നഷ്ടവർഷത്തിന്റെ പഞ്ചാംഗം അഥവാ ഭീതിയുടെ വലയങ്ങൾ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

മനുഷ്യസമൂഹത്തിന് ഇത് വിളവെടുപ്പുത്സവകാലമാണ്. പൂർവ്വികർ തുടങ്ങിവെച്ച, നമ്മൾ വച്ചനുഭവിക്കുന്ന, പലതരം നന്മതിന്മകളുടെ വിളവെടുപ്പുകൾ. ഒരേസമയം നന്മതിന്മകളുടെ വിളവെടുപ്പിന് പറ്റിയതെല്ലാം ഒന്നിച്ചാണ് വന്നുചേർന്നത്. ലോകം മുഴുവൻ, കറുപ്പിനും വെളുപ്പിനുമിടയിൽ ചിതറിക്കിടക്കുന്ന മനുഷ്യരെല്ലാം ഒന്നാണെന്ന് ഒരുപക്ഷെ ആദ്യമായി തിരിച്ചറിഞ്ഞ കാലം കൂടിയാണ് കടന്നുപോകുന്നത്. കോവിഡിന് ആ തരത്തിൽ ഒരു നല്ല നമസ്‌കാരം പറയാം. ഭാഷാ-വർഗ്ഗ-വർണ്ണ വ്യത്യാസങ്ങൾക്കപ്പുറം വിനിമയ സാധ്യതയുള്ള ഒന്നാണ് മനുഷ്യശരീരമെന്ന തിരിച്ചറിവിനും നമസ്‌കാരം. അത്ര എളുപ്പത്തിൽ നശിപ്പിക്കാൻ കഴിയാത്ത ജീവിസമൂഹമായി മനുഷ്യൻ മാറിയിരിക്കുന്നു എന്ന അറിവ് മാത്രമാണ് അപകടകരം. യുദ്ധാനന്തരം എന്നതുപോലെ, കോവിഡാനന്തരമെന്ന ചൊല്ലിൽ പലതുമുണ്ട്. ലോകത്തിന് വേഗം കൂടി എന്നതുപോലെ തന്നെ, കൂടുതൽ പരിസ്ഥിതി ലോലവുമായിരിക്കുന്നു. കീഴ്‌മേൽമറിഞ്ഞ കാലാവസ്ഥയും ഋതുക്കളുമൊക്കെയായി മനുഷ്യന്റെ വിളവെടുപ്പിൽ കണ്ണീര് കലരുന്നുണ്ട്. കൊയ്ത്തുപാട്ടിന് ഒരു ദുഃഖച്ഛവിയുണ്ടെന്ന് കേട്ടാലറിയാം. നാഗരികമായ പ്രളയങ്ങളുടെ (Urban flood) ഈണവും വരികളും നാഗരികം തന്നെ. ഇത് കൊച്ചി മുസരീസ് ബിനാലെയിൽ പ്രദർശിപ്പിക്കുന്ന വാസുദേവൻ അക്കിത്തത്തിന്റെ നഷ്ടവർഷത്തിന്റെ പഞ്ചാംഗം (Almanac of a Lost Year), അകലം (The Distance) എന്നീ കലാസൃഷ്ടികൾക്കുള്ള ആമുഖമാണ്. കോവിഡുകാല ആകാംക്ഷകളുടെയും ആശങ്കകളുടെയും ഒരു ചിത്രശാലയാണ് വാസുദേവൻ അക്കിത്തത്തിന്റെ പ്രദർശനം. 365 ദിനരാത്രങ്ങളെ അത്ര തന്നെ ലഘു ആഖ്യാനങ്ങളാക്കിയ നഷ്ടവർഷത്തിന്റെ പഞ്ചാംഗം ദൃശ്യക്കുറിപ്പു (Visual Dairy) കളുടെ ഘടനയിലാണ് ഒരുക്കിയിരിക്കുന്നത്. ഓരോ ദിവസവും മനസിൽ കടന്നുകൂടിയ ഒരു ചിന്തയോ ബിംബമോ ഒറ്റയിരുപ്പിൽ വരച്ചതിൻ സാക്ഷ്യമാണ് ഓരോ ആഖ്യാനവും.

നഷ്ടവർഷത്തിന്റെ പഞ്ചാംഗം പ്രദർശനത്തിൽ നിന്നും

പൊടുന്നനെ പ്രവേശനമില്ലാതായിപ്പോയ ലോകത്തിലാണ് ഓരോ മനുഷ്യന്റെയും കോവിഡുകാലം പുലർന്നത്. കൂട്ടമെന്ന വാക്യത്തിന് ഒരു വിപരീതജീവിതമുണ്ടെന്ന് തിരിച്ചറിഞ്ഞതിന്റെ ആഘാതങ്ങളിലാണ് ഓരോ ചിത്രത്തിന്റെയും പിറവി. കാഴ്ചകളും ദർശനങ്ങളും സ്വപ്‌നങ്ങളും വാർത്തകളുമൊക്കെയായി കെട്ടുകഥകളുടെയും യാഥാർത്ഥ്യങ്ങളുടെയും ലോകം തഴച്ചുവളർന്നതിന്റെ തിണർപ്പുകൾക്കാണ് നഷ്ടവർഷത്തിന്റെ പഞ്ചാംഗം ദൃശ്യത നൽകുന്നത്. ദർശിക്കാനാവുന്ന തത്വചിന്തയുടെ മുഴക്കങ്ങൾക്കിടയിലാണ് ഓരോ ചിത്രവും ഇടംപിടിക്കുക. തത്വചിന്തയെ കാണുനാകുമോ എന്ന ചോദ്യത്തിന് ആവും എന്ന് ധൈര്യമായി പറയാനും മാത്രം ആഴമുള്ള ജലച്ഛായ രചനകൾ. കൊല്ലാത്തത് നമ്മെ വളർത്തുമെന്നാണ് (What doesn’t kill you, makes you stronger) നീഷേ പറഞ്ഞുവെച്ചത്. കോവിഡ് നമ്മളെ കൊന്നില്ലെന്ന് മാത്രമല്ല, പനപോലെ വളർത്തുമെന്നും ചുരുക്കം. ഫിലോസഫിക്കലാകുക എന്നതിന് ചില പ്രശ്‌നങ്ങളുണ്ട്. ഫിലോസഫി പറയാനുള്ളത് മാത്രമാണോ എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യങ്ങളിലൊന്ന്. എങ്ങനെയാണ് ഫിലോസഫി ജീവിതത്തിൽ പ്രവർത്തിക്കുക? ഒരു ചിത്രകാരന്റെ ഫിലോസഫി അയാളുടെ രചനകളിൽ നിന്നല്ലാതെ എങ്ങനെ വായിച്ചെടുക്കാനാകും. ഫിലോസഫിക്കലായ കാഴ്ചക്കാരന് ദുർബലമായ രചനപോലും ഫിലോസഫിക്കലായി അനുഭവിക്കാനാവും എന്നൊരു സാധ്യത കൂടിയുണ്ട്. ഫിലോസഫി കാണുന്നവന്റെ കണ്ണിലാണോ മനസിലാണോ എന്ന് ചോദിച്ച് തർക്കിക്കാം. കാഴ്ചയുടെ സൗന്ദര്യശാസ്ത്രം കാഴ്ചയിലൂടെ മാത്രം രൂപപ്പെടുന്നതും കാഴ്ചക്കാരന് മാത്രം അനുഭവിക്കാനാവുന്നതുമാണ്. എത്രമേൽ സമയം കലാസൃഷ്ടിയുമായി സംവദിക്കുന്നു, അതെത്രമേൽ ആഴത്തിൽ അനുഭവവേദ്യമാക്കുന്നു എന്ന ചോദ്യങ്ങളിൽ മാത്രമാണ് സാംഗത്യമുള്ളത്. ഒരു ദിവസംകൊണ്ട് നടത്തുന്ന ബിനാലെ പര്യടനം നിങ്ങളിലെ കാണിയെ എത്രമേൽ ഉണർത്തുമെന്ന ചോദ്യവും ഇവിടെ ഉയരാം. കലാസൃഷ്ടികൾ കാഴ്ചക്കാരന്റെ സംവേദനക്ഷമതയെ ചോദ്യം ചെയ്യുമെന്ന കാര്യത്തിൽ തർക്കം വേണ്ട.

പ്രദർശനത്തിൽ നിന്നും

കാഴ്ച ചരിത്രപരമായി നിർമ്മിക്കപ്പെട്ട ഒന്നാണെന്ന വാദം മുന്നോട്ടുവയ്ക്കുന്നത് കലാസിദ്ധാന്തകരാണ്. കണ്ണും കാഴ്ചയും അത്ര നിഷ്‌കളങ്കമായ ഒന്നല്ല എന്ന് സാരം. ചരിത്രം ഏൽപ്പിക്കുന്ന മുറിവുകൾ, ഭയാശങ്കകൾ, പരിവർത്തനങ്ങൾ, ഒഴിവാക്കലുകൾ, അവഗണനകൾ എന്നിങ്ങനെ പലതിലും കൂടി കടന്നുകൂടിയ ഒരു കണ്ണാണ്‌\കാഴ്ചയാണ് കലാസൃഷ്ടിയെ നോക്കിക്കാണുന്നത്. ആ കണ്ണ് പലതും കാണുകയും ഒഴിവാക്കുകയും ചെയ്യും. അതിന്റെ സാധ്യതകളിലും അസാധ്യതകളിലുമാണ് കലാസൃഷ്ടി നിലനിൽക്കുന്നത്. നിങ്ങളിലെ കാണിയെ നവീകരിക്കാൻ, നിരന്തരം ചോദ്യം ചെയ്യാൻ കലാസൃഷ്ടിയെ അനുവദിക്കുക മാത്രമാണ് പോംവഴി. ഇവിടെ അക്കിത്തത്തിന്റെ സൃഷ്ടികൾ ലഘുവെങ്കിലും ആഴമുള്ള ചിന്തയെ സൃഷ്ടിക്കുന്ന സെൻകഥകൾ പോലെ അടിത്തട്ടുവരെ കാണുന്ന ഒരു പുഴയൊഴുക്കാണ്. അടിമുടി രാഷ്ട്രീയവത്കരിക്കപ്പെട്ട ഒരു സാമൂഹിക ഘടനയിലെ കണ്ണിയെന്ന നിലയിൽ കലാകാരൻ പലപ്പോഴും രാഷ്ട്രീയവരകളുടെ വഴിയിലൂടെ നടക്കുന്നുണ്ട്. എന്നാൽ പൊടുന്നനെ ഇതൊന്നുമല്ലാത്ത ഫിലോസഫിക്കലായ ചില കാഴ്ചകളിലേക്ക് തിരിഞ്ഞ് നടക്കുകയോ ചിന്തയെ പിന്തുടരാൻ ശ്രമിക്കുകയോ ചെയ്യുന്നുണ്ട്. In fact, sciences, arts, and philosophies are all equally creative, although only philosophy creates concepts in the strict sense. Concepts are not waiting for us ready-made, like heavenly bodies. There is no heaven for concepts. They must be invented, fabricated, or rather created and would be nothing without their creator’s signature എന്നെഴുതുന്ന ദെല്യൂസ് മുന്നോട്ട് വെയ്ക്കുന്ന ആശയത്തിൽ ഫിലോസഫിക്കലാകുക എന്നതിനൊരു മുഖവുര നൽകുന്നുണ്ട്. ആശയങ്ങളുടെ ലോകമാണ് കലയുടെ ലോകം. കാണികൾ വരുന്നത് ആശയങ്ങൾ തേടിയാണ്. കലയിലൂടെ ലഭ്യമാകുന്ന ആശയങ്ങളിൽ ഒരു മെറ്റാഫിസിക്കലായ അനുഭവലോകം കാണിക്ക് ലഭിക്കുന്നുണ്ട്. ഫിലോസഫിയെപ്പോലെ തന്നെ അനുഭവലോകങ്ങൾ കണ്ടുപിടിക്കുന്നതും (invented), കെട്ടിച്ചമയ്ക്കുന്നതും (fabricated), സൃഷ്ടിക്കുന്നതുമാണ് (created) എന്ന് ദെല്യൂസിനെ കടമെടുത്ത് പറയാം. ഓരോരുത്തരുടെയും അനുഭവലോകങ്ങളുടെ വ്യാപ്തി അളന്ന് തിട്ടപ്പെടുത്താനാവില്ല എന്നതുകൊണ്ടുതന്നെ ഒരു സൃഷ്ടിവഴി രൂപപ്പെടുന്ന സൗന്ദര്യാനുഭൂതിയും അളക്കാനാവില്ല. പതിനൊന്ന് മുപ്പത്തിയാറ് ആയപ്പോൾ നിലച്ചുപോയ ക്ലോക്ക്, മരിച്ചതുല്യം കിടക്കുന്ന ഒരാളിൽനിന്ന് പറന്നുയരുന്ന കൊക്ക്, അടച്ചിട്ട മുറികൾ, അതിലെ ഭയാശങ്കരായ മനുഷ്യർ, മറ്റ് ജീവികൾ, തെരുവ്, അതിലെ പലതരം കാഴ്ചകൾ, നീലയിൽ നങ്കൂരമിട്ടിരിക്കുന്ന കപ്പൽ, വിജനതയിൽ വള്ളം തുഴയുന്ന ഒരാൾ എന്നിങ്ങനെ ഓരോ ദിനവും ഓരോ ചിത്രമാകുന്നു. ഈ ചിത്രങ്ങളിൽ സമൂഹവും മനുഷ്യരും പ്രശ്‌നങ്ങളും വേദനകളുമുണ്ട്. പ്രകടമായ ഒരു ഘടകം ഭീതിയാണ്.

സമൂഹത്തെ പിടികൂടിയിരിക്കുന്ന ഭീതിയുടെ ഘടകത്തെ ഏതൊക്കയോ തരത്തിൽ
പിന്തുരുന്ന ഒരാളെ നഷ്ടവർഷത്തിന്റെ പഞ്ചാംഗത്തിൽ ദർശിക്കാനാവും. ബിനാലെയിലെ തന്നെ How to reappear: Through the quivering leaves of independent publishing എന്ന പ്രദർശനത്തിൽ റെക്‌സ് മീഡിയ കളക്ടീവ് സരൈ റീഡറിന്റെ വിവിധ വിഷയങ്ങളിലെ പുസ്തകങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. സരൈ റീഡറിന്റെ എട്ടാമത്തെ പുസ്തകം ഭീതിയെക്കുറിച്ചുള്ളതാണ്. ഭീതിയുടെ രസതന്ത്രത്തിൽ നമ്മൾ നശിക്കപ്പെടുന്നത് എങ്ങനെയെന്ന ചോദ്യമാണ് ഈ പുസത്കം ഉയർത്തുന്നത്. ആധുനികതയുടെ ഏറ്റവും വലിയ വാഗ്ദാനങ്ങളിൽ ഒന്നായിരുന്ന ഭീതിയിൽ നിന്നുള്ള മോചനം എത്രമാത്രം ഒരുസാധ്യതയായി നിലനിൽക്കുന്നു എന്നതാണ് ആ പുസ്തകം ചർച്ച ചെയ്യുന്ന വിഷയം. ഒരുപക്ഷെ, അക്കിത്തത്തിന്റെ രചനകളിലേക്കുള്ള പ്രവേശികയാകും Monica Narula, Shuddhabrata Sengupta and Jeebesh Bagchi എന്നിവർ എഡിറ്റ് ചെയ്ത പുസ്തകം. മഹാമാരി സൃഷ്ടിക്കുന്ന ഭീതികൾ (fear of epidemics), നാഗരിക ഭീതി (urban fear) എന്നിങ്ങനെ വിവിധതരം ഭീതികൾ ചർച്ച ചെയ്യുന്ന പുസ്തകത്തിൽ രാഷ്ട്രീയ പാർട്ടികളും നേതാക്കന്മാരും സൃഷ്ടിക്കുന്ന ഭീതിയും ചർച്ചാവിഷയമാണ്. സംഘപരിവാർ ഭീകരത കലാകാരനെ എത്രമാത്രം അലട്ടുന്നുണ്ടെന്ന് നഷ്ടവർഷത്തിന്റെ പഞ്ചാംഗം വ്യക്തമായി പറയുന്നു.

കാലാവസ്ഥയെ വിശ്വസിക്കാൻ പറ്റാതായിരിക്കുന്നു, നമ്മൾ കുടിക്കുന്ന വെള്ളവും ശ്വസിക്കുന്ന വായുവും കഴിക്കുന്ന ഭക്ഷണം പോലും വിശ്വസിക്കാനാവാത്തവിധം മലിനീകരിക്കപ്പെട്ട സമൂഹത്തിലാണ് നമ്മുടെ സമകാലീകജീവിതം പുലരുന്നത്. അടിമുടിയുലഞ്ഞാകുലത എന്നവണ്ണമാണ് മനുഷ്യജീവിതം. ഭീതിയുടെ രണ്ടറ്റങ്ങൾക്കിടയിൽ അലയുകയാണ് മനുഷ്യർ. ഏത് കാഴ്ചയിലാണ് നമ്മൾ നവീകരിക്കപ്പെടുക, ചോദ്യം ചെയ്യപ്പെടുക, വീണ്ടെടുക്കപ്പെടുക? എല്ലായിടത്തും ഭീതിയുടെ വിത്തുകൾ പാകുകയാണ് രാഷ്ട്രീയസമൂഹം. ഇതിനിടയിൽ കലാകാരനും കലാസൃഷ്ടിയും കാണിയുമെല്ലാമുണ്ട്. ഈ കലാസൃഷ്ടികൾ കലാകാരനെയോ കാണിയേയോ സ്വതന്ത്രമാക്കുമോ എന്ന ചോദ്യം പ്രസക്തമാണ്. കാഴ്ചക്കാരൻ യഥാർത്ഥത്തിൽ കാണുന്നതും അനുഭവിക്കുന്നതും കലാകാരൻ സൃഷ്ടിച്ച ഭീതിയാണോ അതോ അയാളുടെതന്നെ ഉള്ളിലെ ഭീതിയാണോ എന്നൊരു ചോദ്യവും ഇവിടെ സാധ്യമാണ്. സമകാലീക സമൂഹത്തെക്കുറിച്ചും അതുൽപാദിപ്പിക്കുന്ന പലതരം ഭീതികളെക്കുറിച്ചും അരക്ഷിതാവസ്ഥകളെക്കുറിച്ചും ആകുലനല്ലാത്ത ഒരാളെ നഷ്ടവർഷത്തിന്റെ പഞ്ചാംഗം അലട്ടില്ല, തൊടില്ലതന്നെ. കല നിങ്ങളെ തൊടണമെങ്കിൽ നിങ്ങൾ അത്രമേൽ ആയമെടുക്കണം. അതൊരു ഒത്തുതീർപ്പല്ല, സംവേദനമാണെന്ന് പറയാമെങ്കിലും, വിനിമയമാണെന്ന് വാദിക്കമെങ്കിലും അതിനുമപ്പുറമുള്ള മനസ്സ് തുറക്കലുകളുടെ രാഷ്ട്രീയ-സാമൂഹിക-സൗന്ദര്യത്മാകമ തലങ്ങളിലാണ് കല പ്രവർത്തിക്കുക. രാഷ്ട്രീയ കവല പ്രസംഗമല്ല കലയെന്ന പ്രാഥമിക പാഠങ്ങൾ ഇവിടെ പ്രസ്താവ്യമാണ്. ഇന്നലെകളിലെ ഭീതിയിലും നാളെകളുടെ ആകാംക്ഷകളിലുമാണ് നഷ്ടവർഷത്തിന്റെ പഞ്ചാംഗം കാഴ്ചയെ കുഴമറിച്ചിടുന്നത്. We demand a certain sort of experience from the things that we undertake to engage with as art, and that art makers are typically responsive to this demand എന്ന റിച്ചാർട്ട് വോൾഹേമിന്റെ നിരീക്ഷണത്തിൽ കലാസൃഷ്ടിയും കാലവും തമ്മിലുള്ള ബന്ധം വ്യക്തമാണ്. ഒരു കലാസൃഷ്ടിയുടെ പിറവിക്ക് പിന്നിൽ കാലത്തിന് അതിന്റേതായ പങ്കുണ്ട്. കാലം ആവശ്യപ്പെടുന്ന ഒന്നാണ് ആ കാലത്തിന്റെ കല. അക്കിത്തം വാസുദേവന്റെ നഷ്ടവർഷത്തിന്റെ പഞ്ചാംഗം ഈ കാലം ആവശ്യപ്പെടുന്ന കലയാണെങ്കിൽ അത് മുന്നോട്ടുവയ്ക്കുന്ന ഭീതി ഈ കാലത്തിന്റെ ഭീതിയാണ്. കലാകാരൻ കേവലം ഒരു മാധ്യമം മാത്രമാണെന്ന് പറഞ്ഞ് ഒഴിയാനാവില്ല. എന്നാൽ പൂർണ്ണമായ ഉത്തരവാദിത്വം കലാകാരനിൽ മാത്രം നിഷിപ്തമല്ലെന്ന് സാരം. കാലത്തിന്റെ ചേഷ്ടകളെ അതിലുൾച്ചേർന്നിരിക്കുന്ന യുക്തിരാഹിത്യത്തെ ഐറണികളുടെ ആകെത്തുകകളെ എന്നിങ്ങനെ പലതിനേയുംപ്പറ്റി പറഞ്ഞും പറഞ്ഞുതെറ്റിയുമാണ് കല പ്രവർത്തിക്കുക. ശരിയാവുന്നത് മാത്രമല്ല തെറ്റിപ്പോകുന്നതുമുണ്ട്. തെറ്റ് അത്ര വലിയ തെറ്റല്ല എന്ന യാഥാർത്ഥ്യങ്ങളുമുണ്ട്. മാറിനിന്ന് നോക്കിയാലും അടുത്തുനിന്ന് നോക്കിയാലും നമ്മൾ ജീവിക്കുന്ന കാലത്തെ കാണാനാകും എന്നതാണ് ഈ സൃഷ്ടികളുടെ പ്രത്യേകത; ഏതൊരു കലാസൃഷ്ടിയുടെയും പ്രത്യേകത അതാവും. കാലത്തെ മാറ്റിനിർത്തി കലാകാരനുമില്ല കലയുമില്ല. ഇതിനിടയിൽ സംഭവിക്കുന്ന സംവേദനങ്ങൾക്കും കാലവുമായി ബന്ധമുണ്ട്. കോവിഡ് കാലത്ത് ആൽബേർ കാമുവിന്റെ പ്ലേഗ് വായിച്ചവർക്ക്, ഒരുപക്ഷേ ഈ കാലം-കലാസൃഷ്ടി ബന്ധത്തിന്റെ ഉൾപ്പൊരുൾ മനസിലാകും.

വാസുദേവൻ അക്കിത്തം

അക്കിത്തത്തിന്റെ കലാസൃഷ്ടിയുടെ രണ്ടാമത്തെ ഭാഗമായ ‘അകലം’ മൂന്ന് ഭാഗങ്ങളുള്ള ഒരു ബയോചിത്രമാണ്. പുറപ്പാട്, പ്രയാണം വന്നുചേരൽ എന്നീ പേരുകളിൽ സ്വന്തം ജീവിതം തന്നെയാണ് ചിത്രകാരൻ പറഞ്ഞുവെയ്ക്കുന്നത്. ബറോഡ യൂണിവേഴ്‌സിറ്റിയിലെ ചിത്രകലാ ഡിപ്പാർട്ട്‌മെന്റിൽ പഠിക്കുകയും ദീർഘകാലം പഠിപ്പിക്കുകയും ചെയ്ത അക്കിത്തം വാസുദേവൻ വലിയൊരു കാലത്തെ മൂന്ന് ക്യാൻവാസുകളായി ചിത്രീകരിച്ചിരിക്കുന്നു. ഒരു ഗ്രാമത്തിൽനിന്ന് ബറോഡ പോലൊരു നഗരത്തിലെത്തിച്ചേർന്ന യുവാവിന്റെ പ്രയാണവും അതിജീവനവും വ്യക്തിഗത അനുഭവം എന്നതിൽ മാത്രമൊതുക്കാതെ കൂട്ടായ അനുഭവങ്ങളുമായി കൂട്ടിയിണക്കിയാണ് പരുവപ്പെടുത്തുന്നത്. ജീവിതം വ്യക്തിഗത അനുഭവമായിരിക്കുമ്പോൾതന്നെ അതൊരു സാമൂഹികപ്രതിഭാസമോ പ്രവർത്തനമോ ആണെന്ന സാമൂഹികപാഠം ഈ ആഖ്യാനത്തിന്റെ ആന്തരികോർജ്ജമാണ്. സമൂഹത്തിൽനിന്ന് മാറ്റിനിർത്തിയാൽ തീരുന്ന ഒന്നാണ് മനുഷ്യജീവിതം. ഈ പാഠമാണ് ഒരു ദൃശ്യാനുഭവമായും പാഠഭേദമായും അനുഭവിക്കാനാകുക. അകലമെന്ന പേര് ചിത്രകാരൻ നടത്തിയ യാത്രയുടെ ദൂരത്തെ സൂചിപ്പിക്കുമ്പോൾ മൂന്ന് ചിത്രങ്ങളിലായി രേഖപ്പെടുത്തുന്ന കാലം അകലത്തെ മാറ്റിമറിക്കുകയും ഒരുവേള ഇല്ലാതാക്കുകയും ചെയ്യുന്നു. ജീവിതത്തെ ആകെത്തുകെ നോക്കിക്കാണുമ്പോൾ യൗവ്വനവും വാർദ്ധക്യവും തമ്മിൽ അത്രമേൽ അകലമില്ലെന്ന് ബോധ്യപ്പെടും. കുട്ടിക്കാലം വളരെ പെട്ടെന്ന് ഓടിമറഞ്ഞ ഒന്നായി അനുഭവപ്പെടും. അപ്പോളത്തെ ചോരത്തിളപ്പുകളുടെ പൂക്കാലം പൊടുന്നനെ അണഞ്ഞ ഒന്നായി മാത്രം അനുഭവപ്പെടും. യൗവ്വനം തീർന്നിട്ടില്ലെന്നും താടി നരച്ചിട്ടില്ലെന്നും തോന്നുമ്പോഴേക്കും ജീവിതം തീരും. മനുഷ്യൻ അത്രമേൽ ഹൃസ്വജീവിയാണെന്ന തെളിച്ചമുള്ള ഫിലോസഫിയും കാഴ്ചകളുടെ ആഴവുമാണ് അക്കിത്തത്തിന്റെ ചിത്രശാല നൽകുന്നത്. കാണി\വായനക്കാരൻ എന്നത് ഉത്തരവാദിത്വമുള്ളൊരു ദൗത്യമാണെന്നും കലാകാരനെപ്പോലും സൃഷ്ടിക്കുന്നതിൽ കാഴ്ചയ്ക്കുള്ള പങ്കിനെക്കുറിച്ചും ഈ കലാസൃഷ്ടി പറഞ്ഞുവയ്ക്കുന്നു.

Also Read

6 minutes read April 11, 2023 9:23 am