Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ലോകകിരീടം നേടിയ ഫൈനൽ മത്സരത്തിൽ എയ്‌ഞ്ചൽ ഡി മരിയ എന്ന കളിക്കാരന്റെ പങ്ക് അർജന്റീനയ്ക്ക് മറക്കാൻ കഴിയില്ല. പരിക്കും ശാരീരികക്ഷമതാപ്രശ്‌നങ്ങളും കാരണം പലപ്പോഴും ഇറങ്ങാൻ കഴിഞ്ഞില്ലെങ്കിലും ഫൈനലിൽ ഡി മരിയയെ മാറ്റിനിർത്താൻ ലയണൽ സ്‌കലോണി എന്ന കോച്ചിന് കഴിയുമായിരുന്നില്ല. 2014 ലെ ലോകകപ്പ് ഫൈനലും പരിക്ക് കാരണം ഡി മരിയയ്ക്ക് കളിക്കാൻ കഴിഞ്ഞില്ല. അന്ന് ജർമനിക്കെതിരായ ഫൈനലിൽ കളിക്കാതിരിക്കാൻ റയൽ മാഡ്രിന്റെ സമ്മർദം ഉണ്ടായിരുന്നുവെന്ന ഡി മരിയയുടെ വെളിപ്പെടുത്തൽ ലോകം ഞെട്ടലോടെയാണ് കേട്ടത്. അർജന്റീന പരാജയപ്പെട്ട ആ മത്സരത്തിന് മുമ്പ് എന്താണ് തന്റെ ജീവിതത്തിൽ സംഭവിച്ചതെന്ന് ഡി മരിയ വിശദീകരിച്ച, ദി പ്ലേയേഴ്സ് ട്രിബ്യൂൺ പ്രസിദ്ധീകരിച്ച കുറിപ്പ് വായിക്കാം. എട്ട് വർഷത്തിനുശേഷം വീണ്ടുമൊരു ഫൈനലിൽ നിർണ്ണായക ഗോൾ നേടി അർജന്റീനയുടെ വിജയമുറപ്പാക്കിയ കളിക്കാരന്റെ ഏറെ മൂല്യമുള്ള ജീവിതാനുഭവം.
പരിഭാഷ: ആദിൽ മഠത്തിൽ
റയൽ മാഡ്രിഡിൽ നിന്നുള്ള കത്തു കിട്ടിയതും, തുറക്കും മുൻപെ കീറിക്കളഞ്ഞതും ഞാൻ ഓർക്കുന്നുണ്ട്.
2014 ലോകകപ്പ് ഫൈനൽ ദിനത്തിൽ രാവിലെ കൃത്യം 11 മണിക്കായിരുന്നത്. ട്രെയിനേർസ് ടേബിളിൽ ഒരു കുത്തിവെപ്പ് എടുക്കുന്നതിനായി ഇരിപ്പായിരുന്നു ഞാൻ. ക്വോട്ടർ ഫൈനലിൽ ഞാൻ തുടയിലെ പേശികൾ മുറിച്ചിരുന്നു. എന്നാൽ വേദനസംഹാരിയാൽ എനിക്ക് യാതൊന്നും അറിയാതെ ഓടാമായിരുന്നു. ഞങ്ങളുടെ പരിശീലകരോട് ഇതേ വാക്കുകൾ ഞാൻ പറഞ്ഞു,
“എനിക്കു മുറിവേറ്റെങ്കിൽ ഇനിയും മുറിയട്ടെ, ഞാൻ അതു കാര്യമാക്കുന്നില്ല. എനിക്ക് കളിക്കാനാവണം എന്നു മാത്രമേയുള്ളൂ.”
കാലിൽ ഐസ് ഇടുകയായിരുന്നു ഞാൻ. ഞങ്ങളുടെ ടീം ഡോക്ടർ ഡാനിയൽ മാർട്ടിനെസ് ഈ കവറും പിടിച്ചുകൊണ്ട് മുറിയിലേക്ക് വന്നപ്പോൾ അദ്ദേഹം പറഞ്ഞു, “നോക്കൂ ഏഞ്ചൽ, ഈ പേപ്പർ വന്നത് റയൽ മാഡ്രിഡിൽ നിന്നാണ്.”
ഞാൻ ചോദിച്ചു, “എന്താണ് നിങ്ങളീ പറയുന്നത് ?”
“കളിക്കാനാവുന്ന ഒവസ്ഥയിലല്ല നീ എന്ന് അവർ പറയുന്നു. നിന്നെ ഇന്ന് ഇറക്കാതിരിക്കാൻ അവർ ഞങ്ങൾക്കുമേൽ സമ്മർദ്ദം ചെലുത്തുന്നു.”
എന്താണ് കാര്യമെന്ന് എനിക്ക് അന്നേരം തന്നെ മനസ്സിലായി. ലോകകപ്പിന് ശേഷം ജെയിംസ് റോഡ്രിഗസുമായി കരാറുവയ്ക്കാൻ റയൽ ആഗ്രഹിക്കുന്നുവെന്ന കിംവദന്തി എല്ലാവരും കേട്ടിരുന്നു. ആ ഇടം നൽകാൻ അവർ എന്നെ വിൽക്കാൻ പോവുകയാണെന്ന് എനിക്കറിയാമായിരുന്നു. അവരുടെ ആസ്തിക്ക് കേടുപാട് സംഭവിക്കാൻ അവർ ആഗ്രഹിക്കില്ല. അതത്രയും ലളിതമായിരുന്നു. ആളുകൾക്ക് എപ്പോഴും കാണാനാകാത്ത ഫുട്ബോൾ കച്ചവടം അങ്ങനെയാണ്.
ആ കത്ത് തരാൻ ഞാൻ ഡാനിയേലിനോട് പറഞ്ഞു. ഞാനത് തുറന്നതേയില്ല, കീറി മുറിച്ചു കഷ്ണങ്ങളാക്കിയ ശേഷം ഡാനിയലിനോട് പറഞ്ഞു: “ഇത് വലിച്ചെറിഞ്ഞേക്കു. ഇക്കാര്യം തീരുമാനിക്കുന്നത് ഞാനാണ്.”
തലേന്ന് രാത്രി ഞാൻ അത്ര നന്നായ് ഉറങ്ങിയിരുന്നില്ല. ഞങ്ങളുടെ ഹോട്ടലിന് പുറത്ത് രാത്രി മുഴുക്കെ ബ്രസീലിയൻ ആരാധകർ കതിനകൾ പൊട്ടിച്ചിരുന്നു. അതൊരു കാരണം, എന്നാൽ എല്ലാം നിശബ്ദമായിരുന്നാലും എനിക്ക് ഉറങ്ങാൻ കഴിയുമായിരുന്നില്ല. ഒരു ലോകകപ്പ് ഫൈനലിന്റെ തലേരാത്രി, സ്വപ്നം കണ്ടതെല്ലാം കൺമുന്നിൽ നിൽക്കുമ്പോൾ എന്തെല്ലാം തോന്നലുകളിലൂടെ കടന്നുപോകുമെന്ന് പറയാൻ കഴിയില്ല.
എന്റെ കരിയർ തന്നെ അവസാനിപ്പിച്ചാലും അന്ന് കളിക്കണമെന്ന് ഞാൻ ആത്മാർത്ഥമായി ആശിച്ചു. എന്നാൽ ഞങ്ങളുടെ ടീമിന് കാര്യങ്ങൾ സങ്കീർണ്ണമാക്കാൻ ഞാൻ ആശിച്ചില്ല. അതിനാൽ ഞാൻ അതിരാവിലെ ഉണർന്ന് ഞങ്ങളുടെ മാനേജർ മിസ്റ്റർ സബെല്ലയെ കാണാൻ പോയി. ഞങ്ങൾ തമ്മിലുള്ള ബന്ധം ഏറെ അടുപ്പമുള്ളതായിരുന്നു, എനിക്ക് കളിക്കണം എന്നു ഞാൻ പറഞ്ഞാൽ എന്നെ ഉൾപ്പെടുത്താനുള്ള സമ്മർദ്ദം അദ്ദേഹത്തിന് അനുഭവപ്പെടുമെന്ന് എനിക്കറിയാം.
ഏറ്റവും ആത്മാർത്ഥതയോടെ എന്റെ ഹൃദയത്തിൽ കൈവെച്ച് ഞാൻ പറഞ്ഞു.
“അത് ഞാനാണെങ്കിൽ, ഞാനാണ്. മറ്റൊരാളാണെങ്കിൽ, മറ്റൊരാൾ. എനിക്ക് ഈ ലോകകപ്പ് ജയിക്കണമെന്നു മാത്രം. എന്നെ നിങ്ങൾ വിളിച്ചാൽ, തകർന്നടിയുന്നതുവരെ ഞാൻ കളിക്കും.”
ഞാൻ കരയാൻ തുടങ്ങി. എനിക്കതു തടയാനായില്ല. ആ നിമിഷം എന്നെ കീഴടക്കി.
മത്സരത്തിന് മുമ്പ് ഞങ്ങളുടെ ടീം സംസാരിച്ചപ്പോൾ, എൻസോ പെരെസയൊണ് ഇറങ്ങാൻ പോകുന്നത് എന്ന് സബെല്ല അറിയിച്ചു, കാരണം അവൻ നൂറ് ശതമാനം ആരോഗ്യവാനായിരുന്നു. ആ തീരുമാനത്തിൽ എനിക്ക് സമാധാനമായി. മത്സരത്തിന് മുമ്പും രണ്ടാം പകുതിയിലും ഞാൻ സ്വയം ഒരോ കുത്തിവയ്പ്പ് നടത്തി, ബെഞ്ചിൽ നിന്ന് വിളിച്ചാൽ കളിക്കാൻ ഒരുങ്ങിയിരുന്നു. എന്നാൽ ആ വിളി വന്നതേയില്ല. ലോകകപ്പ് ഞങ്ങൾക്ക് നഷ്ടപ്പെട്ടു. എനിക്ക് ഒന്നും ഒതുക്കാൻ കഴിഞ്ഞില്ല. ജീവിതത്തിൽ ഏറ്റവും കഠിനമായ ദിനമായിരുന്നു അന്ന്. മത്സരത്തിന് ശേഷം മാധ്യമങ്ങൾ ഞാൻ കളിക്കാതിരുന്നതിനെ കുറിച്ച് നാണംകെട്ട കഥകൾ പറയുകയായിരുന്നു. എന്നാൽ ഞാൻ നിങ്ങളോട് പറയുന്നത് പരമമായ സത്യമാണ്.
ഇപ്പോഴും എന്നെ വേട്ടയാടുന്നത് സബെല്ലയോട് സംസാരിക്കാൻ പോയ നിമിഷമാണ്. അദ്ദേഹത്തിനു മുന്നിൽ ഞാൻ കണ്ണീർ കണങ്ങളായി ചിതറി. പരിഭ്രാന്തനായാണ് ഞാൻ കരയുന്നതെന്ന് അദ്ദേഹം കരുതിയോ എന്ന് ഞാൻ ഓർത്തുകൊണ്ടേയിരുന്നു.
സത്യത്തിൽ അത് വെറും ഒരു വൈകാരിക പ്രകടനമായിരുന്നില്ല. എനിക്ക് എത്രമാത്രം വിലപ്പെട്ടതാണ് ഇതെന്ന് ഓർത്താണ് ആ നിമിഷത്തിൽ ഞാൻ പൊട്ടിക്കരഞ്ഞത്. അസാധ്യമായ ഒരു സ്വപ്നം സാക്ഷാത്കാരത്തിന് തൊട്ടടുത്തെത്തിയിരുന്നു ഞങ്ങൾ.
നമ്മുടെ വീടിന്റെ ചുവരുകൾ വെളുത്തിരിക്കണമല്ലോ. എന്നാൽ എനിക്ക് ഓർക്കാനാവുന്നേയില്ല അവയുടെ ആ വെണ്മ. ചാരനിറമായിരുന്നു അവയ്ക്കാദ്യം . കൽക്കരി പൊടിയടിഞ്ഞ് അവയാകെ കറുത്തു. എന്റെ അച്ഛൻ ഒരു കൽക്കരി തൊഴിലാളിയായിരുന്നു, ഒരു ഖനി തൊഴിലാളിയെ പോലല്ല. ഞങ്ങളുടെ വീടിന്റെ പിന്നാമ്പുറത്തുതന്നെ അച്ഛൻ കരിയുണ്ടാക്കി. കരി ഉണ്ടാക്കുന്നത് നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ബാർബിക്യൂവിനായി നിങ്ങൾ കടയിൽ നിന്നു വാങ്ങുന്ന ചെറിയ ബാഗുകൾ, അവ എവിടെ നിന്നോ വരുന്നു. സത്യമായും ഇതൊരു വൃത്തികെട്ട ഏർപ്പാടാണ്.
ഞങ്ങളുടെ നടുമുറ്റത്ത് ഒരു തകരക്കൂരയ്ക്ക് കീഴെ നിന്ന് അച്ഛൻ കരിക്കഷ്ണങ്ങൾ അങ്ങാടിയിൽ വിൽക്കാനുള്ള പൊതികളിലാക്കും. എന്നാൽ, അച്ഛൻ തനിച്ചായിരുന്നില്ല. ചെറിയ സഹായികളും കൂടെ ഉണ്ടായിരുന്നു. സ്കൂളിൽ പോകുംമുമ്പ്, ഞാനും കുഞ്ഞനിയത്തിയും അച്ഛനെ സഹായിക്കാൻ നേരത്തെ ഉണരും. ഞങ്ങൾക്ക് പ്രായം ഒമ്പതോ പത്തോ വയസ്സ് മാത്രം, കരിക്കട്ടകൾ പൊതിയിൽ നിറയ്ക്കാൻ പറ്റിയ പ്രായമാണത്. അപ്പോഴത് ഒരു കളിയാക്കി മാറ്റാൻ കഴിയും. കൽക്കരി ട്രക്ക് വന്നെത്തുമ്പോൾ ഞങ്ങൾക്ക് ആ പൊതികൾ സ്വീകരണമുറിയിലൂടെ കൊണ്ടുപോയി മുൻവാതിലിലൂടെ കടത്തണം.ഞങ്ങളുടെ വീടങ്ങനെ പയ്യെ കറുത്തുപോയി. അങ്ങനെയായിരുന്നു എന്നാൽ ഞങ്ങൾ മേശപ്പുറത്തേക്ക് ആഹാരം എത്തിച്ചിരുന്നത്. ആരും കണ്ടുകെട്ടാതെ അച്ഛൻ ഞങ്ങളുടെ വീട് കാത്തിരുന്നതും.
ഞാൻ കുഞ്ഞായിരിക്കെ, കുറച്ചുകാലം എന്റെ വീട്ടുകാർ നന്നായി ജീവിച്ചിരുന്നു. പക്ഷേ, അച്ഛൻ ഒരാൾക്കു വേണ്ടി ഒരു നല്ല കാര്യം ചെയ്യാൻ പോയി, അത് ഞങ്ങളുടെ ജീവിതം തകിടം മറിച്ചു. ഒരു കൂട്ടുകാരൻ വീടിന്റെ ഗ്യാരന്റിയായി ഒപ്പിടാൻ ആവശ്യപ്പെട്ടു, അച്ഛൻ അയാളെ വിശ്വസിച്ചു. അയാൾ അടവുകളിൽ പിന്നിലായി, ഒരു ദിവസം കാണാതെയുമായി. അങ്ങനെ ബാങ്ക് നേരെ അച്ഛന്റെ അടുത്തേക്ക് വന്നു. രണ്ട് വീടുകളുടെ പണമടച്ച് കുടുംബം പോറ്റാൻ നോക്കി അച്ഛൻ കുടുങ്ങി.
അച്ഛൻ കച്ചവടം തുടങ്ങിയത് കരികൊണ്ടായിരുന്നില്ല. ഞങ്ങളുടെ വീടിന്റെ മുൻവശത്തെ മുറി ഒരു ചെറിയ കടയായിരുന്നു. ബ്ലീച്ച്, ക്ലോറിൻ, സോപ്പ്, ക്ലീനിംഗ് സാമഗ്രികൾ എന്നിവ വലിയ വീപ്പയിൽ വാങ്ങും, എന്നിട്ടത് ചെറിയ കുപ്പികളിലാക്കി വിൽക്കും. നിങ്ങൾ ഞങ്ങളുടെ പട്ടണത്തിലാണ് താമസിക്കുന്നതെങ്കിൽ, നിങ്ങൾ ഒരു കുപ്പി സിഫ് വാങ്ങാൻ കടയിൽ പോവില്ല. അത് വളരെ ചെലവേറിയതായിരുന്നു. നിങ്ങൾ ഡി മരിയാസിന്റെ അടുത്തു വരും, എന്റെ അമ്മ നിങ്ങൾക്ക് ഒരു കുപ്പി കുറഞ്ഞ വിലയ്ക്ക് തരും.
എല്ലാം നന്നായി പോയിരുന്നതാണ്. അവരുടെ കൊച്ചു ചെറുക്കൻ ചാകാൻ വരെ പോയി എല്ലാം നശിപ്പിക്കും വരെ.
അതെ, സത്യമായും ഞാൻ ഒരു കുട്ടിപ്പിശാശായിരുന്നു !
ഞാൻ ഒട്ടും മോശമായിരുന്നില്ല, എനിക്ക് ഒടുക്കത്തെ ഉത്സാഹമായിരുന്നു. ഞാൻ ഹൈപ്പർ ആക്ടീവായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം, അമ്മ ഞങ്ങളുടെ ‘കടയിൽ’ വിൽപ്പനയ്ക്കു നിൽക്കുകയായിരുന്നു. ഞാൻ വാക്കറിലിരുന്നു കളിക്കുകയായിരുന്നു. ആവശ്യക്കാർക്ക് അകത്തേക്ക് വരാൻ മുൻവശത്തെ ഗേറ്റ് തുറന്നിട്ടിരുന്നു. അമ്മയുടെ നോട്ടം തെറ്റി, ഞാൻ നടത്തം തുടങ്ങി… എനിക്കു കണ്ടെത്തണമായിരുന്നു !
ഞാൻ നേരെ തെരുവിന്റെ നടുവിലേക്ക് നടന്നു, ഇടിക്കാൻ വന്ന ഒരു കാറിൽ നിന്നും എന്നെ രക്ഷിക്കാൻ അമ്മയ്ക്ക് പുറത്തേക്ക് ഇറങ്ങി ഓടേണ്ടി വന്നു. അമ്മയതു പറയുന്ന രീതി അതി നാടകീയമായിരുന്നു. ഡി മരിയ ക്ലീനിംഗ് ഷോപ്പിന്റെ അവസാന ദിവസമായിരുന്നത്. ഇതാകെ അപകടമാണിതെന്നും നമുക്ക് മറ്റെന്തെങ്കിലും കണ്ടെത്തേണ്ടതുണ്ടെന്നും അമ്മ അച്ഛനോട് പറഞ്ഞു.
അങ്ങനെയിരിക്കെയാണ് സാന്റിയാഗോ ഡെൽ എസ്റ്റെറോയിൽ നിന്ന് കൽക്കരി ട്രക്കുകൾ കൊണ്ടവരുന്നയാളെക്കുറിച്ച് അച്ഛൻ അറിഞ്ഞത്. എന്നാൽ കൽക്കരി വിൽക്കാനുള്ള പണം പോലും ഞങ്ങളുടെ പക്കലില്ലായിരുന്നു എന്നതാണ് രസകരം! ആദ്യത്തെ കുറച്ച് ചരക്കു നീക്കങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ അച്ഛനെ അയാളെ ബോധ്യപ്പെടുത്തേണ്ടിവന്നു. അതുകൊണ്ട്, ഞാനോ അനിയത്തിയോ മിഠായിയോ അങ്ങനെ മറ്റെന്തെങ്കിലും ചോദിക്കുമ്പോഴെല്ലാം, “ഞാൻ രണ്ട് വീടുകൾക്കും ഒരു ട്രക്ക് നിറയെ കൽക്കരിക്കും പണം കൊടുക്കുന്നുണ്ട് !” എന്ന് പറയാൻ അച്ഛന് ഏറെ ഇഷ്ടമായിരുന്നു.
ഒരു ദിവസം അച്ഛനോടൊപ്പം ഞാൻ കരി ചാക്കിൽ നിറയ്ക്കുന്നത് ഓർക്കുന്നു. നല്ല തണുപ്പും മഴയും ഉണ്ടായിരുന്നു. തലയ്ക്ക് മുകളിൽ ഒരു തകരമേൽക്കൂര മാത്രമാണ് ആകെയുണ്ടായിരുന്നത്. അത് കഠിനമായിരുന്നു. കുറച്ചു മണിക്കൂറുകൾ കഴിഞ്ഞു ഞാൻ സ്കൂളിലേക്ക് പോയി, അവിടെ നല്ല ചൂടുണ്ടായിരുന്നു. എന്നാൽ അച്ഛന് ദിവസം മുഴുവൻ അവിടെ ജോലി ചെയ്യേണ്ടിവന്നു. കാരണം, അന്നത് വിറ്റില്ലെങ്കിൽ, ഒരുപക്ഷേ ഞങ്ങൾക്ക് കഴിക്കാൻ വേണ്ടതുണ്ടാവില്ല. എന്നാൽ സത്യമായും അന്നു ഞാൻ ആലോചിച്ചതും ആത്മാർത്ഥമായി വിശ്വസിച്ചതും എനിക്കിന്നും ഓർമയുണ്ട്: ഒരിടത്ത് എല്ലാം നന്നായി വരും. അതിനെല്ലാത്തിനും ഞാൻ കാൽപ്പന്തിനോട് കടപ്പെട്ടിരിക്കുന്നു.
ഒരു കുട്ടിപ്പിശാശായിരിക്കാൻ ചിലപ്പോഴത് പ്രതിഫലം നൽകുന്നു! ഞാൻ നേരത്തെ ഫുട്ബോൾ തുടങ്ങി, കാരണം അമ്മയെ ഞാൻ ഭ്രാന്തെടുപ്പിച്ചു. എനിക്ക് നാല് വയസ്സുള്ളപ്പോൾ എന്നെ ശരിക്കും ഒരു ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി. അമ്മ പറഞ്ഞു, “ഡോക്ടറെ, ഇവൻ ഓട്ടം നിർത്താൻ പോകുന്നില്ല, ഇവനെ ഞാൻ എന്തു ചെയ്യും?”
ഒരു നല്ല അർജന്റീനിയൻ ഡോക്ടറായിരുന്ന അദ്ദേഹം ഇങ്ങനെ പറഞ്ഞു, “ഫുട്ബോൾ, അല്ലാതെ മറ്റെന്താണ് ചെയ്യേണ്ടത്.”
അങ്ങനെ ഞാൻ എന്റെ ഫുട്ബോൾ ജീവിതം ആരംഭിച്ചു.
എനിക്കു ഭ്രമമായിരുന്നു. അതുമാത്രമായി എന്റെ ചെയ്തി. ഓരോ രണ്ട് മാസം കൂടുമ്പോഴും എന്റെ ബൂട്ടുകൾ അക്ഷരാർത്ഥത്തിൽ പൊളിഞ്ഞു പോന്നു. പുതിയത് വാങ്ങിക്കാൻ ഞങ്ങൾക്ക് പണമില്ലാത്തതിനാൽ പോക്സി റാൻ പശകൊണ്ട് അമ്മ അവയൊട്ടിക്കും. എനിക്ക് ഏഴു വയസായപ്പോഴേക്കും ഞാൻ മെച്ചപ്പെട്ട കളി കളിച്ചു. അയൽപക്കത്തെ ടീമിനായി 64 ഗോളുകൾ ഞാൻ അടിച്ചു. ഒരു നാൾ അമ്മ എന്റെ കിടപ്പറയിലേക്കു വന്ന് പറഞ്ഞു, “റേഡിയോ സ്റ്റേഷന് നിന്നോട് സംസാരിക്കണം.”
അഭിമുഖത്തിനായി ഞങ്ങൾ സ്റ്റേഷനിലേക്ക് ഇറങ്ങി. നാണംകൊണ്ട് എനിക്ക് മിണ്ടാനാവുന്നുണ്ടായിരുന്നില്ല.
ആ വർഷം, അച്ഛന് ഒരു ഫോൺ കോൾ വന്നു. റൊസാരിയോ സെൻഡ്രലിലെ യൂത്ത് കോച്ച് ഞാൻ അവിടെ കളിക്കാൻ ആഗ്രഹിക്കുന്നു എന്നു പറഞ്ഞു. ഇതൊരു രസികൻ സന്ദർഭം തന്നെയായിരുന്നു. നെവല്ലസ് ഓൾഡ് ബോയ്സിന്റെ വലിയ ആരാധകനായിരുന്നു അച്ഛൻ, അമ്മയാണെങ്കിലോ സെൻഡ്രലിന്റെ കടുത്ത ആരാധികയും. റൊസാരിയോയിൽ നിന്നുള്ള ഒരാളല്ല നിങ്ങൾ എങ്കിൽ നിങ്ങൾക്കറിയില്ല എത്രമാത്രം കടുത്തതാണീ വൈര്യമെന്ന്. ജീവിതവും മരണവും തന്നെയാണത്. ആ ക്ലാസിക്ക് പോരാട്ടം നടക്കുമ്പോൾ അച്ഛനും അമ്മയും ഓരോ ഗോളിനും ആർപ്പുവിളിക്കും. വിജയിക്കുന്നയാൾ പരാജപ്പെടുന്നയാളെ ആ മാസം മുഴുവൻ കളിയാക്കികൊണ്ടിരിക്കും.
സെൻട്രെലിൽ നിന്ന് എന്നെ വിളിച്ചപ്പോൾ അമ്മയ്ക്കുണ്ടായ ആവേശം എത്രയാണെന്നു ഊഹിക്കാവുന്നതല്ലേയുള്ളു.
അച്ഛൻ പറഞ്ഞു, “അയ്യോ, വളരെ അകലെയാണല്ലോ, ഒമ്പതു കിലോമീറ്ററുണ്ട് ! നമുക്ക് ഒരു കാറില്ലല്ലോ ! അവനെ നമ്മൾ എങ്ങനെ അവിടെ എത്തിക്കും?”
ഉടനെ അമ്മ പറഞ്ഞു, “അല്ല, ല്ല,ല്ല,ല്ല! അതോർക്കയേ വേണ്ട, അവനെ ഞാൻ കൊണ്ടുപോകും! അതൊരു പ്രശ്നമേയല്ല!”
അപ്പോഴാണ് ഗ്രാസിയേലയുടെ പിറവി
പഴകിത്തുരുമ്പിച്ച ഒരു മഞ്ഞ സൈക്കിളായിരുന്നു ഗ്രാസിയേല. അതിലെന്നെ എന്നും അമ്മ പരിശീലനത്തിന് എത്തിച്ചു. മുന്നിൽ ഒരു ചെറുകൊട്ടയും പിന്നിൽ ഒരാൾക്കുള്ള ഇരിപ്പിടവുമുണ്ടായിരുന്നു. എന്നാൽ ഒരു പ്രശ്നമുണ്ടായിരുന്നു, എന്റെ കുഞ്ഞനിയത്തിക്കും ഞങ്ങളുടെ കൂടെ വരണമായിരുന്നു. അതിനായി അച്ഛൻ ഒരു മരത്തട്ടുണ്ടാക്കി സൈക്കിലിന്റെ ഒരു വശത്തു പിടിപ്പിച്ചു. അവിടെയാണ് എന്റെ അനിയത്തിയിരുന്നത്.
ഇതൊന്ന് സങ്കൽപ്പിച്ചു നോക്കൂ, നഗരത്തിലൂടെ സൈക്കിൾ ചവിട്ടുന്ന ഒരു സ്ത്രീ, പിറകിൽ ഒരു കൊച്ചു കുട്ടിയും. ഒരു വശത്ത് ഒരു പെൺകുട്ടിയും എന്റെ ബൂട്ടുകളും ചെറുകടിയുമായൊരു കിറ്റും. കുന്നിൻ മേലേക്കും കീഴേക്കും. അപായ സാധ്യത നിറഞ്ഞ അയൽനാടുകളിലൂടെ മഴയത്തും, മഞ്ഞത്തും, രാവത്തും അതൊന്നും കാര്യമാക്കാതെ ചവിട്ടിക്കൊണ്ടേയിരുന്നു എന്റെ അമ്മ.
ഞങ്ങൾക്ക് എത്തേണ്ടിടത്തേക്ക് ഗാർസിയേല ഞങ്ങളെ എത്തിച്ചു.
സത്യമെന്തെന്നാൽ സെൻട്രലിലെ എന്റെ കാലം അത്ര എളുപ്പമായിരുന്നില്ല. അമ്മയ്ക്ക് വേണ്ടി അല്ലായിരുന്നു എങ്കിൽ ഞാൻ ഫുട്ബോൾ ഉപേക്ഷിച്ചേനെ. ശരിക്കും രണ്ടുതരം. എനിക്ക് 15 വയസ്സുള്ളപ്പോൾ, ഞാൻ അപ്പോഴും വളർന്നിട്ടില്ല, എനിക്ക് അരപ്പിരിയുള്ള ഒരു കോച്ച് ഉണ്ടായിരുന്നു. ആക്രമണ മനോഭാവവും ശാരീരിക കരുത്തുമുള്ള കളിക്കാരെയാണ് അയാൾ തിരഞ്ഞെടുത്തിരുന്നത്. എന്റെ ശൈലിയായിരുന്നില്ലത്. ഒരു ദിവസം, ബോക്സിൽ ഒരു ഹെഡ്ഡറിനായി ഞാൻ ചാടിയില്ല, അന്നത്തെ പരിശീലനത്തിനൊടുവിൽ, എല്ലാ കളിക്കാരെയും ചുറ്റും കൂട്ടിയിട്ട് അയാൾ എന്റെ നേരെ തിരിഞ്ഞു. അയാൾ പറഞ്ഞു, “നീ ഒരു പൊട്ടനാണ്. നീ ഒരു നാണക്കേടാണ്. നിന്നെ ഒന്നും ഒന്നിനും കൊള്ളില്ല. നീ ഒരു തോൽവിയായിരിക്കും.”
അയാൾ പറഞ്ഞു തീരുന്നതിന് മുൻപേ ഞാൻ തകർന്നുപോയി. ടീമിലെ കൂട്ടുകാരുടെ മുന്നിൽ നിന്നു കരയാൻ തുടങ്ങിയ ഞാൻ മൈതാനത്തിന് പുറത്തേക്ക് ഓടി.
വീട്ടിലെത്തി തനിച്ചിരുന്നു കരയാനായി നേരെ എന്റെ മുറിയിലേക്ക് പോയി. എന്തോ പ്രശ്നമുണ്ടെന്ന് അമ്മയ്ക്ക് അറിയാമായിരുന്നു, കാരണം എന്നും രാത്രി പരിശീലനം കഴിഞ്ഞു വീട്ടിൽ വന്നാലുടനെ തെരുവിൽ ഇറങ്ങി ഞാൻ പിന്നെയും കളിക്കും. അമ്മ എന്റെ മുറിയിൽ വന്ന് എന്താണ് പറ്റിയതെന്ന് ചോദിച്ചു. എന്തുണ്ടായി എന്ന് അമ്മയോട് പറയാൻ സത്യമായും ഞാൻ പേടിച്ചു, അമ്മ അവിടം വരെ സൈക്കിൾ ചവിട്ടിച്ചെന്ന് എന്റെ കോച്ചിനെ ഇടിച്ചേക്കും എന്നും. എപ്പോഴും ഏറെ ശാന്തയായിരുന്നു അമ്മയെന്നാലും, അവളുടെ കുട്ടികളെ നിങ്ങൾ എന്തെങ്കിലും ചെയ്താൽ … എടോ ! ഓടിക്കോ!
ഞാൻ വഴക്കുണ്ടാക്കിയതാണെന്ന് പറഞ്ഞു. എന്നാൽ അത് കള്ളമാണെന്ന് അമ്മയ്ക്കറിയാം. ആ സാഹചര്യത്തിൽ എല്ലാ അമ്മമാരും ചെയ്യുന്നതുപോലെ തന്നെ അമ്മയും ചെയ്തു. സത്യം എന്തെന്ന് അറിയാൻ എന്റെ കളിക്കൂട്ടുകാരിൽ ഒരുവന്റെ അമ്മയെ വിളിച്ചു.
അമ്മ മുറിയിലേക്കു മടങ്ങിവന്നപ്പോഴും ഞാൻ ഇരുന്നു കരയുകയായിരുന്നു. അമ്മയോട് ഞാൻ പറഞ്ഞു, എനിക്കു കളി നിർത്തണം. പിറ്റേന്നാൾ, എനിക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും കഴിഞ്ഞില്ല. എനിക്ക് സ്കൂളിലേക്കു പോകേണ്ട. ഞാൻ അത്രയും അപമാനിതനായി. എന്നാൽ അമ്മ വന്ന് എന്റെ കട്ടിലിൽ ഇരുന്ന് പറഞ്ഞു, “നീ തിരികെ പോകുന്നു, ഏഞ്ചൽ. നീ ഇന്ന് തന്നെ തിരികെ പോകുന്നു. നീയാരെന്ന് അവനു മുന്നിൽ പോയി നീ തെളിയിക്കണം ”
അന്ന് ഞാൻ പരിശീലനത്തിലേക്ക് മടങ്ങി. എന്നാൽ അവിശ്വസനീയമായ ഒരു കാര്യം നടന്നു. എന്റെ കൂട്ടുകാർ എന്നെ കളിയാക്കിയതേയില്ല. സത്യത്തിൽ അവർ എന്നെ സഹായിച്ചു. പന്ത് ഉയർന്നു വരും, ഡിഫൻഡർമാർ എന്നെ ഹെഡ് ചെയ്യാനയക്കും. എനിക്ക് കുഴപ്പമൊന്നുമില്ലെന്ന് അവരുറപ്പാക്കി. അവരന്നെന്നെ ശരിക്കും പരിപാലിച്ചു. ഫുട്ബോൾ ഒരു കടുത്ത പോരാട്ടമാണ്, പ്രത്യേകിച്ച് തെക്കേ അമേരിക്കയിൽ. അതിൽ നിന്നും ഒരു നല്ല ജീവിതമുണ്ടാക്കാൻ ഏവരും ശ്രമിക്കുന്നു, എന്നാൽ ആ ദിവസം ഞാൻ എന്നും ഓർമിക്കും. എന്തെന്നാൽ ഞാൻ കഷ്ടപ്പെടുന്നതായി ആ ടീമംഗങ്ങൾ കണ്ടു. അവർ എന്നെ സഹായിക്കുകയും ചെയ്തു.
ഞാൻ ഏറെ ചെറുതും മെലിഞ്ഞവനുമായിരുന്നു. പതിനാറാം വയസ്സിലും ഞാൻ സെൻട്രലിലെ സീനിയർ ടീമിലേക്കെത്തിയില്ല. അച്ഛൻ ആകുലനായിക്കഴിഞ്ഞിരുന്നു. ഒരു രാത്രി ഞങ്ങൾ അടുക്കള മേശയ്ക്ക് ചുറ്റും ഇരിക്കെ അച്ഛൻ പറഞ്ഞു, “നിനക്ക് മൂന്ന് വഴികളുണ്ട്: നിനക്ക് എന്റെ കൂടെ പണിക്ക് വരാം. നിനക്ക് പഠനം പൂർത്തിയാക്കാം. അല്ലെങ്കിൽ ഒരു വർഷം കൂടി ഫുട്ബോളിൽ ശ്രമിക്കാം. പക്ഷേ അതിനുള്ളിലൊന്നു നടന്നില്ലെങ്കിൽ, നീ എന്റെ കൂടെ പണിക്ക് വരണം.”
ഞാൻ ഒന്നും പറഞ്ഞില്ല. സങ്കീർണ്ണമായ ഒരു സമയമായിരുന്നു അത്. ഞങ്ങൾക്ക് പണം വേണ്ടിയിരുന്നു. അന്നും എന്റെ അമ്മയാണ് സംസാരിച്ചത്, “ഫുട്ബോളിൽ ഒരു വർഷം കൂടി.” ജനുവരിയിലായിരുന്നു അത്. ഡിസംബറിൽ, അവസാനത്തെ മാസം… പ്രൈമറി ഡിവിഷനിൽ സെൻട്രലിനുവേണ്ടി ഞാൻ ഇറങ്ങി.
അന്നുതൊട്ട് എന്റെ കായിക ജീവിതം തുടങ്ങി. എന്നാൽ പോരാട്ടം വളരെ മുന്നേ തുടങ്ങിയിരുന്നു. എന്റെ ബൂട്ടുകൾ അമ്മ ഒട്ടിച്ചുറപ്പിച്ചിരുന്നതൊട്ട്, മഴയിലൂടെ ഗ്രേസിയേലയെ ഓടിച്ചിരുന്നതു തൊട്ട്. അർജന്റീനയിൽ ഞാൻ ഒരു പ്രൊഫഷണലായി കഴിഞ്ഞപ്പോഴും അതൊരു പോരാട്ടം തന്നെയായിരുന്നു. തെക്കേ അമേരിക്കയ്ക്ക് പുറത്തുള്ള ആളുകൾക്ക് അത് എങ്ങനെയാണെന്ന് മനസ്സിലാക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. അനുഭവിച്ചറിഞ്ഞാൽ മാത്രം വിശ്വസിക്കാനാവുന്ന ചിലതുണ്ട് ജീവിതത്തിൽ.
കൊളംബിയയിൽ വെച്ച് നാഷണലിനെതിരെ ലിബർട്ടഡോർസ് ഗെയിം കളിക്കാൻ പോയത് എനിക്ക് മറക്കാനാവില്ല, കാരണം പ്രീമിയർ ലീഗിലെയോ ലാ ലിഗയിലെയോ പോലെയല്ല വിമാന യാത്ര. നിങ്ങൾ ബ്യൂണസ് അയേഴ്സിൽ കളിക്കുമ്പോൾ പോലും ഇതിനു സമാനമല്ല. കാരണം അന്ന് റൊസാരിയോയിൽ അന്താരാഷ്ട്ര വിമാനത്താവളം ഇല്ലായിരുന്നു. നിങ്ങൾ ചെറിയ ഒരു വിമാനത്താവളത്തിലേക്കു വരുന്നു. അന്ന് അവിടെ ഏതു വിമാനം ഉണ്ടോ, നിങ്ങൾ അതിൽ കയറുന്നു. ചോദ്യങ്ങൾ ഒന്നും നിങ്ങൾ ചോദിക്കില്ല.
അങ്ങനെ ഞങ്ങൾ കൊളംബിയയിലേക്കുള്ള ഈ വിമാനം കണ്ടു… റൺവേയിൽ ആ വലിയ കാർഗോ വിമാനങ്ങളിൽ ഒന്ന് ഉണ്ടായിരുന്നു. നിങ്ങൾക്കറിയാമല്ലോ, പിന്നിൽ വലിയ റാമ്പുള്ളവ, കാറുകളും സാധനങ്ങളും മറ്റും കയറ്റി അയയ്‌ക്കാൻ ഉപയോഗിക്കുന്നവ. അതെ, അതായിരുന്നു ഞങ്ങളുടെ വിമാനം. അതിനെ ‘ഹെർക്കുലീസ്’ എന്ന് വിളിച്ചിരുന്നതായി ഞാൻ ഓർക്കുന്നു.
റാമ്പ് മെല്ലെ ഇറങ്ങി വന്നു, തൊഴിലാളികൾ ഈ മെത്തകളെല്ലാം എല്ലാംകൂടെ വിമാനത്തിൽ കയറ്റാൻ തുടങ്ങി.
കളിക്കാരെല്ലാവരും പരസ്പരം നോക്കാൻ തുടങ്ങി, എന്ത്?
അങ്ങനെ ഞങ്ങൾ വിമാനത്തിൽ കയറാൻ പോയി, തൊഴിലാളികൾ ഇങ്ങനെ പറഞ്ഞു, “അല്ല, ചെങ്ങാതിമാരെ, നിങ്ങൾ പിറകിൽ പോയിരിക്കൂ. ഇതാ, ഈ ഹെഡ്‌ഫോണുകൾ എടുത്തേക്കൂ“.
ശബ്‌ദം തടുക്കാൻ അവർക്ക് ആ വലിയ സൈനിക ഹെഡ്‌ഫോണുകൾ ഞങ്ങൾക്ക് നൽകേണ്ടി വന്നു. ഞങ്ങൾ പ്ലാറ്റ്‌ഫോമിലേക്ക് കയറി, ഞങ്ങൾക്ക് കിടക്കാൻ കുറച്ച് സീറ്റുകളും മെത്തകളും ഉണ്ടായിരുന്നു. എട്ട് മണിക്കൂർ. ഒരു ലിബർട്ടഡോർസ് മത്സരത്തിലേക്ക്. അവർ റാംപ് അടച്ചു, ഉള്ളാകെ ഇരുളായി. ഞങ്ങൾ ഹെഡ്‌ഫോൺ വെച്ച് മെത്തയിൽ കിടക്കുകയായിരുന്നു, വളരെ നേർത്തു മാത്രം ഞങ്ങൾക്ക് പരസ്പരം കേൾക്കാം. വിമാനം പറന്നുയരാൻ തുടങ്ങുന്നു, ഞങ്ങൾ റാമ്പിലൂടെ താഴേക്ക് തെന്നി നീങ്ങുന്നു, നേരെ വിമാനത്തിന്റെ പിൻഭാഗത്തേക്ക് നീങ്ങുന്നു, അന്നേരം എന്റെ കൂട്ടുകളിക്കാരിൽ ഒരാൾ ഓളിയിടുന്നു, “ആരും ചെന്നാ വലിയ ചുവന്ന ബട്ടണിൽ തൊടരുത് ! ആ വാതിൽ തുറന്നാൽ, നമ്മളെല്ലാം തുലഞ്ഞു!”
അവിശ്വസനീയമായിരുന്നു അത്. അനുഭവിച്ചറിഞ്ഞില്ലെങ്കിൽ വിശ്വസിക്കാനാവാത്ത ചില ജീവിതാനുഭങ്ങളുണ്ട്. എന്നാൽ നിങ്ങൾക്ക് എന്റെ കൂട്ടുകളിക്കാരോടു ചോദിക്കാം. അത് സത്യമായും സംഭവിച്ചു. ഒരു സ്വകാര്യ വിമാനത്തിന്റെ ഞങ്ങളുടെ പതിപ്പായിരുന്നു. ഹെർക്കുലീസ്!
ഇപ്പോഴും ഞാൻ ആ ഓർമ്മയിലേക്ക് ഏറെ ആനന്ദത്തോടെ നോക്കുന്നു. നിങ്ങൾ അർജന്റീനയിലെ ഫുട്ബോളിൽ നിന്നും നേടാൻ നോക്കുമ്പോൾ, അതിന് വേണ്ടതെല്ലാം നിങ്ങൾ ചെയ്യണം. ആ ദിവസം ഏത് വിമാനമായിരുന്നാലും, നിങ്ങൾ ആ വിമാനത്തിൽ കയറും, ചോദ്യങ്ങൾ ഒന്നും ചോദിക്കയുമില്ല.
ഒടുവിൽ ആ അവസരം വന്നെത്തിയാൽ ഒരു വൺവേ ടിക്കറ്റ് എടുത്ത് നിങ്ങൾ വിമാനം കയറും. എന്റെ ആ അവസരം പോർച്ചുഗലിൽ ബെൻഫിക്കയ്‌ക്കൊപ്പമായിരുന്നു. ഒരുപക്ഷേ ചില ആളുകൾ എന്റെ കരിയർ നോക്കുമ്പോൾ അവർ വിചാരിച്ചേക്കാം, “കൊള്ളാം, അവൻ ബെൻഫിക്കയിലേക്കും പിന്നീട് റയൽ മാഡ്രിഡിലേക്കും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കും പിഎസ്ജിയിലേക്കും പോയി.” അത് വളരെ എളുപ്പമായി തോന്നാം. എന്നാൽ അതിനിടയിൽ എന്തെല്ലാം കാര്യങ്ങൾ ഞാൻ കടന്നുപോയി എന്നു നിങ്ങൾക്ക് ഊഹിക്കാനാവില്ല. ഞാൻ ബെൻഫിക്കയിൽ എത്തിയപ്പോൾ, 19 വയസ്സിൽ കഷ്ടിച്ച് രണ്ട് സീസണുകളിൽ ഞാൻ കളിച്ചു. എന്നോടൊപ്പം പോർച്ചുഗലിലേക്ക് വരാൻ അച്ഛൻ ജോലി ഉപേക്ഷിച്ചു, അമ്മയിൽ നിന്ന് ഒരു കടലോളം വേർപ്പെടേണ്ടി വന്നു. അമ്മയോട് അച്ഛൻ ഫോണിൽ സംസാരിക്കുന്നത് കേട്ട രാത്രികൾ ഉണ്ടായിരുന്നു, അച്ഛൻ അമ്മയെ കാണാനാവാതെ കരയുന്നുണ്ടായിരുന്നു.
ചിലനേരം, അതൊരു വലിയ തെറ്റായി തോന്നി. ഞാൻ തുടങ്ങുന്നുണ്ടായിരുന്നില്ല, എല്ലാം അവസാനിപ്പിച്ച് തിരിച്ചു വീട്ടിൽ പോവണമായിരുന്നു എനിക്ക്.
എന്നാൽ 2008ലെ ഒളിമ്പിക്‌സ് എന്റെ ജീവിതം മാറ്റിമറിച്ചു. ബെൻഫിക്കയ്ക്ക് വേണ്ടി തുടങ്ങിയില്ലെങ്കിലും അർജന്റീന എന്നെ കളിക്കാൻ വിളിച്ചു. അത് ഞാൻ ഒരിക്കലും മറക്കില്ല. ആ ടൂർണമെന്റ് എനിക്ക് അമാനുഷികനായ, അതിബുദ്ധിമാനായ ലിയോ മെസ്സിക്കൊപ്പം കളിക്കാൻ അവസരം നൽകി. ഞാൻ കളിച്ചതിൽ വെച്ച് ഏറ്റവും രസകരമായ ഫുട്ബോളായിരുന്നത്. ആ ഇടത്തേക്ക് ഓടിയെത്തുക മാത്രമാണ് എനിക്ക് ആകെ ചെയ്യേണ്ടിയിരുന്നത്. ഞാൻ ഓടാൻ തുടങ്ങും, പന്ത് എന്റെ കാൽക്കൽ വന്നെത്തും, മാന്ത്രികവിദ്യയാൽ എന്ന പോലെ.
എന്റെയും നിങ്ങളുടെയും കണ്ണുകൾ പ്രവർത്തിക്കുന്നത് പോലെയല്ല ലിയോയുടെ കണ്ണുകൾ പ്രവർത്തിക്കുന്നത്. നമ്മുടെ കണ്ണുകൾ, അവ അങ്ങോട്ടുമിങ്ങോട്ടും ഓരോ വശത്തേക്കും നോക്കുന്നു, ഒരു മനുഷ്യനെപ്പോലെ. എന്നാൽ ഒരു പക്ഷിയെപ്പോലെ മുകളിൽ നിന്ന് ലോകത്തെ കാണാൻ അവനു കഴിയും. അതെങ്ങനെ സാധ്യമാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല.
നൈജീരിയയ്‌ക്കെതിരായ ഫൈനൽ വരെ എത്താൻ ഞങ്ങൾക്ക് കഴിഞ്ഞു, ഒരുപക്ഷേ എന്റെ ജീവിതത്തിലെ ഏറ്റവും അവിശ്വസനീയമായ ദിവസമായിരുന്നു അത്. അർജന്റീനയ്‌ക്ക് സ്വർണ്ണ മെഡൽ നേടാനുള്ള ഗോൾ നേടുന്നത്… നിങ്ങൾക്ക് ആ വികാരം സങ്കൽപ്പിക്കാൻ ആവുന്നതല്ല.
നിങ്ങൾ മനസ്സിലാക്കണം, എനിക്ക് 20 വയസ്സായിരുന്നു. ബെൻഫിക്കയിൽ പോലും കളിച്ചിട്ടില്ല. എന്റെ കുടുംബം പിരിഞ്ഞു കഴിയുന്നു. അർജന്റീന എന്നെ ആ ടൂർണമെന്റിലേക്ക് വിളിക്കുന്നതിന് മുമ്പ് ഞാൻ നൈരാശ്യത്തിലായിരുന്നു. വെറും രണ്ട് വർഷത്തിനുള്ളിൽ, ഞാൻ ഒരു സ്വർണ്ണ മെഡൽ നേടി. ഞാൻ ബെൻഫിക്കയ്ക്ക് വേണ്ടി കളിക്കാൻ തുടങ്ങി, അവിടുന്ന് എനിക്ക് റയൽ മാഡ്രിഡിലേക്ക് ട്രാൻസ്ഫർ കിട്ടി.
അഭിമാനത്തിന്റെ ആ നിമിഷം എന്റേതു മാത്രമായിരുന്നില്ല, എന്റെ മുഴുവൻ കുടുംബത്തിനും, വർഷങ്ങളായി എന്നെ പിന്തുണച്ച എന്റെ എല്ലാ കൂട്ടുകളിക്കാർക്കും പങ്കുള്ള അഭിമാനത്തിന്റെ നിമിഷമായിരുന്നത്. എന്റെ അച്ഛൻ എന്നെക്കാൾ മികച്ച ഫുട്ബോൾ കളിക്കാരനായിരുന്നുവെന്ന് അവർ പറയുന്നു. പക്ഷേ ചെറുപ്പത്തിൽ അദ്ദേഹം കാൽമുട്ടുകൾ തകർത്തു, അച്ഛന്റെ സ്വപ്നം മരിച്ചു. എന്റെ മുത്തച്ഛൻ അച്ഛനെക്കാൾ മികച്ച കളിക്കാരനായിരുന്നു എന്ന് അവർ പറയുന്നു. പക്ഷേ ഒരു ട്രെയിൻ അപകടത്തിൽ അദ്ദേഹത്തിന് രണ്ട് കാലുകളും നഷ്ടപ്പെട്ടു, മുത്തച്ഛന്റെ സ്വപ്നം മരിച്ചു.
എന്റെ സ്വപ്നവും പലവട്ടം മരണത്തോടടുത്തു.
പക്ഷേ എന്റെ അച്ഛൻ തകരക്കൂരയ്ക്ക് കീഴിൽ ജോലി ചെയ്തുകൊണ്ടിരുന്നു… അമ്മ ചവിട്ടിക്കൊണ്ടിരുന്നു… ഞാൻ ആ ഇടത്തേക്ക് ഓടിക്കൊണ്ടേയിരുന്നു …
നിങ്ങൾ വിധിയിൽ വിശ്വസിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല, പക്ഷേ ഞാൻ റയൽ മാഡ്രിഡിനായി ആദ്യത്തെ ഗോൾ അടിച്ചപ്പോൾ, ഞങ്ങളുടെ എതിർ ടീമിന്റെ പേരെന്തെന്ന് നിങ്ങൾക്കറിയാമോ? ഹെർക്കുലീസ് സി.എഫ്
നമ്മൾ ഏറെ ദൂരം പോന്നു.
ലോകകപ്പ് ഫൈനലിന് തൊട്ടുമുമ്പ് ഞാൻ സബെല്ലയ്ക്ക് മുന്നിൽ നിന്നു കരഞ്ഞത് എന്തെന്ന് നിങ്ങൾക്ക് ഇപ്പോൾ മനസ്സിലായേക്കാം. ഒട്ടും പരിഭ്രമിച്ചിരുന്നില്ല ഞാൻ. കരിയറിനെ കുറിച്ച് പോലും എനിക്ക് ആശങ്കയില്ലായിരുന്നു. കളിക്കാൻ ഇറങ്ങുന്നതിൽ പോലും എനിക്ക് ആശങ്കയുണ്ടായിരുന്നില്ല.
ഹൃദയത്തിൽ കൈവെച്ച് , സത്യം പറയട്ടെ, എനിക്ക് ഞങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കേണ്ടിയിരുന്നു. ഞങ്ങളുടെ നാട്ടിലെ ഇതിഹാസങ്ങളായി ഞങ്ങൾ ഓർക്കപ്പെടണമെന്ന് ഞാൻ ആഗ്രഹിച്ചു. ഞങ്ങൾ ഏറെ അടുത്തായിരുന്നു.
അതിനാലാണ് അർജന്റീനയിലെ മാധ്യമങ്ങളിൽ ഞങ്ങളുടെ ടീമിനോടുള്ള പ്രതികരണം കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നത്. ചിലനേരം നെഗറ്റിവിറ്റിയും വിമർശനവും നിയന്ത്രണാതീതമാണ്. അതൊട്ടും ആരോഗ്യകരമല്ല. നാം എല്ലാവരും മനുഷ്യരാണ്, മറ്റാരും കാണാത്ത കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ നടക്കുന്നു.
വാസ്തവത്തിൽ, ഫൈനൽ യോഗ്യതാ മത്സരങ്ങൾക്ക് തൊട്ടുമുമ്പ്, ഞാൻ ഒരു സൈക്കോളജിസ്റ്റിനെ കണ്ടു തുടങ്ങി. എന്റെ തലയിൽ ഏറെ കഠിനമായ നിമിഷങ്ങളിലൂടെയാണ് ഞാൻ കടന്നു പോയിരുന്നത്, സാധാരണയായി അന്നേരങ്ങൾ അതിജീവിക്കാൻ എനിക്ക് എന്റെ കുടുംബത്തെ ആശ്രയിക്കാനാകും. എന്നാൽ ഇത്തവണ, ദേശീയ ടീമിനു മേലുള്ള സമ്മർദ്ദം അതിതീവ്രമായിരുന്നു, അതിനാൽ ഞാൻ ഒരു സൈക്കോളജിസ്റ്റിനെ കണ്ടെത്തി, അത് എന്നെ ഏറെ സഹായിച്ചു. അവസാന രണ്ട് മത്സരങ്ങളിൽ, ഞാൻ ഏറെ അയവുള്ളവനും ശാന്തനുമായിരുന്നു.
ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നിന്റെ ഭാഗമാണ് ഞാനെന്ന്, കുട്ടിക്കാലത്ത് ഞാൻ കണ്ട സ്വപ്നം ജീവിച്ചുകൊണ്ട്, എന്റെ രാജ്യത്തിന് വേണ്ടിയാണ് ഞാൻ കളിക്കുന്നതെന്ന് ഞാൻ എന്നെത്തന്നെ ഓർമ്മിപ്പിച്ചു. ചിലപ്പോൾ, പ്രൊഫഷണലുകൾ എന്ന നിലയിൽ, ഈ ലളിതമായ വസ്തുതകൾ നാം മറന്നു പോയേക്കാം.
കളി വീണ്ടും കളിയായി മാറി.
ഞാൻ വിചാരിക്കുന്നു ഇക്കാലത്ത് ആളുകൾ ഇൻസ്റ്റാഗ്രാമിലോ യൂട്യൂബിലോ നോക്കുന്നു, അവർ ഫലങ്ങൾ കാണുന്നു, പക്ഷെ അവരതിന്റെ വിലയറിയുന്നില്ല. അവരാ യാത്ര അറിയുന്നില്ല. ചാമ്പ്യൻസ് ലീഗ് ട്രോഫിയുമായി ഞാൻ എന്റെ മകളെ ചേർത്തു പിടിച്ച് പുഞ്ചിരിക്കുന്നത് അവർ കാണുന്നു, എല്ലാം തികഞ്ഞവനെന്ന് അവർ വിചാരിക്കുന്നു. എന്നാൽ, അവരറിയുന്നില്ല ആ ഫോട്ടോ എടുക്കുന്നതിന് ഒരു വർഷം മുമ്പ് അവൾ മാസം തികയാതെ ജനിച്ച് രണ്ട് മാസം ആശുപത്രിയിൽ ട്യൂബുകളിലും വയറുകളിലും കുരുങ്ങി കിടന്നുവെന്ന്.
ഒരുപക്ഷെ ട്രോഫിയുമായി ഞാൻ കരയുന്ന ഒരു ചിത്രം അവർ കാണുന്നു, ഫുട്ബോൾ കാരണം ഞാൻ കരയുകയാണെന്ന് കരുതുന്നു. സത്യത്തിൽ ഞാൻ കരയുന്നത് എന്റെ മകൾ എന്നോടൊപ്പം എന്റെ കൈകളിൽ എന്റെ കൂടെയുണ്ടെന്നതിനാലാണ്.
അവർ ലോകകപ്പ് ഫൈനൽ കാണുന്നു, അവർക്ക് ആകെ കാണാനാവുന്നത് ഒരു ഫലം മാത്രമാണ്. 0-1.
എന്നാൽ ആ നിമിഷത്തിലേക്ക് എത്താനായി ഞങ്ങളിൽ പലരും എത്രയേറെ കഷ്ടപ്പെട്ടെന്ന് അവർ കാണുന്നില്ല. എന്റെ സ്വീകരണ മുറിയുടെ വെള്ളയിൽ നിന്ന് കറുപ്പിലേക്ക് മാറുന്ന ചുവരുകൾ അവർക്കറിയില്ല. എന്റെ അച്ഛൻ ഒരു ചെറിയ തകര മേൽക്കൂരയ്ക്ക് കീഴെ പണിയെടുക്കുന്നത് അവർക്കറിയില്ല. എന്റെ അമ്മ മഴയിലും മഞ്ഞിലും തന്റെ കുട്ടികൾക്കായി ഗ്രേസിയേലയെ ഓടിക്കുന്നത് അവർക്കറിയില്ല. അവർക്ക് ഹെർക്കുലീസിനെക്കുറിച്ച് അറിയില്ല.