പശുവും പുലിയും നമ്മിലേക്ക് നടക്കുന്നുണ്ടോ?

കിടാവിന് മുലപ്പാൽ ദാഹം. എവിടെയോ മേയുന്ന പശുവതറിയുന്നു. പാലുമായി കുഞ്ഞിലേക്കോടിവരുന്ന പശുവിന്റെ മേൽ ചാടി വീഴുന്ന പുലി. കുഞ്ഞിന്റെ പൈദാഹങ്ങളടക്കി തിരികെ വരാമെന്ന് പുലിക്ക് പശുവിന്റെ വാക്ക്. പുലിയുടെ അനുവാദം. പക്ഷേ പശു പുലിയെ പറ്റിക്കുന്നു. ഇത് പഴയ നാടോടിക്കഥ. ‘പശുവും പുലിയും’ കവിതയിൽ പശു വാക്കുമായി പുലിയിലേക്ക് മടങ്ങിയെത്തുന്നു. കിടാവിനും ആർക്കും പാൽ ചുരത്തുന്ന കാവേരിയെന്ന പശുവിലും പാലിലും ഗംഗയ്യനെന്ന പുലി അലിഞ്ഞു പോവുന്നു.

‘നീ നെടുവീർപ്പിട്ടാൽ വറ്റിപ്പോം
ഈയാറു ചൂടിനാൽ കാവേരീ!
നിൻ കണ്ണീർ വീണാലിക്കാടെല്ലാം
വെണ്ണീറായ് മാറുമേ കാവേരീ!’
എന്ന് പുലി.

സാധുത്തത്തെ കൊല്ലാനാവാതെ, തിന്നാനാവാതെ, ജീവിക്കാനാവാതെ, മലമുകളിൽ നിന്ന് പുലി ജീവിതേച്ഛയെ തന്നെ സ്വയം വലിച്ചെറിയുന്നു. രണ്ടാം ബാല്യത്തിലേക്ക് വാതിൽ തുറക്കുന്ന കവി ഒന്നാം ബാല്യത്തെ കണ്ടുപോവുമ്പോൾ പഴയ പശുവെയും പുലിയെയും വീണ്ടും പാടുകയാണ്. പക്ഷേ വരി മാറിപ്പോവുന്നു.

കെ സച്ചിദാനന്ദൻ

പഴയ പശുപ്പുലി നാടോടിക്കഥ പുതിയ പാട്ടായി ഇരുബാല്യങ്ങൾക്കിടയിൽ ഊഞ്ഞാലാടുന്നതിനിടയിൽ ചില വരികൾ ബാല്യമില്ലാത്ത ഇടമനസ്സിലേക്കും ചാടി വീഴുന്നു. അവിടെ വീഴുന്നതെടുത്ത് ബാല്യത്തിന്റെയും കവിതയുടെയും പുറമെയിരുന്നുള്ള ആലോചനയാണിവിടെ. ജനുവരി മുപ്പതുകളോരോന്നും സാധുത്തത്തിനുമേൽ ചാടിവീണ ചരിത്രത്തിലുറഞ്ഞ് കൂടിയ ക്രൗര്യത്തിന്റെ ഓർമ്മയാണ്. അതിനെ അലിയിക്കുന്ന അലിവെന്ന കനവിലാണ് നാടോടിക്കഥയിയിൽ നിന്ന് ഇക്കവിതയിലേക്കുള്ള നടപ്പാത തെളിയുന്നത്. കവിതയുടെ ആർദ്രദേഹത്തിൽ പശുവിന്റെ ജീവൻ സവിശേഷമാവുന്നുണ്ട്.

പശുക്കുട്ടി:
‘പോകരുതമ്മ നീ പോയാൽഅകി-
ടേതൊന്നിലുണ്ണി പാൽ തേടും?

ദാഹം പെരുകുന്ന നേരം കാട്ടു
ചോലയിലാർ കൊണ്ട് പോകും?’

ഗംഗയ്യനടുത്തെത്തുന്ന കാവേരിപ്പശു:
‘എന്തേ ഞാൻ വൈകിയോ ഗംഗയ്യാ?
പയ് കൊണ്ടു വാടിയോ ഗംഗയ്യാ?
എങ്കിൽ ഞാൻ പാലാദ്യം തന്നീടാം
കൊല്ലുവാനപ്പോൾ കരുത്തുണ്ടാം.’

ഗോഡ്സെ പറഞ്ഞുവത്രേ, ഗാന്ധി ഇന്ത്യയെ സ്ത്രൈണമാക്കിയെന്ന്! അങ്ങനെ പെണ്ണിനുമേൽ ആണ് പൊട്ടിച്ച വെടി കൂടിയായിരുന്നു അത്. കവിതയിൽ ഗംഗയ്യനെന്ന ആൺപുലി കാവേരിയെന്ന പശുവിൽ നിന്നൊഴുകുന്ന പാലിനെ നിലാവിലും കാണുമ്പോഴാണ് മനസ്സ് മടങ്ങുന്നത്. അത് സ്വയം മ(അ)ടങ്ങുന്നതാണ്, ഗാന്ധി പറയാറുള്ളതുപോലെ. പുറം ബലം കൊണ്ടല്ലാതെ, ഉള്ളുവലിഞ്ഞ് ഒരാണ് പിന്മടങ്ങുന്നു.

‘ഈ മല, ഈ വനം, ഈയാറും
ഈയുലകിൻ നിധി, ഇതു കാക്കാൻ
വേറെയില്ലാ വഴി കാവേരീ!’
ആണിനെ കണ്ട്, കീഴടക്കൽ കണ്ട് പഠിച്ചു വന്നതാണിതുവരെ. ഇനിയുള്ള മനുഷ്യകഥയിൽ വെറും ആണെഴുത്ത് കുറയട്ടെ. പശുവും പുലിയും മറ്റൊരു വഴിയേ കൂടി നമ്മിലേക്ക് നടക്കുന്നുണ്ടോ? എതിർ വഴികളിലും പശുവും പുലിയും നടക്കുന്നുണ്ടോ? ആ വഴിയിങ്ങനെ- പശുവിന്റെ ജീവന് ജീവൻ കൂടുതലുണ്ടോ? പുലിയുടെയും (മറ്റുള്ളവരുടെയും) ജീവനേക്കാൾ കൂടുതൽ ജീവൻ? ഒന്നൊന്നിനെ ഇരയാക്കാതെ നിൽക്കാനുള്ള വിദ്യയെന്തേ പ്രകൃതിക്ക് ഇതുവരെ വശമായില്ല?

പശുവും പുലിയും കവർ

ഒന്നിനെ നോവിച്ചേ, പ്രാണവേദന തോന്നിച്ചേ ഒന്നിന് ജീവനാവൂ!
കാട്ടരുവിയും പൂന്തേനും പയ്യും പാലും കിടാവും വെണ്മുകിലും മുരുകയ്യന്റെ കുഴലിലെ കുയിൽ പാട്ടുമൊക്കെയുള്ള മാന്തണലരങ്ങിലേക്ക് ബലിനിറമുള്ള തെച്ചിപ്പൂക്കാടിനുള്ളിൽ നിന്ന് നഖവും കോർമ്പല്ലുമായി തിരനോക്കി വരുന്ന പുലി. പ്രകൃതിയുടെ തന്നെ വരവല്ലേ അതും? വില്ലന്റെ തിരനോട്ടമാണോ അത്? പുലിയുടെ ബലിയാണ് കാവ്യാന്തത്തിൽ കവിതയാവുന്നത്. പശുവിനെ തിന്നാതെ ഒഴിയുന്ന പുലിയ്ക്കുള്ള വഴി, ‘മലയുടെ നി(നെ)റുകയിൽ നിന്നു ചാടി’ ഉടലു വെടിയുക തന്നെ. പുലിയുടെ ഉയിരിനേക്കാൾ വിശേഷപ്പെട്ട നിറവും മണവും പശുവിന്റെ ഉയിരിനുണ്ടോ? പശുവിന്റെ കോശങ്ങൾ ചേർന്നല്ലേ പുലിയുടെ കോശങ്ങൾ? പശുമാംസത്തെ സ്വയം വിലക്കേണ്ടയിടത്തേക്ക് പുലിയറിയാതെ പുലിയെ കവിത കൊണ്ടെത്തിക്കുന്നതെങ്ങനെ എന്നൊന്ന് മനനം ചെയ്യും മുമ്പ് പുലിയെന്ന വലിയ പൂച്ചയുടെ മനസ്സ് ഉടൽ വെടിയുന്നു. കൊലയ്ക്കും ആത്മഹത്യയ്ക്കുമിടയിൽ പ്രകൃതി എന്നും കരുതി വച്ചിട്ടുള്ള ആർത്തനാദം കവിതയുടെ തൊണ്ടയിൽ പുറപ്പെടാതെ നിൽക്കുന്നു.

കവിതയുടെയോ പ്രകൃതിയുടെയോ രസംകൊല്ലിയായ ഒരാലോചനയിലേക്ക് വായിക്കുന്നയാൾ ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലെ മാത്രനേരം തിരിഞ്ഞു നിൽക്കുന്നു. പശുവിനെ തിന്നാതെ പുലിയെല്ലാം പൊലിയുന്ന കാലത്ത് പശുവെല്ലാം പെരുകി പുല്ലെല്ലാം തീരില്ലേ? പുല്ലെല്ലാമൊഴിഞ്ഞാൽ പശുവെല്ലാമൊഴിയില്ലേ? അങ്ങനെ വരുമ്പോൾ പുലി പശുവിന്റെ ജീവൻ എടുത്തോ അതോ കൊടുത്തോ? പശുവിൻ പാലിന്റെ ഇളംചൂട് നുണയുന്ന കിടാങ്ങളോട് കവിത ഇതാരായുന്നുണ്ടോ? അതോ ഇത് ചോദിക്കുന്നത് അരസികർക്ക് മാത്രം കേൾക്കാവുന്ന ശബ്ദത്തിലാണോ?പുല്ലിന്റെ ഉടൽ ചേർത്തെഴുതിയ ഉടലായ പശുവിന്റെ ഉടൽ കൊണ്ടുവരച്ച ഉടലായ പുലിയില്ലയെങ്കിൽ പിന്നെ പുല്ലെവിടെ, പശുവെവിടെ, പുലിയെവിടെ? കവിതയുടെ ഏട്ടിലോ പ്രകൃതിയുടെ മടയിലോ? മനുഷ്യൻ കഥയും കവിതയുമെഴുതിയാണോ പ്രകൃതി ഇങ്ങനെയായത് എന്നുണ്ടോ?

പാൽനിറം പരക്കുന്ന കവിതയാണിത്. വെളുത്ത നിറത്തിന്റെ ഉറവയേത്?മുൻമധുരമായ മുലപ്പാൽ? പിൻമധുരമായ പശുപ്പാൽ? നിലാവ്? ഇളവെയിൽ?
“കലവും കുടവും നിറഞ്ഞു പൈമ്പാൽ
പുഴയിലും പാട്ടിലുമൊഴുകി വീഴും
മലയും വനവും കഴിഞ്ഞു പൈമ്പാൽ
തെരുവിൽ വെയിലായി ചാഞ്ഞു പോവും നഗരവും നാടും കവിഞ്ഞു പൈമ്പാൽ
നിനവിൽ നിലാവായ് തുളുമ്പി നീളും”.
വെളുത്തവരെ മോഹിക്കാൻ, വെളുത്തവരോട് വിധേയരാവാൻ, മനുഷ്യർ തുടങ്ങിയതെവിടെ? (തുടങ്ങിയില്ലെന്നുണ്ടോ?) പാൽനിറത്തിൽ നിന്നോ? കവിത അത് ചുരത്തുന്ന വെളുപ്പിന്റെ ഉറവിടങ്ങളെ തേടിയും തിരികെ ഒഴുകുന്നുണ്ട്.

(പശുവും പുലിയും, ഡി.സി ബുക്സ്. 10+ പ്രായക്കാർക്കുള്ള കവിതകൾ)

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

February 1, 2023 2:25 pm