

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


കഴിഞ്ഞ 40 ദിവസത്തിലേറെയായി തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പിൽ ആശാവർക്കർമാർ രാപ്പകൽ സമരത്തിലാണ്. ഓണറേറിയം വർദ്ധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക തുടങ്ങി ന്യായമായ ഡിമാൻഡുകൾ ഉന്നയിച്ചുകൊണ്ടാണ് അവർ സമരം ചെയ്യുന്നത്. ഈ സമരത്തിന്റെ ഡിമാന്റുകളെ അനുഭാവപൂർവ്വം ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാന സർക്കാർ പരിഗണിക്കുന്നില്ല എന്ന് മാത്രമല്ല അവരുടെ വക്താക്കളും സിപിഎം പ്രതിനിധികളും സമരത്തെ തുടർച്ചയായി അധിക്ഷേപിച്ചുകൊണ്ടിരിക്കുകയാണ്. ഈ സമരത്തെ ആക്ഷേപിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞത്, “കേന്ദ്രമന്ത്രി സമരപ്പന്തലിൽ വന്നപ്പോൾ അവർ പാട്ടുപാടിയാണ് സ്വീകരിച്ചത് എന്നും, കേന്ദ്ര സർക്കാരിനോട് ആവശ്യങ്ങൾ പറയാൻ നട്ടെല്ല് വേണമെന്നും” ആണ്.
ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. കേന്ദ്രത്തോട് ആവശ്യങ്ങള്‍ പറയുകയും, കേന്ദ്രത്തിന്റെ മുന്നില്‍ നിലപാട് പ്രഖ്യാപിക്കുകയും വേണം. മന്ത്രിക്കും, സിപിഎം നേതൃത്വം കൊടുക്കുന്ന സംസ്ഥാന സര്‍ക്കാരിനും ഇല്ലാതെ പോയത് ആ ആർജവമാണ്. അത് ഉണ്ടായിരുന്നുവെങ്കിൽ ഇന്ത്യൻ മുതലാളിമാരുടെ കച്ചവട രസക്കൂട്ടുകൾ ചേർത്ത് ആർ.എസ്.എസ്സിന്റെ വർഗീയ അടുക്കളയിൽ ചുട്ടെടുത്ത ദേശീയ വിദ്യാഭ്യാസ നയം (NEP 2020) സംസ്ഥാനത്ത് നടപ്പിലാക്കുവാൻ ഈ സർക്കാർ മുൻകൈ എടുക്കില്ലായിരുന്നു. നവോത്ഥാന മുന്നേറ്റങ്ങളുടെയും സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെയും കൈപിടിച്ച് ഇന്ത്യൻ വിദ്യാഭ്യാസ മേഖല നേടിയെടുത്ത സകല ജനാധിപത്യ മാനുഷിക മൂല്യങ്ങളെയും പ്രാകൃതമായ വർണാശ്രമ വ്യവസ്ഥയുടെ കാൽക്കൽ പണയം വെക്കുവാനും, ഇന്ത്യൻ വിദ്യാഭ്യാസ മേഖല മുതലാളിമാർക്ക് തീറെഴുതി കൊടുക്കുവാനും വേണ്ടി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ദേശീയ വിദ്യാഭ്യാസ നയം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെക്കാളും വേഗത്തിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്നത് കേരളത്തിലാണ്. തങ്ങളുടെ അന്ധരായ അണികളെ കബളിപ്പിക്കുവാൻ വേണ്ടി NEP കേരളത്തിൽ നടപ്പിലാക്കില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഈ വിദ്യാഭ്യാസം നയത്തെ പേരുമാറ്റി ഖാദർ കമ്മിറ്റി റിപ്പോർട്ട്, ശ്യാം ബി മേനോൻ കമ്മിറ്റി റിപ്പോർട്ട്, സ്വകാര്യ സർവ്വകലാശാല ബിൽ, ഏപ്രിൽ ഒന്ന് ഉത്തരവ് എന്നിവയിലൂടെ സര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പിലാക്കുകയാണ്.


ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൊണ്ടുവരുന്ന മാറ്റങ്ങളെ സംബന്ധിച്ച് ചർച്ച ചെയ്യുവാൻ എന്ന പേരിൽ NEP ആവശ്യപ്പെടുന്ന നയപരവും ഘടനാപരവുമായ മാറ്റങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുവാൻ കുറച്ച് വർഷങ്ങൾക്കു മുമ്പ് ഉന്നത വിദ്യാഭ്യാസ മന്ത്രി വിദ്യാർത്ഥി സംഘടനകളുടെ മീറ്റിംഗ് വിളിച്ചുചേർത്തിരുന്നു. ഈ മാറ്റങ്ങൾ NEP കേരളത്തിൽ നടപ്പിലാക്കുന്നതിന് വേണ്ടിയുള്ളതാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും വിദ്യാർത്ഥി സംഘടനയായ AIDSO നിലപാട് അറിയിച്ചപ്പോൾ, കേന്ദ്രം നടപ്പിലാക്കുന്ന നയങ്ങളിൽ നിന്നും കേരളത്തിന് മാറി മാറിനിൽക്കുവാൻ സാധിക്കില്ല എന്ന മറുപടിയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി നൽകിയത്. അതേസമയം കേന്ദ്രത്തിന്റെ നയങ്ങളെ സംസ്ഥാനത്ത് നടപ്പിലാക്കുവാനുള്ള സർക്കാരിന്റെ ഈ തീരുമാനത്തിന് പിന്തുണ നൽകിയത് ABVP ആണെന്നുള്ളതാണ് വിരോധാഭാസം.
ന്യായമായ ഡിമാൻഡുകൾ ഉന്നയിച്ചുകൊണ്ട് KAHWA യുടെ നേതൃത്വത്തിൽ ആശാവർക്കർമാർ നടത്തുന്ന തൊഴിലാളി സമരത്തിന് വലിയതോതിലുള്ള ജനപിന്തുണ ലഭിച്ചതോടുകൂടി പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ നിരവധി സംഘടനകൾ ഈ സമരത്തെ പിന്തുണയ്ക്കുകയും, സ്വാഭാവികമായി ബിജെപി പ്രതിനിധികളും സമരത്തിന് പിന്തുണയുമായി എത്തുകയും ചെയ്തു. സമരം തുടങ്ങി ഒരു മാസം കഴിഞ്ഞപ്പോൾ ബിഎംഎസും സമാനമായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സമരത്തിനുള്ള നോട്ടീസ് കൊടുത്തു. ഇതോടുകൂടി ബിജെപി ഈ സമരത്തെ ഏറ്റെടുത്തു എന്നും അവരാണ് ഇപ്പോൾ ഈ സമരം നയിക്കുന്നതെന്നും തരത്തിലുള്ള പ്രചരണമാണ് വ്യാപകമായി സിപിഎം കേന്ദ്രങ്ങൾ നടത്തുന്നത്. അങ്ങനെയെങ്കിൽ അതേ യുക്തി അനുസരിച്ച്, ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുവാനുള്ള സംസ്ഥാന സർക്കാരിന്റെ ആവേശവും, അതിന് എബിവിപി നൽകുന്ന പിന്തുണയും നോക്കുകയാണെങ്കിൽ സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പിനെ ബിജെപിയും ആർഎസ്എസും ആണോ നിയന്ത്രിക്കുന്നത് എന്ന് സ്വാഭാവികമായും സംശയിക്കേണ്ടി വരും. NEP ക്ക് എതിരെ നിലപാടെടുക്കാൻ കഴിയാതെ സിപിഎം, ബിജെപിക്ക് അടിയറവ് പറയുമ്പോഴാണ് തമിഴ്നാട് സർക്കാർ NEP ക്ക് എതിരെ ശക്തമായ നിലപാടെടുക്കുകയും, വിദ്യാർത്ഥി സമരത്തെ തുടർന്ന് കർണാടക സർക്കാർ നാലുവർഷ ബിരുദ കോഴ്സ് പിൻവലിക്കാൻ തയ്യാറാവുകയും ചെയ്തത്.


2013 മുതൽ പ്രവർത്തിക്കുന്ന KAHWA യും അത് അഫിലിയേറ്റ് ചെയ്യപ്പെട്ടിരിക്കുന്ന All India Scheme Workers Federation നും ആശ പ്രവർത്തകരെ തൊഴിലാളികളായി അംഗീകരിക്കണമെന്നും, ആനുകൂല്യങ്ങൾ നൽകണമെന്നും ഇൻസെന്റീവ് വർദ്ധിപ്പിക്കണമെന്നുമുള്ള ഡിമാൻഡുകൾ ഉന്നയിച്ചുകൊണ്ട് കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യുകയും പാർലമെൻറ് മാർച്ച് പോലുള്ള വിവിധ സമര പരിപാടികൾ നടത്തുകയും ചെയ്തിട്ടുണ്ട്. സമരപ്പന്തലിൽ എത്തിയ കേന്ദ്രമന്ത്രിയടക്കമുള്ള ബിജെപി നേതാക്കളെ കേന്ദ്ര സർക്കാരിനോടുള്ള ആവശ്യങ്ങൾ അറിയിച്ചതിന് ശേഷം മാത്രമാണ് അവർക്ക് ഐക്യദാർഢ്യമറിയിച്ച് സംസാരിക്കാനുള്ള അവസരം നൽകിയതെന്ന് സമരസമിതിയുടെ ഫേസ് ബുക്ക് പേജിലെ ലൈവുകളിൽ നിന്നും വ്യക്തമാണ്. തൊഴിലാളിവർഗ്ഗ ജനകീയ സമരങ്ങളിൽ നിന്നും ആർജിച്ചെടുത്ത രാഷ്ട്രീയ ബോധമുള്ളതുകൊണ്ടാണ് സമരസമിതിക്ക് ഈ നിലപാട് എടുക്കാൻ സാധിച്ചത്. ആ രാഷ്ട്രീയ ബോധം ഉള്ളതുകൊണ്ട് തന്നെയാണ് സ്വന്തം ഇമേജ് വർദ്ധിപ്പിക്കുവാൻ വേണ്ടി മാത്രം സമരപ്പന്തലിലേക്ക് തുടർച്ചയായി വന്നുകൊണ്ടിരുന്ന സുരേഷ് ഗോപിയോട് ഇനി വരുമ്പോൾ ഇൻസെന്റീവ് വർദ്ധിപ്പിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ ഓർഡറുമായി വരണമെന്ന് സമരസമിതി ആവശ്യപ്പെട്ടത്. ആശാ വർക്കർമാരുടെ പ്രശ്നങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യപ്പെട്ടതും, അതിന് മറുപടിയായി അവരുടെ ഇൻസെന്റീവ് വർദ്ധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രിക്ക് മറുപടി പറയേണ്ടി വന്നതും ഈ തൊഴിലാളി സമരത്തിന്റെ വിജയം തന്നെയാണ്. ഇന്നേവരെ ഒരു ജനകീയ സമരമോ തൊഴിലാളി സമരമോ സംഘടിപ്പിച്ചിട്ടില്ലാത്ത, ജനവിരുദ്ധമായ നയങ്ങൾ മാത്രം നടപ്പിലാക്കിയിട്ടുള്ള ബിജെപിക്ക് പോലും ആശമാർ ഉയർത്തുന്ന ഡിമാന്റുകളെ പിന്തുണച്ച് രംഗത്ത് വരേണ്ടിവന്ന ഒരു സാഹചര്യം ഈ തൊഴിലാളി സമരത്തിന്റെ സമ്മർദ്ദം മൂലം സംജാതമായിട്ടുണ്ട്. ആ വസ്തുതകൾ കണ്ടില്ല എന്ന് നടിച്ചുകൊണ്ടാണ് സർക്കാരിന്റെ വക്താക്കൾ പൊള്ളയായ ആരോപണങ്ങൾ ഉന്നയിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ മുന്നിൽ നിലപാട് പ്രഖ്യാപിക്കുന്ന കാര്യത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയേക്കാൾ ആർജവം സമരസമിതി കാണിച്ചിട്ടുണ്ട്.
നമ്മുടെ രാജ്യത്തെ 81 ശതമാനം വിദ്യാർത്ഥികളും, പ്രത്യേകിച്ച് പാർശ്വവൽകൃത വിഭാഗത്തിൽ പെട്ടവർ ഉന്നത വിദ്യാഭ്യാസത്തിനായി ഇപ്പോഴും ആശ്രയിക്കുന്നത് സംസ്ഥാന പൊതു സർവകലാശാലകളെയാണെന്ന് നീതി അയോഗിന്റെ 2025 ലെ Expanding Quality Higher Education through States and State Public Universities എന്ന റിപ്പോർട്ട് അടിവരയിട്ട് പറയുന്നു. ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയെ പ്രത്യേകിച്ചും ഗവേഷണത്തെ മുതലാളിമാരുടെ കച്ചവട താല്പര്യങ്ങൾക്ക് മുമ്പിൽ പണയം വയ്ക്കുന്നതാണ് ദേശീയ വിദ്യാഭ്യാസ നയം. 2020 മുതൽ തന്നെ കേരളത്തിലെ ചില സർവ്വകലാശാലകളിൽ ഈ നയം നടപ്പിലാക്കി തുടങ്ങി എന്നുള്ളതാണ് വസ്തുത. സിപിഎമ്മിന്റെ അധ്യാപക സംഘടനയിലെ പ്രവർത്തകർക്കിടയിൽ നിന്നുപോലും എതിർപ്പ് ഉണ്ടായിട്ടും, യാതൊരു മുന്നൊരുക്കങ്ങളും നടത്താതെ ധൃതിപിടിച്ച് നാലുവർഷം ബിരുദ കോഴ്സുകൾ നടപ്പിലാക്കിതും, സ്വകാര്യ സർവകലാശാല ബില്‍ പാസാക്കിയതും, മുഖ്യമന്ത്രിയുടെ നവ കേരള വികസന കാഴ്ചപ്പാടിലെ ‘സ്വകാര്യ, പൊതു-സ്വകാര്യ’ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്കെ തന്നെ NEP 2020 കേരളത്തിൽ നടപ്പിലാക്കി ബിജെപിയുടെയും മുതലാളിമാരുടെയും ഉത്തമ സേവകരാണ് തങ്ങൾ എന്ന് ബോധ്യപ്പെടുത്താനുള്ള പരിശ്രമത്തിന്റെ ഭാഗമാണ്. എത്രയൊക്കെ മികവ് അവകാശപ്പെടാമെങ്കിലും ലാഭത്തിന്റെ മാത്രം അടിസ്ഥാനത്തിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള സ്വകാര്യ സർവകലാശാലകൾ, നവോത്ഥാന മുന്നേറ്റങ്ങളിലൂടെ ഉയർന്നുവന്ന സാർവത്രിക ജനാധിപത്യ വിദ്യാഭ്യാസം എന്ന സങ്കല്പത്തെ അട്ടിമറിക്കുന്നു. നാലുവർഷ ബിരുദ കോഴ്സുകളുടെ ഭീമമായ ഫീസും, സ്വകാര്യ സർവകലാശാല നയവും ഒക്കെ തന്നെ വിദ്യാഭ്യാസ പ്രക്രിയയിൽ നിന്നും ഭൂരിഭാഗം ഇന്ത്യൻ യുവത്വത്തെയും പുറംതള്ളി മോഡേൺ സ്ലേവറിയുടെ ഭാഗമാക്കുക എന്ന കേന്ദ്ര സർക്കാർ ലക്ഷ്യം സാക്ഷാത്കരിക്കുവാൻ ഉള്ളതാണ്.
അധ്യാപകർ എന്ന സങ്കല്പം NEP മുന്നോട്ടുവയ്ക്കുന്നില്ല. അതിനുപകരം സന്നദ്ധ സേവകരും, കരാർ അടിസ്ഥാനത്തിലുള്ള അധ്യാപകരും മതിയെന്നും, അവർ വിദ്യാർത്ഥികളെ പഠിപ്പിക്കേണ്ട പകരം പഠിക്കാൻ സഹായിച്ചാൽ മതിയെന്നും NEP പറയുന്നു. 2020 ഏപ്രിൽ 1ലെ ഒരു ഉത്തരവിലൂടെ അധ്യാപക മേഖലയിൽ അക്ഷരാർത്ഥത്തിൽ അപ്രഖ്യാപിത നിയമന നിരോധനമാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കിയത്. NEP നിഷ്കർഷിച്ച മാറ്റങ്ങൾ നടപ്പിലാക്കി, അക്കാദമിക്ക് പ്രവർത്തനങ്ങൾ നടത്തുവാനുള്ള സമയം നൽകാതെ അധ്യാപകരുടെ തലയിൽ ക്ലറിക്കൽ ജോലികൾ അടിച്ചേൽപ്പിച്ച് അവരെ ഭീകരമായ സമ്മർദ്ദത്തിലേക്ക് തള്ളി വിട്ടിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ ഒമ്പത് വർഷമായി ശബ്ദം നഷ്ടപ്പെട്ട സിപിഎമ്മിന്റെ അധ്യാപക ബുദ്ധിജീവികളും നേതാക്കളും തങ്ങളുടെ പ്രതികരണശേഷി തിരികെ കിട്ടുവാൻ ഭരണ മാറ്റം ഉണ്ടാവുന്നതും കാത്തിരിക്കുകയാണ്.


ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങൾ നടപ്പിലാക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാരിനെ പോലും നാണിപ്പിക്കുന്ന തരത്തിലാണ് സംസ്ഥാന സർക്കാർ മുന്നോപോകുന്നത്. അതുകൊണ്ടുതന്നെ ചൂഷണത്തിന് വിധേയരായി വീർപ്പുമുട്ടി ജീവിക്കുന്ന ജനങ്ങൾ പ്രതികരിക്കുമോ എന്ന ഭയം സംസ്ഥാന സർക്കാരിനെ വേട്ടയാടുന്നുണ്ട്. ആശാമാർ നയിക്കുന്ന ഈ തൊഴിലാളി സമരത്തിന്റെ ഡിമാന്റുകൾ തങ്ങൾ അംഗീകരിച്ചാൽ പിന്നെ അക്ഷമരായി കഴിയുന്ന സർക്കാർ ജീവനക്കാരുടെയും, അധ്യാപകരുടെയും, കെ.എസ്.ആർ.ടി.സി തൊഴിലാളികളുടെയും, അടിസ്ഥാന ജനവിഭാഗത്തിന്റെയും സമരങ്ങളാൽ കേരളത്തിന്റെ തെരുവകൾ നിറയുമെന്ന് സർക്കാരിന് അറിയാം. അതുകൊണ്ട് ആദ്യം കേന്ദ്രത്തോട് ആവശ്യങ്ങളുന്നയിക്കാനുള്ള ആർജവം ആശാ പ്രവർത്തകരുടെ സമരസമിതിക്കുണ്ടോ എന്ന് നോക്കുന്നതിന് മുമ്പ് അത് വർഗവഞ്ചകരായ സിപിഎമ്മിനും, അവർ നേതൃത്വം കൊടുക്കുന്ന തൊഴിലാളി വിരുദ്ധ സർക്കാരിനും ഉണ്ടോ എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി പരിശോധിക്കുന്നതാണ് നല്ലത്.