ബ്രഹ്മപുരം കത്തിയതിന് ശേഷം കേരളം എന്തെങ്കിലും പഠിച്ചോ?

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ബ്രഹ്മപുരം ദുരന്തത്തിന് ശേഷം ഖരമാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് ഇത്തരമൊരു പഠനം നടത്താനുള്ള കാരണങ്ങൾ വിശദമാക്കാമോ?

എം. സുചിത്ര: ബ്രഹ്മപുരം ദുരന്തത്തിന് ശേഷമല്ല ഖരമാലിന്യ പരിപാലന വിഷയം ഞങ്ങൾ ശ്രദ്ധിക്കുന്നത്. 2007-ൽ ഹൈക്കോടതിയുടെ ഒരു ഉത്തരവിനെ തുടർന്നാണ് ബ്രഹ്മപുരത്ത് മാലിന്യം കൊണ്ടിടാൻ തുടങ്ങിയത്. ബ്രഹ്മപുരമെന്ന് പറയുന്നത് കോർപ്പറേഷന്റെ മാലിന്യ സംസ്കരണ കേന്ദ്രമാണെങ്കിൽ പോലും അത് സ്ഥിതി ചെയ്യുന്നത് വടവുകോട് – പുത്തൻകുരിശ് പഞ്ചായത്തിലാണ്. മാത്രമല്ല അതൊരു തണ്ണീർത്തടവുമാണ്. ഹൈക്കോടതി വിധിയെത്തുടർന്ന് മാലിന്യം കൊണ്ടിടുന്ന സമയത്ത് അവിടെയൊരു മാലിന്യസംസ്കരണശാല പോലുമുണ്ടായിരുന്നില്ല. 2009-ൽ സ്ഥാപിച്ച മാലിന്യസംസ്കരണശാലക്ക് രണ്ട് വർഷത്തിനകം തന്നെ കേടുപാടുകൾ സംഭവിച്ചു. മാലിന്യം കൂട്ടിയിടാൻ തുടങ്ങിയ കാലം മുതൽ അവിടെ പലതവണ തീപ്പിടിത്തമുണ്ടായിട്ടുണ്ട്. 2019-നും 2023-നും ഇടയിൽത്തന്നെ 15 തവണ. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മാലിന്യ തീപിടിത്തമാണ് 2023 മാർച്ചിൽ ബ്രഹ്മപുരത്ത് ഉണ്ടായത്.

ബ്രഹ്മപുരം ഒരു പ്രതീകമാണ്. എങ്ങനെ മാലിന്യം കൈകാര്യം ചെയ്യരുത് എന്നതിന്റെ ഉദാഹരണം. ഒരു അർബൻ ലോക്കൽ ബോഡിയുടെ കെടുകാര്യസ്ഥത, മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനാസ്ഥയും ശേഷിക്കുറവും കൃത്യവിലോപവും, ദുരന്ത നിവാരണ സംവിധാനത്തിന്റെ പോരായ്മകൾ, സാമൂഹ്യനീതിനിഷേധം, ഭരണവ്യവസ്ഥയുടെയും നിയമങ്ങളുടെയും ലംഘനം, പാരിസ്ഥിതിക വിവേകത്തിന്റെ അഭാവം, ഇവയെയെല്ലാം വെള്ളപൂശിക്കൊണ്ടുള്ള വികസനവ്യാമോഹങ്ങളുടെ പ്രചാരണം. ഇതെല്ലാമായിരുന്നു ബ്രഹ്മപുരം.

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീയണയ്ക്കാൻ ശ്രമിക്കുന്ന ഫയർഫോഴ്സ്. കടപ്പാട്: the hindu

എറണാകുളം നഗരവും അതിന്റെ സമീപപ്രദേശങ്ങളും 12 ദിവസത്തോളം വിഷപ്പുകയിലായിരുന്നു. 2019-ലും 2020-ലും വലിയ തീപിടിത്തമുണ്ടായ സമയത്ത് തിരുവനന്തപുരത്തെ National Institute of Interdisciplinary Science and Technology (NIIST) പഠനം നടത്തിയിരുന്നു. 2019-ലെ തീയിൽ ബ്രഹ്മപുരത്ത് നിന്ന് വമിച്ച ഡയോക്സിന്റെ അളവ് മലിനീകരിക്കപ്പെടാത്ത അന്തരീക്ഷത്തേക്കാൾ 50 ഇരട്ടിയാണെന്ന് കണ്ടിരുന്നു. ഡയോക്സിൻ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ പഠിക്കേണ്ടതുണ്ടെന്ന് 2019-ലും 2020-ലും NIIST ശുപാർശ ചെയ്തിരുന്നു. പക്ഷേ, അത്തരം പഠനങ്ങളൊന്നും നടന്നില്ല. 2023-ലെ തീപിടിത്തം കൊണ്ടുണ്ടായ ആരോഗ്യപ്രശ്നങ്ങൾ പഠിക്കാൻ സംസ്ഥാന സർക്കാർ ഒരു വിദഗ്ധകമ്മിറ്റിയെ നിയോഗിച്ചിരുന്നു. ആ കമ്മിറ്റിയുടെ പഠന റിപ്പോർട്ട് ഇനിയും പുറത്തുവന്നിട്ടില്ല.

മാലിന്യമലയിൽ തീപിടിത്തമുണ്ടാവുകയും അത് ദിവസങ്ങളോളം നീണ്ടുനിൽക്കുകയും ചെയ്താൽ അത് വലിയ വിവാദമാകും. മാധ്യമങ്ങളിൽ വലിയ ചർച്ചയാകും രാഷ്ട്രീയ പാർട്ടികളും സർക്കാരും കോടതികളും ഇടപെടും. പക്ഷേ, ഇതുവരെ കത്തിയതിന്റെ ദീർഘകാല പ്രത്യാഘാതമെന്താണ്? ഇതുവരെ കൂട്ടിയിട്ട മാലിന്യത്തിൽ നിന്ന് പുറത്തുവന്ന വാതകങ്ങളും ഒലിച്ചിറങ്ങിയ വിഷദ്രാവകങ്ങളും (leachate) ഉണ്ടാക്കിയ പ്രശ്നങ്ങൾ എന്തൊക്കെയാണ്? നമുക്ക് അറിയില്ല. ബ്രഹ്മപുരം ഉൾപ്പെടെ കേരളത്തിൽ മാലിന്യം കുന്ന്കൂടിയിട്ടുള്ള 59 ഇടങ്ങളുണ്ട്, ലെഗസി വെസ്റ്റ് സൈറ്റുകൾ. ഇവയിൽ മിക്കതും ജലസ്രോതസുകൾക്ക് സമീപമാണ്. അവിടെ എപ്പോൾ വേണമെങ്കിലും തീകത്താം. ഇത് തുടർന്നുകൊണ്ടിരിക്കുന്ന ഒരു ദുരന്തമാണ്. ബ്രഹ്മപുരം ഒറ്റപ്പെട്ട ഒരു ദുരന്തമായിരുന്നില്ല. തീ കത്തുന്നതല്ല ദുരന്തം, മാലിന്യത്തിന്റെ ശരിയല്ലാത്ത രീതിയിലുള്ള പരിപാലനമാണ് പ്രശ്നം.

നേരത്തെ സൂചിപ്പിച്ചതു പോലെ പല രീതിയിലുള്ള പാളിച്ചകളും, പഴുതുകളും, വീഴ്ചകളും എല്ലാം ബ്രഹ്മപുരം ദുരന്തത്തിലുണ്ടായിരുന്നു. കേരളത്തിന്റെ ഖരമാലിന്യപരിപാലനം എവിടെ എത്തിനിൽക്കുന്നുവെന്നത് പുനരവലോകനം ചെയ്യേണ്ട സന്ദർഭമായിട്ടണ് ഞങ്ങൾ ബ്രഹ്മപുരം ദുരന്തത്തെ കണ്ടത്.

ബ്രഹ്മപുരം തീപ്പിടിത്തം നടന്നില്ലെങ്കിൽ പോലും ഇത്തരം കേന്ദ്രീകൃത മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ ഒരു ദുരന്തമായി തന്നെയല്ലേ നിലനിൽക്കുന്നത്?

സി. സുരേന്ദ്രനാഥ്: മാലിന്യം കുന്നുകൂടിക്കിടക്കുന്നത് കത്തിപ്പിടിച്ചില്ലെങ്കിൽ പോലും അതിൽ നിന്നും വളരെയധികം കാലം വിഷവാതകങ്ങളും മലിനജലവും വമിച്ചുകൊണ്ടിരിക്കും. തുറന്ന മാലിന്യക്കൂമ്പാരങ്ങൾ (വേസ്റ്റ് ഡമ്പുകൾ) ആണ് കേരളത്തിൽ ഉണ്ടായിരുന്നത്. കേരളത്തിന്റെ പല ഭാഗത്തും അവ ഇപ്പോഴുമുണ്ട്. കനത്ത പ്ലാസ്റ്റിക് ആവരണത്താൽ പൊതിഞ്ഞ ‘ശാസ്ത്രീയമായ’ ലാൻഡ്ഫില്ലുകൾക്കുപോലും കാലക്രമേണ ബലക്കുറവ് വരാമെന്നും, അതുകൊണ്ട് മാലിന്യ നിർമ്മാർജ്ജനത്തിന് അവ ഉപയോഗിക്കുന്നത് മാലിന്യത്തിന്റെ പാരിസ്ഥിതിക, ആരോഗ്യ ആഘാതങ്ങൾ ഭാവിയിലേക്ക് നീട്ടിവെക്കാനേ ഉതകൂവെന്നും സൂചിപ്പിക്കുന്ന പഠനങ്ങൾ ഉണ്ട്. മിക്കവാറും എല്ലാ മാലിന്യക്കൂമ്പാരങ്ങളും ഉണ്ടായിരുന്നത് ഗ്രാമങ്ങളിലായിരുന്നു. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന ജനങ്ങൾ താമസിക്കുന്ന ഇടങ്ങളിൽ. നഗരവാസികളും ഗ്രാമവാസികളും തമ്മിലുള്ളൊരു സംഘർഷം, സാമൂഹിക അനീതി എന്നിവയെല്ലാം എല്ലാ വേസ്റ്റ് ഡമ്പുകൾക്കും പുറകിലുണ്ട്. കൂടാതെ, നിരന്തരമായ നിയമലംഘനങ്ങൾ. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് ഖരമാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട ഒരു പഠനത്തിന് ശ്രമിച്ചത്.

Choking on Toxic Smoke. കവർ

എം. സുചിത്ര: മുൻപ് പറഞ്ഞതുപോലെ കേരളത്തിലെ ലെഗസി വേസ്റ്റ് സൈറ്റുകൾ മിക്കതും ജല സ്രോതസ്സുകൾക്ക് അരികിലാണ്. അതുകൊണ്ടുതന്നെ അതിൽനിന്നും ഊറി വരുന്ന വിഷദ്രാവകം ജലസ്രോതസ്സുകളെയും ഭൂഗർഭജലത്തെയും മലിനപ്പെടുത്തുന്നുണ്ട്. ബ്രഹ്മപുരം സ്ഥിതി ചെയ്യുന്നത് കടമ്പ്രയാറിനോടും ചിത്രപ്പുഴയോടും ചേർന്നിട്ടാണ്. ബ്രഹ്മപുരത്തുനിന്ന് ഈ പുഴകളിലൂടെ ഒഴുകി വരുന്ന ഘനലോഹങ്ങൾ അടങ്ങിയ വിഷദ്രാവകം വേമ്പനാട് കായലിനെ മലിനമാക്കുന്നതായി വിവധ പഠനങ്ങളിൽ പറയുന്നു. കുന്നുകൂടിക്കിടക്കുന്ന മാലിന്യം കത്തുന്ന സമയത്ത് ഡയോക്സിൻ പോലെയുള്ള മാരക വിഷവാതകങ്ങൾ പുറന്തള്ളുന്നു. തീ കത്താത്തപ്പോഴും കാർബൺ ഡയോക്സൈഡും മീഥെയ്നും പോലെയുള്ള ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നു. കാർബൺ ഡയോക്സൈഡും മീഥെയ്നും കാലാവസ്ഥാ വ്യതിയാനത്തിന് ആക്കം കൂട്ടുന്ന വാതകങ്ങളാണ്.

ബ്രഹ്മപുരം തീപിടിത്തത്തിന് ശേഷം കേരളത്തിലെ മുൻസിപ്പൽ ഖരമാലിന്യ പരിപാലന സംവിധാനങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടോ? ഇത്തരം കേന്ദ്രീകൃത മാലിന്യസംസ്കരണ പദ്ധതികളിൽ നിന്ന് സർക്കാർ പിൻമാറുന്നതിന് ബ്രഹ്മപുരം കാരണമായി മാറിയിട്ടുണ്ടോ?

സി. സുരേന്ദ്രനാഥ്: ബ്രഹ്മപുരം തീപിടിത്തത്തിന് ശേഷം കേരളത്തിലെ ഖരമാലിന്യ പരിപാലന സംവിധാനങ്ങളിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. കേരള ഗവൺമെന്റും പ്രാദേശിക ഭരണ സംവിധാനങ്ങളും അതിന് നിർബന്ധിതരായത് കൊണ്ടുകൂടിയാണ് അത്തരമൊരു മാറ്റമുണ്ടായത്. കേരള ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും, ദേശീയ ഹരിത ട്രൈബ്യൂണൽ (NGT) അടിയന്തിരമായിട്ടുള്ള റിപ്പോർട്ടുകൾ ആവശ്യപ്പെടുകയും ടാർഗറ്റുകൾവെച്ചുകൊണ്ട് പ്രവർത്തനങ്ങൾ നടത്താൻ ആവശ്യപ്പെടുകയുമൊക്കെ ചെയ്തതിന്റെ ഫലമായി കേരളം പല കാര്യങ്ങളും ചെയ്യാൻ നിർബന്ധിതമായിട്ടുണ്ട്. എൻ.ജി.ടി 100 കോടി രൂപ കൊച്ചി കോർപ്പറേഷന് പിഴയിട്ടിരുന്നു. ബ്രഹ്മപുരം കത്തിയശേഷം പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞാൽ കനത്ത പിഴ ഈടാക്കാൻ വേണ്ടി കേരള മുൻസിപ്പാലിറ്റി ആക്ടും കേരള പഞ്ചായത്തീരാജ് ആക്ടും ഒന്നുകൂടി ശക്തിപ്പെടുത്തി. മാലിന്യ പരിപാലനത്തിന് വേണ്ട അടിസ്ഥാന ഭൗതിക സൗകര്യങ്ങൾ കൂട്ടാൻ ബ്രഹ്മപുരത്തിന് ശേഷം തീവ്രശ്രമം ഉണ്ടായി. ലെഗസിവേസ്റ്റ് നീക്കം ചെയ്യാനുള്ള ബയോമൈനിങ്ങ് പുനഃരാരംഭിക്കാൻ നടപടികളുണ്ടായി. ബ്രഹ്മപുരത്ത് ഏകദേശം എട്ട് ലക്ഷം ടണ്ണോളം വേസ്റ്റ് കെട്ടിക്കിടന്നിരുന്ന സ്ഥലത്ത് നിന്നും ആറ് ലക്ഷം ടൺ മാലിന്യം നീക്കം ചെയ്തു. എന്നിട്ടും ബ്രഹ്മപുരത്ത് വീണ്ടും തീപിടിത്തമുണ്ടായതായ വാർത്തകൾ വന്നിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യം വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ശേഖരിക്കുന്നതിനും തരംതിരിക്കുന്നതിനുമുള്ള ഹരിത കർമ്മസേനയുടെ അംഗബലം കൂട്ടി. മാലിന്യം സംഭരിക്കുന്നതിനും തരംതിരിക്കുന്നതിനുമുള്ള എം.സി.എഫ് (Material Collection Facility), ആർ.ആർ.എഫ് (Resource Recovery Facility), ഷെഡ് സൗകര്യങ്ങൾ, വണ്ടി സൗകര്യങ്ങൾ എല്ലാം കൂട്ടിയിട്ടുണ്ട്. മാലിന്യത്തിന്റെ ശേഖരണം വർദ്ധിപ്പിക്കാനും, ഉറവിടത്തിൽതന്നെ വേർതിരിക്കാനുമുള്ള ശേഷി കൂട്ടാനും കഴിഞ്ഞിട്ടുണ്ട്. എന്നിരുന്നാലും ജൈവ മാലിന്യം ഉറവിടത്തിൽതന്നെ സംസ്കരിക്കുന്നത് വെറും 23% മാത്രമേ നടപ്പായിട്ടുളളൂ എന്ന് ശുചിത്വ മിഷന്റെ ഡയറക്ടർ ഈയിടെ പറയുകയുണ്ടായി. ഇതിനുമപ്പുറമുള്ള അടിസ്ഥാനപരമായ പല പ്രശ്നങ്ങളും ഈ മേഖലയിൽ നിലനിൽക്കുന്നുണ്ട് എന്നാണ് നമ്മുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.

തീപിടിത്ത സമയത്ത് ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ നിന്നുയരുന്ന പുക. കടപ്പാട്: the hindu

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഹരിത കേരള മിഷനും കുടുംബശ്രീ മിഷനും ഹരിതകർമ്മ സേനയും പോലെയുള്ള വിപുലമായ സംവിധാനങ്ങൾ നിലനിന്നിട്ടും മാലിന്യ പരിപാലനത്തിൽ കേരളം പരാജയപ്പെട്ട് പോകുന്നുണ്ടോ? എന്താണ് തോന്നുന്നത്?

സി. സുരേന്ദ്രനാഥ്: മാലിന്യപരിപാലനത്തിൽ കേരളം പരാജയപ്പെട്ടുവെന്നല്ല ഞങ്ങൾ പറയുന്നത്. പതിറ്റാണ്ടുകളായി കേരളം മാലിന്യപരിപാലനത്തിന് പ്രാധാന്യം നൽകിയിട്ടുണ്ട്. ടോട്ടൽ സാനിറ്റേഷൻ ആന്റ് ഹെൽത്ത് മിഷൻ, ക്ലീൻ കേരള മിഷൻ, ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിങ്ങനെ പല മിഷൻ മോഡിൽ കേരളം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഈ പ്രവർത്തനങ്ങളിലൂടെയും, ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ കാരണമായും ആണ് വികേന്ദ്രീകൃത മാലിന്യസംസ്കരണത്തിന് ഒരു മാതൃക സൃഷ്ടിക്കാൻ കേരളത്തിന് സാധിച്ചത്.

ഗവണ്മെന്റിനെ സംബന്ധിച്ച്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സംബന്ധിച്ച് ചെയ്യാൻ കഴിയുന്ന കാര്യം മാലിന്യപരിപാലനത്തിന് ഇൻഫ്രാസ്ട്രക്ചർ ഒരുക്കുക, അവ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക എന്നതാണ്. അതോടൊപ്പം മാലിന്യം പൊതുഇടങ്ങളിൽ വലിച്ചെറിയുന്നതിനെതിരെയൊക്കെ നടപടി സ്വീകരിക്കുക എന്നതൊക്കെയാണ്.അതുകൊണ്ട് തന്നെ ഇങ്ങനെയുള്ള കാര്യങ്ങളിൽ കുറേയധികം പുരോഗതിയുണ്ടായിട്ടുണ്ട്. എങ്കിൽപ്പോലും അടിസ്ഥാനപരമായി ഒരു ചോദ്യം കേരളം സ്വയം ചോദിക്കുന്നില്ല: “എങ്ങനെയാണ് മാലിന്യം കുറച്ചുകൊണ്ടുവരിക?” സീറോ വേസ്റ്റ് എന്ന ലക്ഷ്യം മുന്നോട്ട് വെക്കുമ്പോൾപ്പോലും എവിടെയാണ് വേസ്റ്റ് റെഡ്യൂസ് ചെയ്യുന്നത് എന്ന് കാണിക്കാവുന്ന ഒരു രേഖയും യാഥാർത്ഥത്തിലില്ല. മലിനീകരണ നിയന്ത്രണ ബോർഡ് തയ്യാറാക്കുന്ന കണക്ക് പ്രകാരം കേരളത്തിലെ നഗരങ്ങളിലെ പ്ലാസ്റ്റിക് മാലിന്യത്തിന്റെ ഉത്പാദനം കുറഞ്ഞുവരികയാണ്! അതേസമയം പ്ലാസ്റ്റിക് മാലിന്യം ഇവിടെ നിന്ന് ശേഖരിക്കുന്നതിന്റെയും, സംസ്ക്കരിക്കുന്നതിനായി പുറത്തേക്ക് അയക്കുന്നതിന്റെയും അളവ് കൂടുന്നതായാണ് കാണുന്നത്. പല കണക്കുകളും തമ്മിൽ ഒരുപാട് വൈരുദ്ധ്യങ്ങളുണ്ട്. അടിസ്ഥാനപ്രശ്നം വേസ്റ്റ് റിഡക്ഷന് വേണ്ടിയുള്ള ഒരു പാതയിലല്ല കേരളം സഞ്ചരിക്കുന്നത് എന്നതാണ്. ഈ പ്രശ്നം കൈകാര്യം ചെയ്യാതെ മാലിന്യം സംസ്കരിക്കുന്നതിനുള്ള സംവിധാനങ്ങൾ കൂട്ടിയതുകൊണ്ടുമാത്രം പ്രശ്നപരിഹാരമാവുന്നില്ല, അതൊരു സുസ്ഥിരമായ പരിഹാരവുമല്ല. കൂടുതൽ പ്രശ്നങ്ങളിലേക്ക് പോകാനുള്ള ഒരു വികസന മാർഗ്ഗമാണ് കേരളം പിന്തുടരുന്നത്.

എം. സുചിത്ര: ആഗോളതലത്തിൽ തന്നെ മാലിന്യത്തിന്റെ അളവ് കൂടിക്കൊണ്ടിരിക്കുകയാണ്. ലോകത്തിലെ ആകെ സോളിഡ് വേസ്റ്റ് ഉത്പാദനം 2020-ൽ 2.1 ബില്ല്യൺ ടൺ ആയിരുന്നത് 2050 ആവുമ്പോഴേക്ക് 3.8 ബില്ല്യൻ ടണ്ണായി വർദ്ധിക്കും എന്നാണ് യു.എൻ.ഇ.പിയുടെ 2024-ലെ ഗ്ലോബൽ വേസ്റ്റ് മാനേജ്മെന്റ് ഔട്ട്ലുക്ക് പറയുന്നത്. മാലിന്യം വർദ്ധിക്കുന്നു എന്നതുതന്നെയാകണം കേരളത്തിലെയും അവസ്ഥ. നമ്മൾ സീറോ-വേസ്റ്റ് കേരളം എന്നൊക്കെ പറയുമ്പോഴും കേരളം ഒരു കൺസ്യൂമറിസ്റ്റ് സ്റ്റേറ്റ് ആണ്, മാർക്കറ്റ് ഇക്കോണമിയുടെ ഒരു പരീക്ഷണശാലയാണ്. എന്നിട്ടും ഔദ്യോഗികകണക്കുകളിൽ 2018-മുതൽ കേരളത്തിലെ വാർഷിക ഖരമാലിന്യ ഉത്പാദനം ഏതാണ്ട് 3.7 മില്ല്യൺ ടണ്ണിൽ നിന്ന് വലിയ മാറ്റമില്ലാതെ നിൽക്കുന്നതായിട്ടാണ് കാണിക്കുന്നത്.

ഓരോ മാലിന്യത്തിന്റെയും ഉത്തരവാദി ആരാണ്? എങ്ങനെയാണ് വ്യക്തികൾക്ക് കുടുംബങ്ങളിൽ മാലിന്യം കുറയ്ക്കാനുള്ള കാര്യങ്ങളിൽ മുൻകൈ എടുക്കാനാവുക? പ്രൊഡ്യൂസറിൻ്റെ റോൾ ഇതിൽ എന്താണ് ? കൺസ്യൂമേഴ്സിനെ ബോധവത്കരിക്കുന്നതിലേക്ക് മാത്രമായി നമ്മുടെ ക്യാമ്പയിനുകൾ ചുരുങ്ങുന്നുണ്ടോ?

സി. സുരേന്ദ്രനാഥ്: ഇത് കേരളത്തിന്റെ മാത്രം പ്രശ്നമല്ല. നമ്മൾ ജീവിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക വ്യവസ്ഥയിൽ ആരാണ് മാലിന്യത്തിന്റെ യഥാർത്ഥ ഉത്തരവാദികൾ എന്നുള്ളൊരു പ്രശ്നം ആഗോളതലത്തിൽ ജനങ്ങൾ നേരിടുന്നതാണ്. അതിന് ക്യാപ്പിറ്റലിസ്റ്റ് വ്യവസ്ഥിതി തന്നെ പ്രൊപ്പഗേറ്റ് ചെയ്യുന്ന ഒരു സൊല്യൂഷൻ ‘എന്റെ മാലിന്യം, എന്റെ ഉത്തരവാദിത്തം’ (My waste, My responsibility) എന്നുള്ള നിലയിൽ ഓരോ വ്യക്തിയെയും ഈ മാലിന്യത്തിന്റെ ഉത്പാദകൻ അവനാണ്. അതുകൊണ്ട് തന്നെ അവരാണ് അത് നിയന്ത്രിക്കേണ്ടത് എന്ന സമീപനം വളർത്തിയെടുക്കലാണ്. ഇത് ഒരു പുകമറ സൃഷ്ടിക്കലാണ്. യഥാർത്ഥത്തിൽ മാലിന്യത്തിന്റെ ഉത്തരവാദി ഈ സമ്പദ് വ്യവസ്ഥ തന്നെയാണ്, അതിനെ നിയന്ത്രിക്കുന്ന ശക്തികളാണ്. എന്നാൽ ഈ വ്യവസ്ഥയ്ക്ക് യാതൊരു വിള്ളലും വരുത്താത്ത രീതിയിൽ മാലിന്യ ഉത്പാദനവും പരിപാലനവും രണ്ടും ലാഭകരമായി തുടർന്ന് കൊണ്ടുപോവുന്നതിന് സഹായിക്കുന്ന ഒരു ബിസിനസ്സ് മന്ത്രം കൂടിയാണ് “എന്റെ മാലിന്യം, എന്റെ ഊത്തരവാദിത്തം” എന്നത്. വൻകിട ഉത്പാദകർ, പാക്കേജിങ്ങ് ഇൻഡസ്ട്രി എന്നിവയൊക്കെ നിയന്ത്രണങ്ങളില്ലാതെ പ്രവർത്തിക്കുകയും അവയ്ക്കൊക്കെ പലരീതിയിലുള്ള സർക്കാർ ആനുകൂല്യങ്ങൾ കിട്ടികൊണ്ടിരിക്കുകയും ചെയ്യുമ്പോൾ മാലിന്യം ലോകത്ത് കൂടുകതന്നെ ചെയ്യും.

ഇത് തടയാനുള്ള നടപടികൾ ആഗോളതലത്തിൽ തന്നെ വളരെ കുറവാണ്. ഉത്പാദകരെക്കൂടി അവർ സൃഷ്ടിക്കുന്ന മാലിന്യം സുരക്ഷിതമായി പരിപാലിക്കുന്നതിന് ഉത്തരവാദികളാക്കുന്നതിനുള്ള ‘എക്സ്റ്റെന്റഡ് പ്രൊഡ്യൂസർ റെസ്പോൺസിബിലിറ്റി’ (Extended Producer Responsibility – EPR) എന്ന നയം പലരാജ്യങ്ങളിലും നിയമത്തിന്റെ രൂപത്തിൽ തന്നെ നിലനിൽക്കുന്നുണ്ട്. ഇന്ത്യയിൽ പ്ലാസ്റ്റിക് വേസ്റ്റ്, ഇലക്ട്രോണിക് വേസ്റ്റ് എന്നിവയുടെ പരിപാലനത്തിനായുള്ള ചട്ടങ്ങളിൽ EPR ഉൾപ്പെടുത്തിയിട്ടുണ്ട്. ഉത്പന്നങ്ങൾ രൂപവത്കരിക്കുന്ന (Designing) ഘട്ടം മുതൽ മാലിന്യം കുറയ്ക്കാനുള്ള ശ്രമങ്ങൾ ഉത്പാദകർ നടത്തേണ്ടതുണ്ട് എന്നതാണ് EPR നയത്തിൽ നിഷ്കർഷിക്കുന്നത്. എന്നാൽ ഇത് നടപ്പാക്കാനുള്ള ശ്രമങ്ങൾ തികച്ചും അപര്യാപ്തമാണ്. കേരളത്തിൽ മിൽമ എന്ന കമ്പനി ഒരു ദിവസം 25 ലക്ഷത്തിനടുത്ത് പ്ലാസ്റ്റിക് പാക്കറ്റുകൾ ഉപയോഗിക്കുന്നുണ്ട്. റീസൈക്കിൾ ചെയ്യാൻ പറ്റാത്ത പ്ലാസ്റ്റിക് കൊണ്ട് നിർമ്മിക്കുന്ന പാക്കറ്റുകളാണിവ. ഇവ മാറ്റാനോ, സ്വന്തം ഉത്തരവാദിത്വത്തിൽ തിരിച്ചെടുത്ത് ശാശ്വതമായി സംസ്കരിക്കാനോ ഉള്ള ഒരു സംവിധാനവും മിൽമ ഇതുവരെ ഏർപ്പെടുത്തിയിട്ടില്ല. ഇതുപോലെയാണ് ബിവറേജസ് കോർപ്പറേഷൻ ഉപയോഗിക്കുന്ന മദ്യക്കുപ്പികളുടെ കാര്യവും. ഈ കമ്പനികളുടെ സാമ്പത്തിക താല്പര്യങ്ങൾക്കാണ് മാലിന്യ നിർമാർജ്ജനത്തേക്കാൾ പ്രാധാന്യം കിട്ടുന്നത്.

എം. സുചിത്ര: ഉപഭോഗ വസ്തുക്കൾ നിർമ്മിച്ച് വിപണിയിലിറക്കുന്നവർക്കും അവ ഇറക്കുമതി ചെയ്യുന്നവർക്കും ബ്രാൻഡ് ഓണേഴ്സിനും, അവർ കൈകാര്യം ചെയ്യുന്ന ഉത്പന്നങ്ങളുടെ തുടക്കം മുതൽ അവ മാലിന്യമായിമാറി സംസ്കരിക്കുന്നത് വരെയുളള എല്ലാ ഘട്ടത്തിലും ഉത്തരവാദിത്തമുണ്ട് എന്നതാണ് എക്സ്റ്റെൻറഡ് പ്രൊഡ്യൂസർ റെസ്പോൺസിബിലിറ്റി. ശാശ്വതമായി സംസ്കരിക്കാൻ പറ്റാത്ത ഉത്പന്നങ്ങൾ നിർമ്മിക്കുന്നത് നിർത്തുക, കുറയ്ക്കുക, ഉത്പന്നങ്ങളുടെ ജീവിതകാലം കൂട്ടുക, പലതും പുനഃരുപയോഗിക്കുക എന്നതൊക്കെയാണ് EPR കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ അത് വേണ്ട രീതിയിൽ ഇവിടെ നടക്കുന്നില്ല.

2025 മാർച്ച് 30ന് സംസ്ഥാനത്തെ മാലിന്യ മുക്തമായി പ്രഖ്യാപിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം, ഇനി എന്തൊക്കെയാണ് സർക്കാരിന്റെ മുന്നിലുള്ള വെല്ലുവിളികൾ?

എം. സുചിത്ര: ഈ റിപ്പോർട്ടിൽ ഞങ്ങൾ ചൂണ്ടിക്കാണിക്കുന്ന പ്രധാന വെല്ലുവിളികൾ ഇവയാണ്. ഒന്ന്, വിശ്വാസയോഗ്യമായ, അടിസ്ഥാനപരമായ ഡേറ്റ നമുക്കില്ല. രണ്ട്, കേരളത്തിന്റെ പ്ലാസ്റ്റിക് മാലിന്യവും ഇ- വേസ്റ്റും കൂടിക്കൊണ്ടേയിരിക്കുമ്പോഴും അവയ ശാശത്വമായി സംസ്കരിക്കാനുള്ള ശേഷി കേരളം ഇപ്പോഴും ആർജ്ജിച്ചിട്ടില്ല. നമ്മുടെ അജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിന്റെ ഉത്തരവാദിത്തം അന്യ സംസ്ഥാനങ്ങൾക്കുമേൽ ചുമത്തുന്ന രീതിയാണ് നമ്മൾ പിന്തുടരുന്നത്. പിന്നെയൊന്ന് വലിയ വേസ്റ്റ്-ടു-എനർജി പ്ലാന്റുകളോടുള്ള ആഭിമുഖ്യം. മറ്റൊന്ന്, കാലാവസ്ഥാ വ്യതിയാനത്തിന്റെ കാലത്ത് ഖരമാലിന്യ പരിപാലനത്തിന് വേണ്ടത്ര ശ്രദ്ധ കൊടുക്കേണ്ടതിന്റെ പ്രാധാന്യം. ഇത്തരം കുറച്ച് കാര്യങ്ങളാണ് ഞങ്ങൾ എടുത്തുപറയുന്നത്.

ഡേറ്റയുടെ കാര്യമെടുക്കാം. ലോകത്തിൽ എവിടയും വേസ്റ്റ് കൂടിവരുന്ന ട്രെൻഡ് കാണിക്കുന്നുണ്ട്. എന്നാൽ 2018 മുതൽ കേരളത്തിന്റെ പ്രതിവർഷ ഖരമാലിന്യ ഉത്പാദനം ഏറെക്കുറെ 3.7 മില്ല്യൺ ടൺ ആയിത്തന്നെ നിൽക്കുകയാണെന്നാണ് കണക്കുകളിൽ കാണുന്നത്. പ്രതിദിന വേസ്റ്റ് ഉത്പാദനം നോക്കുകയാണെങ്കിൽ ഏതാണ്ട് 10,000 ടണ്ണിന് അല്പം മുകളിൽ. ഇപ്പോഴത്തെ മാലിന്യ ഉത്പാദനം പ്രതിദിനം 10,076 ടൺ ആണ്. ഈ ഡേറ്റ തയ്യാറാക്കുന്ന രീതി ശരിയല്ല എന്ന് കംട്രോളർ ആന്റ് ഓഡിറ്റർ ജനറൽ (CAG) സെപ്റ്റംബർ 2023-ൽ ചൂണ്ടിക്കാണിക്കുകയുണ്ടായി. 2016 മുതൽ 2021 വരെയുള്ള കാലത്ത് 22 അർബൻ ലോക്കൽ ബോഡികളുടെ പെർഫോമൻസ് സർവ്വെ ചെയ്ത് ഉണ്ടാക്കിയ ഓഡിറ്റ് റിപ്പോർട്ട് ആണിത്. അതിൽ പറയുന്നത് ഒരൊറ്റ അർബൻ തദ്ദേശ സ്വയംഭരണ സ്ഥാപനം പോലും സോളിഡ് വേസ്റ്റ് മാനേജ്മെന്റ് മാന്വൽ (2020) അനുശാസിക്കുന്ന വിധത്തിലുള്ള സമഗ്രവും ശാസ്ത്രീയമായ സർവ്വെ നടത്തിയിട്ടില്ല എന്നാണ്. എത്ര മാലിന്യം ഉത്പാദിപ്പിക്കുന്നുണ്ട്, അതിന്റെ കോമ്പോസിഷൻ എന്താണ്, അതിന്റെ ഭൗതിക, രാസ സ്വഭാവങ്ങൾ — മോയിസ്ച്ചർ കണ്ടന്റ്, കലോറിഫിക് വാല്യൂ തുടങ്ങിയവ — എന്താണ് എന്നുള്ള സംഗതികളൊന്നും ശരിയായ രീതിയിൽ കണക്കാക്കിയിട്ടില്ല എന്ന് സി.എ.ജി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇവയൊക്കെ ശരിയായി തിട്ടപ്പെടുത്തിയാലേ ഖരമാലിന്യ പരിപാലനം കാര്യക്ഷമമായി നടത്താനും അതിന് ഏതൊക്കെ ടെക്നോളജി ഉപയോഗിക്കണം എന്നും തീരുമാനിക്കാനാവൂ. ഇതിന് ഉതകുന്ന ഡേറ്റ നമുക്കില്ല എന്നുള്ളതൊരു വലിയ വെല്ലുവിളിയാണ്.

ആഗോളതലത്തിൽ 2020ലെ മുൻസിപ്പൽ ഖര മാലിന്യ ഉത്പാദനവും 2030 മുതൽ 2050 വരെയുള്ള പ്രൊജക്ഷനും.

ദേശീയ തലത്തിൽ തന്നെ മാലിന്യത്തിന്റെ കണക്കെടുപ്പിൽ പല പ്രശ്നങ്ങളുമുണ്ട്. മുനിസിപ്പൽ വേസ്റ്റ് എന്ന് പറയുമ്പോൾ നഗരങ്ങളുടെ മാലിന്യം മാത്രം റിപ്പോർട്ട് ചെയ്യുന്ന ഒരു അവസ്ഥയുണ്ട്. പ്ലാസ്റ്റിക് മാലിന്യത്തിന്റെ കാര്യത്തിൽ ഇക്കാര്യം പാർലമെന്ററി അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി) ഈയിടെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഗ്രാമങ്ങളിലെ വേസ്റ്റിന്റെ കണക്ക് ഇല്ലാത്തതിനാൽ ഇന്ത്യയിൽ ആകെ എത്ര പ്ലാസ്റ്റിക് വേസ്റ്റ് ഉത്പാദിപ്പിക്കപ്പെടുന്നുണ്ട് എന്നുള്ളത് സംബന്ധിച്ച സമഗ്രമായ ഒരു ധാരണ സെൻട്രൽ പൊല്യൂഷ്യൻ കൺട്രോൾ ബോർഡിനോ, വനം-പരിസ്ഥിതി മന്ത്രാലയത്തിനോ ഇല്ല എന്ന് പി.എ.സി റിപ്പോർട്ടിൽ പറയുന്നുണ്ട്.

സി. സുരേന്ദ്രനാഥ്: അടുത്തകാലം വരെ കേരളം എത്ര മാലിന്യം ഉത്പാദിപ്പിക്കുന്നുവെന്ന് കണക്കാക്കാനുള്ള രീതി ഒരു പ്രദേശത്ത് ഒരാൾ ഒരു ദിവസം ശരാശരി എത്ര മാലിന്യം ഉണ്ടാക്കുന്നു (പ്രതിശീർഷ ഉത്പാദനം) എന്നതിനെ ജനസംഖ്യ കൊണ്ട് പെരുക്കിയാണ്. ഇതിന് അടിസ്ഥാനമാക്കിയ ശരാശരിക്കണക്ക് പലപ്പോഴും പഴയ ചില പഠനങ്ങളെ ആശ്രയിച്ചുള്ളതാണ്. പല ഏജൻസികൾ തയ്യാറാക്കിയ കണക്കുകൾ തമ്മിൽ വലിയ അന്തരമുണ്ട്. അതിവേഗം നഗരവത്കരണം നടക്കുന്ന, നഗരങ്ങളും ഗ്രാമങ്ങളും തമ്മിൽ ഉപഭോഗത്തിന്റെ കാര്യത്തിൽ വലിയ വ്യത്യാസമില്ലാത്ത കേരളത്തിന്റെ കാര്യമെടുക്കുമ്പോൾ ഈ അനുമാനങ്ങൾ പുനഃപരിശോധിക്കേണ്ടതുണ്ട്. നഗരങ്ങളിലും, പട്ടണങ്ങളിലും, ഗ്രാമങ്ങളിലുമൊക്കെ സമഗ്രമായ സർവ്വെ നടത്തിയിട്ട് വേണം ഈ കണക്ക് തയ്യാറാക്കാൻ. വിപുലമായ വികേന്ദ്രീകൃത ഭരണ സംവിധാനമുണ്ടായിട്ടും കേരളത്തിൽ ഇത് നടന്നിട്ടില്ല. അതുകൊണ്ടു തന്നെ കേരളത്തിലെ നഗരങ്ങളിൽ പ്ലാസ്റ്റിക് വേസ്റ്റ് ഉണ്ടാകുന്നത് കുറഞ്ഞു വരുന്നുവെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് റിപ്പോർട്ട് ചെയ്യുന്നത്.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾക്കുള്ള നിരോധനം 2020-ൽ നടപ്പാക്കിയിട്ടും പ്ലാസ്റ്റിക് മലിനീകരണ പ്രശ്നത്തിന് യാതൊരു വിധ മാറ്റവും ഉണ്ടാവുന്നില്ല. തീരപ്രദേശങ്ങളിലും ജലാശയങ്ങളിലും പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവ് വർദ്ധിക്കുന്നുണ്ട്. എന്താണ് ഇതിനുള്ള ഒരു പരിഹാരമായി മുന്നോട്ട് വെക്കാനുള്ളത്?

സി. സുരേന്ദ്രനാഥ്: പരിഹാരത്തിലേക്ക് വരുന്നതിന് മുൻപ് അതിന്റെ ചില കണക്കുകൂടി പരിശോധിക്കാം, 2023-ൽ Social Economic Unit Foundation (SEUF) എന്ന എൻ.ജി.ഒ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിനെക്കുറിച്ചുള്ള അവലോകന റിപ്പോർട്ട് കൊണ്ടുവരികയുണ്ടായി. അവർ കേരളത്തിലെ പല പ്രദേശത്ത് നിന്നും പൊതുസ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് അതിന്റെ അളവ് കണക്കാക്കിയിരുന്നു. പൊതുഇടങ്ങളിലെ പ്ലാസ്റ്റിക് മാലിന്യത്തിൽ 46 ശതമാനവും നിരോധിക്കപ്പെട്ടിട്ടുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റികായിരുന്നു എന്നാണ് കണ്ടത്. നടപ്പാക്കിയ നിരോധനം വളരെ അപര്യാപ്തമായിരുന്നുവെന്ന് കാണിക്കുന്നതായിരുന്നു ആ പഠനം. ബാൻ ചെയ്യപ്പെട്ട സിംഗിൾ യൂസ് പ്ലാസ്റ്റിക്കിനേക്കാൾ പലപ്പോഴും പ്രശ്നം ഇനിയും നിരോധിക്കാത്ത പല പ്ലാസ്റ്റിക്കുകളുമാണ്. ഉദാഹരണത്തിന് മൾട്ടി ലെയേഡ് പ്ലാസ്റ്റിക്കുകൾ (MLP). ഇവ എവിടെയും നിരോധിച്ചിട്ടില്ല. പാർലേ, ബ്രിട്ടാനിയ തുടങ്ങിയ മൾട്ടിനാഷണലുകൾ മാത്രമല്ല ഏതാണ്ട് എല്ലാ കമ്പനികളും ബിസ്കറ്റും മറ്റും പൊതിയാൻ ഉപയോഗിക്കുന്ന മൾട്ടിലെയേഡ് പ്ലാസ്റ്റിക് റീസൈക്കിൾ ചെയ്യാൻ കഴിയുന്നതല്ല. ഇവയുടെ ഉത്പാദനം രണ്ടു കൊല്ലം കൊണ്ട് നിർത്തലാക്കണം എന്ന് 2016-ലെ സോളിഡ് വേസ്റ്റ് ചട്ടത്തിൽ പറഞ്ഞിരുന്നു. എന്നാൽ 2018-ൽ ഈ ചട്ടം ഭേദഗതി ചെയ്തപ്പോൾ സർക്കാർ നയം മാറ്റി. കത്തിച്ച് ഊർജ്ജം തിരിച്ചെടുക്കാവുന്ന പ്ലാസ്റ്റിക്ക് എന്ന് വ്യാഖ്യാനിച്ച് മൾട്ടി ലെയേഡ് പ്ലാസ്റ്റിക്കിന്റെ ഉത്പാദനവും ഉപയോഗവും തുടരാൻ കമ്പനികളെ അനുവദിച്ചു.

കേരളത്തിന്റെ മാലിന്യം ഒറ്റനോട്ടത്തിൽ

ചുരുങ്ങിയ സമയത്തെ ഉപയോഗം കൊണ്ട് വേസ്റ്റായിമാറുന്ന പ്ലാസ്റ്റിക് ഉത്പാദിപ്പിക്കുന്നതിൽ കുറവ് വരുത്താതെ പ്രാദേശികമായ നിയമനടപടികൾ കൊണ്ടോ, ക്ലീനപ്പ് ശ്രമങ്ങൾ കൊണ്ടോ പരിഹരിക്കാവുന്ന ഒന്നല്ല പ്ലാസ്റ്റിക് വേസ്റ്റിന്റെ കാര്യം.

ആഗോള പ്ലാസ്റ്റിക്ക് ഉത്പാദനം 1950-ൽ രണ്ട് മില്ല്യൺ ടൺ ആയിരുന്നു. 2023-ൽ അത് 413 മില്യൺ ടൺ ആയി. ഇത് ഇനിയും കൂടുമെന്നും 2060-ൽ 123 കോടി പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ലോകത്തിൽ ഉണ്ടാക്കുമെന്നുമാണ് കണക്ക്. ഇതേസമയം പ്ലാസ്റ്റിക് വേസ്റ്റിന്റെ സംസ്ക്കരണം തീരെ മെച്ചപ്പെട്ടിട്ടില്ല. 2023-ൽ 400 മില്ല്യൺ ടൺ പ്ലാസ്റ്റിക് വേസ്റ്റ് ഉത്പാദിക്കപ്പെട്ടതിൽ 9% മാത്രമാണ് റീസൈക്കിൾ ചെയ്യപ്പെട്ടത്. ഏതാണ്ട് 70% പ്ലാസ്റ്റിക്ക് വേസ്റ്റും ഭൂമിയിൽ കുഴിച്ചുമൂടപ്പെട്ടു. ബാക്കി 20% വേസ്റ്റ് പലതരം ഇൻസിനറേറ്ററുകളിൽ വഴി കത്തിച്ച് ഒഴിവാക്കി. ഇതാണ് പ്ലാസ്റ്റിക് വേസ്റ്റ് സംസ്ക്കരണത്തിന്റെ ഇപ്പോഴത്തെ അവസ്ഥ.

ഇപ്പോൾ കേരളത്തിന്റെ പ്ലാസ്റ്റിക് വേസ്റ്റ് എന്താണ് ചെയ്യുന്നത്?

എം. സുചിത്ര: പ്ലാസ്റ്റിക് വേസ്റ്റിന്റെ ഭൂരിഭാഗവും റീസൈക്ക്ലിങ്ങ് ചെയ്യാനും സിമന്റ് ഫാക്ടറികളിൽ കത്തിക്കുന്നതിനും വേണ്ടി അന്യ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുകയുമാണ് കേരളമിപ്പോൾ ചെയ്യുന്നത്. ക്ലീൻ കേരള കമ്പനി നിയോഗിച്ച ഏജൻസികളും അതിന് പുറമെ സ്വകാര്യ ഏജൻസികളും പ്ലാസ്റ്റിക് ശേഖരിക്കുന്നുണ്ട് റീസൈക്കിൾ ചെയ്യാൻ കഴിയാത്ത പ്ലാസ്റ്റിക് വേസ്റ്റ് ഇന്ത്യയിലെ ആറ് സംസ്ഥാനങ്ങളിലെ 17 സിമന്റ് കമ്പനികളിലേക്ക് അയച്ച് അവിടെ കത്തിക്കുകയാണ് കേരളം ചെയ്യുന്നത്. കേരളത്തിൽ മലബാർ സിമെന്റ്സ് എന്ന ഒരു സിമന്റ് കമ്പനിയാണ് ഉള്ളത്. അവിടെ വേസ്റ്റ് കത്തിക്കാനുള്ള സംവിധാനമില്ല. ഈ ആറ് സംസ്ഥാനങ്ങൾ എന്ന് പറയുന്നത് തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നിവയാണ്. ഇത് നിയമവിരുദ്ധമാണോ എന്ന് ചോദിച്ചാൽ, അല്ല എന്നാണ് ഉത്തരം. കാരണം സിമന്റ് കമ്പനികളിൽ ‘ബദൽ ഇന്ധനം’ എന്ന നിലയിൽ വേസ്റ്റ് കത്തിക്കാമെന്ന് സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ചട്ടത്തിൽ (2016) പറയുന്നുണ്ട്. കേരളത്തിൽ നിന്ന് ദിവസേന 804 ടൺ Refuse Derived Fuel (RDF) പുറത്തേക്ക് അയക്കുന്നുണ്ട് എന്നാണ് സംസ്ഥാന സർക്കാർ ഒടുവിൽ എൻ.ജി.ടിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.

കൊച്ചിയുടെ മാലിന്യം ഒറ്റനോട്ടത്തിൽ

സി. സുരേന്ദ്രനാഥ്: അത് RDF-ന്റെ മാത്രം കണക്കാണ്. റീസൈക്കിൾ ചെയ്യാവുന്നതും, ചെയ്യാൻ പറ്റാത്തതും, അങ്ങനെ വേർതിരിക്കാത്തതുമായ പ്ലാസ്റ്റിക്കുകളും ഇതിനെക്കാളേറെ കേരളത്തിന് പുറത്തേക്ക് പോകുന്നുണ്ട്. അതൊക്കെ ഇപ്പോൾ ആൾട്ടർനേറ്റീവ് ഫ്യൂവൽ എന്ന പേരിൽ കത്തിക്കുകയാണ്. ഇതാണ് കേരളം സ്വീകരിച്ചിട്ടുള്ള മാർഗ്ഗം. ഇത് കേരളവും, ഇന്ത്യയും ലോകം മുഴുവനും സ്വീകരിക്കുന്ന മാർഗ്ഗമാണ്. എന്നാലും ഇതൊരു ശാശ്വതമായ പരിഹാര മാർഗ്ഗമല്ല. ഇത് കൊണ്ടുണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് വേണ്ടത്ര പഠിച്ചിട്ടില്ല. പ്രത്യേകിച്ചും ഇന്ത്യയിൽ. ഉയർന്ന ചൂടിലായാലും പ്ലാസ്റ്റിക് കത്തിച്ചാൽ പല തരം ടോക്സിക് വാതകങ്ങൾ പുറത്തുവരുമെന്നും, അവ നിരന്തരം ശ്വസിക്കുന്നത് പലതരം രോഗങ്ങൾക്ക് കാരണമാകുമെന്നും പറയുന്ന പഠനങ്ങളുണ്ട്. ലോകത്ത് മറ്റ് പല രാജ്യങ്ങളിലും ഇത്തരം വേസ്റ്റ് ഫ്യൂവൽ ഉപയോഗിക്കുന്ന സിമന്റ് ഫാക്ടറികൾക്കെതിരെ ജനകീയ സമരങ്ങൾ നടക്കുന്നുണ്ട്. യൂറോപ്പിലും, മെക്സിക്കോവിലും മറ്റും. സ്വന്തം മാലിന്യത്തെ കൺമുമ്പിൽനിന്ന് മാറ്റാൻ കേരളം സ്വീകരിച്ച മാർഗങ്ങൾ സുസ്ഥിരമല്ലെന്നും ആരോഗ്യകരമല്ലെന്നതുമാണ് കേരളം വെല്ലുവിളിയായി കാണേണ്ടത്.

എം. സുചിത്ര: സിമെന്റ് കമ്പനികളിൽ പ്ലാസ്റ്റിക് കത്തിച്ചുകൊണ്ട് നമ്മൾ പ്ലാസ്റ്റിക് നിർമ്മാർജ്ജനം ചെയ്യുന്നുവെന്ന് പറയുമ്പോഴും ഈ പ്ലാസ്റ്റിക് കത്തിക്കാൻ വൻതോതിലുള്ള സാമ്പത്തിക ചെലവ് ആവശ്യമായി വരുന്നുണ്ട്. ഒരു കിലോ പ്ലാസ്റ്റിക് കത്തിക്കാൻ ഏതാണ്ട് ആറ് രൂപ ചെലവ് വരുന്നുണ്ടെന്നാണ് ക്ലീൻ കേരള കമ്പനി (CKCL) കണക്കാക്കിയിരിക്കുന്നത്. തമിഴ്നാട്ടിലെ ഡാൽമിയ സിമെന്റ്സ് കമ്പനിക്ക് മാത്രം 2021-23 ൽ കേരളം നൽകിയത് 98,000 ടൺ പ്ലാസ്റ്റിക് വേസ്റ്റ് ആണ്. ഇതിനുവേണ്ടി ചെലവായത് ഏതാണ്ട് 59 കോടി രൂപയാണ്.

കഴിഞ്ഞ ഡിസംബറിലാണ് മെഡിക്കൽ മാലിന്യങ്ങൾ ഉൾപ്പെടെ തിരുനെൽവേലിയിൽ തള്ളിയതിൽ കേരളത്തെ ദേശീയ ഹരിത ട്രൈബ്യൂണൽ അതിരൂക്ഷമായി വിമർശിച്ചത്. ഉപയോഗിച്ച സിറിഞ്ച്, പിപിഇ കിറ്റ്, രോഗികളുടെ മെഡിക്കൽ രേഖകൾ, ഭക്ഷണ അവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് വസ്തുക്കൾ എന്നിവയെല്ലാം മാലിന്യത്തിലുണ്ട്. അംഗീകാരമില്ലാത്ത ഏജൻസികളാണ് ഇവ ശേഖരിച്ച് തമിഴ്നാട്ടിൽ തള്ളുന്നത്. മാലിന്യമുക്ത നവകേരളം എന്ന് പറയുമ്പോഴും ഇത്തരം മാലിന്യപരിപാലന രീതികൾ ഉണ്ടാവുന്നത് എന്തുകൊണ്ടായിരിക്കാം? ആരാണ് ഇതിന്റെ ഉത്തരവാദികൾ? സർക്കാരാണോ അതോ മാലിന്യം നീക്കം ചെയ്യാൻ കരാർ എടുക്കുന്ന ഏജൻസികളോ? ഏജൻസികളെ ഏൽപ്പിച്ചാൽ മാത്രം ആർസിസി പോലുള്ള സ്ഥാപനങ്ങളുടെ ഉത്തരവാദിത്വം പൂർണമായോ?

സി. സുരേന്ദ്രനാഥ്: മാലിന്യത്തിന്റെ അളവ് ലോകത്തിലായാലും ഇന്ത്യയിലായാലും കേരളത്തിലായാലും കൂടികൊണ്ടിരിക്കുകയാണ്. ഇതിനെ അടിസ്ഥാനമാക്കിയുള്ള വിവിധ ബിസിനസ്സ് സംരംഭങ്ങൾ രൂപപ്പെട്ടുവരുന്നുണ്ട്. “വേസ്റ്റ് ഈസ് വെൽത്ത്” എന്ന ചൊല്ലിന്റെ മറുവശം “വേസ്റ്റ് ഈസ് പ്രോഫിറ്റ്” എന്നതാണ്. ഇവയിൽ പലതും ഗവണ്മെന്റിന്റെ രജിസ്ട്രേഷൻ സംവിധാനത്തിനകത്തോ, നിരീക്ഷണത്തിനകത്തോ ഉൾപ്പെട്ടവരല്ല. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് തന്നെ പറയുന്നത് ആവശ്യത്തിലേറെ ഏജൻസികൾ കേരളത്തിൽ ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ടെന്നാണ്. പല ഏജൻസികളും ഇപ്പോഴും പല രീതിയിൽ വേസ്റ്റ് ഡമ്പിങ് തുടരുന്നുണ്ട്. ഗവണ്മെന്റിന്റെ മോണിറ്ററിങ്ങിന്റെ പരിധിയിൽ വരാത്ത പല സംഭവങ്ങളും നടക്കുന്നുണ്ടാവാം. ഗവണ്മെന്റിന്റെ തന്നെ കമ്പനിയായ ക്ലീൻ കേരള കമ്പനി വഴി പോവുന്ന രജിസ്ട്രേഷൻ ഉള്ള വേസ്റ്റ് ട്രാൻസ്പോർട്ടേഷൻ ചാനലുകളുമുണ്ട്. ഇതിൽ കൂടിയാണ് തിരുവനന്തപുരം RCC പോലുള്ള സ്ഥാപങ്ങളിലെ മാലിന്യങ്ങൾ തമിഴ്നാട്ടിലെത്തി തുറന്ന സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ടത്. തമിഴ്നാട്ടിലെ നാട്ടുകാരും, പി.സി.ബിയും, എൻ.ജി.ടിയും ഇടപെട്ടതിനാലാണ് ആ മാലിന്യം അവിടെ നിന്നും തിരിച്ചുകൊണ്ടുവന്ന് കേരളത്തിൽത്തന്നെ ഡിസ്പോസ് ചെയ്യേണ്ട അവസ്ഥ വന്നത്.

എം. സുചിത്ര: തെളിവ് കിട്ടിയവർക്കെതിരെയാണ് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നോട്ടീസ് അയച്ചത്. തെളിവ് കിട്ടാത്ത പല വമ്പൻ സൂപ്പർമാർക്കറ്റുകളുടെ വേസ്റ്റും ഇതിലുണ്ടെന്ന് പറയപ്പെടുന്നുണ്ട്.

കാലാവസ്ഥാ വ്യതിയാനം വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ മാലിന്യപരിപാലനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?

എം. സുചിത്ര: ആഗോള താപനം ഓരോ വർഷം കഴിയുമ്പോഴും കൂടിവരികയാണ്. കഴിഞ്ഞ 175 വർഷത്തെ ചരിത്രത്തിൽ ഏറ്റവും ചൂട് കൂടിയ വർഷം 2024 ആണെന്ന് വേൾഡ് മെറ്റീരിയളോജിക്കൽ ഓർഗനൈസേഷന്റെ റിപ്പോർട്ട് പറയുന്നു. ചൂട് കൂടുന്നതിനും, ആഗോള താപനത്തിനും പ്രധാന കാരണം ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനമാണെന്ന് നമുക്കറിയാം. മനുഷ്യരുടെ പ്രവൃത്തികളിലൂടെയാണ് ഹരിതഗൃഹ വാതകങ്ങളുടെ അളവ് പ്രധാനമായും വർദ്ധിക്കുന്നത്. ഇതിനു കാരണമാകുന്ന ഒരു പ്രധാനപ്പെട്ട മേഖലയാണ് മാലിന്യ മേഖല. മാലിന്യം കത്തുമ്പോൾ കാർബൺ ഡയോക്സൈഡും (CO2) തുറസ്സായ സ്ഥലത്ത് കിടക്കുമ്പോൾ മീഥെയ്നും പുറന്തളപ്പെടുന്നുണ്ട്. 20 വർഷത്തെ കാലയളവ് എടുക്കുകയാണെങ്കിൽ മീഥെയ്ന്റെ ആഗോളതാപന ശേഷി കാർബൺ ഡൈ ഓക്സൈഡിനേക്കാൾ 80 ഇരട്ടിയോളം വരും എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഇതിനകം ഉണ്ടായ 1.5 ഡിഗ്രി താപവർദ്ധനവിൽ 0.5 ഡിഗ്രി താപനം മീഥെയ്ൻ കാരണമാണെന്ന് പഠനങ്ങളുണ്ട്. അടുത്തകാലം വരെ ആഗോളതാപനത്തിൽ മീഥെയ്ൻ വഹിക്കുന്ന പങ്ക് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പക്ഷേ ഇപ്പോൾ മാലിന്യം ശരിയായ രീതിയിൽ പരിപാലിച്ചാൽ 15 മുതൽ 20% വരെ ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം തടയാൻ കഴിയുമെന്ന് പഠനങ്ങളുണ്ട്. കേരളത്തിന്റെ ഗ്രീൻഹൌസ് ഗാസ് ഇൻവെന്ററിയിൽ പറയുന്നത് സംസ്ഥാനത്തെ ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനത്തിന്റെ 8% മാലിന്യ മേഖലയിൽ നിന്നുള്ളതാണ് എന്നാണ്. മാലിന്യമേഖല എന്ന് പറയുമ്പോൾ ഖരമാലിന്യവും, അതിലേറെ മലിന ജലവുമടക്കം എല്ലാ തരം മാലിന്യങ്ങളും ഉൾപ്പെടും. മാലിന്യ മേഖലയെ നമ്മൾ വളരെയധികം ശ്രദ്ധാപൂർവ്വം കാണേണ്ടതുണ്ട്. നമ്മുടെ കാഴ്ച്ചയിൽ നിന്നും നീക്കം ചെയ്യപ്പെട്ടാൽ മാത്രം തീരുന്ന കാര്യമല്ല മാലിന്യം. മാലിന്യം കാലാവസ്ഥാ വ്യതിയാനത്തിന് ആക്കം കൂട്ടുന്നുണ്ട്. അതേപോലെ തന്നെ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാവുന്ന ദുരന്തങ്ങൾ മാലിന്യത്തിന്റെ അളവ് കൂടാനും കാരണമാവുന്നുണ്ട്. 2018-ലെ പ്രളയത്തിന് ശേഷം കേരളത്തിലെ തീരപ്രദേശത്ത് മാലിന്യം അടിഞ്ഞൂകൂടിയതായി റിപ്പോർട്ടുകളുണ്ട്. അതുകൊണ്ട് തന്നെ എല്ലാ തരത്തിലുള്ള മാലിന്യ പരിപാലനത്തിന്റെ കാര്യത്തിലും നമ്മൾ കൂടുതൽ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.

സി. സുരേന്ദ്രനാഥ്: നമുക്ക് സോളിഡ് വേസ്റ്റ് മാനേജ്മെന്റ് (SWM) ചട്ടം മാത്രമേയുള്ളൂ. ലിക്വിഡ് വേസ്റ്റ് മാനേജ്മെന്റ് (LWM) സംബന്ധിച്ച് പ്രത്യേകം ചട്ടങ്ങളില്ല. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ മോണിറ്ററിങ്ങിന്റെ ഫലമായാണ് സംസ്ഥാനങ്ങൾ അവരുടെ ലിക്വിഡ് വേസ്റ്റ് റിപ്പോർട്ട് ചെയ്യാൻ പോലും തുടങ്ങുന്നത്. LWM-ന്റെ കാര്യത്തിൽ നടപടി എടുത്തില്ല എന്നുണ്ടെങ്കിൽ കേരളം പുറംതള്ളുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവ് കൂടും. സംസ്ഥാനത്തെ വർദ്ധിച്ച രോഗാതുരതയ്ക്ക് കാരണം ജലമാലിന്യമാണ് എന്ന് കേരളം എന്നോ പറയാൻ തുടങ്ങിയതാണ്. ലിക്വിഡ് വേസ്റ്റിൽനിന്നുള്ള സ്ലഡ്ജും നമ്മൾ ഇനി സിമന്റ് ഫാക്ടറികളിൽ കത്തിക്കാൻ അയക്കും. എല്ലാത്തരം മാലിന്യങ്ങളൾക്കുമുള്ള പരിഹാരം ഇൻസിനറേഷൻ ആണെന്ന് വരുന്നത് ഫാൾസ് സൊല്യൂഷനാണ്. ഉറവിടത്തിൽത്തന്നെ മാലിന്യത്തിന് പരിഹാരം കാണാതെ എൻഡ് ഓഫ് ദി പൈപ്പ് ലൈൻ സൊല്യൂഷനുകളെ ആശ്രയിക്കുന്നത് ഒരിക്കലും സുസ്ഥിരമായൊരു മാലിന്യപരിപാലനമല്ല.

മാലിന്യം കൂടിക്കിടക്കുന്നിടത്തെ വാതക രൂപീകരണം

വികസിച്ചുകൊണ്ടിരിക്കുന്ന ലോകത്തിലെ E- Waste വർദ്ധനവ് എത്രത്തോളം രൂക്ഷമാണ്?

എം. സുചിത്ര: പ്ലാസ്റ്റിക് വേസ്റ്റ് പോലെ ഇ- വേസ്റ്റിന്റെ (E-Waste) പരിപാലനവുമായി ബന്ധപ്പെട്ടും ചട്ടങ്ങളുണ്ട്. E-Waste പരിസ്ഥിതിക്കോ, മനുഷ്യരുടെ ആരോഗ്യത്തിനോ, ആവാസവ്യവസ്ഥയ്ക്കോ കോട്ടം തട്ടാത്ത രീതിയിൽ വേണം കൈകാര്യം ചെയ്യാനെന്ന് അതിൽ പ്രത്യേകം പറയുന്നുണ്ട്. ഘനലോഹങ്ങൾ, മെർക്കുറി, കാഡ്മിയം, ലെഡ് തുടങ്ങിയ പല രാസവസ്തുക്കളും അടങ്ങിയതാണ് e-waste. പക്ഷേ കേരളത്തിൽ വളരെ ഓപ്പണായി കമ്പ്യൂട്ടറും ടിവിയും അടക്കമുള്ള e-waste പലസ്ഥലത്തും അശ്രദ്ധമായി കൂട്ടിയിട്ടിരിക്കുന്നത് കാണാം. കേരളത്തിൽ സ്ക്രാപ് കൈകാര്യം ചെയ്യുന്ന ആയിരത്തോളം കേന്ദ്രങ്ങളുണ്ട്. അവയുടെ കീഴിൽ മൂന്നര ലക്ഷത്തോളം ആളുകൾ പ്രവർത്തിക്കുന്നുണ്ട്. അവരെയൊന്നും നമ്മുടെ മാലിന്യപരിപാലന സംവിധാനത്തിൽ ഉൾക്കൊള്ളിച്ചിട്ടില്ല. CAG നടത്തിയ പഠനത്തിൽ 73% ആക്രിക്കടകളും അംഗീകാരമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. കേരളത്തിൽ e-waste കൂടുന്ന ഒരവസ്ഥയുണ്ട്. അടുത്ത 5-10 വർഷത്തിനിടയ്ക്ക് കേരളത്തിൽ നിലവിലുള്ളതിനെക്കാൾ ഒരു ലക്ഷം ടണ്ണിന് മുകളിൽ ഇ-വേസ്റ്റ് ഉത്പാദിപ്പിക്കപ്പെടുമെന്നാണ് കേരളത്തിന്റെ ഇ-വേസ്റ്റ് ഇൻവെന്ററി പറയുന്നത്. എന്നാൽ ഈ e-waste ഇൻവെന്ററിയിൽ ഓൺലൈനിൽ വിൽക്കുന്നതും, ഇറക്കുമതി ചെയ്യുന്നതുമായ ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ ഉൾപ്പെട്ടിട്ടില്ല. എങ്ങനെയാണ് കേരളത്തിൽ e-waste പരിപാലിക്കേണ്ടത് എന്നതിന് ഒരു മാസ്റ്റർപ്ലാൻ തയ്യാറാക്കേണ്ടതുണ്ട്.

സി. സുരേന്ദ്രനാഥ്: e-waste റീസൈക്ലിങ്ങിനുള്ള സംവിധാനം കേരളത്തിൽ തീരെയില്ല, ഉള്ളത് തമിഴ്നാട്ടിൽ ആണ്. പക്ഷേ, അതിൽ പലതും നിയമപരമായുള്ളതല്ല. അവിടെ എത്രമാത്രം റീസൈക്ലിങ്ങ് യഥാർത്ഥത്തിൽ നടക്കുന്നു എന്ന് നമ്മൾ അന്വേഷിച്ചിട്ടില്ല.

കേരളത്തിലെ മുനിസിപ്പൽ ഖരമാലിന്യത്തിലെ കൂടിയ ഈർപ്പവും (Moisture Content) അതിന്റെ കുറഞ്ഞ താപോർജ്ജ മൂല്യവുമായി (Calorific Value) പൊരുത്തപ്പെടാത്തതാണ് മാലിന്യം കത്തിക്കുന്ന വേസ്റ്റ്-ടു-എനർജി (WTE) സാങ്കേതികവിദ്യകൾ എന്ന് നിങ്ങളുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. കേന്ദ്രീകൃത WTE പ്ലാന്റുകളെക്കുറിച്ച് വിശദമാക്കാമോ?

എം. സുചിത്ര: WTE എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് താപപ്രക്രിയയിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇൻസിനെറേഷൻ, പൈറോളിസിസ്, ഗ്യാസിഫിക്കേഷൻ ഇങ്ങനെയുള്ള മെത്തേഡുകളെയൊക്കെയാണ്. നമ്മുടെ മാലിന്യ പരിപാലനത്തിനുള്ള ഏറ്റവും ‘ആധുനികമായ’ സൊല്യൂഷൻ ആയി ഭരണസംവിധാനങ്ങൾ ഇവ ഉയർത്തിക്കാണിക്കുന്നുണ്ട്. 2018-ൽ കേരളത്തിൽ ഏഴ് WTE പ്ലാന്റുകൾ ഉണ്ടാക്കാനുള്ള തീരുമാനം സർക്കാർ പ്രഖ്യാപിച്ചിരുന്നു. അത് ബ്രഹ്മപുരത്തിന് പുറമെയായിരുന്നു. WTE പ്ലാന്റിന് വേണ്ടിയുള്ള കാത്തിരിപ്പാണ് ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണത്തെ ഇത്രയും മോശമാക്കിയത്. ഇൻസിനെറേഷൻ ആണെങ്കിലും പൈറോളിസിസ് ആണെങ്കിലും അതിലെല്ലാം തന്നെ മാലിന്യം കത്തിക്കുകയാണ് ചെയ്യുന്നത്. ഇത് വളരെ വലിയ തോതിലുള്ള പാരിസ്ഥിതികവും ആരോഗ്യപരവുമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. മാലിന്യം കത്തിക്കുന്നത് മാരകമായ ഡയോക്സിൻ ഉൾപ്പടെ നിരവധി വിഷവാതകങ്ങൾ പുറന്തള്ളാൻ കാരണമാവും. ഡയോക്സിൻ ഒരു പെർസിസ്ന്റന്റ് ഓർഗാനിക് പൊല്യൂട്ടന്റ് ആണ്. അത് ദീർഘകാലത്തേക്ക് പ്രകൃതിയിൽ തങ്ങിനിൽക്കും. Forever Chemicals എന്നാണ് ഇവയെ വിളിക്കുന്നത്. മാലിന്യം വലിയൊരു ചേംബറിൽ കത്തിക്കുമ്പോൾ അതിൽ ബോട്ടം ആഷ്, ഫ്ലൈ ആഷ് എന്നിവ ഉണ്ടാവുന്നുണ്ട്. ഇവ മനുഷ്യനും പ്രകൃതിക്കും ഹാനികരമല്ലാതെ സംസ്കരിക്കുക എന്നതും WTE പ്ലാന്റുകളുടെ വെല്ലുവിളിയാണ്. WTE പ്ലാന്റുകൾ കൽക്കരി കത്തിക്കുന്ന പ്ലാന്റുകളേക്കാൾ മലിനീകരണം സൃഷ്ടിക്കുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്.

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിന്റെ ഗൂഗിൾ മാപ് ദൃശ്യം. കടപ്പാട്: ejatlas.org

മാത്രമല്ല, WTE പ്ലാന്റുകൾക്ക് വലിയ മൂലധനം ആവശ്യമുണ്ട്. ഇത്തരം പ്ലാന്റുകളിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി വില കൂടിയതാണ്. KSEB പോലുള്ള ഏജൻസിക്ക് അത് വാങ്ങണമെങ്കിൽ സർക്കാർ വയബിലിറ്റി ഗ്യാപ്പ് ഫണ്ടിങ്ങ് കൊടുക്കണം. ഇത്തരത്തിലൊക്കെയുള്ള WTE പ്രക്രിയയെ ഹൈലൈറ്റ് ചെയ്യുന്ന പ്രവണത കേരളത്തിലുണ്ട്. നേരത്തേ പ്രഖ്യാപിച്ച നാല് വേസ്റ്റ്-ടു-എനർജി പ്ലാന്റുകൾ വേണ്ടെന്ന് വെക്കുന്ന ഒരു സർക്കുലർ ഈ ജനുവരിയിൽ ഗവണ്മെന്റ് ഇറക്കിയിട്ടുണ്ട്. കോഴിക്കോടും, കൊല്ലത്തും, തിരുവനന്തപുരത്തും, കൊച്ചിയിലും തുടങ്ങാൻ ഉദ്ദേശിച്ചവയായിരുന്നു അതെല്ലാം. ഇതിന് കാരണമായി സർക്കാർ പറയുന്നത് ഇവ ഏറ്റെടുത്ത ഏജൻസികൾക്ക് സാമ്പത്തിക നിബന്ധനകൾ പാലിക്കാൻ കഴിഞ്ഞില്ല എന്നതാണ്. അതായത് WTE പ്ലാന്റുകളുടെ പ്രശ്നങ്ങൾ സർക്കാർ ഇപ്പോഴും അംഗീകരിച്ചിട്ടില്ല എന്നർത്ഥം. റദ്ദാക്കിയ WTE പ്ലാന്റുകൾക്ക് പകരം കമ്പ്രസ്ഡ് ബയോഗ്യാസ് (CBG) പ്ലാന്റുകൾ സ്ഥാപിക്കാനാണ് സർക്കാർ ഇപ്പോൾ ആലോചിക്കുന്നത്.

ബ്രഹ്മപുരത്ത് വികസിപ്പിക്കുന്ന CBG പ്ലാന്റ് സുസ്ഥിരമായ മാലിന്യ പരിപാലന രീതികളെ അട്ടിമറിക്കുന്നതും 2023-ലെ തീപിടിത്ത ദുരന്തത്തെത്തുടർന്ന് പ്രഖ്യാപിച്ച ആക്ഷൻ പ്ലാനിന് വിരുദ്ധവുമാണ് എന്ന് റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ടല്ലോ?

സി.സുരേന്ദ്രനാഥ്: Compressed Biogas പ്ലാന്റ് മറ്റൊരു സെൻട്രലൈസ്ഡ് പ്ലാന്റ് തന്നെയാണ്; അതിന്റെ വലുപ്പം ചെറുതാണെങ്കിലും. സെൻട്രലൈസ്ഡ് സിസ്റ്റത്തിനകത്ത് നിശ്ചിതമായ അളവിൽ മാലിന്യം സ്ഥിരമായി കിട്ടികൊണ്ടിരിക്കുക എന്നത് പ്രധാനപ്പെട്ടതാണ്. അങ്ങനെ ഒരു ഭാഗത്ത് കേരളം വികേന്ദ്രീകൃത മാലിന്യ പരിപാലനം പ്രോത്സാഹിപ്പിക്കുന്നുവെന്നും, മാലിന്യമുക്ത കേരളം സൃഷ്ടിക്കുന്നുവെന്ന് പറയുകയും അതേസമയം കേന്ദ്രീകൃത മാലിന്യ പരിപാലനത്തിലേക്കുള്ള ചുവടുവെപ്പുകളായി CBG പ്ലാന്റുകൾ പല സ്ഥലങ്ങളിൽ സ്ഥാപിക്കുകയും ചെയ്യുന്നതിന്റെ വൈരുദ്ധ്യം ഇവിടെ നിലനിൽക്കുന്നുണ്ട്. അത് പല രീതിയിലും മാലിന്യം മാനേജ് ചെയ്യുന്ന പ്രക്രിയയെ ദോഷകരമായി ബാധിക്കാം. മാലിന്യം സൃഷ്ടിക്കുന്നവർ അവരുണ്ടാക്കുന്ന വേസ്റ്റ് കുറയ്ക്കാനും, നിർമ്മാർജ്ജനം ചെയ്യാനുമുള്ള ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുകയും, അതിന് ഉതകുന്ന ചെറിയ സംവിധാനങ്ങൾ സ്വന്തമായോ, കൂട്ടായ്മകളിലൂടെയോ, പ്രാദേശിക ഭരണസംവിധാനങ്ങൾ വഴിയോ ഏർപ്പെടുത്തുകയും ചെയ്യാനുള്ള ശ്രമങ്ങളെ നിരുത്സാഹപ്പെടുത്തുന്ന രീതിയിൽ CBG പ്ലാന്റുകൾ കേരളത്തിൽ വളർന്നുവരാം.

Also Read