Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ഹരിയാനയിലെ നൂഹിൽ നടന്ന സംഘർഷത്തെക്കുറിച്ച് ക്യാമ്പയിൻ എഗൻസ്റ്റ് സ്റ്റേറ്റ് റിപ്രഷൻ തയ്യാറാക്കിയ വസ്തുതാന്വേഷണ റിപ്പോർട്ട്, ഭാഗം-3. പരിഭാഷ: സിസിലി
അന്വേഷണ സംഘം: ഡോ. ജെന്നി റൊവീന, അഡ്വ. വികാസ് ആത്രി, ഉദയ് ചെ (മാധ്യമ പ്രവർത്തകൻ), കുൽദീപ് പുനിയ (കർഷക നേതാവ്), ഭരത്, അദിതി, അഡ്വ. എത്മാം ഉൽ ഹഖ് (തൊഴിലാളി സംഘടനാ പ്രവർത്തകർ), നവനീത് സിംഗ് (ഗവേഷകൻ), ദീപക് കുമാർ (രാഷ്ട്രീയ പ്രവർത്തകൻ), നവാർ ഇലാഫ്, സയ്യിദ് ഖുതുബ് (വിദ്യാർത്ഥി സംഘടനാ പ്രവർത്തകർ). സംഘം 2023 ആഗസ്റ്റ് 19 നും ആഗസ്റ്റ് 21 നും ഇടയിൽ നൂഹിലെ നിരവധി ഗ്രാമങ്ങൾ സന്ദർശിച്ചു, പ്രത്യേകിച്ചും ഖേദ, ഉന്ത്ക, മുറാദ്ബാസ്, ഫിറോസ്പൂരിലെ ആരാവല്ലിയുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന പല്ലടി, നല്ലാദ്, ദൂദ് കി ഘാട്ടി, ജിർക്ക എന്നിവിടങ്ങൾ.
മറ്റ് ഗ്രാമങ്ങളെപോലെ പല്ലാദിയും നൽഹാദും അറസ്റ്റ് എന്ന നിരന്തരമായ ഭീഷണിയുടെ പിടിയിലാണ്. പ്രാദേശിക ഭരണകൂടവും പൊലീസും സംയുക്തമായി കുറ്റം ചെയ്തവരെന്ന് സംശയിക്കപ്പെടുന്ന എൺപതുപേരുടെ ലിസ്റ്റ് ഉണ്ടാക്കിയിട്ടുണ്ട്. ഇതിൽ പേര് ചേർക്കപ്പെട്ട ഒരു വ്യക്തിയുമായി വസ്തുതാന്വേഷണ സംഘം അഭിമുഖം നടത്തി.
അക്രമം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ വലതുപക്ഷ ഘടകങ്ങളാൽ ചുറ്റിവളയപ്പെട്ട ഒരു സ്ഥലമാണ് ഫജ്‌റുദ്ദീന് (70) ഇമാം ആയി ചുമതലയുള്ള നൽഹാദ് പള്ളി. ഒരു സാധാരണ കുടുംബത്തിൽ നിന്നാണ് ഫജ്‌റുദ്ദീൻ വരുന്നത്. ഏതാനും കാലികളും ആടുകളും ഉണ്ട്. സംഭവത്തെയും സ്വന്തം ഉത്തരവാദിത്തങ്ങളെയും കുറിച്ച് ചിന്തിച്ചുകൊണ്ട് ഫജ്‌റുദ്ദീൻ പറഞ്ഞു, ”മാലിക് സാബ് (അമ്പലത്തിലെ പുരോഹിതൻ) വിളിപ്പിച്ചതനുസരിച്ച് ഞങ്ങൾ അമ്പലത്തിലേക്ക് പോയി. സമാധാനം ഉറപ്പാക്കാനായി ഒരു മീറ്റിംഗ് കൂടി. രാവിലത്തെ ഘോഷയാത്ര അനിഷ്ടസംഭവങ്ങളൊന്നും കൂടാതെ നടന്നു.” നൽഹാദിലെ അക്രമത്തിലേക്ക് നയിച്ച സംഭവങ്ങളിലേക്ക് വെളിച്ചം വീശിക്കൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു, ”ബജ്റംഗദളിലെ അംഗങ്ങളുടെ കൈയിൽ വാളും തോക്കുകളും ഉണ്ടായിരുന്നു. കൂടാതെ അവർ പള്ളിക്ക് സമീപത്തുവെച്ച് പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയർത്തി. മാലിക് സാബിന്റെ നിർദ്ദേശങ്ങൾ അവർ അവഗണിച്ചു.” വികാരാധീനനായി നിറകണ്ണുകളോടെ ഫജ്‌റുദ്ദീൻ സംഭവം നടന്നതിന് ശേഷമുണ്ടായ ആൾവേട്ടയെക്കുറിച്ചും താൻ സഹിച്ച വിഷമതകളെക്കുറിച്ചും പറഞ്ഞു. “ഘോഷയാത്ര നടന്നുകൊണ്ടിരിക്കെ സമാധാനം പാലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നടത്തിയ ശ്രമങ്ങളിൽ ഞാൻ വഹിച്ച പങ്ക് അംഗീകരിക്കാതെ, ഘോഷയാത്രയെ അക്രമിക്കാൻ പള്ളിയുടെ മൈക്കിലൂടെ ഞാൻ ആഹ്വാനം ചെയ്തുവെന്നാണ് അവർ ആരോപിക്കുന്നത്.” അറസ്റ്റ് ഭയന്ന്, ഫജ്‌റുദ്ദീന് കന്നുകാലികൾ, ആടുകൾ, കോഴി തുങ്ങിയ തന്റെ ജീവസന്ധാരണ മാർഗ്ഗങ്ങൾ തന്നെ ഉപേക്ഷിച്ചുകൊണ്ട് ഒളിവിൽ പോകേണ്ടിവന്നു. വിഷമത്തോടെ തനിക്കുണ്ടായ നഷ്ടങ്ങളെ ഓർത്തുകൊണ്ട് അദ്ദേഹം പറഞ്ഞു, “ശ്രദ്ധിക്കാൻ പറ്റാഞ്ഞതിനാൽ ഒരു കാലിയും ഒരാടും ചത്തുപോയി. കൂടാതെ പോലീസുകാർ രണ്ട് ആടുകളെയും കുറെ കോഴികളെയും പിടിച്ചെടുത്തു.”
ഫജ്‌റുദ്ദീന്റെ നിരപരാധിത്വത്തെ നിഹാൽ സിംഗ് സാക്ഷ്യപ്പെടുത്തുന്നു. ഫജ്‌റുദ്ദീൻ നൽഹാദിൽ സമാധാനം നിലനിർത്താനുള്ള ശ്രമം നടത്താൻ ശ്രമിച്ചവരുടെയും കൂട്ടത്തിൽ ഉണ്ടായിരുന്നുവെന്ന് സിംഗ് വസ്തുതാന്വേഷണ സംഘത്തെ അറിയിച്ചു. ”ഉച്ചയ്ക്ക് രണ്ടു മുതൽ വൈകീട്ട് അഞ്ച് മണിവരെ ഞങ്ങൾ പളളിയുടെ അടുത്തുള്ള ചൗപാലിൽ ഉണ്ടായിരുന്നു. ഞങ്ങളോടൊപ്പം ഫജ്‌റുദ്ദീനും ഉണ്ടായിരുന്നു. പള്ളിയിലെ ലൗഡ് സ്പീക്കറിലൂടെ ഇത്തരത്തിലുള്ള യാതൊരുവിധ അറിയിപ്പുകളും ഞങ്ങൾ കേട്ടിരുന്നില്ല.” നൽഹാദ് ഗ്രാമത്തിലെ ആളുകളും ഈ സംശയിക്കപ്പെട്ടവരുടെ ലിസ്റ്റിൽ ഉണ്ടായിരുന്നതായി ടീമിന് വിവരം ലഭിച്ചു. അതിനാൽ സംഭവത്തെക്കുറിച്ചുള്ള അവരുടെയോ അല്ലെങ്കിൽ അവരുടെ കുടുംബത്തിന്റെയോ വ്യാഖ്യാനം കേൾക്കേണ്ടത് പ്രസക്തമാണെന്ന് ടീം കരുതി. എന്നാൽ ലിസ്റ്റിൽ പേരുള്ളവർ അറസ്റ്റ് പേടിച്ച് ഒളിവിലായിരുന്നതിനാൽ ടീമിന് അവരെ ഇന്റർവ്യൂ ചെയ്യാൻ കഴിഞ്ഞില്ല. എങ്കിലും അവരിൽ ചിലരുടെ കുടുംബാംഗങ്ങളെ ഇന്റർവ്യൂ ചെയ്യാൻ സാധിച്ചു.
റുക്മുദീൻ (50) അക്രമം ആരംഭിച്ചപ്പോൾ ജോലിയെടുക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മൂന്ന് മക്കൾ – അർഷദ് (35), തസ്ലീം (26), ആദിൽ (24) – എന്നിവരുടെ പേരുകൾ എഫ്.ഐ.ആർ നം. 399 പ്രകാരം കുറ്റം ചെയ്തവരെന്ന് സംശയിക്കപ്പെടുന്നവരുടെ ലിസ്റ്റിൽ ഉണ്ടായിരുന്നു. അക്രമം നടന്ന സമയത്ത് ഏറ്റവും ഇളയവൻ വീട്ടിലുണ്ടായിരുന്നു. അർഷദ് മധ്യപ്രദേശിലും തസ്‌ലീം അയാളുടെ ഭാര്യയുടെ മാതാപിതാക്കളുടെ സ്ഥലത്തുമായിരുന്നു. സംഭവങ്ങളെ ഓർത്തെടുത്തുകൊണ്ടു റുക്മുദ്ദീൻ പറയുന്നു, “ഘോഷയാത്രയുടെ ഒരു ഭാഗം രാവിലെ എത്തി, സമാധാനപൂർവ്വം ക്ഷേത്രത്തിൽ പൂജകൾ നടത്തിയശേഷം തിരിച്ചുപോയി. മോനു മനോസാറിന്റെ പ്രസ്താവനയും ജാഥയും അക്രമത്തിന് ഉത്തേജനമായി. ഇത് സംഭവിക്കാനുണ്ടായ കാരണം ഇവരാണ്.” മുസ്ലീം സമുദായത്തിനിടയിലെ അസംതൃപ്തി വിശദീകരിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു. “നസീറിന്റെയും ജുനൈദിന്റെയും കൊലപാതകത്തിൽ മുസ്ലീങ്ങൾ അസ്വസ്ഥരായിരുന്നു. ബജ്റംഗദളിന്റെ പ്രവർത്തികളും ബിട്ടു ബജ്‌റംഗിയുടെ പ്രസ്താവനകളും തീയിൽ കനൽ കോരിയിട്ടു.”
നൂഹിലെ ജില്ല, സെഷൻ കോടതികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന സീനിയർ അഡ്വക്കേറ്റ് താഹിർ ഹുസൈൻ ദേവ്‌ലയേയും ടീം കണ്ടു. നൂഹ് അക്രമവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ 115 വ്യക്തികളെ അദ്ദേഹത്തിന്റെ ടീം പ്രതിനിധീകരിക്കുന്നു. താഹിർ ഹുസൈൻ ദേവ്‌ലാ ഞങ്ങളോട് ഇപ്രകാരം പറഞ്ഞു. “അറസ്റ്റും തടഞ്ഞുവെക്കലും ആനുപാതികമല്ലാത്തവിധം ഒരുവശത്ത് നിന്നായിരുന്നു. മൗലാന സാദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് ബിട്ടു ബജ്‌റംഗിയേയും മറ്റ് നാലുപേരെയും മാത്രമാണ് കസ്റ്റഡിയിലെടുത്തത്. എന്നാലവർ ഏകദേശം മുന്നൂറ് മുസ്ലീം പുരുഷന്മാരെ കസ്റ്റഡിയിലെടുക്കുകയുണ്ടായി.” സന്ദർഭത്തിന്റെ ഗൗരവത്തെ വിശദമാക്കിക്കൊണ്ട് അദ്ദേഹം ഊന്നിപ്പറഞ്ഞു, “പൊലീസ് വ്യക്തികളെ മൂന്നോ, നാലോ ദിവസം നിയമപരമല്ലാതെ കസ്റ്റഡിയിൽ വെയ്ക്കുകയും, പിന്നീട് അവരിൽ ഏതാനും പേരെ വിട്ടയക്കുകയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. നിയമപരമല്ലാതെ കസ്റ്റഡിയിൽ കഴിയേണ്ടിവന്നു എന്നതാണ് വസ്തുതയെങ്കിലും, ജയിലിൽ ജീവിതം അവസാനിച്ചില്ലല്ലോ എന്നാണ് വിടുതൽ ലഭിച്ചവരുടെ ആശ്വാസം.”
വിവിധ ഗ്രാങ്ങളിൽ താമസിക്കുന്ന ഹിന്ദു ദലിത് സമുദായങ്ങളുമായും വസ്തുതാന്വേഷണ സംഘം കൂടിക്കാഴ്ച നടത്തി. പല്ലാദി, ഡിസേമ, മുറാദ്ബാസ എന്നീ ഗ്രാമങ്ങളിലെ ദലിത് സമുദായ അംഗങ്ങളുമായി സംഭാഷണങ്ങളിൽ ഏർപ്പെട്ടു. മുസ്ലീം അയൽക്കാരുമായുള്ള അവരുടെ ഇടപെടലുകൾ, സംഭവത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട്, ആക്രമത്തെ തുടർന്ന് അവരുടെ ജീവിതത്തിലുണ്ടായ പ്രത്യാഘാതം, അറസ്റ്റുകളെക്കുറിച്ചും നിയമനിർവ്വഹണത്തെക്കുറിച്ചുമുള്ള അവരുടെ കാഴ്ചപ്പാടുകൾ എന്നിവ സൂക്ഷ്മമായി അന്വേഷിച്ചു.
ഈ സംഭാഷണങ്ങൾ നടന്നുകൊണ്ടിരിക്കെ പല്ലാദിയിലെ ദലിത് സമുദായത്തിലെ ഒരു പ്രമുഖനേതാവായ സുന്ദർ സർപഞ്ചിനെ കാണാനുള്ള അവസരം വസ്തുതാന്വേഷണ സംഘത്തിന് ലഭിച്ചു. പല്ലാദിയിൽ ഏകദേശം 200 ദലിത് ആളുകളുണ്ടെന്നും ഇവർ പ്രധാനമായും വാത്മീകി, ഗദാരിയ ഗ്രൂപ്പുകളിൽ നിന്നുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. ”ഞങ്ങൾ ചക്രവാളത്തിൽ പുക കണ്ടു. എന്തോ കത്തുന്നുണ്ട്, അനിഷ്ടമായതെന്തോ സംഭവിക്കുന്നുണ്ടെന്ന് മനസ്സിലാക്കി.” അക്രമത്തെ പ്രേരിപ്പിച്ചവരെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം ചൂണ്ടിക്കാട്ടി: ”ബിട്ടു ബജ്‌റംഗി ആക്ഷേപകരമായ ഭാഷ ഉപയോഗിച്ചുകൊണ്ട് ഈ അക്രമത്തെ കുത്തിപ്പൊക്കി. ഇത്തരം സംഭവങ്ങൾ നടക്കാതിരിക്കാനായി പൊലീസിന്റെ ഭാഗത്തുനിന്നും മുൻകരുതലുകളൊന്നും ഉണ്ടായതുമില്ല.” ദലിത് സമുദായത്തിൽപെട്ട വ്യക്തികളെ ലക്ഷ്യമാക്കിക്കൊണ്ട് ഏതെങ്കിലും തരത്തിലുള്ള തടഞ്ഞുവെയ്ക്കലുകൾ അല്ലെങ്കിൽ ചോദ്യം ചെയ്യലുകൾ ഉണ്ടായിരുന്നുവോ എന്ന ചോദ്യത്തിനുത്തരമായി അവർക്ക് നേരെ അത്തരം നടപടികളൊന്നും ഉണ്ടായിരുന്നില്ല എന്ന് സുന്ദർ സ്ഥിരീകരിച്ചു.
പല്ലാദിയിൽ, രാകേഷുമായി (32) സംഘം സംസാരിക്കുകയുണ്ടായി, ഒരു ആട്ടിടയനായിരുന്ന ഇയാൾക്ക് രണ്ടു കുട്ടികളുണ്ട്. ഗ്രാമത്തിലെ മുസ്ലീം കുടുംബങ്ങളുമായി അവർക്ക് നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്നും മുമ്പും സമ്മർദ്ദങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ഇപ്പോഴുമില്ലെന്നും അയാൾ പറഞ്ഞു. ഒരു കാര്യം കൂടി അയാൾ ചൂണ്ടിക്കാട്ടി, “ഹിന്ദുക്കളെപോലെ മുസ്ലീങ്ങൾ തൊട്ടുകൂടായ്മ പാലിക്കുന്നുമില്ല.” ആരാണ് അക്രമത്തിന് ഉത്തരവാദി എന്ന ചോദ്യത്തിന് ഇപ്രകാരമായിരുന്നു അയാളുടെ മറുപടി: “മോനു മനേസാറും ബിട്ടു ബജ്‌റംഗിയുമാണ് അക്രമത്തിന് ഉത്തരവാദികൾ, അവരെ അറസ്റ്റ് ചെയ്യണം.” രാകേഷിനോട് യോജിച്ചുകൊണ്ട് അതേ ഗ്രാമത്തിലെ കൂലിപ്പണിക്കാരനായ ബച്ചിതാർ സിംഗ് (33) കൂട്ടിച്ചേർത്തു: “ബിട്ടു ബജ്‌റംഗിയുടെ പ്രകോപനപരമായ വീഡിയോ ആണ് ഉത്തരവാദി.” ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് മുൻകരുതലുകളൊന്നും ഉണ്ടായിരുന്നില്ല എന്ന കാര്യം ബച്ചിതർ സിംഗും വ്യക്തമാക്കി.
ഡിസേമ ഗ്രാമത്തിലെ ഒരേയൊരു ദലിത് കുടുംബത്തെ ടീം സന്ദർശിച്ച്, ഡെങ്കി പനി പാധിച്ച് കിടപ്പിലായിരുന്ന സുനിത (50)യെ ഇന്റർവ്യൂ ചെയ്തു. അവർ ഞങ്ങളോടു പറഞ്ഞു: “എന്റെ പെണ്മക്കളുടെ കല്യാണങ്ങൾക്ക് ആയിരക്കണക്കിന് രൂപ തന്ന് സഹായിച്ചത് മുസ്ലീം സമുദായത്തിലെ ആളുകളാണ്.” ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ, ഗ്രാമത്തിലെ സ്ത്രീകൾ സുനിതയുടെ രോഗസ്ഥിതി അന്വേഷിച്ചുകൊണ്ട് വീട്ടിലേക്ക് കയറിവരുന്നുണ്ടായിരുന്നു.
മുറാദ്ബാസിലെ ശാന്ത (50) യുടെ കുടുംബം അനേകവർഷങ്ങളായി ആ ഗ്രാമത്തിലാണ് ജീവിക്കുന്നതെന്നും, അവരുടെ ഇടയിൽ സാമുദായിക സ്പർദയൊന്നും ഇല്ലെന്നും ശാന്ത പറഞ്ഞു. സാമുദായിക ഐക്യത്തെകുറിച്ച് സമാനമായ കാഴ്ചപ്പാട് പങ്കുവെച്ചുകൊണ്ട് മുറാദ്ബാസിൽ നിന്നുള്ള, അമ്പത് വയസ്സുകാരൻ റോഹ്താസ് ഹിന്ദുക്കൾ യാതൊരു വിധത്തിലുള്ള സാമുദായിക വെറുപ്പും നേരിടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി. കൂടാതെ “ഹിന്ദു-മുസ്ലീം ശത്രുതയെ കുറിച്ചുള്ള കിംവദന്തികൾക്ക് ഉടനെ വിരാമമിടണമെന്നും” കൂട്ടിച്ചേർത്തു. ജവഹർ നവോദയ വിദ്യാലയത്തിലെ സെക്യൂരിറ്റി ഗാർഡായ ഘനശ്യാം (27) മുറാദ്ബാസ് നിവാസിയാണ്. “എല്ലാവരും ഉറങ്ങുന്ന സമയത്താണ് റെയ്ഡ് നടക്കുന്നത്… അടുത്തിടെ ഹജ്ജിന് പോയി തിരിച്ചുവന്ന സലീമിനെ അറസ്റ്റ് ചെയ്തു.” പൊലീസിന്റെ നടപടി അന്യായമാണെന്നാണ് ഘനശ്യാമിന്റെ അഭിപ്രായം. ഘോഷയാത്രയെകുറിച്ചു സംസാരിക്കവെ അദ്ദേഹം അഭിപ്രായപ്പെട്ടു, “മതപരമായ ഘോഷയാത്രകൾ ശരിതന്നെ, എന്നാൽ അതിന്റെ പേരിൽ പ്രകോപനമുണ്ടാക്കുന്നത് തെറ്റുതന്നെയാണ്.”
സമാധാന കമ്മിറ്റി റിലീഫ് കമ്മിറ്റിയായി മാറുന്നു
നൽഹാദിൽ നിന്നും പല്ലാദിൽ നിന്നും അക്രമത്തിൽ പങ്കെടുത്തവരെന്ന് സംശയിക്കപ്പെട്ട 80 വ്യക്തികളുടെ ലിസ്റ്റ് സംബന്ധിച്ച് ഭരണാധികാരികളുമായി മധ്യസ്ഥ ചർച്ച നടത്തുന്നതിനായി ഒരു പത്തംഗകമ്മിറ്റി ഉണ്ടാക്കിയിട്ടുണ്ടെന്ന വിവരം ടീമിന് ലഭിച്ചു. നൽഹാദ് ഗ്രാമസഭയുടെ മുൻ സർപഞ്ച് നിഹാൽ സിംഗ് സമുദായത്തിലെ മറ്റ് ആദരണീയരായ വ്യക്തികളുമായിരുന്നു ഇതിലെ അംഗങ്ങൾ. സംഭവത്തെക്കുറിച്ച് സമഗ്രമായി മനസ്സിലാക്കുന്നതിനായി ടീം കമ്മിറ്റിയിലെ അംഗങ്ങളെ ഇന്റർവ്യൂ ചെയ്തു. ഘോഷയാത്രയുടെ സമാധാനപൂർണ്ണമായ നടത്തിപ്പനായി ജൂലായ് 31ന് രാവിലെ അമ്പലത്തിന്റെ ചുമതലയുള്ള ഗുരുചരൺസിംഗ് മാലിക് വിളിച്ചുകൂട്ടിയ മീറ്റിംഗിൽ താനും, കമ്മിറ്റിയിലെ മറ്റു ചില അംഗങ്ങളും പങ്കെടുത്തുവെന്ന് ഗ്രാമത്തിന്റെ നിലവിലുള്ള സർപഞ്ചും കമ്മിറ്റിയിലെ അംഗവുമായ ആസാദ് ഞങ്ങളോട് പറഞ്ഞു. 31-ാം തീയതി ഉണ്ടായ സംഭവങ്ങളെ ഓർത്തുകൊണ്ട് അദ്ദേഹം പറഞ്ഞു, “ഏകദേശം ഉച്ചതിരിഞ്ഞ് രണ്ടു മണിക്ക് അക്രമം പൊട്ടിപുറപ്പെട്ടതായും, ഒരു നൂറ്റിയറുപത് – നൂറ്റിയെഴുപത് ബജ്റംഗദൾ അംഗങ്ങൾ നൽഹാദ് പള്ളി വളഞ്ഞിരിക്കുന്നതായും ഞങ്ങൾ അറിഞ്ഞു. സമാധാനം പാലിക്കണമെന്ന് അഭ്യർത്ഥിക്കാനായി ഞങ്ങൾ സ്ഥലത്തേക്ക് പോയി. എന്നാലവർ ഞങ്ങളോട് നന്നായി പെരുമാറിയില്ല, ഞങ്ങളെ അവഹേളിക്കുകയും ചെയ്തു.” അവർ സമാധാനം സംരക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും ഏകദേശം വൈകീട്ട് അഞ്ച് മണിയോടടുപ്പിച്ച് മറുഭാഗത്ത് നിന്ന് 400 പേരോളം എത്തുകയും അക്രമത്തിനറെ തീവ്രത വർദ്ധിക്കുകയും ചെയ്തു. ഏകദേശം മുപ്പത് വാഹനങ്ങൾ നശിപ്പിച്ചു, ഇതിൽ പതിനഞ്ചെണ്ണം കത്തിക്കുകയാണുണ്ടായത്. നിയമവും ക്രമസമാധാനവും നിലനിർത്തുന്നതിൽ ഭരണകൂടം പരാജയപ്പെട്ട കാര്യവും അദ്ദേഹം ചൂണ്ടിക്കാണിച്ചു: ”അക്രമസാധ്യത പ്രകടമായിരുന്നിട്ടും മുൻകരുതലുകളൊന്നും സ്വീകരിച്ചില്ല. നൽഹാദിന് അടുത്തുവെച്ച് അക്രമം തുടങ്ങിയപ്പോൾ 40-50 പൊലീസുകാർ മാത്രമായിരുന്നു സ്ഥലത്തുണ്ടായിരുന്നത്.” കഴിഞ്ഞുപോയ സംഭവങ്ങളെ ഓർമ്മിച്ചുകൊണ്ട് ആസാദ് പറയുന്നു, “ബാബറി മസ്ജിദിന്റെ തകർക്കലിനെ തുടർന്ന് രാജ്യം മുഴുവൻ വ്യാപിച്ച 1992 ലെ ലഹളക്കാലത്തുപോലും ഇവിടെ അക്രമം നടക്കാൻ ഞങ്ങൾ അവസരം നൽകിയില്ല. രണ്ടുവർഷം മുമ്പ് ഘോഷയാത്ര സമയത്ത് നടന്ന മസാർ തകർക്കലുമായി ബന്ധപ്പെട്ട ഇഷ്യൂ ഞങ്ങൾ പരസ്പരം പറഞ്ഞുതീർക്കുകയാണുണ്ടായത്.”
ലൈംഗിക അതിക്രമം, അടിച്ചമർത്തൽ
പലപ്പോഴും ഇതിനൊരു മാറ്റമില്ല. സംഘർഷങ്ങളിലും ഏറ്റമുട്ടുലുകലിലും യുദ്ധങ്ങളിലും സ്ത്രീയുടെ അന്തസ്സും ശരീരവും പോരാട്ടനിലങ്ങളായി മാറുന്നു. മേവാഡിലെ സ്ത്രീകളുടെ കാര്യത്തിലും ഇതുതന്നെയാണ് നടന്നത്. റിപ്പോർട്ടുകൾ പ്രകാരം, നൂഹിലും പ്രത്യേകിച്ച് മുറാദ്ബാസിലും ആഗസ്റ്റ് ഒന്നാം തീയതി പുലർച്ചെ നടന്ന പൊലീസ്-പാരാ മിലിറ്ററി റെയ്ഡുകളിൽ സ്ത്രീകൾക്കെത്രീയ ലൈംഗികാതിക്രമങ്ങളും അവഹേളനങ്ങളും ഉണ്ടായതായി വെളിപ്പെടുന്നു. ഈ സേനകൾ അമിതമായ ബലപ്രയോഗം നടത്തിയെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ടീം കാണുകയുണ്ടായി. റെയ്ഡ് നടത്തുന്ന പൊലീസ് സേനയും പാരാമിലിട്ടറി സേനയും കോലാഹലം ഉണ്ടാക്കുകയും ദമ്പതികളുടെയും സ്ത്രീകളുടെയും കിടപ്പുമുറികളുടെ വാതിലുകൾ തകർത്ത് അകത്ത് കയറുകയും സ്ത്രീകളെ ദേഹോപദ്രവം ഏൽപ്പിക്കുകയും അവഹേളിക്കുകയും ചെയ്തു. റെയ്‍ഡ് നടത്തിയ പൊലീസിനൊപ്പം ഒരു വനിതാ പൊലീസുപോലും ഉണ്ടായിരുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണ്.
ആസുബി, ഇതിനുമുമ്പ് ഞങ്ങൾ ഇവരെക്കുറിച്ച് പറഞ്ഞിട്ടുണ്ട്, അവരുടെ മുന്നിൽ വെച്ച് മക്കളെ നിഷ്‌ക്കരുണം അടിക്കുന്നത് തടയാൻ ശ്രമിച്ച ഇവരെ വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തുകയുണ്ടായി. “എന്റെ മക്കളെ ശാരീരികമായി പീഡിപ്പിക്കുന്നത് തടയാൻ ശ്രമിച്ച എന്നെ അവർ കൈയ്യേറ്റം ചെയ്തു, എന്റെ വസ്ത്രങ്ങൾ വലിച്ചുകീറി.”
ആസുബി അഭിമുഖീകരിക്കേണ്ടിവന്ന ഭീതിയുളവാക്കിയ ഈ ഏറ്റുമുട്ടലിന് വലിയൊരളവ് സമാനമാണ് മുറാദ്ബാസിലെ മറ്റ് സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനുഭവങ്ങളും. രാജ്ദ (22) റെയ്ഡിനെ ഓർത്തുകൊണ്ട് ഇപ്രകാരം പറഞ്ഞു, “ആൺപൊലീസുകൾ ഞങ്ങളെ കൈയ്യേറ്റം ചെയ്തു, അടിച്ചു. വെടിവെയ്ക്കുമെന്ന് ഭീഷണപ്പെടുത്തുകയും ചെയ്തു.” സാജിദിന്റെ ഭാര്യയായ തസ്ലീമ പറയുന്നു, അവർ (ഭാര്യയും ഭർത്താവും) മുറിയിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് പതിനഞ്ചോ, പതിനാറോ പേരടങ്ങിയ പൊലീസുകാർ ബലമുപയോഗിച്ച് അകത്തേക്ക് തള്ളിക്കയറിയത്. “അവർ (പോലീസുകാർ) എന്നെ ശാരീരികമായി ഉപദ്രവിച്ചു, വാക്കുകളാൽ അവഹേളിച്ചു.” പൊലീസ് തോന്നിയതുപോലെ ഗ്രാമങ്ങളിൽ റെയ്ഡ് നടത്തി, പുരുഷന്മാരെ കണ്ടില്ലെങ്കിൽ അവർ സ്ത്രീകളോട് മോശമായി പെരുമാറുകയും അവരോട് അസഭ്യം പറയുകയും ചെയ്തുവെന്ന് പല്ലാദ് നിവാസിയായ ആയിഷ (40) ഞങ്ങളോട് പറഞ്ഞു. ഡിസേമ ഗ്രാമത്തിൽ നിന്നുള്ള മറ്റൊരു സ്ത്രീ മക്‌സൂദൻ (50) ഇപ്രകാരം പറഞ്ഞു, “പൊലീസ് നാലഞ്ച് വണ്ടികളിലായി വന്നു, സ്ത്രീ പൊലീസുകാർ ഒപ്പമുണ്ടായിരുന്നില്ല. പുരുഷന്മാരുടെ അഭാവത്തിൽ, തിരച്ചിൽ നടത്തുന്നു എന്ന പേരിൽ വീടുകളിലേക്ക് തള്ളിക്കയറി. കുടുംബത്തിൽ ആണുങ്ങൾ ഇല്ലെന്നു പറയുമ്പോൾ അവർ സ്ത്രീകളെ അവഹേളിച്ചു.” എങ്കിലും കഠിനമായ അവസ്ഥകളിൽ നിന്നും സ്വയം വീണ്ടെടുക്കാൻ പൊതുവെ സ്ത്രീകൾക്കുള്ള നൈസർഗ്ഗികമായ ഗുണവിശേഷത്തിലേക്ക് ഉൾക്കാഴ്ച നൽകിക്കൊണ്ട് അവർ പറഞ്ഞു: ”അറസ്റ്റ് ഭയന്ന് പുരുഷന്മാർ ഒളിവിൽ പോകുമ്പോൾ ഗ്രാമത്തിന് കാവലാളുകളായി സ്ത്രീകൾ രാത്രി ഉണർന്നിരിക്കുന്നു. റെയ്ഡ് ഉണ്ടാകാനിടയുണ്ടെന്ന ഭീഷണവരുമ്പോൾ എല്ലാവരെയും ജാഗരൂകരാക്കുകയും ചെയ്യുന്നു.”
ബുൾഡോസർ ‘നീതി’?
ജൂലായ് 31ന് നൂഹിൽ നടന്ന അക്രമത്തെ തുടർന്ന് മേവാഡിന്റെ പല പ്രദേശങ്ങളിലും വ്യാപകമായ വിധത്തിൽ ഇടിച്ചു തകർക്കലുകൾ നടന്നു. നൂഹിൽ തകർക്കപ്പെട്ട കെട്ടിടങ്ങളുടെ കൃത്യമായ സംഖ്യ നിർണ്ണയിക്കാൻ ടീമിന് കഴിഞ്ഞില്ലെങ്കിലും സന്ദർശിച്ച ഗ്രാമങ്ങളിലെ വ്യക്തികളിൽ നിന്നും ഞങ്ങൾ വിവരങ്ങൾ ശേഖരിച്ചു. അതിൽ കൂടുതലും, നൂഹ് നഗരത്തിലും അതിന്റെ അയൽപ്രദേശങ്ങളിലുമായി നടന്ന തകർക്കലുകളിൽ മിക്കതും മുസ്ലീങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളായിരുന്നു. നൽഹാദിൽ നിന്നുള്ള ഇർഫാ(30)നുമായി ടീം അഭിമുഖം നടത്തി. നൽഹാദിനടുത്ത് നടന്ന തകർക്കലുകളെക്കുറിച്ച് അദ്ദേഹം ഞങ്ങളോടു ഇങ്ങനെ പറഞ്ഞു: “നൽഹാദ് ക്ഷേത്രത്തിന് ചുറ്റുമുള്ള കുന്നിൻ ചെരുവുകളിൽ താമസിച്ചിരുന്ന 13-14 ദരിദ്ര മുസ്ലീം കുടുംബങ്ങളുടെ വീടുകൾ തകർക്കപ്പെട്ടു. മൂന്ന് ബുൾഡോസറുകൾ എത്തി, നോട്ടീസ് നൽകി വെറും ഇരുപത് നിമിഷത്തിനുള്ളിൽ വീടുകൾ തകർത്തു.”
മറ്റൊരു കാര്യം കൂടി ടീം കണ്ടെത്തി, ഫിറോസ്പൂർ ജിർക്കായിലെ ‘ദൂത് കി ഖാട്ടി’ എന്ന പേരിൽ അറിയപ്പെടുന്ന ഒരു പ്രദേശത്ത് മുസ്ലീം വീടുകൾക്കൊപ്പം ദലിത് – ഒ.ബി.സി ഹിന്ദുക്കളിൽ പെടുന്നവരുടെയും വീടുകൾ തകർക്കപ്പെട്ടിരുന്നു. അവരുടെ നടപടികൾ പക്ഷപാതരഹിതമാണെന്ന് കാണിക്കുന്നതിന് വേണ്ടിയായിരുന്നു അത്തരമൊരു നടപടി അവർ കൈക്കൊണ്ടതത്രെ. തുടർന്ന്, ടീം ‘ദൂത് കി ഖാട്ടി’ എന്നറിയപ്പെടുന്ന പ്രദേശത്തെ തകർക്കപ്പെട്ട വീടുകളിലെ ആളുകളുമായി സമ്പർക്കം പുലർത്തി. ദുലി ചന്ദ് (90) എന്നുപേരായ ഒരു തദ്ദേശവാസി അയാൾക്ക് രണ്ട് മുറിയും ഒരു കുളിമുറിയും ഉണ്ടായിരുന്നുവെന്നും, അത് അപ്പാടെ തകർത്തുവെന്നും, തന്റെ ഈ തൊണ്ണൂറാം വയസ്സിൽ താൻ കൂരയില്ലാത്തവനായി തീർന്നിരിക്കുകയാണെന്നും പറഞ്ഞു. “മെയിൻ റോഡിൽ നിന്നും ഒരു അനൗൺസ്‌മെന്റ് മാത്രമാണ് ഉണ്ടായിരുന്നത്, ഞങ്ങളുടെ സാധനങ്ങൾ എടുത്തുമാറ്റാൻ ഒരു മണിക്കൂർ സമയമാണ് നൽകിയത്.”
താമസക്കാരെ ബലം പ്രയോഗിച്ച് കുടിയൊഴിപ്പിക്കരുതെന്നും, മാറിത്താമസിക്കാൻ ആവശ്യമുള്ളത്ര സമയം നൽകാതെ വീടുകൾ നശിപ്പിക്കരുതെന്നുമുള്ള, പഞ്ചാബ് – ഹരിയാന ഹൈക്കോടതി പുറപ്പെടുവിച്ച സ്റ്റേ ഓർഡർ അവർ ഞങ്ങളെ കാണിച്ചു. ഹൈക്കോടതിയുടെ ഈ നിർദ്ദേശം പൂർണ്ണമായും അവഗണിക്കപ്പെട്ടു. വീടുകൾ തകർക്കപ്പെടുക തന്നെ ചെയ്തുവെന്ന് ഖേദപൂർവ്വം പറയട്ടെ.
നൂഹ് ജില്ലാ സെഷൻസ് കോർട്ടിലെ സീനിയർ അഭിഭാഷകൻ ഖലീൽ അഹമ്മദിനെ ടീം കണ്ടു. തകർക്കലുകൾ തടയാൻ നിയമപരമായി എന്തെങ്കിലും വകുപ്പുകൾ ഉണ്ടോ എന്നു ഞങ്ങൾ അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം മറുപടി പറഞ്ഞു, “നിയമത്തിൽ അങ്ങനെയൊരു വകുപ്പില്ല, അങ്ങനെ ചെയ്യുന്നത് തികച്ചും നിയമവിരുദ്ധമാണ്. ബഹുമാനപ്പെട്ട സുപ്രീംകോടതിയും അത് ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്.” ക്രിമിനൽ നടപടികളുടെ ലംഘനത്തെ ചോദ്യം ചെയ്തുകൊണ്ട് അദ്ദേഹം പറയുന്നു: “പൊലീസും സർക്കാറും സ്വയം ശിക്ഷ നടപ്പാക്കാൻ തുടങ്ങിയാൽ പിന്നെ നിയമവ്യവസ്ഥയുടെ ആവശ്യമുണ്ടോ? കുറ്റം തീരുമാനിക്കാനും യോജിച്ച ശിക്ഷ നൽകുന്നതിനും ഒരു നടപടിക്രമമുണ്ട്. കുറ്റം ചെയ്ത വ്യക്തിയെ ശിക്ഷിക്കുന്നിനായി അയാളുടെ വീട് തകർക്കുന്നത് കുറ്റകാരനോടൊപ്പം അയാളുടെ കുടുംബത്തെ കൂടി ശിക്ഷിക്കലാണ്. അവർക്ക് കുറ്റകൃത്യത്തിൽ യാതൊരു പങ്കും ഉണ്ടായിരിക്കണമെന്നില്ല. അവർ തികച്ചും നിരപരാധികളായിരിക്കാം.” ഞങ്ങളുടെ സന്ദർശന സമയം മുഴുവൻ റെയ്ഡിനെയും അറസ്റ്റിനെയും കുറിച്ച് ഗ്രാമങ്ങളിൽ നിലനില്ക്കുന്ന ഭീതി ആളുകൾ പങ്കുവച്ചു. ചിലയിടങ്ങളിൽ സ്‌കൂളുകൾ പ്രവർത്തിച്ചിരുന്നില്ല, തുറന്നിരുന്നവയിൽ തന്നെ എത്ര കുട്ടികൾ ഹാജരായിട്ടുണ്ടാകുമെന്നതും, ഇത്തരമൊരു അന്തരീക്ഷത്തിൽ അവർക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാവുമോ എന്നതും ആലോചനാ വിഷയം തന്നെയാണ്. തെരുവ് വാണിഭക്കാർ ഗ്രാമങ്ങളിൽ ചെല്ലുന്നില്ലെന്നും കടകൾ പലയിടത്തും അടഞ്ഞു കിടിക്കുകയാണെന്നും ഞങ്ങൾ കേട്ടു. വ്യാപകമായ ആൾവേട്ട നടന്നുകൊണ്ടിരുന്നതിനാലും, മർദ്ദനം ഭയന്ന് പുരുഷന്മാർ ഒളിവിൽ പോയതിനാലും, ദൈനംദിന അവശ്യവസ്തുക്കളായ ധാന്യം, പച്ചക്കറി, പാൽ മുട്ട, മാംസം തുടങ്ങിയവ വില്ക്കുന്ന കടകളും സ്റ്റാളുകളും അടഞ്ഞകിടന്നു.
“ഞങ്ങൾ ഭയത്തോടെയാണ് ജീവിക്കുന്നത്. പണിയ്ക്ക് പോകാനും സാധിക്കുന്നില്ല.” ഇത് പറഞ്ഞ് പല്ലാദി ഗ്രാമത്തിൽ നിന്നുള്ള ഹാജറ (32) പൊട്ടിക്കരഞ്ഞു. “എന്റെ ഭർത്താവ് കൂലിപ്പണിക്കാരനാണ്, എന്നാലദ്ദേഹത്തിന് പണിയ്ക്ക് പോകാൻ കഴിയുന്നില്ല.” ഇതുപോലെ സവാലിയ (24) യേയും ഭയം പിടികൂടിയിരിക്കുന്നു. ഡിസേമ ഗ്രാമത്തിലെ ഫരീദ (40-45), ഗ്രാമത്തിൽ ഭയത്തിന്റെ അന്തരീക്ഷമാണുള്ളതെന്ന് ഞങ്ങളോട് പറഞ്ഞു. ഭീതിപ്പെടുത്തുന്ന ഈ അന്തരീക്ഷത്തെ വിശദമാക്കിക്കൊണ്ട് അവർ പറഞ്ഞു, “രാത്രി മുഴുവൻ ഞങ്ങൾക്ക് ഉറങ്ങാനാവുന്നില്ല, ആർക്കറിയാം പൊലീസ് എപ്പോഴാണ് പ്രത്യക്ഷപ്പെടുകയെന്ന്. അവർ ഏത് സമയത്തും വരാം.” ഡിസേമ ഗ്രാമത്തിൽ നിന്നുള്ള മറ്റൊരു സ്ത്രീയായ മാഗ്രി (52) യ്ക്കും ഇതേ കാര്യങ്ങളാണ് പറയാനുണ്ടായിരുന്നത്. പ്രയാസങ്ങൾ വിശദീകരിച്ചുകൊണ്ട് അവർ പറഞ്ഞു, “ഞങ്ങൾക്ക് പണിയെടുക്കാനാവുന്നില്ല. ജീവിച്ചുപോകാൻ തന്നെ വളരെ ബുദ്ധിമുട്ടായി തീർന്നിരിക്കുന്നു.” നിറകണ്ണുകളോടെ അവർ കൂട്ടിച്ചേർത്തു, “കുട്ടികൾക്ക് നൽകാൻ ആവശ്യമായ ഭക്ഷണമില്ല, നിങ്ങൾക്കറിയാമല്ലോ സാധനങ്ങൾക്ക് വില എത്രമാത്രം കൂടിയിരിക്കുന്നുവെന്ന്.” അക്രമത്തിന്റെയും തുടർന്നുകൊണ്ടിരിക്കുന്ന ആൾവേട്ടയുടെയും പശ്ചാത്തലം വ്യക്തികളുടെ ജീവസന്ധാരണത്തിൽ തീവ്രമായ ആഘാതമാണ് എൽപ്പിച്ചിരിക്കുന്നത്. മിക്കവാറും ആളുകൾ ദരിദ്രമായ പശ്ചാത്തലങ്ങളിൽ നിന്നും ഉള്ളവരായതിനാൽ തൊഴിലെടുത്ത് കുടുംബങ്ങളെ പോറ്റുന്നവരുടെ അഭാവത്തിൽ ദൈനംദിനാവശ്യങ്ങൾ നിറവേറ്റുക എന്ന വെല്ലുവിളി അതികഠിനമായി തീർന്നിരിക്കുന്നു.
ജൂലായ് 31-ാം തീയ്യതി നടന്ന സംഭവങ്ങളെ തുടർന്ന് നൂഹിനെയും അയൽ ഗ്രാമങ്ങളെയും കുറിച്ച് മാധ്യമങ്ങളിൽ നിന്നും പൗരസമൂഹത്തിൽ നിന്നും വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ ഉയർന്നുവന്നു. മുഖ്യധാരാ മാധ്യമത്തിലെ ചില വിഭാഗങ്ങൾ മുസ്ലീം സമുദായത്തിനെതിരെ വെറുപ്പ് പ്രചരിപ്പിക്കുകയും പൗരസമൂഹത്തിലെ ഗണ്യമായൊരു വിഭാഗം ഇതിനെ ഹിന്ദു-മുസ്ലീം സമുദായങ്ങൾക്കിടയിലെ ഒരു സംഘർഷമായി കാണുകയും ചെയ്തു. മാത്രമല്ല ഭരണകൂടത്തിന്റെ മുൻകരുതലില്ലായ്മ സംഗതികളെ കൂടുതൽ വഷളാക്കിയെന്നും അവർ കരുതുന്നു.
അഭിഭാഷകനായ ഖലീൽ അഹമ്മദുമായി നടത്തിയ അഭിമുഖത്തിൽ, സർക്കാരിനെയും പൊലീസ് ഡിപ്പാർട്ട്‌മെന്റിന്റെയും പങ്കിനെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു: ”ലോക്കൽ നേതാക്കളും സാമൂഹ്യപ്രവർത്തകരും അടങ്ങിയ ഒരു സമാധാനകമ്മിറ്റി ഉണ്ടായിരുന്നു. ഘോഷയാത്ര അക്രമത്തിലേക്ക് വഴിവെച്ചേക്കാമെന്ന് ഇവർ വളരെ ശക്തമായി ജില്ലാഭരണകൂടത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ മതിയായ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും ഘോഷയാത്രയിൽ ആയുധങ്ങൾ അനുവദിക്കുകയില്ലെന്നുമായിരുന്നു അവരുടെ മറുപടി. ക്രമസമാധാനം പാലിക്കുന്നതിനായി പൊലീസുകാരും പാരാമിലിട്ടറി സേന അംഗങ്ങളുമായി ആയിരം പേർ വരുന്ന ഒരു സംഘത്തെ നിയോഗിച്ചിരുന്നുവെന്ന് പൊലീസ് – ജില്ലാ ഭരണകൂടണം പറഞ്ഞു. എന്നാൽ ഗ്രാമീണരുമായി ഞങ്ങൾ നടത്തിയ ഇടപെടലുകളിൽ നിന്നും ഞങ്ങൾക്ക് കിട്ടിയ വിവരം ഈ പോലീസ് ഭാഷ്യത്തിനെതിരായിരുന്നു. പൊലീസ് സമയത്ത് എത്തിയിരുന്നില്ലെന്ന് അവർ ആരോപിക്കുന്നു. കൃത്യസമയത്ത് എത്തുകയും പെട്ടെന്ന് തന്നെ ആക്ഷനെടുക്കുകയും ചെയ്തിരുന്നുവെങ്കിൽ അക്രമത്തിന്റെ തീവ്രത വർദ്ധിക്കുകയില്ലായിരുന്നുവെന്ന് അവർ പറയുന്നു.”
അഡ്വക്കെറ്റ് താഹിർ ഹുസൈൻ ദേവ്‌ലയുടെ അഭിപ്രായത്തിൽ ഇത് ഒരു ഹിന്ദു – മുസ്ലീം ലഹളയല്ല. അവർക്കിടയിൽ നല്ല രീതിയിലുള്ള സാഹോദര്യമുണ്ടെന്നും നല്ലകാലത്തും ചീത്തകാലത്തും പരസ്പരം ഒത്തു പ്രവർത്തിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. വി.എച്ച്.പി ബജ്റംഗദൾ നടത്തിയ ഈ ഘോഷയാത്രയുടെ പുറകിലുള്ള രാഷ്ട്രീയ ലക്ഷ്യങ്ങളെ കുറിച്ച് സംസാരിക്കവെ അദ്ദേഹം ഇപ്രകാരം പറഞ്ഞു: “മൂന്ന് വർഷം മുമ്പ് മാത്രമാണ് ഈ ആചാരം തുടങ്ങിയത്. അപ്പോൾ മുതൽ ഇത് ആളുകളെ പ്രകോപിപ്പിക്കാനും ഇളക്കാനും തുടങ്ങി. മതപരമായ ഘോഷയാത്രകളിൽ നിങ്ങൾ എപ്പോഴെങ്കിലും ആധുനികമായ ആയുധങ്ങൾ കണ്ടിട്ടുണ്ടോ?” പൊലീസിന്റെ പക്ഷപാതപരമായ നടപടിയെ ചൂണ്ടിക്കാണിച്ചുകൊണ്ട് താഹിർ കൂട്ടിച്ചേർത്തു. “ഹിന്ദു സമൂഹത്തിലെ ആളുകൾക്കെതിരെ ഒരേയൊരു എഫ്.ഐ.ആർ ആണ് ഫയൽ ചെയ്തിട്ടുള്ളത്. ഈ എഫ്.ഐ.ആർ പൊലീസിൽ നിന്നും ആയുധങ്ങൾ തട്ടിയെടുത്തത് സംബന്ധിച്ചാണ്.”
നൂഹിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യപ്പെട്ട 35 എഫ്.ഐ.ആറുകളിൽ 90 ശതമാനത്തിലധികവും മുസ്ലീം സമുദായത്തിനെതിരെയുള്ളതാണെന്ന് ടീം കണ്ടെത്തിയിട്ടുണ്ട്. ഇതും വളരെ പ്രസക്തമാണ്. മേൽപറഞ്ഞ 35 എഫ്.ഐ.ആറുകളിലായി കുറ്റവാളികളായി സംശയിക്കപ്പെടുന്ന 738 ആളുകളുടെ പേരുകളാണ് വിവിധ പൊലീസ് സ്റ്റേഷനുകൾ പുറത്തുവിട്ട ചെയ്ത ലിസ്റ്റിൽ ഉള്ളത്. ഇതിൽ ആസൂത്രിതവും മാറ്റമില്ലാത്തതുമായ ഒരു ആഖ്യാനം കാണാം. പൊലീസിന്റെ എഫ്.ഐ.ആറുകളും മേൽ പറഞ്ഞ ലിസ്റ്റിൽ കാണുന്ന പൊരുത്തക്കേടും ഭരണകൂടത്തിലെ കാര്യനിർവ്വഹണ സംഘത്തിന്റെ പക്ഷപാതപരമായ അന്വേഷണ സമീപനത്തെയും വിദ്വേഷപരമായ നീതിനിർവ്വഹണത്തെയും അടിവരയിരുന്നു.
നൂഹിലെ ഡെപ്യൂട്ടി കമ്മീഷണറെ കണ്ട് സംസാരിക്കാൻ ടീം ശ്രമിച്ചു. പരിചയപ്പെടുത്തൽ കഴിഞ്ഞയുടൻ നൂഹിലേക്ക് പ്രവേശിക്കാൻ ഞങ്ങൾക്ക് ആരാണ് അനുമതി തന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. വ്യാപകമായി നടക്കുന്ന റെയ്ഡുകൾ, അന്യായമായിയുള്ള തടഞ്ഞുവെക്കൽ, ലൈംഗീകാതിക്രമങ്ങൾ, പക്ഷപാതപരമായ പ്രോസിക്യൂഷൻ എന്നിവയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ ഞങ്ങൾ ആരാഞ്ഞെങ്കിലും ഉത്തരം പറയാൻ അദ്ദേഹം തയ്യാറായില്ല. “ഞാൻ നിങ്ങളോട് വിശദീകരണം നൽകേണ്ടതില്ല, കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഞാൻ സർക്കാരിന് റിപ്പോർട്ട് ചെയ്യുന്നുണ്ട്.” ഒരു ജനാധിപത്യ അവകാശ സംരക്ഷണ സംഘമെന്ന നിലയിൽ ഇത് ഞങ്ങളുടെ അവകാശമാണെന്നും അദ്ദേഹം പറയേണ്ടതുണ്ടെന്നും ഞങ്ങൾ ഉറപ്പിച്ച് പറഞ്ഞപ്പോൾ, അദ്ദേഹം ഇപ്രകാരം മറുപടി പറഞ്ഞു, “എനിക്ക് സർക്കാരിനോടും നൂഹിലെ ജനങ്ങളോടും മാത്രമാണ് ഉത്തരവാദിത്തം.” കുറച്ച് കഴിഞ്ഞ് ഡെപ്യൂട്ടി കമ്മീഷണറുടെ കല്പനപ്രകാരം രണ്ട് പോലീസുകാർ ഞങ്ങളെ നൂഹിന് പുറത്ത് സോഹ്‌ന വരെ കൊണ്ടാക്കി.
സംഭവം നടന്ന വിവിധ സ്ഥലങ്ങൾ സൂക്ഷ്മമായി പരിശോധിക്കുകയും, പ്രമാണരേഖകൾ ധാരാളമായി ശേഖരിക്കുകയും, വ്യത്യസ്തങ്ങളായ മാധ്യമ റിപ്പോർട്ടുകൾ സമഗ്രമായി വിലയിരുത്തുകയും, വലതുപക്ഷ ആക്ടിവിസ്റ്റുകളും നേതാക്കളും പ്രചരിപ്പിച്ച വീഡിയോകൾ, ബിട്ടു ബജ്‌റംഗിയുടെതുൾപ്പെടെ ശ്രദ്ധാപൂർവ്വം വിശകലനം നടത്തുകയും ചെയ്തശേഷം ജൂലായ് 31ന് നടന്ന ജലാഭിഷേകയാത്രയിൽ അക്രമം പൊട്ടിപ്പുറപ്പെടാനുണ്ടായ കാരണം വി.എച്ച്.പി -ബജ്റംഗദൾ ഫാസിസ്റ്റുകൾക്ക് നൽകിയ അനിയന്ത്രിതമായ ഭരണകൂട സംരക്ഷണമാണെന്ന തീർപ്പിലേക്ക് വസ്തുതാന്വേഷണ ടീം എത്തുന്നു. വി.എച്ച്.പി – ബജ്റംഗദളിന്റെ ആയുധധാരികളായ ആക്ടിവിസ്റ്റുകൾക്ക് നൂഹിൽ ഒരു ഘോഷയാത്ര സംഘടിപ്പിക്കാനുള്ള അനുമതി നൽകിയതോടുകൂടിയാണ് പരമപ്രധാനമായ പൊട്ടിത്തെറിയിലേക്ക് എത്തുന്നത്. ഈ ഘോഷയാത്ര നടന്നുകൊണ്ടിരിക്കുമ്പോൾ, അവർ തീവ്രവികാരമുണർത്തുന്ന മുദ്രാവാക്യങ്ങളുയർത്തുകയും, ആയുധങ്ങൾ ചുഴറ്റിക്കൊണ്ട് മുസ്ലീങ്ങൾക്കെതിരെ ഭീഷണികൾ മുഴക്കുകയും ചെയ്തു. ഒപ്പം, ‘മുസ്ലീമുകൾ കശാപ്പു ചെയ്യപ്പെടുമ്പോൾ, ഞങ്ങൾ റാം റാം എന്ന് വിളിക്കും’ എന്ന് അലറി വിളിക്കുകയും ചെയ്തിരുന്നു. പ്രകോപനപരമായ പ്രഖ്യാപനങ്ങളും ഭീഷണികളും അപമാനിക്കുന്ന തരത്തിലുള്ള അഭിപ്രായപ്രകടനങ്ങളും കാരണമുണ്ടായ ഒരു പ്രതികരണമായിരുന്നു നൂഹിൽ പൊട്ടിപ്പുറപ്പെട്ട അക്രമമെന്നാണ് വസ്തുതാന്വേഷണ സംഘത്തിന്റെ നിഗമനം.
രാജ്യത്താകമാനം മുസ്ലീം-ദലിത് സമുദായങ്ങളുടെ മേൽ നടത്തുന്ന കടന്നാക്രമണങ്ങളുടെ പേരിൽ അറിയപ്പെടുന്ന ഈ പ്രബലശക്തി, ഭരണകൂടത്തിന്റെ സംരക്ഷണ വലയത്തിൽ സുരക്ഷിതരായി കഴിയുന്നു. ഇതിനൊക്കെ പുറമെ, ഏകപക്ഷീയമായി മുസ്ലീം സമുദായത്തെ മാത്രമായി ഫോക്കസ് ചെയ്തുകൊണ്ട് ജില്ലാ ഭരണകൂടം മനപൂർവ്വമായ നിയമനടപടികളിൽ ഏർപ്പെട്ടുവെന്നും ടീം വിലയിരുത്തുന്നു. വീടുകൾ റെയ്ഡ് ചെയ്തതിൽ കണ്ട വിവേചനം, സന്തുലിതമല്ലാത്ത അറസ്റ്റുകൾ, മുസ്ലീം സമുദായത്തിൽ നിന്നുള്ളവർ മാത്രമാണ് കുറ്റവാളികളും, അക്രമത്തിനു പ്രേരണ ചെലുത്തിയവരും എന്ന് ചിത്രീകരിക്കും വിധം അന്യായമായി തയ്യാറാക്കിയ വാറണ്ടുകൾ എന്നിവയിലൊക്കെ ഇതിന്റെ പ്രതിഫലനം കാണാം. മിക്കവാറും എല്ലാ കേസുകളിലും നിയമപരമല്ലാത്ത തടഞ്ഞുവെയ്ക്കലുകൾ ഉണ്ടായിട്ടുള്ള നിരവധി സന്ദർഭങ്ങൾ ടീം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം പ്രായപൂർത്തിയാകാത്ത കുട്ടികൾ അറസ്റ്റ് ചെയ്യപ്പെട്ട വേദനയുളവാക്കുന്നു റിപ്പോർട്ടുകളും, റെയ്ഡുകൾ നടക്കുന്ന സമയത്ത് മുസ്ലീം സ്ത്രീകൾക്കെതിരെയുണ്ടായ ലൈംഗിക അതിക്രമങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.
ആവശ്യങ്ങൾ
1. നൂഹ് ആക്രമണവുമായി ബന്ധപ്പെട്ട വിവിധ എഫ്.ഐ.ആർ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട 286 വ്യക്തികളെയും തൽക്ഷണം, നിരുപാധികം വിട്ടയക്കുക.
2. തകർക്കലുകൾ ബാധിച്ചവർക്ക് നഷ്ടപരിഹാരം നൽകുക.
3. ഗുരുഗ്രാമിലെ പുരോഹിതന്റെ വധത്തിന് ഉത്തരവാദിയായ മോനു മനേസറിനെയും കൂട്ടരെയും അറസ്റ്റ് ചെയ്യുക.
3. സുപ്രീംകോടതി ജസ്റ്റിസിനാൽ നയിക്കപ്പെടുന്ന, ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന സംഘടനകൾക്ക് പ്രാതിനിധ്യമുള്ളതുമായ, നിഷ്പക്ഷവും മുൻവിധികളില്ലാത്തതുമായ ഒരു ജുഡീഷ്യൽ അന്വേഷണം ആരംഭിക്കുക.
4. വി.എച്ച്.പി – ബജ്‌റംഗദളിനെ നിരോധിക്കുക.