മാധ്യമ കർസേവയുടെ രാമപ്രതിഷ്ഠ

സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട രാമജന്മഭൂമി കലാപവും ബാബറി മസ്ജിദ് തകർക്കലും ഇന്ത്യയുടെ മതനിരപേക്ഷ ഭരണഘടനയ്ക്കും ബഹുസ്വര സമൂഹത്തിനും ഉണങ്ങാത്ത മുറിവുകളാണ് നൽകിയിട്ടുള്ളത്. സംഘപരിവാറിന്റെ ഭാ​ഗമല്ലാത്ത ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരും ഒരുപോലെ എതിർത്തിട്ടുള്ള നീതികേടാണ് ബാബറി തകർക്കൽ. ബാബറി പള്ളി സ്ഥിതി ചെയ്തിരുന്ന സ്ഥലം രാമക്ഷേത്ര നിർമ്മാണത്തിന് വിട്ടുകൊടുക്കണമെന്ന 2019 നവംബറിലെ സുപ്രീം കോടതി വിധിയും ചരിത്രത്തോട് നീതിപുലർത്തുന്നതായിരുന്നില്ല എന്നും നിരീക്ഷിക്കപ്പെട്ടിരുന്നു. മസ്ജിദ് തകർത്ത ക്രിമിനൽ കേസിൽ 2020 ഒക്ടോബറിൽ വന്ന കോടതി വിധിയും ഇന്ത്യയിലെ നീതിന്യായ സംവിധാനത്തെക്കുറിച്ച് കടുത്ത നിരാശയുണ്ടാക്കിയ ഒന്നായിരുന്നു. മസ്ജിദ് തകർത്ത കേസിൽ ഉൾപ്പെട്ട എൽ.കെ അദ്വാനി ഉൾപ്പെടെ 32 പ്രതികളെയും വ്യക്തമായ തെളിവില്ലെന്ന് പറഞ്ഞ് ലക്നൗവിലെ പ്രത്യേക സി.ബി.ഐ കോടതി വെറുതെ വിട്ടതും നീതിനിഷേധമായി വിലയിരുത്തപ്പെട്ടു. ബാബറി മസ്‌ജിദ്‌ തകര്‍ത്തത്‌ ക്രിമിനല്‍ കുറ്റമാണെന്ന്‌ അയോധ്യ കേസില്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച്‌ പ്രഖ്യാപിച്ച ശേഷമാണ് ഈ വിധി സംഭവിക്കുന്നത്. ഇത്രയധികം അനീതികൾക്ക് നടുവിലാണ് രാമക്ഷേത്ര നിർമ്മാണം അയോധ്യയിൽ പുരോ​ഗമിച്ചത്. സുപ്രീംകോടതി രാമക്ഷേത്ര ട്രസ്റ്റിന് കൈമാറിയ 67 ഏക്കർ ഭൂമിയിൽ ക്ഷേത്ര നിർമ്മാണത്തിനായി ശിലാന്യാസം നടത്തിയതും ഇപ്പോൾ പ്രാണപ്രതിഷ്ഠ നടത്തുന്നതും രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയാണ് എന്നതും ഏറെ വിമർശിക്കപ്പെടുകയുണ്ടായി. രാമക്ഷേത്ര നിർമ്മാണത്തെ ബി.ജെ.പി രാഷ്ട്രീയ താത്പര്യങ്ങൾക്കായി ഉപയോ​ഗിക്കുകയാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് രാജ്യത്തെ മുഖ്യ പ്രതിപക്ഷ കക്ഷികളെല്ലാം ചടങ്ങിൽ നിന്നും വിട്ടുനിന്നു. എന്നാൽ ചരിത്രത്തിലെ നീതികേടുകളെയും രാഷ്ട്രീയ വിമർശനങ്ങളെയും മറച്ചുവയ്ക്കുന്ന തരത്തിലാണ് ഇന്ത്യയിലെ മാധ്യമങ്ങൾ രാമക്ഷേത്ര പ്രതിഷ്ഠാദിനവുമായി ബന്ധപ്പെട്ട വാർത്തകൾ ഇപ്പോൾ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. സുപ്രീം കോടതി വിധിയെ തുടർന്ന് സാധ്യമായ ഒരു ക്ഷേത്രനിർമ്മാണം എന്നതിലുപരി ഇന്ത്യയിലെ ജനസമൂഹം ഒന്നടങ്കം പങ്കുചേരേണ്ട ഒരു ദേശീയ പരിപാടിയായി മാധ്യമങ്ങൾ ജനുവരി 22ലെ ചടങ്ങുകളെ അവതരിപ്പിക്കുകയായിരുന്നു.

തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ഇന്ത്യയിലെ ‘ജനാധിപത്യ, മതേതര’ സർക്കാർ പ്രതിഷ്ഠാ ചടങ്ങിനെ ഔദ്യോദിക ചടങ്ങെന്നപോലെ കൊണ്ടാടുന്നത് ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന ഓർമ്മ പോലും ഇന്ത്യയിലെ മാധ്യമങ്ങൾക്കുണ്ടായില്ല. മാധ്യമപ്രവർത്തനത്തിൽ പുലർത്തേണ്ട പ്രാഥമികമായ മര്യാദകളെയെല്ലാം ലംഘിച്ചുകൊണ്ട് തികച്ചും ഏകപക്ഷീയമായി, രാമക്ഷേത്ര നിർമ്മാണത്തിലൂടെ സംഘപരിവാർ സാധ്യമാക്കാൻ ശ്രമിക്കുന്ന ഹിന്ദുരാഷ്ട്ര നിർമ്മിതിക്ക് മാധ്യമങ്ങൾ കളമൊരുക്കുകയായിരുന്നു. കഴിഞ്ഞ കുറേനാളുകളായി ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങൾ വഴി നടക്കുന്ന അത്തരം ശ്രമങ്ങളെ ഉദാഹരണങ്ങൾ സഹിതം തുറന്നുകാണിക്കുകയാണ് ഇവിടെ. ഇപ്പോൾ, രാമജന്മഭൂമി എന്ന ഹിന്ദുത്വ അജണ്ടയെ സാമാന്യവത്കരിക്കാൻ ശ്രമിക്കുന്ന ഈ മാധ്യമങ്ങൾ പലതും ഒരുകാലത്ത് ബാബറി ധ്വംസനത്തിലെ നീതികേടിനെക്കുറിച്ച് ശക്തമായി സംസാരിച്ചിരുന്നവരാണ് എന്നതും വിരോധാഭാസമാണ്.

അയോധ്യ സുപ്രീം കോടതി വിധി വന്ന ദിവസത്തെ ദേശീയ മാധ്യമങ്ങളുടെ തലക്കെട്ട്. കടപ്പാട്:scroll.in

ദേശീയ മാധ്യമങ്ങളുടെ പതനം

“രാമൻ എല്ലാവർക്കും പൊതുവായി ഉള്ളതാണ്, ബുദ്ധ മതത്തിന് സ്വന്തമായി രാമായണം ഉണ്ട്, ജൈന മതത്തിനും സിഖ് മതത്തിനും അവരുടേതായ രാമായണം ഉണ്ട്. ഏതെങ്കിലും ഒരു മതത്തിൽ ഒതുങ്ങി നിൽക്കുന്നതല്ല രാമൻ.” ഇന്ത്യ റ്റുഡേയിൽ (2024 ജനുവരി 18) ശിവ് അരൂരിന് നൽകിയ അഭിമുഖത്തിൽ ആർ.എസ്.എസ് ബുദ്ധികേന്ദ്രം എസ് ഗുരുമൂർത്തി ഉന്നയിച്ച ഒരു വിചിത്ര വാദമാണിത്.

ഇന്ത്യ റ്റുഡേ എസ് ഗുരുമൂർത്തിയുമായി നടത്തിയ അഭിമുഖത്തിലൂടെ ചെയ്തത് ഒരു ഹിന്ദു ഐതിഹ്യത്തെ, ബുദ്ധ, ജൈന, സിഖ് മതങ്ങളുടെ മേൽ കൂടി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതാണ്. പ്രാണപ്രതിഷ്ഠയിൽ നിന്ന് വിട്ടുനിൽക്കുകയും കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിക്കുകയും ചെയ്ത ശങ്കരാചാര്യ സ്വാമിമാർ അവരുടെ പ്രാതിനിധ്യത്തെ ചൊല്ലിയുള്ള തർക്കം മാത്രമാണ് ഇപ്പോൾ ഉയർന്ന വിസമ്മതങ്ങൾ എന്ന് പറയുകയുമാണ് ചെയ്തത്. ഭരണകൂടവും ഭരണഘടനയും മതവും രാഷ്ട്രീയവും ഉൾപ്പെട്ട ഒരു പ്രശ്നമാണ് ഇതെന്നും വെറും മതവിഷയമല്ല ഈ സംഭവങ്ങളെന്നും ആണ് ഗുരുമൂർത്തിയുടെ വാദം. ഇത് മതേതര ആശയങ്ങൾക്ക് വിരുദ്ധവും ഹിന്ദു ആധിപത്യ സ്വഭാവമുള്ളതും ഒരുപക്ഷേ തുടർന്നുള്ള ഇന്ത്യൻ രാഷ്ട്രീയത്തെ തീരുമാനിക്കാൻ ശക്തിയുള്ളതുമായ വാദങ്ങളാണ്.

എസ് ​ഗുരുമൂർത്തിയുടെ അഭിമുഖം ഇന്ത്യ റ്റുഡേയിൽ

ഈ അഭിമുഖത്തിൽ ദക്ഷിണേന്ത്യയിൽ രാമന് സ്വീകാര്യതയില്ലാത്തതാണ് ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും തമ്മിലുള്ള വിഭജിത ഘടനയുടെ കാരണമെന്ന് ശിവ് അരൂർ ചൂണ്ടിക്കാണിച്ചുകൊണ്ട് ചോദിക്കുമ്പോൾ രാമേശ്വരം ദക്ഷിണേന്ത്യയിൽ ആണെന്നും രാമേശ്വരത്തെ അവഗണിക്കാൻ ആർക്കും കഴിയില്ലെന്നും ഗുരുമൂർത്തി പറഞ്ഞു. നിയമനിർമാണം, ഭരണഘടന, രാഷ്ട്രീയം, സംസ്കാരം, വിശ്വാസം എന്നിവയെല്ലാം ഉൾക്കൊള്ളുന്ന സംഭവമായതിനാൽ അയോധ്യ പ്രശ്നത്തെ തീർത്തും മതപരമായ ഒന്നായി കാണാൻ കഴിയില്ല എന്നും ഗുരുമൂർത്തി പറയുന്നു. നിലവിൽ ഉയരുന്ന സംഘപരിവാർ വാദവും ഇതുതന്നെ. ഈ വാദം ഉന്നയിക്കുന്നവർ, ഭരണസംവിധാനം മൊത്തത്തിൽ രാമക്ഷേത്രം നിർമ്മിച്ചെടുക്കുന്നതിൽ പങ്ക് വഹിച്ചിട്ടുണ്ട് എന്നും അതിനാൽ അതിനെതിരെ സംസാരിക്കുന്നത് നിയമവിരുദ്ധവും ഭരണകൂട വിരുദ്ധവുമാണെന്നും കൂടിയാണ് പറയുന്നത്. ടെലിവിഷനിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കപ്പെടുന്നത് ഇതേ വാദമാണ്.

വസ്തുതാപരമായി പരിശോധിച്ചാൽ, ഹിന്ദു സംഘടനാ നേതാക്കൾക്കൊപ്പം, ബാബരി മസ്ജിദ് കർസേവകർ തകർത്ത സംഭവത്തിൽ വ്യത്യസ്ത സർക്കാരുകൾക്കും പൊലീസിനും സൈന്യത്തിനും പങ്കുള്ളതായി കാണാം. ആത്യന്തികമായി മസ്ജിദ് തകർക്കപ്പെടാനുള്ള സാഹചര്യം ഇന്ത്യയിൽ ഉണ്ടായിരുന്നു എന്നത് തന്നെയാണ് പ്രശ്നം.

ഇന്ത്യ റ്റുഡേയുടെ 1992ലെ ബാബരി മസ്ജിദ് തകർക്കലിനെ കുറിച്ചുള്ള റിപ്പോർട്ടിങ്ങും ഇന്നത്തെ രാമക്ഷേത്രത്തെ കുറിച്ചുള്ള റിപ്പോർട്ടിങ്ങും ഈ മാധ്യമത്തിന്റെ വളർച്ചയും പതനവും എങ്ങനെ സംഭവിച്ചുവെന്ന് വ്യക്തമാക്കുന്നതാണ്. രാമക്ഷേത്ര നിർമ്മാണവും അതിനോടനുബന്ധിച്ച വാർത്തകളും പ്രസ്താവനകളും പക്ഷം ചേരലുകളും ദെെനംദിന സംഭവങ്ങളിലൊന്നായി കടന്നുപോകേണ്ടതല്ല. ഇന്ത്യയുടെ ദീർഘകാല ചരിത്രത്തിലെ ആക്രമണങ്ങളെയും ആഘാതങ്ങളെയും, അവകാശലംഘനങ്ങളെയും ജാതി പീഡനങ്ങളെയും വർഗീയതയെയും വംശീയ ആക്രമണങ്ങളെയും അടയാളപ്പെടുത്തുന്നതാണ് 1992 ഡിസംബർ 6 മുതൽ 2024 ജനുവരി 22 വരെ നീളുന്ന കാലയളവ്. മതേതര രാജ്യം എന്ന് ഭരണഘടനാപരമായി അവകാശപ്പെടുന്ന ഒരു രാജ്യത്താണ് ന്യൂനപക്ഷ മതവിഭാഗമായ മുസ്ലീം ജനതയുടെ ആരാധനാലയം തകർക്കപ്പെട്ട് അതിന്മേൽ രാമക്ഷേത്രം നിർമിച്ചിരിക്കുന്നത്. പല ഘട്ടങ്ങളിലായി സംഘപരിവാർ നുണകൾ നിർമ്മിക്കുകയും മാധ്യമങ്ങളിലൂടെ അവ പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ടാണ് ഈ അധികാരം അവർ ഉറപ്പിച്ചത്. നിലവിലെ രാമക്ഷേത്ര റിപ്പോർട്ടിങ്ങുകളിലും അതുതന്നെയാണ് പ്രതിഫലിക്കുന്നത്.

പ്രധാനമന്ത്രിയുടെ  പ്രതിച്ഛായ നിർമ്മിതി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ  പ്രതിച്ഛായ നിർമ്മിതി സമാനതകളില്ലാത്തതാണ്. ഇന്ത്യയിലെ മറ്റൊരു പ്രധാനമന്ത്രിയും ചെയ്തിട്ടില്ലാത്ത രീതിയിൽ നരേന്ദ്രമോദി ഈ പ്രതീകനിർമ്മിതിയിൽ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. അയോധ്യയെ ഒരു മത തീർത്ഥാടന കേന്ദ്രമായി അവതരിപ്പിക്കുന്ന മാധ്യമങ്ങൾ, ഇന്ത്യയിൽ കഴിഞ്ഞ പത്തു വർഷങ്ങൾക്കുള്ളിൽ തകർക്കപ്പെട്ട പള്ളികളുടെയും ഖബറുകളുടെയും എണ്ണം മുമ്പൊന്നുമില്ലാത്ത തരത്തിൽ കൂടിയിട്ടുണ്ടെന്നും മുസ്ലീം ജനതയ്ക്കെതിരായ ആസൂത്രിത വർഗീയ ആക്രമണങ്ങളും ആൾക്കൂട്ട കൊലപാതകങ്ങളും തടസ്സങ്ങളില്ലാതെ നടത്താൻ ഹിന്ദുത്വ ശക്തികൾക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഇതിനെതിരെ പുതിയ നിയമനിർമാണങ്ങളോ ജുഡീഷ്യൽ ഇടപെടലുകളോ കാര്യമായി ഉണ്ടായിട്ടില്ല എന്നതും മറച്ചുവയ്ക്കുന്നു.

ഇന്ത്യ റ്റുഡേ കവർ

2024 ജനുവരി 8ലെ ഇന്ത്യ റ്റുഡേ ലക്കം നരേന്ദ്ര മോദിയെ ‘ന്യൂസ്മേക്കർ ഓഫ് ദ ഇയർ’ ആയാണ് അവതരിപ്പിക്കുന്നത്. മാധ്യമങ്ങൾക്ക് അഭിമുഖം നൽകാത്ത നരേന്ദ്ര മോദിയുടെ എക്സ്ക്ലൂസീവ് ഇന്റർവ്യൂവും, ‘ഐ ടേക്ക് ആൾ മൈ ഡിസിഷൻസ് ത്രൂ ദ പ്രിസം ഓഫ് നേഷൻ ഫസ്റ്റ്’ എന്ന പേരിൽ ഇന്ത്യ റ്റുഡേ ഈ ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022ൽ ദ കാരവൻ പ്രസിദ്ധീകരിച്ച ആതിര കോനിക്കരയുടെ ‘റ്റുഡേയ്സ് ട്രൂത്ത്’ എന്ന റിപ്പോർട്ട് ഇന്ത്യ റ്റുഡേയുടെ ഈ വഴങ്ങലിന്റെ ചരിത്രം പരിശോധിക്കുന്നുണ്ട്. മാറുന്ന സർക്കാരുകൾക്കൊപ്പം ഇന്ത്യ റ്റുഡേയുടെ നിലപാടും മാറിയിട്ടുണ്ട് എന്ന് ഒരു ഹിന്ദി മാഗസിൻ എഡിറ്റർ പറഞ്ഞതായി ഈ റിപ്പോർട്ട് ഉദ്ധരിക്കുന്നുണ്ട്. “ഇന്ത്യാ റ്റുഡേ തുടക്കം മുതൽ തന്നെ സംസ്ഥാന തലസ്ഥാനങ്ങളിലെ എല്ലാ റിപ്പോർട്ടർമാരും ഡൽഹി ബ്യൂറോകളിലെ റിപ്പോർട്ടർമാരും ഏതെങ്കിലും തരത്തിൽ സർക്കാരുമായി നല്ല ബന്ധം സൂക്ഷിക്കുന്നവരായിരിക്കും. വ്യത്യസ്ത ആശയങ്ങളും രാഷ്ട്രീയ ബന്ധങ്ങളും ഉള്ളവരെയായിരിക്കും എഡിറ്റര്‍മാരും റിപ്പോര്‍ട്ടര്‍മാരുമായി എഡിറ്റര്‍ അരുണ്‍ പൂരി തെരഞ്ഞെടുക്കുക. സർക്കാരുകൾ മാറുന്നതിനനുസരിച്ച് അരുണ്‍ മാഗസിന്റെ നിലപാടുകളും മാറ്റും” ഈ എഡിറ്റര്‍ പറഞ്ഞു. ഗുജറാത്തില്‍ 2002ല്‍ നടന്ന മുസ്ലീം വംശഹത്യയെ തുടര്‍ന്ന് ഇന്ത്യാ റ്റുഡേ മോദിയെ ‘വിദ്വേഷത്തിന്റെ നായകന്‍’ എന്ന് വിശേഷിപ്പിച്ചെങ്കിലും അടുത്ത വര്‍ഷത്തെ ഇന്ത്യാ റ്റുഡേ കോണ്‍ക്ലേവില്‍ മോദി അതിഥിയായി എത്തിയെന്നും ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.

ഇന്ത്യ റ്റുഡേയിലെ നരേന്ദ്ര മോദിയുടെ അഭിമുഖം

നരേന്ദ്രമോദിയുമായി ഒന്നിലധികം തവണ അഭിമുഖം നടത്താന്‍ കഴിഞ്ഞ ഗുജറാത്ത് ലേഖകനായ ഉദയ് മഹുര്‍കാര്‍ 2020ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന ഒരു പാനലില്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ ആയി നിയമിതനായതും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. പ്രധാനമന്ത്രിയായിരിക്കെ രണ്ട് തവണ മോദി ഇന്ത്യ റ്റുഡേ കോണ്‍ക്ലേവില്‍ പങ്കെടുത്തിട്ടുണ്ട്. ഇന്ത്യ റ്റുഡേ ഗ്രൂപ്പിന്റെ ഹിന്ദി ന്യൂസ് ചാനലായ ആജ് തക്, ഇന്ന് മുസ്ലീം വിദ്വേഷം പ്രചരിപ്പിക്കുന്ന മുന്‍നിര ഹിന്ദി ചാനലുകളിലൊന്നായി മാറിയെന്നതും ഇതുമായി കൂട്ടിവായിക്കേണ്ടതാണ്.

യോ​ഗിയുടെ വർ​ഗീയവാദങ്ങൾക്കും ഇടം

മാധ്യമങ്ങള്‍ സര്‍ക്കാര്‍ അജണ്ടകളുടെ പകര്‍ത്തിയെഴുത്തുകാര്‍ മാത്രമായി ചുരുങ്ങുന്നതെങ്ങനെ എന്നതിന്റെ തെളിവുകളായിരുന്നു രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് മുന്നോടിയായുള്ള ദിവസങ്ങള്‍. ജനുവരി 21ന് ദ ഇന്ത്യന്‍ എക്‌സ്പ്രസ്, ദ ഹിന്ദു, ഹിന്ദുസ്ഥാന്‍ ടൈംസ്, ടൈംസ് ഓഫ് ഇന്ത്യ എന്നീ ദേശീയ ഇംഗ്ലീഷ് ദിനപത്രങ്ങള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ലേഖനം പ്രസിദ്ധീകരിച്ചത് ‘ദ ബ്രേക്ക് ഓഫ് ന്യൂ ഡോണ്‍ ഇന്‍ അയോധ്യ’ (അയോധ്യയിലെ പുതിയ പ്രഭാതം) എന്ന തലക്കെട്ടിലാണ്. പൊതു വിശ്വാസത്തിന്റെ പുനസ്ഥാപനമാണ് ജനുവരി 22ന് നടക്കുന്നതെന്നാണ് യോഗി ആദിത്യനാഥ് എഴുതുന്നത്. കയ്പുള്ള ഓര്‍മ്മകള്‍ മായ്ച്ചുകളഞ്ഞുകൊണ്ട് പുതിയ കഥകള്‍ ഉണ്ടാക്കുകയും സമൂഹത്തില്‍ സൗഹാര്‍ദ്ദം വളര്‍ത്തുകയും ചെയ്യുന്ന നീതിയുടെയും സത്യത്തിന്റെയും വിജയമായാണ് ഭരണഘടനാ ചുമതല വഹിക്കുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ഈ ദിവസത്തെ അവതരിപ്പിക്കുന്നത്. അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് പിന്നിലേക്ക് രാമക്ഷേത്രത്തിനായുള്ള ആഗ്രഹത്തെ രേഖപ്പെടുത്തിക്കൊണ്ട് ജനുവരി 22ന് വേണ്ടി കാത്തിരുന്ന നിരവധി തലമുറകള്‍ കടന്നുപോയി എന്ന വൈകാരിക പ്രകടനവും യോഗി ആദിത്യനാഥ് ഈ ലേഖനത്തില്‍ നടത്തുന്നുണ്ട്. ബാബരി മസ്ജിദ് തകര്‍ക്കുന്നതിലൂടെ വികസിച്ച രാമജന്മഭൂമി മുന്നേറ്റം ഇന്ത്യയെ ഏകീകരിച്ചു എന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അവകാശപ്പെടുന്നു. ജന്മദേശത്തിന് തെളിവ് തേടേണ്ടിവന്ന രാമന്റെ ജീവിതം ക്ഷമയും മര്യാദയും പഠിപ്പിക്കുന്നുവെന്നും രാമക്ഷേത്രം എന്ന പ്രതിജ്ഞ നിറവേറ്റുന്നതില്‍ മുന്നില്‍ നിന്ന് നയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങളും യോഗി ആദിത്യനാഥ് അറിയിക്കുന്നുണ്ട്.

യോ​ഗി ആദിത്യനാഥിന്റെ ലേഖനം

വ്യത്യസ്തമായ ആത്മീയ പാരമ്പര്യങ്ങളുടെ അപൂര്‍വ്വമായ ഏകീകരണമാണ് രാമക്ഷേത്രത്തിലൂടെ നടക്കാന്‍ പോകുന്നതെന്നാണ് യോഗി ആദിത്യനാഥ് ലേഖനത്തിൽ അവകാശപ്പെടുന്നത്. ഇതില്‍ ഹിന്ദുമതത്തിലെ വിവിധ വിശ്വാസ ധാരകളെ മാത്രമല്ല സിഖ്, ബുദ്ധിസ്റ്റ്, ജൈന മതങ്ങളിലെ വിവിധ മുന്നേറ്റങ്ങളെയും പ്രതിനിധീകരിക്കുന്നുണ്ട് എന്നാണ് അവകാശപ്പെടുന്നത്. സിഖ്, ബുദ്ധ, ജൈന മതങ്ങളെ ഹിന്ദു മതത്തിന്റെ തന്നെ വിവിധ സെക്റ്റുകളും സ്‌കൂളുകളും പാരമ്പര്യങ്ങളുമായാണ് വിവരിച്ചിരിക്കുന്നത്. രാം മന്ദിര്‍ ദേശീയ ക്ഷേത്രമാണ് എന്നാണ് യോഗി ആദിത്യനാഥ് വാദിക്കുന്നത്.

വ്യത്യസ്തമായ ആത്മീയ പാരമ്പര്യങ്ങളുടെ ഏകീകരണമാണ് രാമക്ഷേത്രമെന്ന ഈ വാദത്തെ മലയാളി ഗവേഷകനായ ഡോ. ടി.എസ് ശ്യാംകുമാർ ഇപ്രകാരം തിരുത്തുന്നു.

“ബഹുരൂപിയായ രാമകഥാപാഠങ്ങളെ ബ്രാഹ്‌മണ്യത്തിന്റെ ആഖ്യാന സന്ദര്‍ഭങ്ങളിലേക്ക് ഇഴചേര്‍ക്കാന്‍ സാധിക്കുന്നു എന്നതാണ് ഹിന്ദുത്വത്തിന്റെ രാമനിര്‍മിതിയുടെ വിജയം. ഇതാകട്ടെ ആധുനിക കാലത്ത് മാത്രം നിലവില്‍ വന്ന ഒരു സവിശേഷ രീതിയുമല്ല. ബ്രാഹ്‌മണ്യം അതിന്റെ വ്യാപ്തി വര്‍ധിപ്പിച്ചുകൊണ്ടിരുന്നതും സാംസ്‌കാരിക പലമകളെ ഉള്ളടക്കിയതും അതിന്റെ സ്വാംശീകരണ പ്രക്രിയ എന്ന പ്രത്യേക കഴിവിലൂടെയാണ്. വിധ്വംസാത്മകവും വിപ്ലവാത്മകവുമായി യാഗയജ്ഞ പാരമ്പര്യത്തിന് എതിരായി ഉയര്‍ന്നുവന്ന ബൗദ്ധ പാരമ്പര്യത്തെ ബ്രാഹ്‌മണ്യം നേരിട്ടത് ആ പാരമ്പര്യത്തെ തന്നെ സ്വാംശീകരിച്ചുകൊണ്ടാണ്. ബുദ്ധനെ വിഷ്ണുവിന്റെ അവതാരമാക്കിയാണ് ഈ സ്വാംശീകരണ പ്രക്രിയ ബ്രാഹ്‌മണ്യം പൂര്‍ത്തിയാക്കിയത്. ബുദ്ധ-ജൈന പാരമ്പര്യങ്ങളില്‍ അഹിംസാത്മക മൂര്‍ത്തിയായി രാമന്‍ അവതരിപ്പിക്കപ്പെട്ടുവെങ്കിലും കാലക്രമത്തില്‍ ബ്രാഹ്‌മണ്യം ഹിംസാത്മകമായി രാമകഥാപാഠങ്ങളെ രൂപം മാറ്റിയ ഘട്ടത്തില്‍ ബുദ്ധ -ജൈന പാരമ്പര്യങ്ങള്‍ ക്രമേണ അതിനെ കൈയൊഴിയുകയാണ് ഉണ്ടായത്.” (രാമായണങ്ങള്‍ പലതുണ്ട് പക്ഷേ, ഹിന്ദുത്വ ഇന്ത്യ ചരിത്ര സംസ്‌കാര പഠനങ്ങള്‍, അദര്‍ ബുക്‌സ്)

‘അയോധ്യയുടെ നിറത്തില്‍ രാജ്യം’ എന്ന പേരില്‍ ദൈനിക് ഭാസ്‌കര്‍ ജനുവരി 20ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ‘അയോധ്യയില്‍ നിന്ന് അമേരിക്കയിലേക്ക് മുഴങ്ങുന്ന ജയ് ശ്രീറാം’ എന്ന മേല്‍വാചകത്തോടുകൂടിയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമേരിക്കയില്‍ 1100 ക്ഷേത്രങ്ങളില്‍ പരിപാടികള്‍ നടക്കുമെന്നും ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി എന്നിവിടങ്ങളില്‍ കാര്‍ റാലി നടക്കുമെന്നും ടൈംസ് സ്‌ക്വയറില്‍ പ്രതിഷ്ഠ ചടങ്ങിന്റെ ലൈവ് ടെലികാസ്റ്റ് നടത്തുന്നുവെന്നും ഈ റിപ്പോര്‍ട്ട് പറയുന്നു. ബ്രിട്ടന്‍ പ്രധാനമന്ത്രി റിഷി സുനക് കുടുംബസമേതം ചടങ്ങ് കാണുമെന്നും 500 ക്ഷേത്രങ്ങളില്‍ ശ്രീരാമ വിജയാഘോഷം നടത്തുമെന്നും റിപ്പോര്‍ട്ടിലുണ്ട്. വിവിധ രാജ്യങ്ങളിലായി വ്യാപിച്ചിരിക്കുന്ന ഹിന്ദു ഡയസ്‌പോറയും രാമക്ഷേത്രത്തെ ആഘോഷിക്കാന്‍ തയ്യാറായിട്ടുണ്ട് എന്നാണ് ഈ റിപോര്‍ട്ടിന്റെ പ്രധാനഭാഗം പറയുന്നത്.

ദൈനിക് ഭാസ്‌കര്‍ ജനുവരി 20ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്

അദൃശ്യമാക്കപ്പെടുന്ന ചരിത്രം

‘ദ ഹിന്ദു’ പത്രത്തിന്റെ ‘ഗ്രൗണ്ട് സീറോ’ പേജ് സാധാരണ ഏതെങ്കിലുമൊരു വിഷയത്തിലുള്ള ആഴത്തിലുള്ള ഗ്രൗണ്ട് റിപ്പോര്‍ട്ട് ആണ് പ്രസിദ്ധീകരിക്കുക. ഈ പേജില്‍ 2024 ജനുവരി 6ന് പ്രസിദ്ധീകരിച്ചത് ‘ബില്‍ഡിങ് എ സിറ്റി എറൗണ്ട് എ ടെംപിള്‍’ എന്ന തലക്കെട്ടില്‍ രാമക്ഷേത്ര നിര്‍മ്മാണത്തെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് ആണ്. ഇഷിത മിശ്ര എഴുതിയ ഈ റിപ്പോര്‍ട്ടില്‍, ‘2031ലേക്കുള്ള മാസ്റ്റര്‍ പ്ലാന്‍ ആയി 80,000 കോടിയിലേറെ ചെലവഴിച്ച് 34 എക്‌സിക്യൂട്ടീവ് ഏജന്‍സികള്‍ നടപ്പിലാക്കുന്ന 250ലേറെ പദ്ധതികളുമായി, ഹിന്ദുത്വയുടെ പുതിയ തലസ്ഥാനമായി അയോധ്യ മാറുന്നു’ എന്ന വാചകം ഗ്രൗണ്ട് റിപോര്‍ട്ടിങ്ങ് എന്ന സ്വഭാവത്തില്‍ ഒതുങ്ങുന്ന ഒന്നല്ല. ഇതൊരു പ്രചരണവാചകമായി പ്രകടമായിത്തന്നെ വേറിട്ടുനില്‍ക്കുന്ന ഒന്നാണ്. “ക്ഷേത്രം പലര്‍ക്കും, ഹിന്ദുക്കളുടെ വലിയ വിജയമാണ്. മറ്റു പലര്‍ക്കും ഇത് ഈ ഭൂമിയില്‍ നിലനിന്നിരുന്ന പതിനാറാം നൂറ്റാണ്ടിലെ ബാബറി മസ്ജിദ് തകര്‍ത്ത, ഇന്ത്യയുടെ മതേതര ഭരണഘടനാ പ്രതിബദ്ധതയ്ക്ക് പതിഞ്ഞ കറുത്ത അടയാളമാണ്” എന്ന നിഷ്പക്ഷമായ ഒറ്റവാചകമാണ് റിപ്പോര്‍ട്ടര്‍ ബാബറി മസ്ജിദിനെ കുറിച്ച് പരാമര്‍ശിക്കാന്‍ ഉപയോഗിച്ചത്. റിപ്പോര്‍ട്ട് അയോധ്യയിലെ ഭക്തിസാന്ദ്രമായ അന്തരീക്ഷവും രാമന് വേണ്ടി ഭൂമിയും താമസസ്ഥലവും ഒഴിഞ്ഞുകൊടുത്ത ചിലരുടെ ആത്മസംതൃപ്തിയും വിവരിക്കുന്നതാണ്. രാമജന്മഭൂമി-ബാബറി മസ്ജിദ് കേസിലെ പ്രധാന പരാതിക്കാരന്റെ “അയോധ്യ സഹിഷ്ണുതയുള്ള നഗരമായി തുടരും” എന്ന പ്രതീക്ഷയിലാണ് റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത്. ഈ രണ്ടിടങ്ങളില്‍ അല്ലാതെ മറ്റൊരിടത്തും ദ ഹിന്ദുവിലെ ഗ്രൗണ്ട് റിപ്പോര്‍ട്ട് ചരിത്രത്തെക്കുറിച്ച് പരാമര്‍ശിക്കുന്നില്ല.

ദ ഹിന്ദു പത്രത്തിലെ ​ഗ്രൗണ്ട് സീറോ റിപ്പോർട്ട്

ദി വീക്ക് (ജനുവരി 14) ആഴ്ചപ്പതിപ്പ് ‘ദ ന്യൂ അയോധ്യ’ എന്ന കവര്‍ സ്‌റ്റോറിയുമായി ആണ് പുറത്തിറങ്ങിയത്. ‘ലോര്‍ഡ്‌സ് ഓണ്‍ കണ്‍ട്രി’ (പ്രഭുവിന്റെ സ്വന്തം രാജ്യം) എന്നാണ് ഈ കവര്‍ സ്‌റ്റോറിയുടെ പേര്. 2023 ഡിസംബര്‍ 30 ന് അയോധ്യയില്‍ എയര്‍പോര്‍ട്ട് ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രിയുടെ ഫോട്ടോയ്ക്കായി രണ്ട് പേജുകള്‍ മാറ്റിവെച്ചിട്ടുണ്ട് ദി വീക്ക്. “രാം മന്ദിര്‍ വാഗ്ദാനം യാഥാര്‍ത്ഥ്യമാക്കിയതോടെ, വികസനത്തെ മതപരമായ ഇടങ്ങളുടെ പുനരുദ്ധാരണവുമായി ബന്ധിപ്പിച്ചതോടെ ബി.ജെ.പി ഇന്ത്യയെ സാംസ്‌കാരികമായൊരു കാഴ്ചപ്പാടിലൂടെ പുനര്‍ഭാവന ചെയ്യുന്നതില്‍ ഉറച്ച കാല്‍വെപ്പ് നടത്തി” എന്ന് പ്രതുല്‍ ശര്‍മ എഴുതുന്നു. “എണ്‍പതുകളുടെ തുടക്കത്തില്‍ ക്ഷേത്രമുന്നേറ്റം രാജ്യത്തിന്റെ പൊതുബോധത്തിന്റെ ഭാഗമായതോടെ രാജ്യം വലിയ രീതിയില്‍ മാറി. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഒരിക്കല്‍ ഡാമുകളെ ‘ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങള്‍’ എന്ന് വിശേഷിപ്പിച്ചിരുന്നു. ഇന്ന് യഥാര്‍ത്ഥത്തില്‍, ക്ഷേത്രങ്ങള്‍ പൊതു നയത്തിലൂടെ മോദിയുടെ പുതിയ ഇന്ത്യയുടെ നൈസർ​ഗിക മൂല്യമായി മാറുകയാണ്”, ലേഖനത്തിലെ മറ്റൊരു ഭാഗം പറയുന്നു.

ദി വീക്ക് കവർ

രാമക്ഷേത്രമുന്നേറ്റത്തില്‍ ബി.ജെ.പിക്ക് പ്രത്യേകിച്ചൊരു പങ്കും ഉണ്ടായിരുന്നില്ല എന്നും ലേഖനം അവകാശപ്പെടുന്നു. എന്നാല്‍ എങ്ങനെയാണ് രാമക്ഷേത്ര നിര്‍മാണം അധികം വൈകാതെ 1989ലെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലും പാര്‍ട്ടിയുടെ വൈറ്റ് പേപ്പറിലും അജണ്ടയായി മാറിയതെന്നും ഇതേ ലേഖകന്‍ തന്നെ തുടര്‍ന്ന് എഴുതുന്നു. തുടര്‍ന്ന് രാമജന്മഭൂമിക്കുമേല്‍ അവകാശവാദമുയര്‍ത്തുന്നത് അവസാനിപ്പിച്ചാല്‍ മഥുരയിലെയും വാരാണസിയിലെയും മസ്ജിദ് ഭൂമികളില്‍ ക്ഷേത്രം നിര്‍മിക്കാനുള്ള വി.എച്ച്.പിയുടെ പദ്ധതികള്‍ ഉപേക്ഷിക്കണമെന്ന് വി.എച്ച്.പി നേതാക്കളോട് ആവശ്യപ്പെടാമെന്ന് എല്‍.കെ അദ്വാനി മുസ്ലീം നേതാക്കളോട് ആവശ്യപ്പെട്ടുവെങ്കിലും അവരത് നിരസിക്കുകയായിരുന്നു എന്നും ലേഖനം തുടര്‍ന്ന് വിശദീകരിക്കുന്നു. ദ വീക്ക് ലേഖിക പൂജ അവസ്തി ആര്‍.എസ്.എസ് നേതാക്കളുമായി നടത്തിയ അഭിമുഖ പരമ്പരയാണ് ഈ ലക്കത്തിലെ പ്രധാന ഭാഗം കവര്‍ ചെയ്തിരിക്കുന്നത്. ‘ദ അയോധ്യ സ്‌റ്റോറി’ എന്ന പേരില്‍ ചെയ്തിരിക്കുന്ന ഇല്ലസ്‌ട്രേഷന്‍ ടൈംലൈനില്‍ ബാബറുടെ കമാന്‍ഡര്‍ മീര്‍ ബഖി രാമന്റെ ജന്മസ്ഥലമായി ഹിന്ദുക്കള്‍ വിശ്വസിക്കുന്നിടത്ത് പള്ളി പണിയുന്നു എന്നാണ് പറയുന്നത്. വിശദാംശങ്ങളുടെ കാര്യത്തില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്നും ടൈംലൈന്‍ പറയുന്നു. ഉത്തര്‍പ്രദേശ് ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ കേശവ് പ്രസാദ് മൗര്യ, ആര്‍ക്കിടെക്റ്റ് വന്ദന സെഹ്ഗാള്‍, ബജ്റംഗദൾ സ്ഥാപകന്‍ വിനയ് കത്യാര്‍, ബജ്റംഗദൾ മുന്‍ പ്രസിഡന്റ് ജയ്ഭന്‍ സിങ് പവയ്യ, ദുര്‍ഗാ വാഹിനി സ്ഥാപക സാധ്വി റിതംബര എന്നിവരുടെ അഭിമുഖങ്ങള്‍ ദ വീക്ക് ജനുവരി 14 ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

‘കിങ്ഡം ഓഫ് രാം’ എന്ന തലക്കെട്ടില്‍ അയോധ്യ 2031ല്‍ എന്താകും എന്ന മാസ്റ്റര്‍ പ്ലാന്‍ ഉള്‍പ്പെടെയാണ് ദ വീക്ക് കൊടുത്തിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ 37 സര്‍ക്കാര്‍ വകുപ്പുകള്‍ രാമക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നുവെന്നും പദ്ധതിക്കായി ഉപയോഗിക്കുന്ന തുകയും ഈ മാപ്പില്‍ വിശദീകരിച്ചിട്ടുണ്ട്. ദ വീക്ക് ആദ്യാവസാനം അയോധ്യയെ കുറിച്ചുള്ള റിപോര്‍ട്ടുകളും അഭിമുഖങ്ങളും മാത്രമാണ് പ്രസിദ്ധീകരിച്ചത്. അമ്പും വില്ലും ആവനാഴിയുമേന്തി താമരപ്പൂവില്‍ ഇരിക്കുന്ന നീല നിറമുള്ള രാമനാണ് രാം ലല്ലയുടെ പ്രതീക ചിത്രമായി പ്രതിഷ്ഠാ ദിനത്തിലെ ഹിന്ദി, ഇംഗ്ലീഷ് പത്രങ്ങളിലെ ആദ്യ പേജുകള്‍ പ്രത്യക്ഷപ്പെട്ടത്.

മകരന്ദ് ആർ പരഞ്ജ്പെയുടെ ഓപ്പൺ മാ​ഗസിനെ കോളം

ജെ.എൻ.യുവിലെ ഇംഗ്ളീഷ് വിഭാഗം പ്രൊഫസർ ആയ മകരന്ദ് ആർ പരഞ്ജ്പെ ഓപ്പൺ മാഗസിനിലെ ‘സോഫ്റ്റ് പവർ’ എന്ന കോളത്തിലെ ‘റിസ്റ്റോറിങ് സിവിലൈസേഷൻ’ എന്ന ലേഖനത്തിൽ റെക്കോഡ് വേഗത്തിൽ നിർമ്മിച്ചെടുത്ത രാം മന്ദിറിനെ കുറിച്ചെഴുതുന്നു. “ശ്രീ രാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് കൺസ്ട്രക്ഷൻ കമ്മിറ്റി ചെയർമാൻ 78 വയസുള്ള നൃപേന്ദ്ര മിശ്ര ആണ്. 1967 ബാച്ചിലെ ഐ.എ.എസ് ഓഫീസർ ആയിരുന്ന നൃപേന്ദ്ര മിശ്രയെ 2014-2019 വർഷങ്ങളിൽ മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയാക്കി തിരിച്ചുവിളിച്ചു. അങ്ങനെ, അദ്ദേഹം നെഹ്റു മെമ്മോറിയൽ മ്യൂസിയം ആന്റ് ലൈബ്രറിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാൻ ആയി. നെഹ്റു മെമ്മോറിയൽ മ്യൂസിയം ആന്റ് ലൈബ്രറി പിന്നീട് പുതിയ പ്രധാനമന്ത്രിയുടെ പേരിലായി. ഇതൊരു പുതുക്കിപ്പണിയൽ മാത്രമല്ല, ഇന്ത്യ നേരത്തെ ഭരിച്ച കുടുംബത്തിന്റെ അടയാളങ്ങൾ നീക്കം ചെയ്യൽ കൂടിയാണ് (എന്റെ ഓൾ ഇൻ എ നെയിം ജനുവരി 16, 2023, മോദി ആൻഡ് ദ മ്യൂസിയം ജനുവരി 30, 2023 എന്നീ കോളങ്ങൾ വായിക്കുക). തീർച്ചയായും പിഎംഎംഎല്ലിന്റെ കാര്യത്തിലേത് പോലെ രാം മന്ദിറിനെ സംബന്ധിച്ചും പ്രധാനമന്ത്രി തന്നെയാണ് നായകശക്തി, അതിന് സഹായകമായത് മിശ്രയുടെ കഴിവുകളും.” രാം മന്ദിർ പുനർനിർമാണം ഇന്ത്യൻ സെക്യുലർ സ്റ്റേറ്റിന്റെ സ്വാംശീകരണ സ്വഭാവം (adaptability) കാരണം സാധ്യമായതാണെന്നും മകരന്ദ് എഴുതുന്നു. രാം മന്ദിർ നിർമ്മാണം എന്നതിന് പകരം പുനർനിർമ്മാണം എന്നെഴുതുന്നതിലൂടെ മസ്ജിദ് ഭൂമിയിൽ രാമക്ഷേത്രം ഉണ്ടായിരുന്നു എന്ന വാദത്തെ ഉറപ്പിക്കുകയും 1949ലെ സംഭവങ്ങളെ അദൃശ്യമാക്കുകയുമാണ് ഈ ലേഖകൻ.

രാഹുൽ ശിവശങ്കറിന്റെ ലേഖനം

വാർത്താ അവതരണവും പ്രൈം ഡിബേറ്റുകളുമായി ബന്ധപ്പെട്ട് നിരവധി കേസുകളിൽ കുറ്റാരോപിതനായ ന്യൂസ് 18 കൺസൽട്ടിങ് എഡിറ്റർ രാഹുൽ ശിവശങ്കറിന്റെ ലേഖനവും ഓപൺ മാഗസിൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വ്യാജ വാർത്തകൾ നിർമ്മിച്ചതിനും വിദ്വേഷ പ്രചരണങ്ങൾ നടത്തിയതിനും അപകീർത്തി പ്രസ്‌താവനകൾ നടത്തിയതിനുമാണ് രാഹുൽ ശിവശങ്കറിനെതിരെ കേസുകൾ നിലവിലുള്ളത്.

വാർത്തകൾ പോലെ പരസ്യങ്ങളും

“ദൂര്‍ദര്‍ശനാണ് ആദ്യമായി രാമായണത്തെ ടെലിവിഷനിലേക്ക് കൊണ്ടുവന്നത്, ഇപ്പോള്‍ വീണ്ടും ഒരിക്കല്‍ കൂടി ദൂര്‍ദര്‍ശനിലൂടെ ചരിത്രത്തിന് സാക്ഷിയാകൂ.” എന്നാണ് യൂട്യൂബ് ചാനലിലൂടെ രാം മന്ദിര്‍ പ്രതിഷ്ഠ ചടങ്ങുകള്‍ കാണാന്‍ ദൂര്‍ദര്‍ശന്‍ നാഷണല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ജനുവരി 21ന് വൈകുന്നേരം തന്നെ ലൈവ് കാണിക്കുന്നുണ്ടായിരുന്നു.

രാമപ്രതിഷ്ഠാ ചടങ്ങിന്റെ ലൈവ് കാണുന്നതിനായുള്ള ദൂരദർശന്റെ ക്ഷണം. എക്സ് പോസ്റ്റ്

പ്രതിഷ്ഠാ ചടങ്ങുകളെ കുറിച്ചുള്ള റിപോര്‍ട്ടിങ്ങിനൊപ്പം തന്നെ സര്‍ക്കാര്‍ പരസ്യങ്ങളും മാധ്യമങ്ങള്‍ തുടർച്ചയായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാന്‍ ടൈംസ്, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, ഇന്ത്യന്‍ എക്‌സ്പ്രസ്, ദ സ്റ്റേറ്റ്‌സ്മാന്‍, ദൈനിക് ജാഗരണ്‍ എന്നീ പത്രങ്ങള്‍ മോദിയുടെ ഭരണകാലത്ത് നിര്‍മ്മിച്ച എയിംസ്, ഐ.ഐ.ടി, ഐ.ഐ.ഐം എന്നീ സ്ഥാപനങ്ങളുടെ കണക്കുകള്‍ സൂചിപ്പിച്ചുകൊണ്ട് മോദി കി ഗ്യാരണ്ടി എന്ന ഹെഡ് ലൈനില്‍ വന്ന ചെറിയ കോളം പരസ്യം പ്രസിദ്ധീകരിച്ചത് ഈ ദിവസങ്ങളിലാണ്. മോദിയുടെ ​ഗ്യാരണ്ടി എന്ന ടാ​ഗ് ലെെനിൽ കഴിഞ്ഞ ദിവസങ്ങളിൽ വികസന പദ്ധതികളെക്കുറിച്ചുള്ള പരസ്യങ്ങൾ വിവിധ ഭാഷാ പത്രങ്ങളിലും പ്രസിദ്ധീകരിച്ചുവരുന്നുണ്ട്.

വിജയവാണി പത്രത്തിലെ പരസ്യം

കന്നഡ പത്രമായ വിജയവാണി, ബംഗളൂരുവിലെ ‘നവരത്‌ന ജ്വല്ലറി’ സ്വര്‍ണത്തില്‍ നിര്‍മിച്ച രാമക്ഷേത്ര മാതൃകയുടെ പരസ്യമാണ് ആദ്യത്തെ മുഴുവന്‍ പേജില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ‘ശ്രീ രാമജന്മഭൂമി തീര്‍ത്ഥ് ക്ഷേത്രം’ തുറക്കുന്ന ജനുവരി 22 ന് ക്ഷേത്രങ്ങള്‍ ശുചീകരിക്കാനും ഒരുമിച്ച് പ്രാര്‍ത്ഥന നടത്താനും പ്രാണപ്രതിഷ്ഠാ ചടങ്ങ് അടുത്തുള്ള ക്ഷേത്രത്തില്‍ ടി.വി, എല്‍.ഇ.ഡി സ്‌ക്രീന്‍ സ്ഥാപിച്ച് കാണണമെന്നും പ്രസാദം വിതരണം ചെയ്യണമെന്നും ദീപം തെളിയിക്കണമെന്നും സൗകര്യമുള്ള സമയത്ത് അയോധ്യ സന്ദര്‍ശിക്കണമെന്നും ആഹ്വാനം ചെയ്യുന്ന പരസ്യം ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ വിശദാംശങ്ങളോടുകൂടിയുള്ളതാണ്. പ്രധാനമന്ത്രിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേലും ആര്‍.എസ്.എസ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവതും രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്രം പ്രസിഡന്റ് മഹന്ത് നൃത്യഗോപാല്‍ദാസ് ജി മഹാരാജും പങ്കെടുക്കുന്ന ചടങ്ങിലേക്ക് അയോധ്യ കേസില്‍ വിധി പറഞ്ഞ അഞ്ച് ജഡ്ജിമാര്‍ക്കും ക്ഷണമുണ്ടായിരുന്നു. എന്നാല്‍ മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, മുന്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, നിലവിലെ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, എസ് അബ്ദുള്‍ നസീര്‍ എന്നിവര്‍ ക്ഷണം നിരസിച്ചു. വിരമിച്ച ജഡ്ജി അശോക് ഭൂഷണ്‍ ചടങ്ങില്‍ പങ്കെടുക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

തെളിവായ ഫോട്ടോഗ്രാഫുകൾ

ചരിത്രം എത്ര നിഷേധിച്ചാലും ഫോട്ടോഗ്രാഫുകളിലൂടെ പകര്‍ത്തപ്പെട്ട നിമിഷങ്ങള്‍ നിഷേധിക്കാന്‍ കഴിയാത്തതാണ്. ബാബറി മസ്ജിദ് തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനെ കുറിച്ച് ദ പ്രിന്റ് ഓണ്‍ലൈന്‍ വെബ്‌സൈറ്റിന്റെ നാഷണല്‍ ഫോട്ടോ എഡിറ്റര്‍ പ്രവീണ്‍ ജെയ്ന്‍ പറഞ്ഞത് “എന്റെ ക്യാമറയില്‍ ബാബറി മസ്ജിദ് തകര്‍ക്കലിന്റെ തെളിവുകളുണ്ടായിരുന്നു, പക്ഷേ അത് ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ ഒതുങ്ങി” എന്നാണ്. ബാബറി മസ്ജിദ് തകര്‍ക്കുന്നതിനായി കര്‍സേവകര്‍ നടത്തിയ റിഹേഴ്‌സലിന്റെ ഫോട്ടോകള്‍ ദ പയനിയര്‍ പത്രത്തിന് വേണ്ടി എടുത്തിരുന്നതായി 2020 ഒക്ടോബര്‍ 3ന് എഴുതിയ ലേഖനത്തില്‍ പ്രവീണ്‍ ജെയ്ന്‍ പറയുന്നു. എന്നാല്‍ കേസ് പരിഗണിച്ച പ്രത്യേക സി.ബി.ഐ ജഡ്ജ് തന്റെതുള്‍പ്പെടെയുള്ള ഫോട്ടോഗ്രാഫര്‍മാരുടെ ഫോട്ടോകള്‍ തെളിവായി പരിഗണിക്കാതെ, മസ്ജിദ് തകര്‍ക്കല്‍ നേരത്തേ പ്ലാന്‍ ചെയ്ത് നടത്തിയതല്ല എന്ന് വിധിക്കുകയും ചെയ്തുവെന്നും പ്രവീണ്‍ ജെയ്ന്‍ എഴുതുന്നു.

1992 ഡിസംബർ 5ന് അയോധ്യയിൽ നടന്ന ബാബറി മസ്ജിദ് തകർക്കാനുള്ള റിഹേഴ്സലിനിടെ ഒരാൾ മുഖംമറച്ചുകൊണ്ട് കർസേവകർക്ക് നിർദ്ദേശം നൽകുന്നു. ഫോട്ടോ: പ്രവീൺ ജെയിൻ

2019ല്‍ അല്‍ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രവീണ്‍ ജെയ്ന്‍ ആ ദിവസങ്ങളെ ഓര്‍ക്കുന്നത് ഇങ്ങനെയാണ്, “വിനോദ് മേത്ത ഏല്‍പിച്ച അസൈന്‍മെന്റിന് വേണ്ടി ഡിസംബര്‍ 4ന് ഞാന്‍ അയോധ്യയിലെത്തി. ഡിസംബര്‍ അഞ്ച് ആയതോടെ തന്നെ ബാബരി മസ്ജിദ് തകര്‍ക്കപ്പെടാന്‍ സാധ്യതയുണ്ട് എന്ന് എനിക്ക് തോന്നലുണ്ടായി. ഒരു വാര്‍ത്താ സമ്മേളനത്തില്‍ വി.എച്ച്.പി നേതാവായ അശോക് സിങ്ഗാളിനോട് ഞങ്ങള്‍ സംഘടനയുടെ പദ്ധതിയെക്കുറിച്ച് ചോദിച്ചിരുന്നു. ഗൂഢമായി പുഞ്ചിരിച്ചുകൊണ്ട് സിങ്ഗാള്‍ പറഞ്ഞത്, കാത്തിരുന്നു കാണൂ എന്നായിരുന്നു. വി.എച്ച്.പി പ്രവര്‍ത്തകനായ ഒരു സുഹൃത്ത് രസകരമായൊരു കാര്യം കാണിച്ചുതരാമെന്ന് പറഞ്ഞ് റിഹേഴ്‌സല്‍ നടക്കുന്നിടത്തേക്ക് കൊണ്ടുപോയി എന്നും ഇതെല്ലാം ഫോട്ടോ എടുക്കാന്‍ കഴിഞ്ഞത് അങ്ങനെയാണെന്നും സംഭവത്തെക്കുറിച്ച് ഒരേ ഹോട്ടലില്‍ താമസിച്ചിരുന്ന മറ്റു മാധ്യമപ്രവര്‍ത്തകരോ സ്വന്തം എഡിറ്ററോ വിശ്വസിച്ചിരുന്നില്ല.” പ്രവീണ്‍ ജെയ്ന്‍ സാക്ഷിയായി കോടതിക്ക് മുന്നില്‍ മൊഴി നല്‍കി. സ്വന്തം ഫോട്ടോഗ്രാഫുകള്‍ ബാബറി മസ്ജിദ് തകര്‍ത്ത സംഭവം വൈകാരികമായി പൊട്ടിപ്പുറപ്പെട്ട ഒന്നല്ല എന്ന് തെളിയിക്കുന്നവയാണ് എന്ന് പ്രവീണ്‍ ജെയ്ന്‍ അൽജസീറ അഭിമുഖത്തിൽ ഉറപ്പിച്ച് പറയുന്നു.

മലയാളം ദൃശ്യ മാധ്യമങ്ങളുടെ മോദിപൂജ

മലയാള ദൃശ്യമാധ്യമങ്ങളെല്ലാം ആഘോഷ ലഹരിയിലാണ് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് റിപ്പോർട്ട് ചെയ്യുന്നത്. സ്വാതന്ത്ര്യദിന ആഘോഷങ്ങൾ പോലെയോ അല്ലെങ്കിൽ അതിനേക്കാൾ ഒരുപടി മുന്നിലോ ആണ് ചാനലുകളിലെ അവതരണങ്ങൾ. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിനുള്ള പ്രയത്നത്തെ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിനോട് താരതമ്യപ്പെടുത്തിക്കൊണ്ട്, ഇന്ത്യ ഇപ്പോൾ ഒരു “മഹത്തായ അധ്യായം” എഴുതുകയാണെന്നാണ് രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തിക്കൊണ്ട് 2020 ആ​ഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചത്.

മനോരമ ന്യൂസിന്റെ കവറേജ്

ഈ ആഹ്വാനം ഉൾക്കൊണ്ട പോലെയാണ് മലയാള മാധ്യമങ്ങൾ പ്രതിഷ്ഠാ ചടങ്ങിന് നൽകിയ കവറേജ്. “എല്ലാ കണ്ണുകളും അയോധ്യയിലേക്ക്; സരയൂതടം പുഷ്പാലങ്കൃതം” എന്ന പേരിൽ മനോരമ സംപ്രേഷണം ചെയ്ത വാർത്താ അവതരണത്തിൽ അയോധ്യയിലെ ശ്രീ രാമജന്മഭൂമിയിൽ പണിത ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് എന്ന് ആവർത്തിച്ചാവർത്തിച്ച് പറയുന്നത് കേൾക്കാം. എന്നാൽ രാമജന്മഭൂമി ഇതാണെന്ന് സുപ്രീം കോടതിവിധി പോലും പറയുന്നില്ല. “പ്രാൺ പ്രതിഷ്ഠ ഇനി ഒരു ദിവസം” എന്ന പേരിൽ കൗണ്ട്ഡൗണോടെയാണ് ന്യൂസ് 18 ചാനൽ വാർത്ത സംപ്രേഷണം ചെയുന്നത്. പ്രതിഷ്ഠാ ചടങ്ങിന് മുൻപുള്ള പ്രധാന മന്ത്രിയുടെ തമിഴ്‌നാട്ടിലെ വിവിധ ക്ഷേത്രങ്ങളിലെ സന്ദർശനവും പ്രധാന വാർത്തയാണ്.

റിപ്പോർട്ടർ ചാനലിലെ അരുൺകുമാറിന്റെ ഓ​ഗ്മെന്റഡ് റിയാലിറ്റി റിപ്പോർട്ടിം​ഗ്

റിപ്പോർട്ടർ ടി.വിയുടെ കൺസൾട്ടന്റ് എഡിറ്റർ അരുൺകുമാർ ഓഗ്മെന്റഡ് റാലിറ്റിയിലൂടെയാണ് രാമക്ഷേത്രത്തെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നത്. ഭക്തിമയമായ ഈ അവതരണത്തിലൂടെ ഇന്ത്യയിലെ നിർമ്മാണ വൈദഗ്ധ്യം നിറഞ്ഞ ഒരു നിർമ്മിതിയായാണ് രാമക്ഷേത്രത്തെ പരിചയപ്പെടുത്തുന്നത്. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിഷ്ഠ നടത്തി ഇലക്ഷൻ അജണ്ടയാക്കി രാമക്ഷേത്ര നിർമ്മാണത്തെ മാറ്റാനുള്ള ശ്രമമൊന്നും ഈ അവതരണത്തിൽ കടന്നുവരുന്നേയില്ല. നിർമ്മാണം ഇനിയും പൂർത്തിയായിട്ടില്ല എന്ന വസ്തുതയെ മറികടക്കാനെന്നോണം ഇനിയും പണി തീരാത്ത നിർമ്മിതിയുടെ പൂർണ ആവിഷ്ക്കാരമാണ് എ.ആർ/വി.ആർ ചിത്രീകരണത്തിലൂടെ നൽകുന്നത്.

“അയോധ്യയുടെ വർത്തമാനവും ചരിത്രവും” എന്ന പേരിൽ മനോരമ ന്യൂസ് ചാനലിൽ നിഷ പുരുഷോത്തമൻ അവതരിപ്പിക്കുന്ന പരിപാടി പേരിന് മാത്രമാണ് അയോധ്യയുടെ ചരിത്രത്തെ പരാമർശിക്കുന്നത്. അയോധ്യയിൽ വീണ ചോരക്കറകളോ, കർസേവയുടെ പേരിൽ പൊളിഞ്ഞുവീണ ബാബറിയുടെ മിനാരങ്ങളോ, അതിന്റെ പേരിൽ ആയിരങ്ങൾ കൊല്ലപ്പെട്ട കലാപങ്ങളോ മറന്നുകൊണ്ടാണ് മാധ്യമങ്ങൾ ‘മോഡിഫൈഡ്’ ഇന്ത്യയുടെ പുതിയ ചരിത്രം സൃഷ്ടിക്കുന്നത്. കോടതിവിധിയിലൂടെ എല്ലാം തീർപ്പുകല്പിക്കപ്പെട്ടു എന്ന ഒറ്റ മന്ത്രോച്ചാരണമാണ് എല്ലാ മാധ്യമങ്ങളും പുലമ്പുന്നത്.

മനോരമ ന്യൂസിലെ നിഷ പുരുഷോത്തമന്റെ അയോധ്യയുടെ വർത്തമാനവും ചരിത്രവും റിപ്പോർട്ടിംഗ്.

“രാമക്ഷേത്രവും അയോധ്യ നഗരവും-അയോധ്യ കാണ്ഡം” എന്ന പ്രത്യേക പരിപാടിയിൽ മാതൃഭൂമി ചാനൽ അയോധ്യ എന്ന ഗ്രാമത്തിന് സംഭവിച്ച കാര്യങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. “പതിറ്റാണ്ടുകളായി മോക്ഷം നേടിയിരുന്ന ആ നഗരം ഇന്ന് വികസനത്തിന്റെ പാതയിലാണ്. വർഷങ്ങൾ നീണ്ട വനവാസത്തിന് ശഷം അയോധ്യ നിവാസികൾ പട്ടാഭിഷേകത്തിന് തയ്യാറെടുക്കുകയാണ്” എന്ന് റിപ്പോർട്ടർ പറയുന്നു. 30500 ചെലവ് വരുന്ന 178 പ്രൊജക്ടുകൾ, 6000 കോടി രൂപയുടെ അധിക നിക്ഷേപ പദ്ധതികൾ അയോധ്യയിൽ പ്രഖ്യാപിക്കപ്പെട്ടു എന്ന് പരിപാടി പറയുന്നു. രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട്‌ അയോധ്യയിൽ മഹർഷി വാൽമീകി അന്താരാഷ്ട്ര വിമാനത്താവളം 2023 ഡിസംബറിൽ ഉദ്‌ഘാടനം ചെയ്യപ്പെട്ടിരുന്നു. അയോധ്യ ജങ്ഷൻ റെയിൽവേ സ്റ്റേഷനും രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് നവീകരിച്ചിട്ടുണ്ട്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ദീർഘവീക്ഷണം കൊണ്ടാണ് ഇതെല്ലാം സംഭവിച്ചതാണെന്നാണ് മാതൃഭൂമിയുടെ പ്രത്യേക പരിപാടി പറഞ്ഞുവയ്ക്കുന്നത്.

മാതൃഭൂമിയിലെ അയോധ്യാ കാണ്ഡം.

അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തെ ഇന്ത്യയുടെ സാംസ്‌കാരിക, രാഷ്ട്രീയ ആഘോഷമാക്കി മാറ്റുന്നതിൽ മാതൃഭൂമി ചാനൽ വളരെ വലിയ പങ്കാണ് വഹിക്കുന്നത്. സംഘപരിവാർ അനുകൂല ചരിത്രകാരന്മാരുടെയും, സാംസ്കാരിക നായകരുടെയും വിദഗ്ധ അഭിപ്രായങ്ങളിലൂടെ ബാബറി പള്ളി ഇരുന്ന മണ്ണ് രാമജന്മഭൂമിയാണെന്ന് വരുത്തിത്തീർക്കാനും, ഇന്ത്യൻ ജനതയുടെ സ്വപ്നസാക്ഷാത്കാരമാണ് പ്രതിഷ്‌ഠ ചടങ്ങ് എന്ന രീതിയിൽ അവതരിപ്പിക്കാനുമാണ് മാതൃഭൂമിയുടെ ശ്രമം. ശ്രീരാമ സ്തുതികളുടെ അന്തരീക്ഷത്തിലാണ് മാതൃഭൂമിയുടെ ലൈവ് കവറേജ് ക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ നടക്കുന്നത്. ന്യൂസ് 18 ഉം രാമസ്തുതികൾ നിറഞ്ഞ അന്തരീക്ഷത്തിലാണ് രാമപ്രതിഷ്ഠ ചടങ്ങുകളുടെ ലൈവ് കവറേജ് അവതരിപ്പിക്കുന്നത്. കൈരളി ചാനൽ മാത്രമാണ് ഇതിനു വിപരീതമായി രാമപ്രതിഷ്ഠ, “രാമരാഷ്ട്രീയ പ്രതിഷ്ഠ” എന്ന പേരിൽ ചടങ്ങുകൾ അവതരിപ്പിച്ചത്.

രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്കൊ, എതിരഭിപ്രായങ്ങൾക്കോ യാതൊരു വിധത്തിലുള്ള ഇടങ്ങളും ഈ മാധ്യമങ്ങൾ നൽകുന്നതേയില്ല. ഇന്ത്യയിലെ മുഖ്യ പ്രതിപക്ഷ കക്ഷികൾ ഈ ചടങ്ങ് പരസ്യമായി ബഹിഷ്കരിച്ചിട്ടുണ്ട്. രാമക്ഷേത്ര നിർമ്മാണത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്നതാണ് പ്രതിപക്ഷത്തിന്റെ വിമർശനം. എന്നാൽ കേവലമായ ഈ വിമർശത്തിനുള്ള ഇടം പോലും മാധ്യമങ്ങളിലില്ല. സംഘപരിവാർ ആഹ്വാനങ്ങൾ മാത്രം പേറുന്ന, അവ മാത്രം വമിക്കുന്ന സ്ഥാപനങ്ങളായി മലയാള മുഖ്യധാരാ മാധ്യമങ്ങൾ മാറിയെന്നാണ് ഇതിലൂടെ മനസിലാകുന്നത്. തിങ്കളാഴ്ച നടക്കുന്ന രാം ലല്ലയുടെ പ്രതിഷ്ഠാ ചടങ്ങിന് പ്രധാന മന്ത്രിയാണ് മുഖ്യ യജമാനൻ. ഒരു മതനിരപേക്ഷ രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി ദിവസങ്ങളോളം ഒരു മത ചടങ്ങിന് വേണ്ടി ഔദ്യോ​ഗികമായി യാത്ര ചെയ്യുന്നതും, മുഖ്യ കർതൃത്വം വഹിക്കുന്നതും ഈ മാധ്യമങ്ങൾക്കൊന്നും ഒരു ചോദ്യമേ ആകുന്നില്ല എന്നതാണ് യാഥാർഥ്യം.

ചരിത്രം മറന്ന മലയാളം അച്ചടി മാധ്യമങ്ങൾ

‘അയോധ്യ ഒരുങ്ങുന്നു’ എന്ന തലക്കെട്ടിൽ എഡിറ്റ് പേജിൽ രാമക്ഷേത്ര നിർമാണത്തെക്കുറിച്ച് വിശദമായ ലേഖനം ഒരു മാസം മുമ്പ് തന്നെ മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നു. അയോധ്യയിലെ ശില്പ വൈദഗ്ധ്യത്തെക്കുറിച്ചും നിർമ്മാണ സാമർത്ഥ്യത്തെക്കുറിച്ചും വിവരിക്കുന്ന വലിയ ലേഖനമാണിത്. തുടർന്ന് രാമക്ഷേത്ര നിർമ്മാണത്തിന്റെ വൈദഗ്ധ്യം പറയുന്ന എല്ലാ മാധ്യമ റിപ്പോർട്ടുകളിലും 2023 ഡിസംബർ 29 ന് മാതൃഭൂമി പ്രസിദ്ധീകരിച്ച ലേഖനത്തിലേതിന് സമാനമായ ഉള്ളടക്കം കാണാനാകും.

മാതൃഭൂമി എഡിറ്റ് പേജിൽ വന്ന അയോധ്യ ഒരുങ്ങുന്നു എന്ന ലേഖനം.

ഈ ഉള്ളടക്കമെല്ലാം ഒരേ കേന്ദ്രത്തിൽ നിന്നും നൽകപ്പെട്ട വിവരങ്ങളുടെ ആവർത്തനമാണ് എന്നാണ് ഇതിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്. പ്രിന്റ്, അച്ചടി മാധ്യമങ്ങളെല്ലാം രാമക്ഷേത്രത്തിന്റെ ഒരേ സവിശേഷതകൾ തന്നെയാണ് ആവർത്തിച്ചു പറയുന്നത്. ശ്രീരാമ പ്രതിഷ്ഠയുടെ മുഖ്യ യജമാനനായ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്രതം തുടങ്ങിയ മുതൽ തന്നെ മാധ്യമങ്ങളിൽ ശ്രീരാമ പ്രതിഷ്ഠയുടെ വാർത്തകൾ കണ്ട് തുടങ്ങുന്നുണ്ട്. പ്രതിഷ്ഠാദിനത്തിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ജനുവരി 17ന് സുരേഷ്​ ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനായി ​ഗുരുവായൂർ എത്തിയ നരേന്ദ്ര മോദി തൃപ്രയാറിലെ ശ്രീരാമ ക്ഷേത്രത്തിലും ​ദർശനം നടത്തുകയുണ്ടായി. അയോധ്യ പ്രതിഷ്ഠയ്ക്ക് മുമ്പ് ദക്ഷിണേന്ത്യയിലെ രാമക്ഷേത്രങ്ങൾ സന്ദർശിക്കുക എന്നത് മോദിയുടെ ഒരു രാഷ്ട്രീയ ക്യാമ്പയിൻ ആണെന്ന് വ്യക്തമായിരുന്നിട്ടും കണ്ണന് നെയ്യും താമരയും, തേവർക്ക് മീനൂട്ട് വഴിപാട് എന്ന തലക്കെട്ടോടെ ഒരു മോദിസ്തുതിയാണ് വാർത്തയായി വന്നത്. ഇത്തരം സ്തുതികൾ തുടർ ദിവസങ്ങളിലും മനോരമയും മാതൃഭൂമിയും തുടരുന്നതായി കാണാം.

കണ്ണന് നെയ്യും താമരയും, തേവർക്ക് മീനൂട്ട് വഴിപാട് എന്ന വാർത്ത.

രാം ലല്ലയുടെ പ്രതിഷ്ഠാ ദിനത്തിൽ എഡിറ്റ് പേജ് മുഴുവനായി ഈ വിഷയത്തിന് സമർപ്പിച്ചുകൊണ്ടാണ് മാതൃഭൂമിയും, മനോരമയും തങ്ങളുടെ’ഭക്തി’ പ്രകടിപ്പിച്ചിരിക്കുന്നത്. ‘അയോധ്യയുടെ പാഠങ്ങൾ’ എന്ന തലക്കെട്ടോടെ മനോരമ എഴുതിയ എഡിറ്റോറിയൽ ഏറെ തെറ്റിദ്ധരിപ്പിക്കുന്ന ഒന്നാണ്. “അയോധ്യയിൽ രാമക്ഷേത്രം യാഥാർഥ്യമാകുന്നതിന്റെ ചാരിതാർഥ്യത്തിലാണ് കോടിക്കണക്കിന് വിശ്വാസികൾ” എന്ന് പറഞ്ഞുകൊണ്ടാണ് എഡിറ്റോറിയൽ ആരംഭിക്കുന്നത്. രാമക്ഷേത്ര പ്രതിഷ്ഠാ “ഈ മണ്ണിന്റെ സഹവർത്തിത്വ സംസ്കാരത്തിൽ പുതിയ അധ്യായം എഴുതിച്ചേർക്കുന്നു” എന്നാണ് മനോരമ അവകാശപ്പെടുന്നത്. “തർക്കങ്ങളുടെ തുടക്കമായല്ല, ഒടുക്കമായി അയോധ്യ അടയാളപ്പെടുത്തണ്ടതുണ്ട് എന്നും, എല്ലാവരെയും ചേർത്തുപിടിക്കുന്ന രാമരാജ്യം സ്വപ്നം കണ്ട ഗാന്ധിജി തന്നെയാണ് ഇക്കാര്യത്തിൽ വഴിവിളക്ക്” എന്ന് പറഞ്ഞുകൊണ്ടാണ് എഡിറ്റോറിയൽ അവസാനിപ്പിക്കുന്നത്. ഗാന്ധിയുടെ രാമരാജ്യവും സംഘപരിവാരത്തിന്റെ ഹിന്ദുത്വ രാജ്യവും തമ്മിലുള്ള വ്യത്യാസം ഇതുവരെയും മനോരമക്ക് മനസിലാക്കാൻ കഴിഞ്ഞിട്ടില്ല. എന്നുമാത്രമല്ല രാമമന്ത്രം ചൊല്ലി അയോധ്യ എന്ന തലക്കെട്ടോട് കൂടിയാണ് പ്രതിഷ്ഠാദിന വാർത്ത മുൻപേജിലെ ആദ്യ ലീഡായി മനോരമ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പ്രതിഷ്ഠാദിനമായ ജനുവരി 22 ന് മലയാള മനോരമയുടെ മുൻപേജ്.

ആർക്കിയോളജിസ്റ്റും, ബാബറി മസ്ജിദ്-രാമജന്മഭൂമി തർക്കത്തിൽ സംഘപരിവാറിന് അനുകൂലമായി നിലപാടെടുത്ത കെ.കെ മുഹമ്മദിന്റെ അഭിമുഖം ജനുവരി 22 ലെ മാതൃഭൂമിയുടെ എഡിറ്റ് പേജിൽ നൽകിയിട്ടുണ്ട്. ‘വാസ്തുകലയുടെ സമ്മിശ്ര സൗന്ദര്യം’ എന്ന പേരിൽ ക്ഷേത്രത്തിന്റെ പ്രത്യേകതകൾ പറയുന്ന ഒരു ഗ്രാഫിക്കൽ ചിത്രീകണവും നൽകിയിരിക്കുന്നു. അതിനോടൊപ്പം ‘ഗാന്ധിജിയുടെ രാമൻ‘ എന്ന പേരിൽ എം.എൻ കാരശേരിയുടെ ലേഖനവും മാതൃഭൂമി നൽകിയിട്ടുണ്ട്. ഗന്ധിജിയുടെ രാമരാജ്യത്തിന്റെ അർത്ഥം ഹിന്ദു രാജ്യമല്ല എന്നും, ഗാന്ധി മുന്നോട്ടുവച്ച ബഹുസ്വര ഇന്ത്യൻ സങ്കൽപം എന്താണെന്നും ലേഖനം വിശദമാക്കുന്നു. “എന്റെ രാമൻ അയോധ്യാപതിയായ ദശരഥപുത്രനല്ല, രാമായണ കഥാപാത്രമായ സീതാപതിയല്ല. അത് എന്റെ ഉള്ളിലെ സത്യബോധത്തിന്റെ നാമധേയം മാത്രമാകുന്നു” എന്ന ഓർമ്മപ്പെടുത്തലോടെയാണ് ലേഖനം അവസാനിപ്പിക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യങ്ങളോ, സംഭവവികാസങ്ങളോ ചരിത്രമോ ഒന്നും പരാമർശിക്കാതെയാണ് ലേഖനം എഴുതപ്പെട്ടിട്ടുള്ളത്.

മാതൃഭൂമി എഡിറ്റ് പേജിൽ പ്രസിദ്ധീകരിച്ച കെ.കെ മുഹമ്മദിന്റെ അഭിമുഖം.

1947 ആഗസ്ത് 15 ന് നിലനിന്നിരുന്ന അവസ്ഥയിൽ നിന്ന് ഒരു ആരാധനാലയത്തിന്റെയും മതപരമായ സ്വഭാവം മാറ്റരുതെന്നും അങ്ങനെ മാറ്റുന്നത് നിയമവിരുദ്ധമാണെന്നും പറയുന്ന 1991 ലെ ആരാധനാലയ നിയമം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് മാധ്യമം പത്രത്തിന്റെ ജനുവരി 22 ലെ മുഖപ്രസംഗം. “സംഖ്യാബലവും കയ്യൂക്കും ജനാധിപത്യത്തെ ഇല്ലാതാകുമ്പോൾ പ്രതിരോധിക്കാനാകുക ജുഡീഷ്യറിക്കാണ്, എന്നാൽ ജുഡീഷ്യറി അതിന് തയ്യാറാകുമോ എന്ന ആശങ്ക”യോടെയാണ് മുഖപ്രസംഗം അവസാനിപ്പിക്കുന്നത്. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം മതനിരപേക്ഷ ഇന്ത്യയുടെ തകർച്ചയും, മതരാഷ്ട്രത്തിന്റെ പ്രഖ്യാപനവുമാണെന്ന് പറയുന്ന ലേഖനം മതരാഷ്ട്രത്തിലേക്ക് എന്ന പേരിൽ ദേശാഭിമാനി എഡിറ്റ് പേജിൽ നൽകിയിട്ടുണ്ട്. “മതനിരപേക്ഷതയുടെ മിഴിനീർക്കണം” എന്നതാണ് ദേശാഭിമാനിയുടെ എഡിറ്റോറിയൽ. ‘ബാബറി മസ്ജിദ് തകർത്ത ഭൂമിയിൽ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് ഇന്ന്’ എന്ന് ജനുവരി 22ന് പ്രസിദ്ധീകരിച്ച ​ഒന്നാം പേജിലെ ലീഡ് വാർത്തയ്ക്ക് തലക്കെട്ട് നൽകി സുപ്രഭാതം പത്രമാണ് നിലപാട് ഉറപ്പിച്ചുപറഞ്ഞത്.

ബാബറി മസ്ജിദ് തകർത്ത ഭൂമിയിൽ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് ഇന്ന് – സുപ്രഭാതം ഒന്നാം പേജിലെ ലീഡ്.

ചുരുക്കം മാധ്യമങ്ങൾ മാത്രമാണ് വിഷയത്തെ ചരിത്ര വസ്തുതകളുടെയും, ജനാധിപത്യ-മതനിരപേക്ഷ രാജ്യം പുലർത്തേണ്ട ഉത്തരവാദിത്വങ്ങളിലൂടെയും ഈ വിഷയത്തെ സമീപിച്ചിട്ടുള്ളൂ എന്ന് വ്യക്തം.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read