മന്ത്രി ചിദംബരത്തിന്റെ യുദ്ധങ്ങള്‍

രാജ്യമിന്ന് നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര പ്രശ്‌നം നക്‌സല്‍ ഭീകരതയാണെന്ന് കണ്ടെത്തിയ സര്‍ക്കാര്‍ സര്‍വ്വ സന്നാഹ സൈന്യവുമായി അതിനെ നേരിടാന്‍ കോപ്പുകൂട്ടികഴിഞ്ഞു. വെടിയുണ്ടകള്‍ കൊണ്ട് നടത്തുന്ന ഈ ക്രമസമാധാന സംരക്ഷണ പ്രവര്‍ത്തനത്തിന് ഒരു ഓമനപ്പേരും കിട്ടിയിട്ടുണ്ട്, ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട്(ഹരിത വേട്ട). പ്രകൃതി വിഭവങ്ങള്‍ കൊണ്ട് ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ പ്രദേശങ്ങളില്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രാദേശിക ജനതയെ കൊള്ളയടിച്ച് ഹരിതവേട്ട നടത്തിക്കൊണ്ടിരിക്കുന്നത് വമ്പന്‍ കോര്‍പറേറ്റുകളാണ്. സര്‍ക്കാര്‍ ഭാഷ്യത്തില്‍ പറഞ്ഞാല്‍ നക്‌സലൈറ്റുകള്‍ക്ക് വേരോട്ടമുള്ള പ്രദേശങ്ങള്‍. കോര്‍പ്പറേറ്റുകള്‍ക്ക് സുഗമമായ വഴിയൊരക്കാന്‍ നക്‌സല്‍ ഭീകരതയുടെ പേര് പറഞ്ഞ് ദരിദ്രരായ ജനസമൂഹത്തിന് നേരെ സൈന്യം തോക്കുചൂണ്ടുന്ന കാലമുണ്ടാകുമെന്ന് ജനാധിപത്യ ഇന്ത്യയുടെ സൃഷ്ടാക്കളായ സമാധാന പ്രിയന്‍മാരുപോലും കരുതിയിട്ടുണ്ടാവില്ല. അത്ഭുതമൊന്നും സംഭവിച്ചില്ല, വിചാരിച്ചതുപോലെതന്നെ കോര്‍പറേറ്റ് വാല പ്രകാശ് കാരാട്ടും സംഘവും നിരായുധനായ പോരാളി ബുദ്ധദേവിനെ മുന്നില്‍ നിര്‍ത്തി നക്‌സല്‍ വേട്ടയ്ക്ക് പിന്തുണയുമായെത്തിയിട്ടുണ്ട്. ഒപ്പം എഡിറ്റോറിയലെഴുതി പ്രേത്സാഹിപ്പിക്കാന്‍ ദി ഹിന്ദു വിനെപ്പേലെ ഒരു ഉത്തമ മാധ്യമ ചങ്ങാതിയും. സാമ്പത്തിക മന്ത്രിപട്ടം മാറിയിട്ടും ഉദാരീകരണം നടപ്പാക്കാന്‍ ആഭ്യന്തരമന്ത്രിയായ ചിദംബരം കണ്ടെത്തിയ പുതിയ വഴികളെ വിശകലനം ചെയ്യുകയാണ് അരുന്ധതി റോയ് ഈ ലേഖനത്തില്‍.