Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ആഫ്റ്റർ ഇമേജ് – 4
“The history of thought, of knowledge, of philosophy, of literature seems to be seeking, and discovering, more and more discontinuities, whereas history itself appears to be abandoning the irruption of events in favour of stable structures. “ (Michel Foucault: The Archaeology of knowledge)
ഭാവനയുടെ ചരിത്രം അവയുടെ ഇടർച്ചകളും തുടർച്ചകളും കൊണ്ട് രേഖീയതകളെ മറികടക്കുമ്പോളും ചരിത്രമെഴുത്ത് (historiography) ഭൂതകാലത്തിന്റെ അരികുകളെ വെട്ടിയൊതുക്കുന്ന ആഖ്യാനമാതൃകകളെ പിന്തുടരുന്നതായി കാണാം. സ്ഥിരതയുള്ള അറിവുരൂപങ്ങളുടെ ഉത്പാദനമാണ് സാമ്പ്രദായിക നിലയിൽ ചരിത്രമെഴുത്തിന്റെ ഉദ്ദേശം. ഈ സ്ഥിരത്വം അധികാരത്തിന്റെ നിർമ്മിതിയാണെന്ന തിരിച്ചറിവിൽ ആധുനികാന്തര ചരിത്രമെഴുത്ത് പലനിലകളിലായി അതിന്റെ രീതിശാസ്ത്രത്തെ പുനഃപരിശോധിച്ചിട്ടുണ്ട്. അധികാരത്തോടുള്ള ഇടച്ചിലാണ് ചരിത്രമെഴുത്തിന്റെ ആദർശവാക്യമെങ്കിൽ, സാമ്പ്രദായിക ചരിത്രമെഴുത്ത് വെട്ടിയൊതുക്കിയ അരികുകളെയും അവ നിർമ്മിച്ചെടുത്ത അറിവ്/ആശയലോകങ്ങളെയും കണ്ടെടുക്കുകയും രേഖീയമായ ആഖ്യാനങ്ങളെ തകിടം മറിക്കുകയുമാണ് അവയുടെ കർമ്മപദ്ധതി. ചരിത്രത്തിന്റെ സ്ഥാവരനിലയെ ചരിത്രപരമായി നോക്കികൊണ്ട് മാത്രമേ പുതിയൊരു ചരിത്രമെഴുത്ത് സങ്കല്പത്തെ മുന്നോട്ടുവയ്ക്കുവാൻ സാധിക്കൂ. ചരിത്രമെന്ന ഖരരൂപം കാലങ്ങളായി സമൂഹത്തിൽ നിലനിൽക്കുന്ന അധികാരസ്ഥാനങ്ങളുമായി സന്ധിചേർന്ന് ഉരുവമെടുത്തതാണ്. അവിടെ ചരിത്രമെഴുത്ത് ഒരു രാഷ്ട്രീയവൃത്തിയായി മാറുന്നതുകാണാം. ബൃഹദാഖ്യാന നിർമ്മിതിയായി സങ്കല്പിക്കപ്പെട്ടുപോന്ന ചരിത്രമെഴുത്ത് എന്ന വ്യവഹാരത്തെ അപനിർമിക്കുകയാണ് ഉത്തരാധുനിക രീതിശാസ്ത്രം. ‘മഹത്താ’യതിന്റെ കഥയാണ് ചരിത്രമെന്ന യൂറോപ്യൻ യുക്തിക്കുമേൽ സ്ഥൂലത്തിൽ നിന്ന് സൂക്ഷ്മത്തിലേയ്ക്കുള്ള വളർച്ചയാണ്/പടർച്ചയാണിതെന്ന അപനിർമ്മിതബോധത്തെ സമകാലിക ചരിത്രബോധം മുന്നോട്ടുവെക്കുന്നു.
കലാവ്യവഹാരങ്ങളെ അളക്കുവാൻ ഉരകല്ലുകളെയും പരിമാണങ്ങളെയും മഹത്കൃതികളെയും (touchstones and canons) മുന്നോട്ടുവച്ചത് അധികാരകേന്ദ്രങ്ങളാണ് എന്ന ബോധ്യം തന്നെയാണ് കലയെഴുത്തിലും പ്രവർത്തിക്കേണ്ടത്. അത്തരമൊരു ബോധ്യത്തിന്റെ പ്രതിപ്രവർത്തനമായി ലാവണ്യബോധം, പ്രതിനിധാനയുക്തി, കാലികത, പ്രാദേശികത, ലിംഗപദവി തുടങ്ങിയ പല താക്കോൽ സങ്കല്പനങ്ങളെയും പുനർവായിക്കാനും എഴുത്തിന്റെ പലമയെ (multiplicity) ഉറപ്പുവരുത്താനും സാധിക്കുമെന്ന് വരുന്നു. ചരിത്രം എന്ന വ്യവഹാരത്തെ പല അടരുകളായി പരിശോധിക്കുമ്പോൾ അതിലടങ്ങിയിരിക്കുന്ന സങ്കീർണതകളെ കണ്ടെടുക്കാം. ഒന്നാമതായി, ചരിത്രം പഴക്കത്തിന്റെ മാത്രം വിഷയമല്ല എന്നതാണ്. കാലക്രമമനുസരിച്ച് സംഭവങ്ങളെ അടുക്കിയെഴുതുകയാണ് ചരിത്രത്തിന്റെ ധർമ്മം എന്ന ധാരണയെ മറികടന്നുകൊണ്ടുമാത്രമേ ചരിത്രമെഴുത്തിൽ പുതിയൊരു രീതിശാസ്ത്രത്തെ ആവിഷ്കരിക്കാൻ സാധിക്കൂ. മുഖ്യധാരയുടെ പുറത്തുനിൽക്കുന്ന വ്യവഹാരങ്ങൾ ഈ അടുക്കത്തിൽ വിസ്മരിക്കപ്പെടുന്നതുകാണാം.
ദില്യൂസിയൻ (Gilles Deleuze) തത്വചിന്തയിലെ rhizomatic ഘടനയെക്കുറിച്ചുള്ള ആലോചനകൾ ചരിത്രമെഴുത്തിന്റെ കാലികതാസങ്കല്പത്തെ വെല്ലുവിളിക്കുന്നതാണ്. കാലികത എന്നത് പലമയാണെന്ന ബെർഗ്‌സോണിയൻ (Henri Bergson) തത്വചിന്തയിലെ ആശയത്തെ മുൻനിറുത്തിക്കൊണ്ട് ഭൂതകാലം എന്നത് കാലകരണപ്പെട്ട വർത്തമാനകാലമാണെന്നും, വർത്തമാനം എന്നത് കാലകരണപ്പെട്ടുപോയൊരു വർത്തമാനകാലത്തിന്റെ തുടർച്ചയാണെന്നും ദില്യൂസ് പറഞ്ഞുവയ്ക്കുമ്പോൾ ചരിത്രം ഒരു നിശ്ചലപ്രതിഭാസമല്ലെന്നും ചലനാത്മകമായ വ്യവഹാരമാണെന്നും വരുന്നു. ചരിത്രം നിരന്തരം രൂപപ്പെടുകയും രൂപാന്തരപ്പെടുകയും ചെയ്യുന്ന ഒന്നാണെന്ന തിരിച്ചറിവിലാണ് History is multiple എന്ന് പറയാനാകുന്നത്. അവിടെ സമകാലവും ഗതകാലവും കെട്ടുപിണഞ്ഞുകിടക്കുന്നു. കഴിഞ്ഞ ഒരു നിമിഷംപോലും ഭൂതകാലത്തിന്റെ പട്ടികയിൽ പെടുന്നുവെന്നും അതിന്റെ തുടർച്ചയും ഇടർച്ചയുമായി സമകാലവും ഭാവിയും പ്രവർത്തിക്കുന്നുവെന്നുമുള്ള തിരിച്ചറിവിന്മേലാണ് ചരിത്രമെഴുത്തിന്റെ നവീന പദ്ധതി നിലനിൽക്കുന്നത്.
രണ്ടാമതായി, ചരിത്രമെഴുത്ത് വസ്തുതകളുടെ അവതരണം മാത്രമല്ല എന്നതാണ്. ചരിത്രമെഴുത്തിൽ അന്തർപാഠ്യത (intertextuality) സവിശേഷമായി പ്രവർത്തിക്കുന്നുണ്ട്. സാമ്പ്രദായിക രീതികളിൽ നിന്നുകൊണ്ടുമാത്രം ചരിത്രത്തെ സമീപിക്കണമെന്ന കാഴ്ചപ്പാടിൽനിന്ന് ഇടറിക്കൊണ്ട് നാട്ടുവഴക്കങ്ങളെയും, വസ്തുലോകത്തെയും, കാഴ്ചയുടെയും കേൾവിയുടെയും മറ്റു സാധ്യതകളെയും ഉപയോഗിക്കുവാൻ സാധിക്കണം. ആർക്കിയോളജിയുടെ പരമ്പരാഗതരീതികളെ വെല്ലുവിളിക്കുകയും അപകോളനിവത്കരിക്കുകയും ചെയ്തുകൊണ്ട് ആർക്കൈവിങ്ങിനപ്പുറം സമകാലവുമായി ഇടപെടുന്ന ആഖ്യാനങ്ങൾ ഉണ്ടാവണം. എങ്കിൽ മാത്രമേ ചരിത്രമെന്ന നിർമ്മിതിയെ വഴക്കമുള്ളതാക്കുവാനും വൈവിധ്യങ്ങളെ ഉൾക്കൊള്ളാൻ പാകപ്പെടുത്തുവാനും സാധിക്കൂ. ചരിത്രമെഴുത്തിൽ സ്വത്വവും വൈയക്തികതയും എങ്ങനെ പ്രവർത്തിക്കുന്നുവെന്നതാണ് മൂന്നാമതായി ചർച്ചചെയ്യുന്നത്. ചരിത്രത്തിന്റെ ആഖ്യാനത്തിൽ ചരിത്രകർത്താവിന്റെ ലിംഗപദവി, സാമൂഹികസ്വത്വം, വീക്ഷണങ്ങൾ എന്നിങ്ങനെ വ്യക്തിനിഷ്ഠമായ പല ഘടകങ്ങളും ഇടപെടുന്നുണ്ട്. അവിടെ ചരിത്രത്തെ രൂപീകരിക്കുന്നതിൽ ചരിത്രമെഴുതുന്നയാളുടെ കർത്തൃത്വത്തിന് സുപ്രധാനപങ്കുണ്ട്. ഉത്തരാധുനിക ചരിത്രവ്യവഹാരത്തിൽ അശരീരിയായ ഒരു ആഖ്യാതാവില്ല. പക്ഷപാതിത്തങ്ങളിലാത്ത ചരിത്രവും. ഏകശിലാത്മകമായ സത്യത്തെ അന്വേഷിക്കലല്ല ചരിത്രത്തിന്റെ ധർമ്മം. നാലാമതായി, നേരിട്ടോ അല്ലാതെയോ മേല്പറഞ്ഞവയുമായി ഇടപെടുന്ന ഒന്നായാണ് അധികാരത്തെ മനസിലാക്കേണ്ടത്. ചരിത്രമെഴുത്തിന്റെ ഭാഷ, രീതിശാസ്ത്രം, നോട്ടപ്പാട്, വിഷയസ്വീകാര്യം എന്നിവയിലെല്ലാം അധികാരം ഇടപെടുകയും നിർണായക സ്ഥാനം വഹിക്കുകയും ചെയ്യുന്നു.
നിരന്തരം മാറ്റത്തിന് വിധേയമാകുന്ന ലാവണ്യബോധത്തെ വിമർശനാത്മകമായി അടയാളപ്പെടുത്തുക എന്നതാണ് കലാചരിത്രത്തിന്റെ ധർമ്മങ്ങളിലൊന്ന്. സൗന്ദര്യം എന്നത് ഒരു നിർമ്മിതിയായിരിക്കെ അതിനെ നിർമ്മിച്ചെടുക്കുന്ന സാമൂഹികവും സാംസ്കാരികവും ചരിത്രപരവുമായ സന്ദർഭങ്ങളെ സംബോധന ചെയ്തുകൊണ്ടാവണം കലാചരിത്രത്തിന്റെ നിൽപ്പ്. കലാചരിത്രം അതിന്റെ സങ്കേതങ്ങളേയും കാഴ്ചസ്ഥാനങ്ങളെയും നിരന്തരം നിർവചിക്കുകയും പുനർനിർമിക്കുകയും ചെയ്യേണ്ടിവരുന്നു. ചലനാത്മകമായ ലോകബോധത്തെ അതിന്റെ ചലനാത്മകതയിൽ തന്നെ അടയാളപ്പെടുത്തുക എന്നതാണ് ഇവിടെ കലയെഴുത്ത് നേരിടുന്ന വെല്ലുവിളി. അതുതന്നെയാണ് അതിന്റെ സാധ്യതയും. ഭൂതകാലത്തിലെ ഏതെങ്കിലും ഒരു നിശ്ചിത കാലയളവിൽ പ്രബലസമൂഹം കൈയാളിയിരുന്ന കലാസങ്കേതങ്ങളും അതിന്റെ ലാവണ്യപരതയും പിൽകാലത്ത് ഭൂതകാലത്തിന്റെ ആകമാനമുള്ള കലയറിവും ആസ്വാദനശീലവുമായി ചിത്രീകരിക്കുന്ന സാമ്പ്രദായിക കലാചരിത്രത്തിന് പകരം കലാചരിത്രങ്ങൾ ഉണ്ടാവേണ്ടതുണ്ട്. അവിടെ കലാചരിത്രം ഏകതാനമായ ഒന്നല്ല മറിച്ച് ബഹുലതയാണ്- കലാചരിത്രമല്ല, കലാചരിത്രങ്ങളാണ്. ആൺകോയ്മ നിർമ്മിച്ചെടുത്ത കലാചരിത്രത്തിലെ അദൃശ്യമായ പെൺചരിത്രവും, യൂറോകേന്ദ്രീകൃത ചരിത്രമെഴുത്തിലും ബ്രാഹ്മിണിക്കൽ ചരിത്രാഖ്യാനങ്ങളിലും അദൃശ്യമായ സബാൾട്ടൺ ലാവണ്യബോധവും ചരിത്രമെഴുത്തിന്റെ ബഹുത്വത്തെ കണ്ടെടുക്കേണ്ടതിന്റെ ആവശ്യകത മുന്നോട്ടുവയ്ക്കുന്നുണ്ട്. “The struggle of man against power is the struggle of memory against forgetting.” എന്ന് മിലൻ കുന്ദേര.
കാഴ്ചയുടെ ഭാഷ, കലയെഴുത്തിന്റെയും
കലാചരിത്രത്തിന്റെ ഭാഷ എന്നതുകൊണ്ട് ഇവിടെ ചർച്ച ചെയ്യുന്നത് കലയെഴുത്തിൽ ഉപയോഗിക്കുന്ന സവിശേഷമായ പദസഞ്ചയങ്ങളെ മാത്രമല്ല, മറിച്ച് ‘കാഴ്ചയുടെ ഭാഷ’ എന്ന സങ്കല്പത്തെയാണ്. ഭാഷയെന്നാൽ പദസമ്പത്ത് മാത്രമല്ല എന്ന് ചുരുക്കം. അനുഭൂതികൾക്ക് ഭാഷയുടെ കുപ്പായം നൽകുക എന്നത് ഭാഷാതത്വശാസ്ത്രത്തിലെ (Philosophy of language) പ്രശ്നപരിസരങ്ങളിലൊന്നാണ്. ലാവണ്യബോധത്തിലടങ്ങിയിരിക്കുന്ന അധികാരത്തിന്റെ ബലതന്ത്രങ്ങളെ അട്ടിമറിക്കാൻ പാകത്തിന് കലാചരിത്രത്തിന്റെ ഭാഷ രൂപപ്പെടേണ്ടതുണ്ട്. മലയാളത്തിൽ കലാകൃതിയുടെ കർത്താവെന്ന നിലയിൽ ലിംഗേതരമായ സൂചിതമായി കലാകൃത്ത് എന്ന പദം ഉപയോഗിച്ചുതുടങ്ങിയത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സാമൂഹിക രാഷ്ട്രീയ പരിസ്ഥിതിയിലാണ്. ‘കലാകാരൻ’ എന്ന പദത്തെ ‘ആർട്ടിസ്റ്റ്’ എന്ന ഇംഗ്ലീഷ് പദത്തിന് തത്തുല്യമായി നിർബാധം ഉപയോഗിച്ചുപോന്ന സാഹചര്യത്തെ വിമർശനാത്മകമായി നോക്കിക്കാണേണ്ടതുണ്ട്. ഇത് ഒരു താക്കോൽവാക്കിന് തത്തുല്യപദം ഇല്ലായിരുന്നു എന്നതുമാത്രമല്ല സൂചിപ്പിക്കുന്നത് മറിച്ച്, കേരളത്തിന്റെ സാംസ്‌കാരിക അബോധം ആർടിസ്റ്റിന് ഒരു ആൺരൂപമാണ് കല്പിച്ചുകൊടുത്തിരുന്നതുകൂടിയാണ്. ഭാഷയിലെ ഈ അദൃശ്യത ചരിത്രത്തിലെ അദൃശ്യതകൂടിയാണ്. കലയിലെ അദൃശ്യവത്കരിക്കപ്പെട്ട പെൺചരിത്രം ലോകത്തിന്റെ പല ഭാഗങ്ങളിലുമെന്നപോലെ കേരളത്തിന്റെയും യാഥാർഥ്യമാണ്. അതുകൊണ്ടാണ് “Why Have There Been No Great Women Artists?” (1971) എന്ന് ലിൻഡാ നൊക്ലിനും “ഈ ചരിത്രത്തിൽ ഞാനില്ല. എന്റെ കലാചരിത്രമെവിടെ?” (2023) എന്ന് കവിതാ ബാലകൃഷ്ണനും ഒന്നുപോലെ ചോദിക്കുന്നത്.
ഭാഷയുടെ അപര്യാപ്തത അധികാരരൂപങ്ങൾ നിർമ്മിച്ചെടുത്തതാണെന്ന് വരുന്നു. ഒരു ആശയലോകത്തെ പ്രകാശിപ്പിക്കുവാൻ സൂചകങ്ങളിലാതെ വരുന്നത് ഭാഷയെ നിർമ്മിക്കുന്നത് അധികാരമായതുകൊണ്ടാണ്. “There is no mother tongue, only a power takeover by a dominant language within a political multiplicity. Language stabilizes around a parish, a bishopric, a capital.” ( Deleuze & Guattari, p.7) മാനകഭാഷയിൽ എഴുതപ്പെടുന്ന കലാചരിത്രം അതിനാൽ തന്നെ പ്രാദേശികതയെയും (vernacular) ലിംഗപദവികളിലെ വൈവിധ്യത്തെയും സബാൾട്ടൺ ആശയലോകങ്ങളെയും പ്രകാശിപ്പിക്കുവാൻ പാങ്ങില്ലാത്തതായി മാറുന്നു. ഭാഷയെ മാറ്റിപ്പണിയുക എന്നത് ഇവിടെ അനിവാര്യമായി വരുന്നു. കലയിലെ മുഖ്യധാരാസങ്കല്പങ്ങളിലും വിപണിസങ്കല്പങ്ങളിലും ഉടക്കിക്കിടക്കാത്ത ഭാഷയെ കണ്ടെടുക്കുമ്പോൾ ചരിത്രമെഴുത്ത് അധികാരത്തിനെതിരെ പ്രവർത്തിക്കുന്ന വ്യവഹാരമാകുന്നത് കാണാം. വാഴ്ത്തുപാട്ടുകളും വർണനാവലികളും അടങ്ങിയ സാമ്പ്രദായിക ചരിത്രത്തിന്റെ മിനുമിനുപ്പുള്ളഭാഷയെ വിമർശനാത്മകവും ബഹുസ്വരവുമായ ഭാഷകൊണ്ട് പുതുക്കുമ്പോൾ ബഹുലതകളെ സംബോധനചെയ്യുന്ന ഭാഷ മാനകഭാഷയിൽനിന്നും ഇടറിമാറി വ്യക്തിനിഷ്ഠതയിലേയ്ക്കും സ്വത്വപ്രകാശനപരതയിലേയ്ക്കും നീങ്ങുന്നതുകാണാം. ഉത്തരാധുനിക ചരിത്രമെഴുത്ത് പദ്ധതി മുന്നോട്ടുവയ്ക്കുന്ന ബഹുത്വത്തിന്റെയും (heterogeneity) , പെരുക്കത്തിന്റെയും (multiplicity), അധികാരവുമായുള്ള വിച്ഛേദത്തിന്റെയും, സമകാലിക സാമൂഹികപരിസ്ഥിതിയുമായുള്ള കണ്ണിചേരലിന്റെയും (connection) തത്വങ്ങളെ കലാചരിത്രം ഉൾക്കൊള്ളുമ്പോൾ അത് കൂടുതൽ തുറവിയുള്ളതും രാഷ്ട്രീയ ജാഗ്രതയുള്ളതുമാകുന്നു.
കലയെഴുത്ത് കേരളീയ പരിസരത്തിൽ
യൂറോപ്യൻ എഴുത്തുരീതികളെ അനുകരിച്ചുകൊണ്ടുള്ള കലാചരിത്രമാതൃകകളും, കലാവ്യാഖ്യാന ശൈലികളും, രാഷ്ട്രീയ- പ്രത്യയശാസ്ത്രവീക്ഷണങ്ങളുമായി കൈകോർത്തുനിൽക്കുന്ന കലയെഴുതുകളും, ജീവചരിത്രമായും, കലാപ്രസ്ഥാനങ്ങളുടെ കേവലപരിചയങ്ങളായും, സങ്കേതങ്ങളെ പഠിപ്പിക്കുന്ന ‘പാഠപുസ്തകശൈലി’യിലുള്ള എഴുത്തുകളായുമൊക്കെ കേരളത്തിൽ കലയെഴുത്ത് പലമട്ടിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിന്റെ കലയെഴുത്ത് ശൈലികളിൽ പലത് നിലനിൽക്കെ ഒരു ഉദാഹരണം ഇവിടെ ചേർക്കുന്നു. സമാന്തര മാസികാ പ്രസ്ഥാനത്തിന് കേരളത്തിൽ വേരോട്ടമുണ്ടായിരുന്ന 1970- 80 കാലത്ത് സാഹിത്യത്തെ മോഡേണിസ്റ്റ് പരിപ്രേക്ഷ്യത്തിൽ നോക്കിക്കാണുകയും നിലനിൽക്കുന്ന വ്യവസ്ഥിതിയോട് കലഹിക്കുകയും ചെയ്തിരുന്ന ഒരു ലിറ്റററി അവാന്ത്-ഗാർഡ് രൂപമെടുക്കുകയും, കേരളത്തിന്റെ സാംസ്‌കാരിക ഭൂമികയിൽ വേരോട്ടം നേടുകയും ചെയ്തിരുന്നു. എഴുത്ത് ശൈലിയെയും ആസ്വാദനശീലത്തെയും പുനർവിചിന്തനം നടത്തിയ ലിറ്റിൽ മാഗസിൻ മൂവ്മെന്റ് കേരളത്തിന്റെ ആസ്വാദന, രചനാമേഖലകളിൽ വലിയൊരു അട്ടിമറിയാണ് സൃഷ്ടിച്ചത്. സമീക്ഷ, യുഗരശ്മി, അക്ഷരം, ജ്വാല, പ്രസക്തി, സമസ്യ, പ്രേരണ, രസന, സംക്രമണം, ഗോപുരം, നിയോഗം എന്നിങ്ങനെ നൂറിലേറെ സമാന്തര പ്രസിദ്ധീകരണങ്ങൾ കേരളത്തിലുണ്ടായി.
കേരളത്തിന്റെ സാഹിത്യചരിത്രത്തിൽ നിർണ്ണായകമായ സ്ഥാനമാണ് കേരളകവിത പോലുള്ള സമാന്തര മാസികകൾക്കുള്ളത്. സാഹിത്യം, രാഷ്ട്രീയം എന്നിങ്ങനെയുള്ള മേഖലകളിൽ നിന്നുള്ള എഴുത്തുകൾക്ക് ശക്തമായ സ്ഥാനം നല്കുമ്പോളും ഈ മാസികകൾ കലയെ എങ്ങനെ സമീപിച്ചു എന്നുള്ളത് അന്വേഷണവിധേയമാകേണ്ടതുണ്ട്. കവർ ചിത്രങ്ങളിലൂടെയും, ഇലസ്ട്രേഷനുകളിലൂടെയും ദൃശ്യകലയെ സവിശേഷമായി സ്ഥാനപ്പെടുത്തുമ്പോളും കലാചരിത്രവും വിമർശനവും വിദേശ അവാന്ത്-ഗാർഡ് പ്രസ്ഥാനങ്ങളുടെ പരിചയപ്പെടുത്തലിൽ ഒരുങ്ങുന്നതായി കാണാം. യുഗരശ്മി പ്രസിദ്ധീകരിച്ച എം ഗോവിന്ദന്റെയും എം.വി ദേവന്റെയും ലേഖനങ്ങൾ, ടി.കെ പത്മിനിയെ കുറിച്ചുള്ള ലേഖനം, സി.എൻ കരുണാകരനെക്കുറിച്ച് സച്ചിദാനന്ദൻ എഴുതിയ ലേഖനം തുടങ്ങിയ എഴുത്തുകൾ പരിഗണനീയമാണെങ്കിലും (പനങ്ങാട്, പേജ്. 120) സാഹിത്യവും രാഷ്ട്രീയവും ചർച്ചചെയ്യപ്പെട്ടതുപോലെ കലയെ സമീപിച്ചിട്ടില്ല എന്നുവേണം കരുതാൻ. ചിത്ര-ശില്പകലക്കുവേണ്ടി പൂർണമായും മാറ്റിവയ്ക്കപ്പെട്ട ലിറ്റിൽ മാഗസിൻ ആയിരുന്നു കാരയ്ക്കാമണ്ഡപം വിജയകുമാറിന്റെ എഡിറ്റർഷിപ്പിൽ പുറത്തിറങ്ങിയ പ്രഭാവം. 1977 ൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിലെ വിദ്യാർത്ഥികളായിരുന്ന ഒരു കൂട്ടം കലാകാരന്മാർ തുടങ്ങിവച്ചതാണ് പ്രഭാവം എന്ന മാസിക. കാട്ടൂർ നാരായണപിള്ള, സി.എൽ പൊറിഞ്ചുകുട്ടി, കാനായി കുഞ്ഞിരാമൻ, ജി രാജേന്ദ്രൻ, എ.പി സന്താനരാജ് എന്നിവർ ഉദ്യമത്തിന് പിന്തുണ നൽകി. ഒ.എൻ.വി കുറുപ്പ്, പെരുമ്പടവം ശ്രീധരൻ എന്നീ സാഹിത്യകാരന്മാർ ഉപദേശകസമിതി അംഗങ്ങളായിരുന്ന ഈ മാസികയിൽ ആദ്യകാലം മുതൽ സാഹിത്യത്തിനും സ്ഥാനമുണ്ടായിരുന്നു. എന്നാൽ ചിത്ര-ശിൽപകലകൾക്ക് പ്രമുഖ്യം നൽകിയിരുന്ന ഈ മാസികയ്ക്ക് സമാന്തര മാസികാ പ്രസ്ഥാനത്തിലെ മറ്റു മാസികകളെപോലെ അവാന്ത്-ഗാർഡ് സ്വഭാവം ഉള്ളതായി കാണാൻ കഴിയില്ല. കലയെ സംബന്ധിച്ചുള്ള സാമ്പ്രദായിക ധാരണകളെയാണ് ലിറ്റിൽ മാഗസിൻ എന്ന മട്ടിൽ പ്രഭാവം മുന്നോട്ടുവച്ചത്. അധികാരവുമായുള്ള കലഹമോ വിചാരമാതൃകകളിലുള്ള വ്യതിയാനമോ ഭാവുകത്വത്തിലുണ്ടാക്കിയ അട്ടിമറിയോ പ്രഭാവത്തിൽ കാണുവാൻ സാധിക്കില്ല. കേരളത്തിന്റെ സാംസ്‌കാരിക മേഖലയിൽ ഒട്ടേറെ ചർച്ചചെയ്യപ്പെട്ട ലിറ്റിൽ മാഗസിൻ മൂവ്മെന്റ് എങ്ങനെയാണ് കലാചരിത്രത്തെയും കലയെഴുത്തിനേയും നോക്കികണ്ടത് എന്നത് വിശദമായ ആലോചനക്ക് വിധേയമാക്കേണ്ടതാണെങ്കിലും, ഈ ഉദാഹരണം കേരളത്തിന്റെ സാംസ്‌കാരിക രംഗം ഒരു സാംസ്കാരികപ്രസ്ഥാനത്തിലൂടെ കലയെഴുത്തിനെ എങ്ങനെ നോക്കിക്കണ്ടു എന്നതിന്റെ ഒരു മാതൃകയായി പരിഗണിക്കാവുന്നതാണ്.
കാലാകാലങ്ങളായി പ്രയോഗത്തിലിരിക്കുന്ന മാതൃകകളെ വിമർശനാത്മകമായി പരിഗണിച്ചുകൊണ്ട് സമകാലിക സന്ദർഭത്തിൽ കലയെഴുത്തിനെ പുനർവായിക്കേണ്ടതുണ്ട്. ജീവചരിത്രരചനയും അർത്ഥവിശദീകരണവും സങ്കേതങ്ങളുടെയും കലാപ്രസ്ഥാനങ്ങളുടെയും സാമാന്യപരിചയങ്ങളും ഉൾപ്പെടുന്ന സാമ്പ്രദായിക കലയെഴുത്ത് പദ്ധതിക്ക് കേരളത്തിൽ വേരോട്ടമുണ്ടായിരുന്നു. കവിതയുടെ വരികൾ പിരിച്ചെഴുതി അർത്ഥം കണ്ടെത്തി വായിച്ചുശീലിച്ച മലയാളി ആസ്വാദകസമൂഹത്തിന് ദൃശ്യകലയെ സംബന്ധിച്ച എഴുത്തുകൾ അർത്ഥം അന്വേഷിക്കുന്ന, വ്യാഖ്യാനസ്വഭാവമുള്ള എഴുത്തുകളായിരുന്നു. കേരളത്തിന് കലാചരിത്രമില്ലയെന്നും കലയെഴുത്തില്ലയെന്നുമുള്ള വാദങ്ങളെ നിരാകരിക്കേണ്ടിവരുമ്പോളും നിലവിലിരിക്കുന്ന എഴുത്തുപദ്ധതികളെയും അവയുടെ അന്വേഷണപരിസരങ്ങളെയും വിമർശനാത്മകമായി നോക്കേണ്ടിവരുന്നു. കേരളത്തിന്റെ പശ്ചാത്തലത്തിൽ കലയുടെ വൈവിധ്യത്തെ സവിശേഷമായി അടയാളപ്പെടുത്താൻ ഒരൊറ്റ മാതൃകയെ ഉപയോഗിക്കുന്നതിനുപകരം അന്തരവൈജ്ഞാനികപദ്ധതികളെ ഉൾച്ചേർത്തുകൊണ്ടുള്ള രീതിശാസ്ത്രം അവലംബിക്കേണ്ടതായുണ്ട്. ദൃശ്യകലകൾക്ക്, വിശേഷിച്ച് ചിത്ര, ശില്പകലകൾക്കോ നവീനകലാസങ്കേതങ്ങൾക്കോ പ്രാമുഖ്യം കൊടുക്കുന്ന മാസികകളും പ്രസാധകസംരംഭങ്ങളും നന്നേ കുറവായ ഒരു സാംസ്‌കാരികപശ്ചാത്തലത്തിൽ മുഖ്യധാരമാസികകൾ മാറ്റിവയ്ക്കുന്ന വിശേഷാൽ പതിപ്പുകളും അപൂർവമായി മാത്രം പ്രസിദ്ധീകരിച്ചുപോരുന്ന ചില ഫീച്ചറുകളുമാണ് പൊതുമണ്ഡലത്തിലേയ്ക്ക് കലയറിവിനെ എത്തിക്കാനുള്ള ഏക ഉപാധി. പുസ്തകങ്ങൾ, ദൃശ്യകലയ്ക്ക് വേണ്ടി മാത്രമായി മാറ്റിവയ്ക്കപ്പെട്ട ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവയെ ഏറ്റെടുക്കാൻ പാകത്തിനുള്ള മണ്ണൊരുക്കം കേരളത്തിൽ നടന്നിട്ടില്ല എന്നുതന്നെ വേണം കരുതാൻ. പൊതുജനത്തിന് കലയുമായി ഇടപെടാൻ സാധിക്കുന്ന പൊതുവിടങ്ങളും കലാപദ്ധതികളും ഉണ്ടായാൽ മാത്രമേ കലയെഴുത്തിന് വായനാസമൂഹമുണ്ടാവൂ, അതിൽ നിന്നുമാത്രമേ വിമര്ശനാത്മകളുമായി കലയെ സമീപിക്കുവാനുള്ള കാണികളുണ്ടാവൂ. കലയെഴുത്തിൽ അക്കാദമികവും, ജേർണലിസ്റ്റിക്കും, പ്രത്യയശാസ്ത്രപരവുമായ നിരവധി മാതൃകകൾ കേരളത്തിൽ കണ്ടെടുക്കാമെന്നിരിക്കെ, സാംസ്‌കാരിക വിമർശനം കലയെഴുത്തിൽ പ്രവർത്തിക്കുന്നതെങ്ങനെ എന്ന് സവിശേഷമായി അന്വേഷിക്കേണ്ടിവരുന്നു.
1980കളിൽ ഉണ്ടായ ‘cultural turn’ എന്ന് വിളിക്കപ്പെടുന്ന വിചാരമാതൃകാ വ്യതിയാനം കേരളത്തിന്റെ കലയെഴുത്തിനെ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനദശകത്തോടെ സ്വാധീനിച്ചുതുടങ്ങിയതായി കാണാം. വിവിധ വൈഞ്ജാനികശാഖകളിലെ സങ്കല്പനങ്ങളെ കൂട്ടിയിണക്കി കലയെ നോക്കുന്ന പതിവിന് പ്രായമേറെ ആയിട്ടില്ല. അന്തരവൈഞ്ജാനികതയുടെ സങ്കേതമുപയോഗിച്ച് കലയെ നോക്കുമ്പോൾ ചരിത്രമെഴുത്ത് പലമകളെ സംബോധന ചെയ്യാൻ പാകത്തിന് തുറവിയുള്ളതായി മാറിയതായി കാണാം. ദലിത് സ്റ്റഡീസ്, ജൻഡർ സ്റ്റഡീസ്, തത്വചിന്ത, നരവംശശാസ്ത്രം, മനോവിജ്ഞാനീയം തുടങ്ങിയ വിവിധ വൈജ്ഞാനികമണ്ഡലങ്ങളിൽ നിന്നുള്ള സങ്കൽപനത്തെ ചേർത്തിണക്കി കലയുടെ ചരിത്രത്തെ പഠിക്കുമ്പോൾ ഒരു സാംസ്കാരികോൽപന്നം എന്നനിലയിൽ കലയിലടങ്ങിയിരിക്കുന്ന അധികാരത്തിന്റെ ബലതന്ത്രങ്ങളെ കണ്ടെടുക്കാനാവുന്നു. കലാചരിത്രം ഒരു ഒറ്റക്കൽമണ്ഡപം അല്ലെന്നും, പടർച്ചകളും ഇടർച്ചകളും തുടർച്ചകളും അടങ്ങുന്നതാണെന്നും മനസിലാക്കാൻ ഈ രീതിശാസ്ത്രം സഹായിക്കുന്നതായി കാണാം. ജ്ഞാനമേഖലകളുടെ അതിരുകളെ പ്രശ്നവത്കരിക്കുകയും വിവിധസങ്കേതങ്ങളെ കൂട്ടിയിണക്കുകയും ചെയ്യുന്ന ഈ പദ്ധതിക്ക് കലാചരിത്രമെന്ന വ്യവഹാരത്തെ ജനാധിപത്യവത്കരിക്കാനുള്ള കെൽപ്പുണ്ട്. അച്ചടി മാത്രമല്ല കലയെഴുത്തിന്റെ സങ്കേതമെന്നും പരീക്ഷണാത്മക സങ്കേതങ്ങളിലൂടെ കലയെ പൊതുമണ്ഡലത്തിലേയ്ക്ക് എത്തിക്കാമെന്നുമുള്ള സാധ്യതകൂടിയാണ് ഈ പദ്ധതി. കാഴ്ചയുടെ ചരിത്രം മാത്രമല്ല നോട്ടത്തിന്റെ ചരിത്രം കൂടിയാണ് കലാചരിത്രത്തിന്റെ വിചാരപരിസരം എന്നുകൂടി പരിഗണിക്കേണ്ടതായുണ്ട്. കണി- കാണി എന്ന ദ്വന്ദ്വവൈരുദ്ധ്യത്തെ പ്രശ്നവത്കരിക്കുന്ന സമകാലിക കലയിൽ കലാകൃത്തിനെയും കലാകൃതിയെയും പരിഗണിക്കുന്നതുപോലെതന്നെ കാണിയെയും കാഴ്ചയുടെ സാംസ്‌കാരികപരിസരത്തെയും, അഭിരുചിയുടെ രൂപപ്പെടലിനെയും പരിഗണിക്കേണ്ടതായുണ്ട്. കലാചരിത്രത്തെപ്പറ്റിയുള്ള സാമ്പ്രദായിക ധാരണകളെ പൊളിച്ചുപണിയുന്ന ഉത്തരാധുനികചിന്തകൾ എഴുത്തിൽ പ്രവർത്തിക്കുന്ന വിവിധ അധികാരരൂപങ്ങളെ തിരിച്ചറിയാനും, അപനിർമിക്കാനും പ്രാപ്തമാക്കുന്നു.
ഗ്രന്ഥസൂചി
1. കവിത ബാലകൃഷ്ണൻ. കലാകാരി: ദൃശ്യകലയിലെ ജൻഡർ രാഷ്ട്രീയം. പുസ്തകപ്രസാധകസംഘം, 2023.
2. പ്രദീപ് പനങ്ങാട്, മലയാള സമാന്തര മാസികാചരിത്രം. കേരളം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 2018.
3. പ്രഭാവം: ചിത്ര- ശില്പകലാകാരന്മാരുടെ മുഖപത്രത്തെ. എഡി. കാരയ്ക്കാമണ്ഡപം വിജയകുമാർ. 1977.
4. Deleuze, Gilles, and Felix Guattari. A Thousand Plateaus. Bloomsbury Academic, 2013.
5. Foucault, Michel. The Archaeology of Knowledge. Harper & Row, 1976.
6. Kundera, Milan. The Book of Laughter and Forgetting. Faber and Faber, 1982.
7. Nochlin, L. Why Have There Been No Great Women Artists?, 50th Anniversary Ed. Thames and Hudson, 2021.
8. Sontag, Susan. At the Same Time: Essays and Speeches. Farrar, Straus, and Giroux, 2007.
9. Vijayakumar, Karakkamandapam. Personal interview. 19th March 2023.