

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


മണികണ്ഠൻ അട്ടപ്പാടി ഇരുള ഭാഷയിൽ എഴുതിയ കവിതകളുടെ സമാഹാരം ‘മല്ലീസ് പറ മുടി’യാണ് കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ആദ്യത്തെ മലയാളേതര കേരളഭാഷാ പുസ്തകം. അട്ടപ്പാടിയിലെ ഗോത്ര ജീവിതവും ഭാഷയും കവിതയും മണികണ്ഠൻ പങ്കുവയ്ക്കുന്നു. ആദിൽ മഠത്തിലുമായി നടത്തിയ സംഭാഷണം.
ആദിൽ മഠത്തിൽ: ‘മല്ലീസ് പറ മുടി’യിൽ നിന്നും മണികണ്ഠന്റെ പുതിയ കവിതകൾ വായിച്ച് തുടങ്ങുമ്പോൾ മല്ലീശ്വരന്റെ പിന്നിൽ മറയുന്ന സൂര്യനെ കാണുന്നു, കാടിനെ പുതപ്പിച്ചുറങ്ങുന്ന ഇരുട്ടിൽ മലയിൽ ഒഴുകുന്ന വെള്ളത്തിൻ്റെ ഒച്ച കേൾക്കുന്നു. മഞ്ഞ് വീഴുന്ന കാർത്തിക മാസം പുലർകാലത്ത് പുഴയോരത്ത് ചെല്ലുന്നു. അവിടെ വെള്ളാരം കല്ലുകൊണ്ട് തീമൂട്ടുന്നവരെ, വേപ്പിൻ തണ്ടെടുത്തു പല്ലുതേക്കുന്നവരെ, അലക്കുന്നവരെ, മീൻ പിടിക്കുന്നവരെ, പാഴ് വർത്തമാനങ്ങൾ പറയുന്നവരെ കാണുന്നു. എന്നാൽ മലയിലെ വെള്ളം പോലെ കവിത പെട്ടെന്ന് കലങ്ങുന്നു. ഒടുവിൽ –
മല്ലീശ്വര മുടിയിൽ
എരിയുന്ന വിളക്ക്
കെടാതെ എരിയട്ടെ
നശിച്ച നമ്മുടെ ജീവിതം
വെളിച്ചമായി മാറട്ടെ.
എന്ന പ്രാർത്ഥനയിൽ പ്രകാശിക്കുമ്പോഴും അട്ടപ്പാടിയുടെ ആവാസ വ്യവസ്ഥ തകർക്കുന്നവർക്ക് നേരെ വെട്ടി മാറ്റിയ ചില്ലകളുടെ കൈനഖങ്ങൾ നീട്ടുന്നുണ്ട് മണികണ്ഠൻ.
മണികണ്ഠൻ: സെന്ദവൻ മലയുടെ അടിവാരത്തിൽ കെട്ടിയ ഒരു പുൽക്കുടിലിലായിരുന്നു ഞാനും അമ്മയും അച്ഛനും എല്ലാം ജീവിച്ചിരുന്നത്. കിഴങ്ങ് കുഴിച്ച്, തെളിനീര് കുടിച്ച്, പന്നിയേയും മാനിനെയും വേട്ടയാടി പിടിച്ച്, ചുട്ടും കറിവെച്ചും, തേനെടുത്തും ഞങ്ങൾ അവിടെ കഴിഞ്ഞു. ജൂലിപ്പാമ്, ഉങ്കട്ടെപ്പാമ്, ലുമ്നാപ്പാമ് എന്നൊക്കെ ഞങ്ങളുടെ ഭാഷയിൽ വിളിക്കുന്ന ധാരാളം കാട്ടുപഴങ്ങളുണ്ട്. അതൊക്കെ കഴിച്ച് മഞ്ഞക്കുരുവിയേയും നീലക്കുരുവിയേയും ഒക്കെ പിടിച്ച് കളിച്ച് ഞാനും വളർന്നു. ആ കാലം കൺമറഞ്ഞ് പോയതിൻ്റെ വേദന ഈ കവിതകളിൽ ഉടനീളമുണ്ട്. കാട്ടിൽ ജീവിക്കുന്നവർ കുറവാണിന്ന്. കാടിനോട് ഇടപഴകിയവരും അകന്നു ജീവിക്കുന്നതാണ് കണ്ടുവരുന്നത്.
‘മല്ലീസ് പറ മുടി’ എന്ന കവിതയിൽ തന്നെ വേപ്പിൻ തണ്ടുകൊണ്ട് പല്ലുതേക്കുന്നവരുണ്ട്, എല്ലാവർക്കും അറിയാം ആര്യവേപ്പിന്റെ ഔഷധഗുണം. ധാരാളം വൈദ്യന്മാർ ഉണ്ടായിരുന്നു അട്ടപ്പാടിയിൽ. ഗോത്ര സമൂഹത്തിലുള്ളവർ ആശുപത്രികളിൽ പോവുന്ന പതിവുണ്ടായിരുന്നില്ല. ആശുപത്രിയുടെ പടി ചവിട്ടാതെ എത്രയോ ആളുകൾ ജീവിച്ചു പോയി. എന്നാൽ അയ്യോ… എന്ന് പറയുമ്പോഴേക്കും ഇന്ന് ആശുപത്രിയിൽ എത്തണം. പച്ചമരുന്നുകളും നാട്ടുവൈദ്യങ്ങളും എല്ലാം അട്ടപ്പാടിക്ക് നഷ്ടപ്പെട്ട് കഴിഞ്ഞു. ഇങ്ങനെ നഷ്ടങ്ങളെ കുറിച്ചാണ് എൻ്റെ കവിതകൾ ഏറെയും. ഈ മാറ്റങ്ങളെല്ലാം നോക്കി കണ്ടുകൊണ്ടാണ് ഞാൻ കവിതകൾ എഴുതുന്നത്.


ആദിൽ മഠത്തിൽ: കെണിവെച്ചിട്ടും പിടിതരാതെ കൃഷി നശിപ്പിക്കുന്ന കാട്ടുമൃഗങ്ങൾക്കിടയിൽ കാഴ്ച്ചക്കാരനായ ഒരു കർഷകനുണ്ട് ‘കാവൽക്കാരൻ’ എന്ന കവിതയിൽ. കാട്ടിലെല്ലാം കെണിവെച്ചിട്ടും ഒരെലി പോലും അകപ്പെട്ടില്ല. മഴ കാത്ത് തളർന്നിരിക്കുന്നു റാഗിയും ചോളവും. എന്നാൽ മഴ വന്നാൽ ചോരുന്ന കുടില് മറയ്ക്കണം കാവൽക്കാരന്.
മണികണ്ഠൻ: കാടിനോടുള്ള ബന്ധം ഇല്ലാതായത് തന്നെയാണ് കാരണം. എന്തെങ്കിലും ആവശ്യം വരുമ്പോൾ മാത്രം ഇന്ന് കാടിനെ ആശ്രയിക്കുന്നു. കാട്ടിൽ പോയി വരുന്നു. എന്നുമാത്രമല്ല കാടിനെ നശിപ്പിക്കുന്നു. മുളയാണെങ്കിലും പുല്ലാണെങ്കിലും വെട്ടിനശിപ്പിച്ചു, ആനക്കും മറ്റു മൃഗങ്ങൾക്കും കാട്ടിൽ തിന്നാനില്ല. അവർക്ക് നാട്ടിലേക്ക് ഇറങ്ങേണ്ടി വരുന്നു. പിന്നെ മൃഗങ്ങൾ ആക്രമിക്കുന്നത് മനുഷ്യനെ ഭയന്നാണ്. അതിനുള്ള സാഹചര്യം വരുത്തിവെക്കുന്നത് നമ്മൾ തന്നെയാണ്.
ആദിൽ മഠത്തിൽ: ഈന്തപ്പന കിഴങ്ങ് വെട്ടി തിന്നതും, നൂറെക്കിഴങ്ങ് കുഴിച്ചെടുത്ത് തീയിൽ ചുട്ടുതിന്നതും, നന്നാരി വേര് കുഴിച്ചെടുത്ത് കാപ്പിവെച്ച് കുടിച്ചതും കാവൽക്കാരനെ വീണ്ടും കൃഷി ചെയ്യാൻ ഓർമിപ്പിക്കുന്നു. തനതായ ഈ ആഹാരങ്ങൾ എല്ലാം ഓർമ്മ മാത്രമായി മാറിക്കഴിഞ്ഞോ?
മണികണ്ഠൻ: അതെ, അതെ ! നൂറെക്കിഴങ്ങും നന്നാരി വേരും ഒന്നും പറഞ്ഞുകൊടുത്താൽ അല്ലാതെ ഇന്നറിയില്ല ഞങ്ങളുടെ പുതിയ തലമുറയ്ക്ക്. എന്നാൽ തലമുറകൾ തമ്മിലുള്ള ഈ കൈമാറ്റം കുറഞ്ഞു കുറഞ്ഞു വരുന്നു. ഇങ്ങനെ നമ്മുടെ സംസ്കാരം മെല്ലെ ചത്തൊടങ്ങുന്നത് കണ്ടുകൊണ്ടിരിക്കുന്നു. ചോറും കറിയുമായി വിഷമാണ് കഴിക്കുന്നത്. ചാമയോ റാഗിയോ തുവരെയോ ഒന്നും കൃഷിചെയ്യുന്നില്ല. ചെറിയ ചില ഭാഗങ്ങളിൽ ചിലർ തുവര കൃഷി ചെയ്യുന്നുണ്ട്. ഏറെയൊന്നുമില്ല. കമ്പ്, ചോളം, നിലക്കടലയൊക്കെ കൃഷി ചെയ്യുന്നത് കുറഞ്ഞ് തെങ്ങ്, കവുങ്ങ് ആയി മാറി.
ആദിൽ മഠത്തിൽ: ചാമയും റാഗിയും വിളയിച്ചിരുന്ന അട്ടപ്പാടിയിലെ ആദിവാസികൾ പലരും കൃഷി അവസാനിപ്പിച്ചതെന്തേ ?
മണികണ്ഠൻ: ഒരുകാലത്ത് കൃഷി ചെയ്യാതെ ജീവിക്കാൻ കഴിഞ്ഞിരുന്നില്ല. അരി കിട്ടാൻ വേറെ മാർഗ്ഗങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എൻറെ അച്ഛൻറെ കാലത്തൊക്കെ ശിവരാത്രിക്ക് മല്ലീശ്വര ക്ഷേത്രത്തിലെ നോമ്പി ഉത്സവത്തിന് അരി കിട്ടാനില്ലാതെ പേട്ടയിൽ (മണ്ണാർക്കാട്) പോയിട്ടാണ് അരി മേടിച്ച് കൊണ്ടുവന്നിരുന്നത്. റാഗിയായിരുന്നു പ്രധാന ഭക്ഷണം. അട്ടപ്പാടിയിലെ റാഗി പുട്ടൊക്കെ പ്രസിദ്ധമാണ്. അതുപോലെ ചാമക്കഞ്ഞി, തുവരക്കറിയൊക്കെ കഴിച്ചിരുന്നു. റേഷൻ കടകൾ വന്നതോടെ കറിക്ക് മാത്രം എന്തെങ്കിലും ഉണ്ടാക്കിയാൽ മതി എന്നായി. മുപ്പത് കിലോ അരിയുണ്ട് ഒരു മാസത്തേക്കായി. കൃഷി ചെയ്യാനും മടിയായി, ചെറിയ കൂലിപ്പണികൾക്ക് പോയി തുടങ്ങി.
പിന്നെ ഒരണക്കും രണ്ടണക്കുമെല്ലാം കുറെ ഭൂമി വിറ്റുപോയിട്ടുണ്ട്. എന്തെങ്കിലും പ്രശ്നം വന്നാൽ ഉടനെ ഭൂമി വിൽക്കാൻ ആലോചിക്കുന്നവർ ഇപ്പോഴുമുണ്ട്. കുറേ വന്ദേവാസികൾ അങ്ങനെ അട്ടപ്പാടിയിൽ ഭൂമി കൈക്കലാക്കിയിട്ടുണ്ട്. ഒട്ടും സാമ്പത്തിക ശേഷി ഇല്ലാത്തതിനാലാണ് പലർക്കും ഭൂമി വിൽക്കേണ്ടിവന്നിട്ടുള്ളത്. എന്തെങ്കിലും കയ്യിലുള്ളവർ ആണെങ്കിൽ മൊട്ടക്കുന്നാണെങ്കിലും വെട്ടിത്തെളിച്ചു കുഴൽക്കിണറുകുത്തി കൃഷിയിറക്കും. പക്ഷേ അതിനുള്ള പൈസയില്ലാത്തവർക്ക് പിന്നെ ഒന്നും ചെയ്യാനാവില്ല. പറമ്പുണ്ടാവും വെള്ളമുണ്ടാവില്ല. എൻറെ ഊരിൽ തന്നെ കുടിവെള്ളം കിട്ടുന്നത് കുഴൽക്കിണറിലൂടെയാണ്. എനിക്ക് തന്നെ ഇവിടെ ഒരു പറമ്പുണ്ട്. എന്നാൽ അവിടെ വെള്ളം എത്തിക്കാനുള്ള സൗകര്യങ്ങളില്ല. കൃഷി ചെയ്യാൻ ആഗ്രഹിക്കുമ്പോഴും പറമ്പ് തരിശായി കിടക്കുന്നു.


ആദിൽ മഠത്തിൽ: കൃഷി ചെയ്യാനുള്ള മടിയെ പറ്റി പറഞ്ഞപ്പോൾ മണികണ്ഠന്റെ തന്നെ ‘കാവലിന് വന്നവൻ’ എന്ന കവിതയോർത്തു. പുലർകാല വെയിൽ കണ്ണിൽ കുത്തി എണീപ്പിക്കെ ചാരായം കുടിച്ചവനെ പോലെ ആടുന്ന കാവൽക്കാരനെയും.
മണികണ്ഠൻ: അലസത തന്നെയാണ് എങ്ങും കാണാനാവുന്നത്. നമ്മുടെ പൂർവികന്മാരും സമൂഹവും എങ്ങനെ ജീവിച്ചു വന്നുവെന്ന തിരിച്ചറിവില്ലായ്മയിൽ നിന്നാണ് ഈ അലസത ഉണ്ടായിട്ടുള്ളതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. നമ്മുടെ പൂർവികരായവർ എന്തൊക്കെയാണ് കഴിച്ചത്? എന്തെല്ലാമാണ് ഉപയോഗിച്ചത്? എങ്ങനെയാണ് ജീവിച്ചത്? എന്നെല്ലാം ഓരോ തലമുറയും അറിഞ്ഞിരിക്കണം. അല്ലെങ്കിൽ കാവലിനുവന്ന് കൂർക്കം വലിച്ചുറങ്ങിയ കാവൽക്കാരനെ പോലെ ആയിപ്പോകും. ഉറങ്ങുമ്പോഴും കുറച്ച് ബോധം ഉണ്ടായിരിക്കണം. ഇല്ലെങ്കിൽ ചിലപ്പോൾ ഉറക്കത്തിൽ നമ്മളെ കുഴിയിലേക്ക് വീഴ്ത്തി മണ്ണിട്ട് മൂടും. അങ്ങനത്തെ ഒരവസ്ഥയാണ്.
ആദിൽ മഠത്തിൽ: അട്ടപ്പാടിയിലെ ആദിവാസി ജീവിതത്തിൻറെ ജനനം മുതൽ മരണം വരെയുള്ള വിവിധ മുഹൂർത്തങ്ങൾ ‘മല്ലീസ് പറ മുടി’യിലെ കവിതകളിലുണ്ട്. പിറന്നു മറ്റാരും കാണാത്ത കുഞ്ഞിനെ ദൈവങ്ങളുടെ കാൽക്കൽ വച്ച് തൊഴുന്ന ചടങ്ങ് വിവരിക്കുന്നു ‘പസത്’ എന്ന കവിതയിൽ. ഒരു കുഞ്ഞു പിറന്നാൽ ഏഴു ദിവസത്തേക്ക് ആരെയും കാണിക്കാതെ വീട്ടു ദൈവത്തിൻറെ കാലടിയിൽവെച്ച് തൊഴണം. വീട്ടു ദൈവം കുടികൊള്ളും വീട്ടിൽ തൂക്കിവെച്ചിട്ടുള്ള പെട്ടികളിൽ ആൺപസതും പെൺപസതും അന്നേരം ആടാൻ തുടങ്ങും. ഒരു കുഞ്ഞു പിറന്നതിന്റെ ആനന്ദമരുളുന്നുണ്ട് ഈ കവിത.
മണികണ്ഠൻ: ഈ ചടങ്ങ് ഞാൻ നേരിട്ട് കണ്ടിട്ടില്ല. എൻ്റെ ചെറിയച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്. ഒമ്പതോളം കുലങ്ങളുണ്ട് അട്ടപ്പാടിയിൽ. കുപ്പുളിക, ഉപ്പുളിക, കർട്ടിക, വെള്ളെക … എന്നിങ്ങനെ ഒമ്പത് കുലങ്ങൾ. അതിൽ ഉപ്പുളിക എന്ന കുലത്തിലാണ് ഞാനെല്ലാം. ഉപ്പുളികയിൽ പെട്ടവരെല്ലാം തൊഴുന്ന കുലദൈവങ്ങളാണ് പസാതുകൾ. പസാതുകൾക്ക് തനിയെ ഒരു വീടുണ്ടാകും. അവിടെ പസാതുകൾക്ക് പൂജയ്ക്കായി ഗുരുവനും ഗുരുവത്തിയുമുണ്ടാകും.
ഉപ്പുളികയിൽ ഒരു കുഞ്ഞ് പിറന്നാൽ ഏഴു ദിവസം ആരെയും കാണിക്കാതെ, ആദ്യം കാണിക്കുന്നത് പസാതുകളെ ആയിരുന്നു. ആൺപസാതും പെൺപസാതും കുടിയിരിക്കുന്ന പെട്ടികൾക്ക് മുന്നിൽ കുഞ്ഞിനെവെക്കും. അവരുടെ കുഞ്ഞാണത്, പൂർവികന്മാരുടെ കുഞ്ഞാണത്, അതുകൊണ്ട് പൂർവികന്മാർക്കാണ് ആദ്യം കുഞ്ഞിനെ കാണിക്കേണ്ടത്. കുഞ്ഞിനെ കണ്ട ആനന്ദത്തിൽ അവർ അങ്ങോട്ടും ഇങ്ങോട്ടും ആടും. എന്നാൽ ഇടയ്ക്കിടെ നടന്നിരുന്ന ഈ ആചാരവും ഇപ്പോൾ മുടങ്ങിക്കിടക്കുകയാണ്.
പസാതിനെ തൊഴുതിട്ടായിരുന്നു എല്ലാവരും എല്ലാ കാര്യങ്ങളും ചെയ്തിരുന്നത്. വേട്ടയ്ക്ക് പോകുന്നതും, കൃഷിയിറക്കുന്നതും എല്ലാം. ആ വിളവ് ആദ്യം കാഴ്ച്ചവെക്കുന്നത് പോലും പസാതിനായിരുന്നു. എല്ലാ കാര്യങ്ങൾക്കും ഇങ്ങനെ പൂർവികരെ തൊഴുന്ന സമ്പ്രദായം ഉപ്പുളികയിൽ ഉണ്ടായിരുന്നു. പെറ്റ് പോറ്റി വളർത്തി അറിവു പകർന്ന പൂർവ്വികരെ ദൈവമായ് കണ്ടവരാണ് ഞങ്ങൾ.


ആദിൽ മഠത്തിൽ: ഗോത്രാചാരങ്ങളും വിശ്വാസങ്ങളും എല്ലാം അന്ധവിശ്വാസങ്ങൾ ആയി തള്ളിക്കളയുന്ന ഒരു പുതിയ തലമുറയും ഇന്ന് അട്ടപ്പാടിയിലുണ്ട്. എന്നാൽ മണികണ്ഠന്റെ കവിത ഈ ആചാരങ്ങളെയും വിശ്വാസങ്ങളെയും തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നത് എന്തുകൊണ്ടാണ് ?
മണികണ്ഠൻ: ഞങ്ങൾക്കിടയിൽ തന്നെ ചില ആചാരങ്ങളും വിശ്വാസങ്ങളും അന്ധവിശ്വാസങ്ങൾ ആണെന്ന് എനിക്ക് തോന്നുന്നുണ്ട്. അതേക്കുറിച്ച് അട്ടപ്പാടിയിൽ നിന്നു തന്നെയുള്ള ഗോത്ര കവി പി ശിവലിംഗന്റെ കവിതയുണ്ട്. വ്ളിയ എന്ന ആ കവിത എനിക്ക് ഇഷ്ടപ്പെട്ടതാണ്.
പക്ഷെ ഒരു സമൂഹത്തിൽ എല്ലാവരും നല്ലവരാണോ ? അല്ലെങ്കിൽ ചീത്തവരാണെന്നു പറയാൻ പറ്റുമോ? എല്ലാവരെയും അങ്ങനെ തള്ളിക്കളയാൻ ആവില്ല, അതുപോലെ വിശ്വാസങ്ങളെല്ലാം ഉപേക്ഷിക്കാനും ആവില്ല. കാരണം ഒരു കാരണവുമില്ലാതെ പൂർവികന്മാർ ഒരാചാരവും ഉണ്ടാക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഒരുകാലത്ത് നല്ലതായിരുന്നത് പിന്നീട് ചീത്തയാകാം. നല്ലതിനെ തിരഞ്ഞെടുക്കുകയും മറ്റുള്ളവ ഒഴിവാക്കുകയുമാണ് വേണ്ടത്.
ആദിൽ മഠത്തിൽ: മരണാനന്തര ചടങ്ങുകൾ വരുന്ന കവിതയാണ് ‘പറ’. കാക്കകളുടെ കരച്ചിലിൽ തുടങ്ങി കൂമെപാറ് കൂ.. കൂന്ന് ഒച്ചയിട്ടൊടുങ്ങുന്ന കവിത. കരയുന്നവരും പറകൊട്ടുന്നവരും നിലവിളിക്കുന്നവരുമെല്ലാം കടന്നുവരുന്നുണ്ടെങ്കിലും ആ രണ്ടു പക്ഷികളിലാണ് മരണാനന്തര ചടങ്ങുകളെല്ലാം മണികണ്ഠൻ ബന്ധിപ്പിക്കുന്നത്.
മണികണ്ഠൻ: ഷെഹിന എന്നു പേരുള്ള ഒരു പക്ഷിയുടെ കരച്ചിൽ കേട്ടാൽ കുടുംബത്തിലോ ഊരിലോ ബന്ധു വീടുകളിലൊ ഒരു മരണവാർത്ത കേൾക്കുമെന്നാണ് വിശ്വാസം. അതു കരയുന്നത് കേട്ടാൽ നമ്മുടെ ആളുകൾ പലരും കല്ലെടുത്ത് എറിയും.
‘പറ’ എന്ന കവിത എന്നാൽ എൻറെ ഒരനുഭവമാണ്. മരണാനന്തര ചടങ്ങുകൾക്കെല്ലാം ഒടുവിൽ ഞങ്ങളുടെ ശവങ്ങൾ കുഴിച്ചിടാൻ കൊണ്ടുപോകുന്നത് പാലോം എന്നൊരു സ്ഥലത്തേക്കാണ്. ഇവിടുന്ന് കുറച്ചു ദൂരെയാണത്. അങ്ങോട്ട് നടന്ന് പോകണം. ശവമടക്കം ചെയ്ത് മടങ്ങി വരുമ്പോൾ ചിലപ്പോൾ രാത്രി പന്ത്രണ്ടൊക്കെ ആവും. വരുന്ന വഴിക്കെല്ലാം രാത്രി കരയുന്ന പക്ഷികളെ കേൾക്കാം. അങ്ങനെയൊരു രാത്രിയിൽ ഒരു പരുന്ത് കരയുന്നത് ഞാൻ കേട്ടു. രാത്രിയിൽ ചില നേരമത് കരയും. കേട്ടാൽ പേടിയാവും. കുട്ടിയാണന്ന്. ആ പേടിയിൽ നിന്നുണ്ടായ കവിതയാണ് പറ. എൻ്റെ അച്ഛൻ്റെയും അമ്മയുടെയും മരണശേഷമാണ് ഞാൻ കവിത എഴുതി തുടങ്ങുന്നത്. എട്ടാം ക്ലാസ്സിൽവെച്ച് തന്നെ അവരെ നഷ്ടപ്പെട്ട നൊമ്പരമാണ് മനസ്സിനെ വല്ലാതെ ഉലച്ചത്. മരണത്തെക്കുറിച്ചാണ് ഞാൻ ആദ്യമായി കവിത എഴുതുന്നത്.


ആദിൽ മഠത്തിൽ: അതുപോലെ അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകവും മണികണ്ഠനെ വല്ലാതെ മുറിവേൽപ്പിച്ചല്ലേ ?
മണികണ്ഠൻ: മധുവിന്റെ മരണ ശേഷമാണ് ‘മല്ലീസ് പറ മുടി’യിലെ കവിതകൾ എഴുതുന്നത്. മനോവിഭ്രാന്തികളോടെ കാട്ടിൽ അലഞ്ഞു നടന്നിരുന്ന ഒരാളെ.. സത്യത്തിൽ മാനസിക രോഗി അയാൾ ആയിരുന്നില്ല, പൊതുസമൂഹം തന്നെയാണ്! അട്ടപ്പാടിയിൽ നിന്നും ഒരാൾ പുറത്തേക്ക് പോയാൽ ഒരുപാട് അധിക്ഷേപങ്ങൾ നേരിടേണ്ടി വരുന്ന ഒരു സാഹചര്യമുണ്ടായിരുന്നു. നീ അട്ടപ്പാടിക്കാരൻ അല്ലേ എന്നു ചോദിക്കും അല്ലെങ്കിൽ അട്ടപ്പാടിയിലേക്ക് നാടുകടത്തും എന്നു പറയും. അട്ടപ്പാടിയുടെ തെറ്റ് എന്താണെന്ന് പണ്ടെല്ലാം ഞാൻ ആലോചിച്ചിട്ടുണ്ട്. അതൊക്കെ ഓർക്കുമ്പോൾ ഇപ്പോഴും വേദനയാണ്.
ആദിൽ മഠത്തിൽ: വേദനകൾ മാത്രമല്ല ഗോത്ര ജീവിതത്തിൻറെ ആനന്ദാനുഭവങ്ങളും ‘മല്ലീസ് പറ മുടി’യിലുണ്ട് ‘ഉത്താമി’ എന്ന കവിത ഒരുദാഹരണം. വീടാകെ ഒന്നിച്ച് ഊരുവിട്ട് മറ്റൊരു ഊരിലേക്ക് ബന്ധുക്കളെ കാണാൻ പോകുന്ന കവിത. കുഞ്ഞുങ്ങൾ തൊട്ട് വയസ്സായവർ വരെ ഒന്നിച്ചു പോകുന്ന ഉത്താമി.
മണികണ്ഠൻ: അതൊരു നല്ല യാത്രയാണ്! ബന്ധങ്ങൾ ഉറപ്പിക്കുന്ന യാത്രയാണ്. അമ്മയുടെയും അച്ഛൻറെയും ആങ്ങളമാരുടെയൊ പെങ്ങമ്മാരുടെയൊ വീട്ടിലേക്കുള്ള വല്ലപ്പോഴുമുള്ള യാത്രകൾ. പോയാൽ പിന്നെ ഒരാഴ്ച അവിടെ താമസിച്ചാണ് തിരിച്ചുവരവ്. കഥകളും കളികളും പാട്ടുകളുമായി കൂടും ഒരാഴ്ച. കൂട്ടു ജീവിതത്തിൻറെ ഒത്തൊരുമയുടെ രസമാണത്.
എൻറെ അമ്മയുടെ മുത്തച്ഛന് പതിനൊന്ന് പിള്ളേരാണ്. മക്കളും മക്കളുടെ മക്കളും എല്ലാം ഒന്നിച്ചുള്ള ജീവിതമാണ്. അവിടെ പോയാൽ മുറ്റത്താണ് ഉറങ്ങുക. വലിയ മുറ്റമാണ്. പായ വിരിച്ചു കിടക്കും. അപ്പോഴൊന്നും ആൺ – പെൺ വ്യത്യാസമൊന്നുമില്ല. എല്ലാവരും ഒന്നിച്ചാണ്. കുട്ടികളെല്ലാവരും ഒന്നിച്ച് കളിക്കും, കഥ കേൾക്കും, ഭക്ഷണം കഴിക്കും, രാത്രി കുരുവിക്കൂടു കണ്ടാൽ പതുങ്ങി പതുങ്ങി പിടിക്കാൻ പോവും, ചാമപുല്ലുകൾ അറുത്തു കെട്ടിവെക്കും, വെള്ളാരം കല്ലുകൊണ്ട് തീമൂട്ടും… വല്ലാത്തൊരനുഭവമാണ് അതെല്ലാം.
ആദിൽ മഠത്തിൽ: രണ്ടു ഭാഗങ്ങളുണ്ട് മല്ലീസ് പറമുടിക്ക്. രണ്ടാം ഭാഗമാണ് വേങ്കമരക്കാട്. അതിൽ സവിശേഷമായ കവിതയാണ് പട്ട മരപ്പാട്ട്. പുഴ വെളളം വറ്റിയാലും നിലയ്ക്കാത്ത മുളപ്പാട്ട്.
മണികണ്ഠൻ: മുളയും ഗോത്ര സമൂഹവും തമ്മിൽ എറെ ബന്ധമുണ്ട്. വീടിൻറെ ചുമരു കെട്ടുന്നത് മുതൽ കുട്ട നെയ്യാനും ഒരാൾ മരിച്ചാൽ ശവമഞ്ചം ഒരുക്കാൻ വരെ മുള ഉപയോഗിക്കാറുണ്ട്. ആ മുളയും നഷ്ടപ്പെടുകയാണ്. മുള കാണാതാവുന്ന പോലെ ഒരുസംസ്കാരവും കാണാതാവുന്നു.


ആദിൽ മഠത്തിൽ: ഇരുള ഭാഷ ചത്താൽ
ഇരുളർ ചാവും
മുഡുക ഭാഷ ചത്താൽ
മുഡുകർ ചാവും
കുറുമ്പ ഭാഷ ചത്താൽ
കുറുമ്പർ ചാവും
ഭാഷ മരിക്കുമ്പോൾ ഒരു ഗോത്രം തന്നെ ഉയിരോടെ മരിക്കുമെന്ന് മണികണ്ഠൻ എഴുതുന്നു. എന്നാൽ ഇന്ന് മണികണ്ഠനും ശിവലിംഗനും ആർ.കെ അട്ടപ്പാടിയും എല്ലാം അട്ടപ്പാടിയുടെ ഗോത്ര ജീവിതം എഴുതുന്നു. മലയാളത്തിൽ അവ ചർച്ച ചെയ്യപ്പെടുന്നു. എന്നാൽ നിങ്ങളുടെ ഗോത്രങ്ങളിൽ ഈ കവിതകൾ സ്വീകരിക്കപ്പെടുന്നുണ്ടോ ?
മണികണ്ഠൻ: കുറവാണ്. മല്ലീസ് പറ മുടിയിലെ കവിതകൾ എഴുതിയ കാലത്ത് നമ്മുടെ ഭാഷയിൽ ഞാൻ കവിതകൾ എഴുതുന്നു എന്ന് ഒരാളോട് പറഞ്ഞു. നിനക്ക് മലയാളത്തിൽ എഴുതിക്കൂടെ എന്നാണ് തിരിച്ച് ചോദിക്കുന്നത്. എന്നാൽ മാത്രമേ ശ്രദ്ധിക്കപ്പെടൂ എന്നാണ് ഇപ്പോഴും പലരുടെയും ധാരണ. പഠിക്കുന്ന കുട്ടികളും, പഠിച്ചു വളർന്ന് അധികാരം നേടിയവരും എല്ലാം ഗോത്രഭാഷ ഉപേക്ഷിക്കുകയാണ്. മലയാളം മാത്രം പഠിക്കുന്ന കുട്ടികൾ ഗോത്ര ഭാഷ സംസാരിക്കാതെയാവുന്നു. മലയാളത്തിൻറെ ആധിപത്യത്തിൽ ഞങ്ങളുടെ ഭാഷകൾ ചത്തു പോകുന്നു.