പ്രചാരണങ്ങൾ ഫലം കാണാതെ കെജ്രിവാൾ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിലായതിന്റെയും ജാമ്യം ലഭിച്ച് വൻ പ്രചാരണം നടത്തിയതിന്റെയും പ്രതിഫലനമൊന്നും ഡൽഹിയിലെ ലോക്സഭ തെരഞ്ഞെടുപ്പിലുണ്ടായില്ല എന്നാണ് ഫലങ്ങൾ വ്യക്തമാകുന്നത്. മുൻ തെരഞ്ഞെടുപ്പിലേത് പോലെ ഏഴ് സീറ്റിലും വിജയിച്ച് ഡൽഹിയിലെ ആധിപത്യം ബി.ജെ.പി നിലനിർത്തി. ആം ആദ്മി സർക്കാരിനെതിരെയും അരവിന്ദ് കെജ്രിവാളിനെതിരെയും ഉണ്ടായ നിയമ നടപടികൾ ആപ്പിന്റെ വിജയ സാധ്യതയെ ബാധിച്ചിട്ടുണ്ടോ എന്ന വിശദമായ പരിശോധന നടത്തേണ്ടതുണ്ട് എന്നാണ് ഡൽഹി ഫലങ്ങൾ പറയുന്നത്. ജയിലിൽ നിന്നും പുറത്തുവന്ന കെജ്രിവാൾ ഇൻഡ്യ മുന്നണിയുടെ ഒരു താര പ്രചാരകനായി മാറിയെങ്കിലും ഡൽഹിയിൽ ചലനമുണ്ടാക്കാൻ കഴിഞ്ഞില്ല. കോൺ​ഗ്രസുമായി ഉണ്ടാക്കിയ സഖ്യവും ഇരു പാർട്ടികൾക്കും ​ഗുണം ചെയ്തില്ല.

ബി.ജെ.പി തൂത്തുവാരുമെന്ന് പ്രവചിച്ചിരുന്ന എക്സിറ്റ് പോൾ ഫലങ്ങൾ അതേപടി ശരിയാകുന്ന കാഴ്ച്ചയാണ് ഡൽഹിയിൽ കണ്ടത്. ചാന്ദ്നി ചൗക്ക്, നോർത്ത് ഈസ്റ്റ് ഡൽഹി, ഈസ്റ്റ് ഡൽഹി, ന്യൂ ഡൽഹി, നോർത്ത് വെസ്റ്റ് ഡൽഹി, വെസ്റ്റ് ഡൽഹി, സൗത്ത് ഡൽഹി എന്നീ ഏഴ് ലോക്സഭാ മണ്ഡലങ്ങളിലും ബി.ജെ.പി മികച്ച ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. വടക്ക് കിഴക്കൻ ഡൽഹിയിൽ സിറ്റിംഗ് എം.പി ആയ ബി.ജെ.പി യുടെ മനോജ് തിവാരി ഒരു ലഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഹാട്രിക് നേടി. കോൺ​ഗ്രസിന്റെ ദേശീയ മുഖമായി മാറിയ കനയ്യ കുമാറിനെയാണ് തിവാരി തോൽപ്പിച്ചത്. പ്രാദേശിക കോൺ​ഗ്രസ് നേതാക്കളുടെ എതിർപ്പുകളെ മറികടന്ന് പാർട്ടി മത്സരിപ്പിച്ച കനയ്യക്ക് ഈ തോൽവി വലിയൊരു നഷ്ടം തന്നെയായി മാറി. പാർട്ടിക്കുള്ളിൽ ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങളെ പ്രചാരണ വേളയിൽ ബി.ജെ.പി ഫലപ്രദമായി ഉപയോ​ഗിക്കുകയും ചെയ്തിരുന്നു. 2014-ലെയും 2019- ലെയും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിവാരിക്ക് വലിയ ഭൂരിപക്ഷമുണ്ടായിരുന്നു. ബിഹാറിൽ നിന്നും കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും കനയ്യ കുമാർ പരാജയപ്പെട്ടിരുന്നു.

ജയിലിൽ നിന്നും ജാമ്യത്തിൽ അരവിന്ദ് കെജ്രിവാളിന് ആം ആദ്മി പ്രവർത്തകർ നൽകിയ സ്വീകരണം. കടപ്പാട്:ndtv

ചാന്ദ്നി ചൗക്കിൽ ബി.ജെ.പിയുടെ പ്രവീൺ ഖണ്ഡേൽവാൾ വിജയിച്ചപ്പോൾ ഈസ്റ്റ് ഡൽഹിയിൽ ഹർഷ് മൽഹോത്രക്കും വൻ ഭൂരിപക്ഷമുണ്ട്. ന്യൂ ഡൽഹിയിൽ മുൻ ബി.ജെ.പി നേതാവ് സുഷമ സ്വരാജിന്റെ മകൾ ബാംസുരി സ്വരാജും വിജയിച്ചു. നോർത്ത് വെസ്റ്റ് ഡൽഹിയിൽ യോഗീന്ദർ ഛന്ദോലിയയും, വെസ്റ്റ് ഡൽഹിയിൽ കമൽജീത് ഷെരാവത്തും ജയിച്ചു. സൗത്ത് ഡൽഹിയിൽ രാംവീർ സിംഗ് ബിധുരി ആണ് ബി.ജെ.പി ടിക്കറ്റിൽ ജയിച്ചത്. 2009ന് ശേഷം ശക്തി നഷ്ടപ്പെട്ട കോൺ​ഗ്രസിന് ആം ആ​ദ്മി പാർട്ടിയുടെ പിന്തുണയുണ്ടായിട്ട് പോലും ഡൽഹിയിൽ തിരികെ വരാൻ കഴിഞ്ഞില്ല എന്നത് കോൺ​ഗ്രസ് ആഴത്തിൽ ചിന്തിക്കേണ്ട വിഷമാണ്. അതും രാഹുൽ ​ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡ്യ സഖ്യം രാജ്യമെമ്പാടും വലിയ മുന്നേറ്റമുണ്ടാക്കിയിട്ടും ഡൽഹി കൈവിട്ടുപോയത് അവർക്ക് വലിയ ക്ഷീണമാണ്. ഒരുകാലത്ത് കോൺഗ്രസിന് വലിയ സ്വാധീനമുള്ള മേഖലയായിരുന്നു ഡൽഹി. 2013ൽ ആം ആദ്മി പാർട്ടി ഉദയം ചെയ്തതോടെയാണ് കോൺ​ഗ്രസ് ക്ഷയിക്കുന്നതും ബി.ജെ.പിക്ക് കൂടി അതിന്റെ നേട്ടമുണ്ടായിത്തുടങ്ങുന്നതും.

2004 ലെ തെരെഞ്ഞെടുപ്പിൽ ഡൽഹിയിലെ ആറ് മണ്ഡലങ്ങളിൽ കോൺഗ്രസ് വിജയിച്ചിരുന്നു. സൗത്ത് ഡൽഹിയിൽ മാത്രമാണ് ബി.ജെ.പിക്ക് വിജയം നേടാൻ കഴിഞ്ഞത്. 2009 ലെ തെരെഞ്ഞെടുപ്പിൽ ആ ചിത്രം മാറി. സൗത്ത് ഡൽഹിയിൽ ബി.ജെ.പിക്ക് ലഭിച്ച ആ ഒരു സീറ്റും 93,219 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് സ്ഥാനാർഥി രമേഷ് കുമാർ തിരിച്ചുപിടിച്ചു. 2013ൽ അരവിന്ദ് കെജ്രിവാൾ രൂപപ്പെടുത്തിയ ആം ആദ്മി പാർട്ടി ഡൽഹിയിൽ പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിൽ നിർണ്ണായകമായി മാറി. 2013 ഡിസംബറിൽ നടന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി നേടിയ വിജയം ഭരണകക്ഷിയായ കോൺഗ്രസിനേറ്റ കനത്ത പ്രഹ​രമായിരുന്നു. 2014 ൽ നടന്ന പതിനാറാം ലോക്സഭാ തെരെഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി രാജ്യത്തെ 434 സീറ്റുകളിൽ മത്സരിക്കുകയും പഞ്ചാബിലെ നാല് സീറ്റുകളിൽ വിജയിക്കുകയും ചെയ്തു. പഞ്ചാബിൽ വിജയിച്ചെങ്കിലും 2014 ൽ ഡൽഹിയിൽ സീറ്റൊന്നും ലഭിച്ചില്ല. എന്നാൽ ആം ആ​ദ്മി ശക്തിപ്പെട്ടതോടെ കോൺഗ്രസിന്റെ കുത്തകയായിരുന്ന ഡൽഹിയിലെ മുഴുവൻ മണ്ഡലങ്ങളും ബി.ജെ.പി പിടിച്ചെടുക്കുന്ന കാഴ്ചയാണ് കണ്ടത്. ഒരു സീറ്റ് പോലും കോൺഗ്രസിന് പിന്നീട് നേടാൻ കഴിഞ്ഞിട്ടില്ല.

കനയ്യ കുമാർ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ. കടപ്പാട്:ndt

2019 ൽ സംസ്ഥാനം ഭരിക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ആം ആദ്മി പാർട്ടി മത്സരിച്ചതെങ്കിലും ഏഴ് മണ്ഡലങ്ങളിലും പരാജയം തന്നെയാണ് ഉണ്ടായത്. ബി.ജെ.പിയുടെ ഡോ. ഹർഷ് വർദ്ധൻ, മനോജ് തിവാരി, ഗൗതം ഗംഭീർ, മീനാക്ഷി ലേഖി, ഹൻസ് രാജ്, പർവേഷ്‌ വർമ, രമേഷ് ബിധുരി എന്നീ സ്ഥാനാർഥികളായിരുന്നു വിജയിച്ചത്. കോൺഗ്രസിനോട് എതിരിട്ടാണ്‌ ആം ആദ്മി രാഷ്ട്രീയത്തിലേക്ക് എത്തിയതെങ്കിലും പിന്നീട് ബി.ജെ.പിയെ പ്രതിരോധിക്കുക എന്ന ലക്ഷ്യവുമായി കോൺഗ്രസിനോടൊപ്പം അവർ കണ്ണി ചേർന്നു. ഇൻഡ്യാ സഖ്യത്തിലെ ഒരു പ്രധാന പാർട്ടിയായി ആപ് മാറി. അഴിമതിക്കെതിരെ രൂപപ്പെട്ട ആം ആദ്മി പാർട്ടിക്ക് ലഭിച്ച ഏറ്റവും വലിയ തിരിച്ചടിയായിരുന്നു അഴിമതി കേസിലെ കെജ്രിവാളിന്റെ അറസ്റ്റ്. കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത് 2024 മാർച്ച് 21 നാണ്. ഡൽഹിയിലെ ഇലക്ഷൻ പ്രചാരണത്തിൽ നിന്നും കെജ്രിവാളിനെ മാറ്റി നിർത്തുക എന്ന ലക്ഷ്യവും അറസ്റ്റിന് പിന്നിലുണ്ടായിരുന്നു. എന്നാൽ തെരെഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി മെയ് 10 മുതൽ ജൂൺ 1 വരെ സുപ്രീംകോടതി അദ്ദേഹത്തിന് ഇടക്കാല ജാമ്യം നൽകിയത് ബി.ജെ.പി ഞെട്ടിച്ചു. അരവിന്ദ് കെജ്രിവാളിന്റെ പേഴ്സനൽ അസിസ്റ്റന്റ് ബൈഭവ് കുമാറിനെതിരെ എ.എ.പി യുടെ രാജ്യസഭാ എം.പി സ്വാതി മലിവാൾ രംഗത്ത് വന്നത് തോൽവി ഭയന്ന ബി.ജെ.പി തന്ത്രമായി വിലയിരുത്തപ്പെടുന്നുണ്ട്. സ്വാതി മലിവാളിന്റെ പരാതിയും ബൈഭവ് കുമാറിനെതിരായ നിയമ നടപടിയും തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് തിരിച്ചടിയായിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്.

ന​ഗര മധ്യവർഗ സമ്മതിദായകരുടെ സാന്നിധ്യമാണ് ഡൽഹിയിൽ ഏറെയുള്ളത്. അവരെ സംബന്ധിച്ച് നരേന്ദ്ര മോദി ഒരു വികസന നായകനാണ്. ആം ആദ്മി പാർട്ടി സംസ്ഥാന അസംബ്ലിയിലേക്ക് വിജയിക്കുമ്പോഴും ഡൽഹിയിലെ എല്ലാ ലോക്സഭ സീറ്റുകളും പതിവായി ബി.ജെ.പിക്ക് കിട്ടാറുള്ളതിന് അതും ഒരു കാരണമാകാമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. കോൺ​ഗ്രസിനോട് ആം ആദ്മി പാർട്ടി പ്രവർത്തകർക്കുള്ള മുൻകാല എതിർപ്പ് കാരണം സഖ്യം വേണ്ടത്ര ഫലം ചെയ്തില്ല എന്നും നിരീക്ഷിക്കപ്പെടുന്നു.

Also Read

3 minutes read June 5, 2024 7:51 am