Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
“ഒരിക്കൽ നമുക്കൊരു രാജ്യമുണ്ടായിരുന്നു.
അറ്റ്ലസിൽ നോക്കൂ…
ഇപ്പോഴുമതവിടെ കാണാം. എന്നാൽ –
ഇനിയൊരിക്കലും അങ്ങോട്ടു പോവാൻ
നമുക്കാവില്ല പ്രിയേ –
ഇനിയൊരിക്കലും അവിടയെത്താൻ
നമുക്കാവില്ല പ്രിയേ …”
അപാട്രിഡാസ് എന്ന ബ്രസീലിയൻ നാടകം കണ്ട് തുടങ്ങിയപ്പോൾ ഓഡന്റെ റെഫ്യൂജി ബ്ലൂസ് ഓർമ്മിക്കാതിരിക്കാനായില്ല.
കാലത്തിന്റെ ആത്മഭാഷണങ്ങൾ
കലങ്ങിയൊഴുകുന്ന പുഴ പോലെ പ്രവഹിക്കുന്ന ആത്മഭാഷണങ്ങളുടെ അവതരണങ്ങളാണ് ബ്രസീലിയൻ നാടകമായ അപാട്രിഡാസ്. എവിടെയും ഇടമില്ലാത്തവരെ, ഒരു രാജ്യത്തിന്റെയും പൗരത്വമില്ലാതെ, ജീവിച്ചിരിക്കുന്നതിന് രേഖകൾ ഒന്നുമില്ലാത്തവരെ അപാട്രിഡാസ് എന്ന വാക്കിനാൽ അടയാളപ്പെടുത്താം. ഒരു മൾട്ടി മീഡിയ നാടകമാണെങ്കിലും ബ്രസീലിയൻ സംവിധായകൻ ലെനേർസൺ പൊളോനിനിയുടെ പുതിയ നാടകത്തിന്റെ ഉൾക്കരുത്ത് വാക്കുകളിലാണ്. അഭിനേത്രിയും എഴുത്തുകാരിയുമായ കരീന കാസുസെല്ലിയുടെ അതിതീവ്രമായ വാക്ക്പ്രവാഹം അതിശക്തമായ കവിതയാണ്. എന്നാൽ അത്രയേറെ അടക്കിപ്പിടിച്ച വാക്കുകൾ ഉള്ളിൽ നിന്നും തിളച്ചുതൂവുമ്പോഴും ഈ ലോകം കാതുകൾ അടച്ചു പിടിക്കുന്നുവോ ?!
“ചുട്ടുപൊള്ളുന്നതായിരുന്നു എനിക്ക് അപാട്രിഡാസിന്റെ എഴുത്ത്. കോപവും, വിലാപവും കെട്ടുപിണയുന്ന, സങ്കീർണ്ണമായ പ്രതിസന്ധികൾ വെളിപ്പെടുത്താൻ ശ്രമിക്കുന്നു ആത്മഭാഷണങ്ങളുടെ ഈ തിരക്കഥ. അവരുടെ വാക്കുകളിലൂടെ യുദ്ധത്തിന്റെ ക്രൗര്യം ഞാനും അനുഭവിച്ചു. വാക്കുകൾ ഛർദിക്കുകയായിരുന്നു അവർ. ഉള്ളിൽ കെട്ടിക്കിടന്ന വാക്കുകൾ, കേൾക്കാൻ ആരുമില്ലാത്ത വാക്കുകൾ. അവരിൽ അടിച്ചമർത്തപ്പെട്ട കോപത്തിന്റെ പ്രവാഹമായിരുന്നത്. അത്രയേറെ കോപം അവരിൽ തപിക്കുന്നുണ്ട്. ഞാൻ ഈ നശിച്ച ലോകത്ത് ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന് വിളിച്ച് പറയുകയാണവർ.” കരീന കാസുസെല്ലി പറഞ്ഞു.
സംവിധായകൻ ലെനേർസൻ പൊളോനിനി ഈ വാക്ക് പ്രവാഹത്തെ നമ്മുടെ കാലത്തിന്റെ ആത്മഭാഷണങ്ങൾ എന്നാണ് വിശേഷിപ്പിച്ചത്.
“യുദ്ധങ്ങളും അധിനിവേശങ്ങളും തെറ്റായ രാഷ്ട്രീയ തീരുമാനങ്ങളും കാരണം നമുക്ക് ചുറ്റും അലഞ്ഞുകൊണ്ടിരിക്കുന്ന അനേകായിരം അഭയാർത്ഥികളുണ്ട്. പലസ്തീനിലും യുക്രെയിനിലും, ആഫ്രിക്കയിലെയും പശ്ചിമേഷ്യയിലെയും പലയിടങ്ങളിലും അഭയാർത്ഥികളായി മാറിയ മനുഷ്യരുടെ ദൗർഭാഗ്യകരമായ ശബ്ദമാണ് അപാട്രിഡാസിൽ മുഴങ്ങുന്നത്. ദൗർഭാഗ്യകരം എന്ന് തന്നെ പറയട്ടെ, നമ്മുടെ കാലത്തിന്റെ ആത്മഭാഷണങ്ങളാണ് അപാട്രിഡാസ്.”
കഥാപാത്രങ്ങളല്ല മനുഷ്യർ !
ഹെക്കുബ, കസ്സാണ്ട്ര, പ്രൊമിത്യൂസ്, ഹെർക്കുലസ് എന്നിവരാണ് അപാട്രിഡാസിൽ അരങ്ങിലെത്തുന്ന കഥാപാത്രങ്ങൾ. ഓരോ കഥാപാത്രങ്ങളും കാണികൾക്ക് മുന്നിൽ തനിച്ചെത്തുന്നു. അടിച്ചമർത്തപ്പെട്ട ഉള്ളടരുകളെ അനാവരണം ചെയ്യുന്നു. പരസ്പരബന്ധിതമായ നാല് ആത്മഭാഷണങ്ങളിലൂടെയാണ് അപാട്രിഡാസ് രൂപപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ‘കഥാപാത്രങ്ങൾ’ മാത്രമല്ല ഇവർ എന്നും ആ ബോധ്യം അഭിനേതാക്കൾക്കും ഉണ്ടെന്നും വ്യക്തമാക്കുന്നു സംവിധായകൻ പൊളോനിനി.
“അതിജീവനത്തിനായി പോരാടുന്ന മനുഷ്യരാണിവർ. അവരിൽ നിന്നാണ് ഈ കഥാപാത്രങ്ങൾ രൂപപ്പെട്ടത്. അന്നം കണ്ടെത്താനും ജീവിതം മെച്ചപ്പെടുത്താനും മാത്രമുള്ള പോരാട്ടമല്ല, ഭരണകൂടങ്ങളോടും, മനുഷ്യ വിരുദ്ധമായ രാഷ്ട്രീയ തീരുമാനങ്ങളോടും, സാമൂഹിക പ്രശ്നങ്ങളോടും പൊരുതുന്നവരാണിവർ. ഈ മനുഷ്യരെ പ്രതിഫലിപ്പിക്കേണ്ട ഉത്തരവാദിത്തം കലാകാർക്കുണ്ട്.”
ഒരു രാജ്യത്തെ, സമൂഹത്തെ ഒട്ടാകെ ബാധിക്കുന്ന യുദ്ധവും, അഭയാർത്ഥിത്വവും പ്രമേയമാവുമ്പോഴും ആൾക്കൂട്ടത്തിനു പകരം ഏകാന്ത വ്യക്തികളെ വേദിയിൽ അവതരിപ്പിക്കുന്നതിനും കൃത്യമായ രാഷ്ട്രീയ ബോധ്യം സംവിധായകനുണ്ട്. എവിടെയും ഇടമില്ലാത്തവരുടെ അഭയസ്ഥാനം കൂടിയാണ് നാടകം എന്നും പൊളോണിനി സൂചിപ്പിക്കുന്നു.
“ഈ വിഷയം അവതരിപ്പിക്കുന്നതിനായി അനവധി മാർഗങ്ങളുണ്ട്. എന്നാൽ ഈ കഥാപാത്രങ്ങൾ വേദിയിൽ തനിച്ചു നിൽക്കുന്നതും അവർക്കു പറയാനുള്ളതെല്ലാം വിളിച്ചു പറയുന്നതും എന്തുകൊണ്ടെന്നോ ?
ഈ ലോകത്ത് ഇടമില്ലാത്ത ഓരോ അഭയാർത്ഥിയും തനിച്ചാണ് !
അവരുടെ വേദനകളിൽ സമാനതകളുണ്ട്. അതേസമയം അവർ ഓരോരുത്തരും അത്യന്തം തനിച്ചാണ്. അതിനാൽ ഈ വ്യക്തികളെ ആവിഷ്ക്കരിക്കേണ്ടത് വളരെ പ്രധാനമാണ്. ഈ ലോകത്തിൽ ഞാൻ തനിച്ചാണ്, ഈ വഴിയിൽ ഞാൻ തനിച്ചാണ്, ഈ അതിരുകൾക്കെല്ലാം അകത്ത് ഒറ്റപ്പെട്ടവനാണ് ഞാൻ എന്ന ബോധം ഓരോ അഭയാർത്ഥിക്കും ഉള്ളിലുണ്ടാവും. ജീവിക്കുവാനായി ഒരിടം തേടി അലയുന്ന ഈ മനുഷ്യർ എക്കാലവും തനിച്ചായിരിക്കും. എവിടെയും ഇടമില്ലാത്ത ഈ മനുഷ്യർക്ക് നാടകത്തിൽ ഒരു ഇടം നൽകേണ്ടതുണ്ട്. അവരുടെ ഉള്ളിലെ ഉഗ്രകോപം നാടകത്തിൽ എങ്കിലും പ്രകടമാക്കേണ്ടതുണ്ട്. നിലയില്ലാത്ത ഈ നിലവിളികൾക്കായി ഒരിടം വേണ്ടതുണ്ട്.” പൊളോനിനി പറഞ്ഞു.
അഭയാർത്ഥികളുടെ ചരിത്രം
“ഞങ്ങളുടെ ഉയിർത്തെഴുന്നേൽപ്പിന്റെ പുരാവൃത്തങ്ങൾ പോലും അവർ നശിപ്പിച്ചു കളഞ്ഞു.” ആമസോണിലെ കടന്നുകയറ്റങ്ങളിൽ പരിതപിക്കുന്ന തദ്ദേശീയരുടെ നിരാലംപത കേൾക്കാം അപാട്രിഡാസിൽ. അഭയാർത്ഥികളായി അരങ്ങിലെത്തുന്ന അപാട്രിഡാസിലെ കഥാപാത്രങ്ങളെ ചരിത്രത്തോട് ചേർത്തുവെയ്ക്കുന്നത് എങ്ങനെയെന്നും കഥാപാത്രങ്ങൾക്ക് എന്തുകൊണ്ട് ഗ്രീക്ക് പുരാവൃത്തങ്ങളിൽ നിന്നുള്ള പേരുകൾ നൽകിയെന്നും എഴുത്തുകാരി കരീന കാസുസെല്ലി പറയുന്നു.
“അഭയാർത്ഥികളായ ഈ മനുഷ്യരെ കേൾക്കുന്ന അതേ വൈകാരികതയോടെയും അനുതാപത്തോടെയുമാണ് ഞാൻ ഗ്രീക്ക് പുരാവൃത്തങ്ങളും വായിച്ചിട്ടുള്ളത്. അതിനാൽ തന്നെ സമകാലികരായ ഈ മനുഷ്യരെയും ഗ്രീക്ക് പുരാവൃത്തങ്ങളിലെ കഥാപാത്രങ്ങളെയും ചേർത്തുവായിക്കേണ്ടതുണ്ട് എന്നെനിക്ക് തോന്നി. എല്ലാകാലവും പുറന്തള്ളപ്പെടുന്ന, അവഗണിക്കപ്പെടുന്ന മനുഷ്യരുണ്ടെന്നും, അവരുടെ വേദനകൾക്ക് ഒരേ തീവ്രതയാണെന്നും ഞാൻ തിരിച്ചറിഞ്ഞു. സത്യത്തിൽ, അഭയാർത്ഥികളുടെ ചരിത്രമല്ലേ മനുഷ്യ ചരിത്രം ?
ചരിത്രത്തിന്റെ ആവർത്തനങ്ങളുടെ ഭാഗം മാത്രമാണ് മനുഷ്യർ. ഗ്രീക്ക് പുരാവൃത്തങ്ങളാവട്ടെ ഇന്നത്തെ അഭയാർത്ഥികളാവട്ടെ ഇവരെല്ലാം പങ്കുവെക്കുന്നത് ഭയവും, കോപവും, യുദ്ധവും, മരണവും തന്നെയാണ്. പുരാവൃത്തങ്ങളെ വീണ്ടെടുക്കുന്നതിലൂടെ, പുനരാവിഷ്ക്കരിക്കുന്നതിലൂടെ ഈ ചരിത്ര സത്യം അവതരിപ്പിക്കാനാവുന്നു. സൂക്ഷ്മാർത്ഥത്തിൽ കാണുകയാണെങ്കിൽ, പ്രാഗ്ര് രൂപങ്ങളുടെ പരിണാമ പ്രവാഹമാണ് കാലം!
അതോടൊപ്പം തന്നെ, പുരാവൃത്തങ്ങളിൽ നിന്നുള്ള പേരുകളുള്ള ഈ കഥാപാത്രങ്ങളുടെ വിലാപത്തിനിടയിൽ യുദ്ധത്തിന്റെയും, പുറന്തള്ളലിന്റെയും, അഭയാർത്ഥിത്വത്തിന്റെയും നിരവധി ചരിത്ര സന്ദർഭങ്ങളുടെ ഫോട്ടോഗ്രാഫുകളും, വീഡിയോ ക്ലിപ്പുകളും കാണാം. ഈ ഫോട്ടോഗ്രാഫുകളും, വീഡിയോ ക്ലിപ്പുകളും അവരെ ചരിത്രത്തിന്റെ ഭാഗമാക്കുന്നു. അപാർട്രിഡാസിലെ ഈ കഥാപാത്രങ്ങൾ അവരുടെ ആത്മഭാഷണങ്ങളിലൂടെ നമുക്ക് മുന്നിൽ ചരിത്രത്തെ പുനരാവിഷ്ക്കരിക്കുന്നു.” കരീന കാസുസെല്ലി പറഞ്ഞു.
സാധ്യതകൾ അന്വഷിക്കുന്ന കല
മൾട്ടിമീഡിയ സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ് അപാട്രിഡാസ് ആവിഷ്ക്കരിച്ചിട്ടുള്ളത്. സുതാര്യമായ സ്ക്രീനുകളിൽ ദൃശ്യങ്ങൾ പ്രതിഫലിപ്പിക്കുന്നു. ആദ്യ കഥാപാത്രമായ കസാന്ദ്ര പ്രത്യക്ഷപ്പെടുന്നത് ആദ്യ സ്ക്രീനിന്റെ പിന്നിലായിട്ടാണ്. ആത്മഭാഷണത്തിന് ഇടയിൽ അവൾക്ക് മേലെ ഫോട്ടോഗ്രാഫുകളും, വീഡിയോ ക്ലിപ്പുകളും പതിക്കുന്നു. അതിനാൽ തന്നെ തൊട്ടുമുന്നിലാണെങ്കിലും തൊടാനാവാത്ത, കേൾക്കാനാവുമ്പോഴും മറുമൊഴിയെത്താത്ത ഒരിടത്ത് അവൾ നിൽക്കുന്നതായി കാണികൾക്ക് അനുഭവപ്പെടുന്നു. ഒളിവിലുള്ള ഒരാളെ വെളിപ്പെടുത്തുന്നതിന്റെ ഗൂഢതയായിരുന്നു ആ രംഗത്തിന് എങ്കിൽ ആ കർട്ടൺ ഉയർത്തി ഇടമില്ലാത്തവർ അലയുന്ന ഇടത്തിലേക്ക് കാണികളെ ‘പുറന്തള്ളുന്നു’ അപാട്രിഡാസ്. മൾട്ടിമീഡിയ സാധ്യതകൾ അന്വേഷിക്കുന്ന നാടകസംഘമാണ് ലെനേർസൺ പൊളോനനിയുടേത്.
“മൾട്ടിമീഡിയയുടേതാണ് ഇന്നത്തെ കല. എന്റെ പ്രൊജക്ടിന്റെ ഭാഗം കൂടിയാണിത്. ഒരു സംവിധായകൻ എന്ന നിലയിൽ ഈ സാങ്കേതിക സാധ്യതകൾ ഉപയോഗിക്കുന്നതിൽ തൽപ്പരനാണ് ഞാൻ. മൾട്ടിമീഡിയ സാധ്യതകൾ ഓരോ രംഗത്തിന്റെയും അന്തരീക്ഷം കാണികളെ അനുഭവപ്പെടുത്തുന്നു. നാടകത്തിൽ മുഴുകുന്നതിന് പ്രേരിപ്പിക്കുന്നു. നിങ്ങൾ തന്നെ അത് പറഞ്ഞു ഴിഞ്ഞല്ലോ. ഞങ്ങളുടെ നാടകങ്ങളിൽ ധാരാളമായി ഈ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നുണ്ട്. ഞങ്ങളുടെ തിയറ്റർ കമ്പനി എപ്പോഴും പുതിയ സാധ്യതകൾ അന്വേഷിക്കുന്നു.”
ഒടുവിൽ, വിടപറയും മുൻപ് ഒരു വാചകം കൂടി കൂട്ടിച്ചേർത്തു ലെനേർസൺ.
“ആത്യന്തികമായി അശാന്തമായ ഈ ലോകത്ത് സമാധാനം കണ്ടെത്താനുള്ള ഒരു ശ്രമമാണ് അപാട്രിഡാസ്.”