Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
മതപരിവർത്തന നിരോധന നിയമം ക്രൈസ്തവ വേട്ടയ്ക്കുള്ള ആയുധമെന്ന് വിമർശിച്ച് കേരള കത്തോലിക്ക മെത്രാൻ സമിതി (കെ.സി.ബി.സി) യുടെ ‘ജാഗ്രത’ മാസിക. മതപരിവർത്തന നിരോധന നിയമത്തിന്റെ മറവിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് ബി.ജെ.പി ഭരിക്കുന്ന സ്ഥലങ്ങളിൽ വ്യാപക ക്രൈസ്തവ വേട്ടയാണ് നടക്കുന്നതെന്ന് ‘ജാഗ്രത’ മാസികയുടെ ഏപ്രിൽ ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം പറയുന്നു. ‘ഇന്ത്യയിലെ മതപരിവർത്തന നിരോധന നിയമങ്ങളും ക്രൈസ്തവ പീഡനങ്ങളും’ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ചിരിക്കുന്ന റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത് കെ.സി.ബി.സി ജാഗ്രതാ കമ്മീഷൻ നിയോഗിച്ച അഞ്ചംഗ സമിതിയാണ്. നിലവിൽ ഒഡീഷ, ഛത്തീസ്ഘട്ട്, മധ്യപ്രദേശ് ഗുജറാത്ത്, ഹിമാചൽപ്രദേശ്, ഝാർഖണ്ഡ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന എന്നിങ്ങനെ ഒമ്പത് സംസ്ഥാനങ്ങളിലാണ് മതപരിവർത്തന നിരോധന നിയമങ്ങൾ നിലവിലുള്ളത്. കർണ്ണാടകയിലെ ബി.ജെ.പി സർക്കാർ മതപരിവർത്തന വിരുദ്ധ നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നിരുന്നുവെങ്കിലും കഴിഞ്ഞ വർഷം അധികാരത്തിൽ വന്ന കോൺഗ്രസ് സർക്കാർ ഈ നിയമം റദ്ദാക്കുകയുണ്ടായി. അരുണാചൽപ്രദേശ്, രാജസ്ഥാൻ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഈ നിയമം കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഉണ്ടാായിട്ടുണ്ടെങ്കിലും ഇതുവരെയും വിജയിച്ചിട്ടില്ല. ത്രിപുര, ആസാം പോലുള്ള സംസ്ഥാനങ്ങളിൽ നിയമ നിർമ്മാണത്തിനുള്ള ശ്രമങ്ങൾ തുടരുന്നു. ക്രൈസ്തവർക്കെതിരെയുള്ള ആക്രമണങ്ങൾക്ക് മതപരിവർത്തന നിരോധന നിയമം മറയായി മാറുന്നതെങ്ങനെയെന്ന് ഈ റിപ്പോർട്ട് വിശദമാക്കുന്നു.
ഒരു മതത്തിൽ നിന്നും മറ്റൊരു മതത്തിലേയ്ക്ക് പരിവർത്തനം ചെയ്യുന്നത് തടയുന്നതിനോ നിയന്ത്രിക്കുന്നതിനോ വേണ്ടി നടപ്പിൽവരുത്തിയിട്ടുള്ള നിയമങ്ങളെയാണ് മതപരിവർത്തന നിരോധന നിയമങ്ങൾ എന്ന് വിളിക്കുന്നത്. നിർബന്ധിത മതപരിവർത്തന നിരോധന നിയമങ്ങൾ എന്ന് പൊതുവെ അറിയപ്പെടുന്നെങ്കിലും ‘മതസ്വാതന്ത്ര്യ നിയമം (Right to freedom of religion)’ എന്നാണ് മിക്ക സംസ്ഥാനങ്ങളിലും ഈ നിയമത്തിന് പേര് നൽകപ്പെട്ടിരിക്കുന്നത്. എന്താണ് മതപരിവർത്തന നിരോധനനിയമം, നിയമലംഘനം നടത്തപ്പെട്ട സംഭവങ്ങൾ, നിലവിലുള്ള കേസുകൾ, ഈ വിഷയത്തിൽ സഭയുടെ നിലപാട് എന്നിവയെല്ലാം ഈ റിപ്പോർട്ട് വിശദമാക്കുന്നുണ്ട്. വ്യാജ ആരോപണങ്ങളെ തുടർന്ന് ആൾക്കൂട്ട ആക്രമണങ്ങളും ക്രൈസ്തവ വിശ്വാസികളുടെ മരണങ്ങളും രാജ്യത്ത് വ്യാപകമാകുന്നു. നിർബന്ധിത മതപരിവർത്തനം തടയുക എന്നതാാണ് ഇത്തരം നിയമങ്ങളുടെെ ലക്ഷ്യമായി പറയുന്നതെങ്കിലും, ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് ക്രിസ്ത്യൻ മിഷണറിമാരെയാണ് ഇത്തരം നിയമങ്ങൾ ലക്ഷ്യമിടുന്നതെന്ന് പലയിടങ്ങളിലായി നടന്ന സംഭവങ്ങളുടെ അടിസ്ഥാനത്തിൽ ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഹിന്ദു മതത്തിൽ നിന്ന് മതം മാറി മറ്റ് മതങ്ങൾ സ്വീകരിച്ചവരെ വീണ്ടും ഹിന്ദു മതത്തിലേക്ക് കൂട്ട മതപരിവർത്തനം നടത്തുന്ന ‘ഘർവാപസി’ ചടങ്ങിന് സംഘപരിവാർ സംഘടനകളായ വിശ്വ ഹിന്ദു പരിഷത്ത്, ആർ.എസ്.എസ്. എന്നിവർ നേതൃത്വം നൽകുന്നത് ചർച്ച ചെയ്യപ്പെടാതെ പോകുന്നുവെന്നതും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ക്രൈസ്തവ ആക്രമണങ്ങൾ കൂടുതൽ രേഖപ്പെടുത്തുന്നത് എന്ന ഈ റിപ്പോർട്ടിലെ പരാമർശം ക്രൈസ്തവസഭകളുമായി ചങ്ങാത്തത്തിന് ശ്രമിയ്ക്കുന്ന ബി.ജെ.പിയെ പ്രതിസന്ധിയിലാക്കുന്നു. പ്രത്യേകിച്ച് ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ പുറത്തുവന്ന കെ.സി.ബി.സിയുടെ ഈ റിപ്പോർട്ട് ക്രൈസ്തവ വോട്ടുകൾ കിട്ടുന്നതിനായി കേരളത്തിൽ ബി.ജെ.പി നടത്തുന്ന ശ്രമങ്ങൾക്കും തിരിച്ചടിയാണ്. ക്രൈസ്തവ സംഘടനയായ യുണൈറ്റഡ് ക്രിസ്ത്യൻ ഫെഡറേഷന്റെ (യു.സി.എഫ്) നേതൃത്വത്തിലാണ് ഇന്ത്യയിൽ ക്രൈസ്തവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ അന്വേഷണ വിധേയമാക്കാറുള്ളത്. യു.സി.എഫ് 2023ൽ സമർപ്പിച്ച റിപ്പോർട്ടിലാണ് അക്രമ സംഭവങ്ങളിൽ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. യു.സി.എഫിന്റെ റിപ്പോർട്ട് പ്രകാാരം, 334 ദിവസങ്ങൾക്കിടയിൽ നടന്ന 687 അക്രമ സംഭവങ്ങളിൽ 484 എണ്ണവും (70 ശതമാനം) ഉത്തരപ്രദേശ് (287), ഛത്തീസ്ഗഡ് (148), ഝാർഖണ്ഡ് (49) എന്നീ മൂന്ന് സംംസ്ഥാനങ്ങളിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഈ സംസ്ഥാനങ്ങളെല്ലാം മതപരിവർത്തന നിരോധന നിയമങ്ങൾ നടപ്പാക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളാണ്.
നിർബന്ധിത മതപരിവർത്തനം തടയുകയാണ് യഥാർത്ഥ്യത്തിൽ ഈ നിയമം ലക്ഷ്യമാക്കുന്നതെങ്കിലും, ന്യൂനപക്ഷങ്ങളേയും ക്രൈസ്തവ മിഷണറിമാരേയുമാണ് നിയമം ലക്ഷ്യം വയ്ക്കുന്നത് എന്ന് റിപ്പോർട്ട് പറയുന്നു. മതപരിവർത്തന നിരോധനനിയമം നിലവിലുള്ള സംസ്ഥാനങ്ങളെ മുൻനിർത്തി പരിശോധിക്കുമ്പോൾ ഈ വിഷയത്തിലെ ബി.ജെ.പിയുടെ താത്പര്യം കൂടുതൽ വ്യക്തമാകും. പലയിടങ്ങളിലും അതിന്യൂനപക്ഷമായ ക്രൈസ്തവ വിഭാഗങ്ങൾ ഇത്തരത്തിൽ ആക്രമിക്കപ്പെടുന്നത് പതിവാകുമ്പോഴും, പ്രസ്തുത സംസ്ഥാനങ്ങളിലെ സർക്കാരുകൾ (മിക്കതും ബി.ജെ.പി ഭരിക്കുന്നു) ആക്രമികൾക്കെതിരെ നടപടി സ്വീകരിക്കാൻ മടിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യവും റിപ്പോർട്ട് ഉയർത്തുന്നു. സമീപഭാവിയിൽ കൂടുതൽ സംസ്ഥാനങ്ങളിൽ മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കപ്പെടാൻ ഇടയുണ്ടെന്നും അതിലൂടെ ക്രിസ്ത്യൻ സമൂഹത്തിന് നേരെയുള്ള അക്രമങ്ങൾ കൂടാൻ സാധ്യതയുണ്ടെന്നുമുള്ള ആശങ്കയും റിപ്പോർട്ട് പങ്കുവയ്ക്കുന്നു.
മതപരിവർത്തന നിരോധന നിയമങ്ങളുടെ ഭരണഘടനാ ലംഘനങ്ങൾ, നീതിനിഷേധം, മൗലികാവകാശ നിഷേധം തുടങ്ങിയവ ചോദ്യം ചെയ്തുകൊണ്ടുള്ള നിരവധി കേസുകൾ നിലവിലുണ്ട്. ഏതെങ്കിലും വിധത്തിൽ സമ്മർദ്ദം ചെലുത്തിയോ പ്രലോഭിപ്പിച്ചോ മതം മാറ്റുക എന്ന ലക്ഷ്യത്തോടെയല്ല കത്തോലിക്കാ മിഷനറിന്മാർ ഇന്ന് സേവനം നടത്തുന്നതെന്ന് റിപ്പോർട്ട് പറയുന്നു. തങ്ങളുടെ പ്രവർത്തനങ്ങൾ സുതാര്യമായിരുന്നിട്ടും വ്യാജപ്രചാരണങ്ങളിലൂടെ കുറ്റാരോപിതരാകുന്നത് ദൗർഭാഗ്യകരമാണെന്നും റിപ്പോർട്ട് പറയുന്നു.
ഇന്ത്യൻ ഭരണഘടനയുടെ 25-ാം അനുഛേദം പ്രകാരം പൗരരുടെ മൗലികാവകാശമായി അംഗീകരിച്ച ഒന്നാണ് മതസ്വാതന്ത്ര്യം. അതനുസരിച്ച്, ഇന്ത്യയിലെ ഓരോ പൗരർക്കും തങ്ങളുടെ മതങ്ങളിൽ വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും അവകാശമുണ്ട്. അതുകൊണ്ടുതന്നെ, ബലപ്രയോഗത്തിലൂടെയോ, പ്രലോഭിപ്പിച്ചോ, കബളിപ്പിച്ചോ ഒരാൾ ആയിരിക്കുന്ന മതവിശ്വാസത്തിൽ നിന്ന് മറ്റൊരു മതത്തിലേക്ക് പരിവർത്തനം ചെയ്യുകയോ അതിന് പ്രേരിപ്പിക്കുകയോ ചെയ്യുന്നതിനെയാണ് മതപരിവർത്തന നിരോധന നിയമങ്ങൾ തടയുന്നത്. എന്നാൽ മിക്കപ്പോഴും ഇത് വ്യാജമായ പരാതികളായി മാറുന്നതായി റിപ്പോർട്ട് പറയുന്നു. മതപരിവർത്തന നിരോധന നിയമങ്ങൾ പ്രകാരം മിക്ക സംസ്ഥാനങ്ങളിലും സമീപകാലത്ത് രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളിൽ ഹിന്ദുത്വ പ്രവർത്തകരാണ് പരാതിക്കാർ.
മണിപ്പൂരിൽ അടക്കം ക്രിസ്ത്യൻ സമൂഹത്തിന് നേരെ സംഘടിതമായ അക്രമമുണ്ടാവുകയും ആരാധനാലയങ്ങൾ തകർക്കപ്പെടുകയും ചെയ്തിട്ടും ഫലപ്രദമായ നടപടിയെടുക്കാതിരിക്കുകയും അതോടൊപ്പം മതപരിവർത്തന നിരോധന നിയമത്തിന്റെ പേരിൽ ന്യൂനപക്ഷത്തെ പല സംസ്ഥാനങ്ങളിലും വേട്ടയാടുകയും ചെയ്യുന്ന ബി.ജെ.പിയുടെ നയമാണ് കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ ‘ജാഗ്രത’ മാസിക പ്രസിദ്ധീകരിച്ച റിപ്പോർട്ടിലൂടെ തുറന്നുകാണിക്കപ്പെടുന്നത്.