അന്നപൂരണിയും ആവിഷ്കാരത്തിന്റെ ഭാവിയും

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

“ഒരു നല്ല സന്ദേശം ആളുകളിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടി ചെയ്ത സിനിമ ഞങ്ങൾ പോലുമറിയാതെ ചിലരുടെ മനസിനെ വേദനിപ്പിച്ചതായി മനസിലാക്കാൻ സാധിച്ചു. സെൻസർ ബോർഡ് സാക്ഷ്യപ്പെടുത്തുകയും തിയേറ്ററിൽ റിലീസ് ചെയ്യുകയും ചെയ്ത ഒരു സിനിമ ഒ.ടി.ടിയിൽ നിന്ന് നീക്കം ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. എനിക്കോ എന്റെ ടീമിനോ ആരുടെയും വികാരം വ്രണപ്പെടുത്തണമെന്ന ഉദ്ദേശമുണ്ടായിരുന്നില്ല. മാത്രമല്ല ഈ വിഷയത്തിന്റെ ഗൗരവത്തെക്കുറിച്ച് ഞങ്ങൾക്കെല്ലാവർക്കും അറിയാം. പൂർണ്ണമായും ദൈവത്തിൽ വിശ്വസിക്കുകയും രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങൾ പതിവായി സന്ദർശിക്കുകയും ചെയ്യുന്ന വ്യക്തിയെന്ന നിലയിൽ എന്റെ ഭാഗത്തുനിന്നുണ്ടായ അവസാന കാര്യമാണിത്. ഏതെങ്കിലും തരത്തിൽ നിങ്ങളുടെ വികാരം വ്രണപ്പെടുത്തിയെങ്കിൽ ഞാൻ ആത്മാർത്ഥമായി ഹൃദയത്തിൽ നിന്ന് ക്ഷമ ചോദിക്കുന്നു.” തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്ന നയൻതാര 2024 ജനുവരി 18ന് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച ക്ഷമാപണ കുറിപ്പിലെ വരികളാണിവ. ‘അന്നപൂരണി’ എന്ന സിനിമയുമായി ബന്ധപ്പെട്ടുണ്ടായ എതിർപ്പുകളെ തുടർന്നായിരുന്നു ജയ് ശ്രീ റാം എന്ന തലക്കെട്ടോടെയുള്ള നയൻതാരയുടെ ഈ ക്ഷമാപണ കുറിപ്പ്.

ജയ്ശ്രീം എന്ന തലക്കെട്ടിൽ നയൻതാരയുടെ മാപ്പ്

നയൻതാര അഭിനയിച്ച ‘അന്നപൂരണി, ദി ഗോഡസ് ഓഫ് ഫുഡ്’ എന്ന തമിഴ് സിനിമ മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണവുമായി ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തുകയും തുടർന്ന് സിനിമ സ്ട്രീം ചെയ്തിരുന്ന ഒ.ടി.ടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ നിന്ന് ‘അന്നപൂരണി’ പിൻവലിക്കുകയും ചെയ്തിരുന്നു. സിനിമയിലൂടെ ശ്രീരാമനെ മോശമായി ചിത്രീകരിക്കുകയും ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്നും ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്നുമാണ് ചിത്രത്തിനെതിരെ ഉയർന്ന പരാതി. ഇതേത്തുടർന്ന് ചിത്രത്തിന്റെ സഹ നിര്‍മാതാക്കളായ സീ സ്റ്റുഡിയോസ് മാപ്പ് പറഞ്ഞ് പരസ്യപ്രസ്താവന ഇറക്കി. വികാരങ്ങളെ വ്രണപ്പെടുത്തി എന്ന് ആരോപിക്കപ്പെടുന്ന രംഗങ്ങള്‍ നീക്കം ചെയ്യാമെന്ന ഉറപ്പും നിര്‍മ്മാതാക്കള്‍ നൽകിയുട്ടുണ്ട്. സീ സ്റ്റുഡിയോസും നാഡ് സ്റ്റുഡിയോയും ട്രിഡെന്റ് ആർട്സും ചേർന്ന് നിർമ്മിച്ച സിനിമ 2023 ഡിസംബർ ഒന്നിനാണ് തിയേറ്ററിൽ പ്രദർശനത്തിനെത്തിയത്. ഡിസംബർ 29-നാണ് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ്ങ് ആരംഭിച്ചത്. പരാതിയെത്തുടർന്ന് ചിത്രത്തിന്റെ സ്ട്രീമിംഗ് 2024 ജനുവരി 11 ന് നെറ്റ്ഫ്‌ളിക്‌സ് അവസാനിപ്പിക്കുകയായിരുന്നു.

ഇന്ത്യയും ഒ.ടി.ടി വ്യവസായവും

ഒരു ബില്യണലിധികം ജനസംഖ്യയുള്ളതും, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ വിപണികളിലൊന്നുമായ ഇന്ത്യയിലേക്ക് ഏഴ് വർഷം മുമ്പ് എത്തുമ്പോൾ ചലച്ചിത്ര മേഖലയിൽ സമൂലമായ മാറ്റങ്ങളുണ്ടാക്കുമെന്നായിരുന്നു പ്രമുഖ ഒ.‌ടി.ടി പ്ലാറ്റ്ഫോമുകളായ നെറ്റ്ഫ്ലിക്സും ആമസോൺ പ്രൈം വീഡിയോയും വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ കഴിഞ്ഞ ബി.ജെ.പി സർക്കാർ സാംസ്കാരിക രംഗത്ത് പിടിമുറിക്കയതോടെ ഈ സ്ട്രീമിങ്ങ് പ്ലാറ്റ്ഫോമുകൾ കടുത്ത നിയന്ത്രണത്തിന് കീഴിലാണെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തത് 2023 നവംബർ 20ന് ആണ്. വാഷിംഗ്ടൺ പോസ്റ്റിന്റെ ഈ റിപ്പോർട്ടിനെ ശരിവയ്ക്കുന്ന തരത്തിലുള്ളതാണ് റിപ്പോർട്ട് പബ്ലിഷ് ചെയ്തതിന് പിന്നാലെ അന്നപൂരണിയെന്ന തമിഴ് സിനിമയ്ക്ക് നേരിടേണ്ടിവന്ന സാംസ്കാരിക വിലക്ക്. ആർ.എസ്.എസ്സും അതിന്റെ പ്രത്യയശാസ്ത്രത്തെ പിന്താങ്ങുന്നവരും തങ്ങളുടെ ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനായി ക്രിമിനൽ കേസിലൂടെ ഭീഷണിപ്പെടുത്തുകയും പൊതുസമൂഹത്തിന്റെ വികാരത്തെ സാമൂഹ്യമാധ്യമങ്ങളിലൂടെ ഏകോപിപ്പിച്ച് നെറ്റ്ഫ്ലിക്സും പ്രൈം വീഡിയോയും വഴി അവർക്ക് സ്വീകാര്യമായ ഉള്ളടക്കം രൂപപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നതായും വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് പറയുന്നു.

അന്നപൂരണി സിനിമയിൽ നിന്നുള്ള രം​ഗം

ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതും ഹിന്ദുമതത്തെ അവഹേളിക്കുന്നതുമാണ് ‘അന്നപൂരണി’ എന്നാരോപിച്ച് മുൻ ശിവസേന നേതാവ് രമേഷ് സോളങ്കിയാണ് മുംബൈയിലെ എൽ.ടി മാർഗ് പൊലീസ് സ്റ്റേഷനിൽ ആദ്യം പരാതി നൽകിയത്. രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന്റെ സമയത്ത് നെറ്റ്ഫ്ളിക്സും സീ സ്റ്റുഡിയോയും ഈ ചിത്രം നിർമ്മിച്ച് പുറത്തിറക്കിയത് ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതിനുവേണ്ടിയാണെന്നായിരുന്നു രമേശ് സോളങ്കി ഉന്നയിച്ച ആരോപണം. മധ്യപ്രദേശിലെ ജബൽപൂരിലെ ഹിന്ദു സേവ പരിഷത്ത് എന്ന സംഘടനയും നയന്‍താര, സംവിധായകന്‍ നിലേഷ് കൃഷ്ണാ, നിര്‍മ്മാതാക്കളായ ജിതിന്‍ സേഥി, ആര്‍ രവീന്ദ്രന്‍, നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയുടെ കണ്ടന്റ് ഹെഡ് മോണിക്ക ഷെര്‍ഗില്‍ എന്നിവർക്കെതിരെ മധ്യപ്രദേശിൽ പരാതി നൽകുകയും ഐ.പി.എസി സെക്ഷന്‍ 153 എ പ്രകാരം പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. വിശ്വഹിന്ദു പരിഷത്ത് വക്താവ് ശ്രീരാജ് നായരും ചിത്രത്തിനെതിരെ രംഗത്തുവന്നു.

എന്നാൽ ഒ.ടി.ടിയിൽ സ്ട്രീം ചെയ്യുന്ന സിനിമകൾക്കും വെബ് സീരീസിനുമെതിരെ വലതുപക്ഷ ശക്തികൾ, പ്രത്യേകിച്ച് ഹിന്ദുത്വ ശക്തികൾ കഴി‍ഞ്ഞ കുറച്ച് വർഷങ്ങളായി എതിർപ്പുന്നയിച്ച് തുടങ്ങിയിട്ടുണ്ട്. മാധ്യമ വിദഗ്ധനും എഴുത്തുകാരനുമായ ദാമോദർ പ്രസാദ് അത് വിശദമാക്കുന്നു.

“സിനിമാ പോലെ പബ്ലിക് വ്യൂയിങ്ങല്ല, ഡൊമസ്റ്റിക്ക് വ്യൂയിങ്ങ് ആണ് ഒ.ടി.ടി. അതുകൊണ്ട് തന്നെ ഇത്രയും കാലം അതിന് സെൻസർഷിപ്പ് ഉണ്ടായിരുന്നില്ല. എന്നാൽ ഒ.ടി.‍ടിയിൽ സ്ട്രീമിങ്ങ് ചെയ്ത സെയ്ഫ് അലി ഖാൻ അഭിനയിച്ച ‘താണ്ഡവ്’ എന്ന വെബ്സീരിയസിനെതിരെയാണ് ആദ്യം ഇത്തരത്തിൽ ആരോപണം. വിക്രം സേത്തിന്റെ നോവലായ ‘എ സ്യൂട്ടബിൾ ബോയ്’ സ്ട്രീം ചെയ്ത സമയത്തും ക്ഷേത്ര പരിസരത്ത് ചുംബിക്കുന്നുവെന്ന പേരിൽ അതിനെതിരെയും വലിയ കലാപമുയർന്നിരുന്നു. എന്നാൽ ഇതൊന്നും അന്ന് നീക്കം ചെയ്തിരുന്നില്ല, കാരണം ഒ.ടി.ടികൾക്ക് സ്വന്തമായൊരു നിലപാടുണ്ടായിരുന്നു. ഇതൊന്നും അന്ന് നിയമത്തിന്റെ പരിധിയിലല്ല എന്നും സർക്കാരിന് ആ നിലക്ക് നിയന്ത്രിക്കാൻ പറ്റുന്നതല്ല എന്നുമൊരു തോന്നലുണ്ടായിരുന്നു. പക്ഷേ പിന്നീട് പലതരം സമ്മർദ്ദങ്ങൾക്ക് കീഴ്പ്പെടുന്ന സമീപനത്തിലേക്കാണ് ഒ.ടി.ടി മാറികൊണ്ടിരിക്കുന്നത്. അങ്ങനെ മാറുന്നതിന്റെ കാരണം ഒരു ഭാഗത്ത് ഈ സംഘടനകളുടെ സാമൂഹികശക്തി മാത്രമല്ല, ഭരണകൂടം അതിനെ അംഗീകരിക്കുന്നുതുകൊണ്ട് കൂടിയാണ്. അതുകൊണ്ടാണ് നെറ്റ്ഫ്ലിക്സിനും മറ്റ് പ്ലാറ്റഫോമുകൾക്കും സിനിമ പിൻവലിക്കേണ്ടി വരുന്നത്.” ദാമോദർ പ്രസാദ് കേരളീയത്തോട് പറഞ്ഞു.

ദാമോദർ പ്രസാദ്

ബി.ജെ.പി ഭരണം തുടർക്കഥയാവുന്ന സാഹര്യത്തിൽ‌ ഇതൊക്കെ സ്വാഭാവികമാണ് എന്നാണ് ചലച്ചിത്ര സംവിധായക കുഞ്ഞില മസിലാമണി പറയുന്നത്. “ഈ ഇലക്ഷനിലും വേറിട്ടൊന്നും സംഭവിക്കാൻ പോവുന്നതായി എനിക്ക് തോന്നുന്നില്ല. കാരണം ഇന്ത്യയിലെ ഭൂരിഭാഗം മനുഷ്യരുടെയും ഉള്ളിലുള്ള വർഗീയതയെ അവർ വെള്ളവും വളവും കൊടുത്ത് അത്രമാത്രം വളർത്തിക്കഴിഞ്ഞിരിക്കുന്നു. അതിൻ്റെ ഭാഗമായി നടക്കുന്ന, നടപ്പിലാവുന്ന കാര്യങ്ങളിൽ ഒന്നു മാത്രമാണ് സെൻസർഷിപ്പ്. അതിൻ്റെ മറുവശമാണ് വിദ്വേഷം പ്രചരിപ്പിക്കുന്ന പ്രൊപ്പഗണ്ട സിനിമകൾ. ഇത് ഇനി വർദ്ധിക്കുകയേ ഉള്ളൂ.” കുഞ്ഞില മസിലാമണി പറയുന്നു.

ഉള്ളടക്കം അംഗീകരിക്കപ്പെടണമെങ്കിൽ ഭരിക്കുന്നവരുടെ രാഷ്ട്രീയത്തിനെതിരെ ഒന്നും പറയാൻ പാടില്ല എന്ന രീതി ഒ.ടി.ടികളിൽ കുറേക്കാലമായി നിലവിലുണ്ടെന്ന് വ്യക്തമാക്കുന്ന കുഞ്ഞില ആമസോൺ പ്രൈമിന്റെ ഇന്ത്യൻ മേധാവിയായിരുന്ന അപർണ്ണ പുരോഹിതിനെതിരെ കേസ് വന്നതിന് ശേഷം എല്ലാ പ്ലാറ്റ്ഫോമുകൾക്കും ഭയം വന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. “ഇത്തരം നടപടികൾ ആ പേടി ഉണ്ടാക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ളത് തന്നെയാണ്. ഈ നടപടികൾ കൂടും. ഭരണകൂടത്തിനെ വിമർശിക്കാനുള്ള സാഹചര്യം വർദ്ധിക്കുകയും എന്നാൽ കലയിലൂടെ അത് ചെയ്യാൻ കഴിയാതെ വരികയും ചെയ്യുന്ന സാഹചര്യം നോർമലൈസ് ആവും. പതിയെ ഭരണകൂട വാഴ്ത്തുപാട്ടുകൾ മാത്രമുള്ള സൃഷ്ടികൾ മാത്രം ആളുകൾ നിർമ്മിക്കും.” കുഞ്ഞില മസിലാമണികേരളീയത്തോട് പറഞ്ഞു.

എന്നാൽ സിനിമയെ ഇത്തരത്തിൽ നിയന്ത്രിക്കാൻ പണ്ട് മുതൽ തന്നെ ശ്രമങ്ങളുണ്ടായിരുന്നുവെന്നും രാം കെ നാം, ഫയർ ഒക്കെ ഇത്തരം നടപടികൾക്ക് വിധേയമായ സിനിമകളാണെന്നും അതിനെതിരെ കോടതിയിൽ പോവുക മാത്രമായിരുന്നു പോംവഴിയെന്നും പറഞ്ഞ കുഞ്ഞില ഒ.ടി.ടിയുടെ കാര്യത്തിൽ കോടതിയെ സമീപിക്കാനുള്ള സാധ്യത ഇല്ലെന്നും ചൂണ്ടിക്കാട്ടി. “കാരണം ഇത് പ്രദർശനാനുമതി നിഷേധിക്കുകയല്ല, സ്വകാര്യ കമ്പനികൾ അവരുടെ സ്വകാര്യ നിലപാട് പറയുന്നുവെന്നാണ് കാണുക. എന്നാൽ ഈ നിലപാട് സമ്മർദ്ദത്തിന് വഴങ്ങിയാണ് എന്നുള്ള വസ്തുത കണക്കാക്കുന്നുമില്ല. തിയറ്ററിൽ റിലീസ് ചെയ്യുക എന്ന ഒരൊറ്റ വഴിയേ ഉള്ളൂ എന്ന് വരും. അവിടെയും സെൻസർഷിപ്പും ബോയ്കോട്ടും കലാപശ്രമങ്ങളും നടക്കും. ഇത് ആർട്ടിസ്റ്റുകളെ പ്രത്യേകിച്ച് തുടക്കക്കാരെ വല്ലാതെ ബാധിക്കും. പ്രൊഡ്യൂസേഴ്സിനെ ലഭിക്കില്ല. വിതരണക്കാരെ ലഭിക്കില്ല. സ്വകാര്യ സ്ക്രീനിങ്ങിലൂടെയും മറ്റും വരുമാനം ഉണ്ടാക്കുക സാധ്യമല്ല. പതുക്കെ സ്റ്റാറ്റസ്കോ നിലനിർത്തുന്ന നിരുപദ്രവകാരികൾ എന്ന് കരുതപ്പെടുന്ന സിനിമകൾ മാത്രം നിർമ്മിക്കപ്പെടാൻ തുടങ്ങും.” കുഞ്ഞില മസിലാമണി വിശദമാക്കി.

കുഞ്ഞില മസിലാമണി

എന്നാൽ ഒരു കാലത്തും ഒ.ടി.ടി വ്യത്യസ്തമായ ഉള്ളടക്കത്തെ പ്രോത്സാഹിപ്പിച്ചിട്ടില്ല എന്നാണ് ചലച്ചിത്ര നിരൂപകൻ സി.എസ് വെങ്കിടേശ്വരൻ അഭിപ്രായപ്പെടുന്നത്. “ഒ.ടി.ടിയിൽ വന്നിട്ടുള്ള ഇന്ത്യൻ കണ്ടന്റിന്റെ ചരിത്രം പരിശോധിച്ചാലറിയാം വളരെ ക്രിട്ടിക്കലായിരുന്ന പലതരം കണ്ടന്റും സീരിസുകളും ക്രമേണ ഇല്ലാതാവുകയും അതിലേക്ക് നിയന്ത്രണങ്ങൾ കടന്നുവരുകയും ചെയ്തു. സ്വാഭാവികമായും ഒ.ടി.ടി പ്ലാറ്റ്ഫോമുകൾക്ക് ഇന്ത്യ പോലെ ഇത്ര വലിയ മാർക്കറ്റിൽ ഭരണകൂടത്തെ അതൃപ്തിപ്പെടുത്താൻ വലിയ താത്പര്യമുണ്ടാവുകയില്ല. മാർക്കറ്റാണ് അവരുടേയും പ്രശ്നം. അതുകൊണ്ടുതന്നെ വൈകാതെ ഒ.ടി.ടി പ്ലാറ്റ്ഫോമുകളും സർക്കാരുംകളും തമ്മിൽ സമവായത്തിലെത്താനാണ് സാധ്യത.” സി.എസ് വെങ്കിടേശ്വരൻ കേരളീയത്തോട് പറഞ്ഞു.

സി.എസ് വെങ്കിടേശ്വരൻ

ഇത്തരം ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ വലിയ പ്രതീക്ഷയൊന്നുമില്ലെന്ന് വ്യക്തമാക്കിയ സി.എസ് വെങ്കിടേശ്വരൻ ഒ.ടി.ടിക്ക് ബദലായി ഒരു പ്രക്ഷേപണ വിതരണ സംവിധാനമുണ്ടായാൽ മാത്രമേ സിനികൾക്ക് സ്വതന്ത്രമായി നിൽക്കാൻ സാധിക്കൂവെന്നും വ്യക്തമാക്കി. “ഹിന്ദുത്വ ഐഡോളജിയുടെ ഭാഗമായാണ് ഇത്തരം ആരോപണങ്ങൾ ഉയർന്നു വരുന്നത്. ഇതൊക്കെ കൂടുതൽ കൂടുതൽ കടുത്തതായി തീരാനാണ് സാധ്യത. ഈ പ്ലാറ്റ്ഫോമുകളെല്ലാം തന്നെ ലോകത്തിലെ പ്രധാനപ്പെട്ട മാധ്യമ കുത്തകളാണ്. അതുകൊണ്ട് അവർ ഭരണപക്ഷത്തിന് താത്പര്യമില്ലാത്ത കണ്ടന്റ് പ്രക്ഷേപണം ചെയ്യാൻ മുതിരില്ല. ഒ.ടി.ടിയിൽ റാഡിക്കലായിട്ടുള്ള, വത്യസ്തമായിട്ടുള്ള, സ്വതന്ത്രമായിട്ടുള്ള കണ്ടന്റ് ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയും ഇല്ല.ആഗോള മാധ്യമരംഗമെടുത്താൽ ലോകത്തിലെ എല്ലാ മാധ്യമങ്ങളും പത്രം മുതൽ സംഗീതം, ടിവി, ഇന്റർനെറ്റ്, സിനിമ, പരസ്യം എല്ലാം നാല് കമ്പനികളാണ് കൈകാര്യം ചെയ്യുന്നത്. അവർ തീർച്ചയായും ഒത്തുതീർപ്പ് നടത്തും, കാരണം അവർക്ക് വിപണിയാണ് ആവശ്യം. കണ്ടന്റ് എന്നത് അവരെ സംബന്ധിച്ച് ചരക്ക് മാത്രമാണ്.”

പുതിയ സംപ്രേഷണ നിയമവും നിയന്ത്രണങ്ങളും

സമൂഹത്തിൽ വളരെ അനാരോഗ്യകരമായ രീതിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സംഘടനകളുടെ സമ്മർദ്ദത്താൽ മാത്രം ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ വഴങ്ങണമെന്നില്ല. പക്ഷേ, അത്തരം സംഘടനകൾക്ക് ഭരണകൂടത്തിന്റെ അംഗീകാരം കിട്ടുമെന്ന് കാണുമ്പോഴാണ് ഒ.ടി.ടി പ്ലാറ്റ്ഫോമുകൾക്ക് ഇങ്ങനെ വിധേയപ്പെടേണ്ടി വരുന്നതെന്ന് ദാമോദർ പ്രസാദ് ചൂണ്ടിക്കാട്ടി. പുതുതായി വരാൻ പോകുന്ന ബ്രോഡ്കാസ്റ്റ് നിയമവും ഈ വിധേയപ്പെടലിന്റെ ആക്കം കൂട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.

“പുതിയ വരാൻ പോകുന്ന ബ്രോഡ്കാസ്റ്റ് നിയമം ഒ.ടി.ടിയും കൂടി ഉൾപ്പെടുത്തിക്കൊണ്ട് ഡിജിറ്റൽ കണ്ടന്റ് മുഴുവൻ നിയന്ത്രിക്കാനുള്ള ഒരു സംവിധാനമാണ്. ടെലികോം ബില്ലിലും ഒ.ടി.ടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉണ്ട്. സ്ട്രീമിങ്ങ് കണ്ടന്റിന്റെ ഉള്ളടക്കം നിയന്ത്രിക്കുകയും സെൻസർ ചെയ്യുകയും പരിശോധിക്കപ്പെടുകയും അതിനെതിരെ പീനൽ നടപടി ഉണ്ടാകുമെന്നും കാണുമ്പോൾ ആ സമ്മർദ്ദത്തിന് വഴിപ്പെടാൻ ഒ.ടി.ടി പ്ലാറ്റ്ഫോമുകളും നിർബന്ധിതരാകും. കാരണം ഒരു രാജ്യത്ത് പ്രവർത്തിക്കുന്ന സമയത്ത് ആ നിയമങ്ങൾ അനുസരിച്ച് പ്രവർത്തിക്കണമല്ലോ? അതാണ് അന്നപൂരണിയിലും സംഭവിച്ചത്. മാത്രമല്ല അന്നപൂരണി സിനിമ വിവാദമാകാൻ കാരണം അതിനകത്ത് ജാതിയെ പ്രശ്നവത്കരിക്കുന്നുണ്ട് എന്നതുകൊണ്ടാണ്. ബ്രാഹമണ്യ മൂല്യങ്ങളെ അതുപോലെ സംരക്ഷിക്കാൻ തയ്യാറല്ലാത്ത പുതിയ ജീവിതാനുഭവങ്ങൾ സിനിമയിൽ കടന്നുവരുന്നതുകൊണ്ട് ആരോപണമുന്നയിച്ചവരുടെ മൂല്യങ്ങൾക്ക് അത് വിരുദ്ധമാകുന്നുണ്ട്. അതാണ് ഈ സിനിമക്കെതിരെയുള്ള ആക്രോശത്തിന് കാരണം. ഇതിനെ സംഘിടതമായി ചെറുത്ത് നിൽക്കാനുള്ള ശേഷിയൊക്കെ ഇത് പോലെയുള്ള കോർപ്പറേറ്റ് മാധ്യമങ്ങൾക്കുണ്ടോ എന്നറിയില്ല. മാത്രമല്ല, മറുഭാഗത്താണെങ്കിൽ ഇത്തരം ആക്രോശങ്ങളെ തിരിച്ചറിഞ്ഞ് മറുപടി പറയാനുള്ള പ്രാപ്തി നമ്മുടെ സിവിൽ സമൂഹങ്ങൾക്ക് നഷ്‍ടപ്പെട്ടിരിക്കുന്നു. അവി‍ടെയും ഇവിടെയും ഒക്കെ ചില ശബ്ദങ്ങളുണ്ടാകുന്നു എന്നതിനപ്പുറം സിവിൽ സമൂഹമെന്ന നിലയിൽ പ്രതികരിക്കാനുള്ള ശേഷി നമുക്ക് നഷ്ടപ്പെട്ടു. പ്രതികരിക്കുന്നത് പോലും തങ്ങളെ ബാധിക്കുമെന്ന തോന്നൽ ആളുകൾക്കുണ്ടായി തുടങ്ങി. ഓരോ വർഷം കഴിയും തോറും പ്രതിഷേധ സ്വരങ്ങൾ നേർത്ത് നേർത്ത് ഇല്ലാതായികൊണ്ടിരിക്കുന്നു എന്നുള്ളതാണ് ഏറ്റവും വലിയ ഗതികേട്.” ദാമോദർ പ്രസാദ് പറഞ്ഞു.

താണ്ഡവ് സിനിമയിൽ നിന്നുള്ള രം​ഗം

1885-ലെ ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ട്, 1933-ലെ ഇന്ത്യന്‍ വയര്‍ലെസ് ടെലിഗ്രഫി ആക്ട്, 1950-ലെ ടെലിഗ്രാഫ് വയറുകള്‍ (നിയമവിരുദ്ധമായ കൈവശം വയ്ക്കല്‍) ആക്ട് എന്നിവയ്ക്ക് ബദലായാണ് പുതിയ ടെലികമ്മ്യൂണിക്കേഷന്‍ ബില്‍ കേന്ദ്ര സർക്കാർ അവതരിപ്പിച്ചത്. ഡിജിറ്റൽ മീഡിയ, ഒ.ടി.ടി മേഖലയിലെ ഉൾപ്പെടെ പ്രക്ഷേപണ മാനദണ്ഡ, നിയന്ത്രണ വ്യവസ്ഥകൾ ഏകീകരിക്കുകയെന്ന ലക്ഷ്യത്തോടെ 1995ലെ കേബിൾ ടിവി റഗുലേഷൻ നിയമത്തിന് പകരമായി ബ്രോഡ്കാസ്റ്റിങ് സർവീസസ് (റഗുലേഷൻ) ബില്ലിന്റെ കരട് വാർത്താ വിതരണ മന്ത്രാലയം അവതരിപ്പിച്ചിരുന്നു. പ്രക്ഷേപണ മേഖലയിലെ സ്വയം നിയന്ത്രണം ശക്തമാക്കാനുള്ള വിവിധ നിർദേശങ്ങൾ പുതിയ ബില്ലിലുണ്ട്. ബില്ലിന്റെ ഒരു പ്രധാനവശം ഉള്ളടക്കങ്ങൾ പരിശോധിക്കാനുള്ള ‘ഉള്ളടക്ക മൂല്യനിർണ്ണയ സമിതികൾ’ രൂപീകരിക്കുക എന്നതാണ്.

ഇത്തരത്തിൽ ഉള്ളടക്കത്തിന്റെ കാര്യത്തിൽ കടുത്ത നിയന്ത്രണം വരുന്നതോടുകൂടി പ്രാദേശിക ഭാഷയിലുണ്ടാകുന്ന പുതിയ സിനിമകൾ, പുതിയ പ്രവണതകൾ അതിന് കിട്ടുന്ന അംഗീകാരങ്ങൾ ഇവയൊക്കെ ഇല്ലാതായി പോകാനുള്ള സാധ്യത കൂടുതലാണെന്നും ദാമോദർ പ്രസാദ് ചൂണ്ടിക്കാട്ടി.

“ഇന്റർനാഷണൽ ഫെസ്റ്റിവലുകളിൽ മലയാള സിനിമകളും മറ്റ് സിനിമകളും പങ്കെടുക്കുകയും അംഗീകാരം നേടുകയും പല പ്രധാനപ്പെട്ട സംവിധായകരെയും ലോകം അറിയുന്നുമുണ്ട്. എന്നാൽ ഫെസ്റ്റിവലുകളിലേക്ക് പോകുക ദുഷ്കരമായ കാര്യമാണ്. അതിന്റെ രീതിശാസ്ത്രം അറിയുന്ന, ആ വഴി അറിയുന്നവർക്ക് മാത്രമേ അത് സാധ്യമാകൂ. എളുപ്പത്തിൽ എത്തിപ്പെടാൻ പറ്റുന്നതല്ല ഫെസ്റ്റിവൽ സർക്യൂട്ട്. ഫെസ്റ്റിവൽ സർക്യൂട്ടിൽ കൂടി പോകാതെ തന്നെ ഒ.ടി.ടി അംഗീകരിച്ചാൽ ലോകം മുഴുവൻ ഈ സിനിമ കാണാൻ ഉള്ള സാധ്യത ഉണ്ടാവുകയാണ്. അത്തരം ഒരു അംഗീകാരം മലയാള സിനിമക്കും, ബംഗാൾ സിനിമക്കും, തമിഴ് സിനിമക്കും കിട്ടിയിരുന്നു. ആ ഇടം സങ്കോചിക്കപ്പെടുന്നതോടെ അത് വലിയ തിരി‌ച്ചടിയാകും. പ്രത്യേകിച്ച് പുതിയ പരീക്ഷണത്തിന് തയ്യാറാകുന്ന, പുതിയ പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന, പുതിയ കാലത്തിന്റെ പുതിയ അനുഭവങ്ങളു‍ടെ പുതിയ ജീവിതാവസ്ഥകളുടെ സിനിമകൾക്കും അതിന്റെ സംവിധായകർക്കും അത് വലിയ തിരിച്ചടിയാകും. കോർപ്പറേറ്റ് പ്ലാറ്റോഫോമുകളായിരുന്നിട്ടും ഇത്തരം സിനിമകൾ കാണിക്കാൻ ഒ.ടി.ടികളിൽ ഒരു സൗകര്യമുണ്ടായിരുന്നു. അത് അവരുടെ ഔദാര്യമല്ല. ഇത്തരം അനുഭവങ്ങൾ ഉൾക്കൊള്ളുന്ന, പരമ്പരാഗതമല്ലാത്ത പുതിയ തലമുറ പ്രേക്ഷകരാണ് ഈ ഒ.ടി.ടിയുടെ പ്രധാന പ്രേക്ഷകർ എന്നതിനാലാണത്. എന്നാൽ അവർക്ക് ഇനി കാണാൻ ഉണ്ടാവുക ഇന്ത്യൻ ഐതിഹങ്ങളുടെയൊക്കെ പുനരവതരണമായിരിക്കും എന്നുള്ളതാണ് ഏറ്റവും വലിയ ‍‍‍‍ദയനീയാവസ്ഥ.” ദാമോദർ പ്രസാദ് വ്യക്തമാക്കി.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി സെൻസർഷിപ്പിന് പുറമേ സെൻസർ ചെയ്ത സിനിമകൾ പോലും കാണിക്കാൻ കഴിയാത്ത സാഹചര്യമുണ്ടെന്നാണ് സി.എസ് വെങ്കിടേശ്വരന്റെ അഭിപ്രായം. “വികാരം വ്രണപ്പെടുന്നുവെന്ന് പറഞ്ഞ് ചില ഗ്രൂപ്പുകൾ, ചില ആളുകൾ, മതത്തെയോ ഒരു സമുദായത്തെയോ ധ്രുവീകരിക്കുന്നുവെന്ന് ആരോപണമുണ്ടാവുകയും ഒരു കലാകാരന്റെ കല പ്രദർശിപ്പിക്കാനുള്ള അവകാശം, അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം, കാണികളുടെ അത് കാണാനുള്ള അവകാശം ഇല്ലാതാക്കുകയാണ്. സെൻസർഷിപ്പ് കിട്ടിയിട്ടുപോലും ആ കലാരൂപത്തിനെതിരെ രംഗത്ത് വരുകയാണ്. തിയറ്റർ മാറി ഒ.ടി.ടി ആയപ്പോഴും ആ പ്രവണത തുടരുന്നതായാണ് കാണുന്നത്.” നിയമമില്ലാതെ തന്നെ നടപ്പിലാക്കിയിരുന്ന കാര്യങ്ങൾക്ക് ഇപ്പോൾ നിയമം ഔപചാരികത കൊടുക്കുന്നുവെന്നേ ഉള്ളൂവെന്നും സി.എസ് വെങ്കിടേശ്വരൻ പറയുന്നു.

സിനിമയെ ബാധിക്കുന്നതിനേക്കാൾ ഇത്തരം നിയമങ്ങൾ ന്യൂസ് വെബ്സൈറ്റുകളെയും യൂ ട്യൂബ് ചാനലുകളെയും എത്രമാത്രം ബാധിക്കും എന്നതാണ് ഭയപ്പെടുത്തുന്ന കാര്യമെന്ന് കുഞ്ഞില ആശങ്കപ്പെട്ടു. “സംഭവിക്കുന്ന കാര്യങ്ങൾ പക്ഷപാതിത്വമില്ലാതെ റിപ്പോർട്ട് ചെയ്യുന്ന, അല്ലെങ്കിൽ മുസ്ലീംവിദ്വേഷം ഇല്ലാതെ ബ്രോഡ്കാസ്റ്റ് ചെയ്യുന്ന, നിശിതമായി കേന്ദ്ര സർക്കാരിനെയും, ബി.ജെ.പിയെയും വിമർശിക്കുന്ന മാധ്യമങ്ങൾ കൂടുതലും ഓൺലൈനായാണ് നിലനിൽക്കുന്നത്. രവീഷ് കുമാറിൻ്റെ ചാനലൊക്കെ ഏത് സമയം വേണമെങ്കിലും റെയ്ഡ് ചെയ്യാനും ഉപകരണങ്ങൾ പിടിച്ചെടുക്കാനും ഈ നിയമങ്ങൾ നിലവിൽ വന്നാൽ സാധ്യമാവും. അത് അവർ ചെയ്യുകയും ചെയ്യും. മുതൽമുടക്ക് ഓൺലൈൻ രംഗത്ത് താരതമ്യേന കുറവാണ് എന്നിരിക്കെ മൂലധനം ഇല്ലാത്ത മാധ്യമ പ്രവർത്തകരെയാണ് ഇത് ബാധിക്കുക. അവരുടെ ശബ്ദം നിലയ്ക്കും. ഇപ്പോൾ തന്നെ ഭൂരിഭാഗം മാധ്യമങ്ങളും ബി.ജെ.പി അനുകൂല വാർത്തകളാണ് നൽകുന്നത്. പൊതു അഭിപ്രായങ്ങൾ കൂടുതൽ കൂടുതൽ വർഗീയമാക്കുക എന്നത് വളരെ എളുപ്പത്തിൽ സാധിക്കും.”

സിനിമകളുടെ കാര്യത്തിൽ നിയന്ത്രണങ്ങൾ കൂടുമെന്ന് പറഞ്ഞ കുഞ്ഞില മസിലാമണി, യൂ ട്യൂബ് വീഡിയോ എന്ന രൂപത്തിൽ പോലും സ്വതന്ത്രമായി സർക്കാരിനെ വിമർശിക്കുന്ന ഒരു സിനിമ റിലീസ് ചെയ്യാൻ പറ്റാത്ത അവസ്ഥ വന്നാൽ പിന്നെ പ്രദർശിപ്പിക്കാൻ വേറെ വഴിയില്ലല്ലോ എന്നും ചോദിക്കുന്നു. “ഫാസിസ്റ്റ് ഭരണകൂടങ്ങൾക്ക് കീഴിൽ നടന്നിരുന്ന പോലെ ലഘുലേഖകൾ, ടെലഗ്രാം പോലുള്ള ആപ്പുകൾ വഴിയുള്ള കൈമാറ്റം അങ്ങനെയൊക്കെ മാത്രമേ ഇനി ഇൻഫർമേഷൻ അല്ലെങ്കിൽ കല പ്രചരിപ്പിക്കൽ നടക്കുകയുള്ളൂ എന്നാണ് തോന്നുന്നത്. അതിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.”

സീ സ്പേസ് പ്രതീക്ഷ നൽകുന്നുണ്ടോ?

കേരള സർക്കാരിന്റെ ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ ‘സി സ്പേസ്’ ജനുവരിയിലാരംഭിക്കാനിരിക്കെ ഇത്തരം നിയമങ്ങളും നിയന്ത്രണങ്ങളും ‘സി സ്പേസി’നേയും ബാധിക്കുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ഇന്ത്യയിലാദ്യമായാണ് സംസ്ഥാന സർക്കാരിന്റെ കീഴിലൊരു ഒ.‍ടി.ടി പ്ലാറ്റ്ഫോം യാഥാർത്ഥ്യമാകുന്നത്. ചലച്ചിത്ര വികസന കോർപ്പറേഷന്റെ കീഴിലാണ് ‘സി സ്പേസി’ന്റെ പ്രവർത്തനം.

“പ്രക്ഷേപണത്തെ സംബന്ധിച്ച് ദേശീയ നിയമമായതിനാൽ തീർച്ചയായും സീ സപേസിനെയും ഇത് ബാധിക്കുമെന്നും ആകെ ചെയ്യാവുന്നത് വ്യത്യസ്തമായ ഉള്ളടക്കം രൂപപ്പെടുത്തുകയും മറ്റ് വിതരണ ശൃംഖലകൾ കണ്ടെത്തുകയും ചെയ്യുക എന്നതാണ്. സ്വതന്ത്രവും കച്ചവട താത്പര്യങ്ങൾക്ക് പുറത്ത് നിൽക്കുന്നതുമായ സിനിമകൾ ഉണ്ടാക്കപ്പെടണമെങ്കിൽ അതിന് സമാന്തരമായ വിതരണ മാർഗങ്ങൾ കണ്ടെത്തിയേ മതിയാകൂ. ഒ.ടി.ടി ഒരിക്കലും അതിനൊരു പരിഹാരമല്ല.” സി.എസ് വെങ്കിടേശ്വരൻ അഭിപ്രായപ്പെടുന്നു.

സീ സ്പെയ്സ് ഒ.ടി.ടി പ്രഖ്യാപനം. കടപ്പാട്:thehindu

എല്ലാ ഓൺലൈൻ കണ്ടന്റിനും നിയമം ബാധകമാണ് എന്നുള്ളതുകൊണ്ട് മറ്റ് ഒ.ടി.ടികൾ വിവാദം ഭയന്ന് ഒഴിവാക്കുന്ന കണ്ടന്റ് പ്രദർശിപ്പിക്കുക എന്ന തീരുമാനമൊക്കെ ചിലപ്പോൾ ഈ ബിൽ നിയമമായി മാറുന്നതുവരെ മാത്രമേ സർക്കാരിന്റെ ഒ.ടി.ടിക്കും സാധിക്കുകയുള്ളൂ എന്നാണ് കുഞ്ഞിലയുടെ അഭിപ്രായം. “സർക്കാർ പ്ലാറ്റ്ഫോം നിരോധിക്കപ്പെട്ട സിനിമകൾക്കുള്ള ഒരു പ്ലാറ്റ്ഫോം ആയി കാണാൻ പറ്റുമോ? ഏത് സർക്കാർ ഭരിച്ചാലും അതിന് അവസരം ഒരുങ്ങുമോ എന്ന് വിശ്വസിക്കാൻ പ്രയാസമാണ്. സർക്കാരുകൾക്ക് ബോധിക്കുന്ന, അല്ലെങ്കിൽ സർക്കാർ ഫണ്ട് ഉപയോഗിച്ച് ഉണ്ടാക്കുന്ന കണ്ടന്റ് മാത്രമാണ് കേരള സർക്കാർ ഒ.ടി.ടിയിലും വരാൻ പോകുന്നത്.”കുഞ്ഞില മസിലാമണി പറയുന്നു.

എന്നാൽ നെറ്റ്ഫ്ലിക്സ്, ആമസോൺ പോലെയുള്ളവയിൽ നിന്ന് വ്യത്യസ്തമായി കേരള സർക്കാരിന് സി സ്പേസിനെ വ്യത്യസ്ത രീതിയിൽ വിഭാവനം ചെയ്യാൻ പറ്റുമെന്നും മലയാളത്തിന്റെ പ്രധാനപ്പെട്ട പഴയ ക്ലാസിക്ക് ചിത്രങ്ങൾ, ലോക സിനിമയിലെ ക്ലാസിക്കുകൾ സ്ട്രീം ചെയ്യണമെന്നും ദാമോദർ പ്രസാദ് പറയുന്നു. “മലയാള സിനിമയെ ലോക സിനിമയിലേക്ക് പ്രൊജക്ട് ചെയ്യുന്ന തരത്തിൽ ആലോചിച്ച് നടപ്പിലാക്കേണ്ടതാണ് ഇത്. മലയാളത്തിലെ സ്വതന്ത്ര സിനിമ പ്രമോട്ട് ചെയ്യാനുള്ള സാധ്യതകളും ഉണ്ട്. നിയമപരമായ വിലക്ക് വരുന്ന സാഹചര്യത്തിൽ വത്യസ്തമായ ഒരു പ്ലാറ്റ്ഫോം എങ്ങനെ തയ്യാറാക്കാം എന്ന് സർക്കാർ ചിന്തിക്കേണ്ട കാലഘട്ടം കൂടിയാണിത്.” ദാമോദർ പ്രസാദ് ഓർമ്മിപ്പിക്കുന്നു.

മുഖ്യധാരാ നായകന്മാരുടെ സാന്നിധ്യമില്ലാതെ തന്നെ സിനിമ വിജയിപ്പിക്കാൻ തക്ക വിപണിമൂല്യമുള്ള തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്ന നടിയാണ് നയൻതാര. എന്നാൽ വിവാദത്തെത്തുടർന്ന് മാപ്പ് അപേക്ഷിച്ച നയൻതാരയ്ക്ക് താനൊരു ദൈവ വിശ്വാസിയാണെന്നും രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങൾ പതിവായി സന്ദർശിക്കുന്ന വ്യക്തിയാണെന്നുമൊക്കെ മാപ്പക്ഷേയിൽ വ്യക്തമാക്കേണ്ടി വന്നത് ആവിഷ്കാര സ്വാതന്ത്ര്യമുണ്ടെന്ന് പറയുന്ന ഇന്ത്യയിൽ തന്നെയാണ്. സംഘപരിവാർ ഭരിക്കുന്ന ഇന്ത്യയിൽ ഇഷ്ടമുള്ള സിനിമ ആസ്വദിക്കുന്നതും കല ആവിഷ്ക്കരിക്കുന്നതും സാധ്യമല്ലാതാകുന്നു എന്നതിന്റെ സൂചനകൂടിയാണ് ‘അന്നപൂരണി’യുടെ അനുഭവം.

Also Read

10 minutes read January 21, 2024 9:23 am