വിവരിക്കാൻ കഴിയുന്നതിനുമപ്പുറമാണ് ഭീമ കൊറേ​ഗാവിൽ സംഭവിച്ചത്

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

2017 ഡിസംബർ 31ന് ഭീമാ കൊറേഗാവ് യുദ്ധത്തിന്റെ ഇരുന്നൂറാം വാർഷികത്തിന്റെ സ്മരണയ്ക്കായി പൂനെയിലെ ശനിവാർ വാഡ ഫോർട്ടിൽ സംഘടിപ്പിച്ച പരിപാടിയായിരുന്നു എൽഗാർ പരിഷത്ത്. 260ൽ ഏറെ സംഘടനകൾ ചേർ‌ന്ന് സംഘടിപ്പിച്ച പരിപാടിയിൽ ഏകദേശം 35,000 പേർ പങ്കെടുത്തു. മറാത്തയിലെ ഉയർന്ന ജാതിക്കാരായ പേഷ്വാകളുടെ ഭരണകൂടത്തിനെതിരെ 1818ൽ നടന്ന യുദ്ധത്തിൽ വിജയിച്ച ദലിതരുടെ സ്മാരകമാണ് ഭീമ കൊറേഗാവിലെ വിജയ സ്തംഭം. ‌ആ യുദ്ധവിജയത്തിന്റെ വാർഷികം ആഘോഷിക്കാൻ ഒത്തുകൂടിയവർക്ക് നേരെ ബ്രാഹ്മണ നേതൃത്വത്തിന്റെ മുൻകൈയിൽ വലിയ അക്രമം അരങ്ങേറുകയുണ്ടായി. ഈ അക്രമത്തിനെതിരെ മഹാരാഷ്ട്രയിൽ ഉടനീളം നടന്ന പ്രതിഷേധങ്ങളിൽ നിരവധി പേർ അറസ്റ്റിലായി. തുടർന്ന്, ഭീമ കൊറേഗാവ് സംഭവവുമായി ബന്ധമുണ്ടെന്ന പേരിൽ രാജ്യത്തിലെ പല ഭാഗങ്ങളിലുള്ള സാമൂഹ്യപ്രവർത്തകരും ചിന്തകരും എഴുത്തുകാരും മാധ്യമപ്രവർത്തകരും അറസ്റ്റ് ചെയ്യപ്പെടുകയും ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്തു. 2018 ജൂണിൽ തുടങ്ങിയ അറസ്റ്റുകളും ജാമ്യ നിഷേധവും അഞ്ച് വർഷം പിന്നിടുകയാണ്. ഈ സാഹചര്യത്തിൽ, ‘ദ വയർ’ വെബ്‌സൈറ്റിന്റെ സീനിയർ അസിസ്റ്റന്റ് എഡിറ്ററും, എൽഗാർ പരിഷദ്-ഭീമ കൊറേഗാവ് കേസുകൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകയുമായ സുകന്യ ശാന്ത സംസാരിക്കുന്നു.

ഭീമ കൊറേഗാവിൽ നടന്ന അക്രമങ്ങളും അറസ്റ്റുകളും മനുഷ്യാവകാശ ലംഘനങ്ങളും തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നതിലേക്ക് താങ്കൾ എത്തിച്ചേർന്നത് എങ്ങനെയാണ്?

മഹാരാഷ്ട്ര കവർ ചെയ്യുന്ന റിപ്പോർട്ടറാണ് ഞാൻ. ഭീമ കൊറേഗാവ് ആക്രമണങ്ങൾ നടക്കുന്നതിന് ഒരു മാസം മുമ്പാണ് ഞാൻ ‘ദ വയറി’ൽ ജോലിക്ക് ചേരുന്നത്. പടിഞ്ഞാറൻ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ് എന്റെ റിപ്പോർട്ടിംഗ്.  കാരണം ഞാൻ ചില ദക്ഷിണേന്ത്യൻ ഭാഷകളും സംസാരിക്കും. ഭീമ കൊറേഗാവിൽ അതിന് മുമ്പും ഞാൻ പോയിട്ടുണ്ട്. ജനുവരി ഒന്നിന് പല തവണ പോയിരുന്നു. എന്റെ റിപ്പോർട്ടുകൾ ഏറെയും ജാതീയതയോടുള്ള പ്രതികരണങ്ങളാണ്. ജോലിയുടെ ഭാഗമായ ചുമതലകളും എന്റെ രാഷ്ട്രീയധാരണകളും എൽഗാർ പരിഷത്ത് കേസ് കൂടുതൽ ശ്രദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്. 2018ലെ സംഭവങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, സമീപകാല ചരിത്രത്തിൽ ഒരു അംബേദ്കറൈറ്റ് കൂടിച്ചേരലിനുനേരെ അത്രയും തീവ്രമായ ആക്രമണം ഉണ്ടായതായി കാണാൻ കഴിയില്ല. ഖൈർലാഞ്ജി കൂട്ടക്കൊല നടന്നപ്പോൾ അതിനെതിരെ നടന്ന സമരങ്ങളെയെല്ലാം സർക്കാർ അടിച്ചമർത്തുകയാണുണ്ടായത്. ഏതെങ്കിലും ഒരു ജാതിവിഭാഗം മുന്നിട്ടിറങ്ങി ആക്രമിക്കുകയായിരുന്നില്ല അന്ന്. അറുപതുകളിൽ ശക്തിപ്രാപിച്ച ദലിത് പാന്തർ മുന്നേറ്റം കാരണമാകാം, നിരവധി സവർണ ജാതി ഗ്രൂപ്പുകൾ ദലിത് പാന്തേഴ്സിനെ ആക്രമിക്കുന്ന സാഹചര്യമുണ്ടായി. ഇവിടെ ഭീമ കൊറേഗാവിൽ ജാതിഹിന്ദുക്കൾ കൃത്യമായി പദ്ധതിയിട്ട്, ജനുവരി 1ന് ഒത്തുചേരാൻ പോകുന്ന ദലിത്, ബഹുജൻ സമൂഹത്തിന് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.  ഇതിന് മുമ്പും ഗ്രാമങ്ങൾ ആക്രമിക്കപ്പെട്ടിട്ടുണ്ട്, വ്യക്തികൾ ആക്രമിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ ഒരു സമൂഹത്തിന്റെ കൂടിച്ചേരൽ ഈ രീതിയിൽ, ഇതിനുമുമ്പ് ആക്രമിക്കപ്പെട്ടിട്ടില്ല.

2018 ജനുവരി 3ന് ബന്ദിനോട് അനുബന്ധിച്ച് നടന്ന റാലി. കടപ്പാട്:ndtv

2018 ജനുവരി 3ന് പ്രകാശ് അംബേദ്കർ ബന്ദിന് ആഹ്വാനം ചെയ്തു. ദേശീയ ബന്ദ് ആണ് ആഹ്വാനം ചെയ്തതെങ്കിലും അത് ദേശീയമായി ആചരിക്കപ്പെട്ടില്ല. പൂനെയിലും പൂനെയുടെ പരിസര പ്രദേശങ്ങളിലും 144 പ്രഖ്യാപിച്ചിരുന്നു. തിരിച്ചുപോകാൻ ആളുകൾ ശരിക്കും ബുദ്ധിമുട്ടി. തിരിച്ചുപോകുമ്പോൾ അവരെല്ലാം എത്രത്തോളം ക്ഷുഭിതരും മാനസികാഘാതങ്ങൾ അനുഭവിക്കുന്നവരുമാണെന്ന് വ്യക്തമായിരുന്നു. അവരെ സംബന്ധിച്ച് ആ ആക്രമണം അപ്രതീക്ഷിതവും അവിശ്വസനീയവും ആയിരുന്നു. അത്തരമൊരു സമ്മേളനത്തിലേക്ക് എത്തുമ്പോൾ ആക്രമിക്കപ്പെടുമെന്ന് ചിന്തിച്ചിട്ടുണ്ടാകില്ല. ലക്ഷക്കണക്കിന് അംബേദ്കറൈറ്റുകളാണ് എല്ലാ വർഷവും ചൈത്യഭൂമിയിലും ദീക്ഷാഭൂമിയിലും എത്താറുള്ളത്. വളരെ സംഘടിതമായാണ് ഈ പരിപാടികൾ നടക്കുന്നത്. ഭീമാ കൊറേഗാവ് ചെറിയൊരു സ്ഥലമാണ്. ചൈത്യഭൂമിയെക്കാൾ ചെറിയ ഒരു ഇടമാണ്. പക്ഷേ സമത സൈനിക് ദൾ ഉൾപ്പെടെയുള്ള നിരവധി ദലിത്, ബഹുജൻ സംഘടനകളാണ് ഭീമ കൊറേഗാവിലെ വിജയാഘോഷം പ്രതീകാത്മകമായി സൈനിക രീതിയിൽ സംഘടിപ്പിക്കുന്നത്. എല്ലാം കൈവിട്ടുപോയതിലുള്ള ദേഷ്യവും ഞെട്ടലുമെല്ലാം ജനുവരി മൂന്നിന് ജനങ്ങൾ പ്രകടിപ്പിച്ചു. സർക്കാർ അതിനോടെല്ലാം പ്രതികരിക്കുകയാണ് ചെയ്തത്.

ഭീമ കൊറേഗാവിലുണ്ടായ ആക്രമണം ആസൂത്രണം ചെയ്തത് രണ്ട് ബ്രാഹ്മണരാണ്. അവരെ തടയുന്നതിനും അവർ ദലിതരെ ആക്രമിക്കുന്നത് തടയുന്നതിനും പകരം സർക്കാർ വീണ്ടും അംബേദ്കറൈറ്റുകളെ അമർച്ച ചെയ്യുകയാണ് ചെയ്തത്. ജനുവരി അഞ്ചിനോ ആറിനോ ഞാൻ റിപ്പോർട്ടിങ്ങിനായി ഡോങ്ഗ്രിയിലെ ചിൽഡ്രൻസ് ഹോം സന്ദർശിച്ചിരുന്നു. പ്രതിഷേധ സമരങ്ങളിൽ പങ്കെടുത്തതിന് വീടുകളിൽ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട പതിനാറോ പതിനേഴോ കുട്ടികളെ അവിടെയാണ് താമസിപ്പിച്ചത്. ക്രിമിനൽ കുറ്റങ്ങളാണ് അവർക്കുമേൽ ചുമത്തിയത്. ചിലരൊന്നും കൗമാര പ്രായത്തിൽ പോലും എത്തിയിരുന്നില്ല. ദിവസങ്ങളോളം അവരെ ചിൽഡ്രൻസ് ഹോമിൽ തടവിലാക്കിയിരുന്നു. ഒൻപതും പത്തും പതിനൊന്നും വയസ്സുള്ള കുട്ടികൾ മുതൽ എഴുപതും എൺപതും വയസ്സുള്ളവരെ ഉൾപ്പെടെ കുറ്റവാളികളാക്കുകയായിരുന്നു. ഓരോ ജില്ലയിലും അറുനൂറോളം എഫ്‌ഐആറുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. അംബേദ്കറൈറ്റ് മുന്നേറ്റം വളരെ ശക്തമായ ജില്ലകളിൽ കൂടുതൽ എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. ആന്ധ്രപ്രദേശിനോട് ചേർന്ന ഔറംഗാബാദ് മുതൽ നന്ദേഡ് വരെയുള്ള സ്ഥലങ്ങൾ- ഇവിടെയെല്ലാം അംബേദ്കറൈറ്റ് മുന്നേറ്റം വളരെ സജീവമായിരുന്നു. 1970കളിൽ ഔറംഗാബാദിലെ മറാത്വാഡ യൂണിവേഴ്‌സിറ്റിയുടെ പേര് ഡോ. ബാബാ സാഹേബ് അംബേദ്കർ യൂണിവേഴ്‌സിറ്റി എന്ന് മാറ്റണമെന്ന ആവശ്യമുയർന്നു. സർക്കാർ അതിന് തയ്യാറാകാത്തതിനാൽ നിരവധി യുവാക്കൾക്ക് അതിനുവേണ്ടി അവരുടെ ജീവൻ നൽകേണ്ടിവന്നു. അവിടെ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകൾ വളരെ കൂടുതലാണ്. നന്ദേഡിൽ ഒരു പൊലീസ് സ്റ്റേഷനിലെ ഒരു എഫ്‌ഐആറിൽ 400 പേരുകളാണ് ഉൾപ്പെടുത്തിയത്. പേര് രേഖപ്പെടുത്താത്ത എഫ്‌ഐആർ ആണത്. അതിൽ ആരുടെ പേര് വേണമെങ്കിലും എഴുതിച്ചേർക്കാം. ആരെ വേണമെങ്കിലും അറസ്റ്റ് ചെയ്യാം. ഇതാണ് ഇന്ത്യയിലെ ശിക്ഷാരീതിയുടെ സ്വഭാവം. മഹാരാഷ്ട്രയിലെ 60 ജയിലുകളിലായി 26,000 തടവുകാരെയാണ് ഉൾക്കൊള്ളാൻ കഴിയുക. ഈ കപ്പാസിറ്റിയിൽ കവിഞ്ഞ ആളുകളെ അന്ന് അറസ്റ്റ് ചെയ്തിരുന്നു. ദിവസങ്ങളും ആഴ്ചകളും ആളുകൾക്ക് തടവിൽ കഴിയേണ്ടിവന്നു. ജാമ്യം നൽകാൻ കഴിയുന്ന കുറ്റങ്ങൾ ചുമത്തിയിട്ട് പോലും ചിലർക്ക് ജാമ്യം ലഭിച്ചില്ല. കേസുകൾ കൈകാര്യം ചെയ്യാനുള്ള നിലവിലെ മനുഷ്യശേഷിക്കും അപ്പുറത്തായിരുന്നു അറസ്റ്റുകളുടെ എണ്ണം. ചില ജില്ലകളിൽ കാര്യങ്ങൾ നന്നായി കൈകാര്യം ചെയ്യാൻ അഭിഭാഷകരുണ്ടായിരുന്നെങ്കിൽ, മറ്റു ചില ജില്ലകളിൽ അഭിഭാഷകർ അത്ര സംഘടിതമായിരുന്നില്ല. അഭിഭാഷകരെയും ആക്റ്റിവിസ്റ്റുകളെയും കിട്ടുക എന്നതും ഒരു പ്രശ്‌നമായിരുന്നു. പല ജില്ലകളിൽ നിന്നായി മുൻനിര നേതാക്കളും അറസ്റ്റ് ചെയ്യപ്പെട്ടു. അടിസ്ഥാനപരമായി അവർ ഈ മുന്നേറ്റത്തിന്റെ നട്ടെല്ല് തകർക്കാനാണ് ശ്രമിച്ചത്. അത് സംഭവിച്ചു. ഭീമ കൊറെഗാവിലെത്തിയ ഒരു മറാത്ത ആൺകുട്ടി കൊല്ലപ്പെട്ടിരുന്നു. അവനെ കൊന്നത് ആരാണ് എന്ന് ആർക്കും അറിയില്ല. ഇതിന്റെ പേരിൽ അടുത്തുള്ള പെട്രോൾ പമ്പിൽ ജോലി ചെയ്തിരുന്ന അഞ്ചോളം ദലിത് ആൺകുട്ടികളെ അറസ്റ്റ് ചെയ്തുകൊണ്ടുപോയി. രണ്ടരവർഷത്തോളം തടവ് അനുഭവിച്ച ശേഷം അവർ പുറത്തിറങ്ങി. കസ്റ്റഡിയിൽ അനുഭവിച്ച മർദ്ദനം കാരണം അവരിലൊരാൾ മരിച്ചു. ഇരുപതുകളുടെ തുടക്കത്തിലായിരുന്നു അയാൾ. തുടർച്ചയായ പീഡനം അനുഭവിക്കുകയോ ചികിത്സ നിഷേധിക്കപ്പെടുകയോ ചെയ്തതുകൊണ്ടാകണം, അല്ലാതെ ഇരുപതുകളുടെ തുടക്കം ഒരാളുടെ മരണത്തിനുള്ള പ്രായമല്ല. ഈ മരണത്തെപ്പറ്റി വലിയ ചർച്ചകളൊന്നും ഉണ്ടായിട്ടില്ല. ഇതേപ്പറ്റി ഒന്നോ രണ്ടോ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്, അത്രമാത്രം. കുറേപ്പേർ ഈ കാലയളവിൽ മരിച്ചിട്ടുണ്ട്. ഹൈസ്‌കൂൾ, ഹയർസെക്കന്ററി വിദ്യാർത്ഥികളുടെ വലിയ പങ്കാളിത്തം ഈ സമരങ്ങളിൽ ഉണ്ടായിട്ടുണ്ട്. അവരുടെ പേരിൽ വന്ന ക്രിമിനൽ കേസുകൾ ഉണ്ടാക്കിയ മാനസികാഘാതം കാരണം പലരും പഠനം നിർത്തി. എൽഗാർ പരിഷദ് കേസിലെ ആദ്യ റെയ്ഡുകൾ നടന്നത് ഏപ്രിലിലാണ്, ഈ അറസ്റ്റുകൾ സംഭവിച്ചത് ജൂണിലും.

ഭീമ കൊറേഗാവിലുണ്ടായ ജാതീയ ആക്രമണങ്ങൾക്കും എൽഗാർ പരിഷദ് സംഘടിപ്പിച്ചതിന്റെ പേരിൽ നടന്ന റെയ്ഡുകൾക്കും അറസ്റ്റുകൾക്കുമിടയിൽ വലിയൊരു സമയത്തിന്റെ ഇടവേളയുണ്ട്. ഈ കാലയളവിൽ ഭീമ കൊറേഗാവിലുണ്ടായ ജാതീയ ആക്രമണങ്ങളെക്കുറിച്ചുള്ള പ്രതികരണങ്ങൾക്ക് വേണ്ടത്ര ശ്രദ്ധ ലഭിച്ചിരുന്നോ ?

ഇത് റിപ്പോർട്ട് ചെയ്തിരുന്നത് ഞാൻ മാത്രം ആയിരുന്നില്ല. മറ്റു റിപ്പോർട്ടർമാരും ഈ പ്രശ്‌നം റിപ്പോർട്ട് ചെയ്യുന്നുണ്ടായിരുന്നു. പക്ഷെ വളരെ കുറച്ചുപേർക്ക് മാത്രമാണ് ഇതിലെ ജാതിപ്രശ്‌നത്തെ കുറിച്ച് തിരിച്ചറിവ് ഉണ്ടായിരുന്നത്. ജാതിവിരുദ്ധരും ബഹുജൻ പശ്ചാത്തലത്തിൽ നിന്നും വരുന്നവരും കുറവായിരുന്നു. എഫ്‌ഐആർ ഫയൽ ചെയ്യുന്നതും ആളുകളെ അറസ്റ്റ് ചെയ്യുന്നതും റിപ്പോർട്ട് ചെയ്യുമ്പോഴും, അവരൊരിക്കലും ഇങ്ങനെ എഫ്‌ഐആറുകൾ ഫയൽ ചെയ്യുന്നതിനെയോ ആളുകളെ അറസ്റ്റ് ചെയ്യുന്നതിനെയോ പ്രശ്‌നവൽക്കരിക്കുകയുണ്ടായില്ല. ജനുവരി മൂന്നിലെ പ്രതിഷേധങ്ങളെ തുടർന്ന് ഇന്ത്യൻ എക്‌സ്പ്രസിൽ ഒന്നാം പേജിൽ ഒരു ലേഖനം പ്രസിദ്ധീകരിച്ചു, അതോടൊപ്പം അവർ കൊടുത്ത ഫോട്ടോ, നീല പതാകയുമായി ഇരിക്കുന്ന കുട്ടികളുടേതാണ്. ചെറിയ കുട്ടികൾ അക്രമകാരികളാകുന്നു എന്നതിനെക്കുറിച്ചാണ് ഈ റിപ്പോർട്ട്. മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പ്രത്യേക താൽപര്യം ഉള്ള ഒരു പുരോഗമന പത്രത്തെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. ഈ റിപ്പോർട്ട് തയ്യാറാക്കിയ രണ്ട് പേരും സവർണ, ബ്രാഹ്മണരാണ്. ദാരിദ്ര്യ പ്രശ്‌നമോ കർഷകർ നേരിടുന്ന പ്രശ്‌നമോ  ഇങ്ങനെ ജാതി ഉൾപ്പെട്ടിട്ടില്ലാത്ത പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ അവർ ഇതിലും അനുകമ്പയോടെ എഴുതുമായിരിക്കും. കർഷകർ കുറ്റകൃത്യം ചെയ്യുന്നു എന്നെഴുതില്ല, കർഷകർ അവരുടെ അവകാശങ്ങൾക്കായി പോരാടുന്നു എന്നെഴുതും.

ശനിവാർ വാഡ

മുഖ്യധാരാ മാധ്യമങ്ങൾ ഈ പ്രശ്‌നങ്ങളെ പരിഗണിക്കാതിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യൻ എക്‌സ്പ്രസ്, മുംബൈ മിറർ, മിഡ് ഡേ, ഡി.എൻ.എ, ഹിന്ദുസ്ഥാൻ ടൈംസ് ഈ പത്രങ്ങൾക്കെല്ലാം പൂനെയിൽ എഡിഷൻ ഉണ്ട്. ഭീമ കൊറേഗാവ് പൂനെയിൽ നിന്നും മുപ്പതോളം കിലോമീറ്റർ മാത്രം ദൂരത്തുള്ള സ്ഥലമാണ്. മറ്റേതൊരു ജനകീയ മുന്നേറ്റവും റിപ്പോർട്ട് ചെയ്യുന്നതുപോലെ ഇതും ചെയ്യാൻ അവർക്ക് വലിയ ബുദ്ധിമുട്ടുണ്ടാകില്ല. പക്ഷേ അവരത് റിപ്പോർട്ട് ചെയ്തില്ല, ചെയ്തിട്ടുണ്ടെങ്കിൽ തന്നെ ഈ കേസിൽ ആര് ആരെയാണ് അടിച്ചമർത്തുന്നതെന്ന് വേർതിരിച്ചു പറയുകയുണ്ടായിട്ടില്ല. അവ്യക്തമായൊരു രേഖയാണത്. സംഭവസ്ഥലത്തുപോയി ആളുകളോട് സംസാരിച്ച് വിവരശേഖരണം നടത്തുന്നതിന് പകരം അവർ പൊലീസിന്റെ ഭാഷ്യം റിപ്പോർട്ട് ചെയ്യുകയാണ് ചെയ്തത്. പ്രാദേശിക മാധ്യമങ്ങൾ കുറച്ചുകൂടി നന്നായി റിപ്പോർട്ട് ചെയ്തിരുന്നു.

ചില മലയാള മാധ്യമങ്ങൾ ഈ ആക്രമണങ്ങളെ സംഘർഷം എന്നാണ് റിപ്പോർട്ട് ചെയ്തത്.

സംഘർഷം എന്നാൽ ഞാൻ നിങ്ങളെ ആക്രമിക്കുകയും നിങ്ങളതിന് എന്നെ തിരിച്ചാക്രമിക്കുകയും ചെയ്യുന്നു എന്നതാണ്. പക്ഷെ ഇത് ജാതി ആക്രമണങ്ങളാണ്. ഒരു ജാതിയിലെ ആളുകൾ കല്ലുകൾ സൂക്ഷിച്ചുവെക്കുകയും വീടുകൾ കത്തിക്കുകയും ചെയ്യുകയാണ്. ഒരു ജാതിവിഭാഗം മറ്റൊരു ജാതിവിഭാഗത്തെ ആക്രമിക്കുകയും ആക്രമണം നേരിടുന്നവർ ചെറിയതോതിൽ പ്രതിരോധിക്കാൻ ശ്രമിക്കുകയും ചെയ്യുകയാണ് അന്ന് ഉണ്ടായത്. അല്ലാത്തപക്ഷം അവർ ദുർബലരല്ല. പക്ഷെ ഒരാൾ അപ്രതീക്ഷിത ഘട്ടത്തിൽ ആക്രമിക്കപ്പെടുകയാണ്, അപ്പോൾ ശക്തമായി തിരിച്ചടിക്കാൻ കഴിഞ്ഞെന്നുവരില്ല. ആക്രമിക്കപ്പെട്ടവർ അവരുടെ കരുത്തുകാണിക്കുകയുണ്ടായി. അവരുടെ ക്ഷോഭം അവർ പ്രകടിപ്പിച്ചു. പക്ഷെ അത് ആരെയും കൊല്ലുന്ന തരത്തിലുള്ളതായിരുന്നില്ല. ആളുകൾ തെരുവിലിറങ്ങി പൊതുമുതൽ നശിപ്പിച്ചിട്ടുണ്ടാകാം. ഇതെല്ലാം സംഭവിച്ചത് ഒരുപാട് സഹനത്തിന് ശേഷമാണ്.

ഭീമ കൊറേഗാവ് ആക്രമണത്തിന് ശേഷം ഈ പ്രദേശത്തെ സാംസ്‌കാരികവും ജാതീയവുമായ സമവാക്യങ്ങൾ എങ്ങനെയെല്ലാമാണ് മാറിയത് എന്നതിനെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ പങ്കുവെക്കാമോ?

പ്രാദേശികമായി മറാത്ത സമുദായത്തിൽ നിന്നുള്ളവരാണ് സംഘടിക്കുകയും ദലിതർക്കും മറ്റു ബഹുജൻ സമുദായാംഗങ്ങൾക്കും നേരെ ആക്രമണങ്ങൾ നടത്തിയതും. ഇത് സംഭവിക്കുന്ന അതേസമയം മറാത്ത സമുദായ നേതാക്കൾ സംഭവങ്ങളുടെ യാഥാർത്ഥ്യത്തെക്കുറിച്ച് മറാത്ത യുവാക്കളെ ബോധവൽക്കരിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ടായിരുന്നു. ജ്യോതിബാ ഫൂലെയുടെ സഹപ്രവർത്തകരിൽ ഭൂരിഭാഗവും മറാത്ത സമുദായത്തിൽനിന്നുള്ളവരായിരുന്നു. ശരദ് പവാറിന്റേത് ബ്രാഹ്മണ്യ വിരുദ്ധ രാഷ്ട്രീയമാണ്. സംസ്ഥാന ജനസംഖ്യയുടെ 30-40 ശതമാനം മറാത്ത വിഭാഗമാണ്. മഹാരാഷ്ട്രയിൽ ഏറ്റവുമധികം ഭൂമി കയ്യാളുന്നതും മറാത്ത വിഭാഗമാണ്. അവരുടെ രാഷ്ട്രീയത്തിന്റെ അടിസ്ഥാനം ബ്രാഹ്മണ വിരുദ്ധമാണ്. സംവരണത്തെക്കുറിച്ച് സംസാരിക്കുന്ന, തങ്ങളുടെ ശൂദ്ര വേരുകളെക്കുറിച്ച് അവബോധമുള്ള മറാത്ത നേതാക്കൾ, ദലിതരെ ആക്രമിക്കുന്ന മറാത്ത യുവാക്കളെ ബ്രാഹ്മണ്യത്തിന്റെ ആയുധമാക്കപ്പെടുന്നവരായാണ് വിലയിരുത്തിയത്. ജനുവരി മൂന്നിന് മുംബൈ ആസാദ് മൈതാനിൽ നടന്ന പ്രതിഷേധ സമ്മേളനം വലുതായിരുന്നു. ഭയത്തോടും ഞെട്ടലോടും കൂടിയും ജനങ്ങൾ അവരുടെ ഐക്യദാർഢ്യമറിയിക്കാൻ എത്തി.

ജി​ഗ്നേഷ് മേവാനി, പ്രകാശ് അംബേദ്കർ, രാധിക വെമുല, ഉമർ ഖാലിദ് എന്നിവർ എൽ​ഗാർ പരിഷത്തിൽ. കടപ്പാട്: lawinsider.in

2018 മാർച്ചിൽ പ്രകാശ് അംബേദ്കറിന്റെ നേതൃത്വത്തിൽ വഞ്ചിത് ബഹുജൻ അഘാഡി എന്ന പാർട്ടി രൂപീകൃതമായി. സമാന്തരമായി ഈ മുന്നേറ്റവും മുന്നോട്ടുപോയി. സാമൂഹ്യമാധ്യമങ്ങളിലും അടിത്തട്ടിലും പാർട്ടിക്ക് വലിയ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞു. രാഷ്ട്രീയ നേതൃത്വമെന്ന നിലയിൽ പ്രകാശ് അംബേദ്കറിന്റെ സ്വാധീനം ഒന്നുകൂടി ശക്തമാകുന്നതിനും ഇത് കാരണമായി. വഞ്ചിത് ബഹുജൻ അഘാഡി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെക്കുറിച്ചുള്ള പ്രതീക്ഷകളാണ് ദലിത്, ബഹുജൻ സമുദായങ്ങൾക്ക് നൽകിയത്. നിലവിലുണ്ടായിരുന്ന രാഷ്ട്രീയ കാഴ്ചപ്പാടിന് ഒരു രൂപം നൽകുന്നതായിരുന്നു അതിന്റെ നിലനിൽപ്പ്. കേസിലെ പ്രതികളിലൊരാളായ സംഭാജി ഭിഡേയുടെ യഥാർത്ഥ പേര് മനോഹർ ഭിഡേ എന്നാണ്. ശിവാജിയുടെ മകന്റെ പേരാണ് സംഭാജി. മറാത്തകൾക്കിടയിൽ ഇടം കിട്ടാൻ വേണ്ടിയാണ് മനോഹർ ഭിഡേ, സംഭാജി ഭിഡേ എന്ന് പേര് മാറ്റിയത്. അഗ്രഹാരത്തിൽ നിന്നുള്ള ബ്രാഹ്മണനാണ് അയാൾ. അത്തരം ചിന്തകളാണ് അയാളുടേത്. മറ്റേയാൾ മിലിന്ദ് ഏക്‌ബോടെ, അയാളും ബ്രാഹ്മണനാണ്. ഈ രണ്ട് പുരുഷന്മാരും വളരെ കാലമായി വലിയ രാഷ്ട്രീയ സ്വാധീനം ആസ്വദിക്കുന്നവരാണ്. 2018 ൽ സംഭവിച്ചതുകൊണ്ട് ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാരിന്റെ പിന്തുണയോടെ നടന്നതാണ് ഈ കുറ്റകൃത്യമെന്ന് ആളുകൾ ചിന്തിച്ചേക്കാം. പക്ഷേ കോൺഗ്രസും ഇവർക്ക് പിന്തുണ നൽകുന്നുണ്ട്. ഭീമ കൊറേഗാവിലെ സംഭവത്തിന് ശേഷം സാങ്ഗ്ലിയിലെ കോൺഗ്രസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യാൻ മനോഹർ ഭിഡേയെ കോൺഗ്രസ് നേതാക്കൾ ക്ഷണിക്കുകയുണ്ടായി. ഇവരുമായി അകലം പാലിക്കാൻ പോലും കോൺഗ്രസ് ശ്രദ്ധ പുലർത്തിയില്ല. മറാത്തകൾക്കിടയിൽ മാത്രമല്ല നിരവധി ഒ.ബി.സി വിഭാഗങ്ങൾക്കിടയിലും ഭിഡേ പ്രവർത്തിക്കുന്നുണ്ട്. അതാണ് ഭൂരിപക്ഷ വിഭാഗവും. കോലാപൂരിനടുത്തുള്ള പടിഞ്ഞാറൻ മഹാരാഷ്ട്ര പ്രദേശത്തൊക്കെ ഭിഡേക്ക് വലിയ സ്വാധീനമുണ്ട്. രാഷ്ട്രീയ കാരണങ്ങൾ കൊണ്ട് പല രാഷ്ട്രീയ പാർട്ടികളും രാഷ്ട്രീയ നേതാക്കളും അവരെ പിന്തുണക്കുകയും അവർക്കെതിരെ നിലപാടെടുക്കാതിരിക്കുകയും ചെയ്യുന്നു. എൽഗാർ പരിഷദ് കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുമെന്ന് ശരദ് പവാർ പറയുന്നുണ്ടെങ്കിലും ഈ രണ്ട് പുരുഷന്മാർ നടത്തിയ കുറ്റകൃത്യങ്ങൾക്കെതിരെ നടപടിയെടുത്താൽ ഈ കേസ് പരിഹരിക്കപ്പെടും എന്നതാണ് വസ്തുത. പക്ഷെ അതേപ്പറ്റി അവരൊന്നും പറയുകയില്ല. നമ്മുടെ വാർത്താ റിപോർട്ടുകളോടെല്ലാം അവർ അതേപ്പറ്റി ട്വീറ്റ് ചെയ്യാം എന്നെല്ലാം പ്രതികരിക്കും, പത്രസമ്മേളനങ്ങളിലോ നോരിട്ടോ ഈ നേതാക്കളുമായി സംസാരിക്കുമ്പോൾ, അവർക്ക് ഈ വിഷയത്തിലെ നിലപാട് എന്താണ് എന്ന് ചോദിച്ചാൽ അവർ പ്രതികരിക്കാറില്ല. ജാതിയെക്കുറിച്ച് സംസാരിക്കാറുള്ള ബഹുജൻ നേതാക്കൾ പോലും ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കാൻ തയ്യാറാകുകയില്ല. ഭരിക്കുന്ന പാർട്ടിയുടെ പിന്തുണ മാത്രമല്ല ഇവരുടെ കുറ്റകൃത്യങ്ങൾ മറച്ചുപിടിക്കുന്നതിൽ പങ്കുവഹിക്കുന്നത്, പ്രതിപക്ഷ പാർട്ടികളും ഇവർക്കൊപ്പമുണ്ട്.

ഭീമ കൊറേ​ഗാവ് അറസ്റ്റുകൾക്കെതിരെ നടന്ന പ്രതിഷേധം. കടപ്പാട്: caravanmagazine

ഷഹീൻബാഗ് സമരം നടക്കുമ്പോൾ എല്ലാത്തരം ലിബറൽ നിലപാടുകളുള്ള വ്യക്തികളും അവിടെ അവർക്ക് പിന്തുണയുമായി എത്തിയിരുന്നു. എന്നാൽ ഭീമ കൊറേഗാവ് ആക്രമണങ്ങൾ സംഭവിക്കുമ്പോൾ അത് അംബേദ്കറൈറ്റുകളുടെ മാത്രം ബാധ്യതയാകുകയാണ്. ഒരുപക്ഷെ ഷഹീൻബാഗ് ഒരു നല്ല ഉദാഹരണം ആകണമെന്നില്ല, കാരണം ആ സമരം എല്ലാവരുടെയും ശക്തമായ പിന്തുണ ആവശ്യപ്പെട്ടിരുന്നു. ബ്രാഹ്മണരുടെ നേതൃത്വത്തിൽ ദലിതർക്കുമേൽ നടക്കുന്ന ആക്രമണങ്ങൾ ജനാധിപത്യത്തിന് ഭീഷണി തന്നെയാണ് എന്നാണ് ഞാൻ പറയുന്നത്. മുസ്ലീംങ്ങൾക്കിടയിലെ ജാതിയെക്കുറിച്ച് നമ്മൾ സംസാരിക്കാറില്ല, തെരുവിലിറങ്ങി സമരം ചെയ്ത ആ സ്ത്രീകളെല്ലാം പസ്മന്ദ മുസ്ലീംങ്ങളാണ്. ഇതിനെക്കുറിച്ചൊന്നും സംസാരിക്കാതെ ഭീമ കൊറേഗാവ് കേസുകളെ കുറിച്ച് മാത്രം സംസാരിക്കുകയാണെങ്കിൽ, ഈ കേസുകൾ കൈകാര്യം ചെയ്യാൻ മുന്നോട്ടുവന്നത് ജാതി വിരുദ്ധ സംഘടനകൾ മാത്രമാണ്. ഹ്യുമൻ റൈറ്റ്‌സ് ലോ നെറ്റ്വർക്ക്, പി.യു.സി.എൽ എന്നിങ്ങനെ മുംബൈയിലും ഔറംഗാബാദിലുമായി മുതിർന്ന അഭിഭാഷകരുള്ള നിരവധി സംഘടനകളുണ്ടല്ലോ. ബോംബെ ഹൈകോടതിക്ക് മൂന്ന് ബെഞ്ചുകളാണ് ഉള്ളത്, ഔറംഗാബാദ്, നാഗ്പൂർ, ഗോവ. ഔറംഗാബാദ്, നാഗ്പൂർ, മുംബൈ എന്നിവിടെയെല്ലാം വലിയ സംഘടനകളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന അഭിഭാഷകരുണ്ട്, ഈ സവർണ അഭിഭാഷകരാരും ഭീമ കൊറേഗാവ് കേസുകൾ കൈകാര്യം ചെയ്യാൻ തയ്യാറായി വന്നിട്ടില്ല. അവർക്ക് പല കാര്യങ്ങളും ചെയ്യാൻ കഴിയുമായിരുന്നു. എൽഗാർ പരിഷദ് കേസ് ഉണ്ടായപ്പോൾ അവർ പുറത്തുവന്നു. പിന്നീട് ആറുമാസത്തോളം അവർ പുറത്തുവന്നില്ല. ഒരു സംസ്ഥാനത്ത് തന്നെ 40,000 പേർ കുറ്റവാളികളാക്കപ്പെടുമ്പോൾ അവരെ പ്രതിനിധീകരിച്ച് ബോംബെ ഹൈകോടതിയിലേക്കോ സുപ്രീം കോടതിയിലേക്കോ പോകുന്നതിനെ കുറിച്ച് എന്തുകൊണ്ടാണ് ചിന്തിക്കാത്തത്? ബോംബെ ഹൈക്കോടതിയിൽ പോയത് ജാതിവിരുദ്ധ മുന്നേറ്റത്തിലെ ആളുകൾ തന്നെയാണ്. നിയമം പഠിച്ചവരും അല്ലെങ്കിൽ കോടതിയിൽ വാദിച്ച് ജയിക്കാൻ കഴിയും എന്ന് തോന്നിയവരും. പക്ഷെ ഇതെല്ലാം ഒരു ‘ദലിത് പ്രശ്‌നം’ മാത്രമാക്കി ചുരുക്കുകയാണ് ചെയ്തത്, എന്നാൽ ഇതൊരിക്കലും ഒരു ‘ദലിത് പ്രശ്‌ന’മല്ല. ജനാധിപത്യ രാഷ്ട്രീയ ധാരണകളുള്ള ഏതൊരാൾക്കും ആക്രമിക്കപ്പെട്ടവർക്കൊപ്പം നിൽക്കാൻ കഴിയേണ്ടതാണ്, പക്ഷേ അങ്ങനെയുണ്ടായില്ല. കുട്ടികൾ അറസ്റ്റ് ചെയ്യപ്പെടുമ്പോൾ എന്തുകൊണ്ടാണ് ബാലാവകാശ സംഘടനകൾ മുന്നോട്ടുവരാഞ്ഞത്? അവരെല്ലാം മുംബൈയിൽ വളരെ സജീവമായി പ്രവർത്തിക്കുന്നതാണ്. എന്തുകൊണ്ടാണ് അവരാരും മുന്നോട്ടുവന്ന് കുട്ടികളെ അറസ്റ്റ് ചെയ്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിലേക്ക് അയക്കാൻ പാടില്ല എന്ന് പറയാത്തത് ?

ഭീമ കൊറേഗാവ് സമ്മേളനത്തിന് എത്തുന്ന ആളുകൾക്ക് കുടിവെള്ളം പോലും ലഭ്യമാക്കരുതെന്ന് പറഞ്ഞ് അക്രമകാരികൾ കടകൾ അടപ്പിച്ചതായി സംഭവസ്ഥലത്ത് പോയിരുന്ന കേരളത്തിൽ നിന്നുള്ള ഒരു ദലിത് നേതാവ് അഭിമുഖത്തിനിടെ പറഞ്ഞത് ഓർക്കുന്നു.

അതെ, കാരണം ഈ കടകളെല്ലാം ആധിപത്യ ജാതികളിൽ നിന്നുള്ളവരുടേതാണ്. കടകൾ മാത്രമല്ല, ഗ്രാമം, പ്രാദേശിക ഭരണകൂടം, അങ്ങനെയെല്ലാം ആധിപത്യ ജാതികളിൽ നിന്നുള്ളവരുടെ നിയന്ത്രണത്തിലാണ്. സവർണർ മാത്രമല്ല, എല്ലാ ഗ്രാമങ്ങളിലും ബ്രാഹ്മണർ ഉണ്ടാകണമെന്നില്ല. സവർണ ജാതിക്കാരോ മറ്റു പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ളവരോ ആയിരിക്കും അത്തരം ഗ്രാമങ്ങളിൽ ബ്രാഹ്മണരുടെ സ്വഭാവരീതികൾ/പെരുമാറ്റരീതികൾ പാലിക്കുക. ഒ.ബി.സി വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് അമ്പലങ്ങളിൽ പ്രവേശനമുണ്ടാകുകയില്ല എങ്കിലും അവരും ബ്രാഹ്മണരെ അനുകരിക്കാൻ ശ്രമിക്കും. ജനുവരി ഒന്നിന് എത്തുന്നവർക്ക് കുടിക്കാൻ വെള്ളം പോലും കിട്ടരുത് എന്ന നിർദ്ദേശമാണ് നൽകിയത്. വലിയ തോതിലുള്ള സാമൂഹ്യ ബഹിഷ്‌കരണമാണ് അവിടെ ഉണ്ടായത്. ഇന്നും എനിക്ക് തോന്നുന്നത് ഞാനതിനെപ്പറ്റി വേണ്ടത്ര എഴുതിയിട്ടില്ല എന്നാണ്. ഇത്രയും വർഷങ്ങളായി ഈ വിഷയത്തിൽ നൂറോളം ലേഖനങ്ങൾ ഞാൻ എഴുതിയിട്ടുണ്ടാകും, എന്നാലും അതേപ്പറ്റി വേണ്ടത്ര എഴുതി എന്നെനിക്ക് തോന്നുന്നില്ല. കുട്ടികൾക്കും ആദ്യമായി പ്രതിഷേധ സമരങ്ങൾക്കായി പുറത്തിറങ്ങിയ, സംഘടിച്ച സ്ത്രീകൾക്കും സംഭവിച്ചതെന്താണ് എന്നതിനെക്കുറിച്ച് വേണ്ടത്ര എഴുതപ്പെട്ടിട്ടില്ല. അവർക്ക് അനുഭവിക്കേണ്ടിവന്ന മാനസികാഘാതം എന്തുമാത്രമായിരിക്കും. എനിക്ക് വിവരിക്കാൻ കഴിയുന്നതിലും അപ്പുറമുള്ള കാര്യങ്ങളാണ് അന്ന് സംഭവിച്ചത്. മണിപ്പൂരിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്, ഖൈർലാഞ്ജിയിൽ സംഭവിച്ചത് – ഇത്തരം ആക്രമണങ്ങളെക്കുറിച്ച് എത്രതന്നെ റിപ്പോർട്ട് ചെയ്താലും അതൊന്നും മതിയാകുകയില്ല.

ഭീമ കൊറേ​ഗാവ് സ്മാരകവും അംബേദ്കറും, ഒരു കാലസൃഷ്ടി. കടപ്പാട്: twitter@@siddheshgautam

എൽഗാർ പരിഷദ് കേസിന്റെ ഫ്രെയ്മിങ് നടത്തിയിട്ടുള്ളത് വലിയൊരു ആസൂത്രണത്തോടെയാണ് എന്നാണല്ലോ മനസ്സിലാക്കാൻ കഴിയുന്നത്. നമ്മളിപ്പോൾ സംസാരിച്ചതിൽ നിന്നും വ്യക്തമാക്കുന്നത് ഈ കേസ് ചരിത്രപരമായി നിലനിൽക്കുന്ന പല ദൃശ്യതകളെയും ചോദ്യം ചെയ്യുന്നുണ്ട് എന്നാണ്. ഭരണകൂടം ഇത്തരം കേസുകൾ നിർമ്മിക്കുന്നതിന്റെ ഉദ്ദേശ്യമെന്താണ് എന്നാണ് നിങ്ങൾ മനസ്സിലാക്കുന്നത്?

ഭീമ കൊറേഗാവ് ആക്രമണങ്ങൾ സംഭവിച്ചത് ജനുവരി ഒന്നിന് ആണ്. എൽഗാർ പരിഷദ് സംഘടിപ്പിച്ചതെല്ലാം ഇടതു സംഘടനകൾ ചേർന്നാണ്. എൽൾഗാർ പരിഷദ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടവരിൽ പലർക്കും എൽഗാർ പരിഷദ് എന്താണ് എന്നുപോലും അറിയില്ലായിരുന്നിരിക്കും. പക്ഷേ എൽഗാർ പരിഷദ് സംഘടിപ്പിച്ചത് ശനിവാർ വാഡയിലാണ്. മറാത്ത ഭരണകാലത്തെ, ബ്രാഹ്മണരായ പേഷ്വാകളുടെ കോട്ടയാണ് ശനിവാർ വാഡ. മഹാരാഷ്ട്രയിൽ ബ്രാഹ്മണ്യത്തിന്റെ ഹൃദയം എന്നു പറയാവുന്ന സ്ഥലം. അവിടെ എൽഗാർ പരിഷദ് സംഘടിപ്പിച്ചു എന്നത് ഞാൻ ഉൾപ്പെടെയുള്ള അംബേദ്കറൈറ്റുകൾ പ്രശ്‌നവത്കരിക്കുന്ന കാര്യമാണ്. ഒന്നാമത്തെ കാര്യം ഭീമ കൊറേഗാവ് വിജയാഘോഷം ഇടതു സംഘടനകളുമായി ബന്ധമുള്ള കാര്യമല്ല. പെട്ടെന്ന് 200ാം വാർഷിക ദിനത്തിൽ നിങ്ങൾക്ക് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കുന്നത് എന്തുകൊണ്ടാണ്? കാരണം നിങ്ങളിതിനുമുമ്പ് അതുമായി സഹകരിച്ചിട്ടില്ല. ഈ പരിപാടിയിലേക്ക് സംഘാടകർ ക്ഷണിച്ചത് ഇതിനകം തന്നെ വളരെ വൾണറബിൾ ആയ ആളുകളെയാണ് രാധിക വെമുല, സോണി സോറി, ജിഗ്നേഷ് മേവാനി, ഉമർ ഖാലിദ് ഇവരെയെല്ലാം. ആദ്യത്തെ എഫ്‌ഐആറിൽ ഇവരുടെയെല്ലാം പേരുകളുണ്ടായിരുന്നു. ജസ്റ്റിസ് കോൽസെ പാട്ടീൽ, ജസ്റ്റിസ് പി.ബി സാവന്ത് എന്നിവർ ഇതിന്റെ സംഘാടകരാണ്. കോൽസെ പാട്ടീലിനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. പി.ബി സാവന്തിന്റെ പ്രസ്താവന എൽഗാർ പരിഷദ് ചാർജ്ഷീറ്റിൽ ചേർത്തിട്ടുണ്ടായിരുന്നു. പക്ഷെ സാവന്ത് അങ്ങനെയൊരു പ്രസ്താവന നൽകിയിട്ടില്ല. ഞാൻ അതേക്കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്, എങ്ങനെയാണ് മൊഴി നൽകിയിട്ടില്ലാത്ത സാഹചര്യത്തിൽ പി.ബി സാവന്തിന്റെ മൊഴി ചേർക്കപ്പെട്ടത് എന്നതിനെപ്പറ്റി. അതൊരു വ്യാജ മൊഴി ആണ്. എനിക്ക് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം സാവന്ത് പറയുന്നുണ്ട്. അങ്ങനെ ഒരു മൊഴി നൽകിയിട്ടേയില്ല എന്നാണ് സാവന്ത് പറയുന്നത്. ഒഴിവാക്കാൻ സാധിക്കുമായിരുന്ന, നിരുത്തരവാദിത്തപരമായൊരു നീക്കം എൽഗാർ പരിഷദ് സംഘാടനത്തിൽ ഉണ്ടായിട്ടുണ്ട് എന്നാണ് ഞാൻ കരുതുന്നത്. ഭീമ കൊറേഗാവ് എന്ന പ്രധാന പ്രശ്‌നത്തിൽ നിന്നും ശ്രദ്ധ തെറ്റാൻ അത് കാരണമായി. സ്റ്റേറ്റ് അവരെ ലക്ഷ്യമിടാൻ കാത്തിരിക്കുകയായിരുന്നു എന്ന് തോന്നുന്നു. അതിനുള്ള കാരണം നമ്മൾ ഒരുക്കി കൊടുത്തതുപോലെയായി.

ഇന്ത്യൻ നിയമസംവിധാനത്തെക്കുറിച്ച് വളരെ സൂക്ഷ്മതയോടെ, ആഴത്തിൽ റിപ്പോർട്ട് ചെയ്യുന്ന ഒരാളാണ് താങ്കൾ. എന്തുകൊണ്ടാണ് ഈ രീതിയിലുള്ള റിപ്പോർട്ടിംഗ് ശൈലി സൂക്ഷിക്കുന്നത്?

എന്റെ ട്രെയ്‌നിങ് അതാണ്, ഞാൻ നിയമബിരുദധാരിയാണ്. ഇന്ത്യൻ എക്‌സ്പ്രസിൽ ഞാൻ ജുഡീഷ്യറിയാണ് കവർ ചെയ്തിരുന്നത്. ആംനസ്റ്റി ഇന്റർനാഷണലിന് വേണ്ടി മനുഷ്യാവകാശ ഗവേഷകയായും പ്രവർത്തിച്ചിട്ടുണ്ട്. ഇതാണെന്റെ വിദ്യാഭ്യാസ പശ്ചാത്തലം.  

എൽഗാർ പരിഷദ് കേസ് ഉൾപ്പെടെ ചില കേസുകൾ പരിഗണിക്കുന്നതിൽ നിന്നും ജഡ്ജിമാർ പിൻവാങ്ങുന്നതിനെക്കുറിച്ച് നിങ്ങൾ റിപോർട്ട് ചെയ്തിട്ടുണ്ടല്ലോ. ഇങ്ങനെ പിൻവാങ്ങുന്നത് ഇപ്പോഴൊരു സാധാരണ കാര്യമായി മാറിയിരിക്കുകയാണ്. ഇതേപ്പറ്റി വിശദീകരിക്കാമോ?

എൽഗാർ പരിഷദ് കേസിൽ ജില്ലാ കോടതി, സുപ്രീംകോടതി എന്നിവിടങ്ങളിൽനിന്നായി പതിനാറോളം ജഡ്ജിമാർ പിൻവാങ്ങിയിട്ടുണ്ട്. പ്രതിയുമായി കുടുംബബന്ധം, മറ്റേതെങ്കിലും കേസുകൾ കൈകാര്യം ചെയ്ത ബന്ധം എന്നിവയുണ്ടെങ്കിൽ ആ കേസ് പരിഗണിക്കുന്നതിൽ നിന്നും ഒരു ജഡ്ജിക്ക് പിൻവാങ്ങാവുന്നതാണ്. അത് ചെയ്യേണ്ടതാണ്. അമിത് ഷാ കോടതിയെ സമീപിക്കുമ്പോൾ യു.യു ലളിത് ആണ് ജഡ്ജ് എങ്കിൽ യു.യു ലളിത് ആ കേസിൽ നിന്നും പിൻവാങ്ങേണ്ടതാണ്. കാരണം ലളിത് അമിത് ഷായ്ക്ക് വേണ്ടി മുമ്പ് ഹാജരായിട്ടുണ്ട്. ധാർമ്മികമായും നൈതികമായും ചെയ്യേണ്ട കാര്യമാണത്. പക്ഷെ കാരണം വ്യക്തമാക്കാതെ കേസുകൾ കൈകാര്യം ചെയ്യുന്നതിൽനിന്നും പിൻവാങ്ങുന്നത് സ്വാഭാവിക നടപടിയല്ല. ഒരു ജഡ്ജ് അങ്ങനെ ചെയ്യുന്നതിന് പല കാരണങ്ങളുണ്ടാകാം. സ്‌റ്റേറ്റിനെ ഭയക്കുന്നതും ഒരു കാരണമാകാം. പിൻവാങ്ങുന്നതിന് കാരണം വ്യക്തമാക്കുക എന്നതാണ് ജഡ്ജിമാരിൽ നിന്നും പ്രതീക്ഷിക്കുന്ന ഒരു കാര്യം. ഇക്കാര്യം ഞാൻ വേറെ രണ്ട് ജഡ്ജിമാരോട് സംസാരിച്ച് മനസ്സിലാക്കിയിരുന്നു. പിൻവാങ്ങുന്നതിന്റെ കാരണം വ്യക്തമാക്കേണ്ടതുണ്ട് എന്നാണ് അവർ പറഞ്ഞത്. പട്‌ന ഹൈകോടതിയിൽ നിന്നും ബോംബെ ഹൈകോടതിയിൽ നിന്നും വിരമിച്ച രണ്ട് ജഡ്ജിമാരെയാണ് ഞാൻ റിപ്പോർട്ടിൽ ഉദ്ധരിച്ചത്. പിൻവാങ്ങുമ്പോൾ മതിയായ കാരണങ്ങൾ വ്യക്തമാക്കേണ്ടതാണ്. ‘ഞാൻ ഈ കേസ് പരിഗണിക്കുന്നതിൽനിന്നും പിൻവാങ്ങുകയാണ്’ എന്നു മാത്രം പറഞ്ഞ് ഒരു കേസ് ഒഴിവാക്കാൻ കഴിയില്ല എന്നാണ് അവർ അഭിപ്രായപ്പെട്ടത്. ജുഡീഷ്യറിയിൽ ആകെയുള്ള ജഡ്ജിമാരിൽ എല്ലാവരും പിൻവാങ്ങിയാൽ ആരാണ് പിന്നെ കേസുകൾ കൈകാര്യം ചെയ്യുക?  

നിയമ നിർവഹണ പ്രക്രിയയിൽ വിശ്വാസ്യത നഷ്ടമാകുന്നു എന്ന സന്ദേശമല്ലേ ഇത് പൗരർക്ക് നൽകുന്നത്?

തീർച്ചയായും അതെ.  ഒരു കേസിൽ നിന്നും പിൻവാങ്ങുന്നത് എന്തിനാണ് എന്ന കാരണം എവിടെയും രേഖപ്പെടുത്തിയില്ലെങ്കിൽ ജനങ്ങളിൽ അത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ജുഡീഷ്യറി ഏറ്റവും സ്വതന്ത്രമായ സ്ഥാപനമായാണ് വിലയിരുത്തപ്പെടുന്നത്. അതിൽനിന്നും ഇത്തരം നടപടികളാണ് ഉണ്ടാകുന്നതെങ്കിൽ അത് തീർച്ചയായും ആശങ്കയുണ്ടാക്കുന്നതുതന്നെയാണ്. ദില്ലി കലാപ കേസിലും ഇങ്ങനെയുണ്ടായിട്ടുണ്ട്, വേറെയും നിരവധി ഉദാഹരണങ്ങളുണ്ട്. ഈ ലേഖനം എഴുതിയതിനു പിന്നിൽ എന്റെ എഡിറ്റർ സീമ ചിഷ്ടിയുടെ നിർബന്ധമുണ്ട്.  
ഇത് എങ്ങനെ റിപ്പോർട്ട് ചെയ്യണം എന്നതിനെപ്പറ്റി ആദ്യം ഉറപ്പുണ്ടായിരുന്നില്ല. പക്ഷെ ആളുകളോട് സംസാരിച്ച് തുടങ്ങിയപ്പോൾ എനിക്കിതിന്റെ ഗൗരവം കൂടുതൽ മനസ്സിലാകുകയാണ് ചെയ്തത്. നമ്മൾക്ക് കണ്ടെത്താൻ കഴിഞ്ഞത് മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണ് എന്നാണ് മനസ്സിലാകുന്നത്. കൂടുതൽ കേസുകളിൽ ഇങ്ങനെ ഉണ്ടാകുന്നുണ്ട്. മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

ഇങ്ങനെ കാരണം വ്യക്തമാക്കാതെ കേസുകൾ പരിഗണിക്കുന്നതിൽ നിന്നും പിൻവാങ്ങിയ ജഡ്ജിമാരുടെ ജാതിയെക്കുറിച്ച് വിവരശേഖരണം നടത്തിയിട്ടുണ്ടോ?

കാരണം വ്യക്തമാക്കാതെ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ നിന്നും പിൻവാങ്ങിയ ജഡ്ജിമാർ കൂടുതലും ബ്രാഹ്മിൺ-സവർണ ജാതിക്കാരാണ്, ദലിത് വിഭാഗത്തിൽനിന്നുള്ള രണ്ട് ജഡ്ജിമാർ കാരണം വ്യക്തമാക്കിയ ശേഷം പിൻവാങ്ങിയിട്ടുണ്ട്. അഭിഭാഷകരായിരുന്ന സമയത്ത് കുറ്റാരോപിതർക്ക് വേണ്ടി ഹാജരായിട്ടുണ്ട് എന്നതാണ് അവർ വ്യക്തമാക്കിയ കാരണം, അത് റിപോർട്ടിലുണ്ട്.

സ്റ്റാൻ സ്വാമിയെ പാർപ്പിച്ചിരുന്ന തലോജ സെൻട്രൽ ജയിൽ. കടപ്പാട്: twitter

നിരവധി പേർ ജയിൽ അടയ്ക്കപ്പെട്ട ഒരു കേസിനെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. ആ സാഹചര്യത്തിൽ, രാജ്യത്ത് ഇനി കൂടുതൽ ജയിലുകൾ വേണ്ട എന്ന രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ പ്രസ്താവനയുടെ പ്രാധാന്യത്തെക്കുറിച്ച് എന്ത് തോന്നുന്നു? ഇന്നത്തെ ഇന്ത്യൻ ജയിലുകളുടെ അവസ്ഥ കണ്ടിട്ടുള്ള ഒരാളെന്ന നിലയിൽ ഈ പ്രസ്താവനയുടെ പ്രസക്തി താങ്കൾ എങ്ങനെ നോക്കിക്കാണുന്നു?

ഇന്ത്യൻ രാഷ്ട്രപതിയെന്ന നിലയിൽ ദ്രൗപതി മുർമു നടത്തിയ ഈ പ്രസ്താവനകൾ ഞാനും ശ്രദ്ധിച്ചിരുന്നു. ഒരു രാഷ്ട്രപതി അങ്ങനെ സംസാരിക്കണമെങ്കിൽ അതവരുടെ പ്രവർത്തനങ്ങളുടെയും അനുഭവങ്ങളുടെയും പശ്ചാത്തലത്തിൽ ആയിരിക്കും. ഒഡീഷയിലും ജാർഖണ്ഡിലും അവർ ഗവർണറായിരുന്നു. സ്വന്തം സമുദായത്തിന് തന്നെ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് അവർക്കറിയാം. ബി.ജെ.പിയാണ് ദ്രൗപതി മുർമുവിനെ നിയമിച്ചത്, അവർ ബി.ജെ.പിയുടെ പപ്പറ്റ് ആണെന്ന് പറയുന്നവരുണ്ട്. പക്ഷെ ജയിലുകളെക്കുറിച്ച് അവർ കൃത്യമായ രാഷ്ട്രീയത്തോടെ ഹൃദയം തുറന്ന് സംസാരിച്ചതാണ്.  ഇതാണ് ദ്രൗപതി മുർമു പറഞ്ഞത്, ‘ഈ രാജ്യത്ത് എല്ലാവർക്കും വേണ്ടത് കൂടുതൽ കൂടുതൽ ജയിലുകളാണ്. നമുക്ക് ജയിലുകൾ വേണ്ട, ജയിലുകൾ ഇല്ലാതാക്കുകയാണ് ഇനി വേണ്ടത്.’  ഈ രാഷ്ട്രീയം ഇവിടത്തെ എൻ.ജി.ഒകൾ പോലും സംസാരിക്കാത്ത രാഷ്ട്രീയമാണ്.  

ജയിലുകളെക്കുറിച്ച് ഞാൻ വർഷങ്ങളോളം റിപ്പോർട്ട് ചെയ്യുകയും ഗവേഷണം നടത്തുകയും ചെയ്തിട്ടുണ്ട്. ആംനസ്റ്റി ഇന്റർനാഷണലിനൊപ്പം ജോലി ചെയ്തിരുന്നപ്പോൾ കർണ്ണാടകയിലെ എല്ലാ ജയിലുകളിലും എനിക്ക് പോകാൻ കഴിയുമായിരുന്നു. ഗവേഷണത്തിന്റെ ഭാഗമായി ജയിലുകളിൽ താമസിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെ ഞാൻ ജയിലുകളെ അടുത്തുകണ്ടിട്ടുണ്ട്. മഹാരാഷ്ട്രയിൽ സർവ്വകലാശാലാ ഗവേഷകർക്കായി മൊഴിമാറ്റം ചെയ്യാനുള്ള അവസരം വന്നപ്പോഴും ജയിലുകളിൽ പോകാൻ കഴിഞ്ഞിട്ടുണ്ട്. മഹാരാഷ്ട്രയിൽ പുതിയ സൗകര്യങ്ങളുള്ള പുതിയ ജയിലുകൾ നിർമ്മിക്കുന്നതിനെ കുറിച്ച് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രസ്താവന നടത്തിയിരുന്നു. എൻ.സി.ആർ.ബി ഡാറ്റ ഞാൻ പരിശോധിച്ചു. എത്രപേർക്ക് മേലാണ് ശിക്ഷ വിധിക്കുന്നത്, എത്രപേർക്കുമേൽ ശിക്ഷ നടപ്പിലാക്കുന്നുണ്ട് എന്നെല്ലാം. എന്താണ് ശിക്ഷാ നിരക്ക് കുറയാൻ കാരണം? ഒരാൾക്ക് ഏഴുവർഷത്തെ തടവുശിക്ഷ വിധിച്ചു എന്നിരിക്കട്ടെ. മൂന്നോ നാലോ വർഷം കഴിഞ്ഞ് അയാൾ തടവിൽ കഴിയുന്നു, അതിന് ശേഷം ജാമ്യം കിട്ടി പുറത്തുവരുന്നു. കേസ് നടക്കുന്നു, അയാൾ കുറ്റവിമുക്തമാക്കപ്പെടുന്നു, ഇങ്ങനെ സംഭവിക്കുമ്പോൾ അയാൾ തടവിൽ കഴിഞ്ഞ മൂന്നോ നാലോ വർഷങ്ങൾക്ക് എന്താണ് സംഭവിക്കുക? അയാൾക്ക് നഷ്ടപരിഹാരം നൽകാൻ കഴിയുമോ? ഇന്ത്യൻ ജയിലുകളിലെ ഒരു വലിയ പ്രശ്‌നം അവിടെയുള്ള മെഡിക്കൽ സംവിധാനങ്ങളാണ്. ഇന്ത്യൻ ജയിലുകളിൽ ഓരോ വർഷവും 1800 തടവുകാർ കൊല്ലപ്പെടുന്നുണ്ട് എന്നാണ് കണക്ക്. അവർ മരിക്കുന്നത് ടി.ബി, എച്ച്‌.ഐ.വി പോലുള്ള രോഗബാധകൾ കൊണ്ടല്ല, തലവേദനയാണ് അവരുടെ മരണകാരണമായി രേഖപ്പെടുത്തപ്പെടുന്നത്. ടി.ബി പോലെ, പരിശോധിച്ചുകണ്ടെത്താത്ത എന്തെങ്കിലും രോഗബാധ അവർക്കുണ്ടായിരുന്നിരിക്കണം. 2023ൽ ആരും ടി.ബി കാരണം മരിക്കരുത്. ചികിത്സ ലഭ്യമാക്കണം. ആളുകൾ മരിക്കുന്നത് രോഗനിർണയം നടത്താത്ത അവസ്ഥയിലാണ്. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകളിൽ 30 ശതമാനം തടവുകാർ തലവേദന കാരണം മരിച്ചു എന്നു കാണിക്കുന്ന പൈ ചാർട്ട് ഉണ്ട്. തലവേദന കാരണം എങ്ങനെയാണ് ഒരാൾ മരിക്കുന്നത്? തലവേദന ഒരു രോഗലക്ഷണം മാത്രമാണ്, രോഗമല്ല. ഈ 1800 തടവുകാരുടെ മരണത്തിൽ എന്ത് അന്വേഷണമാണ് ഉണ്ടായിട്ടുള്ളത്?

സി.ആർ.പി.സി 176 1 (എ) പ്രകാരം ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാണ് നിയമം പറയുന്നത്. ഗൗരവമായ ജുഡീഷ്യൽ അന്വേഷണം നടത്തുന്നത് കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങൾ മാത്രമാണ്. അല്ലാത്ത പക്ഷം ലോക്കൽ മജിസ്‌ട്രേറ്റ് വന്ന് പൊലീസ് നൽകിയ റിപ്പോർട്ടിൽ ഒപ്പിട്ട് പോകുക മാത്രമാണ് ചെയ്യുന്നത്. ദേശീയ മനുഷ്യാവകാശ കമ്മീഷനും പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല. ഈ കണക്കുകളെല്ലാമാണ് രാഷ്ട്രപതിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ ഞാൻ പരിശോധിച്ചത്. 70 ശതമാനം തടവുകാരും എസ്.സി, എസ്.ടി വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. ശരിക്കും ഇത് 90 ശതമാനം ആകാനാണ് സാധ്യത എന്ന് ഞാൻ കരുതുന്നു, കാരണം, ഓരോ തവണ ജയിലിൽ പോയാലും എന്നോട് എന്റെ ജാതി ചോദിക്കാറുണ്ട്. ഏത് ജാതിയാണ് എന്നല്ല ചോദിക്കുക, ഉയർന്ന ജാതിയാണോ താഴ്ന്ന ജാതിയാണോ എന്നാണ് ചോദിക്കുക. ഒ.ബി.സി വിഭാഗത്തിൽ പെട്ട ഒരാൾ ചിലപ്പോൾ ഉയർന്ന ജാതിയാണ് എന്ന് പറഞ്ഞേക്കാം. ശാസ്ത്രീയമായ രേഖപ്പെടുത്തൽ നടക്കണമെന്നില്ല. പ്രാദേശിക പൊലീസ് സ്റ്റേഷനുകളിൽ രേഖപ്പെടുത്തുന്ന വിവരങ്ങൾ ഒരിക്കലും പൂർണമായും എൻ.സി.ആർ.ബിയുടെ വിവരങ്ങളിലേക്ക് എത്തണമെന്നില്ല. എൻ.സി.ആർ.ബിയുടെ വിവരങ്ങൾ പൂർണമല്ല. 70 ശതമാനം എന്നുള്ളത് പൂർണ്ണമായ കണക്കല്ല. തടവിലാക്കപ്പെടുന്ന മുസ്ലീംങ്ങൾ ആരാണ്? സ്‌ഫോടന കേസുകളിലും തീവ്രവാദ കേസുകളിലും അറസ്റ്റിലാവുന്ന ഭൂരിഭാഗം മുസ്ലീംങ്ങളും പസ്മണ്ട മുസ്ലീംങ്ങൾ ആണ്. നമ്മൾ അവരുടെ ജാതിയെക്കുറിച്ച് സംസാരിക്കുന്നുണ്ടോ? ഇല്ല.

ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്ന വരവര റാവു. കടപ്പാട്: tribuneindia

മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് ജയിൽ ശിക്ഷാവ്യവസ്ഥയെക്കുറിച്ച് സംസാരിക്കാനുള്ള ഭാഷയിൽ മാറ്റങ്ങളുണ്ടാകുന്നില്ല എന്ന് തോന്നിയിട്ടുണ്ടോ?  വിചാരണ കാത്ത് വർഷങ്ങളോളം ജയിലിൽ കഴിയുന്നവരെ നമ്മൾ ഇപ്പോഴും ‘വിചാരണത്തടവുകാർ’ എന്നാണല്ലോ പറയുന്നത്. ഇതിനെ നിങ്ങളെങ്ങനെയാണ് നിരീക്ഷിക്കുന്നത്?

തടവുകാരെക്കുറിച്ച് പറയാൻ പൊതുവായി ഉപയോഗിക്കുന്ന ‘ഇൻമേറ്റ്’ എന്ന വാക്കിന്റെ ഉറവിടം നോക്കുമ്പോൾ, അത് മാനസികരോഗാശുപത്രികളുമായി ബന്ധപ്പെട്ടുള്ള വാക്കാണെന്ന് കാണാം. മാനസികരോഗാശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരെയാണ് ഇൻമേറ്റ് എന്ന് വിളിക്കുന്നത്. നമ്മൾ ഇന്നും ഈ വാക്ക് തടവുകാരെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു. ജയിൽ ഒരു കറക്ഷൻ സെന്ററല്ല. ഒരു വ്യക്തിയിൽ പരിവർത്തനമുണ്ടാക്കുവാനുള്ള സംവിധാനമാണെന്ന് പറയുമ്പോഴും ഒരാളെ മാനസികമായി തകർക്കുന്ന രീതിയിലാണ് ജയിൽ പ്രവർത്തിക്കുന്നത്. തുടക്കത്തിൽ ഞാനും ‘ഇൻമേറ്റ്’ എന്ന വാക്ക് ഉപയോഗിച്ചിരുന്നു, പിന്നീട് അതിന്റെ ഉറവിടമെന്താണ് എന്ന് മനസ്സിലാക്കിയപ്പോൾ ഉപയോഗിക്കാതെയായി. പല കാര്യങ്ങളും എഴുതാൻ എനിക്കിപ്പോഴും വാക്കുകൾ കിട്ടാറില്ല. രാഷ്ട്രീയ തടവുകാർ എന്ന പ്രയോഗത്തോട് എനിക്ക് പ്രശ്‌നങ്ങളുണ്ട്. ആ പ്രയോഗത്തോട് ഞാൻ തീർത്തും എതിരാണ്, അതിനോടുള്ള പ്രതികരണം എന്നെ സംബന്ധിച്ച് ഇപ്പോഴും രൂപപ്പെട്ടുവരുന്നതേയുള്ളൂ. ക്രിമിനലൈസ് ചെയ്യപ്പെട്ട ഗോത്രവിഭാഗങ്ങളെ നമ്മൾ എങ്ങനെയാണ് നോക്കുന്നത്? അവരുടെ സ്വത്വം കുറ്റവൽക്കരിക്കപ്പെട്ടത് അവർ ബ്രിട്ടീഷുകാരോട് ചെറുത്തുനിന്നതുകൊണ്ടാണ്. അവർ രാഷ്ട്രീയ തടവുകാർ അല്ലേ? എന്തുകൊണ്ടാണ് എപ്പോഴും രാഷ്ട്രീയ തടവുകാർ ഇടതുപക്ഷ ചായ്വുള്ളവർ തന്നെ ആകുന്നത്? ക്രിമിനലൈസ് ചെയ്യപ്പെട്ട ഗോത്രവിഭാഗത്തിൽ ജനിച്ച ഒരു വ്യക്തി സ്വത്വത്തിന്റെ പേരിൽ ആണ് കുറ്റവാളിയാക്കപ്പെടുന്നത്. ഡീനോട്ടിഫൈഡ് ഗോത്ര വിഭാഗത്തിലുള്ള ഒരു തടവുകാരനെ/തടവുകാരിയെ നമ്മൾ ‘പൊളിറ്റിക്കൽ പ്രിസണർ’ എന്ന് വിളിക്കാറുണ്ടോ? ഇത്തരം ചോദ്യങ്ങൾക്കൊന്നും എനിക്ക് ഉത്തരമില്ല. പക്ഷെ പൊളിറ്റിക്കൽ പ്രിസണർ എന്ന വാക്ക് ഉപയോഗിക്കപ്പെടുന്ന രീതി എന്നെ അസ്വസ്ഥമാക്കാറുണ്ട്. നമ്മൾ അതേപ്പറ്റി സംസാരിക്കുകയും ചർച്ച ചെയ്യുകയും തർക്കിക്കുകയും ചെയ്യേണ്ടതുണ്ട്.

എൽഗാർ പരിഷദ് കേസിലെ ഒരു അന്വേഷണ ഉദ്യോഗസ്ഥൻ പറയുകയുണ്ടായി ഭീമ കൊറേഗാവ് ആക്രമണങ്ങളും എൽഗാർ പരിഷദ് പരിപാടിയുടെ സംഘാടനവും തമ്മിൽ ഒരു ബന്ധവും ഇല്ലെന്ന്. ഈ പ്രസ്താവന എവിടെയെങ്കിലും എൽഗാർ പരിഷദ് കേസിന് സഹായകമാകുമോ?

അന്വേഷണ ഉദ്യോഗസ്ഥനായ ഗോപാൽ മോറെയാണ് ഇക്കാര്യം രണ്ടംഗ അന്വേഷണ കമ്മിഷനിൽ മൊഴി നൽകിയത്. പക്ഷെ അത്തരം കമ്മിഷനുകൾക്ക് വലുതായൊന്നും ചെയ്യാൻ കഴിയില്ല. ക്ഷുഭിതമായ പൊതുജന സമൂഹത്തെ സമാധാനിപ്പിക്കുന്നതിനായി രൂപീകരിക്കുന്ന സ്റ്റേറ്റ് സംവിധാനങ്ങളാണ് ഇത്തരം കമ്മിഷനുകൾ. ഭൂരിഭാഗം കമ്മീഷൻ റിപ്പോർട്ടുകളും സ്റ്റേറ്റ് അംഗീകരിക്കാറില്ല. 2018ലാണ് ഈ കമ്മിഷൻ രൂപീകരിച്ചത്. 2023 ആയിട്ടും ഈ കമ്മിഷൻ ആളുകളുടെ മൊഴിയെടുത്തുകൊണ്ടിരിക്കുകയാണ്. ഈ അന്വേഷണ ഉദ്യോഗസ്ഥൻ ജുഡീഷ്യൽ കമ്മിഷന് മുന്നിൽ പറയുന്നതെല്ലാം വിചാരണ കോടതിയിൽ തെളിവായി ഉപയോഗിക്കാൻ കഴിയില്ല. ഇതെല്ലാം സ്വന്തം സത്യവാങ്മൂലത്തിൽ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സത്യവാങ്മൂലം ഡിഫൻസിന് ഉപയോഗിക്കാൻ കഴിയും, പക്ഷേ അത് സാധാരണയായി സംഭവിക്കാറില്ല. ഇതെല്ലാം ചർച്ച ചെയ്യപ്പെടേണ്ട പ്രശ്‌നങ്ങളാണ്. ഈ അന്വേഷണ ഉദ്യോഗസ്ഥനെ പ്രതിഭാഗത്തിന് കോടതിയിൽ സാക്ഷിയായി കൊണ്ടുവരാൻ കഴിയും, കമ്മീഷനുമുന്നിൽ സമർപ്പിച്ച സത്യവാങ്മൂലത്തെക്കുറിച്ച് ചോദ്യം ചെയ്യാൻ കഴിയും. അതിന് വലിയ പ്രാധാന്യമുണ്ട്, പക്ഷേ വിചാരണ തുടങ്ങണം. ഫാദർ സ്റ്റാൻ സ്വാമിയുടെ മരണത്തിന് സ്റ്റേറ്റ് ആണ് ഉത്തരവാദി. അന്ന് കോവിഡ് കാരണം കോടതികൾ ഓൺലൈൻ ആയിരുന്നു. സ്വന്തം ദിവസങ്ങളുടെ അവസാനമായെന്ന് തിരിച്ചറിഞ്ഞ ആ മനുഷ്യൻ അന്ന് വളരെ നിസ്സഹായനായിരുന്നു. അദ്ദേഹം അർഹിച്ചിരുന്ന അന്തസ്സോടെയുള്ള അന്ത്യം ഭരണകൂടം നിഷേധിക്കുകയാണ് ചെയ്തത്. സ്റ്റാൻ സ്വാമിയെ ആശുപത്രിയിലേക്ക് മാറ്റാൻ സ്റ്റേറ്റിന് നിർദ്ദേശിക്കാമായിരുന്നു. ഒരു സിപ്പറിന് വേണ്ടി പോലും സ്റ്റാൻ സ്വാമിക്ക് യാചിക്കേണ്ടിവന്നിരുന്നു. കോവിഡ് കാലത്ത് ജയിലിൽ ആത്മഹത്യ ചെയ്ത തടവുകാരുടെ എണ്ണം വളരെ കൂടുതലാണ്. വീടുകൾക്കകത്തെങ്കിലും ചലന സ്വാതന്ത്ര്യമുണ്ടായിരുന്ന നമുക്കുപോലും കോവിഡ് ലോക്ഡൗൺ എത്ര ബുദ്ധിമുട്ടായിരുന്നു. വരവരറാവുവിന് അന്ന് ജാമ്യം ലഭിച്ചില്ലായിരുന്നെങ്കിൽ റാവുവിന്റെ ആരോഗ്യവും ജയിലിൽ തകർക്കപ്പെടുമായിരുന്നു. പുറത്തേക്ക് കൊണ്ടുവന്നപ്പോൾ നമ്മൾ കണ്ടതാണ് അദ്ദേഹത്തിന്റെ അവസ്ഥ.

സാഗർ ഗോർഖെ

കബീർ കലാമഞ്ച് പ്രവർത്തകരുടെ അറസ്റ്റ് ഈ അറസ്റ്റുകളിൽ അവസാനം സംഭവിച്ചവയാണ്. അവരുടെ അറസ്റ്റുകൾക്ക് വേണ്ടത്ര ശ്രദ്ധ കിട്ടിയിട്ടില്ലാത്തത് എന്തുകൊണ്ടാണ്?

വലിയ ശബ്ദത്തിൽ അത് മുങ്ങിപ്പോകുകയാണ് ചെയ്തത്. കബീർ കലാമഞ്ചിലെ സാഗർ ഗോർഖെയിലോ ജ്യോതി ജഗ്തപിലോ വ്യക്തിപരമായി നമ്മൾ ശ്രദ്ധ പതിപ്പിച്ചിട്ടില്ലായിരുന്നു. ഇവരുടെ അറസ്റ്റുകളെക്കുറിച്ച് ഞാൻ റിപ്പോർട്ട് ചെയ്തിരുന്നു, മറ്റു പലരും ചെയ്തു. പക്ഷെ പതിമൂന്ന് അറസ്റ്റുകൾ അതിനകം സംഭവിച്ചതായതുകൊണ്ട് ഈ അറസ്റ്റുകളുടെ ദൃശ്യത ചുരുങ്ങി. എൽഗാർ പരിഷദിന്റെ സംഘാടനത്തിൽ കബീർ കലാമഞ്ചും ഉണ്ടായിരുന്നു. സുധീർ ധവാലെക്കൊപ്പം കബീർ കലാമഞ്ചിലെ കലാപ്രവർത്തകരും പങ്കുചേർന്നിരുന്നു. ആദ്യത്തെ എഫ്‌ഐആറിൽ അവരിൽ നാലുപേർ ഉൾപ്പെട്ടിരുന്നു. മൂന്ന് പേരാണ് ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടത്. മുപ്പതുകളിലുള്ള യുവാക്കളാണ് അവർ. വളരെ ധൈര്യശാലികളായവർ. ബോംബെയിൽ സജീവമായി കലാപ്രവർത്തനം നടത്തിയ പാട്ടുകാർ. സാഗർ ഗോർഖെയുടെ എഴുത്തുകൾ ഹൃദയം തുളയ്ക്കുന്നവയാണ്. ശീതൾ സാത്തെയും സച്ചിൻ മാലിയും കബീർ കലാമഞ്ചിൽ നിന്നും വിട്ടുപോവുകയുണ്ടായി. കബീർ കലാമഞ്ചിന് സി.പി.ഐ മാവോയിസ്റ്റ് പാർട്ടിയുമായി ബന്ധമുണ്ടെന്നാണ് ആരോപിക്കപ്പെടുന്നത്. പക്ഷെ, കബീർ കലാമഞ്ചിലെ അംഗങ്ങൾ സംഘടന വിട്ടുപോയി മറ്റേതെങ്കിലും അംബേദ്കറൈറ്റ് സംഘടനയിലോ ബുദ്ധിസ്റ്റ് സംഘടനയിലോ ചേർന്നിരുന്നെങ്കിലും അവർ ടാർഗറ്റ് ചെയ്യപ്പെടുമായിരുന്നു, കാരണം അവർ സംസാരിച്ച ഭാഷയുമായി ഭരണകൂടത്തിന് ഒരിക്കലും സമരസപ്പെടാൻ കഴിയില്ല. ആദ്യമായി കബീർ കലാമഞ്ചിനെ ടാർഗറ്റ് ചെയ്തത് കോൺഗ്രസ് സർക്കാർ ആണ്. കോൺഗ്രസ് ചെയ്തതിന്റെ തുടർച്ചയാണ് ബി.ജെ.പി ചെയ്യുന്നത്.

ഭീമ കൊറേ​ഗാവ് കേസിൽ അറസ്റ്റിലായവർ. കടപ്പാട്: the wire

ഈ കേസുകൾ റിപോർട്ട് ചെയ്യുന്നതിൽ നിങ്ങൾ നേരിട്ട വെല്ലുവിളികൾ എന്തൊക്കെയാണ്?

സ്‌റ്റേറ്റിന്റെ നിരീക്ഷണത്തിലാകുക എന്നതാണ് ഞാൻ നേരിട്ട പ്രധാന വെല്ലുവിളി. പെഗാസസ് കൂടാതെ മറ്റൊരു മാൽവെയർ കൂടി ഈ കേസിൽ ഉൾപ്പെട്ടവർക്കെതിരെ ഉപയോഗിച്ചിട്ടുള്ളതായി ആംനസ്റ്റി ഇന്റർനാഷണലിന്റെ ഒരു റിപ്പോർട്ട് പുറത്തുവന്നിരുന്നു. കുറ്റാരോപിതർക്കെതിരെ ഉപയോഗിച്ച ആ മാൽവെയർ എനിക്കെതിരെയും ഉപയോഗിച്ചിട്ടുണ്ട്. എന്റെ ഇമെയിൽ ഫോറൻസിക് പഠനത്തിനായി അയച്ചുകൊടുക്കുകയും എന്തുതരം മാൽവെയർ ആണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. വളരെ ചെറിയ പ്രായത്തിൽ, ഇന്ത്യൻ എക്‌സ്പ്രസിൽ ജോലി ചെയ്യുന്ന സമയത്ത് എന്റെ റിപ്പോർട്ടിംഗ് ജാതിവിരുദ്ധ സ്വഭാവമുള്ളതായിരുന്നു. വ്യക്തിപരമായി ചൂഴ്ന്നുനോക്കാനുള്ള ഒരാളാണ് ഞാനെന്ന് അന്നൊന്നും സ്‌റ്റേറ്റിന് തോന്നിയിട്ടില്ല. എന്റേത് അംബേദ്കറൈറ്റ് രാഷ്ട്രീയമാണ്, ഞാൻ ഇടതുപക്ഷത്തെ വളരെ വിമർശനാത്മകമായി നോക്കുന്നയാളാണ്. ഞാൻ ഈ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് അംബേദ്കറൈറ്റ് കാഴ്ചപ്പാടിലും ഇത് റിപ്പോർട്ട് ചെയ്യുക പ്രധാനമാണ് എന്നതുകൊണ്ടുമാണ്. ബ്രാഹ്മണ വിരുദ്ധരായ എല്ലാവരെയും ഭരണകൂടം ശത്രുവായിട്ടാണ് കാണുന്നത്. അതെന്നെ ഭയപ്പെടുത്തിയിട്ടുണ്ട്. ക്രിമിനലൈസ് ചെയ്യപ്പെടുന്നതിനെ വല്ലാതെ ഭയക്കുന്ന ഒരാളാണ് ഞാൻ. ഞാൻ ജോലി ചെയ്യുന്ന സ്ഥാപനം എനിക്ക് നൽകുന്ന പിന്തുണയും പ്രധാനമാണ്. സിദ്ദീഖ് കാപ്പൻ എന്ന മാധ്യമപ്രവർത്തകന് അത്തരം പിന്തുണയുടെ പിൻബലം ഉണ്ടായിട്ടില്ല. ദ വയറിൽ ആയിരുന്നെങ്കിൽ സിദ്ദീഖ് കാപ്പന് അത് ലഭിക്കുമായിരുന്നു.

ഇന്ത്യൻ എക്‌സ്പ്രസിൽ ഞാൻ ജുഡീഷ്യറിയും കേന്ദ്ര ഏജൻസികളുമാണ് കവർ ചെയ്തിരുന്നത്. കോടതിക്ക് പുറത്തുള്ള ചില കേസുകളും ഞാൻ റിപ്പോർട്ട് ചെയ്യാൻ പോകാറുണ്ടായിരുന്നു. മാവോയിസ്റ്റ് മുന്നേറ്റം ശക്തമായ ഗഡ്ചിറോളിയിൽ ഞാൻ റിപ്പോർട്ടിങ്ങിനായി പോയിട്ടുണ്ട് അപ്പോഴെല്ലാം എന്നെ നക്‌സലൈറ്റ് എന്ന് വിളിക്കുകയായിരുന്നു പതിവുരീതി. ഞാനവിടെ പോകാൻ താൽപര്യം കാണിക്കുന്നതുകൊണ്ട് മാത്രമായിരുന്നു ഈ പ്രൊഫൈലിങ്. എന്തെങ്കിലും ഒരു രാഷ്ട്രീയ ചായ്‌വോ താൽപര്യമോ ഇല്ലാതെ ഒരാൾ അങ്ങനെയൊരിടത്തേക്ക് പോകില്ല എന്നതാണ് അവരുടെ മനസ്സിലാക്കൽ. ലിബറൽ പക്ഷത്ത് നിൽക്കുന്ന ആളുകളാണ് ഇവരെല്ലാം.

സുകന്യ ശാന്ത

നിങ്ങൾ നിരീക്ഷിക്കപ്പെടുന്നു എന്ന് എങ്ങനെയാണ് മനസ്സിലായത്?

ഒരുദിവസം എനിക്കൊരു ഇമെയിൽ കിട്ടി. 2019ൽ പെഗാസസിനെ കുറിച്ചുള്ള വാർത്ത വന്ന ശേഷം എൽഗാർ കേസിലെ അഭിഭാഷകരെ കുറിച്ച് ഞങ്ങൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങി. നിഹാലിനെ കുറിച്ചാണ് ഞാൻ ആദ്യം റിപ്പോർട്ട് ചെയ്തത്. ആ സമയത്ത് ഛത്തീസ്ഗഢ് ജഗ്ദൽപൂരിലെ ശാലിനി ഗേര എന്ന അഭിഭാഷകയുമായി സംസാരിക്കുന്നതിനിടെ ഞാനീ ഇമെയിലിനെ കുറിച്ച് സൂചിപ്പിച്ചു. ശാലിനിയും അത്തരത്തിലൊരു ഇമെയിൽ കിട്ടിയതായി അറിയിച്ചു. അവർ ആ ഇമെയിൽ എനിക്കയച്ചു. ജഗ്ദൽപൂർ കോടതിയിൽ നിന്നും വാറണ്ട് ഉണ്ട് എന്നതായിരുന്നു ശാലിനിക്ക് കിട്ടിയ മെയിൽ. എന്റെ ഇമെയിൽ പറയുന്നത് സിംഹഗഢ് പൊലീസ് സ്റ്റേഷനിൽ ഒരു വനിതാ ജേണലിസ്റ്റിനെ സ്റ്റേഷൻ ഹൗസ് ഓഫീസർ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു. പായൽ ശാസ്ത്രി എന്നാണ് റിപ്പോർട്ടറുടെ പേര്. അതോടൊപ്പം അറ്റാച്ച്‌മെന്റും ഉണ്ടായിരുന്നു. ഇരയുടെ ടെസ്റ്റിമണി കൂടെ ചേർക്കുന്നു എന്നു പറഞ്ഞൊരു മെയിൽ വരുമ്പോൾ സ്വാഭാവികമായും അതിൽ ക്ലിക് ചെയ്യും. ഞാൻ ഫോണിൽ ആ അറ്റാച്ച്‌മെന്റ് ക്ലിക് ചെയ്തു, ഫോണിലത് ഓപ്പണായില്ല. ലാപ്‌ടോപിലും നോക്കി. അവസാനം ഈ ഫോണും ലാപ്‌ടോപ്പും എനിക്ക് കളയേണ്ടിവന്നു. എട്ടോളം പേർക്ക് സമാനമായ ഇമെയിലുകൾ വന്നു. ദില്ലി യൂണിവേഴ്‌സിറ്റി പ്രൊഫസർ പി.കെ വിജയനും മെയിൽ കിട്ടി. ഇതെല്ലാം കളക്ട് ചെയ്ത് ഞങ്ങൾ ആംനെസ്റ്റി ഇന്റർനാഷണലിന് അയച്ചു. രണ്ട് മാസത്തിന് ശേഷം അവർ നമുക്ക് ഈ മാൽവെയറിനെ കുറിച്ച് വിവരങ്ങൾ നൽകി. ഓരോരുത്തർക്കും പ്രത്യേകം ഉള്ളടക്കത്തോടെയാണ് മെയിലുകൾ വന്നത്. പി.കെ വിജയന് ഹാനിബാബുവുമായി ഉള്ള അടുപ്പം കാരണമാണ് മെയിൽ വന്നത്. എല്ലാത്തിലും ഒരു പാറ്റേൺ കണ്ടെത്താൻ ഞങ്ങൾക്ക് കഴിഞ്ഞു. സിറ്റിസൺ ലാബും ആഴ്‌സണൽ കൺസൾട്ടിംഗും ഇത് പരിശോധിച്ചപ്പോൾ ‘നെറ്റ്‌വയർ’ എന്ന മാൽവെയർ ആണ് ഉപയോഗിച്ചതെന്ന് മനസ്സിലായി. വളരെ വില കുറഞ്ഞ മാൽവെയറാണിത്, നമ്മുടെ എല്ലാ വിവരങ്ങളും ചോർത്തും. സ്റ്റാൻ സ്വാമിയുടെ ലാപ്‌ടോപിലും ഹാനി ബാബുവിന്റെ ലാപ്‌ടോപിലും ഇത് തന്നെയാണ് ഉപയോഗിച്ചത്. 2017ലാണ് റോണാ വിൽസണിന്റെ കംപ്യൂട്ടറിൽ ഇതുപയോഗിച്ചത്. റോണയാണ് ഇതിന്റെ ആദ്യ ഇര. എനിക്ക് 2019ലാണ് മെയിൽ വന്നത്, എൽഗാർ പരിഷദ് കേസ് റിപ്പോർട്ട് ചെയ്തതുകൊണ്ട് മാത്രം. വളരെ അദൃശ്യമായി എന്റെ ജോലി ചെയ്യാന്‍ മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. 

Also Read

20 minutes read June 12, 2023 4:07 pm