ഓർമയുടെ നടപ്പുകാലം 

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ആഫ്റ്റ‍ർ ഇമേജ് – 5

“The struggle of man against power is the struggle of memory against forgetting.” – Milan Kundera 

ഭൂതകാലത്തിന്റെ യാന്ത്രികമായ അടുക്കം എന്നതിനപ്പുറം സാമൂഹികവും സാംസ്കാരികവും വൈയക്തികവുമായ വിവിധ ഘടകങ്ങൾ ചേർന്ന് രൂപപ്പെടുത്തിയ ഒരു നിർമിതിയാണ് ഓർമ്മ. അതിൽ മുൻകാല സംഭവങ്ങളുടെ തിരഞ്ഞെടുപ്പും അവയുടെ പുനരാഖ്യാനവും ഉൾപ്പെടുന്നു. ഈ തിരഞ്ഞെടുപ്പുകളിലും പുനർവ്യാഖ്യാനങ്ങളിലും സമൂഹത്തിലെ പ്രബലമായ ആഖ്യാനങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും സ്വാധീനം വ്യക്തമായി കാണാം. തത്വചിന്തയിൽ നൂറ്റാണ്ടുകളായി വ്യാപകമായി ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് ഓർമ. “Essay Concerning Human Understanding” (1690) എന്ന കൃതിയിൽ ജോൺ ലോക്ക് ഒരു വ്യക്തിയുടെ സ്വത്വത്തെ രൂപപ്പെ ടുത്തുന്നതിനുള്ള നിർണായക ഘടകമായി ഓർമയെ പരിഗണിക്കുന്നുണ്ട്. ഓർമയുടെ തുടർച്ചയിലാണ് വ്യക്തിസ്വത്വം സ്ഥാനപ്പെ ട്ടിരിക്കുന്നത് എന്ന് അദ്ദേഹം വാദിച്ചു.

ജോൺ ലോക്ക്
Essay Concerning Human Understanding

മറ്റൊരു എംപിരിസിസ്റ്റ് ഫിലോസഫർ ആയ ഹ്യൂമിന്റെ ആശയലോകത്തിൽ ഓർമ മനുഷ്യന്റെ അറിവിനെയും വിശ്വാസങ്ങളെയും രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നായി അടയാളപ്പെടുത്തപ്പെട്ടു. ഭൂതകാല അനുഭവങ്ങളുടെ ഓർമയിൽ അടിസ്ഥാനപ്പെടുത്തിയാണ് കാര്യകാരണങ്ങളെ സംബന്ധിച്ചുള്ള ധാരണകൾ രൂപപ്പെടുന്നതെന്നും ഹ്യും പറഞ്ഞുവെച്ചു.

ഡേവിഡ് ഹ്യൂം

ബെർഗ്സോണിയൻ തത്വചിന്തയിൽ “pure memory” എന്നൊരു ആശയം ആവിഷ്കരിക്കപ്പെടുന്നുണ്ട്. 1896 ൽ പുറത്തിറങ്ങിയ Matter and Memory എന്ന പുസ്തകത്തിൽ മനഃശാസ്ത്രത്തിന്റെയും മെറ്റാഫിസിക്സിന്റെയും നോട്ടപ്പാടുകളിൽ നിന്നുകൊണ്ട് ഓർമയെപ്പറ്റി ഹെൻറി ബെർഗ്സൺ സംസാരിക്കുന്നു.

ഹെൻറി ബെർഗ്സൺ

ഈ പുസ്തകത്തിൽ ഓർമയുടെ പലതരം രൂപങ്ങളെ മുൻപോട്ടുവെച്ചുകൊണ്ട് ബോധത്തെയും ഭൗതികലോകത്തെയും അവ തമ്മിലുള്ള ബന്ധത്തെയും പുനർവിചിന്തനം ചെയ്യുന്നതായി കാണാം. 

Matter and Memory

Phenomenologist കളായ എഡ്മണ്ട് ഹർസൽ, മാർട്ടിൻ ഹെയ്ഡഗർ എന്നിവരുടെ തത്വചിന്താപരിസരങ്ങളിൽ ഓർമ കാലികതയുമായി ബന്ധപ്പെട്ടുനിൽക്കുന്നതായി കാണാം. ആത്മത്തെ സംബന്ധിച്ചുള്ള കാലികമായ അവബോധത്തെ നിർമ്മിച്ച് നിലനിർത്തുവാൻ ഓർമ ഇത്തരത്തിൽ ആവശ്യമാകുന്നുവെന്നും, അതെങ്ങനെയാണ് മനുഷ്യന്റെ ജീവിതാനുഭവങ്ങളെ രൂപപ്പെടുത്തുന്നത് എന്നുമുള്ള അന്വേഷണം ആയിരുന്നു ഹർസലിന്റെത്.

എഡ്മണ്ട് ഹർസൽ

ഹെയ്ഡഗറിലേയ്ക്ക് എത്തുമ്പോൾ ‘കാലികത’ എന്ന സങ്കൽപനത്തിന് ഊന്നൽ കൊടുത്തുകൊണ്ട് ഓർമയെങ്ങനെയാണ് കാലത്തെയും അസ്തിത്വത്തെയും പറ്റിയുള്ള മനുഷ്യന്റെ അവബോധത്തെ സ്വാധീനിക്കുന്നതെന്ന് അന്വേഷിക്കുന്നതായി കാണാം. മനുഷ്യാനുഭവങ്ങളിൽ ഭാവിയും ഭൂതവും വർത്തമാനവും എങ്ങനെയാണ് പരസ്പരം ഇഴചേർന്ന് നിൽക്കുന്നതെന്നും ഹെയ്ഡഗർ അന്വേഷിച്ചു. 

മാർട്ടിൻ ഹെയ്ഡഗർ

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പാതത്തിൽ അന്തർവൈഞ്ജാനിക രീതിശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തി ഒരു അക്കാദമിക വ്യവഹാരമായി ഓർമകളെ പറ്റിയുള്ള പഠനം ഉയർന്നുവരികയുണ്ടായി. Memory studies എന്ന ജ്ഞാനശാഖ വിവിധ തലങ്ങളിൽ നിന്നുകൊണ്ട് ഓർമയുടെ സാംസ്കാരികവും വൈയക്തികവും രാഷ്ട്രീയപരവുമായ വശങ്ങളെ അന്വേഷിക്കുന്നതായി കാണാം. ചരിത്രത്തിന്റെ വസ്തുനിഷ്ഠതയിൽ നിന്ന് ഓർമയുടെ വൈയക്തികതയിലേയ്ക്കും അനുഭവപരതയിലേയ്ക്കും അന്വേഷണങ്ങളെ നീട്ടുകയാണ് ഈ പഠനശാഖ.

ഓർമയുടെ സാമൂഹികവും സാംസ്കാരികവുമായ വശങ്ങളിലേക്ക് അന്വേഷണങ്ങളെ വ്യാപിപ്പിക്കുകയായിരുന്നു മെമ്മറിസ്റ്റഡീസിന്റെ ഒരു സുപ്രധാനഘട്ടം. വൈയക്തികവും സഞ്ചിതവുമായ ഓർമ്മകളെ രൂപപ്പെടുത്തുന്നതിൽ സമൂഹത്തിന്റെ പങ്കിനെ ഊന്നിക്കൊണ്ട് മോറിസ് ഹോൾവാക്സ് (Maurice Halbwachs) സഞ്ചിതസ്മൃതിയെന്ന (collective memory) താക്കോൽ സങ്കൽപനത്തെ മുൻനിറുത്തി ഈ സമീപനത്തിന് അടിസ്ഥാനമിട്ടു.

മോറിസ് ഹോൾവാക്സ്

സാംസ്കാരിക സ്മൃതിയെക്കുറിച്ചുള്ള സമകാലിക പഠനത്തിന്റെ തുടക്കം അന്വേഷിക്കുമ്പോൾ ഹോൾവാക്സിനൊപ്പം പരിഗണിക്കേണ്ട മറ്റൊരു സൈദ്ധാന്തികൻ എബി വാർബർഗാണ് (Aby Warburg). അദ്ദേഹം ദൃശ്യങ്ങളെ സംബന്ധിച്ചുള്ള യൂറോപ്യൻ ഓർമകളെ കലാചരിത്രത്തിലൂന്നിയ അന്വേഷണങ്ങൾക്ക് വിധേയമാക്കിക്കൊണ്ട് സാമൂഹികസ്മൃതി (social memory) എന്ന സങ്കൽപനത്തെ രൂപപ്പെടുത്തി. Mnemosyne Atlas ന്റെ സൃഷ്ടിയാണ് Memory Studies എന്ന വ്യവഹാരത്തിനുള്ളിൽ നിന്നുകൊണ്ട് കലയെ നോക്കുന്നതിനുള്ള വാർബർഗിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭാവന.

Mnemosyne Atlas panel -6. ബിസി ഒന്നാം നൂറ്റാണ്ടിന്റെ ചിത്രീകരണം. കടപ്പാട് :The Warburg Institute, Hatje Cantz.

അവിടെ അദ്ദേഹം പരമ്പരാഗത രീതിയിലുള്ള ഒരു അറ്റ്ലസ് നിർമിക്കുകയായിരുന്നില്ല, മറിച്ച് വിവിധ സംസ്കാരങ്ങളിൽ നിന്നും കാലഘട്ടങ്ങളിൽ നിന്നുമുള്ള ദൃശ്യങ്ങൾ ചിട്ടപ്പെടുത്തുകയും സംയോജിപ്പിക്കുകയും ചെയ്ത പാനലുകളുടെ ഒരു പരമ്പരയെ നിർമിക്കുകയായിരുന്നു. കലാചരിത്രത്തിലുടനീളം ആവർത്തിച്ചുപോന്ന ചില ചിഹ്നങ്ങളുടെയും, രൂപങ്ങളുടെയും ആശയങ്ങളുടെയും ഇടയിൽ ആഴത്തിൽ വേരോടുന്ന പരസ്പരബന്ധങ്ങളെയും മാതൃകകളെയും മനസിലാക്കുവാൻ ഈ ദൃശ്യങ്ങളുടെ ചേർത്തുവയ്ക്കലിലൂടെ സാധിക്കും എന്നതായിരുന്നു വാർബർഗ് മുൻപോട്ടുവച്ച ആശയം.

എബി വാർബർഗ്

കലാസൃഷ്ടികളുടെ നിർമ്മാണത്തിലും വ്യാഖ്യാനത്തിലും സാംസ്കാരികസ്മൃതി എങ്ങനെ ഇടപെടുന്നുവെന്ന് വാർബർഗിന്റെ സമീപനം വ്യക്തമാക്കുന്നുണ്ട്. കലാകൃത്തുക്കൾ ഉപയോഗിച്ച ദൃശ്യങ്ങളും ചിഹ്നങ്ങളും അതാതു കാലത്തിലെ സാംസ്കാരിക സ്മൃതിയിൽ ആഴത്തിൽ ഉൾച്ചേർന്നിട്ടുണ്ടെന്നും ഈ ഘടകങ്ങൾ പഠിക്കുന്നതിലൂടെ ഒരു സംസ്കാരത്തിന്റെ collective psyche യെ മനസിലാക്കാൻ സാധിക്കുമെന്നും അദ്ദേഹം വാദിച്ചു. 

അന്തർവൈഞ്ജാനികമായിരുന്നു അദ്ദേഹത്തിന്റെ സമീപനരീതി. കലാചരിത്രം, നരവംശശാസ്ത്രം, മനഃശാസ്ത്രം എന്നിങ്ങനെ വിവിധ ജ്ഞാനമേഖലകളിൽ നിന്നുള്ള ആശയങ്ങളെ ചേർത്തുവച്ചുകൊണ്ട് കലയിലെ ഓർമയെ വായിക്കുവാൻ അദ്ദേഹം ശ്രമിച്ചു. സമകാലിക പരിതസ്ഥിതിയിൽ memory studies എന്ന പഠനശാഖ സംസ്കാരത്തെ പലനിലകളിൽ നോക്കിക്കണ്ടുകൊണ്ട് പലമട്ടിൽ വളരുന്നതായി കാണാം. ഓർമയുടെ രാഷ്ട്രീയത്തെയും സാമൂഹികപരതയെയും വ്യക്തിപരതയെയും അനുഭവപരിസരങ്ങളെയും ചരിത്രാത്മകതയെയുമൊക്കെ ആവിഷ്കരിക്കുന്ന എഴുത്തുകളും കലാകൃതികളും പഴയകാലത്തിന്റെ കേവലമായ ഓർത്തെടുക്കൽ എന്നതിനപ്പുറം ഓർമയുടെ ബഹുസ്വരതയെ സംബോധന ചെയ്യുന്നതായി കാണാം. 

സ്മൃതിപഥങ്ങളും അനുഭവസഞ്ചാരങ്ങളും 

സമകാലിക കലയിൽ ഓർമയുടെ സർഗാത്മക ആവിഷ്കാരങ്ങൾ പല നിലകളിലായി കാണുവാൻ സാധിക്കും. ഓർമ കേവലം കാലികമായ അടയാളക്കല്ലുകൾവെച്ച് അളക്കേണ്ടതല്ലെന്നും അത്വർത്തമാനവുമായി നിരന്തരം ഇടപെടുന്നുണ്ടെന്നുമാണ് സമകാലിക കലാപദ്ധതികൾ മുന്പോട്ടുവയ്ക്കുന്ന ആശയങ്ങളിലൊന്ന്. ഓർമ ഭൂതകാലത്തിന്റെ രേഖീയമായ ഓർത്തെടുക്കൽ മാത്രമല്ലെന്നും അത് വസ്തുതാപരതയ്ക്കപ്പുറം ഇന്ദ്രീയപരമായ സാധ്യതകളെ കണ്ടെടുക്കേണ്ടതുണ്ടെ ന്നുമാണ് മറ്റൊരു ആശയം. വൈയക്തികതലവും സാമൂഹികതലവും തമ്മിലുള്ള അതിരുകളെ പ്രശ്നവത്കരിച്ചുകൊണ്ട് സഞ്ചിത സ്മരണകളെ കലയിൽ ആവിഷ്കരിക്കുന്നതും സമകാലിക കലയിൽ ദൃശ്യമാണ്.

ആർക്കേവ് ചെയ്യപ്പെട്ട വസ്തുക്കളുടെ സ്ഥാവരസ്വഭാവത്തെ മറികടന്നുകൊണ്ട് വസ്തുലോകത്തിന്റെ ഇന്ദ്രീയാനുഭവ സാധ്യതകളെ കണ്ടെടുക്കുകയും അവയുടെ സമകാലവുമായുള്ള ബന്ധത്തെ വരച്ചിടുകയും ചെയ്യാൻ കലയ്ക്കാകുന്നു. സാമ്പ്രദായികമായ ആർക്കേവ് നിർമാണം ഭൂതകാലത്തെ വസ്തുലോകത്തെ തിരുശേഷിപ്പുപോലെ സൂക്ഷിച്ചുവയ്ക്കുകയാണ് എങ്കിൽ കലയിലത് ആസ്വാദകരോട് പൊതുവിടത്തിൽ ഇടപെടുകയാണ് ചെയ്യുന്നത്. പരമ്പരാഗത ആർക്കേവിങ്ങിനെ സംബന്ധിച്ചടത്തോളം വസ്തുക്കളുടെ തിരഞ്ഞെടുപ്പിൽ അധികാരം ഒരു സവിശേഷ പങ്കുവഹിക്കുന്നുണ്ട്. ഒരു വസ്തുവിന്റെ പദവിമൂല്യം നിർമിച്ചെടുക്കുന്നത് അധികാരമാണെന്നിരിക്കെ അതേ മാനദണ്ഡം തന്നെയാണ് അത് ആർക്കേവ് ചെയ്യപ്പെടാൻ യോഗ്യമാണോ അല്ലയോ എന്ന് നിശ്ചയിക്കുന്നത്.

സഞ്ചിതമായ അനുഭവലോകങ്ങൾ മുന്നോട്ടുവച്ച ഓർമയുടെ അനുഭൂതിമണ്ഡലത്തെ ആവിഷ്കരിക്കുകയും അവയെ നിരന്തരം രാഷ്ട്രീയവത്കരിക്കുകയും ചെയ്യാൻ കലയ്ക്കാകുന്നു. അത്തരത്തിൽ നോക്കുമ്പോൾ ഓർമയുടെ സമരം അധികാരത്തോടും, നിലനിൽക്കുന്ന ആഖ്യാനമാതൃകകളോടുമുള്ള കലഹം കൂടിയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി ഓർമയും ഗൃഹാതുരതയും കലയിൽ ധാരാളമായി ആവിഷ്കരിക്കപ്പെടുന്നതു കാണാം. 

ഡിൻ ക്യു. ലെ (Dinh Q. Lê) എന്ന കലാകൃത്തിന്റെ കൃതികളിൽ പ്രബലമായ ആഖ്യാനരൂപങ്ങളെ ഓർമകൊണ് വെല്ലുവിളിക്കുന്നതു കാണാം. യുദ്ധത്തിൽ പങ്കെടുത്ത തന്റെ പിതാവുമായുള്ള അഭിമുഖങ്ങളും സ്വന്തം ഓർമ്മകളും സംയോജിപ്പിച്ച് അവതരിപ്പിച്ച പ്രതിഷ്ഠാപനമായിരുന്നു ദിൻ ക്യു. ലെ യുടെ ‘From Father to Son’. വിയറ്റ്നാം യുദ്ധത്തെ കുറിച്ചുള്ള അമേരിക്കൻ ആഖ്യാനത്തെ ഓർമകൊണ്ട് തകിടം മറിക്കുകയാണ് അദ്ദേഹത്തിന്റെ കലാകൃതികൾ.

ഡിൻ ക്യു. ലെ. കടപ്പാട് : artandmarket.net.

വിയറ്റ്നാം യുദ്ധത്തെ പറ്റിയുള്ള അമേരിക്കൻ ഓർമ്മകൾ Apocalypse Now (1979) പോലുള്ള ഹോളിവുഡ് സിനിമകളിലൂടെ ആഖ്യാനം ചെയ്യപ്പെട്ടപ്പോൾ, ഡിൻ ക്യു. ലെ ഫോട്ടോഗ്രാഫുകളിലൂടെ ബദൽ ആഖ്യാനത്തെ സൃഷ്ടിക്കുന്നതു കാണാം.

From Father to Son – Dinh Q. Lê.

ഫോട്ടോഗ്രാഫുകളുടെ വ്യക്തിനിഷ്ഠത രാഷ്ട്രീയവത്കരിക്കപ്പെടുന്നത് ഇവിടെ വ്യക്തമാണ്. ഓർമ്മകൾ തലമുറകൾ തോറും കൈമാറ്റം ചെയ്യപ്പെടുകയും യുദ്ധം നേരിട്ട് ബാധിക്കാത്ത തലമുറകളിൽ പോലും അനന്തരസ്മൃതി (post memory) എന്ന നിലയിൽ അവ പ്രവർത്തിച്ചുവരികയും ചെയ്യുന്നു. അവിടെ ഫോട്ടോഗ്രാഫുകൾ ഓർമയെ സംവേദനം ചെയ്യുന്ന മാധ്യമങ്ങളാണ്. പ്രബലമായ ആഖ്യാനങ്ങളിലെ അദൃശ്യതകളെ വ്യക്തിപരമായ ഓർമകളിലൂടെ സംബോധനം ചെയ്യുന്നതാണ് ഇത്തരം കലാകൃതികളുടെ കാമ്പ്.

The Thread of Memory and Other Photographs – DINH Q. LE, – കടപ്പാട് : Copyright the artist. Courtesy 10 Chancery Lane Gallery.

ഇതുപോലെ തന്നെ പരിഗണിക്കാവുന്ന മറ്റൊരു കൃതിയാണ് മനാഷേ കദിഷ്മന്റെ (Menashe Kadishman) ‘Shalekhet- Fallen Leaves’ എന്ന കലാകൃതി. ഈ പ്രതിഷ്ഠാപനം ബെർലിൻ ജൂതമ്യൂസിയത്തിലെ ‘the memory void’ എന്ന പ്രതീകാത്മകമായ ഇടത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്.

മനാഷേ കദിഷ്മാൻ

പതിനായിരത്തിലേറെ ലോഹ നിർമ്മിതമായ മുഖങ്ങൾ കൂട്ടിയിട്ടിരിക്കുന്ന ഈ ഇടത്തിലൂടെ കാലുകളമരുമ്പോളുള്ള ശബ്ദം കേട്ടുകൊണ്ട് കാണികൾ നടന്നുനീങ്ങുന്നു. വംശഹത്യയുടെ ഇരകളായ ജൂതരെ മാത്രമല്ല ലോകമെമ്പാടുമുള്ള യുദ്ധക്കെടുതികൾ നേരിടുന്ന മനുഷ്യരുടെ സഞ്ചിതസ്മൃതികളെയും ഈ കലാകൃതി വഹിക്കുന്നു.

Shalekhet- Fallen Leaves – Menashe Kadishman.

വൈയക്തികമായ വസ്തുക്കൾ സഞ്ചിതമായ അനുഭവലോകങ്ങൾ ആവിഷ്കരിക്കുന്നതിന് ഒരു ഉദാഹരണമാണ് ചിഹാരു ഷിയോട്ടയുടെ (chiharu shiota) കലാകൃതികൾ. 2015 ലെ വെനീസ് ബിനാലെയിൽ പ്രദര്ശിപ്പിക്കപ്പെട്ട ‘The Key in Hand’ എന്ന കലാകൃതിയിൽ മേൽക്കൂരയിലും ചുവരിലും ഉറപ്പിച്ച ചുവന്ന നൂലുകളും, അവകൊണ്ട് നിർമ്മിച്ചെടുത്ത ചുരുൾവഴിച്ചുറ്റിൽ തൂക്കിയിട്ട അമ്പതിനായിരത്തോളം താക്കോലുകളും കാണാം. ഈ താക്കോലുകൾ ലോകത്തിന്റെ  വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിച്ചവയാണ്.

The Key in Hand – chiharu shiota.

ഒരിക്കൽ അനുദിന ജീവിതത്തിന്റെ ഭാഗമായിരുന്ന താക്കോലുകൾ ഇവിടെ കലാകൃതിയുടെ ഭാഗമാകുന്നു. നിരവധി മനുഷ്യരുടെ ഓർമകളുമായി ഇവിടെ ഈ കലാകൃതി ഇടപെടുകയും ചുറ്റുപിണയുകയും ചെയ്യുന്നതു കാണാം.

ചിഹാരു ഷിയോട്ട

വൈയക്തികമായ ഓർമകളെ കലാകൃതികളിൽ സന്നിവേശിപ്പിക്കുന്ന കലാകൃതികളും വിരളമല്ല. കൊറിയൻ ആർട്ടിസ്റ്റായ ഡുഹോസായുടെ (Do Ho Suh) കലാകൃതികളെ ഉദാഹരണമായി പരിഗണിക്കാവുന്നതാണ്. കൊറിയൻ വസ്തുവിദ്യയെ പ്രതിഷ്ഠാപനകലയിൽ ഉൾക്കൊള്ളിച്ചുകൊണ്ട് അനുഭവങ്ങളെയും ഓർമ്മകളെയും കലയിലാവിഷ്കരിക്കുന്നതായിക്കാണാം.

ഡുഹോസാ

അഞ്ചാം കൊച്ചി മുസിരിസ് ബിനാലെയിലെ പല കൃതികളിലും ഓർമ ഒരു പ്രധാന ആശയമായി ആവിഷ്കരിക്കപ്പെട്ടിരുന്നു. ദിവാസ്രാജ കെ. സി.യും നയൻതാര ഗുരുങ് കക്ഷാപതിയും ചേർന്നു ക്യൂറേറ്റ് ചെയ്ത The Public Life of Women: A Feminist Memory Project ഒരു ഉദാഹരണമാണ്. നേപ്പാളിന്റെ സാമൂഹികവും സാംസ്കാരികവുമായ ചരിത്രം രേഖപ്പെ ടുത്തുന്ന ഒരു സ്വതന്ത്ര ഡിജിറ്റൽ ഫോട്ടോഗ്രാഫി ആർക്കൈവ് ആയ നേപ്പാൾ പിക്ചർ ലൈബ്രറിയുടെ (NPL) നടന്നുകൊണ്ടിരിക്കുന്ന ഗവേഷണത്തിന്റെ ഭാഗമായിരുന്നു ഈ കൃതി.

The Public Life of Women: A Feminist Memory Project. kochi biennale. കടപ്പാട്: scalemag.online.

ചരിത്രപരമായ വിസ്മൃതിയിൽ നിന്ന് ഓർമയിലേക്കുള്ള സ്ത്രീ മുന്നേറ്റമാണ് ഈ കലാപദ്ധതിയുടെ പ്രമേയം. നേപ്പാളിലെ ഫെമിനിസ്റ്റ് പ്രസ്ഥാന ചരിത്രത്തിന്റെ ഭാഗമായി അവകാശ പ്രകടന പരിപാടികൾ മുതൽ വ്യക്തികളുടെ ഫോട്ടോഗ്രാഫുകൾ വരെയടങ്ങുന്ന വ്യക്തിപരവും പൊതുവുമായ വിവിധ രേഖകളെ ഈ കൃതി പ്രദർശിപ്പിക്കുന്നു.

The Public Life of Women: A Feminist Memory Project. kochi biennale. കടപ്പാട്: nepalpicturelibrary.org.

വ്യക്തിപരവും കൂട്ടായതുമായ പരിശ്രമങ്ങളിലൂടെ ചരിത്രത്തിൽ തങ്ങളെത്തന്നെ അടയാളപ്പെടുത്താനുള്ള നേപ്പാളിലെ സ്ത്രീകളുടെ പോരാട്ട ചരിത്രം ഇവിടെ ആവിഷ്കരിക്കപ്പെടുന്നത് മുഖ്യധാരാചരിത്രമെഴുത്തിന്റെ രീതിശാസ്ത്രം ഉപയോഗിച്ചല്ല, മറിച്ച് ഓർമയെ സങ്കേതമാക്കിക്കൊണ്ടാണ്. ഓർമ അങ്ങനെ ചരിത്രമെഴുത്തിന് സമാന്തരപാതകളെ കാട്ടിക്കൊടുക്കുകയും, വ്യക്തിപരതക്കും അനുഭവങ്ങൾക്കും ഊന്നൽ നൽകിക്കൊണ്ട് കലയിലൂടെ ഭൂതകാലത്തെ ആവിഷ്കരിക്കുകയും ചെയ്യുന്നു. 

The Public Life of Women: A Feminist Memory Project. kochi biennale. കടപ്പാട്: nepalpicturelibrary.org.

ഓർമ വ്യക്തിപരവും സാമൂഹികവും സാംസ്കാരികവുമായ പല അടരുകൾ വഹിക്കുന്നുവെന്ന് ഓർമപ്പെടുത്തുന്ന നിരവധി കലാകൃതികളുണ്ട്. ഈ കൃതികളിലെ വസ്തുലോകം കേവലം പ്രതിനിധാനപരമായ ഒന്നല്ലെന്നും ഇന്ദ്രീയാനുഭവങ്ങളുടെ വിശാലതകളിലേയ്ക്ക് നയിക്കുന്നതാണെന്നും മനസിലാക്കാം. ഇവിടെ വസ്തു പഴമയുടെ സൂചകം എന്നതിനപ്പുറം ഭൂതകാലത്തിന്റെ അനുഭൂതിമണ്ഡലത്തെ നടപ്പുകാലത്തിലേയ്ക്ക് സംവേദനം ചെയ്യുന്ന ചാലകമായി പ്രവർത്തിക്കുന്നു. കാലികതയുടെ രേഖീയതയെ അനുഭൂതികൾകൊണ്ട് മറികടക്കാൻ ഓർമയെ ആവിഷ്കരിക്കുന്ന കലാകൃതികൾക്ക് സാധിക്കുന്നു.

Also Read

6 minutes read December 5, 2023 7:34 am