സമൂഹത്തിന്റെ യാഥാർത്ഥ്യവുമായി സംവദിക്കുന്ന ആരെയെങ്കിലും ഈ സെൻസസ് കണക്കുകൾ ഞെട്ടിക്കുമെന്ന് ഞാൻ കരുതുന്നില്ല. ബ്രാഹ്മണ ജാതികൾ ഉൾപ്പെടുന്ന പൊതുവിഭാഗം ജനസംഖ്യയുടെ 15 ശതമാനത്തിൽ കൂടുതൽ ഇല്ല എന്ന് ആളുകൾക്ക് നേരത്തെതന്നെ അറിയാമായിരുന്നു. കാൻഷിറാം എപ്പോഴും പറയാറുള്ളത് “15 ശതമാനം 85 ശതമാനത്തെ നേരിടുന്നു” എന്നായിരുന്നു. ഈ വാക്കുകൾ ശരിയെന്ന് തെളിയിക്കുന്നതാണ് സെൻസസ് കണക്കുകൾ എന്നുള്ളതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം. ഇത് ജനസംഖ്യാപരമായ വസ്തുത മാത്രമാണ്, അവരുടെ യഥാർത്ഥ രാഷ്ട്രീയ സാമ്പത്തിക സ്ഥിതിയുടെ വിവരങ്ങൾ അല്ല. എല്ലാ വിഭാഗത്തിലും നിലനിൽക്കുന്ന അസമത്വം കണക്കിലെടുക്കുമ്പോൾ, ഈ 15.5 ശതമാനത്തിന്റെ ഒരു ചെറിയ വിഭാഗം മാത്രമായിരിക്കാം ഇന്ത്യയിൽ അധികാരം കൈയ്യാളുന്നത്. ഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഡവലൊപ്മെന്റ് സ്റ്റഡീസ് (GIDS) നടത്തിയ ഒരു സർവേയിൽ നിന്നുള്ള ഡാറ്റയുടെ അടിസ്ഥാനത്തിൽ നടത്തിയ ഒരു പഠന റിപ്പോർട്ടിൽ ഉത്തർപ്രദേശിലെ ഒ.ബി.സികൾക്കിടയിലും ദലിത് മുസ്ലിങ്ങൾക്കിടയിലും 2014-2015 കാലഘട്ടത്തിൽ നിലനിൽക്കുന്ന സാമൂഹികവും വിദ്യാഭ്യാസപരവുമായ നിലവാരത്തിന്റെ അടിസ്ഥാനത്തിൽ അവർക്കിടയിൽ നിലനിൽക്കുന്ന ജാതി വിവേചനത്തെ വിശദമായി വിലയിരുത്തുന്നുണ്ട്. എന്നെ സംബന്ധിച്ച്, ഈ സെൻസസിന്റെ പ്രാധാന്യം ഈ യാഥാർത്ഥ്യത്തെ സ്ഥിരീകരിക്കുന്നതിലല്ല. മറിച്ച്, താഴ്ന്ന ജാതിക്കാരെ പ്രത്യേകിച്ച് ശൂദ്രരിൽപ്പെട്ടവരെ പാദസേവകരാക്കുകയും കബളിപ്പിക്കുകയും ചെയ്യുന്ന ബ്രാഹ്മണ ജാതിക്കാരുടെ നിയന്ത്രണത്തെക്കുറിച്ച് അവരെ ബോധവത്കരിക്കുന്നതിനും അടിമത്തത്തിൽനിന്നും അവരെ മോചിപ്പിക്കുന്നതിനുമുള്ള സാധ്യതയാണ്. ഈ ഡാറ്റയോടൊപ്പം വിവിധ ജാതികളുടെ (വിദ്യാഭ്യാസം, ഭൂമി ഉടമസ്ഥാവകാശം, സാമൂഹിക-രാഷ്ട്രീയ അവസ്ഥ, വിവിധ ജാതികൾക്കുള്ളിലെ സാമ്പത്തിക സ്ഥിതി പോലെയുള്ള) വിശദ സ്ഥിതിവിവരങ്ങൾ പുറത്തുവരുന്നതിലൂടെ ആരാണ് യഥാർത്ഥ കുറ്റവാളിയെന്ന് അവർക്ക് ബോധ്യമാകും. ഇത് ബിഹാറിന്റെ മാത്രം സവിശേഷ സാഹചര്യമല്ല എന്ന് ഞാൻ മനസിലാക്കുന്നു. മറ്റ് ഇടങ്ങളിലെ മുന്നാക്ക ജാതിക്കാരുടെ ശതമാനം ഇതിലും കുറവായിരിക്കാനാണ് സാധ്യത.

കാൻഷിറാം. കടപ്പാട്:forwardpress

ബിഹാർ നടത്തിയ സർവേയുടെ രീതിശാസ്ത്രത്തെക്കുറിച്ച് താങ്കൾക്ക് എന്തെങ്കിലും വിമർശനമുണ്ടോ?

ഓരോ വിശാലമായ ജാതി കൂട്ടായ്മയിലും ഉൾപ്പെട്ട ഉപജാതി വിഭാഗങ്ങളെയും മറ്റ് വ്യക്തിഗത ജാതികളെയും മുൻകൂട്ടി തിരിച്ചറിയുകയും അവയ്ക്ക് വ്യത്യസ്ത കോഡ് നൽകുന്നതുമായ ഒരു നൂതനമായ രീതിയാണ് ബീഹാർ സർവേ സ്വീകരിച്ചതെന്ന് ഞാൻ കരുതുന്നു. 2011-ൽ നടത്തിയ ‘സാമൂഹിക-സാമ്പത്തിക-ജാതി സെൻസസ്’ സൃഷ്ടിച്ച ആശയക്കുഴപ്പം ഇങ്ങനെ ഒഴിവാക്കാൻ കഴിഞ്ഞു. അന്ന് കണക്കെടുപ്പുകാർ ആളുകളുടെ ജാതി ഐഡന്റിറ്റി രേഖപ്പെടുത്തുകയും 46 ലക്ഷത്തിലധികം ജാതികൾ ഉള്ളതായി കണക്കാക്കുകയും ചെയ്തിരുന്നു. ബീഹാർ സർവേയിൽ, അവർ ഒരു വിശാല ജാതിയിൽ ഉൾപ്പെടുന്ന ഉപജാതി വിഭാഗങ്ങളുടെ വിവരങ്ങൾ ശേഖരിച്ച് നേരത്തെ സജ്ജമായതിനാൽ സർവ്വേ തുടങ്ങുന്നതിനു മുൻപ് തന്നെ അവർക്ക് ആളുകളുടെ ജാതി ഐഡന്റിറ്റിക്ക് കോഡ് നൽകാൻ കഴിഞ്ഞു. തന്റെ പട്ടികയിൽ ഉൾപ്പെടാത്ത ഒരു ജാതിക്ക് സ്വന്തം ഇഷ്ടപ്രകാരം ഒരു കോഡ് നൽകുന്നതുവഴി ഈ പ്രക്രിയയിൽ, കണക്കെടുപ്പ് നടത്തുന്നയാളുടെ ചില പക്ഷപാതിത്വം കടന്നുവന്നേക്കാം. എന്നാൽ ആ പിശക് സ്ഥിതിവിവരക്കണക്കിൽ പ്രാധാന്യമുള്ളതല്ല. ജാതി സർവ്വേയ്ക്ക് ഇതിലും നല്ല രീതി വേറെയുണ്ടാകില്ല എന്ന് ഞാൻ കരുതുന്നു. ബ്രിട്ടീഷ് സർവേയർമാരും ജാതി സർവേകൾ നടത്തിയപ്പോൾ ജാതിയുടെ വിവരങ്ങൾ ശേഖരിക്കാൻ സമാനമായ രീതിശാസ്ത്രം ആണ് ഉപയോഗിച്ചത്. അതുവരെ പലയിടത്തായി ചിതറിക്കിടന്നിരുന്ന ജാതി സ്വത്വങ്ങളെ അവർ കർക്കശമായ ചട്ടക്കൂടുണ്ടാക്കി കൂട്ടിയോജിപ്പിച്ചു വളർത്തി എന്ന് ആരോപിക്കുന്നത് ഈ സാഹചര്യത്തിലാണ്. ഇന്ത്യയെ കോളനിവൽക്കരിച്ചവർക്ക് തീർച്ചയായും അവരുടെ കൊളോണിയൽ പ്രോജക്റ്റിന് അനുസൃതമായ സ്വകാര്യ താല്പര്യങ്ങളുണ്ടായിരുന്നു. പക്ഷേ, പ്രായോഗികതയുടെ വീക്ഷണകോണിൽ നിന്ന് ജാതി വിവരങ്ങൾ ശേഖരിക്കാൻ ഈ രീതിശാസ്ത്രത്തെക്കാൾ മികച്ച സാധ്യതകളൊന്നും ഞാൻ കാണുന്നില്ല.

ബിഹാറിൽ നടന്ന ജാതി സെൻസസ്. കടപ്പാട്:theprint

ബി.ജെ.പിയുടെ വിവിധ നേതാക്കൾ വ്യത്യസ്ത പ്രതികരണങ്ങൾ നൽകിയിട്ടുണ്ടെങ്കിലും, വരുന്ന പൊതുതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ജനങ്ങളെ ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കാനായി കോൺഗ്രസ് നടത്തുന്ന രാഷ്ട്രീയ പ്രേരിത നടപടിയായി ജാതി സെൻസസിനെ ചിത്രീകരിക്കാനാണ് അവർ മുഖ്യമായും ശ്രമിക്കുന്നത്. ബി.ജെ.പിയുടെ പ്രതികരണത്തെ താങ്കൾ എങ്ങനെ കാണുന്നു? കൂടാതെ ഇക്കാര്യത്തിൽ ആർ.എസ്.എസ് സ്വീകരിച്ച നിലപാടിനെക്കുറിച്ചും പറയാമോ?

ബി.ജെ.പി.യുടെ ആരോപണങ്ങളുടെ അടിസ്ഥാനം എനിക്ക് മനസ്സിലാകുന്നില്ല. മോഡി-അമിത്ഷാ കൂട്ടുകെട്ടിന് കീഴിലുള്ള ബി.ജെ.പി ഭരണം അധികാര രാഷ്ട്രീയത്തിനായുള്ള അശ്ലീല അഭിനിവേശം പ്രകടിപ്പിച്ചുകൊണ്ടരിക്കുമ്പോൾ ‘രാഷ്ട്രീയ പ്രേരിതം’ എന്ന ആരോപണത്തിന് എന്ത് സാംഗത്യമാണുള്ളത്? നിലപാടുകളിൽ മലക്കം മറിയുന്ന അവർ സ്വയം ചെയ്യുന്ന നാണംകെട്ട നാടകങ്ങൾ മറ്റുള്ളവരുടെ മേൽ ആരോപിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. ഒമ്പത് വർഷത്തിന് ശേഷവും അതുതന്നെ ചെയ്തുകൊണ്ടിരിക്കുന്നത് അറുവഷളൻ തന്ത്രമായിട്ടാണ് തോന്നുന്നത്. തീർച്ചയായും ജാതി സെൻസസ് രാഷ്ട്രീയ പ്രേരിതമാണ്. അതിൽ എന്താണ് തെറ്റ്? എല്ലാത്തിനുമുപരി ജനങ്ങൾക്കിടയിൽ അധികാര വികേന്ദ്രീകരണം നടത്താൻ ഇത് സഹായിച്ചേക്കാം. അത് തീർച്ചയായും രാഷ്ട്രീയത്തിന്റെ ലക്ഷ്യമാണ്. വേറൊരുതരത്തിൽ പറഞ്ഞാൽ, ഇത് തീർച്ചയായും 2024 ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ അധികാരത്തിൽ നിന്നും ഭ്രഷ്ടരാക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ബി.ജെ.പിയെ പരാജയപ്പെടുത്താൻ പ്രതിപക്ഷം തന്ത്രങ്ങൾ മെനയുന്നത് നിയമവിരുദ്ധമാണോ? അതെ, കൊളോണിയൽ കാലം മുതൽ തന്നെ ജാതി സെൻസസ് ജനങ്ങളുടെ ജാതി സ്വത്വത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഈ സെൻസസും അതിന് ഒരു അപവാദമായിരിക്കില്ല. എന്നാൽ ബി.ജെ.പി എന്ത് ധാർമ്മിക അവകാശത്തോടെയാണ് കോൺഗ്രസ് ഭിന്നിപ്പുണ്ടാക്കുന്നതെന്ന ആരോപണം ഉന്നയിക്കുന്നത്? അവർ കൊട്ടിഘോഷിക്കുന്ന ഹിന്ദുത്വ എന്ന ആശയം തന്നെ വൈവിധ്യത്തെ ആഘോഷമാക്കി ജീവിതത്തിൽ സന്തോഷം കണ്ടെത്തുന്ന ഒരു ജനതയെ വിഭജിക്കാൻ ലക്ഷ്യമിടുന്നതാണ്. 1947-ലെ രാജ്യ വിഭജനത്തിന്റെ മൂലകാരണം ഹിന്ദുമത ഭ്രാന്തായിരുന്നു. അത് ജനങ്ങളുടെ മനസ്സിൽ മായാത്ത മുറിവുകളുണ്ടാക്കുകയും ഒട്ടനവധി വിലപ്പെട്ട ജീവനും സ്വത്തും നഷ്ടപ്പെടുത്തുകയും ചെയ്തു. ഈ രാജ്യത്തെ ജനങ്ങളുടെ അടിസ്ഥാന സ്വത്വം ജാതിയാണ്, ബി.ജെ.പി പ്രചരിപ്പിക്കുന്നപോലെ മതമല്ല. പക്ഷേ, അധികാരത്തോടുള്ള അഭിനിവേശം കാരണം അവർ മതത്തെ ഉയർത്തിക്കാട്ടികൊണ്ട് ജനങ്ങളുടെ മനസ്സിൽ വർഗീയ വിഷം കുത്തിവയ്ക്കുകയും കലാപങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ജനങ്ങളെ ഭിന്നിപ്പിക്കുന്നുവെന്ന് മറ്റുള്ളവരെ ആക്ഷേപിക്കാൻ ബി.ജെ.പിക്ക് ഒരിക്കലും ധാർമ്മിക അവകാശമില്ല.

ജാതി സെൻസസിനെക്കുറിച്ച് ആർ.എസ്.എസ്സിൽ നിന്ന് ഒരു പ്രതികരണവും ഞാൻ കേട്ടിട്ടില്ല, പക്ഷേ, അത് ബി.ജെ.പിയുടേതിൽ നിന്നും വ്യത്യസ്തമായിരിക്കില്ല എന്ന് ഞാൻ ഊഹിക്കുന്നു. എന്നാൽ ബ്രാഹ്മണർ താഴ്ന്ന ജാതിക്കാരെ അടിച്ചമർത്തിയെന്ന തന്റെ പ്രസ്താവനയിലൂടെ താഴ്ന്ന ജാതിക്കാരുടെ രക്ഷാധികാരിയായി ഭാവിക്കുന്ന അതിന്റെ തലവൻ മോഹൻ ഭഗവതിന് ജാതി സെൻസസ്സിനെ തള്ളിപ്പറയാൻ ബുദ്ധിമുട്ടുണ്ടാകും. പതിവ് രീതിയിൽ നിന്നും വ്യത്യസ്‍തമായ അദ്ദേഹത്തിന്റെ ഏറ്റുപറച്ചിൽ അന്ന് പലരെയും അത്ഭുതപ്പെടുത്തുകയുണ്ടായി. പക്ഷേ, അത് സ്വാഭാവികമായി സംഭവിച്ചതല്ല. വരാൻ പോകുന്ന ഹിന്ദു രാഷ്ട്രത്തിൽ തങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് താഴ്ന്ന ജാതിക്കാർക്ക് ഉറപ്പ് നൽകേണ്ടതുണ്ടെന്ന തോന്നലിൽ നിന്നാണ് അതുണ്ടായത്. അപ്പോൾ ജാതി സെൻസസിനെതിരെ നിലപാട് പുറത്ത് പറയാൻ ബുദ്ധിമുട്ടാകും.

രാജസ്ഥാൻ സർക്കാർ ജാതി സെൻസസ് പ്രഖ്യാപിച്ചു. കർണ്ണാടക സർക്കാരും ജാതി സെൻസസ് ഫലങ്ങൾ പുറത്തുവിട്ടേക്കും. നിയമസഭാ തെരഞ്ഞെടുപ്പുകളിലും 2024 ലെ പൊതുതെരഞ്ഞെടുപ്പിലും കോൺഗ്രസിന്റെ ഭാഗത്ത് നിന്നുള്ള ഈ നീക്കം ഉണ്ടാക്കിയേക്കാവുന്ന സ്വാധീനത്തെക്കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്?

അതെ, ഇത് ഒരു ഗെയിം ചേഞ്ചർ ആകും എന്നതിൽ സംശയമില്ല. രാജസ്ഥാനും ഒരുപക്ഷേ മറ്റ് സംസ്ഥാനങ്ങളും അതത് സംസ്ഥാനങ്ങളിലെ ജാതികളുടെ സർവേ നടത്താൻ തുനിഞ്ഞേക്കും. ബീഹാർ ജാതി സെൻസസിനെ കുറിച്ച് മനസിലാക്കിയപ്പോൾ ജനുവരിയിൽ തന്നെ ഒഡീഷ, മഹാരാഷ്ട്ര സർക്കാരുകൾ രാജ്യത്തെ ഒ.ബി.സികളുടെ ജനസംഖ്യ നിർണ്ണയിക്കാൻ മോദി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നവീൻ പട്‌നായിക് ഒരു പടികൂടി മുന്നോട്ട് പോയി ഒ.ബി.സികളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ചുള്ള ഒരു സർവേയ്ക്ക് ഉത്തരവിട്ടു.

അങ്ങനെ, ബീഹാർ ജാതി സെൻസസ് ഇതിനകം തന്നെ അതിന്റെ രാഷ്ട്രീയ മാനങ്ങൾ വെളിവാക്കി തുടങ്ങിയിരിക്കുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ മിക്ക സംസ്ഥാനങ്ങളിലും ബി.ജെ.പി പരാജയപ്പെടുമെന്ന് ഞാൻ കരുതുന്നു. അത് ജാതി സർവ്വേയുടെ പേരിലല്ല, മോദിയുടെ വാക്ചാതുര്യവും സ്വയം സൃഷ്ടിക്കുന്ന നാടകീയതയും മൂലമുണ്ടാകുന്ന ലഹരിയിൽ നിന്ന് ജനങ്ങൾ പതിയെ പുറത്തുവന്നുതുടങ്ങിയത് കൊണ്ടാണ്. കൂട്ടായ്‌മകളെ നശിപ്പിക്കുന്നതിനൊപ്പം തങ്ങളുടെ വ്യക്തിജീവിതം ദുഷ്‌കരമാക്കിയ ബി.ജെ.പിയുടെ യഥാർത്ഥ സ്വഭാവം ജനങ്ങൾ തിരിച്ചറിയുകയാണ്. 2024ലെ തിരഞ്ഞെടുപ്പിൽ പോലും ബി.ജെ.പി പരാജയപ്പെടുമെന്ന് ഞാൻ കണക്കുകൂട്ടുന്നു. അത് സംസ്ഥാന തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ അനന്തരഫലമായല്ല. രാജ്യത്തെ രക്ഷിക്കാൻ ബിജെപിയെ പരാജയപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യത്തോടെ മറ്റെല്ലാറ്റിനും മീതെ ഒറ്റക്കെട്ടായി നിലകൊള്ളാനുള്ള ഇൻഡ്യ സഖ്യത്തിന്റെ കഴിവ് പരീക്ഷിക്കപ്പെടുന്ന അവസരമാണിത്. അവസാനമായി അവർ രാജ്യത്തെ രക്ഷിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു!

ജാതി യാഥാർത്ഥ്യങ്ങളെ പരിഗണിക്കാതെ ഇന്ത്യയുടെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളെ വിലയിരുത്താനാകില്ല. എന്നിരുന്നാലും, 1931-ൽ ബ്രിട്ടീഷുകാർ നടത്തിയ ജാതി സെൻസസിന് ശേഷം അത് ഇന്ത്യയിൽ പിന്നീട് നടന്നിട്ടില്ല. ജീവിതത്തിന്റെ എല്ലാ മേഖലകളിലും സവർണ്ണാധിപത്യം സ്ഥാപിക്കുന്നതിനും, താഴേത്തട്ടിലെ വലിയ വിഭാഗങ്ങളെ അടിച്ചമർത്താനും വേണ്ടിയുള്ള മാറിമാറി വന്ന സർക്കാരുകളുടെ ബോധപൂർവമായ തന്ത്രമാണിതെന്ന് താങ്കൾ കരുതുന്നുണ്ടോ?

ഉന്മൂലനം ചെയ്യപ്പെടേണ്ട സാമൂഹ്യ തിന്മയാണ് ജാതി. പക്ഷേ, ഭരണവർഗങ്ങളുടെ കയ്യിലുള്ള ഏറ്റവും ശക്തമായ ആയുധം കൂടിയാണിത്. അവർക്ക് എങ്ങനെ അത് ഉപേക്ഷിക്കാൻ കഴിയും? കൊളോണിയൽ ഭരണാധികാരി ഇന്ത്യൻ ജനതയെ ഭിന്നിപ്പിക്കാൻ ഉപയോഗിച്ച ജാതി സ്വത്വം കീഴാളർക്ക് സാമൂഹ്യനീതിയും, മതം ഇന്ത്യൻ സ്വഭാവസവിശേഷതകളുള്ള മതേതരത്വവും വാഗ്ദാനം ചെയ്യുന്നതിലൂടെ സ്വാതന്ത്ര്യാനന്തരവും നമ്മുടെ ഭരണഘടനയിൽ സമർത്ഥമായി സംരക്ഷിക്കപ്പെട്ടു. സാമൂഹികനീതി നടപ്പാക്കാൻ ജാതികൾ വേണമായിരുന്നു എന്നോ ജാതിവ്യവസ്ഥയെ ഉന്മൂലനം ചെയ്യാൻ കഴിയില്ലെന്നോ ഞാൻ കരുതുന്നില്ല. എന്നിരുന്നാലും, ജാതിയെ അതിന്റെ മരണാസന്നമായ ഫ്യൂഡൽ അടിത്തറയിൽ നിന്ന് ഭരണഘടനയുടെ ആധുനിക പരിപ്രേഷ്യത്തിലേക്ക് വീണ്ടും നട്ടുപിടിപ്പിച്ചത് അതിനെ യാഥാർത്ഥ്യ ബോധത്തോടെ കൈകാര്യം ചെയ്യാൻ മടിച്ചുകൊണ്ടുള്ള മോശമായ ഭരണപദ്ധതിയുടെ ഭാഗമായിരുന്നു.

ഡോ. ബി.ആർ അംബേദ്കർ ഉൾപ്പെട്ട നമ്മുടെ ഭരണഘടനാ നിർമ്മാണസഭ ഫ്യൂഡൽ മൂല്യങ്ങളെ സംരക്ഷിച്ചു എന്നാണോ താങ്കൾ പറയുന്നത്? അതോ മറ്റുള്ളവരുടെ സമ്മർദ്ദവും നിർബന്ധവും കാരണം അംബേദ്കർ അങ്ങനെ ചെയ്യാൻ നിർബന്ധിതനായതാണോ?

തന്നെ ഒരു കൂലിയെഴുത്തുകാരനായി ഉപയോഗിച്ചു എന്ന് അംബേദ്കർ തന്നെ പറഞ്ഞിട്ടുണ്ടല്ലോ. 1952ൽ തന്നെ അദ്ദേഹം ഭരണഘടന നിരാകരിക്കുകയും ചെയ്തല്ലോ.

ഭരണഘടനാ അസംബ്ലിയിൽ അംബേദ്കർ. കടപ്പാട്:shwetankspad

1931 ന് ശേഷം കൊളോണിയൽ ഭരണാധികാരികൾ ജനസംഖ്യാ കണക്കെടുപ്പിൽ ജാതി നിർണ്ണയിക്കുന്നത് നിർത്തിയതിന് കാരണം ഇന്ത്യയിൽ ഉയർന്നുവന്ന പുതിയ രാഷ്ട്രീയ കാലാവസ്ഥയിൽ അത് അവർക്ക് കൂടുതൽ പ്രയോജനകരമല്ലാത്തതിനാലാണ്. അതേസമയം ആ ദശാബ്ദത്തിൽ അതുവരെ ആളുകൾ അറിയാതിരുന്ന, ഹിന്ദുമതവുമായുള്ള പൊക്കിൾക്കൊടി ബന്ധം വിഛേദിച്ച പട്ടിക ജാതിക്കാരുടെ കണക്കെടുക്കാനുള്ള വിപുലമായ ഒരു തയ്യാറെടുപ്പാണ് അവർ പൂർത്തീകരിച്ചത്. അതൊരു ഭരണ സംവിധാനത്തിന്റെ ഭാഗമായി ഉണ്ടാക്കിയ വിഭാഗം (കാറ്റഗറി) മാത്രം ആയിരുന്നു. ഭരണഘടനയിൽ തൊട്ടുകൂടായ്മ ഇല്ലാതാക്കിയപ്പോൾ അത് യഥാർത്ഥത്തിൽ ജാതികളെ ഉന്മൂലനം ചെയ്യാനുള്ള അവസരം കൂടി ഒരുക്കിയിരുന്നു. പക്ഷേ, അത് അവർ പ്രയോജനപ്പെടുത്തുകയുണ്ടായില്ല. രണ്ടാം ലോകമഹായുദ്ധം കാരണം 1941-ലെ അടുത്ത സെൻസസ് വെട്ടിച്ചുരുക്കി. ആ വർഷങ്ങളിൽ, ആദ്യത്തെ സെൻസസ് നടത്തിയ ഡബ്ല്യു.സി പ്ലോഡൻ ഉൾപ്പെടെയുള്ള നിരവധി സെൻസസ് കമ്മിഷണർമാർ ജാതിയെക്കുറിച്ചുള്ള ചോദ്യം ഒഴിവാക്കാൻ തീരുമാനിച്ചു. മതേതരത്വത്തിന്റെ പേരിൽ 1947-ൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിനുശേഷം ജാതി രേഖപ്പെടുത്തൽ ഇന്ത്യൻ സർക്കാരും ഉപേക്ഷിച്ചു. ‘വംശം, ജാതി അല്ലെങ്കിൽ വർഗ്ഗം’ എന്ന വിഭാഗത്തിന് പകരം ‘പട്ടികവർഗം/ പട്ടികജാതി’ എന്നീ വിഭാഗങ്ങളെ സൃഷ്ടിച്ചു. അങ്ങനെ എന്തെല്ലാം സെൻസസിൽ ഉൾപ്പെടും എന്നതിനെക്കുറിച്ച് അക്കാലത്തെ നേതാക്കൾക്കിടയിൽ നടന്ന ചർച്ചയെക്കുറിച്ചോ സംവാദത്തെക്കുറിച്ചോ നമുക്ക് മനസിലാക്കാനുള്ള രേഖകളില്ല എന്നതാണ് വാസ്തവം.

ഓരോ ജാതിയുടെയും സാമൂഹിക-സാമ്പത്തിക രൂപരേഖ (Socio Economic profile) ബിഹാർ സർക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സാമൂഹ്യനീതിയുടെ നിർണ്ണയത്തിൽ സർവേയുടെ ഈ വിശദാംശങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പറയാമോ?

പിന്നോക്ക വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക നില രേഖപ്പെടുത്താതെ ജാതികളുടെ എണ്ണം മാത്രം കണക്കാക്കുന്നത് മറ്റൊരു വഞ്ചനയാകും. ബിഹാർ സർവേയിൽ സാമൂഹിക-സാമ്പത്തിക ഡാറ്റയുണ്ടെന്ന് ഞാൻ കരുതുന്നു, അവർ അത് യഥാസമയം പ്രസിദ്ധീകരിക്കുമെന്നും പ്രതീക്ഷിക്കുന്നു. ജാതി സെൻസസിന്റെ ആവശ്യകത ഉന്നയിക്കുന്നവർ ഒ.ബി.സികളുടെ സാമൂഹിക-സാമ്പത്തിക അവസ്ഥയുടെ സ്ഥിതിവിവരകണക്കുകളും ആവശ്യപ്പെടുന്നുണ്ട്.

നമ്മുടെ രാജ്യത്തിന്റെ യഥാർത്ഥ പ്രശ്നത്തിന്റെ കാരണങ്ങൾ മനസ്സിലാക്കുന്നതിനും അതിന്റെ പരിഹാരത്തിനായുള്ള വഴികൾ തിരിച്ചറിയാനും വ്യത്യസ്ത ജാതികളിലെ ആളുകളുടെ സാമൂഹിക സാമ്പത്തിക സ്ഥിതിവിവരക്കണക്കുകൾ സഹായകമാവും. തീർച്ചയായും നമ്മുടെ നാട്ടിലെ വൃത്തികെട്ട രാഷ്ട്രീയം അതിൽ ഇടപെടും എന്നുറപ്പാണ്. മറ്റൊരുകാര്യം സാമൂഹ്യനീതിക്ക് തുല്യമായ ഒന്നായി സംവരണം ഈ രാജ്യത്ത് മാറിയിരിക്കുന്നു, അതൊരു സർവരോഗ നിവാരണമാണെന്ന ധാരണയും പടർന്നിരിക്കുന്നു. എല്ലാവർക്കും ആവശ്യമായ ആരോഗ്യം, വിദ്യാഭ്യാസം, ഉപജീവന സുരക്ഷ എന്നിവ ലഭ്യമാക്കുന്ന സാർവത്രിക അവകാശങ്ങൾ ഉറപ്പാക്കിക്കൊണ്ട് സംവരണം യുക്തിസഹമായി നൽകുകയാണ് വേണ്ടത്. ഇതിന്റെ അഭാവത്തിൽ, എത്ര സംവരണം ഏർപ്പെടുത്തുന്നതും ഗുണകരമായിരിക്കുകയില്ല.

മറ്റ് പിന്നാക്ക വിഭാഗ ജാതി ഗ്രൂപ്പുകളുടെ ഉപവിഭാഗങ്ങളെ നിർണ്ണയിക്കാൻ ചുമതലപ്പെട്ട ജസ്റ്റിസ് ജി രോഹിണിയുടെ നേതൃത്വത്തിലുള്ള കമ്മിഷനെ കേന്ദ്രസർക്കാർ ഈ ചുമതല ഏൽപ്പിച്ച് ഏകദേശം ആറ് വർഷത്തിന് ശേഷം 2023 ജൂലൈ 31-ന്, സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു. തുടക്കത്തിൽ 12 ആഴ്ചകൾക്കുള്ളിൽ പൂർത്തിയാക്കാൻ ഉദ്ദേശിച്ചിരുന്ന കാര്യം ആയിരുന്നു ഇത്. ഈ റിപ്പോർട്ടിന്റെ പ്രാധാന്യം താങ്കൾ എങ്ങനെ കാണുന്നു?

റിപ്പോർട്ട് പരസ്യമാക്കാത്തതിനാൽ എന്താണ് ശുപാർശ ചെയ്തതെന്ന് ഊഹിക്കാൻ കഴിയില്ല. എന്നാൽ മാധ്യമങ്ങളിലൂടെ ലഭിച്ച വിവരങ്ങൾ അനുസരിച്ച് ആ റിപ്പോർട്ടും വ്യത്യസ്ത ജാതികളുടെ സാമൂഹിക-സാമ്പത്തിക സർവേ ശുപാർശ ചെയ്തതായി അറിയുന്നു. അത് യുക്തിസഹമായ നിഗമനമായിരിക്കാം, എന്നാൽ ആ ലളിതമായ നിഗമനത്തിലെത്താൻ കമ്മിഷൻ 12 ആഴ്ച ഷെഡ്യൂൾ ചെയ്ത സമയത്തിന് വിരുദ്ധമായി ആറ് വർഷമെടുത്തു. പാവപ്പെട്ടവരുടെ പണം ചെലവഴിച്ച് ഇത്തരം അസംബന്ധ നാടകങ്ങൾ ഒരുക്കുന്ന മനോഹരമായ ഒരു സംവിധാനം നമുക്കുണ്ട്!

2019 ൽ ഒ.ബി.സി വിഭാഗത്തിൽ നിന്നുള്ള ബി.ജെ.പിയുടെ വോട്ട് വിഹിതം ഏകദേശം 44 ശതമാനം ആയിരുന്നു, ഒ.ബി.സിയിലെ താഴ്ന്ന വിഭാഗത്തിൽ നിന്നുള്ള പിന്തുണ കൊണ്ടുകൂടിയാണ് പല സംസ്ഥാനങ്ങളിലും ബി.ജെ.പി അധികാരത്തിലിരിക്കുന്നത്. അത്തരം വിഭാഗങ്ങളുടെ നീതിക്കുവേണ്ടി നിലകൊള്ളാത്ത, അവരെ ഒരു തരത്തിലും ഉൾക്കൊള്ളാത്ത പ്രത്യയശാസ്ത്രത്തിനാണ് അതേ ജനത വോട്ട് ചെയ്യുന്നത് എന്ന വൈരുദ്ധ്യത്തെക്കുറിച്ച് താങ്കളുടെ നിരീക്ഷണം എന്താണ്? അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ഇത് പ്രതിധ്വനിക്കാനുള്ള സാധ്യതയെ താങ്കൾ എങ്ങനെ കാണുന്നു?

യഥാർത്ഥത്തിൽ ഒരു ഭരണ നിർവഹണത്തിൽ ക്രിയാത്മക പങ്കാളിത്തമുള്ള ഒരു പ്രതിപക്ഷ പാർട്ടി ഇല്ലാതെയാണ് നമ്മുടെ ജനായത്ത വ്യവസ്ഥ നിലവിൽ വന്നത് എന്നത് ഒരു വലിയ പോരായ്മായാണ്. എല്ലാ പാർട്ടികളും ഒരർത്ഥത്തിൽ ഭരണവർഗത്തിന്റെ ഒത്താശക്കാരാണ്. ഇപ്പോൾ ബി.ജെ.പിക്ക് അവരെ ആ രൂപത്തിൽ പോലും ആവശ്യമില്ല. കാര്യങ്ങളെ സമഗ്രമായോ ദരിദ്രരുടെ വീക്ഷണകോണിൽ നിന്നോ കാണാൻ ആരുമില്ല. നല്ല വാക്ചാതുര്യത്തിലൂടെ യാഥാർഥ്യങ്ങൾ മറച്ചുവച്ച്, ബി.ജെ.പി അതിന്റെ കാതലായ ആശയധാരയായ ബ്രാഹ്മണമതം പുനഃസ്ഥാപിക്കാൻ ആഗ്രഹിക്കുന്ന ഒരു പാർട്ടിയാണ്. മറ്റുള്ളവരെ ഭരിക്കാൻ ഒരു ഉന്നത വിഭാഗം ജനങ്ങളുണ്ടെന്ന വിശ്വാസമാണ് അത് പിന്തുടരുന്നത്. ആധുനിക കാലത്ത് ക്ലാസിക്കൽ ഇന്ത്യയുടെ മാതൃക പുനർനിർമ്മിക്കാൻ അത് ആഗ്രഹിക്കുന്നു, അത് ദരിദ്ര വിഭാഗങ്ങൾക്ക് ദോഷകരമാകും. എന്നാൽ ആളുകളെ വിഡ്ഢികളാക്കുന്നതിൽ മാത്രമല്ല, അവരുടെ ഭക്തരെ അതിന്റെ താളത്തിനൊത്ത് നൃത്തം ചെയ്യാനുള്ള മനുഷ്യ യന്ത്രങ്ങളാക്കി ചുരുക്കുന്നതിലും അവർ വിജയിച്ചിട്ടുണ്ട്.

ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം ജനങ്ങളുടെ ഇച്ഛയാൽ രൂപപ്പെട്ടുവരുന്നതല്ല, മറിച്ച് അത് ബാഹ്യ ശക്തികളാൽ നിർമ്മിച്ചെടുക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നതാണ്. കൂടാതെ ബി.ജെ.പിയുടെ മുഴുവൻ ഉപരിഘടനയും ഒ.ബി.സി വോട്ടുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഏറ്റവും ജനസാന്ദ്രതയുള്ള വിഭാഗം ശൂദ്രരായതിനാൽ അവരെ എല്ലാ പാർട്ടികളും തങ്ങളുടെ താല്പര്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുകയാണ് ചെയ്യാറുള്ളത്. നെഹ്‌റു ഗവൺമെന്റ് നടപ്പിലാക്കിയ ഭൂപരിഷ്‌കരണത്തിനും ഹരിതവിപ്ലവത്തിനും ഈ തന്ത്രപരമായ മാനം ഉണ്ടായിരുന്നു. പിന്നോക്കക്കാരിൽ നിന്നും ഒരു വിഭാഗം സമ്പന്ന കർഷകരെ സൃഷ്ടിക്കുന്നതിലൂടെ ആ വിഭാഗത്തിലെ മുഴുവൻ ജനങ്ങളും കോൺഗ്രസിൽ അണിചേരും എന്നായിരുന്നു കണക്കുകൂട്ടൽ. കുറച്ചുകാലം ഇത് ഒരു പരിധിവരെ പ്രവർത്തിച്ചെങ്കിലും അത് കോൺഗ്രസിന് തന്നെ തിരിച്ചടിയായി മാറുകയാണ് ചെയ്തത്. അതുവരെ, 19-ാം നൂറ്റാണ്ടിലെ മഹാത്മ ഫൂലെയുടെയും പെരിയാറിന്റെയും പോലുള്ള പ്രസ്ഥാനങ്ങളിലൂടെ ബ്രാഹ്മണ വിരുദ്ധതയുടെ ഒരു അവബോധം അവർക്ക് ഉണ്ടായിരുന്നു. എന്നാൽ ഗ്രാമീണ ഇന്ത്യയുടെ പ്രഭുവർഗമായി മാറാമെന്ന വ്യാമോഹത്തിൽ അകപ്പെട്ടപ്പോൾ ആ വിമോചന ബോധം ഇല്ലാതാവുകയാണ് ചെയ്തത്. ഈ സാഹചര്യം അവരെ ഹൈന്ദവവൽക്കരിക്കാൻ ബി.ജെ.പിക്ക് സഹായകരമായ, ഒരു പ്രതിബോധം വളർത്തിയെടുക്കുകയും ചെയ്തു. ഒ.ബി.സി ജനവിഭാഗങ്ങൾ മാത്രമല്ല, ദലിതർ പോലും ബി.ജെ.പിക്ക് ഭൂരിപക്ഷം നേടിക്കൊടുക്കാൻ വോട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് എല്ലാ പ്രതിപക്ഷ പാർട്ടികൾക്കും ഒന്നിച്ചുള്ളതിനേക്കാൾ കൂടുതൽ സംവരണ സീറ്റുകളാണ് ലഭിച്ചത്. പണവും സംഘടന ശക്തികയും ഗോദി മീഡിയയുടെ പിന്തുണയും വിവിധ ഭരണഘടനാ സ്ഥാപനങ്ങളുടെ നിയന്ത്രണവും കൊണ്ട് ബി.ജെ.പി അതിന്റെ ശക്തി കേന്ദ്രീകരണം മുമ്പെങ്ങുമില്ലാത്തവിധം ഉറപ്പിക്കുകയായിരുന്നു.

ബി.ജെ.പിയുടെ വിജയത്തിൽ ഒ.ബി.സി വിഭാഗങ്ങൾക്ക് നിർണായക പങ്കുണ്ടെങ്കിലും തോൽവി നിർണ്ണയിക്കുന്നത് അവർ മാത്രമാകണം എന്നില്ല. തീർച്ചയായും, അവരിൽ പലരും തങ്ങൾ കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലാക്കുകയും അവരുടെ മയക്കത്തിൽ നിന്ന് പുറത്തുകടക്കുകയും ചെയ്തേക്കാം. എന്നാൽ പലരും അങ്ങനെ ആയിരിക്കില്ല. കേവല ഭൂരിപക്ഷം ലഭിക്കുന്ന കക്ഷി അധികാരം നേടുന്ന തെരഞ്ഞെടുപ്പ് രീതിയിൽ ഈ വലിയ ജനസംഖ്യയുടെ ഒരു ഭാഗം അതിൽ സ്വാധീന ശക്തിയായേക്കാം. എന്തായാലും ജാതി സെൻസസ് ഒരു വലിയ രാഷ്ട്രീയ പ്രക്ഷുബ്ദ്ധത സൃഷ്ടിക്കും. അത് വികസനത്തിന്റെ പേരിൽ പ്രചരിക്കുന്ന ബി.ജെ.പിയുടെ നുണകളെ തുറന്നുകാട്ടും. അത് 2024 ലെ തെരഞ്ഞെടുപ്പിനെ നിർണ്ണായകമായി സ്വാധീനിക്കും.

കടപ്പാട്:thewire

സാധാരണയായി സെൻസസ് നമുക്ക് എസ്.ടി-എസ്.സി വിഭാഗങ്ങളിൽ പെട്ടവരുടെയും മുസ്ലീങ്ങൾ ഉൾപ്പെടെയുള്ള മതവിശ്വാസികളുടെയും മറ്റും ജനസംഖ്യ കണക്കുകൾ നൽകുന്നു. 10 വർഷത്തിലൊരിക്കൽ നടക്കുന്ന സാധാരണ സെൻസസിൽ നിന്ന് ജാതി സെൻസസ് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് പറയാമോ?

ഭരണഘടനാപരമായി സാധൂകരിക്കപ്പെട്ട ജാതികളായതിനാൽ ആണ് എസ്‌സി, എസ്ടി വിഭാഗങ്ങളെ സാധാരണ സെൻസസ് പരിഗണിക്കുന്നത്. ഇന്ത്യയുടെ മതേതരത്വത്തിന് മതം പിന്തുടരുന്നവരുടെ എണ്ണം ആവശ്യമായതിനാൽ മതങ്ങളും കണക്കെടുപ്പിൽ പെടുന്നു. ജാതി സെൻസസ് നിലവിലെ സെൻസസിൽ നിന്ന് വ്യത്യസ്തമായിരിക്കും. കാരണം എല്ലാ ജാതികളും, പട്ടികജാതി വിഭാഗങ്ങളിലെ ഉപജാതികളുടേതടക്കം (കൂടാതെ ജാതിയല്ലെങ്കിലും പട്ടിക വർഗ വിഭാഗങ്ങളുടെയും) സാമൂഹിക-സാമ്പത്തിക കണക്കുകൾ ഇതിന്റെ ഭാഗമായി വരും. എസ്‌.സി, എസ്.ടി, ഒ.ബി.സി, പൊതുവിഭാഗം തുടങ്ങിയ ജാതി വിഭാഗങ്ങൾക്കുള്ളിലെ അസമത്വത്തെ ഇത് തുറന്നുകാട്ടും. എന്നാൽ എല്ലാ ജാതി ഗ്രൂപ്പുകൾക്കിടയിലും വ്യക്തിഗത ജാതികൾക്കിടയിലും കാര്യമായ അസമത്വമുണ്ടെന്നും ശാസ്ത്രീയ മാനദണ്ഡങ്ങൾ ഉപയോഗിച്ച് കണക്കാക്കുന്ന അസമത്വത്തിന്റെ അളവ് അവർക്കിടയിലെല്ലാം എല്ലായിടത്തും സമാനമായിരിക്കാമെന്നും പറയുന്നത് ബുദ്ധിശൂന്യവുമാണ്. ഇന്ന് മനുഷ്യനെന്ന നിലയിൽ ജീവിതത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ എത്ര ആളുകൾക്ക് ഇല്ലെന്നതിന്റെ വിവരങ്ങളും ഇല്ലായ്മയുടെ സൂചകവും (Deprivation Index) ഏറെ പ്രസക്തമായേക്കാം. എന്നാൽ ഇത് സർവ്വേ ഫലങ്ങളുടെ വിശകലനത്തിലൂടെ പുറത്തുവരേണ്ട കാര്യമാണ്.

ഒ.ബി.സിയിലെ ഉയർന്ന വിഭാഗങ്ങളും താഴ്ന്ന വിഭാഗങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണ്? മേൽത്തട്ടിലുള്ള കർഷകരും താഴ്ന്ന കരകൗശല തൊഴിലാളികളും തമ്മിലുള്ള അന്തരം ആണോ അത്? അത് അവരുടെ മതത്തിൽ പ്രതിഫലിക്കുന്നുണ്ടോ? താഴേത്തട്ടിലുള്ളവർ കബീറിനെപ്പോലെയുള്ള നിർഗുണ സന്യാസിമാരെ പിന്തുടരുന്നുവെന്നും അങ്ങനെ മുസ്ലിങ്ങളോട് (സൂഫികളോട് ) കൂടുതൽ അടുക്കുന്നുവെന്നും പറയപ്പെടുന്നു, അതേസമയം ഉയർന്ന വിഭാഗങ്ങൾ തുളസീദാസിനെപ്പോലെയുള്ള സഗുണ സന്യാസിമാരെ പിന്തുടരുകയും ഉയർന്ന ജാതികളുടെ സനാതന ധർമ്മത്തോട് കൂടുതൽ അടുക്കുകയും ചെയ്യുന്നു എന്നും പറയുന്നത് ശരിയാണോ?

ഒ.ബി.സി വിഭാഗം നിരവധി ജാതികളുടെ ഒരു കൂട്ടായ്മയാണ്. ഇതിൽ ഉയർന്ന വിഭാഗങ്ങൾ ശാക്തീകരിക്കപ്പെടുകയും ഉന്നത ജാതിക്കാരെ എളുപ്പത്തിൽ മറികടക്കുകയും ചെയ്തേക്കാം. അതുപോലെ തന്നെ താഴെത്തട്ടിലെ വിഭാഗങ്ങൾ എസ്.സി-എസ്.ടി വിഭാഗം ജനങ്ങളെക്കാൾ മോശം സ്ഥിതിയിലും ആകാം. ഈ ഗ്രൂപ്പിന്റെ പ്രധാന ഐഡന്റിറ്റി കൃഷിയുമായുള്ള ബന്ധമാണ്, എന്നാൽ അതിന്റെ ഒരു ചെറിയ വിഭാഗം ജനതയ്ക്ക് മാത്രമേ ഭൂമിയുടെ ഉടമസ്ഥാവകാശമുള്ളൂ. ഭൂപരിഷ്‌കരണ നയം (കുടിയാന്മാർക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം നൽകിയത്), ഹരിതവിപ്ലവം തുടങ്ങിയ ഇന്ത്യൻ ഗവൺമെന്റിന്റെ പോസ്റ്റ്-കൊളോണിയൽ നയങ്ങളിലൂടെ ഈ ന്യൂനപക്ഷ വിഭാഗം സമ്പന്നന്മാരായി. ഇത് അവരുടെ രാഷ്ട്രീയവൽക്കരണത്തിലേക്ക് നയിച്ചു. പരമ്പരാഗതമായി അവർ വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നില്ല, അതിനാൽ ബ്യൂറോക്രസിയിൽ പ്രാതിനിധ്യം ലഭിക്കുന്നത് പോലെയുള്ള കാര്യങ്ങളിൽ കുറവുകൾ ഉണ്ടെങ്കിലും, നിയമനിർമ്മാണ സഭകളിലും രാഷ്ട്രീയ സ്ഥാനങ്ങളിലും ഒക്കെയുള്ള അവരുടെ സ്വാധീനം പ്രാധാന്യമർഹിക്കുന്നു. ഈ ജാതി വിഭാഗങ്ങൾ പഴയ സവർണ്ണ ഭൂവുടമകളുടെ മേൽ അധികാരം നേടുകയും ആ ഗ്രാമപ്രദേശങ്ങളിൽ നിലനിന്നിരുന്ന ബ്രാഹ്മണിസത്തിന്റെ നടത്തിപ്പുകാരായി മാറുകയും ചെയ്തുകൊണ്ട് അവിടുത്തെ ദലിതുകളുമായി (എസ്‌.സി) ഇടപഴകുന്ന സ്ഥിതിവന്നു. ബി.ജെ.പിയുടെ ഹിന്ദുത്വ അജണ്ടയുമായി താദാത്മ്യം പ്രാപിക്കുന്നതിലേക്ക് അവർ അടുത്തത് ഈ പ്രക്രിയകളിലൂടെയാണ്. അല്ലാത്തപക്ഷം, സ്വാതന്ത്ര്യത്തിനു മുമ്പുള്ള നാളുകളിൽ, ഫൂലെയുടെയും പെരിയാറിന്റെയും പോലെയുള്ള ബ്രാഹ്മണേതര പ്രസ്ഥാനങ്ങളിലൂടെ ബ്രാഹ്മണർക്കെതിരെ ദലിതുകളുമായി അവർ ഐക്യപ്പെട്ടുവരികയായിരുന്നു. അവർക്കിടയിലെ സഗുണ, നിർഗുണ വ്യത്യാസത്തെക്കുറിച്ച് എനിക്ക് ഉറപ്പില്ല. എന്നാൽ തീർച്ചയായും, അവരുടെ സംസ്കാരത്തിൽ വ്യത്യാസമുണ്ട്. താഴെ തട്ടിലുള്ളവരുടെ ജീവിതം സൂഫി ഇസ്ലാമുമായുള്ള അടുപ്പത്തെ പ്രതിഫലിപ്പിക്കുമ്പോൾ ഉയർന്ന തട്ടുകൾ കൂടുതൽ ഹൈന്ദവവൽക്കരിക്കപ്പെട്ടിരിക്കുന്നു. എന്റെ കുട്ടിക്കാലത്ത് ദലിതരും ചില കരകൗശല ജാതിക്കാരും മുഹറം ആഘോഷിക്കുന്നതും പ്രാദേശിക മുസ്ലീങ്ങളുമായി സാംസ്കാരിക ഇടപഴകലുകൾ നടത്തുന്നതും കാണാൻ കഴിഞ്ഞിരുന്നു.

മണ്ഡൽ വിരുദ്ധ പ്രക്ഷോഭം. കടപ്പാട്:caravan

ഒ.ബി.സിയെ ഒട്ടനവധി ജാതി വിഭാഗങ്ങളുടെ ഒരു നെറ്റ്‌വർക്ക് ആയി പരിഗണിക്കുമ്പോൾ താങ്കൾ പറഞ്ഞപോലെ അവരിൽ മുന്നോക്കവും പിന്നോക്കവും നിൽക്കുന്ന വിഭാഗങ്ങൾ ഉണ്ടല്ലോ. ഒ.ബി.സി വിഭാഗത്തിലെ പിന്നോക്ക വിഭാഗങ്ങൾ ചരിത്രപരമായി അവഗണിക്കപ്പെട്ടുവെന്നും ജാതി സെൻസസ് അവർക്ക് നയപരമായ മാറ്റങ്ങളിലൂടെ സാമൂഹിക നീതി ലഭിക്കാൻ അവസരം നൽകുമെന്നും താങ്കൾ കരുതുന്നുണ്ടോ?

ഞാൻ മുമ്പ് പറഞ്ഞതുപോലെ, ഏത് ജാതി ക്ലസ്റ്ററിന്റെ കാര്യത്തിലും വ്യത്യസ്ത ജാതികളുടെ കാര്യത്തിലും ഇത് ശരിയാണ്. അതേസമയം അത് സംബന്ധിച്ച സുപ്രധാന യാഥാർഥ്യങ്ങൾ ഒന്നുപോലും ഏകതാനമല്ല. തീർച്ചയായും എന്താണ് ചെയ്യേണ്ടതെന്ന് എന്ന് വ്യക്തത തരാൻ ജാതി സെൻസസ് ഡാറ്റ നമ്മെ പ്രാപ്തരാക്കും. അതുമായി ബന്ധപ്പെട്ട ഒരേയൊരു അപകടസാധ്യത, ഇത് അത്തരമൊരു ലക്ഷ്യത്തിനായി വിശകലനം ചെയ്യുന്നതിനുമുമ്പ്, ജാതി ബോധമുണ്ടാക്കി നേട്ടം കൊയ്യാൻ രാഷ്ട്രീയക്കാർ കൗശലപൂവ്വം പ്രയയോജനപ്പെടുത്തും എന്നതാണ്. നയങ്ങൾ രൂപീകരിക്കുന്നതിന് ഈ ഡാറ്റ ജനാധിപത്യ രീതിയിൽ നിഷ്പക്ഷമായി വിശകലനം ചെയ്യാവുന്നതാണ്, എന്നാൽ രാഷ്ട്രീയത്തിന്റെ ഇപ്പോഴത്തെ പ്രവണത കണക്കിലെടുക്കുമ്പോൾ അത് സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണ്.

1980-കളിൽ, മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് വളരെ രാഷ്ട്രീയവൽക്കരിക്കപ്പെടുകയും മണ്ഡൽ രാഷ്ട്രീയം എന്ന ഒരു പുതിയ രാഷ്ട്രീയ പ്രയോഗം തന്നെ ഉദയം കൊള്ളുകയും ചെയ്തല്ലോ. വി.പി സിംഗ് സർക്കാർ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ തീരുമാനിച്ചപ്പോൾ സംഘപരിവാറിൽ നിന്നുള്ള ചെറുത്തുനിൽപ്പും അത് നമ്മുടെ രാജ്യത്ത് ആർ.എസ്.എസിന്റെ പ്രത്യയശാസ്ത്ര ഉണർവ്വിന് വഴിയൊരുക്കിയതും നാം കണ്ടതാണ്. ഇപ്പോൾ ആർ.എസ്.എസ് സ്വാധീനം അന്നുണ്ടായതിനേക്കാൾ വളരെയധികം വികസിപ്പിച്ചിട്ടുണ്ട്. ആ പശ്ചാത്തലത്തിൽ ജാതി സെൻസസ് നൽകുന്ന സാമൂഹ്യ യാഥാർഥ്യങ്ങളുടെ വെളിച്ചത്തിൽ സംവരണ നയവും എല്ലാവരെയും ഉൾക്കൊള്ളുന്ന പുരോഗമന നയങ്ങളും നടപ്പിലാക്കാൻ ഏതെങ്കിലും എൻ.ഡി.എ ഇതര സർക്കാർ തയ്യാറാകുമെന്ന് താങ്കൾ കരുതുന്നുണ്ടോ?

പിന്നോക്ക ജാതി സംബന്ധിച്ച മുഴുവൻ വ്യവഹാരങ്ങളും പട്ടികജാതി വിഭാഗങ്ങൾക്കുള്ള സംവരണങ്ങളെ എതിർക്കാനും സാമൂഹ്യനീതിയുടെ മുനയൊടിച്ച് ജാതികളെ സംരക്ഷിക്കാനുമാണ് ശ്രമിച്ചതെന്ന് തോന്നുന്നു. സമൂഹത്തെ ജാതിവൽക്കരിക്കാൻ അവസരോചിതമായ സമയത്ത് തുറന്ന് പുറത്തേക്കെടുക്കാവുന്ന ‘ജാതി പുഴുക്കളുടെ ഒരു തകരപ്പാത്ര നിർമ്മാണം’ എന്നാണ് ഞാൻ ഇതിനെ വിശേഷിപ്പിച്ചത്. വി.പി സിങ്ങിന് തന്റെ രാഷ്ട്രീയ ജീവിതത്തിൽ നേട്ടമുണ്ടാക്കി മുന്നോട്ടുപോകാനുള്ള നിർണ്ണായക സമയമായിരുന്നു അത്. 1990 ആഗസ്റ്റ് 7 ന് മണ്ഡൽ കമ്മീഷൻ ശുപാർശകൾ പ്രകാരം ഒ.ബി.സികൾക്ക് പൊതുമേഖലാ സ്ഥാപനങ്ങളിൽ 27 ശതമാനം സംവരണം ലഭിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് സംവരണം നീട്ടാത്തത് സർക്കാരിന്റെ പ്രായോഗിക രാഷ്ട്രീയ പരിഗണനകൾ വ്യക്തമാക്കുന്നതാണ്. അത് ചെയ്യാൻ ഇനിയും 16 വർഷമെടുക്കും. എന്നിരുന്നാലും, ആ പ്രഖ്യാപനം സംവരണത്തിനെതിരെ ഉന്നത ജാതിക്കാരായ യുവാക്കളിൽ നിന്ന് രോഷാകുലമായ പ്രതികരണങ്ങൾ അഴിച്ചുവിട്ടു. അത് സൃഷ്ടിച്ച വിരോധാഭാസവും രസകരവുമായ കാര്യം ഒ.ബി.സി വിഭാഗത്തിലെ യുവാക്കൾ തങ്ങളുടെ ജാതി തിരിച്ചറിയാതെ സംവരണ വിരുദ്ധരോടൊപ്പം ചേരുകയും, സംവരണത്തെ ആവേശത്തോടെ പിന്തുണയ്ക്കുന്ന ദലിതരെ ആക്രമിക്കുകയും ചെയ്തു എന്നതാണ്. എന്നാൽ തങ്ങൾ ഒ.ബി.സി വിഭാഗങ്ങളാണെന്നും സംവരണം തങ്ങൾക്ക് വേണ്ടിയുള്ളതാണെന്നും ഒ.ബി.സികൾക്ക് അറിയില്ലായിരുന്നു. അത് തിരിച്ചറിയാൻ തുടങ്ങിയപ്പോഴും അവർ ദലിതരോടുള്ള സമീപനത്തിൽ മാറ്റം വരുത്തിയിരുന്നില്ല. ഒ.ബി.സി ഐഡന്റിറ്റിയുടെ ഉയർച്ച ആർ.എസ്.എസിന്റെ ഹിന്ദുത്വ അജണ്ടയ്ക്ക് മരണമണി ഉയർത്തി. ആ ഭീഷണി തടയാൻ അവർ ആക്രമണോത്സുകമായി രാം മന്ദിർ പ്രസ്ഥാനം ആരംഭിക്കുകയും രാജ്യത്ത് ഉയർന്നുവരുന്ന ഒ.ബി.സി ഐഡന്റിറ്റിയെ ഹിന്ദു ഐഡന്റിറ്റി ഉപയോഗിച്ച് മറികടക്കുന്നതിൽ വിജയിക്കുകയും ചെയ്തു. ഒ.ബി.സികൾക്ക് സംവരണം കിട്ടുന്നത്തിലൂടെ അവരുടെ മണ്ഡലത്തിൽ ബഹുജന ഐക്യം വികസിക്കുമെന്ന ദലിത് പ്രതീക്ഷയ്ക്ക് വിരുദ്ധമായി, ഒ.ബി.സികൾ ബ്രാഹ്മണിസ്റ്റ് ശക്തികളുമായി പൊതുപ്രവർത്തനം നടത്താനും അവരുടെ പാദസേവകരാകാനും താല്പര്യപ്പെടുകയായിരുന്നു. ബി.ജെ.പിയുടെ ഉയർച്ച ഒ.ബി.സി വിഭാഗങ്ങളുമായുള്ള വ്യവഹാരത്തിലുണ്ടായ മാറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായി കാണാം. ഒ.ബി.സികളോടുള്ള സവർണ്ണ ഹിന്ദുമത വാദികളുടെ അടുപ്പത്തിനാധാരം ഗ്രാമങ്ങളിലെ ദലിതരുടെ പിന്നോക്കാവസ്ഥ മാറ്റമില്ലാതെ നിലനിർത്തുന്നതിലുള്ള അവരുടെ ആത്മാഭിമാനം ആണ്.

നിലനിൽക്കുന്ന പൊതു സങ്കല്പം പോലെ സംവരണങ്ങൾ സാമൂഹ്യനീതിയുടെ ഉപകരണങ്ങളല്ല (കൊളോണിയൽ കാലത്ത് അവ വിഭാവനം ചെയ്തതുപോലെ), മറിച്ച് ജനങ്ങളെ സ്വാധീനിക്കാനും തങ്ങൾക്കുവേണ്ടി ഉപയോഗിക്കാനുമുള്ള ഭരണവർഗങ്ങളുടെ കൈകളിലെ ആയുധമാണ്. ജാതി കണക്കെടുപ്പിലൂടെ വിവരങ്ങൾ പുറത്തുവരുന്നതോടെ സംവരണത്തിന്റെ മറ്റൊരു തരംഗം ഇന്ത്യൻ രാഷ്ട്രീയ മണ്ഡലത്തെ വിഴുങ്ങും. എന്നാൽ ഇപ്പോഴത്തേതിനേക്കാൾ കൂടുതൽ മോശം അവസ്ഥയ്ക്ക് സാധ്യതയില്ല. അതുകൊണ്ടാണ് ഞാൻ ജാതി സെൻസസിന് അനുകൂലമായി നിലകൊള്ളുന്നത്. ജാതി സർവ്വേയുടെ മുഴുവൻ വിവരങ്ങളും പുറത്തുവന്നാൽ ഇപ്പോഴുള്ള സംവരണം തലതിരിച്ചിടാനുള്ള ആവശ്യമാവും ഉയർന്നുവരിക; ബ്രാഹ്മണ ജാതികൾക്ക് 15.5 ശതമാനം സംവരണം നിലനിർത്തുക, ബാക്കിയുള്ളത് മറ്റു വിഭാഗം ആളുകൾക്ക് വിട്ടുകൊടുക്കുക. അതായിരിക്കും ‘യോഗ്യതയുള്ള ജാതികൾ’ എന്ന് വിളിക്കപ്പെടുന്നവരെ തൃപ്തിപ്പെടുത്തുന്നത് ! ഞാൻ സൂചിപ്പിച്ചതുപോലെ, ഒരു ഭരണവർഗവും സംവരണം എന്ന ആശയം ഉപേക്ഷിക്കില്ല, അത് അവർക്ക് പുരോഗമന സ്വഭാവത്തിന്റെ മുഖവും ജനങ്ങളെ ചൂഷണം ചെയ്യാനുള്ള ഉപകാരണവുമാണ്. പതിവുപോലെ ജാതി ഡാറ്റ പുതിയ സംവരണ ചർച്ചകൾക്ക് തുടക്കമിടും. എന്നാൽ ഈ ഡാറ്റ രണ്ടു കാര്യങ്ങൾ തുറന്നുകാട്ടും, ഒന്ന് ജാതിയിൽ അധിഷ്ഠിതമായ രാഷ്‌ട്രീയ വ്യവഹാരത്തിന്റെ യുക്തിരാഹിത്യം, രണ്ടാമത്തേത് മതേതര കാഴ്ച്ചപ്പാടിലൂടെ വായിക്കാൻ പറ്റുന്ന ഇന്ത്യൻ യാഥാർഥ്യത്തിന്റെ നേർക്കാഴ്ച. ഇന്ത്യയിലെ രാഷ്ട്രീയക്കാർ ഇതിൽ ഏത് തിരഞ്ഞെടുക്കും എന്നത് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ!

രോഹിത് വെമുലയുടെ മരണത്തെ തുടർന്ന് നടന്ന പ്രക്ഷോഭം. കടപ്പാട്:scroll

ഇന്ത്യയിലെ ദലിതരുടെ/പട്ടികജാതിക്കാരുടെ ഇന്നത്തെ അവസ്ഥ എന്താണ്? ദലിതർക്കുള്ളിലെ ജാതികൾ അവരെ ഭിന്നിപ്പിക്കുന്നുണ്ടോ? അവർക്ക് എങ്ങനെ ഒന്നിച്ചു നിൽക്കാം?

ദലിതരുടെ ജീവിതത്തെ രണ്ടു രീതിയിൽ നോക്കിക്കാണാം. ഒന്ന്, വളരെ മുന്നോക്കം പോകാൻ കഴിഞ്ഞ വിദ്യാസമ്പന്നരായ, അവർക്കിടയിലെ ശതകോടീശ്വരന്മാരെയും മുതലാളി വർഗത്തെയും മുൻനിർത്തിയുള്ള വിശകലനം. മറ്റൊന്ന് രാജ്യത്തുടനീളം അനുദിനം വർദ്ധിച്ചു വരുന്ന, തങ്ങളുടെ ഉപജീവനത്തിനായി പോരാടുന്ന ആദൃശ്യരായ ഒരു വലിയ ദലിത് ജനവിഭാഗത്തിന്റെ ജീവിതാവസ്ഥയുടെ പശ്ചാത്തലത്തിലുള്ള വിശകലനം. സംവരണ നയത്തിന്റെ നേരിട്ടോ അല്ലാതെയോ ഉണ്ടായ ഫലമായി ഈ രണ്ടു യാഥാർഥ്യങ്ങളും കാണാൻ കഴിയും. സംവരണം ദലിതരിലെ ഒരു വിഭാഗത്തെ വളർത്തിക്കൊണ്ടുവരികയും അവർ മറ്റുള്ളവരെ അകറ്റിനിർത്തിക്കൊണ്ട് ക്രമേണ എല്ലാ അവസരങ്ങളും 2-3 തലമുറകളിലൂടെ പ്രയോജനപ്പെടുത്തുകയും സംവരണം തന്നെ അപ്രസക്തമാക്കുകയും ചെയ്തു. ബാക്കിയുള്ളവരെ സംബന്ധിച്ചിടത്തോളം, ഈ ഔന്നത്യം ഒരു മരീചികയായി തുടരുകയും സംവരണത്തിനെതിരായ നീരസത്തിന്റെ ആഘാതം വഹിക്കേണ്ടിവരികയും ചെയ്യുന്നു. അത് പലപ്പോഴും അവർക്കെതിരെയുള്ള അതിക്രമങ്ങളായി മാറുകയും ചെയ്തു. 1990-കളോടെ, നവലിബറൽ പരിഷ്‌കാരങ്ങൾ സാമൂഹ്യനീതിയുടെ വ്യവഹാരങ്ങളെ പാർശ്വവൽക്കരിച്ചു. സംവരണം ഒരു രാഷ്ട്രീയ ആവശ്യകതയായി തുടർന്നുവെങ്കിലും, പൊതുമേഖലയെ ഞെരുക്കിയ സ്വകാര്യവത്കരണം കാരണം അവ പലവിധത്തിൽ അർത്ഥശൂന്യമാക്കപ്പെട്ടു. സാമ്പത്തികമായി മുന്നോക്കാവസ്ഥയെ പ്രതിനിധീകരിക്കുന്ന ഒരു വർഗ്ഗത്തിന്റെ ഉദയം കാരണം ഒറ്റ സമുദായമെന്ന നിലയിൽ അവർക്കിടയിൽ ഉണ്ടായിരുന്ന കെട്ടുറപ്പ് നഷ്ടപ്പെട്ടു. ഈ കാര്യം മൊത്തം സമുദായ തലത്തിൽ നടന്നപ്പോൾ, വ്യത്യസ്ത ജാതികൾക്കിടയിൽ പിന്നോക്ക സമുദായത്തിന്റെ ഉപവർഗ്ഗീകരണത്തിന്റെ അടിസ്ഥാനത്തിൽ സംവരണം വേണം എന്ന ആവശ്യമുയർന്നു. എന്നാൽ ഒരു ഉപവർഗ്ഗീകരണത്തിനും പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്ന് അവർ മനസിലാക്കുന്നില്ല.

ബാബാസാഹേബ് അംബേദ്കറുമായുള്ള ബന്ധത്തിലൂടെ സംവരണം ദലിത് വിഭാഗത്തിന് ഒരു വൈകാരിക പ്രശ്‌നമായി മാറിയിരിക്കുന്നു, അതിനാൽ അതിനെ ഒരിക്കലും വസ്തുനിഷ്ഠമായി കാണാൻ അവർക്ക് കഴിയുന്നില്ല. സംവരണം എന്ന സാധ്യത തൊഴിൽ വിപണിയുടെ വളരെ ചെറിയ ഒരു വിഭാഗത്തിൽ മാത്രം നടപ്പാക്കാൻ പറ്റുന്ന കാര്യമാണെന്നും വലിയൊരു മേഖല അതിന് പുറത്താണെന്നും മനസിലാക്കപ്പെടുന്നില്ല. നവലിബറൽ സാമ്പത്തിക മാതൃകയും പുതിയ സാങ്കേതിക വിദ്യകളുടെ ആവിർഭാവവും കൊണ്ട്, തൊഴിൽ സാഹചര്യങ്ങൾ അതിവേഗം മോശമായിക്കൊണ്ടിരിക്കുകയാണ്.

ഞാൻ ഏതെങ്കിലും ജാതിയെക്കുറിച്ചോ അവരുടെ കൂട്ടായ്‌മ്മയെക്കുറിച്ചോ നേരത്തെ പറഞ്ഞതുപോലെ, ദലിതുകളും ഒരു ഏകീകൃത ജനതയല്ല; ദലിത് (ഔദ്യോഗികമായി പട്ടികജാതി) എന്ന പൊതു പദത്തിനുള്ളിൽ നിരവധി ജാതികൾ ഉണ്ടായിട്ടുണ്ട്. ഓരോ പ്രദേശത്തും ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ദലിത് വിഭാഗങ്ങൾ (മഹാരാഷ്‌ട്രയിലെ മഹർ, കർണാടകയിലെ ഹൊലയ, തെലങ്കാനയിലും ആന്ധ്രയിലും മലകൾ , തമിഴ്‌നാട്ടിലെ പറയകൾ, കേരളത്തിലെ പുലയർ, ബംഗാളിലെ നംശൂദ്രർ, വടക്കൻ സംസ്ഥാനങ്ങളിലെ ചമർ തുടങ്ങിയവർ ) മാത്രമാണ് സാധാരണയായി അംബേദ്കറൈറ്റ് എന്ന് സ്വയം തിരിച്ചറിയുന്നത്. വിവിധ കാരണങ്ങളാൽ അവർ സംവരണത്തിന്റെ ഗുണഭോക്താക്കളായിട്ടുണ്ട്. എന്നാൽ ദലിതർക്കിടയിൽ തന്നെ ഒറ്റപ്പെട്ടവരായി തോന്നുകയും ഭൂരിപക്ഷ ജാതിവിഭാഗങ്ങളുടേതിന് വിരുദ്ധമായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന നിരവധി ചെറുകിട ജാതികൾ ദലിതർക്കിടയിലെ ഭൂരിപക്ഷ ജനതയ്ക്ക് ഏതാണ്ട് തുല്യമായിട്ടുണ്ട്. ജാതിബോധം തീർച്ചയായും ഗുണകരമായ പങ്കുവഹിക്കുമ്പോൾ, സംവരണം അവരുടെ അന്യവൽക്കരണം കൂടുതൽ വഷളാക്കുകയാണ് ചെയ്തത് എന്നത് മറ്റൊരു വസ്തുത.

മുംബൈ തലോജ ജയിലിൽ നിന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്ന ആനന്ദ് തെൽതുംദെ. കടപ്പടാ്:thetelegraph

ജനസംഖ്യയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് (EWS) 10 ശതമാനം വരെ സംവരണം നൽകുന്നതിനായി ഭരണഘടനയിൽ ആർട്ടിക്കിൾ 15(6), 16(6) ഉൾപ്പെടുത്തുകയുണ്ടായല്ലോ. പുരോഗമനാത്മക നിലപാടുകൾക്ക് പേരുകേട്ട കേരളം മടികൂടാതെ ഈ നയം മാറ്റം അംഗീകരിച്ചു. മുന്നോക്ക വിഭാഗത്തിൽപ്പെട്ടവർക്ക് നൽകുന്ന ഈ സംവരണ ആനുകൂല്യത്തെ താങ്കൾ എങ്ങനെ കാണുന്നു?

ബി.ജെ.പിയുടെ ഈ പിന്തിരിപ്പൻ കുതന്ത്രം ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കാനുള്ള തന്ത്രമാണ്. പുരോഗമനവാദികൾ പോലും അതിനെ ചെറുത്തുനിന്നില്ല എന്നത് ഖേദകരമാണ്. ഇത്തരത്തിൽ സംവരണം നൽകാൻ ഭരണഘടനാപരമായ വ്യവസ്ഥകളില്ലെന്ന് പല ഭരണഘടനാ വിദഗ്ധരും അഭിപ്രായപ്പെട്ടിട്ടുണ്ട്. കൂടാതെ, ഈ നയത്തിൽ നിരവധി പോരായ്മകളുമുണ്ട്. ഏറ്റവും പ്രധാനമായി ഒരു കുടുംബത്തിന്റെ പിന്നോക്കാവസ്ഥയും 10 ശതമാനം സംവരണം എന്ന അളവും നിർണ്ണയിക്കുന്ന എട്ട് ലക്ഷം രൂപ വരുമാനം എന്ന മാനദണ്ഡത്തെ പിന്തുണയ്ക്കാൻ ഒരു ഡാറ്റയും ഉണ്ടായിരുന്നില്ല എന്നുള്ളതാണ്. ഈ സംവരണങ്ങളിൽ നിന്ന് എസ്.സി/എസ്.ടി/ഒ.ബി.സികൾ ഒഴിവാക്കപ്പെട്ടതിനാൽ ഇത് വിവേചനപരമാണ്. കൂടാതെ ഇത് ജാതി ശ്രേണിയെ സാധൂകരിക്കുകയും ചെയ്യുന്നു. പ്രതിദിനം 2222 രൂപ വരുമാനമുള്ള സാമ്പത്തികമായി മുന്നോക്ക ജാതി കുടുംബങ്ങൾ ദുർബലരാണ്, എന്നാൽ എസ്.സി/എസ്.ടി/ഒ.ബി.സിക്ക് 75 രൂപ പോലും പ്രതിദിനം വരുമാനമില്ലെങ്കിലും ആ പരിഗണയിൽ വരുന്നില്ല. ഇതിനെതിരായ വാദങ്ങൾ സുപ്രീംകോടതി അംഗീകരിച്ചതുമില്ല.

അടിച്ചമർത്തപ്പെട്ട – ദലിതുകൾ, പട്ടിക ജാതി/ പട്ടിക വിഭാഗക്കാർ, ഒ.ബി.സി, മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ തുടങ്ങിയ താഴേത്തട്ടിലുള്ള ആളുകൾക്ക് എങ്ങനെ ഒന്നിക്കാം?

ജാതി വിഭജനങ്ങളെ മറികടന്ന് തങ്ങളെ വർഗമായി കണ്ട് മാത്രമേ അവർക്ക് ഒന്നിക്കാൻ കഴിയൂ. അതല്ലാതെ വേറെ എളുപ്പവഴികൾ ഇല്ല. വ്യക്തികൾ, ജാതികൾ, സമുദായങ്ങൾ എന്നിവർ ഫാസിസ്റ്റ് അടിച്ചമർത്തലുകൾ അഭിമുഖീകരിക്കുമ്പോൾ, അവരുടെ കൂട്ടായ നിലനിൽപ്പ് ഒരു വർഗമെന്ന നിലയിൽ മാത്രമേ ഉറപ്പാക്കാൻ കഴിയൂ എന്ന് ഇപ്പോൾ അവർക്ക് ബോധ്യപ്പെട്ടിരിക്കണം. ഞാൻ അങ്ങനെ പറയുമ്പോൾ പലർക്കും അതിൽ മാർക്‌സിസത്തിന്റെ സ്വാധീനം തോന്നിയേക്കാം. പക്ഷേ വർഗ വീക്ഷണം എപ്പോഴും ഏതെങ്കിലും പ്രത്യയശാസ്ത്രത്തെ സൂചിപ്പിക്കുന്നതാവണമെന്നില്ല എന്ന് ഞാൻ അവരെ ഓർമ്മിപ്പിക്കട്ടെ.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

October 19, 2023 1:59 pm