Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
സ്ത്രീശരീരത്തിന്റെ, പ്രത്യേകിച്ച് മാറിടത്തിന്റെ രാഷ്ട്രീയം പറയുന്ന സിനിമയാണ് ശ്രുതി ശരണ്യം സംവിധാനം ചെയ്ത ‘ബി 32 മുതൽ 44 വരെ’. മുലകളെ പ്രമേയമാക്കി വ്യത്യസ്ത പരിസരങ്ങളിലെ സ്ത്രീകളുടെ ജീവിതാവസ്ഥകൾ ചിത്രീകരിക്കുന്ന ‘ബി 32 മുതൽ 44 വരെ’ മലയാള സിനിമയിൽ നമ്മൾ കണ്ട് ശീലിച്ച സ്ത്രീശരീര സങ്കൽപ്പങ്ങളെ തിരുത്തിയെഴുതുന്ന ഒരു ദൃശ്യാവിഷ്കാരമാണ്. സാംസ്കാരിക വകുപ്പ് വനിതാ സംവിധായകർക്കായൊരുക്കിയ സംരംഭത്തിന്റെ ഭാഗമായി നിർമ്മിക്കപ്പെട്ട ഈ സിനിമ ശരീരത്തെയും ജൻഡറിനെയും കുറിച്ചുള്ള ഒട്ടേറെ ചർച്ചകൾക്ക് വഴിതുറക്കുകയും ചെയ്തു. സിനിമയുടെ സംവിധായിക ശ്രുതി ശരണ്യം കേരളീയത്തോട് സംസാരിക്കുന്നു.
2023 ആയിട്ടും ലിംഗസമത്വത്തിന്റെ കാര്യത്തിൽ മുന്നോട്ടുപോകാത്ത ഒരു സ്ഥലമാണ് കേരളം. അത്തരമൊരു സമൂഹത്തിൽ വളരെ വ്യക്തമായി ശരീരത്തിന്റെ രാഷ്ട്രീയം പറയുന്ന ഒരു സിനിമ എടുക്കാനുള്ള തീരുമാനത്തിലേക്ക് എങ്ങനെയാണ് എത്തിച്ചേർന്നത്?
ഞാനൊരു സ്ത്രീയാണ്. ഇങ്ങനെയൊരു പ്രശ്നത്തെ അഭിസംബോധന ചെയ്യുക എന്നുള്ളത് എന്റെ ചുമതല കൂടിയാണ്. വ്യക്തിപരവും സാമൂഹികപരവുമായ ഉത്തരവാദിത്വമാണത്. അത് ഞാൻ ചെയ്യാൻ ശ്രമിച്ചുവെന്ന് മാത്രം. ഞാൻ നിരന്തരം ഇടപെടുന്ന മാധ്യമവും എന്റെ തൊഴിലുമാണ് സിനിമ. ഞാൻ സിനിമയിൽ തന്നെ പ്രവർത്തിക്കുന്ന ആളാണ്. ഫീച്ചർ ഫിലിം മാത്രമല്ല, ഡോക്യുമെന്ററികളും ഒക്കെ സിനിമകളാണല്ലോ. എനിക്ക് സാധ്യമായ ഒരു മാധ്യമത്തിലൂടെ എന്റേതായ രീതിയിൽ ആ പ്രശ്നത്തെ അഡ്രസ് ചെയ്തുവെന്ന് മാത്രം.
സ്ത്രീയുടെ മുലകൾ എന്നത് ലൈംഗിക ചുവയോടെ ദൃശ്യവത്കരിക്കുന്നതും ദ്വയാർത്ഥ തമാശകളായി അവതരിപ്പിക്കുന്നതും മാത്രമാണ് മലയാള സിനിമകളിൽ കണ്ടിട്ടുള്ളത്. ‘ബി 32 മുതൽ 44 വരെ’ മുലകളുടെ കഥകളാണ്. എന്നാൽ സിനിമയുടെ ദൃശ്യഭാഷയിലെവിടെയും മുലകളെ ഫോക്കസ് ചെയ്യുന്ന സമീപനം കൈക്കൊണ്ടിട്ടില്ല. ക്യാമറക്ക് പിന്നിൽ ഒരു സ്ത്രീ പ്രവർത്തിച്ചതുകൊണ്ടാണോ അത്തരത്തിലൊരു ദൃശ്യഭാഷയൊരുക്കാനായത്? (നിധി കുഞ്ഞിന് പാൽ കൊടുക്കുന്ന രംഗം, ജയ ബ്രായുടെ മോഡൽ ആകുന്ന രംഗം, ഹോട്ടൽ മുറിയിൽ വെച്ചുള്ള സംവിധായകന്റെ റേച്ചലിനോടുള്ള പെരുമാറ്റം എല്ലാം ഉദാഹരണങ്ങളാണ്).
ഒരുപക്ഷെ സ്ത്രീ സംവിധാനം ചെയ്തതുകൊണ്ടായിരിക്കാം. കഴിയുന്നതും ആൺനോട്ടം ഒഴിവാക്കിയിട്ടുണ്ട്. ആൺനോട്ടം എന്ന് പറയുന്നത് സ്ത്രീകൾക്കും ഉണ്ടാകാം. ഫെമിനിസം പോലുള്ള ഒരു പ്രയോഗമാണ് ആൺനോട്ടം. ഫെമിനിസ്റ്റ് എന്ന് പറയുന്നത് സ്ത്രീപക്ഷ വാദം എന്നല്ലല്ലോ. ജൻഡർ ഇക്വാലിറ്റിയുടെ പദമാണ്. അതുപോലെ തന്നെ ആൺനോട്ടം എന്ന് പറഞ്ഞാൽ അത് ആണുങ്ങളുടെ മാത്രം നോട്ടമല്ല. മെയിൽ ഗേസ് പല രീതിയിൽ ആകാം. അത് പെണ്ണുങ്ങൾക്കുമാകാം. എന്റെ നോട്ടം ഒരിക്കലും ഒരു ആൺനോട്ടം ആകരുത് അല്ലെങ്കിൽ മെയിൽ ഗേസ് ആകരുത് എന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു. ഞാനതിന് എതിരെ പറയുന്നൊരാളാണ്. ഈ സിനിമയിലൂടെ ഞാനതിനെതിരെയാണ് സംസാരിക്കുന്നത്. അതുകൊണ്ടുതന്നെ ഞാനോരോ കാര്യങ്ങളിലും വളരെ ശ്രദ്ധിക്കേണ്ടതുണ്ട് എന്നൊരു തോന്നൽ എനിക്കുണ്ടായിരുന്നു. സിനിമാറ്റിക്കലി അതിനെക്കുറിച്ച് സംസാരിക്കുമ്പോൾ അതിന്റെ ഓരോ എലമെന്റ്സും ശ്രദ്ധയോടെ തന്നെ ഉപയോഗിക്കണം. പ്രത്യേകിച്ച് ഫ്രെയിമുകൾ വയ്ക്കുമ്പോൾ അതിൽ എനിക്ക് നിർബന്ധമുണ്ടായിരുന്നു. എനിക്കതിന് പറ്റുന്ന ഒരു ക്യാമറാമാനെയാണ് കിട്ടിയത്. സുധീപ് ഇളമൺ. ഒരു പുരുഷനാണിതിന്റെ ക്യാമറ ചെയ്തിരിക്കുന്നത്. പക്ഷെ ഒരിക്കലും ആ ഒരു ആൺനോട്ടം പുള്ളിയുടെ ഫ്രെയിമിങ്ങിൽ വന്നിട്ടില്ല എന്നതാണ് അതിന്റെ ഭംഗി. പിന്നെ പല കാര്യങ്ങളും പറയാതെ പറഞ്ഞാൽ മതിയല്ലോ. കാര്യം കൺവേ ചെയ്താൽ പോരെ…? മുല കാണിച്ചിട്ട് തന്നെ വേണമെന്നില്ലല്ലോ?
ബ്രായുടെ അളവ് നിശ്ചയിക്കുന്നത് നമ്മളല്ലല്ലോ കമ്പനികൾ അല്ലെ എന്ന ചോദ്യം മുന്നോട്ടുവച്ച് സ്ത്രീ ശരീരങ്ങളുടെ അഴകും അളവും നിശ്ചയിക്കുന്ന മുതലാളിത്ത സമീപനത്തെ സിനിമ ചൂണ്ടിക്കാട്ടുന്നുണ്ട്. കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ പേരിനൊപ്പം അവരുടെ ബ്രായുടെ അളവുകൾ കൂടി കാണിക്കുന്നുണ്ട്. സ്വാതന്ത്ര്യത്തിന്റെ ആനന്ദത്തിലാണ് സിനിമ അവസാനിക്കുന്നത്. എന്നാൽ അത്തരത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന സ്ത്രീകൾക്ക് പോലും ശരീരത്തിന്റെ പരമാധികാരമോ, ശരീരം സംബന്ധിച്ച് സമൂഹം നിർമ്മിച്ചുവച്ച ഇത്തരം അഴകളവുകൾക്കപ്പുറമോ ജീവിക്കാൻ സാധിക്കുന്നില്ല എന്നതല്ലേ യാഥാർത്ഥ്യം?
അത് നമ്മളെല്ലാവരും നിരന്തരം അനുഭവിച്ചുകൊണ്ടിരിക്കുന്നതല്ലേ. ഈ പറയുന്ന സ്ട്രകചറുകൾക്കപ്പുറം ചിന്തിക്കാൻ ഇപ്പോഴും നമ്മുടെ സമൂഹം പഠിച്ചിട്ടില്ല. സമൂഹം ഉണ്ടാക്കിവച്ച ചില ചട്ടക്കൂടുകൾ, ചില വാർപ്പ് മാതൃകകൾ ഉണ്ട്. ആ വാർപ്പ് മാതൃകകൾക്കകത്തേക്ക് നമ്മൾ വരണം. അതിപ്പോൾ ശരീരത്തിന്റെ കാര്യത്തിലാണെങ്കിലും സ്വാതന്ത്ര്യത്തിന്റെ കാര്യത്തിലാണെങ്കിലും തൊഴിലിന്റെ കാര്യത്തിലാണെങ്കിലും എല്ലാം അങ്ങനെയാണല്ലോ? ഞാൻ പറഞ്ഞത് സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വാർപ്പ് മാതൃകകൾ, ആ മാതൃകകളെ സ്ത്രീകൾ എങ്ങനെ പൊളിക്കുന്നുവെന്നതാണ്. അതിനെക്കുറിച്ചാണ് ഞാൻ സിനിമയിൽ സംസാരിക്കാൻ ശ്രമിച്ചത്. ഇപ്പോഴും ആരുടെയൊക്കെയോ കൈകളിലൂടെയാണ് നമ്മുടെ ജീവിതം കടന്നുപോകുന്നത്. എത്രയൊക്കെ വിമോചനത്തെക്കുറിച്ച് നമ്മൾ സംസാരിച്ചാലും അവസാനം നമ്മുടെ വിധി നിർണ്ണയിക്കുന്നത് നമ്മൾ ഏത് വഴിക്ക് നയിക്കപ്പടണം എന്ന് തീരുമാനിക്കുന്ന കുറച്ചാളുകളാണ്. അതിൽ മിക്കവാറും തീരുമാനങ്ങൾ എടുക്കുന്നത് പുരുഷന്മാരായിരിക്കും. ഇപ്പോൾ ഒരു പെൺകുട്ടിയുടെ വിവാഹക്കാര്യം എടുത്ത് നോക്കൂ. ആ തീരുമാനത്തിൽ ആ കുട്ടിക്കെത്രത്തോളം ശബ്ദമുണ്ട്. ഒന്നാലോചിച്ചു നോക്കൂ, ആ കുട്ടി പറയുന്ന രീതിയിൽ എത്രത്തോളം കാര്യങ്ങൾ നടക്കുന്നുണ്ട്? ഞാൻ ശരിക്കും ‘ഫ്രീ ദി നിപ്പിൾ’ ക്യാമ്പയിൻ സിനിമയിൽ കൊണ്ടുവരണമെന്ന് വിചാരിച്ചതായിരുന്നു. ജയയുടെ അവസാനത്തെ ഫോട്ടോ ഷൂട്ട് ബ്രാ ഇടാത്ത ഷൂട്ട് ആക്കാം എന്ന് കരുതിയിരുന്നു. പക്ഷെ അത് മനസിലാകില്ല. അത് ദൃശ്യവത്കരിക്കാനുള്ള പരിമിതികൾ കൊണ്ടാണ് അത് ഉൾപ്പെടുത്താതിരുന്നത്. ബ്രാ ഇല്ല എങ്കിലും ജീവിക്കാൻ പറ്റുന്ന അവസ്ഥയിലേക്ക് പോകണം.
സ്ത്രീകൾ അണിയറയിൽ പ്രവർത്തിച്ചതുകൊണ്ടും പ്രമേയം ഇപ്രകാരമായതുകൊണ്ടും സിനിമക്കെതിരെ ധാരാളം മോശമായ കമന്റുകൾ സമൂഹമാധ്യമങ്ങളിൽ കാണുന്നുണ്ട്. പുരുഷൻമാരെ ശത്രുപക്ഷത്ത് നിർത്തുന്ന സിനിമയെന്ന് തെറ്റിദ്ധരിക്കരുത് എന്ന് പല അഭിമുഖങ്ങളിലും താങ്കൾ ആവർത്തിച്ച് പറയുന്നത് ശ്രദ്ധിച്ചു. പുരാഷാധിപത്യ വ്യവസ്ഥിതിയോട് ലിംഗഭേദമന്യേ കണ്ടീഷനിങ്ങിൽപ്പെട്ട, സ്ത്രീകളെയുൾപ്പടെ കഥാപാത്രങ്ങളെ സിനിമയിൽ കാണാൻ സാധിക്കുന്നുണ്ട്. (മാലിനിയോട് കുട്ടികൾ വേണ്ടെന്ന് വെച്ചതാണോ എന്ന് ചോദിക്കുന്ന നഴ്സ്, ട്രാൻസ് കഥാപാത്രമായ സിയയോട് നീയും മെഡിസിൻ കഴിക്കുന്നില്ലേ എന്ന് ചോദിക്കുന്ന ഇമാൻ). സ്ത്രീ-പുരഷ ബൈനറികൾക്കപ്പുറമൊരു രാഷ്ട്രീയം സിനിമക്കുണ്ടായിട്ടും ‘കുറച്ച് പെണ്ണുങ്ങളുടെ സിനിമ’ എന്ന സമീപനത്തെ എങ്ങനെയാണ് നോക്കികാണുന്നത്?
നമ്മൾ അങ്ങനെയൊരു ടാഗ് കൊടുത്തില്ലെങ്കിലും നാട്ടുകാർക്കാണ് വ്യഗ്രത, ഇങ്ങനെയൊരു ടാഗ് കൊടുക്കാൻ. ഞാനെല്ലായിടത്തും പറയുന്നുണ്ട് ഇത് ബൈനറികൾക്കപ്പുറമുള്ള സിനിമയാണ്. സ്ത്രീ പുരുഷൻ എന്നതിനിപ്പുറം എല്ലാ ജൻഡറുകളെയും അഡ്രസ് ചെയ്യുന്ന സിനിമയാണ്. ഇന്റർ സെക്ഷാണിലിറ്റി അഡ്രസ് ചെയ്യുന്ന സിനിമയാണ്. ഇക്കാര്യങ്ങൾ നിരന്തരം എന്റെ അഭിമുഖങ്ങളിലൂടെ വ്യക്തമാക്കിയിട്ടും ഒരു ടാഗ് ചാർത്തി കെട്ടാനാണ് ആളുകൾക്ക് താത്പര്യം. അത് സംഘടിതമായ ഒരു ഹേറ്റ് ക്യാമ്പയിന്റെ ഭാഗമാണെന്നാണ് ഞാൻ മനസിലാക്കുന്നത്. അതിന്റെ പുറകിൽ പ്രവർത്തിച്ച ആളുകളെ എനിക്കറിയില്ല. അവരുടെ നേട്ടങ്ങൾ എന്താണെന്നുള്ളതും എനിക്കറിയില്ല. ചിലപ്പോൾ അവർക്കതിൽ സ്ഥാപിത താത്പര്യങ്ങളുണ്ടായിരിക്കും. എന്റെ ഇൻസ്റ്റഗ്രാം പേജിലുൾപ്പടെ മോശമായി പറയുന്നവരുണ്ട്. വൃത്തികേടുകൾ എഴുതുന്നവരുണ്ട്. ഇതെല്ലാം ഞാനെന്റെ സിനിമയിൽ കാണിക്കാനാഗ്രഹിച്ചതിന്റെ പരിച്ഛേദമായിട്ടാണ് എനിക്ക് തോന്നുന്നത്.
പാറി പറക്കാൻ ചിറക് തായോ, തിരികെ വരാൻ കൂട് തായോ… ചാഞ്ഞ് വീഴാനൊരു ചുമല് തായോ, ഒറ്റപ്പെട്ടോൾ, ഒച്ചയോൾ, തെറ്റി നിന്നോൾ, കത്തി നിന്നോൾ… ദൃശ്യഭാഷയിലെ കരുത്ത് ഗാന രചനയിലും കാണാൻ സാധിക്കുന്നുണ്ട്. സെമി കച്ചവട സിനിമയാണിതെന്ന് ശ്രുതി തന്നെ പറയുന്നുണ്ട്. ഗാനങ്ങൾ ഉൾപ്പെടുത്തിയത്, അത് സ്വയം എഴുതിയത് അത്തരമൊരു ചിന്തയുടെ ഭാഗമായാണോ?
അങ്ങനെ പറയാൻ പറ്റില്ല. എല്ലാകാലത്തും ഇന്ത്യൻ സിനിമയുടെ ഭാഗമായിരുന്നു പാട്ടുകൾ. സംഗീതമെന്നതിനപ്പുറത്ത് പാട്ടുകൾ. അതിപ്പോൾ കൊമേഷ്യൽ സിനിമ, സെമി കൊമേഷ്യൽ, ആർട്ട് ഹൗസ് പ്രൊഡക്ഷൻ അങ്ങനെ ഒരു വേർതിരിവിന്റെ ഭാഗമായിട്ട് ചെയ്തതല്ല. പാട്ടുകൾ ഉണ്ടെങ്കിൽ ആളുകൾക്ക് കുറച്ചുകൂടി ആസ്വാദ്യകരമായിരിക്കും എന്ന് തോന്നിയിട്ടുണ്ട്. അത് സന്ദർഭോചിതമാണ് എന്നതുകൊണ്ട് കൂടിയാണ് ഉപയോഗിച്ചത്. അല്ലാതെ കച്ചവടത്തിന്റെ ഭാഗമായി ചെയ്തതല്ല. ഞാൻ സാധാരണ പാട്ടുകൾ എഴുതുന്ന ആളാണ്. ഞാൻ മുമ്പ് ചെയ്ത പ്രൊഡക്ഷനുകളായ ചാരുലതയിലും ബാലെയിലുമൊക്കെ ഞാൻ തന്നെയാണ് പാട്ടുകളെഴുതിയത്.
സ്താനാർബുദത്തെത്തുടർന്ന് സ്തനം നീക്കം ചെയത മാലിനിയെന്ന കഥാപാത്രത്തോട് പങ്കാളിയായ വിവേകിനുണ്ടാകുന്ന അകൽച്ചയാണ് അവർ പിരിയാൻ കാരണം. എന്നാൽ പിന്നീട് ഒരു സെക്കന്റ് ചാൻസ് ചോദിക്കുന്ന വിവേകിനോട് ആലോചിക്കണമെന്നാണ് മാലിനിയുടെ മറുപടി. മാലിനിയില്ലാതെ മുന്നോട്ടുപോകാൻ വിവേകിന് കഴിയാത്തപ്പോഴും മാലിനിക്ക് കഴിയുന്നുണ്ട്. സമാനമായ പലകാരണങ്ങളാൽ ബന്ധങ്ങളിൽ പുറത്തുകടന്നവരാണ് ജയ, റെയ്ച്ചൽ എന്നീ കഥാപാത്രങ്ങളും. പശ്ചാത്തപിക്കുന്ന നായകനൊപ്പമാണ് സ്ത്രീ കഥാപാത്രങ്ങളും മലയാള സിനിമയും പൊതുവെ സഞ്ചരിക്കാറുള്ളത്. അതിൽ നിന്ന് വത്യസ്തമായി അതിജീവിക്കുന്ന സ്ത്രീകളുടെ ഉൾകരുത്തിനൊപ്പമാണ് ഈ സിനിമ. അത്തരത്തിൽ സ്ത്രീകളോട് താദാത്മ്യപ്പെടൽ സാധ്യമായത് ഒരു സ്ത്രീ സംവിധായകയാതുകൊണ്ട് കൂടിയല്ലേ?
പുരുഷൻ പശ്ചാത്തപിക്കുന്നത് നല്ല കാര്യമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇതിൽ മാലിനി ഒപ്പം നിൽക്കരുതെന്ന് എഴുതുമ്പോൾ ഉണ്ടായിരുന്നില്ല. മാലിനി എടുക്കുന്ന തീരുമാനം എന്തായാലും അത് മാലിനി വളരെ ആലോചിച്ച് ബോധപൂർവ്വമെടുക്കുന്ന തീരുമാനം ആകണമെന്നെനിക്ക് നിർബന്ധമുണ്ടായിരുന്നു. ആലോചിക്കാൻ സമയം കൊടുക്കുക എന്നതാണ് ന്യായമായി ഞാൻ ചെയ്യേണ്ട കാര്യം എന്നുണ്ടായിരുന്നു. ഒരു സ്ത്രീ എന്നുള്ള നിലയിൽ ഞാനനുഭിവിച്ച കാര്യങ്ങളാണ് സിനിമയിലൂടെ പറയാൻ ശ്രമിച്ചിട്ടുള്ളത്. ഓരോ കഥാപാത്രങ്ങളിലും ഞാനുണ്ട്. എന്റെ മോശം സമയത്ത് എനിക്ക് സപ്പോർട്ട് കിട്ടിയിട്ടുള്ളത് പലപ്പോഴും സത്രീകളിൽ നിന്ന് തന്നെയാണ്. മറ്റൊരു സത്രീയുടെ ഒപ്പം സഞ്ചരിക്കാൻ നമ്മളെ പ്രാപ്തയാക്കുന്നത് നമ്മളുടെ പരിസരങ്ങളും കാലങ്ങളായി പല രീതിയിൽ അനുഭവിച്ച കാര്യങ്ങളുമാണ്.
വീട്ടുജോലി ചെയ്യുന്ന സ്ത്രീയിൽ നിന്നും മോഡലായി മാറുകയാണ് ജയ. എന്ത് കൊണ്ടാണ് ജയയുടെ കഥാപാത്രത്തിനായി ഡസ്കി സ്കിൻ ടോണുള്ള നടിയെ തിരഞ്ഞെടുത്തത്?
ബോധപൂർവ്വമാണ് ജയയുടെ കഥാപാത്രത്തിന് ഡസ്കി സ്കിൻ ടോണുള്ള ആളെ തന്നെ തിരഞ്ഞെടുത്ത്. 90 കൾ വരെ, 80 കളിൽപ്പോലും ഇവിടെ ഡാർക്ക് സ്കിൻ ഉളള ഒരുപാട് നായികമാർ ഉണ്ടായിരുന്നു. സരിത, സൂര്യ ഇങ്ങനെ ഒരുപാടുപേർ മുഖ്യധാരാ ചിത്രങ്ങളിൽ വരെ ഗംഭീര കഥാപാത്രങ്ങൾ അവതരിപ്പിച്ചിരുന്നു. പക്ഷെ 90 കൾക്ക് ശേഷം എന്താണ് സംഭവിച്ചത്? നമ്മുടെ മൊറാലിറ്റിക്ക് എന്ത് സംഭവിച്ചു? നമ്മുടെ കാഴ്ചക്ക് എന്ത് സംഭവിച്ചു? പിന്നീട് അവിടിന്നിങ്ങോട്ട് എല്ലാം വെളുത്ത നിറമുള്ള നായികമാരാണ്. ഈ അടുത്ത കാലത്താണ് അതല്ലാത്ത വ്യത്യസ്ത സ്കിൻ ടോണുള്ള ആളുകൾ വന്നുതുടങ്ങിയത്. നിമിഷ സജയനെ പോലുള്ള ആളുകളൊക്കെ വളരെ ബോൾഡായി ഞാൻ മേക്കപ്പ് ചെയ്യില്ല, ഇതാണ് എന്റെ സ്കിൻ ടോൺ, accept me like this എന്ന് പറഞ്ഞിട്ടുള്ള ആൾക്കാരാണ്. ആ കൂട്ടത്തിലേക്കൊരാളെക്കൂടി കൊണ്ടുവരാൻ സാധിച്ചു. പിന്നെ ജയയുടെ കഥാപാത്രം അങ്ങനെയാണ്. അതിലേറ്റവും വിപ്ലവമുള്ള കഥാപാത്രം ജയയുടേതാണ്. അത് തീർച്ചയായിട്ടും നിങ്ങൾ പറഞ്ഞപോലെ കളറിന്റെ, കാസ്റ്റിന്റെ രാഷ്ട്രീയമൊക്കെ പറയുന്ന, അത്തരത്തിലുള്ള മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരാൾ തന്നെ ചെയ്യണമെന്നുണ്ടായിരുന്നു. അങ്ങനെയാണ് ജയയായി അഭിനയിച്ച അശ്വതിയിലേക്കെത്തിയത്.
ഗർഭകാല ഫോട്ടോ ഷൂട്ട്, കാത് കുത്ത് തുടങ്ങിയവ ചിത്രീകരിക്കുന്നതിലൂടെ സമൂഹം ജൻഡർ നിശ്ചയിക്കുന്നതിനെക്കുറിച്ച് സിനിമ പറയുന്നുണ്ട്. ചിത്രം അവസാനിക്കുന്നത് ട്രാൻസ്മെൻ ആയ സിയയുടെയും ഇമാൻ്റെയും ചുംബന രംഗത്തോടെയാണ്. ജൻഡർ, സെക്സ്, എന്നിവയെ പറ്റി അറിവില്ലാത്ത സമൂഹമാണിപ്പോഴും എന്ന് സിനിമയുടെ തുടക്കത്തിലെയും ഒടുക്കത്തിലേയും കൗമാരക്കാരുടെ സംഭാഷണങ്ങളിൽ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ ഇത്തരമൊരു സിനിമ തിയറ്ററുകളിൽ കാണികൾ കുറയുന്നത് മൂലം പ്രദർശിപ്പാക്കാത്ത അവസ്ഥയാണുള്ളത്. കുടുംബങ്ങളിലേക്കും കുട്ടികളിലേക്കും ഈ ചിത്രം എത്തിക്കാൻ എന്താണ് മാർഗം?
മലയാള സിനിമയുടെ വിധിയാണത്. കുറച്ച് പൊളിറ്റിക്കലായിട്ടുള്ള സിനിമകളുടെ അവസ്ഥ ഇതാണ്. ഇതിനെതിരെ ഹേറ്റ് കാമ്പയിൻ ഒരു വശത്ത് നടക്കുന്നു. നല്ലൊരു മാർക്കറ്റിംഗ് ഇല്ല. ഇതെല്ലാം സിനിമയുടെ പ്രദർശനത്തെ ബാധിക്കുന്നുണ്ട്. പലപ്പോഴും നമ്മൾ ശ്രദ്ധിച്ചിട്ടുള്ള കാര്യം ഫിലിം ഫെസ്റ്റിവലുകൾക്കും മറ്റും അടിയുണ്ടാക്കി സിനിമ കാണുന്നവർ തിയറ്ററിൽ സിനിമ റിലീസ് ചെയ്താൽ പോയി കാണില്ല എന്നതാണ്. ജൻഡർ പാർക്കിൽ കാണിക്കാനും വനിതാ-ശിശുക്ഷേമ വകുപ്പ് വഴി മാർക്കറ്റ് ചെയ്യാനും ഞാൻ എന്റേതായ ശ്രമങ്ങൾ നടത്തുന്നുണ്ട്. എന്തുകൊണ്ടോ ആളുകളിലേക്ക് എത്തുന്നില്ല. സ്കൂളുകൾ അവധിയായതിനാൽ സ്കൂളുകൾ വഴി കുട്ടികളിലേക്ക് എത്തിക്കുന്നതിന് പരിമിതികൾ ഉണ്ട്.
കെ.എസ്.എഫ്.ഡി.സി വനിതാ സംവിധായകർക്ക് നൽകുന്ന ധനസഹായം ലഭിച്ചില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു ശ്രുതിയുടെ ചലച്ചിത്ര വഴി? ആ പ്രോസസ് എത്രമാത്രം പ്രയാസം നിറഞ്ഞതായിരുന്നു? സിനിമാ നിർമ്മാണത്തിനും വിതരണത്തിനും പ്രദർശനത്തിനും അപ്പുറം എന്ത് തരത്തിലുള്ള സഹായമാണ് കെ.എസ്.എഫ്.ഡി.സിയുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്?
കേരള സർക്കാരാണ് ധനസഹായം തരുന്നത്. സാംസ്കാരിക വകുപ്പിന്റെ ഫണ്ടാണിത്. കെ.എസ്.എഫ്.ഡി.സി നടത്തിപ്പുകാർ മാത്രമാണ്. ഈ ധനസഹായം ലഭിച്ചില്ലായിരുന്നു എങ്കിൽ സിനിമ ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു. കാരണം പ്രൊഡ്യൂസറെ കിട്ടാൻ എളുപ്പമല്ല. കിട്ടുമായിരിക്കും, പക്ഷെ അവരുടെ സ്ഥാപിത താത്പര്യങ്ങൾക്കനുസരിച്ച് സിനിമയെ മാറ്റേണ്ടി വരും. ധനസഹായം നേരിട്ട് നമ്മുടെ കയ്യിലേക്കല്ല തരുന്നത്. ഇത് കൈകാര്യം ചെയ്യാൻ ഒരു ഇടനിലക്കാരനുണ്ട്. ഞാനൊരു ജോലി ചെയ്യുന്ന ആൾ മാത്രമാണ്. ഫണ്ടിന്റെ പരമാധികാരം എനിക്കില്ല. ഞാനതിൽ ജോലി ചെയ്തു. ഒരു സിനിമയുണ്ടാക്കി അവർക്ക് കൊടുത്തു. നിർമ്മാണത്തിനും വിതരണത്തിനും അപ്പുറം ഫെസ്റ്റിവലുകൾക്ക് അയക്കുന്നുണ്ട്. നമ്മൾ പറയുന്ന ഫെസ്റ്റിവലുകൾക്കൊക്കെ കെ.എസ്.എഫ്.ഡി.സി മുൻകൈയ്യെടുത്താണ് അയക്കുന്നത്.
സംഗീതം, നൃത്തം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ടായിരുന്നു താങ്കളുടെ മുൻ പ്രൊഡക്ഷനുകൾ. അവിടെ നിന്നും ശരീരത്തിന്റെ രാഷ്ട്രീയത്തിലേക്കുള്ള യാത്ര എങ്ങനെയായിരുന്നു?
ഞാൻ നർത്തകിയായിരുന്നു. എന്നാലും എന്നെ നർത്തകി എന്നൊന്നും വിളിക്കാൻ പറ്റില്ല, കാരണം അങ്ങനെ വലിയ ശാസ്ത്രീയ പഠനമൊന്നും നൃത്തത്തിലുണ്ടായിട്ടില്ല. ഉള്ള പരിമിതമായ അറിവ് വച്ച് കോളേജിൽ പഠിക്കുന്ന സമയത്തൊക്കെ ഞാൻ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ഞാനനുഭവിച്ചിട്ടുള്ള കാര്യം കൂടിയാണിത്. ശരീരം ഇവർ പറയുന്ന ചട്ടക്കൂടിലേക്ക് വരണം, വാർപ്പ് മാതൃകയിലുള്ള ശരീര പ്രകൃതിയാകണം എന്നാൽ മാത്രമേ നിങ്ങൾ ബ്യൂട്ടിഫുൾ ആകുകയുള്ളൂ, ഡാൻസ് നന്നാകുകയുള്ളൂ എന്നുള്ള സർവ്വസാധാരണമായ ഒരു ഇമേജറി അന്ന് ജനങ്ങൾക്കിടയിൽ നിലനിന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ എന്നെ, എന്റെ ശരീരത്തെ ജഡ്ജ് ചെയ്തവരുണ്ട്. പല ഇടങ്ങളിൽ നിന്നും ഞാൻ മാറ്റി നിർത്തപ്പെട്ടിട്ടുണ്ട്. അങ്ങനെ കുറേ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. തീർച്ചയായിട്ടും എനിക്ക് ഈ സിനിമ ചെയ്യാൻ ആർജവം തന്നത് പോലും അത്തരത്തിൽ എനിക്കുണ്ടായിട്ടുള്ള അനുഭവങ്ങളാണ്. നൃത്തം ചെയ്തിരുന്ന കാലത്തെ അനുഭവങ്ങൾ എന്നെ വളരെ അധികം സ്വാധീനിച്ചിട്ടുണ്ട്. തിരക്കഥയെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.