Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
നാലാം വ്യാവസായിക വിപ്ലവം ആഗോളതലത്തിൽ അതിന്റെ പ്രയാണം ആരംഭിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ വ്യവസ്ഥാപിത രീതിയിലുള്ള ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളും ആശയസംഹിതകളും കൊണ്ട് തൊഴിലാളികളുടെ മാത്രമല്ല മനുഷ്യരാശിയുടെ തന്നെ നിലനിൽപ്പും പുരോഗതിയും ഉറപ്പുവരുത്താൻ കഴിയാത്ത സ്ഥിതി സംജാതമായി തീർന്നിരിക്കുന്നു. നിർമ്മിതബുദ്ധിയും ഓട്ടോമേഷനും ആഘോഷിക്കപ്പെടുമ്പോൾ മറുവശത്ത് മനുഷ്യരാശിയെ കാത്തിരിക്കുന്നത് നിരവധി പ്രതിസന്ധികളാണ്, ഉത്തരമില്ലാത്ത ചോദ്യങ്ങളാണ്. ഒരിക്കൽ കൂടി അന്താരാഷ്‌ട്ര തൊഴിലാളി ദിനം തൊഴിലാളികളും തൊഴിലാളി പ്രസ്ഥാനവും നേടിയ ചരിത്രപരമായ സമരങ്ങളുടെയും നേട്ടങ്ങളുടെയും സ്മരണാർത്ഥം ആചരിക്കപ്പെടുമ്പോൾ മുതലാളിത്തം മുന്നോട്ടുവയ്ക്കുന്ന പുതിയ തൊഴിൽ സംസ്ക്കാരവും അധികാരഘടനയും മനുഷ്യജീവിതത്തിൽ അവകാശ നിഷേധങ്ങളും അനീതിയും അസമത്വവും കൊണ്ടുവരുന്നതിനെക്കുറിച്ച് ചർച്ചചെയ്യേണ്ടത് അനിവാര്യമാവുന്നു.
നാലാം വ്യാവസായിക വിപ്ലവം
കാലാവസ്ഥ വ്യതിയാനം, വിഭവ ദാരിദ്ര്യം, വർധിച്ചു വരുന്ന സാമൂഹിക സാമ്പത്തിക അസമത്വം, തൊഴിലില്ലായ്മ, പാരിസ്ഥിതിക ദുരന്തങ്ങൾ, സാമ്പത്തിക മാന്ദ്യം തുടങ്ങിയ ദുരിതങ്ങൾക്കിടയിൽ ആണ് വേൾഡ് ഇക്കണോമിക് ഫോറം അതിന്റെ നാലാം വ്യാവസായിക വിപ്ലവം (fourth industrial revolution) എന്ന പദ്ധതിയുടെ സാധ്യതകൾ തുറന്നുവയ്ക്കുന്നത്. അനന്തമായ സാമ്പത്തിക വളർച്ച, സാമൂഹിക പാരിസ്ഥിതിക നീതിയെ പരിഗണിക്കാതെയുള്ള ലാഭം, കുത്തകവത്കരണം തുടങ്ങിയ അടിസ്ഥാന പ്രേരണകളെ പിഴുതെറിഞ്ഞുകൊണ്ട് മുതലാളിത്തം മാനവികതയ്ക്ക് രക്ഷകനാകുമെന്ന് കരുതാൻ നമുക്ക് ചരിത്ര സാക്ഷ്യങ്ങളില്ല. അതുകൊണ്ടുതന്നെ മാനവരാശിക്ക് തീരാ ദുരിതങ്ങൾ സൃഷ്ടിച്ച പ്രത്യയശാസ്ത്രം തന്നെ ‘സുസ്ഥിരതയ്ക്കും മനുഷ്യ പുരോഗതിക്കുംവേണ്ടി’ എന്ന പേരിൽ അവതരിപ്പിക്കുന്ന സാങ്കേതികവിദ്യയുടെ ‘വിപ്ലവം’ നീതിബോധവും ചരിത്രബോധവും ഉള്ള മനുഷ്യർക്ക് സ്വീകാര്യമായിരിക്കുകയുമില്ല. നിർഭാഗ്യവശാൽ തൊഴിലാളി സംഘടനകൾ ഈ വിഷയത്തെ ഗൗരവമായി പരിഗണിക്കുകയോ ചർച്ചചെയ്യുകയോ ചെയ്തിട്ടില്ല. ശാസ്ത്ര സാങ്കേതികവിദ്യയുടെ സ്വാഭാവിക പരിണാമം എന്ന നിലയിൽ ലാഘവത്തോടെ നാലാം വ്യാവസായിക വിപ്ലവത്തിന്റെ ഭാഗമായ നിർമ്മിത ബുദ്ധിയെയും (artificial intelligence) റോബോർട്ടുവൽക്കരണത്തെയും മറ്റും കാണുന്നത് വലിയ ഒരു ദുരന്തത്തിലേക്കുള്ള കാൽവയ്‌പ്പാണെന്ന് ഈ മെയ് ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നു. പ്രതിരോധമൊരുക്കിയില്ലെങ്കിൽ ഇനി ഒന്നിക്കാൻ തൊഴിലാളികൾക്ക് പകരം ഉണ്ടാവുക തൊഴിൽ രഹിതരായിരിക്കുമെന്നും.
ലോക സർക്കാരുകളെ നിയന്ത്രിക്കുന്ന വേൾഡ് ഇക്കണോമിക് ഫോറം (WEF)
ഗ്രേറ്റ് റീസെറ്റിന്റെ ഭാഗമായി നടപ്പാക്കുന്ന നാലാം വ്യാവസായിക വിപ്ലവത്തെ മനസിലാക്കാൻ വേൾഡ് ഇക്കണോമിക് ഫോറം എന്ന സംഘടനയെയും അതിന്റെ പ്രവർത്തനങ്ങളെയും ആഴത്തിൽ പരിശോധിക്കേണ്ടതുണ്ട്. 1971-ൽ ജനീവ യൂണിവേഴ്‌സിറ്റിയിലെ ബിസിനസ് പ്രൊഫസറായിരുന്ന ക്ലോസ് ഷ്വാബിന്റെ (Klaus Schwab) ആശയമായിരുന്നു യൂറോപ്യൻ മാനേജ്‌മെന്റ് ഫോറം. രാഷ്ട്രീയ നേതാക്കളെയും ‘അന്താരാഷ്ട്ര പ്രതിസന്ധികൾ പരിഹരിക്കുന്നതിനുള്ള’ അജണ്ടയെയും ഉൾപ്പെടുത്തി അത് പിന്നീട് അതിന്റെ അംഗങ്ങളുടെ പട്ടിക വിശാലമാക്കി. അതിനുശേഷം, ലോകത്തിലെ 1,000 പ്രമുഖ കമ്പനികൾക്കായി ഒരു അംഗത്വ സംവിധാനം അവതരിപ്പിക്കുകയും 1987-ൽ അതിന്റെ പേര് ‘വേൾഡ് ഇക്കണോമിക് ഫോറം’ (WEF) എന്നാക്കി മാറ്റുകയും ചെയ്യുകയായിരുന്നു. “സ്വതന്ത്രവും നിഷ്പക്ഷവും പ്രത്യേക താൽപ്പര്യങ്ങൾ ഇല്ലാത്തതും” ആണെന്ന് അത് അവകാശപ്പെടുന്നുണ്ടെങ്കിലും, ഇന്നത്തെ ലോകത്തിൽ വേൾഡ് ഇക്കണോമിക് ഫോറം ഏകപക്ഷീയമായി വളരെ ശക്തമായ സ്വാധീനം ചെലുത്തുന്നു എന്നതാണ് വസ്തുത. ആഗോള സാമ്പത്തിക, കോർപ്പറേറ്റ്, സാങ്കേതിക ഉന്നതരുടെ പ്രധാന ആശ്രയവും വഴികാട്ടിയും ആയ WEF സ്വകാര്യമായി ധനസഹായം നൽകുന്ന വലിയ നോൺ-പ്രോഫിറ്റ് സംഘടനകൾ, തിങ്ക് ടാങ്കുകൾ, വിവിധ ലോബിയിംഗ് ഓർഗനൈസേഷനുകൾ എന്നിവയുടെ കർശനമായ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ വാർഷിക സമ്മേളനങ്ങൾ ഐക്യരാഷ്ട്ര സഭയുടെ യോഗങ്ങളുടെ പ്രാധാന്യം കൈവരിച്ചിരിക്കുന്നു. അവിടെ എടുക്കുന്ന തീരുമാനങ്ങൾ ലോക രാഷ്ട്രങ്ങളുടെ നയങ്ങളെ നിർണ്ണയിക്കുന്നതായും മാറിയിരിക്കുന്നു. 2019-ൽ WEF ഒരു പടികൂടി മുന്നോട്ട് പോയി ഐക്യരാഷ്ട്ര സംഘടനയുമായി ഔദ്യോഗികമായി പങ്കാളിയാകുന്ന ഒരു ധാരണാപത്രം (എം.ഒ.യു.) ഒപ്പുവച്ചത് അതിന്റെ അധികാര കേന്ദ്രീകരണം ഉറപ്പാക്കുന്നതായിരുന്നു. ഈ നീക്കത്തെ നൂറുകണക്കിന് പ്രമുഖ സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകൾ വ്യാപകമായി അപലപിക്കുകയും ‘ആഗോള ഭരണത്തിന്റെ കോർപ്പറേറ്റ് പിടിച്ചെടുക്കൽ’, എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. ആഗോള തീരുമാനങ്ങൾ എടുക്കുന്നതിൽ രാഷ്ട്രങ്ങളുടെ പങ്കിനെ ദുർബലപ്പെടുത്തുന്ന ഒരു നീക്കം കൂടിയായിരുന്നു അത്.
ജർമ്മൻ അന്വേഷണാത്മക പത്രപ്രവർത്തകൻ നോർബർട്ട് ഹേറിംഗ് (Norbert Haering), WEF നെ “ലോകത്തിലെ ഏറ്റവും ധനികരായ ആളുകളുടെയും പ്രകൃതിയെ നശിപ്പിക്കുന്ന ഏറ്റവും വലിയ കോർപ്പറേഷനുകളുടെയും ക്ലബ്ബ്” എന്ന് വിളിക്കുകയുണ്ടായി. ഗ്രേറ്റ് റീസെറ്റിനെ അദ്ദേഹം എക്കാലത്തെയും വലിയ സോഷ്യൽ എഞ്ചിനീയറിംഗ് പദ്ധതിയായിട്ടാണ് കാണുന്നത്. “ലോകത്തു എന്തൊക്കെയോ തെറ്റായി നടക്കുന്നുവെന്നും ഒരു പുനഃസജ്ജീകരണം ശരിക്കും ആവശ്യമാണെന്നുമുള്ള തോന്നൽ സമൂഹത്തിൽ വളരെ വ്യാപകമാണ്. ആ സാഹചര്യം ഉപയോഗിച്ചുകൊണ്ട് കൂടുതൽ പ്രയോജനം നേടാനുതകുന്ന രീതിയിലേക്ക് നിയന്ത്രണങ്ങൾ ഉറപ്പാക്കാൻ വേണ്ടിയാണ് മുതലാളിത്തത്തിന്റെ ഗ്രേറ്റ് റീസെറ്റ്” എന്ന് അദ്ദേഹം പറയുന്നു.
എന്താണ് നാലാം വ്യാവസായിക വിപ്ലവം?
1800 കളിൽ നടന്ന ഒന്നാമത്തെ വ്യാവസായിക വിപ്ലവം ഉത്പാദന പ്രക്രിയ യന്ത്രവൽക്കരിച്ചത് ജലവും ആവി ശക്തിയും ഉപയോഗിച്ചുകൊണ്ടായിരുന്നു. 1900-ത്തിന്റെ തുടക്കത്തിൽ നടന്ന രണ്ടാമത്തെ വ്യാവസായിക വിപ്ലവം വൻതോതിലുള്ള ഉത്പാദനം സൃഷ്ടിക്കാൻ വൈദ്യുതോർജ്ജം ഉപയോഗിച്ചുകൊണ്ടുള്ളതായിരുന്നു. 1900-ത്തിന്റെ അവസാനം നടന്ന മൂന്നാമത്തേത് ഉത്പാദനം ഓട്ടോമേറ്റ് ചെയ്യാൻ ഇലക്ട്രോണിക്സും ഇൻഫർമേഷൻ ടെക്നോളജിയും ഉപയോഗിച്ചുകൊണ്ടുള്ളതായിരുന്നു. WEF സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ ക്ലോസ് ഷ്വാബ് ‘നാലാം വ്യാവസായിക വിപ്ലവം’ എന്ന് വിശേഷിപ്പിക്കുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ്, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ്, ഓട്ടോണമസ് വെഹിക്കിൾസ്, 3-ഡി പ്രിന്റിംഗ്, നാനോ ടെക്‌നോളജി, ബയോടെക്‌നോളജി, മെറ്റീരിയൽ സയൻസ്, എനർജി സ്റ്റോറേജ്, ക്വാണ്ടം കമ്പ്യൂട്ടിംഗ് തുടങ്ങിയ ഒരുകൂട്ടം സാങ്കേതിക വിദ്യകളെ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ളതാണ്. അത് “നാം ചെയ്തുകൊണ്ടിരിക്കുന്നതിനെ മാറ്റുന്നതല്ല മറിച്ച് നമ്മളെ തന്നെ മാറ്റുന്നതാണ്” (does not change what we are doing, but changes us) എന്നാണ് അദ്ദേഹം പറഞ്ഞത്. ‘ഇൻഡസ്ട്രി 4.0’ എന്നറിയപ്പെടുന്ന ജർമ്മൻ ഗവൺമെന്റിന്റെ 2013-ലെ സംരംഭത്തിൽ നിന്നാണ് ഈ പദത്തിന്റെ ഉത്ഭവം. ‘ഡിജിറ്റൽ സാങ്കേതികവിദ്യകൾ, നിർമ്മാണ പ്രക്രിയകൾ, ലോജിസ്റ്റിക്‌സ്, മനുഷ്യ സംവിധാനങ്ങൾ എന്നിവയുടെ ദ്രുതഗതിയിലുള്ള സംയോജനത്തെ പ്രയോജനപ്പെടുത്തുന്നതിനുള്ള തന്ത്രപരമായ നയമായിരുന്നു ഇത്. 21-ാം നൂറ്റാണ്ടിൽ ജർമ്മനിയുടെ ആഗോള ഉൽപ്പാദന ആധിപത്യം സംരക്ഷിക്കുക എന്ന പ്രഖ്യാപിത ഉദ്ദേശത്തോടെയുള്ള ‘സ്മാർട്ട് ഫാക്ടറികൾ’ അല്ലെങ്കിൽ ‘സൈബർ-ഫിസിക്കൽ പ്രൊഡക്ഷൻ സിസ്റ്റംസ്’ സ്ഥാപിക്കുകയായിരുന്നു അതിന്റെ ലക്ഷ്യം.
“നാലാമത്തെ വ്യാവസായിക വിപ്ലവം നമ്മുടെ ജീവിതത്തിലും തൊഴിലിലും സാമൂഹിക ബന്ധത്തിലും ഉള്ള അടിസ്ഥാനപരമായ മാറ്റത്തെ പ്രതിനിധീകരിക്കുന്നു. ഒന്നും രണ്ടും മൂന്നും വ്യാവസായിക വിപ്ലവങ്ങൾക്ക് ആനുപാതികമായി അസാധാരണമായ വിവിധ സാങ്കേതിക മുന്നേറ്റങ്ങളാൽ സാധ്യമായ മനുഷ്യവികസനത്തിലെ ഒരു പുതിയ അധ്യായമാണിത്. ഭൗതിക ഡിജിറ്റൽ ജൈവ ലോകങ്ങളെ ലയിപ്പിക്കുന്ന ഈ വിപ്ലവം ഒരേസമയം ഒരുപാട് സാധ്യതകളും വിനാശവും വാഗ്‌ദാനം ചെയ്യുന്ന ഒന്നാണ്. ഈ വിപ്ലവത്തിന്റെ വേഗതയും ആഴവും പരപ്പും മനുഷ്യനായിരിക്കുക എന്നതിന്റെ അർത്ഥം പോലും പുനർവിചിന്തനം ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്നു.” WEF തന്നെ നൽകുന്ന ഈ മുന്നറിയിപ്പ് അത് നൽകുന്ന സൂചനയെക്കാൾ ഏറെ ഗൗരവമുള്ള ഒന്നാണ്. മൂന്നാം വ്യാവസായിക വിപ്ലവം നേരിടുന്ന സാമ്പത്തിക പ്രത്യാഘാതങ്ങൾ പരിഹരിക്കുന്നതിന് ആഗോള കോർപ്പറേഷനുകളുടെ ആവശ്യകതയിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു പ്രത്യയശാസ്ത്രമാണ് നാലാം വ്യാവസായിക വിപ്ലവമെന്നാണ് ദക്ഷിണാഫ്രിക്കയിലെ വിറ്റ്വാട്ടർസ്‌റാൻഡ് സർവകലാശാലയിലെ (University of the Witwatersrand) ഇയാൻ മോൾ (Ian Moll) പറയുന്നത്.
പണിയെടുക്കാൻ മനുഷ്യർ വേണ്ടാത്ത കാലം
‘സർവ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ’ എന്ന ആഹ്വാനത്തിന് പകരം ‘സർവ്വരാജ്യ തൊഴിൽ രഹിതരെ’ എന്ന് അഭിസംബോധന ചെയ്യേണ്ട കാലം ആണ് വരാൻ പോകുന്നത്. നാലാം വ്യാവസായിക വിപ്ലവത്തിന്റെ ഏറ്റവും പ്രത്യക്ഷമായ ഫലം അത് മനുഷ്യർക്ക് പകരം യന്ത്രങ്ങൾ വിവിധ മേഖലകളിൽ പ്രവർത്തിക്കാൻ പോകുന്നു എന്നതാണ്. തൊഴിൽ മേഖലയിൽ നടക്കുന്ന വൻ അഴിച്ചുപണികൾ മൂലം തൊഴിലില്ലായ്മ ഗുരുതരമായ തോതിൽ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇത് ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്നത് ഇന്ത്യയെപ്പോലുള്ള വൻ ജനസംഖ്യയുള്ള രാജ്യങ്ങളെയും. ഇപ്പോൾത്തന്നെ കരാർ, പാർട്ട് ടൈം, താൽക്കാലിക ജോലി, ഉത്പാദനത്തിൽ ഭാഗിക പങ്കാളിത്തം മാത്രമുള്ള ജോലി തുടങ്ങിയ രീതികളിലേക്ക് തൊഴിൽ രംഗം ചുവടുമാറിക്കഴിഞ്ഞു.
ലോകബാങ്കിന്റെ ‘ഡിജിറ്റൽ ലാഭവിഹിതം’ (Digital Dividends) എന്ന് പേരിട്ടിരിക്കുന്ന 2016-ലെ ലോക വികസന റിപ്പോർട്ട്, ഭയപ്പെടുത്തുന്ന ചില പ്രവചനങ്ങൾ നടത്തുന്നു. 69 ശതമാനം ഇന്ത്യൻ ജോലികളും 77 ശതമാനം ചൈനീസ് ജോലികളും 47 ശതമാനം യു.എസ് ജോലികളും OECD അംഗരാജ്യങ്ങളിലെ ശരാശരി 57 ശതമാനം ജോലികളും ഓട്ടോമേറ്റഡ് പ്രക്രിയകളും റോബോട്ടുകളും ഉപയോഗിച്ച് ഇല്ലാതാകാം എന്നാണ് അത് പറയുന്നത്. WEF-ന്റെ ‘ദ ഫ്യൂച്ചർ ഓഫ് ജോബ്‌സ്’ എന്ന വാർഷിക റിപ്പോർട്ട് – 2018-ൽ 12 പ്രധാന വ്യവസായങ്ങളിൽ സർവേ നടത്തി അവിടുത്തെ മൊത്തം ജോലി സമയത്തിന്റെ 71 ശതമാനം മനുഷ്യർ നിർവ്വഹിക്കുന്നതായും 29 ശതമാനം യന്ത്രങ്ങൾ ഉപയോഗിക്കുന്നതായും കണ്ടെത്തുകയുണ്ടായി. കേവലം നാല് വർഷത്തിനുള്ളിൽ (2022 ഓടെ) ഇത് മനുഷ്യർ നിർവഹിക്കുന്ന ജോലി 58 ശതമാനം സമയമായി മാറുമെന്ന് പ്രവചിച്ചിരുന്നു. നാലാം വ്യാവസായിക വിപ്ലവം മറ്റ് സാമൂഹിക-സാമ്പത്തിക, ജനസംഖ്യാപരമായ ഘടകങ്ങളുമായി ചേർന്ന് പ്രവർത്തിക്കുകയും എല്ലാ വ്യവസായങ്ങളിലും കൊണ്ടുവരുന്ന ബിസിനസ്സ് മോഡൽ മാറ്റത്തിന്റെ ഒരു കൊടുങ്കാറ്റ് തന്നെ സൃഷ്ടിക്കുമെന്നും തൊഴിൽ വിപണിയിൽ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുമെന്നും പറയുന്നു. കൂടാതെ ഇത് സ്ത്രീ-പുരുഷ തൊഴിലാളികളെ വ്യത്യസ്തമായി ആണ് ബാധിക്കുകയെന്നും ഈ റിപ്പോർട്ട് പറയുന്നു.
നീതി ആയോഗ് നടത്തിയ ഒരു പഠനം തന്നെ 2030 ഓടെ ഇന്ത്യയിലെ സംഘടിത മേഖലയിലെ 20 ശതമാനം മുതൽ 30 ശതമാനം വരെ ജോലികൾ ഓട്ടോമേഷൻ, AI സാങ്കേതികവിദ്യകൾ എന്നിവ കാരണം ഇല്ലാതാകാൻ സാധ്യതയുണ്ടെന്ന് പ്രവചിക്കുന്നുണ്ട്. ഇന്ത്യയിൽ താൽക്കാലിക, കരാർ ജോലികൾ മുഴുവൻ സമയ ജോലികളേക്കാൾ ഉയർന്ന നിരക്കിൽ ഇപ്പോൾത്തന്നെ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ, നാലാം വ്യാവസായിക വിപ്ലവത്തിന്റെ ഭാഗമായുള്ള സാങ്കേതികവിദ്യകളുടെ വരവ് മുഴുവൻ തൊഴിൽ വിപണിയെയും തടസ്സപ്പെടുത്തുമെന്ന് ഗുവാഹത്തിയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ സെന്റർ ഫോർ ലേബർ സ്റ്റഡീസ് ആൻഡ് സോഷ്യൽ പ്രൊട്ടക്ഷനിലെ അസിസ്റ്റന്റ് പ്രൊഫസർ രാജ്ദീപ് സിംഗ പറയുന്നു.
ഓക്‌സ്‌ഫോർഡ് സർവ്വകലാശാല നടത്തിയ ഒരു പഠനത്തിൽ, നിലവിലുള്ള ജോലികളിൽ 45 ശതമാനം അടുത്ത 10 വർഷത്തിനുള്ളിൽ ഇല്ലാതാകുമെന്നും അവയിൽ ചിലത് പൂർണ്ണമായും യന്ത്രവത്കരിക്കുകയോ അല്ലെങ്കിൽ വളരെ കുറഞ്ഞ മനുഷ്യശേഷി ആവശ്യമായി വരുന്ന ഒരു ഘട്ടത്തിലേക്ക് നവീകരിക്കപ്പെടുകയോ ചെയ്യുമെന്നും കണ്ടെത്തുകയുണ്ടായി. അടുത്ത പത്ത് വർഷത്തിനുള്ളിൽ ഓട്ടോമേഷൻ കാരണം പൂർണ്ണമായും അപ്രത്യക്ഷമായേക്കാവുന്ന ജോലികളുടെ പട്ടികയിൽ നിർമ്മാണ തൊഴിലാളികൾ, കാഷ്യർമാർ, ബാങ്ക് ടെല്ലർമാർ തുടങ്ങിയ പ്രവചിക്കാവുന്നവ മേഖലകൾ മാത്രമല്ല, ടെലിമാർക്കറ്റർമാർ, സ്റ്റോക്ക് വ്യാപാരികൾ, ട്രാവൽ ഏജന്റുമാർ എന്നിവരും ഉൾപ്പെടുന്നു. സാധാരണഗതിയിൽ നമ്മൾ കണക്കുകൂട്ടാത്ത നിർമ്മാണത്തൊഴിലാളികളും വെയിറ്റർമാരും, കർഷകരും പട്ടാളക്കാരും പോലുള്ള പരമ്പരാഗത തൊഴിലുകളും വംശനാശഭീഷണി നേരിടുന്നവയിൽ ഉൾപ്പെടുന്നു എന്നത് കാര്യങ്ങളുടെ ഗുരുതരാവസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
2017 ൽ മക്കിൻസി ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് (McKinsey Global Institute) തൊഴിൽ രംഗങ്ങളിലെ ഓട്ടോമേഷന്റെ സാധ്യതയും അതുണ്ടാക്കുന്ന ആഘാതവും തൊഴിലും മേഖലയും അനുസരിച്ച് വ്യത്യാസപ്പെടുന്നു എന്ന് ചൂണ്ടിക്കാട്ടുന്നു. യന്ത്രസാമഗ്രികൾ മനുഷ്യർ പ്രവർത്തിപ്പിക്കുന്ന മേഖലകൾക്കൊപ്പം തന്നെ സാങ്കേതികവിദ്യ ഉപയോഗിച്ച് കൂടുതൽ മികച്ചതും വേഗത്തിലും ചെയ്യാൻ കഴിയുന്ന മറ്റ് രണ്ട് തരം പ്രവർത്തനങ്ങളാണ് ഡാറ്റ ശേഖരിക്കുന്നതും പ്രോസസ്സ് ചെയ്യുന്നതും. ഇത് വലിയ തോതിലുള്ള തൊഴിലാളികളെ സ്ഥാനഭ്രഷ്ടരാക്കും-ഉദാഹരണത്തിന്, പാരാലീഗൽ ജോലി, അക്കൗണ്ടിംഗ്, ബാക്ക്-ഓഫീസ് ഇടപാട് പ്രോസസ്സിംഗ് തുടങ്ങിയവ. 2030 ഓടെ ഓട്ടോമേഷൻ വഴി 400 ദശലക്ഷത്തിനും 800 ദശലക്ഷത്തിനും ഇടയിൽ തൊഴിലവസരങ്ങൾ ഇല്ലാതാകുമെന്ന് ഈ പഠനം കണക്കാക്കുന്നു. 2030 ഓടെ ഇന്ത്യയുടെ തൊഴിൽ ശക്തി 30 ശതമാനം അല്ലെങ്കിൽ 138 ദശലക്ഷം ആളുകൾ വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഓട്ടോമേഷന്റെ പ്രത്യാഘാതങ്ങൾ നികത്താനുള്ള ജോലികൾ ആവശ്യത്തിന് സൃഷ്ടിച്ചാൽ മാത്രമേ രാജ്യത്തിന് അവരെ ഉൾക്കൊള്ളാൻ കഴിയൂ, റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
റോബോട്ടുള്ളപ്പോൾ എന്തിന് പണിയെടുത്ത് മുഷിയണം?
യന്ത്രവൽക്കരണം, നിർമ്മിത ബുദ്ധി, റോബോട്ടുകൾ തുടങ്ങിയവയിലൂടെ മനുഷ്യരുടെ ജോലിഭാരം കുറയും, കൂടുതൽ വിശ്രമം ലഭിക്കും, വിരസതയും കഠിനാധ്വാനവും ഉള്ള ജോലികൾ മനുഷ്യർ ചെയ്യേണ്ടിവരില്ല തുടങ്ങിയ മോഹന വാഗ്ദാനങ്ങളാണ് ഇതിന്റെ വക്താക്കൾ നൽകിക്കൊണ്ടിരിക്കുന്നു. മുൻപ് അലക്കുയന്ത്രം പോലുള്ള വീട്ടുപകരങ്ങൾ വന്നപ്പോൾ സ്ത്രീകൾക്ക് നൽകിയ സമാന വാഗ്ദാനങ്ങൾ ഓർക്കുക. (ജീവിതത്തിൽ മാറ്റം വന്നില്ല എന്നുമാത്രമല്ല, വീട്ടുജോലികൾ സ്ത്രീകൾക്കുള്ളതാണെന്നുള്ള ബോധവും പ്രചരിപ്പിച്ചു).
ഇപ്പോൾ ഒരു ദശാബ്ദത്തിനുള്ളിൽ വീട്ടുജോലികൾക്കായി ചെലവഴിക്കുന്ന സമയത്തിന്റെ 40 ശതമാനം ഓട്ടോമേറ്റ് ചെയ്യപ്പെടുമെന്ന് ഒരു പുതിയ പഠനം പറയുന്നു. കുട്ടികളെയോ പ്രായമായവരെയോ നോക്കുന്നതുപോലുള്ള പരിചരണം ഉൾപ്പെടുന്ന ജോലികളേക്കാൾ വീട്ടുജോലികൾ ഓട്ടോമേറ്റ് ചെയ്യാൻ എളുപ്പമാണ് എന്നും അത് വിശദീകരിക്കുന്നു. ഗാർഹിക ജോലികളുടെ ഓട്ടോമേഷൻ മറ്റ് കാര്യങ്ങൾക്കായി സമയം – പ്രത്യേകിച്ച് സ്ത്രീകളുടെ – സ്വതന്ത്രമാക്കുന്നതിലൂടെ സാമൂഹികവും സാമ്പത്തികവുമായ മാറ്റം ഉണ്ടാക്കും എന്ന പഴയ വാഗ്‌ദാനവും ആവർത്തിക്കപ്പെടുന്നുണ്ട്. പുതിയ ഗവേഷണമനുസരിച്ച്, ഈ സാങ്കേതികവിദ്യ സാധ്യമാക്കുന്ന മാറ്റങ്ങളിലൂടെ അടുത്ത ദശകത്തിനുള്ളിൽ തന്നെ ഓട്ടോമേഷനിലും AI യിലും നടക്കുന്ന പുരോഗതിയുടെ അടിസ്ഥാനത്തിൽ വീട്ടുജോലിയുടെ ഗണ്യമായ അനുപാതം റോബോട്ടുകൾക്ക് കൈകാര്യം ചെയ്യാൻ കഴിയും. 17 പൊതുവായ ഗാർഹിക ജോലികളുടെ പട്ടികയെ അടിസ്ഥാനമാക്കി, AI വിദഗ്ധരുടെ ഒരു പാനൽ 10 വർഷത്തിനുള്ളിൽ ഒരു ജോലിക്കു ചെലവഴിക്കുന്ന സമയത്തിന്റെ ശരാശരി 39 ശതമാനം ഓട്ടോമേറ്റ് ചെയ്യാമെന്ന് കണക്കാക്കുന്നു. അഞ്ച് വർഷത്തിനുള്ളിൽ, ഇപ്പോൾ ചെലവഴിക്കുന്ന സമയത്തിന്റെ നാലിലൊന്ന് ഓട്ടോമേറ്റ് ചെയ്യാനാകും. വാസ്തവത്തിൽ, ഗാർഹിക സേവന റോബോട്ടുകൾ – പ്രധാനമായും റോബോട്ടിക് വാക്വം ക്ലീനറുകളും മോപ്പുകളും – ഇതിനകം തന്നെ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന റോബോട്ടുകളായി മാറിയിരിക്കുന്നു.
മഹാമാരി തുണച്ച വ്യാപാരം
ഒട്ടുമിക്ക തരത്തിലുള്ള സേവന റോബോട്ടുകൾക്കുമുള്ള വിപണികൾ കോവിഡ് -19 വ്യാപകമാവുന്നതുവരെ വളരെ കുറവായിരുന്നു. സാമൂഹിക അകലം, യാത്ര വിലക്ക്, ലോക്ക് ഡൗൺ തുടങ്ങിയവ വന്നപ്പോൾ അത് സേവന റോബോട്ടുകളുടെ വിപണിയെ കുത്തനെ ഉയർത്തി. റോബോട്ടിക് അണുനാശിനി, റോബോട്ടിക് ലോജിസ്റ്റിക്‌സ് തുടങ്ങിയവയ്ക്ക് കൂടുതൽ ആവശ്യക്കാർ ഉണ്ടായി. വെയർഹൗസുകളിലും ഫാക്ടറികളിലും, ഹോം ഡെലിവറി സംവിധാനങ്ങളുമൊക്കെ സാമൂഹിക അകലം പാലിക്കാതെ പ്രവർത്തിക്കാവുന്ന റോബോട്ടുകൾക്കു കൂടുതൽ പ്രചാരവും സ്വീകാര്യതയും ലഭിച്ചു. കൂടാതെ അവയെ ക്വാറന്റൈനിലേക്ക് അയക്കുകയും വേണ്ട! കോവിഡ് കാലത്തെ നല്ല അവസരമായി കണ്ടുകൊണ്ട് (അങ്ങനെ ഒരു അവസരം ഉണ്ടാക്കിയതായും പറയപ്പെടുന്നു) ലോക മുതലാളിത്തം വരുത്തിയ മാറ്റങ്ങൾ തൊഴിൽ രംഗത്ത് മാത്രം ഒതുങ്ങി നിൽക്കുന്നതല്ല എന്നും ഓർക്കേണ്ടതുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, കാർഷിക മേഖല തുടങ്ങി സർവ്വ മേഖലകളിലും കോവിഡിന് മുൻപ് തുടർന്ന രീതികളിൽ മാറ്റം വരുത്തിക്കൊണ്ട് തങ്ങളുടെ അജണ്ടകൾ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ് സാമ്പത്തിക ശക്തികൾ. അതിന്റെ ഭാഗമായി ഇന്ത്യയിൽ കാർഷിക ബില്ലുകൾ കൊണ്ടുവന്നപ്പോൾ കർഷകരുടെ ശക്തമായ സമരം കൊണ്ട് മാത്രമാണ് അത് പിൻവലിക്കേണ്ടി വന്നത്. അതേസമയം നാളിതുവരെ നിലനിന്നിരുന്ന തൊഴിൽ നിയമങ്ങളിൽ കാതലായ മാറ്റങ്ങൾ വരുത്തിക്കൊണ്ടുള്ള പുതിയ തൊഴിൽ നിയമങ്ങൾ വലിയ പ്രക്ഷോഭങ്ങളുടെ അഭാവത്തിൽ നടപ്പിലാക്കാനും കഴിഞ്ഞു.
ലോക്ക്ഡൗണിന് ശേഷമുള്ള സാഹചര്യത്തിൽ ആഗോളതലത്തിൽ വൻതോതിൽ തൊഴിലവസരങ്ങൾ നഷ്‌ടപ്പെടുന്നത് കണക്കിലെടുക്കുമ്പോൾ, ഓട്ടോമേഷന്റെ ദ്രുതഗതിയിലുള്ള വർദ്ധനവിന്റെ അനന്തരഫലങ്ങൾ അചിന്തനീയമാണ്. വ്യാവസായിക രാജ്യങ്ങളിൽ ഓട്ടോമേഷൻ കൂടുതൽ വേഗത്തിലും വലിയ തോതിലും നടപ്പിലാക്കുന്നതിനാൽ, ഇത് ആഗോളതലത്തിൽ തൊഴിൽ കുടിയേറ്റത്തെ വലിയ അളവിൽ വെട്ടിക്കുറയ്ക്കും. ലോകത്തിലെ ഏറ്റവും വലിയ തൊഴിൽ കുടിയേറ്റം നടക്കുന്ന ഇന്ത്യയിൽ ഇത് വലിയ പ്രത്യാഘാതങ്ങൾക്കു വഴിവെക്കും.
ഇരുകയ്യും നീട്ടി സ്വീകരിച്ച ഇന്ത്യ
ഉദാരവത്കരണ നയങ്ങളെയും സ്വാകാര്യവത്കരണത്തെയും ഒളിഗാർഗിക് ക്യാപിറ്റലിസത്തെയും രാഷ്ട്രവികാസത്തിന്റെ മൂലമന്ത്രങ്ങളായി കണക്കാക്കുന്ന നരേന്ദ്രമോദി സർക്കാരിന് വേൾഡ് ഇക്കണോമിക് ഫോറം മുന്നോട്ടുവയ്ക്കുന്ന നയങ്ങളെ വിമർശനാതീതമായി സ്വീകരിക്കാൻ കഴിയുന്നതിൽ അത്ഭുതമൊന്നുമില്ല. 2018 ഒക്ടോബറിലാണ്, വേൾഡ് ഇക്കണോമിക് ഫോറം ഇന്ത്യാ ഗവൺമെന്റുമായി സഹകരിച്ച് പ്രവർത്തിക്കാൻ ‘ഇന്ത്യയിലെ നാലാമത്തെ വ്യാവസായിക വിപ്ലവത്തിനുള്ള കേന്ദ്രം’ നവി മുംബൈയിൽ തുറക്കുന്നത്. ലോകമെമ്പാടും സ്ഥാപിക്കപ്പെടുന്ന ഇത്തരം കേന്ദ്രങ്ങളുടെ ഇന്ത്യയിലെ ശൃംഖല പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു അനാച്ഛാദനം ചെയ്തത്.
തുടർന്ന് ഇന്ത്യയുടെ പരമോന്നത ആസൂത്രണ സ്ഥാപനമായ NITI (നാഷണൽ ഇൻസ്റ്റിറ്റിയൂഷൻ ഫോർ ട്രാൻസ്‌ഫോർമിംഗ് ഇന്ത്യ) ലോക സാമ്പത്തിക ഫോറവുമായി ചേർന്ന് പ്രവർത്തിക്കാനുള്ള നോഡൽ ഏജൻസിയായി നിയോഗിക്കപ്പെട്ടു. ‘നോഡൽ ഏജൻസി’ ഒരു നയത്തിന്റെയോ പ്രോഗ്രാമിന്റെയോ നടപ്പാക്കലിനോ മേൽനോട്ടത്തിനോ ചുമതലപ്പെടുത്തിയിരിക്കുന്ന ഒരു സ്ഥാപനത്തെയാണ് സൂചിപ്പിക്കുന്നത് എന്നത് പ്രത്യേക ശ്രദ്ധയർഹിക്കുന്നു. അതായത് WEF മുന്നോട്ടുവയ്ക്കുന്ന വ്യവസായ നയങ്ങളുടെ നടത്തിപ്പിന്റെ ചുമതലയായിരിക്കും ഇന്ത്യയുടെ പരമോന്നത ആസൂത്രണ സ്ഥാപനമായ NITI ആയോഗിന്റെ പങ്ക് എന്നർത്ഥം. ഇന്ത്യയിൽ നാലാം വ്യാവസായിക വിപ്ലവം നടപ്പിലാക്കുന്നതിനുള്ള പ്രധാന ഉത്തരവാദിത്തം ഹെവി ഇൻഡസ്ട്രീസ് വകുപ്പിന് കീഴിലുള്ള സമർത് ഉദ്യോഗ് ഭാരത് 4.0 (സ്മാർട്ട് അഡ്വാൻസ്ഡ് മാനുഫാക്ചറിംഗ് ആൻഡ് റാപ്പിഡ് ട്രാൻസ്ഫോർമേഷൻ ഹബ്ബുകൾ) എന്ന സംവിധാനത്തിനാണ്. ഇതിനു സഹായകരമാകുന്ന രീതിയിലാണ് ദേശീയ മാനുഫാക്ചറിംഗ് പോളിസിക്ക് (NMP) രൂപം നൽകിയിരിക്കുന്നത്. ഇത് GDP-യിൽ വ്യാവസായിക ഉൽപ്പാദനത്തിന്റെ പങ്ക് 25 ശതമാനമായി ഉയർത്താൻ ലക്ഷ്യമിടുന്നു.
സംശയാതീതം ഇന്ത്യ മുന്നോട്ട്
2020 മെയ് മാസത്തിൽ, കേന്ദ്ര ഘനവ്യവസായ മന്ത്രാലയം സ്മാർട്ട് അഡ്വാൻസ്ഡ് മാനുഫാക്ചറിംഗ് ആൻഡ് റാപ്പിഡ് ട്രാൻസ്ഫോർമേഷൻ ഹബ് (SAMARTH) പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഇത് ഉൽപ്പന്ന നിർമ്മാതാക്കളെയും വില്പനക്കാരെയും ഉപഭോക്താക്കളെയും ഒരുമിച്ച് നാലാം വ്യാവസായിക വിപ്ലവം സാധ്യമാക്കുന്ന സാങ്കേതികവിദ്യകളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിന് വേണ്ടിയാണ്. ഈ വർഷത്തെ ബജറ്റ് പ്രസംഗത്തിൽ, ഡ്രോൺ സേവനങ്ങളുടെ ഉപയോഗം സുഗമമാക്കുന്ന സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഡ്രോൺ ശക്തി ഉൾപ്പെടെയുള്ള പുതിയ നാലാം വ്യാവസായിക വിപ്ലവത്തെ അനുകൂലിക്കുന്ന പ്രോജക്ടുകൾ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. ഭൂമി സർവേ, കീടനാശിനികൾ തളിക്കൽ, ഭൂരേഖകൾ ഡിജിറ്റലൈസ് ചെയ്യൽ എന്നിവയിൽ ഡ്രോണുകൾ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ച് അവർ സംസാരിച്ചു. വിദ്യാഭ്യാസ മേഖലയിൽ, ഓൺലൈൻ പരിശീലനത്തിലൂടെ നൈപുണ്യത്തിനും പുനർ നൈപുണ്യത്തിനും വേണ്ടി Digital Ecosystem for Skilling and Livelihood Stacks Ecosysystem ത്തിനും രൂപം നൽകുമെന്ന് അവർ പ്രഖ്യാപിച്ചു. (സ്റ്റാക്ക്സ് നെറ്റ്‌വർക്കിന്റെ ഗവേഷണം, വികസനം, വളർച്ച, വിദ്യാഭ്യാസം എന്നിവയ്ക്കുവേണ്ടി പ്രവർത്തിക്കുന്ന ഒരു വികേന്ദ്രീകൃത സ്വതന്ത്ര സ്ഥാപനമാണ് സ്റ്റാക്ക്സ് ഇക്കോസിസ്റ്റം.) നൈപുണ്യ സമ്പാദന പ്രക്രിയ സുതാര്യവും കാര്യക്ഷമവുമാക്കാൻ നിർദ്ദിഷ്ട ഇക്കോസിസ്റ്റം ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ ഉപയോഗിക്കും. ഇന്ത്യയിൽ വിവിധ മേഖലകളിൽ നാലാം വ്യാവസായിക വിപ്ലവത്തിന്റെ പാതയിലേക്ക് അതിവേഗം നടന്നുനീങ്ങുന്നതിന് ധാരാളം ഉദാഹരണങ്ങൾ ഉണ്ട്. ബംഗളൂരു ആസ്ഥാനമായുള്ള ത്രോട്ടിൽ എയ്‌റോസ്‌പേസ് സിസ്റ്റംസിലെ (Throttle Aerospace Systems) എഞ്ചിനീയർമാർ നഗരത്തിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള ഗൗരിബിദാനൂരിൽ (Gauribidanur) രോഗികൾക്ക് 2 കിലോഗ്രാം വരെ ഭാരമുള്ള മരുന്നുകൾ എത്തിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഡ്രോണുകൾ ഈ അടുത്തകാലത്ത് പരീക്ഷിച്ചിരുന്നു.
വളരെ സങ്കീർണ്ണമായ വെർച്വൽ മോഡലുകൾ സൃഷ്ടിക്കുന്നതിനുള്ള ഡിജിറ്റൽ ഇരട്ട (digital twin) സാങ്കേതികവിദ്യയും ഇന്ത്യ വികസിപ്പിക്കുന്നുണ്ട്. അത് ഒരു ഭൗതിക വസ്തുവിന്റെ കൃത്യമായ പ്രതിരൂപമായ (അല്ലെങ്കിൽ ഇരട്ട) ആണ്. അത് ഒരു കാർ, കെട്ടിടം അല്ലെങ്കിൽ ഒരു വ്യക്തി പോലും ആകാം. കഴിഞ്ഞ ഫെബ്രുവരി 19 ന്, കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ജിതേന്ദ്ര സിംഗ് 100 സ്മാർട്ട് സിറ്റികൾക്കായി ജെനസിസ് ഇന്റർനാഷണൽ മുൻകൈയെടുത്തു ചെയ്യുന്ന പാൻ-ഇന്ത്യ 3D മാപ്പ് പ്രോഗ്രാമിന് തുടക്കം കുറിച്ചിരുന്നു. ഒരു നഗരം മുഴുവൻ സങ്കീർണ്ണമായ വിശദാംശങ്ങളോടെ മാപ്പ് ചെയ്യാൻ കമ്പനി പദ്ധതിയിടുന്നു. അതുവഴി ഡ്രൈവറില്ലാത്ത കാറുകൾ പോലെയുള്ള നിരവധി പദ്ധതികൾ നടപ്പിലാക്കാൻ എളുപ്പമാകും. നാലാം വ്യാവസായിക വിപ്ലവം വിഭാവനം ചെയ്തതുപോലെ പൂർണ്ണമായും സാങ്കേതിക ബന്ധിതമായ ജീവിതത്തിലേക്കുള്ള ആദ്യപടിയാണിത്.
അതുപോലെ 1.4 ദശലക്ഷം തൊഴിലവസരങ്ങളുള്ളതും ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിലുടമയും ലോകത്തിലെ എട്ടാമത്തെ വലിയ തൊഴിലുടമയുമായ ഇന്ത്യൻ റെയിൽവേയിൽ നടക്കുന്ന മാറ്റങ്ങൾ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ്. റെയിൽവേ സ്റ്റേഷനുകളിൽ ടിക്കറ്റ് വിതരണത്തിനായി വെൻഡിംഗ് മെഷീനുകൾ ഏർപ്പെടുത്തുന്നതിനെതിരെയും ട്രെയിൻ ട്രാക്കുകളുടെ അറ്റകുറ്റപ്പണികളുടെ പൊതുവായ ഓട്ടോമേഷനെതിരെയും ഇന്ത്യൻ റെയിൽവേയിലെ ജീവനക്കാർ ഇതിനകം തന്നെ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. ആ ജോലികളിൽ ഭൂരിഭാഗവും ഇപ്പോൾ ഇല്ലാതാവാനാണ് സാധ്യത. സാങ്കേതികവിദ്യകൾ വളർച്ച പ്രാപിക്കുമ്പോൾ, എഞ്ചിനീയർമാർ, ഡാറ്റാ സയന്റിസ്റ്റുകൾ, മെയിന്റനൻസ് വർക്കർമാർ തുടങ്ങിയ വിഭാഗങ്ങളിലെ തൊഴിലാളികളുടെ ആവശ്യകതയും ചുരുങ്ങുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 81,000 തസ്തികകൾ സറണ്ടർ ചെയ്യാനുള്ള നിർദ്ദേശത്തിന്റെ തുടർച്ചയായി ഇന്ത്യൻ റെയിൽവേ കഴിഞ്ഞ ആറ് വർഷത്തിനിടെ കുറഞ്ഞത് 72,000 ഗ്രൂപ്പ് സി, ഡി തസ്തികകൾ നിർത്തലാക്കിയിരുന്നു. 2015 മുതൽ 2021 വരെയുള്ള കാലയളവിൽ 16 റെയിൽവേ സോണുകൾ 56,888 തസ്തികകൾ സറണ്ടർ ചെയ്യുകയുണ്ടായി.
മുൻ മാതൃകകളില്ലാത്ത മാറ്റം
നാലാം വ്യാവസായിക വിപ്ലവം മുന്നോട്ടുവയ്ക്കുന്ന മാറ്റം കേവലം മൂന്നാം വ്യാവസായിക വിപ്ലവത്തിന്റെ തുടർച്ചയായി മാത്രം കാണാൻ കഴിയുന്നതല്ല. ഇത് തികച്ചും വ്യത്യസ്തമായ ഒരു ലോകത്തിന്റെ വരവിനെ പ്രതിനിധാനം ചെയ്യുന്ന ഒന്നാണ്. അതിന്റെ വേഗത, വ്യാപ്തി, സിസ്റ്റങ്ങളുടെ സ്വാധീനം, അതുണ്ടാക്കുന്ന സാമൂഹ്യ സാംസ്കാരിക സാമ്പത്തിക മാറ്റങ്ങൾ എന്നിവയ്ക്ക് ചരിത്രപരമായ ഒരു മാതൃകയില്ല. മുൻ വ്യാവസായിക വിപ്ലവങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, നാലാമത്തേത് രേഖീയ തലത്തെക്കാൾ എക്സ്പോണൻഷ്യൽ ദിശയിലാണു വികസിക്കുന്നത്.
സമ്പദ്‌വ്യവസ്ഥയിൽ സാങ്കേതികവിദ്യകളുടെ സ്വാധീനത്തെക്കുറിച്ച് പഠിച്ച, സാമ്പത്തിക വിദഗ്ധരായ എറിക് ബ്രൈൻജോൾഫ്‌സണും ആൻഡ്രൂ മക്കാഫിയും (Erik Brynjolfsson and Andrew McAfee) നാലാം വ്യാവസായിക വിപ്ലവം സമൃദ്ധി കൊണ്ടുവരുമെന്ന് പറയുമ്പോൾത്തന്നെ അത് വലിയ അസമത്വം സൃഷ്ടിക്കുമെന്നും പറയുന്നുണ്ട്. ഒന്നാം വ്യാവസായിക വിപ്ലവം വലിയ സമ്പത്ത് സൃഷ്ടിച്ചപ്പോൾ തന്നെ മലിനീകരണവും രോഗവും ബാലവേലയും ചൂഷണവും കൊണ്ടുവന്നു. സമ്പദ്‌വ്യവസ്ഥയിലുടനീളം തൊഴിലാളികൾക്ക് പകരം ഓട്ടോമേഷൻ വരുമ്പോൾ മൂലധനത്തിലേക്കുള്ള വരുമാനവും അധ്വാനത്തിലേക്കുള്ള വരുമാനവും തമ്മിലുള്ള അന്തരം വർദ്ധിപ്പിക്കും. അസമത്വം നാലാം വ്യാവസായിക വിപ്ലവവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ സാമൂഹിക ആശങ്കയായി നിലനിൽക്കുന്നു. നവീകരണത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ബൗദ്ധികവും ഭൗതികവുമായ മൂലധനത്തിന്റെ ദാതാക്കളാണ്, അതായത് പുതിയ സാങ്കേതികവിദ്യയുടെ ഉൽപ്പാദകർ, ഓഹരി ഉടമകൾ, നിക്ഷേപകർ തുടങ്ങിയവർ. ഇത് മൂലധനത്തെയും അധ്വാനത്തെയും ആശ്രയിക്കുന്നവർ തമ്മിലുള്ള സമ്പത്തിന്റെ വർദ്ധിച്ചുവരുന്ന വിടവിനു കാരണമാകും. ഈ കാര്യം WEF തന്നെ സൂചിപ്പിക്കുന്നുണ്ട്.
യു.എസിലെ മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (MIT) മെക്കാനിക്കൽ എഞ്ചിനീയറിംഗ് പ്രൊഫസർ ഡേവിഡ് ഹാർഡ് (David Hardt,) പറയുന്നത്, ഡാറ്റ പിടിച്ചെടുക്കാനും സംഭരിക്കാനും പ്രചരിപ്പിക്കാനും മോഡൽ ചെയ്യാനുമുള്ള കഴിവാണ് നിലവിലെ വിപ്ലവത്തിന് ഇന്ധനം നൽകുന്നതെന്നും നാലാം വ്യാവസായിക വിപ്ലവവുമായി ബന്ധപ്പെട്ട മിക്ക സാങ്കേതികവിദ്യകളും ഡാറ്റയുടെ പ്രയോഗത്തെ ചുറ്റിപ്പറ്റിയാണ് എന്നുമാണ്. മാനേജ്‌മെന്റ് സ്ഥാപനമായ ബോസ്റ്റൺ കൺസൾട്ടിങ്ങിന്റെ (Boston Consulting) അഭിപ്രായത്തിൽ, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ബിഗ് ഡാറ്റ, ഓഗ്‌മെന്റഡ് റിയാലിറ്റി, സിസ്റ്റം ഇന്റഗ്രേഷൻ, ഓട്ടോണമസ് റോബോട്ടുകൾ, സൈബർ സുരക്ഷ, സിമുലേഷൻ (simulation), അഡിറ്റീവ് മാനുഫാക്ചറിംഗ് (Additive Manufacturing), ഇൻറർനെറ്റ് ഓഫ് തിംഗ്സ് (IoT) എന്നിങ്ങനെ ഒമ്പത് സാങ്കേതികവിദ്യകളുടെ ഒരു ശേഖരമാണ് നാലാം വ്യാവസായിക വിപ്ലവം എന്നാണ്. ഇതിനെ പിന്താങ്ങുന്ന ഭാവിവാദികൾ (futurists) എന്ന് സ്വയം വിളിക്കുന്ന ഒരു കൂട്ടം സാങ്കേതിക വിദഗ്ധർ, നിർമ്മിത ബുദ്ധിയും മറ്റ് അനുബന്ധ സാങ്കേതികവിദ്യകളും ഭാവിയിൽ മനുഷ്യനെ മെച്ചപ്പെടുത്തുമെന്ന് അവകാശപ്പെടുന്നുമുണ്ട്.
2029-ഓടെ നിർമ്മിത ബുദ്ധി മനുഷ്യന്റെ ബുദ്ധിയെ മറികടക്കുമെന്നും 2045-ഓടെ മനുഷ്യർ തങ്ങളുടെ ബുദ്ധിയെ നിർമ്മിത ബുദ്ധിയുമായി ലയിപ്പിക്കുമെന്നും അങ്ങനെ അതിന്റെ ശക്തി ബില്യൺ മടങ്ങ് വർദ്ധിക്കുമെന്നും ഗൂഗിളിന്റെ എഞ്ചിനീയറിംഗ് ഡയറക്ടറും ഫ്യൂച്ചറിസ്റ്റുമായ റേ കുർസ്‌വെയിൽ (Ray Kurzweil) വിശ്വസിക്കുന്നു. ഡിജിറ്റലും ഭൗതികവും ജൈവശാസ്ത്രപരവും ആയ ഘടകങ്ങൾ എല്ലാം ഒന്നാകുന്ന ഈ പ്രതിഭാസത്തെ അദ്ദേഹം ഏകത്വം (singularity) എന്ന് വിളിക്കുന്നു.
ഹോക്കൈഡോ യൂണിവേഴ്‌സിറ്റിയിലെ നരവംശശാസ്ത്രജ്ഞയായ സൂസൻ ക്ലിയൻ (Susanne Klien), വളർച്ചയ്ക്ക് ശേഷം ജപ്പാനിൽ ഉടലെടുത്ത ‘ബദൽ ജീവിതശൈലി’കളെക്കുറിച്ച് കുറച്ച് വർഷങ്ങളായി പഠിക്കുന്നു. സുരക്ഷിതമായ ദീർഘകാല തൊഴിൽ നഷ്ടം വ്യക്തികളെ ദീർഘകാല ആസൂത്രണം, ഭാവിക്കുവേണ്ടിയുള്ള കരുതൽ ഒക്കെ ഉപേക്ഷിച്ചു വർത്തമാനത്തിൽ മാത്രം ജീവിക്കാൻ പ്രേരിപ്പിക്കുന്നുവെന്നു ചൂണ്ടിക്കാട്ടുന്നു. ഉറപ്പില്ലാത്തതും അജ്ഞാതവും അതിവേഗം മാറിക്കൊണ്ടിരിക്കുന്നതുമായ ഭാവിയെ പ്രതിരോധിക്കാനുള്ള ഏക മാർഗ്ഗമാണതെന്ന് അവർക്കു തോന്നുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അരക്ഷിതാവസ്ഥ, ഉത്കണ്ഠ, പ്രവചനശേഷി നഷ്ടപ്പെടൽ എന്നിവ മൂലമുണ്ടാകുന്ന ഒരു വൈകാരിക അവസ്ഥയെ സൂചിപ്പിക്കുന്ന ‘അനിശ്ചിതത്വം’ (precarity) ആണ് യുവാക്കൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്കെന്നും അദ്ദേഹം പറയുന്നു. ഈ അവസ്ഥ ജപ്പാനിൽ മാത്രം സംജാതമായിരിക്കുന്ന ഒന്നല്ല. മാത്രവുമല്ല നാലാം വ്യാവസായിക വിപ്ലവം ഇതിനെ കൂടുതൽ സങ്കീർണ്ണമാക്കുകയുമാണ്.
ന്യൂനപക്ഷത്തിന് ഗുണകരമാകുന്ന വിപ്ലവം
നാലാം വ്യാവസായിക വിപ്ലവം എന്ന് കേൾക്കുമ്പോൾ സമൂഹത്തിലെ എല്ലാവിഭാഗം ആളുകളുടെയും ജീവിതത്തെ ഗുണകരമായി മാറ്റുന്ന ഒന്ന് എന്ന ധാരണ മിഥ്യയാണെന്നു ഇതിനകം തന്നെ പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാൽ തൊഴിൽ രംഗത്തെ ഓട്ടോമേഷനെക്കുറിച്ചുള്ള ചർച്ചകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ആഘോഷത്തോടെയാണ് ആധിപത്യം സ്ഥാപിക്കുന്നത്. ആധുനിക മുതലാളിത്തം അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്‌നങ്ങളും സാങ്കേതിക വിദ്യയിലൂടെ പരിഹരിക്കപ്പെടും എന്ന പൊതു ധാരണയും ഇതുണ്ടാക്കിയിട്ടുണ്ട്. സാങ്കേതികവിദ്യ എന്നത് സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ടു നിൽക്കുന്ന ഒന്നല്ലെന്നും, അത് സാമൂഹിക യാഥാർത്ഥ്യങ്ങൾക്കകത്താണ് നിലനിൽക്കുന്നതെന്നും അതിനാൽ അതിനുമാത്രം വിപ്ലവം കൊണ്ടുവരാൻ പറ്റില്ലെന്നും സെന്റർ ഫോർ ഇന്റർനെറ്റ് ആൻഡ് സൊസൈറ്റി യിലെ മുതിർന്ന ഗവേഷകനായ ആയുഷ് രതി (Aayush Rathi) ചൂണ്ടിക്കാട്ടുന്നു. ബംഗ്ലാദേശിലെ വസ്ത്രനിർമ്മാണ ശാലകളിലെ ഓട്ടോമേഷൻ പ്രത്യേകിച്ച് സ്ത്രീകൾക്കിടയിൽ വ്യാപകമായ തൊഴിൽ നഷ്ടത്തിന് കാരണമായപ്പോൾ ഇത് ജർമ്മനിയിലെ തൊഴിലാളികളുടെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുകയാണുണ്ടായതെന്നു അദ്ദേഹം വിശദീകരിക്കുന്നു. ഇപ്പോൾ പുതിയ സാങ്കേതികവിദ്യ വ്യക്തിതലത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചാണ് കൂടുതലും ചർച്ച നടക്കുന്നതെന്നും സമൂഹത്തെ പലരീതിയിൽ എങ്ങനെ ബാധിക്കുന്നെന്ന് സമഗ്രമായി ചർച്ച ചെയ്യപ്പെടുന്നില്ലെന്നും അദ്ദേഹം പറയുന്നു. വരും ദിവസങ്ങളിൽ അഞ്ചാമത്തെയും ആറാമത്തെയും ഏഴാമത്തെയും വ്യാവസായിക വിപ്ലവം പോലും ആളുകൾ പ്രവചിക്കുന്നതിനാൽ ഇത്തരം ചർച്ചകൾ നിർണായകമാകും. 2022 ജനുവരിയിൽ ജേർണൽ ഓഫ് ഇന്നൊവേഷൻ ആൻഡ് നോളഡ്ജിൽ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പ്രബന്ധം, മനുഷ്യരും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകളും തമ്മിലുള്ള സഹകരണമായ അഞ്ചാം വ്യാവസായിക വിപ്ലവത്തെക്കുറിച്ച് പറയുന്നുണ്ട്. ഓട്ടോഡെസ്കിന്റെ സ്ഥാപകനായ ജോൺ വാക്കർ സ്വയം പകർത്തുന്ന യന്ത്രങ്ങളെ ആറാമത്തെ വ്യാവസായിക വിപ്ലവമായും തന്മാത്രാ തലത്തിലുള്ള വസ്തുക്കളുടെ എഞ്ചിനീയറിംഗിനെക്കുറിച്ച് ഏഴാം വ്യാവസായിക വിപ്ലവമായും പ്രവചിക്കുന്നു.
കൂടാതെ നിർമ്മിത ബുദ്ധിയുടെ അൽഗോരിതങ്ങൾക്ക് അവയുടെ ഡെവലപ്പർമാരുടെ പക്ഷപാതങ്ങളെ പ്രതിഫലിപ്പിക്കാനും കഴിയും. ഇത് ചില വിഭാഗങ്ങളോടുള്ള വിവേചനത്തിലേക്ക് നയിക്കുമെന്നും പലരും ചൂണ്ടിക്കാട്ടുന്നു. ഇത് അന്യായമായ നിയമന രീതികൾക്കും തൊഴിൽ വിപണിയിൽ നിലവിലുള്ള അസമത്വങ്ങൾ ശാശ്വതമാക്കുന്നതിനും ഇടയാക്കും. നിർമ്മിത ബുദ്ധിക്കു പക്ഷപാതങ്ങൾ ഇല്ലെന്ന വാദത്തെ തിരുത്തുന്നതാണ് പാശ്ചാത്യ എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യകൾക്ക് ആഫ്രിക്കൻ, ഏഷ്യൻ ആളുകളെ തെറ്റായി തിരിച്ചറിയാനുള്ള സാധ്യത കൂടുതലാണെന്ന് കാണിക്കുന്ന നിരവധി പഠനങ്ങൾ. ഈ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന ഡാറ്റയിലെ പക്ഷപാതമാണ് ഇതിന് കാരണം. ഇനി മുഖം തിരിച്ചറിയൽ കൃത്യത പാലിച്ചാലും വംശീയവും ആക്ടിവിസ്റ്റ് വിരുദ്ധവുമായ നിരീക്ഷണത്തിന്റെ (surveillance) നീണ്ട ചരിത്രമുള്ള ഒരു നിയമ നിർവ്വഹണ സംവിധാനത്തെ അത് ശാക്തീകരിക്കുകയും മുമ്പുണ്ടായിരുന്ന അസമത്വങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യും.
അവഗണിക്കപ്പെടുന്ന സുസ്ഥിര മാർഗ്ഗങ്ങൾ
വ്യവസായ വിപ്ലവത്തിന്റെയും മുതലാളിത്തത്തിന്റെയും ഫലമായി ഉടലെടുത്ത കാലാവസ്ഥാ വ്യതിയാനം, സാമൂഹ്യ അസമത്വം തുടങ്ങിയ പ്രതിസന്ധികളെ നേരിടാൻ സമ്പൂർണ്ണമായ വ്യവസ്ഥാ മാറ്റത്തിനുവേണ്ടിയുള്ള മുറവിളികൾ ഒരു ഭാഗത്തു ഉയരുമ്പോഴാണ് ലോക മുതലാളിത്തം അതിന്റെ വഴിയിലേക്കുതന്നെ ലോകത്തെ വലിച്ചിഴയ്ക്കുന്നത്. എന്നിരുന്നാലും ഗാന്ധി മുന്നോട്ടുവച്ച ഗ്രാമ സ്വരാജ്, വികേന്ദ്രീകരണം, ജെ.സി കുമരപ്പ മുന്നോട്ടു വച്ച നിലനിൽപ്പിന്റെ സമ്പദ്‌വ്യവസ്ഥ, മാർക്‌സും അംബേദ്ക്കറും മുന്നോട്ടുവച്ച സാമൂഹ്യനീതി തുടങ്ങിയ സുസ്ഥിര പരിഹാര മാർഗ്ഗങ്ങൾ അവഗണിച്ചുകൊണ്ട് എത്രകാലം നമ്മുടെ രാജ്യത്തിന് വേൾഡ് ഇക്കണോമിക് ഫോറം പോലുള്ള മുതലാളിത്ത സ്ഥാപനങ്ങൾ പറയുന്ന വഴിയിലൂടെ സഞ്ചരിക്കാൻ കഴിയും എന്ന് കാത്തിരുന്നു കാണാം.