പരിസ്ഥിതി മാധ്യമ ഫെലോഷിപ്പ് വിതരണവും അനുസ്മരണ പ്രഭാഷണവും
2009 മുതല്‍ കേരളീയം നടത്തിവരുന്ന ബിജു.എസ്. ബാലന്‍ അനുസ്മരണ പരിസ്ഥിതി മാധ്യമ ഫെലോഷിപ്പ് വിതരണവും അനുസ്മരണ പ്രഭാഷണവും 2014 ജൂണ്‍ 28 ശനിയാഴ്ച തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ വച്ച് നടന്നു. 6-ാമത് പരിസ്ഥിതി മാധ്യമ ഫെലോഷിപ്പിന് അര്‍ഹനായ സി.കെ.എം. നബീലിന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനുമായ ക്ലോഡ് അല്‍വാരിസ് 10,002 രൂപയുടെ ഫെലോഷിപ്പ് കൈമാറി. തുടര്‍ന്ന് പശ്ചിമഘട്ട സംരക്ഷണം പോരാട്ടങ്ങളുടെ ദിശ പുതിയ കാലത്തില്‍ എന്ന വിഷയത്തില്‍ ക്ലോഡ് അല്‍വാരിസ് ബിജു.എസ്. ബാലന്‍ അനുസ്മരണ പ്രഭാഷണം നടത്തി. പശ്ചിമഘട്ട സംരക്ഷണത്തിനായി നിലപാടെടുത്ത മുന്‍ ഇടുക്കി എം.പി പി.ടി. തോമസ് ചടങ്ങില്‍ മുഖ്യാതിഥിയായി.
പശ്ചിമഘട്ടത്തിന്റെ അതിജീവന സാധ്യതകള്‍ എന്നതായിരുന്നു ഇത്തവണ ഫെലോഷിപ്പ് അപേക്ഷകര്‍ക്കായി കേരളീയം നല്‍കിയ വിഷയം. പശ്ചിമഘട്ട മേഖലയിലെ ക്വാറികള്‍: പ്രശ്‌നങ്ങള്‍, പരിഹാരങ്ങള്‍ എന്ന വിഷയത്തെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനാണ് നബീലിന് ഫെലോഷിപ്പ് നല്‍കുന്നത്. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ജേര്‍ണലിസം ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ് പൊന്നാനി സ്വദേശിയായ സി.കെ.എം. നബീല്‍. കേരളീയം കോളമിസ്റ്റും പാരിസ്ഥിതിക അവബോധമുള്ള നിരവധി ലേഖനങ്ങളുടെ കര്‍ത്താവുമായ അന്തരിച്ച ബിജു.എസ്. ബാലന്റെ പേരിലാണ് ഫെലോഷിപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കേരളീയത്തിന് ലഭിച്ച എന്‍ട്രികളില്‍ നിന്നും കെ. രാജഗോപാല്‍ ചെയര്‍പേഴ്‌സണും (മാധ്യമപ്രവര്‍ത്തകന്‍), ഡോ. എസ്. ശങ്കര്‍ (പരിസ്ഥിതി ശാസ്ത്രജ്ഞന്‍), സി.ആര്‍. നീലകണ്ഠന്‍ (പരിസ്ഥിതി പ്രവര്‍ത്തകന്‍), എസ്. ഉഷ (ഡയറക്ടര്‍, തണല്‍) എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് ഫെലോഷിപ്പ് ജേതാവിനെ കണ്ടെത്തിയത്.