AI: ജോലി പോകുമോ, മനുഷ്യ ബുദ്ധി വേണ്ടാതാകുമോ?

നി‍ർമ്മിത ബുദ്ധിയുടെ (Artificial intelligence, AI) ഭാഗമായുള്ള ജനറേറ്റീവ് എ.ഐ ടൂളുകൾ ഇപ്പോൾ വലിയ പ്രചാരം നേടിയിട്ടുണ്ടല്ലോ. ഏറെ ജനപ്രിയമായിക്കൊണ്ടിരിക്കുന്ന ഒരു എ.ഐ അധിഷ്‌ഠിത പ്രോഗ്രാമാണ് ചാറ്റ് ജിപിടി. ഇന്റർനെറ്റ് പൊതുസഞ്ചയത്തിൽ ലഭ്യമായ സകല വിവരങ്ങളും ഉപയോഗിച്ച് പരിശീലിപ്പിച്ച് ഓപ്പൺ എഐ കൺസോർഷ്യം ഈയിടെ പുറത്തിറക്കിയ ഒരു സംവിധാനമാണിത്. സാധ്യതകൾ വിപുലീകരിച്ചുകൊണ്ട് പല പുതിയ മേഖലകളിലേക്കും എ.ഐ ടൂളുകൾ ഈവിധം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ മറുവശത്ത് ഇതിന്റെ സാമൂഹിക പ്രതിഫലനം ഏതെല്ലാം തരത്തിലായിരിക്കും എന്ന ആശങ്കകളും ഉയരുന്നുണ്ട്. ഇത് തൊഴിൽ കളയുകയാണോ അതോ ജോലി എളുപ്പമാക്കുകയാണോ എന്ന സംശയങ്ങളും നിലനിൽക്കുന്നു. ഈ പശ്ചാത്തലത്തിൽ വിപ്ലവകരമായ ഈ സാങ്കേതികവിദ്യയുടെ സാമൂഹിക ആഘാതം എന്താണ് എന്ന് അന്വേഷിക്കുകയാണ് കേരളീയം.

ജനറേറ്റീവ് എ.ഐ ടൂളുകളുടെ വ്യാപനത്തോടെ പല മേഖലകളിൽ പ്രവ‍ർത്തിക്കുന്നവ‍ർക്കും തൊഴിൽ നഷ്ടപ്പെടാൻ സാധ്യതയുള്ളതായാണ് കാണപ്പെടുന്നത്. ഇത് ഒരു പുതിയ ലോകക്രമം തന്നെ സൃഷ്ടിക്കും. ഈ പുതിയ ലോകത്തെ തൊഴിൽ നഷ്ടപ്പെട്ടവ‍ർ എങ്ങനെയാവും അഭിമുഖീകരിക്കുക ? ഈ സാഹചര്യത്തോട് ഭരണകൂടങ്ങൾ എങ്ങനെയാണ് പ്രതികരിക്കാൻ പോകുന്നത് ? നിലവിൽ വിദ്യാ‍ർത്ഥികളായ യുവതലമുറയുടെ തൊഴിൽ ജീവിതത്തെ എ.ഐ ടൂളുകൾ എങ്ങനെയാവും നി‍ർണ്ണയിക്കുക ? ഈ ചോദ്യങ്ങളെ മുൻനിർത്തി ജനറേറ്റീവ് എ.ഐ ടൂളുകളുടെ സാധ്യതകളും പരിമിതികളും വെല്ലുവിളികളും വിദ​ഗ്ധർ വിലയിരുത്തുന്നു.

ജ്യോതി ജോൺ
(കംപ്യൂട്ടർ എഞ്ചിനീയർ, പ്രിൻസിപ്പൽ, കോളേജ് ഓഫ് എഞ്ചിനീയറിം​ഗ്, അടൂർ)

ആ‍ർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന വാക്ക് പണ്ടെങ്ങനെയോ വന്നതാണ്. ഇതിനകത്ത് ഇന്റലിജൻസ് ഒന്നുമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. സത്യത്തിൽ ഈ ചാറ്റ് ജിപിടി തന്നെ ഒരു ഉത്തരം തരുമ്പോൾ അത് കാര്യം മനസ്സിലാക്കിക്കൊണ്ടുള്ള ഒരു ഉത്തരമല്ല. സ്റ്റാറ്റിസ്റ്റിക്കലി സിഗ്നിഫിക്കന്റ് ആയിട്ടുള്ള വാക്കുകൾ എല്ലാം ചേ‍ർത്ത് ഒരു ടെക്സ്റ്റ് ആക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇത് ഒരു ഇന്റലിജന്റ് ഡിവൈസ് ആണ് എന്നൊരു തെറ്റിദ്ധാരണയുണ്ട്. തലച്ചോറിന്റെ ഘടനയുമായി ഒരു ഉപരിപ്ലവമായ സാമ്യതയുണ്ട്. പക്ഷെ അതിനകത്ത് തലച്ചോറിലുള്ളത് പോലെയുള്ള ന്യൂറൽ നെറ്റവർക്ക് ഒന്നുമില്ല. അതുമാത്രമല്ല തലച്ചോർ പ്രവ‍ർത്തിക്കും പോലെ പ്രവ‍ർത്തിക്കുന്നു എന്നു പറയുന്നതൊന്നും ഒരു അ‍ർത്ഥവുമുള്ള കാര്യമല്ല. സമവാക്യങ്ങളുടെ ഒരു വലിയ ശൃംഘലയല്ലാതെ ഇതൊന്നുമല്ല. ഈ രീതിയിൽ ഇന്റലിജൻസ് നിർമ്മിക്കാൻ പറ്റുമെന്ന് എനിക്ക് വിശ്വാസമില്ല.

Dall-E സൃഷ്ടിച്ച AI ജനറേറ്റഡ് ഇമേജ്

ജനറേറ്റീവ് എ.ഐ വരുന്നതോടെ തീ‍ർച്ചയായിട്ടും ഒരുപാട് ജോലികൾ ആവശ്യമില്ലാത്തതായി മാറും, അല്ലെങ്കിൽ അവയ്ക്ക് മനുഷ്യാധ്വാനം വലുതായി വേണ്ടിവരില്ല. ഉത്പാദനക്ഷമത കൂടും. പക്ഷെ എ.ഐ ടൂളുകൾ ഉപയോഗിക്കുമ്പോൾ തൊഴിൽ നഷ്ടം ഉണ്ടാകും എന്നതിൽ സംശയമില്ല. സർ​ഗാത്മകത ആവശ്യമില്ലാത്ത ജോലികൾ ഇല്ലാതാകും. തൊഴിൽ നഷ്ടത്തേക്കാൾ സർക്കാരുകൾ അഭിമുഖീകരിക്കേണ്ട വിഷയം എന്ന് ഞാൻ കരുതുന്നത് ഇതിലെ അധികാര കേന്ദ്രീകരണമാണ്. ഓപ്പൺ എ.ഐയും ചാറ്റ് ജിപിടിയും എല്ലാം നിയന്ത്രിക്കുന്നത് വലിയ കോർപ്പറേറ്റുകളാണ്. വലിയ കോ‍ർപ്പറേറ്റുകൾക്കു മാത്രം പ്രാപ്തമാകുന്ന വിഭവങ്ങളാണ് ഇതിന് വേണ്ടത്. ഗൂഗിളും മൈക്രോസോഫ്റ്റും ഉൾപ്പെടെയുള്ള ധനശേഷിയുള്ള കോ‍ർപ്പറേറ്റുകൾക്ക് മാത്രമെ ഇതിന് ആവശ്യമായ ചെലവ് വഹിക്കാനാവൂ. ഇങ്ങനെ വരുമ്പോൾ അറിവ് ഇവരുടെ കുത്തകയായി മാറാനുള്ള സാധ്യത ഇതിലുണ്ട്. ഇതാണ് നമ്മൾ അഭിമുഖീകരിക്കേണ്ടത്.
ഡിജിറ്റൽ ഡിവൈഡ് ഇല്ലാതാക്കാൻ വേണ്ടി ഗവൺമെന്റ് പല പദ്ധതികളും കൊണ്ടുവന്നു. പക്ഷെ ഗവൺമെന്റിനു പോലും ഇതുപോലത്തെ ഒരു സംവിധാനം കൊണ്ടുവരാനാകില്ല. ഇതിന് ബദലായി BLOOM എന്ന ഒരു ലാർജ് ലാംഗ്വേജ് മോഡൽ ഇപ്പോൾ നി‍ർമ്മിക്കപ്പെട്ടിട്ടുണ്ട്. അത് ഓപ്പൺ സോഴ്സ് ആണ്. ബ്ലൂ കോള‍ർ ജോലികൾ അല്ല നഷ്ടപ്പെടാൻ പോകുന്നത്. വൈറ്റ് കോള‍ർ ജോലികൾ തന്നെയാവും. അത് തടയാനൊന്നും ആ‍ർക്കും പറ്റില്ല.

എന്നാൽ ഇതുവഴി സമൂഹത്തെ ഏറ്റവും സാരമായി ബാധിക്കുന്ന പ്രശ്നമായി ഞാൻ കാണുന്നത് അറിവധികാരം കോർപ്പറേറ്റുകളിലേക്ക് കേന്ദ്രീകരിക്കുന്നു എന്നതാണ്. ഇപ്പോൾ ഫ്രീയായി നൽകപ്പെടുന്നതെല്ലാം പെയ്ഡ് ആയി മാറാൻ സാധ്യതയുണ്ട്. അറിവ് മുഴുവൻ കോർപ്പറേറ്റുകൾ നിയന്ത്രിക്കുന്ന ഒരു സാഹചര്യമുണ്ടാവും.
പലയാളുകളും ഇന്ന് പല വ്യാജ വാർത്തകളും വിശ്വസിക്കുന്നത് അത് ഇന്റർനെറ്റിൽ ഉള്ളതുകൊണ്ടാണ്. ഇതുപോലെ ചാറ്റ് ജിപിടി തരുന്ന ഉത്തരങ്ങളും പൂർണ്ണമായും സത്യമാണ് എന്ന തോന്നലുണ്ടാവും. എന്നാൽ ഇത് ട്രെയിൻ ചെയ്യാൻ ഉപയോഗിക്കുന്ന ഡാറ്റ തന്നെ പക്ഷപാതപൂർണ്ണമായിരിക്കാം. അമേരിക്കയിൽ അത് കുടിയേറ്റക്കാർക്ക് എതിരായിരിക്കാം. ഇന്ത്യയിൽ ആണെങ്കിൽ അത് ജാതീയമായിരിക്കാം. ഇന്ത്യയെ പോലെ ഇത്രയും അസമത്വങ്ങളുള്ള ഒരിടത്ത് വരുമ്പോൾ അത് ഏതൊക്കെ രൂപത്തിലാണ് ഉപയോഗിക്കുന്നത് എന്നത് വളരെയധികം കരുതൽ വേണ്ട കാര്യമാണ്. എ.ഐ നൈതികതയ്ക്ക് വേണ്ടി ഒരു കൃത്യമായ പോളിസി രൂപീകരിച്ച്, എ.ഐ പ്രൊഡക്റ്റുകളെല്ലാം കൃത്യമായി മോണിറ്റ‍ർ ചെയ്ത് റെഗുലേറ്റ് ചെയ്യപ്പെടേണ്ടതാണ്.

മറ്റൊരു കാര്യം എക്സപ്ലൈനബിളിറ്റിയാണ്. അതായത് എ.ഐ ഒരു ഉത്തരം തരുന്നു, എന്നാൽ ആ ഉത്തരത്തിലേക്ക് എങ്ങനെ എത്തിച്ചേ‍ർന്നു എന്നതിന് തെളിവില്ല. എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നത് എന്ന് ആ‍ർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡിവൈസുകളിൽ വിശദീകരിക്കാൻ കഴിയുകയില്ല. ആ‍ർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രകാരം എന്തെങ്കിലും ഒരു തീരുമാനം എടുക്കുമ്പോൾ എന്തുകൊണ്ടാണ് ആ തീരുമാനം എടുത്ത്ത് എന്ന് നമുക്കറിയാൻ ഒരു മാ‍ർഗവും ഇല്ല. വിധി എഴുതാനുള്ള എളുപ്പവഴിയായും മറ്റുമൊക്കെ ഇത് നിയമസംവിധാനത്തിൽ ഉപയോഗിക്കാൻ തുടങ്ങുമ്പോൾ ഇങ്ങനെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകാം.

മറ്റൊരു പ്രശ്നം അതിന്റെ ഭൂരിഭാഗവും ഇംഗ്ലീഷിൽ ആയിരിക്കും എന്നതാണ്. മലയാളം പോലെയുള്ള പ്രാദേശിക ഭാഷയിൽ ഓൺലൈൻ ഡാറ്റ കുറവായിരിക്കും. ഇതിന്റെ ഗുണമേന്മ വർദ്ധിക്കുന്നത് ഡാറ്റ കൂടുമ്പോഴാണ്. അതുകൊണ്ടുതന്നെ പ്രാദേശിക ഭാഷകൾ പ്രതിനിധീകരിക്കപ്പെടാതെ പോകും. കാരണം അത്തരം ഭാഷകളിൽ ഡിജിറ്റൽ ആയുള്ള വിവരങ്ങൾ വളരെ കുറവായിരിക്കും. ആ ഭാഷ മാത്രം അറിയാവുന്ന ആളുകൾക്ക് കിട്ടുന്ന ഉത്തരങ്ങളുടെ ഗുണമേന്മ വളരെ കുറവായിരിക്കാം. അത് മെച്ചപ്പെട്ടേക്കാം. ഇത്തരം ഭാഷകളിൽ എങ്ങനെ ഉള്ളടക്കങ്ങൾ വ‍ർദ്ധിപ്പിക്കാം എന്നത് ഒരു ഗവേഷണമേഖലയായി വരാം. യൂറോപ്യൻ രാജ്യങ്ങളിൽ ഈ ഒരു പ്രശ്നം ഉണ്ടാവില്ല, എന്നാൽ ഏഷ്യൻ, കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ അതുണ്ടാവും.

അതുപോലെ തന്നെ വിദ്യാഭ്യാസം എന്നാൽ എന്താണെന്ന് പുനരാലോചിക്കേണ്ടിവരും. അധ്യാപനത്തിന്റെ പരമ്പരാഗത രീതികൾക്ക് അതൊരു ഭീഷണിയാണ്. പുസ്തകങ്ങൾ സാ‍ർവത്രികമാകുന്നതിന് മുമ്പ് ശ്ലോകങ്ങളിൽ കൂടിയാണ് പഠിപ്പിച്ചിരുന്നത്. എന്നാലെ ഓ‍ർത്തിരിക്കാൻ കഴിയൂ. എന്നാൽ നമ്മൾ ഇന്നും ഏതാണ്ട് അതേ രീതിയാണ് പിന്തുടരുന്നത്. ഒരു കണക്കിന് വിദ്യാഭ്യാസ സമ്പ്രദായം നവീകരിക്കപ്പെടാൻ ചാറ്റ് ജിപിടി ഒരു കാരണമാകുമെങ്കിൽ അത് ഒരു നല്ല കാര്യമാണ്.

രവീന്ദ്രൻ കസ്തൂരി
(​ഗ്രൂപ്പ് സി.ഇ.ഒ, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി)

ഏതുതരത്തിലുള്ള സാങ്കേതികവിദ്യയിലെ മാറ്റവും നിലനിൽക്കുന്ന തൊഴിലുകളെയും തൊഴിൽ രീതികളെയും ബാധിക്കുന്നതാണ്. എന്നാൽ ചാറ്റ് ജിപി.ടി പോലെയുള്ള പുതിയ ടെക്നോളജികൾ എങ്ങനെയാണ് തൊഴിലുകളെ ബാധിക്കുക? പരമ്പരാഗതമായ, മടുപ്പിക്കുന്ന ഡോക്യുമെന്റിങ് ജോലികളൊക്കെ ഭൂരിഭാഗവും ഇല്ലാതാവും. അത്തരം ഡോക്യുമെന്റുകൾ ആളുകൾക്ക് എ.ഐയുടെ സഹായത്തോടെ സ്വയം ചെയ്തെടുക്കാൻ കഴിയും. അതിനായുള്ള വിദ​ഗ്ധാഭിപ്രായം ലഭിക്കും. അതേസമയം അതി വിദ​ഗ്ധമായ തൊഴിലുകൾ ചെയ്യുന്നവരെ ഇത് അത്രത്തോളം ബാധിക്കുകയില്ല. ആ രീതിയിലേക്ക് ഇത് എത്തണമെങ്കിൽ കുറേക്കാലം എടുക്കും. എന്നാൽ ഒരു ശരാശരി റേഞ്ചിൽ ആവർത്തന വിരസമായ ജോലികൾ ചെയ്യുന്ന ആളുകളെ ഇത് ബാധിക്കാൻ സാധ്യതയുണ്ട്. വിരസമായ അത്തരം തൊഴിലുകൾ ഇല്ലാതെയാവും. ഒരുകണക്കിന് അത് നല്ലതാണല്ലോ, ആളുകൾക്ക് ഇത്തരം മടുപ്പിക്കുന്ന തൊഴിലുകൾ ചെയ്യേണ്ടി വരില്ല. അതേസമയം പുതിയ തൊഴിലുകൾ വരുകയും ചെയ്യും. പണ്ടുള്ള തൊഴിലുകൾ അല്ലല്ലോ ഇപ്പോൾ ഉള്ളത്. ടൈപ്പ്റൈറ്റിങ് മാത്രം അറിയാവുന്ന ആളുകളുടെ ആവശ്യകത ഇന്ന് കുറഞ്ഞു. അതേസമയം ഗ്രാഫിക്സ് ഒക്കെ ചെയ്യാൻ കഴിയുന്ന ആളുകളുടെ ആവശ്യകത കൂടി. ടെക്നോളജിയുടെ ചരിത്രം അങ്ങനെയാണ്. ടെക്നോളജി കൊണ്ട് ആകെ മൊത്തം എണ്ണം കുറയുകയില്ല, അത് കൂടുകയാണ് ചെയ്യുന്നത്. എന്നാൽ ഒരേതരം ജോലി ചെയ്യുന്ന ആളുകൾക്ക് അതു തന്നെ തുടർന്നുകൊണ്ടുപോകാൻ കഴിയില്ല.

ചാറ്റ് ജിപിടി ഇപ്പോൾ സൗജന്യമാണെങ്കിലും എത്രകാലം ഇങ്ങനെ തുടരും എന്ന് പറയാനാവില്ല. എങ്കിലും അത് വളരെയേറെ ഉപകാരപ്രദമായിരിക്കും. കേരളം ഒരു ഉദാഹരണമായി എടുക്കുകയാണെങ്കിൽ ഭാഷയാണ് ഒരുപാട് പേരുടെ പ്രയാസം. പലർക്കും ഒരു ഔദ്യോ​ഗിക ലെറ്റർ അയയ്ക്കാൻ വളരെ വിഷമമാണ്. എങ്ങനെയാണ് എഴുതേണ്ടത് എന്നറിയില്ല. ചാറ്റ് ജിപിടി പോലെയുള്ള എ.ഐ ടൂളുകളിൽ, കണ്ടന്റ് നൽകിയാൽ മാത്രം മതി മനോഹരമായ ഒരു ലെറ്റർ നിങ്ങൾക്ക് ലഭിക്കും. സാധാരണക്കാരായ ആളുകൾക്ക് ഇത് വളരെയേറെ ഗുണംചെയ്യും. സാധാരണ ആളുകൾ എന്നു പറഞ്ഞാലും അവർക്ക് മൗലികമായ കഴിവുകൾ ഉണ്ടാവും. നല്ല കഴിവുണ്ടായിട്ടും നന്നായി ഭാഷ ഉപയോഗിക്കാനാവാത്തവർക്ക് അത് പ്രകടിപ്പിക്കാനും ലാഭമുണ്ടാക്കുവാനും കഴിഞ്ഞു എന്നു വരില്ല. എന്നാൽ ഇങ്ങനെയുള്ള എ.ഐ സിസ്റ്റം ഉപയോഗപ്പെടുത്തുമ്പോൾ അവർക്ക് ഒരു പുതിയ ലോകം തന്നെ തുറന്നുകിട്ടും. 

ഇങ്ങനെയുള്ള ടൂളുകൾ വരുമ്പോൾ ജനങ്ങളുടെ ആവശ്യങ്ങൾ കൂടും. അപ്പോൾ അതിന് അനുശ്രിതമായിട്ടുള്ള വൈദ​ഗ്ധ്യം ആവശ്യമായി വരും. അങ്ങനെയാണ് ടെക്നോളജി വളരുന്നതും പുതിയ അവസരങ്ങളും പുതിയ തൊഴിലുകളും സൃഷ്ടിക്കപ്പെടുന്നതും. തൊഴിലുകളുടെ എണ്ണം എപ്പോഴും കൂടിക്കൊണ്ടിരിക്കും. പക്ഷെ വ്യത്യസ്തമായ ശേഷികൾ ആവശ്യമായി വരും. വിരസമായ തൊഴിലുകൾ ചെയ്യുന്നവർക്ക് റീ-സ്കില്ലിങ്ങിനെ കുറിച്ച് ചിന്തിക്കേണ്ടതായി വരും. സർക്കാർ ഇതിനെ ഒരു പ്രശ്നമായി പരിഗണിക്കേണ്ടതുണ്ട്. ഒരുപാട് പേർക്ക് തീർച്ചയായും തൊഴിൽ നഷ്ടമുണ്ടാവും, പുതിയ തരം തൊഴിലുകൾ വരും. പക്ഷെ എന്താണ് പ്രശ്നം എന്നുവച്ചാൽ, ഇന്നത്തെ നിലയിൽ ഇതിന് ഒരു പരിഹാരമില്ല. സർക്കാർ തന്നെ ഇത്തരം ടൂളുകൾ ഉപയോഗിച്ച് മാറുകയും ആളുകളെ റീ-സ്കിൽ ചെയ്യാനും അപ്-സ്കിൽ ചെയ്യാനും സഹായിക്കുകയും വേണം. അങ്ങനെ ഒരു സിസ്റ്റം ഇപ്പോൾ ഇവിടെയില്ല. അതിന് ഒരു പരിഹാരം കൊണ്ടുവരേണ്ടതാണ്.

പണ്ടൊക്കെ പഠിച്ചു കഴിഞ്ഞ് ജോലി കിട്ടിയാൽ പിന്നെ പഠിത്തം ഇല്ല. പുതിയ കാലത്ത് പഠനം അവസാനിക്കുന്നേയില്ല, പഠനം അവസാനിക്കുന്നിടത്ത് നിങ്ങൾ അപകടത്തിലായിത്തീരു. നിങ്ങളുടെ ജോലി അപകടത്തിലാകും. കാരണം ജോലി മാറിക്കൊണ്ടേയിരിക്കുകയാണ്. നമ്മൾ അത് തുടർച്ചയായി സ്കിൽ അപ്ഗ്രേഡ് ചെയ്തിട്ടില്ല എങ്കിൽ നമ്മൾ പുറത്താകും. സ്വാഭാവികമായും നമ്മുടെ ആവശ്യകത കുറഞ്ഞു വരും. ഈ ഒരവസ്ഥയെ സർക്കാർ മനസ്സിലാക്കേണ്ടതുണ്ട്. ഇപ്പോഴുള്ള പുതിയ തലമുറ വ്യത്യസ്തമായ തൊഴിലുകൾ ചെയ്യേണ്ടതായി വരും. കാരണം മൂന്ന്-നാല് വർഷം കൂടുമ്പോൾ അവർക്ക് പുതിയ സ്കില്ലുകൾ കിട്ടികൊണ്ടിരിക്കണം. അതിനുവേണ്ടി നമ്മുടെ വിദ്യാഭ്യാസ രീതി തന്നെ മാറ്റണം. ഓ‍ർമ്മശേഷിയെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസത്തിന് പകരമായി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പുതിയ പരിഹാരങ്ങൾ കണ്ടെത്തുന്നതിനും പ്രാധാന്യം കൊടുക്കുന്നവിധമുള്ള ഒരു പുതിയ വിദ്യാഭ്യാസ രീതിയിലേക്ക് നമ്മൾ വളരണം.

അനിവർ അരവിന്ദ്
(ഐ.ടി വിദ​ഗ്ധൻ)

ജനറേറ്റീവ് എ.ഐ എന്നുള്ളത് ഒരു വലിയ ഫ്രെയിമാണ്. ചാറ്റ് ജി.പി.ടി പറയുന്നത് സംഭാഷണപരമായ എ.ഐയെ കുറിച്ചാണ്. സംഭാഷണരൂപത്തിലുള്ള എ.ഐ ടൂളുകളുടെ ആവിർഭാവം കഴിഞ്ഞ കുറച്ചു കാലമായി കണ്ടുവരുന്നതാണ്. ഇമേജ് ജനറേഷൻ മുന്നേ വന്നിട്ടുണ്ട്. വിവരണം അനുസരിച്ച് പ്രയത്നിക്കാൻ വേണ്ടി ഒരു സിസ്റ്റത്തെ പ്രാപ്തമാക്കുന്ന രീതിയാണിത്. അതിന് വേണ്ടുന്ന പരിശീലനം ഡാറ്റ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. പക്ഷെ ഈ പരിശീലന ഡാറ്റ എവിടെ നിന്നും വരുന്നു എന്നൊരു ചോദ്യമുണ്ട്. ഇന്റർനെറ്റ് എന്ന് പറയുന്നത് ലോകത്തെ അറിവുകളുടെ ആകെത്തുകയാണ് എന്ന് പറയാറുണ്ട്, വിക്കിപീഡിയ എന്നുള്ളത് മനുഷ്യരുടെ അറിവുകളുടെ ആകെത്തുകയാണ് എന്നും പറയാറുണ്ട്. ഇത്തരത്തിലുള്ള ഡാറ്റ എന്ന് പറയുന്നത് എന്താണ് ? പലർക്കും പകർപ്പവകാശമുള്ള, അല്ലെങ്കിൽ പൊതു മണ്ഡലത്തിലേക്ക് മാറ്റപ്പെട്ട അല്ലെങ്കിൽ സ്വതന്ത്രമാക്കപ്പെട്ട പല തരത്തിലുള്ള വിവരങ്ങളുടെ സംഭരണത്തിലൂടെയാണ് ഇന്റർനെറ്റ് നിലനിൽക്കുന്നത്.

ചാറ്റ് ജിപിടിയുടെ ഒരുവശം എന്താണെന്നുവച്ചാൽ അവർ ഇന്റർനെറ്റ് പരതി ഇതെല്ലാം പഠിച്ചെടുക്കുകയാണ്. ഇങ്ങനെ പഠിച്ചെടുത്തതിന്റെ ഭാഗമായി ഒരു ടെക്സ്റ്റ് ഉണ്ടാക്കുമ്പോൾ ഈ എഞ്ചിൻ പറയുന്നത് ഒരുപാട് പേരുടെ അറിവിൽ നിന്നും സ്വാംശീകരിച്ച അറിവാണ്. ചാറ്റ് ജിപിടി ഇത് ചെയ്യുമ്പോൾ ഉള്ളടക്കത്തിന്റെ യഥാർത്ഥ ഉടമസ്ഥർക്ക് യാതൊരു അം​ഗീകാരവും കിട്ടുന്നില്ല. ശരിക്കും എന്താണ് ചാറ്റ് ജിപിടി പോലുള്ള എഞ്ചിനുകൾ ചെയ്യുന്നത് ? അത് ഓപ്പൺ ആണ് എന്ന് പറയുമ്പോൾ തന്നെയും അതിന്റെ രൂപകല്പനയിൽ വിട്ടുപോയ ഒരു ഭാഗം എന്ന് പറയുന്നത് ഒരുപാട് അധ്വാനിച്ച ലേഖകരെയും, ചരിത്രപരമായുള്ള കോപ്പി എഴുത്തുകാരെയും അവഗണിച്ചുകൊണ്ട് പുതിയ ഔട്ട്പുട്ട് ഉണ്ടാക്കുന്നു എന്നതാണ്. ക്രിയേറ്റീവ് കണ്ടന്റ് ജനറേഷന്റെ ഭാ​ഗമായ ഒരുപാട് ജോലി സാധ്യതകളെ നഷ്ടപ്പെടുത്തുക എന്നതും ഇതിന്റെ ഭാഗമായി ഉണ്ടാവുന്നുണ്ട്.

എ.ഐയും തൊഴിലും എന്നത് വലിയ പ്രശ്നമാണ്. തൊഴിലിന്റെ ഭാവി എന്ന രീതിയിൽ നോക്കുമ്പോൾ, അത് വളരെ ​ഗൗരവത്തോടെ നോക്കിക്കാണേണ്ട ഒന്നാണ്. ഒരു പുതിയ എഞ്ചിൻ ഒരുപാട് സാധ്യതകൾ കൊണ്ടുവരുമ്പോൾ മറുവശത്ത് അത് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ആര് അഭിമുഖീകരിക്കും ചെയ്യും ? പത്ത് മില്ല്യൺ ഉപയോക്താക്കാളിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന ഒരു പ്ലാറ്റ്ഫോം എന്ന നിലയ്ക്ക് ഈ പ്ലാറ്റ്ഫോം സ്വയമേവ ഉണ്ടാക്കുന്ന ആഘാതങ്ങൾ വളരെ വലുതാണ്. ആ ആഘാതങ്ങളെ അഡ്രസ് ചെയ്യേണ്ട ബാധ്യത ആ പ്ലാറ്റ്ഫോമിന് ഇല്ല താനും. ഞാൻ പറയുന്നത്, പല ടെക്നോളജിയും ലോകം മാറ്റാം എന്നൊക്കെ വിചാരിച്ച് തന്നെയാണ് നിർമ്മിക്കപ്പെടുക. എന്നാൽ അതിന്റെ എല്ലാ ആഘാതങ്ങളും നിർമ്മാതാക്കൾ അഭിമുഖീകരിക്കണം എന്നില്ല. ഒരു ടെക്നോളജിയുടെ സാമൂഹിക ആഘാതം എന്താണ് എന്ന ഒരു ചോദ്യമുണ്ട്. അത് പോസിറ്റീവ് ആയിട്ടുണ്ടാവും നെഗറ്റീവ് ആയിട്ടുണ്ടാവും. പുതിയ പ്രശ്നങ്ങൾ തീർച്ചയായും ഉയർന്നുവരാം. അത് അഭിമുഖീകരിക്കേണ്ടത് ആരാണ്, എങ്ങനെയാണ് എന്നൊക്കെയാണ് പുതിയതായി വരുന്ന ചോദ്യങ്ങൾ.

കടപ്പാട്: nypost.com

ഭരണകൂടങ്ങൾ അഭിമുഖീകരിക്കേണ്ട പുതിയതരം പ്രശ്നങ്ങൾ വരും. ജോലി അതിലൊന്നാണ്. അതല്ലെങ്കിൽ ചാറ്റ് ജിപിടി വിദ്വേഷമുള്ള കണ്ടന്റ് നിർമ്മിച്ചാൽ അത് ക്രമസമാധാന പ്രശ്നമായി മാറും. ഇത്തരത്തിലുള്ള ട്രെയിനിങ് സൈറ്റുകളുടെ മറ്റൊരു പ്രശ്നം അത് പറയുന്ന ഉത്തരം അതിനെ പഠിപ്പിച്ച ഡാറ്റയുടെ പുറത്തായിരിക്കും എന്നതാണ്. ഉദാഹരണത്തിന് ഇന്ത്യയിലെ വിചാരണത്തടവുകാരുടെ ഡാറ്റ ചാറ്റ് ജിപിടിയെ പഠിപ്പിച്ചിട്ടുണ്ടെങ്കിൽ എന്താണ് ഉണ്ടാവുക ? ഇന്ത്യയിലെ വിചാരണത്തടവുകാരിൽ ഏറ്റവും കൂടുതൽ ഉള്ളത് ദലിതരും, മുസ്ലീങ്ങളും ആണ്. അതിനർത്ഥം അവർ കൂടുതൽ കുറ്റം ചെയ്യുന്നു എന്നുള്ളതല്ല. ഇതേസമയം ചാറ്റ് ജിപിടി പോലുള്ള ഒരു എഞ്ചിൻ പ്രെഡിക്ടീവ് പോലീസിങ്ങിന് ഉപയോഗിക്കുകയാണെങ്കിൽ, നിലവിലുള്ള എൻ.സി.ആർ.ബി (നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോ) ഡാറ്റയാണ് ഇത്തരത്തിലുള്ള ഒരു പ്രെഡിക്ടീവ് എഞ്ചിനെ പഠിപ്പിക്കുന്നതെങ്കിൽ അത് കൊടുക്കുന്ന ഉത്തരം എത്രമാത്രം വിവേചനപരമായിരിക്കും എന്ന് ഊഹിക്കാവുന്നതാണ്.  ഈ ഒരു പ്രെഡിക്ടീവ് പോലീസിങ്ങ് എന്നത് എപ്പോൾ വേണമെങ്കിലും തുടങ്ങാം എന്ന ആശങ്കയുണ്ട്. കാരണം കാത്തി ഓ നൈലിന്റെ വെപ്പൺസ് ഓഫ് മാസ് ഡിസ്ട്രക്ഷൻ പോലയുള്ള പുസ്തകങ്ങൾ ഓ‍‍ർക്കേണ്ടതുണ്ട്. എന്തുകൊണ്ട് കറുത്തവർ​ഗക്കാർക്കെതിരെ സ്വഭാവികമായി കൂടുതൽ വിവേചനം വരുന്നു? ആ രീതിയിൽ അൽഗോരിതം എങ്ങനെ ഉണ്ടാകുന്നു എന്നൊക്കെയുള്ള പഠനങ്ങൾ നടന്നിട്ടുണ്ട്. ഇത്തരം പുതിയ പ്രശ്നങ്ങൾ ഒരുവശത്ത് വരുന്നുണ്ട്, അതേസമയത്ത് സാങ്കേതികവിദ്യ തന്നെ വളരെ പുരോ​ഗമനപരമാണ്. നിങ്ങൾക്ക് കുറഞ്ഞ സമയം  കൊണ്ട് ഒരുപാട് ഉള്ളടക്കം നിർമ്മിക്കാൻ കഴിയും. രണ്ട് വശവും ഇതിനുണ്ട്. ഞാൻ പറയുന്നത് ഇത് ഒരിക്കലും ബ്ലാക്ക് ആന്റ് വൈറ്റ് അല്ല. അതുകൊണ്ട് തന്നെ ഇത് ഒഴിവാക്കാനാവില്ല. ഇതൊരു കണ്ടുപിടുത്തം തന്നെയാണ്. പുതിയ കണ്ടെത്തലുകൾ സാമൂഹിക മാറ്റം ഉണ്ടാക്കും. ആ സാമൂഹിക മാറ്റത്തെ ആര് അഭിമുഖീകരിക്കും എങ്ങനെ അഭിമുഖീകരിക്കും അതിന്റെ സാമൂഹികമായ ആഘാതങ്ങൾ എങ്ങനെയായിരിക്കും ? ഈ ചോദ്യങ്ങൾ ഇപ്പോഴും അവശേഷിക്കുന്നു.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

March 11, 2023 10:52 am