ആശാ വർക്കേഴ്സ്: സേവനത്തിൽ നിന്നും തൊഴിലിലേക്കുള്ള ദൂരം

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ആരോ​ഗ്യരം​ഗത്തെ അടിസ്ഥാനതല പ്രവർത്തകരായ ആശാ വർക്കേഴ്സിന്റെ പ്രാധാന്യം കേരളം തിരിച്ചറിഞ്ഞ സമയമായിരുന്നു കോവിഡ് കാലം. എന്നാൽ അവർ തൊഴിൽരം​ഗത്ത് നേരിടുന്ന പ്രശ്നങ്ങളെ സർക്കാർ സംവിധാനങ്ങൾ ഈ കാലത്തും വേണ്ടത്ര പരി​ഗണിച്ചില്ല. മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും വേതനവും വേണമെന്ന ആശാ വർക്കേഴ്സിന്റെ ആവശ്യത്തെ സമൂഹം ഒന്നാകെ പിന്തുണയ്ക്കേണ്ടതുണ്ട്. ആശാ വർക്കേഴ്സിന്റെ തൊഴിൽ അവകാശങ്ങളെക്കുറിച്ച് പഠിക്കുകയും ഇടപെടുകയും ചെയ്യുന്ന അധ്യാപിക ഡോ. ആരതി പി.എം ഈ മേഖലയിലെ വിവിധ പ്രശ്നങ്ങളെക്കുറിച്ചും രാഷ്ട്രീയ പരിഹാരങ്ങളെക്കുറിച്ചും സംസാരിക്കുന്നു.

ആശാ വർക്കേഴ്സിന് ആകെ ലഭിക്കുന്നത് 9000 രൂപ ആണല്ലോ. ഇത് അവർ ചെയ്യുന്ന തൊഴിലിന് അനുസൃതമായ വേതനമല്ലെന്നും 18,000 രൂപയായി മാസവരുമാനം ഉയർത്തണമെന്നും ആവശ്യങ്ങൾ ഉയർന്നിട്ടുണ്ട്. രാജ്യത്തെ ഹെൽത്ത് ബജറ്റിനെ മുൻനിർത്തി ആലോചിക്കുമ്പോൾ ഇതിന്റെ സാധ്യത എത്രത്തോളമാണ്?

ആശാ വർക്കർ എന്ന പ്രയോഗത്തിൽ തന്നെ പ്രശ്നമുണ്ട്. കാരണം ‘വർക്കർ’ എന്ന പദവി നിയമപരമായും സാമൂഹ്യപരമായും കിട്ടുന്ന തൊഴിൽപരമായ അംഗീകാരമാണ്. വർക്കർ എന്ന് പറയുമ്പോൾ എല്ലാ തൊഴിൽ നിയമങ്ങളും ബാധകമാകേണ്ട ഒരു ഐഡന്റിറ്റി ആണ്. ആശ വർക്കേഴ്സിൽ ‘വർക്കർ’ എന്ന പദം ഉണ്ടെങ്കിലും വളണ്ടിയേഴ്സ് ആയിട്ടാണ് അവരെ കണക്കാക്കുന്നത്. നാഷണൽ റൂറൽ ഹെൽത്ത് മിഷനും അർബൻ റൂറൽ നാഷണൽ മിഷനും സംയോജിപ്പിച്ചാണ് നിലവിൽ ഈ പദ്ധതി മുന്നോട്ടുപോകുന്നത്. അതിന്റെ കീഴിലാണ് ആശാ വർക്കർ എന്ന സംവിധാനവും വരുന്നത്. ഇവർ സ്കീം വർക്കേഴ്സാണ്. പലതരം സ്കീമുകളുടെ ഭാഗമായി പ്രവർത്തിക്കുന്നവരാണ്. അവർക്ക് തൊഴിലാളികളുടെ യാതൊരുവിധ ആനുകൂല്യവും ഇല്ല. മാത്രമല്ല, അവർ ചെയ്യുന്ന വർക്കിനെ സന്നദ്ധപ്രവർത്തനം മാത്രമായിട്ടാണ് കാണുന്നത്. സന്നദ്ധപ്രവർത്തനത്തിന്റെ പ്രശ്നം എന്താണെന്നുവച്ചാൽ അതിൽ നമുക്ക് റമ്യൂണറേഷൻ അഥവാ വേതനം ചോദിക്കാൻ പറ്റില്ല എന്നതാണ്. ഒരു കളക്ടീവ് ബാർഗയിനിങ് സാധ്യത മറ്റ് തൊഴിൽ സമൂഹത്തിനുള്ളപ്പോൾ ആശാ വർക്കേഴ്സിന്റെ തൊഴിലിനെ ഒരു സന്നദ്ധപ്രവർത്തനമായി പരിഗണിക്കുന്നതുകൊണ്ടുതന്നെ, കളക്ടീവ് ബാർഗെയിനിങ്ങിന്റെ സാധ്യത പോലും ഇല്ലാതെ വരുന്നു.

കഴിഞ്ഞ അഞ്ചുവർഷം പരിശോധിക്കുമ്പോൾ, ആശാ വർക്കേഴ്സ് സംഘടിതരാവുകയും അങ്ങനെ സംഘടിതരായിട്ടുള്ള ആശാ വർക്കേഴ്സ് വിവിധ ട്രേഡ് യൂണിയനുകൾക്ക് കീഴിൽ ‘തൊഴിലാളികളുടെ’ പദവിയിലേക്ക് സ്വയം എത്തിപ്പെടുകയും ചെയ്തിട്ടുണ്ട്. അങ്ങിനെയാണ് മാസം 9000 രൂപ എന്ന നിലയിലേക്ക് എങ്കിലും എത്തിയത്. അഞ്ചു വർഷം മുമ്പുള്ള ആശാ വർക്കേഴ്സിന്റെ വരുമാനം വെറും 1000-1500 രൂപയാണ്. അത് കേരളത്തിൽ 2000 രൂപയാക്കി കൊടുത്തുവന്നത് വലിയ കാര്യമായിട്ടാണ് പറഞ്ഞിരുന്നത്. ഇപ്പോൾ ഒരു 9000 രൂപ എന്നുപറയുന്നത് ലിവിങ് വേജിലോ ഡീസന്റ് വേജിലോ നിരക്കുന്നതല്ല. അത് 18,000 രൂപയായി ഉയർത്തിയാൽ പോലും മിനിമം വേജിൽ എത്തുന്നില്ല. മിനിമം വേജ് നിയമപരമായി നിർബന്ധമായിട്ടുള്ള ഒരു രാജ്യത്താണ് നമ്മൾ മിനിമം വേജിൽ പോലും എത്താത്ത ഒരു സംഘടിത തൊഴിൽ മേഖലയെ കുറിച്ച് സംസാരിക്കേണ്ടി വരുന്നത്. ഇന്ത്യയിലെ ഹെൽത്ത് ബജറ്റ് എന്ന് പറയുന്നത് കൃത്യമായി പറഞ്ഞാൽ ജി.ഡി.പിയുടെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ്. ഇന്ത്യയിൽ ഡിഫൻസിന് വേണ്ടി ഉപയോഗിക്കുന്ന തുകയുമായി താരതമ്യപ്പെടുത്തുമ്പോൾ ആരോഗ്യസംവിധാനങ്ങൾക്കായി രാജ്യം ചെലവിടുന്നത് അതിന്റെ 24ൽ ഒന്ന് പോലുമില്ല. ഇതിൽ തന്നെ ജി.ഡി.പിയുടെ ഒരു ശതമാനത്തിൽ താഴെ വരുന്ന തുക പലരീതിയിൽ എയിംസ് പോലെയുള്ള സൂപ്പർ സ്പെഷാലിറ്റി സ്ഥാപനങ്ങളുടെ നിർമ്മാണത്തിനും മറ്റുമായി വിനിയോഗിക്കുന്നു. അതുപോലെ തന്നെ ഇപ്പോൾ സാനിറ്റേഷൻ ചിലവുകളും ഈ ബജറ്റിന്റെ ഭാഗമായി വകയിരുത്തിയേക്കാം.

മഹാമാരിയുടെ കാലത്ത് കോവിഡിനായി ഒരു വലിയ തുക തന്നെ നീക്കിവയ്ക്കുന്ന സമയത്തും, അതിൽ ആശാ വർക്കേഴ്സിന്റെ സ്കീമിലേക്ക് പോകുന്ന പൈസ വീണ്ടും വെട്ടിച്ചുരുക്കേണ്ടി വരുന്നു. അതുകൊണ്ടുതന്നെ 9000 രൂപ 18,000 രൂപയായി ഉയർത്താനുള്ള സാധ്യത ഈ സാഹചര്യത്തിൽ വലിയ ബുദ്ധിമുട്ടായിരിക്കും എന്നാണ് തോന്നുന്നത്. വലിയ തോതിലുള്ള പ്രക്ഷോഭത്തിലേക്ക് ആശാ വർക്കേഴ്സ് വരേണ്ടതുണ്ട്. ഇത് ആശാ വർക്കേഴ്സിന്റെ മാത്രം ഉത്തരവാദിത്വമല്ല, പൊതുസമൂഹത്തിന്റെ ഉത്തരവാദിത്വം കൂടിയാണ്. ഹെൽത്ത് ബജറ്റിലേക്ക് വകയിരുത്തുന്ന ജി.ഡി.പിയുടെ ശതമാനം കൂട്ടാൻ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മുന്നോട്ടുവരേണ്ടതുണ്ട്. എന്നാൽ മാത്രമേ ആശാ വർക്കേഴ്സിന്റെ തൊഴിൽ സാഹചര്യങ്ങളിലും വരുമാനത്തിലും മാറ്റമുണ്ടാക്കാൻ കഴിയൂ.

നിലവിലെ വേതനം കൃത്യമായി ലഭിക്കാറുണ്ടോ? അതുപോലെ, ഫീൽഡ് വർക്കിന്റെ സമയത്തുള്ള ഗതാഗത ചിലവുകൾക്കും മറ്റും പ്രത്യേകം പണം അനുവദിച്ചിട്ടുണ്ടോ? കോവിഡ് കാലത്ത് ഗതാഗത സംവിധാനങ്ങൾ നിലച്ചപ്പോൾ എങ്ങിനെയാണ് തൊഴിൽ സാധ്യമായത്?

കോവിഡിന്റെ ആദ്യഘട്ടത്തിൽ കേരളത്തിൽ പ്രധാനമായും കോട്ടയം ജില്ലയിൽ ഫോണിലും മറ്റുമായി ഒരു ഇന്റർവ്യൂ നടത്തിയിരുന്നു. അവരുടെ ഇടയിൽ ഒരു ഫീൽഡ് സ്റ്റഡി നടത്തിയപ്പോൾ മനസ്സിലാക്കാൻ പറ്റിയത് ഈ കോവിഡ് കാലത്ത് പലവിധത്തിലുള്ള അധിക ജോലികൾ കേരളത്തിലുള്ള ആശാ വർക്കേഴ്സിന് കൊടുത്തിട്ടുണ്ട് എന്നതാണ്. കമ്മ്യൂണിറ്റി കിച്ചൻ സൗകര്യങ്ങളും പഞ്ചായത്തുതലത്തിലായി മറ്റു പ്രതിരോധ പ്രവർത്തനങ്ങളും നടത്തിയിരുന്നല്ലോ; അതിന്റെ സകല ചുമതലകളും ആശാ വർക്കേഴ്സ് വഹിക്കേണ്ടി വന്നിരുന്നു. അതുപോലെ തന്നെ കേരളം വളരെ കൃത്യമായിട്ട് ട്രാക്കിംഗ് നടത്തിയിട്ടുള്ള ഒരു സ്റ്റേറ്റ് കൂടിയാണ്. ട്രാക്കിംഗ് വിജയിക്കുവാനുള്ള പ്രധാന കാരണം ആശാ വർക്കേഴ്സിന്റെ ഇടപെടൽ മാത്രമാണ്. അവർ പല രീതിയിലുള്ള കാര്യങ്ങൾ ചെയ്യുമായിരുന്നു. കമ്മ്യൂണിറ്റി കിച്ചൻ റൺ ചെയ്തിരുന്നു. പലരും കുടുംബശ്രീ അംഗങ്ങൾ കൂടിയാണ്. ഏകദേശം ആയിരത്തോളം വരുന്ന ആശാ വർക്കേഴ്സ് തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് അംഗങ്ങൾ കൂടിയാണ്. അതുപോലെതന്നെ കണ്ടെയ്ൻമെന്റ് സോണിലുള്ള ആളുകൾക്ക് ഫുഡ് എത്തിക്കാനും, ഹോം ക്വാറന്റൈനും കമ്മ്യൂണിറ്റി ക്വാറന്റൈനും മേൽനോട്ടം വഹിക്കാനും, അതിഥി തൊഴിലാളികളുടെ ക്യാമ്പ് നടത്താനും ആശാ വർക്കേഴ്സ് പ്രധാന ചുമതലകൾ വഹിക്കേണ്ടി വന്നു. ഇന്ന് വളരെയധികം ആഘോഷിക്കുന്ന കേരള മോഡൽ കോവിഡ് പ്രതിരോധത്തിന്റെ ആണിക്കല്ല് ഇവരായിരുന്നു.

ഹോം ക്വാറന്റൈൻ ഉറപ്പു വരുത്തന്നതിലും കോവിഡുമായി ബന്ധപ്പെട്ട ഡാറ്റ ശേഖരിക്കുന്നതിലും ആശാ വർക്കേഴ്സിനെ ചുമതലപ്പെടുത്തിയിരുന്നു. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഹെൽത്ത് ഡാറ്റയുടെ പ്രൈമറി ഡാറ്റാ കളക്ടർ എന്നുപറയുന്നത് ആശാ വർക്കേഴ്സാണ്. അതുപോലെതന്നെ വിവിധ വകുപ്പുകളുമായി താഴെത്തട്ടിൽ സഹകരിച്ചു പ്രവർത്തിക്കുന്നതും അവരാണ്. ആരോഗ്യവകുപ്പും, തദ്ദേശ ഭരണസ്ഥാപനങ്ങളും, പോലീസും ഒക്കെ ആയിട്ട് ബന്ധപ്പെട്ട് 24 മണിക്കൂറും ജോലി ചെയ്യുന്ന ഒരു സ്ഥിതി ഉണ്ടായിട്ടുണ്ട്. ദേശീയ ലോക്ഡൗൺ വന്നയുടൻ വിദേശത്തുനിന്നുള്ള ആളുകളും കേരളത്തിന് പുറത്തുള്ള ആളുകളും കേരളത്തിലേക്ക് വരുന്ന സാഹചര്യം ഉണ്ടായി. അതിന്റെ മുഴുവൻ മോണിറ്ററിങും വിവരശേഖരണവും ചെയ്തിരുന്നത് ആശാ വർക്കേഴ്സ് ആയിരുന്നു.

ഇവർക്ക് പലഘട്ടങ്ങളിലുമുണ്ടായ വലിയ ബുദ്ധിമുട്ട് കൃത്യസമയത്ത് വേതനം കിട്ടിയിരുന്നില്ല എന്നതാണ്. ആശാ വർക്കേഴ്സ് യൂണിയന്റെ ലീഡർഷിപ്പിലുള്ള ആളുകളെ ഇന്റർവ്യൂ ചെയ്ത സമയത്ത് അവർ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. പ്രധാനമായിട്ടും വർക്കേഴ്സ് പറയുന്ന ഒരു പരാതി, ഇവർക്ക് 8000-8500 എന്നതാണ് കേരളത്തിൽ കിട്ടുന്ന ഹോണറേറിയം എന്നതാണ്. അത് കൃത്യസമയത്ത് കിട്ടാറുമില്ല. കിട്ടാതിരിക്കുന്നത് ഗവൺമെന്റ് ഫണ്ട് റിലീസ് ചെയ്യാത്തതുകൊണ്ടല്ല; റിലീസ് ചെയ്ത ഫണ്ട് പലപ്പോഴും ഉദ്യോഗസ്ഥരുടെ പിടിപ്പുകേട് മൂലം താമസിക്കുന്നതാണ്. കോവിഡ് കാലത്ത് 31 ദിവസത്തെയും ഡ്യൂട്ടി ചെയ്തു കഴിഞ്ഞാൽ ആയിരം രൂപയാണ് സെൻട്രൽ ഗവൺമെന്റ് പ്രഖ്യാപിച്ചത്. സംസ്ഥാന സർക്കാരും ഇതുപോലെ പ്രഖ്യാപിച്ച 1000 രൂപയും കൂടി ചേർത്താൽ 2000 രൂപയാണ് കോവിഡ് പ്രമാണിച്ചു കിട്ടുന്ന അധിക ശമ്പളം. പല സമയത്തും ഗതാഗത സൗകര്യങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. അതുമാത്രമല്ല PPE കിറ്റ്, ഗ്ലൗസ്, മാസ്ക് എന്നിവയ്ക്കെല്ലാം ആദ്യകാലത്ത് കുറവുണ്ടായിരുന്നു. അതുകാരണം ആശാ വർക്കേഴ്സിന് ഇതൊന്നും കിട്ടുന്നുണ്ടായിരുന്നില്ല. ആർദ്രം മിഷന്റെ ഡ്യൂട്ടി കൂടെ ഇവർ അപ്പോൾ ചെയ്യുമായിരുന്നു. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസത്തെ ഹോസ്പിറ്റൽ ഡ്യൂട്ടിയും വരും. മിക്കവാറും ഫ്രണ്ട് ഓഫീസിൽ കോവിഡ് രോഗികൾ വരുമ്പോൾ അവരുടെ ഡീറ്റെയിൽസ് കളക്ട് ചെയ്യുകയായിരുന്നു ആശമാർ ചെയ്തിരുന്നത്. ആ ഡ്യൂട്ടി ചെയ്യുമ്പോൾ പോലും പ്രോപ്പറായിട്ടുള്ള മാസ്ക്, സാനിറ്റൈസർ, ഗ്ലൗസ് ഒന്നും അവർക്ക് കിട്ടിയിരുന്നില്ല. ഇത് അവർ വളരെ കൃത്യമായിട്ട് ഉന്നയിച്ചിട്ടുള്ള പരാതിയാണ്.

ഗതാഗത സംവിധാനങ്ങളുടെ അഭാവത്തിലും അവർക്ക് എല്ലാ മീറ്റിംഗിലും പങ്കെടുക്കേണ്ടി വന്നിട്ടുണ്ട്. ഒരു ട്രാവൽ അലവൻസും അവർക്ക് കൊടുത്തിട്ടില്ല എന്ന കാര്യം ഞങ്ങളുടെ പഠനത്തിൽ ആശാ വർക്കേഴ്സ് കൃത്യമായി പറയുന്നുണ്ട്. മാത്രമല്ല, പൊതുഗതാഗതം ഇല്ലാത്ത സമയത്ത് സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കേണ്ടിയും വന്നിട്ടുണ്ട്. പലർക്കും ഒരുപാട് ദൂരം നടക്കേണ്ടി വന്നിട്ടുണ്ട്. ഡോർ ടു ഡോർ വിസിറ്റ് കോവിഡ് കാലത്ത് വളരെ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു എന്നും അവർ സൂചിപ്പിച്ചിരുന്നു.

ആശമാർക്ക് ലഭിക്കുന്ന ഇൻഷുറൻസ് പരിരക്ഷയെക്കുറിച്ച് വിശദീകരിക്കാമോ? ഒരാൾ മരണപ്പെടുകയാണെങ്കിൽ അവരുടെ കുടുംബത്തിന് എന്തെല്ലാം സഹായങ്ങളാണ് സർക്കാർ മുന്നോട്ടുവച്ചിട്ടുള്ളത്?

നാഷണൽ ഹെൽത്ത് മിഷന് കീഴിലുള്ള ഹോണററി വളണ്ടിയർ സ്റ്റാറ്റസാണ് ആശാ വർക്കേഴ്സിനുള്ളത്. ഇത്തരത്തിലുള്ള ആളുകൾക്ക് എംപ്ലോയ്മെന്റ് ഇൻഷുറൻസ് ഇല്ല. ഇവർക്ക് ഹോണറേറിയം അല്ലാതെ തൊഴിൽപരമായിട്ടുള്ള യാതൊരു പരിരക്ഷയുമില്ല. പെൻഷൻ, ട്രാവൽ അലവൻസ്, ഡി.എ അങ്ങനെ ഒന്നും തന്നെ അവർക്ക് കിട്ടുന്നില്ല. അപ്പോൾ ഇൻഷുറൻസ് ഉണ്ടാവാനുള്ള സാധ്യതയും കുറവാണ്.

കോവിഡ് കാലത്ത് ഏറ്റവും പ്രാഥമികമായ വിവരശേഖരണം കൃത്യമായി നടത്തിയിട്ടും കേവലം വോളന്റീയർ എന്നതിനപ്പുറം ഔദ്യോഗികമായി ഒരു തൊഴിൽപദവി ഇവർക്ക് നൽകാത്തത് എന്തുകൊണ്ടാവും?

പ്രാഥമികമായി ഇത്രയധികം വിവരശേഖരണം നടത്തിയിട്ടും എന്തുകൊണ്ടാണ് തൊഴിൽപദവി നൽകാത്തത് എന്ന് അന്വേഷിക്കുമ്പോൾ പൊതുസമൂഹത്തിലെ സ്ത്രീകളുടെ ജൻഡർ റോളിനെ പറ്റിയും സംസാരിക്കേണ്ടതുണ്ട്. സ്ത്രീകളുടെ കെയർ വർക്കിനെ അവരുടെ ജെൻഡർ റോളുമായി കൂട്ടിക്കെട്ടുക എന്നത് പൊതുവിലുള്ള രീതിയാണ്. അതുകൊണ്ടുതന്നെ പലപ്പോഴും അത് പെയ്ഡ് അല്ലാത്തൊരു റോളിലാണ് വരുക. ഹോണററി വളണ്ടിയർ എന്ന പൊസിഷനിൽ നിർത്തി പ്രതീക്ഷ നൽകികൊണ്ട് പണിയെടുപ്പിക്കുകയാണ് ചെയ്യുന്നത്. അതായത് ഇവരെ വർക്കേഴ്സ് ആയി മാറ്റും എന്നുള്ള ഒരു പ്രതീക്ഷ നൽകിക്കൊണ്ടിരിക്കും. കോവിഡ് കാലത്തും പ്രളയത്തിന്റെ സമയത്തും അവരുടെ സർവീസ് നന്നായി ഉപയോഗിച്ചിരുന്നു. സ്കിൽഡായിട്ടുള്ള സർവീസ് ഉപയോഗിക്കുന്ന സമയത്ത് വളണ്ടിയർ പദവിയിൽനിന്ന് വർക്കേഴ്സായി മാറ്റും എന്ന ഒരു ധാരണ നമ്മളുടെ സിസ്റ്റം നൽകുന്നുണ്ട്. അതുകൊണ്ടാണ് അവർ ഇത്രയും തുച്ഛമായ തുകയ്ക്കും പണിയെടുക്കുന്നത്. തീർച്ചയായും അവരുടെ സോഷ്യൽ കമ്മിറ്റ്മെന്റും ഇതിലുണ്ട്. പക്ഷേ, അതിനപ്പുറത്തേക്ക് ജോലി സ്ഥിരപ്പെടുത്തുമെന്ന ഒരു തോന്നൽ അവരിൽ സൃഷ്ടിക്കുന്നതുകൊണ്ട് കൂടിയാണ് ഇത് സംഭവിക്കുന്നത്. സ്ത്രീകളുടെ തൊഴിൽ ചൂഷണം ചെയ്യപ്പെടാം, അവർക്ക് കൃത്യമായി വേതനം കൊടുക്കേണ്ടതില്ല തുടങ്ങിയ പുരുഷാധിപത്യ ബോധ്യങ്ങളും ഇതിന്റെ പിന്നിലുണ്ട്. ഇങ്ങനെയുള്ള തൊഴിൽ ചൂഷണത്തിലൂടെയാണ് ഈ സിസ്റ്റം ഏറ്റവും മികച്ചതായി നിലനിൽക്കുന്നത്. കോവിഡ് കാലത്തും അതിനുമുമ്പ് നിപ്പയുടെ കാലത്തും വീട്ടിലെ എല്ലാ ജോലികളും ഇവരാണ് ചെയ്യുന്നത്. അതുപോലെ, സർക്കാരിന്റെ വിവിധ പദ്ധതികളുടെ നോഡൽ ഓഫീസറായും റിപ്പോർട്ടറായും പ്രൈമറി ഡാറ്റാ കളക്ട്ടറായും കൃത്യനിർവഹണം നടത്തേണ്ടി വരുന്നു. എന്നാൽ, ഔദ്യോഗിക തൊഴിൽപദവി നൽകാൻ തയ്യാറുമല്ല. ഈ വിഷയത്തിൽ ഒരു ക്യാപിറ്റലിസ്റ്റ് ലോജിക്കും ഉണ്ട്. സ്ഥിരപ്പെടുത്തി കഴിഞ്ഞാൽ ഇവർ പണിയെടുക്കുകയില്ല എന്ന തൊഴിലാളി വിരുദ്ധ സമീപനമാണത്. ഇത്തരത്തിലുള്ള മുതലാളിത്ത മനോഭാവവും പുരുഷാധിപത്യ ബോധ്യങ്ങളും കൂടിച്ചേരുന്ന മൂല്യബോധങ്ങളാണ് ആശാ വർക്കേഴ്സിനെ ഇന്നും വോളന്റിയർമാരായി മാറ്റിനിർത്താനുള്ള പ്രധാന കാരണം.

തൊഴിൽ സംബന്ധമായ വിവരവിനിമയങ്ങൾ പ്രത്യേകിച്ചും ആശമാർക്കുള്ള നിർദ്ദേശങ്ങൾ ഏതുതരത്തിലാണ് നൽകപ്പെടുന്നത്? മൊബൈൽ ഫോൺ മുഖേന ആണെങ്കിൽ അതിനുള്ള സാങ്കേതിക ജ്ഞാനം ഇവർക്കുണ്ടോ? അതിന് പ്രത്യേകപരിശീലനം സർക്കാർ സംവിധാനങ്ങൾ നൽകിയിരുന്നോ?

കേരളത്തിലെ ഭൂരിഭാഗം ആശാ വർക്കേഴ്സും ബിരുദവും മറ്റു പ്രാഥമിക വിദ്യാഭ്യാസവും നേടിയിട്ടുള്ളവരാണ്. അതുകൊണ്ടുതന്നെ തൊഴിൽ സംബന്ധമായ ഡാറ്റ അപ് ലോഡ് ചെയ്യാൻ സർക്കാർ നിർദ്ദേശിക്കുന്ന ആപ്പുകൾ ഉപയോഗിക്കുന്നതിനും മൊബൈൽഫോൺ ഉപയോഗിക്കുന്നതിനും അത്ര ബുദ്ധിമുട്ടില്ല. അത്തരത്തിലുള്ള ആപ്പുകൾ ഉപയോഗിക്കുന്നതിനുള്ള ട്രെയിനിങ്ങുകളും അവർക്ക് ലഭ്യമാണ്. എന്നാൽ, നോർത്ത് ഇന്ത്യയിലെ ആശാ വർക്കേഴ്സിനെ സംബന്ധിച്ചിടത്തോളം വളരെയധികം ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. കാരണം കുത്തിവെപ്പ് നടക്കുന്ന സമയത്ത് കുത്തിവെപ്പിനായി ആളുകളെ കൊണ്ടുപോകുക മാത്രമല്ല അതിന്റെ കൃത്യമായ ഡാറ്റയും അപ് ലോഡ് ചെയ്യേണ്ടി വരുന്നുണ്ട്. അതുപോലെ, ഹോസ്പിറ്റലിൽ എത്ര പേരെ ഡെലിവറിക്ക് എത്തിച്ചു, തുടങ്ങിയ വിവരങ്ങൾ അപ് ലോഡ് ചെയ്താൽ മാത്രമേ ഇവർക്ക് ഇൻസെന്റീവ് ലഭിക്കുകയുള്ളൂ. സാങ്കേതികപരിജ്ഞാനം ഇല്ലെങ്കിലും അവർ പണിയെടുക്കുകയും, പക്ഷേ അത് ഡാറ്റ ആക്കാനുള്ള അറിവില്ലാത്തതിനാൽ ഇൻസെന്റീവ് ലഭിക്കാതിരിക്കുകയും ചെയ്യുന്നുണ്ട്. കേരളത്തിലെ പ്രായമായ ആശാ വർക്കേഴ്സ് ഇത്തരത്തിലുള്ള സാങ്കേതിക ആവശ്യങ്ങൾക്കും മറ്റും മക്കളെയാണ് ആശ്രയിക്കുന്നത്. തൊഴിൽ സംബന്ധമായ വിവരങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്താൽ മാത്രമേ ഇവർക്ക് ഇൻസെന്റീവ് ലഭിക്കുകയുള്ളൂ. എന്നാൽ, ഇത്തരത്തിലുള്ള പരിശീലനങ്ങളൊന്നും സർക്കാർതലത്തിൽ കൊടുക്കുന്നില്ല.

കേരളത്തിലെ വാക്സിനേഷൻ വിതരണത്തിലെ പ്രധാന അപാകതയായി പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത് പഞ്ചായത്ത് അംഗങ്ങളുടെയും ആരോഗ്യപ്രവർത്തകരുടെയും ഇഷ്ടക്കാർക്ക് വാക്സിനേഷനിൽ മുൻഗണന നൽകി എന്നതാണ്. വിതരണത്തിന്റെ വിഷയത്തിൽ ആശാ വർക്കേഴ്സിന്റെ ഇടപെടൽ എങ്ങിനെ ആയിരുന്നു?

വാക്സിനേഷൻ വരുന്നതിനുമുമ്പ് പഠനം നടത്തിയതുകൊണ്ടുതന്നെ ഈ ചോദ്യത്തിന് ഉത്തരം പറയാൻ കുറച്ചു പ്രയാസമുണ്ട്. എന്നിരുന്നാലും, ആശാ വർക്കേഴ്സ് വാക്സിനേഷൻ വിതരണം ചെയ്യുന്നതിൽ വളരെയധികം പങ്കുവഹിച്ചിട്ടുണ്ട്. പ്രത്യേകിച്ചും, ഓൺലൈനിൽ ബുക്ക് ചെയ്യേണ്ട സ്ലോട്ടുകൾ വരുന്ന സമയത്ത് അത് ചെയ്തു കൊടുക്കാനും സഹായിക്കാനുമൊക്കെ ആശാ വർക്കേഴ്സ് ഇടപെട്ടിട്ടുണ്ട്. മാസ്സീവ് വാക്സിനേഷനിലേക്ക് പബ്ലിക് ഹെൽത്ത് സെക്ടറിന് പോകണമെങ്കിൽ ആശാവർക്കേഴ്സിനെ ഒഴിവാക്കിക്കൊണ്ട് സാധ്യവുമല്ല.

ആശുപത്രിയിൽ സദാസമയവും ചിലവഴിക്കാത്ത ആരോഗ്യപ്രവർത്തകർ എന്ന നിലക്ക് ആരോഗ്യസംവിധാനങ്ങളും സമൂഹവും സർക്കാരുമായി സന്തുലിതമായ ബന്ധം നിലനിർത്താൻ സാധിക്കുന്നവരായി ആശാ വർക്കേഴ്സ് മാറിയിട്ടുണ്ടോ?

വളരെ കൃത്യമായി സാധിച്ചിട്ടുണ്ട്. ആശുപത്രികളിൽ ഇവരെല്ലാവർക്കും സഹകരിച്ചു തൊഴിൽ ചെയ്യേണ്ടി വരുന്നുണ്ട്. സബ് സെന്ററുകളിലും പി.എച്ച്.സികളിലും അതുപോലെതന്നെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ വരെയുള്ള ഒരു സിസ്റ്റത്തിനകത്ത് വളരെ കൃത്യമായിട്ടുള്ള ഒരു ബന്ധം അവർ ഉണ്ടാക്കിയെടുക്കുന്നുണ്ട്. അങ്ങനെയാണ് പല സ്കീമുകളുടെ പ്രവർത്തനങ്ങളും അവർക്ക് കോർഡിനേറ്റ് ചെയ്യേണ്ടിവരുന്നത്. ആർദ്രം മിഷന്റെ ഭാഗമായി അവർക്ക് ചെയ്യേണ്ടിവരുന്നത് ഹോസ്പിറ്റലുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളാണ്. ആരോഗ്യരംഗത്ത് സർക്കാർ നടപ്പിലാക്കുന്ന സംവിധാനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നത് ആശാ വർക്കേഴ്സിലൂടെയാണ്.

ആശാ വർക്കേഴ്സിന് ഒരു മാസത്തിൽ അവരുടെ വാർഡിലുള്ള എല്ലാ വീടുകളിലും രണ്ടു പ്രാവശ്യമെങ്കിലും പോവേണ്ടി വരുന്നുണ്ട്. കിടപ്പു രോഗികൾ ഉള്ള വീടുകളും ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ഉള്ള വീടുകളും കൃത്യമായി സന്ദർശിക്കേണ്ടി വരും. പബ്ലിക് ഹെൽത്ത് സിസ്റ്റത്തിന്റെ അവസാന ഗുണഭോക്താവിനെയും, ഈ സിസ്റ്റത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു കണ്ണി എന്ന രീതിയിൽ തന്നെ ആശാ വർക്കേഴ്സ് പ്രവർത്തിക്കുന്നുണ്ട്. ആരോഗ്യ മേഖലയെ കൂടുതൽ ജനാധിപത്യവൽക്കരിക്കുന്ന റോളാണ് അവർ വഹിക്കുന്നത്. അതുപോലെ, ജനങ്ങളെ വീണ്ടും പൊതുജനാരോഗ്യ സംവിധാനത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിലും, സർക്കാർ ആശുപത്രിയിലേക്ക് വീണ്ടും പ്രസവത്തിനായി സ്ത്രീകളെ എത്തിക്കുന്നതിലും ആശാ വർക്കേഴ്സ് വഹിച്ച പങ്ക് വളരെ വലുതാണ്. കേരളത്തിലെ ഹെൽത്ത് കെയർ സിസ്റ്റത്തെ ജനകീയമായി മാറ്റുന്നതിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലത്തെ ആശാ വർക്കേഴ്സിന്റെ പ്രവർത്തനം വളരെ നിർണ്ണായകമായിരുന്നു.

നിരന്തരമായി സ്ത്രീകൾ നേരിടുന്ന തൊഴിലിടങ്ങളിലെ ചൂഷണങ്ങളുടെ തുടർച്ച തന്നെയല്ലേ ആശാ വർക്കേഴ്സും നേരിടുന്നത്?

തീർച്ചയായും. പലപ്പോഴും സ്ത്രീകൾക്ക് 3-D ജോലികളാണ് ചെയ്യേണ്ടിവരുന്നത്. അതായത് ഡിഫിക്കൾട്ട്, ഡെയിഞ്ചറസ് ആൻഡ് ഡേർട്ടിയസ് ജോബ്സ്. പ്രത്യേകിച്ചും ആഗോളവൽക്കരണത്തിന് ശേഷമുള്ള കാലത്താണ് ഇത് സംഭവിക്കുന്നതും. ഇങ്ങനെ ചെയ്യേണ്ടിവരുന്നത് അവരുടെ ജീവിതത്തിലെ രണ്ടു ഭാഗത്തെ കൂട്ടിമുട്ടിക്കാൻ വേണ്ടിയാണ്. ഏറ്റവും കഠിനവും, അപകടകരവും അതുപോലെ വൃത്തിയില്ലാത്തതുമായ ജോലികൾ വളരെ തുച്ഛമായ തുകയ്ക്ക് സ്ത്രീകളെക്കൊണ്ട് ചെയ്യിപ്പിക്കുക എന്നതാണ് ഈ കമ്പോളവ്യവസ്ഥയുടെ ഒരു രീതി. സർക്കാരും ഇങ്ങനെ തന്നെയാണ്. പുരുഷാധിപത്യ സാമൂഹ്യ വ്യവസ്ഥിതിയിൽ നിന്നുകൊണ്ട് സ്ത്രീകളുടെ സ്ത്രീത്വത്തെ കെയർ വർക്കിന് വേണ്ടി ഉപയോഗിക്കുക എന്നത് ആശാ വർക്കേഴ്സിന്റെ കാര്യത്തിൽ വ്യക്തമാണ്. കൂടുതൽ സമയം പണിയെടുപ്പിക്കുകയും കുറഞ്ഞ വേതനം നൽകുകയും ചെയ്യുന്നത്തിലൂടെയാണ് ചൂഷണം മുന്നോട്ട് പോകുന്നത്. അതുപോലെ തന്നെ തൊഴിൽപദവി കൊടുക്കാതിരിക്കുക തുടങ്ങിയ ശൈലികൾ. പുരുഷന്മാരുടെ ഇടയിൽ ഈ സമീപനം നടക്കില്ല. ആശമാർക്ക് തൊഴിൽപദവി നൽകാത്തത് അവർ സ്ത്രീകൾ ആയതുകൊണ്ടു തന്നെയാണ്.

നിയമനം നേടിയവരിൽ കീഴ്ജാതി വിഭാഗങ്ങളിൽ നിന്നുമുള്ള പ്രാതിനിധ്യം എത്രത്തോളമുണ്ട്? ജാതീയമായ മാറ്റിനിർത്തൽ മൂലം തൊഴിലിന് തടസ്സം നേരിട്ടതായി അറിവുണ്ടോ?

തൊഴിലാളികളുടെ നിയമനത്തിൽ സംവരണം പാലിക്കപ്പെടുന്നുണ്ടോ എന്നു കൃത്യമായി അറിയില്ല. എന്നിരുന്നാലും ഇത്രയും കുറഞ്ഞ വേതനത്തിൽ ഈ തൊഴിൽ ചെയ്യുവാൻ സന്നദ്ധരാവുന്നത് തീർച്ചയായും ഭൗതികമായി പിന്നോക്ക സാഹചര്യങ്ങളിൽ കഴിയുന്നവർ ആയിരിക്കുമല്ലോ. അതുകൊണ്ടുതന്നെ ഇവരിൽ സ്വാഭാവികമായും കീഴ്ജാതി വിഭാഗങ്ങളുടെ പ്രാതിനിധ്യം കൂടുതലുമായിരിക്കും.

ജാതിപ്രശ്നം തൊഴിലിനെ ബാധിച്ചിട്ടുണ്ട് എന്നത് ഞങ്ങളുടെ പഠനത്തിൽ വ്യക്തമായതാണ്. ക്വാറന്റൈൻ പോലുള്ളവ നിർദ്ദേശിക്കാൻ ആശ വർക്കേഴ്സ് ചുമതലപെട്ടവർ ആയിരിക്കെ തന്നെ നിങ്ങളാരാണ് ഞങ്ങളോടിത് പറയുവാൻ എന്ന തരത്തിലുള്ള ജാതീയമായ സംഭാഷണങ്ങളും പെരുമാറ്റവും മേൽജാതി വിഭാഗങ്ങളിൽ നിന്നും അവർക്ക് ഉണ്ടായിട്ടുണ്ട്. സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവരും വിവേചനപൂർവ്വമായി ആശ വർക്കേഴ്സിനോട് പെരുമാറിയത് ശ്രദ്ധയിൽ വന്നിരുന്നു. കേരളത്തിലെ സാഹചര്യത്തിൽ വർഗ്ഗ-ജാതി സമവാക്യങ്ങൾ സാമ്പത്തിക സാഹചര്യവുമായി ഒരേപോലെ ബന്ധപ്പെട്ടു കിടക്കുന്നതിനാൽ ഇത്തരക്കാർ ആശ വർക്കേഴ്സിനോട് കാണിച്ചിട്ടുള്ള അവഗണന ഒരു മേൽജാതി വീക്ഷണമായി വിലയിരുത്താം. എന്നിരുന്നാലും, കോവിഡിന്റെ സവിശേഷമായ സാഹചര്യത്തിൽ പല ആവശ്യങ്ങൾക്കും സമൂഹത്തിലെ മുന്നോക്ക വിഭാഗക്കാർ ആശ വർക്കേഴ്സിനെ സമീപിക്കുവാൻ നിർബന്ധിതർ ആയിട്ടുണ്ട്.

ഡോ. ആരതി പി.എം

ആശമാർക്ക് ഔദ്യോഗിക തൊഴിൽ പദവി നൽകാൻ നിയമനിർമ്മാണം നടത്തേണ്ടത് ആരാണ്? കേന്ദ്രസർക്കാരാണോ അതാത് സംസ്ഥാന സർക്കാരുകൾ ആണോ?

ആശാ വർക്കേഴ്സ് കേന്ദ്ര സർക്കാരിന്റെ നാഷണൽ ഹെൽത്ത് മിഷന് കീഴിലുള്ള ഹോണററി വോളണ്ടിയേഴ്സാണ്. അങ്ങനെ നോക്കുമ്പോൾ ഔദ്യോഗിക പദവി നൽകുവാൻ സാങ്കേതികമായി ബാധ്യസ്ഥർ കേന്ദ്രസർക്കാർ ആണ്. എങ്കിലും സംസ്ഥാന സർക്കാരിനും ഇതിനായി നേതൃത്വം വഹിക്കാവുന്നതാണ്. ഇതുമായി സംബന്ധിച്ചു പല കൂടിയാലോചനകളും തുടർനടപടികളും തമിഴ്നാട്ടിലുണ്ടായി. അതുപോലെ കേരള സർക്കാരിനും ആശാ വർക്കേഴ്സിനെ ഹെൽത്ത് സർവീസിന്റെ ഭാഗമായി സ്ഥിരപ്പെടുത്തുവാൻ സാധിക്കുന്നതാണ്. ആരോഗ്യം എന്നത് കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ട ഒന്നായതിനാൽ ഈ വിഷയത്തിൽ ഇരു സർക്കാറുകൾക്കും തീരുമാനം എടുക്കാം. എന്നിരുന്നാലും, ഇത് കേന്ദ്ര സർക്കാരിന്റെ പദ്ധതി ആയതിനാൽ നിയമം വഴി ആശാ വർക്കേഴ്സിന് തൊഴിൽപദവി ഉറപ്പിക്കുവാൻ സാധിക്കുന്നത് കേന്ദ്രത്തിന് തന്നെയാണ്.

പാർലമെന്റിലോ കേരളാ നിയമസഭയിലോ ആശമാരുടെ പ്രശ്നം ഉന്നയിക്കപ്പെട്ടിട്ടുണ്ടോ? ഉണ്ടെകിൽ ആരാണ് ഉയർത്തിയത്? എന്തെല്ലാം ആവശ്യങ്ങളാണ് മുന്നോട്ടുവച്ചത്?

ഓരോ പാർലമെന്റ് സെഷനുകൾക്ക് മുൻപും ആശാ വർക്കേഴ്സ് പ്രതിഷേധവുമായി ഡൽഹിയിൽ എത്താറുണ്ട്. യു.പി.എ സർക്കാരിന്റെ കാലത്ത് ബൃന്ദ കാരാട്ടിന്റെ നേതൃത്വത്തിൽ ഇടതുപക്ഷം രാജ്യസഭയിൽ നിരന്തരം ആശാ വർക്കേഴ്സിന് വേണ്ടി സംസാരിച്ചിട്ടുണ്ട്. കോൺഗ്രസും ബി.ജെ.പിയും ഈ വിഷയത്തിൽ എടുത്ത നിലപാട് ശ്രദ്ധയിൽ വന്നിട്ടില്ല.

ആശാ വർക്കേഴ്സിന്റെ സംഘടിത സാധ്യതകളെ പറ്റി…?

മറ്റു പല തൊഴിൽ മേഖലകളെയും അപേക്ഷിച്ച് വളരെയധികം സംഘടിതസ്വഭാവം കൈവരിച്ചവരാണ് ആശാ വർക്കേഴ്സ്. മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾക്ക് വേണ്ടിയും കൃത്യമായ വേതനത്തിന് വേണ്ടിയും സംഘടിക്കുക എന്നത് വളരെ പ്രധാനമാണല്ലോ. തൊഴിൽപദവി നേടിയെടുക്കുന്ന വിഷയത്തിൽ ആശമാർ സംഘടിക്കുന്നതിനും, ഒരു കളക്റ്റീവ് ബാർഗൈനിങ് ശക്തി നേടുന്നതിനും അതിന്റെതായ പ്രാധാന്യവും അനിവാര്യതയുമുണ്ട്.

മറ്റൊരു പ്രധാനകാര്യം, ആശാ വർക്കേഴ്സിന്റെ പ്രശ്നങ്ങൾ അവരുടെ മാത്രം പ്രശ്നങ്ങളായി ചുരുക്കാതിരിക്കുക എന്നതാണ്. ഇത് ഇവിടുത്തെ സാമൂഹിക പ്രസ്ഥാനങ്ങളും രാഷ്ട്രീയ പാർട്ടികളും ഏറ്റെടുക്കേണ്ട ഒരു രാഷ്ട്രീയ വിഷയമാണ്. ആരോഗ്യരക്ഷാ സംവിധാനത്തെ കൂടുതൽ ജനാധിപത്യവൽക്കരിക്കുന്നതിനും ജനകീയവൽക്കരിക്കുന്നതിനും വേണ്ടി നിരന്തരം ഇടപെടുന്ന വിഭാഗമെന്ന നിലയിൽ സമൂഹം തിരികെ കാണിക്കേണ്ട ഉത്തരവാദിത്തമാണ് അവരുടെ തൊഴിൽ അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുക എന്നത്. ഇത് അവരുടെ മാത്രം സംഘടിതശേഷിയിലൂടെ നേടിയെടുക്കേണ്ട ഒന്നല്ല. മറിച്ച്, സകല സാമൂഹിക-രാഷ്ട്രീയ ശക്തികളും ഒന്നിച്ച് അവശ്യപ്പെടേണ്ട വിഷയമാണ്.

(ഡോ. ആരതി പി.എം, അസിസ്റ്റന്റ് പ്രൊഫസർ, സ്കൂൾ ഓഫ് ലീ​ഗൽ തോട്ട്, മഹാത്മ​ഗാന്ധി സർവ്വകലാശാല, കോട്ടയം.
മാനസി എം, വിദ്യാർത്ഥി, മഹാത്മ​ഗാന്ധി സർവ്വകലാശാല, കോട്ടയം.
)

Also Read

10 minutes read September 4, 2021 2:31 pm