

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


ഇന്ത്യയുടെ ആരോഗ്യരംഗത്ത് ഗ്രാമീണ മേഖലയിൽ സമൂലമായ പരിവർത്തനത്തിലൂടെ സ്ത്രീകളിലും കുട്ടികളിലും വൃദ്ധ സഹോദരങ്ങളിലും ജീവിതത്തിന്റെ ഗുണമേന്മ വർധിപ്പിക്കുന്നതിനുള്ള ഒരു പദ്ധതിയാണ് ആശാ പ്രവർത്തകർ എന്നുന്നള്ളത്. Accredited Social Health Activist – ASHA – സാമൂഹ്യ ആരോഗ്യ പ്രവർത്തക. ഈ ആശയം 2005 ൽ കുടുംബാരോഗ്യ ക്ഷേമ മന്ത്രാലയം (Ministry of Health and Family Welfare), ദേശീയ ഗ്രാമീണ ആരോഗ്യ പ്രസ്ഥാനമായാണ് വിഭാവനം ചെയ്യുന്നത്. 2012-13 കാലങ്ങളിൽ ഇത് സംസഥാനങ്ങളിൽ നടപ്പാക്കപ്പെട്ട് തുടങ്ങി.
ഗർഭിണിയും രോഗികളുമായ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യപരിപാലനം, വൃദ്ധ ജനങ്ങളുടെ ക്ഷേമം, പകർച്ച വ്യാധികൾ, മാരക രോഗങ്ങൾക്കടിപ്പെടുന്നവരെ പറ്റിയുള്ള അറിവുകൾ സമാഹരിക്കൽ, അവയെല്ലാം പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, സാന്ത്വന പരിപാലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സമയോചിതമായി എത്തിക്കൽ, വീടുകളിലെ ജലലഭ്യത, ഗുണനിലവാരം എന്നിവയുമായി ബന്ധപ്പെട്ട ഡാറ്റകൾ ശേഖരിക്കൽ, അവയ്ക്ക് സർക്കാർ നൽകുന്ന കിറ്റുകൾ വീടുകളിൽ എത്തിക്കൽ എന്ന് തുടങ്ങി സമൂഹത്തിന്റെ ആരോഗ്യം, ശുചിത്വം എന്നിവ കാത്ത് സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ട ആരോഗ്യ പ്രവർത്തകരാണ് ആശാ വർക്കർമാർ. കൃത്യമായി പറഞ്ഞാൽ ഒരു രാജ്യത്തിന്റെ, ആരോഗ്യ പരിപാലനത്തിന്റെ അടിസ്ഥാനതല പ്രവർത്തകർ (Grass-root workers). ഇവരുടെ നിശബ്ദ സേവനം സമൂഹം അറിയുന്നത് കോവിഡ് മഹാമാരിയുടെ കാലത്താണ്. ഇന്ത്യയിലെ വീടുകൾ, തെരുവുകൾ അടഞ്ഞ് കിടന്നപ്പോൾ ആശാ വർക്കർമാരാണ് മഹാമാരിയുടെ പകർച്ചാ സാധ്യതകൾ വകവെക്കാതെ, രോഗബാധിതരുടെ വിവരങ്ങൾ ശേഖരിച്ചും അവരെ കോവിഡ് ബാധിതർക്കുള്ള പ്രത്യേക സംവിധാനങ്ങളിലെത്താൻ സഹായിച്ചും, കുത്തിവെപ്പ് നടത്തുന്നതിനുള്ള പ്രാഥമിക മാർഗങ്ങളൊരുക്കിയും നമ്മെ മരണത്തിൽ നിന്ന് രക്ഷപ്പെടാൻ സഹായിച്ച മുന്നണി പ്രവർത്തകർ. അവരുടെ സേവനം പരിഗണിച്ചാണ് ഐക്യ രാഷ്ട്രസഭ ‘ഗ്ലോബ് ഹെൽത്ത് ലീഡേഴ്‌സ്’ അവാർഡ് (2022) അവർക്ക് സമ്മാനിച്ചത്.


ആരോഗ്യരംഗത്തെ അടിസ്ഥാനതല പ്രവർത്തകരായ ഇവരുടെ സേവനം മിക്കപ്പോഴും ദിവസങ്ങളിൽ 16 മണിക്കൂറുകളും ലഭ്യമാണ്, മിക്ക പ്രദേശങ്ങളിലും. കാൻസർ പോലുള്ള മാരക രോഗങ്ങൾ ബാധിച്ചവർക്ക് അടിയന്തരമായ വൈദ്യസഹായം എത്തിക്കാൻ വഴിയൊരുക്കുന്നതിൽ ആശാ വർക്കർമാരിൽ ചില സഹോദരികൾ കാണിച്ച അർപ്പണ മനോഭാവം എനിക്ക് നേരിട്ട് അറിയാവുന്നതാണ്. ആശാ വർക്കർമാരുടെ സേവനത്തിന്റെ സൂക്ഷ്മദർശിനി തക്ക സമയത്ത് പ്രവർത്തിച്ചതുകൊണ്ട് കഠിനമായ വേദനയിൽ നിന്നും ക്ലേശങ്ങളിൽ നിന്നും കാൻസർ രോഗബാധിതരായ ഒരു സഹോദരിക്ക് അനല്പമായ ആശ്വാസം കിട്ടിയത് ഓർത്തുപോകുന്നു.
ഇവരെ പോലെയുള്ളവർ കഴിഞ്ഞ രണ്ടാഴ്ചയിലധികമായി ഏഴായിരം രൂപയിൽ നിന്ന് പ്രതിമാസ ഓണറേറിയം വർധിപ്പിക്കുന്നതിനും, വിരമിക്കൽ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനും വേണ്ടി സമരം ചെയ്യുകയാണ്, ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ, പ്രബുദ്ധരുടെ നാടെന്നവകാശപ്പെടുന്ന സംസ്ഥാനത്ത്. സി.ഐ.ടി.യു നേതാക്കളും മുൻ ആരോഗ്യ മന്ത്രിയും ഇവരെ പരിഹസിക്കുകയും, കേരള സർക്കാരിനോടല്ല കേന്ദ്ര സർക്കാരിനോടാണ് സമരം വേണ്ടതെന്ന് ആക്രോശിക്കുകയും ചെയ്യുന്നത് മാർകിസ്റ്റ് പാർട്ടിയുടെ ജനാധിപത്യ വിരുദ്ധതയും ഫാസിസ്റ്റ് മനോഭാവവും തുറന്നുകാണിക്കുന്നതാണ്. മോദി ഭരണം നവ ഫാസിസ്റ്റല്ല, ജനാധിപത്യ വിരുദ്ധം മാത്രമാണെന്ന് പ്രകാശ് കാരാട്ട് സിദ്ധാന്തപ്പെടുന്നിടത്ത്, ഒരു ഫാസിസ്റ്റ് പാർട്ടിക്ക് മറ്റൊരു ഫാസിസ്റ്റ് പാർട്ടിയെ തിരിച്ചറിയാൻ കഴിയാത്ത ‘കളർ ബ്ലൈൻഡ്നസ് ‘ഇല്ലേയെന്ന് സംശയിച്ച് പോകും. “മനുഷ്യനാണെന്ന് പാടിയാൽ പോരാ, മനുഷ്യത്വമുണ്ടാകണം” എന്ന് ഡോ. ഗീവർഗീസ് മാർ കൂറിലോസ് സെക്രട്ടറിയേറ്റ് പടിക്കലെ സമരപ്പന്തലിൽ വെച്ച് മാർക്സിസ്റ്റ് അധികാരികളെയും അധീശന്മാരെയും ഓർമ്മപ്പെടുത്തിയത് ശരിയാണ്.
ആശാ വർക്കർമാർക്ക് ഓണറേറിയം വർധിപ്പിക്കാത്തത് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയാണെന്ന വാദം യുക്തിസഹമല്ലെന്ന് സി.ഡി.എസ് മുൻ ഡയറക്ടർ ഡോ. കെ.പി കണ്ണൻ വ്യക്തമാക്കുന്നുണ്ട്. “കേരള സർക്കാർ 2022-23ൽ തനത് വരുമാനമായി (ടാക്സ് + നോൺ ടാക്സ്) പിരിച്ചത് സംസ്ഥാന വരുമാനത്തിന്റെ 8.5 ശതമാനം. അതായത് ഓരോ നൂറ് രൂപ വരുമാനത്തിനും സർക്കാർ 8.5 രൂപ വരുമാനമായി പിരിച്ചു. 2023-24 ൽ ഇത് 7.9 രൂപയായി കുറഞ്ഞു. 2024-25 ൽ ഇത് 7.8 രൂപയായി കുറയുമെന്ന് ബജറ്റ് രേഖകൾ പറയുന്നു. ഇത് 2022-23 ലെ 8.5 എന്ന തോതിൽ നിലനിർത്തിയിരുന്നെങ്കിൽ 9000 കോടി രൂപ അധികം കിട്ടുമായിരുന്നു. 26500 ഓളം വരുന്ന ആശാ വർക്കർമാർക്ക് മാസം അവർ ചോദിക്കുന്ന 11000 രൂപ കൊടുത്താൽ സർക്കാരിന് വരുന്ന അധിക ചെലവ് വർഷത്തിൽ 396 കോടി രൂപയാണ്. അതായത് ഈ കൊല്ലം പിരിക്കാതെ പോയ 9000 കോടിയുടെ 4.40 ശതമാനം മാത്രം.


ഇനി പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങൾക്ക് ഈ സമര ദിവസങ്ങളിൽ തന്നെ സർക്കാർ ഓരോ അംഗത്തിനും (മറ്റ് സംസ്ഥാനങ്ങളിലും യു.പി.എസ്സിയിലും ഇതിന്റെ പകുതി അംഗങ്ങളെ ഉള്ളൂ എന്നാണ് അറിവ്) 1,02,000 രൂപ വർധിപ്പിച്ചു. പത്താം ക്ലാസ് പാസായ ഒരു ലോക്കൽ കമ്മിറ്റി അംഗത്തിന് പോലും പി.എസ്.സി അംഗമാവാൻ കഴിയുന്ന രീതിയിലാണ് അതിലേക്കുള്ള തെരഞ്ഞെടുപ്പ്. ഒരു വിദ്യാഭ്യാസ യോഗ്യതയും വേണ്ട. പാർട്ടിയുടെ പാദസേവക്കാരനാകലാണ് യോഗ്യത. അപ്പോൾ ഒരു അംഗത്തിന് ഒരു വർഷത്തിൽ അധിക ചെലവ് = 1,22,4000 രൂപ. 20 അംഗങ്ങൾക്ക് 244.8 ലക്ഷം രൂപ. ഇത്രയും രൂപകൊണ്ട് 2225 ആശാമാർക്ക് പ്രതിമാസം 11000 രൂപ അധിക വേതനം കൊടുക്കാൻ സാധിക്കും. പാവപ്പെട്ട ആശാ സഹോദരിക്കാണോ പി.എസ്.സി അംഗത്തിനാണോ മുൻഗണന നയിക്കേണ്ടത്? ഇതാണോ മനുഷ്യ സ്നേഹം? ജനാധിപത്യം? രാഷ്ട്രീയ ധാർമ്മികത?
ആശാ വർക്കർമാരുടെ ജോലി സാഹചര്യം മെച്ചപ്പെടുത്തണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് വി. രാമ സുബ്രമണ്യവും അവർക്ക് അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം ഉറപ്പുവരുത്തണമെന്ന് കമ്മീഷൻ അംഗം ജസ്റ്റിസ് ബിദ്യുത് രഞ്ജൻ സാരംഗിയും വ്യക്തമാക്കുന്നുണ്ട്.
“അടിമകളല്ല…അടിമകളല്ല… ഇനിമേൽ അടിമപ്പണി ചെയ്യാൻ ആശാമാരെ കിട്ടില്ല” എന്ന മുദ്രാവാക്യം കേരളത്തിന്റെ തെരുവുകളിൽ മുഴങ്ങി കേൾക്കുമ്പോൾ, അത് കേൾക്കാത്ത ഭാവത്തിൽ അധികാരത്തിന്റെ മണലിൽ തലപൂഴ്ത്തിയിരിക്കുന്നവരോട് കണക്ക് പറയേണ്ടവരും കണക്ക് തീർക്കേണ്ടവരും കേരളത്തിലെ പൊതുസമൂഹമാണ്, സാംസ്കാരിക പ്രവർത്തകരും എഴുത്തുകാരുമാണ്. അവസാനം പറഞ്ഞവർ അധികാരികളുടെ പാദസേവകരായി സമഗ്രാധിപത്യ പ്രവണതകളെ സാധുവാക്കുന്ന അശ്ലീല കാഴ്ചകളാണ് നമ്മുടെ മുന്നിലുള്ളത്. ആശാ സഹോദരിമാർക്ക് പിന്തുണ നൽക്കുന്നതിനോടൊപ്പം പാദസേവകരെ തുറന്നുകാട്ടുവാനും കഴിയേണ്ടതുണ്ട്. ജാഗ്രതയുള്ള ഒരു സമൂഹത്തിനേ അത് സാധിക്കൂ.