ഭരണകൂടം ഭിന്നിപ്പിച്ച മണിപ്പൂർ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

അക്കാദമിക് രംഗത്തും ചലച്ചിത്രനിർമ്മാണത്തിലും സജീവമായി നിലയുറപ്പിച്ച താങ്കൾ എങ്ങനെയാണ് രാഷ്ട്രീയ രംഗത്തെത്തുകയും പാർലമെൻ്റ് അംഗമാവുകയും ചെയ്തതെന്ന് പറയാമോ?

മണിപ്പൂരിൽ നീണ്ടകാലമായി നിലനിൽക്കുന്ന പ്രതിസന്ധിയെയും സമുദായങ്ങൾ തമ്മിലുള്ള സംഘർഷങ്ങളെയുംകുറിച്ചുള്ള എൻ്റെ അഗാധമായ ഉത്കണ്ഠയാണ് രാഷ്ട്രീയ പ്രവർത്തനത്തിലേക്കുള്ള എൻ്റെ തീരുമാനത്തിന് പ്രേരണയായത്. മാധ്യമങ്ങളിൽ അതിനെക്കുറിച്ചൊക്കെ എഴുതുമ്പോഴും വിവിധ ജനകീയ പ്രസ്ഥാനങ്ങളിൽ ഭാഗമാവുമ്പോഴും നിലവിലുള്ള രാഷ്ട്രീയ സംസ്‌കാരത്തിൽ ഞാൻ കൂടുതൽ നിരാശനായിക്കൊണ്ടിരുന്നു. വർഷങ്ങളായി മണിപ്പൂരിലെ സ്ഥിതി മാറാൻ വേണ്ടി രാഷ്ട്രീയ പ്രവർത്തകരുമായി സംസാരിച്ചിട്ടും ഒരു മാറ്റം എനിക്ക് കാണാൻ കഴിഞ്ഞില്ല. പുതുതായി രാഷ്ട്രീയ രംഗത്ത് വന്ന ചെറുപ്പക്കാരും പഴയ രാഷ്ട്രീയ ശൈലി തന്നെ പിന്തുടരുന്നതാണ് കാണാൻ കഴിഞ്ഞത്. രാഷ്ട്രീയത്തിൽ നേരിട്ട് പ്രവർത്തിക്കുമ്പോൾ എനിക്ക് മണിപ്പൂർ ജനതയുടെ ജീവിതത്തിൽ ഫലവത്തായി ഇടപെടാൻ കഴിഞ്ഞേക്കും എന്ന് തോന്നി. അങ്ങനെ 2024 ജനുവരി അവസാനത്തോടെ ഞാൻ കോൺഗ്രസ് നേതൃത്വവുമായി ബന്ധപ്പെടുകയും ഔദ്യോഗികമായി രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിക്കുകയും ചെയ്തു. അതിനു മണിപ്പൂർ ജനത നൽകിയ ശക്തമായ പിന്തുണകൊണ്ടാണ് ഇപ്പോൾ എനിക്ക് പാർലമെന്റിൽ മണിപ്പൂരിന് വേണ്ടി ശബ്ദിക്കാൻ കഴിയുന്നത്.

ഇന്നലെ കടമക്കുടി അന്തർദേശീയ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച താങ്കളുടെ “Kumhei-Punshi Wari” (Festivities: The Life Story) എന്ന സിനിമയിൽ, മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങൾക്ക് ആക്കം കൂട്ടിയ ചരിത്രപരവും സാമൂഹിക-രാഷ്ട്രീയവുമായ സങ്കീർണ്ണതകളെ പരാമർശിക്കുന്നുണ്ട്. മണിപ്പൂരിലെ സംഘർഷങ്ങൾ സമീപകാല സംഭവവികാസമല്ലല്ലോ. മണിപ്പൂർ സംഘർഷങ്ങളുടെ അടിസ്ഥാന കാരണങ്ങൾ വിശദമാക്കാമോ?

ഇന്ത്യൻ ഭരണകൂടവും വിവിധ രാഷ്ട്രീയ സായുധ സംഘങ്ങളും തമ്മിലുള്ള ദീർഘകാല ഏറ്റുമുട്ടലിൽ നിന്നാണ് പുറംലോകം അറിയുന്ന മണിപ്പൂരിലെ സംഘർഷങ്ങൾ ഉടലെടുത്തതെന്ന് പറയാം. ചരിത്രപരമായി, മണിപ്പൂർ ഒരു നാട്ടുരാജ്യമായിരുന്നല്ലോ. അതിന്റെ ഇന്ത്യൻ യൂണിയനിലേക്കുള്ള ലയനം സ്വാതന്ത്ര്യാനന്തര കാലത്ത് വലിയ വിവാദങ്ങൾക്കും തർക്കങ്ങൾക്കും കാരണമായിരുന്നു. ഒരു വിഭാഗം ജനങ്ങൾ ലയനത്തിന്റെ നിയമ സാധുതയെ ചോദ്യം ചെയ്തു. അതിന്റെ ഭാഗമായി ഉടലെടുത്ത അതൃപ്തി മണിപ്പൂരിനെ ഇന്ത്യൻ സ്റ്റേറ്റിനെ എതിർക്കുന്ന സായുധ പ്രസ്ഥാനങ്ങൾക്ക് ജന്മം നൽകി. കൂടാതെ, നാഗാ ദേശീയ പ്രസ്ഥാനത്തിന് മണിപ്പൂരിൻ്റെ വടക്കൻ ജില്ലകളിലേക്ക് സ്വാധീനം വ്യാപിക്കാൻ കഴിഞ്ഞതും തെക്കൻ ഗോത്ര വിഭാഗങ്ങളുടെ ആശയാഭിലാഷങ്ങളിൽ മ്യാൻമർ ചെലുത്തിയ സ്വാധീനവും മണിപ്പൂരിനെ ഒരു സംഘർഷ ഭൂമിയാക്കി. ഇതിനെ നേരിടാൻ ഇന്ത്യൻ ഭരണകൂടം നടത്തുന്ന സൈനിക ഇടപെടലുകൾ മണിപ്പൂരിനെ കൂടുതൽ സംഘർഷങ്ങളിലേക്ക് നയിക്കുകയാണുണ്ടായത്.

കടമക്കുടി അന്തർദേശീയ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന അംഗോംച ബിമൊൽ അകൊയ്ജം, കടപ്പാട്: northeasttoday

കൊളോണിയൽ കാലഘട്ടത്തിൽ ബ്രിട്ടീഷ് സർക്കാർ ഉണ്ടാക്കിയ പ്രശ്നങ്ങളും മറ്റൊരു കാരണമാണ്. അവർ തുടങ്ങിവച്ച പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടു പോകുന്നതിനു പകരം അവരുടെ നയങ്ങൾ തുടരുകയാണ് ഇന്ത്യൻ ഭരണകൂടം ചെയ്തത്. ഒന്നിച്ചു കഴിഞ്ഞിരുന്ന ഒരു സമൂഹത്തെ മലമുകളിലെ ജനങ്ങളെന്നും താഴ് വരയിലെ ജനങ്ങളെന്നും രണ്ടായി അവർ വിഭജിച്ചു. അതുപോലെ ഒരു മലയോര ഭൂമിയെ ഒരൊറ്റ ഭൂപ്രദേശമായി കാണുന്നതിന് പകരം രണ്ടായി അവർ കണക്കാക്കി. നിലവിലെ സംഘർഷത്തിന് ഈ ചരിത്രപരമായ ഘടകങ്ങൾ ആഴത്തിൽ കാരണമായിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ അക്രമ സംഭവങ്ങൾക്ക് ചില സവിശേഷമായ കാരണങ്ങളുമുണ്ട്. അതിലൊന്നാണ് മയക്കുമരുന്ന് വ്യാപാരം. അവയുടെ തോട്ടങ്ങൾ മ്യാൻമർ, തായ്‌ലൻഡ്, ലാവോസ് (Golden Triangle) എന്നീ രാജ്യങ്ങളുമായുള്ള മയക്കുമരുന്ന് വ്യാപാരത്തിലൂടെ അന്താരാഷ്ട്ര ബന്ധങ്ങളിലേക്കും നയിക്കുന്നു. ഇത് വളരെക്കാലമായി നിലനിൽക്കുന്നതാണെങ്കിലും കഴിഞ്ഞ ദശകത്തിൽ മണിപ്പൂരിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിട്ടുണ്ട്. ചുരാചന്ദ്പൂർ (Churachandpur ) പോലുള്ള തെക്കൻ പ്രദേശങ്ങളിലെ ജനങ്ങളിൽ ഉടലെടുത്ത അസംതൃപ്തിയും അതിർത്തി പ്രദേശങ്ങളിലെ വനമേഖലകളിൽ തുടർന്ന് വരുന്ന കുടിയേറ്റവും തുടർന്നുണ്ടായ മാറ്റങ്ങളും വലിയ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. കഴിഞ്ഞ വർഷം മണിപ്പൂരിലുണ്ടായ സംഘർഷങ്ങൾ ഒന്നിലധികം, പരസ്പരബന്ധിതമായ ഘടകങ്ങളുടെ ഫലമാണ്.

മയക്കുമരുന്ന് മാഫിയയെ ഇല്ലാതാക്കാൻ എന്ന പേരിൽ ഭരണകൂടം നടത്തുന്ന ഇടപെടലുകൾക്കു പിന്നിൽ ആദിവാസി സമൂഹങ്ങളിൽ നിന്ന് ഭൂമി പിടിച്ചെടുക്കാനുള്ള സംസ്ഥാനത്തിൻ്റെ നിക്ഷിപ്ത താൽപ്പര്യമാണെന്നും അതിപ്പോഴുണ്ടായ കലാപത്തിന് കാരണമായിട്ടുണ്ടെന്നും പറയാൻ കഴിയുമോ?

എൻ്റെ വീക്ഷണത്തിൽ, ഈ ആഖ്യാനം (Narrative) ഏകപക്ഷീയവും വ്യാജവുമായ സംഘടിത പ്രചാരണത്തിൻ്റെ ഭാഗമാണ്. 1927-ലെ ഇന്ത്യൻ ഫോറസ്റ്റ് ആക്റ്റ് പ്രകാരം കണക്കാക്കപ്പെട്ട സംരക്ഷിത വനങ്ങളുടെ കാര്യത്തിൽ സമീപകാലത്തും മാറ്റങ്ങളൊന്നുമില്ലാതെ തുടരുന്നുണ്ട്. ഭരണകൂടത്തിന്റെ നിയന്ത്രണത്തിൽ വനഭൂമി കൊണ്ടുവന്നത് കൊളോണിയൽ കാലഘട്ടത്തിലാണ്. 1966ന് മുമ്പ് മണിപ്പൂർ ഇന്ത്യൻ യൂണിയന്റെ നിയന്ത്രണത്തിലായിരുന്നപ്പോൾ ചില തുടർനടപടികളും സ്വീകരിച്ചിരുന്നു. എന്നാൽ മെയ്തികളുടെ നേതൃത്വത്തിലുള്ള സർക്കാർ വനപ്രദേശങ്ങൾ തണ്ണീർത്തടങ്ങളായി പ്രഖ്യാപിച്ച് ഭൂമി കൈയടക്കുകയാണെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. ഒരു ജലാശയവും തണ്ണീർത്തടമായി അങ്ങനെ പ്രഖ്യാപിച്ചിട്ടില്ല. ഇത് രണ്ടു സമുദായങ്ങൾക്കിടയിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുപകരം വംശീയത അടിസ്ഥാനമാക്കിയുള്ള ദേശീയതയുടെ (ethno-nationalist project ) അജണ്ടയാണ് പ്രചരിപ്പിക്കുന്നത്. അനധികൃത കുടിയേറ്റം, ജനസംഖ്യാപരമായ വ്യതിയാനങ്ങൾ, മയക്കുമരുന്ന് വ്യാപനം, മെയ്തെയ് വിഭാഗങ്ങളുടെ പട്ടികവർഗ സംവരണം തുടങ്ങി പല പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാനാണ് ഭരണകൂടവും ശ്രമിക്കുന്നത്.

മെയ്തെയ് സമൂഹം നാളുകളായി താഴ് വരയിൽ വസിക്കുന്നു, കുക്കികൾ കുന്നിൻപ്രദേശങ്ങളിലും. ജനസംഖ്യ വർദ്ധനവിനും മാറി വരുന്ന ജീവിത സാഹചര്യങ്ങൾക്കും അനുസൃതമായി ഭൂബന്ധങ്ങളിലും മാറ്റം വരുമല്ലോ. അതും സംഘർഷങ്ങൾക്കൊരു കാരണമാവുന്നുണ്ടോ?

മണിപ്പൂർ അടിസ്ഥാനപരമായി ഒരു മലയോര സംസ്ഥാനമാണ്. താഴ്‌വരയും കുന്നിൻപ്രദേശങ്ങളും തമ്മിലുള്ള വിഭജനം ഒരു ഭരണകൂട നിർമ്മിത യാഥാർത്ഥ്യമാണ്. വികലമായ ഭൂപ്രകൃതി വീക്ഷണത്തിൽ വേരൂന്നിയ ഈ വിഭജനം ബ്രിട്ടീഷുകാരാണുണ്ടാക്കിയത്. കൊളോണിയൽ ഭരണത്തിന് ശേഷം വന്ന ഇന്ത്യൻ ഭരണകൂടം ഇത് ശാശ്വതമാക്കി. മണിപ്പൂരിലെ വ്യത്യസ്ത പ്രദേശങ്ങളുടെ പരസ്പരബന്ധം തിരിച്ചറിയുന്നതിൽ പരാജയപ്പെടുന്നതിനാൽ, പ്രത്യേക കുന്നുകളും ഇതര പ്രദേശങ്ങളും എന്ന ആശയം മറ്റുള്ളവരിലും തെറ്റിധാരണയുണ്ടാക്കി. ഇത് മണിപ്പൂരിലെ മാത്രം കാര്യമാണ്. ഉദാഹരണത്തിന്, നാഗാലാൻഡിനെ മുഴുവനായും ഒരു മലയോര സംസ്ഥാനമായിട്ടാണ് കണക്കാക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് കഷ്ടിച്ച് 100 മീറ്റർ ഉയരമുള്ള അവിടുത്തെ ദിമാപൂർ പോലുള്ള പ്രദേശങ്ങൾ കുന്നിൻ പ്രദേശങ്ങളായി കണക്കാക്കപ്പെടുമ്പോൾ 800 മീറ്റർ ഉയരമുള്ള ഇംഫാലിനെ സമതല പ്രദേശമായിട്ടാണ് ലേബൽ ചെയ്തിരിക്കുന്നത്. ഈ പൊരുത്തക്കേട് നിലവിലെ ഭൂവിഭാഗങ്ങളുടെ വിഭജന രീതിയിലെ അസംബന്ധത്തെ എടുത്തുകാണിക്കുന്നു.

ഇന്ത്യൻ ഭരണകൂടം1960ലെ മണിപ്പൂർ ലാൻഡ് റവന്യൂ ആൻഡ് ലാൻഡ് റിഫോംസ് ആക്റ്റ് (MLRLR) കൊണ്ടുവന്നു, അത് സംസ്ഥാനത്തെ മലയോര, റവന്യൂ ഭൂപ്രദേശങ്ങളായി വിഭജിക്കുകയും ആളുകളെ പട്ടികവർഗം (എസ്ടി), പട്ടികവർഗേതര വിഭാഗങ്ങൾ എന്നിങ്ങനെ തരംതിരിക്കുകയും ചെയ്തു. ഇങ്ങനെ നിർബന്ധിത വിഭജനം നടപ്പിലാക്കിയപ്പോൾ ജനങ്ങൾക്കിടയിൽ സ്വാഭാവികമായും അകൽച്ചയും സൃഷ്ടിക്കപ്പെട്ടു.

ഗോത്രവർഗം, ഗോത്രവർഗേതര, ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീകരണങ്ങളാൽ ജനങ്ങൾക്കിടയിൽ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാകുകയാണ്. സംവരണം കാരണം ബ്യൂറോക്രസിയിൽ തീരുമാനമെടുക്കാനുള്ള അധികാരം ആദിവാസി സമൂഹത്തിന്റെ, പ്രത്യേകിച്ച് തെക്കൻ ഗോത്ര വിഭാഗങ്ങളുടെ കുത്തകയാണെന്ന് ചില മെയ്തെയ് വിഭാഗങ്ങൾ കരുതുന്നു. കൂടാതെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന മെയ്തെയ് സമുദായം കുന്നിൻ പ്രദേശങ്ങളിൽ ഭൂമി തേടുന്നില്ലെങ്കിലും, മലനിരകളിൽ നിന്നുള്ള കുക്കി വിഭാഗത്തിലെ ആളുകൾ ചുരാചന്ദ്പൂർ പോലുള്ള ഫലഭൂയിഷ്ഠമായ താഴ്‌വര പ്രദേശങ്ങളിലേക്ക് മാറിക്കൊണ്ടിരുന്നു. ഈ സാഹചര്യത്തിൽ ആദിവാസികളുടെ ഭൂമി അന്യാധീനപ്പെടുന്നതിനെക്കുറിച്ചുള്ള പ്രചാരണം ശരിയല്ലെന്ന് മനസിലാക്കാൻ കഴിയും. മണിപ്പൂർ സംസ്ഥാനത്തിൻ്റെ രൂപീകരണത്തിൽ നിർണായക പങ്കുവഹിച്ച മെയ്തെയ് സമുദായം പാർശ്വവൽക്കരിക്കപ്പെട്ടതായി തോന്നുകയും ഇത് നിലവിലെ സംഘർഷം രൂക്ഷമാക്കുകയും ചെയ്യുന്നു. ഗോത്രവർഗവും ഗോത്രേതര വിഭാഗവും തമ്മിലുള്ള സംഘട്ടനമെന്ന പ്രചാരണത്തെ വിഭാഗീയമായി പ്രചരിപ്പിക്കുന്നതിനുപകരം മാധ്യമപ്രവർത്തകർ അവിടുത്തെ യാഥാർത്ഥ്യങ്ങൾ അന്വേഷിക്കുകയാണ് വേണ്ടത്. എസ്ടി വിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന ന്യായമായ പരാതികൾക്കും സർക്കാർ വേണ്ടത്ര പരിഗണന നൽകിയിട്ടില്ല. ഈ വിഷയങ്ങൾ സമഗ്രമായി പരിശോധിച്ച് പരിഹരിക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കണമെന്ന ആവശ്യവും ഞാൻ വളരെക്കാലമായി ഉന്നയിക്കുന്നുണ്ട്.

മണിപ്പൂരിൽ ആദിവാസി ഐക്യദാർഢ്യ മാർച്ചിൽ അക്രമം പൊട്ടിപ്പുറപ്പെട്ടപ്പോൾ, കടപ്പാട്: thehindu

മെയ്തെയ് സമുദായത്തിന് പട്ടികവർഗ (എസ്ടി) പദവി നൽകാനുള്ള കേന്ദ്ര സർക്കാരിൻ്റെ തീരുമാനത്തിന്റെ ഉദ്ദേശ ശുദ്ധിയെ താങ്കൾ സംശയിക്കുന്നുണ്ടോ?

മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായുള്ള മണിപ്പൂരിലെ ആദിവാസി സമൂഹങ്ങളുടെ സാമൂഹിക-സാമ്പത്തിക നില മനസിലാക്കാതിരിക്കുകയും ഗോത്രവർഗവും ഗോത്രേതര വർഗ്ഗവും തമ്മിലുള്ള സംഘർഷമെന്ന പ്രചാരണത്തിൽ വിശ്വസിക്കുകയും ചെയ്യുന്നത് കൊണ്ടാണ് ഈ ചോദ്യമുണ്ടാവുന്നത്. മണിപ്പൂരിലെ ഗോത്രവർഗ സമുദായങ്ങൾക്ക് മന്ത്രിസഭയിലും ബ്യൂറോക്രസിയിലും നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിൽ നിർണ്ണായകമായ സ്വാധീനം ചെലുത്താൻ കഴിയുന്നുണ്ട്. ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിൽ നിന്നും വ്യത്യസ്തമായ കാര്യമാണിത്.

മലയോര പ്രദേശങ്ങളിൽ നിന്ന് കൂടുതൽ ഫലഭൂയിഷ്ഠമായ പ്രദേശങ്ങളിലേക്കുള്ള കുക്കി വിഭാഗങ്ങളുടെ കുടിയേറ്റം സ്വാഭാവികമാണ്. ഇത് മെയ്തെയ്, കുക്കി സമുദായങ്ങൾ തമ്മിലുള്ള ഭൂമി ഉടമസ്ഥതയുമായി ബന്ധപ്പെട്ട മത്സരത്തിലേക്ക് നയിക്കുന്നു, ഈ സംഘർഷം മലയോരമേഖലയിലെ ഉയർന്ന പ്രദേശങ്ങളിലില്ല. മെയ്തെയ് വിഭാഗം ഉയർന്ന ഭൂമേഖലകളിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ല എന്നതാണ് ഇതിന് കാരണം.

എസ്ടി പദവിക്കായുള്ള മെയ്തെയ്കളുടെ ആവശ്യം മറ്റൊരു സാഹചര്യത്തിലാണുണ്ടാവുന്നത്. അത് വനഭൂമി കയ്യടക്കാൻ വേണ്ടിയല്ല. സമീപകാല സെൻസസുകളിൽ അവരുടെ ജനസംഖ്യ 60 ശതമാനത്തിൽ നിന്ന് 45 ശതമാനമായി കുറയുകയും അവരുടെ ഭൂമി മാർവാഡികളും പഞ്ചാബികളും പോലെയുള്ള പുറത്തുനിന്നുള്ളവരും കുക്കി വിഭാഗങ്ങളും കൈവശപ്പെടുത്തുകയും അവർ കൂടുതൽ പാർശ്വവൽക്കരിക്കപ്പെട്ടതായി തോന്നുകയും ചെയ്തപ്പോഴാണ്. എസ്ടി പദവി ഇല്ലെങ്കിൽ തങ്ങൾക്ക് ഭൂമിയും സ്വത്വവും നഷ്ടമാകുമെന്ന് മെയ്തെയ്കൾ ഭയപ്പെടുന്നു. നിലനിൽപ്പിനെക്കുറിച്ചുള്ള അവരുടെ ഉത്കണ്ഠ വംശീയ അടിസ്ഥാനത്തിലുള്ള ദേശീയതക്കു വേണ്ടി വാദിക്കുന്ന വിഭജന ശക്തികൾ മുതലെടുക്കുന്നു. ഈ പ്രചാരണമാണ് മുഖ്യധാരാ മാധ്യമങ്ങളും പൊതുസമൂഹവും ഏറ്റെടുത്തിരിക്കുന്നത്. അങ്ങനെ മെയ്തെയ് സമൂഹത്തെ വംശീയ ഉന്മൂലകരെന്നു വിശേഷിപ്പിക്കുകയും ചെയ്യുന്നു.

മെയ്തെയ്, കുക്കി സമുദായങ്ങൾ ഐക്യത്തോടെ ജീവിച്ച ഒരു കാലഘട്ടം ചരിത്രത്തിലുണ്ടോ?

മെയ്തെയ്, കുക്കി സമുദായങ്ങൾ സൗഹാർദ്ദത്തോടെ ജീവിച്ച ഒരു കാലമുണ്ടായിരുന്നു. ഇടയ്ക്കിടെയുള്ള തർക്കങ്ങൾക്കിടയിലും ഇരു സമുദായങ്ങളിലെയും അംഗങ്ങൾ ഒരുമിച്ച് ഭക്ഷണം പങ്കിട്ടും നൃത്തം ചെയ്തും ആഘോഷിക്കുകയും സമാധാനപരമായി സഹവസിക്കുകയും ചെയ്തിരുന്നു. സംഘർഷരഹിതമായ ഒരു കാലം ഒരു സമൂഹത്തിനും ഉണ്ടായിരിക്കണമെന്നില്ല. പ്രത്യയശാസ്ത്രം, ജാതി, മതം തുടങ്ങിയ വിഷയങ്ങളിൽ ചെറിയ സംഘർഷങ്ങൾ ഏതൊരു സമൂഹത്തിലും സാധാരണമാണെങ്കിലും, അവ മണിപ്പൂരിലെ ഇപ്പോഴത്തെ അക്രമങ്ങളെ ന്യായീകരിക്കുന്നില്ല.

ഇപ്പോഴുണ്ടായ കലാപ സൃഷ്ടിയിൽ മണിപ്പൂർ സംസ്ഥാന സർക്കാരിനോ കേന്ദ്ര സർക്കാരിനോ നേരിട്ടുള്ള പങ്കുണ്ടെന്ന് താങ്കൾ കരുതുന്നുണ്ടോ?

2017ലെയും 2022ലെയും തെരഞ്ഞെടുപ്പുകളിൽ കുക്കി സമുദായത്തിലെ ചില സായുധ വിഭാഗങ്ങൾ ബിജെപിയെ പരസ്യമായി പിന്തുണച്ചതായി അറിയാൻ കഴിഞ്ഞു. ബിജെപിയെ പിന്തുണയ്ക്കുന്നതിന് പകരമായി തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി അവരുടെ ഒരു സംഘം ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലും വെളിപ്പെടുത്തിയിരുന്നു. ഈ സായുധ സംഘത്തിൻ്റെ നേതാവ് ഒരു വീഡിയോ അഭിമുഖത്തിലും ഇത് വെളിപ്പെടുത്തുകയുണ്ടായി. മണിപ്പൂർ വിഷയത്തിൽ ഡൽഹിയിലെ ബി.ജെ.പി നേതാക്കളുടെ മൗനം കാണുമ്പോൾ ബി.ജെ.പി ഈ വിഭാഗങ്ങളുമായി ചില ഉടമ്പടികൾ നടത്തിയിട്ടുണ്ടാകുമെന്ന് ഞാൻ സംശയിക്കുന്നു. അതിന്റെ ഭാഗമായി സർക്കാരുമായി ചർച്ചയിൽ ഏർപ്പെടാൻ നിരന്തരം വിസമ്മതിക്കുന്ന മെയ്തെയ് സമുദായത്തിൽപ്പെട്ട സായുധ രാഷ്ട്രീയ വിഭാഗത്തെ നിർവീര്യമാക്കാൻ അവർ ഒന്നിച്ചു ശ്രമിക്കുന്നതായും തോന്നുന്നു.

മണിപ്പൂരിലെ ആഴത്തിൽ വേരൂന്നിയ സാമൂഹിക-രാഷ്ട്രീയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രത്യേക അധികാരമുള്ള സായുധസേനയെ വിന്യസിക്കുന്ന സമീപനം ചരിത്രപരമായ സംഘട്ടനങ്ങളെ കൂടുതൽ ആഴത്തിലാക്കുക മാത്രമാണ് ചെയ്യുന്നത്. സമീപകാല അക്രമങ്ങളിൽ ഈ നയം പങ്കു വഹിച്ചിട്ടുണ്ട്. ആദ്യം നാഗാ സായുധ ഗ്രൂപ്പുകൾക്കെതിരെയും പിന്നീട് മെയ്തെയ് വിഭാഗത്തിലെ സായുധ ഗ്രൂപ്പുകൾക്കുമെതിരെയുമുള്ള പോരാട്ടത്തെ സഹായിക്കാൻ കുക്കി സമുദായത്തിലെ പല സായുധ സേനകളെയും സർക്കാരിന്റെ സേന ഉപയോഗപ്പെടുത്തി. കുക്കി സായുധ വിഭാഗം ഒരിക്കലും ഇന്ത്യൻ സായുധ സേനയുമായി നേരിട്ട് ഏറ്റുമുട്ടിയിട്ടില്ല. സിവിൽ സമൂഹത്തിന്റെ ആശങ്കകളെ അഭിസംബോധന ചെയ്യുന്നതിനുപകരം തങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഇന്ത്യൻ ഭരണകൂടം ഈ വിമത ഗ്രൂപ്പുകളെ ഉപയോഗിക്കുന്നതായി തോന്നുന്നു. കുക്കി വിമത ഗ്രൂപ്പുകളുമായുള്ള സസ്പെൻഷൻ ഓഫ് ഓപ്പറേഷൻ (SOO) കരാർ ഈ തന്ത്രത്തിൻ്റെ ഭാഗമാണ്. അടുത്തിടെ അസം റൈഫിൾസ് യൂണിറ്റിനെ മണിപ്പൂരിൽ നിന്ന് മാറ്റിയതിനെ കുക്കികൾ സ്വാഗതം ചെയ്യുകയും മെയ്തെയ് വിമർശിക്കുകയും ചെയ്തത് ഈ ഒത്തുകളിയെ സൂചിപ്പിക്കുന്നു.

കലാപത്തിൽ തകർന്ന മണിപ്പൂർ കച്ചിംഗ് ജില്ലയിലെ വീട്, കടപ്പാട്: scroll.in

സായുധ സേനയ്ക്ക് നൽകിയിട്ടുള്ള പ്രത്യേക അധികാരങ്ങൾ റദ്ദാക്കേണ്ടതുണ്ടോ?

പതിറ്റാണ്ടുകളായി സംഘർഷ മേഖലകളെ സൈനികവൽക്കരിക്കുന്നതിന് എതിരാണ് ഞാൻ. അതിർത്തി പ്രദേശങ്ങളിൽ സുരക്ഷാ പരിഗണനകൾ പ്രധാനമാണെങ്കിലും, ഒരു ദേശം മുഴുവൻ സൈനികവൽക്കരിക്കുന്നതിന് ഇത് ന്യായീകരണമാകുന്നില്ല. സായുധ സേനയുടെ പ്രത്യേക അധികാര നിയമം (AFSPA) റദ്ദാക്കണം. AFSPA കാരണം കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ ഉണ്ടായിട്ടുണ്ട്. കൂടാതെ ഇത്രയും വലിയ കൂട്ടക്കുരുതി ഉണ്ടായിരിക്കുന്നത് ഈ സൈന്യം നോക്കി നിൽക്കുമ്പോഴാണ്. സേനകൾക്ക് സാധാരണക്കാരുടെ ജീവൻ സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ, അതിൻ്റെ പ്രസക്തി സംശയാസ്പദമാണ്. ഭരണകൂടം സൈനികവൽക്കരണ സമീപനത്തിൽ നിന്ന് മാറി കൂടുതൽ മാനുഷികവും ഫലപ്രദവുമായ മാർഗങ്ങളിലൂടെ സംഘർഷങ്ങളെ അഭിമുഖീകരിക്കണം.

ഇങ്ങനെ പ്രശ്നങ്ങളെ രൂക്ഷമാകുന്ന രാഷ്ട്രീയ പാർട്ടികളും മണിപ്പൂരിലെ വിമത ഗ്രൂപ്പുകളും തമ്മിലുള്ള അവിശുദ്ധ ബന്ധം എങ്ങനെ തകർക്കാനാകും?

ഇത് സങ്കീർണ്ണവും ബഹുതലങ്ങളുള്ളതുമായ ഒരു പ്രശ്നമാണ്. കുക്കി വിമത സായുധ ഗ്രൂപ്പുകളുടെ നേതാക്കളുടെ അടുത്ത ബന്ധുക്കൾ രാഷ്ട്രീയ സ്വാധീനമുള്ള സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്. ബ്യൂറോക്രസിയിലും അവർക്കു സ്വാധീനമുണ്ട്. ഈ ബന്ധം തുടരുമ്പോൾ വിമത ഗ്രൂപ്പുകളെ എങ്ങനെ ജനാധിപത്യവൽക്കരിക്കാൻ കഴിയും? ഇത് കലാപകാരികളും രാഷ്ട്രീയക്കാരും തമ്മിലുള്ള അതിരുകൾ ഇല്ലാതാക്കുന്നു. ഇന്ത്യൻ മാധ്യമങ്ങൾ പലപ്പോഴും ഈ യാഥാർത്ഥ്യങ്ങളെ പുറത്തുകൊണ്ടുവരുന്നതിൽ പരാജയപ്പെടുകയും, പകരം പ്രശ്നം വംശീയ കലാപങ്ങൾ എന്ന നിലയിൽ അവതരിപ്പിക്കുകയുമാണ് ചെയ്യുന്നത്. ചില സന്ദർഭങ്ങളിൽ ഇത് രാഷ്ട്രീയക്കാർക്കും സായുധ വിഭാഗങ്ങൾക്കും ഇടയിലെ അവിശുദ്ധ ബന്ധമെന്ന രീതിയിലല്ല മറിച്ച് ഒരേ നാണയത്തിൻ്റെ രണ്ട് വശങ്ങളായി കാണേണ്ടി വരും.

നീണ്ടുനിൽക്കുന്ന അക്രമങ്ങൾ തടയാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നതിൽ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും പരാജയപ്പെട്ടത് എന്തുകൊണ്ടാണ്?

ഇതൊരു പ്രധാന നിഗൂഢ രഹസ്യമായി തുടരുന്നു. നേരത്തെ പറഞ്ഞതുപോലെ ബിജെപി സർക്കാർ വിമത ഗ്രൂപ്പുകൾക്ക് ചില വാഗ്ദാനങ്ങൾ നൽകിയതുകൊണ്ടാവാം. അല്ലെങ്കിൽ സംസ്ഥാന ദേശീയ നേതാക്കൾ സങ്കീർണ്ണമായ സാഹചര്യത്തിൽ കുടുങ്ങിയിരിക്കുകയാവാം, അല്ലെങ്കിൽ രാഹുൽ ഗാന്ധി പാർലമെൻ്റിൽ സൂചിപ്പിച്ചതുപോലെ ‘ചക്രവ്യൂഹ’ത്തിൽ കുടുങ്ങിയിരിക്കുകയുമാവാം. എന്തായാലും അവരുടെ നിഗൂഢമായ ഉദ്ദേശങ്ങൾക്കായി മണിപ്പൂരിലെ ജനങ്ങളെ ഗിനിപ്പന്നികളായി കണക്കാക്കിയിരിക്കുകയാണ്. അല്ലെങ്കിൽ എന്തുകൊണ്ടാണ് ഒരു ജനാധിപത്യ രാജ്യം ഈ രീതിയിൽ അക്രമം നിർബാധം തുടരാൻ അനുവദിക്കുന്നത്? ഇന്ത്യയിലെ ഏതെങ്കിലും ഒരു സംസ്ഥാനം ഇത്രയും നീണ്ടുനിൽക്കുന്ന അക്രമങ്ങൾ വെച്ചുപൊറുപ്പിക്കുമോ? ഒരു വിദേശ രാജ്യത്തല്ല ഇന്ത്യയുടെ ഭാഗമായ മണിപ്പൂരിലാണ് ഇത് സംഭവിക്കുന്നത് എന്നത് ഏറെ ആശങ്കയും വേദനയും ഉണ്ടാക്കുന്നതാണ്.

കലാപത്തിന്റെ മറവിൽ മണിപ്പൂരിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന് കോർപ്പറേറ്റുകളുടെ പിന്തുണയോടെ ഒരു നിഗൂഢമായ വികസന പദ്ധതി നടപ്പാക്കാൻ താൽപര്യമുണ്ടെന്ന് താങ്കൾ സംശയിക്കുന്നുണ്ടോ?

കടുത്ത ക്രമസമാധാന പ്രശ്‌നങ്ങളുള്ള ഒരു സംസ്ഥാനത്ത് മൂലധന നിക്ഷേപത്തിന് എന്ത് സാധ്യതയാണുള്ളത്? ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിൻ്റെ സാമ്പത്തിക ആഘാതം വിലയിരുത്താൻ മണിപ്പൂരിന് പുറത്തുള്ള ഒരു സാമ്പത്തിക വിദഗ്ധൻ്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിക്കാനുള്ള ശ്രമത്തിലാണ്. ഇപ്പോഴും പകൽക്കൊള്ള വ്യാപകമാണ്, വ്യാപാര സ്ഥാപനങ്ങളും ആശുപത്രികളും അടഞ്ഞു കിടക്കുന്നു, വ്യാപകമായ നിയമലംഘനവും നിലനിൽക്കുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിൽ വികസനം അസാധ്യമാണ്. മണിപ്പൂരിലെ പ്രശ്നങ്ങൾ ഭരണകൂടത്തെ അലട്ടുന്നേയില്ല. ബിഹാറിലെ വെള്ളപ്പൊക്കത്തെക്കുറിച്ച് സർക്കാർ സംസാരിക്കുമ്പോൾ, മണിപ്പൂരിലും ഇംഫാൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും അടുത്തകാലത്തൊന്നും സംഭവിക്കാത്ത തീവ്രതയിൽ കടുത്ത വെള്ളപ്പൊക്കം ഉണ്ടായിട്ടുള്ളത് അവഗണിക്കപ്പെടുന്നു. ദുരിതാശ്വാസത്തെക്കുറിച്ചോ പുനർനിർമ്മാണത്തെക്കുറിച്ചോ ബജറ്റിൽ പരാമർശമില്ല. അക്രമവും വെള്ളപ്പൊക്കവും കാരണം ആളുകൾക്ക് വായ്പ തിരിച്ചടക്കാനോ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാനോ കഴിയുന്നില്ല. മണിപ്പൂരിനെ പിന്തുണയ്ക്കാൻ കേന്ദ്രസർക്കാരിന് ഉത്തരവാദിത്തമുണ്ട്.

കുടിയിറക്കപ്പെട്ടവരുടെയും അഭയാർഥി ക്യാമ്പുകളിൽ കഴിയുന്നവരുടെയും സ്ഥിതി എന്താണ്?

മണിപ്പൂരിലെ സ്ഥിതി ഏറെ ഗുരുതരമാണ്. 1947ലെ ഇന്ത്യ-പാക്കിസ്ഥാൻ വിഭജനത്തെക്കുറിച്ചുള്ള ഗവേഷണത്തിൽ പങ്കാളിയായിരുന്നു ഞാൻ. അന്ന് നടന്ന ദുരിതങ്ങളുടെ നേർപതിപ്പ് ഇപ്പോൾ എൻ്റെ നാട്ടിലും നേരിട്ട് കാണുന്നു. സാമുദായിക സംഘർഷം മൂലം 60,000-ത്തിലധികം ആളുകൾ ഭവനരഹിതരായി, ഈ അവസ്ഥ സ്വതന്ത്ര ഇന്ത്യയിൽ മുമ്പെങ്ങും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിക്ക് പോലും ചില പ്രദേശങ്ങൾ സന്ദർശിക്കാനോ ഒരു കാബിനറ്റ് അംഗത്തിന് ഇംഫാലിലേക്ക് വരാനോ പോലും കഴിയില്ല. അതെസമയം പല ഉദ്യോഗസ്ഥ നിയമനങ്ങളും സൈന്യത്തിന്റെ ഇടപെടലുകളും വർഗീയ അടിസ്ഥാനത്തിലാണ് നടക്കുന്നത്. എങ്ങനെയാണ് നമ്മുടെ രാജ്യത്തിന് ഇത്തരം അരാജകത്വം അനുവദിക്കാൻ കഴിയുക?

സംഘർഷങ്ങൾ നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാർ തികഞ്ഞ പരാജയമാണ്. ഇന്ന് മണിപ്പൂരിൽ ആർട്ടിക്കിൾ 355 ചുമത്തുമ്പോൾ, നാളെ മറ്റേതൊരു ഇന്ത്യൻ സംസ്ഥാനത്തും ഇത് ഉപയോഗിക്കാം. ക്രമസമാധാനം ഉറപ്പുവരുത്തേണ്ട സംവിധാനമായ ഏകീകൃത ആസ്ഥാനത്തിന്റെ ( The Unified Headquarters) തലപ്പത്തു നിന്നും മുഖ്യമന്ത്രിയെ മാറ്റി മണിപ്പൂരിൽ ഒരു പരിചയവുമില്ലാത്ത ഒരാളെ നിയമിച്ചിരിക്കുകയാണ്. ക്രമസമാധാനം ഉറപ്പു വരുത്തേണ്ടത് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങാണോ അതോ ഇന്ത്യൻ ഗവൺമെൻ്റാണോ എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളുമിത് ഉയർത്തുന്നു. ക്രമസമാധാനം ഒരു സംസ്ഥാന വിഷയമാണ്, എന്നിട്ടും ഫെഡറൽ ഘടനയെ ഇല്ലാതാക്കുന്ന രീതിയിൽ കേന്ദ്ര സർക്കാർ അതിൽ ഇടപെടുകയാണ്. സുരക്ഷാ ഉപദേഷ്ടാവ് കുൽദീപ് സിംഗിനെ മുഖ്യമന്ത്രിയുടെ അനുവാദമില്ലാതെ കേന്ദ്രസർക്കാർ നിയമിച്ചു. ഈ സാഹചര്യം മണിപ്പൂരിൽ മാത്രം നടക്കുന്ന കാര്യമാണ്, ഇത് ഭരണഘടനാ മാനദണ്ഡങ്ങളുടെ ദുരുപയോഗത്തെ സൂചിപ്പിക്കുന്നു. ഇത് ഭരണഘടനാ വിരുദ്ധവും ജുഡീഷ്യറിയുടെ ചട്ടങ്ങൾക്ക് വിരുദ്ധവുമായ അധികാര കേന്ദ്രീകരണമാണ്. ബിരേൻ സിങ്ങിനെ ഞാൻ കുറ്റപ്പെടുത്തുന്നില്ല; അദ്ദേഹം ഒരു പാവ മാത്രമാണ്. അദ്ദേഹത്തെ ബലിയാടാക്കി മോദിയും അമിത് ഷായും സ്വയം രക്ഷ നേടുകയാണ്.

അംഗോംച ബിമൊൽ അകൊയ്ജം ലോകസഭയിൽ സംസാരിക്കുന്നു, കടപ്പാട്: thestatesman.com

ചരിത്രപരമായ കാരണങ്ങളും നിലവിലെ ഭരണകൂടത്തിന്റെ തെറ്റായ നടപടികളും ചേർന്നുണ്ടായ ഈ ദുരന്തത്തെ മണിപ്പൂരിന് എങ്ങനെ അതിജീവിക്കാൻ കഴിയും?

ഈ രാജ്യത്തെ ലിബറൽ വർഗം അടിസ്ഥാന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാതെ വിഭാഗീയത പ്രോത്സാഹിപ്പിക്കുന്ന പ്രചാരണങ്ങളിൽ നിന്നും മാറി നിൽക്കണം. കുന്നുകളും താഴ് വരകളും, പട്ടിക വിഭാഗങ്ങളും അല്ലാത്തവരും, ക്രിസ്ത്യാനികളും ഹിന്ദുക്കളും എന്നിങ്ങനെയുള്ള ലളിതമായ വിഭജനങ്ങൾക്കപ്പുറത്തേക്ക് യാഥാർഥ്യങ്ങളെ നോക്കിക്കാണേണ്ടതുണ്ട്. ഉദാഹരണത്തിന്, മണിപ്പൂരിലെ മറ്റ് ക്രിസ്ത്യൻ ഗ്രൂപ്പുകളേക്കാൾ വലിയ ക്രിസ്തീയ ജനസംഖ്യ മെയ്തെയ് സമുദായത്തിലാണ്. എന്നിട്ടും, മെയ്തെയ് ക്രിസ്ത്യാനികൾ ചുരാചന്ദ്പൂരിലേക്ക് പോയാൽ, അവർ കൊല്ലപ്പെട്ടേക്കാം. അവർ ക്രിസ്ത്യാനികൾ ആയതുകൊണ്ടല്ല മറിച്ച് അവർ മെയ്തേയ് ആയതുകൊണ്ടാണ്. അതുപോലെ, ക്രിസ്ത്യാനി അല്ലാത്ത യഹൂദനായ കുക്കി വിഭാഗത്തിലെ ഒരാൾക്കും ഈ അപകടസാധ്യത ഉണ്ടാകുന്നത് അവരുടെ വിശ്വാസം കൊണ്ടല്ല, മറിച്ച് കലുഷിതമായ വർഗീയ സംഘർഷം മൂലമാണ്. വർഗീയത പുലർത്തുന്ന വിഭാഗങ്ങൾ മെയ്തെയ്കളുടെയും കുക്കികളുടെയും ഇടയിലുമുണ്ട്. എന്നാൽ ഈ രണ്ടു വിഭാഗങ്ങളും പൂർണ്ണമായും അതിനു ഉത്തരവാദികളാണെന്നു പറയാൻ കഴിയില്ല. എന്റെ ഈ നിലപാട് കാരണം രണ്ടു വിഭാഗങ്ങളിലെയും വർഗീയ ശക്തികൾ എനിക്ക് എതിരാണ്.

ഓരോ മേഖലയിലെയും പരാജയത്തിനു നാം ഇന്ത്യൻ സർക്കാരിനെയും മണിപ്പൂർ സംസ്ഥാന സർക്കാരിനെയും ഉത്തരവാദികളാക്കണം. ദേശീയ മാധ്യമങ്ങൾ ബൈനറിക്കകത്ത് കൃത്രിമമായി നിർമ്മിച്ചെടുത്ത കാരണങ്ങൾ ശാശ്വതമാക്കുന്നതിനുപകരം പ്രശ്നത്തിൻ്റെ അടിസ്ഥാന കാരണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കിൽ, സ്ഥിതി മെച്ചപ്പെടുമായിരുന്നു. സംഘർഷം കൈകാര്യം ചെയ്യുന്നതിലെ പരാജയത്തിന് മാത്രമല്ല, സ്വന്തം അധികാരപരിധി സംരക്ഷിക്കാനുള്ള കഴിവില്ലായ്മയ്ക്കും മണിപ്പൂർ സംസ്ഥാന സർക്കാരിനെ നാം അപലപിക്കണം.

അക്കാദമിക് പശ്ചാത്തലവും ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട എംപി എന്ന നിലയിലുള്ള അനുഭവവും കണക്കിലെടുക്കുമ്പോൾ, പാർലമെൻ്റിനുള്ളിലെ ജനാധിപത്യ പ്രക്രിയയെ താങ്കൾ എങ്ങനെ കാണുന്നു?

ഇന്ത്യൻ പാർലമെൻ്റിൻ്റെ പരിണാമത്തെക്കുറിച്ച് പഠിച്ച ഒരാളെന്ന നിലയിൽ അതിൻ്റെ ഘടനയിലും സംവാദ ശൈലിയിലും വന്ന കാര്യമായ മാറ്റങ്ങൾ ഞാൻ മനസിലാക്കുന്നു. ആദ്യകാല ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നഗര കേന്ദ്രങ്ങളിൽ നിന്നുള്ള വരേണ്യ വിഭാഗങ്ങൾ ആയിരുന്നല്ലോ. പിന്നീടാണ് അതിൽ ജനാധിപത്യം കടന്നു വന്നത് അതിനു സമാനമായി പാർലമെൻ്റ് ഇന്ന് വിശാലവും വൈവിധ്യവുമുള്ള ജനവിഭാഗങ്ങളുടെ പ്രാതിനിധ്യത്തെ പ്രതിഫലിപ്പിക്കുന്നു. ഇപ്പോൾ, എന്നെപ്പോലുള്ളവർ ഉൾപ്പെടെ വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള എംപിമാർ അവിടെ സജീവമാണ്. നെഹ്‌റുവും അദ്ദേഹത്തിൻ്റെ തലമുറയും ഇന്ന് പാർലമെൻ്റ് നിരീക്ഷിക്കുകയാണെങ്കിൽ, നിലവിലെ അതിന്റെ സംസ്കാരം അവരെ അത്ഭുതപ്പെടുത്തിയേക്കാം. സഭ നേതൃത്വത്തെ അഭിസംബോധന ചെയ്യാൻ മാന്യമായ ഭാഷ പേരിനു ഉപയോഗിക്കുമ്പോഴും സംവാദങ്ങൾ പലപ്പോഴും ബഹളവും വ്യക്തി അധിഷേപവും കാമ്പില്ലാത്ത തർക്കവുമായി അവസാനിക്കുകയാണ്. മുമ്പ് ചർച്ചകളിലൊക്കെ പ്രാതിനിധ്യം കുറവായിരുന്ന വടക്കുകിഴക്കൻ എംപിമാർക്കുൾപ്പെടെ ഇന്ത്യയിലുടനീളമുള്ള യുവരാഷ്ട്രീയക്കാരുടെ സജീവ പങ്കാളിത്തം ലഭിക്കുന്നുണ്ടെന്നത് എടുത്തു പറയേണ്ടിയിരിക്കുന്നു.

Also Read