Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
2022 ലെ വായനയിൽ നിന്നും തെരഞ്ഞെടുത്ത പുസ്തകങ്ങൾ അവതരിപ്പിക്കുന്നു വിവിധ മേഖലകളിലെ വായനക്കാർ. ഒറ്റ വായനയിൽ വിട്ടൊഴിയാത്ത പുസ്തകങ്ങളാണിവ, 2022 ൽ പുറത്തിറങ്ങിയതും, വായിച്ചതും, വരും വർഷങ്ങളിൽ വായനാസമൂഹം ഏറ്റെടുക്കാൻ പോകുന്നതുമായ പുസ്തകങ്ങളും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. വായനയിലൂടെ 2022 നെ അടയാളപ്പെടുത്തുന്ന 8 പേരുടെ പുസ്തകക്കുറിപ്പുകൾ വായിക്കാം.
വിനിൽ പോൾ
ശ്രദ്ധേയമായ കുറെയധികം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ട വർഷമാണ് 2022. മഹമൂദ് കൂരിയയുടെ Islamic Law in Circulation Shafi’i Texts Across the Indian Ocean and the Mediterranean എന്ന പുസ്തകം, അജ്മൽ ഖാൻ എഡിറ്റ് ചെയ്ത People Against Nuclear Energy: Anti-nuclear Movements in India Visit എന്ന പുസ്തകം, പി.കെ യാസർ അറാഫത്തും ജി അരുണിമയും എഡിറ്റ് ചെയിത The Hijab Islam, Women and the Politics of Clothing പുസ്തകവും സുനന്ദൻ കെ എൻ എഴുതിയ Caste, Knowledge, and Power Ways of Knowing in Twentieth Century Malabar എന്ന പുസ്തകവുമെല്ലാം തെക്കേ ഏഷ്യയുടെ സാമൂഹ്യശാസ്ത്ര വ്യവഹാരങ്ങളിലെ മലയാളി സാന്നിധ്യങ്ങളായിരുന്നു. മലയാളത്തിൽ നിരവധി ചരിത്ര പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ട ഒരു വർഷം കൂടിയായിരുന്നു 2022. എൻ.കെ ഭൂപേഷ് എഴുതിയ ഇന്ത്യയിലെ ആഭ്യന്തര കലാപങ്ങൾ, വി വി ഹരിദാസ് എഴുതിയ മധ്യകാല കേരള ചരിത്രം, മുജീബ് റഹ്മാൻ എഴുതിയ കേരള ചരിത്രത്തിലെ ടിപ്പുസുൽത്താനും ബ്രിട്ടീഷുകാരും, രാജൻ ഗുരുക്കളുടെ ഇംഗ്ലീഷ് പുസ്തകത്തിന്റെ പരിഭാഷയായ ഇൻഡോ റോമൻ വ്യാപാരം ഒരു പുനർവിചാരം, ഡയസ് ഹ്യൂബർട് എഴുതിയ തിരസ്‌കൃതർ- ചിറയ്ക്കൽ മിഷൻ ചരിത്രം, ഡി. മോഹൻദാസ് എഡിറ്റ് ചെയ്ത ദളിത് ക്രൈസ്തവർ സംവരണവും സാമൂഹ്യ നീതിയും, മണികണ്ഠൻ കാട്ടാമ്പിള്ളിയുടെ സ്പെഷ്യൽ റിക്രൂട്ട്മെന്റും ദലിതരും തുടങ്ങി ശ്രദ്ധേയമായ നിരവധി പുസ്തകങ്ങൾ ഈ വർഷം പ്രസിദ്ധീകരിക്കപ്പെട്ടു.
റയ്യത്തുവാരി, കായൽ സമ്മേളനം
ഒരു ചരിത്ര വിദ്യാർത്ഥിയെന്ന നിലയിൽ പ്രത്യേകം എടുത്തു സൂചിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്ന രണ്ട് പുസ്തകങ്ങൾ ചെറായി രാമദാസ് എഴുതിയ ‘കായൽ സമ്മേളനം രേഖകളിലൂടെ’ എന്നതും അഭിലാഷ് മലയിൽ എഴുതിയ ‘റയ്യത്തുവാരി’ എന്നതുമാണ്. കൊച്ചിയിലെ പ്രണതാ ബുക്സ് പ്രസിദ്ധീകരിച്ച കായൽ സമ്മേളനം എന്ന പുസ്തകം നിരവധി പുരാശേഖര രേഖകളാൽ സമ്പന്നമായ ഒരു സോഴ്സ് ബുക് കൂടിയാണ്. ഗവേഷകരെ സംബന്ധിച്ചു നിരവധി പഠനങ്ങൾ സാധ്യമാക്കുന്ന ഒരു പുസ്തകമാണ് ചെറായി രാമദാസ് എഴുതിയ കായൽ സമ്മേളനം. അഭിലാഷ് മലയിലിന്റെ പുസ്തകമാകട്ടെ കോഴിക്കോട്ടെ അദർ ബുക്സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മലബാറിന്റെ കാർഷിക സാമ്പത്തിക വ്യവസ്ഥയുടെ പരിണാമത്തെ സൈദ്ധാന്തിക അടിത്തറയിൽ അപഗ്രഥിക്കാൻ ശ്രമിക്കുന്ന പുസ്തകമാണ് അഭിലാഷ് മലയിലിന്റേത്. ബ്രിട്ടീഷ് കമ്പിനി ഉദ്യോഗസ്ഥരുടെ ഇടപെടലുകളെ സൂക്ഷ്മതലത്തിൽ നിരീക്ഷിക്കുന്ന ഈ പുസ്തകം അധിനിവേശ ഭരണകാലത്തിന്റെ ബഹുമുഖ ചരിത്രമാണ് അനാവരണം ചെയ്യുന്നത്. ചരിത്ര രചനയിലെ വിശകലന രീതിയും കൃത്യതയും മനസിലാക്കുവാൻ എല്ലാ ചരിത്ര വിദ്യാർത്ഥികളും ഈ പുസ്തകം വായിക്കേണ്ടതാണ്
എം സുചിത്ര
കൊളാപ്പ്സ് – ജെയെർഡ് ഡയമണ്ട്
യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ലോസ് ആഞ്ചലസിൽ അധ്യാപകനായ ജെയെർഡ് ഡയമണ്ടിന്റെ Collapse: How Societies Choose to Fail or Succeed എന്ന പുസ്തകം 2005 ൽ ഇറങ്ങിയതാണ്. പുലിറ്റ്സർ പ്രൈസ് ലഭിച്ച ഗൺസ്, ജേംസ് ആൻഡ് സ്റ്റീൽ എന്ന പുസ്തകത്തിനു ശേഷം ഡയമണ്ട് എഴുതിയ പുസ്തകമാണിത്. 2022 ൽ ഞാൻ വായിച്ച പുസ്തകങ്ങളിൽ എനിക്ക് പുതിയ വെളിച്ചം തന്നവയിലൊന്ന്.
പ്രാചീനമോ നൂതനമോ ആയ മനുഷ്യ സമൂഹങ്ങളും സംസ്ക്കാരങ്ങളും എന്തുകൊണ്ട് തകരുന്നു അല്ലെങ്കിൽ നിലനില്ക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ പ്രമേയം. സമൂഹങ്ങൾ നിലനിന്ന കാലത്തിനും ഭൂമിശാസ്ത്രപരമായ സ്ഥാനത്തിനുമപ്പുറം അവയുടെ വളർച്ചയ്ക്കും തകർച്ചയ്ക്കും സമാനതകൾ, കാരണങ്ങൾ ഉണ്ടെന്നാണ് ഡയമണ്ട് ഈ പുസ്തകത്തിൽ പ്രധാനമായും പറയുന്നത്.
ഒരു പ്രത്യേക സ്ഥലത്ത് മനുഷ്യരുടെ എണ്ണം കുത്തനെ കുറയുന്നതിനെയും സാമ്പത്തികവും സാമൂഹ്യവും സാംസ്ക്കാരികവും രാഷ്ട്രീയവുമായ സങ്കീർണതകളും പ്രതിസന്ധികളും സംജാതമാകുന്നതിനെയുമാണ് ഡയമണ്ട് തകർച്ചയായി വ്യാഖ്യാനിക്കുന്നത്. ജനസംഖ്യാ വിസ്ഫോടനം, പാരിസ്ഥിതികത്തകർച്ച , കാലാവസ്ഥയിലുണ്ടാകുന്ന വലിയ വ്യതിയാനങ്ങൾ, ബുദ്ധിശൂന്യമായ രാഷ്ട്രീയതീരുമാനങ്ങൾ, അയൽപക്കങ്ങളുമായുള്ള ശത്രുത തുടങ്ങിയവ ഒരു സമൂഹത്തിന്റെ തകർച്ചയുടെ പ്രധാനകാരണങ്ങളായി ഡയമണ്ട് ” വിലയിരുത്തുന്നു.
എന്നാൽ ഇവയെക്കാളുപരിയായി, ഇത്തരം പ്രതിസന്ധികളോട്, പ്രത്യേകിച്ചും പാരിസ്ഥിതിക സുസ്ഥിരതയുടെ കാര്യത്തിൽ, ഒരു സമൂഹം എങ്ങനെ പ്രതികരിക്കുന്നുവെന്നതു കൂടി ആ സമൂഹത്തിന്റെ നിലനില്പ് നിർണയിക്കുന്നതിൽ ഏറ്റവും പ്രധാന ഘടകമാണെന്ന് പ്രാചീനവും ആധുനികവുമായ സമൂഹങ്ങളെയും സംസ്ക്കാരങ്ങളെയും താരതമ്യം ചെയ്തുകൊണ്ട് ഡയമണ്ട് പറയുന്നു.
മൊണ്ടാനയിലെ ബിറ്റർറൂട്ട് താഴ്വരയിൽ നിന്നാണ് പുസ്തകത്തിന്റെ ആഖ്യാനം ആരംഭിക്കുന്നത്. പുറമേയ്ക്ക് അത്യധികം മനോഹരമായ ഈ പ്രദേശം ഉള്ളിൽ എത്രമാത്രം രോഗാതുരമാണെന്ന് ഡയമണ്ട് വിവരിക്കുന്നു. മനുഷ്യരുടെ എണ്ണം കൂടുന്നത്, വികലമായ വികസനം, വെള്ളത്തിന്റെ ലഭ്യതയും ഗുണനിലവാരവും കുറയുന്നത്, അന്തരീക്ഷ മലിനീകരണം, അപകടകരമാംവിധം മാലിന്യങ്ങൾ പെരുകുന്നത്, അടിക്കടിയുണ്ടാക്കുന്ന കാട്ടുതീ, നശിക്കുന്ന കാടുകൾ, ഊഷരമാകുന്ന മണ്ണ്, കുറഞ്ഞു കൊണ്ടിരിക്കുന്ന ജൈവ വൈവിധ്യം, കാലാവസ്ഥാ വ്യതിയാനം… അങ്ങനെയങ്ങനെ മനോഹാരിതയ്ക്കു കീഴിൽ മറഞ്ഞിരിക്കുന്ന മാരകപ്രശ്നങ്ങൾ.
പതിനോരായിരത്തിലേറെ കൊല്ലങ്ങൾക്കു മുമ്പ് ടൈഗ്രീസ്-യൂഫ്രട്ടീസ് നദീതടത്തിലാണ് മനുഷ്യർ ആദ്യമായി കൃഷി തുടങ്ങിയത്. അവിടെ വളർന്നു വലുതായ മെസൊപൊട്ടാമിയൻ സംസ്ക്കാരം. ഫലഭൂയിഷ്ടമായ ഈ നദീതടത്തിൽ കൃഷി വളരുന്നു, സമ്പത്തും ഐശ്വര്യവും വളരുന്നു, അവിടെ ജീവിക്കുന്ന മനുഷ്യരുടെ എണ്ണം പെരുകുന്നു. ഒടുവിൽ മാറുന്നു. ഇപ്പോൾ ആ പ്രദേശം ഊഷരഭൂമിയാണ്. ഇസ്രായേൽ, ലെബനൺ, ജോർദാൻ, സിറിയ, ഇറാഖ്, ദക്ഷിണപൂർവ തുർക്കി എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന മരുപ്രദേശം.
തിരിഞ്ഞുനോക്കുമ്പോൾ വളരെ പ്രകടമെന്നു തോന്നുന്ന പ്രതിസന്ധികൾ മനസിലാക്കുന്നതിൽ എന്തുകൊണ്ട് അതതു സമൂഹങ്ങൾ പരാജയപ്പെടുന്നു എന്നതിന്റെ കാരണങ്ങൾ ഡയമണ്ട് വിശകലനം ചെയ്യുന്നുണ്ട്. അതു പോലെ, ഭരണകൂടങ്ങളുടെ പെരുംനുണകൾ കണ്ടെത്തപ്പെടാതെ പോകുന്നതും. പെരുകാൻ സാധ്യതകളില്ലാതെ സത്യം സത്യമായി നിലനില്ക്കുന്നതും, കള്ളങ്ങൾ പെരുകുന്നതും, സമൂഹം അവ വിശ്വസിക്കുന്നതുമൊക്കെ ആഴത്തിൽ പരിശോധിക്കപ്പെടുന്നുണ്ട് ഈ പുസ്തകത്തിൽ.
ലോകം ഇപ്പോൾ എത്തി നില്ക്കുന്ന അവസ്ഥകളെപ്പറ്റിയും തകർച്ചകളുടെയും നിലനില്പിന്റെയും സാധ്യതകളെപ്പറ്റിയും മനസിലക്കാനും നടപ്പുകാലത്തെ സാമൂഹ്യ- സാമ്പത്തിക-രാഷ്ട്രീയ സ്ഥിതിഗതികൾ കൂടുതൽ ആഴത്തിൽ വിലയിരുത്താനും ഈ പുസ്തകം തീർച്ചയായും സഹായകമാകും.
ആദർശ് ഓണാട്ട്
ധാരാളം പുസ്തകങ്ങൾ വായിച്ച വർഷം ആയിരുന്നില്ല 2022, എന്നാൽ അധികം പുസ്തകങ്ങൾ വാങ്ങിയ വർഷം ആയിരുന്നു താനും. വായിക്കാൻ കാത്ത് കിടക്കുന്ന ഒരു വലിയ പുസ്തകക്കൂന തന്നെ പേടിപ്പെടുത്തുന്നതാണ്. അവയൊക്കെയും വായിക്കാനായി പുതിയ വർഷം ഉപയോഗിക്കാമെന്ന് കരുതുന്നു. ഈ വർഷം അവസാനിക്കുമ്പോൾ രണ്ട് പുസ്തകങ്ങളെക്കുറിച്ചു പറയാതെ പോകുന്നത് ശരിയല്ല. അതിൽ ഒന്ന് ഒരു നോവലും മറ്റൊന്ന് ഒരു നോൺ ഫിക്ഷൻ പുസ്തകവുമാണ്.
ദി ട്രൈബ്- കാർലോസ് മാന്വൽ അൽവാരെസ്
ഫിദൽ കാസ്‌ട്രോയുടെ മരണത്തിനു മുമ്പും ശേഷവും ക്യൂബയിലെ ജീവിതത്തിന്റെ തീക്ഷ്ണമായ ജീവിതാവസ്ഥകളെഎഴുതുകയാണ് സ്പാനിഷ് ഭാഷയിലെ ഏറ്റവും മികച്ച യുവ എഴുത്തുകാരൻ എന്ന് ഗ്രന്ഥ മാഗസിൻ വിശേഷിപ്പിച്ച കാർലോസ് മാന്വൽ അൽവാരെസ്. അദ്ദേഹത്തിന്റെ ഉജ്വലമായ റിപ്പോർട്ടിങ് പീസുകളുടെ ഒരു മൊസൈക്ക് ആണ് ദി ട്രൈബ്. ജീവിതം നിറഞ്ഞൊഴുകുന്നതാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത. ക്യൂബൻ ചരിത്രത്തിൽ പ്രത്യേകിച്ച് പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തെയാണ് അദ്ദേഹം ഈ പുസ്തകത്തിലൂടെ പറഞ്ഞു തരുന്നത്. ഓരോ മനുഷ്യരുടെയും വാമൊഴികളിലൂടെയാണ് പുസ്തകം ആ കാലത്തെ അനുഭവിപ്പിയ്ക്കുന്നത്. അമേരിക്കയുമായുള്ള ക്യൂബയുടെ നയതന്ത്രബന്ധം പുനഃസ്ഥാപിക്കൽ, ഫിദൽ കാസ്ട്രോയുടെ മരണം, സാൻ ഇസിഡ്രോ പ്രസ്ഥാനത്തിന്റെ പിൻവാങ്ങൽ അങ്ങനെ പോകുന്നുണ്ട് ചരിത്രസംഭവങ്ങൾ. ക്യൂബയിൽ നിന്ന് നാടോടിയ ഒരു പ്രവാസി സമൂഹവും ഇതിൽ ഉണ്ട്. റിപ്പോർട്ടിംഗിന്റെ ഉജ്വലതയുണ്ട് ഈ പുസ്തകത്തിന്. നോൺ- ഫിക്ഷന്റേയും ഫിക്ഷന്റേയും സങ്കരം.
സോളിനോയിഡ് – മിർച്ച കർട്ടറെസു (Mircea Cărtărescu)
റൊമാനിയൻ നോവലിൻസ്റ്റിന്റെ ഇംഗ്ലീഷിൽ പുറത്തിറങ്ങുന്ന പുതിയ പുസ്തകമാണ് സോളിനോയിഡ്. ഇംഗ്ലീഷിൽ വളരെ വിരളമായി മാത്രം വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള എഴുത്തുകാരനാണ് ഇദ്ദേഹം. 2015 ലാണ് ഈ പുസ്തകം അദ്ദേഹം റൊമാനിയൻ ഭാഷയിൽ എഴുതി പ്രസിദ്ധീകരിക്കുന്നത്. ഒരു പക്ഷെ, വായന പൂർണമായിട്ടില്ലെങ്കിലും ഈ നോവലിന് വലിയ സ്വീകാര്യതയാണ് ലോകത്താകെ കിട്ടിക്കൊണ്ടിരിക്കുന്നത്. പുസ്തകം ഉജ്വലമെന്ന് മാത്രമല്ല നിർബന്ധമായും വായിച്ചിരിക്കേണ്ട ഒരു നോവൽ കൂടിയാണ്. സമീപകാല നോവലുകളുടെ കൂട്ടത്തിലെ ഒരു ജം (gem) തന്നെയാണ് ഈ പുസ്തകം. ഓരോ പേജും വായനയുടെ ആഹ്ളാദം സമ്മാനിക്കുന്നു.
ലോകത്തോടാകെ അതൃപ്തി വെച്ചു പുലർത്തുന്ന ഒരു കഥാനായകനാണിതിൽ. അയാൾ ഒരു അധ്യാപകൻ കൂടിയാണ്. എഴുത്തുകാരനാകാനുള്ള അയാളുടെ അദമ്യമായ അഗ്രഹത്തെ ഒരു നിരൂപകൻ തല്ലികെടുത്തിയ ദുഃഖം അയാളിലുണ്ട്. തന്റെ വിദ്യാർഥികളിൽ നിന്ന് കിട്ടിയ പേൻ ശല്യം പറഞ്ഞുകൊണ്ടാണ് പുസ്തകം തുടങ്ങുന്നത്. പരാന്നഭോജികൾ ഈ വിശാലമായ നോവലിന്റെ ആഖ്യാനത്തിലുടനീളം കടന്ന് വരുന്നുണ്ട്.
സുവിൻ വി.എം
എന്റെ ഒരേയൊരു വേവലാതി വായിച്ചു തീരും മുൻപ് ഞാൻ മരിച്ചുപോകുമോ എന്നതാണ്! ഇങ്ങനെ എന്നെ വേവലാതിപ്പെടുത്തുന്ന ഒരുപാട് പുസ്തകങ്ങളുണ്ട്. അതിൽ എന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയ ശാസ്ത്ര പുസ്തകങ്ങളിൽ ഒന്നാണ് ലില്ലി ചേച്ചിയുടേയും (സി ലില്ലി) കർത്താ മാഷിന്റെയും(കെ.വി.എസ് കർത്താ) ‘ഒരേ നാദം.. ഒരേ താളം.. കുഞ്ഞിച്ചീവീടുകളെ തേടി പ്രകൃതിയിലേക്കൊരു യാത്ര‘ എന്നത്. രണ്ടാമത്തേത് പീറ്റർ വോലെബെൻ എഴുതിയ ‘വൃക്ഷങ്ങളുടെ രഹസ്യജീവിതം’ (The Hidden Life of Trees).
ഒരേ നാദം.. ഒരേ താളം..
ഒരു കുഞ്ഞു പുസ്തകം, കുഞ്ഞിച്ചീവീടിനെ പോലെ! പക്ഷെ, വായിച്ചു തീരുമ്പോൾ അനുഭവപ്പെടുന്ന അനുഭൂതി എത്രയെന്നത് പറഞ്ഞറിയിക്കാൻ സാധ്യമല്ല. ചോദ്യങ്ങളിലൂടെ നമ്മിൽ കൗതുകമുണർത്തി അന്വേഷണ ബുദ്ധി ജനിപ്പിക്കാനുള്ള ഈ പുസ്തകത്തിന്റെ ഭാഷ എടുത്തുപറയേണ്ടതാണ്. ‘അമ്മച്ചീവീട് പാടിപ്പാടി വയറുപിളർന്നാണോ കുഞ്ഞ് പുറത്തുവരിക?’ അങ്ങനെ എത്രയെത്ര ചോദ്യങ്ങൾ.. സിക്കാഡയെന്ന കുഞ്ഞിച്ചീവീടിനെ തേടിയുള്ള രണ്ടു വർഷക്കാലത്തെ ലില്ലി ചേച്ചിയുടേയും കർത്താ മാഷിന്റെയും യാത്രകളുടെ, അന്വേഷണങ്ങളുടെ, കണ്ടെത്തലുകളുടെ വളരെ കുറുക്കിയ, അത്ര രസകരമായ ഒരു വായനാനുഭവം കാത്തുവയ്ക്കുന്നുണ്ട് ‘ഒരേ നാദം, ഒരേ താളം’. പുസ്തത്തിലെ ഭാഷയോടൊപ്പം ക്യൂ.ആർ. കോഡിന്റെ സഹായത്തോടെ കുഞ്ഞിച്ചീവീടിന്റെ വീഡിയോകളും വ്യത്യസ്ത ശബ്ദങ്ങളും നമുക്ക് വായനയോടൊപ്പം ആസ്വദിക്കാൻ സാധിക്കുന്നു. പ്രകൃതിയുടെ നിഗൂഡതകളിലേക്ക് ചോദ്യങ്ങളുടെ വെളിച്ചത്തിലുള്ള ഗ്രന്ഥകർത്താക്കളുടെ യാത്രയിൽ ശാസ്ത്രത്തിന്റെ മനോഹരമായൊരു വഴി തെളിയുന്നത് നമുക്ക് കാണാം. ഒപ്പം നമ്മൾ തീർത്ത കഥകളുടെയും വിശ്വാസങ്ങളുടെയും ഉത്തരങ്ങൾ നമ്മെ പിടിച്ചിട്ട ഇരുട്ടാണെന്ന് സ്വയം ബോധ്യപ്പെടാനുള്ള വെളിച്ചവും ഈ പുസ്തകത്തിലുണ്ട്. കേരളത്തിൽ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത ഒരിനം സിക്കാഡയെ കണ്ടെത്തിയ അന്വേഷണം ‘ഒരേ നാദം.. ഒരേ താളം..’ എന്ന ഹ്രസ്വചിത്രമായി 2017 ൽ കൊൽക്കത്തയിൽ വച്ച് നടന്ന ദേശീയ ശാസ്ത്ര ചലച്ചിത്രമേളയിൽ ഗോൾഡൻ ബീവർ പുരസ്കാരവും സ്ക്രിപ്റ്റിനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരവും നേടുകയുണ്ടായി. കേരള ശാസ്ത്ര സാഹിത്യ പരിഷത്താണ് പുസ്തകത്തിന്റെ പ്രസാധനവും വിതരണവും.
വൃക്ഷങ്ങളുടെ രഹസ്യജീവിതം
ഈ പുസ്തകം നിങ്ങളുടെ കാഴ്ചയെ ഒന്നുകൂടി വിസ്താരമുള്ളതാക്കുമെന്നത് ഉറപ്പാണ്. കൺമുന്നിൽ നടക്കുന്നുണ്ടായിട്ടും നമുക്ക് കാണാൻ സാധിക്കാത്ത വൃക്ഷങ്ങളുടെ ആശയവിനിമയങ്ങളും ഭാഷയും സാമൂഹിക ജീവിതവുമൊക്കെ ഹൃദ്യമായ ഭാഷയിൽ വോലെബെൻ വിവരിക്കുന്നു. അതിൽ ഒന്ന് എടുത്തു പറയുകയാണെങ്കിൽ ഇതാണ്: ‘വനങ്ങളിൽനിന്ന് പാഠമുൾകൊണ്ട് കർഷകർ തങ്ങളുടെ ഉരുളക്കിഴങ്ങിനും ധാധ്യങ്ങൾക്കും അല്പം കൂടി വന്യത പകർന്നു നൽകിയാൽ, അവ ഭാവിയിൽ കൂടുതൽ വാചാലരായേക്കും’. ഇങ്ങനെ നമ്മുടെ നട്ടുവളർത്തലിന്റെ പാകപ്പിഴകളാൽ വിഷാദികളായ സസ്യങ്ങളെ കുറിച്ചു പുസ്തകം ആവലാതിപ്പെടുന്നുണ്ട്.
ഈ പുസ്തകം വായിച്ചതിൽ പിന്നെ വാടി നിൽക്കുന്ന ചെടികളെ/മരങ്ങളെ കാണുമ്പോൾ എനിക്കുണ്ടായ അസ്വസ്ഥത കുറച്ചൊന്നുമല്ല. പുസ്തകത്തിൽ വോലെബെൻ ഒരിടത്ത് ഇങ്ങനെ പറയുന്നുണ്ട്: ‘വൃക്ഷങ്ങൾക്കു വല്ലാതെ ദാഹിക്കുമ്പോൾ അവ നിലവിളിക്കാറുണ്ട്. നിങ്ങൾ വനത്തിലാണെങ്കിലും ഈ നിലവിളികേൾക്കാനാകില്ല. എന്തെന്നാൽ, ഇതുസംഭവിക്കുന്നത് മനുഷ്യന്റെ കാതുകൾക്കു കേൾക്കാനാകാത്ത അൾട്രാസോണിക് തലത്തിലാണ്’. കേൾക്കുമ്പോൾ തോന്നും ഇതൊക്കെ ഉള്ളതാണോ എന്ന്. എന്നാൽ കൃത്യമായ പഠനങ്ങളുടെ പിൻബലത്തിൽ തന്നെയാണ് പുസ്തകത്തിൽ വൃക്ഷങ്ങളുടെ നമുക്കറിയാത്ത ജീവിതത്തെ വിവരിക്കുന്നതെന്ന് അറിയുമ്പോൾ നമുക്ക് അത്ഭുതം തോന്നും. നമ്മുടെ തൊടിയിലെ മാവും പ്ലാവും തെങ്ങുമൊക്കെ ദാഹിക്കുമ്പോൾ നമുക്ക് കേൾക്കാനാകാത്ത തലത്തിൽ നിലവിളിക്കുന്നുണ്ടാകില്ലേ? ഇങ്ങനെ നമ്മുടെ ചിന്തയുടെ ചുറ്റുമതിൽ പൊളിച്ചുകളായാൻ ശക്തമായി ആഹ്വാനം ചെയ്യുന്ന എന്തുകൊണ്ടും വായിച്ചിരിക്കേണ്ടൊരു പുസ്തകമാണ് വൃക്ഷങ്ങളുടെ രഹസ്യജീവിതം. ഈ പുസ്തകം മലയാളത്തിലേക്ക് സ്മിത മീനാക്ഷിയാണ് പരിഭാഷപ്പെടുത്തിയത്. ഈ പുസ്തകത്തിന്റെ പ്രസാധകർ മാതൃഭൂമി ബുക്സാണ്.
പി കൃഷ്ണദാസ്
2022 ല്‍ വായിച്ച പുസ്തകങ്ങളില്‍ രണ്ടോ മൂന്നോ പുസ്തകങ്ങളെ തിരഞ്ഞെടുക്കുക ദുഷ്കരമായ ദൗത്യമാണ്.എങ്കിലും അവയില്‍ പുതുമയാര്‍ന്ന വായനാനുഭവം സമ്മാനിച്ച മൂന്ന് പുസ്തകങ്ങളാണ് ഇവിടെ തിരഞ്ഞെടുക്കുന്നത്. ചെറുകഥ, യാത്രാവിവരണം,സിനിമാനിരൂപണം എന്നിങ്ങനെ മൂന്ന് വിഭിന്ന ജനുസ്സുകളിലെ പുസ്തകങ്ങളാണ് ഇവിടെ അവതരിപ്പിക്കുന്നത്.
മുഴക്കം
മലയാള കഥയുടെ വർത്തമാന പരിസരത്തിൽ നിരന്തരം മുഴങ്ങി നിൽക്കുന്ന പേരുകളിൽ ഒന്നാണ് പി.എഫ് മാത്യൂസ്. പി.എഫ് മാത്യൂസിന്റെ കഥാസമാഹാരമായ ‘മുഴക്കം’ കഴിഞ്ഞവർഷം വായിച്ച മലയാള ചെറുകഥാ സമാഹാരങ്ങളിൽ ഏറ്റവും മികച്ചത് എന്ന് പറയാനാവുന്ന പുസ്തകങ്ങളിലൊന്നാണ്. പി.എഫ് മാത്യൂസ് കൃതികളിൽ നിത്യമായി കടന്നുവരുന്ന മരണവും ജീവിതവും തമ്മിലുള്ള സംഘർഷവും അത് വ്യക്തിജീവിതത്തിൽ സൃഷ്ടിക്കുന്ന വിഹ്വലതകളും ഈ സമാഹാരത്തിലെ കഥകളിലും കടന്നുവരുന്നുണ്ടെങ്കിലും അതിനുമപ്പുറം പി.എഫ് മാത്യൂസ് എന്ന കഥാകാരൻ തന്റെ രചനാവഴിയെ പുതുക്കിപ്പണിയുന്ന കഥകളാണ് ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മുഴക്കം, ജീവിതം ജീവിതം എന്നു പറയുന്നത്, വനജ, ചൊവ്വാഴ്ച അല്ലാത്ത ഒരു ദിവസം, നളിനി രണ്ടാം ദിവസം, വെളുത്ത നിറമുള്ള മയക്കം, കയ്പ്പ്, കനം, മരിച്ച വിശ്വാസികൾക്ക് വേണ്ടിയുള്ള പ്രാർത്ഥന, ഞാവൽപഴം, പരിഭാഷകൻ എന്നീ കഥകളാണ് ഈ സമാഹാരത്തിൽ ഉള്ളത്. ഓർമ്മയുടെ സാന്ദ്രമായ മുഴക്കമാണ്, മുഴക്കം എന്ന കഥയുടെ അടിസ്ഥാനം. കാലങ്ങൾക്കു മുമ്പ് നഷ്ടപ്പെട്ട മനുഷ്യൻ പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുവരികയും അയാളുടെ ഓർമ്മകളും ഓർമ്മയില്ലായ്മകളും ചേർന്ന് വർത്തമാനകാലത്തിലെ മനുഷ്യരിൽ സൃഷ്ടിക്കുന്ന അസ്വസ്ഥകളും മുഴക്കത്തിൽ പ്രമേയമാകുന്നു. വനജ എന്ന കഥ ഭയവും സ്നേഹവും ഭ്രമാത്മകതയും ചേർന്ന് നിർമ്മിക്കുന്ന ആഖ്യാനമായി മാറുന്നു. ഓർമ്മകൾ ഈ കഥകളുടെയെല്ലാം അടിസ്ഥാന തന്തുവായി പ്രവർത്തിക്കുന്നുണ്ട്.
വ്യത്യസ്തമായ ആഖ്യാനവും ഭാഷയും ആണ് ഈ സമാഹാരത്തിലെ കഥകളുടെ ഒരു പ്രത്യേകത. സിനിമയും സാഹിത്യരചനകളും ഈ കഥയിലെ വ്യക്തിജീവിതങ്ങളിലൂടെ സഞ്ചാരം നടത്തുന്നുണ്ട്. പരിഭാഷകന്‍ ഈ ഘടകങ്ങളെ ഉള്‍ക്കൊള്ളുന്ന പല മാനങ്ങള്‍ ഉള്ള കഥയാണ്. അഞ്ചോളം കഥകൾ രണ്ട് കഥാപാത്രങ്ങളുടെ ജീവിതത്തെ മാത്രം ചേർത്തുനിർത്തിയാണ് അവതരിപ്പിക്കുന്നത് നളിനിയും ചിത്തനും കേന്ദ്ര കഥാപാത്രമാകുന്ന ഈ കഥകൾ അവരുടെ നിത്യജീവിത സംഭവങ്ങളിലേക്കും ഓർമ്മയിലേക്കും എഴുത്ത് എന്ന പ്രവർത്തിയിൽ ഏർപ്പെടുമ്പോൾ ഒരാൾ അനുഭവിക്കുന്ന ആത്മസംഘർഷങ്ങളിലേക്കും അഭിരുചികളുടെ അന്തരം തമ്മിലുള്ള സംവാദങ്ങളിലേക്കും കടന്ന് ചെല്ലുന്നു. സ്നേഹത്തെയും വ്യക്തിബന്ധങ്ങളെയും പുനര്‍നിര്‍വചിക്കുന്നു.
ഞാവല്‍പ്പഴം എന്ന ദസ്തോവ്സ്കിയുടെ നോവലും ഒരു വ്യക്തിയുടെ ജീവിതവും തമ്മിലുള്ള സംഘർഷാവസ്ഥയിലൂടെ മുന്നോട്ടുപോകുന്ന കഥയാണ്. ഒരു പുസ്തകം എങ്ങനെയാണ് ഒരു വ്യക്തിയുടെ ജീവിതത്തിന്റെ വിവിധ മുഹൂർത്തങ്ങളിൽ അടയാളം വാക്യം പോലെ നിലനിൽക്കുന്നത് എന്നും ഈ കഥ പറയുന്നു. കഴിഞ്ഞവർഷത്തെ വായനാനുഭവങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഈ പുസ്തകം ആണെന്നാണ് ഞാൻ വിചാരിക്കുന്നത്.
നഗ്നരും നരഭോജികളും
ഒരു പ്രദേശത്തിന്റെ മുന്നറിവുകളൊന്നും ബാധ്യതകളാവാതെ ആ ഇടത്തിന്റെ സമീപദൃശ്യങ്ങള്‍ പകര്‍ത്താനുള്ള ശ്രമമാണ് വേണുവിന്റെ യാത്രാവിവരണ ഗ്രന്ഥങ്ങളില്‍ (സോളോ സ്റ്റോറീസ്, നഗ്നരും നരഭോജികളും) കാണുന്നത്. വിദൂരദൃശ്യമായി ഒരു പ്രദേശത്തെ കാണുകയും അറിയുകയും ചെയ്യുകയല്ല വേണു, മറിച്ച് അജന്തയിലെ പദ്മപാണിയെ ആവര്‍ത്തിച്ച് വന്നു കണ്ടതു പോലെ യാത്രയുടെ അനുഭവത്തില്‍ ഉള്ളറിഞ്ഞ് നിര്‍ലീനമാകുന്നു. പോയ ഇടങ്ങളിലേക്ക് വീണ്ടും പോകുന്നു. മടക്കയാത്രകളുടെ തീവ്രതയെ വാക്കിനാല്‍ വിവരിക്കാനാവാതെ കുഴങ്ങുന്നു. മടക്കത്തിലും ചിലതുണ്ടെന്ന് മനസ്സിലാക്കുന്നു.
രുദ്രപ്പയെ ചോളപാടങ്ങളുടെ നടുവിലെ തകരഷീറ്റിനടിയില്‍ ഒരു രാത്രിനേരത്താണ് കാണുന്നത് .യാത്രമധ്യേ കണ്ട കേവല വഴിയമ്പലമായി രുദ്രപ്പ മാറുന്നില്ല. വിസ്മരിക്കാനാവാത്ത പേരും അറിവുമായി ആ ഇടം യാത്രികന് മാറുകയാണ്. മടക്കയാത്രില്‍ വേനല്‍ചൂടിന്റെ ഉച്ചിയില്‍ ആ ഇടത്ത് യാത്രികന്‍ എത്തിച്ചേരുന്നു രുദ്രപ്പയെ കാണുന്നു. ആശ്ലേഷിക്കുന്നു.’ഞാനി’ല്ലാത്ത എന്നാല്‍ അനുഭവത്തിന്റെ അടിത്തട്ടില്‍ തന്നെ പൂര്‍ണ്ണമായും നിക്ഷേപിച്ച, അതിശയോക്തികളൊന്നുമില്ലാത്ത യാത്രയാണ് ഈ രണ്ട് പുസ്തകങ്ങളും വിവരിക്കുന്നത്. ഒന്ന് ദണ്ഡകാരണ്യത്തിന്റെ ചരിത്രത്തിന്റെ ഗോത്രജീവിത സ്മൃതിയിലും വര്‍ത്തമാനത്തിലും മുള്ളാണിപ്പലകയിലും ഗോദാവരീതീരത്തും കാഞ്ചനസീത പിറന്ന ഭദ്രാചലത്തിലും പര്‍ണ്ണാശ്രമത്തിലും ബസ്തറിന്റെ ചുവന്ന ഭൂമിയിലും പക്ഷിത്താവളങ്ങളിലും പാമ്പും കരടിയും ഏതു നിമിഷവും പ്രവേശിക്കാവുന്ന മണ്‍വീട്ടിലും റഷ്യകാരനായ ലിയോയിലും സഞ്ചരിക്കുമ്പോള്‍ മറ്റൊരു പുസ്തകം ബേലൂരും ഹാലേബീഡും ബദാമിയും ബീജാപൂരും എല്ലോറയും അജന്തയും ആയിരം വര്‍ഷം ഉറങ്ങിയ ബുദ്ധശില്പങ്ങളും അഗാധമായ ലോണാര്‍ തടാകവും ഹയനയും പുലിയും പതിച്ച പാടുകളും നിറഞ്ഞ സഞ്ചാരമാകുന്നു.
അവിടെ പാര്‍ക്കുന്ന മനുഷ്യരിലും മറ്റു ജീവികളിലും ശ്രദ്ധയൂന്നുന്നു. സാധാരണ നോട്ടമല്ല,ശ്രദ്ധയോടെയുള്ള നോട്ടം (ശ്രദ്ധാവാന്‍ ലഭതേ ജ്ഞാനം) അലസമാകാന്‍ തോന്നുമ്പോള്‍ അങ്ങനെയും സജീവമാകാന്‍ തോന്നുമ്പൊള്‍ അങ്ങനെയും യാത്രികന്റെ സഞ്ചാരം സ്വച്ഛന്ദമാണ്. രണ്ട് പുസ്തകങ്ങളും മടക്കയാത്രയുടെ സൗന്ദര്യത്തെയും വിവരിക്കുന്നുണ്ട്.വീട്ടിലേക്ക് പോകുമ്പോള്‍ കുട്ടിയാവുന്ന എന്തോ ഒന്ന് യാത്രികനിലും ഉണ്ട്. നഗ്നരും നരഭോജികളും എന്ന ഗ്രന്ഥത്തിന്റെ എപ്പിഗ്രാഫില്‍ അങ്ങനെയൊരു കാര്യം പറയുന്നുണ്ട്. രവീന്ദ്രന്റെ ദിഗാരുവിലെ ആനകളും സ്വിസ് സ്കെച്ചുകളും യാത്രകളും , ടി.പി രാജീവന്റെ പുറപ്പെട്ട് പോകുന്ന വാക്ക്, ഒ.കെ ജോണിയുടെ കാവേരിയുടെ തീരങ്ങളില്‍, മുസഫര്‍ അഹമ്മദിന്റെ യാത്രഗ്രന്ഥങ്ങള്‍, മാങ്ങാട് രത്നാകരന്റെ യാത്രകള്‍ , വ്ലാദിമര്‍ ആഴ്സ്യനേവിന്റെ ദെര്‍സു ഉര്‍സുലെയും കാള്‍ ഓവ് ക്നോസ്ഗാര്‍ഡിന്റെ റഷ്യന്‍ യാത്രവിവരണം തുടങ്ങി നിരവധി യാത്രഗ്രന്ഥങ്ങള്‍ ഈ വിധം മുഴുകി ആസ്വദിച്ച് വായിച്ചവയാണ്.
എങ്ങനെ നശിക്കാതിരിക്കും നോക്കുന്നത് ആത്മാവിലേക്കാകുമ്പോള്‍
സിനിമനിരൂപണം ഒരു ദൃശ്യാനുഭവത്തോടുള്ള കാണിയുടെ പ്രതികരണമാണ്. കാഴ്ച്ച തന്നെ പല ഘടകങ്ങളാല്‍ നിര്‍ണ്ണയിക്കപ്പെട്ടാണ് നിലനില്‍ക്കുന്നത്. അതിനാല്‍ നോട്ടം മാറുമ്പോള്‍ അനുഭവവും അതുവഴി ഭാവുകത്വവും മാറും. ഡോ. പി ലക്ഷ്മിയുടെ ‘എങ്ങനെ നശിക്കാതിരിക്കും നോക്കുന്നത് ആത്മാവിലേക്കാകുമ്പോള്‍’ എന്ന പുസ്തകം വിവിധ സിനിമകളോടുള്ള കാണിയുടെ പ്രതികരണമാണ്.
സിനിമ സൃഷ്ടിച്ച മനോസഞ്ചാരങ്ങളുടെ ഭൂമികയെ അടയാളപ്പെടുത്തുകയാണ് പുസ്തകം. ഇവിടെ കേവലം കഥാവഴി പറഞ്ഞുപോകുന്ന സിനിമ വിശകലനമല്ല സംഭവിക്കുന്നത്. സ്പര്‍ശിച്ച അടരുകളിലൊന്നിനെ സവിശേഷമായി പഠിക്കുകയാണ്. അനുഭൂതിയെ സൂക്ഷ്മമായി നോക്കുമ്പോള്‍ തെളിയുന്നവയുടെ അടിപ്പടവോളം സഞ്ചരിക്കുന്നു പുസ്തകത്തിലെ ലേഖനങ്ങള്‍. ആശാനും ആറ്റൂരും സുഗതകുമാരിയും കാളിദാസനും സിനിമ കാണലിനിടെ കടന്നുവരുന്നു.
സ്ത്രീകളുടെ സാമ്പത്തികസ്വാതന്ത്ര്യത്തെ മാക്കത്തിന്റെ ഐതിഹ്യത്തിലേക്ക് വിളക്കിച്ചേര്‍ത്ത് മായാനദിയും ഉയരെയും വായിക്കുമ്പോഴും ,ആധുനികമനഃശാസ്ത്രത്തിന്റെ വിശകലനപരിസരത്തില്‍ നിന്ന് വാനപ്രസ്ഥത്തെയും കുഞ്ഞികുട്ടനെയും കാണുമ്പോഴും ‘പ്രണയ’ത്തിലെ ഏകാകിയായ മൂന്നാമതൊരാളിലേക്ക് നോട്ടമയക്കുമ്പോഴും പടികള്‍ കയറിയിറങ്ങുന്ന മഹേഷിനെ വീക്ഷിക്കുമ്പോഴും നോട്ടത്തിന്റെയും വിശകലനത്തിന്റെയും നവീനഭൂഖണ്ഡങ്ങള്‍ തെളിഞ്ഞുകാണാം എന്ന് അതിശയോക്തിയുടെ ഭാഷ ഉപയോഗിക്കാതെ തന്നെ പറയാം.
ആഘോഷപൂര്‍വ്വം കൊണ്ടാടിയ ചാര്‍ലിയിലെ ആണ്‍കോയ്മയെയും ടോക്സിക് പോസിറ്റിവിറ്റിയെയും വിമര്‍ശിക്കുന്നു ഈ പുസ്തകത്തിലെ ഒരു ലേഖനം. ചിരപ്രതിഷ്ഠിതമായ ബോധ്യങ്ങളോടുള്ള വിയോജിപ്പ് അതില്‍ കാണാം. മാരയില്‍ ആ കഥാപരിസരങ്ങളെ ജീവിതത്തോട് നീതിപുലര്‍ത്തി അവതരിപ്പിച്ചപ്പോള്‍ സംഭവിച്ച മാറ്റത്തെ അടയാളപ്പെടുത്തിയത് ഈ പുസ്തകത്തിലെ ഇഷ്ടസന്ദര്‍ഭങ്ങളിലൊന്നാണ്.
സിനിമയെ വ്യവസ്ഥാപിത സിദ്ധാന്തവഴികളുടെ സഹായത്തോടെ അഴിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനുപകരം ലളിത വാക്യങ്ങളാല്‍ ചിന്തയുടെ ഉലയില്‍ ഊതി കാച്ചിയെടുത്ത നോട്ടത്തിന്റെ പുതിയൊരു താക്കോല്‍ ഉപയോഗിച്ചാണ് മണിച്ചിത്രത്താഴ് തുറക്കുന്നത്. (മാടമ്പള്ളിയിലെ മറ്റേതൊരിടത്തേക്കാളും മനോഹരമായി മണിച്ചിത്രത്താഴുള്ള തെക്കിനിയിലിരുന്നാല്‍ മാന്തോപ്പ് ഭംഗിയായി കാണാം) കാഴ്ച്ചയുടെ വലിയ സാധ്യതയാണത്.
സിനിമ എന്ന കല അവശേഷിപ്പിക്കുന്ന അനുഭൂതിയുടെ ജലാശയത്തിലേക്കാണ് ഈ പുസ്തകത്തിന്റെ സഞ്ചാരം. അത് ആത്മാവില്‍ തീര്‍ത്ത അടയാളങ്ങളെയെല്ലാം ഓരോ കുറിപ്പും ഒപ്പം ചേര്‍ക്കുന്നു. ഒരോ പുസ്തകവും വായനയ്ക്ക് ശേഷം ഒരടയാളം നമ്മളില്‍ അവശേഷിപ്പിക്കും. ഓരോരുത്തരും അവരവരെ തന്നെ ആഴ്ന്നുനോക്കും.
സിനാഷ
നിലാവിൽ ഒരു പനിനീർ ചാമ്പ
ഓർമകൾ നിലാവു പോലെയാണ്. കുളിരും തെളിച്ചവും നിഴലും വിഷാദവുമെല്ലാം ഇടകലർന്നത്. അവിടെ ഒരു പനിനീർചാമ്പ നിൽക്കുകയാണ്. അതിൽ ഇലകളും പൂക്കളുമുണ്ട്. ചിരികളും കണ്ണീരുമുണ്ട്. അതിലൊരു കുട്ടിക്കാലമുണ്ട്. കവിതയുണ്ട്.
കവിത പോലൊരു അനുഭവവും അനുഭൂതിയുമാണ് റോസ്മേരിയുടെ ഓർമക്കുറിപ്പുസമാഹാരമായ “നിലാവിൽ ഒരു പനിനീർചാമ്പ” എന്ന കൊച്ചുപുസ്തകം. 111 താളുകളും 150 രൂപ വിലയുമുള്ള പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് മാതൃഭൂമി ബുക്സാണ്.
തന്റെ നാടിനെയും മലകളെയും മരങ്ങളെയും വീടിനെയും കുടുംബാംഗങ്ങളെയും സ്നേഹിതരെയും നാട്ടുകാരെയും ഓർമകളിൽ വരയ്ക്കുകയാണ് റോസ്മേരി. കാറ്റു പോലെ പാറിനടന്ന ഒരു ബാല്യം. കഥകളും ഇഷ്ടങ്ങളും പിണക്കങ്ങളും നഷ്ടങ്ങളുമൊക്കെ കവിതയിറ്റുന്ന ഭാഷയിൽ വളരെയേറെ ഹൃദയഹാരിയായിത്തീരുന്നു.
തന്റെ കുട്ടിക്കാലത്തിന്റെ വേരുകളിലൂടെ റോസ്മേരി ചെന്നെത്തുന്നത് കാലത്തിന്റെ ആഴങ്ങളിലാണ്. അതിനാൽ, ഇതൊരു പെൺകുട്ടിയുടെ കഥ മാത്രമല്ല… ഒരു നാടിന്റെയും അവിടുത്തെ മനുഷ്യരുടെയും അവരുടെ കാലഘട്ടത്തിന്റെയും കഥ കൂടിയാണ്.
ഈ പനിനീർചാമ്പ കവിതയുടെയും ജീവന്റെയും മരമാണ്. ഇവിടെ ഒറ്റപ്പെട്ടവരും തോറ്റവരും തകർന്നവരും മരിച്ചവരും ഉയിർക്കുന്നു. വാക്കിന്റെ വെളിച്ചം വീഴുന്നു. അങ്ങനെ ഇതൊരു പടർപ്പും നിലാവുമാകുന്നു
അനശ്വർ കൃഷ്ണദേവ് ബി
ചെളി പുരളാത്ത പന്ത്: ഒരു അർജന്റീനിയൻ സത്യവേദപുസ്തകം
മലയാളത്തിൽ എഴുതപ്പെട്ടിട്ടുള്ള എണ്ണം പറഞ്ഞ കളിയെഴുത്തുകളിലൊന്നാണ് 2022ൽ ചിന്ത പബ്ലിഷേഴ്സ് പുറത്തിറക്കിയ രാജീവ് രാമചന്ദ്രന്റെ ‘ചെളി പുരളാത്ത പന്ത്’. ഒരു അർജന്റീന പക്ഷപാതിയുടെ രചന എന്ന നിലയിൽ അർജന്റീനിയൻ ആരാധകർക്ക് രസിക്കാനുള്ള വകയുണ്ടെന്നിരിക്കെ അർജന്റീനിയൻ ഫുട്ബോളിന്റെ വിമർശസ്ഥാനത്തും പുസ്തകം നിലയുറപ്പിക്കുന്നത് കാണാം. രണ്ടു ഭാഗങ്ങളും അനുബന്ധവും ചേർന്നതാണ് പുസ്തകം.
‘ലാ നുസ്‌ത്ര’ എന്ന പേരിലുള്ള മുഖവുരയിൽ പുസ്തകം എഴുതാനുള്ള കാരണത്തെ രാജീവ് സൂചിപ്പിക്കുന്നുണ്ട്. എന്തുകൊണ്ട് താൻ അർജന്റീന ഫാനായി തുടരുന്നു? എന്ന ഏറ്റവും ലളിതമായ ചോദ്യത്തിൽ നിന്നാരംഭിച്ച് ആരാണ് അർജന്റീന ഫാൻ? എന്ന ലളിതമെങ്കിലും സങ്കീർണ്ണമായ അന്വേഷണത്തിലേക്ക് നീളുകയാണ് പുസ്തകം.
ഒന്നാം ഭാഗത്ത് ലാറ്റിനമേരിക്കയുടെയും അർജന്റീനയുടെയും ഫുട്ബോൾ ചരിത്രത്തെ അവിടങ്ങളിലെ രാഷ്ട്രീയ-സാംസ്‌കാരിക ചരിത്രവുമായി ചേർത്തു നിർത്തി പറയാനുള്ള ശ്രമങ്ങളാണ്. ‘ഒളിവിൽ പാർക്കുന്ന കലാപകാരി’, ‘ചെഗുവേരയെ വീണ്ടെടുത്ത മറഡോണ’, ‘മെനോറ്റിസ്മോയും ബിലാർദിസ്മോയും’ എന്നീ പേരിലുള്ള കുറിപ്പുകളാണ് ഒന്നാം ഭാഗത്തുള്ളത്.
‘ഒളിവിൽ പാർക്കുന്ന കലാപകാരി’ എന്ന കുറിപ്പ് ലാറ്റിനമേരിക്കൻ ഫുട്‍ബോളിന്റെയും അർജന്റീനിയൻ ഫുട്‍ബോളിന്റെയും ചരിത്രം പറയുകയാണ്. കേവലം ഫുട്‍ബോൾ ആസ്വാദകൻ മനസിലാക്കുന്ന കളിയുടെ ചരിത്രം എന്നതിൽക്കവിഞ്ഞ് ലാറ്റിനമേരിക്കൻ/ അർജന്റീനിയൻ രാഷ്ട്രീയചരിത്രം എന്ന നിലയിലാണ് ഈ ഭാഗം നിലകൊള്ളുന്നത്. പുസ്തകത്തിന്റെ പൊതുസ്വഭാവം തന്നെ ഈ നിലയിൽ ഗൗരവമേറിയതാണ്. സ്പാനിഷ് കോളനിയായിരുന്നെങ്കിലും ബ്രിട്ടീഷുകാർ വഴിയാണ് പത്തൊൻപതാം നൂറ്റാണ്ടിൽ അർജന്റീനയിലും മറ്റ് ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും ഫുട്ബോൾ എത്തുന്നതെന്നും ബ്രിട്ടീഷ് ഉന്നത-മധ്യവർഗങ്ങളുടെ വിനോദം എന്ന നിലയിൽ നിന്ന് അത് വർഗപരമായി പരിണമിക്കപ്പെടുന്നത് റെയിൽവേ തൊഴിലാളികൾ ഏറ്റെടുത്തതോടെ ആണെന്നും എദ്വാർദോ പി ആർക്കെറ്റിയെ പോലുള്ളവരുടെ പഠനങ്ങൾ മുൻനിർത്തി ഗ്രന്ഥകാരൻ വിശദീകരിക്കുന്നു.
ഈ വർഗ്ഗസ്വഭാവം കൊളോണിയൽ സദാചാര മാതൃകകൾക്ക് അകത്തു നിന്ന ഫുടബോൾ എന്ന വിനോദത്തെ വേതന സാധ്യതയുള്ള പ്രൊഫഷനാക്കി മാറ്റിയതും പിന്നീട് പരാമർശിക്കുന്നുണ്ട്. ക്രിസ്ത്യൻ മതാധികാരം സൃഷ്ടിച്ചെടുത്ത സദാചാര ചട്ടക്കൂടുകൾക്ക് അനുസൃതമായാണ് ബ്രിട്ടീഷ് ഫുട്ബോൾ അർജന്റീനയിൽ നിലനിന്നത് എന്ന് ഗ്രന്ഥകാരൻ പറയുന്നു. സ്വയംഭോഗം പോലുള്ള ‘പാപക്രിയ’കളിൽ നിന്ന് വിദ്യാത്ഥികളെ/ യുവതയെ രക്ഷപ്പെടുത്തി, അവരുടെ ശാരീരികോർജ്ജം ചെലവഴിക്കാനുള്ള ഉപാധിയായി ഫുട്ബോളിനെ കണ്ടതുകൊണ്ടാവാം മിഷനറി സ്‌കൂളുകളിലേക്ക് ഫുട്ബോൾ എത്തിയത് എന്നാണ് ഇതിനുള്ള വിശദീകരണം.
മുന്നേ സൂചിപ്പിച്ച സദാചാരമാതൃകയിൽ സ്ഥാപിക്കപ്പെട്ടതിനാൽ തന്നെ ബ്രിട്ടീഷ് ഫുട്‍ബോൾ ഏറെക്കുറെ യാന്ത്രികമായിരുന്നെന്ന് കാണാം. എന്നാൽ തൊഴിലാളികളിലൂടെ അർജന്റീനിയൻ തെരുവകളിലേക്ക് എത്തിയതോടെ അവിടുത്തെ തെരുവുകുട്ടികൾ (പീബെ) കളി ഏറ്റെടുക്കുകയും ബ്രിട്ടീഷ് ഫുട്ബോളിന്റെ മടുപ്പിക്കുന്ന യാന്ത്രികതയിൽ നിന്ന് അതിനെ മോചിപ്പിക്കുകയും ചെയ്തതായി രാജീവ് രേഖപ്പെടുത്തുന്നു. വാസ്തവത്തിൽ അർജന്റീനയുടെ തനതു കളിയുടെ രൂപപ്പെടലിനെ പുസ്തകത്തിൽ ചരിത്രപരമായി തന്നെ കണ്ടെടുക്കാൻ ശ്രമിക്കുന്നുണ്ട്.
‘ക്രിയോഷോ’ എന്ന അർജന്റീനിയൻ കളിശൈലിയിൽ കാണുന്ന ‘ഗംബീത്ത’ എന്ന പന്താട്ടമികവ് വാസ്തവത്തിൽ അവിടങ്ങളിലെ പരിമിതികളിലൂടെ രൂപപ്പെട്ടതാണ്. വളരെ ചെറിയ സ്ഥലത്ത് കുറെയധികം ആളുകൾ ഒന്നിച്ച് കളിക്കുന്നതുകൊണ്ട് പന്തിന്മേൽ നിയന്ത്രണമുണ്ടാക്കിയെടുക്കാൻ വലിയ പണിയെടുക്കേണ്ടി വന്നിരുന്നു. ഈ പണികളാണ് ഗംബീത്ത എന്ന മികവ് അർജന്റീനിയൻ കളിക്കാർക്ക് സമ്മാനിച്ചതെന്ന് ഗ്രന്ഥകാരൻ പറയുന്നു. ഇവിടെ നിന്ന് ലാറ്റിനമേരിക്കൻ ഫുട്ബോളിന്റെ ചരിത്രത്തെ സാമാന്യമായി അവലോകനം ചെയ്ത്, ലാറ്റിനമേരിക്കൻ- യൂറോപ്യൻ ശൈലികളുടെ സാമ്യവ്യത്യാസങ്ങളെയും ഇരുകരകളും തമ്മിലുണ്ടായ പോരാട്ടങ്ങളെ സാമ്രാജ്യത്തവിരുദ്ധതയുടെ പശ്ചാത്തലത്തിൽ പരിഗണിച്ച് ഒരു യൂറോവിമർശനത്തിലൂടെ കുറിപ്പ് അവസാനിക്കുകയാണ്.
ശേഷം വരുന്ന ‘ചെഗുവേരയെ വീണ്ടെടുത്ത മറഡോണ’ എന്ന ഭാഗം അർജന്റീനിയൻ രാഷ്ട്രീയത്തെയും ഫുട്ബോളിനെയും ചേർത്തുവായിക്കാനുള്ള ശ്രമമാണ്. ചെഗുവേര എന്ന മഹാനായ വിപ്ലവകാരിക്ക് വലതുപക്ഷ അർജന്റീനയിൽ ഉണ്ടായിരുന്ന കുപ്രസിദ്ധിയെ മാറ്റിയെടുത്ത മറഡോണയെ കുറിപ്പിൽ പരാമർശിക്കുന്നു. അർജന്റീനിയൻ ഫുട്ബോൾ ആരാധകവൃന്ദം രൂപപ്പെട്ട സാമൂഹിക പശ്ചാത്തലത്തെ പരാമർശിക്കുന്ന ഭാഗവും ഈ കുറിപ്പിലുണ്ട്. ആണത്തം, ഫുട്ബോളിൽ നിന്ന് സ്ത്രീകളായ കാണികളുടെ അകൽച്ച, താരാരാധന മുതലായ താക്കോൽ സങ്കല്‌പനങ്ങങ്ങളും അർജന്റീനിയൻ ആരാധകജീവിതവും ബന്ധപ്പെടുത്തിയുള്ള ആലോചനകളും ഈ ഭാഗത്തിൽ പങ്കുവെക്കുന്നു. ടെലിവിഷൻ സംപ്രേക്ഷണത്തിലൂടെ അർജന്റീനിയൻ ഫുട്ബോളിന് ഇന്ത്യയിലുണ്ടായ–വിശിഷ്യാ കേരളത്തിലും ബംഗാളിലും-സ്നേഹാരാധനയും ഈ ഭാഗത്തുണ്ട്.
‘മെനോറ്റിസ്മോയും ബിലാർദിസ്മോയും’ എന്ന കുറിപ്പിൽ അർജന്റീനിയൻ ഫുട്ബോളിന്റെ കേളീശൈലിപരിഷ്‌കാരങ്ങൾ സീസർ ലൂയിസ് മെനോറ്റി, കാർലോസ് ബിലാർദോ എന്നീ ലോകകപ്പ് നേടിയെടുത്ത പരിശീലകരിലൂടെയും അവരുടെ മുൻനോക്കികളിലൂടെയും പിൻപറ്റിയവരിലൂടെയും അടയാളപ്പെടുത്താനുള്ള ശ്രമം കാണാം. 1958 ലോകകപ്പിൽ ചെക്കോസ്ലോവാക്യയോടുള്ളതും 1974ൽ യോഹാൻ ക്രൈഫിന്റെ ‘ടോട്ടൽ ഫുട്ബോൾ’ ഡച്ച് ടീമിനോടുമേറ്റുവാങ്ങിയ തോൽവിയുമാണ് അർജന്റീനിയൻ ഫുട്ബോളിന്റെ വഴി മാറ്റിയതെന്ന് രാജീവ് നിരീക്ഷിക്കുന്നുണ്ട്. 1978 ലോകകപ്പിൽ യുവതാരമായ മറഡോണയെപ്പോലും ഒഴിവാക്കി, ഇടതുരാഷ്ട്രീയത്തിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന മെനോറ്റി ഉണ്ടാക്കിയ ടീം തനതുകളി പുതുക്കിയെടുത്ത് ലോകകപ്പ് നേടി.
ഈ വിജയം രാജ്യത്തരങ്ങേറിയ കൂട്ടക്കൊലകളെയും ഭരണകൂട പരാജയങ്ങളെയും മറയ്ക്കാൻ ഭരണകൂടമുപയോഗിച്ചത് മെനോറ്റിയെ ഭീകരമായി തളർത്തിയെന്നതും ചരിത്രം. 1982 ലോകകപ്പിൽ ആദ്യ റൗണ്ടിൽ പുറത്തായതോടെ മെനോറ്റിസ്മോ തന്ത്രങ്ങൾ പരാജയപ്പെട്ടുവെന്ന് പറഞ്ഞ് ബിലാർദോയെ പരിശീലകനാക്കി. ബിലാർദോ, മെനോറ്റിയുടെ നേരെ വിപരീതമായ, ‘സർഗ്ഗപരമായ ഫുട്ബോൾ’ എന്ന കളിക്കാർക്ക് സർവസ്വതന്ത്ര്യമുണ്ടായിരുന്ന കളിശൈലി മാറ്റി മാനേജരുടെ ടീമുണ്ടാക്കി, മറഡോണയെ മാത്രം സ്വതന്ത്രനാക്കി വിട്ട് ലോകകപ്പ് നേടി. ശേഷമുള്ള അർജന്റീനിയൻ കേളീശൈലിപരിഷ്‌കാരങ്ങളുടെ സാമാന്യവലോകനത്തിലൂടെ ഈ കുറിപ്പും പുസ്തകത്തിന്റെ ഒന്നാം ഭാഗവും പൂർത്തിയാകുന്നു.
പുസ്തകത്തിന്റെ രണ്ടാം ഭാഗത്തിൽ ‘ചെളി പുരളാത്ത പന്ത്’, ‘സ്വപ്നമൈതാനങ്ങളിലെ യവനദേവന്മാർ’, ‘ലാ എൻഗാൻചെ’, ‘പീബെയുടെ പരിണാമം’ എന്നീ നാല് കുറിപ്പുകളാണുള്ളത്. ഇവ നാലും അർജന്റീനയുടെ ചരിത്രത്തിലെ പ്രമുഖ കളിക്കാരെ സംബന്ധിക്കുന്ന ഭാഗമാണ്. ‘ചെളി പുരളാത്ത പന്ത്’ മറഡോണയെ സംബന്ധിക്കുന്ന ഭാഗമാണ്. മറഡോണയുടെ ജീവിതം, മെസിയുമായുള്ള ശാരീരികശേഷിയുടെ താരതമ്യം, സാമ്രാജ്യത്തവിരുദ്ധതയും രാഷ്ട്രീയവും മുതലായ കാര്യങ്ങളെ ഈ ഭാഗത്തെ പരിഗണിക്കുന്നു. ബ്രസീലിയൻ ഇതിഹാസം ഗാരിഞ്ചയുമായുള്ള താരതമ്യമാണ് ഈ ഭാഗത്തെ വേറിട്ടു നിർത്തുന്നതെന്ന് കാണാം.
‘സ്വപ്നമൈതാനങ്ങളിലെ യവനദേവന്മാർ’ മരിയോ കെംപസ്, ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട എന്നിവരെ സംബന്ധിക്കുന്ന ഭാഗമാണ്. മറഡോണക്ക് ശേഷമുള്ള അർജന്റീനിയൻ ടീമിനുണ്ടായ പ്രതിഭാസമ്പന്നരായ മുന്നേറ്റ ജോഡികളുടെ അഭാവം കൂടി ഈ ഭാഗം പറയുന്നു.
‘ലാ എൻഗാൻചെ’ അർജന്റീയയുടെ ഏറ്റവും മികച്ച പ്ലേ മേക്കർമാരിൽ ഒരാളായ ഹുവാൻ റോമൻ റിക്വിൽമേ യെ സംബന്ധിച്ച കുറിപ്പാണ്. പ്രതിഭാസമ്പന്നമായ ആ കളിജീവിതത്തെ സംബന്ധിച്ച പ്രതീക്ഷകളും അത് സാധ്യമാകാത്ത നിരാശയും കുറിപ്പിലുണ്ട്.
‘പീബെയുടെ പരിണാമം’ മെസ്സിയുടെ ജീവിതമാണ്. മെസ്സിയുടെ ആറാം വയസുമുതൽ സമീപകാലം വരെയുള്ള കളികളെ സൂക്ഷ്മമായി വിലയിരുത്തുന്ന കുറിപ്പാണത്. പീബെയെന്ന നിലയിൽ മെസിയുടെ പോരായ്മകൾ പുസ്തകത്തിലുടനീളം വിലയിരുത്തുന്നത് ഇവിടെയും തുടരുന്നുണ്ട്. മാനുഷികമായ എല്ലാ വികാരങ്ങളുടെയും സംഗമസ്ഥാനമായി മെസ്സിയെ രാജീവ് വിലയിരുത്തുന്നതും കാണാം. മെസ യും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള പൗരഷത്തിലൂന്നിയുള്ള സ്വഭാവനിർമ്മിതിയെയും ഈ ഭാഗം പരാമർശിക്കുന്നു. ഇതിന്റെ തുടർച്ചയെന്നോണം കാണേണ്ടതാണ് അനുബന്ധമായി കൊടുത്തിട്ടുള്ള ‘പ്ലേസ്റ്റേഷനിലെ ഷോ ബോട്ടർ’ എന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ച കുറിപ്പും.
മുന്നേ സൂചിപ്പിച്ച മാതിരി അർജന്റീന ആരാധകർക്ക് രോമാഞ്ചമുണ്ടാക്കാൻ പോന്നതെങ്കിലും ലാറ്റിനമേരിക്കൻ/ അർജന്റീനിയൻ കളിയഴകിന്റെ ചരിത്രപരമായ അവലോകനം എന്ന നിലയിൽ പുസ്തകം മൗലികത പുലർത്തുന്നുണ്ട്. മലയാളത്തിലെ കളിയെഴുതുകൾ കേവലാനന്ദദായകമായിത്തന്നെ തുടരുന്ന സന്ദർഭത്തിൽ ഈ പുസ്തകം കളിയെഴുത്തിന്റെ പുതുഭാഷ കൂടി നിർമ്മിക്കുന്നുണ്ടെന്ന് പറയുന്നതിൽ തെറ്റില്ല.
സന്ധ്യ എൻ.പി
നീലക്കൊടുവേലി
2023 ലേക്കു പ്രവേശിക്കുമ്പോൾ 2022 ൽ വായിച്ച പുസ്തകങ്ങളിൽ ഏറ്റവും മുകളിൽ പ്രളയജലത്തിൽ പൊങ്ങിക്കിടക്കും പോലെ ഓർമ്മയിൽ ഇളകിക്കൊണ്ടിരിക്കുന്നത് ടി.പി രാജീവന്റെ നീലക്കൊടുവേലി എന്ന സമാഹാരത്തിലെ കവിതകളാണ്.
2022 ലെ ഏറ്റവും വലിയ നഷ്ടമായിരുന്നു ടി.പി രാജീവൻ എന്ന കവിയുടെ മരണം. കവിയുടെ മരണത്തിനു ശേഷമാണ് നീലക്കൊടുവേലി ഇറങ്ങിയത്. ഡി.സി ബുക്സാണു പ്രസാധകർ.
ടി.പി രാജീവന്റെ ഭൗതികശരീരത്തിന്റെ അഭാവത്തിൽ നീലക്കൊടുവേലിയിലെ കവിതകൾ വായിക്കുമ്പോൾ എനിക്കു കണ്ണീരടക്കാനേ കഴിഞ്ഞില്ല. ടി.പി രാജീവന്റെ ഹൊഗനക്കൽ എന്ന കവിതയായിരുന്നു എനിക്കേറ്റവും ഇഷ്ടം. അവധിക്കാലത്ത് തന്നെയും തന്റെ മരിച്ചു പോയ അനുജനേയും കൂട്ടി ദൂരെയുള്ള അമ്മ വീട്ടിൽ പോകുന്ന അമ്മയെക്കുറിച്ചുള്ള കവിത, മരിച്ചു പോയ അനിയൻ വിളിച്ചിട്ടുപോലും തിരികെ വരാത്ത അമ്മവെള്ളത്തെക്കുറിച്ചുള്ള കവിത.
നീലക്കൊടുവേലി വായിച്ചപ്പോൾ ആ സമാഹാരത്തിലെ കടന്തറപ്പുഴ വായിച്ചു ഞാൻ സ്തംഭിച്ചു പോയി. ഹൊഗനക്കലിന്റെ തുടർച്ചയാണു ഞാൻ കടന്തറപ്പുഴയിൽ കണ്ടത്. വെള്ളത്തെ തിരികെ വിളിക്കുന്ന കുട്ടിയാണ് ഹൊഗനക്കലിൽ ഉള്ളത് എങ്കിൽ ആ കുട്ടിയെ തിരികെ വന്ന് തൊടുന്ന ജലത്തിന്റെ കാരുണ്യമാണ് കടന്തറപ്പുഴ.
“സ്വയം ഉപേക്ഷിച്ചു കിടക്കുകയായിരുന്ന
എന്റെ നിറുകയിൽ
ഒരു നനവു വന്നു തൊട്ടു”
എന്ന് ടി.പി അതിനെ കുറിക്കുന്നു. അവളുടെ വിരലുകളെന്നു നിനയ്ക്കുന്ന കവിയോടവൾ
“ഞാൻ തന്നെ ഇല്ലാതാവുന്നതിനു മുമ്പ്
നിന്നെ കണ്ട്
ഒരു തുള്ളി വെള്ളം തരാൻ വന്ന
പഴയ കൂട്ടുകാരിയാണു ഞാൻ,
കടന്തറപ്പുഴ “
എന്നു സ്വയം വെളിപ്പെടുന്നു.
“നാവൊന്നു നീട്ടു
കൂലംകുത്തി ഒഴുകാനല്ല
സ്നേഹത്തോടെ ഒന്നു തലോടാൻ “
എന്ന് വായിക്കുമ്പോൾ മുഴുവനായും വറ്റിപ്പോയ ഹൊഗനക്കലിലെ ജലം തിരികെ വന്നു മരണക്കിടക്കയിൽ കിടക്കുന്ന തന്റെ കൂട്ടുകാരന്റെ നാവിൽ പകരുന്ന അന്ത്യോദകത്തിന്റെ നനവ്, കാരുണ്യം വായനക്കാരിയായ ഞാനും അനുഭവിക്കുന്നു.
ഒരിക്കലും വിട്ടു പോവാത്ത പുഴയുടെ നനവും കാടിന്റെ തണുവും അനുഭവിക്കുന്നു.
ടി.പിയെയും അദ്ദേഹത്തിന്റെ ഹൊഗനക്കലിനെയും കുറ്റ്യാടിപ്പുഴയേയും കടന്തറപ്പുഴയേയും ഞാനും സ്നേഹിക്കുന്നു. 2022 ലെ കവിത എന്നാൽ എനിക്ക് ടി.പി രാജീവന്റെ നീലക്കൊടുവേലിയാവുന്നു.