സൗന്ദര്യത്തിന്റെ ചരിത്രജീവിതം

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ആഫ്റ്റർ ഇമേജ് – 2

“Beauty is truth, truth beauty”— that is all. Ye know on earth, and all ye need to know.”
(John Keats, Ode on a Grecian Urn)

സൗന്ദര്യത്തിന്റെ ചരിത്രത്തെ അധികാരവ്യവസ്ഥയുമായി കണ്ണിചേർത്തുകൊണ്ട് ആലോചിക്കുമ്പോൾ കാലങ്ങളായുള്ള അതിന്റെ പരിണാമഗതി ചില നിശ്ചിത വ്യവസ്ഥകളിലൂടെ വിന്യസിക്കപ്പെട്ടിരിക്കുന്നതായി കാണാം. കാണപ്പെടാനുള്ളത് എന്ന നിലയിൽ ദൃശ്യകലയെ പരിഗണിക്കുകയും മനസിലാക്കുകയും ചെയ്തുപോന്ന സാമ്പ്രദായിക പശ്ചാത്തലത്തിൽ കാണപ്പെടാനുള്ള വസ്തു കമനീയവും (desirable) സുന്ദരവുമായിരിക്കണം എന്നതിനാൽ തന്നെ സുന്ദര ദൃശ്യങ്ങളെ ഉത്പാദിപ്പിക്കുക എന്നത് ദൃശ്യകലയെ സംബന്ധിച്ച് പ്രധാന ഉദ്ദേശ്യമായി ഗണിക്കപ്പെട്ടു. അവിടെ സുന്ദരം എന്നത് ഒരു ദ്വന്ദ്വവ്യവസ്ഥയ്ക്കുള്ളിൽ പ്രവർത്തിക്കുന്നതായി കാണാം. അകം/ പുറം എന്നോ ഉത്കൃഷ്ടം/ അപകൃഷ്ടം എന്നോ ഒക്കെ തരം തിരിക്കുവാൻ പാകത്തിനുള്ള അളവുകോലുകളെ വിവിധ സാമൂഹിക വ്യവസ്ഥകൾ നിജപ്പെടുത്തിയിരിക്കുന്നതായി കാണം. സൗന്ദര്യത്തിന്റെ ചരിത്രം ആദർശവത്കരണത്തിന്റെ കൂടി ചരിത്രമാണെന്ന് സൂസൻ സൊൻടാഗ്. സൗന്ദര്യചരിത്രത്തിലെ ദ്വന്ദ്വയുക്തിയെപറ്റി സംസാരിക്കെ “the aesthetics itself is a quasi-moral project” എന്ന് സൊൻടാഗ്‌ കൂട്ടിച്ചേർക്കുന്നു. ഈ ആദർശവത്കരണത്തിന് പിന്നിലെ ദ്വന്ദ്വയുക്തി നിലനിൽക്കുന്ന അധികാരശ്രേണിയുമായി ഉടമ്പടിയിലെത്തുകയും ഏകതാനമായ പരിമാണങ്ങളെ നിർമ്മിച്ചെടുക്കുകയും ചെയ്യുന്നു. ഈ സൗന്ദര്യബോധത്തോടുള്ള കലഹമാണ് സമകാലിക കലയുടെ പ്രത്യയശാസ്ത്രം. നിലനിൽക്കുന്ന വിചാരമാതൃകകളിലേയ്ക്ക് പുതിയ ചിലതിനെ കൂട്ടിച്ചേർക്കുവാനുള്ള കേവലശ്രമമല്ല, മറിച്ച് സൗന്ദര്യവിചാരങ്ങളിലെ വിട്രൂവിയൻ മാതൃകകളെ അട്ടിമറിക്കുകയാണ് സമകാലിക കല. സാമൂഹത്തിന്റെ അഭിരുചിയും വൈയക്തികമായ സൗന്ദര്യാനുഭവങ്ങളും തികച്ചും ആത്മനിഷ്ഠവും ഒറ്റപ്പെട്ടതുമെന്ന് ഗണിക്കുവാൻ സാധ്യമല്ല. അവ സമൂഹത്തിലെ ബലതന്ത്രങ്ങൾക്കിടയിൽ രൂപാന്തരപ്പെടുകയും ശക്തിപ്രാപിക്കുകയും കാലാകരണപ്പെടുകയും ചെയ്തുകൊണ്ടേയിരിക്കുന്നു. ഏതൊരു സാംസ്‌കാരിക നിർമ്മിതിയുമെന്നപോലെ അഭിരുചിയും സൗന്ദര്യബോധവും നിരന്തരമാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടേയിരിക്കും. സൗന്ദര്യത്തെ ബൗദ്ധിക ആനന്ദത്തേക്കാൾ ഒരു ഇന്ദ്രിയാനുഭവമെന്ന നിലയിൽ മനസിലാക്കുന്ന പുരാതനമായ ഒരു വീക്ഷണമുണ്ട്. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കലാതത്വശാസ്ത്രം (philosophy of art) ‘aesthetics’ എന്ന വാക്കിനെ അടയാളപ്പെടുത്തുമ്പോൾ അതിന്റെ വേര് ഇന്ദ്രിയാനുഭൂതിയെന്ന് അർഥം വരുന്ന ഗ്രീക്ക് വാക്കായ ‘aisthesis’ ൽ കണ്ടെടുക്കാം. ഇന്ദ്രിയങ്ങളുമായി ചേർത്തുവെച്ച് ആസ്വദിക്കാവുന്നതിനെ ‘സുന്ദരം’ എന്ന് ഗണിക്കുമ്പോളും, ആ അനുഭൂതിലോകവും ഏകശിലാത്മകമല്ല എന്നുതന്നെ മനസിലാക്കണം എന്നതാണ് സമകാലിക ചിന്ത.

സൂസൻ സൊൻടാഗ്

പ്ലേറ്റോ മുതൽ ഹെഗൽ വരെയുള്ള ചിന്തകർ കാഴ്ചയെയും കേൾവിയെയും സുന്ദരമെന്ന് കണക്കാക്കിയപ്പോഴും രുചി, സ്പർശം, ഗന്ധം എന്നിവ പരിഗണിക്കപ്പെട്ടില്ല. അവിടെയാണ് പലകാലങ്ങളിലായി ദൃശ്യകലയുടെയും സംഗീതത്തിന്റെയും സൗന്ദര്യാത്മകതലങ്ങളിലേക്കുള്ള തത്വചിന്താന്വേഷണങ്ങൾ വ്യാപരിക്കുന്നത്. രേഖീയമായ ഇന്ദ്രീയാനുഭവത്തെ ആവിഷ്കരിക്കുകയെന്ന പരമ്പരാഗത ചിത്രമെഴുത്ത് രീതിയിൽ സൗന്ദര്യം പ്രകൃതിയുടെയോ മനഷ്യന്റെയോ രൂപത്തിന്റെ യഥാതഥ ചിത്രീകരണമായി കണക്കാക്കപ്പെട്ടു. ഇവിടെ യഥാതഥം എന്നതുകൊണ്ട് ഏതൊന്നിന്റെയും തനിപകർപ്പ് എന്ന് കരുത്താനാവില്ല. റിയലിസ്റ്റ് ചിത്രീകരണത്തിൽ കൃത്യമായ അഴകളവുകളും മാനദണ്ഡങ്ങളും പാലിക്കുന്ന രൂപങ്ങളുടെ പകർപ്പാണ് നടന്നിട്ടുള്ളത്. സുന്ദരമെന്ന് ഗണിക്കാൻ കഴിയുന്ന സബ്ജെക്റ്റുകളുടെ തിരഞ്ഞെടുപ്പ് അവിടെ കൃത്യമായി നടന്നുപോന്നു, ആ തിരഞ്ഞെടുപ്പിൽ കാലം, ചരിത്രം, സംസ്കാരം, ലോകബോധം എന്നിങ്ങനെ പല ഘടകങ്ങളും പങ്കുവഹിച്ചു. എന്താണ് ചിത്രീകരണയോഗ്യമെന്നത് അവിടെ ഒരു രാഷ്ട്രീയപ്രശ്നമായി മാറുന്നു. കൃത്യമായ അഴകളവുകളിൽ ഊന്നിക്കൊണ്ട് നിർമ്മിച്ചെടുത്ത നവോഥാനകാലകലയിലെ ശരീരങ്ങളെ പരിഗണിക്കുക. അവിടെ മനുഷ്യൻ ഒരു ‘വിട്രൂവിയൻ മാൻ’ ആണ്. സ്ത്രീയോ, ട്രാൻസ്‍ജൻഡറോ, യുറോപ്യേതരനോ ആവുന്നില്ല. ഇനി സ്ത്രീയായി ചിത്രീകരിക്കപ്പെട്ടാലോ അത് ജോൺ ബർജർ നിരീക്ഷിച്ചതുപോലെ ആൺകാഴ്ചയിലെ പെൺശരീരമായി മാറുന്നു- “Men act and women appear. Men look at women. Women watch themselves being looked at. This determines not only most relations between men and women but also the relation of women to themselves. The surveyor of woman in herself is male: the surveyed is female. Thus she turns herself into an object of vision: a sight.” ഇവിടെ കാഴ്ചക്കുതകുന്ന വസ്തുവും കാണുന്നയാളും തമ്മിലൊരു ബലതന്ത്രം പ്രവർത്തിക്കുന്നു.

വിട്രൂവിയൻ മാൻ

മനുഷ്യസ്പര്ശമേല്ക്കാത്ത കന്നിമണ്ണിന്റെ (virgin land) മനോഹരചിത്രീകരണങ്ങളാവട്ടെ പലപ്പോഴും പ്രകൃതിശരീരത്തിനുമേലുള്ള സ്കോപോഫിലിക്‌ നോട്ടമാകുന്നു. അധികാരവും (power) കാമനയും (desire) സവിശേഷമായി പ്രവർത്തിക്കുന്ന ദ്വിമാനപ്രതലങ്ങളാണ് റിയലിസ്റ്റ് ചിത്രീകരണങ്ങൾ. അവിടെ സൗന്ദര്യം എന്നത് ഒരു സാമൂഹിക നിർമ്മിതിയാകുന്നു. അധികാരം ആദർശവത്കരിക്കുന്ന ദൃശ്യലോകമാണ് ‘സുന്ദരം’ എന്ന ധാരണയെ സമകാലികകല വിവിധ തലങ്ങളിൽ അട്ടിമറിക്കുന്നുണ്ട്. ഇവിടെ സൗന്ദര്യബോധത്തിന്റെ വാർപ്പുമാതൃകകളുടെ പുതുക്കിപ്പണിയലില്ല, മറിച്ച് സൗന്ദര്യസങ്കല്പത്തിന്റെ ആപേക്ഷികതയിൽ ഊന്നിക്കൊണ്ടുള്ള അധികാര കേന്ദ്രങ്ങളുമായുള്ള ഇടച്ചിലുകളാണുള്ളത്. നിലനിൽക്കുന്ന സൗന്ദര്യബോധത്തെ മാറ്റിപ്രതിഷ്ഠിക്കാൻ പോന്ന പുതിയ’ഒരു’ സൗന്ദര്യവീക്ഷണത്തെ മുന്നോട്ടുവെക്കലല്ല സമകാലികകലയുടെ ലക്ഷ്യമെന്ന് ചുരുക്കം.

അധികാരത്തോടിടയുന്ന കല

സൗന്ദര്യസമവാക്യങ്ങളെ പ്രശ്നവത്കരിക്കുകയെന്നാൽ അധികാരബന്ധങ്ങളോട് സമരം ചെയ്യുകയെന്നാണർത്ഥം. മറിച്ചു ചിന്തിച്ചാൽ, അധികാരത്തോടിടയാൻ കലയ്ക്ക് അത് നിർമ്മിച്ചെടുത്ത സൗന്ദര്യസങ്കല്പങ്ങളുമായും മാതൃകകളുമായും ഇടയേണ്ടിവരുന്നു. വിട്രൂവിയൻ മാൻ എന്ന ഡാ വിഞ്ചി ചിത്രത്തെ ആഫ്രിക്കൻ വംശജയായ സ്ത്രീയെ കേന്ദ്രമാക്കി ഹാർമണിയ റോസേൽസ് മാറ്റിവരക്കുമ്പോൾ അത് നിലനിൽക്കുന്ന ലോകബോധത്തെ പൊളിച്ചെഴുതുന്ന ഒന്നാകുന്നു. ഇവിടെ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് എന്നൊരു അനുസ്യൂതിയുണ്ട്, രേഖീയതയുണ്ട്. കാലങ്ങളായി നിലനിൽക്കുന്ന സൗന്ദര്യബോധത്തെ പുനർവിചിന്തനം ചെയ്യേണ്ടതുണ്ട് എന്ന ആശയം കൂടി റോസേൽസ് മുൻപോട്ടുവെക്കുന്നു. എന്നാൽ ഈ രേഖീയമായ മാറ്റിവരപ്പോ പുനർവിഭാവനമോ അല്ലാത്ത എന്നാൽ സാമ്പ്രദായിക സൗന്ദര്യബോധത്തെയും അധികാരകേന്ദ്രങ്ങളെയും വെല്ലുവിളിക്കുന്ന സമകാലിക കലയിലെ കാഴ്ചവട്ടങ്ങളും ശ്രദ്ധാർഹമാണ്.

വിട്രൂവിയൻ വുമൺ

കാര വാക്കറുടെ ‘A Subtlety, or the Marvelous Sugar Baby’ എന്ന ശിൽപം മറ്റൊരു ഉദാഹരണമാണ്. വംശീയ വാർപ്പുമാതൃകകളെ ചോദ്യം ചെയ്യുകയും അടിമത്തത്തിന്റെ ചരിത്രത്തിലേയ്ക് വെളിച്ചം വീശുകയും ചെയ്യുന്നു, പഞ്ചസാരകൊണ്ട് നിർമിച്ച ഈ ബൃഹത്ശില്പം. പഞ്ചസാരയുടെ മധുരത്തെ അടിമത്തചരിത്രത്തിന്റെ കയ്പ്പിനൊപ്പം അവതരിപ്പിക്കുമ്പോൾ അത് കാണിയുടെ സൗന്ദര്യാഭിരുചിയെ വെല്ലുവിളിക്കുന്ന കൃതിയായി മാറുന്നു. പരമ്പരാഗത മാധ്യമങ്ങളെയും, രൂപമാതൃകകളെയും നിരസിച്ചുകൊണ്ടുള്ള സമകാലികകലാവൃത്തികൾ അതിന്റെ അടിസ്ഥാനസ്വഭാവം കൊണ്ടുതന്നെ അധികാരസ്ഥാനങ്ങളോട് വിധ്വംസകത്വം പുലർത്തുന്നു.

Conceptual portrait കളിലൂടെ ശ്രദ്ധേയയായ അമേരിക്കൻ കലാകാരി സിൻഡി ഷെർമന്റെ കലാകൃതികൾ പരമ്പരാഗത സൗന്ദര്യപരിമാണങ്ങളെ വെല്ലുവിളിക്കുകയും പെണ്ണുടലിനെക്കുറിച്ചുള്ള സമൂഹത്തിന്റെ സൗന്ദര്യസങ്കല്പങ്ങളെയും ആദർശങ്ങളെയും ചോദ്യം ചെയ്യുകയും ചെയ്യുന്നവയാണ്. യഥാതഥമായി വസ്തുവിന്റെ/ വ്യക്തിയുടെ രൂപത്തെ പകർത്തുന്ന photographic portraitന്റെ സങ്കേതങ്ങൾ ഉപയോഗിച്ച് പുതുധാരണകളെയും ദൃശ്യലോകത്തെത്തന്നെയും അവർ സൃഷ്ടിക്കുന്നു. അധികാരം നിർമിച്ചെടുക്കുന്ന ലോകബോധവും അത് മുൻപോട്ടുവെയ്ക്കുന്ന അഭിരുചികളും നിരന്തരം ചോദ്യം ചെയ്യപ്പെടുന്ന, ആശയങ്ങളുടെ പോരാട്ടഭൂമി കൂടിയാണ് സമകാലികകലയുടെ ആവാസവ്യവസ്ഥ. ഏകതാനമായ സൗന്ദര്യബോധത്തെ അസാധ്യമാകും വണ്ണം കലയുടെ സമകാലികപരിസരം പടർന്നുകഴിഞ്ഞതായി കാണാം.

കാര വാക്കറുടെ ‘A Subtlety, or the Marvelous Sugar Baby’

സാധാരണത്വത്തിന്റെ ലാവണ്യതലങ്ങൾ

കൗതുകജനകവും സവിശേഷവുമാവണം കലയിലെ കാഴ്ച എന്ന ധാരണയെ പുതുകലാപദ്ധതി പുനർവിചിന്തനം ചെയ്യുന്നുണ്ട്. നിത്യകാഴ്ചകൾ കലയാവുന്നതും നിത്യജീവിതത്തിലെ വസ്തുലോകം കലയുടെ മാധ്യമമാകുന്നതും സാധാരണത്വം കലാതത്വമാകുന്നതും ഇവിടെ കാണാം. ഒരു readymade വസ്തു കലാവസ്തുവായി വഴിമാറുമ്പോൾ അതിന്റെ പദവിമൂല്യം, ലാവണ്യതലം, പാഠലോകം എന്നിവയിൽ വ്യതിയാനം സംഭവിക്കുന്നു. സാധാരണത്വത്തിലേക്കുള്ള കലാകാരനോട്ടങ്ങൾ സമൂഹത്തിന്റെ ലാവണ്യവിചാരങ്ങളിൽ സവിശേഷമായി ഇടപെടുന്നതുകാണാം. മാർഷൽ ദുഷാംപിന്റെ കലാകൃതികളിലെ വസ്തുലോകം കലാചരിത്രത്തിൽ തന്നെ പലവിധ ചർച്ചകൾക്കും വിധേയമായിട്ടുള്ളതാണല്ലോ. ആ കൃതികൾ മുൻപോട്ടുവച്ച ലാവണ്യവിചാരത്തിലെ പ്രശ്നപരിസരങ്ങൾ ഇന്നും പല സമകാലിക കലാപദ്ധതികളിലൂടെയും പര്യാലോചിക്കപ്പെടുന്നുണ്ട്. സവിശേഷ കാഴ്ചകളിൽ നിന്നിടറിമാറി നിത്യകാഴ്ചകളെ കലാവിഷയങ്ങളായി തിരഞ്ഞെടുക്കുമ്പോൾ സൗന്ദര്യം അവിടെ ഒരു സുപ്രധാന ചോദ്യമായി നിലനിൽക്കുന്നു. കലയിൽ സുന്ദരമായതിന് മാത്രമാണോ പ്രതിനിധാനമൂല്യമുള്ളത്‌?, കലാകൃതിയുടെ വിഷയമാണ് എന്നതിനാൽ മാത്രം ഒരു വസ്തുവിന്റെ ലാവണ്യമൂല്യത്തിൽ വ്യതിയാനം സംഭവിക്കുന്നുണ്ടോ? കലയിലെ അനുദിനത്വം aesthetic / political എന്ന ദ്വന്ദ്വവൈരുദ്ധ്യത്തെ എത്രമാത്രം സംബോധനചെയ്യുന്നുണ്ട്? ഏതൊന്നിനും കലയാകാമോ / അങ്ങനെ ആവാം എങ്കിൽ അവിടെ ലാവണ്യപരതയെ എങ്ങനെ അളക്കും? എന്നിങ്ങനെ നിരവധി ചോദ്യങ്ങളെ സമകാലികകല മുന്നോട്ടുവയ്ക്കുന്നു.

The Physical Impossibility of Death in the Mind of Someone Living

ഡാമിയൻ ഹിർസ്റ്റിന്റെ ‘The Physical Impossibility of Death in the Mind of Someone Living’ എന്ന കലാകൃതിയെ പരിശോധിക്കുക. ഫോർമാൽഡിഹൈഡിൽ സൂക്ഷിച്ചിരിക്കുന്ന ഒരു ജീവനറ്റ സ്രാവാണ് ഇവിടെ കലാവസ്തു. നിരവധി വിവാദങ്ങൾക്കും ചർച്ചകൾക്കും വിധേയമായ ഈ കലാകൃതി ചില ധാർമിക വിഷയങ്ങൾ കൂടി ഉന്നയിക്കുന്നുണ്ട്. ഒരു ചത്തമൃഗം എങ്ങനെ കലാവസ്തുവാകും എന്ന ചോദ്യം മുതൽ കലയ്ക്കുവേണ്ടി ജീവികളെ കൊല്ലുന്നത് അധാർമികമല്ലേ എന്നുവരെ നിരവധി ചോദ്യങ്ങളെ ഈ കൃതി നേരിട്ടു. കല സുന്ദരമാകണം എന്ന കാഴ്ചപ്പാട് ഇവിടെ പ്രശ്നത്തിലാകുന്നത് കാണാം. ഒപ്പം എന്താണ് കല എന്നതും. 2004 ൽ കലാനിരൂപകനായ റോബർട്ട് ഹ്യൂഗ്സ് ലണ്ടനിലെ റോയൽ അക്കാദമി ഓഫ് ആർട്സിൽ നടത്തിയ പ്രഭാഷണത്തിൽ അന്താരാഷ്ട്ര കലാവിപണി ഒരു സാംസ്കാരിക അശ്ലീലമാണെന്നതിനുള്ള ശക്തമായ തെളിവാണ് ഈ കലാകൃതിയെന്ന് പരാമർശിക്കുകയുണ്ടായി. കലയിലെ ധാർമികത, ലാവണ്യപരത, ആകർഷണീയത, ആശയലോകം, രാഷ്ട്രീയ ജാഗ്രത എന്നിങ്ങനെ വിവിധതലങ്ങൾ വിമർശനാത്മകമാകുന്നു. ഇതിൽ ലാവണ്യതലത്തെ ഒറ്റയായി പരിഗണിക്കുക അസാധ്യമാണ്. സമൂഹത്തിന്റെ സങ്കീർണപരിസരത്തിൽ ഉരുവാകുന്ന മേല്പറഞ്ഞ ഓരോന്നും അതിൽ തന്നെ കെട്ടുപിണഞ്ഞാണു കിടക്കുന്നത്.

ചിതറുന്ന ലാവണ്യബോധ്യങ്ങൾ

സംസ്കാരത്തിന്റെ സങ്കീർണസ്ഥലിയിൽ നിരന്തരമായ മാറ്റത്തിന് വിധേയമാകുന്ന ഒന്നാണ് സൗന്ദര്യവീക്ഷണം. ഈ മാറ്റം പലദിശകളിലായി സംഭവിച്ചുകൊണ്ടേയിരിക്കുന്നു. ലാവണ്യത്തിന്റെ ഒറ്റനിർവചനങ്ങളെ അസാധ്യമാക്കികൊണ്ട് സമകാലികകല സമൂഹത്തിന്റെ സൗന്ദര്യാവബോധത്തിൽ ഇടപെടുന്നതുകാണാം. ഇവിടെ കല ലാവണ്യബോധത്തെ പൊളിച്ചെഴുതുകയല്ല, മറിച്ച് ദെറിദയുടെ ഭാഷയിൽ പറഞ്ഞാൽ അപനിർമിക്കുകയാണ്. അതായത്, പൊളിച്ച് വീണ്ടും പണിതുയർത്തുക എന്നതിനേക്കാൾ അഴിച്ചിടുകയും ചിതറിക്കുകയുമാണത് ചെയ്യുന്നത്. നിശ്ചിതത്വങ്ങളിലാത്ത, ദ്വന്ദ്വവൈരുധ്യങ്ങളോട് ഇടറുന്ന വികേന്ദ്രീകൃതവും ശകലിതവുമായ അനുഭവമണ്ഡലമാണ് ഉത്തരാധുനിക സൗന്ദര്യാനുഭവം. കലാകൃതിയുടെ വിഷയത്തെ സംബന്ധിച്ചുള്ള ആലോചനയിൽ നിലവിലിരുന്ന നിശ്ചിതത്വത്തെ അട്ടിമറിച്ചുകൊണ്ട് കലയിൽ ഇടപെടലുകൾ ഉണ്ടായപ്പോൾ അത് കേന്ദ്രീകൃതസങ്കല്പങ്ങളെ അസ്ഥിരമാക്കി. കലയുടെ വിഷയം, മാധ്യമം, അവതരണരീതി എന്നിവയൊക്കെ മാറിമറിയുകയും വിഭിന്നങ്ങളാകുകയും ചെയ്തു. ദൃശ്യകല കാഴ്ച്ചയിൽ മാത്രം ഒതുങ്ങാതെ മറ്റ് അനുഭൂതി മണ്ഡലങ്ങളിലേയ്ക്കും പരന്നു. കേൾവിയും, ഗന്ധവും, സ്പർശവുമെല്ലാം ഒത്തുചേരുന്ന പ്രകടനങ്ങളും പ്രതിഷ്ഠാപനങ്ങളുമുണ്ടായി. കലയെ അനുഭവിക്കുക എന്നത് പ്രതലത്തിൽ (space) നിന്ന് മാനത്തിലേക്കുള്ള (dimension) ചുവടുമാറ്റമായി. അങ്ങനെ നടപ്പുകാലപരിസ്ഥിതിയിൽ എന്താണ് സൗന്ദര്യം എന്ന, ഒറ്റനോട്ടത്തിൽ നിസ്സാരമായ ചോദ്യം വിവിധങ്ങളായ ഉത്തരങ്ങളെ മുൻപോട്ടുവയ്ക്കുകയും അത് പലതിൽ നിന്ന് പലതായി പെരുകുകയും ചെയ്യുന്നു.

Also Read

6 minutes read September 3, 2023 7:21 am