അപൂര്‍വവൈദ്യന് നമസ്‌കാരം

ഒമ്പതു പതിറ്റാണ്ടുനീണ്ട ജീവിതത്തിനൊടുവില്‍ വൈദ്യഭൂഷണം രാഘവന്‍ തിരുമുല്പാട് എന്ന വൈദ്യന്‍ മണ്‍മറയുമ്പോള്‍ മലയാളികളുടെ സാമൂഹ്യജീവിതത്തില്‍ വലിയൊരു ശൂന്യസ്ഥലം കൂടി ഉടലെടുക്കുകയാണ്. വിപണിയ്ക്ക് വഴങ്ങാതെ, ജീവിതശൈലിയിലൂന്നിയ, ലാളിത്യവും ഋജുവുമായ ഒരു ആരോഗ്യദര്‍ശനംകൊണ്ട് നമ്മുടെയൊക്കെ ശരീരത്തെയും മനസ്സിനെയും ഒരുപോലെ ചികിത്സിച്ച മഹാവൈദ്യന്‍, വൈദ്യത്തിലെ ധാര്‍മ്മികത സമൂഹജീവിതത്തിലാകപ്പാടെയുള്ള ധാര്‍മ്മികതയില്‍നിന്നും വേറിട്ടു വ്യവഹരിക്കേണ്ടതല്ല എന്നു നിരന്തരം ഓര്‍മ്മപ്പെടുത്തിയ ദാര്‍ശനികന്‍, ലാളിത്യത്തേയും സൂക്ഷ്മതയേയും അസാമാന്യചാരുതയോടെ സമവായപ്പെടുത്തിയ ഗാന്ധിയന്‍, ഇങ്ങനെ പലനിലയിലും അതുല്യനായിരുന്നു അദ്ദേഹം.