Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
എഴുത്തുകാരിയും ഗവേഷകയും ഛത്തീസ്ഗഡ് ബസ്തർ ഡിവിഷനിലെ ജില്ലാ കോടതികളിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ അഭിഭാഷകയുമാണ് ബേല ഭാട്ടിയ. മധ്യ ബീഹാറിലെ നക്സലൈറ്റ് പ്രസ്ഥാനത്തെക്കുറിച്ചുള്ള ഗവേഷണത്തിന് കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ് ലഭിച്ച ബേല ഭാട്ടിയ ഇന്ത്യൻ ഭരണകൂടവും മാവോയിസ്റ്റുകളും തമ്മിൽ നടക്കുന്ന സംഘർഷങ്ങളെക്കുറിച്ച് ഏറെക്കാലം പഠനം നടത്തിയിട്ടുണ്ട്. ഡൽഹിയിലെ സെൻ്റർ ഫോർ ദി സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റിയിൽ (CSDS) അസോസിയേറ്റ് ഫെലോയും ബോംബെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ (TISS) ഓണററി പ്രൊഫസറുമായി പ്രവർത്തിച്ചിട്ടുണ്ട്. ഇസ്രായേലിന്റെ പെഗാസസ് സ്പൈവെയർ ഉപയോഗിച്ച് നിരീക്ഷിക്കപ്പെട്ട 121 ഇന്ത്യക്കാരിൽ ബേലയും ഉൾപ്പെടുന്നു. കേരളത്തിലെത്തിയ ബേല ഭാട്ടിയ എ.കെ ഷിബുരാജുമായി ബസ്തറിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നു.
ബസ്തറിലെ താങ്കളുടെ ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും പറഞ്ഞുകൊണ്ട് സംഭാഷണം തുടങ്ങാമോ?
ഞാൻ ഇപ്പോൾ ഛത്തീസ്ഗഡിലെ ദന്തെവാഡ ജില്ലയിൽ താമസിക്കുകയും ബസ്തറിൽ പ്രവൃത്തിക്കുകയും ചെയ്യുന്നു. ദന്തെവാഡ ജില്ല സെഷൻസ് കോടതിയിൽ അഭിഭാഷകയായിട്ടാണ് കൂടുതൽ സമയവും ചെലവഴിക്കുന്നത്. ഞാൻ ഒരു മനുഷ്യാവകാശ അഭിഭാഷകയായിട്ടാണ് സ്വയം കാണുന്നത്. കാരണം സാധാരണ അഭിഭാഷകവൃത്തിയുടെ ഭാഗമായല്ല ഞാൻ പ്രവൃത്തിക്കുന്നത്. നക്സലൈറ്റുകളുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകളാണ് ഞാൻ കൈകാര്യം ചെയ്യുന്നത്. കൂടാതെ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളും ഞാൻ ഏറ്റെടുക്കാറുണ്ട്. അവിടെ കൂടുതലും ഉള്ളത് നക്സലൈറ്റ് കേസുകളാണ്. മറ്റ് അഭിഭാഷകരും അത്തരം കേസുകൾ കൈകാര്യം ചെയ്യുന്നുണ്ട്. ചിലർ അത് വലിയ പണം സമ്പാദിക്കാനുള്ള അവസരമായി പ്രയോജനപ്പെടുത്തുന്നുണ്ട്. കാരണം പല കേസുകളും യു.എ.പി.എ അടക്കം ചാർജ് ചെയ്ത, ഗൗരവ സ്വഭാവമുള്ള കേസുകൾ ആയിരിക്കും. എന്നാൽ പല കേസുകളിലും തെളിവുകളുടെ അഭാവത്തിൽ പ്രതിചേർക്കപ്പെട്ടവരെ വെറുതെ വിടുകയാണ് ഒടുവിൽ ചെയ്യാറുള്ളത്. ഈ ജനുവരിക്ക് ശേഷം മാവോയിസ്റ്റ് കേസിൽ ഉൾപ്പെടുത്തിയുള്ള അറസ്റ്റുകളുടെ എണ്ണം ക്രമാതീതമായി വർധിച്ചിരിക്കുന്നു. അതേപോലെ വ്യാജ ഏറ്റുമുട്ടലുകളും വർധിച്ചു. പല കേസുകളിലും അറസ്റ്റ് ചെയ്യപ്പെടുന്നവരെ ലോക്കൽ പൊലീസ് സ്റ്റേഷനുകളിലേക്കല്ല കൊണ്ടുപോവുന്നത്. അതുകൊണ്ട് ബന്ധുക്കൾക്ക് അവർ എവിടെയാണുള്ളത് എന്ന് കണ്ടുപിടിക്കുക തന്നെ ബുദ്ധിമുട്ടാണ്. പല ഉദ്യോഗസ്ഥരെയും പലവട്ടം ബന്ധപ്പെട്ടാൽ മാത്രമേ അവരുടെ വിവരങ്ങൾ ലഭിക്കുകയുള്ളൂ. എന്റെ ഒരുപാട് സമയം ഇതിനായി ചെലവഴിക്കേണ്ടി വരുന്നു. പല സ്ഥലങ്ങളിലും ആളുകകൾക്ക് മൊബൈൽ ഫോൺ നെറ്റ് വർക്ക് ലഭ്യവുമല്ല.
ഇതൊക്കെ ഏതെങ്കിലും സംഘടനയുടെ പിൻബലത്തോടെയാണോ താങ്കൾ ചെയ്തുവരുന്നത്?
ഞാൻ ഒരു സംഘടനയുടെയും ഭാഗമല്ല. കേസിൽ ഉൾപ്പെടുന്നവരിൽ നിന്നും ചെറിയ തുക വാങ്ങിക്കൊണ്ടാണ് ഞാൻ സാമ്പത്തിക കാര്യങ്ങൾ നോക്കുന്നത്. എന്റെ അധ്വാനത്തിലൂടെ എന്റെ ചെലവ് കണ്ടെത്തുകയാണ് ചെയ്യുന്നത്. ഞാൻ ആരിൽ നിന്നും സംഭാവനകളും സ്വീകരിക്കുന്നില്ല. കൂടാതെ വിവര ശേഖരണം അടക്കമുള്ള മറ്റു പ്രവൃത്തികൾ ഞാൻ പണം സ്വീകരിക്കാതെയാണ് ചെയ്യുന്നത്. എനിക്ക് കുട്ടികളും കുടുംബപരമായ ബാധ്യതകളും ഇല്ലാത്തതിനാലാണ് ഇങ്ങനെ ജീവിക്കാൻ കഴിയുന്നത്. നേരത്തെ ഞാൻ CSDS ൽ 2001 മുതൽ 2009 വരെ പൂർണ്ണ സമയം ജോലി ചെയ്തിരുന്നു. ഞാൻ നേടിയ വിവിധ കഴിവുകൾ ഗ്രാമങ്ങളിൽ ചെന്ന് ജനങ്ങൾക്കായി പ്രയോജനപ്പെടുത്താൻ വേണ്ടിയായിരുന്നു ആ ജോലി രാജിവച്ചത്. 1985 -1990 വരെയുള്ള കാലഘട്ടത്തിൽ ഞാൻ പൂർണ്ണ സമയം സാമൂഹ്യപ്രവർത്തനത്തിൽ ഏർപ്പെട്ടു. തുടർന്ന് ഇറാഖിലും പലസ്തീനിലും സമാധാന പ്രവർത്തങ്ങളുടെ ഭാഗമായി. ഈ പ്രവർത്തനങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് ഞാൻ ജോലി രാജിവച്ചത്.
മാവോയിസ്റ്റ് കേസുകളിൽ കോടതി നടപടികൾ നേരിടുന്ന മനുഷ്യർക്ക് സമയബന്ധിതവും പക്ഷപാത രഹിതവുമായ വിചാരണയിലൂടെ നീതി ലഭിക്കുന്നു എന്ന് പറയാനാവുമോ?
കോടതി വിചാരണ ഏറെ സങ്കീർണ്ണവും സാവകാശം നടക്കുന്നതുമായ ഒരു പ്രക്രിയയാണ്. മിക്കവാറും മാവോയിസ്റ്റ് കേസുകളിൽ പരാതി നൽകുന്നതും കേസന്വേഷിക്കുന്നതും സാക്ഷിയാകുന്നതും ഒക്കെ രഹസ്യവിഭാഗത്തിൽ ഉൾപ്പെട്ടവരടക്കം പല വിഭാഗത്തിലുള്ള പൊലീസുകാരായിരിക്കും. പല ഉദ്യോഗസ്ഥരെയും പലവട്ടം ബന്ധപ്പെട്ടാൽ മാത്രമേ കേസിൽ ഉൾപ്പെട്ടവരുടെ വിവരങ്ങൾ ലഭിക്കുകയുള്ളൂ. കോടതി വ്യവഹാരം ദീർഘകാലം നീണ്ടുനിൽക്കുന്നതിനാൽ കേസുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഒരുപാട് സമയം ചെലവഴിക്കുന്നുണ്ട്. പല കേസുകളിലും പൊലീസ് ഉദ്യോഗസ്ഥർ ആയിരിക്കും സാക്ഷികൾ. അവർ സ്ഥലം മാറി പോവുകയും മറ്റും ചെയ്യുന്നതിനാൽ കോടതി വിചാരണകൾ അനന്തമായി നീണ്ടുപോവുക പതിവാണ്. അതുകൊണ്ടുതന്നെ വിചാരണ തടവുകാരായി ജയിലിൽ കഴിയേണ്ടി വരുന്നതാണ് കേസിൽ ഉൾപ്പെടുന്നവർക്ക് കിട്ടുന്ന വലിയ ശിക്ഷ. അത് മനഃപൂർവ്വം സൃഷ്ടിക്കപ്പെടുന്ന കാര്യം കൂടിയാണ്. കൂടാതെ ഇത്തരം കേസുകളിൽ ജാമ്യം ലഭിക്കുന്നതും അപൂർവ്വമായിരിക്കും. ഒരുപാട് നിരപരാധികൾ അറസ്റ്റ് ചെയ്യപ്പെടുന്ന മേഖലയിലാണ് ഞാൻ പ്രവർത്തിക്കുന്നത്.
സംശയത്തിന്റെ പേരിൽ ആരെയും ബസ്തറിൽ അറസ്റ്റ് ചെയ്യാൻ കഴിയും. യുവത്വം അവിടെ ഒരു കുറ്റകൃത്യമാണ്. കൂടാതെ ആളുകളെ കൂട്ടമായിട്ടാണ് അറസ്റ്റ് ചെയ്യുക. അതുകൊണ്ടുതന്നെ കോടതി വ്യവഹാരങ്ങൾ നീണ്ടു പോകും. അതിൽ ഉൾപ്പെട്ട മനുഷ്യരുടെ വിലപ്പെട്ട ദിവസങ്ങൾ അതിൽ കുരുങ്ങികിടക്കുകയും ചെയ്യും. ഉൾനാടുകളിൽ നിന്നും ദീർഘദൂരം സഞ്ചരിച്ച് ജാമ്യാപേക്ഷ നൽകുന്ന പലർക്കും കോടതിയിൽ സമർപ്പിക്കാൻ കൈവശ ഭൂമിയുടെ രേഖകകൾ പോലും ഉണ്ടാവില്ല. നൂറിൽപ്പരം ആളുകൾ ഉൾപ്പെട്ട കേസുകളിൽ മുഴുവൻ പ്രതികളെയും കോടതിയിൽ ഹാജരാക്കാൻ തന്നെ ദിവസങ്ങൾ എടുക്കും. മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ല എന്നാണ് പൊലീസ് പറയുക. അത്തരം കേസുകളിൽ ന്യായാധിപർ ജയിലിൽ പോയി നടപടികൾ തുടരുന്ന രീതിയാണ് വേണ്ടത്.
ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന അനീതിയുടെ വിവരണമാണ് അടുത്ത് പ്രസിദ്ധീകരിച്ച താങ്കളുടെ India’s Forgotten Country എന്ന പുസ്തകം എന്ന് പറയാം. ഈ രചനയെക്കുറിച്ച് പറയാമോ ?
അഞ്ച് ഭാഗങ്ങളിലായി ഉൾപ്പെടുത്തിയ 25 ലേഖനങ്ങളുടെ സമാഹാരമാണത്. ക്ലാസ്സ്, ജാതി, മതം, ലിംഗം തുടങ്ങിയവയാൽ വിഭജിക്കപ്പെട്ട ഇന്ത്യൻ സമൂഹത്തെ കുറിച്ചുള്ളതാണ് ഒന്നാമത്തെ ഭാഗം. അതിൽ ഒന്ന് 2002 ൽ വംശീയ കലാപം നടന്ന ഗുജറാത്തിലെ സബർകാന്ത ജില്ലയെക്കുറിച്ചുള്ളതാണ്. 1985-90 കാലഘട്ടത്തിൽ ഞാൻ അവിടെ പ്രവൃത്തിച്ചിരുന്നു. അന്നവിടെ ഹനുമാൻ ക്ഷേത്രങ്ങൾ, ബജ്‌രംഗ്ദൾ പോലുള്ള സംഘടനകൾ ഒന്നും ഗ്രാമങ്ങളിൽ ഇല്ലായിരുന്നു. 2002 ൽ വീണ്ടും അവിടെ പോയപ്പോൾ വർഗീയമായി വിഭജിക്കപ്പെട്ട സമൂഹത്തെയാണ് ഞാൻ കണ്ടത്. ഹിന്ദുത്വ ശക്തികൾ വെട്ടുന്നവർ, ചുട്ടെരിക്കുന്നവർ, കവർച്ച ചെയ്യുന്നവർ തുടങ്ങി മൂന്നു വിഭാഗം മനുഷ്യരെ തയ്യാറാക്കി നിർത്തിയിരുന്നു. അതിനായി അവർ ആദിവാസി വിഭാഗങ്ങളെയും ഉപയോഗിച്ചു. മുസ്ലീം കുടുംബങ്ങളെ ഗ്രാമങ്ങളിൽ നിന്നും ഓടിച്ചിരുന്നു. അന്ന് മുസ്ലീംങ്ങൾക്കെതിരെ പ്രചരിപ്പിച്ച വിദ്വേഷ ലഘുലേഖ ഞാൻ ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുസ്തകത്തിന്റെ രണ്ടാമത്തെ ഭാഗം വികസനത്തിന്റെ പേരിൽ ഇന്ത്യയിൽ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചാണ്. മറ്റൊന്ന് ബീഹാറിനെ സംബന്ധിച്ചാണ്. 1995-96 കാലത്തെ നക്സലൈറ്റ് പ്രസ്ഥാനത്തെക്കുറിച്ചുള്ള എന്റെ ഗവേഷണ പ്രബന്ധത്തിൽ നിന്നുള്ള ഭാഗങ്ങളുണ്ട് അതിൽ. തൊഴിലാളികളുടെ ജീവിതം, അവർ നേരിടുന്ന ചൂഷണം തുടങ്ങിയവയും വിശദമായി പ്രതിപാദിച്ചിരിക്കുന്നു.
ബസ്തർ പോലുള്ള സ്ഥലങ്ങളിൽ മാവോയിസ്റ്റുകൾ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. ഇന്ത്യൻ ഭരണകൂടം അവർക്കെതിരെ സന്ധിയില്ലാ പോരാട്ടത്തിലുമാണ്. ജനകീയ സമരങ്ങളെ അടിച്ചമർത്തുന്നതിനേക്കാൾ എളുപ്പത്തിൽ മാവോയിസ്റ്റുകളുടെ സായുധ പോരാട്ടത്തെ നേരിടാൻ ഭരണകൂടത്തിന് സാധിക്കുമല്ലോ. ഇത്, സമൂഹത്തിലെ യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കാതെ നീട്ടിക്കൊണ്ടുപോകാനും വികസനത്തിന്റെ പേരിൽ നടക്കുന്ന കോർപ്പറേറ്റ് കൊള്ളയ്ക്ക് സംരക്ഷണം ഒരുക്കാനും ഭരണകൂടത്തിന് അവസരം നൽകുകയല്ലേ?
ഞാൻ തുറന്ന ജനാധിപത്യ രീതിയിൽ സമരങ്ങൾ നടക്കണം എന്ന് വിശ്വസിക്കുന്ന ഒരാളാണ്. 2005 മുതൽ മാവോയിസ്റ്റുകൾക്കെതിരെ ശക്തമായ നടപടികളാണ് സ്റ്റേറ്റ് നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായി ഒരുപാട് ഗ്രാമങ്ങൾ അഗ്നിക്കിരയാക്കപ്പെട്ടു, സ്ത്രീകൾ റേപ്പ് ചെയ്യപ്പെട്ടു. ജനങ്ങളും സായുധ സമരത്തിന് എതിരാണെന്നാണ് ഞാൻ കരുതുന്നത്. അവർ ജനാധിപത്യ രീതിയിൽ അനീതികൾക്കെതിരെ സമരം ചെയ്യാനാണ് താൽപര്യപ്പെടുന്നത്. അവർ ബ്രിട്ടീഷ്കാർക്കെതിരെ സധൈര്യം പോരാടിയ പാരമ്പര്യം ഉള്ളവരാണ്. അവരുടെ അവകാശങ്ങളെ വിട്ടുകൊടുക്കാൻ അവർ തയ്യാറാവില്ല. എന്നാൽ പൊലീസ് മുഴുവൻ സമയവും അവരുടെ പിന്നാലെ ഉണ്ട്. ആരെയും ഒരു മാവോയിസ്റ്റാക്കാൻ അവർക്ക് എളുപ്പം കഴിയും.
ഇപ്പോൾ ആദിവാസി യുവാക്കൾ അവരുടെ അവകാശങ്ങളെക്കുറിച്ച് സംസാരിച്ച് തുടങ്ങിയിട്ടുണ്ട്. 2005 ൽ മാവോയിസ്റ്റുകളെ എതിരിടാൻ സൽവാജൂദം സർക്കാർ രൂപീകരിച്ചപ്പോൾ കുട്ടികളായിരുന്നു അവർ. അവർ അതിന്റെ ദുരന്തങ്ങൾ കണ്ട് വളർന്നവരാണ്. അവർക്ക് വ്യക്തമായ രാഷ്ട്രീയ ബോധ്യങ്ങളുണ്ട്. കൂടാതെ അവർ വിദ്യാഭ്യാസം നേടിയവരാണ്. എന്നാൽ അവർക്ക് ഒരു നല്ല നേതൃത്വം ഇല്ല എന്ന പോരായ്‌മയുണ്ട്.
മാവോയിസ്റ്റുകളുടെ നേതൃത്വത്തിൽ അല്ലാതെ പ്രാദേശിക സമൂഹങ്ങളുടെ നേതൃത്വത്തിൽ ബസ്തറിൽ സമരങ്ങൾ ഒന്നും നടക്കുന്നില്ലേ?
അവിടെ അങ്ങനെയുള്ള സംഘടനകൾ ഉണ്ട്. എന്നാൽ സർക്കാർ അവയെ മാവോയിസ്റ്റുകളുടെ മുന്നണിപ്പടയാളികളായിട്ടാണ് കരുതുന്നത്. എന്നാൽ അതിൽ അണിനിരന്നിരിക്കുന്ന യുവാക്കൾ ആവശ്യപ്പെടുന്നത് നീതിയും നിയമവും നടപ്പാക്കാനാണ്. അല്ലാതെ ആയുധമെടുത്ത് അക്രമിക്കാനല്ല. അതേ സമയം മാവോയിസ്റ്റുകൾക്കെതിരെ സമരം ചെയ്യാനൊന്നും അവർക്ക് കഴിയില്ല. മാവോയിസ്റ്റുകളെ എതിർത്തുകൊണ്ട് അവർക്ക് അവിടെ ജീവിക്കാൻ കഴിയില്ല. മാവോയിസ്റ്റുകളുടെ സമ്പർക്കത്തിൽ ജീവിക്കുന്നവരാണ് അവിടുത്തെ ജനത. മാവോയിസ്റ്റുകളെ എതിർത്തവരെ ഗ്രാമത്തിൽ നിന്നും പുറത്താക്കിയിട്ടുണ്ട്. അങ്ങനെ കൂട്ടമായി താമസിക്കുന്നവരുടെ കോളനികൾ തന്നെയുണ്ട്. മാവോയിസ്റ്റുകൾ ജനങ്ങളോട് പറയുന്നത് നിങ്ങൾ ഞങ്ങളോടൊപ്പം നിൽക്കുക അല്ലാത്തവർ സർക്കാരിന്റെ ഒപ്പമാണ് എന്നാണ്. അവരെ അംഗീകരിക്കാത്തവരെ വർഗ്ഗ ശത്രുക്കൾ എന്നാണ് മാവോയിസ്റ്റുകൾ വിളിക്കുന്നത്. ആദിവാസികളുടെ സ്വതന്ത്ര അസ്തിത്വത്തെയും നിലപാടുകളെയും അവർ അംഗീകരിക്കുന്നില്ല. ഇത് തന്നെയാണ് സ്റ്റേറ്റിന്റേയും നിലപാട്. പണ്ട് മാവോയിസ്റ്റുകൾ ടാർഗെറ്റ് ചെയ്തവരാണ് സ്റ്റേറ്റിന്റെ സൽവാജൂദത്തിൽ ചേർന്നത്. യഥാർത്ഥത്തിൽ അവർ നിസ്സഹായരായി പൊലീസിന്റെ സംരക്ഷണം തേടിയവരായിരുന്നു. അവർ മാവോയിസ്റ്റുകളിൽ നിന്നും സ്വയം സംരക്ഷണം ഒരുക്കാൻ കഴിയാത്തവർ കൂടിയായിരുന്നു.
മാവോയിസ്റ്റുകളെ എതിർക്കുന്നവരിൽ സായുധ സമരത്തെ എതിർക്കുന്ന സാധാരണ ജനങ്ങൾ, അഴിമതിക്കാർ, അധികാരത്തിൽ പങ്കുള്ളവർ ഒക്കെയുണ്ട്. മാവോയിസ്റ്റുകൾ ക്രൈസ്തവ സമൂഹത്തെയും എതിരാളികളായാണ് കരുതുന്നത്. ബൈബിൾ കത്തിക്കുകയും വൈദികരെ വധിക്കുകയും ഒക്കെ അവർ ചെയ്തിട്ടുണ്ട്. ഇങ്ങനെ പലായനം ചെയ്യപ്പെടുന്നവരുടെ ഭൂമി മാവോയിസ്റ്റുകൾ കയ്യടക്കുന്നു. പൊലീസിന് ഇത്തരം കാര്യങ്ങളിൽ ഒന്നും ചെയ്യാൻ കഴിയാറുമില്ല.
മാവോയിസ്റ്റുകളുടെയും ഭരണകൂടത്തിന്റെയും സായുധ പ്രവർത്തനങ്ങൾക്കിയയിൽ സാധാരണ ജനങ്ങളുടെ ജീവിതം ദുസ്സഹമായിരിക്കുന്നു എന്നാണോ താങ്കൾ പറയുന്നത്?
അതെ, അതാണ് ബസ്തറിൽ സംഭവിക്കുന്നത്. എന്നെപോലുള്ളവർ ഈ യാഥാർഥ്യം പറയുമ്പോൾ ചിലർ പറയുന്നത് ഇത് ഒരു സാൻവിച്ച് തിയറി എന്നാണ്. രണ്ട് വിഭാഗത്തെ കൂട്ടിച്ചേർത്ത് ഞങ്ങൾ യഥാർത്ഥ പ്രശ്നത്തെ ന്യൂനീകരിച്ചു കാണുകയാണ് എന്ന്. അഴിമതി അടക്കമുള്ള എല്ലാ പ്രശ്നങ്ങളുടെയും പരിഹാരം വധശിക്ഷ അല്ലല്ലോ. അത് മാവോയിസ്റ്റുകൾ നൽകിയാലും സ്റ്റേറ്റ് നൽകിയാലും എതിർക്കപ്പെടേണ്ടതാണെന്ന് ഞാൻ കരുതുന്നു.
സ്വയം പര്യാപ്തത, പ്രകൃതിയുമായി ചേർന്നുള്ള ലളിത ജീവിതം, നാഗരിക സമൂഹങ്ങളിൽ നിന്നും വേറിട്ട ജീവിതവും സംസ്കാരവും ഒക്കെ ഉൾച്ചേർന്ന ആദിവാസി ജീവിതത്തെ അവർക്കുവേണ്ടി പോരാടുന്നു എന്നവകാശപ്പെടുന്ന മാവോയിസ്റ്റുകൾ ഉൾക്കൊള്ളുന്നു എന്ന് താങ്കൾ കരുതുന്നുണ്ടോ?
തീർച്ചയായും അവർ ആദിവാസി സംസ്ക്കാരത്തെ ഉൾക്കൊള്ളുന്നില്ല. ആദിവാസി സമൂഹത്തിന് അവരുടേതായ സാമൂഹ്യഘടനയും ജീവിതരീതിയും ആചാരങ്ങളും ഉണ്ട്. അവരുടെ ഊരിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അവരുടേതായ രീതികൾ ഉണ്ട്. അത് സമ്പൂർണ്ണമായും പ്രശ്നരഹിതം ആണെന്നല്ല. അതിലെ പോരായ്‌മകളെ പരിഹരിക്കാൻ അവർക്ക് സംവിധാനങ്ങൾ ഉണ്ട്. മാവോയിസ്റ്റുകൾ ആ സംവിധാനത്തെ അംഗീകരിക്കുന്നില്ല. എന്നാൽ ഇപ്പോൾ ആദിവാസികൾക്ക് സ്വയം നവീകരിക്കാനോ അവരുടെ സംസ്കാരം തുടരാനോ കഴിയുന്നില്ല. അവർ എപ്പോഴും പൊലീസിന്റെ നടപടികൾക്ക് വിധേയരാണ്.
മാവോയിസ്റ്റുകൾ നടത്തുന്ന സായുധ സമരത്തിന്റെ വ്യർത്ഥത എത്രമാത്രം ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നുണ്ട്?
എന്താണ് അവർ നടത്തുന്ന സമരം? സൈന്യത്തെ അപ്രതീക്ഷിതമായി ആക്രമിക്കൽ, സ്ഫോടനങ്ങൾ, തട്ടിക്കൊണ്ടുപോകൽ ഒക്കെയാണ്. അതിനപ്പുറം സൃഷ്ടിപരമായ എന്ത് കാര്യമാണ് അവർ ചെയ്യുന്നത്. അവരുടെ ദീർഘകാല പ്രവർത്തങ്ങൾ എന്ത് മാറ്റമാണ് ജനങ്ങളുടെ ജീവിതത്തിൽ വരുത്തിയത്? അവരുടെ മുഖ്യശത്രു പൊലീസ് ആണ്. ആരാണ് അവരുടെ ഇരയാക്കപ്പെടുന്നത്? ജീവിക്കാൻ വേണ്ടി പൊലീസിൽ ചേർന്ന കോൺസ്റ്റബിൾ പോസ്റ്റിൽ ഒക്കെയുള്ള സാധാരണ മനുഷ്യർ. സ്റ്റേറ്റിന് ഒരു പൊലീസുകാരന്റെ ജീവൻ നഷ്ടമാവുമ്പോൾ മറ്റൊരാളെ റിക്രൂട് ചെയ്യാൻ കഴിയും. ജവാൻ പദവിയിൽ ഉള്ള പലരും സമൂഹത്തിലെ താഴേക്കിടയിലെ ജനാവിഭാഗത്തിൽ നിന്നുള്ളവരാണ്.
ആദിവാസി ഭൂമിയിലെ വിഭവങ്ങൾ എടുക്കാൻ വരുന്ന വൻകിട കോർപ്പറേറ്റുകളെ മാവോയിസ്റ്റുകൾ ആക്രമിക്കാറില്ലേ?
അവർ പലപ്പോഴും അവരുടെ ജെ സി ബി പോലുള്ള ഉപകരണങ്ങൾ ആക്രമിക്കുകയാണ് ചെയ്യാറുള്ളത്. അതുകൊണ്ട് എന്ത് സംഭവിക്കാനാണ്? അതൊക്കെ വെറും യാന്ത്രികമായ പ്രതീകാത്മക സമരം മാത്രമാണ്.
മാവോയിസ്റ്റുകൾ ഉണ്ടാക്കിയ പ്രതിരോധം എന്തെങ്കിലും ക്രിയാത്മക ഫലങ്ങൾ ഉണ്ടാക്കി എന്ന് പറയാൻ കഴിയുമോ? ഒറീസ്സയിലെ ആദിവാസി വിഭാഗങ്ങൾ നിയാംഗിരി മലനിരകൾ കോർപ്പറേറ്റുകളിൽ നിന്ന് സംരക്ഷിച്ച പോലെ?
മാവോയിസ്റ്റുകൾ ഇല്ലായിരുന്നെകിൽ കാടുകൾ സംരക്ഷിക്കപ്പെടുമായിരുന്നില്ല എന്ന് പലരും പറയാറുണ്ട്. എന്നാൽ അങ്ങനെ സംരക്ഷിക്കപ്പെട്ടു എന്ന് കരുതുന്ന കാടുകൾ ആദിവാസികൾക്ക് യാതൊരു പ്രയോജനവും ചെയ്യുന്നില്ല എന്നതാണ് യാഥാർഥ്യം. അവർ അവരുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് കാട്ടിൽ പോയാലും അറസ്റ്റ് ചെയ്യപ്പെടുന്ന സ്ഥിതിയാണുള്ളത്. സൈന്യത്തിന്റെ സാന്നിധ്യം എപ്പോഴും അവിടെ ഉണ്ട്. മാത്രവുമല്ല സൈനിക ആവശ്യങ്ങൾക്കാണ് വലിയ റോഡുകൾ പോലുള്ള ഭൗതിക സാഹചര്യങ്ങൾ നിർമ്മിക്കപ്പെടുന്നത്. അതൊന്നും ജനങ്ങൾക്ക് ആവശ്യമില്ല. മാവോയിസ്റ്റുകളുടെ പേരിലാണ് സൈന്യം ഇത്തരം നടപടികൾ സ്വീകരിക്കുന്നത്. ജനങ്ങൾക്ക് വേണ്ടത് ചെറിയ റോഡുകളാണ്. കൂടാതെ തങ്ങളേക്കാൾ പതിന്മടങ്ങ് വിഭവശേഷിയുള്ള ഭരണകൂടത്തോടാണ് മാവോയിസ്റ്റുകൾ നിഴൽയുദ്ധം നടത്തുന്നത്.
ഫലപ്രാപ്തി വിദൂരമാണെന്ന് തിരിച്ചറിഞ്ഞിട്ടും അത് ഉപേക്ഷിക്കാൻ മാവോയിസ്റ്റുകൾ തായ്യാറാകാത്തത് എന്തുകൊണ്ടായിരിക്കും?
അഹിംസാത്മകവും ജനാധിപത്യപരവുമായ സമരരീതികൾക്ക് അതിന്റേതായ പ്രക്രിയയിലൂടെ കടന്നുപോവേണ്ടതുണ്ട്. അത് അത്ര എളുപ്പമല്ല. അത് സ്വാഭാവികമായി വികസിച്ച് വരുന്നതും നല്ല നേതൃത്വം ആവശ്യമുള്ളതുമാണ്. ഇപ്പോൾ ഇവിടുത്തെ യുവാക്കൾക്ക് ദിശാബോധം നൽകാൻ കെൽപ്പുള്ള നല്ല നേതൃത്വം നിലവിലില്ല. എതിരാളികളുടെ മുന്നിൽ കാണിക്കാൻ കഴിയുന്ന ഒരു മുഖം അതിന് വേണം. പുതിയ ഒരു രാഷ്ട്രീയം ഉയർന്നുവരേണ്ടതുണ്ട്. സി.പി.ഐക്ക് സ്വാധീനം ഉള്ളപ്പോഴും മാവോയിറ്റ് സ്വാധീന കേന്ദ്രങ്ങളിൽ ബി.ജെ.പിയും കോൺഗ്രസ്സുമാണ് തെരഞ്ഞെടുപ്പിൽ ജയിക്കുന്നത്. ഇതാണ് മാവോയിറ്റുകളുടെ സ്വാധീനം!
ഭരണകൂടത്തിനും മാവോയിസ്റ്റുകൾക്കുമിടയിൽ ജീവിതം നഷ്‍ടപ്പെടുന്ന ബസ്തറിലെ ജനങ്ങൾക്ക് മറിച്ചൊരു ജീവിത സാഹചര്യം സമീപഭാവിയിൽ ഉണ്ടാകാൻ എന്തെങ്കിലും സാധ്യത ഉണ്ടോ?
മാവോയിസ്റ്റ് നേതൃത്വം ഒരു പുനരാലോചന നടത്തുന്നുണ്ടോ എന്ന് എനിക്ക് കൃത്യമായി അറിയില്ല. അങ്ങനെ സംഭവിക്കട്ടെ എന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു. എന്നാൽ അത്തരം ശ്രമങ്ങളെ രാഷ്ട്രീയ പരാജയങ്ങളോ ദൗർബല്യങ്ങളോ ആയാണ് രാഷ്ട്രീയ നേതൃത്വങ്ങൾ കാണുക. അവർ ആലോചിക്കേണ്ടത് തങ്ങളുടെ പ്രവൃത്തി ജനങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നാണ്. ഒരുപാട് വർഷങ്ങളായി ബസ്തറിലെ ജനങ്ങൾ ദുരിതങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. മാവോയിസ്റ്റുകളുമായി ഒരു സംവാദത്തിൽ ഏർപ്പെടാൻ പാകത്തിലുള്ള ഒരു സ്വതന്ത്ര സംഘടന ഇപ്പോൾ നിലവിലില്ല. ആദിവാസികൾ പല രാഷ്ട്രീയ പാർട്ടികളുടെ ഭാഗമായിരിക്കുകയാണ്. മാവോയിസ്റ്റുകളുടെ രാഷ്ട്രീയത്തെ ചോദ്യം ചെയ്യുന്ന, അവരുമായി സംവാദം നടത്തുന്ന സാഹചര്യം തീർച്ചയായും ഉണ്ടാവണം. ബസ്തറിലെ ജനങ്ങൾ ഒരുപാട് ദുരിതങ്ങൾ ഇതിനകം സഹിച്ചുകഴിഞ്ഞിരിക്കുന്നു.