Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ജീവവായു തേടി- 02
പ്ലാസ്റ്റിക് അടക്കമുള്ള മാരകമായ മാലിന്യങ്ങൾ 12 ദിവസം നിന്ന് കത്തിയിട്ടും, ആ വിഷപ്പുക നാടാകെ പരന്നിട്ടും ബ്രഹ്മപുരം തീപിടിത്തം എന്തുകൊണ്ടാണ് ഒരു ദുരന്തമായി സർക്കാർ പ്രഖ്യാപിക്കാത്തത്? തീയണഞ്ഞ് രണ്ട് മാസം കഴിഞ്ഞിട്ടും തദ്ദേശീയ ജനത നേരിടുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കാത്തത് എന്തുകൊണ്ടാണ്? ആവർത്തിക്കപ്പെടുന്ന തീപിടിത്തങ്ങൾ തടയാനുള്ള അടിസ്ഥാന സംവിധാനങ്ങൾ ഇനിയും ഒരുക്കാത്തത് എന്തുകൊണ്ടാണ്? കേരളീയം അന്വേഷണ പരമ്പര.
പത്ത് വർഷം മുമ്പ്, 2013ൽ ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചതിനെത്തുടർന്ന് പ്രദേശവാസിയായ ഒരു സ്ത്രീ ഏഷ്യാനെറ്റ് ന്യൂസ് ലേഖികയോട് പ്രതികരിച്ചത് ഇങ്ങനെയാണ്.
“ഇതിന്റെ മണം ഞങ്ങൾക്ക് സഹിക്കാൻ പറ്റുന്നില്ല, ഞങ്ങളുടെ പിള്ളേരെ ഭയങ്കര ശ്വാസംമുട്ടൊക്കെ ആയതുകൊണ്ട് ആശുപത്രിയിലേക്ക് കൊണ്ടുപോയിക്കൊണ്ടിരിക്കുകയാണ്. ഞങ്ങൾക്ക് ജീവിക്കാൻ യാതൊരു നിവൃത്തിയുമില്ലാത്ത അവസ്ഥയാണിവിടെ. ഭയങ്കര ശക്തമായ മണങ്ങളാണ്, കുഞ്ഞുങ്ങൾക്ക് എപ്പോഴും അസുഖങ്ങളും. എനിക്കും ശ്വാസംമുട്ടാണ്, ഞാനെപ്പോഴും അടിക്കുന്ന മരുന്ന് എന്റെ കയ്യിൽവച്ചുകൊണ്ടിരിക്കുകയാണ്. പുകയിൽ ശ്വാസംമുട്ടി എങ്ങനെ ഞങ്ങൾ ജീവിക്കും? ഞങ്ങളെന്ത് ചെയ്യും? ഞങ്ങളുടെ കുഞ്ഞുമക്കളെയും കൊണ്ട് ഞങ്ങൾ എങ്ങോട്ടാണ് പോകേണ്ടത്? ശ്വാസംമുട്ടുണ്ട്, അതിനുള്ള മരുന്ന് കയ്യിൽ വെച്ചുകൊണ്ടിരിക്കുകയാണ്. തീപിടിത്തതിന് ശേഷം പണിക്കൊന്നും പോകാനൊന്നും കഴിയുന്നില്ല.” അവർ പറഞ്ഞു.
2019 ൽ വീണ്ടും തീപിടിത്തമുണ്ടായി. കാക്കനാടും പരിസര പ്രദേശങ്ങളിലും പടർന്ന പുകയിൽ മാസ്ക് ധരിക്കാതെ, കെെകൾ കൊണ്ടും തൂവാലകൊണ്ടും മൂക്കു മറച്ച് നടക്കുന്ന ആളുകളെ അന്നത്തെ വിവിധ മാധ്യമദൃശ്യങ്ങളിൽ കാണാം.
2023ലെ തീപിടിത്തത്തിന് ശേഷം മാധ്യമപ്രവർത്തകർക്ക് പ്ലാന്റിന് അകത്തേക്ക് പ്രവേശിക്കണമെങ്കിൽ മേയറുടെ ഓഫീസിൽ നിന്നും കോർപ്പറേഷൻ ഓഫീസിൽ നിന്നും അനുമതി തേടണം എന്നത് കർശനമാക്കി.
“മെമ്പറായിരുന്ന സമയത്ത് പലരും ഫോട്ടോ എടുക്കണമെന്ന് പറഞ്ഞപ്പോൾ ഞാൻ പ്ലാന്റിൽ കൊണ്ടുപോയി ഫോട്ടോ എടുപ്പിച്ചിട്ടുണ്ട്. തടയാൻ വന്നാൽ ഞാൻ മാറിനിൽക്കാൻ പറയും. ഞാനീ വാർഡിലെ മെമ്പറാണ്. സെെനിക രഹസ്യങ്ങളൊന്നും ഇവിടെയില്ല. എന്റെ വാർഡിൽ ഒരു സ്ഥലത്തുപോകാൻ എനിക്കാരുടെയും അനുമതി വേണ്ട. ഡ്രോൺ വഴിയും ഷൂട്ട് ചെയ്തു.” അബ്ദുൾ ബഷീർ മുൻ വർഷങ്ങളിലെ അനുഭവങ്ങൾ വിവരിച്ചു.
2016ൽ തന്നെ പ്ലാൻറ് ശാസ്ത്രീയമായ രീതികൾ പാലിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി ഹരിത ട്രിബ്യൂണൽ നഗരസഭ അധികൃതരെ പ്രൊസിക്യൂട്ട് ചെയ്യാൻ ഉത്തരവിട്ടിരുന്നു. ബ്രഹ്മപുരത്ത് മാലിന്യം തള്ളാൻ മലിനീകരണ നിയന്ത്രണ ബോർഡ് 2006ൽ നൽകിയ കാലാവധി 2011ലാണ് അവസാനിച്ചത്. കോർപ്പറേഷൻ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി തുടങ്ങാൻ ഹരിത ട്രിബ്യൂണൽ മലിനീകരണ നിയന്ത്രണ ബോർഡിന് നിർദ്ദേശം നൽകി. ആറുമാസത്തിനുള്ളിൽ പ്ലാൻറ് നിർമ്മാണം തുടങ്ങുമെന്ന് കോർപ്പറേഷൻ ഉറപ്പുനൽകിയെങ്കിലും മാലിന്യ പ്ലാൻറും ശാസ്ത്രീയമായ മാലിന്യ സംസ്കരണവും വീണ്ടും ഇഴഞ്ഞുനീങ്ങി.
“2019ലെ തീപിടിത്തത്തിൻറെ സമയത്ത് മേയറായിരുന്നത് സൗമിനി ജെയ്ൻ ആണ്. ഞാനിവിടെ കോൺഗ്രസിന്റെ മണ്ഡലം പ്രസിഡൻറും മെമ്പറുമാണ്. അന്ന് സഫീറുള്ളയാണ് കലക്ടർ. യോഗത്തിൽ മേയർ എഴുന്നേറ്റ് ഞങ്ങൾക്ക് വിശദീകരണം തരാൻ തുടങ്ങി. അവിടെയിരിക്കാൻ ഞാൻ അവരോട് പറഞ്ഞു. നിങ്ങളുടെ വിശദീകരണം വേണ്ട, കലക്ടർക്ക് വല്ലതും പറയാനുണ്ടോ എന്ന് ചോദിച്ചു. എന്തൊക്കെയാണ് ഡിമാൻഡുകൾ എന്ന് കലക്ടർ ചോദിച്ചു ? സി.സി.ടി.വി ക്യാമറ വേണം, സെക്യൂരിറ്റി ചുമതല പൊലീസിന് ആയിരിക്കണം, ഫയർ ഹെെഡ്രൻറ്, ഓവർഹെഡ് വാട്ടർടാങ്ക്, വെള്ളം പുഴയിൽ നിന്ന് എടുക്കാനുള്ള പമ്പ് ഹൗസ് എന്നിവ വേണം, ഓരോ ഫയർ ഹെെഡ്രൻറിന്റെ അടുത്തേക്കും പോകാനുള്ള പോക്കറ്റ് വഴികൾ വേണം, ഫയർ സർവീസിന് പോകാനുള്ള വഴി, ലീച്ചെറ്റ് ട്രീറ്റ് ചെയ്യാനുള്ള വാട്ടർ ട്രീറ്റ്മെൻറ് പ്ലാന്റ് എന്നിവ വേണം. ഈ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ കലക്ടറുടെ നേതൃത്വത്തിൽ പറ്റുമോ?” അന്ന് കലക്ടറിനോട് ചോദിച്ച ചോദ്യങ്ങൾ അബ്ദുൾ ബഷീർ ഓർത്തെടുത്തു. എന്നാൽ ആ സംവിധാനങ്ങളൊന്നും ഇപ്പോഴും ഒരുക്കപ്പെട്ടിട്ടില്ല എന്നാണ് 2023ലെ തീപിടിത്തത്തെ തുടർന്ന് വ്യക്തമാകുന്നത്.
ദ ഹിന്ദുവിൽ 2019 ഫെബ്രുവരി 15ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഒരു ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ നടത്തിയ പ്രതികരണം അക്കാര്യം ഉറപ്പിക്കുന്നു. “തീപിടിത്തങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ ഫയർ ഹെെഡ്രൻറുകൾ സ്ഥാപിക്കണം. തീപിടിത്തങ്ങൾ എങ്ങനെ ഉണ്ടാകുന്നു എന്നറിയാത്തതിനാൽ ഇത്തരം സംഭവങ്ങൾ മനുഷ്യനിർമ്മിതമാണോ എന്ന് കണ്ടെത്താനുള്ള മോണിറ്ററിങ് സംവിധാനം ആവശ്യമാണ്” എന്നാണ് മുതിർന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥനും അഭിപ്രായപ്പെടുന്നത്.
“എഴുപതേക്കറിൽ മാലിന്യം കൂട്ടുമ്പോൾ അഗ്നിബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനുള്ള അഗ്നിശമന ഉപാധികൾ ഇവിടെ സ്ഥാപിച്ചിരിക്കണം. അതെല്ലാം ഫംഗ്ഷണലായിരിക്കുകയും വേണം. കൂടാതെ ഈ വേനൽക്കാലത്ത് ഫയർ വാച്ചേഴ്‌സ് വേണം. എവിടെയെങ്കിലും തീ ഉണ്ടാകുമ്പോൾ നമുക്ക് അവിടെത്തന്നെ അത് അണയ്ക്കുകയും വേണം. ഒരു ബക്കറ്റുകൊണ്ട് വെള്ളമൊഴിച്ച് അണയ്ക്കാവുന്ന തീയാണ് ഇത്രയും വലിയ അവസ്ഥയിലേക്ക് മാറുന്നത്.” റീജിയണൽ ഫയർ ഓഫീസർ സുജിത് കുമാർ 2023 മാർച്ച് എട്ടിന് ഡ്യൂട്ടിക്കിടയിൽ പ്രതികരിച്ചിരുന്നു. ഇതിൽനിന്നും വ്യക്തമാകുന്നത് 2019ൽ ബ്രഹ്മപുരം നിവാസികൾ ഉന്നയിച്ച ആവശ്യങ്ങൾ അധികൃതർ പരിഗണിക്കുകയോ പരിഗണിച്ചിട്ടുണ്ടെങ്കിൽ തന്നെ നിലനിർത്തുകയോ ചെയ്തിട്ടില്ല എന്നാണ്.
2019 ഫെബ്രുവരിയിലെ തീപിടിത്തത്തെത്തുടർന്ന് പ്ലാന്റിന് സുരക്ഷ വർധിപ്പിക്കാനുള്ള തീരുമാനമുണ്ടായിരുന്നു. പ്ലാന്റിന്റെ പരിസരത്ത് സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാനും കൂടുതൽ സെക്യൂരിറ്റി ഉദ്യോഗസ്ഥരെ നിയമിക്കാനും കലക്ടർ കെ മുഹമ്മദ് വൈ സഫീറുള്ള തീരുമാനിച്ചു. തീപിടിത്തമുണ്ടായാൽ പുഴയിൽ നിന്നും വെള്ളമെടുത്ത് തീ അണക്കാൻ മൂന്ന് മോട്ടോർ പമ്പുകൾ സ്ഥാപിക്കാനും തീരുമാനിച്ചിരുന്നു. 2023 ജനുവരിയിൽ പ്ലാന്റ് ഭൂമിയിൽ നൂറോളം സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാൻ കോർപ്പറേഷൻ തീരുമാനിച്ചതായി റിപ്പോർട്ടുകളുണ്ട്. ഈ സമയത്ത് പ്ലാന്റിൽ ഒമ്പത് ക്യാമറകൾ ഉണ്ടായിരുന്നതായി പറയുന്നു. അവയിൽ എത്രത്തോളം ക്യാമറകൾ പ്രവർത്തിച്ചിരുന്നു, കോർപ്പറേഷൻ തീരുമാനത്തിന് ശേഷം എത്ര ക്യാമറകൾ സ്ഥാപിച്ചു തുടങ്ങിയ വിവരങ്ങൾ വ്യക്തമല്ല.
2023 മാർച്ചിൽ വടവുകോട് പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ മാധ്യമങ്ങളോട് ഇങ്ങനെ പ്രതികരിച്ചു. “ബ്രഹ്മപുരത്ത് നടന്നുപോരുന്ന സിസ്റ്റത്തിന്റെ മോണിറ്ററിങ്ങിൽ നമ്മുടെ പഞ്ചായത്ത് ഉൾപ്പെടുന്നുണ്ടായിരുന്നില്ല. നമ്മളെയും കൂടി ഉൾപ്പെടുത്തി ഇനിയുള്ള മോണിറ്ററിങ്ങ് ഉണ്ടാകണം. നിലവിൽ എങ്ങനെയാണ് കത്തിയത് എന്നൊന്നും നമുക്കറിയില്ല. ഒന്നാം വാർഡ് മെമ്പർ നവാസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്.”
സ്ഥലം വിട്ടുനൽകിയവരുടെ അവസ്ഥ
തങ്ങൾ താമസിക്കുന്നതിനടുത്തുള്ള ഭൂമി കോർപ്പറേഷൻ വാങ്ങിയ കാര്യം അറിയുന്നത് മാലിന്യവുമായി വാഹനങ്ങൾ എത്തിയപ്പോഴാണ് എന്നാണ് ബ്രഹ്മപുരം പ്ലാന്റിന് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട സുരേഷ് പറയുന്നത്.
“1994ലാണ് ഈ സ്ഥലം റിയൽ എസ്റ്റേറ്റ് പാർട്ടി എടുക്കുന്നത്. ജോർജ്, ഉണ്ണി എന്നിങ്ങനെ ഇടപ്പള്ളിയിലുള്ള രണ്ടുപേർ 1000 രൂപയ്ക്കാണ് ഈ സ്ഥലമെടുക്കുന്നത്. 95 കാലഘട്ടത്തിൽ സോമസുന്ദര പണിക്കരാണ് കൊച്ചിയിൽ മേയറായിരുന്നത്. കൊച്ചി കോർപ്പറേഷന് ഈ സ്ഥലം അന്ന് വിൽക്കുന്നത് സെൻറിന് 9,000 രൂപ വെച്ചാണ്. 2004ൽ ദിനേശ് മണി മേയറായിരുന്നപ്പോളാണ് കോർപ്പറേഷന് അവിടെ സ്ഥലമുള്ള കാര്യം ഞങ്ങൾ അറിയുന്നത്. വേസ്റ്റ് കൊണ്ടുവന്ന് തള്ളാൻ വന്നു. ഞങ്ങളന്ന് വണ്ടിയൊക്കെ തിരിച്ചുവിട്ടതാണ്. ഞങ്ങളുടെ സ്ഥലം കൂടി അവർക്ക് ഏറ്റെടുക്കണമായിരുന്നു. ഞങ്ങൾ വിട്ടുകൊടുക്കാൻ തയ്യാറായില്ല. ഭൂമിയേറ്റെടുക്കാൻ അവർ പുതിയ കോംപ്രമെെസ് ഓഫർ കൊണ്ടുവന്നു. കരഭൂമിക്ക് 22,000 രൂപയും, നികത്തുപുരയിടത്തിന് 12,000 രൂപയും തരിശുഭൂമിക്ക് 5000 രൂപയും എന്ന് വില വച്ചു. കോർപ്പറേഷനുമായി അടുപ്പമുണ്ടായിരുന്ന ഒരാൾക്കും അയാളുടെ കൂടെയുള്ള മറ്റൊരാൾക്കും മാത്രമാണ് ഈ പറഞ്ഞ തുക കിട്ടിയത്. ഞങ്ങൾക്കൊന്നും ഈ തുക കിട്ടിയില്ല. ഒരേക്കർ നികത്തുപുരയിടവും പതിനേഴ് സെൻറ് പുരയിടവും ആണ് ഏറ്റെടുത്തത്. ഞങ്ങൾക്ക് എല്ലാം കൂടി എട്ട് ലക്ഷം രൂപ കിട്ടും. പക്ഷെ കാക്കനാട് നിന്നും ബ്രഹ്മപുരത്തേക്ക് പിന്നീട് പാലം വന്നു. ഭൂമിക്ക് വീണ്ടും വില കൂടി. പക്ഷെ അതനുസരിച്ചുള്ള ഒരു തുക ഞങ്ങൾക്ക് കിട്ടുന്നില്ല.
2005 മുതൽ 2010വരെ മേഴ്സി വില്യം ആയിരുന്നു മേയർ. അവരുമായി ചർച്ച നടത്തിയിട്ടും കാര്യമുണ്ടായില്ല. അന്ന് ഹെെക്കോടതിയുടെ പുറകിൽ മാലിന്യം കൂട്ടിയിട്ട സംഭവമുണ്ടായി. ഹെെക്കോടതി ഒരു കമ്മീഷനെ വെച്ചു, സഹസ്രനാമൻ കമ്മീഷൻ. കമ്മീഷൻ രാവിലെ കോർപ്പറേഷൻറെ വണ്ടിയിൽ സ്ഥലം സന്ദർശിക്കാൻ വന്നു. നമ്മളെയൊന്നും അറിയിച്ചിരുന്നില്ല. ഇതോട് ചേർന്ന് എഫ്.എ.സി.ടിയുടെ തരിശുഭൂമിയും കിടക്കുന്നുണ്ട്. അതിന്റെ ഫോട്ടോയെടുത്ത് പോയി അവിടെയൊന്നും ആൾത്താമസമില്ലെന്ന് കോടതിയോട് പറഞ്ഞു. അങ്ങനെയാണ് അവിടേക്ക് നഗരത്തിൽ നിന്നും വേസ്റ്റ് കൊണ്ടുവരാൻ തുടങ്ങിയത്. ദിവസവും നൂറ് ലോഡ് വേസ്റ്റ് കൊണ്ടുവന്ന് അടിച്ചു. സമരം നടത്തിയ ഞങ്ങളെയൊക്കെ തല്ലിയോടിച്ചു. പത്തോളം ദിവസം ഞങ്ങൾ സമരം നടത്തി. അന്ന് വി.എസ് അച്യുതാനന്ദനായിരുന്നു മുഖ്യമന്ത്രി. മാലിന്യം കൊണ്ടിടുന്നത് നിർത്താൻ വി.എസ് പറഞ്ഞു. പ്ലാന്റ് പണിത ശേഷം മാലിന്യം തള്ളിയാൽ മതി എന്ന ധാരണയിൽ അന്ന് മാലിന്യമടിക്കൽ നിർത്തിവച്ചു. 2007ൽ പ്ലാൻറ് പണിത ശേഷമാണ് പിന്നെ മാലിന്യം കൊണ്ടുവന്ന് തള്ളുന്നത്. അതോടെ നമുക്കിവിടെ കിടക്കാൻ പറ്റാത്ത, ഭക്ഷണം കഴിക്കാൻ പറ്റാത്ത അവസ്ഥയായി. ഈച്ച കാരണം കുട്ടികൾക്ക് ത്വക്ക് രോഗങ്ങൾ വന്നു. ഞങ്ങൾ വീണ്ടും സമരം നടത്തി. എന്റെ വീടും പ്ലാൻറുമായി കൂടിവന്നാൽ 60-70 മീറ്റർ അകലമേ ഉള്ളൂ. 2010ൽ നോട്ടിഫിക്കേഷൻ ചെയ്ത് ഞങ്ങളെ അവിടെ നിന്ന് ഒഴിവാക്കിയതാണ്. എന്നാൽ മതിയായ നഷ്ടപരിഹാരം ഞങ്ങൾക്ക് കിട്ടിയില്ല.” സുരേഷ് പറയുന്നു.
പ്ലാന്റ് നിർമാണത്തിനായി ബ്രഹ്മപുരത്തു നിന്നും കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെട്ടവർ ഫയൽ ചെയ്ത കേസുകൾ വിവിധ കോടതികളിലായി നടക്കുകയാണ്.
“പെരുമ്പാവൂർ സബ്‌കോടതിയിൽ കേസ് കൊടുത്തതിൽ 60 ശതമാനം നൽകാൻ മാത്രമേ വിധിച്ചുള്ളൂ. 2010ൽ ഭൂമിയെടുത്തിട്ട് ആറ് വർഷം കഴിഞ്ഞ് 2017ലാണ് പൈസ കിട്ടുന്നത്. 87 കോടി രൂപയേ കിട്ടിയിട്ടുള്ളൂ. ഇനിയും മുപ്പതോളം കുടുംബക്കാർക്ക് നഷ്ടപരിഹാരം കിട്ടാനുണ്ട്. നഷ്ടപരിഹാരത്തുക പോരാ എന്നു പറഞ്ഞ് ഞങ്ങൾ ഹൈകോടതിയിൽ അപ്പീൽ പോയി. കോർപ്പറേഷൻ രണ്ടാമത് പ്ലാന്റ് പണിയാൻ പോകുകയാണ് എന്നു പറയുന്നു. ഞങ്ങളുടെ നഷ്ടപരിഹാരത്തുക തരാതെ പ്ലാന്റ് പണി തുടങ്ങാൻ പറ്റില്ല. നിലവിൽ സബ് കോടതി വിധിച്ച കേസിലും ഹൈക്കോടതിയിൽ പോയ കേസിലും പൈസ കിട്ടാൻ ഉണ്ട്. ഞങ്ങളുടെ നഷ്ടപരിഹാരത്തുക തന്നിട്ടില്ലെങ്കിൽ സമരവുമായി രംഗത്തിറങ്ങും.” കേസിലെ കക്ഷികൂടിയായ സുരേഷ് വ്യക്തമാക്കി.
തീപിടിത്തങ്ങളുടെ ചരിത്രം
“2008 ഏപ്രിലിൽ ഉദ്ഘാടനം ചെയ്ത പ്ലാന്റിൽ മാലിന്യം ഡംപ് ചെയ്തു തുടങ്ങിയ ശേഷം എല്ലാ വർഷവും തീപിടിത്തം ഉണ്ടായി. 2009ൽ എന്നു പറഞ്ഞാൽ ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പോൾ ആദ്യ തീപിടിത്തമുണ്ടായി. തീയണച്ച ശേഷം ആ മാലിന്യത്തിന് മീതെ മണ്ണടിക്കാൻ തുടങ്ങി. അതിന്റെ മീതെ വീണ്ടും മാലിന്യം തള്ളി. അതിൽനിന്നുള്ള ലീച്ചെറ്റ് കടമ്പ്രയാറിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. മാലിന്യങ്ങൾ പാടശേഖരങ്ങളിലിട്ട് ‘സാനിറ്ററി ലാൻഡ് ഫില്ലിങ്’ എന്നു പറഞ്ഞ് നികത്തിയ സ്ഥലമാണ് ഇപ്പോൾ നമ്മൾ ചെല്ലുമ്പോൾ കാണുന്നത്. അന്നുപയോഗിച്ച വാക്ക് അതാണ്. പിന്നീട് ക്യാപ്പിങ് ചെയ്തു. വലിയൊരു കുഴിപോലെ ഉണ്ടാക്കിയിട്ട് അടിയിൽ ടാർപോളിൻ ഇട്ട് അതിനകത്തേക്ക് മാലിന്യമിടും. അത് നിറയുമ്പോൾ എയർവെന്റ് കൊടുത്ത് മണ്ണിട്ട് മൂടും. ആ ക്യാപ്പിങ് നടന്ന ഏരിയ അവിടെ കിടക്കുന്നത് ഏത് സമയത്തും പൊട്ടിത്തെറിക്കാമെന്ന നിലയിലാണ്. അതിനകത്ത് ഗ്യാസ് രൂപപ്പെട്ട് കിടക്കുകയല്ലേ. എയർവെന്റ് മുഴുവൻ കത്തിപ്പോയി, ഏത് സമയത്തും ഒരു അഗ്നിപർവ്വതം പൊട്ടുന്നതുപോലെ പൊട്ടാം അത്. ക്യാപ്പിങ് തുടങ്ങിയത് 2009, 10ൽ ഒക്കെയാണ്. 2009ൽ തീപിടിച്ചു, 2010ൽ തീപിടിച്ചു, 2011ൽ തീപിടിച്ചു, 2012ൽ തീപിടിച്ചു, 2023ൽ തീപിടിച്ചു. 2019ലും 2023ലുമാണ് വലിയ തീപിടിത്തമുണ്ടായത്. 2019ൽ തീപിടിച്ചപ്പോളാണ് എറണാകുളം സിറ്റിയിലേക്ക് പുക ആദ്യമായി വ്യാപിച്ചത്. 2023ലും അതിനേക്കാൾ കുറച്ചുകൂടി തീവ്രമായി. പ്രശ്നമുണ്ടായപ്പോൾ അന്നത്തെ കലക്ടർ പറഞ്ഞു മാലിന്യത്തിന് മീതെ മണ്ണടിക്കാൻ. മണ്ണടിക്കുക അല്ലാതെ ഈ തീ കെടുത്താൻ മാർഗമില്ല. അന്ന് നൂറുലോഡ് മണ്ണ് അടിച്ചിരുന്നെങ്കിൽ തീർന്നേനെ കേസ്. ആളുകളത്രയും പുക ശ്വസിക്കേണ്ടിവരില്ലായിരുന്നു.” അബ്ദുൾ ബഷീർ തീപിടിത്തങ്ങളുടെ ചരിത്രം വിശദീകരിച്ചു.
പ്രാദേശികമായി പ്ലാന്റിനെതിരെ നടന്ന ചെറുത്തുനിൽപ്പിന്റെ ചരിത്രവും അബ്ദുൾ ബഷീർ പറയുന്നു. “ടി.എച്ച് മുസ്തഫ ഇവിടെ എം.എൽ.എ ആയിരുന്നു. ഈ പ്ലാന്റിനായി പല ശ്രമങ്ങളും നടന്നിരുന്ന കാലമാണ്. ടി.എച്ച് മുസ്തഫ സമ്മതിക്കാത്തതുകൊണ്ടാണ് തന്ത്രത്തിൽ സോമസുന്ദര പണിക്കർ ഈ സ്ഥലം വാങ്ങാൻ കാരണമെന്നാണ് എനിക്ക് തോന്നുന്നത്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ പ്ലാന്റിനെക്കുറിച്ച് ആലോചന വന്നിരുന്നു. അന്നും ടി.എച്ച് മുസ്തഫ സമ്മതിച്ചില്ല. എം.എം മോനായി എം.എൽ.എ ആയി വന്നപ്പോഴാണ് പ്ലാന്റ് ഇവിടെ തുടങ്ങുന്നത്. ഇപ്പോൾ പതിനാല് ദിവസം നിന്ന് കത്തിയിട്ട് ഈ പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ഒരു സർവ്വേയെങ്കിലും നടത്തി ഇവർക്ക് നാളെ വരാൻപോകുന്ന ഭവിഷ്യത്ത് എന്താണെന്ന് വിലയിരുത്തിയോ? ഇപ്പോൾ ഇവിടെ സർവ്വേ നടത്തുന്നത് ആശാ വർക്കർമാരും കുടുംബശ്രീക്കാരുമാണ്. ഇവരുടെ സർവ്വേയിൽ ഇതിലെ വസ്തുതകളെക്കുറിച്ച് അറിയാൻ കഴിയുമോ?” ജനങ്ങളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ശാസ്ത്രീയമായ പഠനം നടക്കേണ്ടുന്നതിന്റെ ആവശ്യകത അബ്ദുൾ ബഷീർ വ്യക്തമാക്കി.
“ഈ പ്ലാസ്റ്റിക് മാലിന്യം ബയോമെെനിങ് നടത്തണം എന്നത് നമ്മൾ കൊടുത്ത കേസാണ്. ഹെെക്കോടതിയിൽ കൊടുത്ത കേസ് ഹെെക്കോടതി ഗ്രീൻ ട്രിബ്യൂണലിലേക്ക് കെെമാറി. നൂറ് കോടി പിഴയൊടുക്കണമെന്ന് പറഞ്ഞ് ഗ്രീൻ ട്രിബ്യൂണൽ ഉത്തരവിട്ടപ്പോളാണ് ബയോമെെനിങ് തുടങ്ങിയത്. ബയോ മെെനിങ് എന്ന് പറഞ്ഞാലെന്താ? അതിനുള്ള പ്രത്യേകിച്ചെന്തെങ്കിലും ടെക്നോളജി ഞാനവിടെ കാണുന്നില്ല. 52 കോടി രൂപയാണ് കോർപ്പറേഷൻ ഇതിന് ചിലവഴിച്ചത്. സബ് കോൺട്രാക്ടർക്ക് കൊടുത്തത് 20 കോടി രൂപ. സോൺട എന്ന കമ്പനി വെെക്കം വിശ്വൻറെ മരുമകൻറേതാണ്. ആ കമ്പനി വീണ്ടും സബ് കോൺട്രാക്റ്റ് കൊടുത്തു. തീയിട്ടതോടെ എല്ലാം കത്തിത്തീർന്നല്ലോ. മഴ പെയ്യുമ്പോൾ അതിൽനിന്ന് ഒഴുകിവരുന്ന ചാരം കടമ്പ്രയാറിലേക്ക് വ്യാപിക്കും. ഈ കാണുന്ന കിണറുകൾ മുഴുവൻ എത്തും.” വരാൻ പോകുന്ന ദുരിതങ്ങളെക്കുറിച്ച് അബ്ദുൾ ബഷീർ വിവരിച്ചു.
ബ്രഹ്മപുരം തീപിടിത്തം ദുരന്തമായി പ്രഖ്യാപിക്കണം
ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട്, ഫയർ ആൻഡ് സേഫ്റ്റി നിയമങ്ങൾ, മുനിസിപ്പൽ സോളിഡ് വെയ്സ്റ്റ് മാനേജ്മെന്റ് ചട്ടങ്ങൾ, ഡിസാസ്റ്റർ മാനേജ്‌മെന്റ് ചട്ടങ്ങൾ എന്നീ നിയമങ്ങൾ പ്രകാരം ബ്രഹ്മപുരത്ത് നടന്ന തീപിടിത്തം ഉറപ്പായും ഒരു ദുരന്തമായി പ്രഖ്യാപിക്കാവുന്നതാണ്. എന്നാൽ അങ്ങനെയൊരു നടപടി സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല എന്നത് തുടർ പ്രവർത്തനങ്ങളെ നിശ്ചലമാക്കുന്നുമുണ്ട്. മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ സെന്റർ ഫോർ ഡിസാസ്റ്റേഴ്‌സ് ആൻഡ് ഡവലപ്മെന്റ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ആയ ഡോ. എസ് ഇർഷാദ് ഇക്കാര്യത്തിൽ വ്യക്തത നൽകുന്നു.
“ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയിൽ എല്ലാ ജില്ലകളിലും ഹസാഡ് അനലിസ്റ്റ് എന്ന ഒരു തസ്തികയുമുണ്ട്. ഈ നിയമങ്ങളുടെയും സംവിധാനങ്ങളുടെയും പരാജയം കൂടിയാണ് ബ്രഹ്മപുരം ദുരന്തം തുറന്നുകാണിക്കുന്നത്. ബ്രഹ്മപുരം ദുരന്തമായി പ്രഖ്യാപിച്ച്, വിഷപ്പുക സൃഷ്ടിച്ച പാരിസ്ഥിതിക-സാമൂഹിക ആഘാതങ്ങൾ എന്താണെന്ന് വിവിധ വകുപ്പുകൾ വിലയിരുത്തേണ്ടതാണ്. ദുരന്തമായി പ്രഖ്യാപിച്ചാൽ മാത്രമേ അത് വകുപ്പുകളുടെ ബാധ്യതയായി വരുകയുള്ളൂ. കേരളത്തിൽ കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ തന്നെ സ്റ്റേറ്റ് സ്‌പെസിഫിക് ഡിസാസ്റ്ററായി പ്രഖ്യാപിച്ച സംസ്ഥാനം കേരളമാണ്. കേരളത്തിലെ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി ബ്രഹ്മപുരം വിഷയത്തിൽ അതേ ജാഗ്രതയോടെ പ്രതികരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ നിലവിൽ ബ്രഹ്മപുരം ഒരു അപകടമായാണ് പരിഗണിക്കപ്പെടുന്നത്. അപകടമാകുമ്പോൾ അതിൽ തുടർച്ചകളൊന്നും വേണ്ടതില്ല. സാമൂഹിക-പാരിസ്ഥിതിക ആഘാതങ്ങൾ പരിഗണിക്കേണ്ടതില്ല. എൻഡോസൾഫാൻ ദുരന്തം പോലും കേരളത്തിൽ ഒരു കെമിക്കൽ ഡിസാസ്റ്ററായി പ്രഖ്യാപിച്ചിട്ടില്ല. ഈ വിഷയത്തിലും ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിക്ക് അത് ചെയ്യാൻ കഴിയാത്തതല്ല.
കമ്മ്യൂണിറ്റി ഹെൽത് സർവേ നമ്മുടെ നാട്ടിൽ ഇപ്പോഴും ഗൗരവമായി നടക്കുന്ന ഒരു സംഗതിയല്ല. എപിഡെമോളജി ഡിപാർട്ട്‌മെന്റ് അത് ഗൗരവമായി എടുത്തിട്ടില്ല. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും മറ്റ് ആരോഗ്യ സംവിധാനങ്ങളും മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്ന സംസ്ഥാനമാണ് കേരളം. പക്ഷെ ഒരു എപിഡെമോളജിക്കൽ സർവ്വേ നടത്തി ബ്രഹ്മപുരം തീപിടിത്തം സൃഷ്ടിച്ച ആഘാതങ്ങൾ എന്താണ്, പരിഹാരങ്ങൾ എന്താണ് എന്നെല്ലാം അന്വേഷിക്കാൻ ആരോഗ്യവകുപ്പ് മുന്നോട്ടുവന്നിട്ടില്ല. ഫയർ ആൻഡ് സേഫ്റ്റി വകുപ്പ് നടത്തിയ ഇടപെടൽ മാത്രമേ അവിടെ ആകെ ഉണ്ടായിട്ടുള്ളൂ. എന്തുതരം വേസ്റ്റാണ് അവിടെ കത്തിയത് എന്നത് കൃത്യമായി വിലയിരുത്തപ്പെടണം. പ്ലാസ്റ്റിക് ഉണ്ടായിരിക്കും, മെഡിക്കൽ വേസ്റ്റ് ഉണ്ടാകും, ബയോ വേസ്റ്റ് ഉണ്ടാകും. അതുകൊണ്ടുതന്നെ പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകും. പലതരം ആൾക്കാരെ പലരീതിയിലാണ് ഇത് ബാധിക്കുക. കൃത്യമായ പഠനത്തിലൂടെ മാത്രമേ അത് തിരിച്ചറിയാൻ കഴിയൂ. തീപിടിച്ചു, തീ അണച്ചു എന്ന സമീപനം മതിയാകില്ല. കേരളത്തിന്റെ പൊതുജനാരോഗ്യ മേഖല ബ്രഹ്മപുരം പോലുള്ള ഒരു ദുരന്തത്തിനോട് സ്വീകരിക്കുന്ന സമീപനത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്.” ഇർഷാദ് പറയുന്നു.
എന്താണ് ഒരു സംഭവത്തെ ദുരന്തമായി പ്രഖ്യാപിക്കാനുള്ള മാനദണ്ഡം?
“ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ടിൽ എന്തൊക്കെയാണ് ദുരന്തമായി പ്രഖ്യാപിക്കാവുന്നത് എന്ന് നിർവചിച്ചിട്ടുണ്ട്. ചുഴലിക്കാറ്റുകൾ, പ്രളയം, ഹിമപാതം മുതൽ കീടങ്ങളുടെ ആക്രമണം വരെ ഡിസാസ്റ്റർ ആണ്. നാഷണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് ഗൈഡ്‌ലൈൻ സെക്ഷൻ 71 പ്രകാരം ഒരു സംസ്ഥാനത്തിന് വേണമെങ്കിൽ സ്റ്റേറ്റ് സ്‌പെസിഫിക് ഡിസാസ്റ്റർ ആയി ഒരു ദുരന്തത്തെ പ്രഖ്യാപിക്കാം. ഇതിന്റെ അടിസ്ഥാനത്തിലാണ് കോവിഡിനെ ദുരന്തമായി പ്രഖ്യാപിച്ചത്. മറ്റൊന്ന് ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് പ്രകാരം സർക്കാരിന് ഒരു പ്രത്യേക സംഭവത്തെ, പ്രതിസന്ധിയെ വേണമെങ്കിൽ നോട്ടിഫൈഡ് ഡിസാസ്റ്റർ ആയി പ്രഖ്യാപിക്കാൻ കഴിയും. അങ്ങനെ നോക്കുമ്പോൾ ബ്രഹ്മപുരം ഒരു ബയോളജിക്കൽ ഡിസാസ്റ്ററായി കേരള സർക്കാരിന് കാണാവുന്നതാണ്. എന്നാൽ മാത്രമേ എന്തുതരത്തിലാണ് മനുഷ്യരെ അത് ബാധിച്ചിട്ടുള്ളത് എന്ന് കൃത്യമായും ശാസ്ത്രീയമായും പഠിക്കാൻ കഴിയൂ. കോവിഡിന്റെ കാര്യത്തിൽ എല്ലാവിധ ഡാറ്റയും ഉണ്ടായിരുന്നു. പക്ഷെ ബ്രഹ്മപുരത്തിന്റെ കാര്യത്തിൽ നിലവിൽ ഒരു ഡാറ്റയും ഇല്ല. ബ്രഹ്മപുരം പുക ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട് എന്നാലത് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിക്കുകയോ പഠനം നടത്തുകയോ ചെയ്തിട്ടില്ല.
കേരളത്തിൽ ബ്രഹ്മപുരത്തേത് പോലുള്ള പ്ലാന്റുകൾക്ക് വലിയ ഭാവിയൊന്നുമില്ല. മലയാളികളുടെ ഉപഭോഗരീതികളിൽ മാറ്റം വരണം. വേസ്റ്റ് മാനേജ്‌മെന്റിനെ കുറിച്ചാണ് നമ്മുടെ ചർച്ച, വേസ്റ്റ് ഉണ്ടാക്കുന്നതിനെക്കുറിച്ചല്ല. പ്ലാസ്റ്റിക്കിൽ സാധനം വാങ്ങാം, പ്ലാസ്റ്റിക്കിൽ ഭക്ഷണം കഴിക്കാം, എന്നിട്ടത് വലിച്ചെറിയാം. പിന്നീട് അത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. വേസ്റ്റ് മാനേജ്‌മെന്റ് ഒരിക്കലും ഒരു സ്റ്റേറ്റിന്റെ റെസ്‌പോൺസിബിലിറ്റിയിൽ മാത്രം നടന്ന ചരിത്രമില്ല. ഇതിൽ മൾട്ടിപ്പിൾ സ്റ്റേക്‌ഹോൾഡേഴ്‌സ് ആണുള്ളത്. വേസ്റ്റിനെ റിസോഴ്‌സ് ആക്കിമാറ്റുന്ന തൊഴിലാളി സമൂഹവും അതിൽ ഉൾപ്പെടുന്നു. വ്യക്തികളും സമൂഹവും എല്ലാം ഉൾച്ചേരുന്ന ഒരു കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ മാലിന്യം നിയന്ത്രിക്കാൻ കഴിയൂ. ബ്രഹ്മപുരത്ത് ഒരു എപിഡെമോളജിക്കൽ സർവേ നടത്തി, നൂറിൽ പത്തുപേർക്ക് അസുഖമുണ്ടെന്ന് പറഞ്ഞാലും നമ്മൾ മാലിന്യം നിയന്ത്രിക്കാനൊന്നും പോകുന്നില്ല. നമ്മൾ വീണ്ടും മാലിന്യം തള്ളും, സർക്കാരിനെ ചീത്ത വിളിക്കും, ഉദ്യോഗസ്ഥരെ പഴിക്കും. കേരളത്തിൽ കുറച്ചുകൂടെ ഗൗരവത്തിൽ ചർച്ചചെയ്യേണ്ട വിഷയമാണ് വേസ്റ്റ് മാനേജ്‌മെന്റ്.” ഇർഷാദ് വ്യക്തമാക്കി.
2023ൽ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ അട്ടിമറിയുണ്ടെന്നാണ് തീപിടിത്തത്തെക്കുറിച്ച് അന്വേഷിച്ച എറണാകുളം വിജിലൻസ് എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് നൽകിയതെന്ന് മംഗംളം മെയ് 12ന് റിപ്പോർട്ട് ചെയ്തിരുന്നു. ബയോമൈനിങ് കരാറെടുത്ത സോണ്ട കമ്പനിയും കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥരും തീപിടിത്തത്തിന് ഉത്തരവാദികളാണെന്ന് പറയുന്ന വിജിലൻസ് റിപ്പോർട്ട് അടുത്തയാഴ്ച സർക്കാരിന് കൈമാറുമെന്നാണ് ഈ വാർത്ത പറയുന്നത്. ബ്രഹ്മപുരത്തുണ്ടായ തീപിടിത്തം ആസൂത്രിതമാണെങ്കിൽ അതിന് ഉത്തരവാദികൾ ആരാണെന്ന വ്യക്തത ഈ വിജിലൻസ് റിപ്പോർട്ടിലൂടെ പുറത്തുവന്നേക്കാം. വിജിലൻസിന്റെ കണ്ടെത്തലുകളെ പ്രതിരോധിക്കാൻ ശ്രമിച്ചാലും ബ്രഹ്മപുരം ഒരു ദുരന്തമായി പ്രഖ്യാപിച്ച്, ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുക എന്ന അടിസ്ഥാന ഉത്തരവാദിത്തത്തിൽ നിന്നും സർക്കാരിന് പിന്നോട്ട് പോകാൻ കഴിയില്ല.
ഭാഗം -1, ബ്രഹ്മപുരം: തീയില്‍ ഇന്നും പുകയുന്ന ജീവിതങ്ങള്‍ വായിക്കാം: ലിങ്ക്