Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
“അമ്മമാരേ, സഹോദരിമാരേ… ഈ ‘അർബൻ നക്സൽ’ ചിന്താഗതിക്കാർ, അവർ നിങ്ങളുടെ താലി പോലും ഒഴിവാക്കില്ല. അവർ ആ നില വരെ പോകും. കോൺഗ്രസ് അവരുടെ പ്രകടനപത്രികയിൽ പറയുന്നത്, അവർ അമ്മമാരുടെയും സഹോദരിമാരുടെയും പക്കലുളള സ്വർണ്ണത്തിന്റെ വിവരങ്ങൾ ശേഖരിച്ച് അത് വിതരണം ചെയ്യും. അവർ അത് ആർക്ക് വിതരണം ചെയ്യും? മൻമോഹൻ സിങ്ങിൻ്റെ സർക്കാർ പറഞ്ഞിരുന്നത് രാജ്യത്തിൻ്റെ സ്വത്തിൽ ആദ്യ അവകാശം മുസ്ലീങ്ങൾക്കാണ് എന്നാണ്. അത് നുഴഞ്ഞുകയറ്റക്കാർക്ക് വിതരണം ചെയ്യും. നിങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ച പണം നുഴഞ്ഞുകയറ്റക്കാർക്ക് പോകണോ? നിങ്ങൾ ഇത് അംഗീകരിക്കുന്നുണ്ടോ? നിങ്ങൾക്കിത് സ്വീകാര്യമാണോ? നിങ്ങൾ കഠിനാധ്വാനത്തിലൂടെ സമ്പാദിച്ച നിങ്ങളുടെ സ്വത്ത് കണ്ടുകെട്ടാൻ സർക്കാരുകൾക്ക് അവകാശമുണ്ടോ? നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും കയ്യിലുള്ള സ്വർണം പ്രദർശിപ്പിക്കാൻ വേണ്ടിയുള്ളതല്ല; അത് അവരുടെ ആത്മാഭിമാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. അവരുടെ താലിയുടെ മൂല്യം സ്വർണ്ണത്തിലോ അതിൻ്റെ വിലയിലോ അല്ല, മറിച്ച് അവളുടെ ജീവിതത്തിലെ സ്വപ്നങ്ങളുമായി ബന്ധപ്പെട്ടതാണ്. എന്നിട്ടും നിങ്ങൾ അത് തട്ടിയെടുക്കുന്നതിനെക്കുറിച്ചാണോ പറയുന്നത്?”
രാജസ്ഥാനിലെ ബൻസ്വാഡയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിലെ വാചകങ്ങളാണിവ. 2006ൽ സച്ചാർ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് മൻമോഹൻ സിങ് നടത്തിയ പരാമർശം മുസ്ലീം പ്രീണനമായി വ്യാഖ്യാനിച്ചായിരുന്നു മോദിയുടെ പ്രകോപന പ്രസംഗം. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞതിന്റെ ഒരുഭാഗം മാത്രം അടർത്തിയെടുത്ത് പ്രചരണത്തിൽ ഉപയോഗിക്കുകയായിരുന്നു പ്രധാനമന്ത്രി.
മൻമോഹൻ സിങ് പറഞ്ഞതിന്റെ പൂർണരൂപം ഇങ്ങനെ:
“നമ്മുടെ കൂട്ടായ മുൻഗണനകൾ വ്യക്തമാണ് എന്ന് കരുതുന്നു: കൃഷി, ജലസേചനം, ജലസ്രോതസ്സുകൾ, ആരോഗ്യം, വിദ്യാഭ്യാസം, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾക്ക് വേണ്ടിയുള്ള അടിയന്തരമായ നിക്ഷേപം, പൊതു അടിസ്ഥാന സൗകര്യങ്ങൾക്ക് അത്യാവശ്യം വേണ്ടുന്ന പൊതു നിക്ഷേപ ആവശ്യങ്ങൾ- പട്ടികജാതി/പട്ടികവർഗ ജനവിഭാഗങ്ങളുടെയും മറ്റു പിന്നോക്ക ജനവിഭാഗങ്ങളുടെയും ന്യൂനപക്ഷ വിഭാഗങ്ങളുടെയും സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾക്കൊപ്പം എസ്.സി/എസ്.ടി ജനവിഭാഗങ്ങൾക്ക് വേണ്ടിയുള്ള അനുബന്ധ പദ്ധതികൾ മെച്ചപ്പെടുത്തേണ്ടതാണ്. വികസനത്തിന്റെ ഗുണഫലങ്ങൾ തുല്യമായി അനുഭവിക്കാൻ കഴിയുന്ന രീതിയിൽ മുസ്ലീം ന്യൂനപക്ഷ ജനത ശാക്തീകരിക്കപ്പെടണം. അത് ഉറപ്പാക്കുന്ന തരത്തിലുള്ള പദ്ധതികൾ നമ്മൾ രൂപപ്പെടുത്തിയെന്ന് ഉറപ്പുവരുത്തണം. വിഭവങ്ങളുടെ പ്രാഥമിക അവകാശം അവർക്കായിരിക്കണം. കേന്ദ്രത്തിന് മറ്റനേകം ഉത്തരവാദിത്തങ്ങളുണ്ട്, വിഭവ ലഭ്യതയുടെ ആകമാനമുള്ള പരിധിയിൽ ഉൾപ്പെടുത്തേണ്ട നിരവധി ഉത്തരവാദിത്തങ്ങൾ വേറെയുമുണ്ട്.”
ഇതാണ് മൻമോഹൻ സിങ് പറഞ്ഞത്. വിഭവങ്ങൾക്കുമേൽ പ്രാഥമിക അവകാശമുണ്ടായിരിക്കേണ്ടത് മേൽപറഞ്ഞ എല്ലാ മുൻഗണനാ വിഭാഗങ്ങൾക്കും ആണ് എന്ന് അദ്ദേഹം വിശദീകരിക്കുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇതാദ്യമായല്ല മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ പ്രസ്താവനയെ തെരഞ്ഞെടുപ്പ് റാലിയിൽ വിദ്വേഷ പ്രചരണത്തിനായി ഉപയോഗിക്കുന്നത്. ‘ലവ് ജിഹാദ് ആൻഡ് അദർ ഫിക്ഷൻസ്’ എന്ന ശ്രീനിവാസൻ ജെയ്ൻ, മറിയം അലവി, സുപ്രിയ ശർമ എന്നീ മാധ്യമപ്രവർത്തകർ ചേർന്നെഴുതിയ പുസ്തകത്തിലെ ‘മുസ്ലീം പ്രീണനം’ എന്ന അധ്യായത്തിൽ, 2017ലെ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലും സമാനമായ വിവാദ പ്രസ്താവന നടത്തിയതായി പറയുന്നുണ്ട്.
‘ഇന്ത്യയിൽ ജനസംഖ്യ ഏറ്റവും കൂടുതലുള്ളതും കടുത്ത ദാരിദ്ര്യമുള്ളതുമായ സംസ്ഥാനമാണ് ഉത്തർപ്രദേശ്. സംസ്ഥാനത്ത് ജനിക്കുന്ന 100 കുഞ്ഞുങ്ങളിൽ 6 പേർ അഞ്ചുവയസ്സ് എത്തുന്നതിന് മുമ്പേ മരിക്കുന്നുണ്ട്- രാജ്യത്ത് ഏറ്റവും മോശം ശിശുമരണ നിരക്കുമുള്ള സംസ്ഥാനമാണ്, ചിലപ്പോൾ സബ് സഹാറൻ ആഫ്രിക്കയിലെ ചില രാജ്യങ്ങളിലേതിനേക്കാൾ. 2017 ഫെബ്രുവരിയിൽ ഒരു തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തർപ്രദേശിന്റെ ഏറ്റവും വലിയ പ്രതിസന്ധിയായി കണ്ടെത്തിയത് ‘വിവേചനം’ ആണ്.
സംസ്ഥാനത്തിന്റെ വിഭവങ്ങളിൽ ഒരു വലിയ ഭാഗം ഒരു കുടുംബമാണ് കയ്യടക്കിവെച്ചിരിക്കുന്നത്- സമാജ് വാദി പാർട്ടി സ്ഥാപകൻ മുലായം സിങ് യാദവിന് നേർക്കാണ് ഈ ആക്രമണം. മോദി അതിൽ നിർത്തിയില്ല, ‘അതിന്റെ ബാക്കി മുസ്ലീംങ്ങൾക്കാണ് പോകുന്നത്.’ മോദി പറഞ്ഞു.
മോദിയുടെ പ്രസംഗം ഇന്ത്യൻ രാഷ്ട്രീയത്തിലെ പരിചിതമായൊരു വിഷയത്തിന്മേൽ ഉള്ളതാണ്, മുസ്ലീം പ്രീണനം. സമാജ് വാദി പാർട്ടി പോലുള്ള രാഷ്ട്രീയ പാർട്ടികൾ മുസ്ലീങ്ങളെ മുൻഗണനാ സമീപനത്തിലൂടെ വോട്ട് ബാങ്ക് ആയി നിലനിർത്തുന്നു എന്നതാണ് മുസ്ലീം പ്രീണനം എന്ന ആശയം. കാലങ്ങളായി ബി.ജെ.പി ഈ കാഴ്ചപ്പാട് മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്. പക്ഷേ, ഇങ്ങനെ ഒരു പ്രധാനമന്ത്രി ഇത്തരം ആരോപണം ഉന്നയിക്കുക എന്നത് അപൂർവ്വം.’ പുസ്തകം ചൂണ്ടിക്കാണിക്കുന്നു.
കോൺഗ്രസും, സി.പി.എമ്മും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ നരേന്ദ്ര മോദി രാജസ്ഥാനിൽ നടത്തിയ പരാമർശത്തിനെതിരെ പരാതി നൽകുകയെങ്കിലും മൗനം പാലിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിഷേധം ശക്തമായതോടെ വിവാദ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഉത്തർപ്രദേശിലെ അലിഗഡിൽ പ്രചരണത്തിനെത്തിയപ്പോഴും ഇതേ വിദ്വേഷ പ്രസംഗം ആവർത്തിച്ച പ്രധാനമന്ത്രി, മുസ്ലീങ്ങൾ തന്നെ രക്ഷകനായാണ് കരുതുന്നതെന്നും, മുത്തലാഖ് നിർത്തലാക്കിയതോടെ മുസ്ലീം വനിതകൾ രക്ഷകനായി കാണുന്നുവെന്നും കൂട്ടിച്ചേർത്തു. ഏപ്രിൽ 25 ന് രാവിലെ ബി.ജെ.പി അധ്യക്ഷനോട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ ഏപ്രിൽ 29ന് രാവിലെ 11 മണിക്കുള്ളിൽ പാർട്ടി അധ്യക്ഷൻ മറുപടി നൽകണമെന്നും നോട്ടീസിൽ പറഞ്ഞിട്ടുണ്ട്.
വിദ്വേഷ പ്രചാരണം പ്രധാനമന്ത്രിയിൽ അവസാനിക്കുന്നില്ല
പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രചാരണം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനം മാത്രമല്ല മാത്രമല്ല ഇന്ത്യൻ ശിക്ഷാ നിയമം 153 (എ) പ്രകാരമുള്ള കുറ്റകൃത്യം കൂടിയായിരുന്നിട്ടും, അതേ രീതിയിലുള്ള പ്രസംഗം പ്രധാനമന്ത്രി ആവർത്തിച്ചിട്ടും നടപടി കൈക്കൊള്ളാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ കാണിക്കുന്ന വൈമുഖ്യം ആ ഭരണഘടനാ സംവിധാനത്തിന്റെ തന്നെ പരാജയമാണ്. ഇത്തരത്തിൽ വർഗീയതയിലും വിദ്വേഷ പ്രചാരണത്തിലും മത പ്രീണനത്തിലും ഊന്നിയുള്ള എൻ.ഡി.എ സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് ക്യാമ്പയിൻ ഉത്തരേന്ത്യയിൽ മാത്രമല്ല കേരളത്തിലും അവർ നടത്തിയിരുന്നു. കേരളത്തിലും ബി.ജെ.പി സ്ഥാനാർത്ഥികൾ ‘മുസ്ലീം പ്രീണനം’ എന്ന ആരോപണം വലിയൊരു പ്രചരണ തന്ത്രമായി തന്നെ ഉപയോഗിച്ചു. ‘ദ കേരള സ്റ്റോറി’ എന്ന ഇസ്ലാമോഫോബിയ പടർത്തുന്ന സിനിമയും ലൗ ജിഹാദ് എന്ന വാക്കുമാണ് കേരളത്തിലെ ബി.ജെ.പിയുടെ പ്രധാന ആയുധമെന്ന് പറയാം. കേരളത്തിലെ പ്രമുഖ ബി.ജെ.പി സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ പല പ്രസ്താവനകളും പ്രസംഗങ്ങളും പ്രവൃത്തികളും തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ തയ്യാറാക്കിയ മാതൃക പെരുമാറ്റ ചട്ടങ്ങളുടെ വ്യക്തമായ ലംഘനമായിരുന്നുവെന്ന് വസ്തുതാപരമായി പരിശോധിച്ചാൽ മനസിലാക്കാം.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ 1960ൽ രൂപീകരിക്കപ്പെട്ട മാതൃകാ പെരുമാറ്റ ചട്ടം തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് സ്ഥാനാർത്ഥികൾ പാലിക്കേണ്ടുന്ന നിബന്ധനകളാണ് മുന്നോട്ടുവെക്കുന്നത്.
ഒരു പാർട്ടിയും സ്ഥാനാർത്ഥിയും നിലനിൽക്കുന്ന വ്യത്യാസങ്ങളെ തീവ്രമാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്. വ്യത്യസ്ത ജാതികൾക്കും സമുദായങ്ങൾക്കും മതങ്ങൾക്കും ഭാഷകൾക്കുമിടയിൽ പരസ്പര വിദ്വേഷം സൃഷ്ടിക്കുകയോ സംഘർഷങ്ങളിലേക്ക് നയിക്കുന്ന സാഹചര്യം ഉണ്ടാക്കുകയോ ചെയ്യരുത് എന്നിങ്ങനെയുള്ള നിബന്ധനകൾ മാതൃകാ പെരുമാറ്റ ചട്ടത്തിൽ വ്യക്തമായി പറയുന്നുണ്ട്.
എന്നാൽ ഇതിനെ പ്രത്യക്ഷത്തിൽ തന്നെ ലംഘിക്കുന്ന തരത്തിൽ കേരളത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥികൾ തന്നെ നടത്തിയ വിദ്വേഷ പ്രചാരണങ്ങളാണ് ഇവിടെ തെളിവുകളായി വയ്ക്കുന്നത്. മത വിദ്വേഷമുണ്ടാക്കുക, മത പ്രീണനം നടത്തുക എന്നീ ലക്ഷ്യത്തോടെ പറഞ്ഞ വസ്തുതാവിരുദ്ധമായ പ്രസ്താവനകളാണ് ഇവയെല്ലാം.
കെ സുരേന്ദ്രൻ, എൻ.ഡി.എ സ്ഥാനാർഥി (വയനാട്)
“കേരളത്തിൽ ഐ.എസ് റിക്രൂട്ട്‌മെന്റ് നടന്നതിന് തെളിവുകളുണ്ട്. ഇന്ന് നടന്നുകൊണ്ടിരിക്കുന്നതും നാളെ നടക്കാനാരിക്കുന്നതുമായി സംഭവങ്ങളാണ് സിനിമയിലുള്ളത്. കേരളത്തിൽ നിന്ന് കൗമാരക്കാരായ പെൺകുട്ടികളെ പ്രണയം നടിച്ച് മതംമാറ്റിയിട്ടുണ്ട്. പൊന്നാനിയിൽ കൊണ്ടുപോയി മതംമാറ്റിയിട്ടുണ്ട്. സിറിയയില്ലേക്ക് അയച്ചിട്ടുണ്ട്. ഇതെല്ലാം യാഥാർത്ഥ്യങ്ങളാണ്. ഇന്നലെയും നടന്നു, ഇന്ന് നടക്കുന്നുമുണ്ട്, നാളെയും നടക്കും. ഇതിനെതിരെയുള്ള ജാഗ്രതയാണ് സഭകളിലും ഇടവകകളിലും ഇപ്പോൾ കാണുന്നത്.”
“തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം സി.എ.എ കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനം എടുത്തത് പ്രത്യേക വിഭാഗത്തെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടിയാണ്, പ്രീണിപ്പിക്കുന്നതിന് വേണ്ടിയാണ്. പ്രത്യേക വിഭാഗത്തിൽപ്പെട്ട ആളുകൾ നടത്തിയ സമരം അക്രമാസക്തമായി. ആ കേസിൽ പൊതുമുതൽ നശിപ്പിക്കുന്നതുൾപ്പടെയുള്ള കേസുകളാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം പിൻവലിക്കാൻ സർക്കാർ തീരുമാനം എടുത്തത്.”
“പൂക്കോട് വെറ്റിനറി കോളജ് വിദ്യാർഥി സിദ്ധാർത്ഥിന്റെ കൊലപാതകത്തിൽ എസ്.എഫ്.ഐ – പോപ്പുലർഫ്രണ്ട് ബന്ധം വ്യക്തമായിരിക്കുകയാണ്. പോപ്പുലർ ഫ്രണ്ടുകാരാണ് എസ്.എഫ്.ഐയിൽ പ്രവർത്തിക്കുന്ന പലരുമെന്ന് നേരത്തെ തന്നെ അറിയാവുന്നതാണ്. കാമ്പസ് ഫ്രണ്ട് ഏതാണ് എസ്.എഫ്.ഐ ഏതാണെന്ന് മനസിലാവാത്ത സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് വ്യക്തമായിരിക്കുകയാണ്.”
“സുൽത്താൻ ബത്തേരിയുടെ ശരിയായ പേര് ഗണപതിവട്ടം എന്നാണ്. ബ്രിട്ടീഷുകാരാണ് ടിപ്പു സുൽത്താന്റെ അധിനിവേശത്തിന് ശേഷം ഇവിടെ സുൽത്താൻ ബത്തേരി ആക്കി മാറ്റിയത്. സുൽത്താന്റെ ആയുധപ്പുര എന്നർത്ഥം വരുന്ന സുൽത്താൻ ബാറ്ററി പിന്നീട് സുൽത്താൻ ബത്തേരി ആയതാണ്. ഞാൻ എം.പിയായാൽ ആദ്യ പരിഗണന ഈ സ്ഥലത്തിന്റെ പേര് വീണ്ടും ഗണപതിവട്ടം എന്നാക്കി മാറ്റുന്നതിനായിരിക്കും. ഇതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹായം തേടും.”
ശോഭാ സുരേന്ദ്രൻ, എൻ.ഡി.എ സ്ഥാനാർഥി (ആലപ്പുഴ)
“കേരള സ്റ്റോറി എന്ന സിനിമയിൽ വിശദീകരിക്കുന്നത് കേരളത്തിൽ നടക്കുന്ന സംഭവമാണ്. ലവ് ജിഹാദിൽ ഉൾപ്പെട്ട് പെൺകുട്ടികൾ പോകുന്നതും അവരുടെ അച്ഛനും അമ്മയും ആർത്തലച്ച് കരഞ്ഞതും കേരളം കണ്ടതാണ്. വാസ്തവത്തിൽ കേരള സ്റ്റോറി എന്ന സിനിമയോട് സാമാന്യ മുസ്ലിം ജനതയ്‌ക്ക് ഒരു വെറുപ്പുമില്ല. പക്ഷെ ഇവിടെ മുസ്ലിം-ക്രിസ്ത്യൻ-ഹിന്ദു സഹോദരങ്ങൾ സ്നേഹത്തോടെ ഇവിടെ ജീവിക്കരുത് എന്ന കരുതുന്ന ഒരു വിഭാഗം മുസ്ലീങ്ങളിൽ ഉണ്ട്. അവരാണ് കേരള സ്റ്റോറിയ്‌ക്കെതിരെ പ്രവർത്തിക്കുന്നത്. പ്രണയം നടിച്ച് മതം മാറ്റി പെൺകുട്ടികളെ ഭീകരവാദികൾക്ക് കാഴ്ചവെക്കുന്ന വീഡിയോ അടക്കം കേരളത്തിൽ നിന്ന് കണ്ടെടുത്തു. ഇതുപോലെ ജീവിക്കുന്ന തെളിവുകൾ കേരളത്തിന്റെ മുന്നിലുണ്ടായിട്ടും പുകമറ സൃഷ്ടിക്കാനാണ് രാഷ്‌ട്രീയക്കാരുടെ ശ്രമം.”
സംഗീത വിശ്വനാഥൻ, എൻ.ഡി.എ സ്ഥാനാർഥി (ഇടുക്കി)
“ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും യാഥാർത്ഥ്യമാണ്. ഇത്തരം വിപത്തുകളെ കുറിച്ച് എസ്എൻഡിപി യോഗത്തിൽ മുമ്പും ചർച്ചകൾ നടന്നിട്ടുണ്ട്.കുടുംബ യോഗങ്ങളിലും ഇത് ചർച്ച ചെയ്യണ്ടതാണ്. ലവ് ജിഹാദും ഇസ്ലാമിക ഭീകരവാദവും പ്രമേയമാക്കിയ കേരള സ്റ്റോറി എസ്എൻഡിപി യോഗം ശാഖകളിലും വനിത സംഘങ്ങളിലും പ്രദർശിപ്പിക്കും.”
സുരേഷ് ഗോപി, എൻ.ഡി.എ സ്ഥാനാർഥി (തൃശൂർ)
“തൃശൂർ പൂരം അട്ടിമറിക്കാൻ ശ്രമിച്ചതിന് പിന്നിൽ വോട്ട് നേടാൻ ഉണ്ടാക്കിയ തിരക്കഥയാണോ എന്ന് സംശയമുണ്ട്. ഒരു പ്രശ്‌നം ഉണ്ടാക്കിയിട്ട് അവർ തന്നെ പരിഹാരം ഉണ്ടാക്കിയെന്ന് വരുത്തി തീർക്കാനാണ് ശ്രമം. മുതലെടുക്കാൻ ശ്രമിച്ചത് എൽ.ഡി.എഫും യു.ഡി.എഫുമാണ്. വെടിക്കെട്ട് വൈകിയത് വേദനിപ്പിച്ചു. ശബരിമല പോലെ ഒരു ഓപറേഷനാണോ തൃശൂരിൽ നടന്നതെന്ന് സംശയിക്കുന്നു.”
അനിൽ ആന്റണി, എൻ.ഡി.എ സ്ഥാനാർഥി (പത്തനംതിട്ട)
‘കേരള സ്റ്റോറി’ എന്ന സിനിമ പ്രദർശിപ്പിച്ച ഇടുക്കി രൂപതയുടെ ധീരമായ തീരുമാനം ഇവിടുത്തെ നെറികെട്ട രാഷ്ട്രീയ കക്ഷികൾക്കുള്ള ശക്തമായ താക്കീതാണ്. ഈ നാട്ടിലെ ജനങ്ങൾ ഈ സിനിമ കാണണമെന്ന് ഇടതുപക്ഷമോ കോൺഗ്രസോ ആഗ്രഹിക്കുന്നില്ല. അഭിപ്രായ സ്വാതന്ത്രത്തിൻ്റെ പേരിൽ മുറവിളി കൂട്ടുന്ന ഒരു സർക്കാറാണിതെന്ന് നമുക്കോർമ്മ വേണം. പ്രീണന രാഷ്ട്രീയത്തിൻ്റെ കപട മുഖങ്ങൾ നാം തിരിച്ചറിയേണ്ടതുണ്ട്. ഓരോ മലയാളിയും തീർച്ചയായും ഈ സിനിമ കാണണമെന്നാണ് എൻ്റെ അഭിപ്രായം. ഈ അടുത്തിടെ പ്രാബല്യത്തിൽ വന്ന ഭാരതീയ നിയമസംഹിതകൾ പ്രകാരം, ഒരു പെൺകുട്ടിയെ കപട പ്രണയത്തിൻ്റെ മുഖംമൂടി ധരിച്ച് വഞ്ചിക്കുന്നവർ ശിക്ഷിക്കപ്പെടുമെന്ന് മോദി സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. നമ്മുടെ പെൺകുട്ടികളുടെ സുരക്ഷ മോദി ഗ്യാരൻ്റിയാണ്.”
കേരളത്തിൽ പ്രചരണത്തിനെത്തിയ ദേശീയ നേതാക്കൾ പറഞ്ഞത്
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എം.എൽ അശ്വിനിയുടെ പ്രചാരണത്തിൽ കാസർഗോഡ് സംസാരിച്ചത്:
“ശ്രീരാമൻ നമ്മുടെ ഭഗവാൻ മാത്രമല്ല നമ്മുടെ സാംസ്‌കാരിക നായകൻ കൂടിയാണ്. എന്നാൽ കോൺഗ്രസുകാർക്കും കമ്മ്യൂണിസ്റ്റുകാർക്കും ഇത് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്. അവർ രാം നവമിയെ അംഗീകരിക്കാൻ തയ്യാറല്ല. നമ്മുടെ രാജ്യത്ത് ഒരു സംസ്‌കാരമുണ്ട്, രാമനെ ആരാണോ എതിർക്കുന്നത് അവരുടെ പതനം ഉറപ്പാണ്.”
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശോഭാ സുരേന്ദ്രന്റെ പ്രചാരണത്തിൽ സംസാരിച്ചത് ആലപ്പുഴയിൽ സംസാരിച്ചത്:
“കോൺഗ്രസും കമ്മ്യൂണിസ്റ്റുകളും ഭീകരവാദികൾക്ക് അഭയംകൊടുക്കുകയാണ് കേരളത്തിൽ. ന്യൂനപക്ഷ വോട്ടുകൾ സുരക്ഷിതമാക്കുക എന്ന അവരുടെ സ്വാർത്ഥമായ അജണ്ടയാണ് അവരെക്കൊണ്ട് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ പിന്തുണപ്പിക്കുന്നത്. കോൺഗ്രസിന് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുടെ പിന്തുണയുണ്ട്. ഇന്ത്യയെ ഇസ്ലാമിക് സ്റ്റേറ്റ് ആക്കാൻ ആഗ്രഹിക്കുന്നവർ കോൺഗ്രസിനെ പിന്തുണയ്ക്കുകയാണ്.”
കേന്ദ്ര വിദേശകാര്യ മന്ത്രി മീനാക്ഷി ലേഖി എം.ടി രമേശിന്റെ പ്രചാരണത്തിൽ കോഴിക്കോട് സംസാരിച്ചത്:
“കേരള സ്‌റ്റോറി യഥാർത്ഥ സംഭവങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്. അതനുഭവിച്ചവർ ജീവനോടെ ഉണ്ട്. എൽ.ഡി.എഫും യു.ഡി.എഫും ഈ സ്റ്റോറി സ്വീകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല. പൂർണ സമ്മതത്തോടെയോ അല്ലാതെയോ കോഴിക്കോട് നടന്ന ഹമാസ് പ്രീണന റാലിയെ പിന്തുണച്ചവരാണ് അവർ.”
ഇത്തരത്തിലുള്ള വിദ്വേഷ പ്രസ്താവനകൾ റിപ്പോർട്ട് ചെയ്യപ്പെടുകയോ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്ത് നിന്ന് നടപടികൾ ഉണ്ടാവുകയോ ഗൗരവപരമായി ചർച്ച ചെയ്യപ്പെടുകയോ ചെയ്തിട്ടില്ല എന്നത് മാതൃക തെരഞ്ഞെടുപ്പ് ചട്ടത്തിന് തന്നെ വെല്ലുവിളിയാണ്.
അതുപോലെ, ജാതിയുടെയോ മതവികാരത്തിന്റെയോ പേരിലുള്ള വോട്ട് തേടലും മാതൃകാ പെരുമാറ്റ ചട്ട പ്രകാരം ചെയ്യാൻ പാടില്ല. മസ്ജിദ്, ചർച്ച്, അമ്പലം എന്നിവിടങ്ങളോ മറ്റ് ആരാധനാലയങ്ങളോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വേദിയായി ഉപയോഗിക്കരുത് എന്നും പെരുമാറ്റ ചട്ട നിബന്ധനയുണ്ട്. എന്നാൽ കേരളത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി ഈസ്റ്റർ, ഈദുൽഫിത്തർ എന്നിവയുടെ ഭാഗമായുള്ള മതപരമായ ചടങ്ങുകളിൽ പങ്കെടുത്തിരുന്നു. എൻ.ഡി.എ ഒരു വശത്ത് മത വിദ്വേഷത്തിലുന്നിയ പ്രസംഗങ്ങളിലൂടെ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുമ്പോൾ അമ്പലങ്ങളും പള്ളികളും ഒരുപോലെ സന്ദർശിച്ചുകൊണ്ട് മത പ്രീണനത്തിലൂന്നിയ തെരഞ്ഞെടുപ്പ് തന്ത്രമായിരുന്നു സുരേഷ് ഗോപി ആയുധമാക്കിയത്. സ്ഥാനാർത്ഥികളുടെ ഇത്തരം പ്രവർത്തികൾക്കെതിരെ പരാതികൾ പോലും ഉയരാത്തത് തെരഞ്ഞെടുപ്പ് എന്ന ജനാധിപത്യ പ്രക്രിയയുടെ മതനിരപേക്ഷ ഘടനയെ തന്നെ ദുർബലപ്പെടുത്തുന്നു.
മുസ്ലീങ്ങൾക്കെതിരായ വിദ്വേഷ പരാമർശിത്തിന്റെ പേരിൽ കേസ് നേരിടുന്നവരാണ് കേരളത്തിൽ നിന്ന് മത്സരിക്കുന്ന എൻ.ഡി.എ സ്ഥാനാർത്ഥികളായ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറും അനിൽ ആന്റണിയും. കളമശ്ശേരി സ്ഫോടനത്തെ ഹമാസ് ആക്രമണത്തോട് താരതമ്യപ്പെടുത്തിയതിന് കേരള പോലീസ് സമൂഹമാധ്യമങ്ങളിൽ വിദ്വേഷം പ്രചരിപ്പിക്കുക, മതസ്പർധ ഉണ്ടാക്കാൻ ശ്രമിക്കുക തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച് ഐ.പി.സി സെക്ഷൻ 153, 153 എ, കേരള പോലീസ് ആക്ടിലെ സെക്ഷൻ 120 (ഒ) എന്നിവ പ്രകാരമാണ് രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തത്. കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് തന്നെയാണ് അനിൽ ആന്റണിക്കെതിരെയുള്ള ആദ്യത്തെ കേസ്. രണ്ടാമത്തെ കേസ് ബുർഖ ധരിച്ച സ്ത്രീകളെ കുറിച്ച് സോഷ്യൽ മീഡിയയിൽ നടത്തിയ വിദ്വേഷ കമൻ്റിനെതിരെയായിരുന്നു. കാസർഗോഡ് കുമ്പളയിൽ സ്‌റ്റോപ്പിൽ നിർത്താത്തതിന് ബസ് തടഞ്ഞ് പ്രതിഷേധിച്ച വിദ്യാർത്ഥിനികളുടെ വീഡിയോ, വടക്കൻ കേരളത്തിൽ ബുർഖ ധരിക്കാതെ ബസ് യാത്ര പറ്റില്ലെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതിനെതിരെയായിരുന്നു നടപടി.
മാതൃകാ പെരുമാറ്റ ചട്ടം നിലനിൽക്കേ വിദ്വേഷ പ്രചരണം നടത്തുകയും അത് ആവർത്തിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി മാത്രമല്ല, നരേന്ദ്ര മോദി നേതൃത്വം നൽകുന്ന എൻ.ഡി.എ മുന്നണിയുടെ മുഖ്യ തെരഞ്ഞെടുപ്പ് അജണ്ട തന്നെ വിദ്വേഷ പ്രചരണവും മതപ്രീണനവുമാണ് എന്ന് വ്യക്തമാക്കുന്നതാണ് കേരളത്തിലും അവർ നടത്തിയ ക്യാമ്പയിൻ.
ഫീച്ചേർഡ് ഇമേജ്, വര: അനസ് കയനിക്കൽ