ദന്തേവാഡയിലെ ജൈവകൃഷി വിപ്ലവം

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

കർഷകരുടെ കൂട്ടായ തീരുമാനവും നിശ്ചയദാർഢ്യവും അതിന് പിന്തുണ നൽകിയ ജില്ലാ അഡ്മിനിസ്ട്രേഷനും ചേർന്ന് ഒരു ജില്ല മുഴുവൻ ജൈവകൃഷിയിലേക്ക് മാറ്റിയിരിക്കുന്നു. ജില്ലയുടെ പേര് ദന്തേവാഡ. കുറച്ച് കാലം മുമ്പ് സൈന്യവും നക്സലൈറ്റുകളും തമ്മിലുള്ള ഏറ്റുമുട്ടലുകളുടെ വാർത്ത പതിവായിരുന്ന ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ല ജൈവകൃഷിയുടെ പാത തെരഞ്ഞെടുത്തിട്ട് എട്ട് വർഷം തികയുകയാണ്. ഈ കാലത്തിനിടയിൽ 80,000 ഹെക്ടർ പിന്നിട്ട് കേന്ദ്ര സർക്കാരിന്റെ ലാർജ് ഏരിയ ജൈവ സർട്ടിഫിക്കേഷൻ അംഗീകാരം നേടിയിരിക്കുകയാണ് ജൈവകൃഷി. അങ്ങനെ ഇത് രാജ്യത്തെ ഏറ്റവും വലിയ ജൈവകൃഷി മേഖലയായി മാറുകയും ചെയ്തിരിക്കുന്നു.

ജില്ലയിൽ മൊത്തം 227 ഗ്രാമങ്ങളാണ് ഉള്ളത്. അതിൽ 110 ഗ്രാമങ്ങളിലായി 65,000 ഹെക്ടർ മേഖല ജൈവകൃഷി ഒന്നിച്ചാണുള്ളത്. ബാക്കി 117  ഗ്രാമങ്ങളും പരിവർത്തനത്തിന്റെ പാതയിലാണ്. അവയും പതിയെ ജൈവകൃഷിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. കാടും കാർഷിക ആവാസവ്യവസ്ഥ കൊണ്ടും സമ്പന്നമായ ഛത്തീസ്ഗഡിലെ ദന്തേവാഡ 2016 മുതലാണ് ജൈവകൃഷി പിന്തുടരാൻ തുടങ്ങുന്നത്. 24,000 കുടുംബങ്ങളാണ് ഇവിടെ ജൈവകൃഷി സ്വീകരിച്ചിരിക്കുന്നത്. ദന്തേവാഡ ജില്ലാ അഡ്മിനിഷ്ട്രേഷന്റെ സഹായത്തോടു കൂടി ‘ഭൂംഗാദി’ എന്ന കർഷക കൂട്ടായ്മയാണ് ഇതിന് നേതൃത്വം നൽകുന്നത്. 2016 ൽ ജില്ലാ കലക്ടറായിരുന്ന കെ സി ദേവസേനാപതി ജൈവകൃഷിക്കാവശ്യമായ എല്ലാ സഹായ സഹകരണങ്ങളും ഉറപ്പ് വരുത്തി. രാസകീടനാശിനികൾ വിൽക്കുന്നത് ജില്ലാ അഡ്മിനിസ്ട്രേഷൻ പൂർണമായും നിരോധിച്ചു. രാസവളങ്ങൾക്ക് പകരം ജൈവവളങ്ങൾ ഉണ്ടാക്കാനുള്ള എല്ലാവിധ പ്രോത്സാഹനവും സഹായവും നൽകി. 

നെല്ല് കൃഷിയിലേർപ്പെട്ടിരിക്കുന്ന സ്ത്രീകൾ, കടപ്പാട്: Bhoomgaadi

‘ഭൂംഗാദി’: മണ്ണിന്റെ ഉത്സവം

‘ഭൂംഗാദി’ എന്നാൽ മണ്ണിന്റെ ഉൽസവം എന്നാണ് അർത്ഥം. കാടും മണ്ണും മനുഷ്യനും ജീവജാലങ്ങളുമെല്ലാം ഇവിടെ ഉല്ലാസത്തിലാണ്. കർഷകർ രാസവളങ്ങളോ കീടനാശിനികളോ, കളനാശിനികളോ, കുമിൾനാശിനികളോ ഒന്നും ഉപയോഗിക്കുന്നില്ല. നാടൻ വിത്തുകളാണ് കൂടുതലും ഉപയോഗിക്കുന്നത്. നീംഫൂൽ, ജാവാഫൂൽ, ലോക്ടിമാച്ചി, ലാൽ ആചാരി, സഫാരിചൂഢി, ഹർദിഗാഢി ഇങ്ങനെ 150 ലേറെ നെല്ലിനങ്ങൾ മാത്രം ഇവിടെ കൃഷി ചെയ്യുന്നുണ്ട്. മിക്ക കർഷകരും സുഗന്ധനെല്ലിനങ്ങളാണ് കൃഷി ചെയ്യുന്നത്. പാടവരമ്പുകളിലൂടെ നടക്കുമ്പോൾ കാറ്റിലൂടെയൊഴുകുന്ന നെല്ലിൻ സുഗന്ധം നമുക്കാസ്വദിക്കാൻ കഴിയും. നാടൻ വിത്തുകളായതുകൊണ്ട് തന്നെ കീടരോഗങ്ങൾ വളരെ കുറവാണ്. ജൈവകൃഷിയിലേക്ക് മാറിയിട്ടും വിളവിന് കുറവൊന്നുമില്ല.

മിക്കവാറും എല്ലാ കർഷകർക്കും നാടൻ പശുക്കളുണ്ട്. കൂടാതെ ആടുകളെയും കോഴികളെയും വളർത്തുന്നുണ്ട്. ഇതിന്റെയൊക്കെ ചാണകവും, കാഷ്ഠവും മൂത്രവുമൊക്കെ വളത്തിനായി ഉപയോഗിക്കുന്നു. ചാണകവും ഗോമൂത്രവുമൊക്കെ ഉപയോഗിച്ച് ജീവാമൃതവും, ബീജാമൃതവും അഞ്ചിലകീടവിരട്ടിയും പോലെയുള്ള വളക്കൂട്ടുകളുണ്ടാക്കി വിളകൾക്ക് മേൽ തളിക്കുന്നു. വിവിധ മരങ്ങളുടെ തോലുകൾ വെട്ടി വളമായി ഉപയോഗിക്കുന്നു. നെല്ല്, മാവ്, ചെറുധാന്യങ്ങൾ, പച്ചക്കറികൾ, നാടൻ കിഴങ്ങുവർഗ്ഗങ്ങൾ, പയറുവർഗ്ഗങ്ങൾ ഒക്കെയാണ് മുഖ്യ വിളകൾ.
അവരവർക്കാശ്യമായ ഭക്ഷ്യവിളകൾ സംഭരിച്ചുവച്ച ശേഷം മിച്ചം വരുന്നത് മാത്രമാണ് വിൽക്കുന്നത്. ഹരിതവിപ്ലവത്തെ തുടർന്ന് ഇല്ലാതായ സമ്മിശ്ര കൃഷിയിലൂടെയുള്ള സ്വയം പര്യാപ്തതയുടെ കാർഷിക പാഠങ്ങൾ നമുക്കിവിടെ നിന്നും പഠിക്കാം.

ഇവിടുത്തെ മറ്റൊരു പ്രത്യേകത പാടങ്ങളിൽ കാണാൻ കഴിയുന്ന മരങ്ങളാണ്. മാവ്, പുളി, മെഹുവ, താന്നി ഇങ്ങനെ വലിയ മരങ്ങൾ പാടത്ത് പലയിടങ്ങളിലുമുണ്ട്. ഇതിൽ നിന്നൊക്കെ കിട്ടുന്ന ഫലങ്ങൾ ശേഖരിച്ച് വിൽക്കുന്നു. ഇതൊരു പ്രധാന വരുമാനമാണ്. കൂടാതെ മരത്തിന്റെ ഇലകൾ വീണ് മണ്ണിനെ ഉർവരതയുള്ളതാക്കുന്നു. കാടിനോട് ചേർന്ന് നിൽക്കുന്ന താഴ്വാരങ്ങളും അതിന് താഴെയുള്ള കൃഷിയിടങ്ങളും കൃഷിയിടങ്ങൾക്കുള്ളിലെ മരങ്ങളും ഗ്രാമങ്ങളെ മനോഹരമാക്കുന്നു. 

കൃഷിക്കാവശ്യമായ ജൈവവള നിർമ്മാണം, കടപ്പാട്: Bhoomgaadi

ദന്തേവാഡയിൽ 80 ശതമാനവും ആദിവാസി വിഭാങ്ങളാണ്. ഇതിൽ പ്രധാന വിഭാഗങ്ങളാണ് മാഡിയ, മുറിയ, ഹൽബ എന്നിവർ. മിക്കവാറും എല്ലാവർക്കും ഭൂമിയുണ്ട്. കൃഷിയും വനവിഭവങ്ങളും കൊണ്ട് ജീവിതവൃത്തി കഴിഞ്ഞു പോകുന്നു. കുടുംബാംഗങ്ങളെല്ലാം കൃഷിപണികളിൽ ചേരുന്നു എന്നതാണ് മറ്റൊരു കൗതുകം. നടുമ്പോഴും കള പറിക്കുമ്പോഴും വിളവെടുക്കുമ്പോഴുമെല്ലാം കുടുംബാംഗങ്ങൾ ഒത്തുചേരുന്നു. പാടങ്ങളിൽ കുട്ടികളെയും ചെറുപ്പക്കാരെയും മുതിർന്നവരെയെല്ലാം കാണാം. 

കാർഷിക ഉൽപന്നങ്ങൾ ന്യായവില നൽകി ഭൂംഗാദി സംഭരിക്കുന്നു. ഉൽപന്നങ്ങൾ സംഭരിക്കാൻ ഭൂംഗാദിക്ക് വാഹനങ്ങളുണ്ട്. എല്ലാ ആഴ്ചയും ഈ വാഹനം കർഷകരുടെ കൃഷിയിടങ്ങളിലെത്തി ഉൽപന്നങ്ങൾ സംഭരിക്കുന്നു. ശേഷം ഇത് ദന്തേവാഡയിലെ ഭൂംഗാദിയുടെ പ്രോസസ്സിംഗ് സെന്ററിലെത്തിക്കുന്നു. ഇവിടെ നിന്ന് വിവിധ മൂല്യവർദ്ധിത ഉൽപന്നങ്ങളാക്കി മാറ്റി രാജ്യത്തിന്റെ പലഭാഗങ്ങളിലേക്ക് അയക്കുന്നു. കൂടാതെ ഭൂംഗാദിയുടെ നേതൃത്വത്തിൽ ദന്തേവാഡയിൽ ഒരു ജൈവഭക്ഷണശാലയും പ്രവർത്തിക്കുന്നുണ്ട്.

ദന്തേവാഡയിലെ ‘ഭൂംഗാദി’ പ്രവർത്തകർക്കൊപ്പം ലേഖകൻ.

സർക്കാർ കൂടാതെ വിവിധ തരം സംഘടനകളും ജൈവകൃഷിക്ക് ആവശ്യമായ പരിശീലനങ്ങളും സഹായവും നല്‍കുന്നുണ്ട്. ഹൈദരാബാദിലെ ‘നിർമാൺ’ എന്ന സംഘടന ജൈവകൃഷിക്കാവശ്യമായ എല്ലാവിധ സാങ്കേതിക സഹായങ്ങളും നൽകുന്നു. നിർമാൺ എന്ന സംഘടനയുടെ ഭാഗമായി 2016ൽ ആണ് ആകാശ് ബഡാവെ ഭൂംഗാദി രൂപീകരിക്കുന്നതിന് ചുക്കാൻ പിടിച്ചത്. ഒപ്പം ശശാങ്ക് ഗുവലാനി, കലംസിങ്ങ് നാഗ്, ജസ്വീന്ദർ, മനീഷർ പ്രധാൻ, സുരേഷ് കുമാർനാഗ്, ഉദയ്നാഗ് എന്നിവരും ഭൂംഗാദിക്ക് നേതൃത്വം നല്കുന്നു. മലയാളി കൂടിയായ ജേക്കബ് നെല്ലിത്താനം നാടൻവിത്ത് സംരക്ഷണത്തിനും SRI മോഡൽ കൃഷിക്കും കർഷകർക്ക് പരിശീലനങ്ങൾ നൽകുന്നുണ്ട്. കൃത്യമായ നയവും സാങ്കേതിക സഹായങ്ങളും സംഭരണ സംവിധാനങ്ങളും ഉണ്ടെങ്കിൽ ജൈവകൃഷിയിലൂടെയും വരുമാനമുണ്ടാക്കാൻ കഴിയുമെന്ന് തെളിയിക്കുകയാണ് ദന്തേവാഡ.

(ഓർ​ഗാനിക് ഫാമിം​ഗ് അസോസിയേഷൻ ഓഫ് ഇന്ത്യ(ofai)യുടെ ദേശീയ പ്രസിഡന്റ് ആണ് ലേഖകൻ.)

Also Read

3 minutes read December 13, 2024 3:36 pm