ശരീരാനന്തരം

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ആഫ്റ്റർ ഇമേജ് – 1

“ശരീരമാദ്യം ഖലു ധർമ്മസാധനം” (കുമാരസംഭവം സർഗം: 5, ശ്ലോകം: 33)

പാരമ്പര്യവിചാരങ്ങളിൽ ശരീരം മനസിന്റെ ഇരിപ്പിടമായി പരിഗണിക്കപ്പെട്ടിരുന്നു. അതിന്റെ സ്ഥാവരനില ബോധം പ്രവൃത്തിക്കുന്നതിനുള്ള ഒരു മാധ്യമധർമ്മമാണ് വഹിച്ചുപോന്നത്. ഈ മാധ്യമത്വം അതിനൊരു ഉപകരണത്തിന്റെ സ്വഭാവം ആരോപിക്കുന്നതുകൂടിയാണ്. പരമ്പരാഗത പാശ്ചാത്യ തത്വചിന്തയിൽ, ശരീരം പലപ്പോഴും കൃത്യമായ ധർമ്മങ്ങളോടുകൂടിയ അവയവങ്ങളുടെ ഒരു സംഘാതമായി സങ്കൽപ്പിക്കപ്പെടുന്നു. ഈ സങ്കൽപ്പം ശരീരത്തിന്റെ സാധ്യതകളെ പരിമിതപ്പെടുത്തുകയും മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള ഒരു കൂട്ടം പ്രവർത്തനങ്ങളിലേക്ക് ചുരുക്കുകയുമാണ് ചെയ്യുന്നത്. മനുഷ്യന്, അതായത് മനുഷ്യന്റെ ചിന്തക്ക് പ്രവർത്തിക്കുവാനുള്ള സ്ഥിരസത്തയായി ശരീരം പ്രവർത്തിക്കുന്നുവെന്നതായിരുന്നു ദക്കാർത്ത് മുന്നോട്ടുവച്ച തത്വം. മൂർത്തമായത് ശരീരവും അമൂർത്തമായത് മനസും എന്ന ദ്വന്ദ്വവൈരുധ്യം അങ്ങനെ നാളുകളോളം തത്വചിന്തയിലെ അനിഷേധ്യമായ ആശയമായി നിലനിന്നുവെങ്കിലും പിൽക്കാലത്ത് പൊളിച്ചെഴുത്തുകൾ സാധ്യമായി. അതുവരെ ബോധത്തിനും ലോകത്തിനും ഇടയിലുള്ള മധ്യവർത്തി മാത്രമായും മനസിനെ വഹിക്കുന്നതിനായുള്ളതുമെന്ന് ഗണിക്കപ്പെട്ടിരുന്ന ശരീരത്തെ പ്രക്രിയാധിഷ്ഠിതവും ശ്രേണീരഹിതവും ചലനത്മകവുമായ ഒന്നായി ഉത്തരാധുനികതത്വചിന്ത പരിഗണിച്ചു. ശരീരത്തിന്റെ പരിവർത്തനക്ഷമതയെ കണക്കിലെടുക്കാതെ ചിന്തയെ നടപ്പിലാക്കാനുള്ള ഉപകരണമായും അവയവങ്ങളുടെ സംഘാതമായും മാത്രം മനസിലാക്കിപ്പോരുന്നത് ആധുനികാനന്തരം പ്രശ്നവത്കരിക്കപ്പെട്ടു. ബാഹ്യലോകവുമായി ഇഴചേർന്ന് കിടക്കുന്ന പരിണാമശേഷിയുള്ള ശരീരം എന്ന സങ്കല്പനം പല നിലകളിൽ ചലനങ്ങൾ സൃഷ്ടിച്ചു.

ശരീരം കാണപ്പെടാനുള്ള ഒന്നായി പരിഗണിക്കപ്പെടുന്നത് അതിന്റെ വസ്തുസ്വഭാവത്തെ, സ്ഥാവരത്വത്തെ ഊട്ടിയുറപ്പിക്കുന്നുണ്ട്. നോക്കുവാൻ പാകത്തിനുള്ള ശരീരത്തെ അവതരിപ്പിച്ചുകൊണ്ടാണ് ദൃശ്യകല പലപ്പോഴും ചരിത്രത്തിൽ ഇടപെട്ടിരുന്നത്. അവിടെ ശരീരം ആദരണീയമോ കമനീയമോ ആയ ചലനരഹിത വസ്തുവാണ്. അതുകൊണ്ടാണ് ചിത്രകലയിലെ ശരീരങ്ങൾ കാഴ്ച്ചക്കുതകുന്നതായത്. അത് സ്ത്രീരൂപമാകാം, പ്രഭുക്കന്മാരുടെയും രാജാക്കന്മാരുടെയും അലംകൃത ശരീരങ്ങളാകാം. ചിത്രകലയിലെ നഗ്നശരീരങ്ങളേയും ഈ വസ്തുസ്വഭാവവുമായി ചേർത്ത് വായിക്കാവുന്നതാണ്. സ്ത്രീശരീരത്തിന്റെ പ്രതിനിധാനം ഈയൊരു സന്ദർഭത്തിൽ വളരെയധികം ചർച്ചക്ക് വിധേയമായിട്ടുണ്ട്. “ഗ്വറില്ല ഗേൾസ്” (Guerrilla Girls) കലാചരിത്രത്തിൽ സ്ത്രീവാദപരമായ ഇടപെടലുകൾ നടത്തിയ കലാകാരികൂട്ടായ്മയാണ്. കലാലോകത്തിൽ ആണധികാരം പ്രയോഗിക്കപ്പെടുന്നുവെന്ന തിരിച്ചറിവിന്മേൽ അവർ പ്രതിഷേധപോസ്റ്ററുകൾ കലാസൃഷ്ടികളായി അവതരിപ്പിച്ചു. ന്യൂയോർക്കിലെ The Metropolitan Museum of Art ലെ ആധുനിക കലയുടെ വിഭാഗത്തിൽ വെറും 5 ശതമാനം മാത്രമാണ് കലാകാരിയുടെ കലാകൃതികൾ പ്രദർശിപ്പിക്കപ്പെട്ടിട്ടുള്ളതെന്നും എന്നാൽ 85 ശതമാനം നഗ്നശരീരാവിഷ്കാര ചിത്രങ്ങളും സ്ത്രീകളെ മാതൃകകളാക്കിയുള്ളവയാണെന്നുമുള്ള വസ്തുതയെ മുൻനിറുത്തി “Do women have to be naked to get into the Met. Museum?” എന്നൊരു പോസ്റ്റർ കലാസൃഷ്ടിയായി അവതരിപ്പിക്കുന്നതുകാണാം.

Do women have to be naked to get into the Met. Museum, പോസ്റ്റർ

ശരീരത്തിനുമേലുള്ള ആൺനോട്ടത്തെ പ്രശ്നവത്കരിച്ച നിരവധി സന്ദർഭങ്ങൾ കലാചരിത്രത്തിൽ കാണാം. ശരീരത്തിന്റെ വസ്തുസ്വഭാവം പലനിലകളിലാണ് കലയിൽ അടയാളപ്പെടുത്തപ്പെട്ടത്. അതിൽ ലിംഗപദവി, പ്രവർത്തനക്ഷമത, സൗന്ദര്യബോധം, സാംസ്‌കാരിക പരിസ്ഥിതി തുടങ്ങിയവ ശരീരാവിഷ്കാരങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. ഛായാചിത്രമാവട്ടെ, മറ്റു ശരീരപ്രതിനിധാനങ്ങളാവട്ടെ പലമട്ടിലാണ് അവ നോട്ടത്തെ നിർണയിക്കുന്നത്. മറ്റൊരു വശത്തുനിന്ന് നോക്കുകയാണെങ്കിൽ നോട്ടമാണ് കാഴ്ചയെ നിർണയിക്കുന്നത് എന്നും മനസിലാക്കാം. സമകാലിക ദൃശ്യകലയിലെ ചില നടപ്പുവഴികൾ ശരീരത്തെക്കുറിച്ചും, അതിന്റെ വസ്തുപരതയെക്കുറിച്ചും, അത് മുന്നോട്ടുവയ്ക്കുന്ന കാഴ്ചകളുടെ/ നോട്ടത്തിന്റെ സാധ്യതകളെക്കുറിച്ചും പുതുബോധ്യങ്ങളിലേയ്ക്ക് നയിക്കുന്നുണ്ട്.

അതിരുകളെ ഭേദിക്കുന്ന ശരീരം

സമകാലിക കലയിൽ ശരീരം കാണപ്പെടാനുള്ള വസ്തുവോ ലോകവുമായി ബോധത്തെ ബന്ധിപ്പിക്കുന്ന കേവലമായ ഉപകരണമോ അല്ല. ആശയത്തെ മുന്നോട്ടുവയ്ക്കുന്ന മാധ്യമം എന്നതിലുപരി ആശയം തന്നെയാണ് ഇവിടെ ശരീരം. ആ ആശയമാകട്ടെ, തെല്ലും ക്രമബദ്ധമല്ലാത്ത നിരന്തരം പരിണമിക്കുന്ന ഒന്നാണെന്നും വരുന്നു. ബലതന്ത്രങ്ങളിലൂടെയും ഏറ്റുമുട്ടലുകളിലൂടെയും നിരന്തരം മാറുകയും രൂപാന്തരപ്പെടുകയും ചെയ്യുന്ന ഒരു പ്രക്രിയയായി ശരീരം ഇവിടെ സങ്കൽപ്പിക്കപ്പെടുന്നു. നിരന്തരം പുനർനിർവചിക്കുകയും പരിവർത്തിക്കുയും ചെയ്യുക എന്നതാണ് ഇവിടെ ശരീരത്തിന്റെ നില. ഹെലൻ ചാഡ്വിക്കിന്റെ Loop my Loop (1991) എന്ന കലാസൃഷ്ടി ഇത്തരത്തിൽ ശരീരത്തിന്റെ സാമ്പ്രദായികനിലയെ ചോദ്യത്തിലാക്കുന്നുണ്ട്.

സ്വർണനിറമുള്ള മുടിയിഴകളെ പന്നിയുടെ കുഴലുമായി ചേർത്തുപിന്നിയവതരിപ്പിക്കുന്ന Loop my Loop ൽ സ്വത്വനില നിർമ്മിക്കുന്ന അസംസ്കൃതവും ആലങ്കാരികവുമായ വശങ്ങളുടെ സങ്കീർണ്ണമായ നെറ്റ്‌വർക്കുകളെ ചാഡ്‌വിക്ക് ഓർമ്മിപ്പിക്കുന്നു. മൃഗീയം/ മാനുഷികം, സംസ്കൃതം/ അസംസ്കൃതം, ശാരീരികം/ മാനസികം എന്നിങ്ങനെ നിലവിലുള്ള ദ്വന്ദ്വങ്ങളെ പ്രശ്നവത്കരിക്കുകയാണ് ഈ കലാകൃതി. ‘ഒന്നി’നെ മ’റ്റൊന്നാ’യി മാറ്റുക എന്ന ശ്രേണീബദ്ധവും ക്ളിപ്തവുമായ പ്രക്രിയയല്ല ഇവിടെയുള്ള ഈ പ്രശ്നവത്കരണം. ദെല്യൂസിയൻ ഭാഷയിൽ പറഞ്ഞാൽ “becoming”. അത് ആയിത്തീരലല്ല മറിച്ച് തുടർച്ചയും നിലവിലുള്ള ഘടനയിൽ നിന്നുമുള്ള ഇടർച്ചയുമാണ്.

ഇടറിമാറുന്ന ഉത്തരാധുനിക കലാശരീരങ്ങൾ

പ്രസിദ്ധവും ‘കുപ്രസിദ്ധ’വുമായ നിരവധി കലാകൃതികൾ ഉത്തരാധുനിക കലാകൃത്തുക്കൾ മുന്നോട്ടുവച്ചു എന്നുവേണം കരുതാൻ. സമൂഹത്തിൽ നിലവിലിരിക്കുന്ന ധാരണകളെ തകിടം മറിക്കുകയും നഗ്നത, ലൈംഗികത എന്നിങ്ങനെ സമൂഹം വിലക്കപ്പെട്ടവയെ ഗാലറിവെളിച്ചത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു ഉത്തരാധുനികകല. കരോളീ ഷ്നീമാൻ, അഡ്രിയൻ പൈപർ, അന മെൻഡിയെറ്റ തുടങ്ങിയ കലാകൃത്തുക്കൾ ഉത്തരാധുനികശരീരങ്ങളെ കലയിൽ ബഹുസ്വരമായി അടയാളപ്പെടുത്തി. പതിവിനു വിരുദ്ധമായി പെൺശരീരത്തെ പുനരാലോചിക്കുന്ന പ്രകടനകലയിലെ അവരുടെ ഇടപെടലുകൾ വിവിധ മാനങ്ങളിൽ അടയാളപ്പെടുത്തപ്പെടുകയും വായിക്കപ്പെടുകയും ആലോചിക്കപെടുകയും വിമർശിക്കപ്പെടുകയും ചെയ്തു.

കരോളീ ഷ്നീമാൻ

ഫ്രഞ്ച് തത്വചിന്തകനായ മിഷേൽ ഫൂക്കോയുടെ The Order of Things (1966) എന്ന പുസ്തകത്തിൽ, (Man) is a quite recent creature, which the demiurge of knowledge fabricated with its own hands less than two hundred years ago: but he has grown old so quickly that it has been only too easy to imagine that he had been waiting for thousands of years in the darkness for that moment of illumination in which he would finally be known. (336) എന്ന് പ്രസ്താവിച്ചുകൊണ്ട് “മനുഷ്യന്റെ മരണം” എന്ന സങ്കല്പനം അവതരിപ്പിക്കുന്നുണ്ട്. ഏതാണ്ട് ഇരുന്നൂറ് വർഷം മാത്രം പഴക്കമുള്ള മനുഷ്യന്റെ ജ്ഞാനശാസ്ത്രപരമായ തന്നറിവിനെ അട്ടിമറിച്ചുകൊണ്ടുള്ള ഒരു നവമാനവിക സങ്കൽപം പുലരും എന്ന് ചുരുക്കം. ഈയൊരു പശ്ചാത്തലത്തിലാണ് ശരീരത്തെ പറ്റിയുള്ള മാനവികാനന്തര/ മാനവികേതര അവബോധത്തെ നോക്കിക്കാണാൻ സാധിക്കുന്നത്. സാങ്കേതികതയുടെ വളർച്ച നിലവിലിരിക്കുന്ന ജ്ഞാനവ്യവസ്ഥയുടെ അതിരുകളെ വികസിപ്പിക്കുകയും നവബോധ്യങ്ങളെ മുന്നോട്ടുവയ്ക്കുകയും ചെയ്യുന്നതായി കാണാം. ആധുനിക ജീവശാസ്ത്രാന്വേഷണങ്ങൾക്കും സാങ്കേതികമുന്നേറ്റങ്ങൾക്കും ഇടയിലുള്ള ബാന്ധവം ശരീരം എന്ന ആശയത്തെക്കുറിച്ചുള്ള നിലനിൽക്കുന്ന മനസിലാക്കലുകളുടെ അതിരുകളെ ഭേദിക്കാൻ ഇടയാക്കിയിട്ടുണ്ട്. ജൈവികതയെപ്പറ്റിയുള്ള പുതിയ കാഴ്ചപ്പാട് മാനവികനന്തര ശരീരങ്ങളെക്കുറിച്ചും മാനവികേതര ശരീരങ്ങളെക്കുറിച്ചുമുള്ള ധാരണകളെ മുൻനിറുത്തി കലയിൽ ഇടപെടലുകൾ നടത്തുവാൻ ഇടയാക്കി. സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് മനുഷ്യശരീരത്തിന്റെ അതിരുകളെ വികസിപ്പിക്കുവാനും അതിനെ നിരന്തരം പരിണമിക്കുന്ന ഘടനയാക്കി രൂപപ്പെടുത്തുവാനും അതുവഴി കലയിൽ ശരീരത്തിന്റെ ഉദ്ദേശ്യങ്ങളെ പുനർനിർവചിക്കാനും സാധിച്ചു. അത്തരം സാധ്യതകളിലേക്ക് തന്റെ കലാസൃഷ്ടിയെ തുറന്നിട്ട കലാകാരനാണ് സ്റ്റെലാർക്ക്. മനുഷ്യ ശരീരവും സാങ്കേതികവിദ്യയും തമ്മിലുള്ള ബന്ധത്തെ വിചിന്തനം ചെയ്ത ഓസ്‌ട്രേലിയൻ പ്രകടന കലാകാരനാണ് സ്റ്റെലാർക്ക്.

സ്റ്റെലാർക്ക്

സാമ്പ്രദായിക വാർപ്പുമാതൃകകളെ തകിടം മറിക്കുന്ന അദ്ദേഹത്തിന്റെ പ്രകടനങ്ങളും ഇൻസ്റ്റലേഷനുകളും ശരീരത്തെയും സ്വത്വത്തെയും കുറിച്ചുള്ള പരമ്പരാഗത സങ്കൽപ്പങ്ങളെ വെല്ലുവിളിക്കുകയും മനുഷ്യനും യന്ത്രവും തമ്മിലുള്ള അതിർവരമ്പുകളെ പ്രശ്നവത്കരിക്കുകയും ചെയ്യുന്നതായി കാണാം. സുധീഷ് കോട്ടേമ്പ്രം എഴുതിയ “തുന്നിച്ചേർത്ത മൂന്നാം കൈ: കല, യന്ത്രഭാവന, ആവാസശാസ്ത്രം” എന്ന ലേഖനത്തിൽ ഈ കലാകൃതിയെയും അത് മുൻപോട്ടുവച്ച ശരീരം- യന്ത്രം- കല എന്നീ പാഠലോകങ്ങളെയും സവിശേഷമായി പരാമർശിക്കുന്നുണ്ട്. രണ്ടുകൈ എന്ന മനുഷ്യശരീരത്തിന്റെ സാധാരണത്വത്തോട് സാങ്കേതികത സവിശേഷമായി സംവദിക്കുകയും പുതിയൊരു epistemological consciousness-നെ മനുഷ്യന്റെ അറിവ്-അനുഭവ പരിസരത്തോട് ചേർത്തുവെക്കുകയും ചെയ്യുന്നു.

സ്റ്റെലാർക്കിന്റെ  Third Hand (1980)

മാനവികേതര ശരീരങ്ങൾ-സൈബോർഗ് ശരീരങ്ങൾ മനുഷ്യശരീരം അല്ലാതിരിക്കലിലെ ശരീരാവസ്ഥയെ മുന്നോട്ടുവയ്ക്കുന്നു. എന്നാൽ അത് കേവലം യന്ത്രികമല്ല മറിച്ച് ജൈവശരീരത്തിന്റെ “absence of the presence” ആണെന്ന് വരുന്നു. മനുഷ്യശരീരത്തിന് പുറത്ത് (യന്ത്ര)മനുഷ്യശരീരത്തെ സങ്കല്പിക്കുന്നതിലൂടെ ശരീരത്തിന്റെ അതിരുകളെ തന്നെയാണ് പടർത്തുന്നത്. ശരീരത്തിന് പുറത്തൊരു ശരീരം, ശരീരേതര ശരീരം സാധ്യമാണെന്ന അറിവ് ദെല്യൂസിയൻ ഭാഷയിൽ പറഞ്ഞാൽ ശരീരത്തിന്റെ പലമയെയും (heterogeneity) പെരുക്കത്തെയുമാണ് (multiplicity) സൂചിപ്പിക്കുന്നത്.

“I would rather be a cyborg than a goddess” (Donna J. Haraway, A Cyborg Manifesto)

Also Read

5 minutes read August 2, 2023 3:34 pm