Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ഇന്ത്യൻ റിപ്പബ്ലിക്കിന് 75 വയസ് പൂർത്തിയാവുകയും ആർ എസ് എസ് അവരുടെ ശതാബ്ദി ആഘോഷിക്കുകയും ചെയ്യുന്ന 2025ൽ രാജ്യത്ത് രൂപപ്പെടുന്ന രാഷ്ട്രീയ മാറ്റങ്ങളെ വിലയിരുത്തുന്നു ഡല്ഹി യൂണിവേഴ്സിറ്റിയിലെ രാഷ്ട്രതന്ത്ര വിഭാഗം മുൻ പ്രൊഫസറും എഴുത്തുകാരനുമായ പ്രൊഫ. ഷംസുൽ ഇസ്ലാം.
ഇന്ത്യ ഒരു റിപ്പബ്ലിക്കായി 75 വർഷം പിന്നിടുകയും ആർ എസ് എസ് അതിൻ്റെ ശതാബ്ദിയോട് അടുക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ രാഷ്ട്രത്തെ രൂപപ്പെടുത്തിയ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ മാറ്റങ്ങളെ താങ്കൾ എങ്ങനെ വിലയിരുത്തുന്നു?
ഈ സാഹചര്യത്തിൽ ഓർക്കേണ്ട ഒരു പ്രധാന കാര്യം ആർ എസ് എസ്സിന് ഒരുകാലത്തും ഇന്ത്യൻ റിപ്പബ്ലിക്കിനോട് വിശ്വസ്തത പോയിട്ട് നേരിയ താൽപ്പര്യം പോലും ഇല്ലായിരുന്നു എന്നാണ്. കുറച്ച് ദിവസം മുൻപ് മോഹൻ ഭാഗവത് നടത്തിയ ‘ഇന്ത്യ സ്വാതന്ത്ര്യം നേടിയത് രാമക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെട്ട 2024 ജനുവരി 23 നാണ്’ എന്ന പ്രസ്താവന അത് ഓർമ്മിപ്പിക്കുന്നതാണ്. ഇത് പറയുന്ന ആർ എസ് എസ്സിന് 1950 ജനുവരി 26 ന് ഇന്ത്യ സ്വതന്ത്ര റിപ്പബ്ലിക്ക് ആയതിൽ എന്ത് താല്പര്യമാണുണ്ടാവുക? അതുകൊണ്ടുതന്നെ ആർ എസ് എസ്സ് ദേശവിരുദ്ധവും ജനാധിപത്യ വിരുദ്ധവും മനുഷ്യ മൂല്യങ്ങൾക്ക് വിരുദ്ധവുമായി നിലനിന്നുകൊണ്ട് ഫാസിസത്തെ അടിസ്ഥാനമാക്കി പ്രവൃത്തിക്കുന്ന ജാതി സംഘടനയാണ്. ഇത് എന്റെ അഭിപ്രായമല്ല. ആർ എസ് എസ്സിന്റെ നിരവധി രേഖകൾ നമുക്ക് തരുന്ന വിവരമാണ്.
1925 ൽ ആർ എസ് എസ് സ്ഥാപിച്ച കേശവ് ബലിറാം ഹെഡ്ഗേവാറും കൂട്ടാളികളും ആരാണെന്ന് നമ്മൾ മനസിലാക്കേണ്ടതുണ്ട്. ഗാന്ധിജിയുടെ ആശയങ്ങളുമായി വിയോജിച്ചുകൊണ്ട് കോൺഗ്രസ് വിട്ടയാളാണ് ഹെഡ്ഗേവാർ. ഇന്ത്യ എല്ലാ മതക്കാരുടേതാണെന്നും ബ്രിട്ടീഷുകാരുമായി പൊരുതാൻ ഹിന്ദുക്കളും മുസ്ലിങ്ങളും ഒന്നിക്കണമെന്നുള്ള ആശയം അദ്ദേഹത്തിന് അംഗീകരിക്കാനായില്ല. സവർക്കർ 1923 ൽ എഴുതിയ ‘ഹിന്ദുത്വ’ എന്ന പുസ്തകമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തിന് ആധാരം. മുസോളനിയെ നേരിൽ കാണുകയും അദ്ദേഹത്തെപ്പോലുള്ള ഒരു ഹിന്ദു നേതാവ് ഇന്ത്യയ്ക്ക് ആവശ്യമെന്നും കരുതിയ ബി.എസ് മുഞ്ചേയും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. ഇന്ത്യൻ ഡെക്കോമോക്രസിയിൽ വിശ്വസിക്കാത്ത ആർ എസ് എസ്സിന്റേത് ഫാസിസം തന്നെയാണ്. കൂടാതെ ബ്രാഹ്മിണിക്കൽ ആശയങ്ങളെ അടിസ്ഥാനമാക്കിയാണ് അത് രൂപം കൊള്ളുന്നത് എന്നത് ഏറെ പ്രധാനമാണ്. സാംസ്ക്കാരിക രംഗത്ത് പ്രവൃത്തിക്കുന്നു എന്നവകാശപ്പെട്ടുകൊണ്ട് ആയുധങ്ങൾ ആരാധിക്കുന്ന ലോകത്തിലെ ഏക സംഘടനയാണ് ആർ എസ് എസ്.
ജനാധിപത്യ സ്ഥാപനങ്ങളുടെ ശോഷണവും വർദ്ധിച്ചുവരുന്ന സ്വേച്ഛാധിപത്യ പ്രവണതകളും കണക്കിലെടുക്കുമ്പോൾ, ഇന്ത്യയെ ഇപ്പോഴും ഒരു യഥാർത്ഥ ജനാധിപത്യ രാഷ്ട്രമായി കണക്കാക്കാൻ കഴിയുമോ?
1949 നവംബർ 26 ന് പാസാക്കിയ ഇന്ത്യൻ ഭരണഘടന ലോകം കണ്ട ഏറ്റവും വലിയ മതേതര ജനാധിപത്യ മൂല്യങ്ങളിൽ അടിയുറച്ചുള്ളതായിരുന്നു. ഭാഷ, പ്രദേശം, ജാതി, മതം, സംസ്ക്കാരം തുടങ്ങി ഒരു ഘടകങ്ങളാലും ഉള്ള വിവേചനം അനുവദിക്കാത്തതാണ് അതിന്റെ മൂല്യങ്ങൾ. മനുഷ്യ സാഹോദര്യത്തെക്കുറിച്ച് പറഞ്ഞ ലോകത്തിലെ ആദ്യത്തെ ഭരണഘടനയാണത്. ഈ ഭരണഘടന പാസാക്കി നാല് ദിവസം കഴിഞ്ഞപ്പോൾ ആർ എസ് എസ്സ് അതിന്റെ മുഖപത്രമായ ഓർഗനൈസർ “പ്രാചീന ഭാരതത്തിൽ നിലനിന്ന ഭരണഘടനയെക്കുറിച്ച് യാതൊരു സൂചനയും പുതിയ ഭരണഘടനയിൽ ഇല്ല. മനുവിൻ്റെ നിയമങ്ങൾ സ്പാർട്ടയിലെ ലൈക്കർഗസിനും പേർഷ്യയിലെ സോളണിനും വളരെ മുമ്പേ എഴുതിയതാണ്. മനുസ്മൃതിയിൽ പറഞ്ഞിരിക്കുന്ന അദ്ദേഹത്തിൻ്റെ നിയമങ്ങൾ ഇന്നും ലോകത്തിൻ്റെ പ്രശംസ പിടിച്ചുപറ്റുകയും സ്വതസിദ്ധമായ അനുസരണവും ആചാര നിഷ്ഠയും പങ്കുവയ്ക്കുകയും ചെയ്യുന്നു. എന്നാൽ നമ്മുടെ ഭരണഘടന പണ്ഡിതന്മാർക്ക് അതൊന്നും വിലയില്ലാത്തതാകുന്നു” എന്ന് എഴുതുകയുണ്ടായി. ഈ ആശയങ്ങളിൽ വിശ്വസിക്കുന്നവർ രാജ്യം ഭരിക്കുമ്പോൾ ജനാധിപത്യത്തിനും ഭരണഘടനയ്ക്കും എന്ത് പ്രസക്തി?
ആദ്യം ഹെഡ്ഗേവാറും പിന്നീട് ഗോൾവാക്കറും നയിച്ച ആർ എസ് എസ്സ് ഗുരുസ്ഥാനത്ത് കാണുന്നത് സവർക്കറിനെയാണ്. അദ്ദേഹം വേദഗ്രന്ഥങ്ങൾ കഴിഞ്ഞാൽ മനുസ്മൃതിയാണ് ഭാരതത്തിന്റെ രാഷ്ട്രീയ സാംസ്ക്കാരിക പൈതൃകമായി കണക്കാക്കുന്നത്. ഇന്നും ഇന്ത്യയിലെ ഭൂരിപക്ഷം സവർണ്ണരും മനുസ്മൃതിയെ അടിസ്ഥാനമാക്കി ജീവിക്കുന്നവരാണ്. യഥാർത്ഥത്തിൽ അതിന് ഹിന്ദുക്കളുമായല്ല ബന്ധം, മറിച്ച് ബ്രാഹ്മണ ജീവിതവുമായാണ്. ആർ എസ് എസ്സ് ആഗ്രഹിക്കുന്നത് ഇന്ത്യൻ ഭരണഘടനയ്ക്ക് പകരം മനുസ്മൃതി കൊണ്ടുവരാനാണ്. അത് പ്രധാനമായും ശൂദ്രരുടേയും വർണ്ണ വ്യവസ്ഥയ്ക്ക് പുറത്തുള്ള ചണ്ടാലരുടെയും സ്ത്രീകളുടെയും ജീവിത അവകാശങ്ങൾക്ക് വിരുദ്ധമാണെന്നു നമ്മൾ മറന്നുകൂട. യഥാർത്ഥത്തിൽ ആർ എസ് എസ്സ് മുഖ്യ ശത്രുക്കളായി പ്രഖ്യാപിച്ചിരിക്കുന്ന മുസ്ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കും എതിരല്ല മനുസ്മൃതി.
മനുസ്മൃതിയുടെ ഒന്നാമത്തെ അദ്ധ്യായത്തിലെ ശ്ലോകം 31 പറയുന്നത് സ്രഷ്ടാവിന്റെ വായിൽ നിന്ന് ബ്രാഹ്മണനും, കൈകളിൽ നിന്ന് ക്ഷത്രിയനും, തുടകളിൽ നിന്ന് വൈശ്യനും, പാദങ്ങളിൽ നിന്ന് ശൂദ്രനും ജന്മമെടുത്തു എന്നാണ്. ഒന്നാമത്തെ അദ്ധ്യായം ശ്ലോകം 87 പ്രകാരം അവർക്ക് ഓരോരുത്തർക്കും വ്യത്യസ്ത തൊഴിലുകൾ നിശ്ചയിച്ചിട്ടിട്ടുണ്ട്. ഒന്നാമത്തെ അദ്ധ്യായം വായിച്ചാൽ തന്നെ നമുക്ക് ആർ എസ് എസ്സ്സിന്റെ സ്വഭാവം മനസിലാകും. ചാപ്റ്റർ എട്ടിൽ മനുസ്മൃതി ലംഘിക്കുന്ന ശൂദ്രർക്കുള്ള കടുത്ത ശിക്ഷയും വിധിച്ചിട്ടുണ്ട്. അദ്ധ്യായം ഒൻപതിൽ ഹിന്ദു സ്ത്രീകൾ പുരുഷന്മാരുടെ നിയന്ത്രണത്തിൽ അവരുടെ സുഖാഭിലാഷങ്ങൾക്കായി ജീവിക്കണം എന്ന് നിർദ്ദേശിച്ചിരിക്കുന്നു. ഇത് പഴയകാലത്ത് എഴുതിയാണെന്നും ഇപ്പോൾ അത് ആർ എസ് എസ്സ് പ്രചരിപ്പിക്കുന്നില്ലെന്നും പറയുന്നവർ ഉണ്ട്. യാഥാർഥ്യം അതല്ല.
ഉത്തർപ്രദേശിലെ ആർ എസ് എസ് നിയന്ത്രിക്കുന്ന ഗീത പ്രസ് ആണ് ഹിന്ദു കൃതികളുടെ മുഖ്യ പ്രസാധകർ. കഴിഞ്ഞ വർഷം ഗാന്ധി സാമാധാന പുരസ്ക്കാരം ഈ പ്രസാധകർക്കാണ് മോദി നൽകിയത്. സ്ത്രീകളെ അപമാനിക്കുകയും അടിച്ചമർത്താൻ ആഹ്വാനം ചെയ്യുകയും ചെയ്യുന്ന വിഭാഗത്തിൽ മാത്രം സ്വാമി രാമസുഖദാസിന്റെ അടക്കമുള്ള 32 പുസ്തകങ്ങൾ അവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 88 റെയിൽവേ സ്റ്റേഷനുകളിലും ബസ്സ് സ്റ്റാന്റുകളിലും ആർ എസ് എസ് ബുക്സ്റ്റാളുകളിലും വിതരണം ചെയ്യാൻ (പലതും സൗജന്യമായി) ലക്ഷക്കണക്കിന് കോപ്പികൾ അവർ പ്രിന്റ് ചെയ്തിട്ടുണ്ട്. ഹിന്ദുക്കൾക്കുവേണ്ടി നിലകൊള്ളുന്നു എന്നവകാശപ്പെടുന്ന ആർ എസ് എസ്, ഹിന്ദുക്കളുടെ ജീവിതം ഭയാനകമായാണ് നിർണ്ണയിച്ചിരിക്കുന്നത് എന്ന് ഈ പുസ്തകങ്ങളിൽ കാണാനാകും. സ്വാമി രാമസുഖദാസ് പറയുന്നത് ഭർത്താവ് ഭാര്യയെ മർദിക്കുമ്പോൾ ഭാര്യ മുജ്ജന്മ പാപങ്ങൾ വീട്ടുകയും പരിശുദ്ധയാകുകയുമാണ് ചെയ്യുന്നത് എന്നാണ്. ഹിന്ദു സ്ത്രീ റേപ്പ് ചെയ്യപ്പെട്ടാൽ അത് മറ്റാരോടും പറയരുതെന്നും. ഇത് ഇന്ത്യൻ ശിക്ഷ നിയമങ്ങളും അന്തർ ദേശീയ മനുഷ്യാവകാശ നിയമങ്ങളും ലംഘിക്കുന്നതാണെന്നു കാണാം.
ആർ എസ് എസ് ജനാധിപത്യത്തിൽ വിശ്വസിക്കുന്നില്ല.1940 ൽ നാഗ്പൂരിലെ റേഷനിംബാഗിൽ നടത്തിയ ഒരു പ്രസംഗത്തിൽ ആർ എസ് എസ് ഒരു പതാക, ഒരു രാജ്യം, ഒരു നേതാവ് വഴി ഈ ദേശത്താകെ ഹിന്ദുത്വ ആശയങ്ങൾ പ്രചരിപ്പിക്കാൻ ബാധ്യസ്ഥമാണ് എന്ന് പറഞ്ഞിരുന്നു. മോദി പിന്തുടരുന്ന ഈ ആശയം പെട്ടെന്ന് മുളച്ചുപൊന്തിയതല്ല എന്ന് കാണാം. ഇന്ത്യൻ ഭരണഘടനയുടെ വലിയ സംഭാവന മതേതരത്വ ഭാവനയാണ്. അവർ അതിനും എതിരാണ്. 1947 ഓഗസ്റ്റ് 14 ന് ഓർഗനൈസർ, കപട ദേശത്തിന്റെ രൂപീകരണത്തിന്റെ സ്വാധീനത്തിൽപ്പെടാതിരിക്കാൻ ആണ് ആഹ്വാനം ചെയ്തത്. ഹിന്ദുത്വ അടിസ്ഥാനമാക്കിയുള്ള ദേശരാഷ്ട്ര രൂപീകരണത്തിലൂടെ മാത്രമേ അത് യാഥാർഥ്യമാവുകയുള്ളൂ എന്നും. 1947 ജൂലൈ 17 ന് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ത്രിവർണ്ണ പതാകയെ അംഗീകരിക്കുന്നില്ല എന്നും അത് ഒരു തുന്നൽക്കാരൻ തയിച്ച വെറും തുണിയാണെന്നും ഏതാനും ദിവസങ്ങൾക്കു ശേഷം ആർ എസ് എസ് വീണ്ടും ഓർഗനൈസറിൽ എഴുതിയിരുന്നു. സ്വാതന്ത്ര്യ ദിനത്തിൽ നമ്മുടെ ത്രിവർണ്ണ പതാക ഒരു അപശകുനമായെന്നും അവർ പറയുകയുണ്ടായി. ഇന്ത്യൻ ഭരണഘടനയുടെ മറ്റൊരു സുപ്രധാന പ്രത്യേകതയായ ഫെഡറൽ സംവിധാനത്തിനും ആർ എസ് എസ് എതിരാണ്. ഗോൾവാക്കർ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇന്ത്യയെ ഒറ്റ ഭരണ സംവിധാനത്തിന് കീഴിൽ കൊണ്ടുവരണം എന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. അതാണ് ഇപ്പോൾ മോദി ആവർത്തിക്കുന്നത്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോടുള്ള സമീപനത്തിൽ അല്ലേ ഈ നിലപ്പാട് കൂടുതൽ വെളിവാകുന്നത്?
ആർ എസ് എസ് പിന്തുടരുന്ന മനുസ്മൃതി ശൂദ്രർക്കും ചണ്ടാല വിഭാഗത്തിനും സ്ത്രീകൾക്കും മാത്രം എതിരല്ല. അത് ദക്ഷിണേന്ത്യയിലെ ഹിന്ദുക്കൾക്കും എതിരാണ്. കേരളത്തിൽ ശക്തമായി വേരുറപ്പിക്കാൻ ശ്രമിക്കുന്ന അവർ കേരളത്തിലെ സ്ത്രീകളെക്കുറിച്ച് എന്താണ് പറഞ്ഞിരിക്കുന്നതെന്നു മലയാളികൾ അറിഞ്ഞിരിക്കണം. 1960 ഡിസംബർ 17 ന് ഗുജറാത്ത് സർവ്വകലാശാലയിലെ സ്കൂൾ ഓഫ് സോഷ്യൽ സയൻസ് വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുകയായിരുന്ന ഗോൾവാക്കർ പറഞ്ഞത് ഇങ്ങനെയാണ്. “ഇന്ന് സങ്കര പ്രത്യുൽപ്പാദനം നടത്തിക്കൊണ്ടിരിക്കുന്നത് മൃഗങ്ങളിൽ മാത്രമാണ്. ആധുനിക ശാസ്ത്രജ്ഞർമാർ അത് മനുഷ്യരിൽ ചെയ്യാൻ താൽപ്പര്യം കാണിക്കുന്നില്ല. കൂടുതൽ ഗുണനിലവാരമുള്ള വംശ ഉൽപ്പാദനത്തിനായി ഉത്തരേന്ത്യയിലെ ബ്രാഹ്മണർ കേരളത്തിൽ താമസിക്കുകയാണ്. അവരുടെ കുടുംബത്തിലെ മൂത്ത മകൻ വൈശ്യരുടെയോ ശൂദ്രരുടേയോ ക്ഷത്രിയരുടെയും കുടുംബത്തിൽ നിന്നും വിവാഹം കഴിക്കാനുള്ള നിയമം ഉണ്ടാക്കിയിട്ടുണ്ട്. മറ്റ് ജാതിയിലെ സ്ത്രീകളുടെ ഒന്നാമത്തെ കുട്ടിക്ക് ജന്മം നൽകുന്നത് ഒരു ബ്രാഹ്മണായിരിക്കണം എന്നും അതിന് ശേഷം സ്വന്തം ഭർത്താവിൽ നിന്നും ഗർഭം ധരിക്കാമെന്നുമുള്ള ഏറെ പ്രധാനപ്പെട്ട മറ്റൊരു നിയമവും ഉണ്ടാക്കിയിട്ടുണ്ട്. ഇന്ന് ഈ പരീക്ഷണത്തെ വ്യഭിചാരം എന്നും വിളിച്ചേക്കാം. എന്നാൽ ഒന്നാമത്തെ കുട്ടിയുടെ ജന്മത്തിന് മാത്രം അത് ബാധകമായതിനാൽ അത് അങ്ങനെയല്ല.” ഇതായിരുന്നു കേരളത്തിൽ കുട്ടികളെ ഉൽപ്പാദിപ്പിക്കാനുള്ള ഗോൾവാക്കറുടെ ഫോർമുല! കേരളത്തിലെ സ്ത്രീകളെ ആർ എസ് എസ് അവരുടെ പ്രത്യയശാസ്ത്ര ഉപകരണങ്ങളായി മാത്രമാണ് കണ്ടതെന്ന് കാണാം. ബ്രാഹ്മണ മേധാവിത്വത്തിന് വേണ്ടി നിലകൊള്ളുന്ന ആർ എസ് എസ് ഇന്ന് അവരുടെ രാഷ്ട്രീയ താൽപര്യങ്ങൾക്കായി എല്ലാ ഹിന്ദുക്കളും ഒന്നാണെന്ന് വിളിച്ച് പറയുകയാണ്. ദക്ഷിണേന്ത്യയിലെ ഹിന്ദുക്കൾ വംശ ഗണത്തിൽ താഴ്ന്നവരായിട്ടാണ് ആർ എസ് എസ് കണക്കാക്കുന്നത്.
സമകാലിക ഇന്ത്യയിൽ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിലും തുരങ്കം വയ്ക്കുന്നതിലും ജുഡീഷ്യറി എന്ത് പങ്കാണ് വഹിക്കുന്നത്? പ്രത്യേകിച്ച് പ്രത്യയശാസ്ത്രപരമോ മതപരമോ ആയ കേസുകളിൽ ജുഡീഷ്യൽ സ്വാതന്ത്ര്യം ദുർബലമാവുകയല്ലേ?
ഹിന്ദുത്വ ആശയങ്ങൾക്ക് പച്ചക്കൊടി വീശുകയാണ് ജുഡീഷ്യറി ഇപ്പോൾ ചെയ്യുന്നത്. പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ കഴിഞ്ഞാൽ ആർ എസ് എസ്സിനെ പിന്തുണച്ച രണ്ടാമത്തെ വലിയ കുറ്റകൃത്യം ചെയ്തത് ഉന്നത നീതി പീഠങ്ങളാണ്. പ്രത്യേകിച്ചും ഈ അടുത്തകാലത്ത് ചീഫ് ജസ്റ്റിസ് പദവിയിൽ ഇരുന്നവർ. അതിൽ പ്രധാനിയാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. ബാബരി മസ്ജിദ് വിധി, ഉപസംവരണ വിധി, ജസ്റ്റിസ് കൃഷ്ണയ്യരുടെ സ്വകാര്യ സ്വത്തിനെ സംബന്ധിച്ച വിധിയെ വിമർശിച്ചത് ഒക്കെ അതിന് ഉദാഹരണങ്ങളാണ്. അതുപോലെ കുറ്റകരമാണ് ഇന്ത്യയിലെ മുഖ്യധാര മാധ്യമങ്ങളുടെ നിലപാടും. എന്നാൽ ഇന്ത്യയിലെ മാധ്യമങ്ങൾ ഒരുകാലത്തും സ്വതന്ത്രമായിരുന്നില്ലെന്നത് വേറൊരു കാര്യം. പക്ഷേ, അന്നൊക്കെ അവർ ഭരണകൂട വിമർശനത്തിനുള്ള സാധ്യതകൾ നിലനിർത്തിയിരുന്നു.
ആർ എസ് എസ്സിന്റെ മുസ്ലീം വിരുദ്ധ അജണ്ട പലപ്പോഴും ചർച്ച ചെയ്യപ്പെടുന്നു, എന്നാൽ പുതിയ തന്ത്രങ്ങളിലൂടെ ജാതിശ്രേണി നിലനിർത്താനുള്ള അതിൻ്റെ ശ്രമങ്ങൾക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നെണ്ടെന്ന് താങ്കൾ കരുതുന്നുണ്ടോ?
സംഘ്പരിവാറിന്റെ ജാതിശ്രേണി നിലനിർത്താനുള്ള അതിൻ്റെ ശ്രമങ്ങൾക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നില്ലെന്നുള്ളത് വളരെ ശരിയാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യ അർഹിക്കുന്ന ഗൗരവത്തോടെ ചർച്ച ചെയ്യാതെ പോയ വിഷയമാണിത്. ആർ എസ് എസ്സ് മുസ്ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കും എതിരായ ഒരു സംഘടന എന്ന നിലയിലാണ് പലരും കരുതിപ്പോന്നിട്ടുള്ളത്. ഗോൾവാക്കറുടെ എഴുത്തുകളുടെയും പ്രസംഗങ്ങളുടെയും അഭിമുഖങ്ങളുടെയും സമാഹാരത്തിന്റെ ചാപ്റ്റർ 16 ൽ ആന്തരിക ഭീഷണികൾ (Internal Threats) ആരൊക്കെയെന്ന് പറയുന്നുണ്ട്. അതിൽ ഒന്നാമത്തേത് മുസ്ലീങ്ങളാണ്. പിന്നെ കൃസ്ത്യാനികൾ, അതിനുശേഷം കമ്മ്യൂണിസ്റ്റുകൾ എന്ന് പറയുന്നുണ്ട്. ആർ എസ് എസ് ഈ വിഭാഗങ്ങൾക്ക് മാത്രം എതിരാണെന്ന് തോന്നാമെങ്കിലും വംശശുദ്ധിയെക്കുറിച്ചും, മനുസ്മൃതിയെക്കുറിച്ചും പറയുന്നത് ശ്രദ്ധിച്ചാൽ അവരുടെ മുഖ്യ അജണ്ട നേരത്തെ പറഞ്ഞ വിഭാഗങ്ങൾക്ക് മാത്രം എതിരല്ലെന്ന് മനസിലാകും. അത് അവർ യഥാർത്ഥ ലക്ഷ്യത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള തന്ത്രങ്ങളായി ഉപയോഗിക്കുന്നതായി മനസിലാക്കാം. അവർ പൊരുതുന്നത് നൂറുകണക്കിന് വർഷങ്ങളുടെ ശ്രമഫലമായി ബ്രാഹ്മണ മേധാവിത്വത്തിനെതിരെ പോരാടി ഹിന്ദുക്കൾ നേടിയെടുത്ത സ്വാതന്ത്ര്യം, സമത്വം, അന്തസ്സുള്ള ജീവിതം തുടങ്ങിയ ഘടകങ്ങൾക്കെതിരായാണ്. ജാതിയിൽ താഴ്ന്നവരും സ്ത്രീകളും ദക്ഷിണേന്ത്യയിലെ ഹിന്ദുക്കളുമാണ് ആർ എസ് എസ്സിന്റെ മുഖ്യ ശതൃക്കൾ. എല്ലാ ഹിന്ദുക്കളും ഒന്നിക്കണം എന്ന് ആർ എസ് എസ് പറയുമ്പോൾ ശൂദ്രരെ ബ്രാഹ്മണ മേധാവിത്വം മൃഗ തുല്യരായാണ് പരിഗണിച്ചത് എന്ന് മറച്ചുവയ്ക്കുകയാണ്. എന്നാൽ വർണ്ണ വ്യവസ്ഥയ്ക്ക് പുറത്തുള്ള ചണ്ടാലരെ അതിലും മോശമായും എന്ന കാര്യവും നാം മറന്നുപോവരുത്. ചണ്ടാല വിഭാഗത്തിൽപ്പെടുത്തിയ ആദിവാസികൾക്കിടയിൽ ആർ എസ് എസ് ഇന്ന് സംഘടന രൂപീകരിച്ചിട്ടുണ്ട്. എന്നാൽ അവരുടെ ലക്ഷ്യം ബ്രാഹ്മണ മേധാവിത്വം ആണ്. ഞാൻ ഇതൊക്കെ പറയുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്, അല്ലാതെ എന്റെ വെറും അഭിപ്രായങ്ങൾ ആയല്ല.
വലതുപക്ഷ സ്വേച്ഛാധിപത്യത്തിൻ്റെ ആഗോള വളർച്ച കണക്കിലെടുക്കുമ്പോൾ, ഇന്ത്യയിലെ ജനാധിപത്യ വിരുദ്ധ ഭരണ സംവിധാനം ആഗോള സ്വാധീനം കൈവരിക്കുന്നതായി താങ്കൾ കരുതുന്നുണ്ടോ?
തീർച്ചയായും ഉണ്ട്. ലോകത്തിലെ ഏറ്റവും വലിയ തീവ്രവാദ സംഘടനയാണ് ആർ എസ് എസ്. അത് ആഗോളതലത്തിൽ തുല്യതയ്ക്കും സാഹോദര്യത്തിനും ബഹുസ്വരതയ്ക്കും പുരോഗമന ആശയങ്ങൾക്കും മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും എതിരെ സംഘടിച്ചിരിക്കുന്ന പ്രസ്ഥാനമാണ്. 2011ൽ നോർവെയിലെ ഭരണ കക്ഷിയായ സോഷ്യലിസ്റ്റ് പാർട്ടിയിലെ ആളുകളെ കൂട്ടക്കൊല ചെയ്ത ആൻഡേർസ് ബ്രെയ്വിക് (Anders Breivik) കൊല ചെയ്യുന്നതിന് മുൻപ് 1500 പേജുകളുള്ള ഒരു മാനിഫെസ്റ്റോ തയ്യാറാക്കിയിരുന്നു. അതിൽ നൂറോളം പേജുകൾ ആർ എസ് എസ്സിനെക്കുറിച്ചാണ്. സോഷ്യലിസം, മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ, മൾട്ടി കൾച്ചറിസം എന്നിവയ്ക്കെതിരെ നിലകൊള്ളുന്ന പ്രസ്ഥാനങ്ങൾ എന്ന നിലയിലാണ് ബജ്രംഗദൾ, ആർ എസ് എസ് തുടങ്ങിയ സംഘടനകൾ ആൻഡേർസനെ സ്വാധീനിച്ചത്. 2019 മാർച്ച് 15 ന് ന്യൂസിലാൻഡിൽ 50 മുസ്ലീങ്ങളെ വെടിവെച്ചുകൊന്ന 28 കാരനായ ഓസ്ട്രേലിയൻ ഭീകരൻ ബ്രെൻ്റൺ ടാരന്റിനെ സ്വാധീനിച്ചത് ആൻഡേർസ് ബ്രെയ്വിക് ആയിരുന്നു. ആർ എസ് എസ് എങ്ങനെയാണ് മ്യാൻമാർ, ശ്രീലങ്ക എന്നിവിടങ്ങളിൽ ഫാസിസ്റ്റ് ബുദ്ധിസ്റ്റുകളെ ദക്ഷിണ ഏഷ്യയിലെ മുസ്ലീങ്ങൾക്കെതിരെ സംഘടിപ്പിക്കുന്നത് എന്ന് നാല് വർഷം മുൻപ് ന്യൂയോർക് ടൈംസ് ഒരു എഡിറ്റോറിയൽ എഴുതിയിരുന്നു. രാം മാധവിനാണ് അതിലിന്റെ ചുമതല എന്നും അതിൽ പറയുന്നുണ്ട്. We live in the midst of two state systems എന്ന പേരിൽ ഇന്ത്യൻ എക്സ്പ്രസ്സിൽ 2025 ജനുവരി 23 ൽ എഴുതിയ ലേഖനത്തിൽ സുഹാസ് പാൽഷിക്കർ, നമ്മൾ രണ്ടു സ്റ്റേറ്റ് സംവിധാനങ്ങൾക്ക് നടുവിലാണെന്നും അതിൽ ഒന്ന് വർഷങ്ങൾക്ക് മുൻപ് പിറന്നതും അന്ത്യം കാണാതെ ആക്രമണോത്സുകമായി തുടരുന്നതുമായ ഹിന്ദുത്വ എന്ന സംവിധാനവും മറ്റൊന്ന് ഇന്ത്യൻ ഭരണഘടനയുടെ പേരിൽ ഹിന്ദുത്വ അജണ്ടകൾ നടപ്പിലാക്കുന്ന സംവിധാനവുമാണ് എന്ന് പറയുന്നുണ്ട്. അതാണ് ഉത്തർപ്രദേശിലും മധ്യപ്രദേശിലും ഗുജത്തിലും ഒക്കെ നടക്കുന്നത്.
ഡോ. ബി.ആർ അംബേദ്കർ നിലവിലെ പ്രതിസന്ധി മുൻകൂട്ടി കാണുകയും അധികാരം തെറ്റായ കൈകളിൽ അകപ്പെടുന്നതിൻ്റെ അപകടങ്ങളെക്കുറിച്ച് ഇന്ത്യൻ നേതാക്കൾക്കും പൊതുജനങ്ങൾക്കും മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നല്ലോ. ന്യൂനപക്ഷ സവർണ്ണ വർഗ്ഗം ഭരണഘടന ദുരുപയോഗം ചെയ്യാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇന്നത്തെ സാഹചര്യത്തിൽ അദ്ദേഹത്തിൻ്റെ മുന്നറിയിപ്പുകൾ എത്രത്തോളം പ്രസക്തമാണ്?
ഹിന്ദുത്വ ഭരണം യാഥാർഥ്യമായാൽ അത് ഇന്ത്യയുടെ ദുരന്തമായിരിക്കുമെന്നു അംബേദ്ക്കർ പറഞ്ഞിരുന്നു. ബ്രാഹ്മിണിക്കൽ ഹിന്ദുയിസത്തിന്റെ വലിയ വിമർശകനായിരുന്ന അദ്ദേഹം താൻ ഒരു ഹിന്ദുവായി ജനിച്ചെങ്കിലും ഹിന്ദുവായി മരിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പ്രഖ്യാപിക്കുകയും അത് നടപ്പാക്കുകയും ചെയ്തു. ഇന്ന് ആർ എസ് എസ് അംബേദ്ക്കറിനെക്കുറിച്ച് സംസാരിക്കുമ്പോൾ എന്തുകൊണ്ട് അദ്ദേഹം ഹിന്ദുമതം ഉപേക്ഷിച്ചു എന്നും പറയേണ്ടതുണ്ട്. ഇന്നായിരുന്നു അംബേദ്ക്കർ ബുദ്ധമതം സ്വീകരിച്ചതെങ്കിൽ അദ്ദേഹം തെരുവിൽ ആക്രമിക്കപ്പെടുകയോ ജയിലിലടക്കപ്പെടുകയോ ചെയ്യുമായിരുന്നു. ഹിന്ദു മുസ്ലിം ഐക്യത്തെക്കുറിച്ചു പറഞ്ഞ ഭഗത് സിംഗ്, രാജ് ഗുരു, സുഖ്ദേവ് തുടങ്ങിയവർക്കും അതെ അവസ്ഥ ഉണ്ടാകുമായിരുന്നു.
2024-ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷമുള്ള പ്രതിപക്ഷ പാർട്ടികളുടെ പ്രവർത്തനത്തെ എങ്ങനെയാണ് താങ്കൾ വിലയിരുത്തുന്നത്? അവർക്ക് ഇപ്പോഴത്തെ രാഷ്ട്രീയ വെല്ലുവിളികളെ നേരിടാൻ കഴിയുന്നുണ്ടോ? ഘടനാപരവും പ്രത്യയശാസ്ത്രപരവുമായ ബലഹീനതകൾ അവരുടെ പ്രവർത്തനത്തെ പരിമിതപ്പെടുത്തുന്നുണ്ടോ?
ഇത്രയും അധഃപതിച്ചതും വിനാശകാരവും വലിയ വിഭാഗം ഹിന്ദുക്കൾക്കുതന്നെ എതിരുമായ ആശയങ്ങൾക്കെതിരെ മതേതരം എന്നവകാശപ്പെടുന്ന രാഷ്ട്രീയ കക്ഷികൾ ശരിയായി പ്രവർത്തിച്ചിരുന്നെങ്കിൽ ഇന്ത്യയിൽ ആർ എസ് എസ് വേരുപിടിക്കില്ലായിരുന്നു. കഴിഞ്ഞ നാൽപ്പത് വർഷമായി ഞാൻ കണ്ടെത്തിയ പല ചരിത്ര രേഖകളും പ്രതിപക്ഷ കക്ഷികൾ പരിശോധിക്കാതിരുന്ന കൂട്ടത്തിൽ പെടുന്നവയാണ്. ഹിസ്റ്ററി ഫോറം, അക്കാദമികൾ ഒക്കെ അവരുടെ നിയന്ത്രണത്തിലായിരുന്നു. അതൊന്നും അവർ വേണ്ട രീതിയിൽ പ്രയോജനപ്പെടുത്തിയില്ല. പശുമാംസം കൈവശം വച്ചു എന്നതിന്റെ പേരിൽ മുസ്ലിങ്ങളും ദളിതരും തെരുവിൽ കൊല്ലപ്പെടുമ്പോൾ ബീഫ് കഴിക്കാതെ ബ്രാഹ്മണനായിരിക്കാൻ കഴിയില്ലെന്ന വിവേകാനന്ദന്റെ വാക്കുകളെ അവർക്ക് കണ്ടെടുക്കാൻ കഴിഞ്ഞില്ല. ഹിന്ദുയിസം സസ്യാഹാരത്തിലധിഷ്ഠിതമാക്കുമ്പോൾ അവർ നോക്കിയിരുന്നു. മനുസ്മൃതിയിൽ മരണാന്തരം ബന്ധുക്കൾക്കും ദൈവത്തിനും മാസം നിവേദ്യമായി കൊടുക്കാൻ പറയുന്നത് അവർ ഉയർത്തിക്കാട്ടണമായിരുന്നു. ആർ എസ് എസ് മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും എതിരാണെങ്കിലും ദേശ സ്നേഹികളാണെന്നാണ് അവർ കരുതിയത്. അവർ ജനാധിപത്യത്തിനും മനുഷ്യ പുരോഗതിക്കും എതിരാണെന്ന് ഇന്നത്തെ പ്രതിപക്ഷം പരിഗണിച്ചില്ല. അതിന്റെ ദുരന്തമാണ് ഇന്ന് നമ്മൾ അനുഭവിക്കുന്നത്.
ജനാധിപത്യത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും നേരെയുള്ള വർദ്ധിച്ചുവരുന്ന ഭീഷണികൾക്കിടയിൽ, ഇന്ത്യയുടെ ജനാധിപത്യ ഘടനയെ ശക്തിപ്പെടുത്തുന്നതിന് പ്രത്യാശയുടെ എന്ത് സാധ്യതയാണ് താങ്കൾ കാണുന്നത്?
പ്രതീക്ഷകൾ അസ്തമിക്കുകയും നിരാശ പരക്കുകയും ചെയ്യുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. നൂറ്റാണ്ടുകൾ നീണ്ടുനിന്ന ബ്രിട്ടീഷ് ഭരണത്തിനെതിരെയും തൊഴിലാളികളുടെയും കർഷകരുടെയും അവകാശങ്ങൾക്ക് വേണ്ടിയും ഉജ്വല സമരങ്ങൾ നടന്ന സ്ഥലമാണ് നമ്മുടെ ദേശം. ഈ ചരിത്രം നമുക്ക് ആവർത്തിക്കാൻ കഴിയും എന്നും നമ്മുടെ രാജ്യത്തെ ദുരന്തങ്ങളിലേക്ക് നയിക്കുന്നവരെ ജനങ്ങൾ വെറുതെ വിടുകയില്ല എന്നും ഞാൻ കരുതുന്നു. മോദി ഇപ്പോൾ ഇന്ത്യയെ ഒരു ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കുകയാണ്. ഭൂരിപക്ഷം വരുന്ന ശൂദ്രർക്കും ദലിതർക്കും സ്ത്രീകൾക്കും എതിരായ ഹിന്ദുത്വ അജണ്ട എങ്ങനെ അന്തിമമായി വിജയിക്കും? അനീതിക്കെതിരെ പോരാടിയ ചരിത്രമുള്ള നമ്മുടെ രാജ്യം ഇപ്പോഴത്തെ ഇരുണ്ടകാലത്തെ അതിജീവിക്കും എന്ന ശുഭ പ്രതീക്ഷയാണ് എനിക്കുള്ളത്.